പുതിയ കഥാസമാഹാരം “രയറൊം കഥകള്‍ " VPP ലഭിയ്ക്കാന്‍ sidrapubications@gmail

Thursday 17 March 2011

“മറുപടി പറയൂ ഫെമിനിസ്റ്റുകളേ ”

ഏയ് ഫെമിനിസ്റ്റുകളെ, നിങ്ങളോടെനിയ്ക്ക് പുച്ഛമാണ്. എന്തറിഞ്ഞിട്ടാ നിങ്ങള്‍ സ്ത്രീകളെ ആരും മതിയ്ക്കുന്നില്ല, ഗൌനിയ്ക്കുന്നില്ല എന്നൊക്കെ പറയുന്നത് ? ശുദ്ധ വിവരമില്ലായ്ക ആണിത്. നിങ്ങളെന്റെ അനുഭവം കേട്ടുനോക്കൂ.

ഞാന്‍ ഒരു ചെറുപ്പക്കാരനാണ്. കാണാന്‍ അത്ര പോര; ഇന്ദ്രന്‍സ് ലുക്കാണ്, കാര്‍മുകില്‍ വര്‍ണ്ണം. പ്രൈവറ്റായി ബി.എ. ഫസ്റ്റ് ക്ലാസില്‍ പാസായി. ഇപ്പോള്‍  ഒരോഫീസില്‍ സെക്രട്ടറിപ്പണിയെടുക്കുന്നു. കൊള്ളാവുന്ന ഓഫീസായതു കൊണ്ട് ഫുള്‍ടൈം നെറ്റുണ്ട്. ആദ്യമൊക്കെ ഒഴിവുനേരങ്ങളില്‍ പത്രം വായന, യൂട്യൂബ് പരതല്‍ ഒക്കെയായിരുന്നു പണി. ചൂടന്‍ പടങ്ങളു വല്ലതും കിട്ടുമോന്നു ശ്രമിച്ചിട്ട് ഒരു രക്ഷയുമില്ല, എല്ലാം ബ്ലോക്കിയിരിയ്ക്കുകയാണ്. അങ്ങനെ ഏതോ നേരത്താണ് “ഫേസ്‌ബുക്ക്”എന്നു പറഞ്ഞ ഒരു സംഭവമുണ്ടെന്നറിഞ്ഞത്. ഒരു ഐ.ഡിയൊക്കെ ഉണ്ടാക്കി അതില്‍ കയറിപറ്റി. ഉള്ളതില്‍ നല്ലൊരു ഫോട്ടോ, കമ്പ്യൂട്ടറിലിട്ട് പരമാവധി തല്ലിയലക്കി വെളുപ്പിച്ച് പ്രൊഫൈലിലിട്ടു.  വിവരങ്ങളൊക്കെ സത്യമായി തന്നെയാണ് പൂരിപ്പിച്ചത്. ഭാഗ്യത്തിന് കൊള്ളാവുന്ന വല്ല കൊച്ചുങ്ങളും കയറിക്കൊത്തി കല്യാണത്തിലെത്തിയാല്‍, പറ്റിച്ചൂന്നു പറയരുതല്ലോ..!

ഇനി കുറച്ച്  ചങ്ങായിമാരെ കിട്ടണം. നോക്കുമ്പോള്‍ നല്ല മണിമണിപോലത്തെ പെണ്‍കുട്ട്യോള്സ്‍, കിടിലന്‍ ചേച്ചിമാര്, വലിയ വലിയ എമണ്ടന്‍ ചേട്ടന്മാര്, സിം‌പ്ലന്‍ ചെറുപ്പക്കാര്, ഒക്കെ ഇഷ്ടം പോലെ. നൂറോളം പേര്‍ക്ക് റിക്വസ്റ്റ്  വിട്ടെന്നാണ് ഓര്‍മ്മ. എന്നെ ആഡ് ചെയ്തത് വെറും പതിനെട്ട് പേര്..! പത്ത് ചേട്ടന്മാരും, ആറ് ചെറുപ്പക്കാരും രണ്ട് ചേച്ചിമാരും. ഒരൊറ്റ പെങ്കൊഞ്ച് പോലും മൈന്‍ഡാക്കിയില്ല.

എല്ലാവരും സ്റ്റാറ്റസ് ഇടുന്നതു കണ്ട് എനിയ്ക്കും മോഹമായി. നല്ല കനമുള്ളത് ഇരിയ്ക്കട്ടെ എന്നു കരുതി ചില മാസികളില്‍ നിന്നും പുസ്തകങ്ങളില്‍ നിന്നുമൊക്കെയായി  ഒന്നാന്തരം വാചകങ്ങള്‍ പൊക്കിയിട്ടു കൊടുത്തു. അബദ്ധത്തില്‍ ഒന്നോ രണ്ടോ പേര് ലൈക്കടിച്ചതല്ലാതെ ഒരുത്തനും ഗൌനിച്ചില്ല.

ഹോ..! ചിലവന്മാരുടെയൊക്കെ യോഗം! “ഞാനിന്ന് ഉച്ചയ്ക്ക് കപ്പ തിന്നു” എന്നൊരെണ്ണം കാച്ചിയാല്‍ അമ്പത്തേഴ് ലൈക്കും എഴുപത്തിമൂന്ന് കമന്റും. എന്നാപ്പിന്നെ ആ ലൈനില്‍  നോക്കാം എന്നു കരുതി ഞാനും ഇട്ടു .

“ഞാനിന്ന് ഉച്ചയ്ക്ക് ബിരിയാണി തിന്നു.”

ഒരു ദിവസം മുഴുവന്‍ കാത്തിരിരുന്നിട്ടും ഒരു ലൈക്ക് പോലും കിട്ടിയില്ല..! ശെടാ, കപ്പയ്ക്ക് ബിരിയാണിയേക്കാള്‍ വിലയോ !
പിറ്റേദിവസം മാറ്റി ഇട്ടു.

“ഞാനിന്ന് ഉച്ചയ്ക്ക് കപ്പ തിന്നു.”

“നീയെന്നാ കോപ്പെങ്കിലും തിന്നടേ“, എന്ന മട്ടില്‍ ഒരീച്ച പോലും ആവഴി വന്നില്ല.

