പുതിയ കഥാസമാഹാരം “രയറൊം കഥകള്‍ " VPP ലഭിയ്ക്കാന്‍ sidrapubications@gmail

Saturday 29 January 2011

പെണ്ണുകാണല്‍.

ഭൂമിയിലെ  ഭൂഖണ്ഡങ്ങളെ മൊത്തം കണക്കിലെടുത്താല്‍, ആള്‍ താമസമില്ലാത്ത അന്റാര്‍ട്ടിക്കയും, താരതമ്യേന ചെറുതായ ഓസ്ട്രേലിയയും ഒഴിച്ച് ഏഷ്യാ-യൂറോപ്പ്, ആഫ്രിക്ക, തെക്കും വടക്കും അമേരിയ്ക്കകള്‍ എന്നിവയാണ് പ്രധാനം. ഇവയ്ക്കു തമ്മിലുള്ള ഒരു സാമ്യമെന്താണെന്നു വച്ചാല്‍, ഏഷ്യാ-യൂറോപ്പും ആഫ്രിക്കയും തമ്മിലും‍, തെക്ക് വടക്ക് അമേരിയ്ക്കകള്‍ തമ്മിലും പരസ്പരം കൈകോര്‍ത്താണ് കിടക്കുന്നത്. ഭൂമിദേവിയുടെ ഒരു സൌഹൃദകൂട്ടായ്മ. എന്നാല്‍ മനുഷ്യന് ഇത് അസൌകര്യമായാണ് തോന്നിയത്. അവന്റെ കപ്പലുകള്‍ക്ക് ചെങ്കടലില്‍ നിന്നു മെഡിറ്ററേനിയനിലേക്കു കടക്കാന്‍ പറ്റുന്നില്ലത്രേ. പസഫിക്കില്‍ നിന്നും അറ്റ്ലാന്റിക്കിലേയ്ക്കു കടക്കാന്‍ പറ്റുന്നില്ലത്രേ. അതിനു പരിഹാരമായി അവന്‍ കനാലുകള്‍ നിര്‍മ്മിച്ചു. സൂയസ് കനാലും പനാമ കനാലും. ഇവ രണ്ടു  സമുദ്രങ്ങളെ തമ്മില്‍ ബന്ധിപ്പിയ്ക്കുന്നു. ഇതു പോലെയാണ് മനുഷ്യന്റെ വിവാഹക്കാര്യവും. അവിടെയും രണ്ടു സമുദ്രങ്ങളെ ബന്ധിപ്പിയ്ക്കലാണല്ലോ. അതിനുള്ള കനാലാണ് വിവാഹം. ഏതു കനാലും പണിയുന്നതിനു മുന്‍പ് വിപുലമായ സര്‍വേയും മറ്റും നടത്താറുണ്ട്. വിവാഹക്കാര്യത്തില്‍ ആ സര്‍വേയുടെ പേരാണ് പെണ്ണുകാണല്‍. വിവാഹിതരായ ആരോടു ചോദിച്ചാലും പെണ്ണുകാണലിന്റെ നൊസ്റ്റാല്‍ജിക്ക് അയവിറക്കലുകള്‍ കിട്ടാതിരിയ്ക്കലില്ല.

നാട്ടില്‍ എനിയ്ക്കു അടുപ്പമുള്ള ഒരു ചേട്ടനുണ്ട്. ഗോപ്യേട്ടന്‍. നല്ല സുമുഖന്‍. മുതിര്‍ന്ന രണ്ടു മക്കളുണ്ടെങ്കിലും ചേട്ടനെക്കണ്ടാല്‍ ഇപ്പോഴും യുവത്വം തുടിയ്ക്കും. എന്നാല്‍ ചേട്ടന്റെ ഭാര്യയെ കണ്ടാല്‍ അങ്ങേരുടെ അമ്മയോ അമ്മായിഅമ്മയോ ആണെന്നേ പറയൂ. ഞങ്ങളെല്ലാം അതിശയിച്ചിട്ടുണ്ട്; ഇങ്ങേരെന്തിനാ ഈ ചേച്ചിയെ കെട്ടിയതെന്ന്. പിന്നെ ഓരോരുത്തരുടെ ഇഷ്ടമാണല്ലോ നമുക്കെന്തു ചേതം, എന്നു ആശ്വസിയ്ക്കും.

