പുതിയ കഥാസമാഹാരം “രയറൊം കഥകള്‍ " VPP ലഭിയ്ക്കാന്‍ sidrapubications@gmail

Thursday 16 December 2010

ചില “പ്രണയാ“നുഭവങ്ങള്‍

ജീവിതാരാമത്തിലെ സുന്ദര പുഷ്പങ്ങളാണ് ഓരോ പ്രണയവും എന്നു ഞാന്‍ പറയും. ചിലര്‍ക്ക് ദീര്‍ഘകാലം നീണ്ടു നില്‍ക്കുന്ന, നല്ല നിറവും സുഗന്ധവുമാര്‍ന്ന പനിനീര്‍ പുഷ്പം പോലുള്ള  പ്രണയമാണെങ്കില്‍ മറ്റു ചിലര്‍ക്ക് വലിപ്പവും സുഗന്ധവും ആയുസ്സും കുറഞ്ഞ  നാലുമണിപ്പൂക്കള്‍ പോലുള്ള കൊച്ചു പ്രണയങ്ങളായിരിയ്ക്കും. എന്നാല്‍ ഇതിലൊന്നും പെടാത്ത, കൊങ്ങിണി പൂക്കള്‍ പോലുള്ള “വണ്‍‌വേ” പ്രണയങ്ങളാണ് എനിയ്ക്കുണ്ടായിട്ടുള്ളവയില്‍ അധികവും. കൊങ്ങിണി പൂക്കളെക്കാള്‍ ഭംഗി അതിന്റെ ഇലകള്‍ക്കാണല്ലോ. ഇവിടെ പ്രണയത്തെക്കാള്‍ മാധുര്യം അതിന്റെ ഓര്‍മ്മകള്‍ക്കാണ്.

എന്റെ ആദ്യപ്രണയം (?) ഇതിനുമുന്‍പേ ഞാന്‍ പങ്കു വച്ചതാണ്. അതിനു ശേഷമുള്ള ചില വിശേഷങ്ങളാണ് ഇനി പറയുന്നത്. ചിലപ്പോള്‍ ഇതിലെ ചില നായികമാര്‍ക്ക് ഇങ്ങനെയൊരു സംഗതി തന്നെ ഉള്ളതായിട്ട്  യാതൊരറിവും ഉണ്ടാകാന്‍ വഴിയില്ല.

ഞാന്‍ കോട്ടയം മെഡിക്കല്‍ കോളേജ് ഹൈസ്ക്കൂളില്‍ എട്ടാം ക്ലാസില്‍ പഠിയ്ക്കുന്ന കാലം. അക്കാലത്ത്  കുറച്ചു നാള്‍ കുടമാളൂര്‍ എന്ന സ്ഥലത്ത് ഒരു കുഞ്ഞമ്മയുടെ വീട്ടിലായിരുന്നു  താമസിച്ചിരുന്നത്. സ്കൂളിന് അടുത്താണ് ഈ സ്ഥലം. പോക്കുവരവ് എളുപ്പമാണല്ലോ.കുഞ്ഞമ്മയുടെ വീടിനടുത്ത് വലിയൊരു വീടുണ്ട്. അവിടുത്തെ ഭര്‍ത്താവും ഭാര്യയും സര്‍ക്കാര്‍ ജീവനക്കാര്‍. വലിയ സമ്പന്നരാണവര്‍.

കുഞ്ഞമ്മയുടെ വീട്ടില്‍ താമസമാക്കി അധികം താമസിയാതെ എനിയ്ക്കൊരു കാര്യം മനസ്സിലായി. അയല്‍ വീട്ടിലെ കാശുകാരുടെ മകള്‍ എന്റെ സ്കൂളിലാണു പഠിയ്ക്കുന്നത്. എന്നും രാവിലെയും വൈകിട്ടും അവള്‍, അമ്മയോടൊപ്പമാണ് സ്കൂളിലേയ്ക്ക് പോകുന്നതും വരുന്നതും. മഞ്ഞുതുള്ളി പോലെയുള്ള ഒരു കൊച്ചു സുന്ദരി, ഏഴില്‍ പഠിയ്ക്കുന്നു. പേര് പൂര്‍ണിമ.

