പുതിയ കഥാസമാഹാരം “രയറൊം കഥകള്‍ " VPP ലഭിയ്ക്കാന്‍ sidrapubications@gmail

Monday 26 April 2010

നിങ്ങളുടെ മകളെ സൂക്ഷിച്ചുകൊള്ളു!

അമേരിയ്ക്കയില്‍ ജോലിയുള്ള ഒരു യുവാവ്. അവിവാഹിതന്‍ , സുമുഖന്‍ . തന്റെ പിതാവിന്റെ ചികിത്സാര്‍ത്ഥം നാട്ടില്‍ ഒരു ആശുപത്രിയില്‍ രണ്ടുമാസത്തോളം ചിലവഴിയ്ക്കുന്നു. അതിനിടയില്‍ എങ്ങനെയൊ മൊബൈല്‍ വഴി ഒരു യുവതിയുമായി പരിചയമായി. പരിചയം അടുപ്പമാകുന്നു, പരസ്പരം കാണാതെ തന്നെ. അയാള്‍ തിരിച്ചുപോകാനുള്ള സമയമായപ്പോള്‍ യുവതിയുടെ അപേക്ഷ, പരസ്പരം കാണണമെന്ന്. അവള്‍ മംഗലാപുരത്ത് നിയമവിദ്യാര്‍ത്ഥിനിയാണ്. അയാള്‍ അവിടെയെത്തി അവളോടൊപ്പം രണ്ടു ദിവസം ചിലവഴിയ്ക്കുന്നു. അവളുടെ നിര്‍ബന്ധത്തിനു വഴങ്ങി ലൈംഗികബന്ധം നടത്തി. അതോടെ പിരിയാവാനാത്ത ബന്ധം. ഡെബിറ്റ് കാര്‍ഡ്, മൊബൈല്‍ അങ്ങനെ പലതും അയാള്‍ സമ്മാനിച്ചു. ഡെബിറ്റ് കാര്‍ഡില്‍ ലക്ഷങ്ങള്‍ . അയാള്‍ ഇടയ്ക്ക് നാട്ടില്‍ വരുന്നു അവളെ കാണാന്‍ . അങ്ങനെ മംഗലാപുരത്തെത്തിയ അയാള്‍ക്ക് അവളെക്കുറിച്ച് പുതിയ ചില അറിവുകള്‍ കിട്ടി. അവളുടെ മറ്റൊരാളുമായുള്ള ബന്ധങ്ങള്‍ ചില വീഡിയോകള്‍ സഹിതം അയാള്‍ക്കു ലഭിച്ചു. എന്നു മാത്രമല്ല നഗരത്തിലെ സെക്സ് റാക്കറ്റുമായുള്ള ബന്ധവും മനസ്സിലായി. അയാളുടെ ഡെബിറ്റ് കാര്‍ഡില്‍ നിന്നും ലക്ഷങ്ങള്‍ നഷ്ടമായിരുന്നു. തുടര്‍ന്ന് അയാളും ആ പെണ്‍കുട്ടിയുമായി തെറ്റുകയും അയാള്‍ ദേഷ്യത്തില്‍ അവളെ അടിയ്ക്കുകയും ചെയ്യുന്നു. ഏതായാലും അന്നു വൈകിട്ടു തന്നെ അയാള്‍ക്ക് തിരിച്ചടി ലഭിച്ചു. തലയും കൈയും പൊട്ടി  ആശുപത്രിയില്‍ കിടക്കേണ്ടി വന്നു. കഥ ഇത്രയും എത്തി നില്‍ക്കുന്നു. ഇതിനുശേഷമുള്ളത് എനിയ്ക്കറിയില്ല.
ഇതു സാങ്കല്പിക കഥയല്ല. 25-04-2010-ന് കൈരളി പീപ്പിള്‍ ചാനലിലെ “മൈന്‍ഡ് വാച്ച്” എന്ന മന:ശാസ്ത്ര പരിപാടിയില്‍ ഒരു യുവാവ് നേരിട്ട് തന്റെ അനുഭവം വിവരിച്ചതാണ്. ഇതിന്റെ ബാക്കി ഭാഗം ഈയാഴ്ച തന്നെ ഉണ്ടാകും.താല്പര്യമുള്ളവര്‍ക്ക് ഞായറാഴ്ച രാവിലെ 8.30യ്ക്ക് ഈ പരിപാടി കാണാം. യുവാവിന്റെ പേര് അനൂപ് എന്നാണ് പറഞ്ഞത്.
നമ്മുടെ പെണ്‍കുട്ടികള്‍ എങ്ങോട്ടാണ്‍` സഞ്ചരിയ്ക്കുന്നത്? പടിഞ്ഞാറേയ്ക്കോ? അതോ നാശത്തിലേയ്ക്കോ?
 ഇത്തരം പല സംഭവങ്ങളും എനിയ്ക്കറിയാം.ഒരിയ്ക്കല്‍ കണ്ണൂരില്‍ എന്റെ നാട്ടില്‍ നിന്നും കോട്ടയത്തേയ്ക്കുള്ള രാത്രി ബസ്സില്‍ ഞാന്‍ യാത്ര ചെയ്യുന്നു. മലയോരമേഖലയില്‍ നിന്നും കോട്ടയത്തും എറണാകുളത്തും പഠിയ്ക്കുകയും ജോലി ചെയ്യുകയും ചെയ്യുന്ന ധാരാളം യുവതികള്‍ ഈ ബസുകളില്‍ ഉണ്ടാവും. കോഴിക്കോട് കഴിഞ്ഞാല്‍ ബസില്‍ തിരക്കില്ല, യാത്രക്കാര്‍ മയക്കത്തിലാവും, ബസിലെ ലൈറ്റുകള്‍ ഡിം ചെയ്യും. എന്റെ കുറച്ച് മുന്‍പിലായി ഒരു സീറ്റില്‍ ഒറ്റയ്ക്ക് ഒരു യുവതി. യാത്രക്കാര്‍ ഉറക്കമായതോടെ കണ്ടക്ടര്‍ പതുക്കെ അവളുടെ അടുത്തിരുന്നു. അരണ്ട വെളിച്ചത്തില്‍ അവര്‍ യാത്ര ആസ്വദിച്ചുകൊണ്ടിരുന്നു. രാവിലെ കോട്ടയത്തെത്തിയപ്പോള്‍ കണ്ടക്ടറും ഡ്രൈവറുമായി എന്തോ കുശലം പറഞ്ഞ് അവള്‍ പോകുകയും ചെയ്തു. ഏതോ കുടുംബത്തില്‍ നിന്നും അച്ഛനമ്മമാര്‍ പ്രതീക്ഷയോടെ യാത്രയാക്കുന്നതാണ് അവളെ! ഒരറപ്പുമില്ലാതെ തെറ്റുകളിലേയ്ക്ക് എടുത്തുചാടാന്‍ നമ്മുടെ പെണ്‍കുട്ടികള്‍ പഠിച്ചു കഴിഞ്ഞു.
   ഇന്ന്  ഗ്രാമങ്ങളില്‍ നിന്നും ധാരാളം പെണ്‍കുട്ടികള്‍ മറ്റു നഗരങ്ങളിലും സ്റ്റേറ്റുകളിലും പോയി പഠിയ്ക്കുകയും ജോലിചെയ്യുകയും ചെയ്യുന്നുണ്ട്. നഗരജീവിതത്തിന്റെ ആര്‍ഭാടത്തിനു വേണ്ടുംവണ്ണമുള്ള തുകയൊന്നും കുടുംബത്തില്‍ നിന്നോ ജോലിസ്ഥലത്തു നിന്നോ ലഭിയ്ക്കില്ല. അപ്പോള്‍ കണ്ടെത്തുന്ന ജോലിയാണ് പാര്‍ട് ടൈം ശരീരവില്പന. ഏതാനും മണിക്കൂറിന് ആയിരങ്ങള്‍ വരുമാനം!
കൊച്ചിയില്‍ ഇന്റെര്‍നെറ്റ് വഴി നടക്കുന്ന വ്യാപാരത്തെക്കുറിച്ച് കുറച്ച് നാള്‍ മുന്‍പ് മനോരമ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. നമ്മുടെ പല ക്ഷേത്രങ്ങളുടെയും ചുറ്റുവട്ടത്തെ ലോഡ്ജുകള്‍ ശരീരവില്പനകേന്ദ്രങ്ങളാണ്. മണിക്കൂറിനാണ് വാടക. ഭക്തരെന്ന വ്യാജേന വന്ന് കാര്യം സാധിച്ചിട്ടു പോകാം!
ലോഡ്ജുകളും റിസോര്‍ട്ടുകളും സുരക്ഷിതമല്ലാതായതോടെ നഗരങ്ങളിലെ ചില വീട്ടുകാര്‍ക്ക് നല്ല ഒരു വരുമാനമാര്‍ഗം തുറന്നുകിട്ടിയതായി വാര്‍ത്തയുണ്ടയിരുന്നു. കുട്ടികളും മറ്റും സ്കൂളില്‍ പോയ്ക്കഴിഞ്ഞാല്‍ പല വീടുകളിലും ഭാര്യാഭര്‍ത്താക്കന്മാര്‍ മാത്രമേ ഉണ്ടാവൂ. ഈ വീടുകളിലെ ഒരു റൂം എതാനും മണിക്കൂറിന് ആവശ്യക്കാര്‍ക്ക് നല്‍കുന്നു. വാടക ആയിരങ്ങള്‍ . അയല്‍ക്കാരും ഇതേ ബിസിനസ് ചെയ്യുന്നുവെങ്കില്‍ ആര്‍ക്കും പരാതിയുണ്ടാവില്ല. പോലീസ് വന്നാല്‍ പൊലും ബന്ധുക്കളെന്ന് പറഞ്ഞ് രക്ഷപെടാം. ഒരു റിസ്കുമില്ലാത്ത, ലാഭം മാത്രമുള്ള ബിസിനസ്! പലപ്പൊഴും, ഗ്രാമങ്ങളില്‍ നിന്നും വരുന്ന താഴ്ന്ന വരുമാനക്കാരായ യുവതികളാണ് ഇരകള്‍ . ഇവര്‍ അറിയാതെ തന്നെ ഇവരുടെ രംഗങ്ങള്‍ ക്യാമറയില്‍ പകര്‍ത്തി വിദേശത്തും സ്വദേശത്തും വിറ്റു കാശാക്കുന്നവരുമുണ്ട്. താല്‍ക്കാലിക നേട്ടത്തിനായി ചെയ്യുന്ന  ഈ പ്രവൃത്തികള്‍ അവസാനം ഈ യുവതികളുടെ ജീവിതം തന്നെ താറുമാറാക്കുകയും ചെയ്യും.
സമൂഹത്തില്‍ പണത്തിന്റെ സ്വാധീനം വളരുന്നതനുസരിച്ച് ലൈംഗിക വ്യാപാരവും വളരും. കാരണം പലര്‍ക്കും സാമ്പത്തികം വളരുന്നതോടെ കുടുംബജീവിതം അസ്വസ്ഥമാകുകയും ലൈംഗിക പട്ടിണി ഉണ്ടാകുകയും ചെയ്യുന്നു. പിന്നെ പുതുമ തേടാനുള്ള വാസന കൂടിയാവുമ്പോള്‍ നല്ലൊരു മാര്‍ക്കറ്റാണ് തുറന്നു വരുന്നത്.
ഈ പ്രവണതകള്‍ നിയന്ത്രിയ്ക്കാനാവുമെന്ന് തോന്നുന്നില്ല. സ്വയം നിയന്ത്രണം മാത്രമേ പരിഹാരമുള്ളൂ.പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ മക്കളെ ദൂരെ പഠിക്കാനും ജോലിചെയ്യാനും വിടുന്നതിനു മുന്‍പ് രണ്ടുവട്ടം ആലൊചിയ്ക്കണം. തങ്ങളുടെ കുട്ടികള്‍ക്ക് (ആണ്‍കുട്ടിയായാലും പെണ്‍കുട്ടിയായാലും) ചെറുപ്പത്തിലെ സദാചാരത്തിന്റെ വിശുദ്ധി പഠിപ്പിച്ചാല്‍ നന്നായിരിയ്ക്കും. താല്‍ക്കാലിക സുഖങ്ങള്‍ക്കുവേണ്ടി തങ്ങള്‍ നഷ്ടപ്പെടുത്തുന്നത് ഭാവിജീവിതത്തിലെ സമാധാനവും സന്തോഷവുമാണെന്ന തിരിച്ചറിയല്‍ ഉണ്ടാവണം.
പണം എല്ലാം തീരുമാനിയ്ക്കുന്ന ഒരു സമൂഹത്തില്‍ ആര് ആരെ കുറ്റപ്പെടുത്താന്‍ ? ഒരു ദിവസം കൊണ്ട്

പതിനായിരവും ഇരുപതിനായിരവും നേടാന്‍ പറ്റുന്ന മറ്റേതെങ്കിലും “തൊഴില്‍ “ നമ്മുടെ നാട്ടില്‍ ഇല്ല. ചില മാതാപിതാക്കള്‍ പോലും സ്വന്തം മകളെ ഇത്തരം കച്ചവടത്തിനിറക്കാന്‍ മടിയ്ക്കുന്നില്ല എന്ന യാഥാര്‍ത്ഥ്യം നമ്മെ നടുക്കേണ്ടതാണ്. പക്ഷേ ആരു നടുങ്ങാന്‍ ? അത്തരം നടുക്കങ്ങളെല്ലാം ഇല്ലാതാക്കാന്‍ തക്കവണ്ണം  മനസ്സുകളെ ഒരുക്കുകയാണ് നമ്മുടെ മാധ്യമങ്ങള്‍ .  ബാല്യം വിട്ടുമാറും മുന്‍പേ നമ്മുടെ പെണ്‍‌കുഞ്ഞുങ്ങളില്‍ കഴുകന്‍ കണ്ണുകള്‍ പതിയ്ക്കുന്നു. വേട്ടനായ്ക്കള്‍ നാവു നൊട്ടിനുണയ്ക്കുന്നു.ഈ ആസുരകാലത്ത് പെണ്‍‌മക്കളെയോര്‍ത്ത് ആശങ്കപെടാനാണ് നമ്മുടെ വിധി.

Sunday 25 April 2010

ശ്രീനാഥ്: മലയാളിയുടെ വര്‍ത്തമാനകാല പ്രതിനിധി.