ചാറ്റ് വിന്‍ഡോയില്‍ കണ്ടവരോടൊക്കെ “ഹായ്” പറഞ്ഞു. ഒന്നോ രണ്ടോ പേര്‍ മാത്രം തിരിച്ചും “ഹായ്“ പറഞ്ഞു. പിന്നെ വന്ന മെസേജ് “ബിറ്റ് ബിസി”. അപ്പോഴെനിയ്ക്ക് മനസ്സിലായി, എന്റെ ഈ ചളുങ്ങിയ മുഖവും കറമ്പന്‍ നിറവും വച്ചോണ്ടിരുന്നാല്‍ ആരും മൈന്‍ഡാക്കില്ല. അങ്ങനെ എന്റെ പടം മാറ്റിയിട്ട് സല്‍മാന്‍ ഖാന്റെ പടം കയറ്റി. വിദ്യാഭ്യാസം, ഗ്രാജ്വേഷന്‍ എന്നാക്കി.  ആശാവഹമായിരുന്നു മാറ്റം. ഇടയ്ക്കിടെ ചില ഫ്രെണ്ട് റിക്വസ്റ്റ് വരാന്‍ തുടങ്ങി. കുറച്ചു നാളുകൊണ്ട് നൂറോളം പേര്‍ ലിസ്റ്റിലെത്തി.  ഞാനിടുന്ന സ്റ്റാറ്റസിന് വല്ലപ്പോഴും ഓരോ കമന്റൊക്കെ കിട്ടി.

“ഞാനിന്ന്  ഉച്ചയ്ക്ക് കപ്പ തിന്നു” എന്നിട്ടപ്പോള്‍ “അതെന്താ ചോറില്ലായിരുന്നോ” , “കപ്പ അധികം തിന്നരുത്” എന്നിങ്ങനെ രണ്ട് കമന്റുകളും മൂന്ന് ലൈക്കും കിട്ടി. കുറച്ചു പുരോഗതി ആയെന്നര്‍ത്ഥം.

എന്നിട്ടും ചില തൈക്കിളവന്മാര്‍ക്ക് കിട്ടുന്ന കമന്റോ ലൈക്കോ എനിയ്ക്കു കിട്ടിയില്ല. എന്തുമാത്രം പെണ്ണുങ്ങളാ അവന്റെയൊക്കെ കൂടെ കെട്ടിമറിയുന്നത്..! അവളുമാരുടെ പുറകെ കുറെ ആണുങ്ങളും. എങ്ങനെ കളിച്ചാലും അറുപതും എഴുപതും കമന്റ് കിട്ടും ഓരോ പോസ്റ്റിനും..

ചില പെണ്ണുങ്ങളുടെ പോസ്റ്റിലാണെങ്കില്‍ നൂറില്‍ കുറഞ്ഞ കമന്റേയില്ല. ചില കെളവന്മാര് സ്ഥിരം കുറ്റികളായി അവളുമാരുടെ ഒപ്പം കൂടിയിരിയ്ക്കുകയല്ലേ. ഞാനും അവിടെയൊക്കെ പോയി ഓരൊ കമന്റിട്ടു. ഒരുത്തിയും ലൈക് തന്നില്ല. മറ്റവന്മാര്‍, ഞാനിങ്ങനെയൊരുത്തന്‍ അതിന്റെടേല്‍ ഉണ്ടെന്നു പോലും ഗൌനിച്ചില്ല.

ഇതുകൊണ്ടൊന്നും ഒരു രക്ഷയുമില്ലെന്നു മനസ്സിലായി. ഒരു ട്രാന്‍സ്ജെന്‍ഡര്‍ ഓപ്പറേഷനുള്ള സമയമായിരിയ്ക്കുന്നു. പുതിയ ഐ.ഡി ഒരെണ്ണം ഉണ്ടാക്കി. “ശ്രീദേവി”. നല്ലൊരു സുന്ദരിപ്പെണ്ണിന്റെ പടവും ഇട്ടു. വയസ്സ് ഇരുപത്തൊന്ന്.  വിദ്യാഭ്യാസം എഞ്ചിനീയറിംഗ്.

റിച്ചര്‍ സ്കെയിലില്‍ 9- രേഖപ്പെടുത്തിയ ചലനം ആയിരുന്നു ആദ്യദിവസം തന്നെ. നൂറ്റിയാറ് ഫ്രെണ്ട് റിക്വസ്റ്റ്...! പതിനാല് മെസേജ്. ചാറ്റ് വിന്‍ഡോ പൂട്ടിവച്ചു, ശല്യം കാരണം.

പിറ്റേന്ന് ആദ്യ സ്റ്റാറ്റസിട്ടു. ”ഞാനിന്ന് ഉച്ചയ്ക്ക് കപ്പ തിന്നു..” ഒരു മണിയ്ക്കൂറിനുള്ളില്‍ നാല്പത്തെട്ട് കമന്റും ഇരുപത്തിനാല് ലൈക്കും. ചില കമന്റുകള്‍ :
“കപ്പയാണോ “ശ്രീ”യുടെ സൌന്ദര്യരഹസ്യം..?”
“ബിരിയാണിയെക്കാളും എത്രയോ നല്ലതാണ് കപ്പ..”
“കപ്പ നമ്മുടെ ദേശീയ ഭക്ഷണം ആക്കണം..”
“ഞാനിനി മുതല്‍ കപ്പയേ തിന്നൂ ശ്രീദേവിക്കുട്ടീ...”

ഇവന്മാരുടെ ആക്രാന്തം കണ്ടപ്പോള്‍, “ഞാനൊരു പുരുഷനാടാ പുല്ലന്മാരെ” എന്നു പറഞ്ഞാലോയെന്നു പലവട്ടം തോന്നി. പിന്നെ വേണ്ടാന്നു വച്ചു, ഞരമ്പന്മാര് രസിച്ചോട്ടെ..!

ഒരാഴ്ചകൊണ്ട് ആയിരത്തഞ്ഞൂറ് ഫ്രെണ്ട്സ്. വലിയ വലിയ എമണ്ടന്‍ ചേട്ടന്മാരൊക്കെ എനിയ്ക്ക് റിക്വസ്റ്റ് അയച്ച കൂട്ടത്തിലുണ്ട്. പിന്നെ സിം‌പ്ലന്മാര് ചെറുപ്പക്കാരും.  ചെറുപ്പക്കാരെ സഹിയ്ക്കാം, അവന്മാര് കമന്റിട്ട് കളിയ്ക്കുകയേ ഉള്ളൂ. ചില തൈക്കിളവന്മാരുടെ മെസേജാണ് സഹിയ്ക്കാന്‍ വയ്യാത്തത്.  മോള് കല്യാണം കഴിച്ചതാണോ ? എന്താ ചാറ്റില്‍ വരാത്തത്..? ഞാനിത്ര മെസേജയച്ചിട്ടും എന്താ മറുപടി തരാത്തത്..?

