പുതിയ കഥാസമാഹാരം “രയറൊം കഥകള്‍ " VPP ലഭിയ്ക്കാന്‍ sidrapubications@gmail

Saturday, 3 April 2010

ഭൌതികശാസ്ത്രവും ജീവനും: പുതിയൊരു കാഴ്ചപ്പാട്

ഭൌതിക ശാസ്ത്രം ഇന്നേവരെ നേടിയ അറിവുകളുടെ മാറ്റുരയ്ക്കുന്ന ഒരു മഹാ പരീക്ഷണം CERN ന്റെ നേതൃത്വത്തില്‍
ലാര്‍ജ് ഹാഡ്രോണ്‍  കൊളൈഡറില്‍ നടന്നുകൊണ്ടിരിയ്ക്കുകയാണല്ലോ. നമ്മുടെ പ്രപഞ്ചത്തെ സംബന്ധിച്ച സമസ്യകള്‍ക്കെല്ലാം അവിടെ നിന്നും ഉത്തരം കിട്ടുമെന്നു പ്രതീക്ഷിയ്ക്കാം. നിലവിലുള്ള ധാരണകളെ ഇങ്ങനെ ക്രോഡീകരിയ്ക്കാം:-
“പ്രപഞ്ചത്തില്‍ ഏറ്റവും അടിസ്ഥാനതലത്തില്‍ ദ്രവ്യവും ബലങ്ങളും പരസ്‌പരം എങ്ങനെ ബന്ധപ്പെടുകയും
 ഇടപഴകുകയും ചെയ്യുന്നു എന്നു വിശദീകരിക്കുന്ന സിദ്ധാന്തമാണ്‌ സ്റ്റാന്‍ഡേര്‍ഡ്‌ മോഡല്‍.
നൂറുകണക്കിന്‌ ശാസ്‌ത്രജ്ഞര്‍ നല്‍കിയ സംഭാവനകളുടെ ആകെത്തുകയായി 1970-കളിലാണ്‌ ഇത്‌
രൂപപ്പെടുന്നത്‌. 12 ദ്രവ്യകണങ്ങളും നാല്‌ അടിസ്ഥാനബലങ്ങളുമാണ്‌ പ്രപഞ്ചത്തിന്റെ ഉള്ളടക്കമെന്ന
സങ്കല്‍പ്പമാണ്‌ സ്റ്റാന്‍ഡേര്‍ഡ്‌ മോഡല്‍ മുന്നോട്ടു വെയ്‌ക്കുന്നത്‌.
എന്നാല്‍, 12 ദ്രവ്യകണങ്ങളും മൂന്ന്‌ അടിസ്ഥാനബലങ്ങളും മാത്രമേ നിലവില്‍ സ്റ്റാന്‍ഡേര്‍ഡ്‌ മോഡലിന്റെ
പരിധിയില്‍ വരുന്നുള്ളൂ. ഗുരുത്വാകര്‍ഷണബലത്തെ ഇതില്‍ ഉള്‍പ്പെടുത്തുന്നതില്‍ ശാസ്‌ത്രലോകം വിജയിച്ചിട്ടില്ല.
സ്‌റ്റാന്‍ഡേര്‍ഡ്‌ മോഡലില്‍ ഉള്‍പ്പെട്ട മൂന്ന്‌ അടിസ്ഥാനബലങ്ങളെ സാധ്യമാക്കുന്നത്‌ അഞ്ച്‌ കണങ്ങളാണ്‌.
12 ദ്രവ്യകണങ്ങളും ബലങ്ങള്‍ സാധ്യമാക്കുന്ന ആ അഞ്ച്‌ കണങ്ങളും ചേര്‍ന്നാല്‍ മൊത്തം 17 കണങ്ങള്‍.
ഇത്രയും കണങ്ങളും അവയെ പരസ്‌പരം ബന്ധിപ്പിക്കുന്ന നിയമങ്ങളും അടങ്ങിയതാണ്‌ സ്റ്റാന്‍ഡേര്‍ഡ്‌ മോഡല്‍.
 ഈ കണങ്ങളില്‍ 16 എണ്ണം യാഥാര്‍ഥ്യം, ഒരെണ്ണം സാങ്കല്‍പ്പികവും. ഹിഗ്ഗ്‌സ്‌ ബോസോണ്‍ എന്ന ആ സാങ്കല്‍പ്പികകണം
 കൂടി കണ്ടെത്തിയാലേ ഇപ്പോഴത്തെ നിലയ്‌ക്ക്‌ സ്റ്റാന്‍ഡേര്‍ഡ്‌ മോഡല്‍ പൂര്‍ണമാകൂ.ബലങ്ങള്‍ക്ക്‌ നിദാനമായ ബോസോണുകളെ പരസ്‌പരം കൈമാറുക വഴിയാണ്‌, സ്റ്റാന്‍ഡേര്‍ഡ്‌ മോഡലില്‍, ഗുരുത്വാകര്‍ഷണബലമൊഴികെ മറ്റ്‌ മൂന്ന്‌ അടിസ്ഥാനബലങ്ങളും സാധ്യമാകുന്നത്‌. ഗുരുത്വാകര്‍ഷണബലത്തിന്‌ കാരണമാകുന്നത്‌ ഗ്രാവിറ്റോണ്‍ എന്ന കണമാകാമെന്ന്‌ വാദമുണ്ടെങ്കിലും, അത്തരമൊരു കണം ഇതുവരെ കണ്ടുപിടിക്കപ്പെട്ടിട്ടില്ല.


