പുതിയ കഥാസമാഹാരം “രയറൊം കഥകള്‍ " VPP ലഭിയ്ക്കാന്‍ sidrapubications@gmail

Thursday 23 February 2012

മത, രാഷ്ട്രീയ സംഘര്‍ഷങ്ങളിലെ മാധ്യമതന്ത്രം.

അസമത്വപൂര്‍ണമായ ഒരു സമൂഹത്തില്‍ നിരന്തരം സംഘര്‍ഷവും അശാന്തിയും അനുഭവപെടും. സാമ്പത്തികമായി മേല്‍ക്കോയ്മയുള്ള വിഭാഗം, അധികാരം വഹിയ്ക്കുകയും മറുവിഭാഗം അതിനെതിരായ പ്രത്യക്ഷമോ പരോക്ഷമോ ആയ എതിര്‍പ്പ് തുടരുകയും ചെയ്യും. ആ എതിര്‍പ്പിനെ മയപ്പെടുത്താനോ ഗുരുതരമാക്കാനോ തക്കവണ്ണം ശേഷിയുള്ള ദര്‍ശനങ്ങളോ സിദ്ധാന്തങ്ങളോ ഓരോ ദശാസന്ധികളീലും ഉയര്‍ന്നുവരുകയും, അതിന്റെ വ്യഖ്യേതാവിന്റെയോ സ്ഥാപകന്റെയോ പേരില്‍ വിവിധ സംഘടിതരൂപങ്ങള്‍ ഉരുത്തിരിയുകയും ചെയ്യും. സാമാന്യേന ഇവയെ മതമെന്നു വിളിയ്ക്കാം. ദര്‍ശനം ഈശ്വരനെയോ അമാനുഷശക്തികളെയോ കേന്ദ്രീകരിച്ചാവുമ്പോള്‍ അതു ആത്മീയമായും, ശാസ്ത്രീയ കാഴ്ചപ്പാടുകളെ കേന്ദ്രീകരിച്ചാവുമ്പോള്‍ ഭൌതികമെന്നും വിവക്ഷിയ്ക്കപ്പെടുന്നു. ഇന്നു ലോകത്തില്‍ കാണുന്ന വിവിധ സംഘടിതമതങ്ങളെ ആത്മീയസംഘടനകളെന്നും, രാഷ്ട്രീയപാര്‍ടികളെ  ഭൌതിക സംഘടനകളെന്നും വിവേചിയ്ക്കാവുന്നതാണ്. ഇവ രണ്ടും മനുഷ്യരുടെ ജീവിതവുമായി ബന്ധപ്പെട്ടിരിയ്ക്കുന്നു.

എല്ലാമനുഷ്യര്‍ക്കും ആത്മീയവും ഭൌതികവുമായ രണ്ടു തലങ്ങള്‍ ഉണ്ട്, അവയില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടായേക്കാമെന്നു മാത്രം. മനുഷ്യനില്‍ മേധാവിത്വം സ്ഥാപിയ്ക്കാന്‍ ഈ രണ്ടു തലങ്ങളും നിരന്തരം ശ്രമിയ്ക്കുന്നുണ്ട്. ആത്മീയത തികച്ചും ആത്മീയമായിരിയ്ക്കുകയും. ഭൌതികത തികച്ചും ഭൌതികമായിരിയ്ക്കുകയും ചെയ്യുമ്പോള്‍ സംഘര്‍ഷത്തിനു സാധ്യത കുറവാണ്. എന്നാല്‍ മതം ഭൌതിക ആസക്തികളില്‍ പ്രലോഭിതരായി ആത്മീയതയെ  സുഖസൌകര്യങ്ങള്‍ക്കായി, ഭൌതിക തലത്തിലേയ്ക്കു വ്യാപിപ്പിയ്ക്കുമ്പോഴാണ് ആരാധനാലയങ്ങള്‍ക്കും തിരുശേഷിപ്പുകള്‍ക്കും വിഗ്രഹങ്ങള്‍ക്കും പ്രാധാന്യം കൈവരുന്നത്. ഇത്തരം അവസ്ഥയില്‍ ആത്മീയത ചോര്‍ന്നുപോകുകയും അതു ഭൌതികതയുടെ മറ്റൊരു പതിപ്പായി മാറുകയും ചെയ്യും. ഈ ജീര്‍ണത തിരിച്ചും സംഭവിയ്ക്കുന്നുണ്ട്. രാഷ്ടീയം അതിന്റെ ദര്‍ശനങ്ങളെ കൈവിട്ട്, ലാഭത്തിനായി മതത്തെയും ഉപയോഗപ്പെടുത്താറുണ്ട്. ചുരുക്കത്തില്‍ ആത്മീയ, ഭൌതിക ദര്‍ശനങ്ങളുടെ സംഘടിത രൂപങ്ങള്‍ മനുഷ്യനില്‍ അവിഹിതസ്വാധീനം ചെലുത്താന്‍ ശ്രമിയ്ക്കുമ്പോഴാണ് അത് മത-രാഷ്ട്രീയ ഏറ്റുമുട്ടലായി മാറുന്നത്.

