പുതിയ കഥാസമാഹാരം “രയറൊം കഥകള്‍ " VPP ലഭിയ്ക്കാന്‍ sidrapubications@gmail

Monday 25 April 2011

കുമരകത്തൊരു ഒഴിവുകാലം. - 2

പിന്നെയും തോട്ടുവക്കിലൂടെ മുമ്പോട്ട് പോയി. തോടിന് മനം മയക്കുന്ന ഭംഗിയാണിവിടെ . വയലറ്റു നിറമുള്ള ചെറിയ ആമ്പല്‍ പൂക്കളുടെ ധാരാളിത്തം‍. ഇരുകരകളിലും തുളുമ്പി നില്‍ക്കുന്ന ഹരിതശോഭ. ജലപരപ്പില്‍ അതു പതിന്മടങ്ങായി പ്രതിഫലിയ്ക്കുന്നു. കലര്‍പ്പില്ലാത്ത പ്രകൃതി സൌന്ദര്യമാണല്ലോ ചുറ്റും. അറേബ്യന്‍ മരുഭൂമിയുടെ ഊഷരതയില്‍ വാടിക്കരിഞ്ഞ, ഉള്ളിലെ ഉറവുകള്‍ക്ക് മുളപൊട്ടിയതു പോലെ.

അല്പമകലെ വലിയൊരു നെല്‍ക്കളം കണ്ടു. നെടുനീളത്തില്‍ കൂട്ടിയിട്ട നെല്ല്. അവിടെയും ചാക്കില്‍കെട്ടലും
തൂക്കമെടുക്കലും തകൃതിയായി നടക്കുന്നു.  അല്പനേരം അവരോടൊത്തു ചിലവഴിച്ചിട്ട് ഞങ്ങള്‍ വീണ്ടും നടന്നു. അപ്പോള്‍ കൊയ്ത്തുയന്ത്രത്തിന്റെ മുരളല്‍. അടുത്തെവിടെയോ ആണെന്നു തോന്നുന്നു. ഇതേവരെ ഈ സാധനം കണ്ടിട്ടില്ല. കാണാനുള്ള ഉത്സാഹത്തോടെ ഞങ്ങള്‍ മുന്നോട്ട് വേഗം നടന്നു.



അതാ, തൊട്ടുമുന്‍പിലെ വയലില്‍ രണ്ട് യന്ത്രങ്ങള്‍ തകൃതിയായി കൊയ്യുന്നു. നല്ല രസമുണ്ട് അവയുടെ പണി കാണാന്‍. വിളഞ്ഞു പാകമായ നെല്ലിന്‍‌കൂട്ടത്തിലേയ്ക്ക് കയറിയൊരു പോക്കാണ്, മുന്‍പിലെ കതിരെല്ലാം കൊയ്ത് തന്റെ വയറ്റിലേയ്ക്കിട്ടുകൊണ്ട്. അപ്പോള്‍ തന്നെ “മെതി“യും കഴിയും. ബാക്കിയാവുന്ന വൈക്കോല്‍ പുറകില്‍ നിരനിരയായി നിക്ഷേപിച്ചിരിയ്ക്കുന്നു. ഒരാള്‍ അത് കെട്ടാക്കി ഒതുക്കി വയ്ക്കുന്നുണ്ട്. വയര്‍ നിറഞ്ഞതോടെ യന്ത്രം വരമ്പിനടുത്തെയ്ക്കു വന്നു. അവിടെ വിരിച്ചിട്ടിരുന്ന ടാര്‍പ്പായയിലേയ്ക്ക് നെല്ല് ചൊരിഞ്ഞു, പതിരെല്ലാം പാറ്റിക്കളഞ്ഞ്. ഒരേക്കര്‍ വയല്‍ കൊയ്യാന്‍ ഒരുമണിക്കൂറില്‍ താഴെ സമയം മതി. എന്റെ ചെറുപ്പത്തില്‍, കൊയ്തും മെതിയും പതിരുപാറ്റലുമൊക്കെ ഓരോ ആഘോഷങ്ങളായിരുന്നു. ഒരേക്കര്‍ വയലില്‍ നിന്നുള്ള നെല്ല് കൊയ്തുമെതിച്ച് പതിരുപാറ്റിയെടുക്കാന്‍ മൂന്നു ദിവസമെങ്കിലും വേണമായിരുന്നു. അതെല്ലാം ഓര്‍മ്മച്ചിത്രങ്ങളായി മനസ്സില്‍ സൂക്ഷിച്ചിട്ടു ഞാന്‍.