ലയാളസിനിമയില്‍ ഇത് ഇലപൊഴിയും കാലം. ചുരുങ്ങിയ നാളുകള്‍ക്കിടയില്‍ ഒട്ടേറെ പ്രതിഭാധനരെ നഷ്ടമായിരിയ്ക്കുന്നു.  മുരളി,അടൂര്‍ ഭവാനി, ലോഹിതദാസ്, ഗിരീഷ് പുത്തഞ്ചേരി,കൊച്ചിന്‍ ഹനീഫ, സന്തോഷ് ജോഗി, ശ്രീനാഥ് . അവസാനത്തെ രണ്ടെണ്ണം ആത്മഹത്യയാണെന്നുള്ള പ്രത്യേകതയും ഉണ്ട്. സിനിമാ രംഗത്ത് ആത്മഹത്യ അത്ര പുതിയ കാര്യമല്ല, പക്ഷെ അവ അധികവും നടിമാരാണ് ചെയ്തിരുന്നത്. ഇപ്പോള്‍ മലയാള സിനിമയില്‍ അടുത്തടുത്തായി രണ്ട് ആത്മഹത്യകള്‍ . അതില്‍ ശ്രീ. സന്തോഷ് ജോഗി താരതമ്യേന പുതിയൊരാളാണ്. എന്നാല്‍ ശ്രീനാഥ് വളരെ സീനിയര്‍ ആയ പോപ്പുലര്‍  നടനായിരുന്നു.
      സൌന്ദര്യം, പ്രശസ്തി, എല്ലാമുണ്ടായിട്ടും ഇത്തരമൊരു ദാരുണ അന്ത്യം സ്വയം തിരഞ്ഞെടുക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചതെന്താവാം? ഇതു സംബന്ധമായി സംസാരിച്ചവര്‍ ആ നടന്റെ സ്വഭാവ സവിശേഷതയെ കുറിച്ചാണ് പറയുന്നത്. അതില്‍ പ്രധാനം താന്‍ തഴയപ്പെടുന്നു എന്ന തോന്നല്‍ ആ നടനെ വല്ലാതെ അലട്ടിയിരുന്നു എന്നതാണ്. എല്ലാ കഴിവുകളുമുണ്ടായിട്ടും ജീവിതത്തിലും സിനിമയിലും പരാജയമേറ്റു വാങ്ങേണ്ടി വന്ന ഒരാളുടെ ഇച്ഛാഭംഗം.
വര്‍ത്തമാനകാലത്തെ മലയാളിയുടെ ജീവിതവീക്ഷണത്തിന്റെ ഒരു പരിച്ഛേദമാണ് ശ്രീനാഥിന്റെ ആത്മഹത്യയിലൂടെയും വെളിവാകുന്നത്. ഒറ്റ ആത്മഹത്യകളും കൂട്ട ആത്മഹത്യകളും ഇന്നൊരു വാര്‍ത്തയേ അല്ല. സാ‍മാന്യം നല്ല ചുറ്റുപാടില്‍ ജീവിയ്ക്കുന്നവര്‍ ,  പലപ്പോഴും അയല്‍ക്കാരന് അസൂയ ജനിപ്പിയ്ക്കുമാറ് വളരെ സന്തോഷത്തോടെ ജീവിയ്ക്കുന്ന കുടുംബം ഒരു സുപ്രഭാതത്തില്‍ കൂട്ട ആത്മഹത്യ ചെയ്തതായി നാം വാര്‍ത്ത കേള്‍ക്കുന്നു. ഭര്‍ത്താവ് തനിച്ച്, അല്ലെങ്കില്‍ ഭാര്യയും ഭര്‍ത്താവും ഒന്നിച്ചെടുക്കുന്ന തീരുമാനം, തങ്ങളോടോപ്പം പിഞ്ചുകുഞ്ഞുങ്ങളെയും കൊന്നു കൊണ്ട്  നടപ്പാക്കുന്നു. മിക്കവാറും കാരണം സാമ്പത്തിക ബാധ്യതയത്രെ!
അന്നന്നു കൂലിപ്പണിയെടുത്തു കഴിയുന്ന അയല്‍ക്കാരനേക്കാളും ബാധ്യതയത്രേ, നല്ലവീടുള്ള, കാറുള്ള, ബിസിനസ്സുള്ള, എല്ലാ സൌകര്യങ്ങളുമുള്ള ഈ കുടുംബത്തിന്! അതുകൊണ്ട് അവര്‍ ജീവിയ്ക്കാന്‍ കഴിയാതെ ആത്മഹത്യ ചെയ്യുന്നു!
മലയാളി സമൂഹം അഭിമുഖീകരിയ്ക്കുന്ന വലിയൊരു മാനസികപ്രശ്നത്തിലേയ്ക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്. നമ്മുടെ ചാനലുകളും പത്രങ്ങളും തീര്‍ക്കുന്ന ഏതോ ഒരു മായാലോകം മനസ്സില്‍ സൂക്ഷിച്ചാണ് നാം ജീവിയ്ക്കുന്നത്. എല്ലാവരുടേയും ലക്ഷ്യം അവിടെ എത്തിപ്പെടുക എന്നതാണ്. അതിനായ് വേണ്ടത് പണം മാത്രം. പണത്തിനായി എന്തും ആവാം. അനുഭവിച്ചുകൊണ്ടിരിയ്ക്കുന്ന സൌഭാഗ്യങ്ങളില്‍ നിന്നും ചെറിയൊരു കുറവ് പോലും സഹിയ്ക്കാനാവുന്നില്ല. അത് തനിയ്ക്ക് അഭിമാനക്ഷതം ഉണ്ടാക്കുമെന്നും, അങ്ങനെ സംഭവിച്ചാല്‍ പിന്നെ ജീവിച്ചിട്ടു കാര്യമില്ലെന്നുമാണ് പലരും ചിന്തിയ്ക്കുന്നത്. നമുക്ക് ഒരു സല്‍പ്പേരുണ്ടെങ്കില്‍ മരണശേഷവും അത് നിലനിര്‍ത്തേണ്ടതല്ലേ. കടം കയറി ആത്മഹത്യ ചെയ്തു എന്നറിയുന്ന നിമിഷം അതു വരെയുണ്ടായിരുന്ന എല്ലാ സല്‍പ്പേരും നഷ്ടമാകുമെന്ന് ഇവരെന്തുകൊണ്ടോര്‍ക്കുന്നില്ല?
ഒന്നാലോചിച്ചാല്‍ പണം കൊണ്ടു നേടാവുന്നതാണോ ജീവിതത്തിലെ സന്തോഷം? മനുഷ്യന്‍ അടിസ്ഥാനപരമായി തേടുന്നത് സംതൃപ്തിയാണ്. സംതൃപ്തി നേടിയാല്‍ സന്തോഷമായി സമാധാനമായി.സംതൃപ്തിയുടെ അടിസ്ഥാനം ആഗ്രഹം ആണ്. ആഗ്രഹം എന്തായിരിയ്ക്കും എന്നതിനെ ആശ്രയിച്ചാണ് സംതൃപ്തിയുടെ സാധ്യത. നമുക്കുണ്ടെന്ന് കരുതുന്ന മിഥ്യാഭിമാനം മാറ്റി നിര്‍ത്തിയാല്‍ നമുക്ക് ഒരിക്കലും അസംതൃപ്തിയ്ക്കു കാര്യമില്ല.
ബിരിയാണി കഴിയ്ക്കുന്നവനും കഞ്ഞികുടിയ്ക്കുന്നവനും തമ്മിലുള്ള വ്യത്യാസം അന്നനാളത്തിന്റെ തുടക്കം വരെ മാത്രം. അവിടുന്നങ്ങോട്ട് രണ്ടു പേരും തമ്മില്‍ ഒരു മാറ്റവുമില്ല. വയറു നിറഞ്ഞാല്‍ രണ്ടാള്‍ക്കും ലഭിയ്ക്കുന്ന സംതൃപ്തി ഒന്നു തന്നെ. പട്ടുമെത്തയില്‍ കിടക്കുന്നവനും തറയില്‍ തുണി വിരിച്ച് കിടക്കുന്നവനും തമ്മിലുള്ള വ്യത്യാസം ഉറക്കം വരുന്നതു വരെ മാത്രം. ഉറക്കം നന്നായി ലഭിച്ചാല്‍ രണ്ടുപേര്‍ക്കും കിട്ടുന്ന സംതൃപ്തി ഒന്നു തന്നെ.(പലപ്പോഴും പട്ടുമെത്തയില്‍ കിടക്കുന്നവനാണ് ഉറക്കം കിട്ടാതെ വരുന്നത്). ഈ താരതമ്യത്തില്‍ പൊതുവായുള്ള വ്യത്യാസം പൊതുസമൂഹത്തില്‍ കിട്ടുന്ന “ആദരവ്” അല്ലെങ്കില്‍ “അസൂയ” അല്ലെങ്കില്‍ “അംഗീകാരത്തില്‍ മാത്രമാണ്. മറ്റുള്ളവരുടെ കണ്ണില്‍ പൊങ്ങച്ചം അല്പം കുറഞ്ഞിരുന്നാലും നാം സംതൃപ്തരെങ്കില്‍ അവിടെയാണ് സന്തോഷം.
ഞാന്‍ നാട്ടില്‍ ലീവിനു പോകുമ്പോള്‍ പലപ്പോഴും ചെറിയ ദൂരങ്ങള്‍ നടന്നു പോകും. ഇപ്പോള്‍ എല്ലാവരും നൂറുമീറ്റര്‍ ദൂരം പോലും ഓട്ടോയിലാണ് യാത്ര. നടന്നുപോകുന്ന എന്നെ നോക്കി പുച്ഛത്തോടെ ചിരിയ്ക്കുന്ന പലരെയും ഞാന്‍ കണ്ടിട്ടുണ്ട്. ആ നടപ്പില്‍ കൂടി എനിയ്ക്കു ലഭിയ്ക്കുന്ന ശാരീരികവും മാനസികവുമായ ഉത്തേജനം എനിക്കേ അറിയൂ. മറ്റുള്ളവരെന്തു വിചാരിയ്ക്കും എന്നു ചിന്തിച്ചാല്‍ എനിയ്ക്കു നടക്കാന്‍ കഴിയില്ല.
ഞാന്‍ കോഴിക്കോട് എയര്‍ പോര്‍ട്ടില്‍ നിന്നും എന്റെ നാട്ടിലേയ്ക്കും തിരിച്ചും ബസിലാണ് പോകാറ്‌. എന്റെ നാട്ടിലെ തുച്ഛശമ്പളക്കാരായ പ്രവാസികള്‍ പോലും നാലായിരം രൂപ മുടക്കി ടാക്സിയിലേ പോകൂ. എനിയ്ക്ക് ചിലവാകുന്നത് കേവലം തൊണ്ണൂറു രൂപാ മാത്രം. ഇവിടെ ഞാനൊരു പിശുക്കനാണെന്നു വ്യാഖ്യാനിച്ചാലും, എനിയ്ക്ക് ഹൈവേയിലെ അപകടകരമായ യാത്ര ഒഴിവാക്കാം ലാഭിയ്ക്കുന്ന പണത്തിന് എന്റെ കുടുംബത്തോടൊപ്പം വിനോദയാത്ര ചെയ്യാം. ഇതിന്റെ പേരില്‍ എനിക്കൊരു അഭിമാനക്ഷതവും തോന്നാറില്ല. നാം നമ്മുടെ സാഹചര്യമനുസരിച്ച്, നമുക്കിഷ്ടമുള്ള തീരുമാനങ്ങളാണെടുക്കേണ്ടത്. അത് ഒരിയ്ക്കലും മറ്റുള്ളവരെ “കാണിയ്ക്കാ“നാകരുത്.
നിങ്ങള്‍ കണ്ണൂരില്‍ നിന്നും ഹൈവേ-17ല്‍ കൂടി തളിപ്പറമ്പിലേയ്ക്കു യാത്ര ചെയ്തിട്ടുണ്ടെങ്കില്‍ ഏഴാം മൈല്‍ എന്ന സ്ഥലത്തെത്തിയാല്‍ ഒരു കാഴ്ച കാണാം. റോഡിന്റെ ഇരു വശത്തും മത്സരബുദ്ധിയോടെ പണിതിരിയ്ക്കുന്ന കുറെ വീടുകള്‍ . യാതൊരു പ്രയോജനവുമില്ലാത്ത, കോണ്‍ക്രീറ്റില്‍ കാട്ടിക്കൂട്ടിയ എന്തൊക്കെയോ വൈകൃതങ്ങള്‍ . എല്ലാം തളിപ്പറമ്പിലെ വലിയ ബിസിനസുകാരുടേതാണ്. അയല്‍ക്കാരനേക്കാള്‍ അല്പം ഉയര്‍ന്നു നില്‍ക്കണമെന്ന വാശി. ലക്ഷക്കനക്കിനു രൂപാ‍ ആര്‍ക്കുമൊരു പ്രയോജനവുമില്ലാതെ പാഴാക്കിയിരിയ്ക്കുന്നു. ഇവ കാ‍ണുന്നവരുടെ മനസ്സില്‍ പരമപുച്ഛമല്ലാതെ മറ്റൊന്നും തോന്നാന്‍ വഴിയില്ല. ആ പണം പത്തു പാവങ്ങളെ സഹാ‍യിയ്ക്കാന്‍ ഉപയോഗിച്ചിരുന്നെങ്കില്‍ അവരുടെ വില ഇതിലും എത്രയൊ ഉയരുമായിരുന്നു. എത്രയോ സംതൃപ്തി ഉണ്ടാകുമായിരുന്നു.
കാലം മലയാളിയ്ക്ക് തിരിച്ചടി കൊടുക്കാന്‍ തുടങ്ങിയിരിയ്ക്കുന്നു. ഹെര്‍ട്ട് അറ്റാക്ക്, പ്രമേഹം, പ്രഷര്‍ , കൊളസ്ട്രോള്‍ , ക്യാന്‍സര്‍ , വന്ധ്യത , എല്ലാം പിടിമുറുക്കുന്നു. എത്ര കാശുള്ളവനും സൌഭാഗ്യങ്ങളൊന്നും ദീര്‍ഘകാലം ആസ്വദിയ്ക്കാന്‍ കഴിയുന്നില്ല. പണം കൂടും തോറും കുടുംബ ബന്ധങ്ങള്‍ താറുമാറാകുന്നു. ദിവസം പ്രതി വിവാഹമോചനങ്ങള്‍ വര്‍ധിയ്ക്കുന്നു.(ഒരു താരത്തിന്റെ ആര്‍ഭാടപൂര്‍ണമായ വിവാഹവും മാസങ്ങള്‍ക്കകം അതിന്റെ തകര്‍ച്ചയും നാം കണ്ടു. എന്നാല്‍ എത്രയോ സാധുയുവതികള്‍ സന്തോഷത്തോടെ വിവാഹജീവിതം ആസ്വദിയ്ക്കുന്നു. ഇവിടെ വ്യക്തിപരമായ സംതൃപ്തിയുടെ അടിസ്ഥാനത്തില്‍ ആരാണു സമ്പന്ന?)
സത്യത്തില്‍ മലയാളി തന്റെ ധാരണകളെ പൊളിച്ചെഴുതേണ്ട സമയമായി. വലിയ വീടും കാറുമൊന്നുമല്ല ജീവിതത്തിലെ സുഖം. ഇതൊന്നുമില്ലങ്കിലും നമുക്ക്  സന്തോഷമായി ജീവിയ്ക്കാം. നല്ല ആരോഗ്യം, സ്നേഹമുള്ള കുടുംബം, നല്ല സുഹൃത്ബന്ധങ്ങള്‍ , അധ്വാനിയ്ക്കാനുള്ള മനസ്ഥിതി. ഇത്രമാത്രം മതി നല്ലൊരു ജീവിതത്തിന്. മലയാളസിനിമയില്‍ ഉണ്ടപ്പക്രു എന്നറിയപ്പെടുന്ന അജയകുമാര്‍ എന്ന നടനെ നോക്കൂ. തന്റെ എല്ലാ വൈകല്യങ്ങളെയും തോല്‍പ്പിച്ച് നല്ലൊരു പേരുണ്ടാക്കി അദ്ദേഹം. എല്ലാ കഴിവും സൌന്ദര്യവുമുണ്ടായിട്ടും ശ്രീനാഥ് ആത്മഹത്യയില്‍ അഭയം തേടി. ജീവിതത്തോടുള്ള സമീപനത്തിന്റെ വ്യത്യാസമാണത്.
രോഗങ്ങള്‍ കൊണ്ടും വൈകല്യങ്ങള്‍ കൊണ്ടും വലയുന്ന എത്രയോ പേര്‍ നമുക്കുചുറ്റുമുണ്ട്. അവരേക്കാള്‍ എത്രയോ ഭാഗ്യവാന്മാരാണ് നാം. എത്രയോ സമ്പന്നരാണ് നാം.  മറ്റുള്ളവരുടെ അസൂയയോടെയുള്ള നോട്ടമല്ല നമുക്കാവശ്യം, സ്നേഹത്തോടെയുള്ള നോട്ടമാണ്.

