പുതിയ കഥാസമാഹാരം “രയറൊം കഥകള്‍ " VPP ലഭിയ്ക്കാന്‍ sidrapubications@gmail

Monday 18 November 2013

ഗാഡ്ഗില്‍ - കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകള്‍ : യാഥാര്‍ത്ഥ്യങ്ങളെന്ത്?

സാമ്പത്തിക വികസത്തിന്റെ പേരിലാണു പ്രകൃതിവിഭവ ചൂഷണം ന്യായീകരിയ്ക്കപ്പെടുന്നത്. ഇന്നു സമ്പന്നരാണു വികസനത്തിന്റെ ഗുണഭോക്താക്കള്‍. അതെ സമയം കെടുതികളൊക്കെ ദരിദ്രര്‍ക്കും ഭാവിതലമുറയ്ക്കും.”

[അല്പം നീണ്ടുപോയ താഴത്തെ കുറിപ്പ് മൊത്തം വായിച്ച ശേഷം ഗാഡ്ഗില്‍-കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകള്‍ കര്‍ഷകരെയും സാധാരണക്കാരെയും എങ്ങനെയാണു ബാധിയ്ക്കുക എന്നു ഓരോ ആളും വിലയിരുത്തുക. ആരുടെയെങ്കിലും കുപ്രചരണങ്ങളെയല്ല, സ്വന്തം ബോധ്യങ്ങളെ മാത്രം വിശ്വസിയ്ക്കുക.]

“ഈ ഭൂമി ഒറ്റപ്പെട്ട വ്യക്തികളുടെ സ്വത്തല്ല, ഒരു സമൂഹത്തിന്റെയോ ഒരു രാഷ്ട്രത്തിന്റെയോ സ്വത്തല്ല. എന്തിന് ഭൂമിയിലുള്ള എല്ലാ മനുഷ്യരുടെയും കൂട്ടുസ്വത്തുമല്ല. ഭൂമിയുടെ ഗുണഭോക്താക്കള്‍ മാത്രമാണു നമ്മള്‍. നമുക്ക് ലഭിച്ചതിനേക്കാള്‍ മെച്ചപ്പെട്ട രീതിയില്‍ വരും തലമുറകള്‍ക്കു അതു കൈമാറാന്‍ ബാധ്യതപ്പെട്ടവരാണു നമ്മള്‍, ഒരു നല്ല തറവാട്ടുകാരണവരെപ്പോലെ” : കാള്‍ മാര്‍ക്സ്.

ഇക്കഴിഞ്ഞ ദിവസം ഇരിട്ടിയിലുള്ള ഒരു ബന്ധുവീട്ടില്‍ പോയിരുന്നു. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്റെ പേരില്‍ സംഘര്‍ഷമുണ്ടായ കൊട്ടിയൂരിനു സമീപമുള്ള പ്രദേശമാണു ഇരിട്ടി. ബന്ധുവീട്ടിലെ അമ്മ സംസാരത്തിനിടയില്‍ ആശങ്കയോടെ ചോദിച്ചു: “മോനെ ഇവിടെമെല്ലാം സര്‍ക്കാര്‍ ഏറ്റെടുത്ത് കാട്ടുമൃഗങ്ങളെ കൊണ്ടുവിടാന്‍ പോകുകയാണെന്നാണല്ലോ പലരും പറയുന്നത്. നേരാണോ?”

എന്താണു ഗാഡ്ഗില്‍ - കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകളെപ്പറ്റി സാമാന്യജനങ്ങള്‍ക്കുള്ള അറിവ് എന്നു വെളിപ്പെടുത്തുന്നതായിരുന്നു ആ അമ്മയുടെ ആശങ്ക. തെറ്റുപറയാന്‍ പറ്റില്ല. കാരണം പശ്ചിമഘട്ടത്തിന്റെ സംരക്ഷണാര്‍ത്ഥം തയ്യാറാക്കിയ ഈ റിപ്പോര്‍ട്ടുകളെ പറ്റി ജനങ്ങളെ ബോധ്യപ്പെടുത്താനോ ചര്‍ച്ചകള്‍ സംഘടിപ്പിയ്ക്കാനോ സര്‍ക്കാര്‍ തയ്യാറായില്ല. വിവാദങ്ങള്‍ മാത്രം ആഹരിയ്ക്കുന്ന മാധ്യമങ്ങള്‍ക്കും അതിനു സമയമുണ്ടായില്ല. പലതവണ മുന്നറിയിപ്പുകള്‍ നല്‍കിയ ശേഷമാണു നാഷണല്‍ ഗ്രീന്‍ ട്രൈബ്യൂണലിന്റെ കര്‍ശന നിര്‍ദ്ദേശപ്രകാരം കേന്ദ്രസര്‍ക്കാര്‍ റിപ്പോര്‍ട്ടിലെ ശുപാര്‍ശകളില്‍ ചിലതു നടപ്പാക്കുന്ന കരടു വിജ്ഞാപനം പുറപ്പെടുവിച്ചത് (അന്തിമ വിജ്ഞാപനം വരാനിരിയ്ക്കുന്നതേയുള്ളു). കടന്നല്‍ കൂട്ടില്‍ കല്ലിട്ട അനുഭവമാണു ഇതു മലയോരമേഖലകളില്‍ സൃഷ്ടിച്ചത്. വന്‍‌കിട കൈയേറ്റക്കാരെയും ഖനിമാഫിയയെയും സംരക്ഷിയ്ക്കാന്‍ താല്പര്യമുള്ള ചില മതമേധാവികളും അവരുടെ വോട്ടു ബാങ്ക് ഉന്നം വെയ്ക്കുന്ന രാഷ്ട്രീയപാര്‍ടികളും പ്രതിഷേധവുമായി രംഗത്തിറങ്ങി. എന്താണു ഈ  റിപ്പോര്‍ട്ടെന്നോ വിജ്ഞാപനമെന്നോ ചുക്കും ചുണ്ണാമ്പും അറിയാത്തവരാണു പ്രതിഷേധക്കാരെ നയിയ്ക്കുന്നവരില്‍ ചിലരെങ്കിലും.

എന്താണു തെറ്റിദ്ധരിപ്പിയ്ക്കലും മുതലെടുപ്പും എന്നറിയാന്‍ മുല്ലപ്പെരിയാര്‍  പ്രക്ഷോഭത്തെ പറ്റി മനസ്സിലാക്കിയാല്‍ മാത്രം മതി. “ഡാം ഇപ്പോള്‍ തകരും, കേരളം ഒലിച്ചുപോകും” എന്നൊക്കെ പ്രചരണം നടത്തി, ജനങ്ങളെ ഭയചകിതരാക്കി തെരുവിലിറക്കിയവരില്‍ ഇന്നത്തെ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് വിരുദ്ധര്‍ തന്നെയായിരുന്നു മുന്നില്‍. ഡാമിനു തല്‍ക്കാലം കാര്യമായ ഭീഷണിയില്ലെന്നു പറഞ്ഞ സാങ്കേതിക വിദഗ്ദ്ധരെ ആക്ഷേപിയ്ക്കാന്‍ ഇപ്പറഞ്ഞവര്‍ അന്നും മറന്നില്ല.

എന്തുകൊണ്ടു പശ്ചിമ ഘട്ടം സംരക്ഷിയ്ക്കപ്പെടണം?

