പുതിയ കഥാസമാഹാരം “രയറൊം കഥകള്‍ " VPP ലഭിയ്ക്കാന്‍ sidrapubications@gmail

Saturday 10 April 2010

മൂന്നാം മുറയും കൊലപാതകിയുടെ മനുഷ്യാവകാശവും!

നമ്മുടെ പല മാധ്യമങ്ങളുടെയും കഴിഞ്ഞയാഴ്ചത്തെ മുഖ്യ വിഷയം ഒരു ക്രിമിനലിന്റെ “മനുഷ്യാവകാശം” ആയിരുന്നു. പത്രങ്ങള്‍ വളരെ ആഘോഷമായി വെണ്ടക്ക നിരത്തി. മനുഷ്യാവകാശക്കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. ചാനലുകള്‍ പതിവുപോലെ ചര്‍ച്ചിച്ചു. ട്രയല്‍ , F.I.R, പോലീസ് ഫയല്‍ എന്നൊക്കെ പേരിട്ട് ഓരോ പരിപാടി നടത്തി കൊടുംകുറ്റവാളിയ്ക്ക് താരപരിവേഷം നല്‍കാനും മറന്നില്ല. പറഞ്ഞുവരുന്നത്  പോലീസ് കസ്റ്റഡിയില്‍ മരിച്ച പാലക്കാട്ടെ സമ്പത്തെന്ന ക്രിമിനലിനെക്കുറിച്ചാണ്.
 നിസ്സഹായ ആയ ഒരു സ്ത്രീയെ ക്രൂരമായി കൊലപ്പെടുത്തുകയും ഒരു വൃദ്ധയെ ദയാരഹിതമായി ആക്രമിയ്ക്കുകയും ചെയ്ത ഇവന്മാരെ എങ്ങനെ കൈകാര്യം ചെയ്യണമായിരുന്നു പോലീസ്? ഇവര്‍ക്ക് ഏതു അവകാശത്തിനാണ് അര്‍ഹത? ഇരയ്ക്ക് കിട്ടാത്ത ഏതു അവകാശമാണ് ഇവര്‍ക്ക് കൊടുക്കേണ്ടത്? ഇന്നാട്ടിലെ മാധ്യമങ്ങള്‍ പൊതു സമൂഹത്തോടു ചെയ്യുന്ന അപരാധങ്ങളില്‍ ഒന്നുകൂടെ മാത്രമാണ് ഈ ചെയ്യുന്നത്. ഏതു ക്രിമനലിനേയും രാഷ്ട്രീയ താല്പര്യമുണ്ടെങ്കില്‍ ഇവര്‍ മഹത്വവല്‍ക്കരിയ്ക്കും. അതു പോലെ ഏതു നിരപരാധിയെയും കുറ്റക്കാരനായി ചിത്രീകരിയ്ക്കാനും ഇവര്‍ മടിയ്ക്കില്ല. ഇപ്പറഞ്ഞ സമ്പത്തിന്റെ “മനുഷ്യാവകാശ”ത്തിനായി ഇവര്‍ നീക്കിവച്ച സ്പേസിന്റെയും സമയത്തിന്റെയും മൂല്യം എത്രയൊ ലക്ഷങ്ങളാണ്! ഇന്നാട്ടില്‍ മനുഷ്യരുടെ യഥാര്‍ത്ഥ അവകാശത്തിനും ക്ഷേമത്തിനുമായി പ്രവര്‍ത്തിയ്ക്കുന്ന എത്രയോ മനുഷ്യരുണ്ട്, സംഘടനകളുണ്ട്. അവര്‍ക്കാര്‍ക്കെങ്കിലും ഇവര്‍ ഇത്രയും കവറേജ് കൊടുക്കുമോ?
