പുതിയ കഥാസമാഹാരം “രയറൊം കഥകള്‍ " VPP ലഭിയ്ക്കാന്‍ sidrapubications@gmail

Tuesday, 1 March 2011

ഓട്ടം പലവിധം....

അത്‌ലറ്റിക്സിലെ ഗ്ലാമര്‍ ഇനം ഏതെന്നു ചോദിച്ചാല്‍, നൂറുമീറ്റര്‍ ഓട്ടം എന്നാണുത്തരം. ഈ മത്സരത്തിലെ ഒന്നാം സ്ഥാനക്കാരാണ് എറ്റവും മികച്ച ഓട്ടക്കാരായി പരിഗണിയ്ക്കപെടുന്നത്. മനുഷ്യന്റെ ചരിത്രം പഠിച്ചാല്‍ ഓട്ടത്തിന് പല രംഗത്തുമുള്ള പ്രാധാന്യം മനസ്സിലാക്കാം. പണ്ടുകാലത്ത് സന്ദേശ വാഹകരായി ഉപയോഗപ്പെടുത്തിയിരുന്നത് മികച്ച ഓട്ടക്കാരെയായിരുന്നു. തിരുവിതാംകൂര്‍ തപാല്‍ വകുപ്പില്‍  ഉരുപ്പടികള്‍ നിര്‍ദിഷ്ടലക്ഷ്യത്തിലെത്തിരിച്ചിരുന്നത് “അഞ്ചലോട്ടക്കാര്‍” ആയിരുന്നു.

ഇന്നും ചില സാഹചര്യങ്ങളില്‍ നാമൊക്കെ ഓടാറുണ്ടല്ലോ. കൊളസ്ട്രോള്‍, പ്രഷര്‍, ഷുഗര്‍ ഇവയൊക്കെ കണ്ടമാനം വര്‍ദ്ധിച്ച ഈ കാലത്ത് ഡോക്ടര്‍മാര്‍ ഏറ്റവും അധികം ഉപദേശിയ്ക്കുന്നത് നിത്യവും ഓടുവാനാണ്. ഒരത്യാഹിതമുണ്ടായാല്‍, വാഹന സൌകര്യങ്ങളോ ഫോണ്‍-മൊബൈല്‍ സൌകര്യങ്ങളോ ഇല്ലാത്ത പക്ഷം വിവരം അറിയിയ്ക്കുവാന്‍ ഓടുകയേ രക്ഷയുള്ളു. അതുപോലെ സമരത്തിനിടെ പോലീസിന്റെ ലാത്തിച്ചാര്‍ജ്, ടിയര്‍ ഗ്യാസ്, വെടിവെയ്പ് എന്നിവയുണ്ടായാല്‍, നടന്നുപോകുമ്പോള്‍ വല്ല പട്ടിയും കടിയ്ക്കാന്‍ വന്നാല്‍, ഉത്സവത്തിന് ആനയിടഞ്ഞാല്‍, ഇങ്ങനെ അനേകം അവസരങ്ങളില്‍ സ്വയരക്ഷയ്ക്കായും ഓടേണ്ടി വരും. ചുരുക്കിപ്പറഞ്ഞാല്‍ ശാരീരിക വൈകല്യങ്ങളില്ലാത്ത ഏതൊരാളും ജീവിതത്തില്‍ ഒരിയ്ക്കലെങ്കിലും ഓടിയിട്ടുണ്ടാവും.

എന്നെ സംബന്ധിച്ചാണെങ്കില്‍ ഞാനോടിയിട്ടുള്ളതിന് കൈയും കണക്കുമില്ല. ചെറുപ്പത്തില്‍ വലിയ സ്പോര്‍ട്ട്സ് താരമായിരുന്നു. ഗ്ലാസ്, കുപ്പിപ്പിഞ്ഞാണം, റൂളിപെന്‍സില്‍ എന്നിങ്ങനെ സമ്മാനങ്ങള്‍ ധാരാളം നേടിയിട്ടുമുണ്ട്. പക്ഷേഅവയൊന്നും തന്നെ ഓര്‍മ്മയില്‍ തങ്ങിനില്‍ക്കാന്‍ മാത്രം പ്രാധാന്യമുള്ളതായി തോന്നിയിട്ടില്ല.