ഏതോ ഒരവസരത്തില്‍, അമ്മയോടൊപ്പം പോകുന്ന പോക്കില്‍ അവള്‍ എന്നെ ഒന്നു നോക്കി, അയലത്തെ പുതിയ താമസക്കാരന്‍ എന്ന പരിഗണനയിലാവാം. ഏതായാലും എനിയ്ക്കതു വല്ലാതെ “കൊണ്ടു”. പിന്നെയുള്ള ചില ദിവസങ്ങളില്‍ ഞാന്‍ മന:പൂര്‍വം അവരുടെ യാത്രകള്‍ക്കിടയില്‍ ചാടി. അപ്പോഴൊക്കെ അവളൊന്നു നോക്കുകയും ചെയ്യും. ഓരോ പ്രാവശ്യവും അവള്‍ കടന്നു പോയിക്കഴിഞ്ഞാല്‍ ഞാന്‍ അന്നത്തെ നോട്ടത്തെ കൂലങ്കഷമായി “സ്കാന്‍” ചെയ്യും. അതിലെന്തെല്ലാം ഒളിപ്പിച്ചിട്ടുണ്ട് എന്ന് ഇഴകീറിയെടുത്തു പരിശോധന നടത്തും. പിന്നെ തൃപ്തിവരാത്ത മനസ്സുമായി അടുത്ത ദിവസത്തെ “നോട്ട”ത്തിനായി കാത്തിരിയ്ക്കും. ഏതായാലും  അല്പദിവസത്തിനകം ഈ നോട്ടമില്ലാത്ത  ദിവസത്തെക്കുറിച്ചെനിയ്ക്കു ചിന്തിയ്ക്കാന്‍ കൂടി കഴിയാതായി.

ഞങ്ങള്‍ പാല്‍ മേടിയ്ക്കുന്നത് പൂര്‍ണിമയുടെ വീട്ടില്‍ നിന്നാണ്. ഒരു ദിവസം രാവിലെ പാല്‍മേടിയ്ക്കാന്‍  കുഞ്ഞമ്മയോടൊപ്പം ഞാനും പോയി, മന:പൂര്‍വം തന്നെ. അവരുടെ അടുക്കളവശത്തെ കിണറിന്റെ കെട്ടിന്മേല്‍ ചാരി ഞാന്‍ നിന്നു. കുഞ്ഞമ്മയും അവളുടെ അമ്മയും ഭയങ്കര വിശേഷം പറച്ചിലാണ് ‍. ഞാനപ്പോഴൊക്കെ ഉള്ളിലേയ്ക്ക് ഉഴറി നോക്കിക്കൊണ്ടിരുന്നു, എവിടെ പൌര്‍ണമി തിങ്കള്‍?

അപ്പോള്‍, അവളുടെ അമ്മ ഒരു ചോദ്യം, എന്നെ നോക്കിക്കൊണ്ട് :

“ഇതേതാ ഈ കുട്ടി?”

“ഇതു ചേച്ചിയുടെ മോനാ. അവരങ്ങു മലബാറിലാണ്. “ കുഞ്ഞമ്മ പറഞ്ഞു.

പെട്ടെന്നതാ വാതില്‍ക്കല്‍ അമ്പിളിക്കല പോലെ ആ മുഖം..! എന്റെ ശരീരത്തു കൂടി എന്തോ ഒന്നു പാഞ്ഞു പോയി.. ഞാനേറു കണ്ണിട്ടവളെ നോക്കി. നോട്ടം തമ്മിലുടക്കി. അപ്പോള്‍ ഒരു പുഞ്ചിരി ആ മുഖത്ത്..
ഹോ..! ലോകം വെട്ടിപ്പിടിച്ച സന്തോഷം തോന്നി എനിയ്ക്ക്. അന്നൊന്നും  മനസില്‍ നിന്നും മാഞ്ഞില്ല ആ ചിരി. എന്തോ സുഖകരമായ ഒരു നൊമ്പരം ഉള്ളില്‍ നീറി പടര്‍ന്നു. പിന്നെ പലരാത്രികളിലും നിറതിങ്കള്‍ പോലെ ആ മുഖം എന്റെ സ്വപ്നങ്ങള്‍ക്ക്  വര്‍ണം പകര്‍ന്നു.

