പുതിയ കഥാസമാഹാരം “രയറൊം കഥകള്‍ " VPP ലഭിയ്ക്കാന്‍ sidrapubications@gmail

Monday 29 November 2010

സെന്റ് ആഞ്ചലോ കോട്ട - കണ്ണൂര്‍ : (ഫോട്ടോ ഫീച്ചര്‍)

കണ്ണൂര്‍ ജില്ലയിലെ എറ്റവും വലിയ ടൂറിസ്റ്റ് ആകര്‍ഷണം ഏതെന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേയുള്ളൂ. “കണ്ണൂര്‍ കോട്ട” എന്നറിയപ്പെടുന്ന “സെന്റ് ആഞ്ചലോ ഫോര്‍ട്ട്.” കണ്ണൂര്‍ ജില്ലാ ആശുപത്രിയുടെയും ടെറിട്ടോറിയല്‍ ആര്‍മി കണ്ടോണ്മെന്റിന്റെയും തൊട്ടടുത്തായി അറബിക്കടലിലേയ്ക്ക് തള്ളിനില്‍ക്കുന്ന ഒരു ചീന്ത് പോലെ ഈ കോട്ട സ്ഥിതി ചെയ്യുന്നു. അത്യധികം ചരിത്രപ്രാധാന്യമുള്ള ഈ കോട്ട ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ മേല്‍നോട്ടത്തില്‍ സംരക്ഷിയ്ക്കപെടുന്നു. രാവിലെ 8.00 മണിയ്ക്കും വൈകിട്ട് 6.00 ആറുമണിയ്ക്കുമിടയിലാണ് പ്രവേശനം. ഉള്ളില്‍ കയറുന്നതിനോ ചിത്രങ്ങള്‍ എടുക്കുന്നതിനോ യാതൊരു വിധ ഫീസും ഈടാക്കുന്നില്ല.

കോട്ട സന്ദര്‍ശിയ്ക്കുന്നതിനു മുന്‍പേ അല്പം ചരിത്രം അറിഞ്ഞിരിയ്ക്കേണ്ടതാണ്.
കണ്ണൂര്‍ കോട്ടയെപറ്റിയും അതിന്റെ ചരിത്രത്തെ പറ്റിയും വില്യം ലോഗന്റെ മലബാര്‍ മാനുവലില്‍ വിശദമായി പ്രതിപാദിയ്ക്കുന്നുണ്ട്. വായനക്കാരുടെ അറിവിലേയ്ക്കായി പ്രസക്തഭാഗങ്ങളില്‍ ചിലത് ഉദ്ധരിയ്ക്കാം.

“പോര്‍ച്ചുഗീസ് ചരിത്രത്തില്‍ 1505 അവിസ്മരണീയമായ ഒരു വര്‍ഷമത്രേ. കാരണം അക്കൊല്ലം ഒക്ടോ: 31ന് “സമസ്ത ഇന്‍ഡീസിന്റെ”യും ആദ്യത്തെ പോര്‍ച്ചുഗീസ് വൈസ്രോയി ആയി അഭിഷിക്തനായ  “ഡോണ്‍ ഫ്രാന്‍സിസ്കോ ഡ അല്‍മേഡ“ എട്ടു കപ്പലുകളും അവയിലെല്ലാം കൂടി 1500 പട്ടാളക്കാരുമായി കൊച്ചിയില്‍ എത്തി. അല്‍മേഡയുടെ നിയമന ഉത്തരവ് എമ്മാനുവല്‍ രാജാവ് പുറപ്പെടുവിച്ചത് അക്കൊല്ലം മാര്‍ച്ച് 25 വെച്ചായിരുന്നു. നിയമനം പ്രാബല്യത്തില്‍ വരണമെങ്കില്‍ പഞ്ചിമ തീരത്ത് 1.അഞ്ചദ്വീപ്, 2.കണ്ണൂര്, 3.കൊച്ചി, 4.ക്വയിലോണ്‍ എന്നിങ്ങനെ നാലിടങ്ങളില്‍ പോര്‍ച്ചുഗീസ് കോട്ട പണിയണമെന്ന് വ്യവസ്ഥ ചെയ്തിരുന്നു.

കടലോരം വഴി വടക്കോട്ടുള്ള യാത്രയില്‍ അല്‍മേഡ കണ്ണൂരിലെത്തി, കോലത്തിരിയുടെ അനുമതിയോടെ  ഒക്ടോ: 28 ന് അവിടെ കോട്ടപണി തുടങ്ങി. അതിനു “സെന്റ് ആഞ്ചലോ“ കോട്ട എന്നു പേരുമിട്ടു. കോട്ട സംരക്ഷിയ്ക്കുന്നതിനു രണ്ടു കപ്പലുകളും 150 പോര്‍ച്ചുഗീസ് ഭടന്മാരും “ലോറെന്‍സൊ ഡി ബ്രിറ്റോ“വിന്റെ നേതൃത്വത്തില്‍ കണ്ണൂരില്‍ നിലകൊണ്ടു. കണ്ണൂരിലായിരുന്നപ്പോള്‍  വിജയനഗരം രാജാവിന്റെ മന്ത്രി  നരസിംഹറാവു തന്നെ സന്ദര്‍ശിയ്ക്കാന്‍ എത്തിയത് അല്‍മേഡ വലിയൊരു ബഹുമതിയായി കണക്കാക്കി. പോര്‍ച്ചുഗീസ് രാജാവിന്റെ മകന് വിജയനഗരം രാജാവിന്റെ മകളെ വിവാഹം ചെയ്തു കൊടുക്കാന്‍ സമ്മതമാണെന്ന ഒരു നിര്‍ദേശവും മന്ത്രി അല്‍മേഡയെ അറിയിച്ചു.