ഇയ്യിടെ ആഭ്യന്തരമന്ത്രിയുടെ പ്രസ്താവന കണ്ടു; പോലീസില്‍ മൂന്നാം‌മുറ അനുവദിയ്ക്കില്ല എന്ന്. എത്ര സുന്ദരമായ വാക്കുകള്‍ ! പോലീസിലെ എതാനും പേര്‍ ചെയ്യുന്ന കൊള്ളരുതാഴിക കണ്ട്, സമൂഹത്തിന്റെ പഴി കേള്‍ക്കേണ്ടിവരുന്നതുകൊണ്ടാവാം അങ്ങേര്‍ ഇതു പറഞ്ഞത്. എന്നാല്‍ മൂന്നാം മുറ നിര്‍ത്തിയാലത്തെ കാര്യം അങ്ങേര്‍ ഓര്‍ത്തിട്ടുണ്ടോ ആവോ?
എന്റെയും നിങ്ങളുടേയും അമ്മയ്ക്കും സഹോദരിയ്ക്കും ഭാര്യയ്ക്കും മകള്‍ക്കുമൊക്കെ പകലെങ്കിലും പുറത്തിറങ്ങി നടക്കാനാവുന്നത് ഈ മൂന്നാം‌മുറ കൊണ്ടു തന്നെയാണ്. ആരെന്തു കുറ്റം ചെയ്താലും സുപ്രീംകോടതിയുടെ നിബന്ധനകളൊക്കെ പാലിച്ച്, “ശാസ്ത്രീയ“മായി  ചോദ്യാവലി തയ്യാറാക്കി ഉത്തരം മേടിച്ച്, F.I.R എഴുതി കോടതിയില്‍ കേസ് ചാര്‍ജു ചെയ്യുന്ന ഒരു സംവിധാനമാണെങ്കില്‍ , ഹാ..എന്തൊരു സൌകര്യമായിരിയ്ക്കും ; കുറ്റവാളികള്‍ക്ക്. ആരെങ്കിലും പോലീസിനെ പേടിയ്ക്കുമോ? കോടതിയില്‍ കണ്ടോളാമെന്നു പറയും. കോടതിയെന്തു ചെയ്യാന്‍ ! നൂറില്‍ പത്തുപേരെ ശിക്ഷിക്കും, അവര്‍ ജയിലിലും മനുഷ്യാവകാശം ആസ്വദിച്ച് പാവപ്പെട്ട നികുതിദായകന്റെ ചിലവില്‍ കഴിയും.
 പോലീസിന്റെ ഇടി പേടിച്ചിട്ടു തന്നെയാണ് നല്ലൊരു പങ്കു പേരും കൊള്ളിത്തരങ്ങള്‍ക്കിറങ്ങാത്തത്. ഒരു ദിവസം നമ്മുടെ പോലീസ് പ്രഖ്യാപിയ്ക്കുകയാണെന്ന് വയ്ക്കുക : “ഇന്ന് ഒരു ദിവസം ആരെന്തു ചെയ്താലും പോലീസ് പിടിയ്ക്കുകയൊ കേസെടുക്കുകയോ ചെയ്യില്ല” എന്ന്. എന്തായിരിയ്ക്കും പൂരം? ജനങ്ങളെ രക്ഷിയ്ക്കാന്‍ ഒരു മനുഷ്യാവകാശകമ്മീഷനും കാണില്ല. കൈയൂക്കുള്ളവന്‍ കാര്യക്കാരനാവും. എന്തെല്ലാം കുറ്റങ്ങളും കുറവുകളുമുണ്ടെങ്കിലും പൊലീസിന്റെ മുഷ്ടിയുടെ ബലത്തില്‍ തന്നെയാണ് സമൂഹത്തില്‍ സമാധാനം പുലരുന്നത്. അല്ലാതെ നമ്മുടെയൊക്കെ ധാര്‍മ്മികത കൊണ്ടോ മതബോധം കൊണ്ടോ ഒന്നുമല്ല.
മനുഷ്യരെ മൂന്നായി തിരിയ്ക്കാം, (ഏതു കാര്യത്തിലും).
1.ജന്മനാ നല്ലവര്‍ , നന്മയും ധാര്‍മികതയുമുള്ളവര്‍ . 2). നന്മയും തിന്മയും ഒരേ പോലെയോ അല്പം ഏറ്റക്കുറച്ചിലോടെയോ സമ്മേളിച്ചവര്‍ . 3) ജന്മനാ തിന്മയുള്ളവര്‍ , കുറ്റവാസനയുള്ളവര്‍
