പുതിയ കഥാസമാഹാരം “രയറൊം കഥകള്‍ " VPP ലഭിയ്ക്കാന്‍ sidrapubications@gmail

Monday 26 December 2011

കണക്കനും സാമൂഹ്യവലകെട്ടലും.

“ഇന്ന് നമ്മുടെ ജീവിതത്തില്‍ ഏറ്റവും സ്വാധീനം ചെലുത്തുന്ന ഒരുപകരണമാണല്ലോ കണക്കന്‍. പലതരം കണക്കന്മാര്‍ ഇപ്പോള്‍ ചന്തയിലുണ്ട്. സാധാരണരീതിയിലുള്ള മേശപ്പുറം കണക്കന്‍, കൊണ്ടുനടക്കാവുന്ന മടിയടപ്പ് കണക്കന്‍, പുതുതായി ഇറങ്ങിയ ഗുളികക്കണക്കന്‍ എന്നിങ്ങനെ.

കണക്കന് രണ്ടു ഭാഗങ്ങള്‍ ഉണ്ട്. (ഒന്ന്) കട്ടിസാധനങ്ങള്‍, (രണ്ട്) മൃദുല സാധനങ്ങള്‍.

പ്രധാന കട്ടിസാധനങ്ങള്‍ ഇവയൊക്കെയാണ്:
(ക) താക്കോല്‍ പലക
(ഖ) മൂഷികന്‍,
(ഗ)നോട്ടക്കാരന്‍
(ഘ) കേന്ദ്ര ശരിപ്പെടുത്തല്‍ ഘടകം (കേ.ശ.ഘ).

കേ.ശ.ഘ.യിലെ പ്രധാന ഘടകങ്ങള്‍ ഇവയാണ്.
(ക) കൈക്കാരന്‍, (ഖ)  കട്ടിത്തകിട്, (ഗ) തോന്ന്യാസ ഓര്‍മ്മ, (ഘ) ഒതുങ്ങിയ തകിടെഴുത്തുകാരന്‍

കൂടാതെ കണക്കനു വിവരങ്ങള്‍ കൊടുക്കാനും മേടിയ്ക്കാനും (ക) പ്രപഞ്ച പരമ്പര വണ്ടിയും, (ഖ) മിന്നല്‍ ഓര്‍മ്മയും ഉപയോഗിയ്ക്കാം.  അധിക കണക്കന്മാരും ഉപയോഗിയ്ക്കുന്ന ശസ്ത്രക്രിയാരീതി “ജനാലകള്‍” എന്ന മൃദുലസാധനം ആണ്. മൃദുലസാധനങ്ങളെ വല്ല രോഗാണുക്കളും ബാധിച്ചാല്‍ കണക്കനെ കോലം കെട്ടിയ്ക്കേട്ടി വരും.

ഒരു സ്ഥലത്തുള്ള കണക്കന്മാരെ തമ്മില്‍ കൂട്ടിയോജിപ്പിയ്ക്കുന്നതിന് “പ്രാദേശിക വലകെട്ടല്‍“ എന്നു പറയും. ലോകത്തെങ്ങുമുള്ള കണക്കന്മാരെ ചേര്‍ക്കുന്നതിനെ “അന്താരാഷ്ട്ര വലകെട്ടല്‍“ എന്നാണു പറയുക. ഏതെങ്കിലും “മേച്ചില്‍പുറ മൃദുലസാധനം“ ഉപയോഗിച്ചാണ് “അന്താരാഷ്ട്ര വലസ്ഥലത്തേ“യ്ക്ക് നമ്മള്‍ പ്രവേശിയ്ക്കുന്നത്. നമ്മളെല്ലാം പരസ്പരം കണ്ടുമുട്ടാന്‍ സഹായിയ്ക്കുന്ന വലസ്ഥലങ്ങളെ “സാമൂഹ്യവലകെട്ടല്‍ സ്ഥലം“ എന്നാണു വിളിയ്ക്കുന്നത്. ലോകത്തെ ഏറ്റവും വലിയ സാമൂഹ്യവലകെട്ടല്‍ സ്ഥലം, “മുഖപുസ്തകം” ആണ്. ആര്‍ക്കുവേണമെങ്കിലും മുഖപുസ്തകത്തില്‍ കണക്കുകൂട്ടല്‍ തുടങ്ങാവുന്നതാണ്. കണക്കുകൂട്ടലുള്ള ആര്‍ക്കും മുഖപ്പുസ്തകത്തില്‍ ഇടയ്ക്കിടെ എന്തെങ്കിലും “കുറ്റിനാട്ടാം“. ഇതിനെ “നിലപുതുക്കല്‍“ എന്നു പറയും. കൂടാതെ ചിത്രങ്ങളും പാട്ടുകളും “ഭാരം കയറ്റാനും“ “ഭാരമിറക്കാനും“ സാധിയ്ക്കും. മുഖപുസ്തകത്തില്‍ ഏതെങ്കിലും സുഹൃത്തിനോട് ശത്രുത തോന്നിയാല്‍ “കട്ടകെട്ടാന്‍“ യാതൊരു വിഷമവുമില്ല. എന്തായാലും കണക്കനും വലകെട്ടലും മുഖപുസ്തകവുമില്ലാത്ത ഒരു ജീവിതം ആലോചിയ്ക്കാനേ വയ്യ.
---------------------------------------

വിവര സാങ്കേതിക വിദ്യയെ പറ്റി പച്ചമലയാളത്തിലെഴുതിയ ചെറിയൊരു വിവരണമാണ്. എന്തെങ്കിലും സംശയങ്ങള്‍ ഉള്ളവര്‍ക്ക് താഴെക്കൊടുത്തിരിയ്ക്കുന്ന സാങ്കേതികവിദ്യാ നിഘണ്ഡു ഉപയോഗിയ്ക്കാം.
(ഓ.. എന്റെ “നടപ്പന്‍“ കീശയില്‍ കിടന്നു തരിയ്ക്കുന്നു. പൊട്ടന്‍ മട്ടിലാക്കിയിട്ട കാര്യം മറന്നു പോയി..)

കണക്കന്‍ = Computer
കട്ടിസാധനം = Hardware
മൃദുല സാധനം = Software
ശസ്ത്രക്രിയാ രീതി = Operating System
മേശപ്പുറം = Desktop
മടിയടപ്പ് = Laptop
ഗുളികക്കണക്കന്‍ = Tablet Computer
താക്കോല്‍ പലക = Keyboard
നോട്ടക്കാരന്‍ = Monitor
മൂഷികന്‍ = Mouse
കേന്ദ്ര ശരിപ്പെടുത്തല്‍ ഘടകം = CPU
കൈക്കാരന്‍ = Processor
കട്ടിത്തകിട് = Hard disc
മിന്നല്‍ ഓര്‍മ്മ = Flash Memory
തോന്ന്യാസ ഓര്‍മ്മ = RAM
ഒതുങ്ങിയ തകിടെഴുത്തുകാരന്‍ = CD Writer
പ്രപഞ്ച പരമ്പര വണ്ടി = Universal Serial Bus
കോലം = Format
പ്രാദേശിക വലകെട്ടല്‍ = LAN
അന്താരാഷ്ട്ര വലകെട്ടല്‍ = Internet
മേച്ചില്‍പുറം = Browser
വലസ്ഥലം = Website
സാമൂഹ്യ വലകെട്ടല്‍ സ്ഥലം = Social Network Site
മുഖപ്പുസ്തകം = Facebook
കണക്കുകൂട്ടല്‍ = Account
നിലപുതുക്കല്‍ = Status Update
കുറ്റിനാട്ടല്‍ = Post
ഭാരംകയറ്റുക = Upload
ഭാരമിറക്കുക = Download
കട്ടകെട്ടല്‍ = Block.
നടപ്പന്‍ = Mobile
പൊട്ടന്‍ മട്ട് = Silent mode
തരിപ്പ് = Vibration

ഭരണകാര്യങ്ങളില്‍ മുഖ്യവ്യവഹാര ഭാഷ മലയാളമാക്കണമെന്ന് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നെങ്കിലും എവിടെ വരെയെത്തി എന്നൊരു പിടിപാടുമില്ല. കുറെ പേരുകള്‍ എതാണ്ടു താഴെ പറയുന്ന പോലെയൊക്കെ മാറ്റാന്‍ ആലോചിച്ചിരുന്നതായാണ് അറിവ്. അതായത്:
ജില്ലാ കളക്ടര്‍ - ജില്ലാ ശേഖരന്‍.
സര്‍ക്കിള്‍ ഇന്‍സ്പെക്റ്റര്‍ - വൃത്ത പരിശോധകന്‍
സബ് ഇന്‍സ്പെക്ടര്‍ - ഉപ പരിശോധകന്‍
അഡീഷണല്‍ സബ് ഇന്‍സ്പെക്ടര്‍ - കൂട്ടിയ ഉപ പരിശോധകന്‍.......
എന്നിങ്ങനെ. സര്‍ക്കാര്‍ കാര്യമല്ലേ മുറ പോലെയേ നടക്കൂ. ഇനിയും ധാരാളം പദങ്ങള്‍ മലയാളീകരിയ്ക്കേണ്ടതുണ്ട്. അക്കാര്യത്തില്‍ ഏവരുടേയും സഹകരണം പ്രതീക്ഷിയ്ക്കുന്നു.

Tuesday 20 December 2011

കഷണ്ടിയും ബുദ്ധിയും.

ഏകദേശം പത്തുവര്‍ഷം മുന്‍പൊരു ദിവസമാണത് ശ്രദ്ധിച്ചത്. തലചീകിയ ചീര്‍പ്പിന്മേല്‍ നിറയെ മുടി..! ആ ഒരു നിമിഷത്തെ അമ്പരപ്പും വേവലാതിയും പറഞ്ഞറിയിയ്ക്കാന്‍ വയ്യ. മുടി കൊഴിയലിനെ പറ്റി ധാരാളം കേട്ടിരിയ്ക്കുന്നു.
കൊഴിഞ്ഞ് കൊഴിഞ്ഞ് അതു കഷണ്ടിയിലേയ്ക്കെത്തുമോ എന്ന പേടി ഉള്ളിലൂടെ പാഞ്ഞു പോയി. പരിചയത്തില്‍ ധാരാളം കഷണ്ടിത്തലയന്മാര്‍ ഉണ്ട്. മിക്കവര്‍ക്കും അതുകൊണ്ടുള്ള മനപ്രയാസം അടുത്തു സംസാരിച്ചാല്‍ മനസ്സിലാക്കാം . ചിലരെ കളിയാക്കാനൊക്കെ കൂടിയിട്ടുണ്ട്. മുറ്റുതലമുടിയുള്ള അക്കാലത്ത് ഞാനൊരു കഷണ്ടി ക്കാരനാകുമോ എന്ന വിദൂര സംശയം പോലും ഉണ്ടായിരുന്നില്ല. എന്നാല്‍ കാലം അതിന്റെ വിചിത്രവേലകള്‍ എന്റെ തലയിലും പ്രയോഗിയ്ക്കാന്‍ മറന്നില്ല. എന്റെ കുഞ്ഞമ്മമാരുടെ കരിനാക്ക് ഫലിച്ചതാണോയെന്നു സത്യമായും എനിയ്ക്ക് സംശയമുണ്ട്. 

ചെറുപ്പത്തില്‍  മിക്ക കുഞ്ഞമ്മമാരുടെയും നേരമ്പോക്ക് തലയില്‍ പേന്‍ നോക്കലാണ്. ടി.വിയോ സീരിയലോ ഒന്നുമില്ലാത്ത അക്കാലത്ത് അത്യാവശ്യം പരദൂഷണവും നാട്ടുവിശേഷവുമൊക്കെ കൈമാറുന്നത് ഈ സമയത്താണ്. അന്നൊക്കെ എന്റെ തലയില്‍ ജഡ കെട്ടിയപോലെ മുടിയാണ്. ശോഷിച്ച ശരീരവും, സാമാന്യം വലുപ്പമുള്ള തലയും ആയതിനാല്‍ സ്വതവേ തന്നെ, മച്ചിങ്ങയില്‍ ഈര്‍ക്കിലി കുത്തിയപോലാണ് എന്റെ സ്വരൂപം. അതിന്റെ കൂടെ കാടുപോലെ ജഡപിടിച്ച മുടികൂടി  ആയാലത്തെ കാര്യം പറയണ്ടല്ലോ. ആ കാട്ടില്‍ അനേകം പേനുകള്‍ കുഞ്ഞുകുട്ടി പരാധീനങ്ങളോടെ സകുടുംബം പാര്‍ത്തുവന്നു. അവര്‍ ഇരതേടുന്ന അവസരങ്ങളില്‍  ഞാന്‍ തല ചൊറിയും. എന്റെ ഈ തലചൊറിച്ചില്‍ കാണുന്നതിനാല്‍ സമയം കിട്ടുമ്പോഴൊക്കെ ഏതെങ്കിലും കുഞ്ഞമ്മ എന്നെ ബലമായി പിടികൂടും. എന്നിട്ട് എന്റെ തല മടിയിലേയ്ക്കു വയ്ക്കും. പിന്നെ അരിവാളിന്റെ ചുണ്ട് ഉപയോഗിച്ച് പേനുകളെ സെര്‍ച്ച് ചെയ്യലാണ്. ഇടയ്ക്കിടെ കിട്ടുന്ന പേനിനെ, അവരുടെ നഖവും അരിവാള്‍ ചുണ്ടും ചേര്‍ത്ത് ഒരു ഞെരിയ്ക്കല്‍. അപ്പോള്‍ “ക്ടിക്ക്” എന്നൊരു ഒച്ച കേള്‍ക്കാം. ഞാനപ്പോള്‍ വേദന കൊണ്ടു പുളഞ്ഞുപോകും. ബലത്തില്‍ പിടിച്ചിരിയ്ക്കുന്നതിനാല്‍ തലവലിച്ച് രക്ഷപെടാന്‍ ഒരു നിര്‍വാഹവുമില്ല. അരമണിക്കൂര്‍ നേരത്തെ ഈ പീഡനത്തിനു ശേഷം അവര്‍ ഒരു ഡയലോഗുണ്ട്..

 “എന്തുമാത്രം മുടിയാ ഈ ചെറുക്കന്..! അതൊന്നു എണ്ണ തേച്ചു വൃത്തിയാക്കി നടക്കില്ല...”

ഞാനതൊന്നും ശ്രദ്ധിയ്ക്കാതെ എങ്ങനെയും തലയുമായി രക്ഷപെടും.  അവരുടെ അന്നത്തെ ആ ഡയലോഗിന്റെ പ്രത്യാഘാതം ഞാനിപ്പോഴാണ് അനുഭവിയ്ക്കുന്നത്.

മുടികൊഴിയുന്നു എന്ന നഗ്നസത്യം ബോധ്യമായതോടെ അടിയന്തിരമായി എന്തെങ്കിലും ചെയ്യണമെന്നുറച്ചു. ആയിടെ പത്രങ്ങളിലൊക്കെ വലിയ പരസ്യകോലാഹലത്തോടെ “ബദരീസ് കേശി” എന്നൊരു എണ്ണ മാര്‍ക്കറ്റിലുണ്ടായിരുന്നു. അതുപയോഗിച്ച് മുടിതഴച്ചു വളര്‍ന്നവരുടെ ഫോട്ടോ അടക്കമാണ് പരസ്യം. ഉടന്‍ തന്നെ, തളിപ്പറമ്പില്‍ അലഞ്ഞു തിരിഞ്ഞ് ആ എണ്ണ സംഘടിപ്പിച്ചു. മൂന്നുമാസം പുരട്ടി. എണ്ണ തീര്‍ന്നതിനേക്കാള്‍ വേഗത്തില്‍ മുടി കൊഴിഞ്ഞു.

അതോടെ മുടി ചീകുക എന്നതൊരു പേടി സ്വപ്നമായി. എന്റെ മനോഹരമായ മുടികള്‍ ചീര്‍പ്പിന്റെ പല്ലുകള്‍ക്കിടയില്‍ തിങ്ങിയിരുന്ന്  നിസഹായതയോടെ നോക്കി. ഞാന്‍ നീളന്‍ ചീര്‍പ്പ് മാറ്റി, വട്ടച്ചീര്‍പ്പ് മേടിച്ചു നോക്കി. നീളത്തില്‍ പൊഴിഞ്ഞിരുന്ന മുടികള്‍ വട്ടത്തിലായി എന്നുമാത്രം.

ഇനിയെന്തു വേണ്ടു എന്നാലോചിച്ചിരുന്നപ്പോഴാണ് ഒരു ഹോമിയോ മരുന്നിന്റെ പരസ്യം കണ്ടത്. അവര്‍ പറയുന്നത്, മുടികൊഴിച്ചിലിന്റെ കാരണം, തലയിലല്ല, ശരീരത്തിനുള്ളിലാണ് എന്നാണ്. അവരുടെ മരുന്ന് ഉള്ളില്‍ കഴിച്ചാല്‍ കൊഴിച്ചില്‍ മാറുമത്രെ. മുടിഞ്ഞ വിലയാണ് ആ മരുന്നിന്. എന്തുമാകട്ടെ, ഹോമിയോ ഉള്ളില്‍ ചെലുത്താമെന്നു കരുതി. മൂന്നുമാസം കൊണ്ട് പോക്കറ്റു കീറിയെങ്കിലും, മുടി പൂര്‍വാധികം ശക്തിയോടെ കൊഴിഞ്ഞുകൊണ്ടിരുന്നു.

ഇത്രയുമായപ്പോള്‍, എന്റെ ഉച്ചിയില്‍ കാറ്റു സ്പര്‍ശിയ്ക്കുന്നതു പോലെ തോന്നി. തൊട്ടുനോക്കി. ദൈവമേ..! തലയോട്ടി തെളിഞ്ഞിരിയ്ക്കുന്നു..! പത്തുപൈസാ വട്ടത്തിലേ ഉള്ളുവെങ്കിലും കഷണ്ടി മുഖം കാണിച്ചു..!!! അന്നെനിയ്ക്ക് കലശലായ നിരാശയായിരുന്നു. അതുവരെ കളിയാക്കിയ കഷണ്ടിക്കാരോട് ആദ്യമായി എനിയ്ക്ക് സഹതാപം തോന്നി. താമസിയാതെ ഞാനും ആ കൂട്ടത്തില്‍ പെട്ടേക്കും..

അതിനിടെ ഒരു അലോപ്പതി ഡോക്ടറുടെ ലേഖനം വായിയ്ക്കാനിടയായി. മുടികൊഴിച്ചില്‍ എന്നത് ചില വിറ്റാമിന്റെ കുറവുകള്‍ കൊണ്ടാണെന്നും, അതു പരിഹരിച്ചാല്‍ മാറുമെന്നുമൊക്കെയായിരുന്നു അതില്‍ പറഞ്ഞിരുന്നത്. അതിന്‍ പ്രകാരം ഒരു ത്വക്ക് രോഗവിദഗ്ധനെ പോയി കണ്ടു. എന്റെ വിഷമങ്ങള്‍ കേട്ടിട്ട് അയാള്‍ എന്നെ ഒന്നു തുറിച്ചു നോക്കി. പിന്നെ ഒരു കള്ളച്ചിരിയോടെ എന്തോ ഗുളികയും കുറിച്ചു, മൂന്നുമാസം കഴിച്ചു നോക്കാന്‍ പറഞ്ഞു.
അറ്റകൈയ്ക്ക് ആ പ്രയോഗവും ചെയ്തു. പിന്നെയും, കാശും പോയി മുടിയും പോയി. ഇപ്പോള്‍ കഷണ്ടി ഏതാണ്ട് ചെറിയ പപ്പട വട്ടത്തിലായിട്ടുണ്ട്.

അങ്ങനെയിരിയ്ക്കെയാണ് എന്റെയൊരു ബന്ധുവിനെ കണ്ടത്. അധ്യാപകനായ അങ്ങേര് ഒന്നാംതരം കഷണ്ടിയാണ്. എന്നാല്‍ ആ കഷണ്ടിക്കൊരു ഐശ്വര്യവും ഗാംഭീര്യവും ഉണ്ട്. വിശാലമായ നെറ്റി. ഉച്ചിയില്‍ ഏതാനും മുടികള്‍, അതു പുറകോട്ടു നീളത്തില്‍ ചീകി വെച്ചിരിയ്ക്കുന്നു. ഞാന്‍ അങ്ങേരോട് നിരാശയോടെ പറഞ്ഞു.

“മാഷേ.. എന്റെ മുടിയെല്ലാം കൊഴിയുന്നു. പലപരിപാടികളു നോക്കിയിട്ടും രക്ഷയില്ല....“

“ഹ ഹ എടാ മണ്ടാ, അസൂയയ്ക്കും കഷണ്ടിയ്ക്കും മരുന്നില്ലാ എന്നു കേട്ടിട്ടില്ലേ...?”

“എങ്കിലും മാഷേ.. ഇത്ര നേരത്തെ...........”

“നീ ലോകത്തെ വല്യവല്യ ആള്‍ക്കാരെ നോക്ക്.. ബഹുഭൂരിപക്ഷവും കഷണ്ടിക്കാരല്ലെ? നമ്മുടെ ഗാന്ധിജി, നെഹൃ മുതല്‍ എത്രയെത്ര പേര്‍.. എടാ നിനക്കൊരു കാര്യം അറിയാമോ, ബുദ്ധിയുള്ളവരുടെ മുടി മാത്രേ കൊഴിയൂ. കൂടുതല്‍ ചിന്തിയ്ക്കുന്നതു കാരണം, തലച്ചോറില്‍ നിന്നുള്ള ചൂടേറ്റാണ് മുടി കൊഴിയുന്നത്. നിന്റെ മുടി കൊഴിയുന്നുവെങ്കില്‍ നീയത്രയ്ക്കും ബുദ്ധിമാനാണെന്നര്‍ത്ഥം..”

ഞാനാലോചിച്ചു നോക്കി, സംഗതി ശരിയായിരിയ്ക്കാന്‍ വഴിയുണ്ട്. തലച്ചോറില്‍ ഇലക്ട്രിസിറ്റി പാസു ചെയ്യുമ്പോഴാണല്ലോ നമ്മള് ഓരോന്നു ചിന്തിയ്ക്കുന്നത്. സ്വാഭാവികമായും ബുദ്ധിമാന്മാരുടെ തലയില്‍ അതു കൂടുതലാവും. അങ്ങനെ മുടിവേരുകള്‍ ഇളകിപോകാനുള്ള സാധ്യതയുണ്ട്.  അതോടെ മുടികൊഴിച്ചിലിനെ പറ്റിയുള്ള ചിന്ത ഞാന്‍ ഉപേക്ഷിച്ചു.. ഹാ.. ഇപ്പോ എന്തൊരു മനോസുഖം..!

അടിക്കുറിപ്പ്: സ്ത്രീകള്‍ക്ക് ബുദ്ധിയില്ല എന്നൊന്നും ഞാന്‍ പറഞ്ഞിട്ടില്ല. ഫെമിനിസ്റ്റുകള്‍ വഴക്കിനു വരരുത്.

Wednesday 7 December 2011

ഉമ്മന്‍‌ചാണ്ടിയ്ക്കും എ.ജി.യ്ക്കും കീ ജയ്...

കഴിഞ്ഞകുറച്ചു ദിവസങ്ങളായി മുല്ലപ്പെരിയാര്‍ വിഷയത്തിന്റെ പേരില്‍ ഉമ്മന്‍ ചാണ്ടിയെയും അഡ്വക്കറ്റ് ജനറലിനെയും പുലഭ്യം പറയുന്നവരേ, ഈ വിഷയത്തില്‍ വളരെ തന്ത്രപരമായ നിലപാടാണ് നമ്മുടെ സര്‍ക്കാര്‍ എടുത്തിരിയ്ക്കുന്നതെന്ന് യുക്തിപൂര്‍വം ചിന്തിച്ചാല്‍ നിങ്ങള്‍ക്ക് മനസ്സിലാകും.

ഒരു വശത്ത് മന്ത്രിമാരടക്കം തെരുവില്‍ സമരം നടത്തി പുതിയ ഡാം വേണമെന്ന് പറഞ്ഞ് ജനങ്ങളെ ഇളക്കുന്നു, യുവജന സംഘടക്കാരെ വിട്ട് ഡാമില്‍ കൊടിയുയര്‍ത്തുന്നു, തമിഴരുടെ വാഹനം തകര്‍ക്കുന്നു. ഇതൊക്കെ കാണുമ്പോള്‍ തമിഴന്മാര്‍ വെറുതെയിരിയ്ക്കുമോ? ഒരു കാരണവശാലും പുതിയ ഡാം പാടില്ല എന്ന് അവരും പറയും.

ഇതു നമ്മുടെ ആസൂത്രിതമായ കളിയാണെന്ന് അവന്മാരറിയുന്നുണ്ടോ..! അഡ്വക്കറ്റ് ജനറലിന്റെയും വിദഗ്ധ സമിതിയുടെയും മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും വിശദീകരണങ്ങളോടെ ഒരു കാര്യം ഉറപ്പായി, മുല്ലപ്പെരിയാറില്‍ പുതിയൊരു ഡാമിന്റെ ആവശ്യമില്ല. കേവലം 450 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിയ്ക്കേണ്ട ആവശ്യമേ ഉള്ളു. പുതിയ ഡാമിനായി ചെലവാകുമെന്നു പറയുന്ന 650 കോടിയുടെ നാലിലൊന്നു പോലും വേണ്ട അവരെ ഇടുക്കി ഡാമിനു താഴെയെവിടെയെങ്കിലും സ്ഥലം മേടിച്ചുകൊടുത്ത് താമസിപ്പിയ്ക്കാന്‍. മുല്ലപ്പെരിയാര്‍ ഡാം പൊട്ടിയാല്‍ വടക്കുപടിഞ്ഞാറോട്ടും തെക്കുപടിഞ്ഞാറോട്ടുമായി രണ്ടായി പിരിഞ്ഞാകും വെള്ളമൊഴുകുക. ഒരുഭാഗത്തെ വെള്ളം ഇടുക്കി ഡാം താങ്ങിക്കൊള്ളും. മറുഭാഗത്തെ വെള്ളം മീനച്ചിലാറിലേയ്ക്കാണു പോകുക. അത് ഇടയ്ക്കിടെ ചെറിയ തടയണകള്‍ നിര്‍മ്മിച്ച് പിടിച്ചു നിര്‍ത്താവുന്നതേ ഉള്ളു.

കേരളത്തിലെയും തമിഴുനാട്ടിലെയും കോലാഹലം കാണുമ്പോള്‍ ചിലപ്പോള്‍ കേന്ദ്രം ഇടപെടാനുള്ള സാധ്യതയുണ്ട്. അതൊഴിവാക്കാന്‍ മുഖ്യമന്ത്രിയും മന്ത്രിമാരും പോയി ചര്‍ച്ചനടത്തുന്നുണ്ട്. പുറമേ നില്‍ക്കുന്നവര്‍ വിചാരിയ്ക്കും കേന്ദ്രത്തെ ഇടപെടുവിയ്ക്കാനാണ് ചര്‍ച്ചയെന്ന്. അങ്ങനെ തോന്നിപ്പിയ്ക്കാന്‍ ചില പ്രസ്താവനകളൊക്കെ ഇറക്കുന്നതും തന്ത്രത്തിന്റെ ഭാഗമാണ്.

കോടതിയിലാണ് നമ്മുടെ ശരിയായ കളി കളിയ്ക്കുക. മുല്ലപ്പെരിയാര്‍ തകര്‍ന്നാലും കാര്യമായ കുഴപ്പമൊന്നുമില്ലായെന്ന് അവിടെ ബോധിപ്പിയ്ക്കും. സ്വാഭാവികമായും തമിഴ്‌നാട് ഈ വാദമുയര്‍ത്തി സുപ്രീം കോടതിയില്‍ കേസു ജയിയ്ക്കും, ജലനിരപ്പ് ഉയര്‍ത്തും. അപ്പോള്‍ എന്തുണ്ടാകും? ഡാം പൊട്ടും. ഇനിയാണ് നമ്മുടെ സൂപ്പര്‍ തന്ത്രം പ്രവര്‍ത്തനമാരംഭിയ്ക്കുന്നത്.

ഡാം പൊട്ടുന്നതോടെ 999 വര്‍ഷത്തെ കരാര്‍ ആവിയായിപ്പോകും. പിന്നെ തമിഴന്മാര്‍ക്ക് വോയിസ് ഉണ്ടോ !  തമിഴ്‌നാട് വറ്റിവരളും. ആ അവസ്ഥയില്‍ അവര്‍ വെള്ളത്തിനു വേണ്ടി നമ്മളോട് യാചിയ്ക്കാന്‍ തുടങ്ങും. അപ്പോള്‍ നമ്മള്‍ പറയുന്ന തുകയ്ക്ക്, പറയുന്ന വ്യവസ്ഥയില്‍ അവര്‍ വെള്ളം മേടിയ്ക്കേണ്ടി വരും. അന്ന് നമുക്ക് വേണമെങ്കില്‍ മുല്ലപ്പെരിയാറില്‍ സ്വന്തം സൌകര്യമനുസരിച്ച് ഡാം കെട്ടാം, അല്ലെങ്കില്‍ ഇടുക്കിഡാമില്‍ കിടക്കുന്ന പെരിയാര്‍ വെള്ളം കൊടുക്കാം. ഏതുനിലയ്ക്കായാലും കാര്യങ്ങള്‍ നമ്മുടെ കൈയിലിരിയ്ക്കും. ഒരു ടി.എം.സി വെള്ളത്തിന് പത്തുകോടിയെങ്കിലും നമുക്ക് വിലയിടാം. വര്‍ഷത്തില്‍ നൂറു ടി.എം.സി വെള്ളം വിറ്റാല്‍ ആയിരംകോടി ആയിനത്തില്‍ മാത്രം വരുമാനം. ആ വെള്ളം ഉപയോഗിച്ച് തമിഴുനാട് വൈദ്യുതി ഉണ്ടാക്കിയാല്‍ അതിന്റെ വിഹിതം വേറെയും ആവശ്യപ്പെടാം. ഇപ്പോള്‍ ചര്‍ച്ചയിലൂടെ നമ്മുടെ കാശുമുടക്കി ഒരു ഡാം പണിതു എന്നു വെക്കുക. തീര്‍ച്ചയായും തമിഴ്നാടിന്റെ കൂടി താല്പര്യമനുസരിച്ചുള്ള കരാര്‍ ആദ്യമേ ഉണ്ടാക്കേണ്ടി വരും. നക്കാപ്പിച്ച കാശിനു വെള്ളം കൊടുക്കേണ്ടിയും വരും. തമിഴന്മാര്‍ പൊട്ടന്മാരാണെന്ന് പറയുന്നത് വെറുതെയല്ല. അവര്‍ക്ക് നമ്മുടെ  ഈ തന്ത്രം ഇതു വരെ അവര്‍ക്കു മനസ്സിലായിട്ടില്ല.

ഉമ്മന്‍‌ചാണ്ടിയും അഡ്വക്കേറ്റ് ജനറലും കൂടി സംസ്ഥാന താല്പര്യം അട്ടിമറിച്ചു എന്നും പറഞ്ഞ് ചന്ദ്രഹാസമിളക്കുന്നവര്‍ ശാന്തരായിരുന്നു ആലോചിച്ചേ, ആത്യന്തികമായി ഇതു നമുക്ക് നേട്ടമല്ലേന്ന്? നമ്മുടെ ഹൈക്കോടതിയ്ക്കു പോലും കാര്യം മനസ്സിലായിട്ടുണ്ട്. അതല്ലേ, ഇത്രമാത്രം പൊതുയോഗങ്ങളും രണ്ടു ഹര്‍ത്താലുകളും  ഉണ്ടായിട്ട്, പൊതുജനങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ടുകളെ പറ്റി ഒരക്ഷരം മിണ്ടാത്തത്..!