മതം, മനുഷ്യന്റെ സഹജമായ “ഭയത്തെ” സമര്‍ത്ഥമായി ഉപയോഗിയ്ക്കുന്നതിനാല്‍ മിക്കപ്പോഴും രാഷ്ട്രീയത്തെക്കാള്‍ നന്നായി അവനെ കീഴ്പെടുത്താനാകും. ശുദ്ധഭൌതിക ദര്‍ശനത്തെ ഒരു സാധാരണ മനുഷ്യനില്‍ നിന്ന് ആട്ടിയോടിയ്ക്കാന്‍ മതത്തിന് വളരെ പെട്ടെന്നു കഴിയും. അതിനായി മതചിഹ്നങ്ങളെയും ആചാരങ്ങളെയും ഉപയോഗപ്പെടുത്തുന്നു.

സമൂഹത്തിന്റെ പുരോഗമനകാഴ്ചപ്പാടുകളോട് യാതൊരു ഉത്തരവാദിത്തവുമില്ലാത്ത മാധ്യമങ്ങളാല്‍ അഭിശപ്തമാണ് നമ്മുടെ നാട്. പ്രചാരം വര്‍ധിപ്പിച്ച് വരുമാനം കൂട്ടുക എന്ന ഒറ്റ ലക്ഷ്യം മാത്രം കൈമുതലായ അവ മതത്തെയും രാഷ്ട്രീയത്തെയും തമ്മിലടിപ്പിച്ച് സംഘര്‍ഷം സൃഷ്ടിച്ച്, അതില്‍ നിന്ന് വാര്‍ത്തകള്‍ സൃഷ്ടിച്ചെടുത്ത് നമ്മിലേയ്ക്ക് അടിച്ചുകയറ്റുന്നു. നമ്മില്‍ പ്രത്യേകമായ ഒരു ബോധമണ്ഡലം സൃഷ്ടിച്ചെടുക്കുന്നു. നല്ല വിവേചനശേഷിയുള്ളവര്‍ക്കല്ലാതെ മറ്റാര്‍ക്കും ഇതില്‍ നിന്നു കുതറിമാറാനാവില്ല. ചുരുക്കത്തില്‍ സംഘര്‍ഷം ഉള്ളിടത്തുമാത്രമേ വാര്‍ത്തയുള്ളു, മാധ്യമങ്ങളുള്ളു, അവയ്ക്കു വളര്‍ച്ചയുള്ളു.

ഈയടുത്ത കാലത്ത് കേരളത്തിലുണ്ടായ ചില “മത-രാഷ്ടീയ” ഏറ്റുമുട്ടലുകള്‍ പരിശോധിച്ചാല്‍ ഇവ വ്യക്തമായി മനസ്സിലാക്കാവുന്നതാണ്.