ഇതില്‍ ഒന്നാമത്തേയും മൂന്നമത്തേയും വിഭാഗത്തില്‍ പെടുന്നവര്‍ വളരെ ചുരുക്കമായിരിയ്ക്കും. ബഹുഭൂരിപക്ഷവും രണ്ടാം വിഭാഗത്തില്‍ പെടുന്നവരായിരിയ്ക്കും. ഇവര്‍ അത്യാവശ്യം നിയമത്തെ ഭയപ്പെടുന്നവരും പൊതുവില്‍ മര്യാദക്കാരുമായിരിയ്ക്കും. എന്നാല്‍ സാഹചര്യങ്ങള്‍ “ഒത്തുവന്നാല്‍ “ പലതും ചെയ്യുകയും ചെയ്യും.  ഇത്തരക്കാര്‍ക്ക് “ഒരടി”യൊ കണ്ണുരുട്ടലോ തന്നെ നല്ല ചികിത്സയായിരിയ്ക്കും.
എന്നാല്‍ മൂന്നാം വിഭാഗത്തില്‍ പെടുന്ന ജന്മനാ കുറ്റവാസനയുള്ളവര്‍ അടിയെയോ ഭീഷണിയെയോ ഭയക്കില്ല. എത്ര മര്‍ദനം ഏറ്റാലും വീണ്ടും അവര്‍ കുറ്റം ചെയ്യും. ഇവരെ എത്ര ഒതുക്കുന്നോ അത്രയും സമാധാനം സമൂഹത്തിനുണ്ടാവും. മൂന്നാം മുറ ഒരു തെറ്റല്ല, ആവശ്യമാണ്. എന്നാല്‍ കൊടുക്കേണ്ടവര്‍ക്കു മാത്രമേ അതു കൊടുക്കാവൂ. ആ തിരിച്ചറിവ് പോലീസ് കാണിച്ചാല്‍ മാത്രം മതി.
നമ്മുടെ നീതിന്യായ വ്യവസ്ത തന്നെ ചിലപ്പോള്‍ നല്ല തമാശയാണ്. കുറ്റവാളിയുടെ മനുഷ്യാവകാശത്തെക്കുറിച്ച് വേവലാതി കൊള്ളുന്ന മനുഷ്യാവകാശക്കമ്മീഷന്‍ ഇരയുടെ ദുരന്തത്തെക്കുറിച്ച് ഒട്ടും ആശങ്കാകുലരല്ല.  പോലീസ് കസ്റ്റഡിയില്‍ മരിച്ച ഈ കുറ്റവാളി, നാളെ ജയിലില്‍ നിന്നിറങ്ങിയാല്‍ വീണ്ടും മറ്റൊരാള്‍ അവന്റെ കത്തിയ്ക്കിരയാകും. അതിനുമുന്‍പേ അവനെ ഇല്ലാതാക്കിയെങ്കില്‍ അതു പോലീസ് ചെയ്ത ഒരു സല്‍ക്കര്‍മ്മമെന്ന് ഞാന്‍ പറയും.
 വാല്‍ക്കഷണം: മുംബായില്‍ ഒരു V.I.P-യെ നമ്മുടെ സര്‍ക്കാര്‍ കണ്ണിലെണ്ണയൊഴിച്ച് സൂക്ഷിയ്കുന്നുണ്ട്. കോടിക്കണക്കിന് രൂപയാണ് അവനു വേണ്ടി മുടക്കുന്നത്. അവന്റെ മൊഴിമുത്തുകള്‍ നമ്മുടെ @#<#>@# മാധ്യമങ്ങള്‍ കളര്‍ ചിത്രത്തോടെയാണ് വിളമ്പിത്തരുന്നത്. ആവശ്യത്തിന് വിവരം കിട്ടിക്കഴിഞ്ഞാല്‍ , നൂറു രൂപയില്‍ താഴെയുള്ള ഒരു ബുള്ളറ്റില്‍ തീര്‍ക്കേണ്ട കാര്യമാണ് നമ്മുടെ “ജനാധിപത്യ” സര്‍ക്കാര്‍ പാവങ്ങളുടെ നികുതിക്കാശില്‍ കൈയിട്ടുകൊണ്ട്  വലിച്ചുനീട്ടുന്നത്. അവസാനം അവന്റെ മനുഷ്യാവകാശസംരക്ഷണത്തിനും ഇവിടെ ആളുണ്ടാവും.