1506 മാര്‍ച്ച് 16 ന് കണ്ണൂര്‍ കടലിലേയ്ക്കു കുതിച്ചു വരുകയായിരുന്ന കോഴിക്കോട്ട് (സാമൂതിരി) നാവിക വ്യൂഹത്തിന്റെ ഒത്ത നടുവിലൂടെ അല്‍മേഡ തന്റെ കപ്പലുകള്‍ കയറ്റി ഓടിച്ചു. പോര്‍ട്ടുഗീസ് പീരങ്കിവെടികളും വെടിമരുന്നുവര്‍ഷവും ഏറ്റു നില്‍ക്കാനാവാതെ സാമൂതിരിയുടെ നാവികവ്യൂഹത്തിന് ചിന്നിചിതറി പിന്തിരിഞ്ഞ് ഓടേണ്ടി വന്നു. തെക്കോട്ടു പിന്‍‌വാങ്ങിയ സാമൂതിരിപ്പട പ്രതികൂലമായ കാറ്റില്‍  അവരറിയാതെ വടക്കോട്ടു കണ്ണൂരേക്കു നീങ്ങിയെത്തി. ഏറ്റുമുട്ടാന്‍ വന്നതല്ല തങ്ങളെന്നും വടക്കോട്ടു നീങ്ങാന്‍ അനുവദിയ്ക്കണമെന്നും സാമൂതിരി കപ്പിത്താന്മാര്‍ അല്‍മേഡയോടു നടത്തിയ അപേക്ഷ നിരസിയ്ക്കപ്പെടുകയും അവരുടെ മൂവായിരത്തോളം നാവികരെ തിരഞ്ഞു പിടിച്ചു കൂട്ടക്കൊല നടത്തുകയും ചെയ്തു.

സാമൂതിരിയുടെ സമുദ്രശക്തിയ്ക്കു മേല്‍ പോര്‍ച്ചുഗീസുകാര്‍ നേടിയ ഈ വിജയം അവരുടെ നാവികമേല്‍ക്കോയ്മ അനിഷേധ്യമാംവിധം തെളിയിച്ചു. 1506-ലെ കാലവര്‍ഷത്തിന്റെ അവസാനത്തില്‍, പോര്‍ച്ചുഗീസ് വൈസ്രോയി ബുദ്ധിപൂര്‍വകമായ ഒരു തീരുമാനമെടുത്തു. അഞ്ചദ്വീപ് കോട്ട ഉപേക്ഷിയ്ക്കുകയും കണ്ണൂര്‍, കൊച്ചി കോട്ടകള്‍ സുസ്ഥാപിതമാക്കുകയും ചെയ്താല്‍ പോര്‍ച്ചുഗീസ് വ്യാപാരതാല്പര്യങ്ങള്‍ ഇന്ത്യന്‍ തീരത്തില്‍ ഭദ്രമായി സംരക്ഷിയ്ക്കാന്‍ കഴിയും എന്നതായിരുന്നു അത്.

ഇതിനിടെ തദ്ദേശീയരുടെ വള്ളങ്ങളും നൌകകളും തീരക്കടലില്‍ സഞ്ചരിയ്ക്കണമെങ്കില്‍ പോര്‍ച്ചുഗീസുകാരുടെ പാസ് വേണമെന്നു നിര്‍ബന്ധമാക്കി. കണ്ണൂരിലെയോ കൊച്ചിയിലെയോ കോട്ടകളുടെ കമാണ്ടര്‍ ഒപ്പിട്ടതാവണം ഈ പാസുകള്‍.
കണ്ണില്‍‌പെടുന്ന നാടന്‍ സമുദ്രയാനങ്ങള്‍ കണ്ടുകെട്ടുന്നതിന്റെ ഭാഗമായി, കണ്ണൂര്‍ കടലില്‍ കണ്ട ഒരു നൌകയെ പോര്‍ച്ചുഗീസ് ക്യാപ്റ്റന്‍ ഗോണ്‍സലോവാസ് കൈയ്യേറാനിടയായി. കണ്ണൂര്‍ കമാണ്ടന്റ് ബ്രിറ്റോ കൊടുത്ത ഒരു പാസ് ഈനൌകയ്ക്കുണ്ടായിരുന്നു. പാസ് കൃത്രിമമാനെന്നു പറഞ്ഞ് ഗോണ്‍സലോവാസ് അതു പിടിച്ചടക്കി. ചരക്കുകള്‍ കൊള്ള ചെയ്ത ശേഷം നൌക മുക്കുകയും അതിലെ ജോലിക്കാരെ കപ്പല്‍പായയില്‍ തുന്നിക്കൂട്ടി കടലില്‍ തള്ളുകയും ചെയ്തു. പിറ്റേന്ന് ശവശരീങ്ങള്‍ കരയ്ക്കടിഞ്ഞപ്പോഴാണ് ഹതഭാഗ്യരില്‍ ഒരാള്‍ മമ്മാലിമരയ്ക്കാരുടെ സ്യാലനാണെന്ന് അറിയുന്നത്. കൊല്ലപ്പെട്ട വ്യാപാരിയുടെ പിതാവ് മലബാര്‍ തീരത്തെ അറിയപ്പെടുന്ന ഒരു കച്ചവട പ്രഭുവായിരുന്നു. അയാള്‍ രോഷാകുലനായി കണ്ണൂര്‍ കോട്ടയില്‍ ചെന്നു ബ്രിറ്റോവിനോട് വിശദീകരണം ആവശ്യപ്പെട്ടു. താന്‍ നിരപരാധിയാണെന്ന് ബ്രിറ്റോ പറഞ്ഞെങ്കിലും കൊല ചെയ്യപ്പെട്ടവരുടെ കുടുംബങ്ങള്‍  കോലത്തിരി രാജാവിന്റെ വളപട്ടണത്തുള്ള കൊട്ടാരത്തിലേയ്ക്ക് കൂട്ടമായി മാര്‍ച്ചു ചെയ്തു. പോര്‍ച്ചുഗീസുകാരുടെ വഞ്ചനയ്ക്കു പ്രതികാരം ചെയ്യണമെന്ന് അവര്‍ രാജാവിനോടാവശ്യപ്പെട്ടു. നാട്ടുകാര്‍ ആകെ ഇളകികഴിഞ്ഞിരുന്നു. അങ്ങനെ കണ്ണൂര്‍ കോട്ട ആക്രമിച്ചു കീഴടക്കാന്‍ കോലത്തിരി സമ്മതിച്ചു.

