പുതിയ കഥാസമാഹാരം “രയറൊം കഥകള്‍ " VPP ലഭിയ്ക്കാന്‍ sidrapubications@gmail

Sunday, 11 April 2010

ഒരു മാമ്പഴവും മണ്ണെണ്ണ വിളക്കും-നൊസ്റ്റാള്‍ജിയ.

നമ്മളില്‍ പലര്‍ക്കും ഇന്നലെ നടന്ന കാര്യങ്ങള്‍ ചിലപ്പോള്‍ ഓര്‍മിയ്ക്കാന്‍ കഴിഞ്ഞെന്നു വരില്ല; എന്നാല്‍ ചെറുപ്പത്തിലെ പല കാര്യങ്ങളും നല്ല ഓര്‍മ്മയുണ്ടാകുകയും ചെയ്യും. ഞാന്‍ എന്റെ ഒന്നാം ക്ലാസ്സിലെ ആദ്യ ദിനങ്ങള്‍ ഇപ്പോഴും നന്നായി ഓര്‍ക്കുന്നുണ്ട്. 1974 -ല്‍ ആണ്. കോട്ടയം ജില്ലയിലെ പാലായ്ക്കടുത്തുള്ള കാഞ്ഞിരമറ്റം പള്ളി വക എല്‍ . പി. സ്കൂളിലായിരുന്നു എന്നെ ചേര്‍ത്തത്. ഓടിട്ട, രണ്ടു മുറികളുള്ള ഒരു കെട്ടിടമായിരുന്നു ഞങ്ങളുടേത്. അരമതില്‍ മാത്രം കെട്ടിയത്. കൂടാതെ പരിസരത്തുള്ള മറ്റു കെട്ടിടങ്ങളില്‍ ഏഴാം തരം വരെയുള്ള മറ്റു ക്ലാസുകള്‍ . ഞങ്ങളുടെ ക്ലാസിനു മുന്‍പിലായി ഒരു വലിയ മാവുണ്ടായിരുന്നു. അതില്‍ നല്ല മുഴുത്ത മാമ്പഴങ്ങള്‍ . എന്റെ ക്ലാസിലെ ടീച്ചറെ ഇപ്പോഴും നല്ല ഓര്‍മ്മയുണ്ട്. നല്ല തടിച്ച് ഇരുനിറമുള്ള, മുടിയില്‍ അല്പം നരയുള്ള ത്രേസ്യാമ്മ ടീച്ചര്‍ . (ആ ടീച്ചറെ മാത്രമേ ഞാന്‍ ഇപ്പോഴും നന്നായി ഓര്‍ക്കുന്നുള്ളൂ) ഒരു ദിവസം ക്ലാസ് നടക്കുമ്പോള്‍ മാവില്‍ നിന്നും ഒരു മാമ്പഴം വീണു. ടീച്ചര്‍ ഒരു കുട്ടിയെ വിട്ട് ആ മാമ്പഴം എടുപ്പിച്ചു. ക്ലാസിനോട് ചേര്‍ന്നുള്ള ടാപ്പില്‍ നിന്നും കഴുകി, ഒരു പേനാക്കത്തികൊണ്ട് ചെറുകഷണങ്ങളായി മുറിച്ചു. മുപ്പതോളം പേരുണ്ടെന്നാണ് എന്റെ ഓര്‍മ. എന്തായാലും എല്ലാവര്‍ക്കും ഓരോ കുഞ്ഞിക്കഷണങ്ങള്‍ കിട്ടി. ആ വാത്സല്യം മൂലമായിരിയ്ക്കാം ഇന്നും ഞാനവരെ ഓര്‍ക്കുന്നത്.
ഇന്ന് എന്റെ കുട്ടികളും ഒരു പള്ളിവക സ്കൂളില്‍ പഠിയ്ക്കുന്നു; ഇംഗ്ലീഷ് മീഡിയത്തില്‍ . ഞാന്‍ നാട്ടിലുള്ളപ്പോള്‍ അവരുടെ തിരക്കു കാണാറുണ്ട്. രാവിലെ, യൂണിഫോമിട്ട് കഴുത്തില്‍ ഒരു കുടുക്കുമിട്ട് വലിയ ഭാണ്ഡക്കെട്ടും തോളിലേറ്റി ഓട്ടോ റിക്ഷയില്‍ ഞെരുങ്ങിയിരുന്ന് പോകുന്നു. വൈകിട്ട് അതുപോലെ തിരിച്ചു വരുന്നു. വന്നാല്‍ കുറച്ചു സമയം ടി.