പുതിയ കഥാസമാഹാരം “രയറൊം കഥകള്‍ " VPP ലഭിയ്ക്കാന്‍ sidrapubications@gmail

Tuesday 10 May 2011

ചിന്നന്‍.

“ഏടാ..നീയാ കുഞ്ഞമ്പൂനെ കണ്ടാല്‍ നാളെ ഈലെ വരാമ്പറയണം..”

വൈകുന്നേരത്തെ രയറോം യാത്രയ്ക്കായി കണ്ണാ‍ടീടെ മുന്നില്‍ നിന്നു തലമുടി വാരുകയായിരുന്ന എന്നോട് അടുക്കളയില്‍ നിന്ന് അമ്മ വിളിച്ചു പറഞ്ഞു.

"ആ കണ്ടാ പറഞ്ഞേക്കാം..”

ഞാന്‍ പോണ്‍‌ഡ്സിന്റെ പൌഡറ്, ടിന്നോടെ കക്ഷത്തിലേയ്ക്ക് കുടഞ്ഞോണ്ട് പറഞ്ഞു. ഇപ്പോ രയറോത്ത് അസ്സുവാജീടെ പീടികകെട്ടിടത്തിന്റെ മേലേതട്ടില്‍ എല്ലാവന്മാരും എത്തിക്കാണും, വൈകിട്ടത്തെ ഗുലാന്‍ പരിശിന്. ആറുമുറി പീടികയാണ് അസുവാജീടെ ഓടിട്ട കെട്ടിടം. സൈഡിലെ  പലകക്കോണീന്മേക്കൂടി, തൂക്കിയിട്ട കയറ് ബാലന്‍സ് പിടിച്ച് മേളില്‍ കയറിയാല്‍ മണ്ണിട്ട് അടിച്ചുറപ്പിച്ച തട്ടിന്മേല്‍ എത്തും. മേളിലെ മുറികളില്‍ തിരുവനന്തപുരംകാര് ആശാരിമാരും രണ്ടു ലോഡിങ്ങുകാരും താമസമുണ്ട്. മുറിയ്ക്ക് മുന്നിലെ അഞ്ചടി വീതി വരാന്തയില്‍, കടലാസ് വിരിച്ച് ചുറ്റും കുന്തിച്ചിരുന്നാണ് ഞങ്ങള് ഗുലാന്‍പരിശ് കളിയ്ക്കുക. അറിയില്ലേ ഗുലാന്‍ പരിശ്? ലേലം കളി, ഇരുപത്തെട്ട് കളി എന്നൊക്കെ പറയുന്ന ചീട്ടുകളി. മേലെതട്ടിന് നാലടിപൊക്കത്തില്‍ അരഭിത്തിയുള്ളതു കൊണ്ട് ഞങ്ങള് കളികാരെ രയറോം അങ്ങാടിക്കൂടെ നടക്കുന്നോരാരും കാണില്ലല്ലോ..

പെട്ടെന്നാണ് ഞാന്‍ ചിന്തിച്ചത്, അല്ലാ കുഞ്ഞമ്പുവേട്ടനോട് വരാമ്പറഞ്ഞത്..? രയറോത്തെ കശാപ്പു കാരനാണല്ലോ കുഞ്ഞമ്പുവേട്ടന്‍. ഒറ്റക്കാരണമേ ഉണ്ടാകൂ, ചിന്നനെ കൊടുക്കാനായിരിയ്ക്കും. എന്റെ ഉള്ളൊന്നു പിടഞ്ഞു. പാവം ചിന്നന്റെ ആയുസെത്തിയോ..?

അവനെ കുഞ്ഞായിരിയ്ക്കുമ്പോള്‍ ഒരു ചാക്കിലാക്കിയാണ് കൊണ്ടുവന്നത്. നല്ല തൂവെള്ള നിറം. നീണ്ടമൂക്കും അറ്റം മടങ്ങിയ ചെവിയും. ഒന്നാന്തരം ശീമപന്നിക്കുഞ്ഞ്. അവന് ചിന്നന്‍‌ന്ന് പേരിട്ടതു ഞാനാണ്. പടിഞ്ഞാറെപുറത്തെ കയ്യാലയോട് ചേര്‍ന്ന് കല്ല് അടുക്കിവെച്ച് ചെറിയൊരു കൂടുണ്ടാക്കിയാണ് അവനെ ഇട്ടിരുന്നത്. എന്നും രണ്ടുതൊട്ടി വെള്ളം ദേഹത്ത് പാറ്റിക്കൊടുക്കും. പഴങ്കഞ്ഞി, ബാക്കി വന്ന കപ്പപ്പുഴുക്ക്, ചക്കച്ചകിണിയും കുരുവും, അങ്ങനെ നല്ല വെജിറ്റേറിയനായിട്ടാണ് ഞങ്ങളവനെ വളര്‍ത്തിയത്. നല്ല ബുദ്ധിയും ഇണക്കവും ആണ് ചിന്നന്. തീറ്റയ്ക്കു നേരമാകുമ്പോള്‍ മാത്രം ബഹളം വെയ്ക്കും. വീട്ടിലുള്ളവരെ കാണുമ്പോള്‍ ഒരു പ്രത്യേക ഒച്ചയോടെ ഒതുങ്ങി നില്‍ക്കും. അഞ്ചെട്ട് മാസംകൊണ്ട് അവനങ്ങു തടിമാടനായി. തീറ്റ, കിടപ്പ് ഇതേയുള്ളല്ലോ പണി. എന്തുചെയ്യാം, തടിയെത്തിയാ പിന്നെ കൊടുത്തല്ലേ പറ്റൂ..