അപ്പോഴാണ് എനിയ്ക്കൊരു രസം തോന്നിയത്. ഫേസ്‌ബുക്കില്‍ സ്ഥിരം നോട്ടെഴുതുന്ന  വിദ്വാന്  ഒരു മെസേജ് വിട്ടു:

“എന്റെ ചേട്ടാ..ഞാന്‍ ചേട്ടന്റെ ആരാധികയാണ് ! എന്തൊരു ഗ്ലാമറാണ് ചേട്ടന്റെ കണ്ണടയ്ക്കും ഊശാന്‍ താടിയ്ക്കും!! ചേട്ടനെ കണ്ടാലേ അറിയാം ഒരു ബുദ്ധിജീവിയാണെന്ന് !!! ചേട്ടന്റെ നോട്ട് ഞാന്‍ ദിവസവും മൂന്നുവട്ടം വായിയ്ക്കും..!!! ചേട്ടാ................!”

ഹോ..! പിന്നെ സുനാമിയടിച്ച മാതിരി ഒരു പ്രളയമായിരുന്നു. ദിവസം മൂന്നുനേരം ആ ചങ്ങാതിയുടെ മെസേജ് വരും “ചക്കരേ..തേനേ“ എന്നും പറഞ്ഞ്. മസിലു പിടിച്ചു നടന്ന ചില വലിയ ചേട്ടന്മാരൊക്കെ ഐസു പോലെ ഉരുകുന്നതു ഞാന്‍ കണ്ടു. കഴിഞ്ഞ ദിവസം  ചുമ്മാ ഒരു പോസ്റ്റിട്ടു:

“@!#@#“.

നൂറ്റി ഇരുപത്തെട്ട് കമന്റാണ് വീണത്..! നാല്പത് ലൈക്കും..!! വീട്ടിലെ പട്ടിയ്ക്ക് തീറ്റ കൊടുക്കുന്ന പാത്രത്തിന്റെ ഫോട്ടോ ഇട്ടു കൊടുത്തപ്പോള്‍, എല്ലാവന്മാരും കൂടി അത് നക്കി തോര്‍ത്തി വൃത്തിയാക്കി തന്നു. നൂറ്റി അറുപത് കമന്റ്, അന്‍പത്താറ് ലൈക്ക്. പണ്ട് സില്‍ക്കു സ്മിത കടിച്ച ആപ്പിളിന് ജനം അടികൂടിയത് ഞാനോര്‍ത്തുപോയി.

ഇനി പറ ഫെമിനിസ്റ്റുകളേ, എന്തടിസ്ഥാനത്തിലാണ് നിങ്ങള്‍ പറയുന്നത്, പെണ്ണുങ്ങള്‍ക്ക് വിലയില്ല്ലാന്ന്?

65 comments:

  1. ഹഹഹ് ആഹ ഹ ഹഹഹാ
    പെണ്ണൊരുമ്പെട്ടാല്‍ .... പെണ്ണാവാനൊരുമ്പെട്ടാല്‍

    ReplyDelete
  2. ഹ..ഹ..ഹ... പൊളിച്ചടുക്കി കളഞ്ഞല്ലോ മാഷേ... ബ്ലോഗിലും ഈ ഒരു പ്രവണതയുണ്ട്... ബ്ലോഗിലെ ഈ പ്രവണതയെപറ്റി ഞാന്‍ ഒരു പോസ്റ്റില്‍ പറഞ്ഞിരുന്നു. അത് ഇപ്രകാരമാണ്...

    'പേര് മാറ്റി വല്ല പെണ്ണിന്റേം പേരൊന്ന് വച്ചുനോക്ക്... അപ്പോ കാണാം കമന്റിന്റേം വിസിറ്റിന്റേം പൂരം.

    അത് നീ പറഞ്ഞത് നേരാ നാഫീ... ഇവളുമ്മാരോട് ബസ്റ്റാന്‍ഡില്‍നിന്ന് കമ്മന്റ് അടിക്കുന്ന പോലെയല്ലെ പയ്യന്മാര്‍ കമ്മന്റ് അടിക്കുന്നത്. അവളുമ്മാര് 'തറ.. പറ' എന്ന് പോസ്റ്റിയാലും നൂറ് കമന്റ് കിട്ടും. 'തറ എന്നെഴുതിയത് വളരെ നന്നായിരിക്കുന്നു. എന്നെ ഒന്നാം ക്ലാസ്സിലെ ബെഞ്ജില്‍ കൊണ്ടെത്തിച്ചു' എന്നൊക്കെ പറഞ്ഞ്.'

    http://shabeerdxb.blogspot.com/2011/01/blog-post_26.html

    ReplyDelete
  3. [co="red"]പേര് ബിജി എന്നായാലും മതിയായിരുന്നു [/co]:)

    ReplyDelete
  4. നേര്‍ക്കാഴ്ച്ച...

    ReplyDelete
  5. പിറ്റേന്ന് ആദ്യ സ്റ്റാറ്റസിട്ടു. ”ഞാനിന്ന് ഉച്ചയ്ക്ക് കപ്പ തിന്നു..” ഒരു മണിയ്ക്കൂറിനുള്ളില്‍ നാല്പത്തെട്ട് കമന്റും ഇരുപത്തിനാല് ലൈക്കും. ചില കമന്റുകള്‍ :
    “കപ്പയാണോ “ശ്രീ”യുടെ സൌന്ദര്യരഹസ്യം..?”
    “ബിരിയാണിയെക്കാളും എത്രയോ നല്ലതാണ് കപ്പ..”
    “കപ്പ നമ്മുടെ ദേശീയ ഭക്ഷണം ആക്കണം..”
    “ഞാനിനി മുതല്‍ കപ്പയേ തിന്നൂ ശ്രീദേവിക്കുട്

    ഇത് വരെ എത്തിയപ്പോ സത്യം പറഞ്ഞാൽ ഞാൻ ചിരിച്ച് പോയി..
    അടിപൊളിയായി അലക്കിയല്ലേ ....
    ബ്ലോഗേർസ്സിന്റെ ഇടയിലും ഉണ്ട് ഇമ്മാതിരി നരമ്പന്മാർ..എന്ത് അവിഞ്ഞ വളിപ്പുകൾ പോസ്റ്റിയാലും, കൊള്ളാം.., നല്ലത്, ഉഗ്രൻ, ..എന്നിങ്ങനെ നൂറ് കണക്കിനു കമന്റും ഒപ്പത്തിനൊപ്പം ഫോളോവേർസും..