വെയില്‍ അല്പം മൂത്തു. വിശാലമായ ആ വയല്‍ക്കാഴ്ചയില്‍ നിന്നു  കണ്ണുകളെ ബലമായി പറിച്ചെടുത്ത് ഞങ്ങള്‍ തിരികെ പോന്നു. നെല്‍ക്കളങ്ങളില്‍ അപ്പോഴും പണി തകൃതിയായി നടക്കുന്നുണ്ട്. ഒരു രഹസ്യം പറയാം. എന്റെ അച്ഛന്‍ ഇവിടെ അരയേക്കര്‍ വയല്‍ മേടിച്ചിട്ടുണ്ട്. അതിന്റെ മേല്‍നോട്ടമെല്ലാം കുഞ്ഞമ്മയെ ഏല്‍പ്പിച്ചിരിയ്ക്കുകയാണ്. മലബാറില്‍ നിന്നും ഇവിടെ വന്ന് എന്തിന് വയല്‍ മേടിച്ചു എന്നു  ചോദിച്ചാല്‍, “നിനക്കതു മനസ്സിലാകില്ല” എന്നു മാത്രമേ അദ്ദേഹത്തിനു മറുപടിയുള്ളു. മാസത്തില്‍ ഒരിയ്ക്കലെങ്കിലും കൃഷികാര്യങ്ങള്‍ക്കായി ഇവിടെ വരും. വരുമാനക്കണക്കു നോക്കിയാല്‍ നഷ്ടം മാത്രമെങ്കിലും അദ്ദേഹം അതു കൈവിടാന്‍ ഒരുക്കമല്ല.

വീട്ടിലെത്തിയപ്പോള്‍ കുഞ്ഞമ്മ എങ്ങോ പോകാന്‍ തയ്യാറായി നില്‍ക്കുന്നു. കുമരകം ജെട്ടിയിലേയ്ക്കാണത്രെ. അവിടെ നല്ല ഒന്നാന്തരം മീന്‍ കിട്ടും. അപ്പോഴാണ് ഞാന്‍ എന്റെ ഒരാഗ്രഹം പറഞ്ഞത്. വീടിന്റെ അടുത്തു തന്നെ ഒരു കള്ളുഷാപ്പുണ്ട്. കുമരകമാണെങ്കില്‍ ചെത്തുകള്ളിന് പ്രശസ്തവും. ഇവിടെ വന്നിട്ട് അതിലല്പം രുചിയ്ക്കാതിരിയ്ക്കുന്നതെങ്ങനെ? ആഗ്രഹം കേട്ടപ്പോള്‍ കുഞ്ഞമ്മ ഒരു സ്റ്റീല്‍ കലം കൂടി കൈയിലെടുത്തു. ഉണ്ണിയെയും കൂട്ടിനു വിളിച്ചു. പോയി അല്പസമയത്തിനകം ഉണ്ണി കലത്തില്‍ കള്ളുമായി വന്നു. ഒപ്പം നല്ല കക്കയിറച്ചി ഉലര്‍ത്തിയതും. നല്ല മധുരക്കള്ളായിരുന്നു. കക്കായിറച്ചിക്ക് അപാര സ്വാദും.
രണ്ടിനം മീനും കക്കായിറച്ചിയുമായിട്ടാണ് കുഞ്ഞമ്മ കുമരകത്തു നിന്നും വന്നത്. നല്ല ഫ്രെഷ് മീന്‍. പിന്നെ പച്ചക്കപ്പയും. പെണ്ണുങ്ങള്‍ അടുക്കളയില്‍ കയറിയപ്പോള്‍ ഞാനും മക്കളും തോട്ടിലേയ്ക്കു ചൂണ്ടയുമായി വീണ്ടും ഇറങ്ങി.