പ്രതികാരേച്ഛുക്കളാണ് നാട്ടുകാരെന്നു മനസ്സിലാക്കിയ പോര്‍ച്ചുഗീസുകാര്‍ തങ്ങളുടെ കോട്ടയ്ക്കുള്ളിലേയ്ക്കു വലിഞ്ഞു. 1507ഏപ്രില്‍ 27 മുതല്‍ നാലുമാസക്കാലം അവര്‍ സ്വയം കൊട്ടിയടച്ച കോട്ടയ്ക്കകത്തു പുറത്തിറങ്ങാന്‍ ധൈര്യപ്പെടാതെ കഴിച്ചു കൂട്ടി. ഈ അവസ്ഥ കൊച്ചിയിലുള്ള അല്‍മേഡയെ ബ്രിറ്റോ രഹസ്യമായി അറിയിച്ചു. സഹായത്തിനു കൂടുതല്‍ പട്ടാളക്കാരും സാധനസാമഗ്രികളും വന്നു. ഗോണ്‍സലാവോസിനെ സര്‍വീസില്‍ നിന്നും പിരിച്ചുവിട്ടു. എന്നാല്‍ കോലത്തിരി ഇതില്‍ തൃപ്തനായില്ല. സാമൂതിരിയില്‍ നിന്നും 12 പീരങ്കികള്‍ കോലത്തിരിയ്ക്കു കിട്ടി. പോര്‍ച്ചുഗീസ് കോട്ടയും നഗരവുമായുള്ള എല്ലാ ബന്ധങ്ങളും വിച്ഛേദിച്ചുകൊണ്ട് ഒരു തോട് കീറി. നാല്പതിനായിരം നായന്മാരെക്കൊണ്ട് കോട്ട ഉപരോധിച്ചു. കരുതലായി സാമൂതിരി അയച്ചുകൊടുത്ത ഇരുപതിനായിരം ഭടന്മാരും ഒരുങ്ങിനിന്നു. ബ്രിറ്റോയും കോട്ടയുടെ ചെറുത്തു നില്പ് ശക്തമാക്കുകയായിരുന്നു.

ഇരുഭാഗത്തേയും തയ്യാറെടുപ്പ് തുടര്‍ന്നുപോകുന്നതിനിടെ ഒരു നാള്‍ രാവിലെ ഓരോ നിരയിലും രണ്ടായിരം ഭടന്മാരുള്‍പ്പെടുന്ന പന്ത്രണ്ടു നിരകളിലായി, കോലത്തിരിയുടെ ഉപരോധസേന കോട്ടയ്ക്കു നേരെ മൂന്നുഭാഗത്തു നിന്നും (സമുദ്രമുഖം ഒഴിച്ച്) ഒരേ സമയം പാഞ്ഞു കയറി. എന്നാല്‍ പോര്‍ച്ചുഗീസുകാരുടെ വെടിക്കോപ്പു വര്‍ഷത്തില്‍ കോലത്തിരിപ്പടയ്ക്ക്  കോട്ടഭിത്തികള്‍ക്ക്  അടുത്തെത്താന്‍ കഴിയും മുന്‍പ് പിന്തിരിഞ്ഞോടേണ്ടി വന്നു.

കോട്ടയില്‍ കുടുങ്ങിക്കിടക്കുന്ന പോര്‍ച്ചുഗീസ് ഗാരിസണ് കുടിവെള്ളം കിട്ടേണ്ടത് കോട്ടമതിലിനു വെളിയിലുള്ള കിണറ്റില്‍ നിന്നാണ്. വെള്ളമെടുക്കണമെങ്കില്‍ ഓരൊ തവണയും പുറത്തുള്ള കോലത്തിരി പടയുമായി കനത്ത പോരാട്ടം നടത്തണമെന്നു വന്നപ്പോള്‍ “ഫര്‍ണാണ്ടസ്” എന്ന പോര്‍ച്ചുഗീസ് എഞ്ചിനീയര്‍, കോട്ടയ്ക്കകത്തു നിന്നു കിണറിലേയ്ക്ക് ഭൂമിയ്ക്കടിയിലൂടെ മൈന്‍ നിരത്തി ഒരു ചാലു കീറിയെടുത്തു.

പീരങ്കിവെടികള്‍ ഉതിര്‍ത്തു കോട്ട ഭേദിയ്ക്കുകവാന്‍ പ്രയാസമാണെന്നു കണ്ടപ്പോള്‍, കോട്ടയിലുള്ളവരെ പട്ടിണിയ്ക്കിട്ട് കീഴ്പ്പെടുത്താനായി കോലത്തിരിയുടെ ശ്രമം. ആഗസ്തില്‍ ഓണാഘോഷങ്ങള്‍ക്കു മുന്‍പായി പോര്‍ച്ചുഗീസ് കോട്ട പിടിച്ചടക്കുവാന്‍ ഉപരോധസേന രണ്ടും കല്പിച്ച് ഒരു ശ്രമം കൂടി നടത്തി. കരവഴിയ്ക്കും കടല്‍ വഴിയ്ക്കും ഒരേ സമയത്തായിരുന്നു ആക്രമണം. കോലത്തിരിയുടെ വഞ്ചികളും ചാളത്തടികളും പോര്‍ച്ചുഗീസ് കപ്പലുകളുടെ പ്രത്യാക്രമണത്തില്‍ ചിന്നിച്ചിതറിയെങ്കിലും കരയില്‍, കോട്ടയുടെ ഭാഗത്തു കൂ‍ടി അകത്തുകടക്കാന്‍, നായര്‍ പടയ്ക്കു സാധിച്ചു. പക്ഷേ, പോര്‍ച്ചുഗീസ് തോക്കുകള്‍ക്കു മുന്‍പില്‍ പിടിച്ചു നില്‍ക്കാന്‍ അവര്‍ക്കു സാധിച്ചില്ല. പരുക്കു പറ്റാത്തവരായി ആരുമുണ്ടായിരുന്നില്ല. ഒപ്പം പോര്‍ച്ചുഗീസ് ഗാരിസണിലും എല്ലാവരും തകര്‍ന്നിരുന്നു.