എന്തു ചെയ്യാം, കുഞ്ഞമ്മയുടെ വീട്ടിലെ താമസം അധിക നാള്‍ നീണ്ടില്ല. അവര്‍ മൂന്നാറിലേയ്ക്ക് പോയതാണു കാരണം. പിന്നീട് അവളെ അങ്ങനെ കാണാനും പറ്റിയില്ല. ഏറെ നാളത്തെ വിരഹ വേദനയ്ക്കൊടുവില്‍  ക്രമേണ ആ അഗ്നി കെട്ടടങ്ങി. അവള്‍ക്ക് എന്നോട് എന്തെങ്കിലും താല്പര്യമുണ്ടായിരുന്നോ എന്ന് അന്നും ഇന്നും എനിയ്ക്കറിയില്ല എങ്കിലും ആ മുഖം ഇന്നും മറന്നിട്ടില്ല ഞാന്‍.

പിന്നീട് ഞാന്‍ വല്യാട്ടില്‍ നിന്നുമാണ് സ്കൂളില്‍ പോയിക്കൊണ്ടിരുന്നത്. അക്കാലത്ത് മിഡിയും ടോപ്പും ബോബ് ചെയ്ത മുടിയുമൊക്കെ “മോഡേണ്‍” പെണ്‍കുട്ടികളുടെ വേഷമാണ്. എനിയ്ക്കെന്തോ ബോബ് ചെയ്ത പെണ്‍കുട്ടികളെ വലിയ ഇഷ്ടമാണ്. അങ്ങനെയൊരാള്‍ അന്ന് വല്യാട്ടില്‍ ഉണ്ടായിരുന്നു. “ട്രീസ” എന്നു പേരായ ഒരു ക്രിസ്ത്യന്‍ കുട്ടി. മോഡേണ്‍ വേഷമൊക്കെയാണെങ്കിലും വീട്ടുകാര്‍ സാധാരണക്കാരായിരുന്നു. അന്നത്തെ രീതിയ്ക്കു മോഡേണ്‍ വേഷക്കാരെ മറ്റുള്ളവര്‍ക്കു പരിഹാസമാണ്.

എന്തായാലും ട്രീസയെ എനിയ്ക്കു പിടിച്ചു. മിക്കവാറും അവരുടെ വീടിനടുത്തു കൂടെ പോകുമ്പോള്‍ ഞാന്‍ നോക്കും. ചിലപ്പോള്‍ വഴികളില്‍ മുഖാമുഖം കാണും. അപ്പോഴൊക്കെ ഞാന്‍ ചിരിയ്ക്കാന്‍ ശ്രമിച്ചു. അവള്‍ പക്ഷെ നേരെ നോക്കുകയില്ല. തലതാഴ്ത്തി വേഗം ഒറ്റ നടപ്പാണ്.. എനിയ്ക്കാണെങ്കില്‍ എന്തെങ്കിലും ചോദിയ്ക്കാന്‍ വലിയ പേടിയുമാണ്.

ഈ നോട്ടവും ചിരിയുമൊക്കെ ആയി കുറച്ചു നാള്‍ അങ്ങനെ പോകെ, ഞാന്‍ കുറച്ചു നാള്‍ ആശുപത്രിയില്‍ കിടന്നു. വിരസമായ ആശുപത്രിക്കിടക്കയില്‍ കിടന്ന് ഞാന്‍ വല്ലപ്പോഴും ട്രീസയെ ഓര്‍ക്കും. അങ്ങനെയിരിയ്ക്കെ ഒരു ദിവസം ഇളയ ആന്റി എന്നെ കാണാന്‍ ആശുപത്രിയില്‍ വന്നു. എന്നേക്കാള്‍ രണ്ടോ മൂന്നോ വയസ്സിന്റെ മൂപ്പേയുള്ളു പുള്ളിക്കാരിയ്ക്ക്. പലതും പറഞ്ഞ കൂട്ടത്തില്‍ ആന്റി എന്നോടു ചോദിച്ചു:

“ട്രീസയെ നിനക്കെങ്ങനാ പരിചയം ?”

എനിയ്ക്കാകെ പേടിയും ലജ്ജയും തോന്നി. ഇതെങ്ങിനെ ആന്റിയറിഞ്ഞു?

“ഹേയ്.. എനിയ്ക്കു പരിചയമൊന്നുമില്ല. കണ്ടിട്ടുണ്ട് അത്രയേ ഉള്ളൂ..”

“ഉം..”

ആന്റി ഒന്നമര്‍ത്തിമൂളി.