വൈകുന്നേരമായപ്പോള്‍ കുമരകം ടൂറിസ്റ്റ് കോപ്ലക്സ് വരെ ഒന്നു പോയാലോ എന്നാലോചനയായി. എല്ലാം ഒന്നു കണ്ടു വച്ചേക്കാം. എന്നിട്ട് നാളെ വിശദമായി കാണണം. മക്കള്‍ക്കും മിനിയ്ക്കും ആ തീരുമാനം ഏറ്റവും സമ്മതമായിരുന്നു. ഉടന്‍ ഞങ്ങള്‍ പുറപ്പെട്ടു.

ചെങ്ങളത്തു നിന്നും കുമരകം ടൂറിസ്റ്റ് കോമ്പ്ലക്സിലേയ്ക്ക് കഷ്ടിച്ച് മൂന്നു കിലോമീറ്ററേ ഉള്ളു. ഈ സ്ഥലത്തിന്റെ ശരിയായ പേര് “കവണാറ്റിന്‍‌കര“ എന്നാണ്.  ഞങ്ങള്‍ അവിടെയെത്തുമ്പോള്‍ ഏകദേശം അഞ്ചുമണിയായി. ബസ് സ്റ്റോപ്പില്‍ നിന്നു നോക്കിയാല്‍ കെ.റ്റി.ഡി.സി.യുടെ ഒരു ബീയര്‍ പാര്‍ലര്‍ അല്ലാതെ കാര്യമായൊന്നും കാണാനില്ല. എന്നാല്‍ നൂറുമീറ്റര്‍ മുന്നോട്ട് ചെന്നപ്പോള്‍ കവണാറ് അല്ലെങ്കില്‍ മീനച്ചിലാറിന്റെ തീരമായി. അവിടത്തെ കാഴ്ച അവര്‍ണനീയം! 



തീരത്തോട് ചേര്‍ന്ന് പലയിടത്തായി വലിയ ഹൌസ് ബോട്ടുകള്‍. പഴയ തറവാട്ടുവീടുകള്‍ വള്ളത്തിന്മേല്‍ എടുത്തു വച്ചതു പോലെയുണ്ട്. കൂടാതെ ഇടത്തരം  ബോട്ടുകളും ചെറുവള്ളങ്ങളും ധാരാളം. വള്ളങ്ങളില്‍ ഇരിപ്പിടവും മേലാപ്പും ഘടിപ്പിച്ചിട്ടുണ്ട്.  വൈകുന്നേരമായതിനാല്‍ ഇന്നത്തെ ജലയാത്ര കഴിഞ്ഞ് വിശ്രമിയ്ക്കുകയാണവ. അവയെ അല്പ നേരം നോക്കിക്കണ്ടിട്ട്, ആറ്റിന്‍ തീരത്തുള്ള ചെറിയ റോഡു വഴി ഞങ്ങള്‍ നടന്നു. അപ്പോഴാണ് ഒരു കൂറ്റന്‍ പ്ലാസ്റ്റിക്ക്ജലസംഭരണി കണ്ടത്. അതിലെഴുതിയിരിയ്ക്കുന്നു: “കുടിവെള്ളം വില്പനയ്ക്ക്” ! കായലും പുഴയും സംഗമിയ്ക്കുന്ന, മൂന്നുവശവും വെള്ളത്താല്‍ ചുറ്റപ്പെട്ട ഇവിടെ ഇപ്പോള്‍ വെള്ളം വിലകൊടുത്തു വാങ്ങേണ്ടുന്ന വസ്തുവായിരിയ്ക്കുന്നു!  മുന്നോട്ട് ചെന്നപ്പോള്‍ ചില വീടുകള്‍ കണ്ടു. വീടുകള്‍ക്കു പിന്നില്‍ വലിയ മുള്ളുവേലിയുണ്ട്.  വേലിയ്ക്കപ്പുറം കുമരകം പക്ഷി സങ്കേതമാണ്. ചെറുതെങ്കിലും മിക്ക വീടുകളുടെയും മുന്‍പില്‍ രണ്ടും മൂന്നും ആഡംബരക്കാറുകള്‍ കിടക്കുന്നു! ഇവരൊക്കെ ഇത്ര സമ്പന്നരാണോ എന്ന് അത്ഭുതപ്പെട്ടു പോയി. അപ്പോഴാണ് ആ ബോര്‍ഡ് കണ്ടത്.  “വാടകയ്ക്ക് പാര്‍ക്കിങ്ങ് സൌകര്യം നല്‍കപ്പെടും”. ഹോ.. നാട്ടുകാരുടെ ബുദ്ധി..! ഇത്തിരിയുള്ള മുറ്റ സൌകര്യം ഒരു വരുമാനമാര്‍ഗമാക്കിയിരിയ്ക്കുന്നു.

