പുതിയ കഥാസമാഹാരം “രയറൊം കഥകള്‍ " VPP ലഭിയ്ക്കാന്‍ sidrapubications@gmail

Wednesday 9 March 2011

തലക്കാവേരിയിലേയ്ക്കൊരു സാഹസികയാത്ര !

നിങ്ങള്‍ക്കറിയാമോ, ജീവിതത്തിലെ നല്ലയാത്രകള്‍ ഒരിയ്ക്കലും മുന്നേക്കൂട്ടി ചിന്തിച്ചുറപ്പിയ്ക്കുന്നതല്ല, മറിച്ച് പെട്ടെന്നൊരു തോന്നലില്‍ ഇറങ്ങിപ്പുറപ്പെടുന്നവയാണ്. ഇഷ്ടപ്പെട്ട പെണ്ണിനെ കൈപിടിച്ച്, ഒരു സുപ്രഭാതത്തില്‍ എങ്ങോട്ടെന്നില്ലാതെ പുറപ്പെട്ടുപോകും പോലെയാണത്. അനിശ്ചിതത്വത്തിന്റെ ഭീതിതമായ സൌന്ദര്യം ആസ്വദിച്ചുള്ള യാത്രയുടെ സുഖം, മുളകിട്ട അയല‌കറി കഴിച്ചശേഷം വായില്‍ ബാക്കി നില്‍ക്കുന്ന എരിവുപോലെയാണ്.

കര്‍ണാടകത്തിലെയും തമിഴ്‌നാട്ടിലെയും പ്രധാനനദിയാണ് കാവേരി. അതിലെ വെള്ളത്തിന്റെ പേരിലുള്ള പുകിലുകള്‍ നമുക്കറിയാമല്ലോ. ഈ നദിയുടെ ഉല്‍ഭവം കുടകിലെ വാഗമണ്ഡലത്തിനടുത്തുള്ള തലക്കാവേരീതീര്‍ത്ഥത്തിലാണ്. പലപ്പോഴും പറഞ്ഞും വായിച്ചുമൊക്കെ തലക്കാവേരിയെപറ്റി കേട്ടിട്ടുണ്ട്. കേരള അതിര്‍ത്തിയിലുള്ള പാണത്തൂര്‍ നിന്നും ബസിനു പോയാല്‍ വാഗമണ്ഡലത്തെത്താം. അവിടെനിന്നു തലക്കാവേരിയ്ക്കും. എന്നാല്‍ കണ്ണൂര്‍ ജില്ലയിലെ പുളിങ്ങോം എന്ന സ്ഥലത്തുനിന്നും പുഴകടന്ന്, ഏകദേശം ഇരുപത്തഞ്ച് കിലോമീറ്റര്‍ കാട്ടില്‍കൂടി നടന്നാലുംതലക്കാവേരിയിലെത്താം. ചില സാഹസികര്‍ അങ്ങനെ പോകാറുണ്ട്.

അക്കാലം, ഈയുള്ളവന്‍ വിപ്ലവ പ്രവര്‍ത്തനത്തിനൊപ്പം രയറോത്തെ ഒരു സാംസ്കാരിക സംഘടനയുടെ സെക്രട്ടറി കൂടെയായിരുന്നു. എന്തും വേറിട്ടു ചിന്തിയ്ക്കുക എന്നൊരു തലതിരിഞ്ഞ സ്വഭാവം അന്നും എനിയ്ക്കുണ്ട്. അതുകൊണ്ടായിരിയ്ക്കും ഒരു കാര്യവുമില്ലാതെ അന്ന് വൈകുന്നേരം എനിയ്ക്കങ്ങനെ തോന്നിയത്.

“എടാ നമുക്ക്  തലക്കാവേരിയ്ക്കു പോയാലോ, പുളിങ്ങോത്ത് നിന്നും നടന്ന്..?”

എന്റെ വിഢിത്തങ്ങള്‍ക്ക് സമ്മതം മൂളാന്‍ ചിലരൊക്കെ അന്നും ഉണ്ട്. കേട്ടപാതി കേള്‍ക്കാത്ത പാതി ഒന്‍പതുപേര്‍ ചാടിക്കേറി സമ്മതിച്ചു. പിറ്റേന്ന് രാവിലെ തന്നെ  പുറപ്പെടുക എന്നും തീരുമാനമായി. ഈ സാഹസിക യാത്രയ്ക്ക് ഉടന്‍ ഒരു പേരുമിട്ടു, “കാടറിയാന്‍..”. ഒപ്പമുള്ള ഒരു കലാകാരന്‍ അപ്പോള്‍ തന്നെ  കടലാസില്‍ “കാടറിയാന്‍.. സാഹസികയാത്ര” എന്ന പേരില്‍ പോസ്റ്ററെഴുതി, മൈദാമാവു തേച്ച്  രയറോത്തെ പൂട്ടിക്കിടക്കുന്ന തട്ടുകടയുടെ സൈഡില്‍ ഒട്ടിച്ചു. ഞങ്ങളുടെ സാഹസികത നാലുപേരറിയട്ടെ.