(കടപ്പാട്: ശ്രീ.ജോസഫ് ആന്റണി. കുറിഞ്ഞി ഓണ്‍ലൈന്‍ . “പ്രപഞ്ചസാരം തേടി ഒരു മഹാ സം‌രം‌ഭം “ എന്ന പോസ്റ്റ് )
പ്രപഞ്ചത്തില്‍ നിന്നും ഭൂമിയുടെ ജൈവീക തലത്തിലേയ്ക്കു വന്നാല്‍ ഇന്നും നമുക്ക് പിടി തരാത്ത പല പ്രഹേളികകളും കണ്ടെത്താം. അവയ്ക്ക് ഈ സ്റ്റാന്‍ഡേര്‍ഡ് മോഡലിന്റെ അടിസ്ഥാനത്തില്‍ എന്തെങ്കിലും വിശദീകരണം കണ്ടെത്താമോ എന്നതിലേയ്ക്ക് ഒരന്വേഷണത്തിന്റെ തുടക്കമാണ് കുറിപ്പുകള്‍ .
ഭൂമിയില്‍ ഇന്നു നിലനില്‍ക്കുന്ന ജൈവീക പ്രകൃതി വലിയൊരു “അല്‍ഭുതസൃഷ്ടി“യാണ്. ഒരു പക്ഷെ പ്രപഞ്ച സൃഷ്ടിയുടെ രഹസ്യം കണ്ടെത്തിയാല്‍ പോലും ഭൂമിയിലെ ജൈവീക പ്രകൃതിയുടെ രഹസ്യം കണ്ടെത്തപ്പെടുമോ എന്ന് സംശയമാണ്.
സൂക്ഷ്മപ്രപഞ്ചത്തില്‍ നിന്നും (അതായത് സ്റ്റാന്‍ഡേര്‍‌ഡ് മോഡലില്‍ നിന്നും) ജൈവീക പ്രപഞ്ചത്തിലെത്തിയാല്‍ അവിടെ കോശങ്ങളാണ് താരം. അവയ്ക്കോരോന്നിനും തനതായ വ്യക്തിത്വവും ജനന-വളര്‍ച്ചാ-മരണ നിയമങ്ങളുണ്ട്. ഓരോ കോശവും തന്മാത്രകളാലും അതായത് ആറ്റങ്ങളാലും അടിസ്ഥാനപരമായി ക്വാര്‍ക്കുകളും ലെപ്റ്റോണുകളും ബോസോണുകളാലുമാണ് നിര്‍മ്മിക്കപ്പെട്ടിരിയ്ക്കുന്നത്. അപ്പോള്‍ കോശങ്ങളുടെ സൃഷ്ടിയും ജൈവീകമായ നിലനില്‍പ്പും മേല്‍‌കണങ്ങളുടെ ഏതോ ഒരു പ്രത്യേക ചേരുവയുടെ ഫലമാണ്.
കോശങ്ങള്‍ ചേര്‍ന്നുണ്ടാവുന്ന കലകള്‍ക്കും അവയുടേതായ വ്യക്തിത്വമുണ്ട്. കൃത്യമായ നിയമങ്ങളുണ്ട്. തുടര്‍ന്നുള്ള ഓരോ തലങ്ങളിലും അവസാനമായി ഒരു പൂര്‍ണജീവിയുടെ നിലവാരത്തിലും ഓരോ ജനന-വളര്‍ച്ചാ-മരണ നിയമങ്ങളുണ്ട്. ചലനസ്വാതന്ത്ര്യമുള്ളവയ്ക്ക് ചലന നിയമങ്ങളുണ്ട്. അതായത്, ജീവിയുടെ-ശരീരത്തിന്റെ ഓരോ പടിയിലും വ്യത്യസ്തമായ ജൈവീക നിയമങ്ങള്‍ പാലിയ്ക്കപ്പെടുന്നു. ഓരോ ഘട്ടത്തിലും പ്രത്യേകമായ വ്യക്തിത്വം കാത്തുസൂക്ഷിക്കപ്പെടുന്നു.
പൂര്‍ണജീവി എന്ന തലത്തിലെത്തുമ്പോള്‍ മനസ്സ് എന്നൊരു ഘടകം കൂടി ചേര്‍ക്കപ്പെടുന്നു. ഇത് നമുക്കറിയാവുന്നതുപോലെ, ഒരു കമ്പ്യൂട്ടറിന്റെ പ്രവര്‍ത്തനം തന്നെ. വ്യത്യസ്ഥ ഭൌതിക പദാര്‍ത്ഥങ്ങള്‍ ചേര്‍ത്ത് ഉണ്ടാക്കുന്ന കമ്പ്യൂട്ടറിന് അത്യന്തിക തലത്തില്‍ ഓര്‍മശക്തിയും ബുദ്ധിയും കിട്ടുന്നതിനു തുല്യമാണിത്.
തുടര്‍ന്ന് ജൈവീകപ്രപഞ്ചത്തിലേയ്ക്ക് വരുമ്പോള്‍ അവിടെയും ചില നിയമങ്ങള്‍ നിലനില്‍ക്കുന്നതായി കാണാം. ഭക്ഷ്യ ശൃംഖല തന്നെയെടുക്കുക. ആ ചങ്ങലയില്‍ ഓരോ ജീവിയ്ക്കും കൃത്യമായി സ്ഥാനം നല്‍കപ്പെട്ടിരിയ്ക്കുന്നു. ആ സ്ഥാനത്തിനനുസരിച്ചാണ് അവയുടെ ശരീരവും മനസ്സും രൂപപ്പെട്ടിരിയ്ക്കുന്നത്. ശരീരത്തിലെ ഓരോ ഘടകവും അതിവിദഗ്ധമായ എഞ്ചിനീയറിംഗിനാല്‍ ഡിസൈന്‍ ചെയ്യപ്പെട്ടിരിയ്ക്കുന്നു. പലതും മനുഷ്യന് ഇന്നും സാധ്യമല്ലാത്തവ. ഒരുറുമ്പിന് അതിന്റെ ശരീരഭാരത്തിന്റെ ആറിരട്ടി വരെ ഭാരം ഭംഗിയായി വഹിയ്ക്കാം. അത്തരമൊരു യന്ത്രം മനുഷ്യന് കണ്ടെത്താനാവുമോ? ഒരു എട്ടുകാലി എത്ര ചെറുതാണെങ്കിലും കൃത്യമായ കണക്കുകൂട്ടലോടെ തന്റെ വല നെയ്തുണ്ടാക്കും. ആ പ്രവൃത്തി ഒരു മനുഷ്യന്‍ ചെയ്യണമെങ്കില്‍ അത്യാവശ്യം എഞ്ചിനീയറിംഗ് പഠനം ആവശ്യമാണ്. നൂറ് കണക്കിന് അടി ഉയരത്തില്‍ പറക്കുന്ന ഒരു പരുന്തിന് നിലത്ത് നില്‍ക്കുന്ന ഒരു കോഴിക്കുഞ്ഞിനെ വ്യക്തമായി കാണാന്‍ കഴിയും! ചുരുക്കത്തില്‍ ഓരോ ജീവജാലവും കൃത്യമായ കണക്കുകൂട്ടലോടെ തന്നെയാണ് സൃഷ്ടിക്കപ്പെട്ടിരിയ്ക്കുന്നത്.
എന്തിനാണ് ജീവജാലങ്ങള്‍ക്ക് മരണം പ്രകൃതി നല്‍കിയത്? വളര്‍ച്ചയുടെ ഒരു പ്രത്യേക ഘട്ടത്തില്‍ എത്തിയാല്‍ എന്നും ആ സ്ഥിതി തുടര്‍ന്നാല്‍ പോരായിരുന്നോ? പുതുതായി അവ വീണ്ടും ഉണ്ടാകേണ്ടിയിരുന്നോ? പ്രകൃതിയ്ക്ക് അക്കാര്യത്തില്‍ കൃത്യമായ ദീര്‍ഘവീക്ഷണം ഉണ്ടെന്നാണ് എനിയ്ക്കു തോന്നുന്നത്.  പുതുതായി ഒന്നും ഉണ്ടാകുന്നില്ല എങ്കില്‍ ഭൂമി ഒരിയ്ക്കലും ഇത്ര സുന്ദരമാകില്ല. ജീവികള്‍ക്ക് വികാരമോ ആകര്‍ഷണമോ ഉണ്ടാകില്ല. കാരണം പ്രത്യുല്പാദനം ഇല്ലല്ലോ? ചുരുക്കത്തില്‍ ജൈവലോക ഡിസൈനര്‍ ഒരു സൌന്ദര്യാരാധകനും കലാകാരനും കൂടിയാണ്. (ഇവിടെ പുല്ലിംഗത്തിന് പുരുഷന്‍ എന്ന അര്‍ത്ഥമില്ല)
മരണശേഷം ശരീരം തന്മാത്രകളായി വിഘടിക്കപ്പെടുന്നു. അതായത് അടിസ്ഥാനകണങ്ങളുടെ ഏതോ ഒരു പ്രത്യേക ചേരുവയില്‍ ജീവന്‍ എന്ന സവിശേഷത പ്രത്യക്ഷമാവുന്നു. ആ തലത്തില്‍ നിന്നും മുന്നോട്ടുള്ള ഓരോ തലത്തിലും (ചേരുവയിലും) ചിലപ്രത്യേകമായ നിയമം അവ പാലിയ്ക്കുന്നു. ഒരു തലത്തിലെ നിയമം മറ്റൊരു തലത്തില്‍ പ്രസക്തമാവണമെന്നില്ല.
പൂര്‍ണജീവി എന്ന തലത്തിലായാല്‍ അവ പ്രകൃതിയുടെ പൊതുവായതോ സവിശേഷമായതോ ആയ നിയമങ്ങള്‍ക്ക് വിധേയരാവുന്നു. ആ നിയമങ്ങള്‍ക്ക് അനുസൃതമായാണ് അവ അടിസ്ഥാനതലത്തില്‍ തന്നെ (ജീവകോശം) നിര്‍മ്മിക്കപ്പെടുന്നത്!  അതായത് കൃത്യമായ മുന്‍പേ നിര്‍വചിക്കപ്പെട്ട ചില നിബന്ധനകള്‍ക്കനുസൃതമായാണ് ജീവകോശങ്ങള്‍ അല്ലെങ്കില്‍ ജീവന്‍ സൃഷ്ടിക്കപ്പെടുന്നത്. മനുഷ്യബുദ്ധിയ്ക്ക് എത്തിപ്പെടാന്‍ കഴിയാത്തത്ര ഉന്നതമായ എഞ്ചിനീയറിങ് വൈദഗ്ധ്യം, ആ ജീവന്റെ(ശരീരത്തിന്റെ) മുന്‍പോട്ടുള്ള ജീവിതത്തിന്  എങ്ങനെ ആവശ്യമാണന്നുള്ള മുന്‍‌ധാരണയോടെ  ആണ് സന്നിവേശിപ്പിയ്ക്കപ്പെടുന്നത്!
ജീവന്റെ ആവിര്‍ഭാവകാലത്ത് ഒരു DNA  മാത്രമാവാം സൃഷ്ടിക്കപ്പെട്ടത്. തുടര്‍ന്ന് അത് കോശമായി ജീവന്റെ പല രൂപങ്ങളായി മാറി ഇന്നത്തെ നിലയിലേയ്ക്ക് എത്തിച്ചത് ആ വൈദഗ്ധ്യം തന്നെയാണ്. പരിണാമത്തിന്റെ ഓരോ വേളയിലും ആ ജീവിവര്‍ഗത്തിന് നിലനില്‍ക്കാനാവശ്യമായ സവിശേഷതകള്‍ കൃത്യമായ കണക്കുകൂട്ടലോടെ കോശത്തിലേയ്ക്ക്-DNA- ചേര്‍ക്കപ്പെട്ടു!
എന്റെ സംശയം ഈ കണക്കുകൂട്ടലുകള്‍ ആരാണ് ചെയ്യുന്നത്? ഏറ്റവും എളുപ്പമായ ഉത്തരം “ദൈവം” എന്നതാണ്. പക്ഷെ നാം മതഗ്രന്ഥങ്ങളിലോ അല്ലാതെയോ മനസ്സിലാക്കിയ ദൈവമാണതെന്ന് എനിയ്ക്കഭിപ്രായമില്ല. അവ മനുഷ്യസൃഷ്ടി മാത്രമാവാനാണ് വഴി. മാത്രമല്ല അവ മനുഷ്യനെ മാത്രമേ (ഭാരതീയ ചിന്താരീതിയൊഴികെ) അഭിസംബോധന ചെയ്യുന്നുള്ളൂ. ചില തലങ്ങളില്‍ മനുഷ്യനേക്കാള്‍ മുന്നില്‍ നില്‍ക്കുന്ന മറ്റു ജീവജാലങ്ങളെ അവ പരിഗണിയ്ക്കുന്നേയില്ല.
മരണശേഷം തന്മാത്രകള്‍ക്ക് ജീവന്റെ സവിശേഷ സ്വഭാവങ്ങള്‍ നഷ്ടമാവുന്നു. അതായത് അവ അടിസ്ഥാനകണങ്ങളുടെ സ്വഭാവത്തിലേയ്ക്ക് തിരികെയെത്തുന്നു.
അറിയപ്പെട്ടിടത്തോളം ഭൂമിയിലെ സാഹചര്യങ്ങളില്‍ മാത്രമാണ് അടിസ്ഥാനകണങ്ങള്‍ക്ക്  ഈ സ്വഭാവം ലഭിയ്ക്കുന്നത്.
അതായത് ഈ ജൈവീകനിയമങ്ങളും എഞ്ചിനീയറിങുമെല്ലാം ഭൂമിയിലെ പ്രകൃതിയിലാണ് രൂപംകൊള്ളുന്നത്. പ്രകൃതിയെന്നാലോ, വായുവും വെള്ളവും മണ്ണും  സസ്യങ്ങളും മൃഗങ്ങളും പക്ഷികളും വൈറസും ബാക്റ്റീരിയയുമെല്ലാം ഉള്‍ക്കൊള്ളുന്ന ഒരു പ്രത്യേക കൂട്ടായ്മ. ആത്യന്തികമായി ഇവയെല്ലാം അടിസ്ഥാനകണങ്ങള്‍ തന്നെ! കോടാനുകോടി(?) വ്യത്യസ്തചേരുവയില്‍ ബന്ധിപ്പിക്കപ്പെട്ട 16 അല്ലെങ്കില്‍ 17 കണങ്ങള്‍ മാത്രം! ആ ഒരു പ്രത്യേക ഘട്ടത്തില്‍ അവയ്ക്ക് പൊതുവായ ഒരു ബൌദ്ധിക സിദ്ധി കൈവരുന്നുണ്ടോ? അതായത് മനുഷ്യബുദ്ധിയെക്കാളുമൊക്കെ തുലോം ഉയര്‍ന്ന ബുദ്ധി?
മനുഷ്യന്റെ ബുദ്ധിയുടെ അടിസ്ഥാനമായ ന്യൂറോണുകള്‍ പരസ്പരം ബന്ധിപ്പിച്ച് ഒരു “ക്ലൌഡ്” പോലെ പ്രവര്‍ത്തിയ്ക്കുമ്പോഴാണല്ലോ മനുഷ്യന് “ബുദ്ധിയുണ്ടവുന്നത്. അതുപോലെ എല്ലാ ജീവജാലങ്ങളും അദൃശ്യമായ ഏതോ കണങ്ങളാല്‍  പരസ്പരബന്ധിതമാണോ? അവയില്‍കൂടി ഉണ്ടാക്കപ്പെട്ട-നമുക്കറിയാത്ത - ഒരു ബുദ്ധികേന്ദ്രമാണോ ഈ പ്രകൃതി? ഇനിയും തിരിച്ചരിയാത്ത തമോദ്രവ്യത്തിന്(Dark Matter) ഇതിലെന്തെങ്കിലും പങ്കുണ്ടോ?
മറ്റൊരു ചിന്ത കൂടി പങ്കു വയ്ക്കട്ടെ. നാമെല്ലാവരും ഓരോരോ ആവശ്യങ്ങള്‍ക്കായി പ്രാര്‍ത്ഥിയ്ക്കാറുണ്ട്. ചിലതൊക്കെ അവിശ്വസനീയമാംവണ്ണം നടക്കാറുമുണ്ട്. ചിലപ്പോള്‍ നമ്മളെ തേടി ഭാഗ്യം വരാറുണ്ട്. ഇതൊക്കെ ഏതു ഭൌതികവാദിയും സമ്മതിയ്ക്കും. ഈ പ്രകൃതിയിലെ അജ്ഞാത ബുദ്ധികേന്ദ്രത്തിന് ഇതിലെന്തെങ്കിലും പങ്കുണ്ടോ? അതായത് പ്രാര്‍ത്ഥനയില്‍കൂടിയുണ്ടാവുന്ന “മാനസിക തരംഗങ്ങള്‍ “ ഈ ബുദ്ധികേന്ദ്രവുമായി സംവദിയ്ക്കുകയും മുന്‍‌കര്‍മ്മങ്ങള്‍ , ഭാവി വിധി എന്നിവയ്ക്കനുസൃതമായി ഇവയൊക്കെ സംഭവിപ്പിയ്ക്കുകയുമാണെങ്കിലോ...
കൂടുതല്‍ പഠനമാവശ്യമാണെന്നെനിയ്ക്കു തോന്നുന്നു.

21 comments:

  1. കുറുഞ്ഞീടെ ബ്ലോഗില്‍ നിന്നാ ഈ കൊളൈഡറിനെ പറ്റി കാര്യായിട്ട് അറിഞ്ഞത്.. അതുമനസ്സില്‍ നില്‍ക്കുന്നത് കൊണ്ടാണെന്നു തോനുന്നു ഇന്നലെ ഒരു ദുസ്വപ്നം കണ്ടു,
    കൊളൈഡര്‍ പൊട്ടിതെറിക്കുന്നതായും അതുമൂലം കുറേ പ്രശ്നങ്ങള്‍ ഉണ്ടാവൂന്നതായും. പിന്നേയും എന്തൊക്കയോ കണ്ടു ഒന്നും വ്യക്തായിട്ട് ഓര്‍കുന്നില്ലാ!!

    ReplyDelete
  2. കൊളൈഡര്‍ പല പുതിയ അറിവുകളും തരും എന്നു തന്നെയാണ് എന്റെ വിശ്വാസം. എങ്കിലും നമ്മുടെ ജൈവപ്രപഞ്ചത്തിന്റെ പല ചോദ്യങ്ങള്‍ക്കും ഉത്തരം കിട്ടുമോ? കാര്യമായ അറിവുള്ളവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കുമെന്നു കരുതാം

    ReplyDelete
  3. ഈ ഭൂമിയിൽ എന്തൊക്കെയോ സംഭവിക്കുന്നു എന്ന് ചിന്തിച്ച് തല പുകയുന്നതിനാൽ ഒരു ദിവസം‌പോലും മര്യാദക്ക് ഉറങ്ങാൻ കഴിഞ്ഞിട്ടില്ല. അപ്പോഴാണ് ബ്ലോഗ് എഴുതാൻ തുടങ്ങിയത്. ഇപ്പോൾ എന്റെ ഉറക്കം‌കെടുത്താൻ ഒന്നുകൂടി,,,

    ReplyDelete
  4. മിനി പിണങ്ങല്ലേ, നമ്മള്‍ പലപ്പോഴും ചിന്തിച്ചിട്ടില്ലേ ഇതൊക്കെ ഒന്നറിയണമെന്ന്? അതിനായൊരു ശ്രമം അത്രയേ ഉള്ളൂ. പിന്നെ മറ്റുള്ളവരുടെ അറിവ് നമുക്കും പങ്കു വയ്ക്കാമല്ലോ....