1) കേരളത്തിലെ മുഖ്യ രാഷ്ട്രീയപാര്‍ടിയായ സി.പി.എമ്മിന്റെ സമ്മേളനത്തോടനുബന്ധിച്ച് നടന്ന ചരിത്രപ്രദര്‍ശനത്തില്‍ അറിയപ്പെടുന്ന അനേകം ആരാധ്യപുരുഷരുടെ ചിത്രങ്ങള്‍ ഉണ്ടായിരുന്നു. സോക്രട്ടീസ്, മാര്‍ട്ടിന്‍ ലൂതര്‍ കിംഗ്, ഗാന്ധിജി, യേശു.... അങ്ങനെ. സാധാരണരീതിയില്‍ പുറമെ ആരും അത്ര അറിയാതെ പോകുമായിരുന്ന ഒരു പ്രദര്‍ശനം. അപ്പോഴാണ് മനോരമ പത്രം അതില്‍ ഒരു സംഘര്‍ഷ സാധ്യത കണ്ടെത്തിയത്. കേരളത്തിലെ കത്തോലിക്ക സഭയും സി.പി.എമ്മുമായുള്ള ഭിന്നതകളെ ആളികത്തിച്ച് അതില്‍ നിന്നു വാര്‍ത്തയുണ്ടാക്കുകയും, ഒപ്പം രാഷ്ട്രീയമായി സിപീമ്മിന് ഒരടി കൊടുക്കുകയും ചെയ്യുക. അങ്ങനെയാണ് “രക്തസാക്ഷി” വിവാദം ഉണ്ടാക്കപ്പെട്ടത്. അതിന് അല്പം കൂടി എരിവുകൂട്ടാന്‍ തിരുവത്താഴ വിവാദവും എടുത്തിട്ടു. ദിവസങ്ങള്‍ക്കു മുന്‍പേ ഇല്ലാതായ ഒരു പ്രശ്നത്തെ വീണ്ടും കുത്തിപ്പൊക്കി. അവരുടെ കണക്കുകൂട്ടലനുസരിച്ചു തന്നെ കത്തോലിക്ക സഭ വിഷയത്തിലിടപെടുകയും മതചിഹ്നങ്ങളെ സമര്‍ത്ഥമായി ഉപയോഗിച്ച് സംഘര്‍ഷം ഉണ്ടാക്കുകയും ചെയ്തു. മാധ്യമങ്ങള്‍ക്ക് ആവോളം വാര്‍ത്തകിട്ടി.

2). ഈയടുത്തുണ്ടായ പ്രവാചകന്റെ “മുടി”വിവാദവും ഇത്തരത്തിലൊരു മാധ്യമസൃഷ്ടിയാണ്. വാഗ്ഭടാനന്ദനെപോലൊരു സാമൂഹ്യപരിഷ്കര്‍ത്താവിനെ അനുസ്മരിച്ചു നടന്ന സെമിനാറില്‍ സി.പി.എമ്മിന്റെ സംസ്ഥാന സെക്രട്ടറി നടത്തിയ സമഗ്രമായ പ്രസംഗത്തില്‍ പറഞ്ഞകാര്യങ്ങളെല്ലാം തമസ്കരിച്ചുകൊണ്ട്, ഒരു ചോദ്യത്തിനുത്തരമായി പറഞ്ഞ വാചകത്തെ മാത്രം ഉരിഞ്ഞെടുത്ത് വിവാദമാക്കി. സാമൂഹ്യപുരോഗതിയ്ക്കായി പ്രവര്‍ത്തിയ്ക്കുന്ന ഒരു പ്രസ്ഥാനത്തിനും മുഖംതിരിയ്ക്കാവുന്ന ചോദ്യമായിരുന്നില്ല അത്.