കുറച്ചു കൂടി നടന്നു ഞങ്ങള്‍ തിരികെ പോന്നു. അവിടെയെല്ലാം കണ്ട പൊതുവായ ഒരു കാര്യം പരിസര ശുചിത്വമില്ലായ്മയാണ്. ഒഴിഞ്ഞ മദ്യക്കുപ്പികളും പ്ലാസ്റ്റിക് കുപ്പികളും അലക്ഷ്യമായി വലിച്ചെറിഞ്ഞിരിയ്ക്കുന്നു എവിടെയും. സര്‍ക്കാരിനോ നാട്ടുകാര്‍ക്കോ അതിനെ പറ്റി യാതൊരു ബോധവുമില്ല എന്നു തോന്നുന്നു. ലോകപ്രശസ്തമായ ഒരു ടൂറിസ്റ്റ് കേന്ദ്രത്തോട് ചേര്‍ന്നാണ് തങ്ങള്‍ താമസിയ്ക്കുന്നതെന്നും, അതു ശുചിയായി സൂക്ഷിയ്ക്കേണ്ടത് തങ്ങളുടെ കൂടെ ബാധ്യതയാണെന്നും ആരെങ്കിലും ഇവര്‍ക്കൊക്കെ പറഞ്ഞു കൊടുത്തിരുന്നെങ്കില്‍..

ഞങ്ങള്‍ വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ ഏഴുമണി കഴിഞ്ഞിരുന്നു. രാത്രി ഭക്ഷണം കഴിഞ്ഞ് തിണ്ണയിലിരിയ്ക്കുമ്പോഴാണ് മുറ്റത്തേയ്ക്ക്  വരുന്ന ഒരു ആമയെ കണ്ടത്. തോട്ടില്‍ നിന്നും കയറി വരുകയാണ്. ഉണ്ണി ഓടിപ്പോയി അതിനെ കൈയിലെടുത്തു. തലയും കാലുകളും ഉള്ളിലേയ്ക്ക് വലിച്ച് ആമച്ചാര്‍ ഒതുങ്ങിയിരുന്നു. പറമ്പിലൊക്കെ തവളകളുടെ സംഗീതം ഇടമുറിയാതെ തകര്‍ക്കുന്നുണ്ട്.



പിറ്റേന്ന് രാവിലെ പത്ത് മണിയോടെ ഞങ്ങള്‍ ‍- കുഞ്ഞമ്മയടക്കം - കവണാറ്റിന്‍‌കരയെത്തി. ബസിറങ്ങിയ പാടെ ഞങ്ങളെ പ്രതീക്ഷിച്ചെന്നപോലെ കാത്തു നിന്നിരുന്ന ചിലര്‍ ചുറ്റും വന്നു കൂടി.:“സാര്‍, ഹൌസ് ബോട്ട്..ഹൌസ് ബോട്ട്..”

“എത്രയാണ് വാടക..?” ഞാന്‍ ഒരാളോട് ചോദിച്ചു.