ഒരിക്കല്‍ ഞാനും ഗോപ്യേട്ടനും കൂടി ഒരു സന്ധ്യയ്ക്ക് തേര്‍ത്തല്ലിയില്‍ നിന്നും രയറോത്തേയ്ക്ക് വെടിപറഞ്ഞു നടന്നു വരുകയാണ്.  അതു നല്ല രസമുള്ള കാര്യമാണ്. മൂന്നു കിലോമീറ്ററോളമുണ്ട് ദൂരം. ചേട്ടന് എന്നെ വലിയ ഇഷ്ടമായതുകൊണ്ട് എല്ലാ കാര്യങ്ങളും എന്നോട് പറയും. അങ്ങനെ നടന്നു വരുമ്പോള്‍  വഴിയരുകിലുള്ള ഒരു വലിയ വീട്ടിലെ ചേച്ചി, ഗോപ്യേട്ടനെ കണ്ടപാടെ വേഗം മുറ്റത്തു നിന്നും മുഖം തിരിച്ചു അകത്തേയ്ക്കു കയറിപ്പോയി.  അതി സുന്ദരിയായ ആ ചേച്ചിയെ പലപ്പോഴും കണ്ടു പരിചയമുണ്ട്. ചേച്ചിയുടെ ആ പോക്കില്‍ എന്തോ ഒരു പ്രത്യേകതയുള്ളതായി എനിയ്ക്കു തോന്നി.

“അതെന്താ ഗോപ്യേട്ടാ, നിങ്ങളെ കണ്ടപാടെ അവര്‍ അങ്ങനെ മുഖം തിരിച്ചു പോയത്? നിങ്ങള്‍ തമ്മില്‍ എന്തെങ്കിലും പരിചയമുണ്ടോ? “

“ചെറിയൊരു മുന്‍‌പരിചയമുണ്ടെടാ..”

“ഉം..എനിയ്ക്കറിയാം. നിങ്ങളു പണ്ടു ലൈനായിരുന്നിരിയ്ക്കും..”

“പോടാ..അതൊന്നുമല്ല. ഇതു വേറെയാ..”

“ഒന്നു പറ  ഗോപ്യേട്ടാ..”

“ഞാന്‍ പണ്ടവളെ പെണ്ണുകാണാന്‍ പോയിട്ടുണ്ട്..”

“ഓഹോ..പിന്നെന്താ കല്യാണം കഴിയ്ക്കാതിരുന്നത് ?”

“എന്റെ അപ്പന്‍ കാലന്‍ പറ്റിച്ച പണിയാ. സ്ത്രീധനം പോരാന്ന്. എഴുപത്തയ്യായിരം രൂപയില്‍ കുറച്ച് പറ്റില്ലാന്ന് അപ്പനു വാശി‍. നുള്ളിപ്പെറുക്കിയാല്‍ എഴുപത്തിമൂന്നിനപ്പുറം  ഒരു രക്ഷയുമില്ലെന്ന് അവളുടച്ഛന്‍. അവസാനം കല്യാണം ഉഴപ്പിപ്പോയി. അവളെ വേറൊരു കാശുകാരന്‍ കെട്ടി.”

“എന്റെ ഗോപ്യേട്ടാ വെറും രണ്ടായിരം രൂപയ്ക്കാണോ ഇത്രയും നല്ലൊരു ചേച്ചിയെ വേണ്ടെന്ന് വച്ചത്..! “

രയറോം എത്തുന്നവരെ ഗോപ്യേട്ടന്‍ ഒരക്ഷരം എന്നോട് മിണ്ടിയില്ല.

പിന്നെ ഞാന്‍ കെട്ടാറായി എന്നു എന്റെ വീട്ടുകാര്‍ തീരുമാനിച്ച അവസരം. ഇക്കാര്യമൊന്നും നമ്മളോടു നേരിട്ടു പറയില്ലല്ലോ. പകരം ഒരു ദല്ലാളെ ഏര്‍പ്പെടുത്തി, എന്നെ എവിടെയെങ്കിലും കൊണ്ടുപോയി കൊളുത്താന്‍. അങ്ങനെ നാട്ടിലുള്ള ഒരു ദല്ലാള്‍ അമ്മാവന്‍ ഒരു വൈകുന്നേരം രയറോത്തുവച്ച് എന്നെ തടഞ്ഞു നിര്‍ത്തി.

“എടാ ഉവ്വേ..നാളെ ഒരിടത്ത് ഒരു പെണ്ണിനെ കാണാന്‍ പോകണം! ”

ഹോ.. എത്രയോ വര്‍ഷങ്ങളായി കേള്‍ക്കാന്‍ കൊതിച്ചിരിയ്ക്കുന്ന വാചകം. എന്നുവച്ച് നമ്മളങ്ങനെ ചീപ്പാകരുതല്ലോ.

“പെണ്ണെങ്ങനെ ? കാണാന്‍ കൊള്ളാവുന്നതാണെങ്കിലേ ഞാന്‍ വരുന്നുള്ളു..” ഞാന്‍ അലക്ഷ്യമായി പറഞ്ഞു.

ഐശ്വര്യ റോയി, ശോഭന, പാര്‍വതി, ഉര്‍വശി ഏറെക്കുറെ ഈ നിലവാരമാണ് എന്റെ മനസ്സിലുള്ളത്.