“അവള്‍ നിന്റെ കാര്യം അന്വേഷിച്ചു. അസുഖം കുറവുണ്ടോ, എന്നാണ് തിരിച്ചു വരുന്നത് എന്നൊക്കെ ചോദിച്ചു..”

ആന്റി ഒരു ചിരിയോടെ പറഞ്ഞു. ഒരു മിന്നല്‍ പിണര്‍ ഉള്ളില്‍ പാഞ്ഞു പോയി ! ആന്റിയുടെ മുഖത്തേയ്ക്കു നോക്കാനാവാതെ ഞാന്‍ തിരിഞ്ഞു കിടന്നു. അപ്പോള്‍ ട്രീസയുടെ സുന്ദരമുഖം മനസ്സില്‍ തെളിഞ്ഞു വന്നു.  എന്റെ രോഗമെല്ലാം ഒറ്റയടിയ്ക്കു ഭേദമായപോലെ. എനിയ്ക്കു മുഖം തന്നില്ലെങ്കിലും ലോലമായ ഒരിഷ്ടം ആ മനസ്സിലുണ്ടായിരുന്നോ..!

അസുഖം മാറി നാട്ടില്‍ തിരിച്ചെത്തിയ ഞാന്‍ പലവട്ടം ട്രീസയെ തിരഞ്ഞു. കണ്ടില്ല. പിന്നീടാണറിഞ്ഞത്, അവള്‍ ഏതോ ബന്ധുവീട്ടില്‍ പഠിയ്ക്കാന്‍ പോയിരിയ്ക്കുകയാണ്. കുറേക്കാലം നഷ്ടദു:ഖത്തോടെ നടന്നെങ്കിലും   ക്രമേണ ആ “പ്രണയ“വും അലിഞ്ഞു പോയി.

പിന്നീട്  കോളേജ് പഠനകാലത്തും മറ്റുമുണ്ടായ വണ്‍വേ പ്രണയങ്ങള്‍ തല്‍ക്കാലം ഇവിടെ പറയുന്നില്ല. അതങ്ങനെ നില്‍ക്കട്ടെ. പെണ്‍കുട്ടികളോടു സംസാരിയ്ക്കാനുള്ള ഭയം ആണ് പലപ്പോഴും ഈ പ്രണയങ്ങള്‍ ഒന്നും “പരസ്പരം“ ആകാതെ പോയതിനുള്ള കാരണം. മനസ്സില്‍ തോന്നിയതു പറയാനുള്ള വിമുഖത ഇങ്ങോട്ടു താല്പര്യം തോന്നിയവരെ പോലും പിന്തിരിപ്പിച്ചിരിയ്ക്കാം. അങ്ങനെയുള്ള ചില അനുഭവങ്ങളും ഉണ്ടായിട്ടുണ്ട്.

വല്യാട്ടിലെ പഠനകാലത്ത്, ഞാന്‍ അടുത്തുള്ള ഒരു വീട്ടില്‍ സ്ഥിരമായി പത്രം വായിയ്ക്കാന്‍ പോകുമായിരുന്നു. ആ വീട്ടില്‍ ഒരു പെണ്‍കുട്ടി ഉണ്ട്. എന്റെ സമപ്രായം. എന്നാല്‍ ആന്റിമാരുടെയൊക്കെ കൂട്ടുകാരി എന്ന നിലയില്‍ ഞാന്‍ അവളെ അവരെ പോലെ തന്നെയാണ് കണ്ടിരുന്നത്. അവള്‍ പലപ്പോഴും എന്നെ നോക്കി ചിരിയ്ക്കുകയും  വര്‍ത്തമാനം പറയുകയും എന്റെ അടുത്തു വന്നു നില്‍ക്കുകയും സ്പര്‍ശിയ്ക്കുകയുമൊക്കെ ചെയ്യുമെങ്കിലും എനിയ്ക്കതിലൊന്നും ഒരു പ്രത്യേകതയും തോന്നിയില്ല.