പിറ്റേന്ന് രാവിലെ ഏഴുമണിയ്ക്ക് ഞങ്ങള്‍ പത്ത് സാഹസികര്‍ രയറോത്ത് നിന്ന് പുളിങ്ങോത്തിന് ബസുകയറി. പത്തുപേരില്‍ ഒന്‍പതുപേര്‍ വളരെ യുവാക്കളും, ഗോപ്യേട്ടന്‍ മാത്രം യുവത്വത്തിന്റെ മേലതിരില്‍ മുട്ടുന്ന ആളുമായിരുന്നു. പുളിങ്ങോത്ത് നിന്നും ചായയൊക്കെക്കുടിച്ച് എട്ടരയോടെ ഞങ്ങള്‍ പുഴ മുറിച്ചു കടന്നു. ഈ പുഴയ്ക്കപ്പുറം കര്‍ണാടക ഫോറസ്റ്റാണ്. പുഴകടന്നാല്‍ ആദ്യം കാണുന്നത് ഫോറസ്റ്റ് ഓഫീസ്. അവരുടെ അനുമതിയോടെ മാത്രമേ  കാട്ടില്‍ കടക്കാന്‍ പറ്റൂ. ഞങ്ങള്‍ ഒരു വെള്ളക്കടലാസില്‍ അപേക്ഷയെഴുതിക്കൊടുത്തു. ഫോറസ്റ്ററുടെ അത്ര മുഖം തെളിഞ്ഞില്ല, പിന്നാലെ നൂറിന്റെ ഒരു നോട്ട് കാണുന്നതു വരെ. രണ്ടു നിബന്ധനകള്‍ മാത്രം. തീപ്പെട്ടി, ലൈറ്റര്‍ ഇത്യാദി വസ്തുക്കള്‍ കൊണ്ടുപോകരുത്. വഴിയില്‍ നിന്ന് വിട്ട് കാട്ടിനുള്ളിലേയ്ക്ക് കയറിപ്പോകരുത്, ആനയുണ്ടാകും. നിബന്ധനകളെല്ലാം അംഗീകരിച്ച് ഞങ്ങള്‍ യാത്ര തുടങ്ങി.

കാട്ടിനുള്ളിലൂടെ നല്ലൊരു ജീപ്പ് റോഡുണ്ട്. ഇത് അങ്ങ് തലക്കവേരിവരെ ഉണ്ടത്രേ. ഞങ്ങള്‍ ഏകദേശ യാത്രാസമയം കണക്കുകൂട്ടി നോക്കി. മണിക്കൂറില്‍ അഞ്ച് കിലോമീറ്റര്‍ വേഗതയില്‍ പോയാല്‍ പോലും അഞ്ച് മണിക്കൂര്‍ കൊണ്ട്, അതായത് രണ്ടുമണി-മൂന്നുമണിയ്ക്ക് തലക്കാവേരി പിടിയ്ക്കാം. പിന്നെ അവിടെ തങ്ങി, രാവിലെ തിരികെ പോരാം. ഇതാണ് പദ്ധതി.

അതിമനോഹരമായ വനം. രണ്ടാള്‍ പിടിച്ചാല്‍ എത്താത്തത്ര വലിയ മരങ്ങള്‍. നല്ല കുളിരുണ്ട്. സൂര്യകിരണങ്ങള്‍ അരിച്ചരിച്ച് മാത്രമേ താഴെയെത്തുന്നുള്ളു. നേര്‍ത്ത കാറ്റിന് കാട്ടുപുഷ്പങ്ങളുടെയും മലന്തേനിന്റെയും നറുമണം.. എങ്ങും പക്ഷികളുടെ പാട്ടും, ഇടയ്ക്കിടെ ചിറകടിയും. ചിലപ്പോള്‍ നല്ല വലിപ്പമുള്ള മലയണ്ണാന്‍മാര്‍ മരത്തില്‍ നിന്നു മരത്തിലേയ്ക്കു ചാടി. ഹോ.! ആ വന സൌന്ദര്യം വിവരിയ്ക്കാന്‍ എനിയ്ക്ക് വാക്കുകളില്ല. ഞങ്ങള്‍ കൂടഴിച്ചുവിട്ട കുരങ്ങന്മാരെപ്പോലെ ചുമ്മാ തുള്ളിച്ചാടി. കണ്ട വള്ളികളിലൊക്കെ തൂങ്ങിയാടി. ചിലര്‍ താഴ്ന്നു നില്‍ക്കുന്ന മരക്കൊമ്പില്‍ പാഞ്ഞുകേറി. മറ്റു ചിലര്‍ മനസ്സില്‍ മുട്ടിനിന്ന വലിയ തെറികള്‍ അത്യുച്ചത്തില്‍ ആരോടെന്നില്ലാതെ വിളിച്ചു  കൂവി. ചപലത വിടാത്ത കൊച്ചുകുട്ടികളായി ഞങ്ങളെല്ലാം, എന്തിന് ഗോപ്യേട്ടന്‍ പോലും.

ഏകദേശം ഒരു കിലോമീറ്റര്‍ കഴിഞ്ഞപ്പോള്‍ അല്പം തെളിഞ്ഞ ഒരു സ്ഥലം. അവിടെ നാലഞ്ചു കുടിലുകള് കാണാം‍. കറുത്തു മെലിഞ്ഞ ഒരാള്‍  ഞങ്ങളെ കാത്തെന്ന പോലെ അവിടെ നില്‍ക്കുന്നു. കുഴപ്പമായോ..? ഞങ്ങള്‍ ബഹളം കുറച്ച്, മെല്ലെ നടന്നു.

“നല്ല കിണ്ണന്‍ സാധനം ഉണ്ട്, വേണേല്‍ കഴിച്ചിട്ടു പൊയ്ക്കോ, ക്ഷീണമറിയേലാ”. അടുത്തെത്തിയപ്പോള്‍ അയാള്‍ പറഞ്ഞു.

“ശര്യാ..ഒന്നു പിടിപ്പിച്ചിട്ടു പോയാല്‍ നടപ്പ് നല്ല രസമായിരിയ്ക്കും..” ജോര്‍ജാണതു പറഞ്ഞത്.

കേട്ടപാടെ എല്ലാവരും ആ കറമ്പന്റെ കൂടെ കുടിലിലേയ്ക്കു നടന്നു. ഞാന്‍ പൊതുവില്‍ മദ്യവിരോധി ആണെങ്കിലും കമ്പനിയ്ക്ക് അല്പമാകാം എന്ന പക്ഷക്കാരനാണ്. മണ്‍കട്ട കെട്ടിയ ആ കുടിലില്‍ ക്ഷീണിതയായ ഒരു സ്ത്രീയും മെലിഞ്ഞുണങ്ങിയ രണ്ടു മൂന്നു കുട്ടികളും ഉണ്ടായിരുന്നു. ഞങ്ങളെ മുറ്റത്തു നിര്‍ത്തിയ ശേഷം അയാള്‍ അകത്തുപോയി ഒരു കറുത്ത കന്നാസ് കൊണ്ടു വന്നു, ഒരു ഗ്ലാസ്സും. ഓരോരുത്തരും പറ്റാവുന്നതുപോലെ മോന്തി. ഞങ്ങള്‍ മൂന്നാലുപേര്‍ ഒന്നു സിപ്പു ചെയ്ത് മതിയാക്കി, നമുക്കത്ര കപ്പാസിറ്റിയില്ല. എന്നാല്‍ ഗോപ്യേട്ടന്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറില്ലായിരുന്നു. അതിയാന്‍ രാവിലെ ചേച്ചിയുമായി ഉടക്കിയാണൊ വന്നതെന്നു പോലും സംശയിച്ചുപോയി, ആ മോന്തല്‍ കണ്ടപ്പോള്‍..