അടിക്കുറി: ഈ നോട്ട് ആരെങ്കിലും തമിഴന്മാര്‍ക്ക് തര്‍ജമ ചെയ്തുകൊടുത്ത്, നമ്മുടെ തന്ത്രം പൊളിയ്ക്കരുതെന്ന് വിനയപൂര്‍വം അപേക്ഷിയ്ക്കുന്നു.

Sunday 4 December 2011

മുല്ലപ്പെരിയാര്‍ ഡാം: അല്പം ചരിത്രവും വസ്തുതകളും.

തമിഴ്‌നാട്ടിലെ തേനിയിലും മറ്റും ഗ്രാമദേവതകളോടൊപ്പം ഗ്രാമീണര്‍ കോവില്‍ കെട്ടി ആരാധിയ്ക്കുന്ന ഒരു സായിപ്പു ദേവനുമുണ്ട്. ക്യാപ്റ്റന്‍ പെനി ക്വിക്ക് എന്നാണ് ആ ദേവന്റെ പേര്. ജനങ്ങള്‍ രണ്ടു നേരം വിളക്കുകൊളുത്തി അദ്ദേഹത്തിനു അര്‍ച്ചനയര്‍പ്പിയ്ക്കുന്നു. തങ്ങള്‍ക്കു ജീവിതം തിരിച്ചു തന്ന ഐശ്വര്യത്തിന്റെ ദേവാനാണ് ഗ്രാമീണര്‍ക്ക് പെനി ക്വിക്ക്. ആരാണീ ദേവന്‍?

പതിനെട്ടാം നൂറ്റാണ്ടിലെ കടുത്ത വരള്‍ച്ചയില്‍ മധുരയും സമീപ രാജ്യമായ രാമനാടും ഉണങ്ങിക്കരിഞ്ഞു. വെള്ളം കിട്ടാതെ മനുഷ്യരും ജന്തുക്കളും മരിച്ചുവീണു. അവശേഷിച്ചവരില്‍ ചിലര്‍ കൊടുവാളുമായി കൊള്ളയ്ക്കിറങ്ങി. അക്കാലത്ത് രാമനാട് രാജ്യത്തിലെ മുഖ്യ കാര്യസ്ഥന്റെ തലയിലുദിച്ച ആശയമാണ് പെരിയാറിലെ വെള്ളം മധുരയിലെ വൈഗ നദിയിലേയ്ക്ക് തിരിച്ചു വിടുക എന്നത്. 1789-ല്‍ ഇക്കാര്യം മധുരയുടെ ആധിപത്യമുണ്ടായിരുന്ന ബ്രിട്ടീഷുകാരുമായി പങ്കുവെച്ചെങ്കിലും നടന്നില്ല. പിന്നീട് 1808-ല്‍ ഈ സാധ്യത ബ്രിട്ടീഷുകാര്‍ പരിഗണിച്ചെങ്കിലും പ്രായോഗികമല്ലെന്നു കണ്ട് ഉപേക്ഷിച്ചു. 1850 ലും 1867 ലും വീണ്ടും ശ്രമങ്ങള്‍ ഉണ്ടായെങ്കിലും ഫലവത്തായില്ല.  പിന്നീട് 1882-ല്‍ ക്യാപ്ടന്‍ പെനിക്വിക്കും ആന്‍സ് സ്മിത്തും ചേര്‍ന്നാണ് ഇന്നത്തെ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ രൂപരേഖയുണ്ടാക്കിയത്. 1886 ഒക്ടോബര്‍ 29 ന് തിരുവിതാംകൂര്‍ രാജാവ് വിശാഖം തിരുനാള്‍ രാമവര്‍മ്മയ്ക്കു വേണ്ടി ദിവാന്‍, ബ്രിട്ടീഷുകാരുമായി 999 വര്‍ഷത്തെ പാട്ടക്കരാര്‍ ഒപ്പു വെച്ചു.
ക്യാപ്ടന്‍ പെനിക്വിക്ക്

1887-ല്‍ ഡാം നിര്‍മ്മാണം ആരംഭിച്ചു. ആദ്യവര്‍ഷങ്ങളിലെ ശ്രമങ്ങളെല്ലാം പാഴായിപ്പോയി.ശര്‍ക്കരയും ചുണ്ണാമ്പും കരിമ്പിന്‍ നീരും മുട്ടവെള്ളയും ചേര്‍ത്തുണ്ടാക്കുന്ന സുര്‍ക്കി ചാന്തുകൊണ്ട് കരിങ്കല്ല് കെട്ടിയാണ് അടിത്തറ പണിതത്. ഓരോ കാലവര്‍ഷത്തിലും കെട്ടിയതെല്ലാം പെരിയാര്‍ കൊണ്ടു പോയി. ഒടുക്കം  പദ്ധതി ഉപേക്ഷിച്ചു പോരാന്‍ ബ്രിട്ടനില്‍ നിന്ന് പെനിക്വിക്കിന് നിര്‍ദേശം കിട്ടി. എന്നാല്‍  ബ്രിട്ടനിലെത്തിയ അദ്ദേഹം തന്റെ കുടുംബസ്വത്ത് വിറ്റു കിട്ടിയ കാശുമായെത്തി ഡാം പണി തുടര്‍ന്നു. രാമനാമപുരത്തെയും കമ്പത്തെയും തിരുച്ചിയിലെയും തൊഴിലാളികളും കൊച്ചിയിലെ പോര്‍ത്തുഗീസ് ആശാരിമാരും ഗുജറാത്തിലെ കുമ്മായം തേപ്പുകാരുമെല്ലം പണിയില്‍ പങ്കാളികളായി. അനേകം പേര്‍ മലേറിയ ബാധിച്ചു മരിച്ചു വീണു. ഒടുക്കം 1895-ല്‍ ഡാം പൂര്‍ത്തിയായി.  തേനി, മധുര, ദിണ്ഡുക്കല്‍, രാമനാട്, ശിവഗംഗ ജില്ലകളില്‍ കൃഷിയ്ക്കും കുടിവെള്ളത്തിനും അന്നുമുതല്‍ ഈ ജലം ഉപയോഗിയ്ക്കുന്നു. സ്വന്തം സ്വത്ത് തങ്ങള്‍ക്കു ജീവജലം എത്തിയ്ക്കാനായി ചിലവഴിച്ച പെനിക്വിക്കിനെ തമിഴര്‍ ദേവനായി ആരാധിയ്ക്കുന്നതില്‍ തെറ്റില്ലല്ലോ. ഒരര്‍ത്ഥത്തില്‍ ഭഗീരഥന്‍ തന്നെയാണല്ലോ അദ്ദേഹം.

1940-ല്‍ മുല്ലപ്പെരിയാറിലെ വെള്ളമുപയോഗിച്ച് വൈദ്യതി ഉല്പാദിപ്പിയ്ക്കാന്‍ മദ്രാസ് സര്‍ക്കാര്‍ നീക്കമാരാംഭിച്ചു. ഇതിനെതിരെ അന്നത്തെ തിരുവിതാംകൂര്‍ ദിവാന്‍ സര്‍.സി.പി. രാമസ്വാമി അയ്യര്‍ കേസ് നല്‍കി. കല്‍ക്കത്താ ഹൈക്കോടതി ജഡ്ജി മുമ്പാകെ മദ്രാസിനു വേണ്ടി അല്ലാടി കൃഷ്ണസ്വാമി അയ്യരും തിരുവിതാംകൂറിനു വേണ്ടി സര്‍ സി.പിയും വാദിച്ചു. 1941 മെയ് 12 നു തിരുവിതാംകൂറിന് അനുകൂലമായി  വിധിയുണ്ടായി. എന്നാല്‍ ബ്രിട്ടീഷുകാരെ ഭയന്ന് ആ വിധി നടപ്പായില്ല. 1947 ജൂലൈ 21 ന്, സര്‍ സി.പി, വീണ്ടും മൌണ്ട് ബാറ്റന് നിവേദനം നല്‍കി. എന്നാല്‍ അധികം വൈകാതെ സര്‍ സി.പി.യ്ക്ക് ഇവിടെ നിന്ന് പലായനം ചെയ്യേണ്ടി വന്നു. തുടര്‍ന്ന് നടപടികള്‍ ഒന്നും ഉണ്ടായില്ല.

ഇന്ത്യയ്ക്ക് സ്വാതന്ത്യം ലഭിച്ചതോടെ ബ്രിട്ടീഷുകാരും നാട്ടുരാജ്യങ്ങളും തമ്മിലുള്ള കരാറുകളെല്ലാം അസാധുവായി.
കേരള രൂപീകരണത്തെ തുടര്‍ന്ന് 1958-‘60-‘69 വര്‍ഷങ്ങളില്‍ തമിഴ്‌നാടുമായി ചര്‍ച്ച നടന്നെങ്കിലും പ്രയോജനമൊന്നുമുണ്ടായില്ല. വീണ്ടും ചര്‍ച്ചകളെ തുടര്‍ന്ന് 1976-ല്‍ (അടിയന്തിരാവസ്ഥക്കാലം, 1975-1977) അച്യുതമേനോന്റെ  കാലത്ത് അനുബന്ധകരാര്‍ ഒപ്പുവച്ചു. പഴയ കരാരില്‍ കാര്യമായ മാറ്റമില്ലാതെ, 30 വര്‍ഷത്തെ മുന്‍‌കാല പ്രാബല്യത്തോടെ ആയിരുന്നു അത്. അങ്ങനെയാണ് തമിഴുനാട് മുല്ലപ്പെരിയാറിലെ വെള്ളമുപയോഗിച്ച് വൈദ്യുതി ഉല്പാദനം തുടര്‍ന്നത്.

ഡാമില്‍ ചോര്‍ച്ച കൂടിയതിനെ തുടര്‍ന്ന് 1979-ല്‍ കേന്ദ്ര ജലക്കമ്മീഷന്‍,  ജലനിരപ്പ് 136 അടിയാക്കി കുറയ്ക്കണമെന്നും പുതിയ ഡാം പണിയണമെന്നും നിര്‍ദേശിച്ചു. തുടര്‍ന്ന് കേരള-തമിഴുനാട് എഞ്ചിനീയര്‍മാര്‍ ഒരുമിച്ച് സര്‍വേ നടത്തി സ്ഥലം കണ്ടെത്തി. എന്നാല്‍ കേരളത്തിന്റെ അലംഭാവം മൂലം പിന്നീടൊന്നും സംഭവിച്ചില്ല. തമിഴുനാട് പുതിയ ഡാം ആശയത്തില്‍ നിന്നു പിന്മാറുകയും ചെയ്തു.  അഴിമതിക്കാരായ കേരള ഉദ്യോഗസ്ഥര്‍ക്കും വക്കീലന്മാര്‍ക്കും രാഷ്ട്രീയക്കാര്‍ക്കും വേണ്ടത് കൊടുത്ത് തമിഴ്‌നാട് കോടതികളില്‍ കേസുകള്‍ ജയിച്ചുകൊണ്ടിരുന്നു. മുല്ലപ്പെരിയാര്‍ വെള്ളത്തില്‍ നിന്നും കോടികള്‍ ഉണ്ടാക്കുന്നവര്‍ക്ക് ഏതാനും കോടി അതിനായി ചിലവഴിയ്ക്കുന്നതില്‍  വിഷമിയ്ക്കേണ്ടതില്ലല്ലോ. കഴിഞ്ഞ LDF സര്‍ക്കാരിലെ ജലവിഭവ വകുപ്പുമന്ത്രി പ്രേമചന്ദ്രനാണ് ഈ അവസ്ഥയ്ക്ക് ഒരു മാറ്റം വരുത്തിയത്. അദ്ദേഹത്തിന്റെയും അര്‍പ്പണമനസ്സുള്ള ഏതാനും ഉദ്യോഗസ്ഥരുടെയും അശ്രാന്ത പരിശ്രമ ഫലമായി സുപ്രീം കോടതിയില്‍ കേരളത്തിന് അല്പം മേല്‍ക്കൈ ലഭിയ്ക്കുകയുണ്ടായി.

ഏതാനും ആഴ്ചകള്‍ മുന്‍പുണ്ടായ ചില ഭൂചലനങ്ങളോടെയാണ് മുല്ലപ്പെരിയാര്‍ ജീവന്മരണ പ്രശ്നമായി കേരളീയരുടെ മേല്‍ പതിച്ചത്. വിഷയം ചാനലുകളും രാഷ്ട്രീയക്കാരും ഏറ്റെടുത്തു. മുല്ലപ്പെരിയാറിലേയ്ക്ക് ജനപ്രവാഹം, നിരാഹാരം, കോലം കത്തിയ്ക്കല്‍, നേതാക്കളുടെ തീര്‍ത്ഥാടനം, ലൈവ് സം‌പ്രേക്ഷണം.. അങ്ങനെ ആകെ പൊടിപൂരം. കറക്ട് ടൈമില്‍ “ഡാം 999” ഉം എത്തി. ദിവസവും ചാനലുകളില്‍ ചര്‍ച്ച പൊടിപൊടിയ്ക്കുന്നു. എല്ലാവരും ഒരേ സ്വരത്തില്‍ പറയുന്നു, “ഡാം ഏതു നേരവും പൊട്ടാം..”. പാവം ജനം ജീവഭയത്താല്‍ ഉറക്കം നഷ്ടപ്പെട്ടു കഴിയുന്നു. അതിനിടയില്‍ ചില ചാനല്‍ വിദഗ്ദ്ധരുടെ പ്രവചനം കണ്ടു, ഇടുക്കിയില്‍ റിച്ചര്‍ സ്കെയില്‍ 7.5 തീവ്രതയുള്ള ഭൂകമ്പം ഉണ്ടാകുമത്രേ..! അതായത് ചൈനയിലും ഗുജറാത്തിലുമൊക്കെ ഉണ്ടായത്ര തീവ്രതയുള്ളത്. അങ്ങനെയൊന്നുണ്ടായാല്‍ ഇടുക്കി ജില്ലയില്‍ എന്തെങ്കിലും ബാക്കിയുണ്ടാകുമോ?

ജനങ്ങളെ ഇങ്ങനെ ഭീതിയിലാഴ്ത്തുന്ന മാധ്യമങ്ങളോടും രാഷ്ട്രീയക്കാരോടും ഒന്നു ചോദിയ്ക്കട്ടെ? മുല്ലപ്പെരിയാര്‍ ഡാം ദുര്‍ബലമാണെന്നും പുതിയ ഡാം വേണമെന്നുമുള്ള കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമില്ല. എന്നാല്‍ പുതിയ ഡാം ഒരു ദിവസം കൊണ്ടോ മാസം കൊണ്ടോ വര്‍ഷം കൊണ്ടോ സാധ്യമാണോ? ഇപ്പോള്‍ പൊട്ടും എന്ന അവസ്ഥയിലാണ് ഡാമെങ്കില്‍ പുതിയ ഡാമിനുള്ള സാവകാശം ലഭിയ്ക്കുമോ? ഇങ്ങനെ ജനങ്ങളെ ഭീതിപ്പെടുത്തി ഭ്രാന്താവസ്ഥയിലെത്തിച്ചാലുള്ള ഭവിഷ്യത്തുകളെ പറ്റി നിങ്ങള്‍ക്കു വല്ല ധാരണയുമുണ്ടോ? വ്യാജബോംബു ഭീഷണി പോലെ ആരെങ്കിലും “ഡാം പൊട്ടി” എന്നൊരു കിംവദന്തി പരത്തിയാല്‍ സാധാരണ മനുഷ്യരുടെ അവസ്ഥയെന്തായിരിയ്ക്കും? (പത്രമോഫീസുകളില്‍ ഇത്തരം പരിഭ്രാന്തമായാ അന്വേഷണങ്ങള്‍ വരാന്‍ തുടങ്ങിയിട്ടുണ്ട്).

ബാംഗ്ലൂര്‍ ഇന്ത്യന്‍ ഇന്‍സ്റ്റിട്യൂട്ട് ഒഫ് സയന്‍സിലെ ഭൂകമ്പ ശാസ്ത്രഞ്ജന്‍ ഡോ:സി.പി.രാജേന്ദ്രന്റെ അഭിപ്രായത്തില്‍, ഇപ്പോഴുണ്ടായ ഭൂകമ്പങ്ങള്‍ അണക്കെട്ടിന് കേടുപാടുണ്ടാക്കാന്‍ പോന്നവയല്ല. മാത്രമല്ല ഇതിലും വലിയ ഭൂകമ്പങ്ങള്‍ അവിടെ നേരത്തെ ഉണ്ടായിട്ടുമുണ്ട്. അണക്കെട്ടിന്റെ ചോര്‍ച്ച, ഭൂകമ്പം കൊണ്ടല്ല, മറിച്ച് സുര്‍ക്കി മിശ്രിതം ഒലിച്ചു പോകുന്നതു മൂലമാണ്. ഇടുക്കി അണക്കെട്ടിന്റെ പ്രേരിത ചലനങ്ങളാണ് ഇപ്പോഴുണ്ടായത്. ഇതു സാധാരണവും അപകട സാധ്യതയില്ലാത്തതുമാണ്. കേരളം വലിയ ഭൂകമ്പങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ള മേഖലയിലല്ല. എന്നാല്‍ മുല്ലപ്പെരിയാര്‍ ഡാം അപകടാവസ്ഥയിലാണെന്നതിനും, പുതിയ ഡാം പണിയണമെന്നതിലും യാതൊരു സംശയവുമില്ല. പക്ഷേ, ഇപ്പോഴത്തെ ഭീതിയ്ക്ക് യാതൊരു അടിസ്ഥാനവുമില്ല.

തമിഴുനാടിനെതിരെ കേരളീയരെ ഇളക്കിയാല്‍ മുല്ലപ്പെരിയാര്‍ പ്രശ്നത്തിനു പരിഹാരമാകുമോ? ഇവിടെയുള്ളതു പോലുള്ള സമ്മര്‍ദ്ദം അവിടെയുമുണ്ട്. ഒരു പാര്‍ടിയ്ക്കും അതില്‍ നിന്നു മാറി നില്‍ക്കാനാകില്ല. പരസ്പരം വൈരം ഉണ്ടാക്കാമെന്നല്ലാതെ എന്തു പ്രയോജനം? ഇവിടെ എന്തെങ്കിലും ചെയ്യേണ്ടത് കേന്ദ്ര സര്‍ക്കാരാണ്. അവരുടെ മുന്നില്‍ പല വഴികളുമുണ്ട്. അത് സ്വീകരിയ്ക്കാന്‍ സമ്മര്‍ദ്ദം അവര്‍ക്കു നേരെയാണുണ്ടാകേണ്ടത്.
ഇതിനിടെ ചില വിദ്വാന്മാര്‍ ദേശീയപാര്‍ടികളുടെ മുതുകത്താണു കയറുന്നത്. ഒരു ദേശീയപാര്‍ടിയ്ക്കും ഏതെങ്കിലുമൊരു പക്ഷം ചേരാനാവില്ല. നമുക്കുള്ളതുപോലുള്ള ന്യായങ്ങള്‍ മറു പക്ഷത്തും ഉണ്ടാകും. ആയതിനാല്‍ രണ്ടു പക്ഷവും കേള്‍ക്കാന്‍ അവര്‍ ബാധ്യസ്ഥരാണ്. തീരുമാനമെടുക്കാനുള്ള ചുമതല സര്‍ക്കാരിന്റേതാണ്. ഇരു സംസ്ഥാനങ്ങളെയും ഒന്നിച്ചിരുത്തി ചര്‍ച്ചയിലൂടെ പരിഹാരം കണ്ടെത്തുന്നതിനു പകരം, വഷളായി കലാപമാകുന്നതു വരെ കാത്തിരിയ്ക്കുന്ന കേന്ദ്രത്തിനെതിരെയാണ് ഓരോ കേരളീയനും ശബ്ദിയ്ക്കേണ്ടത്. അല്ലാതെ, ജയലളിതയുടെ കോലം കത്തിയ്ക്കുന്നതും, തമിഴരെ തെറി പറയുന്നതും ജനങ്ങളെ ഭീതിയിലാഴ്ത്തുന്നതും യാതൊരു പ്രയോജനവും ചെയ്യില്ല.
(ഇതിലെ ചില വിവരങ്ങള്‍ക്ക് “ദേശാഭിമാനി”യില്‍ ശ്രീ.കെ.ജെ. മാത്യു എഴുതിയ ലേഖനത്തോട് കടപ്പാട്)

അടിക്കുറിപ്പ്: എനിയ്ക്ക് തമിഴ്‌നാടിനോട് യാതൊരു പക്ഷഭേദവുമില്ല. അവരുടെ കടും പിടുത്തത്തോട് അല്പം പോലും യോജിപ്പുമില്ല. വേണ്ടി വന്നാല്‍ അവരുടെ ഉല്പന്നങ്ങള്‍ ബഹിഷ്കരിച്ച് പ്രതിഷേധിയ്ക്കണം എന്ന പക്ഷക്കാരനാണ് ഞാന്‍. എന്നാല്‍ ഇപ്പോള്‍ നമ്മുടെ പ്രചാരണങ്ങള്‍ വഴിവിട്ടുപോയില്ലേ എന്നു സംശയിയ്ക്കുന്നു.

Saturday 26 November 2011

പ്രിയപ്പെട്ട കസബ് ഭായിയ്ക്ക്......

പ്രിയപ്പെട്ട കസബ് ഭായിയ്ക്ക്......

26-11-11
പ്രിയപ്പെട്ട കസബ് ഭായി,
പിറന്നാളാശംസകള്‍..! താങ്കള്‍ക്ക് സുഖമല്ലേ? ഞങ്ങളെ സംബന്ധിച്ച് അങ്ങയുടെ മൂന്നാം പിറന്നാളാണിന്ന്.
ജയിലില്‍ ആവശ്യത്തിനു മുട്ടയും പാലും ബിരിയാണിയുമൊക്കെ കിട്ടുന്നുണ്ടെന്നു കരുതുന്നു. പാകിസ്ഥാനിലുള്ള അങ്ങയുടെ ബന്ധുക്കളെ വിളിയ്ക്കാന്‍ സാധിയ്ക്കുന്നുണ്ടോ? ഇല്ലെങ്കില്‍ ദയവായി അക്കാര്യം ഞങ്ങളുടെ സര്‍ക്കാരിനെ അറിയിയ്ക്കണം. അതിഥി ദേവോ ഭവ: എന്ന തത്വശാസ്ത്രക്കാരാണ് ഞങ്ങള്‍. ഞങ്ങള്‍ ഉണ്ടില്ലെങ്കിലും, വീട്ടില്‍ വരുന്ന അതിഥിയെ ആവോളം സല്‍ക്കരിയ്ക്കും.  ജയിലില്‍ ആക്കിയത്, സത്യത്തില്‍ അങ്ങയുടെ സുരക്ഷയെ കരുതി മാത്രമാണ്.  വെളിയില്‍ വിട്ടാല്‍ ചിലപ്പോള്‍ വിവരമില്ലാത്ത ചില വിഡ്ഡികള്‍ ആക്രമിച്ചേക്കാന്‍ വഴിയുണ്ട്. സാദാ ജയിലിലിട്ടാലും ഈ പ്രശ്നമുണ്ട്. അതുകൊണ്ടു മാത്രമാണ് അങ്ങേയ്ക്കായി പ്രത്യേക സംവിധാനങ്ങളോടെ ഞങ്ങളൊരു ജയിലുണ്ടാക്കിയത്. അവിടെ എല്ലാ സൌകര്യങ്ങളോടും കൂടി ജീവിയ്ക്കുമ്പോള്‍ ഇടയ്ക്കെങ്കിലും ഞങ്ങളെ ഓര്‍ക്കണം, ഞങ്ങളോടു നന്ദിയുള്ളവരായിരിയ്ക്കണം. ഞങ്ങളുടെ മാധ്യമങ്ങളെ നോക്കു, ഏകാന്തവാസത്തിലുള്ള അങ്ങയുടെ ഓരോ മൊഴിമുത്തുകളും എത്ര കൃത്യമായാണ് അവര്‍ ഞങ്ങള്‍ക്കെത്തിച്ചു തരുന്നത്. അതു കേട്ടു ഞങ്ങള്‍ പുളകം കൊള്ളാറുണ്ട്.

കാശിന്റെ പുളപ്പുകൊണ്ടൊന്നുമല്ല പതിനാറു കോടി രൂപാ മുടക്കി ഇത്ര സൌകര്യങ്ങള്‍ ചെയ്തു തരുന്നത്. ഇവിടെ നാട്ടിലൊക്കെ പ്രശ്നങ്ങളാണ്. വെറും അരലക്ഷോം ഒരു ലക്ഷോം കടമുള്ളവന്മാരൊക്കെ ആത്മഹത്യ ചെയ്തോണ്ടിരിയ്ക്കുന്നു, കൈയില്‍ കാശില്ലാന്നും പറഞ്ഞ്. അങ്ങേയ്ക്കായി മുടക്കുന്ന കാശിന്റെ ഒരംശം ഉണ്ടായിരുന്നെങ്കില്‍ ഇവരൊക്കെ ജീവിച്ചിരിയ്ക്കുമായിരുന്നില്ലേ എന്നു ചില മണ്ടന്മാര്‍ ചോദിയ്ക്കുന്നുണ്ട്. അവരോടൊക്കെ അതിഥി ദേവോ ഭവ: എന്നു പറഞ്ഞാണ് ഞങ്ങളുടെ സര്‍ക്കാര്‍ പിടിച്ചു നില്‍ക്കുന്നത്.
ഇന്നലെ ഞാനൊരു കൊച്ചു കുട്ടിയെ കണ്ടു. ദേവിക എന്നു പേരുള്ള ഒരു പതിമൂന്നുകാരി. മുടന്തി മുടന്തിയാണ് അവള്‍ സ്കൂളില്‍ പോകുന്നത്. മൂന്നുവര്‍ഷം മുന്‍പ് അങ്ങയും കൂട്ടുകാരും, ഞങ്ങടെ മുംബായില്‍ നടത്തിയ ഓപ്പറേഷനില്‍ വെടികിട്ടിയതാണു പോലും. വേദനയുണ്ടെങ്കിലും അവളു പക്ഷേ ചിരിച്ചു കൊണ്ടാ അതൊക്കെ പറഞ്ഞത്. ആരെന്തൊക്കെ പറഞ്ഞാലും, അന്നത്തെ ആ വെടീം പുകയുമൊക്കെ ഞങ്ങള്‍ അതിനു മുന്‍പ് ഇംഗ്ലീഷ് സിനിമകളിലേ കണ്ടിട്ടുള്ളു. മെഷീന്‍ ഗണ്ണുമായി ചറ പറാ വെടിവെക്കുന്ന അങ്ങയുടെ ആ ഫോട്ടോയ്ക്ക് എന്തൊരു എടുപ്പാണ്...! സിനിമയിലെ ഡ്യൂപ്പ് ഹീറോകളേക്കാള്‍ ഒറിജിനല്‍ ഹീറോ അങ്ങാണ്. 175 പേരെയല്ലേ പുഷ്പം പോലെ തട്ടിക്കളഞ്ഞത്..! ലോകം മുഴുവന്‍ അതു നേരിട്ടു കണ്ടതായതു കൊണ്ട്, നാട്ടാരുടെ കണ്ണില്‍ പൊടിയിടാനെങ്കിലും ഞങ്ങളുടെ സര്‍ക്കാര്‍ കേസ്, കോടതി, വധശിക്ഷ എന്നൊക്കെ പറയും. ആ മാമാങ്കം കഴിഞ്ഞുകിട്ടിയാല്‍ എല്ലാ സൌകര്യത്തോടെയും പരിപാലിച്ചു കൊള്ളും. വധശിക്ഷ എന്നു പറയുന്നതു തന്നെ കൊല്ലില്ല എന്നുറപ്പു തരാനാണ്. അല്ലെങ്കില്‍ നോക്ക്, ഞങ്ങളുടെ മുന്‍ പ്രധാനമന്ത്രിയെ ബോംബുവെച്ചവര്‍ ഇരുപതു വര്‍ഷമായി സുഖമായിരിയ്ക്കുന്നു. പാര്‍ലമെന്റില്‍ ബോബുവെച്ചയാള്‍ക്ക് ഒരു പോറല്‍ പോലുമില്ല. ഇനി അങ്ങേയ്ക്കും വര്‍ഷങ്ങളോളം സുഖമായി ജീവിച്ചിരിയ്ക്കാം. അതിനിടയില്‍ ഞങ്ങള്‍ വധശിക്ഷ നിരോധിച്ചു നിയമം പാസാക്കും. അതോടെ ആയുസ്സ് തീരും വരെ ഞങ്ങളുടെ ചിലവില്‍ കഴിയാമല്ലോ. എന്നാല്‍ ഞങ്ങള്‍ ഇന്ത്യക്കാര്‍ക്ക് സ്വന്തം ജീവനില്‍ അങ്ങനെ യാതൊരുറപ്പുമില്ല. വിലയൊക്കെ ഇങ്ങനെയാണു കേറുന്നതെങ്കില്‍ ആത്മഹത്യ തന്നെ ഗതി.

കിട്ടിയപാടെ അറുപതു രൂപയുടെ ഒരു വെടിയുണ്ടയില്‍ തീര്‍ത്തിരുന്നെങ്കില്‍ ഇക്കണ്ട കോടികളൊക്കെ പാഴാക്കണമായിരുന്നോ എന്ന് ചില വിവരദോഷികള്‍ ചോദിച്ചേക്കാം. അപ്പോള്‍ ഞങ്ങളുടെ സര്‍ക്കാര്‍ ചോദിയ്ക്കും, അങ്ങനെ കൊന്നാല്‍ അങ്ങ് പാകിസ്ഥാന്‍കാരനാണെന്ന് തെളിയിയ്ക്കാന്‍ പറ്റുമോ എന്ന്. തെളിയിച്ചിട്ടിപ്പോ എന്തുണ്ടായി എന്നു ചോദിച്ചാല്‍ പറയും അതിഥി ദേവോ ഭവ: ഒരര്‍ത്ഥത്തില്‍ ഞങ്ങളുടെ സര്‍ക്കാര്‍ അങ്ങയോടു ചെയ്യുന്നത് വലിയ തെറ്റാണ്. ജിഹാദ് നടത്തി ഉടലോടെ സ്വര്‍ഗത്തില്‍ പോകാന്‍ വന്ന അങ്ങയെയാണ് അതിനു സമ്മതിയ്ക്കാതെ ബിരിയാണിയും തീറ്റിച്ച് കിടത്തിയിരിയ്ക്കുന്നത്.

പാവം  ലാദന്‍ സാഹിബിന്, ഞങ്ങളുടെ ആര്‍ഷ ഭാരത ഔദാര്യത്തെപ്പറ്റി ഒരു വിവരവുമില്ലായിരുന്നു എന്നു തോന്നുന്നു. അല്ലെങ്കില്‍ ചുമ്മാ ഒരു തോക്കുമെടുത്ത് ആ മുംബായിലെങ്ങാനും വന്ന് പത്തിരുപതെണ്ണത്തിനെ ചുട്ടിരുന്നെങ്കില്‍, ഇപ്പോള്‍ കോഴിബിരിയാണിയും തിന്ന്, നല്ലൊന്നാന്തരം ജയിലില്‍ സുഖമായി താമസിയ്ക്കാമായിരുന്നു. ഹാ.. ഇനിയിപ്പോ അതു പറഞ്ഞിട്ടു കാര്യമില്ലല്ലോ. കത്തു നിര്‍ത്തട്ടെ.
ഇനിയും അനേകം പിറന്നാളുകള്‍ ആഘോഷിയ്ക്കാന്‍ ഇടവരട്ടെ എന്നാശംസിച്ചു കൊണ്ട്,

അങ്ങയെ പരിപാലിയ്ക്കാന്‍ നികുതികൊടുക്കുന്ന ഒരു ഗതികെട്ട ഇന്ത്യാക്കാരന്‍.