ഒരു ശനിയാഴ്ച ദിവസം രാവിലെ ഒന്‍പതു മണിയ്ക്ക് ഞാന്‍ പതിവുപോലെ പത്രം വായിയ്ക്കാനവിടെ എത്തി. അപ്പോള്‍ അവള്‍ അല്ലാതെ മറ്റാരുമുണ്ടായിരുന്നില്ല അവിടെ. ഞാന്‍ വായിച്ചു കൊണ്ടിരിയ്ക്കെ എന്റടുത്ത് ഒരു കപ്പ് കാപ്പിയെത്തി. ഇത്രയും നാളായിട്ട് ആദ്യമായിട്ടാണല്ലോ ഈ കാപ്പി സല്‍ക്കാരം...!

“ഇത് കുടിയ്ക്ക്. ഞാന്‍ ഉപ്പേരി എടുത്തിട്ടു വരാം..”

അവള്‍ ഇത്രയും പറഞ്ഞിട്ട് അകത്തേയ്ക്കു പോയി. കാപ്പിയും ഉപ്പേരിയും എനിയ്ക്കിഷ്ടമാണെങ്കിലും ഈയവസരത്തില്‍ എന്തോ ഒരു പന്തികേട് തോന്നി. ഞാന്‍ ഒന്നും മിണ്ടാതെ വേഗം എഴുനേറ്റു പോന്നു. അതിനു ശേഷം അവള്‍ എന്നെ കണ്ടപ്പോള്‍ ദേഷ്യത്തോടെ മുഖം തിരിച്ചു കളഞ്ഞു. പിന്നീട്, വല്ലപ്പോഴും ഒന്നു മിണ്ടിയാലായി. എന്താണതിനു കാരണമെന്ന് പിന്നെയും എത്രയോ നാള്‍ കഴിഞ്ഞിട്ടാണ് ഞാന്‍ മനസ്സിലാക്കിയത്..!

വര്‍ഷങ്ങള്‍ക്കു ശേഷം ഞാന്‍ കണ്ണൂര്‍ തളിപ്പറമ്പില്‍ ഒരു ഓഫീസില്‍ ജോലിചെയ്യുന്ന കാലം. അന്ന് താമസവും തളിപ്പറമ്പില്‍ തന്നെ. എന്നും  രാവിലെ ഓഫീസിലേയ്ക്കുള്ള ഒരു കിലോമീറ്റര്‍ ദൂരം നടന്നാണു പോകുന്നത്. മെയിന്‍ റോഡില്‍ നിന്നും മാറി ഒരു പോക്കറ്റ് റോഡു വഴിയാണു സഞ്ചാരം. വാഹനങ്ങളെ ഭയപ്പെടാതെ നടക്കാമല്ലൊ. ഈ വഴിയെ ധാരാളം പേര്‍ അങ്ങോട്ടും ഇങ്ങോട്ടുമൊക്കെ പോകുന്നുണ്ടാവും. അതില്‍ നാലു പെണ്‍കുട്ടികളുടെ ഒരു കൂട്ടം സ്ഥിരമായുണ്ട്. എനിയ്ക്കെതിരെയാണു അവരെന്നും പോകുന്നത്.  മിക്കവാറും ഒരേ സ്ഥലത്തു വച്ച് എന്നും കൂടിക്കാണും. ഏതൊ ചെറിയ കമ്പനിയിലാണവരുടെ ജോലി.

എന്തു കൊണ്ടോ ഞാനിവരെ അങ്ങനെ ശ്രദ്ധിയ്ക്കാറില്ല. ആരുടെയും മുഖത്തേയ്ക്കു പോലും നോക്കിയില്ല. അന്നെന്റെ മനസ്സിലെ സങ്കല്പ കാമുകിക്ക്  ഐശ്വര്യാ റോയിയുടെ അത്രയെങ്കിലും സൌന്ദര്യം ഉണ്ടാകും. ഇങ്ങനെ കുറേ നാളുകള്‍ പരസ്പരം കണ്ടെങ്കിലും ആ പെണ്‍കുട്ടികളെ ഗൌനിയ്ക്കാതെ കടന്നു പോകാന്‍ എനിയ്ക്കായി ! സത്യത്തില്‍ ഇവര്‍ നാലുപേര്‍ ഇങ്ങനെ പോകുന്നുണ്ടെന്നു പോലും ഞാനറിഞ്ഞോ എന്നു സംശയമാണ്. ഒരു ദിവസം ഇതേപോലെ ഞാനവരെ ശ്രദ്ധിയ്ക്കാതെ പോകുമ്പോഴാണ് നല്ല ശബ്ദത്തില്‍ ഒരുവള്‍ പറഞ്ഞത്:

“നമുക്കൊക്കെ എന്തെല്ലാമോ കുറവുകള്‍ ഉണ്ടെടീ..നമ്മളെയൊന്നും കണ്ണില്‍ പിടിയ്ക്കില്ല..!”