    ReplyDelete
  5. സുഹ്രുത്തേ ശാസ്ത്ര വിഷയങ്ങൾ വിശദീകരിച്ചത് നന്നായി. പക്ഷെ പലരും അവസാനം എത്തുന്നത് ഈ മെറ്റ ഫിസിക്സിലാണ്. ഫ്രിജ് ഓഫ് കാപ്ര പണ്ട് ചെയ്ത പോലെ. പുള്ളി ചുമ്മാ കടാപ്പുറത്ത് ഇരിക്കുംപോൾ തോന്നി wave particle duality എന്നത് ശിവതാണ്ഡവമാണ് എന്നു!! ഇത് അത്ര നിഷ്കളങ്കമായി കാണാവുന്നതല്ല. ഇന്നത്തെ പുരോഗതിയെല്ലാം വെറുതെ പണ്ട് മതങ്ങൾ പറഞ്ഞതാണു ശരി എന്നു പറയുന്ന രീതി. എങ്ങനെയാണു സുഹ്രുത്തേ ഡാർക് മാറ്റർ ഈ പറയുന്ന സവിശേഷ് ബുദ്ധിയുമായി ബന്ധപ്പേടുന്നത്...?
    ആശയത്തിൽനിന്നാണു ദ്രവ്യം സ്രുഷ്തിക്കപ്പേട്ടത് എന്ന പഴയ ആശയവാദമാണിത്. തീർച്ചയായും നമുക്ക് ഇതുവരെ പിടികിട്ടാത്ത പല നിയമങ്ങളുമുണ്ടായേക്കാം. എന്നാൽ അവ നമ്മെ വൈകാരികമായി സ്വാധീനിക്കുന്നവയല്ല. ഡോക്കിൻസ് പറഞ്ഞപോലെ ഗുരുത്വാകർഷണത്തിനെ ആരാധിക്കുക എന്ന മണ്ടത്തരം.

    ReplyDelete
  6. ഹായ് ചിത്രഭാനു അഭിപ്രായത്തിന് നന്ദി.
    ചിത്രഭാനു പറഞ്ഞത്: / / /ഇന്നത്തെ പുരോഗതിയെല്ലാം വെറുതെ പണ്ട് മതങ്ങൾ പറഞ്ഞതാണു ശരി എന്നു പറയുന്ന രീതി.

    എങ്ങനെയാണു സുഹ്രുത്തേ ഡാർക് മാറ്റർ ഈ പറയുന്ന സവിശേഷ് ബുദ്ധിയുമായി ബന്ധപ്പേടുന്നത്...?/ / /
    മറുപടി : എന്റെ പോസ്റ്റിന്റെ സ്പിരിറ്റ് ചിത്രഭാനുവിന് മനസ്സിലായോ എന്നെനിക്കറിയില്ല. ഞാനൊരിടത്തും മതങ്ങള്‍

    പറഞ്ഞതാണ് ശരി എന്നു പറഞ്ഞിട്ടില്ല. എന്നുമാത്രമല്ല , മതങ്ങള്‍ ഇവിടെ ഒരു വിഷയമേ അല്ല. നമുക്കറിയേണ്ടത്,

    ഭൌതികശാസ്ത്രം എങ്ങനെ ജൈവീക പ്രപഞ്ചവുമായി ബന്ധപ്പെട്ടിരിയ്ക്കുന്നു എന്നതാണ്. നിലവില്‍ അംഗീകരിയ്ക്കപ്പെട്ട

    സ്റ്റാന്‍ഡേര്‍ഡ് മോഡലിന്റെ ചട്ടക്കൂട്ടില്‍ നിന്നുകൊണ്ട് ജൈവീകപ്രപഞ്ചത്തെ എങ്ങെനെ നിര്‍വചിയ്ക്കാം എന്നതിന്റെ

    അന്വേഷണമാണ് ചര്‍ച്ചാവിഷയം. അതിലേയ്ക്ക് മതത്തെയോ മതഗ്രന്ഥങ്ങളെയോ കൊണ്ടുവരേണ്ടതുണ്ടോ? അതുപോലെ

    പണ്ട് ഏതെങ്കിലും ഗ്രന്ഥത്തില്‍ ഇതൊക്കെ പറഞ്ഞോ ഇല്ലയോ എന്നതുമല്ല വിഷയം. നാമിവിടെ കാണുന്ന

    ജൈവീകലോകമുണ്ട്. അതിന്റെ കൃത്യമായ ഒരു വിന്യാസമുണ്ട്. അതില്‍ കൃത്യമായ ചില നിയമങ്ങള്‍

    പരിപാലിയ്ക്കപെടുന്നുണ്ട്. മനുഷ്യരാശി ഇന്നോളം നേടിയതിനെക്കാ‍ളുമൊക്കെ ഉന്നതമായ ടെക്നോളജിയുണ്ട്. അതെങ്ങനെ

    അല്ലെങ്കില്‍ ആരാല്‍ ഉണ്ടായി? സ്റ്റാന്‍ഡേര്‍ഡ് മോഡലില്‍ പറയുന്ന അടിസ്ഥാനകണങ്ങളാണല്ലോ (?) ഇവയെല്ലാം.

    അപ്പോള്‍ അവയുടെ ചേരുവയുടെ പ്രത്യേകത ആവാം ജീവന്റെയും ജൈവീകലോകത്തിന്റെയും അടിസ്ഥാനം. എന്നാല്‍ ഇത്ര

    കൃത്യമായ ആസൂത്രണത്തിനും വിന്യാസത്തിനും കാരണമെന്ത്?
    മനുഷ്യന്റെ ആസൂത്രണമോ എഞ്ചിനീയറിംഗ് വൈദഗ്ധ്യമോ “പ്രകൃതിയു”ടേതിന് ഏഴയലത്തു വരുമോ? യാതൊരുവിധ

    അളവുകളും പഠിയ്ക്കാത്ത ഒരാള്‍ക്കുപോലും, തന്റെ കൈയില്‍ നിന്നും ഒരു സാധനം അല്പം ദൂരെ നില്‍ക്കുന്ന ഒരാളുടെ

    കൈയിലേയ്ക്ക് കൃത്യമായി എറിഞ്ഞുകൊടുക്കാന്‍ സാധിയ്ക്കും. അവിടെ അയാളുടെ തലച്ചോര്‍ ദൂരം കൃത്യമായി കണക്കുകൂട്ടുന്നു.

    കൈയിലിരിയ്ക്കുന്ന വസ്തുവിന്റെ ഭാരം കണക്കിലെടുത്ത് ആ ദൂരത്തേയ്ക്ക് എത്ര ശക്തിയില്‍ എത്തണമെന്ന് കണക്കുകൂട്ടി

    വേണ്ടരീതിയില്‍ പ്രവര്‍ത്തിയ്ക്കുന്നു. ഇത് പ്രകൃതി നമുടെ ശരീരത്തിനു നല്‍കിയ അടിസ്ഥാന ശാസ്ത്രവിജ്ഞാനമാണ്,

    നാമതിനെക്കുറിച്ച് ബോധവാന്മാരല്ലെങ്കില്‍ കൂടി. അതായത് നമ്മുടെ വിശേഷ ബുദ്ധി കൂടാതെ ശരീരത്തിനു തനതായ ഒരു

    ബുദ്ധിവിശേഷമുണ്ടെന്നു കരുതാം. നമ്മുടെ ശ്വാസോഛ്വാസം, ദഹനം, ഹൃദയമിടിപ്പ്, വൃക്കകളുടെ പ്രവര്‍ത്തനം, മുറിവുകള്‍

    (അണു ബാധകള്‍ ) സുഖപ്പെടുത്തല്‍ , റിഫ്ലക്സ് ആക്ഷന്‍ അങ്ങനെ അനേകം പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിയ്ക്കുന്നത് ഈ

    “ബുദ്ധി”യായിരിയ്ക്കണം. ഈ “ശരീരബുദ്ധി“യും ഞാന്‍ പോസ്റ്റില്‍ സൂചിപ്പിച്ച “പ്രകൃതി ബുദ്ധികേന്ദ്രവു“മായി ഒരു സംവേദനം

    സാധ്യമായിക്കൂടെന്നുണ്ടോ?

    ReplyDelete
  7. ഡാര്‍ക്ക് മാറ്റര്‍ എങ്ങെനെയാണ് സവിശേഷബുദ്ധിയുമായി ബന്ധപ്പെടുന്നതെന്ന് പറയാന്‍ എനിക്കറിയില്ല. ഞാനൊരു

    സംശയം ഉന്നയിച്ചു എന്നു മാത്രം. നമുക്ക് നേരിട്ടനുഭവിയ്ക്കാനോ മനസ്സിലാക്കാനോ കഴിയാത്ത ശ്യാമദ്രവ്യം നമ്മുടെ

    പ്രകൃതിയിലുമുണ്ടാവാം. (ആ സാധ്യത ശാസ്ത്രജ്ഞര്‍ തള്ളിക്കളയുന്നില്ല. നമുക്ക് മനസ്സിലാക്കാന്‍ കഴിയുന്ന ദ്രവ്യപ്രപഞ്ചം

    4.6% മാത്രമെങ്കില്‍ ശ്യാമദ്രവ്യപ്രപഞ്ചം 23% എന്നാണ് കണക്കാക്കപ്പെടുന്നത്. ) അവയ്ക്ക് ഈ ഭൂമിയിലെ ജൈവലോകത്ത്

    എന്തുകൊണ്ട് സ്വാധീനമുണ്ടായിക്കൂടാ?
    / / /ചിത്രഭാനു പറയുന്നു: “ആശയത്തിൽനിന്നാണു ദ്രവ്യം സ്രുഷ്തിക്കപ്പേട്ടത് എന്ന പഴയ ആശയവാദമാണിത്. തീ

    ർച്ചയായും നമുക്ക് ഇതുവരെ പിടികിട്ടാത്ത പല നിയമങ്ങളുമുണ്ടായേക്കാം. എന്നാൽ അവ നമ്മെ വൈകാരികമായി

    സ്വാധീനിക്കുന്നവയല്ല. ഡോക്കിൻസ് പറഞ്ഞപോലെ ഗുരുത്വാകർഷണത്തിനെ ആരാധിക്കുക എന്ന മണ്ടത്തരം.“/ / /
    ഞാന്‍ ആശയവാദത്തെ കൂട്ടുപിടിച്ചിട്ടേയില്ല. പക്ഷേ ഭൌതികശാസ്ത്രം തന്നെ ചിലപ്പോള്‍ മെറ്റാഫിസിക്സിനെ

    തന്നെഅതിശയിപ്പിയ്ക്കുന്ന ചില ആശയങ്ങള്‍ മുന്നോട്ടു വയ്ക്കുന്നില്ലേ?
    സ്റ്റീഫന്‍ ഹോക്കിങ് അദ്ദേഹത്തിന്റെ “A Breif History of Time" എന്ന പുസ്തകത്തിന്റെ 7-മത് അധ്യായത്തില്‍ Primordial

    Black Hole കളെക്കുറിച്ച് പറയുന്നുണ്ട്. 10,000 മെഗാവാട്ട് ഊര്‍ജം ഉത്സര്‍ജിയ്ക്കുന്ന, ഒരു പര്‍വതത്തിന്റെ പിണ്ഡമുള്ള,

    ഒരിഞ്ചിന്റെ ഒരുലക്ഷം കോടിയിലും കുറവായ വലുപ്പമുള്ള (ഒരു ആറ്റം ന്യൂക്ലിയസിന്റെ വലുപ്പം) മാത്രമുള്ള അത്തരം ബ്ലാക്ക്

    ഹോളുകള്‍ ഉണ്ടാവാമെന്നാണ് അദ്ദേഹം സമര്‍ത്ഥിയ്ക്കുന്നത്!!! അതായത് വലിയൊരു പര്‍വതത്തെ ഒരു ആറ്റം

    ന്യൂക്ലിയസിലൊതുക്കിയ അവസ്ഥ! അത്തരം ഒരു ബ്ലാക്ക് ഹോള്‍ ഭൂമിയില്‍ എത്തിയാല്‍ (സാങ്കല്പികം) അത് ഭൂമിയെ തുളച്ച്

    കടന്നുപോയിട്ട് വീണ്ടും വീണ്ടും തിരിച്ച് വന്നും പോയും ഇരിയ്ക്കും! അവസാനം ഭൂകേന്ദ്രത്തില്‍ നിശ്ചലമാകും. അതായത് ഒരു

    പെന്‍ഡുലം പോലെ! നമ്മള്‍ കേട്ടിട്ടുള്ള ഏതു യക്ഷിക്കഥയേയും അതിശയിപ്പിയ്ക്കില്ലേ ഇത്?
    പ്രപഞ്ചം മഹാസ്ഫോടനത്തിന് മുന്‍പ് എങിനെയായിരുന്നിരിയ്ക്കാം? സ്ഥലകാലങ്ങളില്ലാത്ത “Singularity“ ആയിരുന്നോ?