രയറോത്ത് ചെന്നാല്‍ ആദ്യപണി മമ്മാലിക്കാന്റെ ചായപ്പീടികേന്ന് ഒരു സൂപ്പര്‍ ചായയും കടിയും കഴിയ്ക്കലാണ്. ഈ സൂപ്പര്‍ചായെന്നു പറഞ്ഞാ, സാദാചായ തന്നെ, അടിച്ച് പതപ്പിയ്ക്കുന്നില്ലാന്നേയുള്ളു. ഒരു വെയിറ്റിനങ്ങു പറേന്നതല്ലേ സൂപ്പര്‍ ചായേന്ന്. ചായേം കടീം കഴിഞ്ഞ്, കയറില്‍ തൂങ്ങി പലകേണിന്മേക്കൂടെ,  പീടികത്തട്ടിമ്മേ കയറിപറ്റി. ഹാ..! എല്ലാവന്മാരും നെരന്നിരിപ്പുണ്ട്. സാമ്പിള്‍ കളിയാന്നു തോന്നുന്നു.

അവിടെ മൊത്തം ബീഡിപ്പൊകയാണ്. എല്ലാവന്റേം ചുണ്ടിമ്മേ ദിനേശ് ബീഡി. അതിന്റെ മൂട്ടിമ്മേന്ന് പഞ്ഞിനൂലുപോലെ പിരിപിരിഞ്ഞ് വെള്ളപ്പുക മേലോട്ട്. ഇടയ്ക്കിടെ ഒന്നാഞ്ഞു വലിച്ചിട്ട് ഇടത്തേ വായ്ക്കോണ് തുറന്ന് പുക പുറത്തേയ്ക്ക് ചീറ്റിച്ചു വിടും, ആവിവണ്ടി പുകതള്ളുന്ന മാതിരി. ഞാന്‍ ഇവന്മാരോട് കൂട്ടുണ്ടെങ്കിലും ബീഡിവലിയ്ക്കു കൂട്ടില്ല. എനിയ്ക്ക് പൊടിവലിയാണ് ഇഷ്ടം. നല്ല ടെന്‍ഷന്‍ കേറുമ്പം ഒരു നുള്ളു പൊടിയെടുത്ത് മൂക്കിലേക്കു തള്ളി ഒരു വലിയുണ്ട്. ഹായ്! തലച്ചോറിന്റെ ഒബ്ലാംകട്ടേടെ ഉള്ളില്‍ വരെ അതങ്ങുകേറും. അപ്പോഴത്തെ ആ നീറ്റലും പുകച്ചിലും ഒക്കെ കൂടി ഒരിതൊണ്ട്. ബീഡി വലിച്ചാലൊന്നും ആ സുഖമില്ല.

നാലുകോട്ട് കളി കഴിഞ്ഞപ്പോള്‍ രാത്രി എട്ടരയായി. അപ്പോഴാണ് ഓര്‍ത്തത്, കുഞ്ഞമ്പുവേട്ടനെ കാണേണ്ട കാര്യം. കയറിമ്മേ തൂങ്ങിയിറങ്ങി, രയരോത്തൊന്നു കണ്ണു ചുറ്റിച്ചു. ഊഹം തെറ്റിയില്ല, രവിയേട്ടന്റെ മുറുക്കാന്‍ പീടികേടെ സൈഡില്‍ നിന്ന് വല്യ ഒച്ചത്തില്‍ ആരോടോ സംസാരിയ്ക്കുന്നുണ്ട് ആള്‍. മെല്ലെ അങ്ങോട്ട് ചെന്നു.

“കുഞ്ഞമ്പുവേട്ടാ, നാളെ പൊരയ്ക്കൂടെ ഒന്നെറങ്ങാന്‍ പറഞ്ഞിന്..”

“എന്തേയിനി..?”