“ഹൌസ്ബോട്ട് മണിക്കൂറിന് എഴുനൂറ്റന്‍പത് മുതല്‍ ആയിരം വരെ. ചെറിയ ബോട്ടിന് മുന്നൂറ്റന്‍പതേയുള്ളു സര്‍.  ഒന്നരമണിക്കൂറിന് അഞ്ഞൂറ് രൂപ.” ചെറിയ ബോട്ട് മതിയെന്നു തീരുമാനിച്ചു. ഇനി ഒന്നരമണിക്കൂര്‍  വേമ്പനാട്ടുകായലില്‍ ജലസവാരി.

അയാള്‍ ഞങ്ങളെ ഒരു ബോട്ടിലേയ്ക്ക് ആനയിച്ചു. സാധാരണ രീതിയിലുള്ള വെള്ളപ്പെയിന്റടിച്ച മോട്ടോര്‍ ബോട്ട് .വളരെ ഭവ്യതയോടെ ഡ്രൈവര്‍ ഞങ്ങളെ സ്വാഗതം ചെയ്തു. ബോട്ട് ആദ്യം നദിയിലൂടെ അല്പം കിഴക്കോട്ട് പോയി. അതിലെ ഒന്നു കറങ്ങി തിരികെ കായലിലേയ്ക്കു പോകാം. നദി യാത്രയില്‍ ഇരുകരകളിലെയും കാഴ്ചകള്‍ ആവോളം നുകര്‍ന്നു.  ഒരു കൊതുമ്പുവള്ളത്തില്‍ ഒരു സ്ത്രീ തുഴഞ്ഞു പോകുന്ന  കാഴ്ച കൌതുകമുണര്‍ത്തി. നല്ല ബാലന്‍സ് ഉള്ളവര്‍ക്കു മാത്രമേ കൊതുമ്പു വള്ളത്തില്‍ ഇരിയ്ക്കാനാവൂ. കുറച്ചുകൂടി മുന്നോട്ടു പോയ ശേഷം ബോട്ട് തിരിഞ്ഞു. ഇനി  കായലിലേയ്ക്കാണ്. ഞാനും ഉണ്ണിയും ബോട്ടിന്റെ മുകള്‍ തട്ടില്‍ കയറി ഇരുന്നു. വെയിലിന് നല്ല കടുപ്പം തോന്നിയതിനാല്‍ അധിക നേരം അവിടെ ഇരിയ്ക്കാനായില്ല. ഞങ്ങള്‍  താഴെയിറങ്ങി ഡ്രൈവറുടെ അടുത്തു പോയി ഇരുന്നു.


കായല്‍ ഭാഗത്തേയ്ക്ക് അടുക്കും തോറും കാഴ്ചകളുടെ ഭംഗി അവാച്യമാണ്. നദിയുടെ വടക്കേക്കരയില്‍ ധാരാളം റിസോര്‍ട്ടുകള്‍ കണ്ടു. ദിവസം പതിനായിരത്തിനുമേല്‍ വാടകയാണ് അവിടെയുള്ള കോട്ടേജുകള്‍ക്ക്. തെക്കേക്കരയിലെ ഹരിത സമൃദ്ധിയ്ക്കിടയില്‍, ജലപ്പരപ്പിനു സമാന്തരമായി നദിയിലേയ്ക്ക് വളര്‍ന്നു നില്‍ക്കുന്ന ഒരു തെങ്ങു കണ്ടു. പ്രകൃതിയുടെ സുന്ദരമായ സൂത്രപ്പണി‍..! അല്പം കൂടി നീങ്ങിയപ്പോള്‍ ദൂരെ അതാ സംഗമസ്ഥാനം.  വേമ്പനാട്ടുകായലിന്റെ വിരിമാറില്‍ നവവധുവിനെപ്പോലെ വ്രീളാവിവശയായി മീനച്ചിലാര്‍ വിലയം പ്രാപിയ്ക്കുന്നു ഇവിടെ.
ചില ഹൌസ് ബോട്ടുകള്‍ കായലില്‍ നിന്നും നദിയിലേയ്ക്കു വരുന്നുണ്ട്. ചിലത് കായലിലേയ്ക്കു പോകുന്നുമുണ്ട്. ഞങ്ങള്‍ കായലിലേയ്ക്ക് പ്രവേശിച്ചു. കരയുടെ ഓരം പറ്റി ബോട്ടിനെ സാവകാശം ഓടിച്ചു ഡ്രൈവര്‍. കായലിന്റെ നീലനിറവും കരയുടെ പച്ചനിറവും ചാലിച്ച് സുന്ദരമായൊരു നിറക്കൂട്ടൊരുക്കിയിരിയ്ക്കുന്നു.