Wednesday 21 April 2010

ടിം‌പനിയിലെ ചെണ്ടകള്‍

കേരളത്തില്‍ ഈ അടുത്തയിടെ നടന്ന ചില സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ നമ്മുടെമാധ്യമപക്ഷപാതിത്വത്തെക്കുറിച്ച് ഒന്നന്വേഷിയ്ക്കുന്നത് നന്നായിരിയ്ക്കുമെന്ന് തോന്നുന്നു. കാരണം ഇന്ന് കേരളീയ സമൂഹത്തിന്റെ പൊതുബോധം സൃഷ്ടിയ്ക്കപ്പെടുന്നത് ഏതാനും ചില മാധ്യമങ്ങളിലൂടെ ആണ്. അത് തികച്ചും മുന്‍‌കൂട്ടി തീരുമാനിച്ച ശേഷം അതിനനുസൃതമായ വാര്‍ത്തകളുടെ വാര്‍ത്തെടുപ്പാണ് ഇവിടെ നടക്കുന്നത്. സത്യത്തില്‍ തങ്ങളുടെ വരിക്കാരനോട് പ്രേക്ഷകനോട് ചെയ്യുന്ന കൊടിയ വഞ്ചനയാണ് ഈ അധാര്‍മിക പ്രവര്‍ത്തി. ഇത്തരം പ്രവൃത്തി ചെയ്യുന്ന ഇവര്‍ തങ്ങള്‍ “നിഷ്പക്ഷ”മാധ്യമ പ്രവര്‍ത്തനമാണ് ചെയ്യുന്നത് എന്ന് വീമ്പടിയ്ക്കുന്നതാണ് ഏറ്റവും ആപല്‍ക്കരം. തങ്ങളുടെ പക്ഷപാതിത്വം സത്യസന്ധമായി പറഞ്ഞ് പ്രവര്‍ത്തിയ്ക്കുന്ന രാഷ്ട്രീയ-സംഘടനാ മാധ്യമങ്ങളെ കുറ്റപ്പെടുത്തേണ്ടതില്ല, അതവരുടെ ജന്മലക്ഷ്യമാണ്.
ഇക്കഴിഞ്ഞ ദിവസങ്ങളില്‍ മലയാളിയെ ആകര്‍ഷിച്ച(ആകര്‍ഷിയ്ക്കേണ്ടുന്ന) രണ്ട് സംഭവങ്ങള്‍ ഉണ്ടായി. (1) ശശി തരൂര്‍ വിവാദം. (2)ലാവ്‌ലിന്‍ കേസില്‍ സി.ബി.ഐ.യുടെ പുതിയ സത്യവാങ്മൂലം. ഇവയുടെ റിപ്പോര്‍ട്ടിങ്ങ് നമ്മുടെ മാധ്യമങ്ങള്‍ (ഞാനിവിടെ മാധ്യമങ്ങള്‍ എന്നുദ്ദേശിയ്ക്കുന്നത് നിഷ്പക്ഷ നാട്യമുള്ളവയെ മാത്രമാണ്) നടത്തിയ രീതിയും അവയുടെ താരതമ്യവും അവരുടെ പൊയ്മുഖം വലിച്ചു കീറുന്നതായിരുന്നു. തരൂര്‍ വിവാദത്തില്‍ അഴിമതി എന്ന പദപ്രയോഗം എങ്ങും കാണാനില്ല. എന്നു മാത്രമല്ല ഈ വിഷയം കൈകാര്യം ചെയ്തത് ഏറെക്കുറെ മാന്യവും കാര്യമാത്രപ്രസക്തവുമായ രീതിയിലാണെന്നതില്‍ തര്‍ക്കവുമില്ല. എന്നാല്‍ ലാവ്‌ലിന്‍ വിവാദത്തിന്റെ കാര്യത്തിലോ?(ഞാനിവിടെ പിണറായി വിജയന്റെ പക്ഷം പിടിയ്ക്കുകയല്ല. നിഷ്പക്ഷമായി നോക്കിക്കാണാന്‍ ശ്രമിയ്ക്കുക മാത്രമാണ്). കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഈ പ്രശ്നം മാധ്യമങ്ങളുടെ ഏറ്റവും പ്രധാനവാര്‍ത്തയാണ്. ഇദ്ദേഹം സാമ്പത്തികനേട്ടമുണ്ടാക്കി എന്നുതന്നെ സ്പഷ്ടമായി പ്രചരിപ്പിച്ചിരുന്നു ഈ മാധ്യമങ്ങള്‍ . അത് ആരോപണങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ട് എന്ന് നമുക്ക് വിചാരിയ്ക്കാം. എന്നാല്‍ അദ്ദേഹം സാമ്പത്തികനേട്ടം ഉണ്ടാക്കിയതിന് യാതൊരു തെളിവുമില്ല എന്ന് അന്വേഷണ ഏജന്‍സി കോടതിയില്‍ മൊഴി നല്‍കുമ്പോഴും അതേ പ്രാധാന്യത്തോടെ റിപ്പോര്‍ട്ട് ചെയ്യേണ്ടല്ലേ. ഇവിടുത്തെ മുഖ്യധാരാ മാധ്യമങ്ങള്‍ ആ വിവരം കഴിയുന്നതും പൂഴ്താനാണ് ശ്രമിച്ചത്. പലരും അപ്രധാന വാര്‍ത്തകളുടെ കൂട്ടത്തില്‍ അതു പെടുത്തി! ഇതെന്തു മര്യാദയാണ്?
“ലവ് ജിഹാദ് ”വിവാദത്തിലും ഇതു തന്നെ കഥ. ലവ് ജിഹാദ് ഉണ്ട് എന്ന് പൊതു സമൂഹത്തോട് “തെളിവ്” നിരത്തി പ്രഖ്യാപിച്ചവര്‍ പോലീസും കോടതിയും അത് തെറ്റാണെന്ന് പറഞ്ഞപ്പോള്‍ അതേ പ്രധാന്യത്തോടെ പ്രഖ്യാപിയ്ക്കണമായിരുന്നു. കാരണം ആ വിവാദം സാമൂഹ്യ ശരീരത്തിനുണ്ടാക്കിയ മുറിവ് വലുതായിരുന്നു.
രാജ് മോഹന്‍ ഉണ്ണിത്താന്‍ എന്ന അസന്മാര്‍ഗിക “നേതാവിനെ” ജനങ്ങള്‍ പൊക്കിയപ്പോള്‍ ഈ മാധ്യമങ്ങള്‍ അതു മറച്ചുപിടിക്കാന്‍ വൃഥാ ശ്രമിച്ചു. ഏതായാലും അയാളെ കോണ്‍ഗ്രസ് താല്‍ക്കാലികമായി സസ്പെന്‍‌ഡ് ചെയ്തു. ഇപ്പോഴിതാ ഒരു അന്വേഷണ പ്രഹസനത്തിനൊടുവില്‍ അയാള്‍ വീണ്ടും കോണ്‍ഗ്രസില്‍ തിരിച്ചെത്തുകയും തന്റെ വൃത്തികെട്ട നാവുകൊണ്ട് നമ്മെ നോക്കി കൊഞ്ഞനം കുത്താന്‍ തുടങ്ങുകയും ചെയ്തിരിയ്ക്കുന്നു. വലിയ “നിഷ്പക്ഷ “നാട്യമുള്ള ഇന്‍ഡ്യവിഷന്‍ ചാനലില്‍ പത്തുമിനിട്ടോളം അയാളുടെ തെറിയഭിഷേകം  പൊളിട്രിക്സ് എന്ന വിളിപ്പേരിട്ട് കാണിച്ചു. കാള്‍ മാര്‍ക്സ് തന്റെ വേലക്കാരിയെ വരെ വ്യഭിചാരം ചെയ്തെന്നും, ലെനിന്‍ വ്യഭിചാരത്തിനു പോയി സിഫിലിസ് പിടിച്ചാണ് മരിച്ചതെന്നും, മാവോയ്ക്ക് എത്ര ഭാര്യമാരുണ്ടെന്നോ മക്കളുണ്ടെന്നോ ചൈനക്കാര്‍ക്ക് എണ്ണിത്തീര്‍ക്കാന്‍ കഴിഞ്ഞില്ലെന്നുമുള്ള ഇയാളുടെ പ്രഭാഷണങ്ങളാണ് ആ പരിപാടിയിലൂടെ വിളമ്പിക്കാണിച്ചത്! (ഉണ്ണിത്താനതു പറയാം, കാരണം ഇവരൊക്കെ ചെയ്തതേ താനും ചെയ്തുള്ളൂ എന്നാണല്ലോ പുള്ളിയുടെ ന്യായം. എന്നാല്‍ ഒരു വാര്‍ത്താചാനലിന് ഇതുമുഴുവന്‍ നാട്ടുകാരെ കേള്‍പ്പിക്കാന്‍ എന്തു ബാധ്യതയാണുള്ളത്?)
കോണ്‍ഗ്രസില്‍ എത്രയോ നല്ലവരായ നേതാക്കള്‍ ഇനിയുമവശേഷിയ്ക്കുന്നുണ്ട്. ആന്റണിയും സുധീരനും വയലാര്‍ രവിയും എന്തിനു ഉമ്മന്‍ ചാണ്ടി പോലും കോണ്‍ഗ്രസ് രാഷ്ട്രീയത്തിന്റെ നല്ല മുഖങ്ങളാണ്. അവരുടെ വിമര്‍ശനങ്ങള്‍ക്ക് ഇടം കൊടുക്കുന്നത് നമുക്ക് അംഗീകരിയ്ക്കാം, എന്നാല്‍ ഇത്തരം പുഴുത്തുനാറിയ ശവങ്ങളെ എഴുന്നെള്ളിയ്ക്കുന്ന മാധ്യമങ്ങളുടെ യഥാര്‍ത്ഥ ലക്ഷ്യമെന്താണ്?
കേരളത്തിന്റെ, ചോദ്യം ചെയ്യാനുള്ള മനസ്സിനെ പ്രതിരോധ ശേഷിയെ പതുക്കെ പതുക്കെ നശിപ്പിയ്ക്കുക. ആശയങ്ങളുടെയും ആദര്‍ശങ്ങളുടേയും സംഘടിത പ്രസ്ഥാനങ്ങളെ തകര്‍ക്കുക. എല്ലാവരും കണക്കെന്ന അവസ്ഥയിലേയ്ക്ക് പൊതുജന മനസ്സിനെ എത്തിയ്ക്കുക. ഇത്തരം അവസ്ഥയില്‍ മാധ്യമങ്ങള്‍ സൃഷ്ടിയ്ക്കുന്ന കൃത്രിമ അവബോധം ജനങ്ങളില്‍ അടിച്ചേല്‍പ്പിയ്ക്കാനാവും.
ഇപ്പോള്‍ നമ്മുടെ ടെലിവിഷനുകളില്‍ പ്രക്ഷേപണ, ചെയ്യുന്ന ചില (പരസ്യ)പരിപാടികളുണ്ട്. ചില ഏലസ്സുകളും യന്ത്രങ്ങളും ധരിച്ചാല്‍ നമ്മുടെ എല്ലാ പ്രശ്നങ്ങളും അതോടെ തീരുമത്രെ! കഴിഞ്ഞ ദിവസം ഏഷ്യാനറ്റിലെ ഒരു പരിപാടി കണ്ടു. ഒരു യുവതി (ഏതോ വിദഗ്ധയാണത്രേ!) നമ്മുടെ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടാന്‍ ഒരു മാര്‍ഗം നിര്‍ദ്ദേശിയ്ക്കുന്നു. നമ്മുടെ ആഗ്രഹം എന്താണെന്നു വച്ചാല്‍ അത് ഒരു വെള്ളകടലാ‍സില്‍ എഴുതുക. കൂടെ എന്തെങ്കിലും മതചിഹ്നങ്ങള്‍ കൂടി രേഖപ്പെടുത്തുക. എന്നിട്ട് വെറുതെ മടക്കി വച്ചാല്‍ മതി. ആ കാര്യം നടന്നിരിയ്ക്കും!!! (ഉദാ: കുട്ടിയുണ്ടാവുക, ജോലി ലഭിയ്ക്കുക..). അവര്‍ അനുഭവസ്ഥ കൂടിയാണത്രേ. പിന്നെ ഒരു “വാസ്തു വിദഗ്ധ”ന്റെ പരിപാടി കണ്ടു. കത്തുകള്‍ക്ക് മറുപടി. ഒരാള്‍ക്ക് വലിയ സാമ്പത്തിക പ്രശ്നങ്ങള്‍ . പ്രിഹാരം വേണം. വിദഗ്ധന്റെ ഉപദേശം ഇതാണ്. വടക്കുവശത്തെ വാട്ടര്‍ ടാങ്ക് കിഴക്കു വശത്താക്കുക. അതോടെ എല്ലാം പരിഹരിയ്ക്കപ്പെടും! ജാതിവെറിയും മതവെറിയും കൂടുതല്‍ ശക്തമായി തിരിച്ചു വരുകയാണ്. ഗൌരവമായ വായന, കലാപ്രവര്‍ത്തനങ്ങള്‍ എല്ലാം മരിക്കുന്നു. റിയാലിറ്റി ഷോയിലെ ആട്ടവും പാട്ടുമാണിന്ന് കലാപ്രവര്‍ത്തനം. സീരിയല്‍ കണ്ണീര്‍ കണ്ടു മടുത്തവര്‍ ഇപ്പോള്‍ എലിമിനേഷന്‍ കണ്ണീര്‍ കണ്ടാണ് ദാഹമടക്കുന്നത്. (ആദ്യത്തേത് ഗ്ലിസറിനെങ്കില്‍ രണ്ടാമത്തേത് റിയാലിറ്റി ആണ്). ഗതികിട്ടാപ്രേതങ്ങളായി നടന്നവനൊക്കെ ജഡ്ജെസെന്ന പേരില്‍ , ടി.വി.യില്‍ വന്ന് നമ്മളോട് “സംഗതി” പോരെന്നു പറയുന്നു. ഇതെവിടെ ചെന്നവസാനിയ്ക്കും?
ഞാന്‍ പണ്ട് “ഫാന്റ”ത്തിന്റെ ഒരു ചിത്രകഥ വായിച്ചിട്ടുണ്ട്. “ടിം‌പനിയിലെ ചെണ്ടകള്‍ “. ഒരു ഗോത്രവര്‍ഗക്കാരന്‍ തന്റെ അത്ഭുതചെണ്ടകൊണ്ട് ഒരു സമൂഹത്തെ ആകര്‍ഷിച്ച് മയക്കി തമ്മിലടിപ്പിച്ച് മേധാവിത്വം പിടിച്ചെടുക്കുന്നതാണ് അതിലെ കഥ.അവസാനം ഫാന്റം അയാളുടെ കഥ കഴിച്ചാണ് ജനങ്ങളെ രക്ഷിയ്ക്കുന്നത്. ഇത്തരം “ടിം‌പനി ചെണ്ട“കളായിരിയ്ക്കുന്നു കേരളത്തിലെ മാധ്യമങ്ങള്‍ . നാമിനി ഒരു ഫാന്റത്തെ കാത്തിരിയ്ക്കണോ ഇവറ്റകളില്‍ നിന്നു രക്ഷ നേടാന്‍ ?
വാല്‍ക്കഷണം: റിമോട്ടെന്ന ആയുധം ബുദ്ധിപൂര്‍വം ഉപയോഗിയ്ക്കാന്‍ നാം പഠിക്കേണ്ടിയിരിയ്ക്കുന്നു; കുറഞ്ഞപക്ഷം ഒരു ഫാന്റം എത്തും വരെയെങ്കിലും.

Monday 19 April 2010

ട്വിറ്റെറും ഐ.പി.എല്ലും പിന്നെ സുനന്ദയും!