(ഒപ്പ്)

ആത്മഗതം:  അന്ന് കസബ് ഭായിയോടൊപ്പം വന്ന ബാക്കി ഒന്‍പതു പേരെയും ജീവനോടെ പിടിച്ചിരുന്നെങ്കില്‍  സര്‍ക്കാര്‍ ലോകബാങ്കില്‍ നിന്നു കടമെടുക്കേണ്ടിവന്നേനെ.

Thursday 24 November 2011

അമ്മജീവിതം.

കോടാനുകോടി ഗ്യാലക്സികളും നക്ഷത്രങ്ങളും ഗ്രഹങ്ങളും ഉപഗ്രഹങ്ങളുമുള്ള ആ അനന്തപ്രപഞ്ചത്തിന്റെ ഏതോ ചില കോണുകളിലായി കാലം കൊരുത്തുവെച്ച സുവര്‍ണമുത്തുകളാണ് ജൈവീകലോകം. അവിടെ ഒരു പിറവി ലഭിയ്ക്കുക എന്നത്  ഭാഗ്യമാണ്. അതില്‍ തന്നെ മനുഷ്യജീവിതം ലഭിയ്ക്കുക വലിയ ഭാഗ്യം. മനുഷ്യപ്പിറവികളില്‍ കഷ്ടതയും നിരാശയും നിരാസവും അവഗണനയും എന്നും ഏറ്റുവാങ്ങാന്‍ വിധിയ്ക്കപ്പെട്ട ഒരു കൂട്ടരുണ്ട്. മറ്റാരുമല്ല അമ്മമാരെന്ന പെണ്‍ജീവിതങ്ങള്‍. എല്ലാ അമ്മമാര്‍ക്കും ഈ വിധിയില്ല എങ്കിലും ഈ വിധിയേല്‍ക്കേണ്ടി വരുന്നവരില്‍ അധികവും അമ്മമാരത്രെ.

ജീവിതത്തില്‍, ഞാന്‍ അടുത്തുനിന്നു കണ്ടതില്‍ ഏറ്റവും കഷ്ടതയാര്‍ന്ന  അമ്മജീവിതം, മറ്റാരുടേതുമല്ല എന്റെ അമ്മമ്മ (അമ്മയുടെ അമ്മ)യുടേതായിരുന്നു. ഏതാണ്ടു പതിനൊന്നു മുതല്‍ പതിനേഴു വയസ്സുവരെ ഞാനവരോടൊപ്പമായിരുന്നു. അടുപ്പിലെ തീയ്ക്കും പുകയ്ക്കുമൊപ്പം അവഗണനയും പരിഹാസവും വേദനയും വേവലാതിയുമൊക്കെ  ഒരു അമ്മജീവിതത്തെ എങ്ങനെയാണ്  ദുരന്തമാക്കിതീര്‍ക്കുന്നതെന്ന്, അന്നു മനസ്സില്‍ പതിഞ്ഞ ഓര്‍മ്മച്ചിത്രങ്ങള്‍ ഇന്നെനിയ്ക്ക് ബോധ്യപ്പെടുത്തിത്തരുന്നു.

വല്യാട്ടിലെ അമ്മവീട്ടില്‍ ഒരഞ്ചാംക്ലാസുകാരനായാണ് ഞാന്‍ താമസം തുടങ്ങുന്നത്. കണ്ണൂരിലേയ്ക്ക് ചേക്കേറിയ എന്റെ അച്ഛനമ്മമാര്‍, നാട്ടിലെ പഠനം മുടക്കേണ്ട എന്നു കരുതിയാണ് എന്നെ അമ്മവീട്ടിലാക്കിയത്. മീനച്ചിലാറിന്റെ കരയില്‍, കൈത്തോടുകള്‍ അതിരിട്ട കൊച്ചു ഖണ്ഡങ്ങളായി വല്യാട് പരന്നു കിടന്നു. ചെറിയ തുണ്ടുഭൂമികളില്‍ വീടുവെച്ചു താമസിയ്ക്കുന്നവര്‍. നെല്‍‌വയലുകളിലും മീനച്ചിലാറിലുമായി അവര്‍ ജീവിതം തുഴഞ്ഞു.
വലിയൊരു കുടുംബമായിരുന്നു ഞങ്ങളുടെ കോട്ടപ്പറമ്പില്‍ വീട്. ഓലമേഞ്ഞ സാമാന്യം വലിയൊരു വീടും, അതിന്റെ കാല്‍ഭാഗം വലുപ്പമുള്ള തൊഴുത്തും, ഒരു കുന്നോളമുള്ള വൈക്കോല്‍ തുറുവും ചേര്‍ന്നാല്‍ കോട്ടപ്പറമ്പില്‍ വീടായി. അമ്മമ്മ ഉള്‍പ്പെടെ ഏഴു സ്ത്രീ ജനങ്ങളും, ഞാനുള്‍പ്പെടെ മൂന്നു ആണ്‍പ്രജകളും ഈ വീട്ടില്‍ താമസിച്ചു. ആറു പെണ്ണുങ്ങള്‍ അമ്മമ്മയുടെ മക്കള്‍ അഥവാ എന്റെ അമ്മയുടെ അനുജത്തിമാര്‍. വല്യച്ചനും (അമ്മയുടെ അച്ഛന്‍) ഇളയ അമ്മാവനുമാണ് മറ്റു ആണുങ്ങള്‍. മറ്റുള്ളവരെപോലെ തന്നെ അമ്മമ്മയെ ഞാനും അമ്മ എന്നു തന്നെയാണ് വിളിച്ചിരുന്നത്, എന്റെ അമ്മയുടെ അനുജത്തിമാരെല്ലാം ആന്റിമാര്‍. വിവാഹപ്രായം എത്തിയവര്‍ മുതല്‍ വിദ്യാര്‍ത്ഥിനികള്‍ വരെയുണ്ട് ഈ പെണ്‍കൂട്ടത്തില്‍.

വല്യച്ഛന്‍ തികച്ചും വ്യത്യസ്തനാണ്. പത്രങ്ങളും പുസ്തകങ്ങളുമൊക്കെ വായിയ്ക്കും. നല്ല അറിവ്.  നല്ലവൃത്തിയും വെടിപ്പും. ആരുടെയും മുന്നില്‍ ബഹുമാന്യത. കുടുംബചിലവിലേയ്ക്ക് ഒരു തുക അമ്മമ്മയെ ഏല്‍പ്പിച്ചുകഴിഞ്ഞാല്‍ പിന്നെ അക്കാര്യത്തിലെ ഉത്തരവാദിത്വം കഴിഞ്ഞു. വീടിന്റെ വരാന്ത, ഊണുകഴിയ്ക്കുന്ന സ്ഥലം, കിടപ്പുമുറി ഇത്രയുമല്ലാതെ മറ്റൊരിടത്തും അദ്ദേഹം പ്രവേശിച്ചു ഞാന്‍ കണ്ടിട്ടില്ല.

വളരെ മെലിഞ്ഞിട്ടാണ് അമ്മമ്മ‍. കണ്ണുകള്‍ വല്ലാതെ കുഴിഞ്ഞിരുന്നു. മുഖമൊക്കെ ചുളിഞ്ഞു പോയി. മുഷിഞ്ഞ വേഷം. വല്യച്ഛന്റെ ഗാംഭീര്യത്തിന്റെ ഒരംശം പോലും ആ പാവത്തിനുണ്ടായിരുന്നില്ല. കുടുംബത്തിന്റെ സകല ചുമതലയും അവരുടെ ചുമലിലായിരുന്നു.
അമ്മമ്മയ്ക്ക് ഉത്തരവാദിത്വങ്ങള്‍ പലതാണ്. വല്യച്ഛന്റെ കൈയില്‍ നിന്നു കിട്ടുന്ന തുച്ഛമായ കാശ് വീട്ടിലെ കാര്യങ്ങള്‍ക്കൊന്നും തികയില്ല. നെല്‍കൃഷി ഉള്ളതിനാല്‍ നെല്ലിനു ക്ഷാമമില്ല.  മറ്റു ചിലവുകള്‍ക്ക് വരുമാനം കണ്ടെത്താനായി അമ്മമ്മയ്ക്ക് ചില സ്വയം തൊഴിലുകളുണ്ട്. മുട്ടക്കോഴി വളര്‍ത്തല്‍, തഴപ്പായ നെയ്യല്‍ എന്നിങ്ങനെ. വീട്ടില്‍ അഞ്ചാറ് പിടക്കോഴികളുണ്ട്, മുട്ടയിടുന്നത്. അകത്തെമുറിയിലെ വലിയ നെല്പത്തായത്തിന്റെ മുകളിലാണ് അവയൊക്കെ മുട്ടയിടാന്‍ കയറുക. ആ കര്‍മ്മം കഴിഞ്ഞ് കോഴി കൊക്കിവിളിച്ചാലുടന്‍ അമ്മമ്മ മുട്ടയെടുത്ത് ചീനഭരണിയില്‍ വച്ച് ഭദ്രമായി അടയ്ക്കും. മുട്ടയുടെ വിനിമയം രണ്ടു രീതിയിലാണ്. ഒന്ന്, ആഴ്ചയിലൊരിയ്ക്കല്‍ മീനച്ചിലാറ് വഴി ഒരു കൊച്ചു വള്ളത്തില്‍ മുട്ടക്കച്ചവടക്കാരന്‍ വരാറുണ്ട്, അയാള്‍ക്ക് മുട്ട വിറ്റ് കാശു മേടിയ്ക്കും. മറ്റൊന്ന്, അടുത്തുള്ള പലചരക്കു കടയില്‍ കൊടുത്ത് അത്യാവശ്യം ചില്ലറ സാധനങ്ങള്‍ മേടിയ്ക്കും. എങ്ങനെ ആയാലും ഈ മുട്ടയിലൊന്നു പോലും വീട്ടിലുള്ളവര്‍ക്ക് രുചിച്ചു നോക്കാന്‍ കിട്ടില്ല. ആയതിനാല്‍ ഞങ്ങള്‍ ഇടയ്ക്ക് വല്ലപ്പോഴും അമ്മമ്മയുടെ കണ്ണുവെട്ടിച്ച് മോഷണം നടത്തും. ഞാനും ജയമ്മയാന്റിയുമാണ് കൃത്യം നടത്തുക. ആന്റി ഭരണി തുറന്ന് മുട്ടയെടുക്കുമ്പോള്‍ ഞാന്‍ അമ്മാമ്മ വരുന്നുണ്ടോ എന്നു നോക്കി വിവരം കൊടുക്കും.  ഇടയ്ക്ക് ഷീബയാന്റിയോ മറ്റോ കണ്ടാല്‍ അവര്‍ക്കും കിട്ടും ഒരു വിഹിതം. മുട്ട ഉടച്ച് അരിപ്പൊടിയും ചേര്‍ത്ത് പൊരിച്ചെടുക്കുന്ന ആ “അട”യ്ക്ക് നല്ല രുചിയാണ്.

വല്യാട്ടിലെ കൈത്തോടുകളുടെ കരയിലെല്ലാം കൈത സമൃദ്ധമായുണ്ട്. ചെറിയൊരു തോട്ടിയില്‍ അരിവാള്‍ വെച്ചുകെട്ടി അമ്മമ്മ കൈതയോല അറുത്തിടും, എന്നിട്ട് അവയെല്ലാം വലിച്ചുകൊണ്ടു വന്ന് മുറ്റത്ത് രണ്ടുമൂന്നുദിവസം വെയില്‍കൊള്ളാനിടും. നന്നായി വാടിക്കഴിഞ്ഞാല്‍  മുള്ളെല്ലാം നീക്കം ചെയ്ത്, വലിയ തിരിക പോലെ ചുരുട്ടിയെടുക്കും. സൈക്കിള്‍ ചക്രം പോലെയുള്ള ഇത്തരം തിരികകള്‍ വീട്ടില്‍ എപ്പോഴും കാണും.  രാത്രി നേരങ്ങളില്‍ അവ അഴിച്ച് ചെറുതായി നീളത്തില്‍ മുറിച്ചെടുത്തിട്ടാണ് പായ നെയ്യുന്നത്. മിക്ക ദിവസവും അര്‍ദ്ധരാത്രിവരെ അമ്മമ്മ ഈ ജോലി ചെയ്യും. നെയ്തെടുത്ത പായകള്‍ ആഴ്ചയിലൊരിയ്ക്കല്‍ കോട്ടയത്തെ ചന്തയില്‍  വിറ്റ് വീട്ടിലേയ്ക്കുള്ള സാധനങ്ങള്‍ മേടിക്കും. അന്ന് മിക്കവാറും മിക്സ്ചര്‍ പോലുള്ള എന്തെങ്കിലും പലഹാരവും മേടിയ്ക്കാറുണ്ട്.

പത്തായത്തിലെ നെല്ലെടുത്ത് പുഴുങ്ങി ഉണക്കി അരിയാക്കുക എന്നതും പൂര്‍ണമായും അമ്മമ്മയുടെ ചുമതലയാണ്. മുട്ടന്‍ ചെമ്പുകലത്തില്‍ നെല്ല് പുഴുങ്ങല്‍ തന്നെ വലിയൊരു പണിയാണ്. പിന്നീട് രണ്ടുമൂന്നു ദിവസമെങ്കിലും വെയിലത്ത് ഉണങ്ങിയാലേ പാകമാകൂ. നെല്ലുണക്കല്‍ ഒരു അരസികന്‍ ജോലിയാണ്. കോഴി, കാക്ക എന്നിവയെ ആട്ടിയോടിയ്ക്കാന്‍ ഒരാള്‍ മെനക്കെട്ടിരിയ്ക്കണം. ചിലപ്പൊഴൊക്കെ ആ ജോലി എന്നെ ഏല്പിയ്ക്കും. അല്പനേരം കഴിയുമ്പോള്‍ മടുത്തിട്ട് ഞാന്‍ തോട്ടില്‍ ചൂണ്ടയിടാനോ മറ്റോ പോകും. വല്യച്ചന്‍ വരുമ്പോള്‍ ഉണക്കാനിട്ട നെല്ലിന്മേല്‍ നിറയെ കാക്കയും കോഴിയും മത്സരിച്ച് നെല്ലുതീറ്റയാകും. കലിയിളകുന്ന വല്യച്ഛന്‍ അമ്മമ്മയെ ഉച്ചത്തില്‍ ചീത്ത വിളിയ്ക്കും. അമ്മമ്മ എന്നെയും. ഞങ്ങള്‍ മിക്കവാറും ഉടക്കാനുള്ള പ്രധാന കാരണം ഇതായിരുന്നു. ഇതുകൂടാതെ വീട്ടിലെ രണ്ടുകറവപ്പശുക്കളുടെ ശുശ്രൂഷ കൂടി അമ്മമ്മയ്ക്കാണ്. അവറ്റകളെ കുളിപ്പിയ്ക്കല്‍, തൊഴുത്ത് കഴുകല്‍, തുറുവില്‍ നിന്നു വൈക്കോല്‍ വലിച്ചു കൊടുക്കല്‍, കാടിയും പിണ്ണാക്കും കൊടുക്കല്‍ അങ്ങനെ പലതും. ഇക്കാര്യത്തില്‍ പക്ഷെ, ചീത്തയുടെയും ഭീഷണിയുടെയും ബലത്തില്‍ ആന്റിമാരെക്കൊണ്ടും കുറെ ജോലികള്‍ ചെയ്യിക്കുമായിരുന്നു.

അക്കാലത്തെ ഏറ്റവും വലിയ ബുദ്ധിമുട്ട് വിറക് ശേഖരണമാണ്. തെങ്ങല്ലാതെ മറ്റൊരു വൃക്ഷം കാണാനേയില്ല. വലിയൊരു ഭൂമുതലാളിയുടെ തോപ്പുകളും ചിറകളും, വല്യാട്ടുകാരുടെ തുണ്ടുഭൂമിയ്ക്കിടയില്‍ വിശാലമായി കിടപ്പുണ്ട്. ഈ തോപ്പുകളിലെ തെങ്ങില്‍ നിന്നു വീഴുന്ന മടല്‍, കൊതുമ്പ്, കുലാഞ്ഞില്‍ ഇവയ്ക്കൊക്കെ വലിയ പിടിച്ചു പറിയാണ്. മടല്‍ വീഴുന്ന ശബ്ദം കേട്ടാല്‍ രണ്ടോ മൂന്നോ വീടുകളില്‍ നിന്ന് പെണ്ണുങ്ങള്‍ പാഞ്ഞുവരും. ആദ്യമെത്തുന്നവര്‍ക്ക് സാധനം കിട്ടും. വലിയ കുടുംബമായതിനാല്‍ ഞങ്ങളുടെ വീട്ടില്‍ ധാരാളം വിറകിന്റെ ആവശ്യമുണ്ട്. ആയതിനാല്‍ അമ്മമ്മയുടെ ഒരു ചെവി എപ്പോഴും പൊഴിയുന്ന മടലുകള്‍ക്കു മേലായിരുന്നു.

എന്നാല്‍ ഇതിനേക്കാളൊക്കെ അവരെ വിഷമിപ്പിച്ചിരുന്നത് വീട്ടിലെ പെണ്‍ജനസംഖ്യ തന്നെയായിരുന്നു. ഒന്‍പത് പെണ്മക്കളും രണ്ട് ആണ്മക്കളുമാണുള്ളത്. മുതിര്‍ന്ന മൂന്നു പെണ്മക്കളുടെ വിവാഹം മാത്രമേ കഴിഞ്ഞിരുന്നുള്ളു. മുതിര്‍ന്ന ആണ്‍‌തരി, എന്റെ വലിയമ്മാവന്‍, ചെറുപ്പത്തിലെ ഊരുചുറ്റി നടക്കുകയാണ്. വീടുമായി യാതൊരു ബന്ധവുമില്ല. പിന്നെയുള്ളത് കുഞ്ഞമ്മാവനാണ്. ആള്‍ അക്കാലത്ത് ഒന്‍പതില്‍ പഠിയ്ക്കുന്നു. കുഞ്ഞമ്മാവനിലാണ് അമ്മമ്മയുടെ ഏക പ്രതീക്ഷ. പുള്ളിക്കാരനു മാത്രം രഹസ്യമായി ഇടയ്ക്കിടെ ഓരോ മുട്ട പുഴുങ്ങിയത് കൊടുക്കുന്നുണ്ടെന്ന വിവരം ഇളയ ആന്റിമാര്‍ അറിഞ്ഞു. അതിനുള്ള പ്രതികാരം കൂടിയായിട്ടായിരുന്നു മേല്‍പ്പറഞ്ഞ മുട്ട മോഷണം.

വിവാഹപ്രായമെത്തിയ പെണ്മക്കളുള്ള ഏതൊരമ്മയുടെയും ആധി വല്യമ്മയ്ക്ക് കലശലായുണ്ടായിരുന്നു. മക്കളെ നേര്‍വഴിയ്ക്കു നയിയ്ക്കാന്‍ ചീത്തവിളിയ്ക്കുക, അടിയ്ക്കുക എന്നീ വഴികളെ ആ പാവത്തിനറിയൂ. അതിന്റെ ഫലമായി ഇടയ്ക്കിടെ കരച്ചിലും ഓട്ടവും ബഹളവും ഉണ്ടാകും. ഓരോരുത്തര്‍ക്കും ഓരോ ശൈലിയാണ്. മുതിര്‍ന്ന ആന്റിമാരുടെ നേര്‍ക്ക് ഇടത്തരം ചീത്തയാണ് പ്രയോഗിയ്ക്കുക. കാരണം അവര്‍ തിരിച്ചും പറയും. എന്നാല്‍ ഇളയവരുടെ നേര്‍ക്ക് മര്‍ദ്ദനമുറകള്‍ തന്നെയാണ്. ജയമ്മയാന്റി അടികിട്ടിയാല്‍ എന്തെങ്കിലുമൊക്കെ പറഞ്ഞ് കരയുകമാത്രമേയുള്ളു. ഷീബയാന്റി, കിട്ടിയ അടിയേക്കാള്‍ ശക്തിയില്‍ സ്വന്തം നെഞ്ചത്തിനിട്ട് “പധോ പധോ” എന്ന് കൈ ചുരുട്ടി ഇടിയ്ക്കും. ഒപ്പം നിലത്ത് വീണ് അങ്ങോട്ടും ഇങ്ങോട്ടും ഉരുളുകയും ചെയ്യും. അതു കാണുന്നതോടെ വല്യമ്മ വേവലാതിപ്പെട്ട് പുള്ളിക്കാരിയെ പിടിച്ചെഴുനേല്‍പ്പിയ്ക്കും. എന്നാല്‍ കുഞ്ഞമ്മാവനെ അടിച്ചു കണ്ടിട്ടില്ല.

ഉണ്ടാക്കുന്ന ചോറും കറികളും ഒക്കെ എല്ലാവരെയും തൃപ്തിപ്പെടുത്തി വിളമ്പുക എന്നത് അമ്മമ്മയ്ക്ക് എന്നും ഒരു വെല്ലുവിളിയായിരുന്നു. വല്യച്ചന് പ്രത്യേക പിഞ്ഞാണത്തില്‍ വിളമ്പി ആദ്യമേ കൊടുക്കും. പിന്നെ മറ്റുള്ളവര്‍ക്കും കൊടുത്തതിന്റെ ബാക്കിയാണ് വല്യമ്മയുടെ ഭക്ഷണം. അതു പലപ്പോഴും ഒരു വായ ചോറുമാത്രമേ ഉണ്ടാകൂ. കടയില്‍ കൊടുത്തതിനു ശേഷമുള്ള ഏതാനും തുടം പാലില്‍ എത്രയോ ഇരട്ടി വെള്ളം ചേര്‍ത്തിട്ടാണ് ചായ ഉണ്ടാക്കുന്നത്..! അതിനെ തിരിച്ചും മറിച്ചും അടിച്ച് പതപ്പിച്ച് ഭംഗിയാക്കി എല്ലാവര്‍ക്കും വിളമ്പും. (പില്‍ക്കാലത്ത്, ചായക്കടയില്‍ നിന്ന് ചായകുടിച്ചപ്പോഴാണ്, ഞാനതുവരെ കുടിച്ചിരുന്നതല്ല ചായ എന്നു മനസ്സിലായത്.) എന്നാല്‍ ആ ചായയുടെ പുറകിലെ ദൈന്യത അന്നൊന്നും എനിയ്ക്ക് മനസ്സിലായതേ ഇല്ല.

എന്റെ സ്കൂള്‍ പഠനകാലത്ത് ഞാന്‍ രോഗബാധിതനായി മെഡിക്കല്‍ കോളേജില്‍ കുറേനാള്‍ കിടന്നു. അന്ന് എനിയ്ക്ക് ആശുപത്രിയില്‍ കാവലിരുന്നത് അമ്മമ്മയായിരുന്നു. അപ്പോള്‍ അവര്‍ ആകെ വ്യത്യസ്തയാണ്. സൌമ്യയായ സ്നേഹവതിയായ സ്വന്തം അമ്മ. എന്റെ പെറ്റമ്മയേക്കാള്‍ വാത്സല്യത്തോടെയാണ് എന്നെയന്ന് പരിചരിച്ചത്.

അമ്മമ്മയെ എപ്പോഴും കുഴമ്പിന്റെ മണമാണ്, ധന്വന്തരം കുഴമ്പിന്റെ. വാതത്തിന്റെ ഉപദ്രവമുണ്ടായിരുന്നു. പിന്നെ വായൂകോപവും.. ചിലരാത്രികളിലാണ് അതു വരുക. പിന്നെ ഒരു മരണവെപ്രാളമാണ്. കണ്ടു നില്‍ക്കുന്നവര്‍ പേടിച്ചുപോകും. ഉടന്‍ ആന്റിമാര്‍ മണല്‍കിഴി ചൂടാക്കി തിരുമ്മും. ഒപ്പം വായുഗുളികയും കൊടുക്കും. അരമണിക്കൂര്‍ കൊണ്ട് എല്ലാം ശരിയാകും. രാവിലെ ഒന്നുമറിയാത്തതു പോലെ പുള്ളിക്കാരി പണികളില്‍ വ്യാപൃതയാകുകയും ചെയ്യും.

ആ പാവത്തിനെ നിത്യദു:ഖത്തിലേയ്ക്ക് തള്ളിയിട്ടുകൊണ്ടാണ് ഇരുപതാം വയസ്സില്‍ കുഞ്ഞമ്മാവന്‍ മരിച്ചത്.  അന്ന് ഞാന്‍ മലബാറിലെ വീട്ടില്‍ സ്കൂള്‍ അവധിയ്ക്കു പോയിരിയ്ക്കുകയായിരുന്നു. അതിനുശേഷം ആ മുഖം തെളിഞ്ഞു കണ്ടിട്ടില്ല. അധികം താമസിയാതെ മുതിര്‍ന്ന ഒരു ആന്റിയും മരിച്ചു. തുടരെ ഉണ്ടായ രണ്ടു ദുരന്തങ്ങള്‍ അമ്മമ്മയെ കൂടുതല്‍ ക്ഷീണിതയാക്കി. ഒരു ദിവസം എന്റെ കണ്മുന്നില്‍ വെച്ച് അവര്‍ ബോധരഹിതയായി മുറ്റത്തു വീണു. നാലഞ്ചു ദിവസം ആശുപത്രിയില്‍ കിടന്നു. പിന്നെ തിരികെ വന്ന്  ജീവിതത്തോട് പടവെട്ടല്‍ തുടര്‍ന്നു.

അധികം താമസിയാതെ ഞാന്‍ മലബാറിലേയ്ക്കു പോയി. വല്ലപ്പോഴും ഞാന്‍ വല്യാട്ടില്‍ വന്ന് അമ്മമ്മയെയുംവല്യച്ഛനേയും കാണും. ആന്റിമാര്‍ ഓരോരുത്തരുടെയും വിവാഹം കഴിഞ്ഞു. വല്യച്ഛനും അമ്മമ്മയും ഒറ്റയ്ക്കായ അക്കാലത്താണ്, ഏറെനാളിനു ശേഷം വല്യമ്മാവന്‍ വീണ്ടും തിരികെയെത്തിയത്, ഒപ്പം കുടുംബവും. ജീവിതസായാഹ്നത്തില്‍ അതൊരു തുണയാകുമെന്നു കരുതിയെങ്കിലും വിപരീതമായിരുന്നു ഫലം. ആ കണ്ണീരിനും ദുരിതത്തിനും ഒരു ശമനവുമുണ്ടായില്ല.
അങ്ങനെ ഏതോ ഒരു ദിവസം അമ്മാമ്മ വീണ്ടും ബോധരഹിതയായി വീണു, ആരുടെയും കണ്ണില്‍ പെടാതെ. പിന്നീട് ആരോ ആശുപത്രിയിലെത്തിച്ചെങ്കിലും അധികം വൈകാതെ, എല്ലാ ദുരിതങ്ങളോടും വിടപറഞ്ഞ് അമ്മമ്മ പോയി.

ഞാനാലോചിയ്ക്കുകയായിരുന്നു, എന്തായിരുന്നു ആ ജീവിതത്തിന്റെ അര്‍ത്ഥം? ഒരായുസ്സുമുഴുവന്‍ മറ്റുള്ളവര്‍ക്കായി ഓടിപ്പാഞ്ഞ്, എല്ലാ കഷ്ടപ്പാടുകളും നെഞ്ചിലേറ്റി, ഒടുക്കം ആരുമറിയാതെ വീണുമരിയ്ക്കുക..!

നമ്മുടെ അമ്മജീവിതത്തിന്റെ നേര്‍പ്രതിനിധിയല്ലേ എന്റെ അമ്മമ്മ ?

Wednesday 16 November 2011

“ട്രൌസര്‍ കീറിപ്പോയ ശുംഭന്മാര്‍‍..”

“ശുംഭന്‍“ പ്രയോഗത്തിന്റെ പേരില്‍ എം.വി.ജയരാജനെതിരെ ഹൈക്കോടതിയില്‍ വിചാരണ നടക്കുന്ന സമയത്ത് അതിന്റെ പരിഹാസ്യതയെ പറ്റി ഞാനൊരു പോസ്റ്റിട്ടിരുന്നു. രാഷ്ടീയ പ്രവര്‍ത്തകനായ ഒരു വ്യക്തിയുടെ സാന്ദര്‍ഭികമായ ഒരു വാക്കില്‍ തൂങ്ങി കുറ്റവിചാരണ നടത്തുന്നത് ഹൈക്കോടതിയുടെ അന്തസ്സിടിയ്ക്കുകയേ ഉള്ളുവെന്ന് ഞാനതില്‍ സൂചിപ്പിച്ചപ്പോള്‍ പലരും എന്നെ വിമര്‍ശിയ്ക്കുകയാണുണ്ടായത്.
ആഴ്ചകള്‍ നീണ്ട വിചാരണക്കൊടുവില്‍ സാമാന്യനീതിയ്ക്കു വിരുദ്ധമായി കോടതി ജയരാജനെ ജയിലിലയച്ചപ്പോഴും നീതിബോധമുള്ളവര്‍ അതിനെ വിമര്‍ശിച്ചു. എന്നാല്‍ അപ്പോഴും കോടതി ചെയ്തത് ശരിയെന്നു വാദിയ്ക്കാനും ചിലരുണ്ടായിരുന്നു. ഒടുക്കം സുപ്രീം കോടതിയിലെത്തിയപ്പോള്‍ എന്താണുണ്ടായത്?നാടന്‍ ഭാഷയില്‍ പറഞ്ഞാല്‍ ഹൈക്കോടതിയുടെ “ട്രൌസര്‍ കീറിപ്പോയി”. എത്ര നിശിതമായാണു പരമോന്നത കോടതി, ഹൈക്കോടതിയുടെ തൊലിയുരിച്ചത്..!

“നിങ്ങളെങ്ങനെയാണ് ജയരാജനെ ജയിലിലടയ്ക്കുക? ജുഡീഷ്യല്‍ പ്രക്രിയ എന്താണെന്ന് ഞങ്ങള്‍ പറഞ്ഞുതരണോ? അപ്പീലിനുള്ള നിയമപരമായ അവകാശം എടുത്തുകളയാന്‍ നിങ്ങള്‍ക്കവകാശമില്ല.  ജയരാജന്‍ പറഞ്ഞതിന് അതേ നാണയത്തില്‍ തിരിച്ചടിച്ചുവല്ലേ. വിധിന്യായത്തിലെ മോശം പരാമര്‍ശങ്ങള്‍ ഞങ്ങളെ ഞെട്ടിയ്ക്കുന്നു. കേസിന്റെ മെറിറ്റു നോക്കിയാകണം ഉത്തരവ് പുറപ്പെടുവിയ്ക്കേണ്ടത്, അല്ലാതെ വ്യക്തിപരമായ ഇഷ്ടാനിഷ്ടമനുസരിച്ചല്ല. ജയരാജനു ജയിലില്‍ പോകേണ്ടി വന്നതില്‍ ഞങ്ങള്‍ അസ്വസ്ഥരും ദു:ഖിതരുമാണ്...”

ഈ അഭിപ്രായത്തോടെ സുപ്രീം കോടതി ഉടനടി ജയരാജന് ജാമ്യം അനുവദിയ്ക്കുകയാണുണ്ടായത്.
ഒരു നീതിപീഠത്തിന് ഇതിനേക്കാള്‍ മോശമായി കീഴ്‌ക്കോടതിയെ വിമര്‍ശിയ്ക്കാനാവില്ല. സാധാരണ രീതിയിലാണെങ്കില്‍ അല്പമെങ്കിലും അഭിമാന ബോധമുള്ളവര്‍ക്ക് ഇനിയവിടെ ഇരിയ്ക്കാനാവുമോ?