കായല്‍ കാറ്റിന്റെ കുളിര്‍മ്മ ഞങ്ങളെ പൊതിഞ്ഞു. വിശാലമായ കായല്‍ പരപ്പ് ശാന്തമാണ്. ചെറുവള്ളങ്ങളില്‍ നാട്ടുകാര്‍ അതിലെ തുഴഞ്ഞുപോകുന്നു. ബോട്ടിന്റെ ഓളത്തില്‍ അവര്‍ മെല്ലെ ചാഞ്ചാടിക്കൊണ്ടിരുന്നു. അവിടവിടെ നീര്‍ക്കാക്കകള്‍ ഊളിയിടുന്നുണ്ട്. ചിലതൊക്കെ ചുണ്ടില്‍ മീനുമായി വെള്ളത്തില്‍ നിന്നു പറന്നുയരുന്നു. അല്പം അകലത്തായി വലിയ മുളങ്കമ്പുകള്‍ നാട്ടി അവയോട് കുറേ വള്ളങ്ങള്‍ ചേര്‍ത്തുകെട്ടിരിയ്ക്കുന്നതു കാണാം. ചിലര്‍ ഇടയ്ക്കിടെ മുങ്ങുകയും പൊങ്ങുകയും ചെയ്യുന്നു. കക്ക വാരുന്ന തൊഴിലാളികളാണ്. ഈ കക്ക ഉപയോഗിച്ചാണ് പ്രശസ്തമായ  “വേമ്പനാട് വൈറ്റ് സിമന്റ്” ഉല്പാദിപ്പിയ്ക്കുന്നത്.

കരയില്‍ റിസോര്‍ട്ടുകളും അവയോട് ചേര്‍ന്ന് കായലില്‍ ഹൌസ് ബോട്ടുകളും ധാരാളം. ടൂറിസ്റ്റുകള്‍ അധികവും വിദേശീയര്‍ തന്നെ. സ്നാനവസ്ത്രങ്ങളുമണിഞ്ഞ് ചില സായിപ്പന്മാര്‍ റിസോര്‍ട്ട് മുറ്റത്തൂടെ ഉലാത്തുന്നുണ്ട്.
കായല്‍ മധ്യത്തിലും മക്കളുടെ കുസൃതികള്‍ക്ക് ഒരു കുറവുമില്ലായിരുന്നു. ചിരിയും കളിയും അടിയും പിടിയുമായി അവര്‍ ബോട്ടുയാത്ര ഉല്ലാസമാക്കി.


മോള്‍ നല്ലൊരു ഡാന്‍സും കളിച്ചു. കായലില്‍ ഒരിടത്ത്  പോസ്റ്റുകള്‍ നാട്ടി കുറേ പ്രദേശം “വളച്ചെടുത്തി”ട്ടുണ്ട്. ചെമ്മീന്‍ കൃഷി ചെയ്യുന്ന സ്ഥലമാണതെന്ന്  കുഞ്ഞമ്മ പറഞ്ഞു. ആ പോസ്റ്റുകളില്‍ ധാരാളം നീര്‍ക്കാക്കകള്‍ മേലോട്ടു നോക്കി ചിറകു വിരിച്ചിരിയ്ക്കുന്നു. നനഞ്ഞ ചിറകുകള്‍ ഉണക്കുകയാണെന്നു തോന്നുന്നു. അടുത്തുകൂടി ബോട്ടു പോയിട്ടും അവ തീരെ ഗൌനിച്ചില്ല. കായലിന്റെ കുറെ ഉള്ളിലെത്തിയപ്പോള്‍ ദൂരെ സ്വര്‍ണം കൊണ്ടു വരച്ച പോലെ ഒരു ദ്വീപു കണ്ടു. “പാതിരാമണല്‍” ദ്വീപ് ആണത്.