“മതി ഗോപ്യേട്ടാ, നമുക്ക് നടക്കേണ്ടതാണ്...”

“നീ പോടാ, ഞാനിനെത്ര കണ്ടതാ..” ഒരു ഗ്ലാസ് നാടന്‍ കൂടി വായിലേയ്ക്ക് കമിഴ്ത്തിക്കൊണ്ട് ഗോപ്യേട്ടന്‍ എന്നെ ആട്ടി.

കാശ് കൊടുത്ത് ഞങ്ങള്‍ നടപ്പു തുടര്‍ന്നു. ചാട്ടവും മറിച്ചിലും പഴയതിലും കൂടി. മൊത്തത്തില്‍ നല്ല രസം. അര മണിക്കൂര്‍ കഴിഞ്ഞു. ഞങ്ങള്‍ കൊടുംകാട്ടിലായി. പെട്ടെന്നാണ് അതുവരെ അലറിക്കൂവിയിരുന്ന ഗോപ്യേട്ടന്‍  നിശബ്ദനായത്. ഞങ്ങളതു ശ്രദ്ധിച്ചു.

“എനിയ്ക്കെന്തോ വയ്യായ്ക പോലെ..” അങ്ങേര് നിലത്തിരുന്നു. എല്ലാവരും ചുറ്റും കൂടി.

“ബ്രാഹ്..................”

ഗോപ്യേട്ടന്‍ തലകുത്തി നിന്ന് ഛര്‍ദ്ദി തുടങ്ങി. ഞങ്ങള്‍ മൂക്കു പൊത്തി മാറിനിന്നു. പുളിങ്ങോത്ത് ഹോട്ടലുകാരനു കൊടുത്ത ഇരുപത്തഞ്ചു രൂപയും വാറ്റുകാരനു കൊടുത്ത അന്‍പതു രൂപയും അതേപടി കാട്ടില്‍ പാഴായി. ആദ്യത്തെ കുറെ എടുത്തടിയ്ക്കു ശേഷം ഗോപ്യേട്ടന്‍ അവശനും പിന്നെ ശാന്തനുമായി. അപ്പോള്‍ ഞങ്ങള്‍ കൈക്കും കാലിനും  തൂക്കി അങ്ങേരെ വാള്‍മുനയില്‍ നിന്നു മാറ്റിക്കിടത്തി.

ഇനിയിപ്പോള്‍ എന്തു  ചെയ്യും? കൊടുംകാടാണ്. മുന്നോട്ട് പോകണോ, തിരിച്ചു പോകണോ? എല്ലാവരുടെയും ഉത്സാഹം കെട്ടു. ചിലര്‍ ഗോപ്യേട്ടനെ വിശേഷിപ്പിയ്ക്കാന്‍ ഉപയോഗിച്ച വാക്കുകള്‍ക്ക് വാളിനേക്കാള്‍ മൂര്‍ച്ച.  അപ്പോഴാണ് താഴെ വള്ളിക്കൂട്ടത്തിനിടയില്‍കൂടി ഒഴുകുന്ന ചെറിയ പുഴകണ്ടത്. ഉടനെ ഞങ്ങള്‍ അങ്ങേരെ താങ്ങിയെടുത്ത്  പുഴയിലേയ്ക്ക് കൊണ്ടു പോയി. നല്ല സുന്ദരമായ കാട്ടുപുഴ. കണ്ണാടിപോലുള്ള വെള്ളം. വലിയ കല്ലിന്‍‌കൂട്ടങ്ങള്‍ക്കിടയിലൂടെ കളകളാ ഒഴുകുന്നു. ഗോപ്യേട്ടനെ ഒരു പാറമേലെ കിടത്തി. എന്നിട്ട് ഇലക്കുമ്പിളില്‍ തണുത്ത വെള്ളം തലയില്‍ ധാരകോരി.

കുറച്ചുനേരം കഴിഞ്ഞതോടെ അങ്ങേര്‍ കണ്ണു തുറന്ന് എഴുനേറ്റിരുന്നു. ആകെ നനഞ്ഞ പൊരുന്നക്കോഴി പോലെയുണ്ട്. ഒരു മണിക്കൂറിനുശേഷം യാത്ര പുനരാരംഭിച്ചു. രണ്ടുപേരുടെ തോളില്‍ താങ്ങി ഗോപ്യേട്ടന്‍ മെല്ലെ മെല്ലെ പിച്ച വെച്ചു. യാത്രയുടെ വേഗതയും കുറഞ്ഞു. അനന്തമായ കാട്. കാഴ്ചകളുടെ സമൃദ്ധി. മനസ്സിനും ശരീരത്തിനും കുളിര്‍മ്മ. പോകുന്ന വഴിയില്‍ ആനകള്‍ തകര്‍ത്തിട്ട മുളംകൂട്ടം കണ്ടു. തൊട്ടുമുന്നില്‍ കൂടി ഒരു കാട്ടു പന്നി പാഞ്ഞുപോയി. കാടുകള്‍ക്ക് മറഞ്ഞിരുന്ന് ഏതൊക്കെയോ ജീവികള്‍ ഞങ്ങളെ നിരീക്ഷിയ്ക്കുന്നുണ്ടായിരുന്നു. ഇടയ്ക്ക്  ഒരു അരുവിയുടെ ഓരത്ത് വട്ടമിട്ടിരുന്ന് കൈയില്‍ കരുതിയ ഭക്ഷണം കഴിച്ചു‍. വീണ്ടും യാത്ര. ആടിയാടി ഒപ്പം ഗോപ്യേട്ടനും..

