പുതിയ കഥാസമാഹാരം “രയറൊം കഥകള്‍ " VPP ലഭിയ്ക്കാന്‍ sidrapubications@gmail

Friday 14 January 2011

വണ്ടിലേലം

പണ്ടുകാലത്ത് പല നാടുകളിലും അടിമകളെ ചന്തയില്‍ ലേലം വിളിച്ച് വില്‍ക്കാറുണ്ടായിരുന്നു എന്ന് ചരിത്രം പഠിച്ചവര്‍ക്കറിയാമല്ലോ. അതിന്റെ ആധുനിക രൂപമാണെന്നു തോന്നുന്നു ഇക്കഴിഞ്ഞ ദിവസം നമ്മുടെ നാട്ടില്‍ നടന്ന “ഐ.പി.എല്‍ ലേലം അഥവാ “ഇന്ത്യന്‍ പണക്കൊഴുപ്പ് ലീഗ്” ലേലം. അതെന്തോ ആകട്ടെ നമ്മുടെ നാട്ടില്‍ പലയിനം ലേലങ്ങള്‍ കാലാകാലമായി നടപ്പുണ്ട്. ചിട്ടി ലേലം, ടെന്‍ഡര്‍ ലേലം അങ്ങനെയുള്ള വലിയ കേസുകെട്ടൊക്കെ ഒഴിവാക്കിയാല്‍ നാട്ടിന്‍ പുറത്ത് കാവുകളിലും മറ്റും നടപ്പുള്ള ഒരു ലേലമുണ്ട്. പണ്ട് ഞങ്ങളുടെ നാട്ടില്‍ വന്ന ഒരു സൈക്കിള്‍ യജ്ഞക്കാരാണ് ആ ലേലം ഇന്‍‌ട്രൊഡ്യൂസ് ചെയ്തത്. സംഗതി സിമ്പിള്‍. മുട്ട, വാഴക്കുല, കോഴി തുടങ്ങിയവ പോലുള്ള ഒരിനം ലേലത്തിനു വെയ്ക്കും.  ഒരു രൂപയിലാണ് ആരംഭം. ആര്‍ക്കു വേണമെങ്കിലും എത്ര തുകവേണമെങ്കിലും കൂട്ടിവിളിയ്ക്കാം. കൂട്ടിവിളിയ്ക്കുന്ന കാശ് കൈയോടെ ലേല കളത്തിലിടണം. അങ്ങനെ വിളിച്ച് വിളിച്ച്, അവസാനം വിളിച്ചുനിര്‍ത്തിയ ആള്‍ക്ക് സാധനം കിട്ടും. ഒരു മുട്ട ചിലപ്പോള്‍ നൂറോ നൂറ്റന്‍പതോ രൂപയ്ക്കാവും ലേലത്തില്‍ പോകുക. അത്താഴപ്പട്ടിണിക്കാരായ യജ്ഞക്കാര്‍ക്ക് ഒരു സഹായം എന്ന നിലയില്‍ പലര്‍ വാശിയ്ക്ക് വിളിയ്ക്കുന്നതിനാലാണ് ഇത്രയും തുക ആകുന്നത്. ഒരു രസം എന്നതില്‍ കവിഞ്ഞ ഗൌരവം ഒന്നും ഇതിനില്ല. ഞങ്ങളൊക്കെ അന്ന് പത്തും പതിനഞ്ചും രൂപവരെ വിളിച്ചു കളയും. അതിനപ്പുറം ഇല്ല.പിന്നീട് കാവിലെ ഉത്സവത്തിനു ഫണ്ടുണ്ടാക്കാനും ഈ പരിപാടി നടത്താറുണ്ടായിരുന്നു.

വേറൊരു ടൈപ്പ് ലേലം ഉണ്ട്. “വണ്ടിലേലം”. ഞാനും ഒരിയ്ക്കല്‍ “വണ്ടി ലേല“ത്തില്‍ പങ്കെടുത്തു. കണ്ണൂര് പഠിയ്ക്കുന്ന കാലത്താണത്. അന്നൊക്കെ കഷ്ടിച്ച് വണ്ടിക്കൂലിയ്ക്കുള്ള കാശുമായാണ് പോകുന്നത്.  അങ്ങനെയുള്ള ഞാന്‍ എങ്ങനെയാണ് “വണ്ടിലേല“ത്തില്‍ പങ്കെടുത്തതെന്നാണോ? കേട്ടുകൊള്ളു.