“നീ വന്നു കണ്ടിട്ട് പറ..നല്ല ഒന്നാന്തരം പെണ്ണ്..” അതോടെ എനിയ്ക്കു സന്തോഷമായി. അന്നു രാത്രിയിലെ സ്വപ്നങ്ങള്‍ക്ക് ഹൈ ഡെഫിനിഷന്‍ വര്‍ണ്ണങ്ങളായിരുന്നു.

പിറ്റേന്ന് ഞാന്‍, ഉറ്റ സുഹൃത്ത് ഭാസി, എന്റെ ആയോധന ഗുരു മാത്യൂ എന്നിവര്‍ ദല്ലാള്‍ അമ്മാവനോപ്പം  പെണ്ണു കാണാന്‍ പോയി. വറ്റിക്കിടക്കുന്ന ഒരു തോട്ടിലെ വലിയ കല്ലുകളുടെ മുകളില്‍ കൂടി, ബാലന്‍സ് പിടിച്ച് ചാടിച്ചാടിയാണ് ആ വീട്ടിലേയ്ക്കെത്തിയത്.  ഒരു ചെറിയ വീട്. സാരമില്ല. പെണ്ണിനെയല്ലേ കെട്ടുന്നത്, വീടിനെയല്ലല്ലോ. പെണ്ണിന്റെ അച്ഛനായിരിയ്ക്കും, ഒരു മൂപ്പീന്ന് ഞങ്ങളെ സ്വീകരിച്ചിരുത്തി. പിന്നെ ദല്ലാള്‍ അമ്മാവനും അങ്ങേരും തമ്മില്‍ കുറേ കുശലം, നാട്ടു വര്‍ത്താനം, അത് ഇത്..അങ്ങനെ സമയം നീണ്ടു. ഞാന്‍ അക്ഷമനായി ഇരിയ്ക്കുകയാണ്. അപ്പോള്‍ ദല്ലാള്‍ അമ്മാവന്‍ എനിയ്ക്ക് ആശ്വാസം പകര്‍ന്നു കൊണ്ട് പറഞ്ഞു:

“എന്നാ ചേട്ടാ മോളെ വിളിയ്ക്ക്..”

“മോളെ സുഭാഷിണീ..” അച്ഛന്‍ അകത്തേയ്ക്കു നോക്കി വിളിച്ചു.

എന്റെ ഹൃദയം പെരുമ്പറ അടിയ്ക്കാന്‍ തുടങ്ങി. കൊടുങ്കാറ്റിനു മുന്‍പുള്ള നിശബ്ദത  അവിടെ പരന്നു. എനിയ്ക്കിതൊക്കെ പുല്ലാണെന്ന മട്ടില്‍ ഞാന്‍ ഭാസിയെയും മാത്യൂ ഗുരുക്കളെയും നോക്കി ചിരിച്ചതുപോലെ വരുത്തി.

അതാ വാതിലില്‍ ആ മുഖം. കൈയില്‍ ഒരു ട്രേയില്‍ ചായയും ബേക്കറിയും. വീര്‍പ്പിച്ച ബലൂണില്‍ സൂചിയ്ക്കു കുത്തിയാലെന്ന പോലൊരു ഫീലിങ്ങ് ഉള്ളില്‍ കൂടി പാഞ്ഞു. ഞാന്‍ ദല്ലാളെ നോക്കി.

“അങ്ങോട്ട് കൊടുക്കു മോളെ..” അച്ഛന്‍ മോളെ ഉപദേശിച്ചു.

അവള്‍ ഒരു ഗ്ലാസെടുത്ത് എനിയ്ക്കു നീട്ടി. ചായ ഗ്ലാസിലേക്കു മാത്രം നോക്കി ഞാനതു മേടിച്ചു. എല്ലാവര്‍ക്കും ചായ കിട്ടി. ട്രേ ഞങ്ങളുടെ മുന്നില്‍ വച്ച് അവള്‍ മാറി നിന്നു. എന്റെ കൈകളില്‍ വല്ലാത്ത ഒരു തരിപ്പ്. ഒരു വിധത്തില്‍ ഞാനതു അടക്കി പിടിച്ചു.

“എടാ..വല്ലതും ചോദിയ്ക്കെടാ..” ഭാസി എന്നെ തോണ്ടിക്കൊണ്ട് ചെവിയില്‍ പിറുപിറുത്തു.  കൊല്ലാനുള്ള ദേഷ്യത്തോടെ അവനെ ഞാന്‍ നോക്കി. അതു കണ്ട് ഗുരുക്കള്‍ എന്റെ കാലിനു ചവിട്ടി, എന്നിട്ട് ഒച്ചതാഴ്ത്തി പറഞ്ഞു..

“എടാ @$#^..തരം കാണിയ്ക്കരുത്..”

