പുതിയ കഥാസമാഹാരം “രയറൊം കഥകള്‍ " VPP ലഭിയ്ക്കാന്‍ sidrapubications@gmail

Tuesday, 5 April 2011

പ്രണയത്തിന്റെ ഭ്രാന്ത്.

മനുഷ്യന്റെ ഏറ്റവും സുന്ദരഭാവം ഏതാണ് ? എന്റെ ഉത്തരം പ്രണയമെന്ന്.  പനിനീര്‍പൂവില്‍ നിറവും ഗന്ധവും ഒത്തു ചേര്‍ന്ന പോലെ, സ്നേഹവും ഇഷ്ടവും താല്പര്യവും ആസക്തിയുമെല്ലാം ഉള്‍ച്ചേര്‍ന്ന ഉദാത്ത വികാരമത്രേ പ്രണയം. പനിനീരിതളില്‍ പറ്റിയിരിയ്ക്കുന്ന തുഷാരബിന്ദുവില്‍ പ്രകൃതി ഒരു സുന്ദര കവിതയായി പ്രതിഫലിയ്ക്കും‌പോലെ, പ്രണയം ദംശിച്ച മനസില്‍ ചുറ്റും കാണുന്നതെല്ലാം ഹൃദ്യമായി പ്രതിഫലിയ്ക്കും. അപ്പോള്‍ ആരോടും വെറുപ്പു തോന്നില്ല, വഴക്കിടാന്‍ തോന്നില്ല, വെറുതെ ചിരിയ്ക്കും, തമാശ പറയും. ലോകത്തിന് ഇത്ര സൌന്ദര്യമുണ്ടോ എന്നു നാം അതിശയിച്ചു പോകും. പനിനീര്‍പുഷ്പം സ്പര്‍ശിക്കാന്‍  ശ്രമിച്ചാല്‍ മുള്ളുകള്‍ ഉരഞ്ഞ് കൈകളില്‍ ചോരപൊടിയും, അപ്പോള്‍ മൃദുവായ ഒരു നീറ്റല്‍ . ആ നീറ്റലാണ്  പ്രണയത്തിന്റെ സുഖമാര്‍ന്ന നൊമ്പരം.

ശാന്തമായ ജലപ്പരപ്പില്‍ ഒരു മണിക്കല്ലു വീണാലെന്നപോലെ മനസില്‍ തരംഗമാലകള്‍ ഇളക്കും പ്രണയം. അതിലെ പ്രതിബിംബങ്ങളില്‍ ഏഴുവര്‍ണങ്ങളും മയൂരനൃത്തമാടും.
ആകാശത്തു നിന്നും മെല്ലെ ഒഴുകിയിറങ്ങുന്ന നനുത്ത കോടമഞ്ഞ് ഹൃദയത്തെ തൊടും.
ഒരായിരം വര്‍ണപൂമ്പാറ്റകള്‍ നമ്മെ ചുറ്റി പറക്കും. പിന്നെ അവ കൈകളിലും മുഖത്തും കവിളിലും ചുണ്ടിലും മെല്ലെ സ്പര്‍ശിയ്ക്കും..
എവിടെയോ കുയില്‍നാദം കേള്‍ക്കും...
അപ്പോള്‍ മെല്ലെ കണ്ണു തുറന്നൊന്നു നോക്കൂ, മഞ്ഞിന്റെ നേര്‍ത്ത അവ്യക്തതയില്‍ അവള്‍ നില്‍ക്കുന്നതു കാണാം, സ്നേഹബിന്ദുക്കള്‍ പ്രസരിപ്പിച്ചുകൊണ്ട്.
അതേ നിങ്ങള്‍ പ്രണയത്തിലാണ്....