എന്നാല്‍ തീരെ മറക്കാന്‍ പറ്റാത്ത മൂന്ന് ഓട്ടങ്ങള്‍ ഞാന്‍ ഓടിയിട്ടുണ്ട്. ഞാന്‍ കോട്ടയത്ത്, ആര്‍പ്പൂക്കരയിലുള്ള മെഡിക്കല്‍ കോളേജ് ഹൈസ്കൂളില്‍ എട്ടാം ക്ലാസില്‍ പഠിയ്ക്കുന്ന കാലം. സ്കൂളിന് അടുത്തുതന്നെയുള്ള കുടമാളൂരില്‍ എന്റെ കുഞ്ഞമ്മയുടെ വീട്ടില്‍ നിന്നാണ് അക്കാലത്ത് സ്കൂളില്‍ പോക്ക്. ഞങ്ങളുടെ വീടിന്റെ അയലത്തുള്ള സാബു എന്നൊരാള്‍ എന്റെ അടുത്ത ചങ്ങാതിയായി. എന്നേക്കാള്‍ നാലോ അഞ്ചോ വയസ്സിനു മുതിര്‍ന്നയാളാണ്  സാബു. ഞങ്ങള്‍ ഒത്തിരികാര്യങ്ങള്‍ സംസാരിയ്ക്കും. ആ പ്രായത്തില്‍ എനിയ്ക്കുണ്ടായിരുന്നതും മറ്റുള്ളവരോട് ചോദിയ്ക്കാന്‍ ബുദ്ധിമുട്ടുള്ളതുമായ പല സംശയങ്ങള്‍ക്കും തൃപ്തികരമായ ഉത്തരം തന്നത് സാബുവാണ്, വൈകീട്ട് ഏഴുമണിയ്ക്കുശേഷം മുറ്റത്തെ മാവിന്‍ ചോട്ടിലിരുന്ന്.

കുഞ്ഞമ്മ വീടിന് ഒരു കിലോമീറ്റര്‍ അപ്പുറം “കരിപ്പൂത്തട്ട്“ എന്നൊരു സ്ഥലമാണ്. ഈ സ്ഥലത്ത് റോഡരുകില്‍ ഇരുവശവും വിശാലമായ വയല്‍ പ്രദേശം. ഈ വയലാകെ കരിമ്പു കൃഷിയും. അക്കാലം, കരിമ്പ് വിളഞ്ഞ് പാകമായി നില്‍ക്കുന്ന സമയമാണ്.  വല്യാട്ടിലെ അമ്മവീട്ടിലേയ്ക്ക് നടന്നു പോകുമ്പോള്‍ ഈ കരിമ്പ് ഞാന്‍ പലപ്രാവശ്യം കണ്ടിട്ടുണ്ട്. കൊതിയൂറി നോക്കി നിന്നിട്ടുമുണ്ട്.

വൈകിട്ടത്തെ വര്‍ത്തമാനത്തിനിടയില്‍ സാബുവിനോട് ചോദിച്ചു:

“ആ കരിമ്പിലൊരെണ്ണം കിട്ടാനെന്താ വഴി?”

“നമുക്കു പോയി രണ്ടെണ്ണം ഒടിയ്ക്കാം..”

“ഒടിയ്ക്കാന്‍ ചെന്നാല്‍ അവര് ഓടിച്ച് വയറിളക്കുകേലെ..?”

“ഈ രാത്രിയിലാരാടാ അവിടെ കുത്തിയിരിയ്ക്കുന്നെ.. നിനക്കു വേണമെങ്കില്‍ വാ, നമുക്കു പോയി ഒടിച്ചിട്ടുവരാം..”

സാബുവിന്റെ വാക്കുകളെ അവഗണിച്ചു തള്ളാന്‍ പറ്റിയില്ല. ഞാന്‍ വീട്ടിലേയ്ക്കു നോക്കി, കുഞ്ഞമ്മയും മക്കളും നാമം ജപിയ്ക്കലാണ്. ചുരുങ്ങിയത്, ഒരു മണിയ്ക്കൂര്‍ നീളുന്ന പരിപാടി. ഈ സമയത്തിനകം പോയിവരാം.

ഞങ്ങള്‍ മണ്‍പാതയിലൂടെ കരിപ്പൂത്തട്ടിനു വച്ചു പിടിച്ചു. നല്ല നിലാവുള്ള രാത്രി,  വഴിയിലെങ്ങും ആരുമില്ല. കരിമ്പിന്‍ പാടത്തെത്തി. നല്ല കറുത്തുരുണ്ട കരിമ്പില്‍ തണ്ടുകള്‍ നിലാവില്‍ തിളങ്ങി. വായില്‍ നിറഞ്ഞ കൊതിയോടെ ഞാന്‍ അവയെ നോക്കി.