ഈ വാക്കുകള്‍ എന്റെ ചെവിയില്‍ വീണപ്പോഴാണ്, അതെന്നെ ഉദ്ദേശിച്ചാണല്ലോ എന്നെനിയ്ക്കു തോന്നിയത്. ഞാന്‍ തിരിഞ്ഞു നോക്കിയെങ്കിലും അവര്‍ മുന്നോട്ടു നീങ്ങിക്കഴിഞ്ഞിരുന്നു. സത്യത്തില്‍ എനിയ്ക്ക് വല്ലാത്ത ഒരു ഷോക്കായിരുന്നു ഈ സംഭവം. അവര്‍ എന്നെ ശ്രദ്ധിയ്ക്കുന്നുണ്ടായിരുന്നു എന്നും, തിരിച്ച് ഒരു പരിചയഭാവം കാണിയ്ക്കാന്‍ പോലും ഞാന്‍ ശ്രമിച്ചില്ല എന്നതും എനിയ്ക്കപ്പോഴാണു മനസ്സിലായത്. എത്രയോ നാളുകളായി പരസ്പരം കാണുന്നു! ഇതിനിടയില്‍ പലപ്പോഴും അവര്‍ എന്നെ നോക്കി ചിരിച്ചു കാണും. എന്റെ സങ്കല്‍പ്പത്തിലുള്ള സ്വപ്നറാണിമാരുടെ ഭംഗിയില്ലാത്തതിനാലാവും ഞാനതൊന്നും കണ്ടതേയില്ല. ഒരു പക്ഷെ അതി സുന്ദരിയായ ഒരു പെണ്‍കുട്ടിയായിരുന്നു അവര്‍ക്കു പകരം അതിലെ വന്നിരുന്നതെങ്കില്‍ ? എനിയ്ക്ക് വല്ലാത്ത ലജ്ജ തോന്നി. നാളെ അവരെ കാണുമ്പോള്‍ ഒന്നു ചിരിയ്ക്കണമെന്നു ഞാന്‍ തീരുമാനിച്ചു.

പിറ്റേന്നും പതിവു പോലെ അവര്‍ വന്നു. ഞാനവരുടെ മുഖത്തു നോക്കി. ഒന്നു ചിരിയ്ക്കാന്‍ ശ്രമിച്ചു. ആ പെണ്‍കുട്ടികള്‍ എന്നെ ഗൌനിയ്ക്കാതെ കടന്നു പോയി. എന്നുമാത്രമല്ല പിന്നെയൊരിയ്ക്കലും അവരെന്നെ ശ്രദ്ധിച്ചില്ല.

പിന്നീട് ഞാന്‍ ആ വഴി നടപ്പു നിര്‍ത്തി. നമ്മള്‍ ഇഷ്ടപെടുന്നവരെ മാത്രം ശ്രദ്ധിച്ചാല്‍ പോരാ, നമ്മെ ഇഷ്ടപെടുന്നവരെയും ശ്രദ്ധിക്കണം.

അടിക്കുറിപ്പ്: ഇതില്‍ പരാമര്‍ശിച്ചിട്ടുള്ള പേരുകള്‍ യഥാര്‍ത്ഥമല്ല.

12 comments:

  1. :) experience is the best teacher.... nice writing...

    ReplyDelete
  2. അല്ല ഒരു സംശയം ഇതെന്താ ഇങ്ങനെ?

    ReplyDelete
  3. "നമുക്കൊക്കെ എന്തെല്ലാമോ കുറവുകള്‍ ഉണ്ടെടീ(ടാ)..നമ്മളെയൊന്നും കണ്ണില്‍ പിടിയ്ക്കില്ല..!”
    ഇത് താന്കള്‍ സ്നേഹിതന്മാരോട് പറഞ്ഞതല്ലേ? വെറുതെ എന്തിനാ മറ്റുള്ളവരുടെ മേല്‍ ചാര്‍ത്തുന്നത്?

    ReplyDelete
  4. വലിയ ബഹളമൊന്നും ഇല്ലാതെയുള്ള ഈ "പ്രണയാനുഭവങ്ങള്‍ " സുന്ദരം....

