പുതിയ കഥാസമാഹാരം “രയറൊം കഥകള്‍ " VPP ലഭിയ്ക്കാന്‍ sidrapubications@gmail

Sunday 13 February 2011

പ്രണയദിനത്തില്‍.....

വെളുത്ത പക്ഷത്തിലെ ഏകാദശിയാണിന്ന്. മുക്കാല്‍ രാവോളം നിലാവെളിച്ചം. വയസ്സന്‍ പുളിമരത്തിലെ ലക്ഷോപലക്ഷം കുഞ്ഞിലകള്‍ തണുത്ത രാവിന്റെ നേര്‍ത്ത ഇരുളിമയില്‍ കണ്ണടച്ചുറക്കമാണ്. വിജനതയില്‍ ചെറിയൊരു കാറ്റുമാത്രം. പൂത്തപാലയുടെയും കാളിമയാര്‍ന്ന നൊങ്കുമരങ്ങളുടെയും, പിന്നെ ഏതൊക്കെയോ കൊച്ചുമരങ്ങളുടെയും ഇലകളുടെ ഉലച്ചില്‍.
 എവിടെയൊ കാലങ്കോഴികള്‍ “കുത്തിച്ചുട്..കുത്തിച്ചുട്” എന്നു ചിലച്ചു.
അകലെ ചാവാലിപ്പട്ടികള്‍ ഉറക്കം കിട്ടാതെ ഓലിയിടുന്നു.
അപ്പോള്‍ പുളിമരത്തിന്റെ താഴെക്കൊമ്പില്‍ തൂങ്ങിക്കിടന്ന രണ്ടാത്മാക്കള്‍ മെല്ലെ കണ്ണുതുറന്നു, നീണ്ട ഒരു വര്‍ഷത്തെ ഉറക്കത്തിനു ശേഷം.
അവര്‍ മെല്ലെ എണീറ്റ് മരക്കൊമ്പില്‍ തങ്ങിയിരുന്നു. പിന്നെ കണ്ണോടു കണ്ണ് നോക്കി. ഒരു വര്‍ഷത്തെ വിരഹം അവിടെ കത്തിനില്‍ക്കുന്നു, ആകാശത്തെ നക്ഷത്രതിളക്കം പോലെ. നേര്‍ത്തനിലാവിന്റെ കുളിര്‍ അവരില്‍ പ്രണയം പകര്‍ന്നു.
അവര്‍ ആത്മാവിനോടാത്മാവ് ചേര്‍ന്നൊന്നായി.

ഇന്ന് അവരുടെ ദിനമാണല്ലോ, പ്രണയദിനം.
എത്രയോ കാലം മുന്‍പേ പ്രണയത്തിനായി സ്വയം ഇല്ലാതായതാണവര്‍...
ഓരോ പ്രണയദിനത്തിലും അവര്‍ നിദ്ര വിട്ടുണരും. പിന്നെ  ഒരു മുഴുവന്‍ ദിനവും അവര്‍ക്കു സ്വന്തം. അവരപ്പോള്‍ അദൃശ്യരായി പ്രണയിനികളെ തേടും. അവരുടെ പ്രേമം, സല്ലാപം, വിരഹം എല്ലാം കണ്ടും കേട്ടും പാറി നടക്കും. പിന്നെ അടുത്ത രാത്രിമധ്യേ വീണ്ടും തിരികെ വന്നു നിദ്രയാകും.

പുളിമരക്കൊമ്പില്‍ നിന്നും കൈകള്‍ കോര്‍ത്തു പറന്നുയര്‍ന്ന്, നിലാവേറ്റു തിളങ്ങുന്ന മേഘത്തുണ്ടുകളിലൂടെ, നക്ഷത്രക്കുഞ്ഞുങ്ങള്‍ക്കരികിലൂടെ, മുളങ്കൂട്ടത്തിനിടയിലൂടെ, പുഴയോരത്തൂടെ, നീലക്കുറിഞ്ഞികള്‍ പൂത്ത മലഞ്ചെരിവിലൂടെ അങ്ങനെ പ്രേമം പൂവിട്ടു നില്‍ക്കുന്ന എല്ലായിടത്തും അവര്‍ ഒഴുകി നടന്നു , രാവു പുലരുവോളം.

പുലരിയുദിച്ചതോടെ പ്രണയിനികളെ തേടി നടപ്പായി, അവര്‍.
  
“അതാ രണ്ടുപേര്‍..“ അവളുടെ ആത്മാവ് അവന്റെ ആത്മാവിനോട് പറഞ്ഞു. അവരങ്ങോട്ടു പറന്നു. എന്നിട്ട് അദൃശ്യരായി ആ പ്രണയിനികളുടെ അരികിലിരുന്നു.

“ഈ പ്രണയദിനത്തില്‍ നീയെനിയ്കെന്താ സമ്മാനം തരുക?”

“എന്തു വേണം..ചോദിയ്ക്കൂ..”

“പുതിയൊരു മൊബൈല്‍..”