16 comments:

  1. This comment has been removed by the author.

    ReplyDelete
  2. മൂന്നാമ്മുറ വേണം. കുറ്റവാളികളെയും കൊലപാതകികളെയും പോലീസ് തന്നെ ഉരുട്ടുകയോ കൊല്ലുകയോ ചെയ്താല്‍ മതി. പോലീസ് രാജ്സിന്ദാബാദ്. ഹ ഹ ഹ ...

    ReplyDelete
  3. എന്റെ അമ്മയോ പെങ്ങളോ ആയിരുന്നു ഷീല എങ്കില് എന്റെ പെങ്ങളെ നിക്ര്ഷ്ടമായി കൊന്ന സമ്പത്തിന്റെ മരണത്തിൽ ഞാനൊരിക്കലും വേദനിക്കുമായിരുന്നുല്ല മാത്രവുമല്ല പോലീസിനു വേണ്ട എല്ല പിന്തുണയും ഞാൻ കൊടുക്കുകയും ചെയ്യുമായിരുന്നു. ഇനി ഷീല നിങ്ങളുടെ പെങ്ങളോ അമ്മയോ ആയിരുന്നെങ്കില് നിങ്ങള് നിങ്ങളുടെ അമ്മയേയോ പെങ്ങളേയോ ക്രൂരമായി കഴുത്തറുത്തു കൊന്ന ആ പിശാചിനോട് ക്ഷമിച്ച് അവനെ തല്ലിയ പോലീസുകാരെ വളരെ മോശമായി കൊലപാതകം ചെയ്യുന്നതിനേക്കള് വലിയ തെറ്റ് ചെയ്തവരായി നിങ്ങള് കുറ്റപ്പെടുത്തുമായിരുന്നോ? എനിക്ക് പോലീസിനെ കുറ്റപ്പെടുത്തുന്ന ഈ സമൂഹത്തിനോട് ചോദിക്കനുള്ളത് ഈയൊരു ചോദ്യമാണ്....

    ReplyDelete
  4. agreeing completely to bijukumar. why the medias are blind to the cry of the mother of the sheela( the lady who is killed by the bastard sampath). in my openion, police did a good thing. these bastards should be killed. killes inch by inch...

    ReplyDelete
  5. ഇവിടെ അഭിപ്രായം രേഖപ്പെടുത്തിയവരുടെ വികാരം മാനിയ്ക്കുന്നു. ഞാന്‍ ഇരയുടെ ഭാഗത്തുനിന്ന് ചിന്തിയ്ക്കുന്നു. പാലക്കാട്ടെ കൊല്ലപ്പെട്ട വനിത എന്റെ സഹോദരിയോ അമ്മയോ ആയിരുന്നെങ്കില്‍ ,അവനെ എന്റെ കൈയില്‍ കിട്ടിയിരുന്നെങ്കില്‍
    എനിക്ക്പറ്റുന്ന മൂന്നാം‌മുറകള്‍ ഞാന്‍ പ്രയോഗിയ്ക്കുമായിരുന്നു.(ഇവിടെ എതിര്‍അഭിപ്രായം പറഞ്ഞവരായിരുന്നെങ്കില്‍ എന്തു ചെയ്യുമായിരുന്നു എന്നറിയാന്‍ താല്പര്യമുണ്ട്) എനിയ്ക്ക് പറ്റാത്തത് ചെയ്ത പോലീസിനെ ഞാന്‍ അഭിനന്ദിയ്ക്കും. കുറെനാള്‍ മുന്‍പ് കോഴിക്കോട് ജില്ലയിലെ കൃഷ്ണപ്രിയ എന്ന ഒരു കൊച്ചുപെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു കൊന്ന ക്രിമിനലിനെ അവളുടെ അച്ഛന്‍ കാത്തിരുന്ന് വെടിവെച്ച് കൊന്നു; ഒരു നിയമത്തിനും അവനെ വിട്ടുകൊടുക്കാതെ. അതുതന്നെ എന്റെയും മനസ്സ്.
    തല്‍ക്കാലം കൊലയാളിയുടെ മനുഷ്യാവകാശത്തെക്കുറിച്ച് വേവലാതിപ്പെടാന്‍ എനിയ്ക്കു മനസ്സില്ല

    ReplyDelete
  6. ബിജുകുമാര്‍ ചിന്തിക്കുന്ന പോലെ എല്ലാ ജനങ്ങളും ചിന്തിച്ചു നിയമം കയ്യിലെടുത്താല്‍ ഒരു അരാജകത്വത്തിലേക്കു കാര്യങ്ങള്‍ പോവില്ലേ,
    അത്കൊണ്ട് തന്നെ താങ്കളോട് എനിക്ക് യോജിക്കാനാവില്ല.


