പുതിയ കഥാസമാഹാരം “രയറൊം കഥകള്‍ " VPP ലഭിയ്ക്കാന്‍ sidrapubications@gmail

Sunday, 25 April 2010

ശ്രീനാഥ്: മലയാളിയുടെ വര്‍ത്തമാനകാല പ്രതിനിധി.

ലയാളസിനിമയില്‍ ഇത് ഇലപൊഴിയും കാലം. ചുരുങ്ങിയ നാളുകള്‍ക്കിടയില്‍ ഒട്ടേറെ പ്രതിഭാധനരെ നഷ്ടമായിരിയ്ക്കുന്നു.  മുരളി,അടൂര്‍ ഭവാനി, ലോഹിതദാസ്, ഗിരീഷ് പുത്തഞ്ചേരി,കൊച്ചിന്‍ ഹനീഫ, സന്തോഷ് ജോഗി, ശ്രീനാഥ് . അവസാനത്തെ രണ്ടെണ്ണം ആത്മഹത്യയാണെന്നുള്ള പ്രത്യേകതയും ഉണ്ട്. സിനിമാ രംഗത്ത് ആത്മഹത്യ അത്ര പുതിയ കാര്യമല്ല, പക്ഷെ അവ അധികവും നടിമാരാണ് ചെയ്തിരുന്നത്. ഇപ്പോള്‍ മലയാള സിനിമയില്‍ അടുത്തടുത്തായി രണ്ട് ആത്മഹത്യകള്‍ . അതില്‍ ശ്രീ. സന്തോഷ് ജോഗി താരതമ്യേന പുതിയൊരാളാണ്. എന്നാല്‍ ശ്രീനാഥ് വളരെ സീനിയര്‍ ആയ പോപ്പുലര്‍  നടനായിരുന്നു.
      സൌന്ദര്യം, പ്രശസ്തി, എല്ലാമുണ്ടായിട്ടും ഇത്തരമൊരു ദാരുണ അന്ത്യം സ്വയം തിരഞ്ഞെടുക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചതെന്താവാം? ഇതു സംബന്ധമായി സംസാരിച്ചവര്‍ ആ നടന്റെ സ്വഭാവ സവിശേഷതയെ കുറിച്ചാണ് പറയുന്നത്. അതില്‍ പ്രധാനം താന്‍ തഴയപ്പെടുന്നു എന്ന തോന്നല്‍ ആ നടനെ വല്ലാതെ അലട്ടിയിരുന്നു എന്നതാണ്. എല്ലാ കഴിവുകളുമുണ്ടായിട്ടും ജീവിതത്തിലും സിനിമയിലും പരാജയമേറ്റു വാങ്ങേണ്ടി വന്ന ഒരാളുടെ ഇച്ഛാഭംഗം.
വര്‍ത്തമാനകാലത്തെ മലയാളിയുടെ ജീവിതവീക്ഷണത്തിന്റെ ഒരു പരിച്ഛേദമാണ് ശ്രീനാഥിന്റെ ആത്മഹത്യയിലൂടെയും വെളിവാകുന്നത്. ഒറ്റ ആത്മഹത്യകളും കൂട്ട ആത്മഹത്യകളും ഇന്നൊരു വാര്‍ത്തയേ അല്ല. സാ‍മാന്യം നല്ല ചുറ്റുപാടില്‍ ജീവിയ്ക്കുന്നവര്‍ ,  പലപ്പോഴും അയല്‍ക്കാരന് അസൂയ ജനിപ്പിയ്ക്കുമാറ് വളരെ സന്തോഷത്തോടെ ജീവിയ്ക്കുന്ന കുടുംബം ഒരു സുപ്രഭാതത്തില്‍ കൂട്ട ആത്മഹത്യ ചെയ്തതായി നാം വാര്‍ത്ത കേള്‍ക്കുന്നു. ഭര്‍ത്താവ് തനിച്ച്, അല്ലെങ്കില്‍ ഭാര്യയും ഭര്‍ത്താവും ഒന്നിച്ചെടുക്കുന്ന തീരുമാനം, തങ്ങളോടോപ്പം പിഞ്ചുകുഞ്ഞുങ്ങളെയും കൊന്നു കൊണ്ട്  നടപ്പാക്കുന്നു. മിക്കവാറും കാരണം സാമ്പത്തിക ബാധ്യതയത്രെ!