“ഇതാ ഒരെണ്ണം, നിനക്കായി വാങ്ങിയത്..!”

“ഓ ഇതോ, ഈ മോഡല്‍ ടിന്റു കഴിഞ്ഞമാസം മേടിച്ചു തന്നതാണല്ലോ..”

“ഇതിനെന്താ കുഴപ്പം, ഞാന്‍ കഴിഞ്ഞയാഴ്ച ടിങ്കുവിനും ഇതേ മോഡല്‍ ആണല്ലോ കൊടുത്തത്..”

അവര്‍ തിരികെ പറന്നു പോന്നു. “ഇവരെന്താ ഇങ്ങനെ ?” പറക്കുന്നതിനിടയില്‍ അവന്‍  അവളോടു ചോദിച്ചു. അവള്‍ക്കും മനസ്സിലായില്ല. പിന്നെയവര്‍ ചെന്നത് ഒരു ലാപ്ടോപ്പിന്റെ മുന്‍പിലായിരുന്നു. അവിടെയിരുന്ന കാമുകി ഒരേസമയം മൂന്നു  കാമുകന്മരോട് സല്ലപിയ്ക്കുന്നു. വേറൊരിടത്ത് മറ്റൊരു കാമുകന്‍ അഞ്ചു കാമുകിമാരോട് ചാറ്റുന്നു...

കാഴ്ചകള്‍ എല്ലായിടത്തും  ഒന്നു തന്നെ. അവര്‍ക്ക് കണ്ണു മങ്ങാന്‍ തുടങ്ങി.

“നാമെന്തിനാണ് മരിച്ചത്?” അവള്‍ അവനോട് ചോദിച്ചു. “നമുക്കും ഇങ്ങനെ ആകാമായിരുന്നു. നമ്മുടെ മാതാപിതാക്കളെ സങ്കടപ്പെടുത്തേണ്ടായിരുന്നു..” അവള്‍ തേങ്ങി.

“ശരിയാണ്. എന്നെ നീയും, നിന്നെ ഞാനും മറക്കാന്‍ അവര്‍ പറഞ്ഞപ്പോള്‍ നമുക്കതു കേള്‍ക്കാമായിരുന്നു.” അവനും കരച്ചില്‍ വന്നു.

നിരാശയോടെ അവര്‍ മടങ്ങുമ്പോള്‍ ഒരു പുഷ്പത്തിനു ചുറ്റും പാറിക്കളിയ്ക്കുന്ന ഇണശലഭങ്ങളെ കണ്ടു. മരക്കൊമ്പില്‍ കൊക്കുരുമ്മുന്ന ഇണപ്രാവുകളെ കണ്ടു. പിന്നെ, അവര്‍ കണ്ട എല്ലാ ജീവികളിലും പ്രണയം സ്ഫടിക തിളക്കമാര്‍ന്നിരുന്നു, മനുഷ്യരിലൊഴിച്ച്.

അങ്ങനെ മനം തെളിഞ്ഞ്, രാവിന്റെ മധ്യത്തില്‍ പ്രണയദിനത്തിനൊടുവില്‍ അവര്‍ വീണ്ടും വയസ്സന്‍ പുളിമരത്തിലേയ്ക്ക് പറന്നു ചെന്നു. ഇനിയൊരു വര്‍ഷം നിദ്രയാണവര്‍ക്ക്. വര്‍ഷങ്ങളേറെ മുന്‍പ് ഒരേ കയറിന്റെ രണ്ടു കഷണങ്ങളില്‍, അവിടെയാണല്ലോ അവര്‍ ഉറക്കം തുടങ്ങിയത്.

14 comments:

  1. കാമുകനും കാമുകിക്കും ഇടയിൽ പ്രണയം ഉണ്ടാവണമെന്നില്ല. കുറച്ചുകൂടി മുന്നോട്ട് പോയാൽ നല്ല കാഴ്ചകൾ കാണാം.

    ReplyDelete
  2. പാവങ്ങള്‍ പ്രണയികള്‍ ...

    ReplyDelete
  3. ഈ ആത്മാക്കള്‍ക്ക് വേറെ പണിയോന്നൂല്ലേ..

    എനിക്കീ കാമുകീ കാമുക പ്രണയത്തെക്കുരിച്ചോന്നും അറിഞ്ഞൂടെ...
    കഥ നന്നായി.അത് പറയാതെ പറ്റില്ലല്ലോ..

    ReplyDelete
  4. പ്രണയത്തിനും ച്യുതി...

    ReplyDelete
  5. നിരാശയോടെ അവര്‍ മടങ്ങുമ്പോള്‍ ഒരു പുഷ്പത്തിനു ചുറ്റും പാറിക്കളിയ്ക്കുന്ന ഇണശലഭങ്ങളെ കണ്ടു. മരക്കൊമ്പില്‍ കൊക്കുരുമ്മുന്ന ഇണപ്രാവുകളെ കണ്ടു. പിന്നെ, അവര്‍ കണ്ട എല്ലാ ജീവികളിലും പ്രണയം സ്ഫടിക തിളക്കമാര്‍ന്നിരുന്നു, മനുഷ്യരിലൊഴിച്ച്.