വി.യുടെ മുന്നില്‍ . പിന്നെ നോട്ട് ബുക്ക് തുറക്കുകയായി. പകുതി ടി.വി.യിലും പകുതി ബുക്കിലുമായി എട്ടുമണിവരെ. അടുത്ത ദിവസവും ഇതു തന്നെ പരിപാടി.അവര്‍ക്ക് അവരുടെ മിസ്സുമാരുമായി മേല്‍‌പ്പറഞ്ഞപോലൊരു ബന്ധമൊന്നും ഉള്ളതായി എനിയ്ക്കു തോന്നിയിട്ടില്ല. ഇന്ന് എല്ലായിടത്തും റിസള്‍ട്ടിനായുള്ള ഓട്ടം മാത്രമാണ്. ആ ഓട്ടത്തില്‍ കിതച്ച് വീഴുന്നവരെത്ര?
 ഇന്നത്തെ ലോകക്രമം ചാള്‍സ് ഡാര്‍വിന്റെ പരിണാമ സിദ്ധാന്തം അക്ഷരാര്‍ത്ഥത്തില്‍ അനുസരിയ്ക്കുന്നു.  Fittest can Survive. ഈയൊരവസ്ഥയില്‍ കടുത്ത മത്സരത്തെ അതിജീവിയ്ക്കുവാന്‍ എല്ലാവരും തങ്ങളുടെ കുട്ടികളെ സജ്ജരാക്കാനുള്ള തിരക്കിലാണ്. “വെറും” മലയാളം കൊണ്ട് ഇനിയത്തെ തലമുറയ്ക്ക് കാര്യമൊന്നുമില്ല. എന്റെ കുട്ടികള്‍ക്ക് പോലും ഏറ്റവും പ്രയാസപ്പെട്ട വിഷയമത്രെ മലയാളം! എന്തു ചെയ്യും? ഒരാള്‍ മലയാളം സംസാരിച്ചാല്‍ സാറിന് റിപ്പോര്‍ട്ട് ചെയ്യാനുള്ള ചാരന്മാരാണ് മറ്റുള്ളവര്‍ ! അപ്പോള്‍ അവര്‍ മാതൃഭാഷയെ വെറുക്കുന്നതില്‍ എന്തു അല്‍ഭുതം?
ഇതിന്റെ മറുവശവും പ്രസക്തമാണ്. നന്നായി ഇംഗ്ലീഷ് സംസാരിയ്ക്കാനറിയുന്നവര്‍ക്ക് എവിടെയും മുന്‍‌ഗണനയുണ്ട്. സംസാരഭാഷ സംസാരിച്ച് തന്നെ പഠിയ്ക്കണം. അപ്പോള്‍ ഇംഗ്ലീഷില്‍ സംസാരിയ്ക്കാന്‍ നിര്‍ബന്ധിയ്ക്കുന്നത് കുറ്റമാണെന്നും പറയാനാവുമോ? ചുരുക്കത്തില്‍ പാവം മലയാളം മരണക്കിടക്കയിലാണ്. ചാനല്‍ പൈതങ്ങളുടെ “മലയാലം” ആ മരണത്തിനുള്ള ഒപ്പീസുപാട്ടാണ്.
എന്റെയൊക്കെ തലമുറയില്‍ പെട്ട പലര്‍ക്കും മണ്ണെണ്ണ വിളക്ക് ഒരു നൊസ്റ്റാള്‍ജിയ ആണ്.  അന്നൊക്കെ വീടുകളിലെ വെളിച്ച വിപ്ലവം എന്നാല്‍ ഒന്നോ രണ്ടോ ഓട്ടു വിളക്കും പിന്നെ അത്യാവശ്യത്തിന് കുപ്പിവിളക്കും. അതായത് പഴയ ഒരു മരുന്നു കുപ്പിയുടെ അടപ്പ് തുളച്ച്  തിരിയിട്ട് മണ്ണെണ്ണ നിറച്ചാല്‍ കുപ്പി വിളക്കായി. മണ്ണെണ്ണയുടെ കരിയും പുകയുമേറ്റാണ് അന്നൊക്കെ ഞങ്ങള്‍ വായിച്ചതും ഹോം‌ വര്‍ക്ക് ചെയ്തതും. ഇയ്യിടെ നമ്മുടെ പ്രധാനമന്ത്രിയും