തുടര്‍ന്നു ചെറുത്തു നില്‍ക്കാനുള്ള ബ്രിറ്റോവിന്റെ വിഭവശേഷിയും നഷ്ടപ്പെട്ടുകഴിഞ്ഞിരുന്നു. ഉപരോധസേനയെ അമ്പരപ്പിയ്ക്കാന്‍ ആ ഘട്ടത്തിലും ബ്രിറ്റോ ചെയ്തത്, പട്ടണത്തിനു മേല്‍ പീരങ്കി വെടി വര്‍ഷിയ്ക്കുകയായിരുന്നു. ഈ ആക്രമണത്തില്‍ വെള്ളിയാഴ്ച നിസ്കാരത്തിനു മുസ്ലീങ്ങള്‍ തടിച്ചു കൂടിയിരുന്ന ഒരു വലിയ പള്ളി നശിപ്പിയ്ക്കപെട്ടു. തക്കസമയത്തിനു (ആഗസ്റ്റ് 27 ) “ഡിക്കഞ“യുടെ നേതൃത്വത്തില്‍ പതിനൊന്നു കപ്പലടങ്ങിയ പുതിയ വ്യൂഹം പോര്‍ച്ചുഗലില്‍ നിന്നു മലബാര്‍ കരയിലെത്തിയതോടെ ബ്രിറ്റോവും കണ്ണൂരെ ഗാരിസനും രക്ഷപെട്ടുവെന്നു പറയാം. ഉപരോധ സേനയെ അടിച്ചു തുരത്താന്‍ പുതുതായി വന്ന മുന്നൂറു പോര്‍ച്ചുഗീസ് ഭടന്മാര്‍ക്ക് അനായാസേന കഴിഞ്ഞു.

1508 നവംബര്‍ 25ന് കണ്ണൂരെത്തിയ അല്‍മേഡയെ എതിരേറ്റത് ഈജിപ്തില്‍ നിന്നുള്ള ഒരു നാവികവ്യൂഹം അടുത്തെത്തിയിട്ടുണ്ടെന്ന വാര്‍ത്തയാണ്. ഒട്ടും താമസിച്ചില്ല, വൈസ്രോയി വടക്കോട്ടു നീങ്ങി മൌണ്ട് ഡേലിയില്‍ നങ്കൂരമിട്ടു. അകലെ നിന്നു ഒരു വലിയ നാവികവ്യൂഹം വരുന്നതു അല്‍മേഡ കണ്ടു. പക്ഷേ അത് “അല്‍ബുക്കര്‍ക്കി“ന്റേതായിരുന്നു. സമസ്ത ഇന്തീസിന്റെയും വൈസ്രോയി ആയ അല്‍മേഡയുടെ  സ്ഥാനം ഏറ്റെടുക്കാനുള്ള രാജകീയ ഉത്തരവുമായിട്ടായിരുന്നു അല്‍ബുക്കര്‍ക്കിന്റെ വരവെന്ന് പിന്നീടാണ് അല്‍മേഡ അറിയുന്നത്.

രണ്ടു കപ്പല്‍ വ്യൂഹങ്ങളും ഒരുമിച്ചു കണ്ണൂരേയ്ക്കു മടങ്ങി. ഇരു വൈസ്രോയിമാരും തമ്മില്‍ വഴക്കടിയ്ക്കാന്‍ പിന്നെ താമസമുണ്ടായില്ല. കൊച്ചിയിലെ ആസ്ഥാനത്തു മടങ്ങിയെത്തിയിട്ടും (1509 മാര്‍ച്ച് 8) അല്‍മേഡ വൈസ്രോയി സ്ഥാനം അല്‍ബുക്കര്‍ക്കിന് വിട്ടുകൊടുത്തില്ല. അവസാനം അല്‍ബുക്കര്‍ക്കിനെ തടവുകാരനായി കണ്ണൂര്‍ കോട്ടയിലേയ്ക്ക് അയച്ചു. ബ്രിറ്റോവിന്റെ ചുമതലയിലാണ് അല്‍ബുക്കര്‍ക്കിനെ കണ്ണൂരില്‍ തടവില്‍ പാര്‍പ്പിച്ചത്.

“ഡോണ്‍ ഫര്‍ണണ്ടോ കുടിഞ്ഞോ“വിന്റെ നേതൃത്വത്തില്‍ യൂറോപ്പില്‍ നിന്നു കൂടുതല്‍ സൈന്യം കണ്ണൂരില്‍ എത്തുന്നത് ആ വര്‍ഷം ഒക്ടോ:16 നാണ്. ആ രാത്രി തന്നെ കണ്ണൂരെ കമാണ്ടറായ ബ്രിറ്റോ രഹസ്യമായി കൊച്ചിയിലേയ്ക്കു യാത്ര തിരിച്ചു, അല്‍മേഡയെ വിവരങ്ങള്‍ ധരിപ്പിയ്ക്കാന്‍. കുടിഞ്ഞോ എത്തിയപാടെ അല്‍ബുക്കര്‍ക്കിനെ മോചിപ്പിച്ച് വൈസ്രോയി എന്ന അധികാരപത്രം നല്‍കി. ഒക്ടോ: 29ന് അല്‍മേഡ അധികാരമൊഴിഞ്ഞ് യൂറോപ്പിലേയ്ക്കു മടങ്ങി. എന്നാല്‍ ഗുഡ് ഹോപ്പ് മുനമ്പിനടുത്ത ഒരു സ്ഥലത്തു വച്ച് ആക്രമണത്തില്‍ മാരകമായി പരുക്കേറ്റ അല്‍മേഡ മരണമടഞ്ഞു. ബ്രിറ്റോയുടെ ഗതിയും അതു തന്നെ ആയിരുന്നു.
(കടപ്പാട്:  “മലബാര്‍ മാനുവല്‍“ : വില്യം  ലോഗന്‍. പരിഭാഷകന്‍ :ശ്രീ.ടി.വി.കൃഷ്ണന്‍ )