    ReplyDelete
  5. കൊള്ളാം...
    അപ്പോ എല്ലാ പ്രണയങ്ങളും 50% വരെ ഓക്കെയായിരുന്നു ല്ലേ...?
    എന്ന് വെച്ചാ ഭായിടെ ഭാഗം ഓക്കെയായിരുന്നുന്ന്...

    പിന്നെ ഇന്ന് ഇത് ഞങ്ങളോട് തുറന്നു പറയാന്‍ കാണിച്ച ധൈര്യം അന്നു കാണിച്ചിരുന്നെങ്കില്‍...അല്ല ഒരു കണക്കിനത് നന്നായി...അല്ലങ്കില്‍ പൂര്‍ണിമ,ട്രീസ, പിന്നെ വല്യാടത്തെ ആ അയല്‍വക്കത്തെ പെണ്ണ്. എല്ലാരും കൂടി താങ്കള്‍ക്ക് പണി തന്നേനെ..ഞങ്ങള്‍ക്ക് ഇതുപോലെയുള്ള നല്ലൊരു പോസ്റ്റ് കിട്ടില്ലായിരുന്നു..
    നന്നായി എഴുതീട്ടാ...

    ReplyDelete
  6. sariyanu.... mikkavarkkum ee anubhavangal undayirikkum, theercha

    ReplyDelete
  7. ഇത്തരം അനുഭവങ്ങള്‍ മിക്കവാറും എല്ലാവര്ക്കും ഉണ്ടായിട്ടുണ്ടാവും അല്ലെ??..ഒരു ഓര്‍മ്മ പുതുക്കല്‍ ആയി ഇത്.....സസ്നേഹം

    ReplyDelete
  8. @ ശ്യാമ, നന്ദി.
    @മിനിടീച്ചര്‍ : എന്താ സംശയം? എന്ത് എങ്ങനെ ? മനസ്സിലായില്ലല്ലോ..ദയവായി പറയൂ :-)
    @ ഇസ്മായില്‍: എന്നെ സംബന്ധിച്ചും ആ വാക്കുകള്‍ പൂര്‍ണമായുംശരി തന്നെ. പക്ഷെ, ഇപ്പറഞ്ഞത് അവര്‍ പറഞ്ഞതു തന്നെ.
    @ ദിവാരേട്ടന്‍: നന്ദി.
    @ റിയാസ്: ഞാന്‍ മാത്രം ഓകെ ആയ പ്രണയങ്ങള്‍ ആയിരക്കണക്കോളം വരും. സത്യം..:-))
    @ അനോണി: നന്ദി.
    @ യാത്രികന്‍ : വളരെ നന്ദി.

    ReplyDelete
  9. എനിക്ക് സംശയം ഒന്നേയുള്ളൂ... ബിജുവേട്ടാ മുകളില്‍ വന്ന ആ അനോണി അത് പൗര്‍ണമിയോ ട്രീസയോ അതോ മറ്റേ പെണ്ണോ?

    ReplyDelete
  10. കൊള്ളാം ഈ അനുഭവങ്ങള്‍.

    ReplyDelete
  11. പ്രണയം മധുരിക്കുന്ന ഒരോര്‍മ്മയ്യാണ്‌ ചിലര്‍ക്കെങ്കിലും... :-(

    ReplyDelete
  12. വര്‍ഷങ്ങള്‍കൊടുവില്‍ ഓര്‍മകളുടെ പൊടികള്‍ തട്ടി കുടഞ്ഞു ഇടക്കിക്കിട ഓര്‍ക്കാനും, ഓര്‍ത്തു താലോലിക്കാനും നോമ്പരമുന്നര്തുന്ന ചില അനുഭവങള്‍ ..... ഇപ്പോള്‍ കേവലം ബാലിശമാമായിരുന്നു എന്ന് തോന്നാം ....ഒരു മധുര നൊമ്പരകാറ്റ് പോല .നന്നായിരുന്നു .

    ReplyDelete

കമന്റിലെ അക്ഷരങ്ങള്‍ക്ക് നിറം നല്‍കാന്‍ [co="red"]Type Text here[/co] . ഇവിടെ red എന്നതിനു പകരം മറ്റ് നിറങ്ങള്‍ നല്‍കിയാല്‍ മതിയാകും.