പറഞ്ഞു; അങ്ങേരും മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തിലാണ് പഠിച്ചതെന്ന്! ഇന്നും കോടിക്കണക്കിനു കുട്ടികള്‍ മണ്ണെണ്ണ വിളക്കിനുമുന്‍പിലുണ്ടെന്ന് അദ്ദേഹം മറന്നോ ആവോ. അദ്ദേഹത്തിന്റെ സര്‍ക്കാരിന്റെ പല നയങ്ങളും അങ്ങനെ തോന്നിയ്ക്കുന്നു.
ഇന്ന് വിദ്യാഭ്യാസം വെറും കച്ചവടമായി. സ്വാശ്രയമെന്നപേരില്‍ ഒന്നാംതരം ബിസിനസ്സാണ് നടക്കുന്നത്. അതും ഒരു ഭാഗത്ത് തെറ്റെന്നു പറയുമ്പോള്‍ മറുഭാഗത്ത് ശരിയുമാകുന്നു. പാവപ്പെട്ടവന് ബാലികേറാമലയാണെങ്കില്‍ പണക്കാരന് കാശിറക്കി കാശു വാരാനുള്ള ഒന്നാന്തരം നിക്ഷേപമാണ് സ്വാശ്രയ വിദ്യാഭ്യാസം; അതു വിദ്യാര്‍ത്ഥിയായാലും മുതലാളി ആയാലും. കോളേജ് മുതലാളിയ്ക്ക് തോന്നുന്ന ഫീസ് മേടിയ്ക്കാം, സംരക്ഷണം കോടതി നല്‍കും. ന്യൂനപക്ഷമെന്ന ലേബല്‍ കൂടി ഒട്ടിച്ചാല്‍ പിന്നെ എന്തുമാകാം ആരും ചൊദിയ്ക്കില്ല. കാശുണ്ടെങ്കില്‍ ഏതു മരമണ്ടനെയും പരീക്ഷകള്‍ ജയിപ്പിച്ചും കൊടുക്കും. അവസാനം ഇവരെല്ലാം കൂടി നാട്ടുകാരെ സേവിച്ച് ഒരു വഴിയ്ക്കാക്കുകയും ചെയ്യും.
ഇനിയിതാ വിദേശയൂണിവേഴ്സിറ്റികള്‍ വരുന്നു! വിദേശത്തു പോകാതെ വിദേശബിരുദം(?) കിട്ടിയാല്‍ മോശമല്ല.(പക്ഷേ വരുന്നത് കൊള്ളാവുന്നവയാണോ അതോ വേഷം കെട്ടുകാരാണോ ആവോ?) ഇതു കൂടിയാവുമ്പോള്‍ അല്പം കാശുള്ളവരൊക്കെ അങ്ങോട്ടേയ്ക്കു പോകും, നമ്മുടെ സ്വന്തം യൂണിവേഴ്സിറ്റികളോ  നിലവാരത്തിന്റെ നെല്ലിപ്പടിയിലുമെത്തും. കണ്ട അണ്ടന്റെയും അടകോടന്റെയും മക്കള്‍ക്ക് അതുമതി.
 എന്നാല്‍ , മത്സരിച്ച് നന്നാവാനും കഴിയും ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ ! അതു കണ്ടുതന്നെ അറിയണം. അധ്യാപനം വെറുമൊരു ജോലിയായ ഇക്കാലത്ത്, ആരാന്റെ പിള്ളേരെ നന്നാക്കിയിട്ട് നമുക്കെന്താ കാര്യം? സ്വകാര്യ ട്യൂഷന്‍ നടത്തിയാല്‍ പത്തുകാശ് അങ്ങനെയുമുണ്ടാക്കാം.
ഒരു മാമ്പഴം  മുപ്പത് കുഞ്ഞുങ്ങള്‍ക്ക് വാത്സല്യം പുരട്ടി വിളമ്പിയ ത്രേസ്യാമ്മ ടീച്ചര്‍‌മാര്‍ ഇനിയൊരിയ്ക്കലും ഉണ്ടാവുമെന്നു തോന്നുന്നില്ല.