    അതിന്റെ പിണ്ഡം Zero Mass ആയിരുന്നോ? അതായത് ഈ പ്രപഞ്ചമാകെ(അനേക ലക്ഷം കോടി ഗ്യാലക്സികള്‍ ! ഓരോ

    ഗ്യലക്സിയിലും അനേക ലക്ഷം കോടി നക്ഷത്രങ്ങള്‍ ! ) ഒരു ബിന്ദു (~Zero Mass) ആയ അവസ്ഥ!!!
    ഉത്തരം എന്തായാലും അത് ഏതു കല്പിത കഥയെയും വെല്ലുമെന്നതില്‍ സംശയമുണ്ടോ?

    ReplyDelete
  8. ബിജുകുമാർ,

    താങ്കൾ ഇത്രയും ശാസ്ത്രം എഴുതിയിട്ട്‌ അവസാനഖണ്ഡിക കല്ലുകടിയാക്കിയത്‌ കാണുമ്പോൾ വിഷമമുണ്ട്‌. താങ്കൾ എഴുതിയതെല്ലാം പ്രാർത്ഥനയിൽകൂടിയുണ്ടാവുന്ന “മാനസിക തരംഗങ്ങൾ “ ഈ ബുദ്ധികേന്ദ്രവുമായി സംവദിയ്ക്കുകയും മുൻ‌കർമ്മങ്ങൾ , ഭാവി വിധി എന്നിവയ്ക്കനുസൃതമായി ഇവയൊക്കെ സംഭവിപ്പിയ്ക്കുകയുമാണെങ്കിലോ എന്നതിൽ കൊണ്ടുചെന്നെത്തിച്ചതെങ്ങിനെയെന്നറിയില്ല. സ്റ്റീഫൻ ഹോക്കിങ്ങ്‌ പഠിച്ചതും പ്രവർത്തിച്ചതും എഴുതിയതുമൊന്നും മുൻകൂട്ടി നിശ്ചയിച്ച വിധിയുടെ കർത്താവിലേക്കോ പ്രാർത്ഥനകേട്ട്‌ അനുസൃതമായ തരംഗങ്ങൾ അയക്കുന്ന ശക്തിയിലേക്കോ വിരൽ ചൂണ്ടുന്നുമില്ല.

    താങ്കൾ എഴുതിയ വിഷയം അതല്ലെന്നറിയാം. അതിനാൽ ഈ ഒരു കല്ലുകടിയിന്മേൽ ചർച്ച ചെയ്യുന്നതിൽ കാര്യവുമുണ്ടാകില്ല. അതിനാൽ വിശദമായി എഴുതുന്നില്ല.

    Otherwise, നല്ലൊരു ലേഖനത്തിന്‌ നന്ദി, ആശംസകൾ.

    ReplyDelete
  9. മതം താങ്കൾ പറഞ്ഞില്ല എന്നത് ശരി തന്നെ. പക്ഷെ ഈ ആർഷ ഭാരത ശാസ്ത്രം പലരും ഉന്നയിക്കുന്നതിന്റെ പിന്നിൽ ബ്രാഹ്മണ മതത്തിന്റെ ശ്രേഷ്ട്തയെ ഉത്ഘോഷിക്കാനാണ്. താങ്കൾ അങ്ങനെയല്ലെന്നു കരുതട്ടെ...
    ഈ സൂപ്പർ ബ്രൈൻ എന്നത് ആശയവാദം തന്നെയാണ് സുഹ്രുത്തേ.. തീർച്ചയായും താങ്കൾക്ക് അത് വിശ്വസികാനുള്ള അവകാശമുണ്ട്. എന്നാൽ ശാസ്ത്രം ഒരു അതീന്ദ്രിയ ബുദ്ധിയുടെ തെളിവുകളിലേക്കാണ് പോകുന്നത് എന്നു പറയുംപോളാണ് ഇടപെടേണ്ടി വരുന്നത്. ഗാലക്സികളെ പിടിച്ചു നിർത്തുന്ന ഗുരുത്വാകർഷണത്തിനു കാരണമായാണ് ഡാർക്ക് മാറ്റർ എന്ന സിദ്ധാന്തം വരുന്നത്. അത് സ്രിഷ്ടിപരമായി ഒന്നും ചെയ്യുന്നില്ല.വേറെ ഒരു തെളിവും ഇതിനു ലഭിച്ചിട്ടില്ല. സ്വാധീനിക്കുന്നതാണെങ്കിൽ അതുതന്നെ ഒരു തെളിവല്ലെ...

    ബ്ലാക് ഹോളുകളും മറ്റും അൽഭുതങ്ങൾ തന്നെ. എന്നാൽ അവക്ക് എങനെ നമ്മുടെ പ്രാർഥന കേൾകാൻ പറ്റും...? പ്രാർഥനയുടെ മാനസിക തരംഗങ്ങൾ..? അത് ആ ബുദ്ധിയുമായി റസണൻസ് നടക്കാവുന്ന ഫ്രീക്വൻസിയിലുള്ള തരംഗങൾ നമ്മുടെ പൂർവ്വികർ ഗണിച്ച് രൂപപ്പെടുത്തി എന്നൊക്കെ പറഞ്ഞാൽ.....
    പ്രാർഥനയുടെ ശബ്ദ തരംഗമാവാൻ വഴിയില്ല. കാരണം വിസരണം കൂടും.
    പിന്നെ..? ഇലക്ട്രോ മാഗ്നറ്റിക്..?
    സിങ്കുലാരിറ്റി തുടങ്ങിയ വിഷയങ്ങൾ അജ്ഞം തന്നെ . അതെല്ലാം എങ്ങനെ നമ്മെ വൈകാരികമായി സ്വാധീനിക്കാൻ കഴിയും...?

    ReplyDelete
  10. പ്രിയ അപ്പൂട്ടന്‍ ‍, ചിത്രഭാനു ഇവിടെ എത്തിയതിലും അഭിപ്രായം രേഖപ്പെടുത്തിയതിലും നന്ദി. ആദ്യമേ പറയട്ടേ, എതെങ്കിലും മുന്‍‌വിധിയോടെയോ, ഏതെങ്കിലും വിശ്വാസത്തെ ന്യായീകരിയ്ക്കുകയോ അല്ല ഈ ചര്‍ച്ചയുടെ ലക്ഷ്യം. നമ്മുടെ മുന്നില്‍ കാണുന്ന ഈ ജൈവീകലോകം, ആധുനിക ഭൌതികശാസ്ത്രം, നമ്മുടെ അനുഭവങ്ങള്‍ ഇവ തമ്മില്‍ ഒരു സമാവായം സാധ്യമാണോ എന്ന് പരിശോധിയ്ക്കുക മാത്രമാണ് ഉദ്ദേശം. (കഴിഞ്ഞകാല ഗ്രന്ഥങ്ങളുടെ ആധികാരികത ഇവിടെ വിഷയമേ അല്ല. ) അറിവും ചിന്തയുമുള്ളവരുടെ അഭിപ്രായങ്ങള്‍ കൂടി ഉണ്ടായാല്‍ മാത്രമേ ഈ ചര്‍ച്ച അര്‍ത്ഥപൂര്‍ണമാവൂ.

    അപ്പൂട്ടന്‍ പറയുന്നു: “താങ്കൾ ഇത്രയും ശാസ്ത്രം എഴുതിയിട്ട്‌ അവസാനഖണ്ഡിക കല്ലുകടിയാക്കിയത്‌ കാണുമ്പോൾ വിഷമമുണ്ട്‌. താങ്കൾ എഴുതിയതെല്ലാം പ്രാർത്ഥനയിൽകൂടിയുണ്ടാവുന്ന “മാനസിക തരംഗങ്ങൾ “ ഈ ബുദ്ധികേന്ദ്രവുമായി സംവദിയ്ക്കുകയും മുൻ‌കർമ്മങ്ങൾ , ഭാവി വിധി എന്നിവയ്ക്കനുസൃതമായി ഇവയൊക്കെ സംഭവിപ്പിയ്ക്കുകയുമാണെങ്കിലോ എന്നതിൽ കൊണ്ടുചെന്നെത്തിച്ചതെങ്ങിനെയെന്നറിയില്ല. സ്റ്റീഫൻ ഹോക്കിങ്ങ്‌ പഠിച്ചതും പ്രവർത്തിച്ചതും എഴുതിയതുമൊന്നും മുൻകൂട്ടി നിശ്ചയിച്ച വിധിയുടെ കർത്താവിലേക്കോ പ്രാർത്ഥനകേട്ട്‌ അനുസൃതമായ തരംഗങ്ങൾ അയക്കുന്ന ശക്തിയിലേക്കോ വിരൽ ചൂണ്ടുന്നുമില്ല.“
    ബിജുകുമാര്‍ : ഞാന്‍ “കല്ലുകടി” ഉണ്ടാക്കിയോ? ഞാനൊരു സാധ്യത ചൂണ്ടിക്കാണിച്ചെന്നുമാത്രം. ഒരു പക്ഷെ തെറ്റായിരിയ്ക്കാം. എങ്കിലും അങ്ങനെയൊന്നുമില്ലെന്ന് ആര്‍ക്കുറപ്പിയ്ക്കാന്‍ പറ്റും? നമ്മുടെ തലച്ചോറ് പ്രാര്‍ത്ഥന(ധ്യാന) വേളയില്‍ ചില പ്രത്യേക തരംഗങ്ങള്‍ പുറപ്പെടുവിച്ചുകൂടെ? (ഓരോ പ്രവൃത്തിയിലും വ്യത്യസ്തമാവാം) അവയ്ക്ക് പ്രകൃതിബുദ്ധികേന്ദ്രവുമായി സംവേദനം സാധ്യമായിക്കൂടെ? ചില പക്ഷികള്‍ , മൃഗങ്ങള്‍ എന്നിവയ്ക്ക് ഭൂകമ്പതരംഗങ്ങള്‍ മുന്‍‌കൂട്ടി അറിയാന്‍ കഴിയുമല്ലോ. പട്ടികള്‍ക്കും മറ്റും അള്‍ട്രാ സോണിക് തരംഗങ്ങള്‍ കേള്‍ക്കാന്‍ പറ്റുമെന്നും പറയപ്പെടുന്നു. അങ്ങനെ മറ്റുജീവജാലങ്ങള്‍ക്ക് മനുഷ്യനു മനസ്സിലാക്കാന്‍ കഴിയാത്ത സംവേദനപരമായ പല കഴിവുകളും പ്രകൃതി നല്‍കിയിട്ടുണ്ട്.
    നമ്മുടെ വൈകാരിക ഭാവങ്ങള്‍ യഥാര്‍ത്ഥത്തില്‍ ചില ഹോര്‍മോണുകളുടെ പ്രവര്‍ത്തനമാണല്ലോ. ഇത്തരം ഹോര്‍മോണുകളുടെ പ്രവര്‍ത്തനഫലമായി തലച്ചോറില്‍ ചില മാറ്റങ്ങള്‍ ഉണ്ടാകുന്നു. അതനുസരിച്ച് വൈകാരികമായി ശരീരം പ്രതികരിയ്ക്കുന്നു. തലച്ചോറിന്റെ പ്രവര്‍ത്തനങ്ങള്‍ ന്യൂറോണുകള്‍ തമ്മിലുള്ള “ഡാറ്റാ” കൈമാറ്റത്തിലൂടെയാണല്ലോ നടക്കുന്നത്. അപ്പോള്‍ ബ്രയിനില്‍ നിന്നും ചില തരംഗങ്ങള്‍ പുറപ്പെടാനുള്ള സാധ്യത നിഷേധിക്കാനാവില്ല.(ഞാനിതിലൊരു വിദഗ്ധനല്ല. ചില ഊഹങ്ങള്‍ മാത്രമാണ്)‌.