    ഒരു കേസില്‍ പ്രതിയെ പിടിച്ചാല്‍ ആ കുറ്റം തെളിയിച്ചു എത്രയും പെട്ടെന്ന്
    കുറ്റപത്രം സമര്‍പ്പിച്ചു ആ ആള്‍ക്ക് ശിക്ഷ വാങ്ങി കൊടുക്കുക എന്നതാണ് പോലീസിന്റെ കടമ.
    നമ്മുടെ കോടതി അയാള്‍ക്ക്‌ വേണ്ടി വാദിക്കാന്‍, നിരപരാധിത്വം തെളിയിക്കാന്‍ വക്കീലില്ലെങ്കില്‍ വക്കീലിനെ വരെ ഏര്‍പ്പെടുത്തി
    കൊടുക്കാന്‍ ബാദ്ധ്യസ്ഥമാണ്. കോടതിയില്‍ നിന്നും അന്തിമ വിധി വരുന്ന വരെ നമുക്കും കോടതിക്കും ആ പ്രതിയെ നിരപരാധി ആയി മാത്രമേ കാണാന്‍ കഴിയൂ.
    നമുക്ക് എന്തധികാരം അയാള്‍ കുറ്റവാളിയാണോ നിരപരാധിയാണോ എന്ന് തീരുമാനിക്കാന്‍. കുറ്റം ചെയ്തു എന്ന് "സംശയിക്കപെടുന്നവന്‍ " എന്ന വാക്കാണ് ശരിക്കും ഉപയോഗിക്കേണ്ടത്. പ്രശ്നം ശരിക്കും ഇതൊന്നുമല്ല , പോലിസ്‌ ഇപ്പോഴും പ്രാകൃത കുറ്റാന്വേഷണ രീതികള്‍ ആണ് ഇപ്പോഴും പിന്തുടരുന്നത് പോലീസിനെ
    ശാസ്ത്രീയവല്ക്കരിക്കും എന്നൊക്കെ പറയുന്നുണ്ടെങ്കിലും ഒന്നും എവിടെയും എത്തിയിട്ടില്ല. ക്രിമിനലുകള്‍ പോലീസിലും ഉണ്ടെന്നു ഈ സംഭവം വീണ്ടും തെളിയിക്കുന്നു. കൊല്ലപെട്ട സ്ത്രീ എന്റെ ആരെങ്കിലും ആണെങ്കിലോ എന്ന ചോദ്യമാണെങ്കില്‍, നമ്മുടെ നീതിന്യായ വ്യവസ്ഥിതിയില്‍ വിശ്വസിക്കുന്ന ഒരു പൌരന്‍ ആയതുകൊണ്ട് (വേറെ ആരെ ഞാന്‍ വിശ്വസിക്കും) അയാള്‍ കുറ്റവാളിയെന്നു തെളിയും വരെ എനിക്ക് അയാളെ തല്ലികൊന്നത് ന്യായീകരിക്കാന്‍ കഴിയില്ല.
    സമൂഹത്തില്‍ നടക്കുന്ന എല്ലാ കാര്യങ്ങളും ഈ രീതിയില്‍ മാത്രം നോക്കി കാണുന്നതിനോട് എനിക്ക് യോജിപ്പില്ല എന്ന് കൂടി അറിയിക്കുന്നു.

    ആ സ്ത്രീ കൊല്ലപെട്ടതില്‍ എനിക്ക് ദുഃഖം ഉണ്ട് ,സ്ത്രീയുടെ കുടുംബത്തിനു നീതി ലഭിക്കും എന്നും കരുതുന്നു.

    ഷാജി ഖത്തര്‍.

    ReplyDelete
  7. ഷാജി ഖത്തര്‍ പറഞ്ഞതാണ് ശരി. ഷീല എന്ന വീട്ടമ്മയെ കൊലപ്പെടുത്തിയ സമ്പത്ത് എന്ന ക്രിമിനലിനോട് നമുക്ക് സഹതാപം വേണ്ട. പക്ഷെ പ്രതികളെ ഇങ്ങനെ മൂന്നാം മുറ ഉപയോഗിച്ച് വക വരുത്തുന്ന പോലീസ്കാര്‍ പരിഷ്കൃത സമൂഹത്തിലെ പോലീസ് സേനയ്ക്ക് ഭൂഷണമല്ല. ഇവിടെ സമ്പത്തും അയാളെ വക വരുത്തിയ പോലീസ്കാരനും ഒരേ ഗണത്തിലാണ് വരുന്നത്. ആരാച്ചാരെ ആരും കൊലപാതകി എന്ന് പറയാറില്ല. എന്നാല്‍ പ്രതികളെ കൊല്ലുന്ന പോലീസ്കാരനെ അങ്ങനെ പറയേണ്ടി വരും. ബിജു കുമാറിന്റെ വികാരത്തെ മാനിക്കുന്നു. പക്ഷെ നാം നിയമവാഴ്ചയിലും നീതിന്യായവ്യവസ്ഥയിലും വിശ്വസിക്കേണ്ടതുണ്ട്. മറ്റ് മാര്‍ഗ്ഗങ്ങള്‍ നമ്മുടെ മുന്നില്‍ ഇല്ലല്ലൊ...