ഗുജറാത്ത് മുതല്‍ കന്യാകുമാരി വരെ 1500 കിലോമീറ്ററോളം നീണ്ടുകിടക്കുന്ന പര്‍വത നിരകളാണു പശ്ചിമഘട്ടം. ഹിമാലയം കഴിഞ്ഞാല്‍ അടുത്ത സ്ഥാനമാണിതിന്. കേരളത്തെ സംബന്ധിച്ച് വടക്കുമുതല്‍ തെക്കുവരെ ഒരു സംരക്ഷണഭിത്തിയായി ഈ മലനിരകള്‍ നിലകൊള്ളുന്നു. നമ്മുടെ കൃഷിയും സംസ്കാരവും ജീവിതമൊന്നാകെയും ഇതിനോടു ബന്ധപ്പെട്ടാണു കിടക്കുന്നത്. കേരളത്തിന്റെ പച്ചപ്പിനും ആര്‍ദ്രതയ്ക്കുമെല്ലാം കാരണം പശ്ചിമഘട്ടമാണു. പാലക്കാട് ഭാഗത്ത് 40-45 കിലോമീറ്റര്‍ നീളത്തില്‍ ഈ മലനിരയില്‍ ഒരു വിടവുണ്ട്. ആയതിനാല്‍ കേരളത്തില്‍ എറ്റവും ചൂടുള്ളതും പാലക്കാടാണ്. മറ്റൊരു വിടവായ ആര്യങ്കാവ് മൂലം പുനലൂരിലും ചൂടുകൂടുതല്‍.

ലോകമാകെയെടുത്താല്‍ പ്രധാനപ്പെട്ട 35 ജൈവവൈവിധ്യ കേന്ദ്രങ്ങളിലൊന്നാണു പശ്ചിമഘട്ടം.
ഇന്നും തിരിച്ചറിയപ്പെടാത്ത അനേകം ഔഷധസസ്യങ്ങളുടെ കലവറയാണിവിടം. വൈദ്യശാസ്ത്രം ക്യാന്‍സറടക്കമുള്ള പല രോഗങ്ങള്‍ക്കും മരുന്നു തേടുന്നത് ഇവിടെയാണ്. കാരണം രാസ ഔഷധങ്ങളില്‍ നിന്നും സസ്യ ഔഷധങ്ങളിലേയ്ക്ക് ലോകം മാറുകയാണ്. ഇതുകൂടാതെ കേരളത്തിന്റെ ജലസമൃദ്ധിയ്ക്കും അടിസ്ഥാനം പശ്ചിമഘട്ടമാണ്. ഭാവിയിലെ അമൂല്യസ്വത്താണു ശുദ്ധജലം. പശ്ചിമഘട്ടത്തില്‍ മഴപെയ്താല്‍ 48 മണിക്കൂറിനുള്ളില്‍ അതൊഴുകി കടലിലെത്തും. ഇതു സംഭരിച്ചു ഭലപ്രദമായി വിതരണം ചെയ്താല്‍, പെട്രോ ഡോളറിനെക്കാള്‍ വരുമാനമുണ്ടാകും. ഇനിയുമിനിയുമേറെ കാരണങ്ങള്‍ പറയാനുണ്ട് ഈ മലനിരകളുടെ പ്രാധാന്യത്തെപറ്റി.

മനുഷ്യന്റെ അനിയന്ത്രിതമായ കടന്നു കയറ്റം മൂലം ഗോവയിലും മഹാരാഷ്ട്രയിലുമടക്കം പശ്ചിമഘട്ടത്തിനു വലിയ നാശമാണു സംഭവിച്ചുകൊണ്ടിരിയ്ക്കുന്നത്. ഇതു തടയാനാണു പശ്ചിമഘട്ട സംരക്ഷണം അടിയന്തിരപ്രാധാന്യത്തോടെ നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്. അതിനുള്ള നിര്‍ദേശങ്ങള്‍ സമര്‍പ്പിയ്ക്കാനായി 2010 മാര്‍ച്ചില്‍ പശ്ചിമഘട്ട പരിസ്ഥിതി വിദഗ്ധ സമിതി എന്ന പേരില്‍ പ്രൊ. മാധവ ഗാഡ്ഗിലിന്റെ അധ്യക്ഷതയില്‍ 14 അംഗസമിതിയെ നിയോഗിച്ചു. 2011 സെപ്തംബറില്‍ അവരുടെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഈ റിപ്പോര്‍ട്ടിനെ പറ്റി “ആശങ്ക” ഉയര്‍ന്ന സാഹചര്യത്തില്‍ പുതിയ ശുപാര്‍ശകള്‍ സമര്‍പ്പിയ്ക്കാന്‍ ഡോ:കസ്തൂരി രംഗന്‍ അധ്യക്ഷനായി 7 അംഗങ്ങളുടെ ഹൈലെവല്‍ വര്‍ക്കിങ്ങ് ഗ്രൂപ്പ് രൂപീകരിച്ചു. അവര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് കേന്ദ്ര വനം മന്ത്രാലയം അംഗീകരിയ്ക്കുകയും ചെയ്തു.

ഗാഡ്ഗില്‍ കമ്മിറ്റി ശുപാര്‍ശകള്‍:

പരിസ്തിതി ലോലത അനുസരിച്ച് പശ്ചിമഘട്ടത്തെ മൂന്നായി തിരിച്ചു. അതീവലോലം - സോണ്‍-1,  ലോലം - സോണ്‍-2, സാമാന്യേന ലോലത കുറഞ്ഞ - സോണ്‍-3.
പശ്ചിമഘട്ടത്തിന്റെ 90% വും പരിസ്ഥിതി ലോലമെന്നാണു ഗാഡ്ഗില്‍ കണ്ടെത്തിയത്.

സോണ്‍ -1 : ഭൂമിയെ മറ്റാവശ്യങ്ങള്‍ ഉപയോഗിയ്ക്കാന്‍ പാടില്ല. 5 വര്‍ഷം കൊണ്ട് കീടനാശിനി ഉപയോഗം സമ്പൂര്‍ണമായി ഒഴിവാക്കുക. കര്‍ശന നിബന്ധനകളോടെ ഔഷധസസ്യ ശേഖരണം ആവാം. ഖനനത്തിനു പുതിയ ലൈസന്‍സുകള്‍ അനുവദിയ്ക്കില്ല. അന്തരീക്ഷ മലിനീകരണം ഉണ്ടാക്കുന്ന വ്യവസായങ്ങള്‍ അനുവദിയ്ക്കില്ല. അന്തരീക്ഷമലിനീകരണം ഉണ്ടാക്കാത്ത വ്യവസായങ്ങള്‍ കര്‍ശന നിയന്ത്രണത്തോടെ അനുവദിയ്ക്കാം. 10 മെഗാവാട്ട് വരെയുള്ള ചെറുകിട പവര്‍ പ്രോജക്ടുകള്‍ ആവാം. പുതിയ ഹൈവേകള്‍, റെയില്‍ ലൈനുകള്‍ എന്നിവ ഒഴിവാക്കണം. പരമാവധി പരിസ്ഥിതി ആഘാതം കുറച്ചുള്ള ടൂറിസം ആകാം.

സോണ്‍ - 2 : ഭൂമിയെ മറ്റാവശ്യങ്ങള്‍ ഉപയോഗിയ്ക്കാന്‍ പാടില്ല. 8 വര്‍ഷം കൊണ്ട് കീടനാശിനി ഉപയോഗം സമ്പൂര്‍ണമായി ഒഴിവാക്കുക. പാറഖനനത്തിനു കര്‍ശന നിയന്ത്രണം. ഖനനത്തിനു പുതിയ ലൈസന്‍സുകള്‍ അനുവദിയ്ക്കില്ല. ചുവപ്പ്/ഓറഞ്ച് വിഭാഗത്തില്‍ പെട്ട വ്യവസായങ്ങള്‍ നിയന്ത്രണങ്ങളോടെ ആകാം. അന്തരീക്ഷമലിനീകരണം ഉണ്ടാക്കാത്ത വ്യവസായങ്ങള്‍ പ്രോത്സാഹിപ്പിയ്ക്കാം. 15 മെഗാവാട്ടിനു മേലുള്ള പവര്‍ പ്രോജക്ടുകള്‍ പാടില്ല. താപോര്‍ജനിലയങ്ങളും അനുവദിയ്ക്കില്ല. റോഡുകള്‍ അപ്ഗ്രേഡ് ചെയ്യാം. പുതിയ റെയില്‍ ലൈനുകള്‍ പരിസ്ഥിതി ആഘാത പഠനത്തിനു വിധേയമായി അനുവദിയ്ക്കാം. ടൂറിസം പദ്ധതികള്‍ നിയന്ത്രണത്തോടെ ആകാം.