അന്നന്നു കൂലിപ്പണിയെടുത്തു കഴിയുന്ന അയല്‍ക്കാരനേക്കാളും ബാധ്യതയത്രേ, നല്ലവീടുള്ള, കാറുള്ള, ബിസിനസ്സുള്ള, എല്ലാ സൌകര്യങ്ങളുമുള്ള ഈ കുടുംബത്തിന്! അതുകൊണ്ട് അവര്‍ ജീവിയ്ക്കാന്‍ കഴിയാതെ ആത്മഹത്യ ചെയ്യുന്നു!
മലയാളി സമൂഹം അഭിമുഖീകരിയ്ക്കുന്ന വലിയൊരു മാനസികപ്രശ്നത്തിലേയ്ക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്. നമ്മുടെ ചാനലുകളും പത്രങ്ങളും തീര്‍ക്കുന്ന ഏതോ ഒരു മായാലോകം മനസ്സില്‍ സൂക്ഷിച്ചാണ് നാം ജീവിയ്ക്കുന്നത്. എല്ലാവരുടേയും ലക്ഷ്യം അവിടെ എത്തിപ്പെടുക എന്നതാണ്. അതിനായ് വേണ്ടത് പണം മാത്രം. പണത്തിനായി എന്തും ആവാം. അനുഭവിച്ചുകൊണ്ടിരിയ്ക്കുന്ന സൌഭാഗ്യങ്ങളില്‍ നിന്നും ചെറിയൊരു കുറവ് പോലും സഹിയ്ക്കാനാവുന്നില്ല. അത് തനിയ്ക്ക് അഭിമാനക്ഷതം ഉണ്ടാക്കുമെന്നും, അങ്ങനെ സംഭവിച്ചാല്‍ പിന്നെ ജീവിച്ചിട്ടു കാര്യമില്ലെന്നുമാണ് പലരും ചിന്തിയ്ക്കുന്നത്. നമുക്ക് ഒരു സല്‍പ്പേരുണ്ടെങ്കില്‍ മരണശേഷവും അത് നിലനിര്‍ത്തേണ്ടതല്ലേ. കടം കയറി ആത്മഹത്യ ചെയ്തു എന്നറിയുന്ന നിമിഷം അതു വരെയുണ്ടായിരുന്ന എല്ലാ സല്‍പ്പേരും നഷ്ടമാകുമെന്ന് ഇവരെന്തുകൊണ്ടോര്‍ക്കുന്നില്ല?
ഒന്നാലോചിച്ചാല്‍ പണം കൊണ്ടു നേടാവുന്നതാണോ ജീവിതത്തിലെ സന്തോഷം? മനുഷ്യന്‍ അടിസ്ഥാനപരമായി തേടുന്നത് സംതൃപ്തിയാണ്. സംതൃപ്തി നേടിയാല്‍ സന്തോഷമായി സമാധാനമായി.സംതൃപ്തിയുടെ അടിസ്ഥാനം ആഗ്രഹം ആണ്. ആഗ്രഹം എന്തായിരിയ്ക്കും എന്നതിനെ ആശ്രയിച്ചാണ് സംതൃപ്തിയുടെ സാധ്യത. നമുക്കുണ്ടെന്ന് കരുതുന്ന മിഥ്യാഭിമാനം മാറ്റി നിര്‍ത്തിയാല്‍ നമുക്ക് ഒരിക്കലും അസംതൃപ്തിയ്ക്കു കാര്യമില്ല.
ബിരിയാണി കഴിയ്ക്കുന്നവനും കഞ്ഞികുടിയ്ക്കുന്നവനും തമ്മിലുള്ള വ്യത്യാസം അന്നനാളത്തിന്റെ തുടക്കം വരെ മാത്രം. അവിടുന്നങ്ങോട്ട് രണ്ടു പേരും തമ്മില്‍ ഒരു മാറ്റവുമില്ല. വയറു നിറഞ്ഞാല്‍ രണ്ടാള്‍ക്കും ലഭിയ്ക്കുന്ന സംതൃപ്തി ഒന്നു തന്നെ. പട്ടുമെത്തയില്‍ കിടക്കുന്നവനും തറയില്‍ തുണി വിരിച്ച് കിടക്കുന്നവനും തമ്മിലുള്ള വ്യത്യാസം ഉറക്കം വരുന്നതു വരെ മാത്രം. ഉറക്കം നന്നായി ലഭിച്ചാല്‍ രണ്ടുപേര്‍ക്കും കിട്ടുന്ന സംതൃപ്തി ഒന്നു തന്നെ.