അങ്ങനെ അവസാനം ശശി തരൂര്‍ ഔട്ടായി. ക്ലീന്‍ ബൌള്‍ഡ് !  കോണ്‍ഗ്രസ് രാഷ്ട്രീയത്തെ അല്പം പോലും ഇഷ്ടമില്ലാത്ത ഒരാളാണ് ഞാന്‍ . I.P.L എന്ന “ഗ്ലോറിഫൈഡ് ഗാംബ്ലിങ്ങി”നെ അതിലേറെ വെറുക്കുന്ന ഒരാള്‍ . കേരളത്തിലേയ്ക്ക് ഒരു ടീമിനെ സംഘടിപ്പിച്ചത് ഒരു നേട്ടമായി ഞാന്‍ കാണുന്നേയില്ല. കോടികളുടെ ഈ ചൂതാട്ടം നമ്മുടെ സാമൂഹ്യശരീരത്തെ നശിപ്പിയ്ക്കും എന്ന കാര്യത്തിലും എനിയ്ക്ക് സംശയമില്ല.
ഇതൊക്കെയാണെങ്കിലും ശശി തരൂരിനെ എനിക്കിഷ്ടമായിരുന്നു; ബഹുമാനമായിരുന്നു. ഒരു ആഗോളമലയാളി എന്ന നിലയില്‍ . വൈജ്ഞാനിക രംഗത്തെ ഉന്നതന്‍ എന്ന നിലയില്‍ , ഐക്യരാഷ്ട്രസഭയിലെ മലയാളി സാന്നിധ്യംഎന്ന നിലയില്‍ . അദ്ദേഹം സെക്രട്ടറി ജനറല്‍ സ്ഥാനത്തേയ്ക്ക് മത്സരിച്ചപ്പോള്‍ വിജയിക്കേണമേയെന്ന്  ഏതൊരു ഇന്ത്യാക്കാരനെയും പോലെ ഞാനും കൊതിച്ചിരുന്നു. തിരുവനന്തപുരത്ത് ലോകസഭയിലേയ്ക്ക് മത്സരിച്ചപ്പോള്‍ ഞാനൊരു കോണ്‍ഗ്രസ്‌കാരനല്ലാഞ്ഞിട്ടും, അദ്ദേഹം ജയിക്കണമെന്നായിരുന്നു ആഗ്രഹം, അദ്ദേഹത്തെ ക്യാബിനറ്റ് മന്ത്രിയാക്കുമെന്നായിരുന്നു എന്റെ വിചാരം.എന്നാലും സഹമന്ത്രിയായി.
അദ്ദേഹത്തിന്റെ കന്നുകാലിക്ലാസ് പ്രയോഗം അക്ഷരാര്‍ത്ഥത്തില്‍ ശരിയാണെന്ന്, ഇന്ത്യന്‍ വിമാനങ്ങളില്‍ ഗള്‍ഫില്‍ നിന്നും യാത്രചെയ്തിട്ടുള്ള ഏതൊരാളും സമ്മതിയ്ക്കും. (ഞാന്‍ നൂറുവട്ടം സമ്മതിയ്ക്കും.) ഗാന്ധിജയന്തി ദിനത്തില്‍ ജോലിചെയ്ത് ആദരം പ്രകടിപ്പിക്കണമെന്ന പരാമര്‍ശവും തെറ്റെന്ന് ഞാന്‍ പറയില്ല. ഇന്ത്യ-പാക് തര്‍ക്കം പരിഹരിയ്ക്കാന്‍ സൌദിയുടെ മധ്യസ്ഥത എന്ന നിര്‍ദേശം യാഥാര്‍ത്ഥ്യബോധമുള്ളതായിരുന്നു എന്നാണ് എന്റെ അഭിപ്രായം. പാകിസ്ഥാനിലെ തീവ്രവാദത്തിന് സാമ്പത്തികമായും ആശയപരമായും ഊര്‍ജം ലഭിയ്ക്കുന്നത് സൌദിയില്‍ നിന്നാണ് എന്നത് യാഥാര്‍ത്ഥ്യം മാത്രമാണ്. പക്ഷെ ഇതൊന്നും ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വിലപ്പോകില്ലെന്ന് അദ്ദേഹം മനസ്സിലാക്കേണ്ടതായിരുന്നു.
 അദ്ദേഹത്തിന്റെ പരിചയസമ്പന്നതയും കഴിവുകളും (അമേരിയ്ക്കയില്‍ നിന്നും ഇരട്ട പി.ജി., 22-ആം വയസ്സില്‍ ഡോക്ടറേറ്റ്) നമ്മുടെ രാജ്യത്തിന് ഒരു മുതല്‍കൂട്ടായിരിയ്ക്കും എന്നായിരുന്നു മറ്റു പലരെയുമെന്നപോലെ ഞാനും പ്രതീക്ഷിച്ചത്.എന്നാല്‍ അദ്ദേഹം 50,000 രൂപ ദിവസവാടകയുള്ള ഹോട്ടല്‍ മുറിയിലാണ് താമസമെന്ന വാര്‍ത്ത എന്നെ അമ്പരപ്പിയ്ക്കുന്നതായിരുന്നു. അദ്ദേഹത്തിനു ധാരാളം പണമുണ്ടായിരിയ്ക്കാം. എങ്കിലും ഈ ദരിദ്രരാ‍ജ്യത്തെ ഒരു മന്ത്രിയായിരിയ്ക്കുമ്പോള്‍ അതു ശരിയല്ല. തുടര്‍ന്നു വന്ന IPL വിവാദം അദ്ദേഹത്തിന്മേലുള്ള പ്രതീക്ഷയുടെ ശവമഞ്ചത്തിന്മെലുള്ള അവസാന ആണിയുമടിയ്ക്കുന്നതായിരുന്നു. ആ കാശ്മീരി “യുവതി(!!!)“ സുനന്ദയുമായുള്ള ബന്ധമൊക്കെ സ്വകാര്യമെന്നു വാദിയ്ക്കാമെങ്കിലും ഈ രാജ്യത്തെ ഒരു മന്ത്രിയ്ക്കു ചേരുന്ന പണിയായില്ല. അതും പോട്ടെ, കേരള ടീമിന്റെ പിന്നാമ്പുറത്ത് ഇവരുടെയൊക്കെ താല്പര്യസംരക്ഷണമാണ് നടന്നതെന്ന് മനസ്സിലാക്കുമ്പോള്‍ , ഇദ്ദേഹം ശരിയ്ക്കും കോണ്‍ഗ്രസുകാരനായോ എന്നോര്‍ത്ത് അമ്പരക്കുകയല്ലാതെ എന്തു ചെയ്യാന്‍‌‌‌ ? (ഇക്കാര്യത്തില്‍ ടി.വി.ആര്‍ .ഷേണായി മാതൃഭൂമിയിലെഴുതിയ ലേഖനം പ്രസക്തമാണ്. ഷേണായി ലളിത് മോഡിയെ വെള്ള പൂശാന്‍ ശ്രമിയ്ക്കുന്നുവെന്നത് വേറെ കാര്യം)
ഇദ്ദേഹം ഇപ്പോഴും അമേരിയ്ക്കന്‍ ഹാങ്ങോവറില്‍ നിന്നും മുക്തനായിട്ടില്ല. തരൂരദ്ദേഹത്തിന്റെ ഇത്രയും കാലത്തെ മന്ത്രിയുദ്യോഗം കൊണ്ട് ആകെ രക്ഷപെട്ടത് “ട്വിറ്റര്‍ “ മാത്രമാണ്. ഈയുള്ളവന്‍ ആദ്യമൊക്കെ ട്വിറ്ററിനെ തീരെ മൈന്‍‌ഡ്ചെയ്യുകയേയില്ലായിരുന്നു.(എന്നു പറഞ്ഞാന്‍ ഈ കുന്ത്രാണ്ടം കൊണ്ടുള്ള ഉപയോഗം അറിയില്ലായിരുന്നു എന്നു ചുരുക്കം). തരൂരദ്ദേഹം “ചിലയ്ക്കാന്‍‌ “ തുടങ്ങിയതോടെയാണ് ഇവിടെ ട്വിറ്റര്‍ രക്ഷപെട്ടത്.  ഇദ്ദേഹത്തിന്റെ ഇപ്പോഴത്തെ പതനത്തില്‍ ഏറ്റവും ദു:ഖിയ്ക്കുന്നതും ട്വിറ്റര്‍ തന്നെ ആയിരിയ്ക്കുമെന്നുള്ളതില്‍ ആര്‍ക്കാണു സംശയം?
വാല്‍ക്കഷണം: ശശിതരൂരിനെപ്പോലുള്ള ഒരു ജീനിയസ് ഇവിടെ "O" വട്ടത്തില്‍ കിടന്ന് തന്റെ പ്രതിഭ നഷ്ടപ്പെടുത്തരുത്. ജനത്തെ സേവിയ്ക്കാന്‍ ഇവിടെ പരമ്പരാഗത രാഷ്ട്രീയക്കാരുണ്ട്. അദ്ദേഹം തനിയ്ക്കു ചേരാത്ത ഈ വേഷം അഴിച്ച് വച്ച് തന്റെ സര്‍ഗവൈഭവം കൊണ്ട് മലയാളിയെ അഭിമാനിതരാക്കൂ, (അപമാനിതരല്ല).

Saturday 17 April 2010

ബാക്കി ചോദിച്ചാല്‍ മുഖത്ത് കിട്ടും!

ഇന്നലെ ഒരു ചാനലില്‍ കണ്ടതും ഇന്നത്തെ പത്രത്തില്‍ കണ്ടതുമായ ഒരു വാര്‍ത്തയാണ് ഇത്. ബാക്കിചോദിച്ചതിന് കണ്ടക്ടര്‍ സ്ത്രീയുടെ മുഖത്തടിച്ചു! ഇതാണ് ഇന്നത്തെ കേരളം. ഒരു സ്ത്രീയാത്രക്കാരി തികച്ചും തന്റെ അര്‍ഹതപ്പെട്ട ബാക്കി തുക ചൊദിച്ചതിന് കിട്ടിയത് മുഖത്ത്! ചാനലില്‍ ആ സ്ത്രീയെ കാണിയ്ക്കുകയുണ്ടായി. തികച്ചും നാട്ടിന്‍‌പുറത്തുകാരി. സാധാരണക്കാരി. അതായിരിയ്ക്കും കണ്ടക്ടറേമാന്‍ അത്ര ധൈര്യപൂര്‍വം “കൈകാര്യം” ചെയ്തുകളയാമെന്നു വച്ചത്. തന്റെ കിട്ടാനുള്ളതുകയേക്കാള്‍ പൊതു ജനമധ്യത്തില്‍ വച്ച് അന്യപുരുഷന്റെ-അതും തികച്ചും അന്യായമായി- മര്‍ദ്ദനമേല്‍ക്കേണ്ടി വരുക എന്നത് ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം  വളരെ ഭീകരമായ ഒരു അനുഭവമാണ്.  കൈക്രിയ കഴിഞ്ഞപാടെ ആശാന്‍ ഓടിക്കളഞ്ഞു.അതോടോപ്പം ചേര്‍ത്തു വായിക്കേണ്ടതാണ് ആ ബസിലെ ഡ്രൈവറുടെ പ്രതികരണം. കണ്ടക്ടറുടെ പേര്‍ അദ്ദേഹത്തിന് അറിയില്ല പോലും! അദ്ദേഹം അറിയാതെ എപ്പോഴോ വന്നു കയറിയ ആരോ ഒരാളാണെന്നു തോന്നുന്നു കണ്ട്രാവി! (ഏതായാലും പുള്ളി ഈ ബസിലെ സ്ഥിരം കണ്ടക്ടര്‍ തന്നെയെന്നു പിന്നീട് തെളിഞ്ഞു)
പ്രൈവറ്റ് ബസുകളിലെ ജീവനക്കാര്‍ പൊതുജനങ്ങളുമായി നിത്യവും ഇടപഴകുന്നവരാണ്. ബഹുഭൂരിപക്ഷവും തികച്ചും മാന്യരും തൊഴിലിനോടു നീതിപുലര്‍ത്തുന്നവരുമാണ്. എന്നാല്‍ മുതലാളിയുടെ പ്രത്യേകതാല്പര്യാര്‍ത്ഥം നിയമിതരാവുന്ന ഒരു വിഭാഗമുണ്ട്. തികഞ്ഞ ക്രിമിനലുകള്‍ . ഡോര്‍ചെക്കര്‍ , കിളി, ക്ലീനര്‍ എന്നൊക്കെ അറിയപ്പെടുന്നവരില്‍ നല്ലൊരു പങ്ക് ഇത്തരം ആള്‍ക്കാരാണ്. വഴിയില്‍ നിന്നും യാത്രക്കാരെ കോരിയകത്തിടുകയും സ്റ്റോപ്പുകളില്‍ കഴുത്തിനുപിടിച്ച് വെളിയില്‍ തള്ളുകയുമാണ് ഇവരുടെ  ജോലി. മുന്‍‌ഡോര്‍ ചെക്കര്‍ക്ക് സ്ത്ര്രീകളെ “കൈകാര്യം“ ചെയ്യലാവും ഹോബി.(മലബാറിലെ ബസുകളില്‍ ഈയൊരു വിഭാഗം ഇല്ല. അവിടെ പുറകില്‍ മാത്രമേ കിളിയുള്ളൂ ). മുതലാളിയ്ക്കു വേണ്ടി അത്യാവശ്യം ഗുണ്ടാപ്പണിയെടുക്കാനാണ് ഇവരെ നിയമിയ്ക്കുന്നത്. പൊതുവെ വിദ്യാഭ്യാസമോ യാതൊരു പരിശീലനമോ ഇല്ലാതെയാണ് ഇവരെ പൊതുസമൂഹത്തിലേയ്ക്കിറക്കി വിടുന്നത്. വിദ്യാര്‍ത്ഥികളാണ് ഇവരുടെ മുഖ്യശത്രു. കൊച്ചുകുട്ടികളോട് ഇവരുടെ പെരുമാറ്റം കണ്ടാല്‍ ഒരാളും സഹിയ്ക്കില്ല. ബസുയാത്രക്കിടയില്‍ എനിയ്ക്ക് ഈ കാഴ്ച കണ്ട് കൈതരിച്ചിട്ടുണ്ട്.(അപ്പോള്‍ ഇവരുടെ മനുഷ്യാവകാശത്തെക്കുറിച്ചൊന്നും തീരെ ഓര്‍മ വരില്ല). നമ്മുടെ സമൂഹത്തിലെ ജീര്‍ണതയുടെ പ്രതിഫലനം തന്നെയാണ് ഈ വിഭാഗം തൊഴിലാളികളിലും സംഭവിച്ചിരിയ്ക്കുന്നത്.
എവിടെയാണ് നമ്മുടെ സമൂഹം എത്തിനില്‍ക്കുന്നത്? നമ്മുടെ സ്ത്രീകള്‍ പൊതു സമൂഹത്തില്‍ എത്രമാത്രം സുരക്ഷിതരാണ്?
അസംഖ്യം മൊബൈല്‍ ക്യാമറകള്‍ എവിടെയൊക്കെയോ മറഞ്ഞിരുന്ന് ആര്‍ത്തിയോടെ തിരയുകയാണ്, സ്ത്രീയുടെ അനാവൃതമാകുന്ന ശരീരഭാഗങ്ങളെ. മിനിസ്കര്‍ട്ടുമിട്ട് ബസില്‍ കയറുന്ന സ്കൂള്‍ വിദ്യാര്‍ത്ഥിനികളുടെ അനാവൃതമാകുന്ന കാലുകളുടെ ചിത്രം മൊബൈലില്‍ പകര്‍ത്തിയ ഒരു ക്ലീനറെ കൈയോടെ പിടിച്ച കാര്യം ഒരു വനിത ടി.വി. ചര്‍ച്ചയില്‍ പറയുകയുണ്ടായി. എന്താണ് ആ ഒരു ചിത്രത്തിലൂടെ ഇവര്‍ നേടുന്ന ദര്‍ശനസുഖം? ഒരു സ്ത്രീയുടെ പൂര്‍ണമോ അര്‍ദ്ധനഗ്നമോ ആയ ചിത്രം ആസ്വദിയ്ക്കുന്നയാളുടെ മാനസികാവസ്ഥ മനസ്സിലാക്കാം. എന്നാല്‍ ഇത്തരം ഒരു ചിത്രത്തിലൂടെ ഇവര്‍ക്ക് “സുഖം” ലഭിയ്ക്കുമെങ്കില്‍ നമ്മുടെ സമൂഹമനസ്സ് ഗുരുതരമായ ഞരമ്പുരോഗത്തിലേയ്ക്ക് കൂപ്പുകുത്തുകയാണ്. സ്കൂളില്‍ പോലും ടീച്ചര്‍മാര്‍ സാരി ഉടുക്കാന്‍ ഭയപ്പെടുന്നു. കൈയല്പം ഉയര്‍ന്നാല്‍ വയറല്പം പുറത്തുകണ്ടാല്‍ അതൊരു പക്ഷേ മൊബൈലില്‍ റിക്കാര്‍ഡ് ചെയ്യപ്പെട്ടിട്ടുണ്ടാവും! അനുദിനമെന്നോണം വര്‍ദ്ധിച്ചുവരുന്ന പാന്‍പരാഗ്, ഹാന്‍സ്, മദ്യം, മറ്റു മയക്കുമരുന്നുകള്‍ ഇവയുടെ ഉപയോഗം യുവാക്കളെയും കുട്ടികളെയും തെറ്റിന്റെ ലോകത്തേയ്ക്കാണ് നയിയ്ക്കുന്നത്.
ഇതിനൊരു മറുവശവും ഉണ്ട്. ഇന്ന് സ്ത്രീകളുടെ വസ്ത്രധാരണ ശൈലിയില്‍ വന്ന മാറ്റങ്ങള്‍ ഒട്ടും ആശാവഹമല്ല. പണ്ടൊക്കെ ഉദരം, പൊക്കിള്‍ എന്നിവ കഴിയുന്നതും മറച്ചാണ് സാരി പോലുള്ള വസ്ത്രങ്ങള്‍ ധരിച്ചിരുന്നത്. ഇന്നത് നേരെ തിരിച്ചായി. എത്രമാത്രം വെളിയില്‍ കാണിക്കാമോ അത്രയും കാണിയ്ക്കും! ജീന്‍സും ടോപ്പുമായാലും അങ്ങനെതന്നെ. ഇതോടൊപ്പം ഒരു വൈകൃതമാണ് യുവാക്കളുടെ ‘ലോ വെയിസ്റ്റ് ജീന്‍സ്”. വിദേശത്ത് അത് ഇറങ്ങി ഇറങ്ങി അടി വസ്ത്രം പൂര്‍ണമായും വെളിയിലായിക്കഴിഞ്ഞു. ഇതിനെതിരെ ഒരു അമേരിക്കന്‍ സെനറ്റര്‍ തന്നെ രംഗത്തിറങ്ങിയിട്ടുണ്ട്. വസ്ത്രധാരണത്തിലെ മാന്യതയില്ലായ്മ വ്യക്തിയെക്കുറിച്ച് അവമതിപ്പാണുണ്ടാക്കുക. ഒപ്പം തെറ്റായ (അല്ലെങ്കില്‍ “ശരിയായ”) ധാരണയുമുണ്ടാക്കും.
ഇങ്ങനെ പ്രദര്‍ശിപ്പിയ്ക്കുന്ന ഒരുവളോട് “അങ്ങനെ” പെരുമാറിയാലും കുഴപ്പമില്ല എന്ന്  കരുതുന്നവരുമുണ്ടാകും.
നമ്മുടെ സമൂഹത്തിലെ ഈ ദുഷ്പ്രവണതകള്‍ക്ക് വളം വച്ച് കൊടുക്കുന്നത് ചാനലുകളാണെന്നതില്‍ യാതൊരു സംശയവുമില്ല. ഇവര്‍ കാണിക്കുന്ന ഓരോ പരിപാടികളെക്കുറിച്ചും ഞാന്‍ പറയാതെ തന്നെ നിങ്ങള്‍ക്കറിയാം. ചില അപ്പനമ്മമാര്‍ക്ക് പെണ്മക്കള്‍ എങ്ങനെ വേഷം കെട്ടിയാലും “ഫേയ്മസ്” ആയാല്‍ മതി എന്ന വിചാരമാണ്. ഇതൊക്കെ എന്തു സന്ദേശമാണ് സമൂഹത്തിനു നല്‍കുന്നത്? സ്ത്രീയുടെ സമൂഹത്തിലെ വില ഇടിയ്ക്കുന്നതിന് ഇക്കാരണങ്ങള്‍ ഒരു പ്രധാനപങ്ക് വഹിയ്ക്കുന്നുണ്ട് എന്നു ഞാന്‍ കരുതുന്നു.
മൊബൈല്‍ , ചാനലുകള്‍ ഇവ ഇരു ഭാഗത്തു നിന്നും നമ്മുടെ സമൂഹത്തെ അര്‍ബുദം പോലെ കാര്‍ന്നു തിന്നുകൊണ്ടിരിയ്ക്കുകയാണ്. അവയുടെ പരിണിതഫലങ്ങളാണ് നാമിന്നു കാണുന്നത്. ഒരു അപകടം ഉണ്ടായാല്‍ , അപകടത്തില്‍ പെട്ടവരെ ആശുപത്രിയിലെത്തിയ്ക്കുന്നതിനു പകരം, ആ മരണപിടച്ചില്‍ മൊബൈലില്‍ പകര്‍ത്തുന്നവരുടെ മനോനില എന്താണ്? വെള്ളത്തില്‍ മുങ്ങിമരിച്ച പെണ്‍കുട്ടിയുടെ നനഞ്ഞൊട്ടിയ ജഡത്തിന്റെ ചിത്രം കളറില്‍ മുന്‍‌പേജില്‍ കൊടുക്കുന്ന പത്രം എന്തു സംസ്കാരമാണ് പ്രചരിപ്പിയ്ക്കുന്നത്? കൌതുകക്കാഴ്ചകളെന്ന പേരില്‍ നഗ്നത പ്രദര്‍ശിപ്പിയ്ക്കുന്ന ചാനല്‍  ഈ സമൂഹത്തിനെന്തു നന്മയാണ് നല്‍കുന്നത്?
ചുരുക്കത്തില്‍ നന്മയില്‍ നിന്നും മര്യാദയില്‍ നിന്നും അനുനിമിഷം അകന്നുപൊയ്ക്കൊണ്ടിരിയ്ക്കുന്ന ഒരു സമൂഹത്തിലാണ് നാം ജീവിയ്ക്കുന്നത്. കള്ളന്റെയും കൊലപാതകിയുടേയും  ക്വൊട്ടേഷന്‍‌കാരുടേയും  “മനുഷ്യാവകാശ”ങ്ങള്‍ക്ക് വേണ്ടി വാദിയ്ക്കാന്‍ ആളുണ്ട്. അവരുടെ ക്രൂരതയെയും സാമൂഹ്യവിരുദ്ധതയും സഹതാപമര്‍ഹിയ്ക്കുന്ന മനോവൈകല്യമാണുപോല്‍ !
  ഒരു  പാവം സ്ത്രീയെ അനാവശ്യമായി മര്‍ദ്ദിച്ചപമാനിച്ചവന് കൊടുക്കേണ്ടത് മനോരോഗ ചികിത്സയാണോ അതോകൈനിവര്‍ത്തി, കരണം പുകയ്ക്കുന്ന നല്ല അടി ചികിത്സയാണോ? നിങ്ങള്‍ പറയൂ..