ബസിറങ്ങി നടന്നാല്‍ തണല്‍ ചൂടിയ ഈ വഴി കോട്ടയിലേയ്ക്ക് പോകാം.
അല്പം ചെല്ലുമ്പോള്‍ വഴി ഇങ്ങനെ രണ്ടായി പിരിയും. വലതു വശത്തേത് പട്ടാളക്യാമ്പിലേയ്ക്കും ഇടതു വശത്തേത് കോട്ടയിലേയ്ക്കുമാണ്.
ഇക്കാണുന്ന കൂറ്റന്‍ വൃക്ഷങ്ങള്‍ സൈനിക ക്യാമ്പിലേതാണ്. ഇതാ കോട്ടയിലെത്തിക്കഴിഞ്ഞു നാം.
നൂറ്റാണ്ടുകളുടെ ചരിത്ര സാക്ഷ്യം പേറുന്ന കണ്ണൂര്‍ കോട്ട നമ്മെ സ്വാഗതം ചെയ്യുന്നു.
കോട്ടയെ കരയില്‍ നിന്നു വേര്‍തിരിയ്ക്കുന്ന ചാലിന്റെ പാലത്തില്‍ നിന്നുള്ള കാഴ്ച.
പുറകോട്ടു തിരിഞ്ഞു നോക്കിയാല്‍ പാര്‍ക്കിങ്ങ് ഏരിയ കാണാം. ടൂറിസ്റ്റുകള്‍ വരുന്നുണ്ട്.
കോട്ടയുടെ കവാടത്തില്‍ ഈ മാപ്പുണ്ട്. അതില്‍ നോക്കി കോട്ടയുടെ രൂപ രേഖ മനസിലാക്കാം. പഴയ കോട്ടയുടെയും മാപ്പിളബേയുടെയും ഒരു പെയിന്റിങ്ങ് ആംസ്റ്റര്‍ഡാമിലെ “റെയ്ക്സ് മ്യൂസിയ(Rijks museum)ത്തില്‍ ഇപ്പോഴുമുണ്ട്.
കോട്ടയുടെ ചരിത്രമാണ് ഈ ഫലകത്തില്‍ പറയുന്നത്. സൌകര്യാര്‍ത്ഥം അതു മുഴുവന്‍ താഴെ കൊടുക്കുന്നു.

 സെന്റ് ആഞ്ചലോ കോട്ട, കണ്ണൂര്‍ ജില്ല.
പോര്‍ച്ചുഗീസുകാരുടെ വരവോടെ കണ്ണൂര്‍ കേരളത്തിലെ ഒരു പ്രധാന വ്യാപാരകേന്ദ്രമായി ഉയര്‍ന്നു. ക്രിസ്തുവര്‍ഷം 16-18 നൂറ്റാണ്ടുകളില്‍ കേരളത്തിലെ പ്രധാനസൈനിക കേന്ദ്രങ്ങളില്‍ ഒന്നായിരുന്നു കണ്ണൂര്‍ ജില്ലയില്‍ സ്ഥിതി ചെയ്യുന്ന സെന്റ്. ആഞ്ചലോ കോട്ട. (അക്ഷാംശം 11ഡി. 51‘ 14” വടക്ക് ; രേഖാംശം 75ഡി. 22’ 42” കിഴക്ക് ). അത് അറബിക്കടലിന്റെ സാമിപ്യം കൊണ്ടും അക്കാലത്തെ രാഷ്ട്രീയ പരിതസ്ഥിതികളാലും വളരെയേറെ തന്ത്ര പ്രാധാന്യമര്‍ഹിയ്ക്കുന്നതാണ്. കണ്ണൂര്‍ നഗരത്തില്‍ നിന്നും 3 കിലോമീറ്റര്‍ അകലെയായി കടലിന് അഭിമുഖമായാണ് കോട്ട സ്ഥിതി ചെയ്യുന്നത്. പോര്‍ച്ചുഗീസുകാരുടെയും പിന്നീട് ബ്രിട്ടീഷുകാരുടെയും മലബാര്‍ തീരത്തുള്ള ഒരു പ്രധാന സൈനിക താവളം കൂടിയായിരുന്നു സെന്റ് ആഞ്ചലോ കോട്ട.

പോര്‍ച്ചുഗീസുകാരുടെ വരവിനു ശേഷം, അവരുമായി വ്യാപാരബന്ധം പുലര്‍ത്തുവാന്‍ തല്പരനായിരുന്ന കോലത്തിരി രാജാവ് അവരെ കണ്ണൂരിലേയ്ക്കു ക്ഷണിയ്ക്കുകയും അവിടെ ഒരു പണ്ടകശാല നിര്‍മ്മിയ്ക്കുവാന്‍ അനുമതി നല്‍കുകയും ചെയ്തു. പൊര്‍ച്ചുഗീസ് നാവികനായിരുന്ന പെഡ്രോ അല്‍‌വാരിസ് കബ്രാല്‍ ക്രിസ്തുവര്‍ഷം ക്രിസ്തുവര്‍ഷം 1500-ല്‍ ഫാക്ടറിയ്ക്കുവേണ്ടിയുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ നറ്റത്തി. തുടര്‍ന്ന് ക്രി.വ. 1501ല്‍ ജോഡി നോവ ഒരു ചെറിയ ഫാക്ടറി കണ്ണൂരില്‍ സ്ഥാപിച്ചതിനു ശേഷം പോര്‍ച്ചുഗലിലേയ്ക്ക് തിരിച്ചു പോയി. പൊര്‍ച്ചുഗീസ് നാവികനായിരുന്ന വാസ്കോ ഡ ഗാമയുടെ രണ്ടാം വരവോടെ (ക്രി.വ. 1502) കോലത്തിരി രാജാവുമായുണ്ടായിരുന്ന വ്യാപാരബന്ധം കൂടുതല്‍ ദൃഡമായി. കോലത്തിരിയുടെ അനുമതിയോടെ ഗാമ പണ്ടകശാലയ്ക്കു ചുറ്റും ഒരു സംരക്ഷണഭിത്തി നിര്‍മ്മിയ്ക്കുകയും അവിടെ 200 പോര്‍ച്ചുഗീസ് ഭടന്മാരെ നിയമിയ്ക്കുകയും ചെയ്ത ശേഷം പോര്‍ച്ചുഗലിലേയ്ക്കു തിരിച്ചു പോയി. തുടര്‍ന്ന് ക്രിസ്തുവര്‍ഷം 1505-ല്‍ ഇന്ത്യയിലെ ആദ്യത്തെ പൊര്‍ച്ചുഗീസ് വൈസ്രോയി ആയ ഫ്രാന്‍സിസ്കോ  ഡ അല്‍മേഡ കണ്ണൂരിലെത്തി. കോലത്തിരിയുടെ അനുമതിയോടെ അല്‍മേഡ അവിടെ ഒരു കോട്ട പണിയുവാന്‍ ആരംഭിച്ചു. കോട്ടയുടെ പണി ക്രി.വ. 1507-ല്‍ പൂര്‍ത്തിയായി. അതിന് സെന്റ് ആഞ്ചലോ എന്ന്  നാമകരണം ചെയ്തു. സെന്റ് ആഞ്ചലോ കോട്ടയുടെ നിര്‍മാണത്തോടു കൂടി ഇന്ത്യയുടെ പടിഞ്ഞാറന്‍ തീരത്തെ ഒരു പ്രധാന സൈനികകേന്ദ്രമായി കണ്ണൂര്‍ മാറി.