 ഇത്തരം അപഹാസ്യമായ ഒരു അവസ്ഥ ഹൈക്കോടതി സ്വയം വരുത്തിവെച്ചതാണ്. എന്നാല്‍ ഇതിലും ഗൌരവമേരിയ ഒരു ചെയ്ത്തുകൂടി ഇന്നലെ ഹൈക്കോടതി, മേല്‍ക്കോടതിയില്‍ ചെയ്തു വെച്ചിട്ടുണ്ട്. തങ്ങളുടെ ഉത്തരവിനെ ന്യായീകരിയ്ക്കാനായി ഒരു വക്കീലിനെ ഏര്‍പ്പെടുത്തിക്കളഞ്ഞു.!,  സി.പി.എം, ഹൈക്കോടതിയ്ക്കുമുന്‍പില്‍ പ്രക്ഷോഭം നടത്തിയെന്നും ജഡ്ജിമാരെയും മറ്റും തടഞ്ഞുവെന്നും മുദ്രാവാക്യം വിളിച്ചെന്നുമൊക്കെയുള്ള പച്ചക്കള്ളമാണയാള്‍ കോടതിയില്‍ അവതരിപ്പിച്ചത്. അതു വിശ്വസിച്ച സുപ്രീം കോടതി സി.പി.എമ്മിനേയും വിമര്‍ശിച്ചു. ഹൈക്കോടതിയ്ക്കു മുന്‍പില്‍ നടന്നത് മാലോകരെല്ലാം നേരിട്ടുകണ്ടതാണ്. എവിടേയ്ക്കാണ് ഈ ഹൈക്കോടതി പോകുന്നത്? അവിടെയിരിയ്ക്കുന്നവര്‍ ജഡ്ജിമാരോ അതോ മാടമ്പിമാരോ? ജസ്റ്റീസ്. കെ.രാം കുമാര്‍ എന്ന ജഡ്ജിയാണ് ജയരാജനു ശിക്ഷ വിധിച്ചത്. ഇദ്ദേഹത്തിന്റെ പൂര്‍വകാല വിധികള്‍ ഒന്നറിഞ്ഞിരിയ്ക്കുന്നത് രസകരമാണ്.

1). 2008 മാര്‍ച്ച് 11- ഫസല്‍ വധക്കേസ് സി.ബി.ഐ.യ്ക്കു വിട്ട ഉത്തരവ്. സി.പി.എമ്മിന്റെ അണികള്‍ മാത്രമേ കൊല്ലപ്പെടുന്നുള്ളു. നേതാക്കളാരും കൊല്ലപ്പെടുന്നില്ല. കണ്ണൂരില്‍ കേന്ദ്രസേനയെ വിന്യസിയ്ക്കണം.  ഉടന്‍ ഗവര്‍ണര്‍ ഇതിനു നടപടിയെടുക്കണം. (കേസുമായി ഒരു ബന്ധവുമില്ലാത്ത പരാമര്‍ശങ്ങള്‍)

2). 2009 മാര്‍ച്ച് 24. കേരളത്തില്‍ ക്രമസമാധാനം ആകെ തകര്‍ന്നു. ആഭ്യന്തരമന്ത്രിയുടെ മണ്ഡലം ക്രിമിനലുകളെ സംഭാവന ചെയ്യുന്നു. പോലീസ് പൈശാചിക സേനയായി മാറി. (റഹീം പുക്കടശേരിയെ തീവ്രവാദികള്‍ കൊല്ലാന്‍ ശ്രമിച്ച കേസിലാണ് ഈ പരാമര്‍ശം.)

3). അഭയക്കേസ്, മുങ്ങിപ്പോകാന്‍ അനുവദിയ്ക്കാതെ 20 വര്‍ഷമായി അതിനു വേണ്ടി പോരാടുന്ന ജോമോന്‍ പുത്തന്‍ പുരയ്ക്കലിനെ പറ്റി 23 കാര്യങ്ങള്‍ അന്വേഷിയ്ക്കണമെന്നായിരുന്നു ഇത്തവണത്തെ ഉത്തരവ്.

ഒടുവിലത്തേതാണ് ജയരാജന്‍ കേസ്. ഇദ്ദേഹത്തിന്റെ മേല്‍പ്പരാമര്‍ശങ്ങള്‍ എല്ലാം സുപ്രീം കോടതി ഓരോ പ്രാവശ്യവും റദ്ദാക്കുകയാണുണ്ടായത്. എല്ലാം കൂട്ടി വായിച്ചാല്‍ ഒരു കാര്യം ബോധ്യമാകും, ഇദ്ദേഹത്തിന് നീതി താല്പര്യത്തേക്കാള്‍ മറ്റെന്തോ താല്പര്യമാണുള്ളതെന്ന്. അങ്ങനെയുള്ളവരെയും ശുംഭന്മാരെന്നു വിളിച്ചുകൂടെ?

വാല്‍ക്കഷണം: എം.വി.ജയരാജന്‍, ഹൈക്കോടതിയോടു നന്ദി ഉള്ളവനായിരിയ്ക്കണം. കേരളത്തിലെ ഒരു ചോട്ടാ നേതാവായിരുന്ന ജയരാജന്‍ ഇന്ത്യയാകെ അറിയപ്പെടുന്ന ആളായി. പോരാ ആഗോള പ്രശസ്തനായി എന്നു പറയണം. ഇന്നത്തെ “GULF TIMES” പത്രത്തില്‍ ജയരാജനെ പറ്റി വാര്‍ത്തയുണ്ട്.

Sunday 13 November 2011

വരാനിരിയ്ക്കുന്ന സ്വാശ്രയ ദുരന്തം.

കേരളം ഒരു വിദ്യാഭ്യാസ ദുരന്തത്തിലേയ്ക്ക് നടന്നടുക്കുകയാണ്. സാങ്കേതിക വിദ്യാഭ്യാസ മേഖലയില്‍ “വിപ്ലവം” എന്നു വിശേഷിപ്പിച്ചു കൊണ്ട് മുന്‍ ആന്റണി സര്‍ക്കാര്‍ തുറന്നു വിട്ട “സ്വാശ്രയ ഭൂതം” ആണ് ഈ ദുരന്തവാഹകന്‍. സാങ്കേതിക വിദ്യാഭ്യാസരംഗത്ത് ഇക്കഴിഞ്ഞ അഞ്ചു വര്‍ഷത്തെ റിസള്‍ട്ട്, വിവരാവകാശ നിയമപ്രകാരം “സേവ് എജ്യുക്കേഷന്‍ കമ്മിറ്റി” ചെയര്‍മാന്‍ ശ്രീ. ഷാജര്‍ ഖാന് ലഭിയ്ക്കുകയുണ്ടായി. അമ്പരപ്പിയ്ക്കുന്ന, എന്നാല്‍ “പ്രതീക്ഷിച്ച” വിവരങ്ങളാണ് അതിലുള്ളത്.

കേരളത്തിലെ വിവിധ യൂണിവേഴ്സിറ്റികളുടെ കീഴിലുള്ള സ്വകാര്യ സ്വാശ്രയ എഞ്ചിനീയറിങ് കോളേജുകളിലെ വിജയനിരക്ക് 44% മുതല്‍ 10% കേവലം വരെ മാത്രം..!  സര്‍ക്കാരിനു കീഴിലുള്ള സ്വാശ്രയക്കോളേജുകളില്‍ ഇത് 64% മുതല്‍ 28% വരെയാണ്. എന്നാല്‍ സര്‍ക്കാര്‍- എയ്ഡഡ് മേഖലയിലെ എഞ്ചിനീയറിങ്ങ് കോളേജുകളില്‍ ശരാശരി  80% വിജയമുണ്ട്. കേരളത്തില്‍ ആകെയുള്ള 119 എഞ്ചിനീയറിങ് കോളേജുകളില്‍ 14 എണ്ണമൊഴിച്ച് ബാക്കിയെല്ലാം സ്വാശ്രയക്കോളേജുകളാണ്.

ഇനി ആലോചിച്ചു നോക്കൂ, എന്തു “വിപ്ലവ”മാണ് നമ്മുടെ വിദ്യാഭ്യാസ രംഗത്തുണ്ടായതെന്ന്..! വട്ടിപ്പലിശക്കാരനും കശുവണ്ടിമുതലാളിയും ഇറച്ചിവെട്ടുകാരനും “വിഭ്യാഭാസ” സ്ഥാപനം നടത്തിയാല്‍ ഇതല്ല ഇതിലപ്പുറവും നടക്കും. വന്നവര്‍ക്കെല്ലാം വാരിക്കോരി അനുമതി നല്‍കിയിട്ട് ഒന്നും അറിയാത്തവനെപ്പോലെ പാവം നടിച്ച ആന്റണി തന്നെയാണ് ഇതിന്റെ മുഖ്യ ഉത്തരവാദി.

ഇന്നലെ നടന്ന ടി.വി.ചര്‍ച്ചയില്‍ ഒരു എഞ്ചി.കോളേജ് അധ്യാപകന്‍ വെളിപ്പെടുത്തിയതും ഞെട്ടിയ്ക്കുന്ന വിവരങ്ങളാണ് ‍. പാലക്കാടുള്ള ചില കോളേജുകളില്‍, അവിടെ പഠിച്ച് തോറ്റവര്‍ തന്നെയാണത്രെ ക്ലാസെടുക്കുന്നത്..! യാതൊരു യോഗ്യതയുമില്ലാത്തവരാണ് പല കോളേജിലെയും അധ്യാപകര്‍. 10,000 - 20,000 ശമ്പളനിരക്കില്‍ M.Tech ബിരുദമുള്ള ആരാണ് ക്ലാസെടുക്കാന്‍ വരുക? പലകോളേജിലും യാതൊരു അടിസ്ഥാന സൌകര്യവുമില്ല. AICTE പരിശോധന സമയത്ത് പരസ്പരം “കൊടുക്കല്‍ വാങ്ങല്‍“ നടത്തിയാണ് അംഗീകാരം ഒപ്പിയ്ക്കുന്നത്. വിദ്യാര്‍ത്ഥി പ്രവേശനത്തിന് മെറിറ്റ് ഒരു ഘടകമേ അല്ല. കൂടുതല്‍ കാശു കൊടുക്കുന്നവര്‍ക്ക് സീറ്റ്, അതാണ് രീതി.

ഈ അരാജകത്വത്തിന് മുഖ്യ ഉത്തരവാദി കേരള ഹൈക്കോടതിയിലെ ചില ജഡ്ജിമാരാണ്.
സ്വാശ്രയമേഖലയെ നിയന്ത്രിയ്ക്കാനായി കൊണ്ടു വന്ന സകല നിയമങ്ങളും തട്ടുമുട്ടു ന്യായം പറഞ്ഞ് റദ്ദാക്കുക മാത്രമല്ല, സ്വാശ്രയക്കാര്‍ക്കു അനുകൂലമായി പല “സംശയാസ്പദ” ഉത്തരവുകളും അവര്‍ ഇട്ടു കൊടുത്തു. ഒരു കോളേജിനു അനുകൂലമായ സ്റ്റേ നല്‍കാനായി, ഉച്ചയ്ക്കു പിരിഞ്ഞ കോടതി തിരക്കിട്ടു ചേര്‍ന്ന് ഉത്തരവുകൊടുത്തത് അന്നു വ്യാപകമായ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. അഹങ്കാരവും ധാര്‍ഷ്ട്യവും കൊണ്ടു കുത്തഴിഞ്ഞ ഈ  മേഖലയ്ക്ക് അനിവാര്യമായ തിരിച്ചടിയാണ് ഇന്ന് കിട്ടിക്കൊണ്ടിരിയ്ക്കുന്നത്.

ഇതു സമൂഹത്തിലുണ്ടാക്കാന്‍ പോകുന്ന പ്രത്യാഘാതം ചെറുതല്ല. ലക്ഷക്കണക്കിനു രൂപ ലോണെടുത്താണ് പല കുട്ടികളും കോഴ്സിനു പോയത്. പരാജിതരാകുന്നതോടെ അവര്‍ വെറും പ്ലസ് ടൂ നിലവാരക്കാരാകുന്നു. ഒരു തൊഴിലിനും വേണ്ട യോഗ്യതയില്ലാത്ത ഈ കുട്ടികള്‍ നാടിനും കുടുംബത്തിനും ബാധ്യതയായി തീരും. ധനികരായവര്‍ക്ക് വലിയ കുഴപ്പമൊന്നുമില്ലെങ്കിലും ഇടത്തരം - താഴ്ന്ന സാമ്പത്തിക നിലവാരമുള്ളവര്‍ക്ക് ഇതു താങ്ങാനാവില്ല. അടിയന്തിരമായി സര്‍ക്കാരും സമൂഹവും വേണ്ടതു ചെയ്തില്ലെങ്കില്‍, നിരപരാധികളായ ഈ കുട്ടികളെ ദുരന്തത്തിലേയ്ക്കു തള്ളിവിടുകയാവും ഫലം.  മക്കളുടെ അഭിരുചി തെല്ലും പരിഗണിയ്ക്കാതെ, എഞ്ചിനീയറും ഡോക്ടറുമാക്കാന്‍ കച്ചകെട്ടിയ രക്ഷിതാക്കളെ,   നിങ്ങള്‍ക്കും ഈ ദുരന്തത്തില്‍ പങ്കുണ്ട്.

Friday 11 November 2011

11-11-11 - 11:11:11 - പ്രണയത്തുടര്‍ച്ചകള്‍

എന്റെ പ്രിയപ്പെട്ടവളേ,
നിനക്കറിയുമോ നിന്നോടുള്ള എന്റെ സ്നേഹം അറിയിയ്ക്കുവാന്‍
ഞാന്‍ കരുതി വച്ചതാണ് ഈ ദിനമെന്ന്..?

ഋതുഭേദസുഗന്ധവുമായെത്തിയ നവംബറിന്റെ നനുത്ത ഈ തണുപ്പില്‍,
നിന്നെക്കുറിച്ചോര്‍ക്കുമ്പോഴൊക്കെ ഞാന്‍
നനഞ്ഞ, പായല്‍ പിടിച്ച, ആ ഇടവഴികള്‍ കാണും,
ചേറിന്മണമുതിരുന്ന വയല്‍വരമ്പുകള്‍ കാണും..
അവിടെ വിരലോടു വിരല്‍ കോര്‍ത്ത്,
നിശ്വാസവേഗത്തോടു മത്സരിച്ച്,
കണ്ണുകള്‍ ഇറുക്കിയടച്ച്,
സ്നേഹവും പ്രണയവും ചാലിച്ചുചേര്‍ത്ത്,
നമ്മള്‍ അലിഞ്ഞുപോയത് നീയോര്‍ക്കുന്നുവോ..?

ഇനി ഈ ദിനമെത്താന്‍ നൂറാണ്ടുകള്‍ കഴിയണം.
അന്ന് ഞാനും നീയും ആകാശത്ത് നക്ഷത്രങ്ങളായി
കണ്ണിറുക്കി പരസ്പരം നോക്കിച്ചിരിയ്ക്കും..
അന്നും ഋതുഭേദങ്ങളെത്തും,
നവംബറിനെ തണുപ്പു പൊതിയും..
താഴ്വരയില്‍ മഞ്ഞും, നടവഴിയില്‍ ഇലകളും പൊഴിയും.

അപ്പോഴും,
എന്റെയും നിന്റെയും ജീനുകള്‍ പേറുന്ന ആരെങ്കിലുമൊക്കെ ഇവിടെയുണ്ടാകും..
ഒരു പക്ഷെ, എന്റെ ഒരു കൊച്ചു ജീന്‍ , നിന്റെ ജീനിനെ കണ്ടുമുട്ടിയേക്കാം...
ചിലപ്പോള്‍ അവര്‍ പ്രണയിച്ചേക്കാം...
അന്ന് അതിലൊളിച്ചിരിയ്ക്കുന്ന  എന്നെ നീ തിരിച്ചറിയുമോ..?
എന്റെ നിശ്വാസവേഗം നിന്നെ കിതപ്പിയ്ക്കുമോ..?
എന്റെ ചൂട് നിന്റെ കുളിരില്‍ ലയിയ്ക്കുമോ..?
അന്ന്, നമുക്ക് നക്ഷത്രരാത്രികളില്‍ ആകാശത്തു നിന്ന് പരസ്പരം കളിയാക്കാം..
നമ്മുടെ ജീനുകളെ മുത്തം കൊടുത്ത് ലാളിയ്ക്കാം..

എന്റെ പ്രിയപ്പെട്ടവളെ,
ഇനിയെല്ലാ ജന്മങ്ങളിലും എന്റെ സ്നേഹം നിന്നെ പിന്തുടരും..
ഏതോ ജന്മത്തില്‍, പ്രണയിച്ചു മതിവരാതെ ജീവന്‍ വിട്ടൊഴിഞ്ഞ,
ആരുടെയോ തുടര്‍ച്ചകളാണല്ലോ ഞാനും നീയും.....

Tuesday 8 November 2011

“ശുംഭചരിതം” (നാടകം)

അങ്കം - 1
(രംഗത്ത് നാടുവാഴി വലിയകോയിത്തമ്പുരാനും കാര്യസ്ഥനും.)

നാടുവാഴി: “ഹൈ രാമാ, അടിയാന്മാര്‍ക്കൊന്നും നമ്മെ ഒരു വെലയില്ലാന്നു തോന്നുണല്ലോ..?”
കാര്യസ്ഥന്‍: “അടിയന്‍.., ഒള്ളതാണ് തമ്പ്രാ.. കഴിഞ്ഞീസം ഒരു നെത്തോലി ആലുഞ്ചുവട്ടീന്ന് തമ്പ്രാനെ “ശുംഭന്‍” എന്നു വിളിച്ചിരിയ്ക്കുണു..”
നാടുവാഴി: “ഒള്ളതോ രാമാ നീ പറഞ്ഞത്..? ആരാ ആ ധിക്കാരി..?”
കാര്യസ്ഥന്‍:“അടിയന്‍.., നുമ്മടെ ഒരു കുടിയാന്റെ ചെക്കനാണ് തമ്പ്രാ. ഇതിങ്ങനെ വിട്ടാ ഒക്കൂലാ.. ഇവറ്റകളൊക്കെ തലപൊന്തിച്ചാ നുമ്മടെ കാര്യം എടങ്ങേറാകും..”
നാടുവാഴി: “ഹൈ അത്രക്കഹങ്കാരമോ..? രാമാ, ആ ധിക്കാരിയെ പിടിച്ചു കെട്ടിക്കൊണ്ടുവരാന്‍ ഏര്‍പ്പാടാക്കു..”
കാര്യസ്ഥന്‍: “അടിയന്‍.., ഉത്തരവ് ..  അവനെ ഇന്നു തന്നെ സന്നിധിയിലെത്തിച്ചേക്കാം..എവിടെ നായര്‍ പട്ടാളം..? ചേല ചുറ്റി വാളും പരിചയുമണിഞ്ഞ് കളത്തിലിറങ്ങൂ”

അങ്കം - 2

(രംഗത്ത് നാടുവാഴി വലിയ കോയിത്തമ്പുരാനും കാര്യസ്ഥനും കുടിയാനും.)
കാര്യസ്ഥന്‍: “..ഇങ്ങോട്ടു മാറിനിക്കെടാ..! നീ തമ്പ്രാനെ “ശുംഭാ” എന്നു വിളിയ്ക്കും അല്ലെ..?“
നാടുവാഴി: “എടാ.. നീ നമ്മെ “ശുംഭന്‍” എന്നു വിളിച്ചോ..?”
കുടിയാന്‍: “മിസ്റ്റര്‍ കോഴിത്തമ്പുരാന്‍, ഞാന്‍ താങ്കളെ മോശക്കാരനാക്കിയല്ല “ശുംഭന്‍” എന്നു പറഞ്ഞത്..”
കാര്യസ്ഥന്‍: “ഛീ..ധിക്കാരീ, നീ തമ്പ്രാനെ എന്താ വിളിച്ചത്? മിസ്റ്റര്‍ന്നോ..! തമ്പ്രാന്നു വിളിയ്ക്കെടാ പൊട്ടാ..”
കുടിയാന്‍: “മിസ്റ്റര്‍ എന്നു വിളിയ്ക്കുന്നത് തെറ്റൊന്നുമല്ല മിസ്റ്റര്‍ കാര്യസ്ഥന്‍. “ശുംഭന്‍” എന്ന വാക്കിന്റെ അര്‍ത്ഥം എന്താണെന്നു നോക്കാന്‍ ബഹുമാനപ്പെട്ട കോയിത്തമ്പുരാനോട് ഞാന്‍ അപേക്ഷിയ്ക്കുന്നു..”
നാടുവാഴി: “ആരവിടെ, കൊട്ടാരം എഴുത്തച്ചനെ ഹാജരാക്കൂ...”

(കൊട്ടാരം എഴുത്തച്ഛന്‍ ഒരു കെട്ട് താളിയോലകളുമായി രംഗത്തേയ്ക്കു വന്ന് നാടുവാഴിയെ വണങ്ങുന്നു.‌)

നാടുവാഴി: “ശുംഭ“ന്റെ അര്‍ത്ഥം എന്താണെന്ന് താളിയോലകള്‍ മറിച്ചു നോക്കൂ..”
എഴുത്തച്ഛന്‍: “അടിയന്‍, ദാ നോക്കി വച്ചിട്ടുണ്ടേ.. “പ്രകാശിയ്ക്കുന്നവന്‍, ബുദ്ധിമാന്‍, നീതിമാന്‍” എന്നൊക്കെയാണേ ഇതില്‍ കാണുന്നത്..”
കാര്യസ്ഥന്‍ :“ആഹാ അതന്നെയല്ലേ പറഞ്ഞത് ഇവന്‍ തമ്പ്രാനെ കളിയാക്കിയതാണെന്ന്..ഇവനെ ദണ്ഡിയ്ക്കണം തമ്പ്രാ..”
നാടുവാഴി: “നിനക്ക് എന്തെങ്കിലും ബോധിപ്പിയ്ക്കാനുണ്ടോ..?”
കുടിയാന്‍: “ശുംഭന്‍” എന്നു പറഞ്ഞതു തെറ്റാണെങ്കില്‍, താങ്കള്‍ ഒരു “തിണ്ണനിരങ്ങി”യാണെന്ന് താവഴി തമ്പുരാന്‍ പറഞ്ഞു നടക്കുന്നുണ്ടല്ലോ.?”
നാടുവാഴി: “ച്ഛീ ധിക്കാരീ.. നമ്മുടെ കുടുംബകാര്യം പറയാന്‍ നിനക്കു ധൈര്യമോ..! ആരവിടെ ഇവനെ മുള്ളുവടിയ്ക്കടിച്ച് ദണ്ഡിപ്പിച്ച ശേഷം ശൂലത്തില്‍ തറയ്ക്കൂ....”
(പടയാളികള്‍ കുടിയാനെ പിടിച്ചുകെട്ടി ദണ്ഡിയ്ക്കാന്‍ കൊണ്ടുപോകുന്നു)

അങ്കം - 3

(രംഗത്ത് നാടുവാഴി വലിയകോഴിത്തമ്പുരാനും കാര്യസ്ഥനും.)

നാടുവാഴി: “ഹൈ രാമാ, അടിയാന്മാര്‍ക്കൊക്കെ ഇപ്പോ നമ്മെപറ്റി നല്ല മതിപ്പാണല്ലോ അല്ലേ..?
കാര്യസ്ഥന്‍: “അടിയന്‍, അതേ തമ്പ്രാ.. ഇപ്പോ നാട്ടിലെല്ലാവരും അവിടുത്തെ ബുദ്ധിയില്ലാത്തവന്‍, നീതിയില്ലാത്തവന്‍ എന്നൊക്കെയാ വിളിയ്ക്കുന്നത്..”
നാടുവാഴി : “ഹൈ.. അതെന്താ രാമാ അങ്ങനെ..?”
കാര്യസ്ഥന്‍: “അവിടുന്ന് “ശുംഭന്‍“ അല്ലാന്നാ എല്ലാരും പറയുന്നെ. അതിന്റെ അര്‍ത്ഥം അടിയന്‍ പറഞ്ഞൂന്നേയുള്ളു..”
നാടുവാഴി: “ഹ ഹ ഹ.. നമുക്ക് തൃപ്തിയായി. ആരവിടെ ആ മുറുക്കാന്‍ ചെല്ലവും കോളാമ്പീം ഇങ്ങെടുക്കൂ..”

(സമാപ്തം)

Friday 4 November 2011

ഷുഗറും കൊളസ്ട്രോളും : ഒരു പരീക്ഷണ വിജയം.


“നിങ്ങളുടെ കൊളസ്ട്രോള്‍ പരിധി കടന്നു പോയി..” കൈയിലെ ടെസ്റ്റ് റിസള്‍ട്ടിലേയ്ക്കു നോക്കി ക്കൊണ്ട് ഡോക്ടര്‍ പറഞ്ഞ വാക്കുകള്‍ ചെവിയിയ്ക്കകത്ത് തുളച്ചു കയറി. എന്തുണ്ടാകരുതെന്ന് ആഗ്രഹിച്ചോ അതു തന്നെ സംഭവിച്ചിരിയ്ക്കുന്നു.

 “ടോട്ടല്‍ കൊളസ്ട്രോള്‍ - 255. LDL- 178, ഷുഗര്‍ 110........വറുത്തതും പൊരിച്ചതും തൊട്ടുപോകരുത്. എണ്ണ ഒട്ടും ഉപയോഗിയ്ക്കരുത്. മുട്ട, മാംസം ഒന്നും കഴിയ്ക്കരുത്., മധുരം കുറയ്ക്കുക.....” ഡോക്ടര്‍ പറഞ്ഞുകൊണ്ടേയിരുന്നു. ഉള്ളിലെ ആന്തലിനിടയില്‍ പകുതിയും ഞാന്‍ കേട്ടില്ല. അവസാനം കുറിപ്പടി കൈയില്‍ കിട്ടി. കൊളസ്ട്രോളിനുള്ള മരുന്ന് കഴിയ്ക്കണം..! ഒരു മാസം കഴിഞ്ഞ് വീണ്ടും ടെസ്റ്റ് ചെയ്യണം. എന്നിട്ടേ ഡോസ് തീര്‍ച്ചപ്പെടുത്തുകയുള്ളു. നിരാശയോടെ ഞാന്‍ എഴുനേറ്റു പോന്നു.

മാസം ഒന്നു കഴിഞ്ഞു. വീണ്ടും ടെസ്റ്റ്, ഡോക്ടര്‍.

“ടോട്ടല്‍ - 180, LDL - 79, ഷുഗര്‍ 120.. കൊളസ്ട്രോള്‍ കുഴപ്പമില്ല. പക്ഷേ ഷുഗര്‍ കൂടി. മധുരം ഒട്ടും കഴിയ്ക്കരുത്. ആറുമാസം കഴിഞ്ഞ് ഒന്നു കൂടി ടെസ്റ്റ് ചെയ്യാം...”

ദൈവമേ, അടുത്തത് പ്രമേഹ രോഗിയാകാനാണൊ വിധി..!” കടുത്ത പഥ്യവും നിയന്ത്രണവും. പ്രിയപ്പെട്ട മീന്‍ വറുത്തതും, മധുരമിട്ട ചായയും ഐസ്ക്രീമുമെല്ലാം ഉപേക്ഷിച്ചു. മരുന്ന് ചിലപ്പോഴൊക്കെ മുടങ്ങി (മുടക്കി).

ആറുമാസം കഴിഞ്ഞു. ടെസ്റ്റ്, ഡോക്ടര്‍.

“ടോട്ടല്‍ - 210, LDL - 150, ഷുഗര്‍ - 124.... കൊളസ്ട്രോളും ഷുഗറും കൂടിയിരിയ്ക്കുന്നു. ഭക്ഷണം ശരിയ്ക്കും കണ്‍‌ട്രോള്‍ ചെയ്യുക. അല്ലെങ്കില്‍ മെഡിസിന്‍ ഡോസ് കൂട്ടേണ്ടി വരും. ഷുഗറിനും മരുന്നു കഴിയ്ക്കേണ്ടി വരും..” ഡോക്ടറുടെ മുന്നറിയിപ്പ്...മനസ്സാകെ തളര്‍ന്നു പോയി. കൊളസ്ട്രോളിനു പുറകേ പ്രമേഹവും പടിവാതില്‍ക്കല്‍ തല കാണിച്ചു തുടങ്ങി. ഷുഗര്‍ ലെവല്‍ 126 ആയാല്‍ ഡയബറ്റിക് ആയി.

ആദ്യത്തെ ഒരു മാസം വലിയ പഥ്യവും ഡയറ്റുമൊക്കെ ആയിരുന്നു. ഇതിനിടെ വെളുത്തുള്ളിയുടെ ഗുണങ്ങളെ പറ്റി ഒരു ലേഖനം വായിച്ചിരുന്നു. അതിന്‍പ്രകാരം ദിവസവും രണ്ടു നേരം വെളുത്തുള്ളി ഡ്രോപ്സ് കഴിയ്ക്കാന്‍ തുടങ്ങി. ഒപ്പം “ഇസബ്‌ഗോള്‍” എന്ന പേരില്‍ കിട്ടുന്ന ഒരിനം പുല്ലിന്റെ ഉമിയും ഓരോ സ്പൂണ്‍ വീതം രാത്രി കഴിച്ചു, ഫൈബറിന്റെ കലവറയാണത്.

ഒരുമാസം കഴിഞ്ഞതോടെ ഡയറ്റ് പിടിവിട്ടു.  വില്ലയിലെ നേപ്പാളികുക്കുമാര്‍ എണ്ണയില്‍ മുക്കി ഉണ്ടാക്കുന്ന കറികളും മീന്‍ വറുത്തതും ചിക്കന്‍ ഫ്രൈയുമൊക്കെ കുറേശ്ശെ കഴിച്ചു. രണ്ടു നേരം മധുരമിട്ട അരഗ്ലാസ് ചായ, മൂന്നു നേരം മധുരമില്ലാതെ കാപ്പി.. പോരാഞ്ഞിട്ട് ഇടയ്ക്ക് ഐസ്ക്രീമും പായസവും അലുവയും. ഓരോ തവണയും ഓര്‍ക്കും ഇനി കഴിക്കില്ല എന്ന്. എന്തായാലും സംഗതി കുളമായി. മരുന്നൊക്കെ വല്ലപ്പോഴും കഴിയ്ക്കും. എന്നാല്‍ വെളുത്തുള്ളിയും ഉമിയും മുടക്കിയില്ല, ഡെയിലി വ്യായാമവും.

ഒരു വര്‍ഷത്തിനു ശേഷം കഴിഞ്ഞ ദിവസം ടെസ്റ്റിനുപോകുമ്പോള്‍ എനിയ്ക്കു നല്ല ഉറപ്പായിരുന്നു, കൊളസ്ട്രോളും ഷുഗറും ആകാശം മുട്ടിക്കാണും. ഇനി മേല്‍ “നല്ല“ ഭക്ഷണം ഒരു സ്വപ്നമാകും...
ഇത്തവണ കമ്പ്ലീറ്റ് ചെക്കപ്പ് ആണ് ഡോക്ടര്‍ നിര്‍ദേശിച്ചത്.

ടെസ്റ്റ് റിസള്‍ട്ടിന്മേല്‍ നോക്കി ഡോക്ടര്‍ അല്പനേരം ഇരുന്നു. പിന്നെ എന്റെ മുഖത്തേയ്ക്കും. ഞാന്‍ ആ നോട്ടം നേരിടാന്‍ വയ്യാതെ താഴേയ്ക്കു നോക്കി.