    ReplyDelete
  6. മരുഭൂമിയിലെ നീരാളികള്‍ tharuuu

    ReplyDelete
  7. കാലം പോയ ഒരു പോക്കെ .....!

    ReplyDelete
  8. പ്രണയ കാലത്ത് കാഴ്ച കണ്ടു അര്‍മാദിക്കട്ടെ...
    എഴുത്ത് നന്നായി

    ReplyDelete
  9. കഥ നന്നായിട്ടുണ്ട്

    ReplyDelete
  10. "അവര്‍ കണ്ട എല്ലാ ജീവികളിലും പ്രണയം സ്ഫടിക തിളക്കമാര്‍ന്നിരുന്നു, മനുഷ്യരിലൊഴിച്ച്."

    ReplyDelete
  11. എല്ലാ ജീവികളിലും പ്രണയം സത്യമാണ്, മനുഷ്യരിലൊഴിച്ച്.
    നല്ല കഥ. ആശംസകള്‍.

    ReplyDelete
  12. ഇതെന്താ ഇന്നത്തെ പ്രണയത്തിന് കുഴപ്പം
    പണ്ടും ഉണ്ടായിരുന്നല്ലോ തരികിടകള്‍
    പക്ഷേ അന്ന് അതാരും പറയില്ലാ
    എല്ലാം സഹിക്കും. ഒതുക്കി വെക്കും

    ഇന്ന് പൊട്ടിയ/ജാദ പ്രണയത്തെ മാത്രം എല്ലാരും കാണുന്നു.
    മൊത്തം പ്രണയത്തെ കുറ്റപ്പെടുത്തുന്നു.

    ഇന്നും ഉണ്ട് നല്ല പ്രണയം ഒത്തിരി ഒത്തിരി
    പ്ലീസ് അവയെ എല്ലാവരും ചെര്‍ന്ന് ആദുനിക പ്രണയ മയം എന്നൊക്കെ വ്യാഖ്യാനിച്ച് ഇല്ലാതാക്കരുത്.

    ഞാനെന്റെ നടപ്പ് കലത്തെ പ്രണയത്തെ ഇഷ്ട്ടപ്പെടുന്നു.

    (നൊസ്റ്റാള്‍ജിക്ക് പ്രണയത്തെ നല്ലതെന്നും ഇന്നത്തെ പ്രണശത്തെ ചീത്തയെന്നുംഒത്തിരി പേര്‍ എഴുതി കണ്ടു.. എല്ലാവര്‍ക്കുമുള്ള മറുപടിയായി ഇതിവിടെ കുറിക്കുന്നു.)

    ReplyDelete
  13. വാസ്തവത്തില്‍ എല്ലാവരിലും നൈസര്‍ഗികമായ ശുദ്ധപ്രണയം ഉണ്ട്. എന്നാല്‍ ചുറ്റും നോക്കുമ്പോള്‍ അതു മറ്റുള്ളവരില്‍ കാണാന്‍ കഴിയാത്തതിനാല്‍ മുരടിച്ചു പോവുകയാണ്. അപ്പോഴവര്‍ ചിരിച്ചുകൊണ്ടു വഞ്ചിയ്ക്കാന്‍ പഠിയ്ക്കുന്നു. ഇവിടെ തെറ്റ് കാലത്തിന്റേതാണ്. എല്ലാം ഉപഭോഗിയ്ക്കാന്‍ മാത്രമെന്ന് പഠിപ്പിയ്ക്കുന്ന കാലത്തിന്റെ മാത്രം.

    ReplyDelete
  14. ബിജുഭായി,
    പ്രണയദിനത്തിന്റെ വ്യത്യസ്തമായ കാഴ്ചകള്‍ നല്ലൊരു തലത്തിലൂടെ വിവരിച്ചു തന്നിരിക്കുന്നു.ഇന്നിന്റെ കാഴ്ച ഉണ്ട് ഈ വരികളില്‍.പിന്നെ ചുരുക്കം ചിലര്‍ പ്രണയിക്കുന്നവര്‍ ഉണ്ട്.പരസ്പരം മനസ്സറിഞ്ഞ് പ്രണയിക്കുന്നവര്‍ ഇന്നുമുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു.പിന്നെ പുളിമരത്തില്‍ തൂങ്ങി കിട്ടിയ ജീവന്‍ നഷ്ടപ്പേടുത്തിയവരോടു പുശ്ഛം തോന്നുന്നു...

    ReplyDelete

കമന്റിലെ അക്ഷരങ്ങള്‍ക്ക് നിറം നല്‍കാന്‍ [co="red"]Type Text here[/co] . ഇവിടെ red എന്നതിനു പകരം മറ്റ് നിറങ്ങള്‍ നല്‍കിയാല്‍ മതിയാകും.