മണിയ്ക്കൂറുകള്‍ എണ്ണിത്തീര്‍ന്നു. മണി നാലായിട്ടും കാട്ടില്‍ തന്നെ..! അതോടെ  ആശങ്ക തലപൊക്കി. ഇരുട്ടിനു മുന്‍പ് കാട്ടിനു വെളിയിലെത്തിയില്ലെങ്കില്‍ കളി കാര്യമാകും. ഒരു തീപ്പെട്ടി വെളിച്ചം പോലും കൈയിലില്ല.

വീണ്ടും നടപ്പ്. അഞ്ചു മണിയായി.

കാട്ടില്‍ വെളിച്ചം മങ്ങി. തണുപ്പിനു കട്ടി കൂടി. പക്ഷികള്‍ ചേക്കേറുന്നു. ഇപ്പോള്‍ ശരിയ്ക്കും ഭയം എല്ലാവരെയും കീഴ്പെടുത്തി തുടങ്ങി. പലരും തളര്‍ന്നു, ശരീരം കൊണ്ടും മനസ്സു കൊണ്ടും. ഗോപിയേട്ടനാകട്ടെ, ജീവനുള്ള ശവത്തിന്റെ അവസ്ഥയിലായി. ജോര്‍ജാണ് ഒരു തളര്‍ച്ചയുമില്ലാതെ എല്ലാവരെയും നയിയ്ക്കുന്നത്.

അല്പം കൂടി ചെന്നതോടെ കാട് അവസാനിച്ചു. പിന്നെ വലിയൊരു പുല്‍മേടാണ്. എന്തൊരു ഭംഗിയാണവിടെ..! കുറച്ചു നേരം അവിടെ ഇരുന്നു. മുന്നിലെ വലിയൊരു അഗാധതയ്ക്കു ശേഷം  അങ്ങകലെ കിഴക്ക് സഹ്യപര്‍വതനിരകള്‍ അനന്തമായി നീണ്ടു കിടക്കുന്നു, പടിഞ്ഞാറ് കൂറ്റന്‍ മലകള്‍ തലയുയര്‍ത്തിയും..! ഇനി ഈ മലകള്‍ കൂടി കയറണമല്ലോ..!

അപ്പോഴെയ്ക്കും ഇരുട്ടു വീണു. കാഴ്ചകള്‍ അവ്യക്തമായി. എങ്ങനെയും ഇതൊന്നവസാനിച്ചു കിട്ടണേ എന്ന പ്രാര്‍ത്ഥനയോടെ എല്ലാവരും കയറ്റം തുടങ്ങി. ഇവിടെ വല്ല മരച്ചുവട്ടിലും കിടന്നിട്ട് നാളെ പോകാം എന്നും ചിലര്‍ അഭിപ്രായപ്പെട്ടു. എന്നാല്‍  എല്ലാവരും ദാഹിച്ചു വശം കെട്ടിരിയ്ക്കുകയാണ്. ഒരിറ്റു വെള്ളം കുടിയ്ക്കാതെ എങ്ങനെ ഇവിടെ കിടക്കും? അപ്പോഴും ജോര്‍ജ്ജ് അപാര മനശക്തിയോടെ എല്ലാവരെയും മുന്നോട്ട് പോകാന്‍ പ്രേരിപ്പിച്ചു കൊണ്ടിരുന്നു. എന്റെ തുടയിടുക്കുകള്‍ വേദന കൊണ്ട് വിങ്ങി. തൊണ്ട വരണ്ടു പൊട്ടുന്നുമുണ്ട്. ഈ ഐഡിയ മുന്നോട്ട് വച്ച എന്നെ,  അറിയാവുന്ന ചീത്തയൊക്കെ  ഞാന്‍ തന്നെ മനസ്സില്‍ വിളിച്ചു. മറ്റുള്ളവരും വിളിയ്ക്കുന്നുണ്ടാവണം.

സമയം രാത്രി എട്ടായി. കനത്ത ഇരുട്ടല്ലാതെ ഒന്നുമില്ല. കാടല്ലാത്തതിനാല്‍ നക്ഷത്ര വെളിച്ചത്തില്‍ വഴി, ഏതാനും മീറ്റര്‍ ദൂരം തെളിഞ്ഞു കാണാമെന്നു മാത്രം. അനിശ്ചിതാവസ്ഥ അതിന്റെ മൂര്‍ധന്യത്തില്‍ നിന്ന് ഞങ്ങളെ തുറിച്ചു നോക്കി. ജീവനു പോലും ഉറപ്പില്ലാത്ത അവസ്ഥ. ഒന്നു കാലുതെറ്റിയാല്‍ താഴെ അഗാധതയിലേയ്ക്കു പോയേക്കാം. ആര്‍ക്കുമൊന്നും ചെയ്യാനാവില്ല. ഗോപ്യേട്ടന്‍ പുറകില്‍ ഉണ്ടോ ആവോ..ആര്‍ക്കറിയാം..!

അല്പം കൂടി നടന്നപ്പോള്‍, ദൂരെ ഒരു വെളിച്ചം കണ്ടു. ഹോ..ചെറിയൊരു ആശ്വാസം. അപ്പോള്‍ ഊര്‍ജത്തിന്റെ അവസാന തുള്ളിയും ഞങ്ങളുടെ കാലുകളിലേയ്ക്ക് ഊറിക്കൂടി. ദൂരെ നിന്നും ആരൊക്കെയോ സംസാരിയ്ക്കുന്നതു പോലെ തോന്നി. ആവേശപൂര്‍വം നടന്നു.