“കൊള്ളാമല്ലോ ഇത്..! ടോട്ടല്‍ - 116. LDL - 59. ഷുഗര്‍ 114. കിഡ്നി ഫംഗ്ഷന്‍, ലിവര്‍ ഫംഗ്ഷന്‍ എല്ലാം നോര്‍മല്‍. യൂറില്‍ ടെസ്റ്റ് എല്ലാം നോര്‍മല്‍. ഗുഡ്....! “

അത്ഭുതം കൊണ്ട് എന്റെ കണ്ണു തള്ളിപ്പോയി. ടോട്ടല്‍ കൊളസ്ട്രോള്‍ 200 വരെ നോര്‍മല്‍ ആണ്,  LDL 130 വരെയും. ഇതെങ്ങനെ സംഭവിച്ചു. ഒരു വേള ബ്ലഡ് സാമ്പിള്‍ മാറിപ്പോയോ എന്നു പോലും സംശയിച്ചു പോയി. ആലോചിച്ചപ്പോള്‍ അന്നു ലേഖനത്തില്‍ വായിച്ചതൊക്കെ ഓര്‍മ്മ വന്നു. വെളുത്തുള്ളിയുടെയും  ഫൈബറിന്റെയും അത്ഭുത ഗുണങ്ങള്‍.

ഇതെന്റെ അനുഭവമാണ്. ആര്‍ക്കെങ്കിലും ഉപകാരപ്പെടുന്നെങ്കില്‍ ആവട്ടെ എന്നു കരുതി പറഞ്ഞെന്നു മാത്രം.
പ്രഷര്‍, ഷുഗര്‍, കൊളസ്ട്രോള്‍ എന്നീ ജീവിത ശൈലീ രോഗങ്ങള്‍ ഒരു ദിവസം കൊണ്ടു വരുന്നതല്ല. ഒരു ദിവസം കൊണ്ടു പോകുകയുമില്ല. ഇന്ന് പല “അത്ഭുത”മരുന്നുകളും മാര്‍ക്കറ്റിലുണ്ട്. ഷുഗര്‍ മാറ്റും, കൊളസ്ട്രോള്‍ മാറ്റും എന്നൊക്കെ പറഞ്ഞ്. ശുദ്ധ തട്ടിപ്പാണിത്. നമ്മുടെ ചുറ്റിലുമുള്ള പല നിത്യോപയോഗ വസ്തുക്കള്‍ക്കും പല രോഗശമന ഗുണങ്ങളുമുണ്ട്. അവയെ വേണ്ട രീതിയില്‍ ഉപയോഗപ്പെടുത്തിയാല്‍ പല ആരോഗ്യപ്രശ്നങ്ങളും പരിഹരിയ്ക്കാം. നമ്മുടെ ആരോഗ്യപാലനം ഡോക്ടര്‍മാര്‍ക്ക് പൂര്‍ണമായി വിട്ടുകൊടുക്കേണ്ടതില്ല. മാരക അവസ്ഥകളില്‍ അവരുടെ സേവനം കൂടിയേ കഴിയൂ. എന്നാല്‍ ജീവിത ശൈലീ രോഗങ്ങളുടെ കാര്യത്തില്‍ നിരീക്ഷണ പരീക്ഷണങ്ങളിലൂടെ നമുക്ക് പല രോഗങ്ങളെയും ചെറുക്കാനാകും. ആദ്യമായി  വേണ്ടത്, നമ്മുടെ ശരീരത്തിന്റെ ഇപ്പോഴത്തെ ആരോഗ്യാവസ്ഥ അറിയുക എന്നതാണ്. തുടര്‍ന്ന് മേല്‍പ്പറഞ്ഞ പോലെയുള്ള പരീക്ഷണങ്ങള്‍ ചെയ്തു നോക്കുക.  ഒപ്പം സമയാസമയങ്ങളില്‍  ഡോക്ടറുടെ ഉപദേശവും തേടുക. നമ്മുടെ ശരീരത്തിന് അത്ഭുതകരമായ പുനരുജീവന ശേഷിയുണ്ട്. അതിനെ നമ്മള്‍ പരിപോഷിപ്പിച്ചാല്‍ മിക്ക രോഗങ്ങളില്‍ നിന്നും രക്ഷ നേടാം.
അടിക്കുറിപ്പ്: വെളുത്തുള്ളി സത്ത് ക്യാപ്സൂള്‍ രൂപത്തില്‍ ലഭ്യമാണ്.  (Garlic Pearls.) വെളുത്തുള്ളി ചൂടാക്കിയാല്‍ അതിന്റെ ഗുണം നഷ്ടപ്പെടും. പച്ചയ്ക്ക് കഴിയ്ക്കാന്‍ നമുക്കു ബുദ്ധിമുട്ടുമാണ്. ആയതിനാ; ക്യാപ്സ്യൂള്‍ മേടിയ്ക്കുകയാണ് നല്ലത്.
ഉത്തരെന്ത്യയിലെ ഒരിനം പുല്‍‌വിത്തിന്റെ ഉമിയാണ് “ ISABGOL"

Saturday 29 October 2011

കനല്‍‌വഴികളിലൂടെ നടന്നൊരാള്‍....

ചില പുസ്തകങ്ങള്‍ ഉണ്ട്. അവയില്‍ ഉറങ്ങിക്കിടക്കുന്ന തീക്ഷ്ണാനുഭവങ്ങള്‍ അക്ഷരങ്ങളില്‍ നിന്നിറങ്ങിവന്ന് വായനക്കാരനെ പൊതിഞ്ഞു കളയും. അവ സമ്മാനിയ്ക്കുന്ന നടുക്കം നമ്മെ വിടാതെ പിന്‍‌തുടരും. ഇത്തരം പുസ്തകങ്ങള്‍ എല്ലാക്കാലത്തേയ്ക്കുമുള്ളതാണ്. തലമുറകള്‍ അവയെ ഏറ്റുവാങ്ങും.അനന്തമായ സ്വാതന്ത്ര്യം അനുഭവിയ്ക്കുന്ന ഈ തലമുറ പൂര്‍വസൂരികള്‍ നമുക്കതു നേടിത്തരാനായി അനുഭവിച്ച കഷ്ടപ്പാടുകളെ പറ്റി വല്ലപ്പോഴുമെങ്കിലും ഓര്‍ക്കണം. അല്ലാത്തപക്ഷം നന്ദികെട്ടവരുടെ വെറും കൂട്ടമായി നാം മാറും. പറഞ്ഞുവരുന്നത് മോഴികുന്നത്ത് ബ്രഹ്മദത്തന്‍ നമ്പൂതിരിപ്പാടിന്റെ ആത്മകഥയെന്നോ കലാപകഥയെന്നോ ദേശചരിത്രമെന്നോ ഒക്കെ വിശേഷിപ്പിയ്ക്കാവുന്ന “ഖിലാഫത്ത് സ്മരണകള്‍“ എന്ന പുസ്തകത്തെ പറ്റിയാണ്. ഈ പുസ്തകം വായിച്ചു ഞാന്‍ നടുങ്ങിയെന്നോ കണ്ണുനിറച്ചെന്നോ പറഞ്ഞാല്‍ അതു അതിശയോക്തി ആയി കരുതരുത്, സത്യം മാത്രമാണ്. ഇന്ന് എത്ര പേര്‍ക്ക് മോഴികുന്നത്തെ അറിയാമെന്നെനിയ്ക്കറിയില്ല, പക്ഷെ തീര്‍ച്ചയായും നാം അറിയണം.

1897-ല്‍ ചെര്‍പ്പുളശ്ശേരിയിലെ മോഴികുന്നം ഇല്ലത്താണ് അദ്ദേഹം ജനിച്ചത്. ദേശീയപ്രസ്ഥാനത്തില്‍ ആകൃഷ്ടനായ ബ്രഹ്മദത്തന്‍ 1918-ല്‍ സജീവ രാഷ്ട്രീയത്തിലിറങ്ങി. അധികം താമസിയാതെ മണ്ഡലം കോണ്‍ഗ്രസ് പ്രസിഡണ്ടുമായി. 1921 ആഗസ്റ്റ് -1 ന് ലോകമാന്യ തിലകന്റെ  ചരമവാര്‍ഷികത്തിന് ചെര്‍പ്പുളശ്ശേരിയില്‍ അദ്ദേഹം പ്രസംഗിയ്ക്കുകയുണ്ടായി. ഈയൊരു പ്രസംഗമാണദ്ദേഹത്തിന്റെ ജീവിതം മാറ്റിമറിച്ചത്.  ഖിലാഫത്ത് പ്രസ്ഥാനത്തെതുടര്‍ന്നുള്ള മലബാര്‍ കലാപത്തിന്റെ കാലമാണത്. 1921 ഓഗസ്റ്റ് 20 നു ബ്രിട്ടീഷ് പട്ടാളം മമ്പറം പള്ളി ആക്രമിയ്ക്കുകയും ഏറ്റുമുട്ടലില്‍ രണ്ട് ബ്രിട്ടീഷ് ഓഫീസര്‍മാര്‍ കൊല്ലപ്പെടുകയും ചെയ്തു. തുടര്‍ന്ന് വ്യാപകമായ ലഹള നടന്നു.  അതു വര്‍ഗീയകലാപമായും പരിണമിച്ചു.  അതോടെ പോലീസ് നായാട്ടു തുടങ്ങി. മുന്‍പേ പോലീസിന്റെ നോട്ടപ്പുള്ളിയായിരുന്ന മോഴികുന്നത്തെയും കേസില്‍ പെടുത്തി, കലാപത്തിന് ആഹ്വാനം ചെയ്തു എന്നപേരില്‍. 1921 സെപ്തംബര്‍ 21-ന് മോഴികുന്നത്തെ ഇല്ലത്തുനിന്നും പിടിച്ചുകൊണ്ടുപോയി. ആ രംഗം ഇതാണ്:

“ഇല്ലത്തെ ചെറിയ ഉണ്ണി നീലകണ്ഠന്‍ പത്തായപ്പുരയുടെ മുകളില്‍ ഓടി വന്ന് “പട്ടാളം വന്നു” എന്ന് കിതച്ചു പറഞ്ഞു. ഞാന്‍ ഈറന്‍ പിഴുതിരുന്നത് ഒരു ശീലയായിരുന്നു.കൃഷ്ണേട്ടന്‍ ഒരു ഇണമുണ്ട് പിഴുത് ക്ഷണത്തില്‍ ഈറന്‍ മാറ്റിത്തന്നു.
“തിരുമനസ്സ് കൊണ്ട് പേടിയ്ക്കാതെ താഴേയ്ക്കെഴുന്നെള്ളൂക..”
സബ് ഇന്‍സ്പെക്ടര്‍ മൊയ്തീന്‍ കോണിപ്പടിയ്ക്കല്‍ വന്ന് എന്നെ പരിഹസിച്ചു പറഞ്ഞു.
“എനിയ്ക്കു ഭയമൊന്നുമില്ല. രാവിലെ ഒന്നും കഴിച്ചിട്ടില്ല. ഊണു കഴിഞ്ഞിട്ടു പോരെ?” ഞാന്‍ ചോദിച്ചു.
“ഇപ്പോ ഊണു കഴിയ്ക്കണ്ട..” ഇന്‍സ്പെക്ടര്‍ എന്നെ മുറ്റത്തേയ്ക്കിറക്കി. ഉടന്‍ പട്ടാളം എന്നെ ചൂഴ്‌ന്നു. രണ്ടുമാറു നീളമുള്ള കയറെടുത്ത് ഒരുവന്‍ എന്നെ കൈ പിന്നോട്ടാക്കി വരിഞ്ഞുകെട്ടി. കയറിന്റെ മറ്റേതല കഴുത്തിലിട്ടുമുറുക്കിയ ശേഷം അല്പം അയച്ച് ഒരു പട്ടാളക്കാരന്‍ പിടിച്ചു. നാലുപുരയുടെ മുറ്റത്തൂടെ വടക്കേപ്പടി കടത്തിയിട്ടാണ് എന്നെ കൊണ്ടുപോയത്. പടിഞ്ഞാറ്റിയുടെ മുകളീല്‍ വന്ന് അമ്മമാരും മറ്റ് അന്തര്‍ജനങ്ങളും പെണ്‍കിടാങ്ങളും മുറവിളികൂട്ടി. “എന്റെ കുട്ടി..അവനെ കൊണ്ടു പോകല്ലെ, അവനെ കൊണ്ടു പോകല്ലെ, ഇങ്ങോട്ടു തരണെ..” എന്റെ അമ്മ കരഞ്ഞുവിളിച്ചു.” (രംഗം സംഗ്രഹിച്ചെഴുതിയത്).

പലസ്ഥലത്തു നിന്നും പിടിച്ചവരെ ഇങ്ങനെ വരിഞ്ഞു കെട്ടിയ ശേഷം, ഈരണ്ടുപേരായി കൂട്ടിക്കെട്ടി. എന്നിട്ട് പട്ടാളക്കാര്‍ കുതിരപ്പുറത്തിരുന്ന് ഇവരെ ആട്ടിത്തെളിച്ചു. ഷൊര്‍ണൂര്‍ റെയിവേസ്റ്റേഷന്‍ വരെ ഇങ്ങനെ മനുഷ്യരെ കൂട്ടിക്കെട്ടി ഓടിച്ചുകൊണ്ടിരുന്നു. ആ രംഗങ്ങള്‍ ഹൃദയം പൊടിയാതെ ആര്‍ക്കും വായിയ്ക്കാനാവില്ല.

“കാറല്‍മണ്ണ പൊട്ടത്തിപ്പറമ്പില്‍ വെച്ച് പട്ടാളങ്ങളുടെ വെപ്പും തീനും കഴിഞ്ഞു. ഞങ്ങളെ തടവുകാരെ ഒന്നുകൂടി അന്യോന്യം പിടിച്ചു മുറുകെ കെട്ടി. പട്ടാളക്കാര്‍ കുതിരപ്പുറത്തുകയറി. ഞങ്ങളെ വളഞ്ഞ് നേരെ തെക്കോട്ട് ഓടിച്ചു തുടങ്ങി. ഞങ്ങള്‍ ചെര്‍പ്പുളശ്ശേരി ചന്തയുടെ  പടിഞ്ഞാറു വശത്തെത്തി. പിന്നീട് വെട്ടുവഴി വിട്ട് കുറുക്കുവഴിയിലൂടെ ഒറ്റപ്പാലം നിരത്തിലേയ്ക്ക് ഞങ്ങളെ ആട്ടിവിട്ടു. കുറുക്കുവഴി, ഇല്ലിക്കോല്‍ നിറഞ്ഞ ഇടവഴി - ഒരു കുണ്ടുപാടം - പിന്നീട് കുത്തനെ കയറ്റമായ മറ്റൊരു വഴി- ഇങ്ങനെയാണ്. ആ കുണ്ടുപാടത്തെ ചേറ്റില്‍കൂടി ഞങ്ങളെ ഓടിച്ചതും കുത്തനെയുള്ള വഴി കുതിരകള്‍ക്കൊപ്പം ഓടിച്ചു കയറ്റിയതും അപ്പോഴത്തെ എന്റെ കിതപ്പും ആര്‍ദ്രഹൃദയന്മാര്‍ ഒന്നു വിചാരിച്ചു നോക്കു. ഓട്ടത്തിന് വേഗത പോരാഞ്ഞിട്ട് പട്ടാളക്കാര്‍ ഞങ്ങളുടെ തലയ്ക്ക് വടികൊണ്ടും മുഷ്ടികൊണ്ടും അടി തുടങ്ങി. ഓടുവാനാണെങ്കില്‍ ഞങ്ങള്‍ക്കു വയം ഇല്ല, വായു ഇല്ല. കൈകള്‍ പിന്നോട്ട് വലിച്ചുകെട്ടിയിരിയ്ക്കുന്നു, പോരെങ്കില്‍ ചെമ്മരിയാടുകളെ പോലെ എല്ലാവരെയും അന്യോന്യം പിരിച്ചു കെട്ടിയിട്ടുമുണ്ട്........”

തുടര്‍ന്ന് ജയിലിലാകുന്നതും ഭീകരമര്‍ദ്ദനങ്ങള്‍ ഏല്‍ക്കേണ്ടി വന്നതും എല്ലാം വിശദമായി പുസ്തകത്തില്‍ പറയുന്നുണ്ട്. മോഴികുന്നം കോയമ്പത്തൂര്‍ ജയിലിലായപ്പോള്‍ ഇല്ലത്തുനിന്ന് ആരും തിരിഞ്ഞു നോക്കിയില്ല. ഉടുത്തിരുന്ന ഒരേ ഒരു മുണ്ട് നാലുമാസക്കാലം ഉടുത്തു. പിഞ്ഞികീറിയപ്പോള്‍ മടക്കി ഉടുത്തു. അവസാനം ജയില്‍ സൂപ്രണ്ട് നിര്‍ബന്ധം ചെലുത്തി ഇല്ലത്തു നിന്നൊരാളെ വരുത്തുകയാണുണ്ടായത്.
കേസ് വിചാരണയ്ക്കുവെച്ചു. കാക്കാത്തോട് തീവണ്ടിപ്പാലം പൊളിച്ചു എന്നതായിരുന്നു ഒരു കുറ്റം. സെഷന്‍സ് കോടതി അദ്ദേഹത്തെ ജീവപര്യന്തം ശിക്ഷിച്ച് ബെല്ലാരി ജയിലിലേയ്ക്കയച്ചു. അവിടുത്തെ പീഡനം കണ്ണുനനയിയ്ക്കും. വെളിമ്പ്രദേശത്ത് കെട്ടിയ ഷെഡുകളാണവിടുത്തെ ജയില്‍. എങ്ങനെയാണ് അവിടെ അദ്ദേഹത്തെ ഇട്ടതെന്നു നോക്കു:

 “വാര്‍ഡര്‍മാര്‍ വന്ന് ഞങ്ങളെ ഏറ്റെടുത്തു. എന്നെയും ബാക്കി തടവുകാരെയും ജയിലിന്റെ ഉള്ളിലാക്കി. കുറച്ചു കഴിഞ്ഞപ്പോള്‍ എന്റെ കാലില്‍ കോല്‍ ചങ്ങല വെയ്ക്കുവാന്‍ വിളിച്ചു. ഏഴുകൊല്ലത്തിലധികം ശിക്ഷിച്ചവരെ ചങ്ങല വെയ്ക്കണമെന്നാണ് ബെല്ലാരി ജയിലിലെ നിയമം. ബാക്കി തടവുകാര്‍ കനം കുറഞ്ഞ ചങ്ങല കിട്ടുവാന്‍ വേണ്ടി എന്റെ മുന്നില്‍ ഓടിച്ചാടി ചെന്നു. ഞാന്‍ ഒഴിഞ്ഞു നിന്നു, എനിയ്ക്ക് ഉള്ളതിലും കനം കൂടിയത് തന്നെ ആയ്യിക്കോട്ടെ. ഒടുവില്‍ ഒരു കൈവണ്ണത്തിലുള്ള ആനച്ചങ്ങല എന്റെ കാലില്‍ വെച്ച് കരുവാന്‍ മേടി ഉറപ്പിച്ചു. ചങ്ങല ഒരു മാറു നീളം. അതിന്റെ രണ്ടു തലയിലും ഓരോ വട്ടക്കണ്ണി. ആ രണ്ട് വട്ടക്കണ്ണികളും രണ്ടു കാലിന്റേയും ഞെരിയാണിക്കണ്ടത്തില്‍ വെച്ച് ആണി ഉറപ്പിച്ചു. ചങ്ങലയുടെ നടുക്ക് ഒരു വട്ടക്കണ്ണിയുണ്ട്. അന്നു വൈകിട്ട്, ഞങ്ങളെ ജയില്‍ ഷെഡിലാക്കി. ഒരു നീണ്ട ആനച്ചങ്ങല നടുവിലെ വട്ടക്കണ്ണിയ്ക്കുള്ളില്‍കൂടിയിട്ട്  നൂറോളം പേരെ ഒന്നിച്ച് കോര്‍ത്തു, നീണ്ട ചങ്ങലയുടെ രണ്ടറ്റവും മണ്ണില്‍ കുഴിച്ചിട്ട് പൂട്ടിയിട്ടു...”

ഒരിയ്ക്കല്‍ രാത്രി കനത്തമഴയില്‍ ഷെഡ് ഇടിഞ്ഞു വീണു . ചങ്ങലയിട്ടതിനാല്‍ ആര്‍ക്കും ഓടിരക്ഷപെടാന്‍ പറ്റിയില്ല. കുറേ തടവുകാര്‍ മരിച്ചു. ആയുസിന്റെ ബലം കൊണ്ട് അന്ന് മോഴികുന്നം രക്ഷപെട്ടു. കൊടും വെയിലത്ത് ദാഹപരവശരായിട്ടാണ് തടവുകാര്‍ ഷെഡുകളില്‍ കിടന്നത്.

ഏതായാലും മാസങ്ങള്‍ക്കകം അപ്പീലില്‍ മദ്രാസ് ഹൈക്കോടതി മോഴികുന്നത്തെ വെറുതെ വിട്ടു. തിരിച്ചെത്തിയ അദ്ദേഹത്തെ വീണ്ടും ഭീകര അനുഭവങ്ങള്‍ കാത്തിരിയ്ക്കുകയായിരുന്നു. ജയിലില്‍ പോയതിനും തീണ്ടിത്തിന്നതിനും “സമുദായ ഭ്രഷ്ട്.” സ്വന്തം ഇല്ലത്തു നിന്നും ഇറങ്ങേണ്ടി വന്നു. അമ്മയുടെ അന്ത്യകര്‍മ്മം ചെയ്യാന്‍ പോലും അനുവദിച്ചില്ല. ഇതൊക്കെ ആയിട്ടും അദ്ദേഹം തളര്‍ന്നില്ല.ധീരമായ ആ ജീവിതം സാമൂഹ്യമാറ്റത്തിനായി മുന്നോട്ടു തന്നെ പോയി.

അദ്ദേഹത്തിന്റെ ഔന്നത്യം എന്തെന്നറിയാന്‍ ഒരൊറ്റ സംഭവം മാത്രം മതിയാകും. സമുദായപ്രവര്‍ത്തനമുപേക്ഷിച്ച് മുഴുവന്‍ സമയ രാഷ്ട്രീയപ്രവര്‍ത്തകനാകാന്‍ സഖാവ് ഇ.എം.എസ് യാത്ര പറഞ്ഞത് പെറ്റമ്മയോടായിരുന്നില്ല, മറിച്ച് തൃശൂരില്‍ പോയി വി.ടി.യോടും മോഴികുന്നത്തോടുമായിരുന്നു. 1964 ജൂലായ് 26 ന് അദ്ദേഹം അന്തരിച്ചു.

 മാതൃഭൂമിബുക്സ് പ്രസിദ്ധീകരിച്ച 176 പേജുള്ള ഈ പുസ്തകത്തിന് 100 രൂപയാണു വില. നിങ്ങളുടെ മനസ്സില്‍ ആര്‍ദ്രതയും മനുഷ്യസ്നേഹവും നിറയ്ക്കാന്‍ ഈ പുസ്തകത്തിനാവുമെന്ന് ഞാന്‍ ഉറപ്പു തരുന്നു.

Tuesday 25 October 2011

“കണ്ണൂര്‍ കോട്ട” : കണ്ണൂരിന്റെ പുരാവൃത്തം.

സ്ഥലം ചിറക്കല്‍ കോവിലകം. വലിയ കോലത്തിരി രാജാവ് അസ്വസ്ഥനായി ഉലാത്തുന്നു. പരിഭ്രാന്തനായ കാര്യക്കാരന്‍ തിരുവുള്ളമാരാഞ്ഞു. സംഗതി നിസാരം, കൊട്ടാരത്തിലെ അടിച്ചുതളിക്കാരിയായ തീയത്തിപെണ്ണ് സുന്ദരിയാണ്. ഒരു രാത്രി അവളോടൊപ്പം കിടക്കണം. അത്രയേ ഉള്ളു.  തമ്പുരാന്റെ അഭീഷ്ടം, കാര്യക്കാരന്‍ രഹസ്യമായി തമ്പുരാട്ടിയെ അറിയിച്ചു. വിഷയം താന്‍ കൈകാര്യം ചെയ്തുകൊള്ളാമെന്ന് തമ്പുരാട്ടി പറഞ്ഞു. തീയത്തിയെ പത്തായപ്പുരയിലെത്തിച്ചിട്ടുണ്ടെന്ന് കാര്യക്കാരന്‍ വന്ന് തമ്പുരാനെ ഉണര്‍ത്തിച്ചു. രാത്രി തമ്പുരാന്‍ പത്തായപ്പുരയിലെത്തിയപ്പോള്‍  നേര്‍ത്ത വെളിച്ചത്തില്‍ തീയത്തിയെ കണ്ടു. കാര്യം നടന്നു.

മാസം പത്തുകഴിഞ്ഞു.  കോവിലകത്തെ തമ്പുരാട്ടി പ്രസവിച്ചു, ഒന്നാന്തരം ചുണക്കുട്ടനെ. അവന്‍ വളര്‍ന്നു. എന്നാല്‍ ചെക്കന്‍ ആയുധവിദ്യ അഭ്യസിയ്ക്കാനോ രാജ്യകാരങ്ങള്‍ പഠിയ്ക്കാനോ തയ്യാറായില്ല, പകരം തെങ്ങില്‍ കയറലും ഇളനീര്‍ പറിയ്ക്കലും പരിപാടി. പോരാഞ്ഞിട്ട് തെങ്ങിന്‍ കുലയില്‍ വടികൊണ്ടടിയും..!
സംശയാലുവായ രാജാവ് തമ്പുരാട്ടിയെ വിളിച്ചു.

”ദുഷ്ടേ നീ നമ്മെ ചതിച്ചു അല്ലെ? ഏതു തീയന്റെയാടീ ഈ ചെക്കന്‍?”

“അയ്യോ ഞാന്‍ ചതിച്ചെന്നോ..! ഇവന്‍ അവിടുത്തെ ചെക്കന്‍ തന്നെ..”

“പിന്നെന്താടീ ഇവന്‍ തെങ്ങില്‍ കയറുന്നത്..?”

അപ്പോഴാണ് രാജ്ഞിയ്ക്ക് കാര്യം പിടികിട്ടിയത്. അവര്‍ പൊട്ടിച്ചിരിച്ചു.

“ആര്യപുത്രാ, അന്ന് ആ പത്തായപ്പുരയില്‍ വന്നത് ആരാണെന്നാ അങ്ങ് കരുതിയത് ..? തീയത്തിയോടൊപ്പം കിടക്കുകയാണെന്ന ബോധത്തോടെയല്ലേ അങ്ങ് എന്നോടൊപ്പം കിടന്നത്..”

കാര്യങ്ങളെല്ലാം മനസ്സിലായ രാജാവിന് കലിയടങ്ങിയില്ല. തമ്പുരാട്ടിയെയും ചെക്കനെയും  ചുഴലിയിലേക്ക്  നാടുകടത്തി. ഒരു മലയോരം ചാര്‍ത്തിക്കൊടുക്കുകയും ചെയ്തു. ആ ചെക്കനാണ് കേരളത്തിലെ ഒരേയൊരു ഈഴവ രാജവംശത്തിന്റെ സ്ഥാപകനായ “മന്നനാര്‍”.

കൌതുകകരമായ ഈ വിവരണം ഉള്ളത് പത്രപ്രവര്‍ത്തകനും എഴുത്തുകാരനുമായ ശ്രീ,കെ.ബാലകൃഷ്ണന്‍ രചിച്ച “കണ്ണൂര്‍ കോട്ട” എന്ന ഗ്രന്ഥത്തിലാണ്. 402 പേജുകളിലായി പരന്നു കിടക്കുന്ന ഈ പുസ്തകത്തില്‍ കണ്ണൂര്‍ ജില്ലയുടെ പുറത്തറിയാത്ത അനേകം ഐതിഹ്യങ്ങളും ചരിത്രങ്ങളും പുരാവൃത്തങ്ങളും ചുരുളഴിയുന്നു. അത്ഭുതത്തോടെ മാത്രമാണ് എനിയ്ക്കിത് വായിച്ചു തീര്‍ക്കാനായത്.

വളപട്ടണം പാലത്തിനു തൊട്ടുമുന്‍പുള്ള കുന്നിന്മുകളില്‍ ഒരു കൊട്ടാരമുണ്ടായിരുന്നു. അതിന്റെ അവശിഷ്ടങ്ങള്‍ ഇപ്പൊഴുമുണ്ടത്രേ.! പരശ്ശുരാമന്‍ ബ്രാഹ്മണരെ കൊണ്ടു വന്നു പാര്‍പ്പിച്ച പ്രധാനപ്പെട്ട ഇടമായ പെരിഞ്ചെല്ലൂര്‍ ആണ് ഇന്നത്തെ തളിപ്പറമ്പ്. കേരളത്തിലെ ഏക മുസ്ലീം രാജവംശമായ അറയ്ക്കലിന്റെ ചരിത്രവും കൌതുകകരമാണ്. ഒരു കാലത്ത് ഇംഗ്ലീഷുകാരും ഡച്ചുകാരും പോര്‍ത്തുഗീസുകാരും വ്യാപാരം നടത്തിയിരുന്ന കണ്ണൂര്‍ ആണ്  ഇന്നത്തെ “സിറ്റി”. (ഇപ്പൊഴത്തെ ടൌണ്‍ അല്ല). അനേക നൂറ്റാണ്ടുകളുടെ ചരിത്രം പേറി നില്‍ക്കുന്ന കണ്ണൂര്‍ കോട്ടയും കന്റോണ്മെന്റും. ബര്‍ണശ്ശേരിയിലെ ചട്ടക്കാര്‍ (ആംഗ്ലോ ഇന്ത്യന്‍സ്). “ഉറൂമി” സിനിമയില്‍ വികൃതമായി അവതരിപ്പിച്ച മുരിയ്ക്കഞ്ചേരി കേളുവിന്റെ ശരിയായ ചരിത്രം, കൃഷ്ണഗാഥയെഴുതിയ ചെറുശ്ശേരിയുടെ ചരിത്രം, രണ്ടായിരം വര്‍ഷം മുന്‍പ് ഗ്രീക്ക് കൃതിയായ പെരപ്ലസില്‍ പരാമര്‍ശിയ്ക്കപ്പെട്ട “നൌറ” എന്ന നാറാത്തിന്റെ ചരിത്രം അങ്ങനെ പറഞ്ഞാലും പറഞ്ഞാലും തീരാത്ത അറിവുകളാണ് ഇതില്‍ നിറച്ചു വെച്ചിരിയ്ക്കുന്നത്.

കമ്യൂണിസ്റ്റ് പാര്‍ടിയുടെ ഈറ്റില്ലവും പോരാട്ട ഭൂമിയുമായ കണ്ണൂരില്‍ നടന്ന അനേകം പോരാട്ടങ്ങളുടെ വിവരണം ആരെയും ആവേശം കൊള്ളിയ്ക്കും. അടിമത്തവും തീണ്ടലും ഉറഞ്ഞാടിയ പൂര്‍വകാലത്ത്, ഒരു നമ്പൂതിരിയുടെയും ആശ്രിതനായ പുലയന്റെയും മൃതദേഹം അടുത്തടുത്ത് ഒന്നിച്ച് സംസ്കരിച്ച ചരിത്രമുണ്ട് കണ്ണൂരിന്. ഫ്യൂഡലിസത്തോടുള്ള അടിയാളന്റെ പോരാട്ടമാണ് പല തെയ്യക്കോലങ്ങളുടെയും തോറ്റം പാട്ട്. അടിയാളന്‍ “ദൈവ“മായി അവതരിയ്ക്കുന്ന  അനന്യസുന്ദര സങ്കല്പം.      
  