    ReplyDelete
  11. ഭാവി, വിധി എന്നിവ സംബന്ധിച്ച് എന്റെ ഒരു തോന്നല്‍ പങ്കുവയ്ക്കാം. (പൊട്ടത്തെറ്റായിരിയ്ക്കാം). പ്രകൃതിയ്ക്ക് ഒരു സൂപ്പര്‍ബ്രയിന്‍ ഉണ്ടെന്ന് സങ്കല്പിയ്ക്കുക. തീര്‍ച്ചയായും അതിന് ഒരു “മെമ്മറി” ഉണ്ടായിരിയ്ക്കും. പരിണാമത്തിന്റെ ഓരോ ഘട്ടത്തിലും ജീവിവര്‍ഗത്തിനനുകൂലമായ “മ്യൂട്ടേഷന്‍ “ സംഭവിച്ചത് ഈ മെമ്മറിയുടെ അടിസ്ഥാനത്തിലാവണം. അതായത് ആ ജീവിവര്‍ഗം നിലനില്‍‌പ്പിനു വെല്ലുവിളി നേരിട്ട “സന്ദര്‍ഭങ്ങള്‍ “ ആ മെമ്മറിയിലുള്ളതിനാലാണ് അതിനെ മറികടക്കുന്നതിനായി, പ്രകൃതി മ്യൂട്ടേഷന്‍ നടത്തുന്നത്. അത്തരം ഒരു മെമ്മറിയുണ്ടെങ്കില്‍ , തീര്‍ച്ചയായും നമ്മുടെ മുന്‍‌കാലചെയ്തികള്‍ ആ മെമ്മറിയില്‍ ഉണ്ടാവാം ! എങ്ങനെ? നമ്മുടെ ഓരോ പ്രവര്‍ത്തനത്തിലും നിന്ന് ഉല്‍‌ഭവിച്ച “ബ്രയിന്‍ തരംഗങ്ങള്‍ “ ,ഒപ്പം ആ പ്രവൃത്തിയ്ക്ക് ഇരയായ/ഗുണഭോക്താവായ മനുഷ്യന്‍‌‌ / ജീവി -യുടെ “ബ്രയിന്‍ തരംഗങ്ങള്‍ “ ഇവ ആ മെമ്മറിയിലുണ്ടാവും. തീര്‍ച്ചയായും ഇത് നമ്മുടെ ഭാവിയെ നല്ലതോ ചീത്തയോ ആയി സ്വാധീനിയ്ക്കാം! അതായത് “സൂപ്പര്‍ ബ്രയിന്‍ “ ചില നീതി-ന്യായങ്ങള്‍ നടപ്പാക്കിയേക്കാം. അത് നമ്മുടെ നീതിന്യായം തന്നെ ആവണമെന്നുമില്ല. അതായത് ഒരു സഹജീവിയെകൊല്ലുന്നത് നമ്മുടെ വീക്ഷണത്തില്‍അന്യായമെങ്കിലും, ഭക്ഷണത്തിനോ നിലനില്‍പ്പിനോ ആയി അത് ചെയ്യുമ്പോള്‍ പ്രകൃതിയില്‍ അതു തെറ്റല്ല.
    ഏതായാലും ഈ വിഷയം കൂടുതല്‍ പരീക്ഷണ നിരീക്ഷണങ്ങള്‍ ആവശ്യപ്പെടുന്നുണ്ട്.
    നമ്മുടെ ഭൂപ്രകൃതിയ്ക്ക് പലപ്പോഴും സ്വയം സുഖപ്പെടുത്താനാവും(ശരീരത്തെപ്പോലെ) എന്നൊരു കണ്ടുപിടുത്തത്തെക്കുറിച്ച് വായിച്ചതോര്‍ക്കുന്നു. നാം പുറന്തള്ളിയ കാര്‍ബണ്‍ ഡയോക്സൈഡും മറ്റു വിഷദ്രവ്യങ്ങളും അവയുടെ ബാഹുല്യം വച്ചു നോക്കുമ്പോള്‍ ഭൂമിയെ പണ്ടേ തകര്‍ക്കേണ്ടതായിരുന്നു. എന്നാല്‍ “സ്വയം ചികിത്സ”യിലൂടെ ഭൂമി അതിനെ നേരെയാക്കിക്കൊണ്ടിരിയ്ക്കുന്നു! ഇപ്പോഴത്തെ കാലാവസ്താവ്യതിയാനം ഭൂപ്രകൃതിയുടെ രോഗാതുരതയെ ആണു കാണിയ്ക്കുന്നത്. ചിലപ്പോള്‍ ഭൂമി സ്വയം “സുഖ”പ്പെട്ടേക്കും.

    ചിത്രഭാനു എന്നെ “ആര്‍ഷഭാരതി”യാക്കിയെ അടങ്ങൂ എന്നു തോന്നുന്നു. അതൊന്നും ഇവിടെ വിഷയമല്ല.

    / / / ചിത്രഭാനു പറയുന്നു: ഈ സൂപ്പർ ബ്രൈൻ എന്നത് ആശയവാദം തന്നെയാണ് സുഹ്രുത്തേ.. / / / ദയവായി വിശദമാക്കാമോ?

    തമോദ്രവ്യത്തെ സംബന്ധിച്ച് കൃത്യമായ ഒരു അറിവ് നമുക്കില്ല, അതുണ്ടെന്നു മാത്രമറിയാം. നമ്മുടെ ഗ്യാലക്സിയും-ഭൂമിയുള്‍പ്പെടെ‌- തമോദ്രവ്യത്തില്‍ കൂടിയാണ് സഞ്ചരിയ്ക്കുന്നത്. അപ്പോള്‍ പിന്നെ അതിനൊരു സ്വാധീനവുമില്ലെന്ന് എങിനെ പറയാനാവും? നമ്മുടെ സംവേദനോപാധികള്‍ക്ക് മനസ്സിലാക്കാന്‍ കഴിയുന്നില്ല എന്നതിനാല്‍ അതിന്റെ സ്വഭാവം, സ്വാധീനം, എന്നിവ നമുക്ക് പറയാനാവില്ല. ഇനി അവയുടേതായ മറ്റൊരു ജൈവലോകമുണ്ടോ എന്നുപോലും സംശയിക്കാം!
    താങ്കളുടെ ബാക്കിസംശയങ്ങള്‍ക്ക് മുകളില്‍ മറുപടി പറഞ്ഞു എന്നു കരുതട്ടെ.അഭിപ്രായങ്ങള്‍ പ്രതീക്ഷിയ്ക്കുന്നു.
    പലപ്പോഴും നാം ഭൌതികശാസ്ത്രത്തെ “കേവലഭൌതിക“മായി മാത്രമേ പരിഗണിക്കുന്നുള്ളൂ. ജൈവീക വൈകാരിക വിഷയങ്ങള്‍ അതിനോട് ചേര്‍ക്കാന്‍ ശ്രമിച്ചാല്‍ ഉടന്‍ ആളു “ആത്മീയവാദിയും ആര്‍ഷഭാരതി”യുമായി! (ആത്മീയ തീവ്രവാദത്തിന്റെ എതിര്‍ രൂപമായ ഭൌതിക തീവ്രവാദം. തീര്‍ച്ചയായും ശാസ്ത്രത്തിന്റെ വഴി ഇതല്ല)
    ആത്യന്തികമായി ജൈവലോകവും ഭൌതികം തന്നെ. അപ്പോള്‍ അവ തമ്മില്‍ സന്ധിയ്ക്കുന്ന ആ ബിന്ദു ഏതാണ്?

    അടിക്കുറിപ്പ്:
    ഇപ്പോള്‍ ഞാന്‍ മുകളില്‍ ഉന്നയിച്ച വിഷയങ്ങളെക്കുറിച്ച് ഒറ്റവാക്കില്‍ കിട്ടാവുന്ന മറുപടി എനിക്കറിയാം. “ശുദ്ധ വിവരക്കേട്”!
    Black Hole ല്‍ നിന്നുള്ള “റേഡിയേഷന്‍ എമിഷനെ”ക്കുറിച്ച് Oxford-ലെ റുഥര്‍ഫോഡ് ആപ്പിള്‍‌ടന്‍ ലാബോറട്ടറിയില്‍ ,സ്റ്റീഫന്‍ ഹോക്കിങ്ങ് ആദ്യമായി പ്രബന്ധം അവതരിപ്പിച്ചപ്പോള്‍ ലഭിച്ച പ്രതികരണം അദ്ദേഹം തന്റെ പുസ്തകത്തില്‍ വിവരിയ്ക്കുന്നുണ്ട്. കോണ്‍ഫറന്‍സ് ചെയര്‍മാനായ ജോണ്‍ .ജി.ടെയിലര്‍ എഴുനേറ്റ് നിന്ന് പറഞ്ഞു : “ഇപ്പറഞ്ഞതെല്ലാം ശുദ്ധമണ്ടത്തരമാണ്. ബ്ലാക്ക് ഹോളില്‍ നിന്നും ഒരിയ്ക്കലും ഒന്നും പുറത്തുവരില്ല!”

    ReplyDelete
  12. ആശയവാദം എന്നാൽ ഇത്രമാത്രം. ദ്രവ്യമുണ്ടായത് ഒരു ആശയത്തിൽനിന്നാണു. കുറച്ചുകൂടി വ്യക്തമായി പറഞ്ഞാൽ ഒരു കോൻഷ്യസ്നസ്സ് ആണു ദ്രവ്യത്തിനു പിന്നിൽ. താങ്കൾ പറയുന്ന സൂപ്പർ ബ്രൈൻ പോലെ. അതിനെ എതിർക്കുന്നതാണ് ഭൗതികവാദം. ദ്രവ്യത്തിൽനിന്നേ ആശയം ഉണ്ടാകുകയുള്ളൂ. (ശരീരമില്ലാത്ത പ്രേതങ്ങൾ ഇല്ല എന്നു)
    താങ്കൾ ആർഷ് ഭാരതിയാണോ എന്നതൊന്നും എന്റെ വിഷയമല്ല. ഈ വക കാര്യങ്ങൾ ചുമ്മാ റിലേറ്റ് ചെയ്യുംപോൾ നമ്മൾ അറിയാതെ ആശയവാദത്തിലേക്കാണ് എത്തുന്നത്. പേഴ്സണൽ വിമർശനം ഞാൻ ഉദ്ദേശിച്ചിട്ടില്ല മാഷേ...
    //തമോദ്രവ്യത്തെ സംബന്ധിച്ച് കൃത്യമായ ഒരു അറിവ് നമുക്കില്ല, അതുണ്ടെന്നു മാത്രമറിയാം. നമ്മുടെ ഗ്യാലക്സിയും-ഭൂമിയുള്‍പ്പെടെ‌- തമോദ്രവ്യത്തില്‍ കൂടിയാണ് സഞ്ചരിയ്ക്കുന്നത്. അപ്പോള്‍ പിന്നെ അതിനൊരു സ്വാധീനവുമില്ലെന്ന് എങിനെ പറയാനാവും//
    ഇവിടെയാണ് പ്രശ്നം. അസ്തിത്വം പോലും തെളിയിക്കപ്പെടാത്ത ഒന്നു നമ്മുടെ പ്രാർഥന കേൾക്കുകയും നടത്തുകയും ചെയ്യും എന്നു പറയുന്നത് എന്ത് അടിസ്ഥാനത്തിലാണ്?
    ഇതാർക്കും പറയാമല്ലോ.. ഇസ്ലാം വിശ്വാസിക്ക് പറയാം ഇത് അവരുടെ പ്രാർഥന കേൾക്കുന്ന ഏക ദൈവമാണ് എന്നു പറഞ്ഞൂടെ..
    നമുക്ക് ശാസ്ത്രത്തിൽ ശ്രദ്ധ ചെലുത്താം. ഇത്തരം അന്ധമായ connections ശാസ്ത്രീയ ദർശനത്തിനുതകുന്നതല്ല എന്നു തോന്നുന്നു. ശാസ്ത്ര ചർച്ച തുടരട്ടെ..