ഇത്തരം വിവാദങ്ങള്‍ തെറ്റൊന്നുമല്ല, അതിന്റെ സമഗ്രതയില്‍ ചര്‍ച്ചചെയ്യപ്പെട്ടാല്‍. എന്നാലിവിടെ സംഭവിയ്ക്കുന്നത് അങ്ങനെയല്ല. രാഷ്ട്രീയം മതത്തെ ആക്രമിയ്ക്കുന്നു എന്ന അര്‍ത്ഥത്തിലാണ് ചര്‍ച്ചകളുണ്ടാവുന്നത്. അതിനെ ശരിയായ രീതിയിലേയ്ക്കു തിരിച്ചു വിടണമെങ്കില്‍ ജനങ്ങള്‍ക്ക് മത, രാഷ്ട്രീയ തലങ്ങളില്‍ സംതുലിതവും ശരിയായതുമായ കാഴ്ചപ്പാടുണ്ടായേ പറ്റൂ. വ്രണപ്പെടേണ്ടത് മതവികാരമല്ല, മാനവിക വികാരമാണ്. അതുണ്ടാവണമെങ്കില്‍ ആത്മീയതയും ഭൌതികതയും ശരിയായി സമ്മേളിയ്ക്കുന്നതാണ് മാനവികത എന്നു മനസ്സിലാക്കണം.
 

Tuesday 14 February 2012

ഖത്തര്‍ മലയാളം ബ്ലോഗേഴ്സ് മീറ്റ് - “വിന്റര്‍ -12“ - (ഫോട്ടോ ഫീച്ചര്‍)

ബ്ലോഗുലകത്തിലെ കൂട്ടായ്മകളില്‍ ഏറ്റവും സജീവമായ ഒന്നാണ് ഗള്‍ഫ് രാജ്യമായ ഖത്തറിലെ മലയാളം ബ്ലോഗര്‍മാരുടെ ഗ്രൂപ്പ്. വളരെ എളിയ നിലയില്‍ ആരംഭിച്ച്, ഇപ്പോള്‍ എറ്റവും മികച്ച രീതിയില്‍ ഒത്തുചേരലുകള്‍ സംഘടിപ്പിയ്ക്കാന്‍ ഈ ഗ്രൂപ്പിനാകുന്നുണ്ട്. അതില്‍ അവസാനത്തേതായിരുന്നു 2012 ഫെബ്രുവരി 10, വെള്ളിയാഴ്ച ദോഹയിലെ സ്കില്‍‌സ് ഡെവലപ്പ്മെന്റ് സെന്ററില്‍ ചേര്‍ന്ന “ഖത്തര്‍ മലയാളം ബ്ലോഗേഴ്സ് മീറ്റ് വിന്റര്‍ ‘12.” കഴിഞ്ഞവര്‍ഷം നടന്ന മീറ്റിനെ അപേക്ഷിച്ച് ഇത്തവണ ഒരു മുഴുദിന പരിപാടിയായിരുന്നു സംഘടിപ്പിയ്ക്കപ്പെട്ടത്. മീറ്റിനോടനുബന്ധിച്ച് ഒരു ഫോട്ടോഗ്രാഫി - ചിത്രപ്രദര്‍ശനവും, രാവിലെ  ഫോട്ടോഗ്രാഫേര്‍സ് ശില്പശാലയും ഉണ്ടായിരുന്നു. ഉച്ചയ്ക്ക് ദോഹയിലെ നിളാ റസ്റ്റോറന്റ് തയ്യാറാക്കിയ ഒന്നാന്തരം കേരളീയ ഭക്ഷണം ഗൃഹാതുരത്വമുണര്‍ത്തി. രണ്ടുമണിയ്ക്കാരംഭിച്ച ബ്ലോഗ്ഗേര്‍സ് സംഗമം പങ്കാളിത്തം കൊണ്ട് മറ്റെതൊരു ബ്ലോഗേര്‍സ് മീറ്റിനെക്കാളും മികച്ചതായി. സ്വയം പരിചയപ്പെടുത്തലും പരിചയപ്പെടലുമായി ഓരോ ബ്ലോഗറും വേദിയിലെത്തി.വേദിയിലെത്തുന്ന ബ്ലോഗറുടെ, ബ്ലോഗിനെ പ്രൊജക്ടര്‍ വഴി വേദിയില്‍ പ്രദര്‍ശിപ്പിച്ച് എല്ലാവരെയും പരിചയപ്പെടുത്തിയത് വേറിട്ട പുതുമയായി. ഇടവേളയില്‍ ചായയും ഉണ്ണിയപ്പവുമുണ്ടായിരുന്നു. 