Thursday 15 April 2010

വിഷുപ്പക്ഷിയുടെ തേങ്ങല്‍

ങ്ങനെ വീണ്ടുമൊരു വിഷുക്കാലം കൂടി എത്തി. ചാനലുകളില്‍ കണിക്കൊന്ന പൂത്തു. പണ്ടൊക്കെ കണിവയ്ക്കാന്‍ പൂക്കളും ഫലങ്ങളും കൊന്നപ്പൂവും തേടി നടക്കണമായിരുന്നു. ഇന്നതിന്റെ ആവശ്യമൊന്നുമില്ല. രാവിലെ ഉറക്കത്തില്‍ നിന്നും കണ്ണുപൂട്ടി എഴുനേറ്റ് നേരെ ടി.വി. ഓണ്‍ ചെയ്യുക. ഒന്നാന്തരം ട്രഡീഷണല്‍ കണി റെഡി.  രാവിലെ തന്നെ സുന്ദരിമാരും സുന്ദരന്മാരും അണിഞ്ഞൊരുങ്ങി അവരുടെ വിഷു വിശേഷങ്ങള്‍ പങ്കു വയ്ക്കുന്നു. കട്ടന്‍ ചായ ഊതിക്കുടിച്ച്കൊണ്ട് കട്ടിലില്‍ ചടഞ്ഞിരുന്ന് ഈയുള്ളവന്‍ ടി.വിയില്‍ വിഷുക്കണി കണ്ടു. മൊബൈലില്‍ നാട്ടില്‍ നിന്നും സുഹൃത്തിന്റെ വിഷുആശംസകള്‍ മെസേജായി എത്തി. മോനേയും മോളേയും വിളിച്ച് വിഷു ആശംസകള്‍ അറിയിച്ചു. പ്രിയതമയുടെ വിരഹത്തില്‍ പൊതിഞ്ഞ പരിഭവം. കഴിഞ്ഞു വിഷുവാഘോഷം.
എന്റെ കുട്ടിക്കാലം കഷ്ടപ്പാടിന്റേതായിരുന്നു. ചെറുപ്പത്തിലേ തിരുവിതാംകൂറില്‍ നിന്നും മലബാറില്‍ കുടിയേറിയ കുടുംബം. എന്നാല്‍ പഠന സൌകര്യത്തിനായി ഞാന്‍ നാട്ടില്‍ , മീനച്ചിലാറിന്റെ കരയില്‍ അമ്മവീട്ടില്‍നിന്നാണ് പഠിച്ചത്. അഞ്ചാംക്ലാസുമുതല്‍ പ്രീഡിഗ്രി വരെ വളരെ നീണ്ട “പ്രവാസം”. വലിയൊരു(അംഗ സംഖ്യയേറിയ) കുടുംബമായിരുന്നു എന്റെ അമ്മവീട്. നാമമാത്ര കൃഷിയും പശുവളര്‍ത്തലുമാണ് വരുമാനം. കൂടുതല്‍ സ്ത്രീജനസംഖ്യ . അവിടെ ഒരു മൂലയില്‍ ഈ ഞാനും കൂടി. മുഖ്യഭക്ഷണം കഞ്ഞിയും ചോറും. വളരെ അപൂര്‍വമായി പുട്ട് അഥവാ പിട്ട് ഉണ്ടാക്കും. ദോശ, ഇഡ്ഡലി, ചപ്പാത്തി ഇവയൊന്നും എന്റെ ബാല്യ ഓര്‍മ്മയില്‍ വരുന്നേ ഇല്ല.
മാര്‍ച്ചുമാസം പരീക്ഷ കഴിഞ്ഞാല്‍ ഞാന്‍ മലബാറിലേയ്ക്ക് പോകും. പിന്നെ രണ്ടുമാസം അവിടെയാണ്. കണ്ണൂരില്‍  രാവിലെ ട്രയിനിറങ്ങിയാല്‍ എന്റെ നാട്ടിലേയ്ക്ക് ഒരു ബസുണ്ട് നേരിട്ട്. അന്‍പതു കിലോമീറ്ററോളം ദൂരമുള്ള ആലക്കോടിനടുത്താണ് എന്റെ വീട്. മലയോര മേഖല. ആ ബസിലിരിയ്ക്കുമ്പോള്‍ കിട്ടുന്ന ചില മണങ്ങളാണ് എന്റെ ഓര്‍മയിലേയ്ക്കു വരുന്നത്. കണ്ണൂര്‍ ടൌണില്‍ തന്നെ തളാപ്പ് എന്ന ഭാഗത്തേയ്ക്ക് ബസ് തിരിയുമ്പോള്‍ ബീഡിയിലയുടെ ലഹരിപിടിപ്പിയ്ക്കുന്ന ഒരു മണം വരും. ദിനേശ് ബീഡിയുടെ ഗോഡൌണാണവിടെ. പിന്നെ വളപട്ടണം പാലമെത്തുമ്പോള്‍ ചീഞ്ഞമുട്ടയുടെ ആ ഗന്ധമുണ്ടല്ലോ അതാവും കിട്ടുക. അവിടെ ധാരാളം ചകിരി തൊണ്ട് ചീയിയ്ക്കുന്ന സ്ഥലമുണ്ട്.  പലപ്പൊഴും ഉറക്കം തൂങ്ങി തല ബസിന്റെ ജനാലകമ്പിയില്‍ ഇടിയ്ക്കും. അങ്ങനെ ഉണരുമ്പോഴാണ് ഈ മണങ്ങള്‍ കിട്ടുക. തളിപ്പറമ്പ് കഴിഞ്ഞാല്‍ മലയോരമേഖല ആരംഭിയ്ക്കുകയായി ,ഒടുവള്ളി മുതല്‍ . അപ്പോഴാണ് ആ ഹൃദ്യമായ ഗന്ധം ഒഴുകിയെത്തുക. പഴുത്ത കശുമാങ്ങയുടെ സൌരഭ്യം! അതങ്ങിനെ ഒരു ലഹരിയായി മൂക്കിലേയ്ക്കടിച്ചുകയറും. എന്റെ വീടെത്തിയാലും അത് പിന്തുടര്‍ന്നുകൊണ്ടേയിരിയ്ക്കും. അന്ന് എല്ലായിടത്തും കശുമാവാണ് മുഖ്യം. റബറൊക്കെ കുറച്ചേയുള്ളു.എന്റെ വീട്ടുവളപ്പില്‍ തന്നെ മുപ്പത്തഞ്ചോളം കായ്ക്കുന്ന കശുമാവുണ്ടായിരുന്നു. ഒക്കെ തനിയെ വളര്‍ന്നു വന്നത്. മഞ്ഞയും ചുവപ്പും റോസുമൊക്കെ നിറമുള്ള കശുമാങ്ങകള്‍ . ചിലതിന് നല്ല മധുരം. ചിലതിന് ചെറിയ കറചുവയുണ്ടാകും. 
കശുവണ്ടിക്കാലമായാല്‍ എപ്പോഴും പട പടാ ശബ്ദം കേള്‍ക്കാം കശുമാമ്പഴം പൊഴിയുന്നതിന്റെ. തേനീച്ച, പലയിനം വണ്ടുകള്‍ ,അണ്ണാന്‍ , കരിയില പക്ഷി എന്ന ഒരു കൂട്ടം പക്ഷികള്‍ , ഓലേഞ്ഞാലി പക്ഷി ഇവയെല്ലാം പറമ്പാകെ ഒച്ചയിട്ടുകൊണ്ട് പാറി നടക്കും. ഈ കാലം അവരുടേതുകൂടിയാണല്ലോ!
 വിഷുക്കാലം പൊതുവേ സമൃദ്ധിയിടേതാണ്.കാരണം എല്ലാ വീട്ടിലും കുറേശ്ശെ കശുവണ്ടിയുണ്ടാകും.
 വെറുതെ പെറുക്കിയെടുക്കുകയല്ലാതെ മറ്റൊരു അധ്വാനവും അവയ്ക്കാവശ്യമില്ല.
എന്റെ ഈ വെക്കേഷന്‍ കാലമാണ് അന്നത്തെ ആകെയുള്ള ഒരു സന്തോഷക്കാലം. ഇവിടെ വന്നാല്‍ എനിയ്ക്ക് ചില ഉറ്റ ചങ്ങാതിമാരുണ്ട്. അതിലേറ്റവും പ്രധാനിയാണ്  സിബിച്ചന്‍ . ഇടയ്ക്കിടെ ഞങ്ങള്‍ ഒരു സഞ്ചിയില്‍ കുറച്ച് കശുവണ്ടിയുമായി ആലക്കോടിനു പോകും. ലക്ഷ്യങ്ങള്‍ രണ്ടാണ്. ഒന്ന് പിള്ളേച്ചന്റെ ചായക്കടയില്‍ നിന്ന് വയറു നിറയെ “സുഖിയന്‍ “ അടിയ്ക്കുക. രണ്ട് മെട്രോ തീയേറ്ററില്‍ കയറി മാറ്റിനി പടം കാണുക. ജയന്റെ പടങ്ങളാണ് അന്ന് ഹരം. ഞങ്ങള്‍ ഏറ്റവും മുന്‍പില്‍ ബഞ്ചിനാണ് ടിക്കറ്റെടുക്കുക. കൂട്ടുകാരന്‍ സിബിച്ചന് ഒരു കുഴപ്പമുണ്ട്. ജയന്‍ ഇടി തുടങ്ങിയാല്‍ അവന്‍ പരിസരം മറക്കും. “അടിയടാ അവനെ”  എന്ന് ആര്‍ത്തു വിളിച്ചുകൊണ്ട് അടുത്തിരിയ്ക്കുന്ന എനിയ്ക്കിട്ട് താങ്ങും. ഇതറിയാവുന്നതുകൊണ്ട്, ജയന്റെ ഇടി വരുമ്പൊഴൊക്കെ ഞാന്‍ സ്ക്രീനില്‍ ശ്രദ്ധിക്കാതെ സിബിച്ചനെ ആണ് ശ്രദ്ധിയ്ക്കുക.
പിന്നെ ആലക്കോട്ട് നിന്ന് ബാലരമ,പൂമ്പാറ്റ, ഫാന്റത്തിന്റെയും മാന്‍ഡ്രേക്കിന്റെയും ചിത്രകഥ എന്നിവ കിട്ടുന്നതുപോലെ മേടിച്ച് മടക്കം.
കശുമാമ്പഴക്കാലത്ത് മുതിര്‍ന്നവരുടെ ഒരു മുഖ്യപരിപാടിയാണ് ചാരായം വാറ്റ്. “റാക്ക് കാച്ചുക” എന്ന് നാടന്‍ പ്രയോഗം. വളരെ നിസ്സാരമായ ഒരു പരിപാടിയാണിത്. കശുമാമ്പഴം പെറുക്കികൂട്ടുക. ഒരു വലിയ ഭരണിയിലോ മറ്റൊ എല്ലാം കൂടി വലിച്ചുകീറി ഇട്ടേക്കുക.ഒരു പിടി നെല്ല് കൂടിയിട്ടാല്‍ ഉഗ്രനായി. നാലോ അഞ്ചോ ദിവസം കഴിയുമ്പോള്‍ ഇവന്‍ നല്ല മൂത്ത് പരുവമായിട്ടുണ്ടാവും. പിന്നെ വാറ്റാനുള്ള പ്രത്യേകപാത്രത്തില്‍ ഒഴിച്ച് വാറ്റും. നല്ല ലഹരിയാണത്രെ ഇതിന്. പക്ഷേ ഒരു കുഴപ്പമുണ്ട്, കുടിച്ചയാള്‍ വിയര്‍ത്താല്‍ ശരിയ്ക്കും കശുമാങ്ങയുടെ മണം വരും! വിഷുവിനും ഈസ്റ്ററിനും ലഹരി പകര്‍ന്നിരുന്നത് ഈ റാക്കാണ്.
എന്റെ വെക്കേഷന്‍ കാലത്ത്  വരുന്ന മുഖ്യ ആഘോഷങ്ങളാണ് വിഷുവും ഈസ്റ്ററും. ഈസ്റ്ററിന് എന്റെ അയലത്തുള്ള ക്രൈസ്തവകുടുംബങ്ങളില്‍ നിന്നും കുരിശപ്പം,വട്ടയപ്പം, പഴം എന്നിങ്ങനെ വിഭവങ്ങളെത്തും. തുടര്‍ന്ന്, വിഷുവിന് ഞങ്ങള്‍ അട, പായസം എന്നിവ നല്‍കും. പലഹാരങ്ങള്‍ ധാരാളം തിന്നാന്‍ കിട്ടുന്നത് ഈയൊരു സമയത്താണ്. 
വിഷുക്കാലത്തെ മറക്കാനാകാത്ത ഒരു സാന്നിധ്യമാണ് വിഷുപ്പക്ഷി. ഞാനിതേ വരെ അതിനെ കണ്ടിട്ടില്ല, ശബ്ദം മാത്രം കേള്‍ക്കാം. “ഞാന്‍ പൊക്കോട്ടെ” “ചക്കയ്ക്കുപ്പുണ്ടോ” “കള്ളന്‍ ചക്കേട്ടു” “കണ്ടാല്‍ മിണ്ടേണ്ട” “വിത്തും കൈക്കോട്ടും” ഇങ്ങനെ ഏതു രീതിയിലും വ്യാഖ്യാനിക്കാം ആ പക്ഷിയുടെ പാട്ടിനെ. അത് ഒരു ദേശാടനക്കിളിയാണെന്നാണ് അറിവ്. എതായാലും ഈയൊരു സീസണില്‍ മാത്രമാണ് അതിന്റെ പാട്ടു കേള്‍ക്കാന്‍ പറ്റുക. (ഈ അടുത്തകാലത്തൊന്നും അതിന്റെ പാട്ട് കേട്ടിട്ടില്ല. അതും കുറ്റിയറ്റോ ആവോ?) വിഷുക്കാലത്ത് എന്റെ അടുത്തുള്ള അരങ്ങം അമ്പലത്തിലെ കണിക്കൊന്ന പൂക്കും. ആള്‍ക്കാര്‍ കണിയൊരുക്കാനായി അതില്‍ നിന്നാണ് പൂക്കള്‍ പറിയ്ക്കുക. ഇപ്പോഴും ആ കൊന്ന അവിടെയുണ്ട്.
 പിന്നെ, ഈ കാലം ചക്ക, മാങ്ങ, ചേന, ചേമ്പ്, കാച്ചില്‍ , കപ്പ ഇവയുടെയെല്ലാം സമയം കൂടിയാണ്. കപ്പ പറിച്ച് വാട്ടിയെടുക്കുക എന്നത് വലിയൊരാഘോഷം തന്നെയാണ്. കുറെ അയല്ക്കാരും കൂടും. എല്ലാവരും നാട്ടുവിശേഷങ്ങള്‍ പറഞ്ഞ് കപ്പ പൊളിക്കലും അരിയലും വാട്ടലും നടത്തും.
എത്രയിനം മാമ്പഴങ്ങള്‍ . മാമ്പഴം പെറുക്കാന്‍ വേണ്ടി വെളുപ്പാന്‍ കാലത്തെഴുനേറ്റ് ഞാന്‍ പോയിട്ടുണ്ട്. വഴിയരുകിലൊരു നാട്ടുമാവുണ്ട്. ചെറിയ മധുരമുള്ള ധാരാളം മാമ്പഴമുണ്ട് അതില്‍ . ഒരു വലിയ തൂക്കുപാത്രം നിറയെ കിട്ടും. ആ മാധുര്യം ഇന്നുമുണ്ട് നാവില്‍ .
വിഷു കഴിയുന്നതോടെ വേനല്‍ മഴയെത്തും. പിന്നെ കപ്പയിടുന്നതിന്റെ തിരക്കാണ്. അപ്പോഴെയ്ക്കും എനിയ്ക്ക് തിരിച്ച് പോവ്വേണ്ട കാലമായിട്ടുണ്ടാവും. മെയ് പകുതിയോടെ ഞാന്‍ മലബാറിനോട് വിട പറയും ഒരു വര്‍ഷം നീളുന്ന പ്രവാസത്തിലേയ്ക്ക്. അതിന്നും എന്നെ വിടാതെ പിന്തുടരുന്നു. ഇവിടെ അറബിക്കടലിക്കരെ ഇരുന്ന് ആ കഴിഞ്ഞ നാളിലെ വിഷു ഓര്‍മ്മകള്‍ അയവിറക്കുമ്പോള്‍ നഷ്ടപ്പെട്ട വിഷുപ്പക്ഷിയുടെ ആ പാട്ട് ഉള്ളിലെവിടെയോ മുഴങ്ങുന്നു, ഒരു നഷ്ട വസന്തത്തിന്റെ തേങ്ങല്‍ പോലെ.