    നന്നായിട്ടുണ്ട്, പോരട്ടേ ഇനിയും .
    അഭിനന്ദനങ്ങൾ

    ReplyDelete
  6. സ്ത്രീകളല്ല;ഇതിലെ കഥാപാത്രങ്ങളെ പോലെയുള്ള പുരുഷപ്രജകള്‍ തന്നെ ആണല്ലോ സ്ത്രീകള്‍ക്ക് കമന്റും ലൈക്കും വാരിക്കോരി ഇടുന്നത് !
    സ്ത്രീകളെ ഗൌനിക്കുന്നില്ല എന്നല്ല; പുരുഷന്മാര്‍ പരിധിവിട്ട് അവരെ 'ഗൌനിക്കുന്നു' എന്നതാണ് പ്രശനം. ഇവിടെ സ്ത്രീകളല്ല പുരുഷന്മാര്‍ തന്നെയാണ് പ്രതിസ്ഥാനത്ത്...ഈ പോസ്റ്റിലെ ഉദേശ്യവും അത് തന്നെ എന്ന് കരുതുന്നു.

    ReplyDelete
  7. പെണ്ണുങ്ങളെപ്പറ്റി ഇനിയൊരക്ഷരം പറയരുത്...

    ReplyDelete
  8. ബികുവേട്ടാ കലക്കിട്ടോ, ഇപ്പോ പെണ്ണുങ്ങൾക്ക ഡിമാന്റ്, ആണുങ്ങളിങ്ങനെ തേരാ പാരാ നടന്നിട്ട് ഒന്നും കിട്ടുന്നില്ല, ഒരു പെണ്ണായി ജനിച്ചിരുന്നെങ്കിൽ...ആഹാ, എന്തൊരു രസമായിരുന്നു.....വേണ്ട, എനിക്കൊരു പെണ്ണാവുകയേ വേണ്ട ഞാനിപ്പൊഴാ ഓർത്തത്, സ്ത്രീപീഡനം!!! പെണ്ണായാൽ പീഡനമേൽകണ്ടെ, പീഡിപ്പിക്കാനൊക്കൂലല്ലൊ....

    ReplyDelete
  9. asane kalakki kalanju... jaga poha thanne...

    ReplyDelete
  10. അയ്യയ്യോ പറ്റീച്ചു കളഞ്ഞല്ലോ...കറ്റൂ‍രിയുടെ പടം കണ്ട് പെണ്ണാന്നല്ലേ കരുതിയീരുന്നത്..........!!!!

    ReplyDelete
  11. എനിക്കൊന്നും മനസ്സിലാവുന്നില്ല. ഞാൻ മിനി, എങ്കിലും എനിക്ക് കിട്ടുന്ന കമന്റും റിക്വസ്റ്റും പുട്ടിന് തേങ്ങപോലെ പോയിട്ട്, തേങ്ങാപിണ്ണാക് പോലെ ഇത്തിരി മാത്രം. പിന്നെ കാരണങ്ങളും ഞാൻ കണ്ടുപിടിച്ചിട്ടുണ്ട്.
    ആറ് മാസത്തോളം എന്റെ ബ്ലോഗിൽ കമന്റിയത് വിരലിലെണ്ണാവുന്നവർ മാത്രം.

    ReplyDelete
  12. പോസ്റ്റ്‌ വായിച്ചു.

    തല്‍ക്കാലത്തേക്ക് താങ്കളും ഒരു പെണ്ണിന്റെ പ്രൊഫൈല്‍ ഉണ്ടാക്കി, ഇതു പോലെ ചീപ്പ് ഏര്‍പ്പാടുമായി ഒരുപാട് ആളുകള്‍ ചുറ്റും കാണും. സ്വന്തം വ്യക്തിത്വം കളഞ്ഞുള്ള ഈ പണി വളരെ മോഷം.


    എഴുത്തുകള്‍ വായിച്ച് മുഖം നോക്കാതെ കമന്റുക. മറ്റുള്ളവര്‍ ഒലിപ്പീരുമായി കൂടെ നിന്നിട്ട് എന്ത് നേട്ടം..?

    പിന്നെ ഫെമിനിസ്റ്റുകള്‍ പറയുന്ന എല്ലാ കാര്യവും സാധിപ്പിച്ചു കൊടുത്താല്‍ .....!!! ലോകമേ നിന്റെ ഭാഗ്യക്കേട്

    ReplyDelete
  13. ശോ.. ദേ മിനിക്ക് ബ്ലോഗുള്ള കാര്യം നേരത്തേ പറേണ്ടാരുന്നോ.. ഞാൻ ദേ ഇപ്പ എത്തി. ഇനി ധൈര്യായിട്ടിരുന്നോ, ഇഷ്ടം പോലെ കമന്റെത്തിക്കോളും.. ;)

    ReplyDelete
  14. @ സാബി ബാവ: “/ / തല്‍ക്കാലത്തേക്ക് താങ്കളും ഒരു പെണ്ണിന്റെ പ്രൊഫൈല്‍ ഉണ്ടാക്കി, ഇതു പോലെ ചീപ്പ് ഏര്‍പ്പാടുമായി ഒരുപാട് ആളുകള്‍ ചുറ്റും കാണും/ /“
    ---എന്താണ് താങ്കള്‍ ഉദ്ദേശിച്ചതെന്നു മനസ്സിലായില്ല. ഞാന്‍ പെണ്ണിന്റെ പ്രൊഫൈല്‍ ഉണ്ടാക്കി എന്നാണോ ഇതു വായിച്ചിട്ട് മനസ്സിലായത്???? എങ്കില്‍ ഒന്നും പറയാനില്ല...:-))))

    ReplyDelete
  15. എന്റെ നാട്ടുകാരനായതു കൊണ്ടു പറയല്ലാട്ടോ.. ഇദ്ദേഹം അങ്ങനെ ഒരു പ്രൊഫൈല്‍ ഉണ്ടാക്കി ആളുകളെ കബളിപ്പിക്കാന്‍ ഒരു സാധ്യതയുമില്ല. വെറും ഭാവന മാത്രം. സൂപ്പറായിരിക്കുന്നു. ഇതുതന്നെയാണ് നടക്കുന്നത്, നടക്കേണ്ടതും.

    ReplyDelete
  16. ഗൌരവമാർന്ന കാര്യങ്ങൾക്ക് കമന്റിടാൻ ഭൂലോകത്ത് ആൾക്കാർ കുറവാണ്.എങ്ങുമെത്താത്ത ചില തൊലിപ്പുറ ചർച്ചകളും വെറും സൌഹൃദങ്ങളും പൈങ്കിളി കമന്റുകളും മറ്റുമായി നേരംകൊല്ലാനാണ് മിക്കവരും ഇ-ലോകത്തെ ഉപയോഗിക്കുന്നത്.. മിനിട്ടീച്ചർക്ക് കാര്യമറിയാം...