സോണ്‍ - :3 :  ഭൂമിയുടെ ഉപയോഗം അനുവദീയം. 10 വര്‍ഷം കൊണ്ട് കീടനാശിനി ഉപയോഗം സമ്പൂര്‍ണമായി ഒഴിവാക്കുക. പാറഖനനത്തിനു കര്‍ശന നിയന്ത്രണം. ഖനനത്തിനു പുതിയ ലൈസന്‍സുകള്‍ കര്‍ശനനിയന്ത്രണത്തോടെ അനുവദിയ്ക്കാം. കര്‍ശനനിയന്ത്രണത്തോടെ വ്യവസായങ്ങള്‍ ആവാം. അന്തരീക്ഷമലിനീകരണം ഉണ്ടാക്കാത്ത വ്യവസായങ്ങള്‍ പ്രോത്സാഹിപ്പിയ്ക്കാം. കര്‍ശനനിയന്ത്രണത്തോടെ വന്‍‌കിട പവര്‍ പ്രോജക്ടുകള്‍ അനുവദിയ്ക്കാം. പ്രദേശത്തിനു താങ്ങാവുന്ന ടൂറിസം അനുവദിയ്ക്കാം.

പൊതുശുപാര്‍ശകള്‍: ജനറ്റിക് വിളകളും ജീവജാലങ്ങളും അനുവദനീയമല്ല. പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കണം. പരിസ്ഥിതി സൌഹൃദ കെട്ടിടനിര്‍മ്മാണം അനുവര്‍ത്തിയ്ക്കണം. നീര്‍ത്തടങ്ങള്‍ സംരക്ഷിയ്ക്കണം. മറ്റുസ്ഥലങ്ങളില്‍ നിന്നും കടന്നു കയറി പാരിസ്ഥിതികപ്രശ്നങ്ങള്‍ ഉണ്ടാക്കുന്ന ജീവജാലങ്ങളെ ഒഴിവാക്കുക. അപകടകരമായ ബയോമെഡിക്കല്‍ മാലിന്യങ്ങള്‍ കൈകാര്യം ചെയ്യാനുള്ള ചുമതല തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ഏല്‍പ്പിയ്ക്കുക. പ്രാദേശിക ഭരണകൂടങ്ങളുടെ തലത്തില്‍ ജലവിഭവങ്ങളുടെ പരിപാലന പദ്ധതികള്‍ ഉണ്ടാക്കുക. ജലസംരക്ഷണ നടപടികള്‍ നടപ്പാക്കുക. ജൈവകൃഷി പ്രോത്സാഹിപ്പിയ്ക്കുക. ഉല്പാദനം വര്‍ദ്ധിപ്പിയ്ക്കുന്നതിനു പൊതുജനങ്ങളുടെ സഹകരണത്തോടെയുള്ള സസ്യപ്രജനനം പ്രോത്സാഹിപ്പിക്കുക. ജൈവകൃഷിയ്ക്ക് ആനുകൂല്യങ്ങള്‍ നല്‍കുക. നാടന്‍ ഇനങ്ങളുടെ സംരക്ഷണത്തിനു സര്‍വീസ് ചാര്‍ജ് നല്‍കുക. തോട്ടയിടീല്‍ പോലുള്ള മത്സ്യബന്ധനം നിരോധിയ്ക്കുക. യൂക്കാലിപോലുള്ള ഏകവിള കൃഷി പൂര്‍ണമായും ഒഴിവാക്കുക. അനധികൃത ഖനനം ഉടന്‍ നിരോധിയ്ക്കുക.സൌരോര്‍ജം പ്രോത്സാഹിപ്പിയ്ക്കുക. ജനകീയ ജൈവ-വൈവിധ്യ രജിസ്ടര്‍ തയ്യാറാക്കുക. വിദ്യാര്‍ത്ഥികള്‍ക്കിടയിലുള്ള ജൈവവൈവിധ്യ അവബോധം വര്‍ധിപ്പിയ്ക്കുക. പുതിയ പദ്ധതികള്‍ക്ക് പരിസ്ഥിതി ആഘാത പഠനശേഷം മാത്രം അനുമതി നല്‍കുക. ഹരിത സാങ്കേതികവിദ്യകള്‍ അനുവര്‍ത്തിയ്ക്കുക. ജലനിരപ്പിനെ സംബന്ധിച്ച ഡാറ്റാ ബേസ് സൂക്ഷിയ്ക്കുക.

കസ്തൂരിരംഗന്‍ കമ്മിറ്റി ശുപാര്‍ശകള്‍:
പശ്ചിമ ഘട്ടത്തെ രണ്ടായി തിരിയ്ക്കുന്നു. പ്രകൃത്യാ ഉള്ള പ്രദേശവും (40%), കൃഷിയും തോട്ടവും മനുഷ്യവാസവുമുള്ള പ്രദേശവും (60%). പശ്ചിമഘട്ടത്തിന്റെ 37% മാണു പരിസ്ഥിതി ലോല പ്രദേശമെന്നാണു കസ്തൂരിരംഗന്റെ കണ്ടെത്തല്‍.

പശ്ചിമഘട്ട പരിസ്ഥിതിയ്ക്കുമേല്‍ പരമാവധി നശീകരണവും ആഘാതവും ഉണ്ടാക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് നിരോധനവും നിയന്ത്രണവും ഏര്‍പ്പെടുത്തുന്നതിനു ഒരു സംവിധാനം ഉണ്ടാക്കണം. ഖനനം, പാറപൊട്ടിയ്ക്കല്‍, മണലെടുപ്പ് എന്നിവയ്ക്ക് പൂര്‍ണ നിരോധനം ഉണ്ടാകണം. താപനിലയങ്ങള്‍ അനുവദനീയമല്ല. നിബന്ധനകള്‍ക്കു വിധേയമായി ജലവൈദ്യുത പദ്ധതികള്‍ അനുവദിയ്ക്കാം. കാറ്റില്‍ നിന്നുമുള്ള വൈദ്യുതോല്പാദനം കൂടി ഉള്‍പ്പെടുത്തണം. എല്ലാ ചുവപ്പുകാറ്റഗറി വ്യവസായങ്ങളും നിരോധിയ്ക്കണം. പരിസ്ഥിതി ആഘാതം കുറവുള്ള വ്യവസായങ്ങള്‍ പ്രോത്സാഹിപ്പിയ്ക്കണം. 2,00,000 സ്ക്വയര്‍ഫീറ്റിനും അതിനുമെലുമുള്ള കെട്ടിടങ്ങള്‍ അനുവദിയ്ക്കരുത്. ടൌണ്‍ഷിപ്പുകള്‍ നിരോധിയ്ക്കണം. പശ്ചിമഘട്ടത്തിനു 10 കിലോമീറ്ററിനുള്ളിലുള്ള എല്ലാ വികസന പദ്ധതികള്‍ക്കും പാരിസ്ഥിതിക ക്ലീയറന്‍സ് നേടിയിരിയ്ക്കണം. ജൈവ കൃഷിമുറകളിലൂടെ സുസ്ഥിരകൃഷിവികസനം പ്രോത്സാഹിപ്പിയ്ക്കണം. പാരിസ്ഥിതിക സേവനങ്ങള്‍ക്ക് പ്രതിഫലം നല്‍കണം.