“അവര്‍ക്കു വല്ലതു  ചോദിയ്ക്കാനും പറയാനും കാണും. വാ നമുക്കങ്ങോട്ട് മാറി നില്‍ക്കാം..” ദല്ലാള്‍ അമ്മാവന്‍ എഴുനേറ്റു.

“വേണ്ട..വേണ്ട..” ഞാന്‍ തടഞ്ഞു. എന്നിട്ട് പെണ്ണിനെ നോക്കി ഒരു വിധം ഞാന്‍ ചോദിച്ചു:

“ എന്താ പേര്? എത്രവരെ പഠിച്ചു?“

അവള്‍ എന്തൊക്കെയോ പറഞ്ഞു.  ഞാന്‍ ഒന്നും ശ്രദ്ധിച്ചില്ല.

രയറോത്തെത്തിയ പാടെ ഞാന്‍ ദല്ലാള്‍ അമ്മാവനെ ഒരു മൂലയിലേയ്ക്കു  കൂട്ടിക്കൊണ്ടു പോയി. “ മേലാല്‍ ഇമ്മാതിരി പരിപാടീം കൊണ്ടെന്റെ അടുത്തേയ്ക്കു വന്നേക്കരുത്. ഞാന്‍ കെട്ടാഞ്ഞിട്ടു  മുട്ടി നില്‍ക്കുകാന്നു തന്നോട് പറഞ്ഞാരുന്നോ..?“ . എന്റെ ഭാവം കണ്ട് അമ്മാവന്‍ ഒരക്ഷരം മിണ്ടാതെ വേഗം സ്ഥലം വിട്ടു.

പിന്നെ കുറേക്കാലത്തേയ്ക്ക് എങ്ങും പെണ്ണുകാണാന്‍ പോയില്ല. ആറു മാസങ്ങള്‍ക്കു ശേഷം ഒരു മെല്ലിച്ച ആള്‍ എന്നെ   പഴയതുപോലെ രയറോത്തു നിന്നു പിടിച്ചു നിര്‍ത്തി.

 “നാളെ ഒരിടത്തു പോകാനുണ്ട്.“

“എങ്ങോട്ട് ?”

“നല്ലൊരു പെണ്ണുണ്ട്..ചുണ്ണാമുക്കില്‍. ഒരു ജീപ്പു വിളിച്ചു പോകാം..”

“ഒരിയ്ക്കല്‍ പോയ അനുഭവമുണ്ട്. നല്ല പെണ്ണാണെങ്കിലേ ഞാന്‍ വരുന്നുള്ളു..”

“നല്ല കടഞ്ഞെടുത്ത പോലത്തെ പെണ്ണ്. നീ ജീപ്പ് വിളിച്ച് രാവിലെ റെഡിയായി നില്ല്..”

അയാളുടെ പറച്ചിലും ഭാവവും കണ്ടപ്പോള്‍ അത്ര മോശമാകില്ല എന്നെനിയ്ക്കു തോന്നി. അങ്ങനെ പിറ്റേ ദിവസം ദല്ലാളും ഞാനും ഭാസിയും മറ്റൊരു ചങ്ങാതിയും കൂടി ചുണ്ണാമുക്കിനു ജീപ്പില്‍ പോയി. ആദ്യ ഉപചാരങ്ങള്‍ക്കു ശേഷം പെണ്ണു വരുന്ന മുഹൂര്‍ത്തമായി. ഞാന്‍ ശ്വാസം അടക്കി ഇരിയ്ക്കുന്നു. ഒന്ന്..രണ്ട്..മൂന്ന്...അതാ അവള്‍ വന്നു....

 ബലൂണ്‍ വീണ്ടും പൊട്ടി. ഞാന്‍ നിരാശനായി ഒന്നും മിണ്ടാതെ ഇരിയ്ക്കുമ്പോള്‍ ഭാസി എന്നെ തട്ടി..

“എടാ മിണ്ടാതിരുന്നാല്‍ മോശമാണ്..” അവന്‍ ചെവിയില്‍ പറഞ്ഞു. ഞാന്‍ ദല്ലാളനെ നോക്കി പല്ലിറുമ്മിയതല്ലാതെ ചുണ്ടനക്കിയില്ല. അപ്പോള്‍ ഒരു ചോദ്യം:

“എന്താ പേര് ?” ഞാന്‍ ഒന്നു ഞെട്ടി. ചോദ്യം പെണ്ണിന്റെയാണ്.

“ബിജു..” എന്റെ ഒച്ച പതറിയിരുന്നു.

“വീട്ടിലാരൊക്കെയുണ്ട് ?”

“അച്ഛനും അമ്മയും പെങ്ങളും..” ഞാനാകെ ഫ്ലാറ്റായി. എന്റെ ഭാഗ്യത്തിന് കൂടുതലൊന്നും അവള്‍ ചോദിച്ചില്ല.