മീറ്റിലെ ഏതാനും നിമിഷങ്ങളിലൂടെ:
 

മീറ്റ് നടക്കുന്ന സ്കില്‍‌സ് ഡെവലെപ്മെന്റ് സെന്ററിനു മുന്‍പില്‍
നാമൂസ്, മനോഹര്‍ ദോഹ, രാമചന്ദ്രന്‍ വെട്ടിക്കാട്ട്, രാജന്‍ ജോസഫ് എന്നിവരോടൊപ്പം.

രജിസ്ട്രേഷന്‍. നികു കേച്ചേരിയും കനകാംബരനും
അകത്തേയ്ക്കു കടന്നപ്പോള്‍.
ചിത്ര-ഫോട്ടോ പ്രദര്‍ശനം.
ചിത്ര-ഫോട്ടോ പ്രദര്‍ശനം.
ഉച്ചനേരമാണ്. ഭക്ഷണം റെഡി.
കൊതിയൂറും നാടന്‍ വിഭവങ്ങള്‍
ഭക്ഷണശേഷം മീറ്റ് നടക്കുന്ന ഹാളിലേയ്ക്ക്.
യോഗത്തിനു മുന്നോടിയായി സുനില്‍ പെരുംബാവൂര്‍ സ്വാഗതം പറയുന്നു.
സദസ്സ് പൂര്‍ണമായപ്പോള്‍
സംഘാടകരില്‍ ഒരാളായ ശ്രദ്ധേയന്‍.
ബ്ലോഗര്‍ ഷീലാ ടോമി.
സിറാജ് ബിന്‍ കുഞ്ഞിബാവ.
സ്മിത ആദര്‍ശ്


നവാസ് മുക്രിയത്ത്
കെ.മാധവിക്കുട്ടി
ജിപ്പൂസ്
മനോഹര്‍ ദോഹ
ഷാനവാസ് എലച്ചോല

രാജേഷ് .കെ.വി.
അച്ഛനും മോനും ഒന്നിച്ച് വേദിയില്‍
രണ്ടു കൊച്ചു ബ്ലോഗര്‍മാര്‍. സാന്ദ്ര, സന്‍സിന.
രാമചന്ദ്രന്‍ വെട്ടിക്കാ‍ട്ട്.
മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍
ഇടയ്ക്ക് വേദിയിലെത്തിയ കൊച്ചുമിടുക്കന്റെ പ്രകടനം.
സദസ്സില്‍ ഒരാള്‍ എല്ലാം സാകൂതം വീക്ഷിയ്ക്കുന്നു.

ഈയുള്ളവന്‍
ഇടവേളയില്‍ ചായയും കടിയും കൊച്ചുവര്‍ത്താനങ്ങളും.
ഇടവേളയില്‍
മുഖ്യസംഘാടകന്‍ ഇസ്മായില്‍ കുറുമ്പടി
വലിപ്പചെറുപ്പമില്ലാതെ ഏവരും ഒന്നുപോലെ നെഞ്ചേറ്റിയ മികച്ച ഒരു പരിപാടിയായിരുന്നു “ഖത്തര്‍ മലയാളം ബ്ലോഗേഴ്സ് മീറ്റ് വിന്റര്‍ ‘12. ഈ പരിപാടി സംഘടിപ്പിയ്ക്കാനായി ഏറെ കഷ്ടപെട്ട അനേകം സുഹൃത്തുക്കള്‍ ഉണ്ട്. അതില്‍ ശ്രീ.ഇസ്മായില്‍ കുറുമ്പടി, ശ്രീ. സുനില്‍ പെരുംബാവൂര്‍ എന്നിവരുടെ കാര്യം എടുത്തു പറയേണ്ടിയിരിയ്ക്കുന്നു. ഇതില്‍ പങ്കെടുത്ത ഓരോ ആളുടെയും മനസ്സില്‍ എന്നും മായാതെ നില്‍ക്കുന്നതായിരിയ്ക്കും ഈ പരിപാടി എന്നത് നിസ്തര്‍ക്കമത്രേ.