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് തത്വത്തില്‍ അംഗീകരിച്ചാണു കേന്ദ്രസര്‍ക്കാര്‍ കരടു വിജ്ഞാപനം പുറപ്പെടുവിച്ചിരിയ്ക്കുന്നത്. പലര്‍ക്കുമൊരു സംശയമുണ്ട്, പാരിസ്ഥിതിക ശാസ്ത്രജ്ഞനായ ഗാഡ്ഗിലിനു പകരം ബഹിരാകാശ ശാസ്ത്രജ്ഞനായ കസ്തൂരിരംഗനെ എന്തിനു സര്‍ക്കാര്‍ നിയോഗിച്ചു എന്ന്. അതിനുള്ള ഉത്തരം, പാരിസ്ഥിതികശാസ്ത്രം ആധുനിക ബഹിരാകാശ ശാസ്ത്രവുമായി ബന്ധപ്പെട്ടിരിയ്ക്കുന്നു എന്നതാണു. കാലാവസ്ഥാപ്രവചനം മുതല്‍, ജലലഭ്യത, ഭൌമശാസ്ത്രം, ഭൂമാപ്പുകള്‍ തുടങ്ങിയവയെല്ലാം ബഹിരാകാശശാസ്ത്രവുമായി ബന്ധപ്പെട്ടാണിരിയ്ക്കുന്നത്. പശ്ചിമഘട്ടത്തിലെ ലോലപ്രദേശങ്ങള്‍ നിര്‍ണയിയ്ക്കാന്‍ ഗാഡ്ഗില്‍ താലൂക്കുതല മാപ്പുകളെയാണു ആശ്രയിച്ചതെങ്കില്‍ കസ്തൂരി രംഗന്‍ ഉപഗ്രഹചിത്രങ്ങളെയാണു ആശ്രയിച്ചത്. എറ്റവും കൃത്യതയാര്‍ന്ന ഈ ചിത്രങ്ങള്‍ കാര്യക്ഷമമായി ഉപയോഗിയ്ക്കാന്‍ ബഹിരാകാശ ശാസ്ത്രജ്ഞനു മാത്രമാണു കഴിയുക. എന്നാല്‍ കസ്തൂരിരംഗനെ കൂടാതെ മറ്റ് ആറു അംഗങ്ങള്‍ കൂടി സമിതിയിലുണ്ട് എന്നും ഓര്‍ക്കുക.

വാല്‍ക്കഷണം: കേരളത്തിലെ കത്തോലിയ്ക്ക സഭ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെയും ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെയും ഒരേപോലെ എതിര്‍ക്കുമ്പോള്‍ സി.എസ്.ഐ സഭ രണ്ടു റിപ്പൊര്‍ട്ടിനെയും സ്വാഗതം ചെയ്യുന്നു. എന്തായിരിയ്ക്കും കാരണം?

Saturday 25 May 2013

കാഞ്ഞിരക്കൊല്ലി യാത്ര...


വിനോദയാത്രകള്‍ എന്നാല്‍ നമുക്ക് ഊട്ടിയും മൈസൂരും ഒക്കെയാണല്ലോ. പലപ്പോഴും ഞാനും അങ്ങനെയൊക്കെ തന്നെയാണു കരുതിയിരുന്നത്. എന്നാല്‍ വന്യസൌന്ദര്യം നുകരാനും പ്രകൃതിയുടെ ജൈവസ്പന്ദനം തൊട്ടറിയാനും നമ്മുടെ മലയോരമേഖലയോളം പറ്റിയ ഇടങ്ങള്‍ വേറെയുണ്ടോ എന്നു സംശയമാണ്. നഗരവല്‍ക്കരണത്തിന്റെ നീരാളിക്കൈകള്‍ മെല്ലെ മെല്ലെ ചുറ്റിപ്പിടിയ്ക്കാന്‍ ആരംഭിച്ചിട്ടുണ്ടെങ്കിലും ചിലയിടങ്ങളിലൊക്കെ ഇപ്പോഴും ദൈവത്തിന്റെ കൈയൊപ്പ് മായാതെ പതിഞ്ഞു കിടപ്പുണ്ട്. തികച്ചും യാദൃശ്ചികമായി, ഒരു സംഭാഷണത്തിനിടയിലാണ് എന്റെ സഹോദരിയുടെ ഭര്‍ത്താവ് (എന്റെ അളിയന്‍) ഒരു നിര്‍ദേശം വച്ചത്, “നമുക്ക് കാഞ്ഞിരക്കൊല്ലിയില്‍ പോയാലോ..”
“കാഞ്ഞിരക്കൊല്ലിയെ പറ്റി കേട്ടിട്ടുണ്ട് പക്ഷെ അത്രയ്ക്കും കാണാന്‍ മാത്രം എന്താ അവിടുള്ളത്?” എന്റെ സംശയം.
“അളിയന്‍ വന്നുനോക്കു..”
സ്വന്തം അളിയനല്ലേ, പോയിനോക്കാം. അങ്ങനെ അക്കാര്യം തീരുമാനമായി. ഞങ്ങള്‍ രണ്ടുകൂട്ടരും സകുടുംബം കാഞ്ഞിരക്കൊല്ലി കാണാന്‍ പോകുന്നു. ഏപ്രില്‍ 12 നു രാവിലെ എട്ടുമണിയ്ക്ക്, അളിയന്റെ നാടായ ഉളിയ്ക്കലില്‍ നിന്നു ഞങ്ങള്‍ പുറപ്പെട്ടു. ഞങ്ങളോടൊപ്പം മറ്റൊരു കുടുംബം കൂടി ചേര്‍ന്നിരുന്നു. മൊത്തം 14 പേര്‍ . ഉളിയ്ക്കലില്‍ നിന്നും ഒരു മണിക്കൂറില്‍ താഴെ ബസില്‍ യാത്ര ചെയ്താല്‍ “മണിക്കല്‍ “ എന്ന സ്ഥലത്തെത്തും. അവിടെ നിന്നും അരമണിക്കൂര്‍ കൂടി സഞ്ചരിച്ചാല്‍ കാഞ്ഞിരക്കൊല്ലി ടൌണ്‍ . ടൌണ്‍ എന്നു പറഞ്ഞാല്‍ നാലു കടകളും ഒരു ഹോട്ടലും എന്നര്‍ത്ഥം. മൊബൈലിനു റേഞ്ചില്ല. വെള്ളത്തിനും അന്തരീക്ഷത്തിനും നല്ല കുളിര്‍മ്മ. ഞങ്ങളെത്തുമ്പോള്‍ അളിയന്‍ വിളിച്ചു പറഞ്ഞതനുസരിച്ച് രണ്ടു ജീപ്പുകാര്‍ തയ്യാറായി നില്‍ക്കുന്നു. കാഞ്ഞിരക്കൊല്ലി ടൌണില്‍ നിന്നും ജീപ്പില്‍ കാല്‍ മണിക്കൂര്‍ മലയോരപാത വഴി സഞ്ചരിച്ചാല്‍ കാഞ്ഞിരക്കൊല്ലി മലമുകളിലെത്താം. ആ സഞ്ചാരനിമിഷങ്ങള്‍ ചിത്രങ്ങളിലൂടെ..

ഇതാണു കണ്ണൂരില്‍ നിന്നും കാഞ്ഞിരക്കൊല്ലിയിലേയ്ക്കുള്ള വഴി. സൂക്ഷിച്ചു നോക്കിയാല്‍ ഉളിയ്ക്കല്‍ കാണാം
യാത്ര മണിക്കല്‍ എത്തിയപ്പോഴാണ് ആ കാഴ്ച കണ്ടത്, വഴിനീളെ വീണുകിടക്കുന്ന ഞാവല്‍ പഴങ്ങള്‍ .. !
കാഞ്ഞിരക്കൊല്ലി ടൌണില്‍ നിന്നും മലമുകളിലേയ്ക്ക് ജീപ്പില്‍...
മലമുകളിലെത്തിയപ്പോള്‍ ..
കാഞ്ഞിരക്കൊല്ലി മലയുടെ മുകളിലെത്തിയാല്‍ ഏറ്റവും വിശേഷപ്പെട്ട കാഴ്ച “ശശിപ്പാറ”യാണു. ഈ പാറയുടെ അടുത്തു തന്നെയാണ് ഇക്കാണുന്ന “ബാംബൂ വില്ല”. രാത്രി താമസിയ്ക്കുവാന്‍ താല്പര്യമുള്ളവര്‍ക്ക് അതിനുള്ള സൌകര്യവും ഒന്നാന്തരം നാടന്‍ ഭക്ഷണവും ഇവിടെ ലഭിയ്ക്കും. ആവശ്യക്കാര്‍ നേരത്തെ ബുക്ക് ചെയ്യണമെന്നു മാത്രം. അളിയന്‍ നേരത്തെ തന്നെ പറഞ്ഞേല്‍പ്പിച്ചിരുന്നതിനാല്‍ ഞങ്ങളെത്തിയപ്പോള്‍ സ്വീകരിയ്ക്കുവാന്‍ ആളുണ്ടായിരുന്നു.
സ്വീകരിയ്ക്കുവാനായി രവിയേട്ടന്‍

ബാംബൂ വില്ലയിലെ കിടപ്പുമുറി.
കെട്ടുകെളും പെട്ടികളും വില്ലയില്‍ വെച്ചിട്ടു ഞങ്ങള്‍ ട്രെക്കിങ്ങിനിറങ്ങി. സമയം പത്തുമണി .