Sunday 11 April 2010

ഒരു മാമ്പഴവും മണ്ണെണ്ണ വിളക്കും-നൊസ്റ്റാള്‍ജിയ.

നമ്മളില്‍ പലര്‍ക്കും ഇന്നലെ നടന്ന കാര്യങ്ങള്‍ ചിലപ്പോള്‍ ഓര്‍മിയ്ക്കാന്‍ കഴിഞ്ഞെന്നു വരില്ല; എന്നാല്‍ ചെറുപ്പത്തിലെ പല കാര്യങ്ങളും നല്ല ഓര്‍മ്മയുണ്ടാകുകയും ചെയ്യും. ഞാന്‍ എന്റെ ഒന്നാം ക്ലാസ്സിലെ ആദ്യ ദിനങ്ങള്‍ ഇപ്പോഴും നന്നായി ഓര്‍ക്കുന്നുണ്ട്. 1974 -ല്‍ ആണ്. കോട്ടയം ജില്ലയിലെ പാലായ്ക്കടുത്തുള്ള കാഞ്ഞിരമറ്റം പള്ളി വക എല്‍ . പി. സ്കൂളിലായിരുന്നു എന്നെ ചേര്‍ത്തത്. ഓടിട്ട, രണ്ടു മുറികളുള്ള ഒരു കെട്ടിടമായിരുന്നു ഞങ്ങളുടേത്. അരമതില്‍ മാത്രം കെട്ടിയത്. കൂടാതെ പരിസരത്തുള്ള മറ്റു കെട്ടിടങ്ങളില്‍ ഏഴാം തരം വരെയുള്ള മറ്റു ക്ലാസുകള്‍ . ഞങ്ങളുടെ ക്ലാസിനു മുന്‍പിലായി ഒരു വലിയ മാവുണ്ടായിരുന്നു. അതില്‍ നല്ല മുഴുത്ത മാമ്പഴങ്ങള്‍ . എന്റെ ക്ലാസിലെ ടീച്ചറെ ഇപ്പോഴും നല്ല ഓര്‍മ്മയുണ്ട്. നല്ല തടിച്ച് ഇരുനിറമുള്ള, മുടിയില്‍ അല്പം നരയുള്ള ത്രേസ്യാമ്മ ടീച്ചര്‍ . (ആ ടീച്ചറെ മാത്രമേ ഞാന്‍ ഇപ്പോഴും നന്നായി ഓര്‍ക്കുന്നുള്ളൂ) ഒരു ദിവസം ക്ലാസ് നടക്കുമ്പോള്‍ മാവില്‍ നിന്നും ഒരു മാമ്പഴം വീണു. ടീച്ചര്‍ ഒരു കുട്ടിയെ വിട്ട് ആ മാമ്പഴം എടുപ്പിച്ചു. ക്ലാസിനോട് ചേര്‍ന്നുള്ള ടാപ്പില്‍ നിന്നും കഴുകി, ഒരു പേനാക്കത്തികൊണ്ട് ചെറുകഷണങ്ങളായി മുറിച്ചു. മുപ്പതോളം പേരുണ്ടെന്നാണ് എന്റെ ഓര്‍മ. എന്തായാലും എല്ലാവര്‍ക്കും ഓരോ കുഞ്ഞിക്കഷണങ്ങള്‍ കിട്ടി. ആ വാത്സല്യം മൂലമായിരിയ്ക്കാം ഇന്നും ഞാനവരെ ഓര്‍ക്കുന്നത്.
ഇന്ന് എന്റെ കുട്ടികളും ഒരു പള്ളിവക സ്കൂളില്‍ പഠിയ്ക്കുന്നു; ഇംഗ്ലീഷ് മീഡിയത്തില്‍ . ഞാന്‍ നാട്ടിലുള്ളപ്പോള്‍ അവരുടെ തിരക്കു കാണാറുണ്ട്. രാവിലെ, യൂണിഫോമിട്ട് കഴുത്തില്‍ ഒരു കുടുക്കുമിട്ട് വലിയ ഭാണ്ഡക്കെട്ടും തോളിലേറ്റി ഓട്ടോ റിക്ഷയില്‍ ഞെരുങ്ങിയിരുന്ന് പോകുന്നു. വൈകിട്ട് അതുപോലെ തിരിച്ചു വരുന്നു. വന്നാല്‍ കുറച്ചു സമയം ടി.വി.യുടെ മുന്നില്‍ . പിന്നെ നോട്ട് ബുക്ക് തുറക്കുകയായി. പകുതി ടി.വി.യിലും പകുതി ബുക്കിലുമായി എട്ടുമണിവരെ. അടുത്ത ദിവസവും ഇതു തന്നെ പരിപാടി.അവര്‍ക്ക് അവരുടെ മിസ്സുമാരുമായി മേല്‍‌പ്പറഞ്ഞപോലൊരു ബന്ധമൊന്നും ഉള്ളതായി എനിയ്ക്കു തോന്നിയിട്ടില്ല. ഇന്ന് എല്ലായിടത്തും റിസള്‍ട്ടിനായുള്ള ഓട്ടം മാത്രമാണ്. ആ ഓട്ടത്തില്‍ കിതച്ച് വീഴുന്നവരെത്ര?
 ഇന്നത്തെ ലോകക്രമം ചാള്‍സ് ഡാര്‍വിന്റെ പരിണാമ സിദ്ധാന്തം അക്ഷരാര്‍ത്ഥത്തില്‍ അനുസരിയ്ക്കുന്നു.  Fittest can Survive. ഈയൊരവസ്ഥയില്‍ കടുത്ത മത്സരത്തെ അതിജീവിയ്ക്കുവാന്‍ എല്ലാവരും തങ്ങളുടെ കുട്ടികളെ സജ്ജരാക്കാനുള്ള തിരക്കിലാണ്. “വെറും” മലയാളം കൊണ്ട് ഇനിയത്തെ തലമുറയ്ക്ക് കാര്യമൊന്നുമില്ല. എന്റെ കുട്ടികള്‍ക്ക് പോലും ഏറ്റവും പ്രയാസപ്പെട്ട വിഷയമത്രെ മലയാളം! എന്തു ചെയ്യും? ഒരാള്‍ മലയാളം സംസാരിച്ചാല്‍ സാറിന് റിപ്പോര്‍ട്ട് ചെയ്യാനുള്ള ചാരന്മാരാണ് മറ്റുള്ളവര്‍ ! അപ്പോള്‍ അവര്‍ മാതൃഭാഷയെ വെറുക്കുന്നതില്‍ എന്തു അല്‍ഭുതം?
ഇതിന്റെ മറുവശവും പ്രസക്തമാണ്. നന്നായി ഇംഗ്ലീഷ് സംസാരിയ്ക്കാനറിയുന്നവര്‍ക്ക് എവിടെയും മുന്‍‌ഗണനയുണ്ട്. സംസാരഭാഷ സംസാരിച്ച് തന്നെ പഠിയ്ക്കണം. അപ്പോള്‍ ഇംഗ്ലീഷില്‍ സംസാരിയ്ക്കാന്‍ നിര്‍ബന്ധിയ്ക്കുന്നത് കുറ്റമാണെന്നും പറയാനാവുമോ? ചുരുക്കത്തില്‍ പാവം മലയാളം മരണക്കിടക്കയിലാണ്. ചാനല്‍ പൈതങ്ങളുടെ “മലയാലം” ആ മരണത്തിനുള്ള ഒപ്പീസുപാട്ടാണ്.
എന്റെയൊക്കെ തലമുറയില്‍ പെട്ട പലര്‍ക്കും മണ്ണെണ്ണ വിളക്ക് ഒരു നൊസ്റ്റാള്‍ജിയ ആണ്.  അന്നൊക്കെ വീടുകളിലെ വെളിച്ച വിപ്ലവം എന്നാല്‍ ഒന്നോ രണ്ടോ ഓട്ടു വിളക്കും പിന്നെ അത്യാവശ്യത്തിന് കുപ്പിവിളക്കും. അതായത് പഴയ ഒരു മരുന്നു കുപ്പിയുടെ അടപ്പ് തുളച്ച്  തിരിയിട്ട് മണ്ണെണ്ണ നിറച്ചാല്‍ കുപ്പി വിളക്കായി. മണ്ണെണ്ണയുടെ കരിയും പുകയുമേറ്റാണ് അന്നൊക്കെ ഞങ്ങള്‍ വായിച്ചതും ഹോം‌ വര്‍ക്ക് ചെയ്തതും. ഇയ്യിടെ നമ്മുടെ പ്രധാനമന്ത്രിയും പറഞ്ഞു; അങ്ങേരും മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തിലാണ് പഠിച്ചതെന്ന്! ഇന്നും കോടിക്കണക്കിനു കുട്ടികള്‍ മണ്ണെണ്ണ വിളക്കിനുമുന്‍പിലുണ്ടെന്ന് അദ്ദേഹം മറന്നോ ആവോ. അദ്ദേഹത്തിന്റെ സര്‍ക്കാരിന്റെ പല നയങ്ങളും അങ്ങനെ തോന്നിയ്ക്കുന്നു.
ഇന്ന് വിദ്യാഭ്യാസം വെറും കച്ചവടമായി. സ്വാശ്രയമെന്നപേരില്‍ ഒന്നാംതരം ബിസിനസ്സാണ് നടക്കുന്നത്. അതും ഒരു ഭാഗത്ത് തെറ്റെന്നു പറയുമ്പോള്‍ മറുഭാഗത്ത് ശരിയുമാകുന്നു. പാവപ്പെട്ടവന് ബാലികേറാമലയാണെങ്കില്‍ പണക്കാരന് കാശിറക്കി കാശു വാരാനുള്ള ഒന്നാന്തരം നിക്ഷേപമാണ് സ്വാശ്രയ വിദ്യാഭ്യാസം; അതു വിദ്യാര്‍ത്ഥിയായാലും മുതലാളി ആയാലും. കോളേജ് മുതലാളിയ്ക്ക് തോന്നുന്ന ഫീസ് മേടിയ്ക്കാം, സംരക്ഷണം കോടതി നല്‍കും. ന്യൂനപക്ഷമെന്ന ലേബല്‍ കൂടി ഒട്ടിച്ചാല്‍ പിന്നെ എന്തുമാകാം ആരും ചൊദിയ്ക്കില്ല. കാശുണ്ടെങ്കില്‍ ഏതു മരമണ്ടനെയും പരീക്ഷകള്‍ ജയിപ്പിച്ചും കൊടുക്കും. അവസാനം ഇവരെല്ലാം കൂടി നാട്ടുകാരെ സേവിച്ച് ഒരു വഴിയ്ക്കാക്കുകയും ചെയ്യും.
ഇനിയിതാ വിദേശയൂണിവേഴ്സിറ്റികള്‍ വരുന്നു! വിദേശത്തു പോകാതെ വിദേശബിരുദം(?) കിട്ടിയാല്‍ മോശമല്ല.(പക്ഷേ വരുന്നത് കൊള്ളാവുന്നവയാണോ അതോ വേഷം കെട്ടുകാരാണോ ആവോ?) ഇതു കൂടിയാവുമ്പോള്‍ അല്പം കാശുള്ളവരൊക്കെ അങ്ങോട്ടേയ്ക്കു പോകും, നമ്മുടെ സ്വന്തം യൂണിവേഴ്സിറ്റികളോ  നിലവാരത്തിന്റെ നെല്ലിപ്പടിയിലുമെത്തും. കണ്ട അണ്ടന്റെയും അടകോടന്റെയും മക്കള്‍ക്ക് അതുമതി.
 എന്നാല്‍ , മത്സരിച്ച് നന്നാവാനും കഴിയും ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ ! അതു കണ്ടുതന്നെ അറിയണം. അധ്യാപനം വെറുമൊരു ജോലിയായ ഇക്കാലത്ത്, ആരാന്റെ പിള്ളേരെ നന്നാക്കിയിട്ട് നമുക്കെന്താ കാര്യം? സ്വകാര്യ ട്യൂഷന്‍ നടത്തിയാല്‍ പത്തുകാശ് അങ്ങനെയുമുണ്ടാക്കാം.
ഒരു മാമ്പഴം  മുപ്പത് കുഞ്ഞുങ്ങള്‍ക്ക് വാത്സല്യം പുരട്ടി വിളമ്പിയ ത്രേസ്യാമ്മ ടീച്ചര്‍‌മാര്‍ ഇനിയൊരിയ്ക്കലും ഉണ്ടാവുമെന്നു തോന്നുന്നില്ല.

Saturday 10 April 2010

മൂന്നാം മുറയും കൊലപാതകിയുടെ മനുഷ്യാവകാശവും!