“അറീല്ല.. പന്നീനെ നോക്കാനാന്നു തോന്നുണു..” ഇത്രേം പറഞ്ഞ് ഞാന്‍ പോന്നു. ഹോ.. എന്തൊരു  നാറ്റമാണ് അയാളെ. പകലുമുഴുവന്‍ എറച്ചീടേം ചോരേടേം നാറ്റം. സന്ധ്യയായാല്‍ റാക്ക് നാറ്റം.

പിറ്റേന്ന് കുഞ്ഞമ്പുവേട്ടന്‍ വീട്ടില്‍ വന്ന് പന്നിയെകണ്ട് വിലയുറപ്പിച്ച് അഡ്വാന്‍സും കൊടുത്തു പോയി. അടുത്താഴ്ച വന്ന് കൊണ്ടുപൊയ്ക്കൊള്ളും.

ഞായറാഴ്ച രാവിലെ ഏഴുമണിയോടെ കുഞ്ഞമ്പുവേട്ടനും ഒരു സഹായിചെക്കനും കൂടി തോളത്തൊരു കോടാലിയുമായി വീട്ടില്‍ കയറി വന്നു. ചിന്നനെ കൊണ്ടുപോകാനായിരിയ്ക്കുമെന്നാണ് ഞാന്‍ കരുതിയത്. എന്നാല്‍ അവരുടെ മട്ടും ഭാവവും കണ്ടിട്ട് എന്തോ ഒരു പന്തികേട് പോലെ..

രണ്ടുപേരുംകൂടി പടിഞ്ഞാറെപ്പുറത്തെ വലിയ കശുമാവിന്റെ താഴെ കരിയിലമാറ്റി കുറെ വാഴയില വെട്ടി നിരത്തിയിട്ടു. കൊമ്പിന്മേന്ന് കൊമ്പിലെയ്ക്ക് വിലങ്ങനെ വല്യൊരു കഴയും കെട്ടി. ദൈവമേ, ചിന്നനെ ഇവിടെയിട്ട് കശാപ്പ് ചെയ്യാനാണോ പരിപാടി?

“ദെന്താ അമ്മേ, ഓറ് ഈടെയിട്ട് പന്നീനെ വെട്ടാന്‍പോവാണോ..?” ഞാന്‍ ദേഷ്യത്തോടെ അമ്മയോട് ചോദിച്ചു.

“ആ..എനിയ്ക്കറീല്ല. വെട്ടുന്നെങ്കില്‍ വെട്ടട്ടെ..!”

ഹോ..! ഈ അമ്മയ്ക്ക്  തീരെ കണ്ണിച്ചോരയില്ലാതായല്ലോ. ഇത്രേം നാളും പോറ്റിവളര്‍ത്തിയ ജന്തുവിനെ കണ്മുന്നിലിട്ട് കൊല്ലുകാന്നു വെച്ചാല്‍..? കുഞ്ഞമ്പുവേട്ടനോട് പോയി പറഞ്ഞാലോ എന്നും കരുതി ഞാന്‍ ചെന്നു. അവിടെയപ്പോള്‍ ഒരുക്കമൊക്കെ പൂര്‍ത്തിയായി. സഹായിച്ചെക്കന്‍ എവിടുന്നോ കുറെ തേക്കില കൊണ്ടുവെച്ചിരിയ്ക്കുന്നു, ഇറച്ചി പൊതിയാന്‍. ഞാന്‍ കണ്ണുപാളി ചിന്നനെ നോക്കി. എന്തോ മനസിലായപോലെ അവന്‍ അസ്വസ്ഥതയോടെ മുറുമ്മിക്കൊണ്ട് ചുറ്റി എളകുന്നു. പാവം...!
വലിയ കശാപ്പ് കത്തിയെടുത്ത് കുഞ്ഞപ്പേട്ടന്‍ രാകിമിനുക്കി.

കാര്യങ്ങള്‍ കൈവിട്ടു പോയെന്ന് മനസ്സിലായ ഞാന്‍ വേഗം വീട്ടിലേയ്ക്ക് പോന്നു. എനിയ്ക്ക് വയ്യ ഇതൊന്നും കാണാന്‍. രയറോത്തിനു പോയേക്കാമെന്നു കരുതി ഞാന്‍ തുണിമാറാന്‍ നോക്കി. അപ്പോള്‍ ചിന്നന്റെ ഉച്ചത്തിലുള്ള പ്രതിഷേധവും കരച്ചിലും കേട്ടു. ജനലിലൂടെ പടിഞ്ഞാറെപ്പുറത്തേയ്ക്ക് പാളി നോക്കി. കുഞ്ഞമ്പുവേട്ടനും ചെക്കനും കൂടി കയറിട്ട് ചിന്നനെ വലിയ്ക്കുകയാണ്, വാഴയില വിരിച്ച സ്ഥലത്തേയ്ക്ക്. അവിടെയാണല്ലോ അവന്റെ കൊലക്കളം.