“ഇങ്ങു വന്നേ..” ദല്ലാള്‍ എന്റെ കൈപിടിച്ച് ഒരു മൂലയിലേയ്ക്ക് മാറി നിന്നു. “ഇവരോട് എന്നാണ് വീട്ടിലേയ്ക്ക് വരാന്‍ പറയേണ്ടത്..?”

“അതു ഞാന്‍ വഴിയ്ക്ക്ന്നു പറയാം..”

എല്ലാം കഴിഞ്ഞു ഞങ്ങള്‍ ജീപ്പില്‍ കയറി.

“നീ മുന്‍പില്‍ കയറുന്നില്ലേ?” ഭാസി എന്നോട് ചോദിച്ചു.

“ഇല്ല. ഞാന്‍ പുറകില്‍ ദല്ലാളു ചേട്ടന്റെ കൂടെ ഇരുന്നുകൊള്ളാം. നിങ്ങളു മുന്‍പില്‍ ഇരുന്നോളു..”

ഭാസിയ്ക്ക് എന്തോ പന്തികേടു തോന്നിയോ ആവോ. ഏതായാലും ജീപ്പു കുറച്ചങ്ങ് നീങ്ങിയപ്പോള്‍ ഞാന്‍ ദല്ലാളിന്റെ അടുത്തേയ്ക്കു നീങ്ങിയിരുന്നു.

“എടോ ഇതാണോടോ കടഞ്ഞെടുത്ത പെണ്ണ് ?”

“പെണ്ണിനെന്താ കുഴപ്പം?”

“കുഴപ്പമോ..ഇങ്ങു വാ...ചെവിയില്‍ പറയാം. മര്യാദയ്ക്കു ജീപ്പിന്റെ വാടക കൊടുത്തോണം..”

“ജീപ്പൊന്നു നിര്‍ത്തുമോ..ഞാനിവിടെ ഇറങ്ങിക്കോളാം..” അയാള്‍ ദയനീയമായി പറഞ്ഞു. ജീപ്പുകാരന്‍ നിര്‍ത്തി ക്കൊടുത്തു. ദല്ലാള്‍ അവിടെ ഇറങ്ങി മൂന്നു കിലോമീറ്ററോളം നടന്നു ബസ്റ്റോപ്പിലെത്തിയാണ് നാടു പിടിച്ചത്.

പിന്നീട് എനിയ്ക്കു പെണ്ണുകാണലേ താല്പര്യമില്ലാതായി. അവസാനം വീട്ടുകാരുടെ നിര്‍ബന്ധത്തിനു വഴങ്ങി ഒരു പരിചയക്കാരനോടൊപ്പം പിന്നേം ഒരിയ്ക്കല്‍  പോയി. നിര്‍ബന്ധിച്ചിട്ടും, എന്തോ അത്യാവശ്യമുണ്ടെന്നു പറഞ്ഞ് ഭാസി ഒഴിഞ്ഞു. ഇത്തവണ ഞാനൊന്നും സങ്കല്‍പ്പിച്ചില്ല. പെണ്ണെങ്ങനെ ഉള്ളതായാലും മാന്യമായി പെരുമാറണമെന്ന് ഉറച്ചു. നമ്മുടെ പെരുമാറ്റം അവര്‍ക്കെത്ര മാനസിക വിഷമം വരുത്തുന്നുണ്ടാവും..? പാവം.  വെറുതെ പോയികണ്ടു ചായകുടിച്ചു വരുക എന്നതില്‍ കവിഞ്ഞ ഒരു ഉദ്ദേശവും എനിയ്ക്കുണ്ടായിരുന്നില്ല. ഞങ്ങള്‍ പോയി. കുശലമെല്ലാം കഴിഞ്ഞ് പെണ്ണിനെ പ്രതീക്ഷിച്ച് ഇരിയ്ക്കുന്നു. ഇപ്രാവശ്യം ചങ്കിടിപ്പൊന്നുമില്ല. സംഭവിയ്ക്കാന്‍ പോകുന്നതെന്താണെന്ന് നന്നായി അറിയാം.

“മോളെ ഇങ്ങു വാ..” അവളുടെ അച്ഛന്‍ അകത്തേക്കു വിളിച്ചു. ഞാന്‍ ശ്രദ്ധിയ്ക്കാതെ വീടിന്റെ ഭിത്തിലേയ്ക്കു നോക്കിയിരുന്നു. അപ്പോള്‍ വാതില്‍ക്കല്‍ അനക്കം. ഒന്നു പാളി നോക്കി. നെഞ്ചു പടപടാന്നിടിച്ചു പോയി..
പൂര്‍ണചന്ദ്രനുദിച്ച പോലെ ഒരു മുഖം. ഞാനറിയാതെ കൈകാലുകള്‍ക്കൊരു വിറയല്‍. ഞാന്‍ ആ മുഖത്തേയ്ക്കുറ്റു നോക്കി. എന്നെ നോക്കുന്നേയില്ല. വന്ന പോലെ വേഗം അവള്‍ അകത്തേയ്ക്കു പോയി. ചായയ്ക്കും കടികള്‍ക്കും നല്ല സ്വാദ്.