സ്ഥലം തളിപ്പറമ്പ് ബസ് സ്റ്റാന്‍ഡ്. സമയം ആറുമണിയോളമായി. ഞാനും കൂടെ പഠിയ്ക്കുന്ന സുഹൃത്തും ഒഴിഞ്ഞുകിട്ടിയ ഒരു സീറ്റിലിരിയ്ക്കുന്നു. വിദ്യാര്‍ത്ഥികളായ ഞങ്ങള്‍ക്ക് അപൂര്‍വമായേ സീറ്റു കിട്ടാറുള്ളു.  സീറ്റിലാകെ ആളുണ്ട്. അപ്പോഴാണ്  ചപ്രശ മുടിയുള്ള ഒരു തടിയന്‍ ബസിലേയ്ക്ക് കയറി വന്നത്. ബസിന്റെ മധ്യഭാഗത്ത് നിന്ന് അയാള്‍ കണ്ഠശുദ്ധി വരുത്തിയിട്ട് ഇപ്രകാരം പ്രഭാഷിച്ചു:

“ബസിലിരിയ്ക്കുന്ന മാന്യ യാത്രക്കാരെ. ഞാനിവിടെ പരിചയപ്പെടുത്താന്‍ പോകുന്നത് ഒന്നാന്തരം ബനാറസ് പട്ടു സാരിയാണ്. നിങ്ങളിത് കടയില്‍ പോയി മേടിയ്ക്കണമെങ്കില്‍ ആയിരക്കണക്കിന് രൂപ കൊടുക്കണം. എന്നാല്‍ ഞാനിവിടെ നിങ്ങള്‍ക്ക് തുച്ഛമായ കാശിനാണ് തരാന്‍ പോകുന്നത്. വേണമെന്നുള്ളവര്‍ ഇഷ്ടപെട്ട കാശ് കേറ്റി വിളിയ്ക്കുക. ന്യായമായ കാശൊത്താല്‍ സാരി നിങ്ങള്‍ക്ക്. ഇല്ലെങ്കില്‍ നിങ്ങള്‍ക്ക് പ്രോത്സാഹന സമ്മാനമായി ഒരു കണ്ണാടി കിട്ടുന്നതാണ്. ശരി..നൂറു രൂപാ ഒരു തരം..നൂറു രൂപാ..”

പുറത്തു നിന്നും ആരോ കൊടുത്ത ഒരു ചുവന്ന സാരി ഉയര്‍ത്തിപ്പിടിച്ച് അയാള്‍ വീണ്ടും പറഞ്ഞു: “

ബനാറസ് പട്ടുസാരി..നൂറു രൂപാ ഒരു തരം..ആര്‍ക്കും വിളിയ്ക്കാം..”

“നൂറ്റന്‍പതു രൂപാ..” ആരോ ഒരാള്‍ കേറ്റി വിളിച്ചു.

“ഹാ..നൂറ്റന്‍പതു രൂപാ .നൂറ്റന്‍പതു രൂപാ ഒരു തരം..”

“ഇരുനൂറു രൂപാ..” വേറൊരാള്‍ കൂട്ടി വച്ചു.

“ഇതാ സുഹൃത്തുക്കളെ..ആ ചേട്ടന്‍ ഇരുനൂറു രൂപാ..ഇരുനൂറു രൂപാ ഒരു തരം..ഇരുനൂറു രൂപാ രണ്ടു തരം..”

അയാള്‍ കുറെ വിളിച്ചെങ്കിലും പിന്നെ ആരും കേറ്റി വിളിച്ചില്ല..

“ഇരുനൂറു രൂപാ രണ്ടു തരം..ആരെങ്കിലുമുണ്ടോ..ശരി..സുഹൃത്തുക്കളെ ഇരുനൂറു രൂപയ്ക്ക് ഇതു കൊടുത്താല്‍ മുതലാവില്ല. അതു കൊണ്ട് ആ ചേട്ടന് ഇതാ പ്രോത്സാഹനസമ്മാനമായി ഒരു കണ്ണാടി..”