ഓരോ കണ്ണൂരുകാരനും അതിലുപരി ചരിത്ര സ്നേഹിയായ ഓരോ മലയാളിയും നിര്‍ബന്ധമായും ഈ പുസ്തകം വായിയ്ക്കണം. ഒട്ടും മുഷിപ്പില്ലാതെ വായിച്ചു പോകാവുന്ന ഹൃദ്യമായ എഴുത്താണ് രചയിതാവിന്റേത്. ഡി.സി.ബുക്സ് പ്രസിദ്ധീകരിച്ച ഈ പുസ്തകത്തിന് 195 രൂപയാണ് വില. വായനയ്ക്കൊടുവില്‍ നിങ്ങള്‍ തലകുലുക്കി സമ്മതിയ്ക്കും മുടക്കുമുതലിലും എത്രയോ മടങ്ങാണ് ഇതിന്റെ മൂല്യമെന്ന്.                                                   

Thursday 20 October 2011

വാള്‍സ്ട്രീറ്റില്‍ നിന്നും വാര്‍ത്തകളുണ്ട്....


വാര്‍ത്തകളില്‍ ഇപ്പോള്‍ നിറഞ്ഞു നില്‍ക്കുന്നത് “വാള്‍സ്ട്രീറ്റ് പിടിച്ചെടുക്കല്‍” (Occupy Wallstreet) ആണല്ലോ. എത്രയൊക്കെ  ശ്രമിച്ചിട്ടും കുത്തകപ്പത്രങ്ങള്‍ക്കു പോലും മൂടിവെക്കാന്‍ പറ്റാത്ത വിധം അതു വളര്‍ന്നു കഴിഞ്ഞു. ശരി, എന്താണീ “വാള്‍സ്ട്രീറ്റ് പിടിച്ചെടുക്കല്‍” ?

അമേരിയ്ക്കയിലെ കോര്‍പറേറ്റ് ബാങ്കുകളുടെയും ന്യൂയോര്‍ക്ക് സ്റ്റോക്ക് എക്സ്ചേഞ്ചിന്റെയുമെല്ലാം ആസ്ഥാന മന്ദിരങ്ങള്‍ സ്ഥിതിചെയ്യുന്ന ന്യൂയോര്‍ക്കിലെ ഒരു തെരുവാണ് “വാള്‍ സ്ട്രീറ്റ്”. ഇക്കഴിഞ്ഞ സെപ്തംബര്‍ 17-ന് ഒരു കൂട്ടം ചെറുപ്പക്കാര്‍ വാള്‍ സ്ട്രീറ്റിലെ സ്റ്റോക്ക് എക്സ്ചേഞ്ചിനു സമീപം ടെന്റു കെട്ടി കുത്തിയിരിയ്ക്കാന്‍ വന്നു. എന്നാല്‍ പൊതുസ്ഥലത്ത് ടെന്റ് കെട്ടാന്‍ പോലീസ് സമ്മതിയ്ക്കാത്തതിനാല്‍ അടുത്തുള്ള സ്വകാര്യ പാക്കായ “സൂക്കോട്ടി”ലേയ്ക്ക് അവര്‍ക്ക് മാറേണ്ടി വന്നു. അവരുടെ മുദ്രാവാക്യം വളരെ ലളിതമായിരുന്നു:  “ഞങ്ങളാണ് 99 ശതമാനം”.

ഇതിന്റെ അര്‍ത്ഥം മനസ്സിലാകണമെങ്കില്‍ അമേരിയ്ക്കയിലെ നിലവിലുള്ള സാമ്പത്തിക സ്ഥിതിയെ പറ്റി അല്പം അറിയണം. ലോകസമ്പത്തിന്റെ നല്ലൊരു പങ്കും കൈകാര്യം ചെയ്യുന്നത് അമേരിയ്ക്കയാണ്. ആ അമേരിയ്ക്കയുടെ ആകെ സമ്പത്തിന്റെ 40% ത്തിന്റെ ഉടമസ്ഥര്‍ ജനസംഖ്യയുടെ കേവലം 1% വരുന്ന അതിസമ്പന്നര്‍ ! 80% ജനങ്ങള്‍ക്കാകെയുള്ള സമ്പത്ത് വെറും 7%..!!

2008-ലെ സാമ്പത്തിക തകര്‍ച്ചയില്‍ വാള്‍സ്ട്രീറ്റിലെ കോര്‍പറേറ്റ് ബാങ്കുകള്‍ പലതും പൊട്ടിപ്പോയി. ഓഹരികള്‍ കൂപ്പുകുത്തി. ഈ തകര്‍ച്ചയില്‍ നിന്നു രക്ഷിയ്ക്കാന്‍ സര്‍ക്കാര്‍, ജനങ്ങളുടെ നികുതിപ്പണം അവര്‍ക്കു വാരിക്കോരി നല്‍കി. ഫലം, സര്‍ക്കാരിനു സാമ്പത്തിക പ്രതിസന്ധി. (ഒപ്പം ലോക പോലീസ് ചമയുന്നതിന്റെ ചിലവുകളും). ഈ പ്രതിസന്ധിയെ നേരിടാന്‍ കോര്‍പറേറ്റുകളുടെ നികുതി കൂട്ടാന്‍ ഒബാമ തീരുമാനിച്ചെങ്കിലും സമ്പന്നന്മാരും റിപ്പബ്ലിക്കന്‍ പാര്‍ടിയും വാള്‍സ്ട്രീറ്റുമെല്ലാം ചേര്‍ന്ന് അതിനെ എതിര്‍ത്തു. ജനങ്ങളുടെ ക്ഷേമ പദ്ധതികള്‍ വെട്ടിക്കുറച്ച് ആ കാശെടുത്ത് പ്രതിസന്ധി തീര്‍ക്കാന്‍ അവര്‍ പറഞ്ഞു. 90, 000 കോടി ഡോളര്‍ വെട്ടിക്കുറയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. അതോടെ 30 മില്യന്‍ പേര്‍ക്ക് പണിപോയി. 9.20% മായി തൊഴിലില്ലായ്മ. ആകെയുള്ള 30 കോടി ജനങ്ങളില്‍ 4.62 കോടി പേര്‍ ദരിദ്രര്‍! ഇങ്ങനെ സഹികെട്ട അവസ്ഥയിലാണ് ജനങ്ങള്‍ വാള്‍സ്ട്രീറ്റിലേയ്ക്ക് വന്ന് കുടില്‍ കെട്ടിയത്. 1% പേര്‍ക്ക് വേണ്ടി ബാക്കിയുള്ളവരെ ചൂഷണം ചെയ്യുന്നതിനെതിരെയാണ് ആ മുദ്രാവാക്യം, “ഞങ്ങളാണ് 99 ശതമാനം”. ഇന്നിപ്പോള്‍ പതിനായിരങ്ങള്‍ ആ സമരത്തില്‍ അണിചേര്‍ന്നിരിയ്ക്കുന്നു. അമേരിയ്ക്കയിലെ 150 നഗരങ്ങളിലേയ്ക്ക് അതു പടര്‍ന്നു കഴിഞ്ഞു. ഒപ്പം യൂറോപ്പിലേയ്ക്കും ഏഷ്യയിലേയ്ക്കും.


മുതലാളിത്തത്തിലെ ഇത്തരം പ്രതിസന്ധികള്‍ വര്‍ഷങ്ങള്‍ക്കു മുന്‍പേ മാര്‍ക്സ് പ്രവചിച്ചതാണ്. എങ്ങനെയാണ് ഈ കുഴപ്പങ്ങള്‍ ഉണ്ടാകുന്നത്?
മാര്‍ക്സിയന്‍ വീക്ഷണത്തില്‍ സമൂഹത്തില്‍ രണ്ടു വര്‍ഗങ്ങളാണുള്ളത്. ഉല്പാദന ഉപാധികളുടെ (ഫാക്ടറി, തൊഴില്‍ശാല, കൃഷിയിടം..etc ) ഉടമകളായ മുതലാളിമാരും, സ്വന്തം അധ്വാനശേഷിമാത്രം കൈമുതലായ തൊഴിലാളികളും. ചിലവുകഴിച്ച് മുതലാളി നേടുന്ന ലാഭം തൊഴിലാളിയുടെ അധ്വാനമാണ്. അതായത്, ലോകത്തുള്ള എല്ലാ സമ്പത്തും മനുഷ്യന്റെ -തൊഴിലാളിയുടെ- സംഭൃതമാക്കപ്പെട്ട അധ്വാനമാണ്.

നല്ല നിരപ്പായ ഒരു പരന്ന പാത്രത്തില്‍ ഒഴിച്ചുവെച്ച വെള്ളത്തെ ഒന്നു സങ്കല്‍പ്പിയ്ക്കൂ. എല്ലായിടത്തും ഒരേപോലെ പരന്നിരിയ്ക്കുന്നതിനാല്‍ എല്ലാം സംതുലിതം ആണ്. പാത്രം ഏതെങ്കിലും ഭാഗത്തേയ്ക്ക് ചരിഞ്ഞാല്‍ വെള്ളം അവിടെ കുമിയും, ബാക്കി സ്ഥലം ഉണങ്ങും. ഈയവസ്ഥയാണ് സമ്പത്തിന്റേതും. സമൂഹത്തില്‍ എവിടെയെങ്കിലും പണം കുമിഞ്ഞുകൂടിയാല്‍ മറ്റുള്ളിടത്ത് അതിന്റെ പ്രത്യാഘാതം ഉണ്ടാകും. ജനങ്ങളുടെ കൈയില്‍ പണമില്ലാതാകുന്നതോടെ അവരുടെ വാങ്ങല്‍ ശേഷി കുറയും. അപ്പോള്‍ മുതലാളിയുടെ ഉല്പന്നം കെട്ടിക്കിടക്കും. അതോടെ തൊഴിലാളിയ്ക്ക് പണിയില്ലാതാകും. വാങ്ങല്‍ശേഷി പിന്നെയും കുറയും. ഇതൊരു പ്രതിസന്ധിയിലെത്തും.

സോവിയറ്റ് തകര്‍ച്ചയോടെ ആണ് ഉദാരവല്‍ക്കരണം ആരംഭിച്ചത്. അതോടെ മുതലാളിത്തം സാമ്രാജ്യത്വമായി മാറി. നേരത്തെ മുതലാളിമാര്‍ ലാഭമുണ്ടാക്കാന്‍ ഉല്പാദനമേഖലയിലായിരുന്നു കാശിറക്കിയത്. അതായത് ഫാക്ടറികളും മറ്റും സ്ഥാപിച്ച്. അപ്പോള്‍ സ്വാഭാവികമായും തൊഴിലവസരങ്ങളും അടിസ്ഥാനസൌകര്യങ്ങളും വികസിക്കും. എന്നാല്‍ ഉദാരവല്‍ക്കരണത്തോടെ, ഫിനാന്‍സ് മൂലധനത്തിന്റെ ആഗോള കുത്തൊഴുക്കുണ്ടായി. ഉലാദനമേഖയില്‍ നിന്നുമാറി കാശെറിഞ്ഞ് കാശുപിടിക്കല്‍ ആയി. ഓഹരിക്കമ്പോളങ്ങളിലേക്കാണ് പണം ഒഴുകിയത്. അവിടെ ഊഹക്കച്ചവടം വഴി കൃത്രിമമായി വിലയുയര്‍ത്തി ലാഭം ഉണ്ടാക്കുന്നു. അങ്ങനെ നാട്ടിലെ പണം കൊള്ളയടിച്ച് ചിലരുടെ പോക്കറ്റിലേയ്ക്കെത്തും.

റിയല്‍ എസ്റ്റേറ്റ് മേഖലയിലുണ്ടായ കുതിപ്പില്‍ നിന്നു പണം വാരാനാണ് അമേരിയ്ക്കയിലെ ചില ബാങ്കുകള്‍ നാടാകെ ഹൌസിങ്ങ് ലോണുകള്‍ കൊടുത്തത്. പണിയുന്ന വീടുമാത്രം ഈട്. എന്നാല്‍ ഇങ്ങനെ ഭീമന്‍ ലോണെടുത്തവര്‍ക്ക് തിരിച്ചടയ്ക്കാന്‍ പാങ്ങില്ലായിരുന്നു. അതോടെ ബാങ്കുകള്‍ പ്രതിസന്ധിയിലായി. വീട് ജപ്തിചെയ്തെങ്കിലും ആരും മേടിയ്ക്കാനില്ല. ബാങ്കുകള്‍ പൊട്ടാന്‍ അധിക നേരം വേണ്ടി വന്നില്ല. അതാണ് നേരത്തെ പറഞ്ഞ 2008-ലെ പ്രതിസന്ധി. ആ പ്രതിസന്ധി ലോകമൊട്ടാകെ ബാധിച്ചു. ഇന്നിപ്പോള്‍ അമേരിയ്ക്കയിലെ പ്രക്ഷോഭവും ലോകമാകെ പടരാന്‍ പോകുന്നു. കോര്‍പറേറ്റുകളുടെ കൂട്ടുകാരായ ഇന്ത്യന്‍ ഭരണവര്‍ഗത്തിനും ഇതൊരു പാഠമാണ്. എന്തും തുടക്കമിടുന്നത് പടിഞ്ഞാറാണല്ലോ, ഇവിടെയും അതെത്തും താമസിയാതെ. ഭരണകൂടം കോര്‍പറേറ്റുകളെ തളയ്ക്കുന്നില്ലെങ്കില്‍ ജനം നിലനില്‍പ്പിനായി തെരുവിലിറങ്ങും. അതാണ് സാമൂഹ്യവിപ്ലവങ്ങളിലേയ്ക്കു നയിയ്ക്കുന്നത്.

മാര്‍ക്സിയന്‍ വീക്ഷണവും സിദ്ധാന്തവും തികച്ചും ശരിയാണെന്നാണ് ഈ ചരിത്രങ്ങള്‍ നമ്മെ പഠിപ്പിയ്ക്കുന്നത്. സമൂഹത്തില്‍ തുല്യമായി വിന്യസിയ്ക്കപ്പെടുന്ന സമ്പത്താണ് ഇതിനൊരു പരിഹാരം.

Monday 17 October 2011

ഇതു കാണാതെ പോകരുതേ...

സ്നേഹവും കരുതലും അനുനിമിഷം ആവിയായിക്കൊണ്ടിരിയ്ക്കുന്ന ഈ ഊഷരകാലത്ത് അവിടവിടെ കാണുന്ന ചില പച്ചപ്പുകള്‍ വല്ലാത്ത ആര്‍ദ്രത ഉണ്ടാക്കും, നമ്മളില്‍ പലര്‍ക്കും. സുഖ സൌകര്യങ്ങളില്‍ പുളച്ചു മതിമറക്കുമ്പോള്‍ ഭാര്യയെ നിഷ്കരുണം വലിച്ചെറിഞ്ഞ് നൈമിഷിക സുഖങ്ങളിലേയ്ക്ക് ഊളിയിടുന്ന ഭര്‍ത്താക്കന്മാരും, ഭര്‍ത്താവിനെയും മക്കളെയും ഉപേക്ഷിച്ച് കാമുകനോടൊപ്പം ഇറങ്ങിപ്പോകുന്ന ഭാര്യമാരും ഇന്ന് അപൂര്‍വമല്ലല്ലോ. അതിനിടയിലാണ് ദുരിതക്കിടക്കയിലായ തന്റെ ഭര്‍ത്താവിനെ കൂലിപ്പണിയെടുത്തു പരിചരിയ്ക്കുന്ന ഈ യുവതിയുടെ വാര്‍ത്ത കാണാനിടയായത്. ഉള്ളില്‍ മനുഷ്യത്വം അവശേഷിക്കുന്നവരെല്ലാം ദയവായി ഇതു വായിയ്ക്കണം.

ഇത് കണ്ണൂര്‍ കോളയാട് പെരുവയിലെ ഉമ്മക്കരോട്ട് വീട്ടില്‍ പ്രഭ. ഭര്‍ത്താവ്  ചെന്നൈ സ്വദേശി കമ്പ്യൂട്ടര്‍ എഞ്ചിനീയറായ സായിറാം.  ചെന്നൈയില്‍ സ്ഥിര താമസമാക്കിയ പ്രഭയുടെ സഹോദരി മുഖേനെയാണ്  ഈ വിഹാഹം നടന്നത്. ജോലിയോടൊപ്പം ബിസിനസ്സുമുണ്ടായിരുന്ന സായിറാമിനെ കൂട്ടുപങ്കാളി ചതിച്ചതിനെ തുടര്‍ന്ന് പത്തുലക്ഷം രൂപയോളം നഷ്ടപ്പെട്ടു. മാനസികമായി തളര്‍ന്ന സായിറാമിന്റെ പ്രഷറും പ്രമേഹവും ഉയര്‍ന്ന് തലച്ചോറില്‍ രക്തസ്രാവം  ഉണ്ടായി. അതോടെചലനശേഷിയും സംസാരശേഷിയും കാഴ്ചശക്തിയും നഷ്ടമായി. ചുരുക്കത്തില്‍ ജീവച്ഛവം. വിവാഹം കഴിഞ്ഞിട്ട് ആറു മാസം കഴിഞ്ഞിട്ടേയുണ്ടായിരുന്നുള്ളു അപ്പോള്‍. പിന്നെ ചെന്നൈയിലെ വിവിധ ആശുപത്രികളില്‍ രണ്ടുവര്‍ഷത്തിലേറെ നീണ്ട ചികിത്സകള്‍. ചെന്നൈയില്‍ സായിറാമിന്റെ വൃദ്ധരായ അച്ഛനമ്മമാരും സഹോദരിമാരും ആണുള്ളത്. സഹോദരിമാരില്‍ രണ്ടുപേര്‍ ബധിരരും മൂകരുമത്രേ..

ഒടുക്കം ചികിത്സാ ചിലവ് താങ്ങാനാകാതെ പ്രഭ ഭര്‍ത്താവിനെ കണ്ണൂരേയ്ക്കു കൊണ്ടു വന്നു. മൂന്നുമാസമായി കണ്ണൂര്‍ ജില്ലാ ആയുര്‍വേദ ആശുപത്രിയിലെ ചികിത്സയിലാണ്. ചുരുങ്ങിയ നാളത്തെ ചികിത്സ കൊണ്ട് ചലനശേഷിയും കേള്‍വി ശക്തിയും കാഴ്ചയും തിരികെ കിട്ടി. ഇനിയും ദീര്‍ഘകാലത്തെ ചികിത്സ ആവശ്യമുണ്ട്. ഇവിടെ കൂലിപ്പണിയ്ക്ക് പോയി ചികിത്സയ്ക്കുള്ള പണം കണ്ടെത്തുകയാണിപ്പോള്‍ പ്രഭ. . അവരുടെ കുടുംബവും തീരെ ദരിദ്രമാണ്. കൂനിന്മേല്‍ കുരുവെന്ന പോലെ പ്രഭയുടെ ഗര്‍ഭപാത്രത്തില്‍ മുഴയുണ്ടെന്ന് കണ്ടെത്തിയിരിയ്ക്കുന്നു. ഇനി ആ സാധുവിന് അതിന് ഓപ്പറേഷന്‍ ചെയ്യണം.

നമ്മുടെ ചുറ്റും അനേകം പേര്‍ സഹായം ആവശ്യമുള്ളവരുണ്ട്. എല്ലാവരെയും നമുക്ക് സഹായിയ്ക്കാന്‍ കഴിഞ്ഞേക്കില്ല. എന്നാല്‍ സ്വന്തം രോഗത്തെ മറന്നുകൊണ്ട്, രോഗശയ്യയിലായ ഭര്‍ത്താവിനെ കൈവിട്ടു കളയാതെ, കൂലിപ്പണിയെടുത്തു ചികിത്സിയ്ക്കുന്ന ഈ യുവതി നമ്മളുടെയൊക്കെ സഹായം അര്‍ഹിയ്ക്കുന്നില്ലേ? ഇതൊന്നും കാണുന്നില്ലെങ്കില്‍  എന്തിനാണ് നമുക്ക് കണ്ണുകള്‍?

ഏതായാലും കണ്ണൂരിലെ ഒരു യുവജന സംഘടന ചെറിയൊരു സഹായം എത്തിച്ചിട്ടുണ്ട്. ഒപ്പം നമ്മളും ചെറിയ ഒരു തുക - അതെത്രയുമാകട്ടെ -  നല്‍കിയാല്‍ അവര്‍ക്കതു വലിയൊരു സഹായമായിരിയ്ക്കും.
രാഷ്ട്രീയകാര്യങ്ങളില്‍ വീറോടെ അടികൂടുന്ന നമ്മള്‍ ഇക്കാര്യത്തില്‍ ഒന്നിച്ചു നില്‍ക്കണമെന്ന് അപേക്ഷിയ്ക്കുന്നു.

പ്രഭയെ സഹായിയ്ക്കാന്‍ താല്പര്യമുള്ളവര്‍ക്ക് അവരുടെ ഫോണില്‍ ബന്ധപ്പെടാം:
ഫോണ്‍: 0091 9846271334

Sunday 16 October 2011

സൂസന്ന വെയിര്‍മാന്റെ ശവകുടീരത്തില്‍..

ഇരുമ്പുമുള്ളുകള്‍ തറച്ച കനത്ത വാതില്‍ കടന്ന് ഞാന്‍ കോട്ടയിലേയ്ക്കു കാല്‍ വച്ചു. അപ്പോള്‍ അറബിക്കടലിന്റെ ഹുങ്കാരവും ഉപ്പിന്റെ ആവരണവുമിട്ട തണുപ്പന്‍ കാറ്റു വന്ന് മേലാകെ പൊതിഞ്ഞു. നൂറ്റാണ്ടുകള്‍ പഴക്കമുള്ള പൂതിഗന്ധം മൂക്കിലേയ്ക്ക് തള്ളിക്കയറി. ഇരുണ്ട കൂറ്റന്‍ മതില്‍ക്കല്ലുകളില്‍ കുതിരച്ചിനപ്പുകളും പീരങ്കികളുടെ അലര്‍ച്ചയും പിന്നെ അനേകം പടയാളികളുടെ അട്ടഹാസങ്ങളും ചരിത്രത്തില്‍ നിന്നിറങ്ങിവന്ന് തൊങ്ങിക്കിടപ്പുണ്ട്. അഞ്ചാള്‍ പൊക്കത്തില്‍ സെയിന്റ് ഏഞ്ചലോ തലയുയര്‍ത്തി  നില്‍പ്പാണല്ലോ.

നിലമാകെ ശരപ്പുല്ലുകള്‍. നൂറ്റാണ്ടുകളുടെ ചവിട്ടടിയില്‍ നിന്ന് അവ കൃത്യമായ ഇടവേളകളില്‍ കിളിര്‍ക്കുകയും പൂക്കുകയും മണ്ണില്‍ ലയിയ്ക്കുകയും ചെയ്തുകൊണ്ടേയിരിയ്ക്കുന്നു. അവയ്ക്കിടയില്‍ പാകിയ കല്ലുകളിലൂടെ ഞാന്‍ നടന്നു. കോട്ടയ്ക്കുള്ളിലെ കുതിരലായത്തിനപ്പുറം ഇരുണ്ട ബാരക്കുകള്‍. ഒരിയ്ക്കലും ഈര്‍പ്പം മാറാത്ത അവയുടെ ചുമരുകളില്‍, ഏതൊക്കെയോ നാടന്‍ സാഹിത്യകാരന്മാര്‍ ആത്മപ്രകാശനം ചെയ്തിരിയ്ക്കുന്നു. നെടുനീളത്തില്‍ ഇരുട്ടും നിശ്ശബ്ദതയും നിറച്ചുവെച്ച ബാരക്കിനുള്ളില്‍ ആരുടെയൊക്കെയോ തേങ്ങലും നിശ്വാസവും ഗതികിട്ടാതെ അലയുന്ന പോലെ. അതിന്റെ മാറ്റൊലി ചെവി കുത്തിത്തുളച്ചപ്പോള്‍ ഇറങ്ങിപ്പോന്നു.

ബാരക്കിനു വെളിയിലെ ചെങ്കല്‍ പടവു കയറി ഞാന്‍ കോട്ടയുടെ മേല്‍ത്തട്ടിലെത്തി. അവിടെയും മുട്ടോളം ശരപ്പുല്ലുകള്‍ .അവയെ വകഞ്ഞ്  തുരുമ്പിച്ച നെടുങ്കന്‍ കൊടിമരച്ചുവട്ടിലേയ്ക്ക്. അവിടെ സൂസന്നയുടെ ശവകുടീരമുണ്ട്. ഒരാള്‍ പൊക്കമുള്ള വെണ്ണക്കല്‍ ഫലകത്തില്‍,  സൂസന്നയ്ക്ക് വിടവാചകങ്ങള്‍ കൊത്തിയിരിയ്ക്കുന്നു, ഡച്ചു ഭാഷയില്‍. പതിനെട്ടുകാരിയായ സൂസന്ന വെയിര്‍മാന്‍, ഡച്ച് ഗവര്‍ണരുടെ പ്രിയ കാമിനി. നൂറ്റാണ്ടുകളായി, അറബിക്കടലിന്റെ താരാട്ട് കേട്ട് ഇവിടെ ഉറങ്ങുന്നു.
സൂസന്ന വെയിര്‍മാന്റെ ശവകുടീരം.
സൂസന്നയുടെ കല്ലറയ്ക്കരികെ, കല്‍ത്തട്ടിന്മേല്‍ ഞാന്‍ ചാരിയിരുന്നു. അരികിലെ കല്ലിന്മേല്‍ അറിയാതെ കൈയോടി. കാലം മൂര്‍ച്ചയുരച്ചു കളഞ്ഞ അതിന്മേല്‍ ശൂന്യത മാത്രം ബാക്കി. അല്പനേരം അതിലേയ്ക്കു തന്നെ തുറിച്ചു നോക്കി.

ഇവിടെ ആയിരുന്നല്ലോ അവള്‍ ഇരുന്നത്..എന്നോടൊപ്പം, നെഞ്ചോട് ചേര്‍ന്ന്..

അന്നെന്തിനാണവള്‍ കരഞ്ഞത്..? ഒരിയ്ക്കലും മുഖം തരാതിരുന്നത്..? ഇനിയൊരിയ്ക്കലും നമ്മള്‍ കണ്ടില്ലെങ്കിലോ എന്നു പറഞ്ഞതിനാണോ..? അതു പറഞ്ഞപ്പോള്‍ അവള്‍ നുള്ളിയ പാട് ഇന്നും കൈത്തണ്ടയില്‍. തൊലി പറിഞ്ഞുപോകുന്ന വേദനയുണ്ടായിട്ടും ചിരിയ്ക്കുക മാത്രമേ ചെയ്തുള്ളു.

കോട്ടമതിലിനു താഴെ, കരിങ്കല്‍ കൂമ്പാരത്തിന്മേല്‍ തിരമാലകള്‍ ആഞ്ഞലച്ചു ചിതറിക്കൊണ്ടേയിരുന്നു. തണുത്ത മൌനം വലകെട്ടാന്‍ തുടങ്ങിയ ആ നിമിഷങ്ങളിലെപ്പോഴോ സൂസന്ന ഞങ്ങളുടെ അരുകില്‍ വന്നു. തൂമഞ്ഞിന്റെ നിറവും വെള്ള അംഗവസ്ത്രങ്ങളും ധരിച്ച സൂസന്ന എന്നെ നോക്കി പൂവിടരും പോലെ ചിരിച്ചു. അപ്പോഴാണ് ഞാന്‍ ശ്രദ്ധിച്ചത് സൂസന്ന അവളെ പോലെ തന്നെയാണ്. അതേ മുഖം, കണ്ണിറുങ്ങിയ അതേ ചിരി. ദൂരെ ചക്രവാകത്തില്‍ നിന്നു മെല്ലെ വന്ന കടല്‍കാറ്റ് എന്റെ കവിളില്‍ തഴുകി. ലില്ലിപ്പൂക്കളുടെ ഗന്ധമായിരുന്നു അതിന്. ഒരു നിമിഷം, ഞാന്‍ മെല്ലെ കൈയുയര്‍ത്തി അവളുടെ മുഖം എന്റെ നേരെ തിരിച്ചു. അവള്‍ കണ്ണടച്ചിരിയ്ക്കുകയായിരുന്നു. നനഞ്ഞ ആ ചുണ്ടില്‍  അമര്‍ത്തി ചുംബിച്ചു. പെട്ടെന്ന് ഒരു പൊട്ടിച്ചിരിയോടെ സൂസന്ന എങ്ങോ മറഞ്ഞു. ഞാന്‍ ഞെട്ടിയെഴുന്നേറ്റപ്പോള്‍ അവള്‍ അമ്പരപ്പോടെ ചോദിച്ചു..
”എന്തേ..? “
“.സൂസന്ന.....”
“സൂസന്നയോ...? ഏതു സൂസന്ന..? “
“ഹേയ് ഞാനാ സൂസന്നയുടെ കാര്യം ഓര്‍ത്തുപോയി.. സൂസന്ന വെയിര്‍മാന്‍...” ശവകുടീരത്തിലേയ്ക്കു  വിരല്‍ ചൂണ്ടി ഞാന്‍ ചിരിച്ചു.  അവള്‍ ഒന്നും മിണ്ടാതെ എന്റെ നെഞ്ചോടു ചേര്‍ന്നു നിന്നു. നെഞ്ചിലാകെ പടരുന്ന നനവ്... 

ഞാന്‍ മെല്ലെ നെഞ്ചില്‍ വിരലോടിച്ചു നോക്കി . ഇല്ല, ഒന്നുമില്ല.

അപ്പോള്‍ കോട്ടപ്പുറത്തേയ്ക്ക് ഒരു യുവാവും പെണ്‍കുട്ടിയും കയറി വരുന്നുണ്ടായിരുന്നു. സൂസന്നയുടെ ശവകുടീരം നോക്കിയാണ് അവരും വരുന്നത്. ഞാന്‍ മെല്ലെ എഴുനേറ്റു. താഴേയ്ക്കുള്ള പടികള്‍ ഇറങ്ങും മുന്‍പ് ഒന്നു കൂടി തിരിഞ്ഞു നോക്കി. അവര്‍ സൂസന്നയുടെ അടുത്തുള്ള അതേ കല്‍ത്തട്ടിന്മേല്‍. അപ്പോള്‍ കടലിലേയ്ക്കു നോക്കി മുഖം താഴ്ത്തിയിരുന്ന അവളുടെ മുഖം അവന്‍ കൈകൊണ്ട് മെല്ലെ തിരിയ്ക്കുകയായിരുന്നു..

നെഞ്ചിലേയ്ക്കു തള്ളിവന്ന തേങ്ങലടക്കി ഞാന്‍ വേഗം പടവുകളിറങ്ങി പോന്നു.

Thursday 13 October 2011

“പോസ്റ്റുമോര്‍ട്ടം ടേബിളില്‍ നിന്നും സൌമ്യ നിലവിളിയ്ക്കുന്നു...”