ഏകദേശം ഒരു മണിക്കൂര്‍ ആയപ്പോള്‍ ഞങ്ങള്‍ മടക്കയാത്ര ആരംഭിച്ചു. തിരികെ നദിയിലേയ്ക്കു പ്രവേശിയ്ക്കുമ്പോള്‍ ചില ഹൌസ് ബോട്ടുകള്‍ കായലിലേയ്ക്ക് പോകുന്നു. അവയുടെ ഓളത്തില്‍ ഞങ്ങളുടെ ബോട്ട് ചാഞ്ചാടി. വൈകാതെ ഞങ്ങള്‍ കടവിലടുത്തു. ഡ്രൈവര്‍ക്ക് കാശുംകൊടുത്ത് നന്ദിയും പറഞ്ഞ് ഇറങ്ങി.


എല്ലാവര്‍ക്കും നന്നായി വിശക്കുന്നുണ്ട്. കുറേ തപ്പിയിട്ടാണ് ഒരു ഹോട്ടല്‍ കണ്ടത്. വൃത്തിയും വെടിപ്പുമൊക്കെയുണ്ട്. ടൂറിസ്റ്റ് കേന്ദ്രത്തിന്റെ അടുത്തായതുകൊണ്ടാവാം ബില്ലിനു നല്ല കനമായിരുന്നു. ഇനി ഞങ്ങള്‍ക്ക് കാണാനുള്ളത് പക്ഷി സങ്കേതമാണ്. ബസ്‌സ്റ്റോപ്പില്‍ നിന്നു നോക്കിയപ്പോള്‍ വനം വകുപ്പിന്റെ ഒരു കൌണ്ടര്‍ കണ്ടു. ഞങ്ങള്‍ അങ്ങോട്ടേയ്ക്ക് നടന്നു.

(തുടരും)

Saturday 23 April 2011

കുമരകത്തൊരു ഒഴിവുകാലം.

കേരളത്തിന്റെ ടൂറിസം മാപ്പിലെ ഒരു പ്രധാന സ്പോട്ടാണ് കുമരകം. പുഴയും കായലും സംഗമിയ്ക്കുന്ന, പ്രകൃതിയുടെ ചേതോഹരകാഴ്ചകളുടെ അപൂര്‍വ ഇരിപ്പിടങ്ങളിലൊന്ന്. വെറുമൊരു ടൂറിസ്റ്റ് കേന്ദ്രമെന്നതിലുപരി, എന്റെ ബാല്യകാലസ്മരണകളില്‍ തിളങ്ങിനില്‍ക്കുന്ന ഇടങ്ങളിലൊന്ന് എന്ന പ്രത്യേകത കൂടി കുമരകത്തിനുണ്ട്. എന്റെ
രണ്ട് കുഞ്ഞമ്മമാര്‍ ഇവിടെയടുത്തു തന്നെ താമസം. കുമരകത്തെത്തിയാല്‍  താമസം ഒരു പ്രശ്നമേ അല്ല എന്നു സാരം. ദീര്‍ഘനാളായി ആഗ്രഹിയ്ക്കുന്നു, അവിടേയ്ക്കൊന്നു പോകണം എന്ന്. ഇത്തവണത്തെ അവധിക്കാല യാത്ര കുമരകത്തിനാകട്ടെ എന്ന് തീരുമാനിച്ചു.