സാരി മടക്കി വച്ചിട്ട് അയാള്‍ ഒരു കണ്ണാടിയെടുത്ത് ഇരുനൂറു രൂപാ വിളിച്ച ചേട്ടന് കൊടുത്തു.

“സുഹൃത്തുക്കളെ ഇതാ..ഇതൊരു പാന്റ് പീസാണ്. വിമലിന്റെയാണ്. കടയില്‍ ഇതിന് അഞ്ഞൂറ് രൂപാ വിലയുണ്ട്. ഞാനിതാ ലേലത്തിനു വയ്ക്കുന്നു. എഴുപത്തഞ്ചു രൂപാ ഒരു തരം..”

“നൂറു രൂപാ..” ഒരാള്‍ കേറ്റി വച്ചു.

“നൂറ്റിരുപത്തഞ്ച്..” വേറൊരാള്‍.

“നൂറ്റന്‍പത്..” വീണ്ടും ഒരാള്‍.

പിന്നെയാരും വിളിച്ചില്ല. ലേലക്കാരന്‍ പാന്റ് മടക്കി തോളിലിട്ടു. ഒരു കണ്ണാടിയെടുത്ത് അയാള്‍ക്കും കൊടുത്തു.

“സുഹൃത്തുക്കളെ അടുത്തത് ഒരു ഷര്‍ട്ട് പീസാണ്. ദാ കടയില്‍ ഇതിന് ഇരുനൂറ്റന്‍പതു രൂപാ വിലയുണ്ട്. ഞാനിതാ അന്‍പതു രൂപയ്ക്ക് ലേലത്തിനു വയ്ക്കുന്നു. വിളിച്ച് കിട്ടിയില്ലെങ്കില്‍ കണ്ണാടി സമ്മാനം“.

“അറുപതു രൂപാ...” ഒരാള്‍ വിളിച്ചു.

“എഴുപതു രൂപാ..” മറ്റൊരാള്‍.

പിന്നെ ആരും വിളിയ്ക്കുന്നില്ല. അപ്പോഴാണ് എന്റെ തല വര്‍ക്കു ചെയ്തത്. ഇരുനൂറ്റന്‍പതു രൂപയുടെ പീസ് എതായാലും അയാള്‍ നൂറില്‍ താഴെ കൊടുക്കില്ല. ഒരു പത്തു രൂപാ കേറ്റി വിളിച്ചാലോ.. മറ്റാരും വിളിച്ചില്ലെങ്കില്‍ കണ്ണാടി ഫ്രീ. വേറാരെങ്കിലും കേറ്റി വിളിച്ചാല്‍ കൊണ്ടുപൊയ്ക്കോട്ടെ. ഇതു വെറുമൊരു രസം. കിട്ടിയാല്‍  ഒരു കണ്ണാടി.

“എണ്‍പത് രൂപാ..” ഞാന്‍ ഉച്ചത്തില്‍ വിളിച്ചു.

“ദാ ആ മോന്‍ എണ്‍പതു രൂപാ..ഒരു തരം..എണ്‍പതു രൂപാ..”

ഞാന്‍ നോക്കി ആരെങ്കിലും വിളിയ്ക്കുനുണ്ടോ? ആരും വിളിയ്ക്കരുതേ..
ആരും മിണ്ടുന്നില്ല.

“എണ്‍പതു രൂപാ..ഒരു തരം..രണ്ടുതരം ആരെങ്കിലും ഉണ്ടോ..” അയാള്‍ വീണ്ടും ഷര്‍ട്ടു പീസ് മടക്കാന്‍ തുടങ്ങി.

ഹാവൂ..കണ്ണാടി എനിയ്ക്കു തന്നെ..

“എണ്‍പതു രൂപാ മൂന്നു തരം..!” അയാള്‍ മടക്കിയ ഷര്‍ട്ടു പീസ് എന്റെ നേരെ നീട്ടി.

ഞാന്‍ വിയര്‍ത്തു പോയി. ദൈവമേ, പോക്കറ്റിലാകെയുള്ളത് ബസ് പാസിനുള്ള മൂന്നു രൂപാ മാത്രം..! ഞാന്‍ ദയനീയമായി ആ തടിയനെ നോക്കി.