    ReplyDelete
  17. ഇങ്ങനെ കമന്റിടുന്നവര്‍ പുരുഷന്മാര്‍ തന്നല്ലോ.അതിനു പാവം പെണ്ണെന്ത് പിഴച്ചു. എഴുത്തില്‍ ആണെഴ്ത്ത്,പെണ്ണെഴ്ത്ത് എന്ന വേര്‍തിരിവ് വേണ്ടാന്നാണു എന്റെ അഭിപ്രായം.നല്ലതിനെ പ്രോത്സാഹിപ്പിക്കുക. ഫോട്ടോ കണ്ട് മാത്രാണു കമന്റ് കിട്ടുന്നത് എന്നു വരുകില്‍ ഞങ്ങള്‍ നല്ലതൊന്നും എഴുതുന്നില്ലാന്നാണോ.?അച്ചടി മാദ്ധ്യമത്തിലാണേല്‍ ഇപ്പോഴത്തെ പരാതി സ്ത്രീ ഒരുപാട് തുറന്നെഴുതുന്നു എന്നാണു. പണ്ടത്തെപോലെയല്ലല്ലോ ഇന്ന്. കാര്യങ്ങള്‍ പരസ്പരം തുറന്ന് പറയുന്നു എല്ലാവരും.അതിന്റെ പ്രതിഫലനമായിരിക്കാം അത്.അതൊക്കെ കൂടുതലും വായിച്ച് രസിക്കുന്നത് ആണുങ്ങളാണു താനും!!

    ബ്ലോഗിലെ കമന്റ്റാണേല്‍ ,കമന്റിന്റെ എണ്ണക്കൂടുതല്‍ നോക്കീട്ടാണൊ ഒരു പോസ്റ്റിനെ വിലയിരുത്തേണ്ടത്. വിവാദങ്ങള്‍ ഉണ്ടാകുന്ന എന്തേലും എഴുതി നോക്കു,അപ്പോ അറിയാം കമന്റിന്റെ എണ്ണം കൂടുന്നത്.
    ഞാനൊരു ഫെമിനിസ്റ്റൊന്നുമല്ല കേട്ടോ. സ്ത്രീക്ക് സ്വാതന്ത്ര്യം വേണ്ടത് അവളുടെ മനസ്സിന്റെ ഇരുണ്ട ഇടങ്ങളില്‍ നിന്നു തന്നെയാണു.അതിനു പുരുഷനുമായ് ഒരു ബന്ധവുമില്ല.

    ReplyDelete
  18. @ മുല്ല: താങ്കളും മിനി ടീച്ചറും സാബി ബാവയും ഈ പോസ്റ്റിന്റെ ശരിയായ അര്‍ത്ഥം ഗ്രഹിച്ചോ എന്നു സംശയമുണ്ട്. ഒരു പക്ഷെ തലക്കെട്ടിനെ തെറ്റിദ്ധരിച്ചതാവാം.. ഇത് സ്ത്രീയെഴുത്തിനെ പറ്റിയല്ല. ഫേസ്ബുക്കിലെ ചില പ്രവണതകളെ പറ്റിയാണ്. അതില്‍ സജീവമല്ലാത്തതു കൊണ്ട് ചിലര്‍ക്ക് മനസ്സിലായിക്കാണില്ല. മുല്ല പറയുന്ന കാര്യങ്ങള്‍ എല്ലാം വളരെ പ്രസക്തവും യഥാര്‍ത്ഥവുമാണ്. അതിനോട് പൂര്‍ണമായും യോജിയ്ക്കുന്നു.

    ReplyDelete
  19. ഹ..ഹ..ഹ... പൊളിച്ചടുക്കി കളഞ്ഞല്ലോ മാഷേ.... നല്ല പോസ്റ്റ്.. പക്ഷേ നിർഭാഗ്യവശാൽ നമ്മുടെ നാരീജനങ്ങൾ അതിന്റെ സ്പിരിറ്റ് ഉൾക്കൊണ്ടില്ല എന്നു തോന്നുന്നു.

    ReplyDelete
  20. ഹമ്മേ...കലക്കി...പച്ചയായ നേർക്കഴ്ച
    റിച്ചര്‍ സ്കെയിലില്‍ 9- രേഖപ്പെടുത്തിയ ചലനം...:)

    ReplyDelete
  21. co="red " സത്യം. കമന്റുകള്‍ കിട്ടാത്ത ബ്ലോഗ്ഗര്‍മാരുടെ പേരില്‍ ഞാനും അഭിവാദ്യമാര്‍പ്പിക്കുന്നു. /co

    ReplyDelete
  22. ശ്ശോ.ബിജുവേട്ടന്‍ കണ്ട് പിടീച്ചു കളഞ്ഞല്ലോ..!!
    ഇതെന്നെ തന്നെ ഉദ്ദേശ്ശിച്ചെഴുതിയതല്ലേ..:(

    ReplyDelete
  23. എല്ലാ­വരും പ­യ­റ­റു­ന്ന ക­ളി­ക­ളൊ­ക്കെ ക­യ്യി­ലുണ്ട­ല്ലേ
    ആ­ശം­സകള്‍

    ReplyDelete
  24. എന്നാലും കമെന്റ് കിട്ടണമെന്ന മോഹം നടന്നല്ലോ!

    ReplyDelete
  25. കലക്കി!!ഇതാണ്...ഇതു തന്നെയാണ് നേര്‍കാഴ്ച്ച!!!

    ReplyDelete
  26. ഇത് സത്യമാണ്., അല്ല ഇത് മാത്രമാണ് സത്യം...

    ReplyDelete
  27. പെണ്ണില്ലെങ്കില്‍ പണിയില്ല; പണിയില്ലെങ്കില്‍ പട്ടിണി; പെണ്‍ വര്‍ഗ്ഗത്തിന്‍ നന്ദി. കാലനില്ലാത്ത കാലം എന്ന് പറയുന്ന പോലെ പെണ്ണില്ലാത്ത ലോകത്തെ കുറിച്ച് ഒന്നാലോചിച്ച് നോക്യേ; ഫേസ്ബുക്ക് എന്ന് പൂട്ടി എന്ന് ചോദിച്ചാല്‍ മതി.