Wednesday 8 February 2012

ആന്‍ഡ്രോയിഡ് ഫോണുകളില്‍ / ടാബ്‌ലെറ്റുകളില്‍ മലയാളമെഴുതാന്‍...


അനുദിനം വികസിയ്ക്കുന്ന വിവരസാങ്കേതിക വിദ്യയിലെ ഏറ്റവും മികച്ച ഒരു ചുവടു വെപ്പായിരുന്നു, കമ്പ്യൂട്ടര്‍ സിദ്ധികള്‍ കുടിയേറിയ സ്മാര്‍ട് ഫോണുകള്‍. ആപ്പിള്‍ഫോണുകളാണ് ആദ്യമായി ഇതു സാധ്യമാക്കിയതെങ്കിലും ഇന്ന് ലോകത്തെ ഒട്ടുമിക്ക കമ്പനികളും ഈ മേഖലയിലുണ്ട്. സ്മാര്‍ട്ട് ഫോണുകളുടെ കരുത്ത് അവയുടെ സോഫ്റ്റ്‌വെയറുകളാണ്. ആപ്പിള്‍ അവരുടേതായ IOS ആണ് ഫോണുകളില്‍ ഉപയോഗിച്ചത്. നോക്കിയയുടെ സിമ്പിയാനും മൈക്രോ സോഫ്ടിന്റെ വിന്‍ഡോസുമൊക്കെ ഈ രംഗത്തുണ്ടെങ്കിലും ഗൂഗിള്‍ വികസിപ്പിച്ച “ആന്‍ഡ്രോയിഡ്” പ്ലാറ്റ്ഫോം ഇവയെ എല്ലാം കടത്തിവെട്ടി ലോകമാകെ തരംഗം സൃഷ്ടിച്ചു. ആപ്പിള്‍ വില കൂടിയ ഫോണുകള്‍ മാത്രം നിര്‍മ്മിച്ചപ്പോള്‍, കൊറിയന്‍ കമ്പനിയായ സാംസംഗ് വിലകുറഞ്ഞതും എന്നാല്‍ ഉന്നത നിലവാരമുള്ളതുമായ ആന്‍ഡ്രോയിഡ് ഫോണുകള്‍ രംഗത്തിറക്കി സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍ കരുത്തരായി. ആപ്പിളും നോക്കിയയുമൊഴികെ ഒട്ടുമിക്ക സ്മാര്‍ട്ട് ഫോണുകളിലും ഇപ്പോള്‍ ആന്‍ഡ്രോയിഡ് ആണു ഓപറേറ്റിംഗ് സിസ്റ്റം. ലാപ്ടോപ്പിന്റെയും സ്മാര്‍ട്ട് ഫോണിന്റെയും ഇടയ്ക്കു നില്‍ക്കുന്ന ടാബ്‌ലെറ്റുകള്‍ കൂടി രംഗത്തെത്തിയതോടെ വിവരസാങ്കേതിക വിദ്യ പുതിയ മാനങ്ങള്‍ തേടുകയാണ്.

സോഷ്യല്‍ നെറ്റുവര്‍ക്കുകള്‍ ജനപ്രിയമായത് അവയില്‍ തദ്ദേശ ഭാഷ ഉപയോഗിയ്ക്കാന്‍ സാധിയ്ക്കുന്നതിനാലാണ്. ഇക്കാര്യത്തില്‍ സ്മാര്‍ട്ട് ഫോണുകളും ടാബുകളും പിന്നിലായിരുന്നു ഈ അടുത്തിടവരെ. എന്നാല്‍ ആ പ്രശ്നങ്ങളും പരിഹരിച്ചതോടെ സോഷ്യല്‍ നെറ്റുവര്‍ക്ക് മേഖലയിലെ താരങ്ങള്‍ മൊബൈലുകളും ടാബുകളുമായി മാറുകയാണ്. നിങ്ങള്‍ എവിടെയായിരുന്നാലും വെബുമായി കണക്ട് ചെയ്യാനും സ്വന്തം ഭാഷയില്‍ വായിയ്ക്കാനും എഴുതാനും അവ സഹായിയ്ക്കുന്നു.