പ്രണയം ഒരിയ്ക്കലെങ്കിലും അനുഭവിയ്ക്കാത്ത, അതിന്റെ സുഖവും നൊമ്പരവും അറിയാത്ത ജീവിതം വ്യര്‍ത്ഥമാണ്,
ശലഭങ്ങള്‍ വഴിമാറിയ കടലാസു പൂക്കള്‍ പോലെ.
എന്തിനാണ് പ്രകൃതി പരാഗ രേണുക്കളെ ചെപ്പിലൊളിപ്പിച്ച് വച്ചത്..? 
മധുകണം അതിനോട് ചേര്‍ത്തു വച്ചത്..?
പ്രണയാതുരനായി എത്തുന്ന മധുപനെ കാത്തല്ലെ..? പ്രകൃതിയുടെ ഏറ്റവും സുന്ദരഭാവമാണ് പ്രണയം. അതു വസന്തകാലമാണ്.

നിങ്ങള്‍ക്കു വേണമെങ്കില്‍ പറയാം, പ്രണയം ഒരു വിഡിത്തമാണെന്ന്. കാരണം എത്ര തീവ്രമായി പ്രണയിയ്ക്കുന്നോ അതോ തീക്ഷ്ണതയോടെ നിങ്ങള്‍ നൊമ്പരപ്പെടേണ്ടിയും വരും. നിങ്ങള്‍ കരയും, ശപിയ്ക്കും.
തുലാമഴ പോലെ ആര്‍ത്തലച്ചുവന്ന്, കൊടുംശക്തിയോടെ ഇരമ്പിപെയ്ത്, ഇലകളെയും മണ്ണിനെയും നനച്ച്, പിന്നെ എല്ലാമൊടുങ്ങി ചെളിവെള്ളമായി ഒഴുകിയിറങ്ങിപ്പോകും.
അതാണ് പ്രണയം.
അത് ആസ്വദിയ്ക്കണമെങ്കില്‍ നഷ്ടപെടാനുള്ള, നൊമ്പരപ്പെടാനുള്ള മുന്‍‌കരുതല്‍ എടുത്തിരിയ്ക്കണം. അല്ലെങ്കില്‍ ഒരു പക്ഷെ നിങ്ങള്‍ തകര്‍ന്നു പോയെന്നും വരാം.

എങ്ങനെയാണ് പ്രണയിയ്ക്കേണ്ടത്..?

ചിലര്‍ പറയും, ആളും തരവും നോക്കി, വരുംവരായ്കകള്‍ ചിന്തിച്ചു വേണം  കാലെടുത്തു വയ്ക്കാന്‍ എന്ന്.
അതും ശരിയാണ്. ജീവിതത്തെ പറ്റി കരുതലുകള്‍ ഉണ്ടെങ്കില്‍ അങ്ങനെയേ ചെയ്യാവൂ. എങ്കിലും അതു ശുദ്ധപ്രണയമെന്നു പറയാനാവില്ല.  ആശങ്കകള്‍ ഒരു കറുത്ത നൂലുപോലെ ഉടനീളം അതില്‍ ഒളിഞ്ഞു കിടപ്പുണ്ടാകും.

ബന്ധങ്ങളുടെ ബന്ധനങ്ങളില്‍ നിന്നു വിടുതല്‍ നേടി, വെറും മനുഷ്യരായി വേണം പ്രണയിയ്ക്കാന്‍. ദേശം, ഭാഷ, ജാതി, മത, പ്രായ വ്യത്യാസങ്ങള്‍ക്കൊന്നും അവിടെ പ്രസക്തിയില്ല.
 ഒന്നും ചിന്തിയ്ക്കാതെ, ആഴമേറിയ ഒരു കയത്തിലേയ്ക്കെടുത്തു ചാടുന്നതു പോലെയാണത്.  നീന്തിത്തുടിയ്ക്കാം.  കൈകാലുകള്‍ ഇട്ടടിയ്ക്കാം..ആവോളം കുളിര്‍മ്മ  നുകരാം. കൈകാല്‍ കുഴയും മുന്‍പേ കരയ്ക്കണയുന്നില്ലെങ്കില്‍ ചുഴിയില്‍ കുരുങ്ങി മെല്ലെ മെല്ലെ താഴ്ന്നു പോകും. ശ്വാസം മുട്ടിപ്പിടഞ്ഞ്, കണ്ണുകള്‍ തുറിച്ച്, ചെവിയില്‍ നിശബ്ദത ബാക്കിവെച്ച് മരണത്തിന്റെ ഇടനാഴിയിലൂടെ കടന്നു പോകും.