    ReplyDelete
  28. ഹ ഹ എന്തായാലും പോസ്റ്റ്‌ ലൈക്കി.! ബിജുവേട്ടാ ഇടയ്ക്ക് ചിലര്‍ വന്നു തെറ്റിദ്ധരിച്ചു പറഞ്ഞത് അവര്‍ക്ക് ഫേയ്സ്ബുക്ക് പരിചയം കുറവായതുകൊണ്ട് തന്നെയാവും. എന്നിട്ട് മിനി ടീച്ചറിനോട് നമ്മുടെ സിജോ പറഞ്ഞത് കേട്ടില്ലേ... മിനീ.. നിന്നെ ഞാന്‍ ഏറ്റു എന്ന്! സിജോ... മച്ചൂ ആളറിയാതെ പറ്റിയതാണ് എന്ന് മനസ്സിലായി. ഹി ഹി.
    പിന്നെ ബിജുവേട്ടാ ആ റിക്റ്റര്‍ സ്കെയില്‍ സംഗതി ഞാനും എന്റെ പുതിയ പോസ്റ്റില്‍ ചാര്‍ത്തിയിരുന്നു. കണ്ടപ്പോള്‍ പെട്ടെന്ന് ഒന്ന് ഞെട്ടി. പിന്നെ മനസ്സിലായി; ബിജുവേട്ടന്‍ ഇത് പോസ്റ്റ്‌ ചെയ്യുന്ന ദിവസം ഞാന്‍ അത് എഴുതുന്നതെ ഉണ്ടായിരുന്നുള്ളൂ എന്ന്!!

    ReplyDelete
  29. എന്തു പറയാനാ ബിജുവേട്ടാ.. തിരിയുന്നവർക്ക് തിരിയും അല്ലാത്തവർ നട്ടം തിരിയും, പിന്നെ എന്റെ പ്രൊഫൈലിലെ ഫോട്ടൊ കണ്ടിട്ട് ഞാനൊരു പെണ്ണാണെന്ന് താങ്കൾ തെറ്റിദ്ധരിച്ചോ? എങ്കിൽ അത് താങ്കളുടെ കുഴപ്പമാണ്‌, അപ്പോൾ താങ്കളൂടെ പോസ്റ്റിൽ പറഞ്ഞമാതിരി....പെണ്ണിന്റെ ഫോട്ടോ വെച്ചാൽ എല്ലാവരും മൈന്റ് ചെയ്യും...ശരിയാ...

    ReplyDelete
  30. penkonthanmaar avarute swabhaavam eviteyum kaanikkum. daivaththunte vikrithikal!

    ReplyDelete
  31. അതുശരി. അപ്പോള്‍ ഇതൊക്കെയാണ് വഴികള്‍ അല്ലെ.

    ReplyDelete
  32. ഹ ഹാ.. കലക്കി കടുക് വറുത്തു.. വായിച്ച് കമന്റിട്ടവരും വെറുതെ വായിച്ച് പോയവരും ഒക്കെ കോഴികട്ടവന്റെ തലയിലെ പൂട ഇരിക്കുന്നത് തന്റെ തലയിലാണോ എന്ന് ഒരു നിമിഷം തപ്പിയിട്ടുണ്ടാവും എന്നുറപ്പാ... നല്ല എഴുത്ത്..!!

    ReplyDelete
  33. ഇത് എന്നെ ഉദ്ദേശിച്ചാണ്, എന്നെത്തന്നെ ഉദ്ദേശിച്ചാണ്, എന്നെ മാത്രം ഉദ്ദേശിച്ചാണ്...:)

    പോസ്റ്റ്‌ ഗിടിലന്‍ ഗിടിലോല്‍ക്കിടിലന്‍....

    ReplyDelete
  34. first of all...Most girls(at least the sensible ones) don't add strangers...Even if the stranger is as good-looking as John Abraham... And if girls get a lot of likes and comments, it's only 'coz of you guys... You(men) add girls, 'like' every single thing they post, comment on even the lamest of posts... No use complaining.. and one last thing... I hate it when people say that they have the 'Indrans' look... Don't insult the man..!! This means that even YOU give importance to looks. (Oh ningalku cheyaam.... bakki ullavar cheyumbol valiya kuttam!!!! Enittu feministstukkalle parayunnu!!!!!)

    ReplyDelete
  35. @ Xina Crooning : ഒരു എഴുത്തുകാരന്‍ അവന്റെ രചനയെ പറ്റി വിശദീകരിയ്ക്കേണ്ടി വരുക എന്നത് പരാജയമാണ്. എങ്കിലും താങ്കളുടെ കമന്റിനു മറുപടി പറയാതിരിയ്ക്കാന്‍ പറ്റുന്നില്ല. എഴുതിയതു വച്ച് നിങ്ങള്‍ ഒരു സ്ത്രീയാണെന്നു ഞാന്‍ കരുതുന്നു. ഇതിനു മുകളില്‍ ചില സ്ത്രീകളുടെ സംശയങ്ങള്‍ക്കു ഞാന്‍ നല്‍കിയ മറുപടി വായിച്ചിരുന്നെങ്കില്‍ ഇത്തരം ഒരു സംശയം ഉണ്ടാകുമായിരുന്നില്ല.
    ആക്ഷേപഹാസ്യം എന്തെന്ന് അറിയുക ആദ്യം. എന്നിട്ട് ഒന്നു കൂടി മനസ്സിരുത്തി ഇതു വായിയ്ക്കുക, ആരെയാണ് ആക്ഷേപിച്ചിരിയ്ക്കുന്നത് എന്ന് മനസിലാകും. നമ്മുടെ സ്ത്രീകളുടെ വായനാ നിലവാരം ഇത്തരത്തിലാകുന്നതില്‍ സങ്കടമുണ്ട്.
    ഫേസ്ബുക്കിലടക്കമുള്ള സോഷ്യല്‍ നെറ്റുവര്‍ക്കുകളിലെ ചില പുരുഷന്മാരുടെ പ്രവണതയെ ആണ് ഇതില്‍ കളിയാക്കിയത് എന്ന് ഏതാനും ചില സ്ത്രീകള്‍ക്ക് മാത്രം മനസ്സിലാകാതെ പോകുന്നതെന്തെന്ന് എനിയ്ക്കറിയില്ല. ഇതില്‍ പറയുന്ന ഊശാന്താടി ഈ ഞാന്‍ തന്നെയാണ്. ഇതു വായിച്ചിട്ട് ചിലര്‍ ധരിച്ചത് ഞാന്‍ ഒരു ഫിമെയില്‍ ഐ.ഡിയൊക്കെ ഉണ്ടാക്കി ചെയ്ത പരിപാടികളാണ് എഴുതി വച്ചത് എന്നൊക്കെയാണ്. ..! എന്താ ചെയ്ക....??
    ദയവായി കമന്റിടും മുന്‍പ് മനസ്സിരുത്തി വായിയ്ക്കൂ...ഫെമിന്‍സ്റ്റുകളോടുള്ള ആഹ്വാനം എന്താണെന്ന് അപ്പോള്‍ മനസ്സിലാകും. വായനയ്ക്കു നന്ദി..അഭിപ്രായം നല്ല അര്‍ത്ഥത്തില്‍ എടുക്കാന്‍ അപേക്ഷിയ്ക്കുന്നു.