“ഇറങ്ങി ഒടിച്ചോടാ..” സാബു ശബ്ദം താഴ്ത്തി പറഞ്ഞു. ഞാന്‍ പാടത്തേയ്ക്ക് ഇറങ്ങി, മുഴുത്ത ഒരു കരിമ്പു നോക്കി പിടിച്ചു. ഉണങ്ങിയ കരിമ്പോലകള്‍ കലപിലകൂട്ടി. ചവിട്ടി ഒടിയ്ക്കാന്‍ കാലു പൊന്തിയ്ക്കുകയും അല്പം അകലെ നിന്നൊരു അലര്‍ച്ച:

“ആരാടാ .........  അത്..!!”

അതുകേട്ടതും കരിമ്പിനെ വിട്ട് ഞാന്‍ ചാടി റോഡില്‍ കയറി. പെട്ടെന്ന് ഒരു കല്ല് ഞങ്ങളുടെ അടുത്ത് പതിച്ചു. പിന്നെ എനിയ്ക്കൊന്നും ഓര്‍മ്മയില്ല, നൂറ് കിലോമീറ്റര്‍ സ്പീഡില്‍ പറക്കുകയായിരുന്നു ഞങ്ങള്‍, പുറകെ  തുരുതുരാ കല്ലും, കൂടെ അതിലും കടുപ്പമേറിയ തെറിയും. കുറച്ചോടിയ ശേഷം അണച്ചുകൊണ്ട് തിരിഞ്ഞുനോക്കുമ്പോള്‍ ആരോ പാഞ്ഞു വരുന്നുണ്ട്, വിടാന്‍ ഭാവമില്ല ദുഷ്ടന്മാര്‍ക്ക്. ഞങ്ങള്‍ വീണ്ടും പറന്നു. തിരിഞ്ഞുനോക്കാനൊന്നും നിന്നില്ല. മെയിന്‍ റോഡ് വിട്ട് വളഞ്ഞും പുളഞ്ഞുമാണ് ഓട്ടം, നേരെ ഓടിയാല്‍ ചിലപ്പോള്‍ വീടു കണ്ടു പിടിച്ചാലോ..!

മാവിന്‍ ചോട്ടില്‍ അരമണിക്കൂര്‍ മലര്‍ന്നുകിടന്നിട്ടാണ് അണപ്പ് മാറിയത്. ഞാന്‍ നോക്കുമ്പോള്‍ സാബു കൈവളച്ച് പുറം തിരുമ്മുന്നു. പാവം. ഒരു കല്ല് ലക്ഷ്യം കണ്ടിരുന്നു. കരിമ്പ് പാകമായാല്‍ രാത്രി കാവലുണ്ടെന്ന് അറിയാതിരുന്നതിന്റെ ശിക്ഷ.

രണ്ടാമത്തെ ഓട്ടവും കുഞ്ഞമ്മ വീട്ടില്‍ നിന്നു പഠിയ്ക്കുന്ന കാലത്തായിരുന്നു. ക്ലാസില്‍, അതിരമ്പുഴക്കാരനായ ഒരു ചങ്ങാതിയുണ്ടെനിയ്ക്ക്.  പേരുകേട്ടതാണ് അതിരമ്പുഴയിലെ പള്ളിപ്പെരുന്നാള്‍. അവന്റെ നിര്‍ബന്ധത്തിനു വഴങ്ങി ഒരു ശനിയാഴ്ച ഞാന്‍ പെരുന്നാളു കൂടാന്‍ പോയി. പകല്‍ സമയത്ത് പള്ളിയില്‍ പരിപാടിയൊന്നുമില്ല. എന്നാല്‍ പുറത്ത് റോഡില്‍ വലിയ പൂരമാണ്.  ചിന്തിക്കടകള്‍ , പീപ്പി ബലൂണ്‍, സ്റ്റീല്‍ പാത്രം അങ്ങനെ പലവിധ കച്ചവടങ്ങള്‍ ‍.  ഞങ്ങള്‍ക്ക് അതിലൊന്നും താല്പര്യമില്ല. അല്പം മാറിയാല്‍ റോഡരുകില്‍ നെടുനീളത്തില്‍ കിലുക്കികുത്തു കളിക്കാര്‍ ഇരിപ്പുണ്ട്, ഓരോരുത്തരുടെ ചുറ്റിലും  കൂഴച്ചക്കപ്പഴത്തില്‍ മണിയനീച്ച ആര്‍ക്കുന്നതു പോലെ ജനസഞ്ചയവും.. ഞങ്ങളുടെ ലക്ഷ്യം  കിലുക്കിക്കുത്ത് കളിയാണ്. ഭാഗ്യമുണ്ടെങ്കില്‍ കുറച്ച് കാശുകിട്ടും, ഹോട്ടലില്‍ കയറി പൊറോട്ടേം മുട്ടക്കറിയും കഴിയ്ക്കാം. ആയിടെ കോലേട്ട് അമ്പലത്തിലെ ഉത്സവത്തിന് കിലുക്കിക്കുത്ത് കളിച്ച് ഒന്‍പതു രൂപ ഞാന്‍ നേടിയിരുന്നു. അതുകൊണ്ട് തന്നെ എനിയ്ക്കിപ്പോള്‍ ഭാഗ്യദശയാണെന്നൊരു തോന്നലും ഉണ്ടായിരുന്നു.