“എന്തെങ്കിലും ചോദിയ്ക്കാനുണ്ടെങ്കില്‍ അങ്ങു മാറി നിന്നു സംസാരിച്ചോളൂ..”  അച്ഛന്‍ എന്നെ ഓര്‍മ്മിപ്പിച്ചു.

വീടിന്റെ പടിഞ്ഞാറെ മുറ്റത്ത് ഞാന്‍ നില്‍ക്കുമ്പോള്‍, പാദസ്വരങ്ങളുടെ ചില്‍ ചില്‍ അകമ്പടിയോടെ അവള്‍ വന്നു. പിന്നെ മുഖം കുനിച്ചു നിന്നു. കൂട്ടിപ്പിടിച്ച ആ വിരലുകള്‍ വിറയ്ക്കുന്നത് എനിയ്ക്ക് നന്നായി കാണാം. അല്പനേരം കൂടി ആ മുഖത്തേയ്ക്ക് നോക്കി നിന്നു:

“എന്നെ ഇഷ്ടമായോ..?” വേറൊന്നും എന്റെ നാവില്‍ വന്നില്ല.

ചുവന്ന കീഴ്ചുണ്ടു കടിച്ച് അവള്‍ കുനിഞ്ഞ മുഖത്തെ കണ്ണുകള്‍ ഉയര്‍ത്തി ഒന്നു നോക്കി. പിന്നെ ചെറുതായി ഒന്നു ചിരിച്ചു. കൂടിക്കാഴ്ച കഴിഞ്ഞു.

ഇത്ര പെട്ടെന്നു ഞാന്‍ തിരികെ ചെന്നതിനാല്‍ അവളുടെ അച്ഛന്‍ ആശങ്കയോടെ എന്നെ നോക്കി, ഇഷ്ടമായില്ലേ എന്ന അര്‍ത്ഥത്തില്‍.. ഞാന്‍ അദ്ദേഹത്തെ നോക്കി ചിരിച്ചു. ഇവളെ ഇഷ്ടമായില്ലെങ്കില്‍ പിന്നെ ആരെ ഇഷ്ടമാകാന്‍..!
ആ അവളാണ് ഇന്നും കൂടെയുള്ളവള്‍. എന്നാല്‍ അവള്‍ എന്റേതാകാന്‍ നമ്മുടെ ഗോപ്യേട്ടന്‍ നേരിട്ടതുപോലുള്ള കുറേ കടമ്പകള്‍ കടക്കേണ്ടി വന്നു എനിയ്ക്ക്. അക്കഥകള്‍ പിന്നീട് പറയാം.

25 comments:

  1. ന്നാ പിന്നെ ഒരു കുടുമ്പ പോട്ടം കൂടെ ഇടാരുന്നില്ലേ? ഞാന്‍ ഒന്നേ കണ്ടുള്ളു. അത് റിസ്കെടുക്കാന്‍ തയ്യാറായിരുന്നതിനാല്‍ അതിനെ തന്നെ കൂടെ കൂട്ടി.

    ReplyDelete
  2. കൊള്ളാലോ ഒടുവില്‍ ഒപ്പിച്ചു അല്ലെ ..ഈ പെണ്ണുകാണല്‍ ചടങ്ങ് എന്റെ ജീവിതത്തില്‍ ഇത് വരെ സംഭവിച്ചിട്ടില്ല ,,കൂട്ടുകാര്‍ ക്കൊപ്പവും ആ ചായകുടിക്കള്‍ മാമാങ്കത്തിന് പോയിട്ടില്ല :0

    ReplyDelete
  3. ഒന്നു പിഴച്ചാല്‍ മൂന്നെന്ന് അല്ലേ കണക്ക്. അങ്ങനെ തന്നെ നടന്നു.

    ReplyDelete
  4. പെണ്ണുകാണൽ എന്ന നാടകത്തിലൂടെ പെണ്ണുകെട്ടൽ മലയാളി ഇന്നും തുടരുന്നത് അത്ഭുതമല്ലേ!!പരസ്പരം കുറച്ചെങ്കിലും മനസ്സിലാക്കി പരിചയപ്പെട്ടശേഷം ജീവിതകാലം മുഴുവൻ കൂടെക്കഴിയേണ്ടയാളെ തെരഞ്ഞെടുക്കുന്നതല്ലേ നല്ലത്...