“ട്രെയിന്‍ കമ്പാര്‍ട്ട്മെന്റിനുള്ളില്‍ വെച്ച് സൌമ്യ ആക്രമിയ്ക്കപ്പെട്ടിരുന്നു. മുടി കുത്തിപ്പിടിച്ച് പലതവണ നെറ്റി തീവണ്ടിയുടെ കനം കൂടിയ ഭാഗത്ത് ഇടിച്ചതിന്റെ ലക്ഷണങ്ങള്‍ തലയിലുണ്ട്. നാലിലധികം തവണ തുടര്‍ച്ചയായി ഇടിച്ചിട്ടുണ്ട്. തലയില്‍ മുറിവു വന്നത് ഇത്തരത്തില്‍ അവസാനത്തിലേതാകാമെന്നതിനാലാണ് ട്രെയിനിനുള്ളില്‍ രക്തപ്പാടുകള്‍ കണ്ടെത്താനാകാത്തത്. പുറമേയ്ക്ക് അധികം രക്തമൊഴുകിയില്ലെങ്കിലും തലയ്ക്കുള്ളില്‍ ആഴത്തില്‍ പരിക്കേറ്റിരുന്നു. ഇടിയുടെ ആഘാതത്തില്‍ പിറ്റ്യൂട്ടറി ഗ്രന്ഥിയും തലച്ചോറും തമ്മിലുള്ള ബന്ധം വേര്‍പെട്ടതായും കണ്ടെത്തിയിരുന്നു. ഈ ആഘാതത്താല്‍ അവര്‍ക്ക് ശബ്ദം വയ്ക്കാനോ പ്രതികരിയ്ക്കാനോ ഉള്ള കഴിവ് നഷ്ടപ്പെട്ടു. റെയില്പാളത്തില്‍ മുഖമടിച്ച് പിന്നീട് വീണതിന്റെ ആഘാതത്തില്‍ പതിമൂന്ന് പല്ലുകള്‍ നഷ്ടപ്പെട്ടു. മുഖത്തിനടിയിലെ അസ്ഥികള്‍ പൊട്ടുകയും തലച്ചോറിന്റെ ആഘാതം വര്‍ദ്ധിയ്ക്കുകയും ചെയ്തു. വീഴ്ചയ്ക്കു ശേഷം ബോധശൂന്യയായ അവരെ എടുത്തുകൊണ്ടുപോയി മലര്‍ത്തിക്കിടത്തി മാനഭംഗം ചെയ്യുന്നതിനിടെ പല്ലടര്‍ന്നു പോയ ഭാഗത്തു നിന്നുള്ള രക്തവാര്‍ച്ച ശ്വാസകോശങ്ങളിലേയ്ക്കായത് അവരെ മൃതപ്രായയാക്കി.”

ജൂലൈ 12 മുതല്‍ 15 വരെ തൃശൂര്‍ ഒന്നാം നമ്പര്‍ ഫാസ്റ്റ്ട്രാക്ക് കോടതി മുന്‍പാകെ തൃശൂര്‍ ശവ: മെഡിക്കല്‍ കോളേജ് ഫോറെന്‍സിക് വിഭാഗം മേധാവി ഡോ: ഷെര്‍ലി വാസു നല്‍കിയ മൊഴി.

കഴിഞ്ഞ ദിവസങ്ങളിലെ രാഷ്ട്രീയ സംഘര്‍ഷ വിവാദങ്ങള്‍ക്കിടയില്‍ നാമാരും ശ്രദ്ധിയ്ക്കാത്ത വലിയൊരു സംഭവം തൃശൂര്‍ ഫാസ്റ്റ് ട്രാക് കോടതിയില്‍ നടന്നു. കേരള മനസ്സാക്ഷിയെ നടുക്കിയ സൌമ്യവധക്കേസിന്റെ വിചാരണ ആ കോടതിയില്‍ നടന്നു കൊണ്ടിരിയ്ക്കുകയാണ്. പ്രതിയായ ഗോവിന്ദച്ചാമിയ്ക്ക് കഠിന ശിക്ഷ കിട്ടുവാന്‍ ഓരോ മനുഷ്യസ്നേഹിയും ഉള്ളുരുകി പ്രാര്‍ത്ഥിയ്ക്കുന്നു. “യാചകനാ“യ ഗോവിന്ദച്ചാമി വലിയ ബുദ്ധിമുട്ടില്ലാതെ ശിക്ഷിയ്ക്കപ്പെടുമെന്ന് കരുതിയിരുന്നപ്പോഴാണ് കേരളീയരെ ആകെ അമ്പരപ്പിച്ചുകൊണ്ട്, അയാള്‍ക്കു വേണ്ടി വാദിയ്ക്കാന്‍ മുംബായില്‍ നിന്നും അഞ്ചംഗ വക്കീല്‍ കൂട്ടം പറന്നിറങ്ങിയത്..! ലക്ഷങ്ങള്‍ ഫീസു വാങ്ങുന്ന ഈ വക്കീല്‍ കൂട്ടത്തെ ഏര്‍പ്പാടാക്കുന്ന കാര്യം സാമാന്യം സാമ്പത്തികമുള്ളവര്‍ക്കു പോലുംആലോചിക്കാന്‍ കഴിയില്ല. അപ്പോഴാണ് നാമറിയുന്നത് ഈ ഗോവിന്ദചാമി യാചകനല്ലെന്നും, തീവണ്ടി കൊള്ളയടിയ്ക്കുന്ന വന്‍ മാഫിയയിലെ സംഘമാണെന്നും. ഈ മാഫിയ ആണ് അയാള്‍ക്കു വേണ്ടി ഇത്രവലിയ സന്നാഹം ഒരുക്കിയത്..! ഇപ്പോള്‍ തൃശൂരിലെ വന്‍ ഹോട്ടലില്‍ തമ്പടിച്ചാണ് വക്കീല്‍ സംഘം അയാള്‍ക്കായി വാദിയ്ക്കുന്നത്. മലയാളിയായ ബി.എം. ആളൂര്‍ നയിയ്ക്കുന്ന ഈ സംഘം വിചാരണ തടസ്സപ്പെടുത്താനും കേസ് അട്ടിമറിയ്ക്കാനും സകല തന്ത്രങ്ങളും പയറ്റുകയാണ്. അതിനെയെല്ലാം പ്രതിരോധിച്ച് ശാസ്ത്രീയ തെളിവുകളുടെ ബലത്തില്‍ പ്രോസിക്യൂഷന്‍  നല്ലനിലയില്‍ മുന്നോട്ട് പോകുമ്പോഴാണ് അപ്രതീക്ഷിതമായ ഒരു “ബോംബ്” പൊട്ടുന്നത്...!

കൊലപാതകക്കേസുകളിലെ ഏറ്റവും മുഖ്യതെളിവാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. ആ റിപ്പോര്‍ട്ടിന്റെ ആധികാരികതയാണ് കൊലയിലേയ്ക്കും കൊലപാതകിയിലേയ്ക്കും നിയമത്തെ എത്തിയ്ക്കുന്നത്. ഈ കേസില്‍ ഫോറെന്‍സിക് മേധാവി ഡോ:ഷേര്‍ലി വാസു നല്‍കിയ മൊഴിയാണ് മേല്‍ക്കൊടുത്തത്. എന്നാല്‍ കഴിഞ്ഞ ദിവസം ഫോറെന്‍സിക് വിഭാഗം അസ്സോസിയേറ്റ് പ്രൊഫസര്‍ ഡോ:എന്‍.കെ. ഉന്മേഷ് നല്‍കിയ മൊഴി പ്രോസിക്യൂഷനെയും ജനങ്ങളെയും ഒന്നാകെ ഞെട്ടിച്ചിരിയ്ക്കുകയാണ്.

ഡോ:ഷേര്‍ലി വാസു പോസ്റ്റ് മോര്‍ട്ടം നടത്തിയിട്ടില്ലെന്നും, താനും ജൂനിയറായ രാജേന്ദ്രപ്രസാദും ചേര്‍ന്നാണ് പോസ്റ്റുമോര്‍ട്ടം നടത്തിയതെന്നും പ്രതിഭാഗം വിചാരണവേളയില്‍ ഡോ:ഉന്മേഷ് മൊഴി നല്‍കി. എന്നാല്‍ ഡോ:ഷേര്‍ലി ഇതു നിഷേധിയ്ക്കുന്നു. താന്‍ തന്നെയാണ് പോസ്റ്റുമോര്‍ട്ടം നടത്തിയതെന്നാണ് അവര്‍ പറയുന്നത്.
ഉള്ളടക്കത്തില്‍ മാറ്റമില്ലെങ്കിലും ഈ വൈരുദ്ധ്യം കേസിനെ  ദുര്‍ബലമാക്കുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. കോടതി ഇന്ന് (13-10-2011) ഡോ:ഉന്മേഷിനെ വിളിച്ചു വരുത്തിചോദിച്ചപ്പോഴും അദ്ദേഹം തന്റെ മൊഴിയില്‍ ഉറച്ചു നിന്നു.  ഇതോടെ അദ്ദേഹത്തെ വീണ്ടും വിസ്തരിയ്ക്കാന്‍ കോടതി ഉത്തരവിട്ടിരിയ്ക്കുകയാണ്.

ഇനി ഡോ:ഉന്മേഷ് തന്നെയാണ് പോസ്റ്റുമോര്‍ട്ടം ചെയ്തതെങ്കില്‍ പോലും, ഉള്ളടക്കത്തില്‍ മാറ്റമില്ലാത്തതിനാല്‍ കോടതിയ്ക്കുള്ളില്‍ വിവാദമാക്കാതിരിയ്ക്കാമായിരുന്നു, കേസിന്റെ ഭാവിയെ കരുതിയെങ്കിലും. ആ ഒരു ബോധം ഇല്ലാത്തയാളാണ് ഈ ഡോക്ടര്‍ എന്നു കരുതാനാവില്ല. എന്താണ് ഇയാളെ ഇത്തരമൊരു സാഹചര്യം സൃഷ്ടിയ്ക്കാന്‍ പ്രേരിപ്പിച്ചത്? ഡോ:ഷേര്‍ലി ആരോപിച്ചതുപോലെ ബാഹ്യശക്തികള്‍ അദ്ദേഹത്തെ സ്വാധീനിച്ചിട്ടുണ്ടോ? മെഡിക്കല്‍ കോളേജിലെ ഫോറെന്‍സിക് വിഭാഗത്തിലെ തൊഴുത്തില്‍ കുത്താണ് കാരണമെന്ന് ചിലര്‍ പറയുന്നു. കുത്തഴിഞ്ഞു കിടന്ന ഈ വിഭാഗത്തില്‍, ഡോ:ഷേര്‍ലി വാസു ചാര്‍ജെടുത്തതോടെ താപ്പാനകളുടെ എതിര്‍പ്പുകള്‍ ഉണ്ടായി. ഷേര്‍ലി വാസുവിനെ കുടുക്കാന്‍ പലവട്ടം ശ്രമം ഉണ്ടായെന്നും  അതിന്റെ ഫലമാണ് ഈ വിവാദമെന്നും വ്യാഖ്യാനമുണ്ട്.

ഡോ:ഉന്മേഷിന്റെ മൊഴി തങ്ങളെ ഞെട്ടിച്ചു എന്നാണ് മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ:ബാലഗോപാല്‍ പറഞ്ഞത്. വകുപ്പുമേധാവിയെ കൂടാതെ പോസ്റ്റ്മോര്‍ട്ടം ചെയ്യാന്‍ പാടില്ല എന്നാണ് നിയമം. അതു മറികടന്നുവെങ്കില്‍ തെറ്റാണ് എന്നും അദ്ദേഹം പറഞ്ഞു. ഇവിടെയാണ് കേസ് അട്ടിമറിയ്ക്കപ്പെടാനുള്ള സാധ്യത കിടക്കുന്നത്. ഡോ:ഉന്മേഷ് പറഞ്ഞതാണ് ശരിയെന്നു തെളിഞ്ഞാല്‍ നിയമവിരുദ്ധമായ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് അപ്പാടെ തള്ളിപ്പോകാന്‍ സാധ്യതയുണ്ട്. ഫലം, ഗോവിന്ദചാമി ഈസിയായി ഊരിപ്പോകും. ഇതാണോ ഡോ:ഉന്മേഷിന്റെ ലക്ഷ്യം...? ഇതിനു പിന്നില്‍ സാമ്പത്തിക ഇടപാടുകള്‍ വല്ലതും ഉണ്ടായോ..?

സെപ്തംബര്‍ ലക്കം “പച്ചക്കുതിര”യില്‍ ഡോ:ഷേര്‍ലി വാസുവിന്റെ ഒരു ലേഖനമുണ്ട്. സൌമ്യയുടെ പോസ്റ്റുമോര്‍ട്ടം സംബന്ധിച്ചാണ് ആ ലേഖനം. അതില്‍ നിന്നും:

“വികാരങ്ങളും വിചാരങ്ങളും വിട്ടൊഴിഞ്ഞ, യാതൊന്നും അനുഭവവേദ്യമാകാത്ത മൃതദേഹം തന്റേതായൊരു ആവശ്യത്തിനുമല്ല ഇപ്രകാരം കിടക്കുന്നതെന്നോര്‍ക്കണം. അവര്‍ക്ക് നീതി ലഭിയ്ക്കണം എന്നു പറയുന്നവരുമോര്‍ക്കണം. നീതി ലഭ്യമാകുന്നതിനപ്പുറത്തേയ്ക്കുള്ള മറ്റൊരു ലോകത്തേയ്ക്കവര്‍ പോയിക്കഴിഞ്ഞിരിയ്ക്കുന്നു. ഇനി അവര്‍ക്കെന്ത് നീതി? നീതി ലഭിയ്ക്കേണ്ടത് സമൂഹത്തിനാണ്. ആ സമൂഹത്തിന് ചില ചോദ്യങ്ങളുണ്ട്. അവയുടെ ഉത്തരം തേടാനുള്ള ആദ്യ നടപടിയാണ് ഇ‌ന്‍‌ക്വസ്റ്റും അതിന്റെ തന്നെ ഭാഗമായ ജഡപരിശോധനയും..”(ജഡപരിശോധന സംബന്ധിച്ച് ഇന്ത്യന്‍ ഭാഷകളില്‍ എഴുതപ്പെട്ട ആദ്യഗ്രന്ഥമായ “പോസ്റ്റുമോര്‍ട്ടം ടേബിള്‍“ -ന്റെ രചയിതാവാണ് ഡോ: ഷേര്‍ലി വാസു.)

തൃശൂര്‍ മെഡിക്കല്‍ കോളേജിലെ പോസ്റ്റുമോര്‍ട്ടം ടേബിളില്‍ നിന്നും സൌമ്യയുടെ നീതിയ്ക്കു വേണ്ടിയുള്ള നിസ്സഹായ നിലവിളി നിങ്ങള്‍ കേള്‍ക്കുന്നില്ലേ..അതേ,  ഇനി നീതി വേണ്ടത് സൌമ്യയ്ക്കല്ല നമുക്കോരോരുത്തര്‍ക്കുമാണ്. അതു  അട്ടിമറിയ്ക്കാന്‍ ഒരാളെയും നാം അനുവദിച്ചു കൂടാ..

Wednesday 12 October 2011

നിരപരാധിയുടെ ചോര...

ഒന്നര പവന്റെ മോതിരം ബാങ്കില്‍ പണയം വെച്ചെടുത്ത 19,500 രൂപ, ശമ്പളമായി കൈയിലുള്ള 12,000 രൂപ, പിന്നെ അമ്മയോട് കടമായി വാങ്ങിയ 4000 രൂപയും ചേര്‍ത്ത് 35,000 ത്തോളം രൂപയുമായാണ് ആ യുവാവ് ബസില്‍ കയറിയത്. ഗുജറാത്തിലുള്ള ഭാര്യയ്ക്ക് അയച്ചു കൊടുക്കാനുള്ളതാണ് ഈ തുക. തന്റെ ജോലിസ്ഥലമായ പെരുമ്പാവൂരില്‍ അടുത്തദിവസം എത്തുന്ന ബന്ധുവശം ഈ തുക കൊടുത്തുവിടാനായിരുന്നു പരിപാടി.

എന്നാല്‍ യാത്രയ്ക്കിടയില്‍ അടുത്ത സീറ്റിലിരുന്ന യാത്രക്കാരന്റെ മൊബൈല്‍ കാണാതായതിന്റെ പേരില്‍ ആ യുവാവിന് ചെറിയ മര്‍ദ്ദനമേറ്റു. കണ്ടക്ടര്‍ ഇടപെട്ട് പ്രശ്നം താല്‍ക്കാലികമായി പരിഹരിച്ച് ബസ് പെരുമ്പാവൂരിലെത്തി. എന്നാല്‍ അപ്പോഴും കലിപ്പു തീരാത്ത സഹയാത്രികനും ബസ്സിലുണ്ടായിരുന്ന പോലീസ് കോണ്‍സ്റ്റബിളും മറ്റു ചിലരും ചേര്‍ന്ന് ആ യുവാവിനെ പിടികൂടി. പരിശോധനയില്‍ 35,000 രൂപ കണ്ടെത്തിയതോടെ ആള്‍ പോക്കറ്റടിക്കാരനാണെന്ന് “ഉറപ്പായി”. അതോടെ അവര്‍ “കുറ്റവാളി”യ്ക്ക് മേല്‍ കര്‍ശനശിക്ഷ നടപ്പാക്കി. പോലീസുകാരന് തന്റെ കര്‍ത്തവ്യബോധം സടകുടഞ്ഞെണീറ്റതിനാല്‍ ആ യുവാവിന്റെ കൈകള്‍ പിന്നോട്ടാക്കി നെഞ്ചിനും തലയ്ക്കുമൊക്കെ ആവുന്നത്ര പെരുമാറി. അവശനായ യുവാവ് അല്പം വെള്ളത്തിനു കരഞ്ഞപ്പോള്‍ നിയമപാലകന്‍ അതും വിലക്കി. ആദ്യമൊക്കെ കണ്ടുനിന്ന ജനം അതോടെ ഇടപെട്ട് യുവാവിനെ ആശുപത്രിയിലേയ്ക്കു കൊണ്ടു പോയെങ്കിലും ആ ഹതഭാഗ്യന്റെ ജീവന്‍ പൊലിഞ്ഞിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ ഏമാനെയും മര്‍ദ്ദനത്തിനു മുന്‍പില്‍ നിന്ന സഹയാത്രികനെയും തടഞ്ഞുവെച്ചു. പോലീസെത്തി അവരെ കൊണ്ടു പോയി. അപ്പോഴാണ് ഏമാന്‍ ആക്രോശിച്ചത്: “ഞാന്‍ കെ.സുധാകരന്റെ ഗണ്മാനാണ്. നെടുമ്പാശ്ശേരിയിലെത്തുന്ന സുധാകരന് അകമ്പടി സേവിയ്ക്കാനാണ്  പോകുന്നത്..” അതോടെ പോലീസ് പിന്‍‌വാങ്ങിയെങ്കിലും ചാനലുകള്‍ വാര്‍ത്ത പുറത്തുവിട്ടതിനാല്‍ കേസൊതുക്കാനായില്ല. ഇപ്പോള്‍ മൂന്നുപേര്‍ക്കെതിരെ കൊലക്കുറ്റത്തിനു കേസെടുത്തിട്ടുണ്ട്. രണ്ടുപേരാണ് പിടിയിലുള്ളത്.   പോക്കറ്റടി ആരോപിയ്ക്കപ്പെട്ട, പാലക്കാട് പെരുവെമ്പ് തങ്കയം വീട്ടില്‍ പരേതനായ ചന്ദ്രന്റെ മകന്‍ രഘു (37) നിരപരാധിയാണെന്ന് പോലീസിന്റെ അന്വേഷണത്തില്‍ ബോധ്യമായിട്ടുമുണ്ട്.
(ഇപ്പറഞ്ഞ വിവരങ്ങള്‍ മുഴുവന്‍ മാതൃഭൂമി, കേരളകൌമുദി, മംഗളം, ദേശാഭിമാനി എന്നീ പത്രങ്ങളില്‍ വന്ന റിപ്പോര്‍ട്ടുകളില്‍ നിന്നു ശേഖരിച്ചതാണ്.)

ശ്രീ.കെ.സുധാകരന് ഈ സംഭവവുമായി എന്തെങ്കിലും ബന്ധമുണ്ട് എന്നും, മര്‍ദ്ദിച്ച പോലീസുകാരന് രഘുവിനെ കൊല്ലണമെന്ന് ഉദ്ദേശമുണ്ടായിരുന്നു എന്നും ആരും പറയാന്‍ സാധ്യതയില്ല. എന്നാല്‍ സംഭവത്തിനു ശേഷം കെ.സുധാകരന്റേതായി വന്ന പ്രസ്താവന ഇതാണ്.: “തന്റെ ഗണ്മാന്‍ നിരപരാധിയാണ്. അയാള്‍ രഘുവിനെ ഒരു വശത്തേക്ക് മാറ്റി നിര്‍ത്തുക മാത്രമാണുണ്ടായത്. സി.പി.എമ്മുകാരുടെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് ഗണ്മാനെതിരെ കേസെടുത്തത്..!”

തന്റെ ഗണ്മാന്‍ തെറ്റു ചെയ്തെങ്കില്‍ ശിക്ഷിയ്ക്കപ്പെടട്ടെ എന്നായിരുന്നു ശ്രീ.സുധാകരന്‍ പറഞ്ഞിരുന്നതെങ്കില്‍ എത്ര മാന്യമായ  നിലപാടാകുമായിരുന്നു..! സുധാകരന്റെ ഗണ്‍‌മാന്മാര്‍ കൊലക്കേസില്‍ പ്രതിയാകുന്നത് ആദ്യമായല്ല. നാല്‍പ്പാടി വാസു കൊലക്കേസില്‍ ആദ്യം ഒന്നാം പ്രതിസ്ഥാനത്തുണ്ടായിരുന്ന സുധാകരന്റെ പേരു വെട്ടി പകരം ചേര്‍ത്തത് അന്നത്തെ ഗണ്മാനെ ആയിരുന്നു. അതെന്തുമാകട്ടെ, പറയാന്‍ വന്നത് മറ്റൊരു കാര്യമാണ്.

നമ്മുടെ സമൂഹത്തിനെന്താണ് സംഭവിയ്ക്കുന്നത് ? നാമെല്ലാവരും സ്വയം വിധികര്‍ത്താക്കളും ശിക്ഷ നടപ്പാക്കുന്നവരുമായി തീര്‍ന്നിരിയ്ക്കുന്നു. അപരിചിതരായ ഒരു സ്ത്രീയെയും പുരുഷനെയും ഒന്നിച്ചു കണ്ടാല്‍ അതു അവിഹിതമാണെന്നും സമൂഹത്തിന് കൈകാര്യം ചെയ്യാമെന്നും തീരുമാനിക്കുന്നു. സംശയം ആരോപിയ്ക്കപ്പെട്ട ഒരു വ്യക്തിയുടെ കൈയില്‍ കുറച്ചധികം രൂപ കണ്ടാല്‍ അത് മോഷണവസ്തുവാണെന്നും അയാളെ കൈകാര്യം ചെയ്യാമെന്നും ഉറപ്പിയ്ക്കുന്നു. വഴിവക്കില്‍ ഒരാള്‍ തളര്‍ന്നു കിടന്നാല്‍ “വെള്ളമടിച്ചു” കിടക്കുകയാണെന്നു നാം വിധിയ്ക്കുന്നു.  ഏതെങ്കിലും ഒരു സ്ത്രീ പുരുഷനു നേരെ കൈ ചൂണ്ടിയാല്‍ വേട്ടപ്പട്ടികളെ പോലെ അയാളുടെ മേല്‍ ചാടി വീണ് കൈകാര്യം ചെയ്യുന്നു.  ടോയിലറ്റിലും ബാത്ത് റൂമിലും ഒളിക്യാമറ വയ്ക്കാന്‍ മടിയ്ക്കാത്ത, അവസരമൊത്താല്‍ സ്ത്രീരൂപമുള്ള ആരെയും തോണ്ടാന്‍ മടിയ്ക്കാത്ത, വഴിവക്കില്‍ ചോരയില്‍ കുളിച്ച് കിടക്കുന്നവന്റെ ദൃശ്യം മൊബൈലില്‍ പകര്‍ത്തി അതിവേഗം സ്ഥലം കാലിയാക്കുന്ന, കാശ് ഇരട്ടിയ്ക്കുമെന്നറിഞ്ഞാല്‍ ഏത് ഏടാകൂടത്തിലും തലവെയ്ക്കാന്‍ മടിയ്ക്കാത്ത, കുടിവെള്ളത്തെക്കാള്‍ അധികം മദ്യം സേവിയ്ക്കുന്ന നമ്മുടെ സമൂഹമാണ് ഇത്തരം കട്ടപ്പഞ്ചായത്ത് വേലകള്‍ കാട്ടുന്നതെന്നോര്‍ക്കണം.

പെരുമ്പാവൂരില്‍ കാട്ടാളനീതിയ്ക്കിരയായി ജീവന്‍ വെടിഞ്ഞ ആ യുവാവിന്റെ ചോരയുടെ നിലവിളി നമ്മളെ ഓരോരുത്തരെയും അസ്വസ്ഥമാക്കേണ്ടതാണ്.

Tuesday 11 October 2011

യുവറോണര്‍, ഇതു മഹാനാണക്കേടാണ്..


ഇന്നത്തെ “കേരള കൌമുദി” പത്രത്തില്‍ നിന്നാണ് ഈ വാര്‍ത്ത. നമ്മുടെ ഹൈക്കോടതി ഇപ്പോള്‍ വളരെ ഗൌരവമായ ഒരന്വേഷണത്തിലാണ്. “ശുംഭന്‍“ എന്ന വാക്കിന് മലയാളത്തിലും സംസ്കൃതത്തിലുമുള്ള അര്‍ത്ഥമെന്ത്? ആരെങ്കിലും മറ്റൊരാളെ “ശുംഭന്‍” എന്നു വിളിച്ചാല്‍ നാട്ടിന്‍ പുറങ്ങളിലെ “ ക. മ .പ.ത. “ ഗ്രേഡില്‍ വരുന്ന ചീത്തയാണൊ അതോ അതിലും കുറവാണോ? ഇതൊക്കെയാണ് അന്വേഷണ വിഷയം.. “ശുംഭ“ന്റെ അര്‍ത്ഥമറിയാന്‍ വല്ല നിഘണ്ഡുവും നോക്കിയാല്‍ പോരേ, സര്‍ക്കാരിന്റെ കാശു മുടക്കി, ഒരധ്യാപകന്റെ ഒരു ദിനം മെനക്കെടുത്തി, കൂട്ടില്‍ കേറ്റി തന്നെ ചോദിയ്ക്കണോ (അവരും നിഘണ്ഡു നോക്കിയല്ലേ പറയുക, അല്ലാതെ സ്വന്തമായി അര്‍ത്ഥം ഉണ്ടാക്കാനാവില്ലല്ലോ) എന്നൊന്നും ചോദിയ്ക്കാന്‍ നമുക്ക് അവകാശമില്ല. ചിലപ്പോള്‍ കേസാകും. അന്വേഷണം തീര്‍ന്നിട്ടില്ല, തുടരുകയാണ്, അടുത്ത വ്യാഴാഴ്ച ഡോ: പി.വി. നാരായണനെ വിളിച്ച് അര്‍ത്ഥം അന്വേഷിയ്ക്കുമത്രേ. കോടതിയലക്ഷ്യമായാലും വേണ്ടില്ല ഒന്നു പറഞ്ഞോട്ടെ യുവറോണര്‍, ഇതു മഹാനാണക്കേടാണ്.

എന്താണ് സാര്‍ എം.വി.ജയരാജന്‍ ചെയ്ത കുറ്റം? “പൊതുസ്ഥലത്ത് പ്രകടനം പാടില്ല എന്നു വിധിച്ചാല്‍ അതു നടപ്പാകുമെന്നു കരുതുന്ന ജഡ്ജിമാര്‍ വെറും ശുംഭന്മാര്‍ ആണെ“ന്ന് പറഞ്ഞതോ? ജഡ്ജിമാരെ വിഡ്ഡികള്‍ എന്നു തന്നെയാണ് വിളിച്ചതെന്ന് വാദത്തിനു സമ്മതിയ്ക്കാം. അതോടെ കോടതിയുടെ സകല അന്തസ്സും ഇടിഞ്ഞുതാഴ്ന്നു പോയി എന്നാണോ ന്യായാധിപരുടെ വിഷമം? എങ്കില്‍ ഒന്നു ചോദിച്ചോട്ടെ, സകല വിനയത്തോടും കൂടി :

1). സുപ്രീം കോടതി ജഡ്ജിയ്ക്ക് ലക്ഷങ്ങള്‍ കൈക്കൂലി കൊടുക്കുന്നതിന് താന്‍ ദൃക്‌സാക്ഷിയാണെന്ന് ഒരു പാര്‍ലമെന്റംഗം പരസ്യമായി പ്രഖ്യാപിച്ചു. കൂടാതെ ജഡ്ജിമാര്‍ രാഷ്ട്രീയക്കാരുടെ തിണ്ണനിരങ്ങികളാണെന്നും അദ്ദേഹം പറഞ്ഞു.  മാലോകരെല്ലാം കണ്ടതാണ്. ആ മാന്യദേഹം യാതൊരു കുഴപ്പവുമില്ലാതെ ഇതിലെയൊക്കെ നടപ്പുണ്ടല്ലോ, എന്താണു സാര്‍  കോടതിയലക്ഷ്യകേസൊന്നും കാണാത്തത്?

2).കേരളാ ഗവണ്മെന്റ് ചീഫ് വിപ്പ്, ഒരു വിജിലന്‍സ് ജഡ്ജിയെ പരസ്യമായി പാകിസ്ഥാന്‍കാരനെന്ന് - അദ്ദേഹത്തിന്റെ നാമധേയത്തെ അടിസ്ഥാനപ്പെടുത്തി - വിളിച്ചു. ഒരു കേസില്‍ തുടരണ്വേഷത്തിന് ഉത്തരവിട്ടു എന്നതുമാത്രമാണ് ജഡ്ജി ചെയ്ത തെറ്റ്. ചീഫ് വിപ്പ് ഇപ്പോഴും പിഞ്ഞാണക്കടയില്‍ കയറിയ മൂരിക്കുട്ടനെപ്പോലെ വിളയാടുന്നു. ഹൈക്കോടതി ഒന്നും കാണുന്നുമില്ല കേള്‍ക്കുന്നുമില്ലല്ലോ..?

അതോ മേല്‍പ്പറഞ്ഞവയേക്കാള്‍ ഗൌരവതരമായ കുറ്റമാണോ സര്‍ “ശുംഭന്‍” പ്രയോഗം?

ഇനി കോടതി നിരോധിച്ച പ്രകടനകാര്യത്തിലേയ്ക്കു വരാം. കേരളത്തിലെ ഇടതുപക്ഷരാഷ്ട്രീയക്കാരുടെ മാത്രം തോന്ന്യാസമാണ് “പ്രകടനങ്ങള്‍” എന്നാണല്ലോ ഹൈക്കോടതിയും കുറെ മാധ്യമങ്ങളും ചില “ബുദ്ധിജീവി“കളും കൂടെ പ്രചരിപ്പിച്ചിരുന്നത്. സാറുമ്മാരെ ‍, പ്രകടങ്ങളില്ലാത്ത സ്വര്‍ഗമെന്നു വിശേഷിപ്പിച്ച അമേരിയ്ക്കയിലേയ്ക്കും യൂറോപ്പിലേയ്ക്കും കണ്ണുതുറന്നൊന്നു നോക്കൂ. ആഴ്ചകളായി, ആയിരക്കണക്കിന് യുവാക്കളാണ് തെരുവില്‍ ചെങ്കൊടിയുമേന്തി പ്രക്ഷോഭം നടത്തുന്നത്. എന്താണ് നിങ്ങള്‍ക്ക് പറയാനുള്ളത്?

അനീതിയും ചൂഷണവും എവിടെയുണ്ടോ അവിടെയൊക്കെ പ്രതിഷേധവും പ്രകടനവും ഉണ്ടാകും. അതു മനസ്സിലാക്കാതെ, കോടതി ഉത്തരവ് കൊണ്ട് നിരോധിച്ചു കളയാം എന്നു കരുതുന്ന ജഡ്ജിമാര്‍ “ശുംഭന്മാര്‍ അല്ലെങ്കില്‍ വിഡ്ഡികള്‍” ആണെന്ന് പറഞ്ഞാല്‍ എന്താണതിലെ തെറ്റ്?