ട്രെക്കിങ്ങിന്റെ ആരംഭം..

കുറച്ചങ്ങു ചെന്നപ്പോള്‍ നിറയെ കായകള്‍ പഴുത്തുലഞ്ഞു നില്‍ക്കുന്ന പേരകള്‍ ... 

തൊട്ടടുത്തുതന്നെ മാമ്പഴക്കൂട്ടവുമായി മാവുകള്‍. കൂട്ടത്തിലുള്ള ഒരു ചേട്ടന്‍ മാവില്‍ കയറി മാമ്പഴം പറിച്ചു തന്നു

പിന്നെ നിരന്നു നിന്നു മാമ്പഴം തീറ്റ (മത്സരം)

അവിടെ നിന്നും യാത്ര തുടര്‍ന്നു.
 കാഞ്ഞിരക്കൊല്ലിയിലെ മുഖ്യ ആകര്‍ഷണമായ വെള്ളച്ചാട്ടത്തിന്റെ ഉല്‍ഭവസ്ഥാനമാണു ലക്ഷ്യം. അതങ്ങു കാട്ടിലാണു. ഇപ്പോള്‍ വെള്ളമില്ല. എങ്കിലും കാണുക തന്നെ.

യാത്ര വനത്തിലേയ്ക്ക്..
ഈറ്റക്കാടുകള്‍ക്കുള്ളിലൂടെ.

ഇതാ വര്‍ഷകാലത്ത് വെള്ളം കുത്തിയൊഴുകുന്ന തോട്. ഇതാണ് വെള്ളച്ചാട്ടമായി പതിയ്ക്കുന്നത്.

വെള്ളച്ചാട്ടത്തിന്റെ തുടക്കം ഇവിടെ.


അവിടെ നിന്നു താഴേയ്ക്കു നോക്കിയാല്‍ അതിമനോഹരമായ കാഴ്ച.

സംഘം അല്പം വിശ്രമത്തില്‍
തോടിന്റെ ഉല്‍ഭവസ്ഥാനം തേടി.

ഇതാ.. ഇവിടെയാണ് ഒരു തോട് ഉല്‍ഭവിയ്ക്കുന്നത്. ഇപ്പോഴും നിര്‍മലമായ ജലം 




വീണ്ടും മലകയറി മുകളിലേയ്ക്ക്..


മുകളിലെത്തിയപ്പോള്‍ ഇതാ ഒരു “തടാകം”..!
ഞങ്ങളോടൊപ്പമുള്ള കുട്ടിക്കുറുംബന്മാര്‍ അതില്‍ ചാടിമറിഞ്ഞു..
വീണ്ടും മുകളിലെത്തിയപ്പോള്‍ അവിടെയൊരു വീട്. കാട്ടാനയെ പേടിച്ചാണവര്‍ താമസം. അവിടെ നിന്നു വെള്ളം കുടിച്ച് ക്ഷീണം തീര്‍ത്തു

ഇനിയുമുണ്ട് പോകാനേറെ...

ഇടയ്ക്കല്‍പ്പം വിശ്രമം..

 വനമേഖലയാണ്..
 ഈ പ്രദേശത്ത്   ആള്‍താമസമില്ലാത്ത ധാരാളം വീടുകള്‍ ഉണ്ട്. പലരും വീടുപേക്ഷിച്ച് താഴെ പ്രദേശങ്ങളിലേയ്ക്കു പോയിരിക്കുന്നു. മിക്ക വീടുകളിലും തെങ്ങുകളും മറ്റു ഫലവൃക്ഷങ്ങളുമുണ്ട്.

ആള്‍ താമസമില്ലാത്ത ഒരു വീട്. മുറ്റം നിറയെ പേരയ്ക്ക...!

വീടിനു താഴെയായി ഒന്നാന്തരം കുളം..! മലമുകളിലാണെന്നോര്‍ക്കണം..

ഈ ഉറവയില്‍ നിന്നാണു കുളത്തിലേയ്ക്കുള്ള ജലപ്രവാഹം
ദാ പറമ്പില്‍ നിന്നു ആവോളം കരിയ്ക്ക്....!

അവിടെ നിന്നും വീണ്ടും വനത്തിലേയ്ക്ക്..

മലമുകളിലൂടെ...

വീണ്ടും വനം

വനത്തോട് ചേര്‍ന്ന് ഒറ്റപ്പെട്ട ഒരു വീട്. വിജനമായ അവിടെ ആ സ്ത്രീ തനിയെ കഴിയുന്നു..!!


കറങ്ങിതിരിഞ്ഞ് ഏകദേശം നാലുമണിയോടെ ബാംബൂ വില്ലയിലെത്തി. ഭക്ഷണം റെഡി..

ഭക്ഷണശേഷം അടുത്ത യാത്ര ശശിപ്പാറയിലേയ്ക്ക്..

ശശിപ്പാറയിലെത്തിയപ്പോള്‍..

സുന്ദരമായ കാഴ്ച. കുളിര്‍മ്മയുള്ള കാറ്റ്..
ശശിപ്പാറയില്‍ നിന്നു താഴേയ്ക്കു നോക്കുമ്പോള്‍

സന്ധ്യ ആയതോടെ ബാംബൂ വില്ലയില്‍ തിരിച്ചെത്തി. തണുത്ത വെള്ളത്തില്‍ കുളി, രുചികരമായ ഭക്ഷണം.  ചിക്കന്‍ കറി, ചക്കപ്പുഴുക്ക്, ചോറ്....! ക്ഷീണിതരായതിനാല്‍ എല്ലാവരും പെട്ടെന്നുറങ്ങി. രാത്രിയില്‍ എന്തൊക്കെയോ ശബ്ദങ്ങള്‍ കേട്ടെങ്കിലും അനങ്ങാതെ കിടന്നു, വല്ല കാട്ടുമാക്കാനും ആയിരിയ്ക്കും...
രാവിലെ ഞാന്‍ ക്യാമറയുമായി ശശിപ്പാറയിലേയ്ക്കോടി...എന്റെയൊപ്പം കുട്ടികളും...
ശശിപ്പാറയില്‍ സൂര്യോദയം...
എത്ര സുന്ദരം...!
തിരിച്ചെത്തിയപ്പോള്‍ ചൂടുപറക്കുന്ന കട്ടന്‍ കാപ്പി റെഡി...

പ്രാതല്‍ അപ്പവും കിഴങ്ങുകറിയും...
ഇനി ഞങ്ങള്‍ക്കു തിരിച്ചു പോകണം.
വലതു വശത്ത് നില്‍ക്കുന്നയാളാണു ബാംബു വില്ലയുടെ ഉടമസ്ഥന്‍ ജോര്‍ജുചേട്ടന്‍.
കാഞ്ഞിരക്കൊല്ലിയില്‍ താമസിയ്ക്കുവാന്‍ ആഗ്രഹിയ്ക്കുന്നവര്‍ 9745706140 എന്ന നമ്പരില്‍ വിളിച്ച് നേരത്തെ ബുക്കു ചെയ്യുക. മിതമായ നിരക്കില്‍ ഒന്നാംതരം ഭക്ഷണവും താമസസൌകര്യവും ലഭിയ്ക്കും.