    ReplyDelete
  5. ഭായ്...മൂന്നില്‍ നിര്‍ത്തിയല്ലോ....?ആശ്വാസിക്കാം..ഇവിടെ ചിലര്‍ മുന്നൂറു പെണ്ണു കണ്ട ചരിത്രമുണ്ട്...പക്ഷേ ഞാന്‍ അങ്ങിനെയല്ലാട്ടോ...?
    ഞാന്‍ രമേശേട്ടന്റെ കൂട്ടത്തിലാ...ഹിഹി...ദേ ഇവിടെയുണ്ട് അക്കഥ.

    ReplyDelete
  6. ho ennano onnu 21 vayassavuka, ennittu venam naalanju pennineyoke onnu kanan.. enganeyirikkumo avo ente bhavi vadhu...????????

    ReplyDelete
  7. @ നനവ്: പുതുതലമുറ ഇപ്പോള്‍ അങ്ങനെയല്ലേ..വായനയ്ക്കു നന്ദി.
    @റിയാസ്: റിയാസെത്ര കണ്ടൂന്നാ? :-)
    @ എബിന്‍: വെറുതെയാ മോനെ. ഇപ്പോള്‍ 28 വയസ്സാണ് മിനിമം യോഗ്യത.

    ReplyDelete
  8. ഞാന്‍ കണ്ടത് ഒരേയൊരു ഫോട്ടം. അതിനെ തന്നെ കെട്ടി.പെണ്ണിനെ കണ്ടതൊക്കെ വീടുകാര്‍. പെണ്ണിനെ നേരില്‍ കണ്ടത് കല്യാണത്തിനായി നാട്ടില്‍ പോയപ്പോള്‍..hi..hi....സസ്നേഹം

    ReplyDelete
  9. പെണ്ണുകാണലും അതിന്റെ നെഞ്ചിടിപ്പും ഒക്കെ പുത്തന്‍തലമുറയ്ക്ക് അന്യമായിരിക്കും ല്ലേ...?രസകരമായി പറഞ്ഞു ട്ടോ.

    ഞാന്‍ പക്ഷേ, രമേശിന്റെയും റിയാസിന്റെയും ഒക്കെ കൂട്ടത്തിലാ....

    ReplyDelete
  10. ശരിയാ..ഒന്നില്‍ പിഴച്ചാല്‍ മൂന്നാ...അനുഭവം ഗുരു. പിന്നെ കാക്കയ്ക്ക് തന്‍ കുഞ്ഞ് പൊന്‍ കുഞ്ഞല്ലേ?

    ReplyDelete
  11. എന്ത് ചെയ്യാന്‍ , എനിക്ക് പെണ്ണ് കാണാന്‍ പോവേണ്ടി വന്നില്ല ? പെണ്ണിനെ പ്രേമിച്ചു ഇഷ്ടപ്പെട്ട ശേഷം ,വീട്ടുകാര്‍ വെറുതെ പോയി കല്യാണം ഉറപ്പിച്ചതെ ഉള്ളൂ .
    ഒരു പെണ്ണ് കാണാന്‍ പോവാന്‍ പറ്റിയിരുന്നെങ്കില്‍ ..........

    ReplyDelete
  12. സംഭവം വളരെ നന്നായി. ഇനി കല്ല്യാണവിശേഷം കൂടി കാണുമല്ലൊ,,,
    പെണ്ണ് കാണാൻ വരുമ്പോൾ പെൺ വീട്ടുകാരുടെയും പെണ്ണിന്റെയും ചിന്തകൾ
    അനിയൻ ബാബു ചേട്ടൻ ബാബു
    വായിച്ച് ചിരിക്കാം

    ReplyDelete
  13. കൊള്ളാം.
    എന്തായാലും ഹാപ്പിയാണല്ലോ, അല്ലേ!?
    അതു മതി!
    മംഗളങ്ങൾ!

    ReplyDelete
  14. ഹും.... എന്തോ കാര്യ സാധ്യത്തിനുള്ള വഴിയാണല്ലോ ഈ പോസ്റ്റ്‌..?! ചേച്ചിയെ കാണിച്ചും കാണും ഇത് അല്ലെ ബിജുവേട്ടാ... ഹ ഹ ഹ

    ReplyDelete
  15. ബിജുവേട്ടാ... പൂയ് യ് യ് യ്.......
    ഈ ബ്ലോഗിന്റെ ലിങ്ക് ചേച്ചിക്ക് അയച്ചു കൊടുത്തില്ലേ.... ആ താലിമാല പണയം വച്ചാലേ ഇപ്പോളത്തെ പ്രശ്നങ്ങൾ തീരൂ അല്ലേ..?
    പിന്നെ എനിക്കൊരു സംശയം ചേട്ടൻ എന്നും പൂർണ്ണ ചന്ദ്രനെ കാണുന്നത് അമാവാസി ദിവസമാണോ???? അല്ല ശരിക്കും പൂർണ്ണ ചന്ദ്രൻ എന്നു വെച്ചാൽ എങ്ങനെ ഇരിക്കും?? നല്ല കറുകറാ കറുത്ത് കണ്ടാൽ പേടി വരുന്ന പോലെ ആണോ???
    മനസ്സിൽ തെറി വിളിക്കണ്ട, എനിക്കൊരു പൂർണ്ണ ചന്ദ്രൻ ഇല്ലാത്ത അസൂയ കൊണ്ട് എഴുതിയതാ ട്ടോ... നല്ല രസമുണ്ട് വായിക്കാൻ ചേട്ടാ........