ഓപെറ മിനി ബ്രൌസര്‍ ഉപയോഗിച്ചാല്‍ യൂണികോഡ് മലയാളം അടിസ്ഥാനപെടുത്തിയ എല്ലാ വെബ്‌സൈറ്റുകളും വായിയ്ക്കാനാകും. മലയാളമെഴുത്തായിരുന്നു പ്രധാന കീറാമുട്ടി. ഇപ്പോള്‍ അതിനും പരിഹാരമായിരിയ്ക്കുന്നു. പാണിനി കീപാഡ്, മള്‍ടി ലിംഗ്വല്‍ കീപാഡ് എന്നിവ ലഭ്യമായിരുന്നെങ്കിലും അവയില്‍ തപ്പിപ്പിടിച്ച് എഴുതുക വലിയ ദുഷ്കരം. ഇപ്പോള്‍ ആന്‍ഡ്രോയിഡ് മാര്‍കറ്റില്‍ സൌജന്യമായി ലഭ്യമായ  “വരമൊഴി” ഉപയോഗിച്ചാല്‍ മംഗ്ലീഷ് ഉപയോഗിച്ച് അനായാസം മലയാളം ടൈപ്പുചെയ്യാം.
അതിനുള്ള വളരെ ലളിതമായ മാര്‍ഗം താഴെ പറയാം.

1) വരമൊഴി ഇന്‍സ്റ്റാള്‍ ചെയ്യുക. (ആന്‍ഡ്രോയിഡ് മാര്‍കെറ്റില്‍ VARAMOZHI എന്നു ടൈപ്പ് ചെയ്താല്‍ കണ്ടെത്താം)

2)ഫോണിന്റെ Settings-ല്‍ Language and Keyboard Settings >> Text Setting >> Varamozhi Key board ആക്കുക.

3) ഇനി ആവശ്യമുള്ള ടെക്സ്റ്റ് ബോക്സില്‍ (ഉദാ: ഫേസ്ബുക്ക്) ടച്ച് ചെയ്താല്‍ കറുത്ത നിറമുള്ള ഇംഗ്ലീഷ് കീബോര്‍ഡ് വരും. മംഗ്ലീഷ് ടൈപ്പു ചെയ്താല്‍ ടെക്സ്റ്റ് ബോക്സില്‍ മംഗ്ലീഷും അതിനു താഴെ മലയാളവും കാണാം. ടൈപ്പിംഗ് കഴിഞ്ഞാല്‍, മലയാളമാണ് വേണ്ടതെങ്കില്‍, മലയാളം ടെക്സ്റ്റില്‍ ടച്ച് ചെയ്ത് പിടിക്കുക. അപ്പോള്‍ ടെക്സ്റ്റ് ബോക്സില്‍ മംഗ്ലീഷ് മാറി കുറെ “വന്യാക്ഷരങ്ങള്‍” വരും. അതു പോസ്റ്റ് ചെയ്താല്‍ മലയാളമായി സൈറ്റില്‍ ദൃശ്യമാകും.

ഇതു കൂടാതെ വരമൊഴി ഐക്കണില്‍ ക്ലിക്ക് ചെയ്ത് തുറന്ന ശേഷം അവിടെ ടൈപ്പ് ചെയ്ത് കോപി/പേസ്റ്റ് ചെയ്യുകയും ആവാം. എങ്കിലും ആദ്യത്തേത് വളരെ ലളിതമായ മെതേഡാണ്.ടാബ്‌ലെറ്റ് ഉപയോഗിയ്ക്കുന്നവര്‍ക്ക് കമ്പ്യൂട്ടര്‍ കീബോര്‍ഡിന്റെ അതേ വേഗതയില്‍ ടൈപ്പു ചെയ്യാന്‍ സാധിയ്ക്കും.

അപ്പോള്‍ ഇനിയെല്ലാവരും ആന്‍ഡ്രോയിഡ് മലയാളികളായിക്കൊള്ളു.