(പലപ്പോഴും പട്ടുമെത്തയില്‍ കിടക്കുന്നവനാണ് ഉറക്കം കിട്ടാതെ വരുന്നത്). ഈ താരതമ്യത്തില്‍ പൊതുവായുള്ള വ്യത്യാസം പൊതുസമൂഹത്തില്‍ കിട്ടുന്ന “ആദരവ്” അല്ലെങ്കില്‍ “അസൂയ” അല്ലെങ്കില്‍ “അംഗീകാരത്തില്‍ മാത്രമാണ്. മറ്റുള്ളവരുടെ കണ്ണില്‍ പൊങ്ങച്ചം അല്പം കുറഞ്ഞിരുന്നാലും നാം സംതൃപ്തരെങ്കില്‍ അവിടെയാണ് സന്തോഷം.
ഞാന്‍ നാട്ടില്‍ ലീവിനു പോകുമ്പോള്‍ പലപ്പോഴും ചെറിയ ദൂരങ്ങള്‍ നടന്നു പോകും. ഇപ്പോള്‍ എല്ലാവരും നൂറുമീറ്റര്‍ ദൂരം പോലും ഓട്ടോയിലാണ് യാത്ര. നടന്നുപോകുന്ന എന്നെ നോക്കി പുച്ഛത്തോടെ ചിരിയ്ക്കുന്ന പലരെയും ഞാന്‍ കണ്ടിട്ടുണ്ട്. ആ നടപ്പില്‍ കൂടി എനിയ്ക്കു ലഭിയ്ക്കുന്ന ശാരീരികവും മാനസികവുമായ ഉത്തേജനം എനിക്കേ അറിയൂ. മറ്റുള്ളവരെന്തു വിചാരിയ്ക്കും എന്നു ചിന്തിച്ചാല്‍ എനിയ്ക്കു നടക്കാന്‍ കഴിയില്ല.
ഞാന്‍ കോഴിക്കോട് എയര്‍ പോര്‍ട്ടില്‍ നിന്നും എന്റെ നാട്ടിലേയ്ക്കും തിരിച്ചും ബസിലാണ് പോകാറ്‌. എന്റെ നാട്ടിലെ തുച്ഛശമ്പളക്കാരായ പ്രവാസികള്‍ പോലും നാലായിരം രൂപ മുടക്കി ടാക്സിയിലേ പോകൂ. എനിയ്ക്ക് ചിലവാകുന്നത് കേവലം തൊണ്ണൂറു രൂപാ മാത്രം. ഇവിടെ ഞാനൊരു പിശുക്കനാണെന്നു വ്യാഖ്യാനിച്ചാലും, എനിയ്ക്ക് ഹൈവേയിലെ അപകടകരമായ യാത്ര ഒഴിവാക്കാം ലാഭിയ്ക്കുന്ന പണത്തിന് എന്റെ കുടുംബത്തോടൊപ്പം വിനോദയാത്ര ചെയ്യാം. ഇതിന്റെ പേരില്‍ എനിക്കൊരു അഭിമാനക്ഷതവും തോന്നാറില്ല. നാം നമ്മുടെ സാഹചര്യമനുസരിച്ച്, നമുക്കിഷ്ടമുള്ള തീരുമാനങ്ങളാണെടുക്കേണ്ടത്. അത് ഒരിയ്ക്കലും മറ്റുള്ളവരെ “കാണിയ്ക്കാ“നാകരുത്.
നിങ്ങള്‍ കണ്ണൂരില്‍ നിന്നും ഹൈവേ-17ല്‍ കൂടി തളിപ്പറമ്പിലേയ്ക്കു യാത്ര ചെയ്തിട്ടുണ്ടെങ്കില്‍ ഏഴാം മൈല്‍ എന്ന സ്ഥലത്തെത്തിയാല്‍ ഒരു കാഴ്ച കാണാം. റോഡിന്റെ ഇരു വശത്തും മത്സരബുദ്ധിയോടെ പണിതിരിയ്ക്കുന്ന കുറെ വീടുകള്‍ . യാതൊരു പ്രയോജനവുമില്ലാത്ത, കോണ്‍ക്രീറ്റില്‍ കാട്ടിക്കൂട്ടിയ എന്തൊക്കെയോ വൈകൃതങ്ങള്‍ . എല്ലാം തളിപ്പറമ്പിലെ വലിയ ബിസിനസുകാരുടേതാണ്. അയല്‍ക്കാരനേക്കാള്‍ അല്പം ഉയര്‍ന്നു നില്‍ക്കണമെന്ന വാശി. ലക്ഷക്കനക്കിനു രൂപാ‍ ആര്‍ക്കുമൊരു പ്രയോജനവുമില്ലാതെ പാഴാക്കിയിരിയ്ക്കുന്നു. ഇവ കാ‍ണുന്നവരുടെ മനസ്സില്‍ പരമപുച്ഛമല്ലാതെ മറ്റൊന്നും തോന്നാന്‍ വഴിയില്ല. ആ പണം പത്തു പാവങ്ങളെ സഹാ‍യിയ്ക്കാന്‍ ഉപയോഗിച്ചിരുന്നെങ്കില്‍ അവരുടെ വില ഇതിലും എത്രയൊ ഉയരുമായിരുന്നു. എത്രയോ സംതൃപ്തി ഉണ്ടാകുമായിരുന്നു.
കാലം മലയാളിയ്ക്ക് തിരിച്ചടി കൊടുക്കാന്‍ തുടങ്ങിയിരിയ്ക്കുന്നു. ഹെര്‍ട്ട് അറ്റാക്ക്, പ്രമേഹം, പ്രഷര്‍ , കൊളസ്ട്രോള്‍ , ക്യാന്‍സര്‍ , വന്ധ്യത , എല്ലാം പിടിമുറുക്കുന്നു. എത്ര കാശുള്ളവനും സൌഭാഗ്യങ്ങളൊന്നും ദീര്‍ഘകാലം ആസ്വദിയ്ക്കാന്‍ കഴിയുന്നില്ല. പണം കൂടും തോറും കുടുംബ ബന്ധങ്ങള്‍ താറുമാറാകുന്നു. ദിവസം പ്രതി വിവാഹമോചനങ്ങള്‍ വര്‍ധിയ്ക്കുന്നു.(ഒരു താരത്തിന്റെ ആര്‍ഭാടപൂര്‍ണമായ വിവാഹവും മാസങ്ങള്‍ക്കകം അതിന്റെ തകര്‍ച്ചയും നാം കണ്ടു. എന്നാല്‍ എത്രയോ സാധുയുവതികള്‍ സന്തോഷത്തോടെ വിവാഹജീവിതം ആസ്വദിയ്ക്കുന്നു. ഇവിടെ വ്യക്തിപരമായ സംതൃപ്തിയുടെ അടിസ്ഥാനത്തില്‍ ആരാണു സമ്പന്ന?)
സത്യത്തില്‍ മലയാളി തന്റെ ധാരണകളെ പൊളിച്ചെഴുതേണ്ട സമയമായി. വലിയ വീടും കാറുമൊന്നുമല്ല ജീവിതത്തിലെ സുഖം. ഇതൊന്നുമില്ലങ്കിലും നമുക്ക്  സന്തോഷമായി ജീവിയ്ക്കാം. നല്ല ആരോഗ്യം, സ്നേഹമുള്ള കുടുംബം, നല്ല സുഹൃത്ബന്ധങ്ങള്‍ , അധ്വാനിയ്ക്കാനുള്ള മനസ്ഥിതി. ഇത്രമാത്രം മതി നല്ലൊരു ജീവിതത്തിന്. മലയാളസിനിമയില്‍ ഉണ്ടപ്പക്രു എന്നറിയപ്പെടുന്ന അജയകുമാര്‍ എന്ന നടനെ നോക്കൂ. തന്റെ എല്ലാ വൈകല്യങ്ങളെയും തോല്‍പ്പിച്ച് നല്ലൊരു പേരുണ്ടാക്കി അദ്ദേഹം. എല്ലാ കഴിവും സൌന്ദര്യവുമുണ്ടായിട്ടും ശ്രീനാഥ് ആത്മഹത്യയില്‍ അഭയം തേടി. ജീവിതത്തോടുള്ള സമീപനത്തിന്റെ വ്യത്യാസമാണത്.
രോഗങ്ങള്‍ കൊണ്ടും വൈകല്യങ്ങള്‍ കൊണ്ടും വലയുന്ന എത്രയോ പേര്‍ നമുക്കുചുറ്റുമുണ്ട്. അവരേക്കാള്‍ എത്രയോ ഭാഗ്യവാന്മാരാണ് നാം. എത്രയോ സമ്പന്നരാണ് നാം.  മറ്റുള്ളവരുടെ അസൂയയോടെയുള്ള നോട്ടമല്ല നമുക്കാവശ്യം, സ്നേഹത്തോടെയുള്ള നോട്ടമാണ്.