എട്ടരയോടെ ഒരു നാല്‍ക്കവലയിലെത്തി. അവിടം വിജനമായിരുന്നു. കുറച്ചു താഴെ നല്ല വെളിച്ചം. ഞങ്ങള്‍ അങ്ങോട്ടേയ്ക്ക് ചെന്നു. ഹോ..! അതൊരു നാടന്‍ ഹോട്ടലാണ് !  രണ്ടു പേര്‍ അവിടെയിരുന്നു ചോറുണ്ണുന്നു. ദാവണി വാരിച്ചുറ്റിയ ഒരു സ്ത്രീയാണ് ഹോട്ടലുകാരി. ആ അവശതയിലും അവരെ ശ്രദ്ധിയ്ക്കാതിരിയ്ക്കാന്‍ പറ്റിയില്ല. മുപ്പത്തഞ്ചു വയസ്സു തോന്നിയ്ക്കുന്ന അതി സുന്ദരിയായ ഒരു കൊടകത്തി.

“കുറച്ചു വെള്ളം തരുമോ..?” ഞാന്‍ അവരോട് ചോദിച്ചു.

“നീരു..?”

അവര്‍ സംശയത്തോടെ ചോദിച്ചു.ഓ.. കന്നഡക്കാരിയാണല്ലോ..! ഞാന്‍ കുടിയ്ക്കുന്ന ആംഗ്യം കാണിച്ചപ്പോള്‍ ചിരിയോടെ അവര്‍ ജഗ് അടുത്തേയ്ക്ക് നീക്കിവെച്ചു. എല്ലാവരും മടുമടാ കുടിച്ചു.

“ചോറ് കിട്ടുമോ?” ഞങ്ങള്‍ അന്വേഷിച്ചു.

അവരുടെ മറുപടി തിരിഞ്ഞില്ലെങ്കിലും അര്‍ത്ഥം മനസ്സിലായി. തീര്‍ന്നുപോയി എന്നും, വേണമെങ്കില്‍ വെച്ചു തരാമെന്നുമാണ് പറഞ്ഞത്. സമ്മതിയ്ക്കാതിരിയ്ക്കാന്‍ ഞങ്ങള്‍ക്ക് കാരണമൊന്നുമില്ലല്ലോ. അരമണിയ്ക്കൂറിനകം അവര്‍ ചോറ് ശരിയാക്കി തന്നു. എരിവുകുറഞ്ഞ, മഞ്ഞള്‍ സമൃദ്ധമായ നാടന്‍ കറി കൂട്ടി വയറു നിറയെ അത്താഴം.  തുടര്‍ന്ന് ഞങ്ങള്‍ക്ക് കിടക്കാന്‍ സൌകര്യം വേണമെന്നു പറഞ്ഞപ്പോള്‍, വാഗമണ്ഡലത്ത് ലോഡ്ജുണ്ടെന്നും, അങ്ങോട്ടേയ്ക്ക് ജീപ്പ് വിളിച്ചു തരാമെന്നും പറഞ്ഞു. എന്തിനധികം, അന്ന് രാത്രി പത്തര മണിയായപ്പോള്‍ വാഗമണ്ഡലത്തെ ഒരു മൂന്നാംകിട ലോഡ്ജില്‍ കൊതുകിനോടും മൂട്ടയോടും ഏറ്റുമുട്ടിക്കൊണ്ട്, ഞങ്ങള്‍ കിടന്നു കഴിഞ്ഞിരുന്നു.

രാവിലെ വാഗമണ്ഡലം നടന്നു കണ്ടു. അവിടെയാണ് പ്രശസ്തമായ ത്രിവേണിസംഗമം ഉള്ളതെന്ന് കേട്ടിരുന്നു. അതു കാണാന്‍ പോയി. അത്ഭുതകരം..! എന്റെ വീടിന്റെ തെക്കുവശത്തെ കൈത്തോട് പോലുള്ള രണ്ടു തോടുകള്‍ ഒന്നിച്ചു ചേരുന്നതാണ് ഈ ത്രിവേണി സംഗമം. മൂന്നാമത്തെ വേണിയെവിടെയെന്ന് ആര്‍ക്കും അറിയുകയുമില്ല. തോട്ടില്‍ ധാരാളം പെണ്ണുങ്ങള്‍ കുളിയ്ക്കുന്നതു കൊണ്ട് അധിക നേരം അവിടെ നിന്നില്ല. കരയില്‍, കല്ലിന്മേല്‍ കുമ്പിട്ടിരിയ്ക്കുന്ന ചില ആണുങ്ങളുടെ തല  ബാര്‍ബര്‍മാര്‍ മൊട്ടയടിച്ചു കൊടുക്കുന്നു.

കുളിയെല്ലാം കഴിഞ്ഞ് ഞങ്ങള്‍ ബസില്‍ തലക്കാവേരി കാണാന്‍ പോയി. ഞങ്ങള്‍ രാത്രി നടന്നെത്തിയത് ശരിയ്ക്കും തലക്കാവേരിയില്‍ തന്നെയായിരുന്നു. തീര്‍ത്ഥം ഇറങ്ങിക്കണ്ടു. പത്തു മീറ്ററോളം സമചതുരം വരുന്ന ഒരു കുളം. ഇതിലെ ഉറവയില്‍ നിന്നത്രേ കാവേരി നദി ഉല്‍ഭവിയ്ക്കുന്നത്. ഇവിടുത്തെ ഉത്സവനാള്‍, ഈ തീര്‍ത്ഥത്തില്‍ നിന്നും ഉറവ പൊന്തിയുയര്‍ന്നു വരുമെന്ന് അവിടെയുള്ളവര്‍ പറഞ്ഞു. പിന്നെ, രാത്രിയില്‍ ഞങ്ങളെ സഹായിച്ച കുടകത്തി ചേച്ചിയെ പോയിക്കണ്ടു. അവിടെ വില്പനയ്ക്കു വച്ചിരുന്ന കാട്ടുതേന്‍ ഓരോ കുപ്പി മേടിക്കാനും മറന്നില്ല.