നമ്മുടെ പല മാധ്യമങ്ങളുടെയും കഴിഞ്ഞയാഴ്ചത്തെ മുഖ്യ വിഷയം ഒരു ക്രിമിനലിന്റെ “മനുഷ്യാവകാശം” ആയിരുന്നു. പത്രങ്ങള്‍ വളരെ ആഘോഷമായി വെണ്ടക്ക നിരത്തി. മനുഷ്യാവകാശക്കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. ചാനലുകള്‍ പതിവുപോലെ ചര്‍ച്ചിച്ചു. ട്രയല്‍ , F.I.R, പോലീസ് ഫയല്‍ എന്നൊക്കെ പേരിട്ട് ഓരോ പരിപാടി നടത്തി കൊടുംകുറ്റവാളിയ്ക്ക് താരപരിവേഷം നല്‍കാനും മറന്നില്ല. പറഞ്ഞുവരുന്നത്  പോലീസ് കസ്റ്റഡിയില്‍ മരിച്ച പാലക്കാട്ടെ സമ്പത്തെന്ന ക്രിമിനലിനെക്കുറിച്ചാണ്.
 നിസ്സഹായ ആയ ഒരു സ്ത്രീയെ ക്രൂരമായി കൊലപ്പെടുത്തുകയും ഒരു വൃദ്ധയെ ദയാരഹിതമായി ആക്രമിയ്ക്കുകയും ചെയ്ത ഇവന്മാരെ എങ്ങനെ കൈകാര്യം ചെയ്യണമായിരുന്നു പോലീസ്? ഇവര്‍ക്ക് ഏതു അവകാശത്തിനാണ് അര്‍ഹത? ഇരയ്ക്ക് കിട്ടാത്ത ഏതു അവകാശമാണ് ഇവര്‍ക്ക് കൊടുക്കേണ്ടത്? ഇന്നാട്ടിലെ മാധ്യമങ്ങള്‍ പൊതു സമൂഹത്തോടു ചെയ്യുന്ന അപരാധങ്ങളില്‍ ഒന്നുകൂടെ മാത്രമാണ് ഈ ചെയ്യുന്നത്. ഏതു ക്രിമനലിനേയും രാഷ്ട്രീയ താല്പര്യമുണ്ടെങ്കില്‍ ഇവര്‍ മഹത്വവല്‍ക്കരിയ്ക്കും. അതു പോലെ ഏതു നിരപരാധിയെയും കുറ്റക്കാരനായി ചിത്രീകരിയ്ക്കാനും ഇവര്‍ മടിയ്ക്കില്ല. ഇപ്പറഞ്ഞ സമ്പത്തിന്റെ “മനുഷ്യാവകാശ”ത്തിനായി ഇവര്‍ നീക്കിവച്ച സ്പേസിന്റെയും സമയത്തിന്റെയും മൂല്യം എത്രയൊ ലക്ഷങ്ങളാണ്! ഇന്നാട്ടില്‍ മനുഷ്യരുടെ യഥാര്‍ത്ഥ അവകാശത്തിനും ക്ഷേമത്തിനുമായി പ്രവര്‍ത്തിയ്ക്കുന്ന എത്രയോ മനുഷ്യരുണ്ട്, സംഘടനകളുണ്ട്. അവര്‍ക്കാര്‍ക്കെങ്കിലും ഇവര്‍ ഇത്രയും കവറേജ് കൊടുക്കുമോ?
ഇയ്യിടെ ആഭ്യന്തരമന്ത്രിയുടെ പ്രസ്താവന കണ്ടു; പോലീസില്‍ മൂന്നാം‌മുറ അനുവദിയ്ക്കില്ല എന്ന്. എത്ര സുന്ദരമായ വാക്കുകള്‍ ! പോലീസിലെ എതാനും പേര്‍ ചെയ്യുന്ന കൊള്ളരുതാഴിക കണ്ട്, സമൂഹത്തിന്റെ പഴി കേള്‍ക്കേണ്ടിവരുന്നതുകൊണ്ടാവാം അങ്ങേര്‍ ഇതു പറഞ്ഞത്. എന്നാല്‍ മൂന്നാം മുറ നിര്‍ത്തിയാലത്തെ കാര്യം അങ്ങേര്‍ ഓര്‍ത്തിട്ടുണ്ടോ ആവോ?
എന്റെയും നിങ്ങളുടേയും അമ്മയ്ക്കും സഹോദരിയ്ക്കും ഭാര്യയ്ക്കും മകള്‍ക്കുമൊക്കെ പകലെങ്കിലും പുറത്തിറങ്ങി നടക്കാനാവുന്നത് ഈ മൂന്നാം‌മുറ കൊണ്ടു തന്നെയാണ്. ആരെന്തു കുറ്റം ചെയ്താലും സുപ്രീംകോടതിയുടെ നിബന്ധനകളൊക്കെ പാലിച്ച്, “ശാസ്ത്രീയ“മായി  ചോദ്യാവലി തയ്യാറാക്കി ഉത്തരം മേടിച്ച്, F.I.R എഴുതി കോടതിയില്‍ കേസ് ചാര്‍ജു ചെയ്യുന്ന ഒരു സംവിധാനമാണെങ്കില്‍ , ഹാ..എന്തൊരു സൌകര്യമായിരിയ്ക്കും ; കുറ്റവാളികള്‍ക്ക്. ആരെങ്കിലും പോലീസിനെ പേടിയ്ക്കുമോ? കോടതിയില്‍ കണ്ടോളാമെന്നു പറയും. കോടതിയെന്തു ചെയ്യാന്‍ ! നൂറില്‍ പത്തുപേരെ ശിക്ഷിക്കും, അവര്‍ ജയിലിലും മനുഷ്യാവകാശം ആസ്വദിച്ച് പാവപ്പെട്ട നികുതിദായകന്റെ ചിലവില്‍ കഴിയും.
 പോലീസിന്റെ ഇടി പേടിച്ചിട്ടു തന്നെയാണ് നല്ലൊരു പങ്കു പേരും കൊള്ളിത്തരങ്ങള്‍ക്കിറങ്ങാത്തത്. ഒരു ദിവസം നമ്മുടെ പോലീസ് പ്രഖ്യാപിയ്ക്കുകയാണെന്ന് വയ്ക്കുക : “ഇന്ന് ഒരു ദിവസം ആരെന്തു ചെയ്താലും പോലീസ് പിടിയ്ക്കുകയൊ കേസെടുക്കുകയോ ചെയ്യില്ല” എന്ന്. എന്തായിരിയ്ക്കും പൂരം? ജനങ്ങളെ രക്ഷിയ്ക്കാന്‍ ഒരു മനുഷ്യാവകാശകമ്മീഷനും കാണില്ല. കൈയൂക്കുള്ളവന്‍ കാര്യക്കാരനാവും. എന്തെല്ലാം കുറ്റങ്ങളും കുറവുകളുമുണ്ടെങ്കിലും പൊലീസിന്റെ മുഷ്ടിയുടെ ബലത്തില്‍ തന്നെയാണ് സമൂഹത്തില്‍ സമാധാനം പുലരുന്നത്. അല്ലാതെ നമ്മുടെയൊക്കെ ധാര്‍മ്മികത കൊണ്ടോ മതബോധം കൊണ്ടോ ഒന്നുമല്ല.
മനുഷ്യരെ മൂന്നായി തിരിയ്ക്കാം, (ഏതു കാര്യത്തിലും).
1.ജന്മനാ നല്ലവര്‍ , നന്മയും ധാര്‍മികതയുമുള്ളവര്‍ . 2). നന്മയും തിന്മയും ഒരേ പോലെയോ അല്പം ഏറ്റക്കുറച്ചിലോടെയോ സമ്മേളിച്ചവര്‍ . 3) ജന്മനാ തിന്മയുള്ളവര്‍ , കുറ്റവാസനയുള്ളവര്‍
ഇതില്‍ ഒന്നാമത്തേയും മൂന്നമത്തേയും വിഭാഗത്തില്‍ പെടുന്നവര്‍ വളരെ ചുരുക്കമായിരിയ്ക്കും. ബഹുഭൂരിപക്ഷവും രണ്ടാം വിഭാഗത്തില്‍ പെടുന്നവരായിരിയ്ക്കും. ഇവര്‍ അത്യാവശ്യം നിയമത്തെ ഭയപ്പെടുന്നവരും പൊതുവില്‍ മര്യാദക്കാരുമായിരിയ്ക്കും. എന്നാല്‍ സാഹചര്യങ്ങള്‍ “ഒത്തുവന്നാല്‍ “ പലതും ചെയ്യുകയും ചെയ്യും.  ഇത്തരക്കാര്‍ക്ക് “ഒരടി”യൊ കണ്ണുരുട്ടലോ തന്നെ നല്ല ചികിത്സയായിരിയ്ക്കും.
എന്നാല്‍ മൂന്നാം വിഭാഗത്തില്‍ പെടുന്ന ജന്മനാ കുറ്റവാസനയുള്ളവര്‍ അടിയെയോ ഭീഷണിയെയോ ഭയക്കില്ല. എത്ര മര്‍ദനം ഏറ്റാലും വീണ്ടും അവര്‍ കുറ്റം ചെയ്യും. ഇവരെ എത്ര ഒതുക്കുന്നോ അത്രയും സമാധാനം സമൂഹത്തിനുണ്ടാവും. മൂന്നാം മുറ ഒരു തെറ്റല്ല, ആവശ്യമാണ്. എന്നാല്‍ കൊടുക്കേണ്ടവര്‍ക്കു മാത്രമേ അതു കൊടുക്കാവൂ. ആ തിരിച്ചറിവ് പോലീസ് കാണിച്ചാല്‍ മാത്രം മതി.
നമ്മുടെ നീതിന്യായ വ്യവസ്ത തന്നെ ചിലപ്പോള്‍ നല്ല തമാശയാണ്. കുറ്റവാളിയുടെ മനുഷ്യാവകാശത്തെക്കുറിച്ച് വേവലാതി കൊള്ളുന്ന മനുഷ്യാവകാശക്കമ്മീഷന്‍ ഇരയുടെ ദുരന്തത്തെക്കുറിച്ച് ഒട്ടും ആശങ്കാകുലരല്ല.  പോലീസ് കസ്റ്റഡിയില്‍ മരിച്ച ഈ കുറ്റവാളി, നാളെ ജയിലില്‍ നിന്നിറങ്ങിയാല്‍ വീണ്ടും മറ്റൊരാള്‍ അവന്റെ കത്തിയ്ക്കിരയാകും. അതിനുമുന്‍പേ അവനെ ഇല്ലാതാക്കിയെങ്കില്‍ അതു പോലീസ് ചെയ്ത ഒരു സല്‍ക്കര്‍മ്മമെന്ന് ഞാന്‍ പറയും.
 വാല്‍ക്കഷണം: മുംബായില്‍ ഒരു V.I.P-യെ നമ്മുടെ സര്‍ക്കാര്‍ കണ്ണിലെണ്ണയൊഴിച്ച് സൂക്ഷിയ്കുന്നുണ്ട്. കോടിക്കണക്കിന് രൂപയാണ് അവനു വേണ്ടി മുടക്കുന്നത്. അവന്റെ മൊഴിമുത്തുകള്‍ നമ്മുടെ @#<#>@# മാധ്യമങ്ങള്‍ കളര്‍ ചിത്രത്തോടെയാണ് വിളമ്പിത്തരുന്നത്. ആവശ്യത്തിന് വിവരം കിട്ടിക്കഴിഞ്ഞാല്‍ , നൂറു രൂപയില്‍ താഴെയുള്ള ഒരു ബുള്ളറ്റില്‍ തീര്‍ക്കേണ്ട കാര്യമാണ് നമ്മുടെ “ജനാധിപത്യ” സര്‍ക്കാര്‍ പാവങ്ങളുടെ നികുതിക്കാശില്‍ കൈയിട്ടുകൊണ്ട്  വലിച്ചുനീട്ടുന്നത്. അവസാനം അവന്റെ മനുഷ്യാവകാശസംരക്ഷണത്തിനും ഇവിടെ ആളുണ്ടാവും.

Saturday 3 April 2010

ഭൌതികശാസ്ത്രവും ജീവനും: പുതിയൊരു കാഴ്ചപ്പാട്

ഭൌതിക ശാസ്ത്രം ഇന്നേവരെ നേടിയ അറിവുകളുടെ മാറ്റുരയ്ക്കുന്ന ഒരു മഹാ പരീക്ഷണം CERN ന്റെ നേതൃത്വത്തില്‍
ലാര്‍ജ് ഹാഡ്രോണ്‍  കൊളൈഡറില്‍ നടന്നുകൊണ്ടിരിയ്ക്കുകയാണല്ലോ. നമ്മുടെ പ്രപഞ്ചത്തെ സംബന്ധിച്ച സമസ്യകള്‍ക്കെല്ലാം അവിടെ നിന്നും ഉത്തരം കിട്ടുമെന്നു പ്രതീക്ഷിയ്ക്കാം. നിലവിലുള്ള ധാരണകളെ ഇങ്ങനെ ക്രോഡീകരിയ്ക്കാം:-
“പ്രപഞ്ചത്തില്‍ ഏറ്റവും അടിസ്ഥാനതലത്തില്‍ ദ്രവ്യവും ബലങ്ങളും പരസ്‌പരം എങ്ങനെ ബന്ധപ്പെടുകയും
 ഇടപഴകുകയും ചെയ്യുന്നു എന്നു വിശദീകരിക്കുന്ന സിദ്ധാന്തമാണ്‌ സ്റ്റാന്‍ഡേര്‍ഡ്‌ മോഡല്‍.
നൂറുകണക്കിന്‌ ശാസ്‌ത്രജ്ഞര്‍ നല്‍കിയ സംഭാവനകളുടെ ആകെത്തുകയായി 1970-കളിലാണ്‌ ഇത്‌
രൂപപ്പെടുന്നത്‌. 12 ദ്രവ്യകണങ്ങളും നാല്‌ അടിസ്ഥാനബലങ്ങളുമാണ്‌ പ്രപഞ്ചത്തിന്റെ ഉള്ളടക്കമെന്ന
സങ്കല്‍പ്പമാണ്‌ സ്റ്റാന്‍ഡേര്‍ഡ്‌ മോഡല്‍ മുന്നോട്ടു വെയ്‌ക്കുന്നത്‌.
എന്നാല്‍, 12 ദ്രവ്യകണങ്ങളും മൂന്ന്‌ അടിസ്ഥാനബലങ്ങളും മാത്രമേ നിലവില്‍ സ്റ്റാന്‍ഡേര്‍ഡ്‌ മോഡലിന്റെ
പരിധിയില്‍ വരുന്നുള്ളൂ. ഗുരുത്വാകര്‍ഷണബലത്തെ ഇതില്‍ ഉള്‍പ്പെടുത്തുന്നതില്‍ ശാസ്‌ത്രലോകം വിജയിച്ചിട്ടില്ല.
സ്‌റ്റാന്‍ഡേര്‍ഡ്‌ മോഡലില്‍ ഉള്‍പ്പെട്ട മൂന്ന്‌ അടിസ്ഥാനബലങ്ങളെ സാധ്യമാക്കുന്നത്‌ അഞ്ച്‌ കണങ്ങളാണ്‌.
12 ദ്രവ്യകണങ്ങളും ബലങ്ങള്‍ സാധ്യമാക്കുന്ന ആ അഞ്ച്‌ കണങ്ങളും ചേര്‍ന്നാല്‍ മൊത്തം 17 കണങ്ങള്‍.
ഇത്രയും കണങ്ങളും അവയെ പരസ്‌പരം ബന്ധിപ്പിക്കുന്ന നിയമങ്ങളും അടങ്ങിയതാണ്‌ സ്റ്റാന്‍ഡേര്‍ഡ്‌ മോഡല്‍.
 ഈ കണങ്ങളില്‍ 16 എണ്ണം യാഥാര്‍ഥ്യം, ഒരെണ്ണം സാങ്കല്‍പ്പികവും. ഹിഗ്ഗ്‌സ്‌ ബോസോണ്‍ എന്ന ആ സാങ്കല്‍പ്പികകണം
 കൂടി കണ്ടെത്തിയാലേ ഇപ്പോഴത്തെ നിലയ്‌ക്ക്‌ സ്റ്റാന്‍ഡേര്‍ഡ്‌ മോഡല്‍ പൂര്‍ണമാകൂ.ബലങ്ങള്‍ക്ക്‌ നിദാനമായ ബോസോണുകളെ പരസ്‌പരം കൈമാറുക വഴിയാണ്‌, സ്റ്റാന്‍ഡേര്‍ഡ്‌ മോഡലില്‍, ഗുരുത്വാകര്‍ഷണബലമൊഴികെ മറ്റ്‌ മൂന്ന്‌ അടിസ്ഥാനബലങ്ങളും സാധ്യമാകുന്നത്‌. ഗുരുത്വാകര്‍ഷണബലത്തിന്‌ കാരണമാകുന്നത്‌ ഗ്രാവിറ്റോണ്‍ എന്ന കണമാകാമെന്ന്‌ വാദമുണ്ടെങ്കിലും, അത്തരമൊരു കണം ഇതുവരെ കണ്ടുപിടിക്കപ്പെട്ടിട്ടില്ല.