അനേകം കേസുകള്‍ തീര്‍പ്പാക്കാന്‍ ബാക്കി കിടക്കുമ്പോള്‍, നീതിയ്ക്കായി ജനങ്ങള്‍ വലയുമ്പോള്‍, മറ്റു ജോലികളുള്ള മാന്യന്മാരെ കൂട്ടില്‍ കയറ്റി “ശുംഭ“ന്റെ അര്‍ത്ഥം ചോദിയ്ക്കുന്ന ഈ പരിപാടിയെ “ശുംഭത്തരം” എന്നു വിളിച്ചാല്‍ കോടതിയലക്ഷ്യമാകുമോ സാര്‍.!

ജനകീയപ്രശ്നങ്ങളില്‍ പ്രതിപക്ഷം നിയമസഭ സ്തംഭിപ്പിയ്ക്കുമ്പോള്‍, വാക്കൌട്ട് നടത്തുമ്പോള്‍, “പാഴാകുന്ന“ സമയത്തെ പറ്റി വിലപിയ്ക്കുന്നവര്‍, ഇമ്മാതിരികാര്യങ്ങള്‍ക്ക് കോടതിയുടെ വിലപ്പെട്ട സമയം പാഴാക്കുന്നതിനെ പറ്റി എന്തു പറയുന്നു?

Monday 10 October 2011

ആസനം തകര്‍ക്കുന്ന ആക്സിഡന്റോ..!

ഇന്ന് ഇന്ത്യയിലെ ഏറ്റവും മികച്ച പോലീസ് സേന എതെന്നതിന് ഒറ്റ ഉത്തരമേയുള്ളു; കേരളാ പോലീസ്.
ചില പുഴുക്കുത്തുകള്‍  അവശേഷിയ്ക്കുന്നുണ്ടെങ്കിലും കാര്യക്ഷമതയിലും അന്വേഷണമികവിലും നമ്മുടെ പോലീസിനെ വെല്ലാന്‍ മറ്റൊരു സംസ്ഥാനപോലീസും ഇല്ല. പ്രമാദമായ പല കേസുകളിലും മാധ്യമങ്ങള്‍ നിക്ഷിപ്ത താല്പര്യത്തോടെ ബഹളമുണ്ടാക്കി ജനത്തെ വഴിതെറ്റിയ്ക്കാറുണ്ടെങ്കിലും പോലീസ് നേരായ വഴിയിലൂടെ  പോകുകയാണ് പതിവ്. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി കുറ്റകൃത്യങ്ങള്‍ തെളിയിയ്ക്കുന്നതില്‍ പോലീസ് കാട്ടിയ മിടുക്ക് അംഗീകരിയ്ക്കേണ്ടതു തന്നെയാണ്.

മുത്തൂറ്റ് പോള്‍ വധക്കേസില്‍ കേവലം രണ്ട് ദിവസത്തിനകം കേസിനു തുമ്പുണ്ടാക്കി പ്രതികളെ വലയിലാക്കാന്‍ കഴിഞ്ഞു. എന്നാല്‍ അന്ന് “എസ്” കത്തി എന്ന പേരില്‍ കുറെ മാധ്യമങ്ങള്‍ പോലീസിനെ അപഹസിയ്ക്കാന്‍ ശ്രമിക്കുകയാണ് ചെയ്തത്. “എസ്” കത്തി വിവാദമാക്കാന്‍ കാരണം പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അക്കാര്യം പരാമര്‍ശിച്ചു എന്നതു മാത്രമാണ്. പോലീസിനെ താറടിയ്ക്കാന്‍ “ഏഷ്യാനെറ്റ്”  ചാനല്‍ ഒരു കൊല്ലന്റെ ആലയില്‍ പോയി സ്റ്റിംഗ് ഓപ്പറേഷന്‍ നടത്തി..!  അവരുടെ ഗള്‍ഫ് ലേഖകന്‍ ദുബായിലെ ഒരു ഹോട്ടലിനു മുന്നില്‍ നിന്നുകൊണ്ട് റിപ്പോര്‍ട്ട് ചെയ്തു, “ഇവിടെയാണ് പോള്‍ വധക്കേസിലെ പ്രതികള്‍ ഒളിവില്‍ താമസിയ്ക്കുന്നത്” എന്ന്!! ഒടുവില്‍ യഥാര്‍ത്ഥപ്രതികള്‍ നാട്ടില്‍ നിന്നു തന്നെ അറസ്റ്റിലായി. അപ്പോള്‍  വാദം മാറി. അവരല്ല പോലും ശരിയ്ക്കും പ്രതികള്‍. അവസാനം കേസ് CBI അന്വേഷിച്ചപ്പോള്‍ പോലീസിന്റെ കണ്ടെത്തലുകള്‍ എല്ലാം ശരിയായിരുന്നു . അതുവരെ ബഹളം വെച്ചവരെ ആരെയും ഇപ്പോള്‍ കാണാനില്ല. ഇക്കഴിഞ്ഞയിടെ നാനോ എക്സല്‍ മേധാവിയെ ആന്ധ്രയില്‍ നിന്നും അറസ്റ്റുചെയ്തു കൊണ്ടു വന്നത് സിനിമക്കഥയെ വെല്ലുന്ന ശൈലിയിലായിരുന്നു.

ഇത്രയും മികച്ച ഈ സേനയുടെ സകല വിശ്വാസ്യതയും ചോര്‍ത്തുന്നതാണ് ഇപ്പോഴത്തെ “വാളകം” കേസ്.
സംഭവം കഴിഞ്ഞ് ആഴ്ചകള്‍ ആയിട്ടും എന്താണ് യഥാര്‍ത്ഥത്തില്‍ നടന്നതെന്നു പോലും കണ്ടെത്താന്‍ പോലീസിനു “കഴിഞ്ഞിട്ടി”ല്ല. ഓരോ ദിവസവും പൊലീസ് തന്നെ പുതിയ കഥകള്‍ സൃഷ്ടിയ്ക്കുന്നു.
ആദ്യം പറഞ്ഞത് അധ്യാപകന്റെ പൃഷ്ഠത്തില്‍ ആക്രമണം നടന്നു എന്നും അതു കൊണ്ട് തീവ്രവാദികള്‍ക്കെതിരെ ആണ് അന്വേഷണം എന്നും ആയിരുന്നു. പൃഷ്ഠത്തില്‍ ആക്രമിച്ചു എന്ന് റിപ്പോര്‍ട്ട് ചെയ്തത് രാഷ്ട്രീയക്കാരല്ല, അസ്സല്‍ ഡോക്ടര്‍മാര്‍ തന്നെ.
തുടര്‍ന്ന് പുതിയൊരു കഥ വന്നു, അധ്യാപകന് പരസ്ത്രീ ബന്ധം ഉണ്ട് എന്നും അതിനായി പോയപ്പോള്‍ ആക്രമണം നടന്നതാണ് എന്നും. അധ്യാപകന്റെ “രഹസ്യക്കാരി”യെ കസ്റ്റഡിയില്‍ എടുത്തതായും റിപ്പോര്‍ട്ട് വന്നു.  എന്തോ സാമ്പത്തിക ഇടപാടുകളാണ് കാരണം എന്നും അധ്യാപകന്റെ അക്കൌണ്ടില്‍ “ഒത്തിരി” ഇടപാടുകള്‍ നടന്നതായുമുള്ള വാര്‍ത്തയായിരുന്നു അടുത്തത്.

പിന്നെയെത്തിയ വാര്‍ത്തയാണ് ഏറ്റവും കേമം. അധ്യാപകന്റെ ആസനത്തിന് ഒന്നും സംഭവിച്ചിട്ടേയില്ല..! ഒരു  മെഡിക്കല്‍ ബോര്‍ഡ് ഇക്കാര്യം പരിശോധിച്ചു മനസ്സിലാക്കിയത്രെ. സംഭവം വെറും വാഹനാപകടം മാത്രം. മാത്രമല്ല അപകടം നേരില്‍ കണ്ട ആളുമുണ്ടത്രേ..! ഏതായാലും ഒടുവിലത്തെ ക്ലൈമാക്സില്‍, ദൃക്‌സാക്ഷി അപകടം നേരില്‍ കണ്ടില്ല എന്നും ആള്‍ വീണുകിടക്കുന്നത് കണ്ടതേയുള്ളു എന്നുമാണ് എത്തിനില്‍ക്കുന്നത്. എന്തായാലും വണ്ടി ഇടിച്ചതാണെന്ന് പോലീസിനു ഉറപ്പായിക്കഴിഞ്ഞു. അപ്പോള്‍ സാമാന്യബുദ്ധിയുള്ളവര്‍ക്ക് ചില സംശയം തോന്നും.

1) ആദ്യഘട്ടം മുതല്‍ കഴിഞ്ഞദിവസം “മെഡിക്കല്‍ ബോര്‍ഡ്” പരിശോധിക്കുംവരെ ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നത് പൃഷ്ഠത്തിലും ലൈംഗികാവയവത്തിലും ആക്രമണം നടന്നു എന്നാണ്. മെഡിക്കല്‍ ബോര്‍ഡ് പറഞ്ഞതാണ് ശരിയെങ്കില്‍ ആദ്യം പറഞ്ഞവര്‍ തീര്‍ച്ചയായും വ്യാജഡോക്ടര്‍മാര്‍ ആയിരിയ്ക്കണം. നമ്മുടെ മെഡിക്കല്‍ കോളേജില്‍ കയറിപ്പറ്റിയിരിയ്ക്കുന്ന ഈ വ്യാജഡോക്ടര്‍മാരെ ഉടന്‍ പുറത്താക്കുമോ സാര്‍ ?

2) ഇത്തരം ആക്രമണം നടന്നോ ഇല്ലയോ എന്നു തിരിച്ചറിയാന്‍ സ്കാനിങ്ങ് അത്യാവശ്യമാണ്. നാളിതേവരെ അതു ചെയ്യാതെ എങ്ങനെയാണു സാര്‍ ബോര്‍ഡ് ഈ നിഗമനത്തിലെത്തിയത്?

3) ലൈംഗീക പീഡനകേസുകളില്‍ തെളിവിനായി ഇരകളെ വൈദ്യപരിശോധന നടത്തി പീഡനം നടന്നതായി റിപ്പോര്‍ട്ട് മേടിയ്ക്കാറുണ്ട്. ഇമ്മാതിരിയാണ് പരിശോധനയെങ്കില്‍ ആ റിപ്പോര്‍ട്ടുകള്‍ എങ്ങനെ വിശ്വസിയ്ക്കും സാര്‍ ?

4) വാഹനം ഇടിച്ചവരെ നാം നേരിട്ടും ടി.വിയിലും ധാരാളം കണ്ടിട്ടുണ്ട്. തല, കൈകാലുകള്‍, നട്ടെല്ല്, നെഞ്ച് ഇവിടെയൊക്കെയാണ് പരിക്കേല്‍ക്കാറുള്ളത്, പ്രത്യേകിച്ചും തലക്ക്. എന്നാല്‍ ഇവിടെയൊന്നും പരിക്കില്ലാതെ ആസനത്തിനും ലിംഗത്തിനും മാത്രം പരിക്കേല്‍ക്കുന്ന ഇടിച്ചു തെറിപ്പിയ്ക്കല്‍ ആദ്യം കേള്‍ക്കുകയാണ്. അതൊന്നു തെളിയിയ്ക്കാന്‍ ഒരു ഡെമ്മി പരീക്ഷണം നടത്തുമോ സാര്‍ ?

ഇതൊരു സാധാരണക്കാരന്റെ സംശയങ്ങള്‍ ആണ്. അറിവുള്ള ആരെങ്കിലും മറുപടി തന്നാല്‍ ഉപകാരം.

Saturday 1 October 2011

“കാവുമ്പായി സമരക്കുന്നില്‍.............”

ശ്രീകണ്ഠാപുരത്തുനിന്നും പയ്യാവൂരിലേയ്ക്കുള്ള പൊട്ടിപ്പൊളിഞ്ഞ പാതയിലൂടെ ബസ്, കൂട്ടുമുഖം  സ്റ്റോപ്പിലെത്തുമ്പോള്‍ സമയം കൃത്യം ഒന്നര. കത്തുന്ന വെയിലിലേയ്ക്ക് ബസിറങ്ങി. അടുത്തുള്ള കടയും അവിടെ നില്‍ക്കുന്ന മൂന്നുപേരുമൊഴിച്ചാല്‍  വിജനം. ആദ്യമായെത്തിയ സ്ഥലമായതിനാല്‍ ആരോടെങ്കിലു, ചോദിയ്ക്കണമല്ലോ ഉദ്ദിഷ്ടസ്ഥാനത്തെത്താന്‍. കടയ്ക്കലേയ്ക്ക് നടന്നു. മൂവരില്‍ രണ്ടുപേര്‍ ചൂടുപിടിച്ച ചര്‍ച്ചയില്‍. വിഷയം അന്നു നടന്ന കള്ളുഷാപ്പു ലേലം. തുക വല്ലാതെ കൂടുതലാണത്രേ. അല്പം മാറി ആരെയോ കാത്തുനില്‍ക്കുന്ന ഒരു സാദാഗ്രാമീണനാണ് മൂന്നാമന്‍ ‍. ഞാന്‍ അയാളുടെ അടുത്തേയ്ക്ക് ചെന്നു.

“ഇവിടുന്നു കാവുമ്പായിലേയ്ക്ക് എത്ര ദൂരം ഉണ്ടാകും?”

“ഈ റോഡേ രണ്ടു കിലോമീറ്ററേയുള്ളു. ബസൊന്നും ഇല്ല. വല്ല ഓട്ടോയ്ക്കും പോണം. ഞായറായോണ്ട് ഓട്ടോക്കാരും ലീവാണ്. ആരെ കാണാനാണ്?”

“ഹേയ് അങ്ങനെയൊന്നുമില്ല. വെറുതെ കാവുമ്പായി ഒന്നു കാണാന്‍. ഒത്തിരി കേട്ടിട്ടുണ്ട്. ഈ സമരോം വെടിവെപ്പുമൊക്കെ നടന്ന...... “ ഞാനല്‍പ്പം സങ്കോചത്തോടെ പറഞ്ഞു.

“ഓ.. സമരക്കുന്ന്. അത് ഈ റൂട്ടിലല്ല. ദാ ആ ഭാഗത്താണ്. ഏയ്.. സുരേന്ദ്രാ...” അപ്പോള്‍ അതിലെ പോയ ഒരു ഓട്ടോക്കാരനെ അയാള്‍ ഉച്ചത്തില്‍ വിളിച്ചു. ഭാഗ്യത്തിന് ആ ഓട്ടോക്കാരന്‍ നിര്‍ത്തി. ഞാന്‍ ഓടിപ്പോയി അതില്‍ കയറി. “സമരക്കുന്ന്..”

മെയിന്‍ റോഡ് വിട്ട്  ഒരു ചെറുപാതയിലൂടെ ഓട്ടോ ഓടിത്തുടങ്ങി. പാതയില്‍ വീണുകിടന്ന വലിയമരനിഴലുകള്‍ മണ്ണിലൊഴുകി കട്ടപിടിച്ചുകറുത്തുപോയ ചോരയെ ഓര്‍മ്മിപ്പിച്ചു. ചരിത്രം ചോര ചിന്തിയ പോരാട്ട വീഥികളാണല്ലോ ഇതൊക്കെ. ചെറിയൊരു കയറ്റമാണ് ആ പാത. ഇടയ്ക്കിടെ കുറച്ചു വീടുകള്‍. ഏറെക്കുറെ കുന്നിനുമുകളിലെത്തിയപ്പോള്‍ ഓട്ടോക്കാരന്‍ നിര്‍ത്തി.

“എവിടെയാണ് നിങ്ങള്‍ക്ക് ഇറങ്ങേണ്ടത് ?“

“സമരക്കുന്ന്. വെടിവെപ്പൊക്കെ നടന്ന സ്ഥലം...? “

“ഇതൊക്കെ തന്നെ സമരക്കുന്ന്..”

“ശരി. ഞാനിവിടെ ഇറങ്ങിക്കൊള്ളാം..”

ഓട്ടോക്കാരനെ പറഞ്ഞുവിട്ടശേഷം ഞാന്‍ ചുറ്റുമൊന്നു കണ്ണോടിച്ചു. റോഡിനു മുകള്‍ വശം വിശാലമായ റബര്‍ തോട്ടമാണ്. താഴെ ഭാഗത്ത് കുറച്ചു വീടുകളും. റബര്‍തോട്ടത്തില്‍ അല്പം മുകളിലായി  ഒരു ചെങ്കൊടിത്തുമ്പിന്റെ ഇളക്കം, ആരോ കൈയാട്ടി വിളിക്കും പോലെ. ഞാന്‍ അങ്ങോട്ടേയ്ക്ക് നടന്നു. അതാ, കുന്നിന്റെ ഉച്ചിയില്‍ ചെറിയൊരു സ്‌മൃതിമണ്ഡപം. മുന്‍പിലെ ചെറുകൊടിമരത്തില്‍, ചുടുനിണം വീണു നിറംവെച്ച ചെങ്കൊടി. കഴിഞ്ഞുപോയ ഏതോ അനുസ്മരണബാക്കിയായ കുറച്ച് ചുവപ്പുതോരണം അഴിഞ്ഞു നിലത്തുകിടക്കുന്നു. എങ്ങും ഉണക്ക റബറിലകള്‍ മൂടിയിരിയ്ക്കുന്നു. മണ്ഡപത്തിനു മുന്‍ഭാഗം ഇരുണ്ട ചെറിയൊരു കാടാണ്. കനത്ത നിശബ്ദതയ്ക്ക് പോറലേല്‍പ്പിയ്ക്കാന്‍ ചെങ്കൊടിയുടെ ഉലച്ചില്‍ ശബ്ദം മാത്രം. ഈ കുന്നിന്‍പുറത്തിന്റെ വിപ്ലവസ്മൃതികള്‍ക്കുമേല്‍ കൊഴുത്തു തടിച്ച റബര്‍മരങ്ങള്‍  വേരാഴ്‌ത്തിയോ..! ജന്മിത്വത്തിനും ചൂഷണത്തിനും അടിച്ചമര്‍ത്തലിനുമെതിരെ, വടക്കേ മലബാറിലെ ഏറ്റവും ഉജ്വലപോരാട്ടം നടന്നതിവിടെയാണ്. കയ്യൂരിനേക്കാള്‍, കരിവെള്ളൂരിനേക്കാള്‍ തീക്ഷ്ണമായ ചരിത്രമാണിതിന്റേത്.
കാവുമ്പായി രക്തസാക്ഷി മണ്ഡപം
1946 ഡിസംബര്‍ 29. രാത്രിനേരം.

മലബാറിലെ ചുവപ്പുകോട്ടയായ ഇരിക്കൂര്‍ ഫര്‍ക്കയിലെ ഫ്യൂഡല്‍ ജന്മി “കരക്കാട്ടിടം നായനാരു“ടെ പത്തായപ്പുരയ്ക്ക് സമീപത്തുള്ള ഈ കുന്നില്‍ (കാവുമ്പായിക്കുന്ന്) ഇരുനൂറോളം കര്‍ഷക വളണ്ടിയര്‍മാര്‍ ഒത്തു ചേര്‍ന്നിരിയ്ക്കുന്നു. ഫര്‍ക്കയുടെ വിവിധ പ്രദേശങ്ങളില്‍ നിന്നും എത്തിച്ചേര്‍ന്നവരാണവര്‍. പതിമൂന്നോളം നാടന്‍ തോക്കുകകളും വാരിക്കുന്തം, കവണ, മടവാള്‍, കത്തി മുതലായ മറ്റു ആയുധങ്ങളും അവര്‍ കരുതിയിട്ടുണ്ട്.
കാവുമ്പായിക്കുന്ന്
അവര്‍ അവിടെ ഒത്തുചേരാനുള്ള സാഹചര്യം, ജന്മിയുടെയും പോലീസിന്റെയും ക്രൂരമര്‍ദ്ദനങ്ങളുമായി ചേര്‍ന്നു കിടക്കുന്നു. നേരിട്ടു ബ്രിട്ടീഷ് ഭരണത്തിന്‍ കീഴിലായിരുന്ന മലബാറില്‍ ജന്മിമാര്‍ക്ക് അതിരില്ലാത്ത അധികാരങ്ങളായിരുന്നു. കരക്കാട്ടിടം (കല്യാട്ട്) ജന്മിയ്ക്ക് ഏഴുപേരെ കൊല്ലാനുള്ള അധികാരമുണ്ട്. കൃഷിഭൂമിയില്‍ കുടിയാന് യാതൊരു അവകാശവുമില്ല. എപ്പോള്‍ വേണമെങ്കിലും ഇറക്കിവിടാം. വാശി, നുരി, വെച്ചുകാണല്‍, കള്ളപ്പറ, അന്യായപ്പാട്ടം അങ്ങനെ പലവിധ അക്രമപ്പിരിവുകള്‍. ഇതിനെല്ലാമുപരിയായി സ്ത്രീകളോടുള്ള ഉപദ്രവങ്ങള്‍. കുടിയാന്‍ വിവാഹം കഴിച്ചാല്‍ നവവധു ആദ്യരാത്രിയില്‍ അന്തിയുറങ്ങേണ്ടത് ജന്മിയ്ക്കൊപ്പമായിരുന്നു. കുടിയാന്റെ വീട് ഓടിട്ടുകൂടാ, ചെരുപ്പു ധരിയ്ക്കരുത്, മീശ വയ്ക്കരുത് അങ്ങനെ അനേകം കിരാത നിയമങ്ങള്‍. എതിര്‍ക്കുന്നവരെയൊക്കെ മുക്കാലിയില്‍ കെട്ടിയടിയ്ക്കുകയോ നിഷ്കരുണം കൊന്നുതള്ളുകയോ ചെയ്യും. കൊല്ലുന്നവരെ വലിച്ചെറിയാന്‍ “പയശ്ശായിക്കുണ്ഡം” എന്നൊരു കൊക്ക തന്നെയുണ്ടായിരുന്നു. പോലീസ് എപ്പോഴും ജന്മിയ്ക്ക് കൂട്ടായി നിന്നു. ഈ സാഹചര്യത്തിലാണ് കര്‍ഷകസംഘം രൂപീകൃതമാകുന്നതും, കമ്യൂണിസ്റ്റ്പാര്‍ടിയുടെ നേതൃത്വത്തില്‍ ജനങ്ങള്‍ ജന്മിയ്ക്കെതിരായി തിരിഞ്ഞതും.

വിശാലമായ കാടുകള്‍ വെട്ടിത്തെളിച്ച് കൃഷിയിറക്കുന്നതിനെ “പുനം കൃഷി“യെന്നാണ് വിളിയ്ക്കുക. ഭൂമിയെല്ലാം ജന്മിയുടേതായതിനാല്‍ അയാളുടെ അനുമതിയുണ്ടെങ്കിലേ പുനം കൊത്താനാവൂ. കര്‍ഷകസംഘം രൂപീകൃതമായതോടെ ജന്മി, കര്‍ഷകര്‍ക്ക് പൂനം കൊത്താന്‍ അനുമതി നിഷേധിച്ചു. അപ്പോള്‍ കര്‍ഷകര്‍ കാടു കയ്യേറി പൂനം കൊത്തി. ഇതിനെ നേരിടാന്‍ ജന്മി പോലീസിന്റെ സഹാ‍യം തേടി. മലബാര്‍ സ്പെഷല്‍ പോലീസ് ഇരിക്കൂര്‍ ഫര്‍ക്കയിലാകെ വ്യാപകമായ അതിക്രമങ്ങളാണ് ചെയ്തത്. കൂടാതെ ജന്മിഗുണ്ടകളുടെ അഴിഞ്ഞാട്ടവും. പുരുഷന്മാര്‍ക്ക് വീടുകളില്‍ പാര്‍ക്കാന്‍ കഴിയാതായി. ഈ സാഹചര്യത്തിലാണ് കര്‍ഷകസംഘം വളണ്ടിയര്‍മാര്‍ കാവുമ്പായിക്കുന്നില്‍ ഒത്തുചേര്‍ന്നത്. കുന്നിന്റെ വടക്കു, പടിഞ്ഞാറ് ഭാഗങ്ങളില്‍ വയലാണ്. പോലീസിന്റെ ആക്രമണം ഭയന്ന് കുന്നിന്റെ മൂന്നു വശത്തും കാവലിന് ആളെ നിര്‍ത്തിയിട്ടുണ്ട്.
കുന്നിനു താഴെയുള്ള വയല്‍.
ഡിസംബറിന്റെ തണുപ്പ് അവിടെയെല്ലാം പരന്നിരിയ്ക്കുന്നു. അര്‍ദ്ധരാത്രിയായിട്ടും യാതൊന്നും സംഭവിയ്ക്കാത്തതിനാല്‍ സഖാക്കളുടെ ജാഗ്രത കുറഞ്ഞു. പലരും ഉറക്കമായി. ചിലരൊക്കെ സമീപത്തെ തങ്ങളുടെ വീടുകളിലേയ്ക്കും പോയി.
എന്നാല്‍ നേരം വെള്ളകീറും മുന്‍പ്, പോലീസ് വയലിലെത്തി. ഒറ്റുകാരാരോ, കുന്നിന്‍‌മുകളില്‍ സഖാക്കള്‍ തമ്പടിച്ച വിവരം അവരെ അറിയിച്ചിരുന്നു. വയലിലെത്തിയ പോലീസ് സമീപത്തെ വീടുകളില്‍ ഉറങ്ങിക്കിടന്ന ചിലരെ പിടികൂടി മര്‍ദ്ദിച്ചു. അവരുടെ നിലവിളി ശബ്ദം കുന്നിന്‍ മുകളിലിരുന്ന സഖാക്കളുടെ ചെവിയിലെത്തി. ഉടന്‍ മുദ്രാവാക്യം വിളികളുയര്‍ന്നു..

”ഇങ്ക്വിലാബ് സിന്ദാബാദ്.. ”.

അതോടെ സഖാക്കള്‍ ജാഗ്രതയിലായി. അനിവാര്യമായ ഏറ്റുമുട്ടലിന് ഏവരും തയ്യാറെടുത്തു. മരംകോച്ചുന്ന തണുപ്പിലും ആ ധീരരുടെ സിരകളിലൂടെ പോരാട്ടവീര്യം ഇരമ്പിയൊഴുകി. സംഘബോധത്തിന്റെ കരുത്തോടെ അവര്‍ നിലയുറപ്പിച്ചു.
താഴെ, മര്‍ദ്ദനമേറ്റവരുടെ നിലവിളി വീണ്ടും. പെട്ടെന്ന് മലമുകളില്‍ നിന്ന് വെടി പൊട്ടി. രണ്ടു തവണ. എം.എസ്.പി. ജമേദാര്‍ രാമകൃഷ്ണന്റെ ചുമലിനു വെടിയേറ്റു. പോലീസ് തിരിഞ്ഞോടി. എന്നാല്‍ ഉടന്‍ തന്നെ കൂടുതല്‍ പേരുമായി അവര്‍ തിരിച്ചെത്തി. പിന്നെ മുഴങ്ങിയത് മെഷീന്‍ ഗണ്ണിന്റെ ഗര്‍ജനമാണ്. വളണ്ടിയര്‍മാര്‍ ചിതറിപ്പോയി. വെളുപ്പാന്‍ കാലത്തുള്ള ആക്രമണത്തിനുമുന്നില്‍ അവര്‍ക്കു പിടിച്ചു നില്‍ക്കാനായില്ല. അഞ്ചുപേര്‍ വെടിയേറ്റു രക്തസാക്ഷികളായി.


അന്നും തുടര്‍ന്നുള്ള ദിവസങ്ങളിലും ഇരിക്കൂര്‍ ഫര്‍ക്കയിലാകെ പോലീസ് നരനായാട്ട് തുടര്‍ന്നു. കാവുമ്പായിയില്‍ പരാജയപ്പെട്ടെങ്കിലും സഖാക്കളുടെ ആത്മബലം ഒട്ടും ചോര്‍ന്നില്ല. പോലീസ് - ഗുണ്ടാവിളയാട്ടത്തെ ഒളിവിലിരുന്നുകൊണ്ടു തന്നെ അവര്‍ പ്രതിരോധിച്ചു.  അനേകം കര്‍ഷക സ്ത്രീകള്‍ ധീരോദാത്തമായി ഈ സമരത്തില്‍ അണിചേര്‍ന്നു. അതിലൊരാളായ “ചെറിയമ്മ”യുടെ കഥ ആരിലും ആവേശമുണര്‍ത്തുന്നതാണ്. കാവുമ്പായി പോരാട്ടത്തിനു ശേഷം രംഗത്തിറങ്ങിയ ജന്മിഗുണ്ടകള്‍ ആ ധീരവനിതയെ കഠിനമായി ഉപദ്രവിയ്ക്കുകയും ഗുഹ്യഭാഗത്ത് ലാത്തികൊണ്ടാ‍ക്രമിയ്ക്കുകയും ചെയ്തു. ഗുണ്ടാമര്‍ദ്ദനങ്ങളില്‍ പൊറുതിമുട്ടിയ സഖാക്കള്‍ ശക്തമായി തിരിച്ചടിച്ചു. ഒരു ഗുണ്ടാത്തലവന്‍ കൊല്ലപ്പെട്ടു. പല ഗുണ്ടകളെയും പിടിച്ചുകെട്ടി കൈകാര്യം ചെയ്തു. ജന്മിയുടെ പിണിയാളുകള്‍ പലരും ഒറ്റുകാരായി രംഗത്തു വന്നു. ക്രമേണ പല സഖാക്കളും പോലീസ് പിടിയിലായി.

കാവുമ്പായികേസില്‍ ആകെ 180 പ്രതികളാണുണ്ടായിരുന്നത്. അതില്‍ 105 പേര്‍ ശിക്ഷിയ്ക്കപ്പെട്ടു. 20 പേരെ പിടികിട്ടിയില്ല. 49 പേരെ വെറുതെ വിട്ടു. 4 പേര്‍ മാപ്പുസാക്ഷികളായി. 2 പേര്‍ കേസില്‍ നിന്നൊഴിവാക്കപ്പെട്ടു. കാവുമ്പായി പ്രക്ഷോഭവും വെടിവെപ്പും വ്യാപക ശ്രദ്ധയാകര്‍ഷിയ്ക്കുകയും ജന്മിത്വത്തിന്റെ അടിക്കല്ലിളക്കുകയും ചെയ്തു.

സ്മൃതിമണ്ഡപത്തെ തഴുകിവന്ന കാറ്റ് മുഖത്തുതട്ടിയപ്പോള്‍ ഞാന്‍ ചിന്തയില്‍ നിന്നുണര്‍ന്നു. ധീരരായ കാവുമ്പായി പോരാളികളുടെ ചുടുനിശ്വാസമാണോ ആ കാറ്റ് എന്ന് ഞാന്‍ സംശയിയ്ക്കാതിരുന്നില്ല.

സമരക്കുന്നിറങ്ങുമ്പോള്‍ മനസ്സ് പ്രക്ഷുബ്ധമായിരുന്നു. ഒരു കാലഘട്ടത്തിന്റെയാകെ പോരാട്ട ചരിത്രമാണ് ഇവിടെ ഉറങ്ങിക്കിടക്കുന്നത്. ആ പോരാട്ടത്തിന്  ഈ സ്മൃതിമണ്ഡപം മതിയായോ? കാവുമ്പായിയിലെ പുതുതലമുറ ഇക്കാര്യം ഉള്ളില്‍ തട്ടി ചിന്തിയ്ക്കുമെന്ന് ഞാന്‍ കരുതുന്നു.