10 comments:

  1. വളരെ പ്രസക്തമായ കാര്യങ്ങള്‍ ....

    ReplyDelete
  2. പ്രസക്തമായ നിരീക്ഷണങ്ങള്‍..
    പക്ഷേ..
    ഇതിനൊക്കെ ഓരോരുത്തര്‍ക്കും അവരുടെതായ ന്യായീകരണങ്ങളും ഉണ്ടാകാം..
    അതും കൂടി നമ്മള്‍ കണക്കിലെടുക്കേണ്ടതാകുന്നു..

    ReplyDelete
  3. തികച്ചും ശരി. ആര്‍ഭാടങ്ങളോടുള്ള ആസക്തിയാണ് ലോകത്തിലെ എല്ലാ പ്രശ്നങ്ങളുടെയും അടിസ്ഥാനകാരണം.

    ReplyDelete
  4. ഹായ് മുഹമ്മദ്, ഹരീഷ്, ജിവി അഭിപ്രായങ്ങള്‍ക്ക് നന്ദി.തീര്‍ച്ചയായും ഒരൊരുത്തര്‍ക്കും അവരുടെ ന്യായങ്ങള്‍ ഉണ്ടാകും. എങ്കിലും അത്തരം ന്യായങ്ങളെ മറ്റുള്ളവര്‍ തങ്ങളുടെ ന്യായങ്ങളായി സ്വീകരിക്കാതിരിയ്ക്കാന്‍ ഇത്തരം ചിന്തകള്‍ ഉപകരിച്ചെങ്കില്‍....

    ReplyDelete
  5. ആര്‍ഭാടത്തേയും പൊങ്ങച്ചത്തേയും ധൂര്‍ത്തിനേയും ന്യായീകരിക്കാതിരിക്കാനും അത്തരം സാമൂഹിക അനാചാരങ്ങളില്‍(ധൂര്‍ത്ത്) നിന്നും വിട്ട് നില്‍ക്കാനും ഇത്തരം ചിന്തകള്‍ ഉപകരിക്കട്ടെ.ബിജുവേട്ടന് ആശംസകള്‍...

    ReplyDelete
  6. ജിപ്പൂസേ ഞാന്‍ അബുവിന്റെ പോസ്റ്റ് കണ്ടു. മോഷണം ഇങ്ങനെയും നടത്താമോ? എന്റെ പോസ്റ്റ് അതേപടി കോ‍പ്പിയടിച്ചിട്ട് അടിയില്‍ ആരും കാണാത്തിടത്തൊരു കടപ്പാടും! അയാള്‍ക്ക് എഴുതനുള്ളത് എഴുതിയിട്ട് ഈ പോസ്റ്റിലേക്കൊരു ലിങ്കിട്ടിരുന്നെങ്കില്‍ മര്യാദയായേനെ
    http://maruppacha.ning.com/profiles/blogs/3597476:BlogPost:19384

    ReplyDelete
  7. ബിരിയാണി കഴിക്കുന്നവനും കഞ്ഞികുടിക്കുന്നവനും... ആ വാക്കുകള്‍ വളരെ സത്യം! അത് പലരും മനസിലാക്കുന്നില്ലെങ്കിലും!

    കെ . കോ . ലിങ്കില്‍ നിന്നും ആണ് ഇവിടെ എത്തിയത്!

    ആശംസകള്‍ !

    ReplyDelete
  8. വില്ലേജ് മാന്‍ നന്ദി. ഇനിയും ഇതിലെ വരൂ..

    ReplyDelete
  9. നന്ദി

    ReplyDelete

കമന്റിലെ അക്ഷരങ്ങള്‍ക്ക് നിറം നല്‍കാന്‍ [co="red"]Type Text here[/co] . ഇവിടെ red എന്നതിനു പകരം മറ്റ് നിറങ്ങള്‍ നല്‍കിയാല്‍ മതിയാകും.