(കടപ്പാട്: ശ്രീ.ജോസഫ് ആന്റണി. കുറിഞ്ഞി ഓണ്‍ലൈന്‍ . “പ്രപഞ്ചസാരം തേടി ഒരു മഹാ സം‌രം‌ഭം “ എന്ന പോസ്റ്റ് )
പ്രപഞ്ചത്തില്‍ നിന്നും ഭൂമിയുടെ ജൈവീക തലത്തിലേയ്ക്കു വന്നാല്‍ ഇന്നും നമുക്ക് പിടി തരാത്ത പല പ്രഹേളികകളും കണ്ടെത്താം. അവയ്ക്ക് ഈ സ്റ്റാന്‍ഡേര്‍ഡ് മോഡലിന്റെ അടിസ്ഥാനത്തില്‍ എന്തെങ്കിലും വിശദീകരണം കണ്ടെത്താമോ എന്നതിലേയ്ക്ക് ഒരന്വേഷണത്തിന്റെ തുടക്കമാണ് കുറിപ്പുകള്‍ .
ഭൂമിയില്‍ ഇന്നു നിലനില്‍ക്കുന്ന ജൈവീക പ്രകൃതി വലിയൊരു “അല്‍ഭുതസൃഷ്ടി“യാണ്. ഒരു പക്ഷെ പ്രപഞ്ച സൃഷ്ടിയുടെ രഹസ്യം കണ്ടെത്തിയാല്‍ പോലും ഭൂമിയിലെ ജൈവീക പ്രകൃതിയുടെ രഹസ്യം കണ്ടെത്തപ്പെടുമോ എന്ന് സംശയമാണ്.
സൂക്ഷ്മപ്രപഞ്ചത്തില്‍ നിന്നും (അതായത് സ്റ്റാന്‍ഡേര്‍‌ഡ് മോഡലില്‍ നിന്നും) ജൈവീക പ്രപഞ്ചത്തിലെത്തിയാല്‍ അവിടെ കോശങ്ങളാണ് താരം. അവയ്ക്കോരോന്നിനും തനതായ വ്യക്തിത്വവും ജനന-വളര്‍ച്ചാ-മരണ നിയമങ്ങളുണ്ട്. ഓരോ കോശവും തന്മാത്രകളാലും അതായത് ആറ്റങ്ങളാലും അടിസ്ഥാനപരമായി ക്വാര്‍ക്കുകളും ലെപ്റ്റോണുകളും ബോസോണുകളാലുമാണ് നിര്‍മ്മിക്കപ്പെട്ടിരിയ്ക്കുന്നത്. അപ്പോള്‍ കോശങ്ങളുടെ സൃഷ്ടിയും ജൈവീകമായ നിലനില്‍പ്പും മേല്‍‌കണങ്ങളുടെ ഏതോ ഒരു പ്രത്യേക ചേരുവയുടെ ഫലമാണ്.
കോശങ്ങള്‍ ചേര്‍ന്നുണ്ടാവുന്ന കലകള്‍ക്കും അവയുടേതായ വ്യക്തിത്വമുണ്ട്. കൃത്യമായ നിയമങ്ങളുണ്ട്. തുടര്‍ന്നുള്ള ഓരോ തലങ്ങളിലും അവസാനമായി ഒരു പൂര്‍ണജീവിയുടെ നിലവാരത്തിലും ഓരോ ജനന-വളര്‍ച്ചാ-മരണ നിയമങ്ങളുണ്ട്. ചലനസ്വാതന്ത്ര്യമുള്ളവയ്ക്ക് ചലന നിയമങ്ങളുണ്ട്. അതായത്, ജീവിയുടെ-ശരീരത്തിന്റെ ഓരോ പടിയിലും വ്യത്യസ്തമായ ജൈവീക നിയമങ്ങള്‍ പാലിയ്ക്കപ്പെടുന്നു. ഓരോ ഘട്ടത്തിലും പ്രത്യേകമായ വ്യക്തിത്വം കാത്തുസൂക്ഷിക്കപ്പെടുന്നു.
പൂര്‍ണജീവി എന്ന തലത്തിലെത്തുമ്പോള്‍ മനസ്സ് എന്നൊരു ഘടകം കൂടി ചേര്‍ക്കപ്പെടുന്നു. ഇത് നമുക്കറിയാവുന്നതുപോലെ, ഒരു കമ്പ്യൂട്ടറിന്റെ പ്രവര്‍ത്തനം തന്നെ. വ്യത്യസ്ഥ ഭൌതിക പദാര്‍ത്ഥങ്ങള്‍ ചേര്‍ത്ത് ഉണ്ടാക്കുന്ന കമ്പ്യൂട്ടറിന് അത്യന്തിക തലത്തില്‍ ഓര്‍മശക്തിയും ബുദ്ധിയും കിട്ടുന്നതിനു തുല്യമാണിത്.
തുടര്‍ന്ന് ജൈവീകപ്രപഞ്ചത്തിലേയ്ക്ക് വരുമ്പോള്‍ അവിടെയും ചില നിയമങ്ങള്‍ നിലനില്‍ക്കുന്നതായി കാണാം. ഭക്ഷ്യ ശൃംഖല തന്നെയെടുക്കുക. ആ ചങ്ങലയില്‍ ഓരോ ജീവിയ്ക്കും കൃത്യമായി സ്ഥാനം നല്‍കപ്പെട്ടിരിയ്ക്കുന്നു. ആ സ്ഥാനത്തിനനുസരിച്ചാണ് അവയുടെ ശരീരവും മനസ്സും രൂപപ്പെട്ടിരിയ്ക്കുന്നത്. ശരീരത്തിലെ ഓരോ ഘടകവും അതിവിദഗ്ധമായ എഞ്ചിനീയറിംഗിനാല്‍ ഡിസൈന്‍ ചെയ്യപ്പെട്ടിരിയ്ക്കുന്നു. പലതും മനുഷ്യന് ഇന്നും സാധ്യമല്ലാത്തവ. ഒരുറുമ്പിന് അതിന്റെ ശരീരഭാരത്തിന്റെ ആറിരട്ടി വരെ ഭാരം ഭംഗിയായി വഹിയ്ക്കാം. അത്തരമൊരു യന്ത്രം മനുഷ്യന് കണ്ടെത്താനാവുമോ? ഒരു എട്ടുകാലി എത്ര ചെറുതാണെങ്കിലും കൃത്യമായ കണക്കുകൂട്ടലോടെ തന്റെ വല നെയ്തുണ്ടാക്കും. ആ പ്രവൃത്തി ഒരു മനുഷ്യന്‍ ചെയ്യണമെങ്കില്‍ അത്യാവശ്യം എഞ്ചിനീയറിംഗ് പഠനം ആവശ്യമാണ്. നൂറ് കണക്കിന് അടി ഉയരത്തില്‍ പറക്കുന്ന ഒരു പരുന്തിന് നിലത്ത് നില്‍ക്കുന്ന ഒരു കോഴിക്കുഞ്ഞിനെ വ്യക്തമായി കാണാന്‍ കഴിയും! ചുരുക്കത്തില്‍ ഓരോ ജീവജാലവും കൃത്യമായ കണക്കുകൂട്ടലോടെ തന്നെയാണ് സൃഷ്ടിക്കപ്പെട്ടിരിയ്ക്കുന്നത്.
എന്തിനാണ് ജീവജാലങ്ങള്‍ക്ക് മരണം പ്രകൃതി നല്‍കിയത്? വളര്‍ച്ചയുടെ ഒരു പ്രത്യേക ഘട്ടത്തില്‍ എത്തിയാല്‍ എന്നും ആ സ്ഥിതി തുടര്‍ന്നാല്‍ പോരായിരുന്നോ? പുതുതായി അവ വീണ്ടും ഉണ്ടാകേണ്ടിയിരുന്നോ? പ്രകൃതിയ്ക്ക് അക്കാര്യത്തില്‍ കൃത്യമായ ദീര്‍ഘവീക്ഷണം ഉണ്ടെന്നാണ് എനിയ്ക്കു തോന്നുന്നത്.  പുതുതായി ഒന്നും ഉണ്ടാകുന്നില്ല എങ്കില്‍ ഭൂമി ഒരിയ്ക്കലും ഇത്ര സുന്ദരമാകില്ല. ജീവികള്‍ക്ക് വികാരമോ ആകര്‍ഷണമോ ഉണ്ടാകില്ല. കാരണം പ്രത്യുല്പാദനം ഇല്ലല്ലോ? ചുരുക്കത്തില്‍ ജൈവലോക ഡിസൈനര്‍ ഒരു സൌന്ദര്യാരാധകനും കലാകാരനും കൂടിയാണ്. (ഇവിടെ പുല്ലിംഗത്തിന് പുരുഷന്‍ എന്ന അര്‍ത്ഥമില്ല)
മരണശേഷം ശരീരം തന്മാത്രകളായി വിഘടിക്കപ്പെടുന്നു. അതായത് അടിസ്ഥാനകണങ്ങളുടെ ഏതോ ഒരു പ്രത്യേക ചേരുവയില്‍ ജീവന്‍ എന്ന സവിശേഷത പ്രത്യക്ഷമാവുന്നു. ആ തലത്തില്‍ നിന്നും മുന്നോട്ടുള്ള ഓരോ തലത്തിലും (ചേരുവയിലും) ചിലപ്രത്യേകമായ നിയമം അവ പാലിയ്ക്കുന്നു. ഒരു തലത്തിലെ നിയമം മറ്റൊരു തലത്തില്‍ പ്രസക്തമാവണമെന്നില്ല.
പൂര്‍ണജീവി എന്ന തലത്തിലായാല്‍ അവ പ്രകൃതിയുടെ പൊതുവായതോ സവിശേഷമായതോ ആയ നിയമങ്ങള്‍ക്ക് വിധേയരാവുന്നു. ആ നിയമങ്ങള്‍ക്ക് അനുസൃതമായാണ് അവ അടിസ്ഥാനതലത്തില്‍ തന്നെ (ജീവകോശം) നിര്‍മ്മിക്കപ്പെടുന്നത്!  അതായത് കൃത്യമായ മുന്‍പേ നിര്‍വചിക്കപ്പെട്ട ചില നിബന്ധനകള്‍ക്കനുസൃതമായാണ് ജീവകോശങ്ങള്‍ അല്ലെങ്കില്‍ ജീവന്‍ സൃഷ്ടിക്കപ്പെടുന്നത്. മനുഷ്യബുദ്ധിയ്ക്ക് എത്തിപ്പെടാന്‍ കഴിയാത്തത്ര ഉന്നതമായ എഞ്ചിനീയറിങ് വൈദഗ്ധ്യം, ആ ജീവന്റെ(ശരീരത്തിന്റെ) മുന്‍പോട്ടുള്ള ജീവിതത്തിന്  എങ്ങനെ ആവശ്യമാണന്നുള്ള മുന്‍‌ധാരണയോടെ  ആണ് സന്നിവേശിപ്പിയ്ക്കപ്പെടുന്നത്!
ജീവന്റെ ആവിര്‍ഭാവകാലത്ത് ഒരു DNA  മാത്രമാവാം സൃഷ്ടിക്കപ്പെട്ടത്. തുടര്‍ന്ന് അത് കോശമായി ജീവന്റെ പല രൂപങ്ങളായി മാറി ഇന്നത്തെ നിലയിലേയ്ക്ക് എത്തിച്ചത് ആ വൈദഗ്ധ്യം തന്നെയാണ്. പരിണാമത്തിന്റെ ഓരോ വേളയിലും ആ ജീവിവര്‍ഗത്തിന് നിലനില്‍ക്കാനാവശ്യമായ സവിശേഷതകള്‍ കൃത്യമായ കണക്കുകൂട്ടലോടെ കോശത്തിലേയ്ക്ക്-DNA- ചേര്‍ക്കപ്പെട്ടു!
എന്റെ സംശയം ഈ കണക്കുകൂട്ടലുകള്‍ ആരാണ് ചെയ്യുന്നത്? ഏറ്റവും എളുപ്പമായ ഉത്തരം “ദൈവം” എന്നതാണ്. പക്ഷെ നാം മതഗ്രന്ഥങ്ങളിലോ അല്ലാതെയോ മനസ്സിലാക്കിയ ദൈവമാണതെന്ന് എനിയ്ക്കഭിപ്രായമില്ല. അവ മനുഷ്യസൃഷ്ടി മാത്രമാവാനാണ് വഴി. മാത്രമല്ല അവ മനുഷ്യനെ മാത്രമേ (ഭാരതീയ ചിന്താരീതിയൊഴികെ) അഭിസംബോധന ചെയ്യുന്നുള്ളൂ. ചില തലങ്ങളില്‍ മനുഷ്യനേക്കാള്‍ മുന്നില്‍ നില്‍ക്കുന്ന മറ്റു ജീവജാലങ്ങളെ അവ പരിഗണിയ്ക്കുന്നേയില്ല.
മരണശേഷം തന്മാത്രകള്‍ക്ക് ജീവന്റെ സവിശേഷ സ്വഭാവങ്ങള്‍ നഷ്ടമാവുന്നു. അതായത് അവ അടിസ്ഥാനകണങ്ങളുടെ സ്വഭാവത്തിലേയ്ക്ക് തിരികെയെത്തുന്നു.
അറിയപ്പെട്ടിടത്തോളം ഭൂമിയിലെ സാഹചര്യങ്ങളില്‍ മാത്രമാണ് അടിസ്ഥാനകണങ്ങള്‍ക്ക്  ഈ സ്വഭാവം ലഭിയ്ക്കുന്നത്.
അതായത് ഈ ജൈവീകനിയമങ്ങളും എഞ്ചിനീയറിങുമെല്ലാം ഭൂമിയിലെ പ്രകൃതിയിലാണ് രൂപംകൊള്ളുന്നത്. പ്രകൃതിയെന്നാലോ, വായുവും വെള്ളവും മണ്ണും  സസ്യങ്ങളും മൃഗങ്ങളും പക്ഷികളും വൈറസും ബാക്റ്റീരിയയുമെല്ലാം ഉള്‍ക്കൊള്ളുന്ന ഒരു പ്രത്യേക കൂട്ടായ്മ. ആത്യന്തികമായി ഇവയെല്ലാം അടിസ്ഥാനകണങ്ങള്‍ തന്നെ! കോടാനുകോടി(?) വ്യത്യസ്തചേരുവയില്‍ ബന്ധിപ്പിക്കപ്പെട്ട 16 അല്ലെങ്കില്‍ 17 കണങ്ങള്‍ മാത്രം! ആ ഒരു പ്രത്യേക ഘട്ടത്തില്‍ അവയ്ക്ക് പൊതുവായ ഒരു ബൌദ്ധിക സിദ്ധി കൈവരുന്നുണ്ടോ? അതായത് മനുഷ്യബുദ്ധിയെക്കാളുമൊക്കെ തുലോം ഉയര്‍ന്ന ബുദ്ധി?
മനുഷ്യന്റെ ബുദ്ധിയുടെ അടിസ്ഥാനമായ ന്യൂറോണുകള്‍ പരസ്പരം ബന്ധിപ്പിച്ച് ഒരു “ക്ലൌഡ്” പോലെ പ്രവര്‍ത്തിയ്ക്കുമ്പോഴാണല്ലോ മനുഷ്യന് “ബുദ്ധിയുണ്ടവുന്നത്. അതുപോലെ എല്ലാ ജീവജാലങ്ങളും അദൃശ്യമായ ഏതോ കണങ്ങളാല്‍  പരസ്പരബന്ധിതമാണോ? അവയില്‍കൂടി ഉണ്ടാക്കപ്പെട്ട-നമുക്കറിയാത്ത - ഒരു ബുദ്ധികേന്ദ്രമാണോ ഈ പ്രകൃതി? ഇനിയും തിരിച്ചരിയാത്ത തമോദ്രവ്യത്തിന്(Dark Matter) ഇതിലെന്തെങ്കിലും പങ്കുണ്ടോ?
മറ്റൊരു ചിന്ത കൂടി പങ്കു വയ്ക്കട്ടെ. നാമെല്ലാവരും ഓരോരോ ആവശ്യങ്ങള്‍ക്കായി പ്രാര്‍ത്ഥിയ്ക്കാറുണ്ട്. ചിലതൊക്കെ അവിശ്വസനീയമാംവണ്ണം നടക്കാറുമുണ്ട്. ചിലപ്പോള്‍ നമ്മളെ തേടി ഭാഗ്യം വരാറുണ്ട്. ഇതൊക്കെ ഏതു ഭൌതികവാദിയും സമ്മതിയ്ക്കും. ഈ പ്രകൃതിയിലെ അജ്ഞാത ബുദ്ധികേന്ദ്രത്തിന് ഇതിലെന്തെങ്കിലും പങ്കുണ്ടോ? അതായത് പ്രാര്‍ത്ഥനയില്‍കൂടിയുണ്ടാവുന്ന “മാനസിക തരംഗങ്ങള്‍ “ ഈ ബുദ്ധികേന്ദ്രവുമായി സംവദിയ്ക്കുകയും മുന്‍‌കര്‍മ്മങ്ങള്‍ , ഭാവി വിധി എന്നിവയ്ക്കനുസൃതമായി ഇവയൊക്കെ സംഭവിപ്പിയ്ക്കുകയുമാണെങ്കിലോ...
കൂടുതല്‍ പഠനമാവശ്യമാണെന്നെനിയ്ക്കു തോന്നുന്നു.

Thursday 1 April 2010

ക്രിസ്തുവിനൊരു മുഖം!

(വാര്‍ത്ത കേരള കൌമുദിയിലേത്)
അങ്ങനെ ക്രിസ്തുവിന് ഒരു “മുഖം” കൊടുക്കുന്നതില്‍ വിജയിച്ചിരിയ്ക്കുന്നു! നമ്മുടെയൊക്കെ മനസ്സില്‍ ഉള്ളതില്‍ നിന്നും വളരെയധികമൊന്നും വ്യത്യാസം ഇതിനുണ്ടെന്ന് തോന്നുന്നില്ല. ക്രിസ്തു പൌരസ്ത്യനെങ്കിലും ആ “സായിപ്പ്” ലുക്ക് നിലനിര്‍ത്തുന്നതില്‍ വിജയിച്ചിട്ടുണ്ട്. അതെന്തുമാവട്ടെ, ക്രിസ്തുവിന്റെ മുഖമെങ്ങനെയായാലും ആ മനസ്സു കണ്ടെത്തുന്നതില്‍ ക്രിസ്തു ശിഷ്യര്‍ വിജയിച്ചിട്ടുണ്ടോ? ഒരു ഈസ്റ്റര്‍ ആണല്ലോ വരാന്‍ പോകുന്നത്. ബിവറേജസിലെ മുന്‍‌റിക്കാര്‍ഡുകള്‍ തിരുത്തപ്പെടാനാണു സാധ്യത. എന്റെ നാട്ടിലെ ഈസ്റ്റര്‍ ആഘോഷങ്ങള്‍ ഓര്‍ത്തുപോവുന്നു. ഉച്ച കഴിഞ്ഞാല്‍ പലരും “കഴുത്തൊടിഞ്ഞാണു” നടക്കുക. പലരുടെയും വായില്‍ വികടസരസ്വതിയും കളിയാടും.
ക്രിസ്തു എവിടെ? ഈസ്റ്റര്‍ എവിടെ? എത്ര മനോഹരമായ മുഖമുണ്ടായാലും “ആത്മാവില്ലെങ്കില്‍ “ എന്തു കാര്യം?