തിരികെ ലോഡ്ജിലെത്തി. അപ്പോഴാണ് അറിഞ്ഞത് ഇവിടെ പായ്കറ്റ് ചാരായം കിട്ടുമത്രേ..! ഗോപ്യേട്ടന്‍ മുഖം തിരിച്ചെങ്കിലും, കുറച്ച്  മേടിച്ചു കൊണ്ടു പോകണം എന്ന് ജോര്‍ജിനും മറ്റും നിര്‍ബന്ധം. പക്ഷെ എങ്ങനെ കൊണ്ടു പോകും? കേരളത്തില്‍ ചാരായനിരോധനമാണല്ലോ.. പോലീസ് അറിഞ്ഞാല്‍ അകത്താണ്. ബുദ്ധിമാന്മാര്‍ അതിനും വഴി കണ്ടെത്തി. ഒന്നര ലിറ്ററിന്റെ കുടിവെള്ള കുപ്പി മേടിച്ചു. വെള്ളം മുഴുവന്‍ കുടിച്ചിട്ട് അതില്‍ ചാരായം മേടിച്ചു നിറച്ചു. ആരു നോക്കിയാലും വെള്ളക്കുപ്പി തന്നെ ! അന്ന്  ബസില്‍ തിരികെ പോരുമ്പോള്‍ ഒരു കൂസലുമില്ലാതെ ആ കുപ്പി കൈയില്‍ പിടിച്ചാണ് ഞങ്ങള്‍ നാട്ടിലേയ്ക്കു പോന്നത്.

കാട്ടില്‍ അല്പം കഷ്ടപ്പെട്ടെങ്കിലും ആ യാത്രയുടെ ത്രില്‍ ഇന്നും നഷ്ടമായിട്ടില്ല. കാടറിഞ്ഞുള്ള ശരിയായ സാഹസിക യാത്ര തന്നെ ആയിരുന്നു അത്.

വാല്‍ക്കഷണം: ആരാരുമറിയാതെ, അലഞ്ഞു തിരിഞ്ഞ് ഒരു ദീര്‍ഘ യാത്ര. പുഴകളില്‍ കുളിയ്ക്കുക, കിട്ടുന്നതു കഴിയ്ക്കുക, പ്ലാറ്റ്ഫോമില്‍ കിടന്നുറങ്ങുക.  ഞാന്‍ മനസ്സില്‍ താലോലിയ്ക്കുന്ന ഒരു സ്വപ്നമാണിത്. നടക്കുമോ ആവോ !

26 comments:

  1. 'ഒറ്റശ്വാസത്തില്‍' വായിച്ചു.
    നിങളുടെ കൂടെ ഞാനും ഉണ്ടായിരുന്നു എന്ന് തോന്നിപ്പോയി.
    താങ്കളുടെ 'താലോല' സ്വപ്നം നടക്കായ്ക ഇല്ല. പക്ഷെ അലഞ്ഞു തിരിയുന്നവനെ പിടിച്ചു കൊലപാതകക്കേസില്‍ അകത്തിടുന്ന കാലമാണിത്. സൂക്ഷികണം.

    ReplyDelete
  2. കൊള്ളാം.നല്ല യാത്ര. നല്ല സ്ഥലവുമാണത്.കുന്നിന്‍പുറത്ത് നിന്നു നോക്കിയാല്‍ ചുറ്റും കുന്നുകളുടെ ഒരു പറുദീസ. പറത്തിക്കൊണ്ട് പോകുന്ന കാറ്റും.

    ReplyDelete
  3. വളരെ ത്രില്ല്ല്ലടിപ്പിച്ച യാത്ര ,ഒറ്റയിരുപ്പിൽ വായിച്ചൂ തീർത്തു...നന്നായി എഴുതീട്ടോ....
    ആ‍ സ്വപ്നം എന്റേയൂം കൂടി സ്വപ്നമാണ് . ഒരിക്കലും നടപ്പാകില്ലെന്നറീയുന്ന സ്വപ്നം.....!!!

    ReplyDelete
  4. നല്ല യാത്രാവിവരണം.ശ്വാസം അടക്കിപ്പിടിച്ച് എഴുതുന്ന ആളിന്‍റെ വികാരം ഉള്‍ക്കൊണ്ട്‌ വായിച്ചു തീര്‍ത്തു.
    പിന്നെ അവസാനം പറഞ്ഞ ആ വാല്‍ക്കഷ്ണപ്പൂതി എല്ലാരുടെ മനസ്സിലും കാണും.
    അത് നടപ്പാകണമെങ്കില്‍ കുറഞ്ഞത് ഒരയ്യപ്പനെങ്കിലും ആകേണ്ടി വരും.
    അതായത്‌ പെണ്ണും പിടക്കോഴിയും,,പിന്നെ കുഞ്ഞുകുട്ടി പരാധീനതകള്‍ ..ഇപ്പറഞ്ഞതൊന്നും ഉണ്ടാകരുതെന്ന്.

    ReplyDelete
  5. യാത്രയും യാത്രാ വിവരണവും നന്നായിട്ടുണ്ട്.

    ReplyDelete
  6. ഈ യാത്ര അനുഭവം നന്നായിരിക്കുന്നു

    സ്വപ്നം വേഗം യഥാര്ത്യമാകട്ടെ

    ReplyDelete
  7. “ആരാരുമറിയാതെ, അലഞ്ഞു തിരിഞ്ഞ് ഒരു ദീര്‍ഘ യാത്ര. പുഴകളില്‍ കുളിയ്ക്കുക, കിട്ടുന്നതു കഴിയ്ക്കുക, പ്ലാറ്റ്ഫോമില്‍ കിടന്നുറങ്ങുക. ഞാന്‍ മനസ്സില്‍ താലോലിയ്ക്കുന്ന ഒരു സ്വപ്നമാണിത്. നടക്കുമോ ആവോ“

    ഉണ്ടോനറിയുമോ ഉണ്ണാത്തോന്റെ വിഷമം.