“ഇതാ ഷര്‍ട്ട് പീസ്..എണ്‍പതു രൂപയ്ക്ക് നഷ്ടമാണ്. എങ്കിലും മോന്‍ വിളിച്ചതല്ലേ..”

“എന്റെ കൈയില്‍ കാശില്ല..” ഞാന്‍ കഷ്ടിച്ച് പറഞ്ഞൊപ്പിച്ചു.

“പിന്നെ എന്തു കാണാനാടാ വിളിച്ചെ.....?”

അയാള്‍ പിന്നെ പറഞ്ഞതൊന്നും ഞാന്‍ ഓര്‍ക്കുന്നില്ല. ബസില്‍ നിന്നിറങ്ങിപ്പോയാലോ എന്നു ആലോചിച്ചെങ്കിലും, ഇനി അടുത്ത ബസിന് മണിക്കൂറുകള്‍ കഴിയണം എന്നതിനാലും കണ്‍സഷന്‍ കിട്ടുകയില്ല എന്നതിനാലും കുനിഞ്ഞിരുന്നു. കുറേ കൂടി എന്തൊക്കെയോ പറഞ്ഞിട്ട് അയാള്‍ ഇറങ്ങിപ്പോയി. നിലത്ത് വലിയൊരു കണ്ണാടി പൊട്ടിച്ചിതറിക്കിടക്കുന്നതു പോലെ എനിയ്ക്കു തോന്നി. പിന്നെ ഇന്നേവരെ ഒരു ലേലത്തിനും ഞാന്‍ പോയിട്ടില്ല.

18 comments:

  1. ഞാ‍ൻ ശരിക്കും ആസ്വദിച്ചു. കണ്ണാടി കാത്തിരുന്ന ബിജുവിനു പറ്റിയ ആ അബദ്ധം ഞാൻ മനസ്സിൽ കണ്ട് ചിരിച്ച് പോയി. ആ മുഖം ഒന്നു ഫോട്ടോ എടുത്ത് വക്കേണ്ടതായിരുന്നു. ഹ ഹ ഹ.

    പലപ്പോഴും കണ്ടിട്ടുള്ള മുഖങ്ങളാണ്. നന്ദി ബിജു

    ReplyDelete
  2. ഒരു തരം രണ്ടു തരം മൂന്നു തരം.....അടിപൊളി.

    ReplyDelete
  3. hahaha..kalakki...ini melal ippanikku pokalle...!!

    ReplyDelete
  4. ഹ ഹ ഹ ......... മൈസൂരിലും ബംഗ്ലൂരിലുമൊക്കെ വില പേശാന്‍ പോയാല്‍ ഉള്ള പോലെയുള്ള ഒരു അനുഭവം!!!!!!!!!!!!!!! കേരളത്തിലും ഇങ്ങിനെയൊക്കെ സംഭവിച്ചിട്ടുണ്ട് അല്ലെ? എന്തായാലും നായകന്‍ ബിജു ചേട്ടന്‍ ആയതു നന്നായി......... അതുകൊണ്ട് ഈ കഥ നാലാള്‍ അറിഞ്ഞു............!!!!!!!!!!!!!!

    ReplyDelete
  5. [co="red"]ലേലം കലക്കി, നിറമാക്കാൻ പോയപ്പോൾ കൊളമായി[/co]

    ReplyDelete
  6. [co="blue"]നിറമാക്കാന്‍ ആ കോഡ് കോപ്പി-പേസ്റ്റ് ചെയ്തിട്ട് “Type Text here“ എന്നുകാണുന്നിടത്ത് ടൈപ്പടിച്ചാല്‍ മതി. അഭിപ്രായം പറഞ്ഞ എല്ലാവര്‍ക്കും നന്ദി. :-)[/co]

    ReplyDelete
  7. ഇതു കലക്കി. ശരിക്കും വെള്ളം കുടിച്ചുപോയി ല്ലേ.

    ReplyDelete
  8. @ കിഷോര്‍ലാല്‍ പറക്കാട്ട് : പിതാമഗനില്‍ കിലുക്കിക്കുത്തു കളിയല്ലേ..? അതുവേറെയാണ്. ഞാന്‍ അതിലും പങ്കെടുത്തിട്ടുണ്ട്. പോലീസ് ഓടിച്ചിട്ടുമുണ്ട്. അതു പിന്നെ എഴുതാം..:-)

    ReplyDelete
  9. സൌദിക്കഥകളുടെ ബാക്കൊയെന്നാണ് വരിക..