    ReplyDelete
  36. I understood what you meant....but what I did not like was your remark,"കാണാന്‍ അത്ര പോര; ഇന്ദ്രന്‍സ് ലുക്കാണ്".....I also understood that you were describing yourself.... Can you say Indrans is not good-looking???? I believe that every single human being has something good in him/her. I strongly believe that external appearances can be deceiving....You must have made the comparison as a joke but I didn't. (maybe 'coz I lack humour sense)

    Now, "നമ്മുടെ സ്ത്രീകളുടെ വായനാ നിലവാരം ഇത്തരത്തിലാകുന്നതില്‍ സങ്കടമുണ്ട്."....I am a person who can talk and read in Malyalam but I can't write malayalam. In order to improve my language I started reading Malayalam blogs. I may not understand things in its proper sense. My standard may be low but it is wrong to generalize it.

    And lastly, I'm sorry if I insulted u in anyway.

    ReplyDelete
  37. :( പുരുഷന്മാർക്കെല്ലാം ഞരമ്പ് രോഗമാണെന്ന് പറയാനൊക്കുമോ?
    നന്നായി എഴുതി :)

    ReplyDelete
  38. ഈ ബ്ലോഗിലൂടെ ബിജു പറയാൻ ഉദ്ദേശിച്ചതെന്താണൊ അതു അതുപോലെയല്ല പല പെണ്ണെഴുത്തുകാരും മനസ്സിലാക്കിയതെന്ന് അവരുടെ പ്രതികരണങ്ങളിൽ നിന്ന് വ്യക്തമാണ്.

    ReplyDelete
  39. "ഒരു എഴുത്തുകാരന്‍ അവന്റെ രചനയെ പറ്റി വിശദീകരിയ്ക്കേണ്ടി വരുക എന്നത് പരാജയമാണ്."
    എഴുത്തുകാരന്റ്റെ പരാജയമല്ല.
    ബ്ലോഗ് വായിക്കുന്നവരുടെ നിലവാരമാണ് പ്രതിഫലിപ്പിക്കുന്നത്.

    ReplyDelete
  40. കമന്റുപുരാണം നന്നായി.

    ReplyDelete
  41. ഫേസ് ബുക്ക് ലൈനില്‍ ഒരു "ലൈക്‌ "

    ReplyDelete
  42. vasthavam! oru pattikkurukkanum nammaleyonnum venda narikalkku nalla vilayundu

    ReplyDelete
  43. Xina Crooning is wonderful . She don't understand the things well but she make great comments and criticize the idea !!!

    ReplyDelete
  44. പൊളിച്ച് കയ്യിക്കൊടുത്തു.... അത്രേ പറയാനുള്ളൂ.........:)
    ബ്ലോഗിലാണ് ഈ സംഭവം ഏറ്റവും കൂടുതല്‍ കാണാനാവുക.... :)

    ReplyDelete
  45. chettan paranjath sathyamam.. Njanum peru matti valla parvatheeno revathenno oke akkan pova. Ennaleum 4 per ente blog onu nokumalo..!

    ReplyDelete
  46. ബിജുകുമാർ.. താങ്കളുടെ സറ്റയർ വളരെ മനോഹരം.. പുരുഷന്മാരെ കളിയാക്കിക്കൊണ്ട് താങ്കൾ എഴുതിയ ആക്ഷേപഹാസ്യം.. പലർക്കും മനസ്സിലായില്ലാ എന്നതാണു സത്യം.. നമ്മുടെ സഹോദരിമാർ പ്രതികരിച്ചത് “തലവാചകം” കണ്ടിട്ടാകാം എന്ന് തോന്നുന്നൂ.. ഒരു സ്ത്രീയുടെ പേരുവച്ച് ബ്ലോഗെഴുതിയാൽ, അതിലെ വിഷയത്തിനു ഇത്തിരി അശ്ലിലച്ചുവകൂടി ഉണ്ടായാൽ ആ എഴുത്തിന് (ബ്ബ്ലോഗായാലും,ഫേസ്‌ബുക്കായലും) ഒരുപാട് കമന്റ് കിട്ടും എന്നുള്ളത് നേരാണ്.. പക്ഷേ നല്ല രചനകളാണെങ്കിൽ ആൺ,പേൺ ഭേദമില്ലാതെ നിർലോഭമായ കമന്റുകളും, വായനക്കാരും കിട്ടും എന്നുള്ളതിന് ഒരു സംശയവുമില്ലാ..ബൂലോകത്തിലെ റാംജി, രമേശ് അരൂർ,കുഞ്ഞൂസ്,സായിബാബ,സീത,മഞ്ഞുതുള്ളി,അപ്പൂ,മുല്ല,സാമൂസ് ( ഇനിയും ഉണ്ട് കുറേപ്പേർ എല്ലാം എടുത്തെഴുതുന്നില്ലാ) ഇവരുടെ എല്ലാം പോസ്റ്റുകളിലെ കമന്റുകൾ കൂടാൻ കാരണം അവരുടെ എഴുത്തിൽ ഉൾക്കാമ്പുള്ളത്കൊണ്ടാണു.. പിന്നെ പേരു വക്കതെ എഴുതുന്നവരോട് ഒരു കാര്യം ദയവായി അത് ഉപേക്ഷിക്കുക... ഈയിടെ ബൂലോകത്ത് ഉദയം ചെയ്ത ഒരു എഴുത്തുകാരിയെ പറ്റി പറയാതിരിക്കാൻ വയ്യ..രാജശ്രീ.. ശക്തമായ വാക്കുകൾ കൊണ്ടും,വായനയുടെ ആർജ്ജവം കൊണ്ടും ചിന്തയുടെ തീഷ്ണതകൊണ്ടും നല്ല ലേഖനം എഴുതുന്ന ആ മഹിളാരത്നം(പുരുഷരത്നം ആണോ എന്നു എനിക്കറിയില്ലാ-ക്ഷമിക്കുക) കമന്റിന് കമന്റിടുന്നതിൽ കുറേക്കൂടെ സംയമനം പാലിച്ചാൽ അവർ നല്ലൊരു എഴുത്തുകാരിയകും എന്നതിൽ സംശയമില്ലാ.. രണ്ട് കാര്യങ്ങൾ കൂടെ..1, ആരു എഴുതി എന്നതല്ലാ പ്രസക്തി എന്ത് എഴുതി എന്നതിലാണ് 2, ഭാസ. കാലഘട്ടത്തിൽ ജീവിച്ചിരുന്ന പ്രഗത്ഭ നാ‍ടക രചയിതാവായ ‘ബോധായനൻ’ ഒരു നാടകത്തിത്സൂത്രധാരനെക്കൊണ്ട് ഇങ്ങനെപറയിക്കുന്നൂ..”നന്നല്ല കാവ്യമഖിലം പഴതെന്ന് നിനച്ചിട്ടൊന്നോടെ നിന്ദിതമല്ലനവത്വമൂലം... വിദ്ധ്വാന്മാർ വിലയറിഞ്ഞ് രസിച്ചിടുന്നൂ, അല്പനു വല്ലവരുമോതുന്നതാം പ്രമാണം”