സത്യമായും ഇതു ഭ്രാന്തല്ലേ.. അതേ, ഭ്രാന്ത് തന്നെയാണ്. സുഖമുള്ള  ഭ്രാന്ത്. മനുഷ്യര്‍ക്കല്ലാതെ, മറ്റൊരു ജീവജാലത്തിനും വിധിച്ചിട്ടില്ലാത്ത ഭ്രാന്ത്. എനിയ്ക്കിഷ്ടമായ ഭ്രാന്ത്.

അടിക്കുറിപ്പ്: ഇതൊരു പുരുഷകാഴ്ചപ്പാട്. സ്ത്രീയാണെങ്കില്‍ “അവള്‍” എന്നുള്ളിടത്ത് “അവന്‍” എന്നു തിരുത്തുക.ഇതു വായിച്ച് ആരും കണ്ടമാനം പ്രണയിയ്ക്കാനൊന്നും പോയേക്കല്ലെ. എനിയ്ക്കൊരു ഉത്തരവാദിത്വവുമില്ല.

16 comments:

  1. ഇതെന്താണപ്പോ..... ഇപ്പൊ ഇങ്ങനെയൊരു വീണ്ടു വിശാരം ?????? ലഡു പൊട്ടിയാ :)

    ReplyDelete
  2. ഒരു മനുഷ്യന്റെ ഏറ്റവും സുന്ദരമായ അനുഭവമാണ് പ്രണയം. ഈ ലോകത്തെ മറ്റൊന്നായി കാണുന്ന അതിമനോഹരമായ ഒന്ന്.

    ReplyDelete
  3. ഇത് പ്രണയത്തെ പറ്റിയുള്ള എസ്സേ ആണോ

    ReplyDelete
  4. പ്രണയബന്ദനം തന്നെ പാരില്‍...

    ReplyDelete
  5. നിങ്ങള്‍ക്കു വേണമെങ്കില്‍ പറയാം, പ്രണയം ഒരു വിഡിത്തമാണെന്ന്. കാരണം എത്ര തീവ്രമായി പ്രണയിയ്ക്കുന്നോ അതോ തീക്ഷ്ണതയോടെ നിങ്ങള്‍ നൊമ്പരപ്പെടേണ്ടിയും വരും.
    അങ്ങനെയെങ്കില്‍ പിന്നെയെന്തിന് പ്രണയിക്കണം?
    സത്യമായും ഇതു ഭ്രാന്തല്ലേ.. അതേ, ഭ്രാന്ത് തന്നെയാണ്. സുഖമുള്ള ഭ്രാന്ത്. മനുഷ്യര്‍ക്കല്ലാതെ, മറ്റൊരു ജീവജാലത്തിനും വിധിച്ചിട്ടില്ലാത്ത ഭ്രാന്ത്. എനിയ്ക്കിഷ്ടമായ ഭ്രാന്ത്.
    :-)))))))))

    ReplyDelete
  6. @ ~ex-pravasini* : യ്യോ സീരിയസൊന്നുമല്ല്ല കേട്ടോ.. തമാശ പറഞ്ഞതാ.....:-))))

    ReplyDelete
  7. adhi prakruthiyum purushanum dhyanichunarnnappole pranavamayi poovittoramrutha lavanyam...

    ReplyDelete
  8. [പ്രണയം] അതിലെ പ്രതിബിംബങ്ങളില്‍ ഏഴുവര്‍ണങ്ങളും മയൂരനൃത്തമാടും.വിധിച്ചിട്ടില്ലാത്ത ഭ്രാന്ത്. എനിയ്ക്കിഷ്ടമായ ഭ്രാന്ത്.

    ReplyDelete
  9. പ്രണയം ഒരു സ്വകാര്യ അനുഭവമാൺ

    :)

    ReplyDelete

കമന്റിലെ അക്ഷരങ്ങള്‍ക്ക് നിറം നല്‍കാന്‍ [co="red"]Type Text here[/co] . ഇവിടെ red എന്നതിനു പകരം മറ്റ് നിറങ്ങള്‍ നല്‍കിയാല്‍ മതിയാകും.