ഇനിയും വരുമെന്ന വാക്കോടെ കാഞ്ഞിരക്കൊല്ലിയോടു യാത്ര പറഞ്ഞു..
വലിയൊരു പ്രലോഭനമായി അപ്പോഴും ശശിപ്പാറ പുറകില്‍ നിന്നു മാടിവിളിയ്ക്കുന്നു....
ഒരിയ്ക്കലും മറക്കാത്ത ഓര്‍മ്മകളോടെ ഞങ്ങള്‍ മലയിറങ്ങി....

Friday 24 May 2013

മൂകാംബിക - കുടജാദ്രി - മുരുഡേശ്വർ

യാത്രകള്‍ എന്നും എന്റെ ഹരമാണ്. വിദൂരയാത്രകളുടെ ത്രില്‍ അനുഭവിയ്ക്കണമെങ്കില്‍ ഒറ്റയ്ക്കു പോകണം. അല്ലെങ്കില്‍ ഒരാള്‍ കൂടിയാവാം, നല്ല മാനസിക പൊരുത്തമുള്ള ഒരാള്‍ . ഈ വെക്കേഷന്‍ കാലത്ത് ഞാന്‍ കുടുംബസമേതം കുറേ യാത്രകള്‍ നടത്തി. അക്കാര്യങ്ങളെ പറ്റി പിന്നീടെഴുതാം. മനസ്സിനെ ഒരു പാടു സ്പര്‍ശിച്ച ഒരു പാട്ടുണ്ട്, അന്തരിച്ച ഗായിക സ്വര്‍ണലത ആലപിച്ചത്.” “കുടജാദ്രിയില്‍ കുടികൊള്ളുമാ കൊടമഞ്ഞു പോലെയീ പ്രണയം തഴുകുന്നു എന്നെ പൊതിയുന്നു....” ഈ പാട്ടില്‍ പറയുന്ന കുടജാദ്രി ഏറെക്കാലമായി മനസ്സിനെ മോഹിപ്പിയ്ക്കുന്നൊരു കുളിര്‍ സ്വപ്നമാണു. എന്നെങ്കിലും ഒറ്റയ്ക്കവിടൊന്നു പോകണമെന്നുണ്ടായിരുന്നു. ഇത്തവണ അതു സാധ്യമല്ല എന്നു തന്നെ കരുതിയിരിയ്ക്കുമ്പൊഴാണു വകയില്‍ സഹോദരനായ (കസിന്‍ ബ്രദര്‍ )സാബിയോയുടെ ക്ഷണം. “ബിജുചേട്ടാ മൂകാംബികയ്ക്കു പോയാലോ?” പിന്നെന്തു നോക്കാന്‍..?

ഈ സംഭാഷണം നടന്നതിന്റെ രണ്ടാം ദിവസം രാത്രി ഒമ്പതേകാലിനു ഞാനും അവനും കൂടി പയ്യന്നൂര്‍ റെയില്‍‌വേ സ്റ്റേഷനില്‍ മംഗലാപുരത്തിനുള്ള നേത്രാവതി എക്സ്പ്രസ് കാത്തു നില്‍ക്കുകയാണ്, മൂകാംബിക ലക്ഷ്യമാക്കി. രാത്രി മംഗലാപുരത്തുനിന്നും ബസുകിട്ടും എന്ന സാബിയോയുടെ ജെനറല്‍ നോളജിനെ മാത്രം ആശ്രയിച്ചാണു ഈ രാത്രിയാത്ര. മംഗലാപുരം റെയില്‍‌വേ സ്റ്റേഷനിലെ മുട്ടാളന്മാരായ ഓട്ടോക്കാരോടു തര്‍ക്കിച്ച് തര്‍ക്കിച്ച് കെ.എസ്.ആര്‍.ടി.സി ബസ്റ്റേഷനില്‍ എത്തിയപ്പോള്‍ സമയം പതിനൊന്നര. ഇനി കൊല്ലൂര്‍ മൂകാംബികയ്ക്കു ബസ് രാവിലെ അഞ്ചരയ്ക്കേയുള്ളു എന്ന അറിവ് കിട്ടിയനിമിഷം സാബിയോയുടെ മുഖത്തൊരു സഹതാപാര്‍ഹമായ ചിരി വന്നു. ബസ് സ്റ്റാന്‍ഡില്‍ കിടന്നുറങ്ങിയേനേ, ചക്കക്കുരുപോലുള്ള ആ കൊതുകുകള്‍ ഇല്ലായിരുന്നെങ്കില്‍ . അവിടെ തന്നെ യാത്രിനിവാസുണ്ട്. 150 രൂപയ്ക്ക് കിടക്കാന്‍ ബെഡു കിട്ടും. നല്ല വൃത്തിയുള്ള ടോയിലറ്റും കുളിമുറികളും. യാത്രി നിവാസില്‍ സുഖമായി കിടന്നുറങ്ങി. രാവിലെ ആറരയോടെ കൊല്ലൂര്ക്കുള്ള ഒരു പ്രൈവറ്റ് എക്സ്പ്രസ് ബസില്‍ കയറിപറ്റി. എക്സ്പ്രസെന്ന പേരും ചാര്‍ജും ഒകെയുണ്ടെങ്കിലും ഓട്ടോയില്‍ മത്തിക്കച്ചവടം നടത്തുന്നമാതിരി വഴിനീളെ ആളെവിളിച്ചുകയറ്റി ഇഴഞിഴഞ്ഞാണു പോക്ക്. പതിനൊന്നരയോടെ മൂകാംബികയിലെത്തുമ്പോള്‍ ക്ഷീണിച്ചു വശം കെട്ടിരുന്നു. നല്ല ഉച്ചവെയില്‍. ബസ് സ്റ്റാന്‍ഡില്‍ നിന്നും അരകിലോമീറ്ററോളം പോകണം അമ്പലത്തിലേയ്ക്ക്. ഇനിയുള്ള കാഴ്ചകള്‍ ചിത്രങ്ങളിലൂടെ.

മൂകാംബിക ക്ഷേത്രത്തിന്റെ മുന്‍‌വശം മേല്‍ക്കൂര.
 
ക്ഷേത്രത്തിനുള്‍വശം. കേരളത്തിലെതുപോലെ ഇവിടെ ചിത്രങ്ങളെടുക്കുന്നതിനു വിലക്കൊന്നുമില്ല. (എന്നാല്‍ ശ്രീകോവില്‍ ഭാഗത്ത് പാടില്ല)
ദേവി ദര്‍ശനത്തിന്റെ തിരക്ക് കഴിഞ്ഞിട്ട് പുറത്തിറങ്ങി വിശ്രമിയ്ക്കുന്നവര്‍ .
 സത്യം പറയാമല്ലോ, പേരും പ്രശസ്തിയും വച്ചുനോക്കുമ്പോള്‍ വമ്പനൊരു അമ്പലമായിരുന്നു എന്റെ മനസ്സിലുണ്ടായിരുന്നത്. എന്നാല്‍ നേരില്‍ കണ്ടപ്പോള്‍ അത്ര വലുപ്പമൊന്നും തോന്നിയില്ല. 
അമ്പലമുറ്റത്ത് ഒരു പോസ്.
 