7 comments:

  1. നാളെ പിള്ളേരെ ഇഗ്ലീഷ് മീഡിയത്തില്‍ നിന്ന് മാഷ് പഠിച്ച മുവ്വാണ്ടന്‍ മാവ് ഉള്ള സ്കൂളില്‍ ചേര്‍ത്ത് മാതൃക കാണിക്ക്
    താന്‍ പോലും പ്രവര്‍ത്തിക്കാത ഒരു മേഖല നല്ലതാണെന്നും അതിന്റെ നൊസ്റ്റാള്‍ഗിയ അടിപൊളി ആണെന്നും പറയാന്‍ ഞാനും പെര്‍ഫെക്റ്റ് ആണ്..പക്ഷേ എന്റെ കാര്യം വരുമ്പോ... അവിടെ പഴയ നോസ്റ്റാല്‍ജിയയുടെ ഭാഡം തുറന്നു കാണിക്കാനല്ലാതെ അതു പിറകെ വരുന്നവര്‍ക്ക് അനുഭവിക്കാന്‍ നല്‍കാന്‍ ഞാനും തയ്യാറല്ലാ
    ഞാനുള്‍പടെ ഉള്ള മലയാളികളുടെ കാഴ്ച്ചപാട് ഇതായാല്‍ പിന്നെ............

    ReplyDelete
  2. ഓര്‍മ്മകളും ചിന്തകളും ആശങ്കകളുമെല്ലാം പങ്കു വച്ചതു നന്നായി മാഷേ...

    ഞാന്‍ എന്റെ ബാല്യവും ഒന്നാം ക്ലാസ്സു മുതലുള്ള അദ്ധ്യാപകരെയുമെല്ലാം ഇപ്പോഴും നല്ലപോലെ ഓര്‍മ്മിയ്ക്കുന്നുണ്ട്. പഴയ പോലെയുള്ള അദ്ധ്യാപക - വിദ്യാര്‍ത്ഥീ ബന്ധം ഇന്നുണ്ടോ? സംശയമാണ്.

    ReplyDelete
  3. നല്ല ഓര്‍മകള്‍. നല്ല വയനാ സുഖം

    ആശംസകള്‍ :)

    ReplyDelete
  4. കോമ്പറ്റീഷന്‍ തന്നെ കാരണം,മാഷെ

    ReplyDelete
  5. നന്നായിട്ടുണ്ട്, ഓര്‍മ്മകള്‍ അയവിറക്കാനും അവ പങ്ക് വയ്ക്കാനുമുള്ള സുഖം ഒന്ന് വേറെ തന്നെ...

    ഈ പോപ്പ്-അപ്പും വേര്‍ഡ് വെരിഫിക്കേഷനും ഒഴിവാക്കിക്കൂടേ :)

    ReplyDelete
  6. Good...........oru nalla nostalgiya feel chythu thanx

    ReplyDelete
  7. ഹാഷിം, ശ്രീ, ഹംസ, കൃഷ്ണകുമാര്‍ , സുകുമാരേട്ടന്‍ ,അബൂബക്കര്‍ അഭിപ്രായങ്ങള്‍ക്ക് നന്ദി. ഹാഷിം താങ്കള്‍ പറഞ്ഞത് ഞാനും പലപ്പോഴും ചിന്തിച്ചിട്ടുണ്ട്. എന്തു ചെയ്യാന്‍ ഈയുള്ളവന്‍ ഒരു പ്രവാസിയായിപ്പോയി. പിന്നെ അടുത്ത വീട്ടിലെ കുട്ടി ഇംഗ്ലീഷ് മീഡിയത്തില്‍ പഠിക്കുമ്പോള്‍ എന്റെ പെണ്ണിന് സഹിയ്ക്കുമോ? നമ്മുടെ ആജ്ഞ അടിച്ചേല്പിയ്ക്കാന്‍ ഇന്നത്തെക്കാലത്ത് സാധിയ്ക്കുന്ന കാര്യമാണോ? തല്‍ക്കാലം ഈ നൊസ്റ്റാള്‍ജിയയെ താലോലിയ്ക്കാന്‍ മാത്രമേ ഈയുള്ളവനു വിധിയുള്ളൂ!

    ReplyDelete

കമന്റിലെ അക്ഷരങ്ങള്‍ക്ക് നിറം നല്‍കാന്‍ [co="red"]Type Text here[/co] . ഇവിടെ red എന്നതിനു പകരം മറ്റ് നിറങ്ങള്‍ നല്‍കിയാല്‍ മതിയാകും.