പോര്‍ച്ചുഗീസുകാര്‍ക്കു ശേഷം ഡച്ചുകാരും ഫ്രഞ്ചുകാരും ഇന്ത്യയില്‍ ആ‍ധിപത്യമുറപ്പിയ്ക്കാന്‍ ശ്രമിച്ചു. 1663-ല്‍ പോര്‍ച്ചുഗീസുകാരില്‍ നിന്നും ഡച്ചുകാര്‍ സെന്റ് ആഞ്ചലോ കോട്ട പിടിച്ചടക്കുകയും കോട്ടയ്ക്കുള്ളില്‍ ചില നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്തു. ക്രി.വ.1772-ല്‍ ഡച്ചുകാര്‍ ഈ കോട്ട കണ്ണൂരിലെ അലി രാജയ്ക്ക് കൈമാറി. ക്രി.വ. 1790-ല്‍ ബ്രിട്ടീഷുകാര്‍ കോട്ട പിടിച്ചെടുക്കുകയും മലബാറിലെ ഏറ്റവും വലിയ സൈനിക കേന്ദ്രമാക്കി മാറ്റുകയും ചെയ്തു.

സെന്റ് ആഞ്ചലോ കോട്ട പൊര്‍ട്ടുഗീസ്-ഡച്ച്-ഇംഗ്ലീഷ് വാസ്തുകലയുടെ ഉത്തമോദാഹരണമാണ്. വലിയ ചെങ്കല്ലില്‍ ത്രികോണാകൃതിയില്‍ പണികഴിപ്പിച്ച കോട്ട കടല്‍ തീരത്ത് വലിയ പാറയ്ക്കു മുകളിലാണു സ്ഥിതി ചെയ്യുന്നത്. മൂന്നു വശവും സമുദ്രത്താല്‍ ചുറ്റപ്പെട്ട കൊട്ടയുടെ പ്രധാന കവാടം കരയ്ക്ക് അഭിമുഖമായാണ് സ്ഥിതിചെയ്യുന്നത്. കരയില്‍ നിന്നുള്ള ആക്രമണം ചെറുക്കുന്നതിനായി പോര്‍ച്ചുഗീസുകാര്‍ കോട്ടയ്ക്കു മുന്‍പിലായി കിഴക്ക് പടിഞ്ഞാറ് ദിശയില്‍ അറബിക്കടലിനെയും മാപ്പിള ഉള്‍ക്കടലിനെയും ബന്ധിപ്പിയ്ക്കുന്ന തരത്തില്‍ ഒരു കിടങ്ങ് നിര്‍മ്മിയ്ക്കുകയുണ്ടായി. കോട്ടയ്ക്കുള്ളിലെ ഒട്ടുമിക്ക കെട്ടിടങ്ങളും ജയിലും ഓഫീസ് കെട്ടിടങ്ങളും നിര്‍മ്മിച്ചത് പോര്‍ച്ചുഗീസ് കാലഘട്ടത്തിലാണ്. ഡച്ചുകാരുടെ കാലത്താണ് കുതിരലായവും ആയുധശാലയും നിര്‍മ്മിച്ചത്.

കൊച്ചിയിലെ ഡച്ച് ഗവര്‍ണറായിരുന്ന ഗോഡ്ഫ്രീഡ് വെയിര്‍മാന്റെ ആദ്യഭാര്യയായ സൂസന്ന വെയിര്‍മാന്റെ ശവക്കല്ലറയിലെ ശിലാഫലകം ഇന്നും കോട്ടയ്ക്കുള്ളില്‍ കാണാം. അതില്‍ അവര്‍ മരിച്ച ദിവസം 1745 മാര്‍ച്ച് 28 എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.

കോട്ടയ്ക്കുള്ളില്‍ സ്ഥാപിച്ചിരിയ്ക്കുന്ന പീരങ്കികള്‍ യൂറോപ്യന്‍ അധിനിവേശത്തിന്റെ നിത്യസ്മാരകമായി നിലകൊള്ളുന്നു.