    ReplyDelete
  47. ബിജു..താങ്കളുടെ സൌജന്യ ഗൈഡിന്റെ കമന്റില്‍ വന്ന ഒരു പരാമര്‍ശത്തില്‍ നിന്നും ആണ് ഈ ബ്ലോഗ്‌ വായിക്കാനിടയായത്. . നഗ്ന സത്യങ്ങളെ ആക്ഷേപ ഹാസ്യത്തില്‍ അവതരിപ്പിച്ചത് നന്നായിട്ടുണ്ട്.. ആണെന്നും പെണ്ണെന്നും വ്യത്യാസം ഇല്ല്ലാതെ നല്ല രചനകള്‍ക്ക് പ്രോത്സാഹനം വരുന്ന കാലം വരുമായിരിക്കും..

    ReplyDelete
  48. "വീട്ടിലെ പട്ടിയ്ക്ക് തീറ്റ കൊടുക്കുന്ന പാത്രത്തിന്റെ ഫോട്ടോ ഇട്ടു കൊടുത്തപ്പോള്‍, എല്ലാവന്മാരും കൂടി അത് നക്കി തോര്‍ത്തി വൃത്തിയാക്കി തന്നു. നൂറ്റി അറുപത് കമന്റ്, അന്‍പത്താറ് ലൈക്ക്. പണ്ട് സില്‍ക്കു സ്മിത കടിച്ച ആപ്പിളിന് ജനം അടികൂടിയത് ഞാനോര്‍ത്തുപോയി."ഇതിനു ഒരു ലൈക്‌ .അങ്ങനെയും ചില ജന്മങ്ങള്‍ :)

    ReplyDelete
  49. hiihih....kallaki machu :) iniyum eyuthi thakarkku :) best of luck *aansutty*

    ReplyDelete
  50. ഒഹ്... ഇതായിരുന്നല്ലേ ഒറിജിനല്‍.... :) ഇത് വളരെ അധികം നന്നായിട്ടുണ്ട്...!!!!! :)

    ReplyDelete
  51. കലക്കി കടുക് വറുത്തു ...
    ബിജു..വളരെ രസകരമായി അവതരിപ്പിച്ചു.
    അഭിനന്ദനങ്ങള്‍ ..
    ഒരു ദുഃഖ സത്യം പറയാതെ വയ്യ....ഇതിലെ
    മിക്ക കമന്റുകളും (വിശിഷ്യ ചില സ്ത്രീകളുടെ)
    ഈ പോസ്റ്റിന്റെ സകല ചാരുതയും കളഞ്ഞു കുളിച്ചു..
    ഇത്രയും നല്ല ഒരു ആക്ഷേപ ഹാസ്യം ഇങ്ങനെ സീരിയസ്
    ആകി മാറ്റാന്‍ ബുലോകത്തെ വായനക്കാര്ര്‍ക്കെ കഴിയൂ..
    അദ്ഭുതം തന്നെ...ഇത് ഒരിക്കലും എഴുത്തുകാരന്റെ പരാജയം
    അല്ല ബിജു..വായനകാരന്റെ മാത്രം ആണ്‌...ഇന്ദ്രന്‍സിനു പോലും
    ഇഷ്ടപെടുന്ന തമാശു ആണ്‌ അങ്ങേരെ കൊണ്ടു സിനിമാക്കാര്‍
    മാര്‍ക്കറ്റ്‌ ചെയ്യുന്നത്..അത് തന്നെ സീരിയസ് ആക്കാന് അമ്മേ
    ഈ വായനകാര്‍ക്കെ കഴിയൂ...ഓസ്കാര്‍ കൊടുകേണ്ടത്‌ ഇവര്‍ക്ക്
    തന്നെ..!!!‍

    ReplyDelete
  52. തലക്കെട്ട് മാത്രമേ ചിലര്‍ വായിച്ചൊള്ളൂ.കഷ്ടം..പോട്ട്.അവരോട് ഒന്നൂടെ വായിക്കാന്‍ അപേക്ഷ.ബിജുവേട്ടാ.ഇത്തരമൊരു പോസ്റ്റ് താങ്കളില്‍ നിന്ന് വന്നുവെന്നത് വിശ്വസിക്കാന്‍ പ്രയാസം.ഈ ടൈപ്പ് എഴുത്ത് ആദ്യായിട്ടാ കാണുന്നേ.കിടിലോല്‍ക്കിടിലം.എഫ്.ബി ക്ണാപ്പന്മാര്‍ വായിച്ചിരിക്കേണ്ട പോസ്റ്റ്.ഒരു മുത്തം കൂടി തരട്ടും ;)

    ReplyDelete
  53. @ജിപ്പൂസ് : ഇതു കുറെ പഴയതാണല്ലോ. ഞാന്‍ എഴുതിയവയില്‍ ഏറ്റവും പോപ്പുലര്‍ ആയ പോസ്റ്റ് ഇതാണ്. ഫേസ്ബുക്കില്‍ എന്റെ അറിവില്‍ പത്തു പേരോളം ഇത് കോപ്പിയടിച്ച് അവരുടെ പേരില്‍ ഇട്ടിട്ടുണ്ട്. ബ്ലോഗിലും ഒന്നു രണ്ടു കോപ്പികള്‍ കണ്ടിരുന്നു. എന്തായാലും ഇതിപ്പോഴും വായിയ്ക്കപ്പെടുന്നു എന്നറിഞ്ഞതില്‍ സന്തോഷം..

    ReplyDelete
  54. pennugalk velayilla ennalla avar parayunnath pennungalk ee vela mathre ullu ennanavar parayunnath........

    ReplyDelete
  55. പെണ്‍കോന്തന്മാര്‍ ലൈക്കടിക്കുമെന്നത് ഫെമിനിസത്തിന്റെ പ്രസക്തി കുറയ്ക്കുമോ ബിജൂ ?
    വായില്‍ നോക്കികളില്‍ നിന്ന് രക്ഷവേണമെന്നും സ്ത്രീകള്‍ ആവശ്യപ്പെടുന്നുണ്ടല്ലോ !

    ReplyDelete

കമന്റിലെ അക്ഷരങ്ങള്‍ക്ക് നിറം നല്‍കാന്‍ [co="red"]Type Text here[/co] . ഇവിടെ red എന്നതിനു പകരം മറ്റ് നിറങ്ങള്‍ നല്‍കിയാല്‍ മതിയാകും.