    ReplyDelete
  8. പ്രതികരണം വ്യക്തിപരമായി എടുക്കരുതെന്ന് അപേക്ഷ.

    ReplyDelete
  9. എന്തൊക്കെ പറഞ്ഞാലും സമ്പത്ത്‌ എന്ന മനുഷ്യമ്രുഗത്തോട്‌ സഹതാപമോ കരുണയോ ആര്‍ക്കും തോന്നെണ്ട കാര്യമില്ല. വാര്‍തകള്‍ ശരിയാണെങ്കില്‍ കുറച്ചു കാലം അവനേ തീറ്റിപ്പോറ്റിയ ആളാണു ഷീല. ആ സ്ത്രീയെയാണു ആ ക്രൂരമ്രുഗം കൊന്നത്‌. സമ്പത്ത്‌ എന്ന മ്രുഗത്തോട്‌ കാട്ടുന്ന സഹതാപം എന്താണു ഷീലയുടെ കുടുംബത്തോട്‌ ആരും കാണിക്കാത്തതു? ഷീലയുടെ അമ്മയുടെയും മക്കളുടെയും കണ്ണുനീര്‍ കാണാന്‍ ഇവിടെ ആരുമില്ലേ?

    ReplyDelete
  10. പോലീസിന്റെ അരാജകത്വത്തെ അനുകൂലിക്കുന്ന ഇത്തരം ആശയങ്ങൾ കണ്ട് പേടിയാകുന്നു. രാജന്റെയും വർഗീസിന്റെയും മരണം ഇത്തരത്തിൽ കാണുന്നവരാണോ നിങ്ങൾ. ഭരണകൂട ഭീകരത എന്നത് മനസ്സിലാകണമെങ്കിൽ അതറിയണം. സംരക്ഷിക്കേണ്ടവർ കൊല്ലാനൊരുങ്ങുന്നു. ഇത് പ്രോൽസാഹിപ്പിക്കേണ്ടതാണോ...
    സംപത്ത് നീചൻ തന്നെ. പക്ഷെ അയാൾ ചെയ്ത അതേ നീച പ്രവ്രുത്തിയാണു പോലീസും ചെയ്തത്. ആരാണ് നീതിമാൻ. എല്ലാ കൊലയാളികളെയും പോലീസങ്ങ് കൊന്നോട്ടെ അല്ലേ Hamd ?
    സത്യമായും ഈ ഉൻമൂലന സിദ്ധാന്തം എന്നെ ഭയപ്പെടുത്തുന്നു. ഒരപേക്ഷ.. ഒരു പുനർ വിചിന്തനം നടത്തുക. ഇത്തരം കാഴ്ചപ്പാടുകൾ അത്യന്തം അപകടം പിടിച്ചവയാണ്. തർക്കിക്കാനല്ല ഞാൻ പറഞ്ഞത്. ഭയം തോന്നുന്നു ഇവിടെ ജീവിക്കാൻ.

    ReplyDelete
  11. ഷിബൂ... സമ്പത്തിനോടുള്ള സഹതാപമല്ല. ഇത്തരം കസ്റ്റഡി മരണങ്ങളോടുള്ള എതിർപ്പാണ് ഇവിടെ വിഷയം.ഇതൊരു രാഷ്ട്രീയ പ്രശ്നമാണ്. അതിനെ സംപത്ത് എന്ന വ്യക്തിയുടെ കളങ്കം കൊണ്ട് ന്യായീകരിക്കുംപോൾ വൻചിക്കപ്പെടുന്നത് നാം എന്ന ജനതയാണ്. സിനിമയിൽ സുരേഷ് ഗോപി ചെയ്യുന്നപോലെ പോലീസ് പ്രതികാരം ചെയ്യണം എന്ന ധ്വനിയാണ് നിങ്ങൾക്കെല്ലാം. ഷീലയുടെ കുടുംബത്തോട് സഹതാപം കാണിക്കേണ്ടത് സംപത്തിനെ ക്രൂരമായി കൊലപ്പെടുത്തിയിട്ടാണ് എന്നാണ് താങ്കൾ പറഞ്ഞുവരുന്നതെങ്കിൽ കഷ്ടം എന്നേ പറയാനുള്ളൂ