    ReplyDelete
  13. ചിത്രഭാനു അഭിപ്രായത്തിനു നന്ദി. താങ്കള്‍ ചൂണ്ടിക്കാണിച്ചതൊന്നും എന്റെ വാദങ്ങളല്ല. ഡാര്‍ക്ക് മാറ്റര്‍ നമ്മുടെ പ്രാര്‍ത്ഥന കേള്‍ക്കുമെന്നൊന്നും ഞാന്‍ പറഞ്ഞിട്ടില്ല. താങ്കള്‍ക്ക് വ്യക്തതയ്ക്കായി ഞാന്‍ ചുരുക്കിപ്പറയാം.
    (1).ഈ പ്രപഞ്ചമൊട്ടാകെ 16 അല്ലെങ്കില്‍ 17 അടിസ്ഥാനകണങ്ങളാല്‍ നിര്‍മിതമാണ് (സ്റ്റാന്‍ഡേര്‍ഡ് മോഡല്‍ പ്രകാരം) സ്വാഭാവികമായും നമ്മുടെ ജൈവലോകവും അടിസ്ഥാനകണങ്ങളാല്‍ നിര്‍മ്മിക്കപ്പെട്ടിരിയ്ക്കുന്നു. അവയുടെ പ്രത്യേകമായ ഏതോ ചേരുവയാണ് ജീവന് നിദാനം. ജഡലോകത്ത് അടിസ്ഥാനകണങ്ങള്‍ മുതല്‍ തന്മാത്ര-സംയുക്തങ്ങള്‍ വരെ വ്യക്തിത്വമുണ്ട്, നിയമങ്ങളുണ്ട്. അതുപോലെ തന്നെ ജീവന്റെ ഓരോ തലത്തിലും-കോശം മുതല്‍ പൂര്‍ണജീവി വരെ-പ്രത്യേകവ്യക്തിത്വമുണ്ട്, പ്രത്യേക ജൈവ നിയമങ്ങളുണ്ട്. പൂര്‍ണജീവി ലോകത്തും ഓരോ ജീവിയ്ക്കും പ്രത്യെക വ്യക്തിത്വമുണ്ട്, നിയമമുണ്ട്. ഭക്ഷ്യശൃംഖലയിലെ സ്ഥാനമനുസരിച്ച് ഓരോ ജീവിയും ഡിസൈന്‍ ചെയ്യപ്പെട്ടിരിയ്ക്കുന്നു. ആ ഡിസൈനിങ്ങ് അത്യുന്നതമായ സാങ്കേതികവിദ്യയും എങിനീയറിംഗും അനുസരിച്ചാണ് ചെയ്യപ്പെട്ടിരിയ്ക്കുന്നത്. പരിണാമത്തിന്റെ ഓരോ ഘട്ടത്തിലും ജീനുകളില്‍ മ്യൂട്ടേഷന്‍ സംഭവിച്ചത് തികഞ്ഞ മുന്‍‌ധാരണയോടെയും ദീര്‍ഘവീക്ഷണത്തോടെയുമാണ്. ഇതിന്റെയെല്ലാം പുറകില്‍ ജൈവലോകത്തെ ഒരു സൂപ്പര്‍ ബ്രയിന്‍ കാണാം.
    (2). ജൈവലോകത്തെ എല്ലാ ജീവജാലങ്ങളും തിരിച്ചറിയാത്ത ഏതൊ കണങ്ങളാല്‍ അല്ലെങ്കില്‍ തരംഗങ്ങളാല്‍ ഈ സൂപ്പര്‍ ബ്രയിനുമായി ബന്ധിതമാവാം. അതില്‍ നമുക്ക് തിരിച്ചറിയാത്ത ശ്യാമദ്രവ്യം/ശ്യാമോര്‍ജം (Dark Matter/ Dark Energy) എന്തെങ്കിലും പങ്കു വഹിയ്ക്കുന്നുണ്ടാവാം.
    (3). ദൈനംദിന ജീവിതത്തില്‍ നമുക്കുണ്ടാവുന്ന അനുഭവങ്ങള്‍ ,ഭാഗ്യ നിര്‍ഭാഗ്യങ്ങള്‍ , നമ്മുടെ ഭാവി ഇവയ്ക്ക് ഈ സൂപ്പര്‍ ബ്രയിനുമായി ബന്ധമുണ്ടെന്ന് കരുതണം. അതായത് നമ്മുടെ/ജീവിവര്‍ഗങ്ങളുടെ പ്രവൃത്തികള്‍ , പ്രാര്‍ത്ഥനകള്‍ , വൈകാരികത ഇങ്ങനെയുള്ള സന്ദര്‍ഭങ്ങളില്‍ ഉണ്ടാവുന്ന ബ്രയിന്‍ തരംഗങ്ങള്‍ക്ക് ഈ സൂപ്പര്‍ബ്രയിനുമായി സംവേദനം സാധ്യമായിരിയ്ക്കാം. ഇവ ആ മെമ്മറിയില്‍ ഫീഡ് ചെയ്യപ്പെടുകയും നമ്മുടെ/ജീവിവര്‍ഗങ്ങളുടെ ജീവിതത്തെ-പ്രകൃതിയുടെ നിയമമനുസരിച്ച്- ബാധിയ്ക്കുകയും ചെയ്യാം.
    (4).ഇപ്പറയുന്ന സൂപ്പര്‍ ബ്രയിന് എതെങ്കിലും മതങ്ങളുടെ ദൈവങ്ങളുമായി യാതൊരു ബന്ധവുമില്ല. എന്നാല്‍ പ്രാര്‍ത്ഥനാവേളയില്‍ -അള്ളായോടൊ, കൃഷ്ണനോടൊ, ക്രിസ്തുവിനോടൊ, ബുദ്ധനോടൊ, മാടനോടൊ, മറുതായോടൊ, സായി ബാബയോടൊ- ആരോടുമായിക്കൊള്ളട്ടെ, ഉണ്ടാവുന്ന ബ്രയിന്‍ തരംഗങ്ങള്‍ ഒരേ പോലെയായതിനാല്‍ ഫലവും ഒരേപോലെയാവാം. ഒരു ഭൌതികവാദിയായാലും നിരീശ്വരവാദിയായാലും തരംഗത്തിന് ഒരേ സ്വഭാവമായിരിയ്ക്കും. അതായത് ഇപ്പറഞ്ഞ സൂപ്പര്‍ ബ്രയിന് ഈശ്വരവിശ്വാസിയും നിരീശ്വരവാദിയും ഒന്നും ബാധകമല്ല.
    ഇതാണ് രത്നച്ചുരുക്കം. ഇതില്‍ പല സംശയങ്ങളും സ്വാഭാവികമാണ്. പരീക്ഷണ നിരീക്ഷണങ്ങളില്‍ കൂടി മാത്രമേ അവ പരിഹരിയ്ക്കാനാവൂ. കൂടാതെ ഈ വിഷയത്തില്‍ മറ്റുള്ളവരുടെ അഭിപ്രായങ്ങളും അറിയേണ്ടതാണ്.
    ഇനി ഇപ്പറഞ്ഞതെല്ലാം തികച്ചും തെറ്റെങ്കില്‍ എന്റെ ചോദ്യം ഇതാണ്‍:
    (1) ആത്യന്തികമായി ജൈവലോകവും ഭൌതികം തന്നെ. അപ്പോള്‍ അവ തമ്മില്‍ സന്ധിയ്ക്കുന്ന ആ ബിന്ദു ഏതാണ്?
    (2)ജൈവലോകത്തെ ആസൂത്രണവും എഞ്ചിനീയറിംഗും എങ്ങനെയുണ്ടായി?
    (3)നമ്മുടെ നിത്യജീവിതത്തിലെ ഭാഗ്യനിര്‍ഭാഗ്യങ്ങള്‍ യാദൃശ്ചികം മാത്രമാണോ?
    കേവലഭൌതികവാദം ഈ വിഷയത്തില്‍ നല്‍കുന്ന മറുപടി എന്ത്?

    ReplyDelete
  14. ഞാൻ ഒരു കേവല ഭൗതികവാദി അല്ല. വൈരുധ്യാത്മക വീക്ഷണം വച്ചു പുലർത്താൻ ശ്രമിക്കാറുണ്ട്. എന്നാലും പറയട്ടെ
    1) ആത്യന്തികമായി ജൈവലോകവും ഭൌതികം തന്നെ. ശരി. പിന്നെ എവിടെയാണ് സന്ധിക്കുന്ന ബിന്ദുവിന്റെ കാര്യം വരുന്നത്. എല്ലാ ബിന്ദുക്കളും സന്ധിക്കുന്നവയല്ലെ...?
    2) പരിണാമം. അതാണ് ഈ എഞ്ജിനീയറിങ്ങിനു പിന്നിൽ.
    പിന്നെ താകങ്കൾ പറയുന്ന പോലെ പരിണാമത്തിൽ ഒരു ദീർഘ വീക്ഷണവുമില്ല. ഒരു പ്രത്യേക സാഹചര്യത്തിലുള്ള നിലനിൽപ്പിനായാണ് മ്യൂട്ടേഷൻ സംഭവിക്കുന്നത്. അത് വരും കാലങ്ങളിൽ അനുകൂലമാകണം എന്നില്ല. വിദഗ്ധർ പറഞ്ഞതാണ്. ഞാൻ ഈ വിഷയത്തിൽ ആധികാരികമായി സംസാരിക്കാൻ ആളല്ല. കൂടുതൽ അറിവിന് ബ്രൈറ്റിന്റെ ബ്ളോഗ് വായിക്കൂ http://russelsteapot.blogspot.com/
    3) യാദ്രുച്ഛികം മാത്രം. ഞാൻ ഇന്നലെ കേശവദാസപുരത്ത് ഒരു ആക്സിഡണ്ട്കണ്ടു. ട്രാൻസ്പോർട്ട് ബസ് ഒരാളെ ഇടിക്കുന്നു. പരിക്കു പറ്റിയ ആൾ നിർഭാഗ്യവാൻ. ഡ്രൈവറും. ആ സമയത്ത് റോഡ് മുറിച്ച് കടക്കാൻ തോന്നാത്തവൻ ഭാഗ്യവാൻ. താങ്കൾ പറയുന്ന തമോദ്രവ്യം ആരുടെ പക്ഷത്താണ്? എങ്ങിനെയാണു ഇവയെ നിയന്ത്രിക്കുന്നത്?
    //ഡാര്‍ക്ക് മാറ്റര്‍ നമ്മുടെ പ്രാര്‍ത്ഥന കേള്‍ക്കുമെന്നൊന്നും ഞാന്‍ പറഞ്ഞിട്ടില്ല.//
    //അതായത് നമ്മുടെ/ജീവിവര്‍ഗങ്ങളുടെ പ്രവൃത്തികള്‍ , പ്രാര്‍ത്ഥനകള്‍ , വൈകാരികത ഇങ്ങനെയുള്ള സന്ദര്‍ഭങ്ങളില്‍ ഉണ്ടാവുന്ന ബ്രയിന്‍ തരംഗങ്ങള്‍ക്ക് ഈ സൂപ്പര്‍ബ്രയിനുമായി സംവേദനം സാധ്യമായിരിയ്ക്കാം.//
    ഇതു പരസ്പരം വിരുദ്ധമല്ലേ..?

    "absence of evidence is evidence of absence "
    എന്നതല്ലേ ശാസ്ത്ര നിരീക്ഷണം.. അസ്തിത്വം പോലും തെളിയിക്കപ്പെടാത്ത ഒന്നു നമ്മെ സ്വാധീനിക്കുന്നു
    (അതും ഭാവി പോലുള്ള കാര്യങ്ങളിൽ) എന്നു എങ്ങനെ പറയും. ചിലപ്പോൾ ഉണ്ടായേക്കാം. അത് ഗുരുത്വാകർഷണം പോലെ ഒര്രു പൊതു നിയമത്തിനു വിധേയമായിട്ട്. ഭൗതികമായി. അല്ലാതെ എനിക്ക് നാളെ ഭാഗ്യം ഉണ്ടാവുമോ ഇല്ലയോ എന്നൊക്കെ നിയന്ത്രിക്കുന്ന വിശേഷ ബുദ്ധി ആണ് ഡാർക് മാറ്റർ എന്ന് പറയുന്നത് ശാസ്ത്ര വീക്ക്ഷ്ണമാണ് എന്നു തോന്നുന്നില്ല.