നാം കോട്ടയിലേയ്ക്കു കടക്കുകയായി.
കോട്ടവാതിലിന്റെ കാര്‍ക്കശ്യം ശ്രദ്ധിയ്ക്കൂ. ഒപ്പം നമ്മെ എതിരേല്‍ക്കുന്ന പീരങ്കിയും.
തൊട്ടെതിര്‍വശത്താണ് ഈ പീരങ്കി

കോട്ടവളപ്പില്‍ പന്തലിച്ചു നില്‍ക്കുന്ന മാവുകള്‍.
കോട്ടയുടെ ഉള്ളിലെ ഒരു ദൃശ്യം.
കോട്ടയുടെ മുകളിലേയ്ക്ക് കയറാനുള്ള പടവുകള്‍
ഇതാണു ഓഫീസ് കവാടം. വൈസ്രോയിമാരടക്കമുള്ള ചരിത്രപുരുഷര്‍ വാണരുളിയ ഇടം.
ഈ വഴിയെ കോട്ടയുടെ മുകളില്‍ കയറാം. ഇപ്പോള്‍ നില്‍ക്കുന്നത് കടലിനഭിമുഖമായ മുകള്‍ഭാഗത്ത്. അക്കാണുന്നത് ബാരക്കുകളാണ്
എതിര്‍വശത്തേയ്ക്കു നോക്കിയാല്‍ കാണുന്നത്.
ബാരക്കുകളുടെ ഒരു മുകള്‍ ദൃശ്യം. താഴെക്കാണുന്നത് കോട്ടയിലെ കിണര്‍
 സുര്‍ഖിയും ചുണ്ണാമ്പും ചേര്‍ത്തു നിര്‍മ്മിച്ച ഈ ബാരക്കുകള്‍ കാലത്തെ അതിജീവിച്ച് യാതൊരു കേടുപാടുകളുമില്ലാതെ ഇന്നും നിലനില്‍ക്കുന്നു.
കോട്ടയുടെ മാപ്പില്‍ “കുതിരലായ”മെന്നാണ് ഈ ഭാഗത്തെ കാണിച്ചിരിയ്ക്കുന്നത്. എന്നാല്‍ അതു ശരിയല്ലെന്നാണ് പല വിദഗ്ദരുടെയും അഭിപ്രായം.
ബാരക്കുകളുടെ ഉള്‍വശം. ഏകദേശം ഒരു മീറ്ററോളം കനത്ത ഭിത്തിയാണിതിന്. കുതിരലായത്തിന് ഇത്ര കനത്ത ഭിത്തിയുടെ ആവശ്യമില്ലല്ലോ. ഇത് പട്ടാളബാരക്കാണെന്നതാണ് കൂടുതല്‍ വിശ്വസനീയം.
ഇത് കോട്ടയുടെ മുകള്‍ തട്ടാണ്
മുകള്‍തട്ടില്‍ നിന്നും കടലിലേയ്ക്ക് ഉന്നം വച്ചിരിയ്ക്കുന്ന പീരങ്കികള്‍. എത്ര തീ തുപ്പുന്ന കഥകളുണ്ടാവും ഇവയ്ക്ക്..!

കന്റോന്മെന്റിനഭിമുഖമായ കോട്ടയുടെ മുഖം.
കോട്ടമുകളിലെ വിളക്കുമരം. ഇപ്പോള്‍ ഇതു ജീര്‍ണാവസ്ഥയിലായി.
കൊച്ചിയിലെ ഡച്ച് ഗവര്‍ണറായിരുന്ന ഗോഡ്ഫ്രീഡ് വെയിര്‍മാന്റെ ആദ്യഭാര്യയായ സൂസന്ന വെയിര്‍മാന്റെ ശവക്കല്ലറയിലെ ശിലാഫലകം . ഇതില്‍ അവര്‍ മരിച്ച ദിവസം 1745 മാര്‍ച്ച് 28 എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.
കോട്ടയ്ക്കു മുകളില്‍ നിന്നു കിഴക്കു വശത്തെയ്ക്കു നോക്കിയാല്‍ കാണുന്ന കാഴ്ച. അക്കാണുന്നതാണ് “മാപ്പിള ബേ” ഫിഷിങ്ങ് ഹാര്‍ബര്‍
മാപ്പിള ബേ
കോട്ടയ്ക്കുള്ളിലെ പഴയ ചര്‍ച്ച്.
കോട്ടയുടെ തെക്കേ മുനമ്പില്‍ നിന്നുള്ള കടല്‍ കാഴ്ച. അനവധി കമിതാക്കള്‍ സല്ലപിയ്ക്കാനിവിടെ എത്തുന്നു.
മുനമ്പില്‍ നിന്നൊരു കോട്ട ദൃശ്യം.
മാപ്പില്‍ കാണിച്ചിരിയ്ക്കുന്ന ഭൂഗര്‍ഭ അറ ഈ ഭാഗത്താണ്. എന്നാല്‍ അതു വെടിമരുന്നു ശാലയായിരുന്നു എന്നും അതല്ല ശുദ്ധജല സംഭരണി ആയിരുന്നു എന്നും വാദമുണ്ട്. ഇതൊരു തുരങ്കമാണെന്നു പറയുന്നവരുമുണ്ട്.
ചരിത്രപ്രാധാന്യമൂള്ള ഈ കോട്ട ഒരിയ്ക്കലെങ്കിലും സന്ദര്‍ശിയ്ക്കേണ്ടതാണ്.

സമര്‍പ്പണം: ഈ ചിത്രങ്ങളെടുക്കാന്‍ എന്നോടൊപ്പം സഹകരിച്ച പ്രിയ സുഹൃത്തിന്.

21 comments:

  1. അടിപൊളി മാഷേ... തകര്‍പ്പന്‍... ഇഷ്ട്ടായി...

    ReplyDelete
  2. ഗംഭീരം മാഷെ ...താങ്ക്സ് ..ഇത്ര വിശദമായി ഈ കോട്ടയെ കുറിച്ച് പറഞ്ഞു തന്നതിന് ..ചിത്രങ്ങളും കലക്കി..ഇതിന്റെ ഫോട്ടോസ് മാത്രം വേറെ ഏതോ ഒരു ബ്ലോഗില്‍ കണ്ടിരുന്നു..പക്ഷെ എന്നെ പോലെയുള്ളവര്‍ക്ക് ഇതാണ് കൂടുതല്‍ പ്രയോജനപ്പെടുക...താങ്ക്സ് ...ഇനിയും ഇത് പോലെയുള്ളത് പ്രതീക്ഷിക്കുന്നു ....