    ReplyDelete
  8. നല്ല വായനാനുഭവം തന്നു, അലഞ്ഞുതിരിഞ്ഞു നടക്കനിത്ര പൂതിയാണല്ലേ? നാറാണത്തു ബ്രാന്തനെ കേട്ടില്ലേ?  അഭിനന്ദനഗ്ങ്നൾ

    ReplyDelete
  9. @ ഫസലുര്‍: നന്ദി..:-))
    @ ഇസ്മായില്‍: താങ്കള്‍ പറഞ്ഞതിലും കാര്യമുണ്ട്. നോക്കട്ടെ. എന്തായാലും ഞാന്‍ പ്ലാറ്റ്ഫോമില്‍ പത്രം വിരിച്ച് കിടന്നുറങ്ങിയിട്ടുണ്ട് പലപ്രാവശ്യം..:-))
    @ മുല്ല: തലക്കാവേരിയില്‍ പൊയിട്ടുണ്ടല്ലേ..! കാനനയാത്രകൂടി നടത്തൂ.. നന്ദി.
    @ കുഞ്ഞൂസ് : ഹ ഹ..കുഞ്ഞൂസിനും ഇങ്ങനൊരാഗ്രഹമുണ്ടോ? സത്യത്തില്‍ പലര്‍ക്കും ഈ ആഗ്രഹമുണ്ട്, അത് മനസിന്റെ ഒരു പ്രത്യേകതയാണ്. അലച്ചിലിനോടുള്ള ആസക്തി.
    @ എക്സ്: സ്ത്രീകള്‍ക്ക് ചില പരിമിതികള്‍ ഉണ്ടെങ്കിലും പുരുഷന്മാര്‍ക്ക് വേണമെങ്കില്‍ ഒന്നോ രണ്ടോ ആഴ്ച ഒന്നലയാവുന്നതേയുള്ളു. ഞാന്‍ നാട്ടില്‍ പോകുമ്പോള്‍ ചിലപ്പോള്‍ ഒരു കാര്യവുമില്ലാതെ, ഗ്രാമങ്ങളില്‍ കൂടിയുള്ള ബസില്‍ യാത്ര പോകും, അവസാന സ്റ്റോപ്പ് വരെ. പിന്നെ, അതേ ബസിനു തിരിച്ചും പോരും..:-))
    @ മിനി: നന്ദി ടീച്ചര്‍
    @ അഭി: ഹ ഹ അനുഗ്രഹം നല്ല മനസ്സോടെയാണൊ? നന്ദി.
    @ ജസ്റ്റിന്‍: എത്ര ഉണ്ടാലും ചെറിയൊരു വിശപ്പ് ബാക്കി കിടക്കും..ഇല്ലേ..:-))
    @ കറ്റൂരി: സ്ഥിരമായ അലച്ചിലല്ല. ചെറിയ കാലത്തേക്ക്. നമ്മള്‍ എന്നുമിങ്ങനെ വേഷം കെട്ടി, കൃത്യ ടൈംടേബിളില്‍ ജീവിച്ചാല്‍ മതിയോ..? അല്ലാത്ത ജീവിതവും എന്താന്നറിഞ്ഞാലെ, നാം ഇന്നനുഭവിയ്ക്കുന്ന ജീവിതത്തിന്റെ വില അറിയൂ..
    നന്ദി വായനയ്ക്ക്.

    ReplyDelete
  10. ഈ വഴി കോളേജില്‍ നിന്നും എന്‍ സി സി വക ഒരു ട്രക്കിങ്ങ് നടത്തിയപ്പോള്‍ പോയിട്ടുണ്ട്.തിരിച്ചും നടന്നു തന്നെയാ വന്നത്. രാവിലെ പുളിങ്ങോത്തുനിന്നും പുറപ്പെട്ട് വൈകീട്ട് നാലരയോടെ അവിടെയെത്തി. വഴിയില്‍ കാട്ടരുവിയില്‍ കുളിച്ചതും അട്ട കടിച്ചതും..നല്ല പച്ചപുതപ്പണിഞ്ഞ മലമേടുകളും കാറ്റാടിയന്ത്രങ്ങളും ചൂളം വിളിയുമായി കൂട്ടിനെത്തിയ തണുത്ത കാറ്റും....എല്ലാം ഇപ്പൊഴും ഓര്‍മ്മയിലുണ്ട്..ഇതു വായിച്ചപ്പോള്‍ പോയ വഴികളിലൂടെ ഒന്നു തിരിച്ചൊന്നു നടന്നൂ ഞാന്‍...നല്ല ഓര്‍മ്മക്കുറിപ്പ്.

    ReplyDelete
  11. തലക്കാവേരി എന്ന സ്വപ്നഭൂമി..പലപ്രാവശ്യം പോയിട്ടുണ്ട്...മണ്ണിനെയറിയാൻ തികച്ചും തീർഥാടകരെപ്പോലെ കോട്ടഞ്ചേരി ചെന്ന് അവിടെ നിന്നും തലക്കാവേരി വരെ നടന്ന് സീക്കിന്റെ പത്മനാഭൻ മാഷുടെയും ഒരുപാട് കൂട്ടുകാരുടെയും കൂടെ....ഒന്നു രണ്ടു വർഷങ്ങളായി ഞങ്ങളുടെ കുടകു മലകളെയും കർണ്ണാടകയുടെ വനങ്ങളെയും കിന്നാരം പറയാൻ വരുന്ന മേഘങ്ങളേയുമൊക്കെ തൊട്ടുരുമ്മിയുള്ളയാ സ്വപ്നം പോൽ സുന്ദരയാത്രകൾ നടക്കാറില്ല..തലക്കാവേരി തീർഥവും ത്രിവേണിസംഗമ[കന്യക ,സുജ്യോതി, കാവേരി]ത്തിലെ കുളിയുംഒക്കെയോർത്തു പോയി...അന്തർവ്വാഹിനിയായ സുജ്യോതിയുടെ സാന്നിധ്യംകണ്ടെത്തി[അവിടെ വെള്ളത്തിന് ഇളം ചൂടാണ്]അതിൽ മുങ്ങി നിവരുമ്പോൾ ഞങ്ങൾക്കൊപ്പം രണ്ട് സുജ്യോതിമാർ കൂടി [പെൺകുട്ടികൾ]ഉണ്ടാകാറുണ്ട് ചില വർഷങ്ങളിൽ...ഒരിക്കൽ കൂടിയാ മലനിരകൾ താണ്ടി സുജ്യോതിയെ സ്പർശിക്കാൻ കൊതിച്ചുപോകുന്നു..

    ReplyDelete
  12. നല്ല യാത്രാനുഭവം.പടംസും കൂടിയുണ്ടായിരുന്നെങ്കിൽ!!
    ഞാനെല്ലാ വെക്കേഷനിലും ഇതുപോലൊരു കാടുകയറ്റം ഉണ്ട്.