    ReplyDelete
  15. ചിത്രഭാനുവിന് ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ മനസ്സിലായിട്ടും ആയില്ലന്നു ഭാവിയ്ക്കുകയാണെന്നു തോന്നുന്നു.
    ചിത്രഭാനു ചൊദിക്കുന്നത്: 1) / / /ആത്യന്തികമായി ജൈവലോകവും ഭൌതികം തന്നെ. ശരി. പിന്നെ എവിടെയാണ് സന്ധിക്കുന്ന ബിന്ദുവിന്റെ കാര്യം വരുന്നത്. എല്ലാ ബിന്ദുക്കളും സന്ധിക്കുന്നവയല്ലെ...?“/ / /
    --ആ ബിന്ദു ഏതാണെന്ന് മനസ്സിലായില്ലേ? ലോകത്തെ ചില “ദ്രവ്യ”ങ്ങള്‍ക്ക് ജീവനുണ്ട്. മറ്റു “ദ്രവ്യ”ങ്ങള്‍ക്ക് ജീവനില്ല. ശരിയാണല്ലോ? രണ്ടും ഒരേ “സാധന“ങ്ങള്‍ കൊണ്ടുണ്ടാക്കിയവ. ശരിയല്ലേ? അപ്പോള്‍ ഇവ തമ്മിലുള്ള വ്യത്യാസം എവിടെ നിന്നാണ് ആരംഭിയ്ക്കുന്നത്? ആ ബിന്ദു ഏതാണ് എന്നാണ് ചൊദ്യം. ( Y എന്ന അക്ഷരം നോക്കുക. താഴേയ്ക്കുള്ള വര പൊതുവായ ഭൌതിക ലോകം. മുകളിലേയ്ക്കുള്ളവ ജഡലോകവും ജൈവലോകവും. അവയുടെ മധ്യത്തിലെ സംഗമബിന്ദു ഏതാണ്?)
    / / / 2) പരിണാമം. അതാണ് ഈ എഞ്ജിനീയറിങ്ങിനു പിന്നില്‍.പിന്നെ താങ്കള്‍ പറയുന്ന പോലെ പരിണാമത്തില്‍ ഒരു ദീര്‍ഘ വീക്ഷണവുമില്ല. ഒരു പ്രത്യേക സാഹചര്യത്തിലുള്ള നിലനില്‍പ്പിനായാണ് മ്യൂട്ടേഷന്‍ സംഭവിക്കുന്നത്. അത് വരും കാലങ്ങളില്‍ അനുകൂലമാകണം എന്നില്ല / / /
    --അത്തരമൊരു ഒഴുക്കന്‍ മറുപടികൊണ്ടായില്ല. അനുകൂലമായ മ്യൂട്ടേഷനുകള്‍ സംഭവിച്ചതിനാലാണല്ലോ ജീവിവര്‍ഗം ഇന്നും നിലനില്‍ക്കുന്നത്. ഒരു ശരീരത്തില്‍ കൃത്യമായ വയസ്സില്‍ സംഭവിയ്ക്കുന്ന മാറ്റങ്ങള്‍ താങ്കള്‍ക്കറിയുമല്ലോ? ഓരോ സവിശേഷതയ്ക്കുമുള്ള ഹോര്‍മോണുകള്‍ അതാതുപ്രായത്തില്‍ മാത്രമേ പ്രവര്‍ത്തനം ആരംഭിയ്ക്കുകയുള്ളു. ഓരോജീവിവര്‍ഗവും അതിന്റെ ആയുസ്സിന്റെ ഓരോഘട്ടത്തിലും എങ്ങനെ പ്രവര്‍ത്തിയ്ക്കണമെന്ന മുന്‍‌കണക്കുകൂട്ടലോടെയാണ് രൂപപെട്ടിരിയ്ക്കുന്നത്. അങ്ങനെ ഒരു ദീര്‍ഘവീക്ഷണമില്ലെങ്കില്‍ 10 വയസ്സിലും 20 വയസ്സിലും 30 വയസ്സിലും 100 വയസ്സിലുമൊക്കെ മനുഷ്യര്‍ വൃദ്ധരോ യുവാക്കളോ മധ്യവയസ്കരോ ആയേനെ. 5 വയസ്സോ 100 വയസ്സൊ ഉള്ള അമ്മമാരുണ്ടായേനെ. ഇതു മനുഷ്യരുടെ കാര്യം. ഇതേ പോലെ മറ്റു ജീവജാലങ്ങളിലും “ജൈവീക അരാജകത്വം” ഉണ്ടായേനെ.
    പിന്നെ എന്റെ ഏറ്റവും വലിയ പോയന്റ് താങ്കള്‍ വിട്ടുകളഞ്ഞു. ജൈവലോകത്തെ ആസൂത്രണം. ഭക്ഷ്യശൃംഖലയിലെ ക്രമീകരണം, അതിനനുസരിച്ച ഡിസൈന്‍ . ഈ ആസൂത്രണം എങ്ങനെ?
    ഭാഗ്യ നിര്‍ഭാഗ്യങ്ങള്‍ യാദൃച്ഛികം മാത്രമെന്ന താങ്കള്‍ക്ക് വിശ്വസിക്കാം. എന്നാല്‍ എന്റെ ഇത്രയും നാളത്തെ ജീവിതത്തില്‍ എല്ലാം വെറും യാദൃച്ഛികമെന്ന് എനിയ്ക്ക് തോന്നുന്നില്ല.
    ഡാര്‍ക്ക് മാറ്ററിനെ സംബന്ധിച്ച എന്റെ തോന്നല്‍ താങ്കള്‍ വീണ്ടും തെറ്റിദ്ധരിച്ചു. സൂപ്പര്‍ ബ്രയിന്‍ എന്നാല്‍ ഡാര്‍ക്ക് മാറ്റര്‍ അല്ല. ഈ സര്‍വജീവജാലങ്ങളും അന്തരീക്ഷവും വെള്ളവും എല്ലാം ചേര്‍ന്നതും പരസ്പരം ഏതോ തരംഗങ്ങളാലോ കണങ്ങളാലോ ബന്ധിതമായതുമായ എന്തോ ഒന്ന്. ആ ബന്ധനത്തിന് ഡാര്‍ക്ക് മാറ്ററിന്റെ ഏതെങ്കിലും തരത്തിലുള്ള സ്വാധീനം ഉണ്ടായേക്കാം എന്നാണ് എന്റെ തോന്നല്‍ (ശരിയാവാം തെറ്റാവാം)
    ഈ ദിശയില്‍ ആരെങ്കിലും പഠനം നടത്തേണ്ടതാണ്.

    ReplyDelete
  16. ചർച്ച അർഥമില്ലാതെ പോകുന്നു എന്ന് തോന്നുന്നു. ഒഴുക്കൻ മറുപടിക്ക് കാരണം ഞാൻ ഒരു ബയോളജിസ്റ്റ് അല്ല എന്നതാണ്. അതിനാലാണ് പ്രസ്തുത വിഷയം കൈകാര്യം ചെയ്യുന്ന ബ്ലോഗ് കാണിച്ച് തുന്നത്. മനോഹരമായ ഒരു ഡിസൈൻ അല്ല എന്നള്ള പറഞ്ഞത്. അത് ഒരു അതിഭൗതികമായ ഒന്നാകാം എന്നു പറയുന്നത് എന്തിന് എന്നാണ് എന്റെ സംശയം. ഭാഗ്യ നിർഭാഗ്യങ്ങളുടെ കാര്യം....ഞാൻ ഉറച്ച് പറയുന്നു. യാദ്രുച്ഛികം മാത്രം. അതല്ല എങ്കിൽ നമുക്ക് ജ്യോതിഷത്തെയെല്ലാം ന്യായീകരിക്കേണ്ടി വരും. കണ്ടകശ്ശനിയെല്ലാം ഉണ്ട് എന്നു സമ്മതിക്കേണ്ടി വരും.
    എന്റെ ചോബ്യം സ്പഷ്ട്മാണ്.-----------------------
    അത്തരൻ ഒരു തമോദ്രവ്യം ഉണ്ട് എങ്കിൽ അത് എല്ലാവരേയും ഒരുപോലെ ബാധിക്കുന്നതാണ്. അതെങ്ങനെ ഓരോ വ്യക്തിയുടേയും ഭാഗ്യ നിർഭഗ്യങ്ങൾ തീരുമാനിക്കും? ഒരാളുടെ ഭാഗ്യം മറ്റോരാളുടെ നിർഭാഗ്യം ആവില്ലേ.. അപ്പൊ ഈ സൂപ്പർ ബ്രൈൻ പാർഷ്യാലിറ്റി കാണിക്കുമെന്നാണോ..
    ശാസ്ത്ര ചർച്ചയല്ലേ കൂടുതൽ അഭികാമ്യം...?

    ReplyDelete
  17. ചിത്രഭാനു അഭിപ്രായത്തിനു നന്ദി. താങ്കള്‍ പറഞ്ഞതു പോലെ ചര്‍ച്ച അര്‍ത്ഥമില്ലാതെ പോകുന്നു എന്ന് എനിക്കും തോന്നുന്നു. കാരണം എന്റെ വാദങ്ങളുടെ സ്പിരിറ്റ് താങ്കള്‍ക്ക് മനസ്സിലാവുന്നില്ല. അല്ലെങ്കില്‍ താങ്കള്‍ എന്നോട് ജ്യോതിഷത്തിന്റെയും കണ്ടകശനിയുടെയും കാര്യം ചോദിയ്ക്കില്ല. ഞാന്‍ ശാസ്ത്രത്തിന്റെ വശത്തു നിന്നുകൊണ്ട് തന്നെയാണ് വാദിയ്ക്കുന്നത്. എന്നാല്‍ കേവലഭൌതികതക്കപ്പുറം ഏതോ ഒരു സൂപ്പര്‍ ബ്രയിന്‍ അഥവാ ഒരു ഓര്‍ഗനൈസര്‍ (കൃത്യമായ ഒരു വാക്ക് എനിയ്ക്കറിയില്ല) ഈ ജൈവലോകത്ത് പ്രവര്‍ത്തിയ്ക്കുന്നില്ലേ എന്നതാണ് എന്റെ സംശയം. അങ്ങനെ തോന്നാനുള്ള കാരണങ്ങള്‍ ഞാന്‍ വിവരിച്ചു കഴിഞ്ഞു.
    ചിത്രഭാനു ചോദിച്ചത്:/ / / “മനോഹരമായ ഒരു ഡിസൈൻ അല്ല എന്നള്ള പറഞ്ഞത്. അത് ഒരു അതിഭൗതികമായ ഒന്നാകാം എന്നു പറയുന്നത് എന്തിന് എന്നാണ് എന്റെ സംശയം.“/ / /
    ---കേവലഭൌതികത്തിന് സൌന്ദര്യബോധമുണ്ടാകുമോ? സംശയമാണ്. പ്രകൃതിയിലേയ്ക്കൊന്നു നോക്കൂ. പരസ്പരാകര്‍ഷണത്തിനായി എന്തെല്ലാമാണ് പ്രകൃതി ഒരുക്കിയിരിയ്ക്കുന്നത്! ജീവജാലങ്ങളിലെ ആണിനും പെണ്ണിനും പ്രത്യേകമായ സവിശേഷതകളും സൌകുമാര്യവുമാണ് നല്‍കിയത്. തീര്‍ച്ചയായും പ്രത്യുല്പാദനം തന്നെ ലക്ഷ്യം. എന്നാല്‍ വെറും പ്രത്യുല്പാദനമെങ്കില്‍ ഈ സവിശേഷതയുടെയൊന്നും ആവശ്യമില്ല. ജീവികള്‍ താല്പര്യത്തോടെയും സ്നേഹത്തോടെയും(?) തന്നെ ഒന്നാകണമെന്നാണ് പ്രകൃതിയുടെ തീരുമാനം! മനുഷ്യസ്ത്രീയുടെ മാറിന് മുലയൂട്ടല്‍ മാത്രമല്ല ലക്ഷ്യമെന്നാണ് ആധുനിക ഗവേഷകര്‍ പറയുന്നത്. സസ്യങ്ങളെ നോക്കൂ, അവയ്ക്ക് നൂറുകണക്കിനോ ആയിരക്കണക്കിനോ ആണ് വിത്തുകള്‍ . അതുപോലെ ഷഡ്പദങ്ങള്‍ പോലുള്ള ചെറിയ ജീവികള്‍ക്കും നൂറുകണക്കിനാണ് മുട്ടകള്‍ . എന്നാല്‍ ജീവികള്‍ വലുതാകുംതോറും കുഞ്ഞുങ്ങള്‍ കുറയുന്നു. ആനയ്ക്കും മറ്റും ഒരു കുട്ടിമാത്രം. സഞ്ചാരസ്വാതന്ത്ര്യമുള്ള ജീവികളില്‍ ആണും പെണ്ണും വേര്‍തിരിച്ചിരിയ്ക്കുന്നു. അല്ലാത്തവയ്ക്ക് ആ വ്യത്യാസമില്ല. ചെറിയജീവികളും സസ്യങ്ങളും നശിപ്പിയ്ക്കപെടനുള്ള സാധ്യത കൂടുതലായതിനാലാണ് ഈ വ്യത്യാസം. വന്‍‌ജീവികള്‍ പെരുകി മറ്റുള്ളവയെ നസിപ്പിയ്ക്കാതിരിയ്ക്കാനാണ് അവയുടെ പ്രത്യുല്പാദനം പരിമിതമാക്കപ്പെട്ടത്.
    ഇവിടെയെല്ലാം തികഞ്ഞ കണക്കുകൂട്ടലും ഭാവുകത്വവും സൌന്ദര്യബോധവും കാണാം. വികസിച്ച തലച്ചോറുള്ള മനുഷ്യന്റെ കലാപരമായ എല്ലാ നേട്ടങ്ങളുടെയും അടിസ്ഥാനം തന്നെ പ്രകൃതിയുടെ ഈ സൌന്ദര്യബോധത്തില്‍ നിന്നാണ്.
    ഈ “പ്രകൃതി സൌന്ദര്യബോധ“ത്തില്‍ കേവലഭൌതികതപ്പുറം എന്തോ ഒന്നില്ലേ?
    താങ്കള്‍ പറഞ്ഞ ബ്ലോഗ് ഞാന്‍ വായിച്ചു. അത് വിഷയം വേറെയാ‍ണ്. എന്റെ സംശയങ്ങള്‍ക്ക് യാതൊരു മറുപടിയും അവിടെ നിന്ന് കിട്ടിയില്ല. എന്നാല്‍ ഈ വിഷയം സംബന്ധിച്ച് ഒരു ശാസ്ത്രബ്ലോഗില്‍ ചര്‍ച്ചയുണ്ട്. http://network.nature.com/groups/transcience/forum/topics/5497 ഇതാണ് ലിങ്ക്. ഇവിടെ പക്ഷെ, പറയുന്ന “സൂപ്പര്‍ബ്രയിന്‍ “ എന്റെ അഭിപ്രായത്തില്‍ നിന്നും വ്യത്യസ്തമാണ്. അവിടെ അത് “ദൈവ“ത്തിലേയ്കാണ് വിരല്‍ ചൂണ്ടുന്നത്. എന്റെ വാദം, ഈ സൂപ്പര്‍ ബ്രയിന്‍ എന്നാല്‍ ശാസ്ത്രവിരുദ്ധമോ ഭൌതികവിരുദ്ധമോ ആയ ഒന്നല്ല, നമ്മുടെ പ്രകൃതിയിലെ തന്നെ സകലജീവജാലങ്ങളുടെയും “ശരീര ബുദ്ധി” (Body Brain)-(ഇതൊരു ശരിയായ വാക്കാണോ എന്നറിയില്ല. ഉദ്ദേശിയ്ക്കുന്നത് ഞാന്‍ നേരത്തെ 7-ആമത്തെ കമന്റില്‍ വിവരിച്ചിട്ടുണ്ട്)-യുടെ പരസ്പരമായ ഒരു നെറ്റ്വര്‍ക്കാണ്. ഒരു “ക്ലൌഡ്” പോലെ. അവ തമ്മില്‍ നമുക്കറിയാത്ത ഏതോ തരംഗങ്ങളാലോ കണങ്ങളാലോ ആണ് ബന്ധപ്പെടുന്നത്. ഈ നെറ്റ്വര്‍ക്കിന് ഡാര്‍ക്ക് മാറ്ററിന്റെ സഹായം ഉണ്ടാവാം.
    [If the dark matter within our galaxy is made up of Weakly Interacting Massive Particles (WIMPs), then a large number must pass through the Earth each second. There are many experiments currently running, or planned, aiming to test this hypothesis by searching for WIMPs. Although WIMPs are a more popular dark matter candidate, there are also experiments searching for other particle candidates such as axions. It is also possible that dark matter consists of very heavy hidden sector particles which only interact with ordinary matter via gravity.] - മേലുദ്ധരിച്ചത് വിക്കിപ്പീഡിയയില്‍ നിന്നാണ്. അപ്പോള്‍ അങ്ങനെ ഒരു സാധ്യത നമുക്കു തള്ളിക്കളയാമോ?