നില്‍ക്കുന്ന വലിയവരുടെ കാലുകള്‍ക്കിടയിലൂടെ  നൂഴ്ന്ന് തല മുന്നോട്ടിട്ട് ഞങ്ങളും കളിയില്‍ കൂടി. ആദ്യം വച്ച ക്ലാവറും, പിന്നെ വച്ച ഇസ്പേഡും എട്ടുനിലയില്‍ പൊട്ടി. അടുത്തതായി, അന്‍പതു പൈസ ഡൈമണില്‍ വച്ചിരിയ്ക്കുകയാണ്. പെട്ടെന്നാണ് റോഡില്‍ ഒരു ജീപ്പ് പാഞ്ഞു വന്നു നിന്നത്.  ജനം ചിതറി ഓടി. കിലുക്കിക്കുത്തുകാരന്‍ കൈയില്‍ കിട്ടിയതു വാരിപ്പെറുക്കി വേറൊരു വഴിയ്ക്കും ഓടി. സംഗതി എന്താന്നറിയാതെ നോക്കിയ ഞങ്ങള്‍ കണ്ടത്, രണ്ട് പോലീസുകാര്‍ പാഞ്ഞു വരുന്നതാണ്...! കാലുകള്‍ക്ക് റോഡില്‍ സ്പര്‍ശിയ്ക്കാന്‍ അവസരം കൊടുക്കാതെ ഞങ്ങള്‍ പറന്നു. എങ്ങോട്ടൊക്കെയോ പാഞ്ഞ്, തീരെ മടുത്തപ്പോള്‍ ഒരു കടയുടെ പിന്നില്‍ പോയി പതുങ്ങിയിരുന്ന് , പട്ടി അണയ്ക്കുമ്പോലെ അണച്ചു. ഒരു നാരങ്ങാ വെള്ളത്തിനുള്ള കാശുപോലും ബാക്കിയില്ല, ഉണ്ടായിരുന്ന ചില്ലറ ഓട്ടത്തിനിടയില്‍ എവിടെയോ പോയിരുന്നു. പിന്നെ പൈപ്പില്‍ നിന്നു വെള്ളം കുടിച്ചു ദാഹം മാറ്റി. അതിനിടയിലും ഇത്രയൊക്കെ സ്പീഡില്‍ ഓടാനാവുമോ എന്നു ഞാന്‍ അല്‍ഭുതപ്പെടുകയായിരുന്നു.

മൂന്നാമത്തെ ഓട്ടം, ഞാന്‍ പഠനമൊക്കെ കഴിഞ്ഞ് കണ്ണൂരിലെ രയറോത്ത് വിപ്ലവ രാഷ്ട്രീയപ്രവര്‍ത്തനവുമായി നടക്കുന്ന കാലത്താണ്. ആയിടെ ഒരു പ്രമാദമായ  തല്ലുകേസില്‍ ഞങ്ങള്‍ കുറേയേറെ പേര്‍ പ്രതി ചേര്‍ക്കപ്പെട്ടു. മുന്‍‌കൂര്‍ ജാമ്യം കിട്ടും വരെ, പാര്‍ടി നിര്‍ദേശ പ്രകാരം ഞങ്ങള്‍ അഞ്ചെട്ടുപേര്‍ ഒളിവില്‍ താമസമാണ്, ഒരു വിശാലമായ പറമ്പിനടുത്തുള്ള വീട്ടില്‍. ആ വീട്ടിലെ ചേച്ചി സമയാസമയങ്ങളില്‍ ഭക്ഷണം ഉണ്ടാക്കി തരും. ബാക്കിസമയങ്ങളില്‍ മറ്റൊന്നും ചെയ്യാനില്ലാത്തതിനാല്‍ ചീട്ടുകളിച്ചും കഥകള്‍ പറഞ്ഞും സമയം പോക്കി.