    ReplyDelete
  13. സംഭവം ഗംഭീരം.എഴുത്തിന്റെ ശക്തിയില്‍ ഞാനും കൂടെ നിങ്ങളുടെ കൂടെ കാടു കയറിയതു പോലെ.

    ReplyDelete
  14. നല്ല യാത്ര,,,,

    ReplyDelete
  15. കാടിന്റെ വശ്യ സൗന്ദര്യം ഭംഗിയായി അവതരിപ്പിച്ചു. കാടും, അരുവിയും, കിളികളും എല്ലാം മനസ്സില്‍ തെളിഞ്ഞുവന്നു.. കൂടാതെ ആ സൗന്ദര്യം കാണാനുള്ള ഒരാഗ്രഹവും. ആശംസകള്‍

    ReplyDelete
  16. @ പ്രവാസി: ഒരു തലക്കാവേരി പോസ്റ്റ് പ്രതീക്ഷിയ്ക്കുന്നു.
    @ നനവ്: വളരെ പ്രസക്തമായ ഈ കമന്റിനു പ്രത്യേക നന്ദി. എനിയ്ക്ക് ഇനിയും ഒന്നുകൂടി പോകണമെന്നുണ്ട്. അവിടെയൊക്കെ പ്രകൃതി ഇപ്പോഴും ശുദ്ധതയോടെ നിലനില്‍ക്കുന്നു.
    @ നികു: യാത്ര കുറച്ചു പഴയതായതിനാല്‍ പടംസ് ഒന്നുമില്ല. ഇറ്റയ്ക്കൊരു കാടുകയറല്‍ നല്ലതാ..അല്ലേ..:-)))
    @ ഉണ്ണി : വളരെ സന്തോഷം..
    @ നൌഷു : നന്ദി
    @ ഷബീര്‍ : തീര്‍ച്ചയായും, ഒരിയ്ക്കല്‍ അവിടമെല്ലാം സന്ദര്‍ശിയ്ക്കണം.

    ReplyDelete
  17. “നല്ല കിണ്ണന്‍ സാധനം ഉണ്ട്, വേണേല്‍ കഴിച്ചിട്ടു പൊയ്ക്കോ, ക്ഷീണമറിയേലാ”. അടുത്തെത്തിയപ്പോള്‍ അയാള്‍ പറഞ്ഞു... കാശ് കൊടുത്ത് ഞങ്ങള്‍ നടപ്പു തുടര്‍ന്നു. ചാട്ടവും മറിച്ചിലും പഴയതിലും കൂടി. മൊത്തത്തില്‍ നല്ല രസം. അര മണിക്കൂര്‍ കഴിഞ്ഞു. ഞങ്ങള്‍ കൊടുംകാട്ടിലായി.

    --------
    വൌ.. വായിച്ച് ഇത് വരെയെത്തിയപ്പോൾ ഇത് ഞാൻ തന്നെയല്ലേ എന്ന സംശയമായിരുന്നു. പ്രിഡിഗ്രി കഴിഞ്ഞ് നിൽക്കുന്ന കാലത്ത്, ഞാനും 5 സുഹ്രുത്തുക്കളും ഇതേ സാഹസികയാത്ര, ഇതേ വഴിയിലൂടെ നടത്തി, ഇതേ ആദിവാസികളുടെ വാറ്റും കുടിച്ചു. പക്ഷേ, കുടിച്ച് 5 മിനിറ്റിനുള്ളിൽ കപ്പാസിറ്റിയില്ലാത്ത രണ്ടവന്മാരുടെ വാള് കാരണം, തിരിച്ച് കാടിറങ്ങിയെന്ന് മാത്രം..! ഞങ്ങൾ യാത്ര തുടങ്ങിയത് രാജഗിരിയിൽ നിന്നായിരുന്നു എന്ന് മാത്രം..! വല്ലതെ നൊസ്റ്റി ആക്കി, ഈ പോസ്റ്റ്. :)

    ReplyDelete
  18. Hi Biju,
    Vayippikkumvidham ezhuthan kazhivundu. Itharam pathirupathanubhavangal ayal oru pusthakamakkam.Iniyum ezhuthu.

    ReplyDelete
  19. കാട് കയറി എഴുതിയില്ലെങ്കിലും വായിച്ചുഞാൻ കാടുകയറി…!!

    ReplyDelete
  20. നന്നായി എഴുതീയിരിക്കുന്നു. കൊതിതോന്നുന്നതു പോലെ.. ആശംസകൾ.

    ReplyDelete
  21. ഹോ അസൂയ തോന്നിപ്പോകുന്നു ബിജുവേട്ടാ........ ഇനിയും ഒരു ജന്മം ഉണ്ടെങ്കില്‍ ബിജുവേട്ടന്റെ കൂട്ടുകാരനായി ജനിച്ചാല്‍ മതിയായിരുന്നു....... എനിക്കും ഒരുപാട് ഇഷ്ടമാണ് യാത്രകള്‍ .... പക്ഷെ സമാന മനസ്കരുടെ അഭാവം എന്നെ നിരാശപ്പെടുത്തുന്നു........

    ReplyDelete
  22. അനുഭവക്കുറിപ്പുകളിൽ ഇത് എനിക്ക് വളരെ ഇഷ്ടമായി

    ReplyDelete
  23. Nalla yathra anubhavam, ente viddithathinunhanu mattu 4 per sammatham mooliyitte ithe vazhiyil koodi bikel poyitunde. vayichapol aa 4 pereyum yathrayum oorthpoyi. Thanks

    ReplyDelete
  24. മനോഹരമായ യാത്ര ഒപ്പം സഞ്ചരിച്ച അനുഭവം

    ReplyDelete

കമന്റിലെ അക്ഷരങ്ങള്‍ക്ക് നിറം നല്‍കാന്‍ [co="red"]Type Text here[/co] . ഇവിടെ red എന്നതിനു പകരം മറ്റ് നിറങ്ങള്‍ നല്‍കിയാല്‍ മതിയാകും.