    ReplyDelete
  3. മനോഹരമായ വിവരണം ..ഉപകാര പ്രദമായ പോസ്റ്റ്

    ReplyDelete
  4. സ്കൂളില്‍ പതിക്കുന്ന കാലത്ത് എപ്പോഴോ പോയതായി ഓര്‍ക്കുന്നു ....
    വിവരണം അസ്സലായി....
    ഒറ്റവാക്കില്‍ " ഗംഭീരം "

    ReplyDelete
  5. നന്നായിരിക്കുന്നു.. നന്ദി! ചരിത്രങ്ങളുറങുന്ന കണ്ണൂരിലെ ഈ കോട്ടയെ ഞങള്‍ക്ക് പരിചയപ്പെടുത്തിയതിന്...

    ReplyDelete
  6. എത്രയോ തവണ പോയെങ്കിലും ഇപ്പോഴാണ് ശരിക്കും കണ്ടതെന്ന ഒരു തോന്നൽ.

    ReplyDelete
  7. പോവാന്‍ കഴിഞ്ഞിട്ടില്ല ഇതു വരെ. തീര്‍ച്ചയായും പോണം. നല്ല പോസ്റ്റ്‌.

    ReplyDelete
  8. ചെറുപ്രായത്തിലേ,വീട്ടില്‍ നിന്നും കൃത്യം ഒരു കിലോമീറ്റര്‍ അകലെ മാത്രം സ്ഥിതി ചെയ്യുന്ന കണ്ണൂര്‍കോട്ട സന്ദര്‍ശനനൈരന്തര്യം കൊണ്ട് ഞങ്ങള്‍ക്ക് മങ്ങിയ കാഴ്ചയാണെന്നാല്‍ നിങ്ങളുടെ ഈ ശ്രമം വിശിഷ്യാ പൊളപ്പന്‍ ചിത്രങ്ങള്‍ അതിന്‍റെ തിളക്കം വര്‍ദ്ധിപ്പിച്ചു എന്ന് പറയാതിരിക്കാനാവില്ല...താങ്കള്‍ക്കും,ഈപോസ്റ്റിനെ സമ്പുഷ്ടമാക്കാന്‍ ഒപ്പം നിന്ന പ്രിയ സുഹൃത്ത് ഫോട്ടൊഗ്രാഫര്‍ക്കും എന്‍റെ ഹൃദയം നിറഞ്ഞ ആശംസകള്‍. വളരേ അടുത്ത് എത്തിയിട്ടും കാണാനൊത്തില്ല,സാരല്യാ..ഇനി നാട്ടില്‍ വരുമ്പോള്‍ കാണാം.ഇന്‍ശാഅല്ലാ...

    ReplyDelete
  9. നല്ല വിവരണവും നല്ല ഫോട്ടോസും. ആശംസകള്‍!!

    ReplyDelete
  10. ബിജു,

    അഭിനന്ദിക്കാതെ വയ്യ. മനോഹരമായ റിപ്പോർട്ട്. വളരെ നന്ദി ഇത്രയും മനോഹരമായി (ബോർഡിലൂള്ള വിവരങ്ങളും, മുൻ വിവരണവും മറ്റും) ഈ കാഴ്ച വിവരിച്ചതിന്.

    ReplyDelete
  11. ഗംഭീരം മനോഹരമായ റിപ്പോർട്ട്.

    ReplyDelete
  12. നല്ല അറിവുപകര്‍ന്ന പോസ്റ്റ്‌ ....

    ReplyDelete
  13. നന്നായിരിക്കുന്നു ബിജുവേട്ടാ... ഒരുപാട് തവണ കണ്ടറിഞ്ഞ കണ്ണൂര്‍ കോട്ടയുടെ ചരിത്രത്തെ അടുത്തറിയാന്‍ ഇന്നാണ് സാധിച്ചത്...

    ReplyDelete
  14. പോകണം എന്ന പലതവണ കരുതി പക്ഷെ പലരും പറഞ്ഞു ഒരു പഴയ കോട്ട മാത്രമാണെന്ന്
    but now i am really wonder അടുത്ത നാട്ടില്‍ പോക്ക് തീര്‍ച്ചയായും അതിന്‍ മാത്രമുള്ളതാന്
    thank you for the information

    ReplyDelete
  15. ക്ലാസില്‍ ഒരുപാടു കണ്ണൂരുകാര്‍ ഉണ്ടെങ്കിലും , ഞാന്‍ ആദ്യമായിട്ടു കേള്‍ക്കുകയാണ്‌ ഈ സ്ഥലത്തെക്കുറിച്ച്. വളരെ നന്ദി ഈ ഫോട്ടോ ഫീച്ചറിന്‌. ഇതിലും മനോഹരമായി ഈ കോട്ടയെകുറിച്ചു വരച്ചിടാനാവില്ല.

    ReplyDelete
  16. ഒരുപാടു തവണ കോട്ടയില്‍ പോയിട്ടുണ്ട്. രണ്ടു ദിവസം മുന്‍പ്‌ ഒരു കൂട്ടുകാരിയും കുടുംബവും വന്നപ്പോള്‍ വീണ്ടും പോയിരുന്നു ,... അപ്പോള്‍ ഒന്ന് കൂടി ഇതില്‍ വായിച്ച കാര്യങ്ങള്‍ മനസ്സിലൂടെ കടന്നു പോയി.വളരെ നല്ല ഒരു ഉദ്യമം.അഭിനന്ദനങ്ങള്‍....

    ReplyDelete
  17. മൂന്ന് മാസമായിട്ടേയുള്ളൂ കണ്ണൂർകോട്ട സന്ദർശിച്ചിട്ട്...
    കുറെ ചിത്രങ്ങളും എടുത്തു....

    ഇതെക്കുറിച്ചെഴുതണം എന്ന് എപ്പോഴും കരുതും...
    എഴുതാഞ്ഞത് നന്നായി...
    ബിജുഭായ് ഇത്ര വിശദമായ് എഴുതിയല്ലോ... കണ്ടത് വീണ്ടും കാണുന്ന പോലെ...

    ReplyDelete

കമന്റിലെ അക്ഷരങ്ങള്‍ക്ക് നിറം നല്‍കാന്‍ [co="red"]Type Text here[/co] . ഇവിടെ red എന്നതിനു പകരം മറ്റ് നിറങ്ങള്‍ നല്‍കിയാല്‍ മതിയാകും.