“ഇതിനെയൊന്നും വളത്തണ്ടായിരുന്നു, ചുമ്മാ ശാപം മേടിയ്ക്കാന്..”

അമ്മ കേള്‍ക്കാനായിട്ട് ദേഷ്യത്തോടെ ഞാന്‍ പറഞ്ഞു. അമ്മയ്ക്കൊരു കൂസലുമില്ല. ഒരു ചിരിപോലെ. പെട്ടെന്ന്, പടിഞ്ഞാറെപ്പുറത്തു നിന്ന് “ഠക്ക്” എന്നൊരു ശബ്ദവും ചിന്നന്റെ ദീനമായ കരച്ചിലും കേട്ടു. ഞാന്‍ ചെവി പൊത്തി. പുറത്തേയ്ക്ക് പോകാനായി ഞാന്‍ അടുക്കളവാതിലില്‍ നിന്നിറങ്ങുകയും ചോരയൊലിയ്ക്കുന്ന നെറ്റിയോടെ ദീനമായി കരഞ്ഞുകൊണ്ട് ചിന്നന്‍ ഓടിവന്നതും ഒപ്പമായിരുന്നു. കഴുത്തില്‍ പൊട്ടിയ കയറിന്റെ ബാക്കി..  അവന്‍ എന്റെ കാല്‍ചുവട്ടില്‍ പതുങ്ങി നിന്നു. ചോര അവിടെയൊക്കെ ഇറ്റിറ്റു വീണു. അപ്പോഴേയ്ക്കും  കുഞ്ഞമ്പുവേട്ടനും ചെക്കനും പുറകേ ഓടിവന്നു. അയാളുടെ കൈയില്‍  കോടാലി, അതിന്റെ അറ്റത്ത് ചോര പറ്റിയിരിയ്ക്കുന്നു.

“ആഹാ..പന്നി ഇവിടെ വന്നു നിക്കുവാണോ..പിടിയ്ക്കെടാ അതിനെ..”

കുഞ്ഞമ്പുവേട്ടന്‍ ചെക്കനോട് പറഞ്ഞു. അവന്‍ കുനിഞ്ഞ് ചിന്നന്റെ കഴുത്തില്‍ കിടന്ന മുറിക്കയറില്‍ പിടിച്ചു. ചിന്നന്‍ പ്രാണവേദനയോടെ എന്റെ കാല്‍ചുവട്ടിലേക്ക് വലിഞ്ഞു നിന്നെങ്കിലും രക്ഷയുണ്ടായിരുന്നില്ല. സങ്കടവും കരച്ചിലും എന്റെ നെഞ്ചില്‍ തള്ളിവന്നു. ചിന്നന്റെ നെറ്റിയില്‍ നിന്നൊഴുകിയ ചൂടുചോര എന്നെ പൊള്ളിച്ചു. വിങ്ങലൊതുക്കി ഞാന്‍ വേഗം രയറോത്തേയ്ക്ക് ഇറങ്ങിപ്പോയി.

ഉച്ചകഴിഞ്ഞ് ഞാന്‍ വീട്ടിലെത്തിയപ്പോള്‍ പടിഞ്ഞാറെപുറത്തെ കശുമാവിന്‍ ചുവട്ടിലേയ്ക്ക് പോയി നോക്കി. വാടിയ വാഴയിലകളില്‍ ചോര ഉണങ്ങിപ്പറ്റിയിരിയ്ക്കുന്നു. അവിടെ മൊത്തം ചോണനുറുമ്പുകള്‍. ചിന്നന്റെ ദീനവിലാപം കാതില്‍ പിന്നെയും പിന്നെയും. എന്റെ കാലിലെന്തോ മുട്ടിയുരുമ്മിയതു പോലെ തോന്നി. താഴെക്കു നോക്കുമ്പോള്‍ ഒന്നുമുണ്ടായിരുന്നില്ല, ചോരത്തുള്ളികള്‍ തെറിച്ചുവീണ കുറെ കരിയിലകളല്ലാതെ.

3 comments:

  1. ഒരു നിമിഷം മനസ്സിൽ വല്ലാത്ത വേദന തോന്നി.

    ReplyDelete
  2. chinnante katha vaayichu. kollam. (kollaaamnnallato. manglishinte oru gathikede..)

    ReplyDelete
  3. ബിജുവേട്ടാ...
    പാവം ചിന്നന്‍
    നന്നായി അവതരിപ്പിച്ചു...

    ReplyDelete

കമന്റിലെ അക്ഷരങ്ങള്‍ക്ക് നിറം നല്‍കാന്‍ [co="red"]Type Text here[/co] . ഇവിടെ red എന്നതിനു പകരം മറ്റ് നിറങ്ങള്‍ നല്‍കിയാല്‍ മതിയാകും.