    ReplyDelete
  18. ഇതുപോലുള്ള നെറ്റ്വര്‍ക്കുകള്‍ പ്രകൃതിയില്‍ എത്രയോ ഉണ്ട്. പ്രധാനം ഫുഡ് ചെയിന്‍ തന്നെ. കൂടാതെ ചില പ്രത്യേക ജീവിവര്‍ഗങ്ങള്‍ തമ്മിലുള്ള പരസ്പരബന്ധങ്ങള്‍ . ജീവജാലങ്ങള്‍ക്ക് ജന്മനാ ചില “പ്രോഗ്രാമുകള്‍ “ അവരുടെ തലച്ചോറിലൂടെ ലഭിയ്ക്കുന്നുണ്ട്. തുടര്‍ന്നുള്ള ജീവിതത്തില്‍ , അനുഭവങ്ങളിലൂടെ പുതിയ “പ്രോഗ്രാമുകള്‍ “ രചിക്കാനും അവയുടെ മസ്തിഷ്കത്തിനു കഴിയും. (കമ്പ്യൂട്ടറുകള്‍ക്ക് ആ കഴിവ്‌ ഇതുവരെ ലഭിച്ചിട്ടില്ല). അതുപോലെ സൂപ്പര്‍ ബ്രയിന്‍ നെറ്റ്വര്‍ക്കിനും ചില പ്രോഗ്രാമുകള്‍ രചിക്കാന്‍ കഴിയും. അവ അതാതു ജീവജാലത്തിന്റെ ജീവിതത്തെ, ഭാവിയെ സ്വാധീനിയ്ക്കാം.
    നമുക്കറിയാം പട്ടി മനുഷ്യനോട് ഏറ്റവും ഇണങ്ങുന്ന ഒരു ജീവിയാണ്. മനുഷ്യ സംസര്‍ഗമില്ലാതെ വളരുന്ന പട്ടികള്‍ പോലും മനുഷ്യരെ കണ്ടാല്‍ അവരോട് ഇണങ്ങും അനുസരണ കാണിയ്ക്കും. മറ്റൊരു ജീവിവര്‍ഗവുമായും അങ്ങനെ ഒരു ബന്ധം പട്ടിയ്ക്കില്ല. (ഞാന്‍ സൌദിയില്‍ മരുഭൂമിയില്‍ ജീവിയ്ക്കുന്ന പട്ടിക്കൂട്ടങ്ങളെ കണ്ടിട്ടുണ്ട്. ഒന്നോ രണ്ടോ ദിവസത്തെ പരിചയംകൊണ്ട് തന്നെ അവയില്‍ ചിലത് സൌഹൃദം കാണിയ്ക്കും. എന്റെ സ്വന്തം അനുഭവമാണിത്.) എന്നാല്‍ ഒരു പുലിയെ എത്ര ചെറുപ്പത്തിലെ മെരുക്കിയാലും അതിന്റെ വന്യത പൂര്‍ണമായും മായില്ല. എന്താണ് ഈ വ്യത്യാസത്തിനു കാരണം? അവരുടെ തലച്ചോറിലെ ചില “പ്രോഗ്രാ“മുകള്‍ തന്നെയാണ്. ഈ “പ്രോഗ്രാ“മുകള്‍ രചിച്ചത് സൂപ്പര്‍ ബ്രയിന്‍ ആണ് എന്നാണ് എന്റെ വിശ്വാസം.
    സൂപ്പര്‍ ബ്രയിന് “പാര്‍ഷ്യാലിറ്റി” ഉണ്ടാവാം. പ്രകൃതിയില്‍ അത് ധാരാളം കാണാമല്ലോ! വെള്ളക്കാരന് നല്ല നിറവും ഉയരവും കൊടുത്ത് അനുഗ്രഹിച്ച പ്രകൃതി, പിഗ്മിക്ക് കറുത്ത നിറവും കുറിയ രൂപവുമല്ലേ നല്‍കിയത് ? ചിലര്‍ക്ക് മാത്രം നല്ലബുദ്ധിയും കഴിവും നല്‍കുന്ന പ്രകൃതി മറ്റുള്ളവര്‍ക്ക് അതു നല്‍കാത്തതെന്തേ?
    എന്റെ ഈ വാദങ്ങളൊന്നും മോഡേണ്‍ ഫിസിക്സിനെതിരല്ല. അതിനെ ജ്യോതിഷമോ കണ്ടകശനിയോ ആയിട്ടെന്തിന് കൂട്ടിക്കുഴക്കണം? നമ്മള്‍ വായിച്ചതിനും പഠിച്ചതിനുമപ്പുറത്തെയ്ക്കൊരു സ്വതന്ത്രാന്വേഷണം എന്തുകൊണ്ടായിക്കൂടാ? തെറ്റെങ്കില്‍ നമുക്കു തിരുത്താം. ഒരു പക്ഷേ ശരിയെങ്കിലോ? സായിപ്പ് പറഞ്ഞാല്‍ മാത്രമേ നാമംഗീകരിക്കുകയുള്ളോ? പണ്ട് നമ്മുടെ ജഗദീഷ് ചന്ദ്രബോസിന് പറ്റിയതുപോലെ- ഒന്നാമതായി വയര്‍ലസ് കണ്ടുപിടിച്ചെങ്കിലും ക്രെഡിറ്റ് സായിപ്പായ മാര്‍ക്കോണി കൊണ്ടുപോയി- ധൈഷണികരംഗത്തെങ്കിലും നമുക്ക് പറ്റാതെ നോക്കിക്കൂടെ?
    (മറുപടികള്‍ക്ക് വ്യക്തത വരുത്താന്‍ ശ്രമിയ്ക്കുന്നതിനാല്‍ ഓരോ കമന്റും വലുതായി പോകുന്നതില്‍ ക്ഷമിക്കണം)

    ReplyDelete
  19. ഹയ്യോ...//കേവലഭൌതികത്തിന് സൌന്ദര്യബോധമുണ്ടാകുമോ? സംശയമാണ്.//
    ഇതിനൊക്കെ എന്തു മറുപടി പറയണം..!! Noither's theorem എന്നു കേട്ടിട്ടുണ്ടോ.... symmetry ‍‍‍‍& conversation laws വായിക്കൂ.... ഈ ജൈവികഒ ഭൗതികമല്ല എന്നു ആരു പറഞ്ഞു...!!! ജീവനില്ലാത്തവയാണോ ഭൗതികം..!!!
    //സൂപ്പര്‍ ബ്രയിന് “പാര്‍ഷ്യാലിറ്റി” ഉണ്ടാവാം. പ്രകൃതിയില്‍ അത് ധാരാളം കാണാമല്ലോ! വെള്ളക്കാരന് നല്ല നിറവും ഉയരവും കൊടുത്ത് അനുഗ്രഹിച്ച പ്രകൃതി, പിഗ്മിക്ക് കറുത്ത നിറവും കുറിയ രൂപവുമല്ലേ നല്‍കിയത് ? ...//
    ശാസ്ത്രവുമായി പുല ബന്ധം പോലുമില്ലാത്ത അസംബന്ധങ്ങൾ മാത്രം.
    ഇതെല്ലാം ജ്യോതിഷത്തേക്കാളോ കണ്ടകശ്ശനിയെക്കാളോ അപ്പുറമാണ്. ശാസ്ത്രത്തെ കൂട്ടുപിടിച്ച് ഇത്തരം തമാശകൾ പറയാതിരിക്കുക. ഇതെല്ലാം താങ്കളുടെ ഭാവനകൾ മാത്രം.
    സായിപ്പ് പറഞ്ഞാൽ മാത്രമേ അംഗീകരിക്കൂ എന്ന് ആരാ പറഞ്ഞേ... അങ്ങനെയ്ർങ്കിൽ രാമൻ എഫക്റ്റ് ശരിയല്ലെന്നു ഞാൻ പറയുമായിരുന്നല്ലോ.. ഞാൻ ഒരു യൂറോപ്യൻ വാദിയല്ല എന്ന് ഓരോ ബ്ലോഗിലേയും ഓരോ കമന്റിലും പറയേണ്ട ഗതികേട് വരുന്നത് കഷ്ടം തന്നെ....

    ReplyDelete
  20. ഹായ് ചിത്രഭാനു, ഇനി ഈ വിഷയത്തില്‍ നമ്മള്‍ കൂടുതല്‍ തര്‍ക്കിച്ചിട്ടുകാര്യമുണ്ടെന്ന് തോന്നുന്നില്ല. താങ്കള്‍ സ്വന്തം

    നിലപാടില്‍ ഉറച്ചു നില്‍ക്കുന്നു. എനിയ്ക്ക് നിലപാടില്‍ മാറ്റം വരത്തക്കവിധം ഒരു മറുപടി കിട്ടിയതായി തോന്നുന്നുമില്ല.
    ഏതായാലും എന്റെ അഭിപ്രായം തെറ്റെന്നു എപ്പോഴെങ്കിലും ബോധ്യമായാല്‍ നിലപാട് തിരുത്തുമെന്നും അറിയിയ്ക്കട്ടെ.
    ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ സമയം കണ്ടെത്തിയതിന് നന്ദി. തുടര്‍ന്നും പ്രതീക്ഷിയ്ക്കുന്നു.

    ReplyDelete

കമന്റിലെ അക്ഷരങ്ങള്‍ക്ക് നിറം നല്‍കാന്‍ [co="red"]Type Text here[/co] . ഇവിടെ red എന്നതിനു പകരം മറ്റ് നിറങ്ങള്‍ നല്‍കിയാല്‍ മതിയാകും.