ക്ഷേത്രമുറ്റത്ത് കന്നഡ കല്യാണങ്ങള്‍ .
 സമയം ഉച്ചയായല്ലോ. അടുത്തുകണ്ട ഒരു കേരളഹോട്ടലില്‍ കയറി സമൃദ്ധമായ ഊണു കഴിച്ചു. അങ്ങകലെ നീലനിറത്തില്‍ കുടജാദ്രി മലനിരകള്‍ എന്നെ മോഹിപ്പിച്ചു കൊണ്ടിരുന്നു. അങ്ങോട്ടുള്ള യാത്രയെ പറ്റി ഹോട്ടല്‍കാരനോടു ചോദിച്ചപ്പോള്‍ അയാള്‍ ഒരു ജീപ്പുകാരനെ കാണിച്ചു തന്നു. അങ്ങോട്ടു ചെന്നു. അയാളുടെ പഴയ മഹീന്ദ്ര ജീപ്പിനു സമീപം ആറു പേരടങ്ങുന്ന ഒരു കുടുംബം നില്‍പ്പുണ്ട്. ഞങ്ങളെ കണ്ട് ജീപ്പുകാരന്‍ വിളിച്ചു ‘കുടജാദ്രി..കുടജാദി...” ഒരാള്‍ക്ക് നാനൂറു രൂപയാണു ചാര്‍ജ്. മൊത്തം എട്ടുപേരെങ്കിലും വേണം. ടാക്സിയായി വിളിച്ചു പോകണമെങ്കില്‍ 3200 രൂപ. മൂകാമ്പികയില്‍ നിന്നും കുടജാദ്രിയ്ക്ക് 40 കിലൊമീറ്ററില്‍ താഴെയേ ദൂരമുള്ളു. എന്നാല്‍ ആ വഴി പണി നടക്കുന്നതിനാല്‍ അടച്ചിരിയ്ക്കുകയാണു. വേറെ വഴിയില്‍ കൂടി പോകുമ്പോള്‍ 110 കിലോമീറ്റര്‍ ദൂരമുണ്ട്. ഉദ്ദേശം മൂന്നര മണിക്കൂര്‍ സമയമെടുക്കും കുടജാദ്രിയെത്താന്‍. എന്തായാലും ഞങ്ങള്‍ എട്ടുപേര്‍ യാത്ര ആരംഭിച്ചു. ഞങ്ങളുടെ കൂട്ടാളികളെ പരിചയപ്പെട്ടു. ആലപ്പുഴക്കാരാണ്. ബ്ലോക്കോഫീസര്‍ വിജയന്‍ ചേട്ടനും ഭാര്യയും രണ്ടുപേരുടെയും അമ്മമാരും പിന്നെ രണ്ടു മക്കളും. ഞങ്ങള്‍ പെട്ടെന്നു കമ്പനിയായി. ടാര്‍ റോഡു വഴിയുള്ള ദീര്‍ഘദൂര യാത്രയ്ക്കു ശേഷം ജീപ്പ് കുടജാദ്രി മലകയറ്റം ആരംഭിച്ചു. 
റോഡിനും തോടിനുമിടയ്ക്കുള്ള ഏതോ ഗണത്തില്‍ പെടുത്താവുന്ന ആ വനപാതയിലൂടെ കല്ലിലും കുഴിയിലും ചാടിത്തുള്ളിമറിഞ്ഞ് ഡെസെര്‍ട്ട് സഫാരിയെ അനുസ്മരിപ്പിയ്ക്കുന്ന ഈ യാത്ര അപാരം അവര്‍ണനീയം..!
 
ജീപ്പ് ഡ്രൈവര്‍ ചന്ദ്രശേഖര, സാബിയോ, ഞാന്‍. കുടജാദ്രി മലമുകളില്‍ .

കുടജാദ്രിയിലെത്തിയാല്‍ ആദ്യം കാണുന്ന ക്ഷേത്രം. വരുന്ന ഓരോ ആളെയും പൂജാരി അമ്പലത്തിലെയ്ക്കു ക്ഷണിയ്ക്കും. മധുരമായി സംസാരിയ്ക്കും. ഒടുക്കം പൂജകളുടെ നിരക്കും പറയും.

ഇതു തൊട്ടുമുകളിലുള്ള മറ്റൊരു ക്ഷേത്രം. ആ മുണ്ടുടുത്തു നില്‍ക്കുന്നത് മറ്റൊരു പൂജാരി. മൂകാമ്പികയുടെ മൂലസ്ഥാനം ഈ ക്ഷേത്രമാണെന്നാണു അദ്ദേഹം പറയുന്നത്.

അവിടെ തന്നെയുള്ള കുളം. ആ ഗേറ്റിനു പിന്നില്‍ കാണുന്ന ഗുഹയിലൂടെയാണു ജലം പ്രവഹിയ്ക്കുന്നത്.


തുടര്‍ന്ന് ഞങ്ങള്‍ മലമുകളിലെവിടെയോ ഉള്ള “ശ്രീ ശങ്കര സര്‍വജ്ഞപീഠം” കാണാന്‍ കയറ്റം തുടങ്ങി. അല്പം അങ്ങു കയറിയപ്പോള്‍ അവാച്യമായൊരു കാഴ്ചയാണു എതിരേറ്റത്. അങ്ങഗാധതയില്‍ നിന്നും പുകഞ്ഞുകയറിവരുന്ന കോടമഞ്ഞ്..! സൂര്യപ്രഭയില്‍ അതു വെട്ടിത്തിളങ്ങി....

മഞ്ഞിറങ്ങിയ മലഞ്ചെരുവിലൂടെ ഞങ്ങള്‍ സര്‍വജ്ഞപീഠത്തിലേയ്ക്ക്....

മഞ്ഞിറങ്ങിയ മലഞ്ചെരുവിലൂടെ ഞങ്ങള്‍ സര്‍വജ്ഞപീഠത്തിലേയ്ക്ക്....

കുടജാദ്രിയുടെ വന്യസൌന്ദര്യം....
ആവൂ.. നടന്നു നടന്നു മടുത്തു. ഒരു മലയെ കീഴടക്കി കഴിഞ്ഞപ്പോള്‍ അതാ ഒന്നാംതരം സംഭാരവുമായി ഒരു യുവാവ്. മടിച്ചില്ല, ഞങ്ങളെല്ലാം സംഭാരവും മുളകുപൊടി തൂവിയ കക്കിരിയ്ക്കയും കഴിച്ചു.
കുറച്ചുകൂടി കയറിയപ്പോള്‍ മലഞ്ചെരുവില്‍ കാടിനോട് ചേര്‍ന്ന് ഒരു ഗുഹ.

വീണ്ടും സര്‍വജ്ഞപീഠം തേടി യാത്ര...

വിടാതെ പിന്തുടരുന്ന മഞ്ഞിന്റെ ഇളം കൈകള്‍ ...
കയറാന്‍ തുടങ്ങിയിട്ട് ഏറെ നേരമായി. അതാ മഞ്ഞിനിടയില്‍ അകലെ എന്തോ കാണുന്നു..
ഓ...കോടമഞ്ഞും സൂര്യപ്രഭയും കൈകോര്‍ത്തു പിടിച്ച സര്‍വജ്ഞപീഠം ഇതാ.....

കൃഷ്ണശിലയില്‍ തീര്‍ത്ത ചെറിയൊരു ക്ഷേത്രരൂപമാണ് സര്‍വജ്ഞപീഠം. ഭക്തനായ ഞങ്ങളുടെ ഡ്രൈവര്‍ ചന്ദ്രശേഖര അവിടെ നമസ്കരിയ്ക്കുന്നു.
കൃഷ്ണശിലയുടെ ഒരംശം പോലുമില്ലാത്ത ഇവിടെ ഈ മന്ദിരം എങ്ങനെ പണിതു എന്നു അത്ഭുതം തോന്നാതിരുന്നില്ല. 

മഞ്ഞില്‍ കുളിച്ച സര്‍വജ്ഞപീഠം. കുറേ നേരം അവിടെ ചിലവഴിച്ച ശേഷം ഞങ്ങള്‍ മലയിറക്കം തുടങ്ങി.

താഴെ കുടജാദ്രിയിലെത്തുമ്പോള്‍ അസ്തമയസൂര്യന്‍ അവിടെയാകെ ചെമ്പട്ടു പുതപ്പിച്ചിരുന്നു. കണ്ണിനെയും കരളിനെയും കുളിര്‍പ്പിയ്ക്കുന്ന അപൂര്‍വ കാഴ്ച.
 കണ്ണിനെയും കരളിനെയും കുളിര്‍പ്പിയ്ക്കുന്ന അപൂര്‍വ കാഴ്ച.
കുടജാദ്രിയോട് വിടപറയുന്ന തീര്‍ത്ഥാടകര്‍ .