ഒരു ദിവസം പകല്‍  ചീട്ടു കളി നടക്കുന്നു. കളിയ്ക്കിടയില്‍ ചുറ്റുപാടും ശ്രദ്ധിയ്ക്കുന്നുമുണ്ട്, പോലീസ് വരുന്നുണ്ടോ എന്ന്. ഒളിവില്‍ നിന്ന് പിടിച്ചിട്ട് അവരുടെ തല്ലുമേടിയ്ക്കരുതല്ലൊ. അങ്ങനെ കളിച്ചു വരവെ, കൂടെയിരുന്ന ഒരുവന്‍ “ആണ്ടെടാ ..പോലീസ് വരുന്നേ..” എന്നു പറഞ്ഞുകൊണ്ട് ഇറങ്ങി ഒരോട്ടം. കൈയിലിരുന്ന ചീട്ടെല്ലാം വലിച്ചെറിഞ്ഞ് ഞങ്ങളും ഒപ്പം ഓടി. വലിയ കയ്യാലകള്‍ ഒറ്റച്ചാട്ടത്തിനാണ് കയറിയത്. തെരുവക്കാട്ടിലൂടെയും തൊട്ടാവാടികള്‍ക്കിടയിലൂടെയും പാഞ്ഞു. ശരീരമാകെ ഉരഞ്ഞും വരിഞ്ഞും പൊട്ടി, എങ്കിലും പോലീസിന്റെ ഇടിയെക്കാള്‍ ഭേദമാണല്ലോ..

കുറേ ഓടിയപ്പോള്‍ കണ്ടത്, ആദ്യം അലറിക്കൂവിയവന്‍ നിലത്തു കിടന്നു ചിരിയ്ക്കുന്നതാണ്..

“പറ്റിച്ചേ..എല്ലാവനെയും പറ്റിച്ചേ..”

അന്ന് തല്ലുകേസിനൊപ്പം,ഒരു കൊലക്കേസില്‍ കൂടി പ്രതിയാകാതിരുന്നത് വീട്ടുകാരുടെ ഭാഗ്യം.

10 comments:

  1. ഓടിയോടി ഒരു വഴിക്കായല്ലേ... നല്ല ഓട്ട കഥ...

    ReplyDelete
  2. നല്ല രചന .... കൂടുതല്‍ വായിക്കാന്‍ പ്രേരിപ്പിക്കുന്നു ... തുടരുക

    ReplyDelete
  3. കൊള്ളാം മാഷേ .... ഓട്ടം നന്നായിട്ടുണ്ട്

    ReplyDelete
  4. ഓട്ടക്കഥ രസകരമായി എഴുതി.

    ReplyDelete
  5. ആ ഓട്ടങ്ങളൊക്കെ ഓർക്കുമ്പോ‍ൾ ഇപ്പോൾ ഒരു രസം തോന്നുന്നില്ലേ...?

    കുപ്പിപ്പിഞ്ഞാണത്തെക്കാളു റൂളിപ്പെൻസിലിനേക്കാളും ഒക്കെ വലിയ പ്രൈസാ അത്!!

    ReplyDelete
  6. ചെറുപ്പത്തില്‍ നല്ല കുട്ടിയായിരുന്നു ല്ലേ..
    വലുതായപ്പോള്‍ അതിലും നല്ല കുട്ടി,,!
    ഇപ്പൊ എങ്ങനെയാ..???????

    രസത്തോടെ വായിച്ചൂ..ട്ടോ.

    ReplyDelete
  7. എന്നോടൊപ്പം ഓടാന്‍ കൂടിയ എല്ലാവര്‍ക്കും നന്ദി.
    @ എക്സ്: ഇപ്പോഴത്തെ രീതി വച്ചു നോക്കിയാല്‍ പണ്ട് ഞാനെത്രയോ ഡീസന്റായിരുന്നു..!

    ReplyDelete
  8. ഇപ്പഴുമുണ്ടോ ഓട്ടം?

    ReplyDelete
  9. ഇനിയെത്ര ദൂരം കൂടി ഓടണം അല്ലെ..?

    ReplyDelete

കമന്റിലെ അക്ഷരങ്ങള്‍ക്ക് നിറം നല്‍കാന്‍ [co="red"]Type Text here[/co] . ഇവിടെ red എന്നതിനു പകരം മറ്റ് നിറങ്ങള്‍ നല്‍കിയാല്‍ മതിയാകും.