    ReplyDelete
  12. ഞാന്‍ ഒരു സാധാരണക്കാരനാണു. നിങ്ങളേ പോലേ ബുജിയല്ല. ഈ വാര്‍ത്ത കേള്‍ക്കുമ്പോള്‍ ഏതൊരു സാധാരണക്കാരണ്റ്റെയും മനസ്സില്‍ തോന്നുന്ന്‌ ഒരു വികാരമാണു എനിക്കു തോന്നിയത്‌. നിങ്ങള്‍ക്കു യോജിക്കാനും വിയോജിക്കാനും അവകാശമുണ്ട്‌.

    ReplyDelete
  13. ബിജുകുമാർ,

    താങ്കളുടെ വികാരം,മനസ്സ് എല്ലാം മനസിലാക്കുന്നു. ഏതൊരു സാധാരണക്കാരനും അങ്ങിനെകരുതിപ്പോവും. ആ മനുഷ്യമൃഗത്തിനു (മൃഗങ്ങൾ ക്ഷമിക്കുക) മനുഷ്യർക്കിടയിൽ ജീവിക്കാൻ അർഹതയില്ല. ഒരു പക്ഷെ ആ നീചനും ഇവിടെ സഹായങ്ങളുമായി രാ‍ഷ്ടീയക്കാരും മറ്റും വന്നേക്കാം. അവൻ നാളെ നിയമത്തെ മറികടന്ന് വീണ്ടും ജനമധ്യത്തിൽ വന്നേക്കാം. എന്നാലും ചിലർ ചൂണ്ടിക്കാട്ടിയപോലെ പോലീസ് ശിക്ഷ നടപ്പാക്കി തുടങ്ങിയാൽ അത് രാജ്യത്ത് അരാജകത്വം സൃഷ്ടിക്കുമെന്നതിൽ സംശയമില്ല.

    മാധ്യമങ്ങൾക്ക് മനുഷ്യരുടെ ദു:ഖമോ സങ്കടമോ അല്ല പ്രശ്നം. അവർക്ക് വേണ്ടത് സേൻസേഷൻ ന്യൂസുകളാണ് ചർച്ചകൾക്ക് വേണ്ട മാറ്ററുകളാണ്

    ആ ഹതഭാഗ്യയാ അമ്മയ്ക്കും മകൾക്കുമായി രണ്ട് തുള്ളി കണ്ണുനീർ അർപ്പിച്ച് ചുരുക്കുന്നു