    ReplyDelete
  10. അനുഭവം.. അതും ഒരു അബദ്ധം..!!
    നല്ല രീതിയില്‍ അവതരിപ്പിച്ചു.

    ബിജുവേട്ടാ... ലേലങ്ങളുടെ കൂട്ടത്തില്‍ മറ്റൊരു ലേലം കൂടെയുണ്ട്. മലപ്പുറത്തെ മുസ്ലിം പള്ളികളും മദ്രസകളും കേന്ദ്രീകരിച്ചു നടത്തപ്പെടുന്ന ആഘോഷങ്ങള്‍ക്ക് പണം കണ്ടെത്താനുള്ള ഒരു വിദ്യ.

    ഈ ലേലത്തില്‍ പങ്കെടുക്കുന്നവരും അല്പം വാശിയോടെയാണ്. എന്നാല്‍, അതിനുമപ്പുറം ഇതിനൊരു ഭക്തിയുടെ { കച്ചവടം } മുഖം കൂടെ ഉണ്ടാവാറുണ്ട്.

    ഉദാഹരണത്തിന്, ഈ തൈലം ലേലത്തില്‍ പിടിക്കുന്നവര്‍ക്ക് അവരുടെ എല്ലാ വിധ ചര്‍മ്മ രോഗങ്ങളില്‍ നിന്നും രക്ഷ നേടാം... എന്നൊക്കെയുള്ള വാഗ്ദാനങ്ങള്‍. അത് ശരിയോ തെറ്റോ എന്തോ ആവട്ടെ.! ഇത് ആവശ്യക്കാരനായ ഒരാള്‍ക്ക് കിട്ടാറില്ലാ എന്നതാണ് സത്യം. മിക്കപ്പോഴും കയറ്റി വിളിക്കാന്‍ പണം ഇല്ലാത്തതിന്‍റെ പേരില്‍ ഈ ചൊറിയുള്ളവന്‍ അതിനെ മാന്തി തന്നെ തീര്‍ക്കണം. പണമുള്ളവന്‍ അതിനെ ലേലത്തില്‍ പിടിക്കുകയും എന്നിട്ട് അല്പം ഗര്‍വ്വോടെ അതും മേടിച്ചു വീട്ടിലെ അലമാരയില്‍ സൂക്ഷിക്കുകയുമാണ് പതിവ്.
    യഥാര്‍ഥത്തില്‍, ഈ ഭക്തനെ വഞ്ചിക്കുകയും അയാളോട് അനീതി കാണിക്കുകയുമല്ലേ ഇക്കൂട്ടര്‍ ചെയ്യുന്നത്...?

    { ഇന്ന് വിപണിയില്‍ ഏറെ ആവശ്യക്കാരുള്ള നല്ല വിപണന സാധ്യതയുള്ള ഒരുത്പന്നമാണ് ഈ ഭക്തി. അതിന്‍റെ കച്ചവടം.}

    ReplyDelete
  11. [co="blue"]ഹ ഹ ഹാ :)
    രസിച്ചു ...[/co]

    ReplyDelete
  12. This comment has been removed by the author.

    ReplyDelete
  13. അപ്പോ അവസാനം വേണ്ടാന്നു പറഞ്ഞാമതി അല്ലേ,
    അയാള്‌ കുത്തുപാളയെടുക്കുമല്ലോ!

    ReplyDelete
  14. ബിജു ഭായീ... ഇത്രേം ചെറിയ കാര്യത്തെ എങ്ങനെ ഇത്ര മനോഹരമായ കഥയാക്കാൻ പറ്റുന്നു????? എനിക്ക് ശരിക്കും അസൂയ തോന്നുന്നു...

    ReplyDelete
  15. ഒരു കണ്ണാടിക്ക് വേണ്ടി....:-)

    ReplyDelete

കമന്റിലെ അക്ഷരങ്ങള്‍ക്ക് നിറം നല്‍കാന്‍ [co="red"]Type Text here[/co] . ഇവിടെ red എന്നതിനു പകരം മറ്റ് നിറങ്ങള്‍ നല്‍കിയാല്‍ മതിയാകും.