    ReplyDelete
  16. നല്ല സുഖമുള്ള ഓര്‍മ്മകള്‍

    ReplyDelete
  17. ഏതായാലും മൂന്നിലുരച്ചല്ലോ, ചിലരിതുതന്നെ ഒരു പരിപാടിയായി കൊണ്ടു നടക്കാറുണ്ട്.
    ജീവിതത്തിലെ മറക്കാനാവാത്ത സുന്ദര നിമിഷങ്ങളാണിതൊക്കെ, നന്നായി എഴുതി. ആശംസകള്‍.

    ReplyDelete
  18. ഇത് സീരിയലിന്റെ എപ്പിസോടെ പോലെ ആയി പോയല്ലോ . വായിച്ചു രസം പിടിച്ചു വന്നപ്പോള്‍ ഇനി അടുത്ത എപ്പിസോഡില്‍ .............
    ഏതായാലും കലക്കി ......... കാത്തിരിക്കുന്നു

    ReplyDelete
  19. ഞാനും ഒരനുഭവം എഴുതാനിരിക്കുവാരുന്നു...!! ആശംസകള്‍...!!

    ReplyDelete
  20. ഹാവൂ. വായിച്ചു കഴിഞ്ഞപ്പോൾ ഒരാശ്വാസം. ഇനി ഇതും ചീറ്റിപ്പോകുമോ എന്ന ഉൽക്കണ്ഠ തീർന്നുകിട്ടി.
    നന്നായി. എഴുത്തിന്റെ മിടുക്കാണത്..

    ReplyDelete
  21. ...അതോടെ എനിയ്ക്കു സന്തോഷമായി. അന്നു രാത്രിയിലെ സ്വപ്നങ്ങള്‍ക്ക് ഹൈ ഡെഫിനിഷന്‍ വര്‍ണ്ണങ്ങളായിരുന്നു...

    എന്താണാവോ ഈ ഹൈ ‘ഡെഫിനിഷൻ’ :-)

    അവതരണ രീതി നന്നായിരിക്കുന്നു. നല്ല ഓർമകളെ ഓമനിയ്ക്കാനിഷ്ടപ്പെടാത്തതായി ആരുണ്ടാവും?!
    ആശംസകൾ...

    ReplyDelete
  22. pinne pennukanal itra sugamulla paripaadiyanennu arinjilla...
    umma parayunna eetu pennineyum ketamennu njan vaku kodutu poyi.... kashtamayallo...
    nannayi ketto....

    ReplyDelete
  23. Pennukanal itra sugamulla paripaadiyanennu arinjilla...
    umma parayunna eetu pennineyum ketamennu njan vaku kodutu poyi.... kashtamayallo...

    nannayi ketto....
    aasham sakal...

    ReplyDelete
  24. എനിക്ക് വല്ലാത്ത ആഗ്രഹമായിരുന്നു ഒരു പെണ്ണ് കാണല്‍ നടത്തത്നം എന്ന് ,എന്ത് ചെയ്യാന്‍ അത് പറ്റിയില്ല ,എന്റെ കല്ലിയനത്തിനും പെണ്ണ് കാണല്‍ ചടങ്ങ് ഇല്ലായിരുന്നു ,ഞാന്‍ ഇടക്ക് പറയാറുണ്ട് വൈഫോട് നമ്മള്‍ക്ക് രണ്ടുപേര്‍ക്കും കൂടി എനിക്ക് വേണ്ടി ഒരു പെണ്ണ് കാനലിനു പോയാലോ എന്ന്,

    ReplyDelete
  25. ഈ നാടകീയത നിറഞ്ഞ പെണ്ണുകാണൽ ചടങ്ങുകൾക്കൊക്കെ ഒരു മാറ്റം കൊണ്ട് വരേണ്ടിയിരിക്കുന്നു...:-)

    ReplyDelete

കമന്റിലെ അക്ഷരങ്ങള്‍ക്ക് നിറം നല്‍കാന്‍ [co="red"]Type Text here[/co] . ഇവിടെ red എന്നതിനു പകരം മറ്റ് നിറങ്ങള്‍ നല്‍കിയാല്‍ മതിയാകും.