വിടവാങ്ങും മുന്‍പ് ഒന്നുകൂടി തിരിഞ്ഞു നോക്കി. യോഗ നിദ്രയിലെന്നപോലെ ശാന്തതയില്‍ ലയിച്ച കുടജാദ്രി. ഇനിയും വരുമെന്ന വാഗ്ദാനത്തോടെ ഞങ്ങള്‍ മൂകാംബിക ലക്ഷ്യമാക്കി പ്രയാണമാരംഭിച്ചു.  

 അന്നു രാത്രി മൂകാമ്പികയിലെ വാടക തുച്ഛമായ ഒരു മുറിയില്‍ ഞാനും സാബിയോയും സുഖമായി ഉറങ്ങി. ഫാന്‍ ഇല്ലാതിരുന്നിട്ടും സമീപത്തെ കാടിന്റെ ശീതളിമ ഉഷ്ണം ശമിപ്പിച്ചു. ചില കൊതുകുകള്‍ രാത്രി സന്ദര്‍ശനം നടത്തിയ വിവരം ഞങ്ങള്‍ അറിഞ്ഞതേയില്ല. പിറ്റേന്നത്തെ യാത്ര മുരുഡേശ്വര്‍ എന്ന ക്ഷേത്ര വിസ്മയം കാണാനായിരുന്നു. മൂകാംബികയില്‍ നിന്നും “ബൈന്ദൂരു” എന്ന സ്ഥലത്തേയ്ക്ക് ബസ് കയറി. 26 കിലോമീറ്റര്‍. അവിടെ നിന്നും “ബട്കല്” എന്ന സ്ഥലത്തേയ്ക്ക് ടെമ്പോ യാത്ര. 15 രൂപ മാത്രം. ബട്കലില്‍ നിന്നും വീണ്ടും ടെമ്പോ യാത്ര, മുരുഡേശ്വര്‍ ക്ഷേത്രത്തിലെയ്ക്ക്.  20 കിലോമീറ്ററില്‍ താഴെ ദൂരം. ദൂരെ നിന്നേ കാണാമായിരുന്നു ക്ഷേത്ര ഗോപുരം.

യാത്ര അവസാനിച്ച തെരുവിനു സമീപം വലിയൊരു ക്ഷേത്രക്കുളം.

തെരുവിലെ മീന്‍ വില്പനക്കാരികള്‍.


അല്പം കൂടി നടന്നപ്പോള്‍ അതാ മുരുഡേശ്വര്‍ ക്ഷേത്ര ഗോപുരം.

അടുത്തെത്തുമ്പോഴാണ് ഗോപുരത്തിന്റെ വലുപ്പം അത്ഭുതപ്പെടുത്തുന്നത്.

ഗോപുരത്തിനുള്ളിലെ കവാടം വഴി അകത്തെയ്ക്കു ചെല്ലുമ്പോള്‍ പിന്‍ ഭാഗത്ത് കൂറ്റന്‍ ശിവ പ്രതിമ.

ക്ഷേത്രത്തിന്റെ ഉള്‍വശം.

ക്ഷേത്രത്തിനു സമീപമുള്ള കടലില്‍ റിസോര്‍ട്ടുകളും ഉല്ലാസത്തോണികളുമൊക്കെയുണ്ട്. ആകെയൊരു പിക്നിക് മൂഡാണു എല്ലാവര്‍ക്കും.

വിദേശികള്‍ പൊസു ചെയ്യുന്നു.

ഏഷ്യയിലെ ( അതോ ലോകത്തെയോ) എറ്റവും വലിയ ശിവപ്രതിമ.

ശിവപ്രതിമയുടെ അടിവശത്ത് വിശാലമായൊരു എക്സിബിഷന്‍ ഗുഹയുണ്ട്. മൊത്തം എയര്‍കണ്ടീഷന്‍ ചെയ്തിരിയ്ക്കുന്നു. 10 രൂപ ടിക്കറ്റെടുത്താല്‍ ഉള്ളില്‍ കയറാം.

“ ഗുഹ”യ്ക്കുള്ളില്‍ ..

പുറത്തെ ഭീമന്‍ ഗോപുരത്തിനുള്ളില്‍ ലിഫ്റ്റ് സംവിധാനം ഉണ്ട്. 10 രൂപ മുടക്കിയാല്‍ 18 ആം നിലയില്‍ നിന്നു കൊണ്ട് ശിവപ്രതിമയെ വീക്ഷിയ്ക്കാം.

തൊട്ടടുത്ത കടലില്‍ ഉല്ലാസനൌകകള്‍ പായുന്നു...

കാഴ്ചകള്‍ എല്ലാം കണ്ടിറങ്ങുമ്പോള്‍ സമയം നട്ടുച്ച. ഭയങ്കരദാഹം. അതാ ഒന്നാംതരം കരിമ്പിന്‍ ജ്യൂസ്...!
ഒരു മണിയോടെ മുരുഡേശ്വറിനു വിട ചൊല്ലി....
 മുരുഡേശ്വറിനടുത്തു തന്നെ ഒരു കൊച്ചു റെയില്‍ വേ സ്റ്റേഷനുണ്ട്. ഓട്ടോ പിടിച്ച് അവിടെ ചെന്നു. വിജനമായ സ്റ്റേഷനില്‍ ഒരു യുവതിയായ ഉദ്യോഗസ്ഥ മാത്രം. ഇനി വൈകിട്ടു നാലരയ്ക്കേ മംഗലാപുരത്തിനു തീവണ്ടിയുള്ളു എന്നവര്‍ പറഞ്ഞു. ഞങ്ങള്‍ ഇറങ്ങി മംഗലാപുരം ഹൈവേയില്‍ വന്നു നിന്നു. ബസ് കിട്ടിയാല്‍ ഭാഗ്യം. നല്ല വെയില്‍, ചൂടുകാറ്റും. അവിടെ നില്‍ക്കുമ്പോഴാണ് രണ്ടു ചെറുപ്പക്കാരെ കണ്ടത്. ബസിവിടെ നിര്‍ത്തുമോ എന്ന് ഞാന്‍ മുറി ഹിന്ദിയില്‍ ചോദിച്ചു. അവര്‍ തലയാട്ടി. “നിര്‍ത്തുമായിരിയ്ക്കും അല്ലേടാ..” അവര്‍ പരസ്പരം പിറുപിറുത്തതു ഞാന്‍ കേട്ടു. പരിചയപെട്ടു സംസാരിച്ചപ്പോഴാണ് രണ്ടും കണ്ണൂരുകാര്‍. മൂകാംബിക, കുടജാദ്രി, മുരുഡേശ്വര്‍ റൂട്ടില്‍ തന്നെ എത്തിയവര്‍. പിന്നെ ഞങ്ങള്‍ നാലുപേരും കൂടെയായി ബസ് കാത്തു നില്പ്. അപ്പോഴാണ് ഒരു ബൊലോറോ ജീപ്പ് പാഞ്ഞുവന്ന് ചവിട്ടിയിട്ട് “മാംഗളൂര്‍.. മാംഗളൂര്‍” എന്നു പറഞ്ഞത്. ബസ് കൂലി കൊടുത്താല്‍ മതി എന്ന് ഡ്രൈവര്‍ പറഞ്ഞു. സന്തോഷത്തോടെ ഞങ്ങള്‍ ചാടിക്കയറി. മറാട്ടിയായ ഡ്രൈവറോട് സംസരിച്ചു വന്നപ്പോള്‍ മനസ്സിലായി വണ്ടി കേരളത്തിലേയ്ക്കാണ്. മഹീന്ദ്രാ ഫാക്ടറിയില്‍ നിന്നും കേരളാപോലീസിനു വേണ്ടി കൊണ്ടു പോകുന്ന വണ്ടിയാണ്. ഇതുപോലെ കുറേയെണ്ണം മുന്‍പിലും പുറകിലും ഉണ്ട്. എന്തായാലും യാത്ര നല്ലൊരുല്ലാസയാത്രയായി...
ഒരിയ്ക്കലും മറക്കാത്ത ഓര്‍മ്മകളോടെ ഞങ്ങള്‍ നാട്ടിലേയ്ക്ക്.........