    ReplyDelete
  14. അഭിപ്രായം രേഖപ്പെടുത്തിയവര്‍ക്കെല്ലാം നന്ദി. ഈ പോസ്റ്റ് ഞാന്‍ വിചാരിച്ചതിലേറെ പ്രതികരണമാണ് സൃഷിച്ചിരിയ്ക്കുന്നത്. അതിനെ നിരൂപണം ചെയ്ത് മറ്റൊരു പൊസ്റ്റുണ്ടാവുമെന്ന് (അപ്പൂട്ടന്റെ വക)സ്വപ്നേപി കരുതിയതുമില്ല. ഒരു കാര്യം ആദ്യമേ വ്യക്തമാക്കട്ടെ, എന്റെ പൊസ്റ്റ് മുഖ്യമായും ഇവിടുത്തെ മാധ്യമങ്ങളോടുള്ള പ്രതികരണമായിരുന്നു; ഒരു കൊലപാതകിയെ ഇത്രയേറെ ഗ്ലോറിഫൈ ചെയ്യണമോ? ഇത് സമൂഹത്തിനെന്തു സന്ദേശമാണ് നല്‍കുക? എന്നോടു പ്രതികരിച്ച ആരും അതേപ്പറ്റി ഒരക്ഷരം മിണ്ടുന്നില്ല. അപ്പോള്‍ , അതിനെതിരെ ഒരു സാധാരണക്കാരന്‍ ഇരയുടെ ഭാഗത്തു നിന്നു പ്രതികരിച്ചു. അത്രയേ ഒള്ളൂ.
    അതിനെ സ്റ്റേറ്റിന്റെ നിയമവ്യവസ്ഥയുമായി കൂട്ടിക്കുഴക്കേണ്ടതില്ല.
    കസ്റ്റഡി മരണം അതിന്റെ വാച്യാര്‍ത്ഥത്തില്‍ ഏറ്റവും മോശം തന്നെ, യാതൊരു തര്‍ക്കവുമില്ല. പോലീസിന്റെ സകല പ്രവൃത്തികളെയും ന്യായീകരിയ്കേണ്ട ബാധ്യതയൊന്നും എനിയ്ക്കില്ല. എന്നാല്‍ ഒരു വീട്ടില്‍ അതിക്രമിച്ചുകയറി നിസ്സഹായ ആയ ഒരു സ്ത്രീയെ കൂട്ടം ചേര്‍ന്ന് മൃഗീയമായി കൊലചെയ്തതും (അവരുടെ നിലവിളി എനിക്കിപ്പൊഴും കേള്‍ക്കാം), അതു ചെയ്തവനെ പോലീസ് പിടിച്ച് മര്‍ദ്ദിച്ചപ്പോള്‍ മരണം സംഭവിച്ചതും ഒരേ തുലാസിലിട്ടു തൂക്കുന്നത് ശരിയാണോ സുകുമാരേട്ടാ?
    ഓരോ കുറ്റത്തിനും അതിന്റേതായ പശ്ചാത്തലവും സ്വഭാവവുമുണ്ട്. വിശന്നിട്ട് അന്യന്റെ വളപ്പില്‍ കയറി ഒരു ചില്ല ആപ്പിള്‍ മോഷ്ടിച്ച ജീന്‍ വാല്‍ ജീനും ആഡംഭരജീവിതത്തിനായി വീടാക്രമിച്ച് മോഷണം നടത്തുന്നവനും ഒരേ കാറ്റഗറിയല്ല. ആത്മരക്ഷാര്‍ത്ഥമോ പെട്ടെന്നുണ്ടായ പ്രകോപനത്താലോ കൊലചെയ്തയാളും മനപ്പൂര്‍വം കരുതിക്കൂട്ടി നിരപരാധിയെ കൊലചെയ്യുന്നവനും ഒരേപോലല്ല. അതുകൊണ്ട് മോഷണം, കൊലപാതകം എന്നിങ്ങനെ സാമാന്യമായി വിലയിരുത്തുന്നതില്‍ യാതൊരു കഴമ്പുമില്ല. ഈ ഒരു വ്യത്യാസം തിരിച്ചറിഞ്ഞ് പോലീസ് തങ്ങളുടെ ഉരുക്കുമുഷ്ടി ഉപയോഗിയ്ക്കുമ്പോഴാണ് സമൂഹത്തില്‍ സമാധാനമുണ്ടാകുക. നമ്മുടെ നാട്ടില്‍ സമാധാനം എന്ന ഒരു സാധനമുണ്ടെങ്കില്‍ അത് നമ്മുടെ നാട്ടുകാരുടെ നിയമവാഴ്ചയോടുള്ള ബഹുമാനം കൊണ്ടുമാത്രമാണെന്ന് കരുതുന്നവരുടെ കൂട്ടത്തിലല്ല ഞാന്‍ . പൌരന്മാര്‍ ശരിയായ സാമൂഹ്യബോധമുള്‍ക്കൊണ്ടാല്‍ പോലീസും താനെ നന്നാവും. ഷാജി.കെ.യ്ക്കും സുകുമാരേട്ടനും ചിത്രഭാനുവിനും കാര്യം മനസ്സിലായെന്നു കരുതുന്നു. അപ്പൂട്ടനുള്ള മറുപടി അദ്ദേഹത്തിന്റെ പോസ്റ്റില്‍ ...

    ReplyDelete
  15. കൊലപാതകിയെ ആരും ഗ്ലോറിഫൈ ചെയ്യുന്നില്ല. ലോക്കപ്പ് കൊലപാതകത്തെ താങ്കൾ ഗ്ലോറിഫൈ ചെയ്യുന്നു. അതാണ് നടക്കുന്നത്.

    ReplyDelete

കമന്റിലെ അക്ഷരങ്ങള്‍ക്ക് നിറം നല്‍കാന്‍ [co="red"]Type Text here[/co] . ഇവിടെ red എന്നതിനു പകരം മറ്റ് നിറങ്ങള്‍ നല്‍കിയാല്‍ മതിയാകും.