നാട്ടിലെത്തിയതിന്റെ മൂന്നാം നാള്‍, അതായത് ഒക്ടോബര്‍ 15-ന്  കണ്ണൂരില്‍ നിന്നും കുടുംബസമേതം മലബാര്‍ എക്സ്പ്രസില്‍ കോട്ടയത്തെത്തി. നേരം വെളുത്തുവരുന്നതേയുള്ളു. കുമരകത്തേയ്ക്കുള്ള ബസ് നാഗമ്പടം സ്റ്റാന്‍ഡില്‍ പോകാന്‍ തയ്യാറായി കിടക്കുന്നു. കുമരകത്തിന് തൊട്ടടുത്തുള്ള “ചെങ്ങളം” എന്ന സ്ഥലത്താണ് ഓമനക്കുഞ്ഞമ്മ താമസിയ്ക്കുന്നത്. ചെങ്ങളത്ത് ബസിറങ്ങുമ്പോള്‍ രാവിലെ ആറര. ബസ്സ്റ്റോപ്പില്‍ നിന്നും  കുഞ്ഞമ്മയുടെ വീട്ടിലേയ്ക്ക് ഒരു കിലോമീറ്റര്‍ ദൂരം‍. ഞങ്ങളുടെ കൈയിലാണെങ്കില്‍ വലിയ ഒരു ട്രോളി ബാഗും സ്യൂട്ട്കേസും ഉണ്ട്. ഓട്ടോ വല്ലതും വരാന്‍ കാത്തു നിന്നു. ഏറെ നേരം കഴിഞ്ഞപ്പോള്‍ ഒരെണ്ണം മുക്കിയും മൂളിയും വന്നു. സാരഥിയോട് വളരെ ഭവ്യമായി പോകേണ്ട സ്ഥലം പറഞ്ഞു. ആശാന്‍ നിഷ്കരുണം മുഖം തിരിച്ചു കളഞ്ഞു. ഓട്ടോകള്‍ ഒന്നും ആ ഭാഗത്തേയ്ക്കു പോകില്ലത്രേ. റോഡെല്ലാം പൊട്ടിപ്പൊളിഞ്ഞിരിയ്ക്കുകയാണുപോലും. കൂടുതല്‍ കാശ് കൊടുക്കാമെന്നു പറഞ്ഞിട്ടും രക്ഷയില്ല. ഓട്ടോയല്ലാതെ മറ്റൊരു ടാക്സി വാഹനം  അവിടെങ്ങുമില്ലതാനും. ആകെ ഗതികേടായല്ലോ..  നല്ല വഴിയാണെങ്കില്‍ ട്രോളി ബാഗ് വലിയ്ക്കാമായിരുന്നു. ഓട്ടോ പോലും പോകില്ലെങ്കില്‍ പിന്നെ അക്കാര്യവും ചിന്തിയ്ക്കേണ്ടല്ലോ.. എന്തിനു പറയുന്നു, ട്രോളിബാഗ് ഞാന്‍ തോളില്‍ കയറ്റി, സ്യൂട്ട്കേസ് മിനിയെ ഏല്‍പ്പിച്ചു.  കണ്ണൂര്‍ നിന്നും മേടിച്ച ലൊട്ടുലൊടുക്ക് സാധനങ്ങള്‍ മക്കളും തൂക്കിപ്പിടിച്ചു. ഞങ്ങള്‍ കാല്‍നടയാത്ര ആരംഭിച്ചു.  അല്പം നടന്നതോടെ ചെറിയ കൈത്തോടുകള്‍ കാണാം. കുട്ടനാടിന്റെ ജീവനാഡികളാണ് അവ‍. മൂന്നു മുതല്‍ അഞ്ചുമീറ്റര്‍ വരെ വീതിയേ ഉള്ളു . കുട്ടനാട്ടുകാരുടെ ദൈനം ദിന ആവശ്യങ്ങള്‍ക്കെല്ലാം ഈ കൈത്തോടുകളെയാണ് ആശ്രയിയ്ക്കുക. രാവിലെ പല്ലുതേപ്പ്, കുളി, പാത്രം കഴുകല്‍, തുണിയലക്ക്, പശുവിനെ കുളിപ്പിയ്ക്കല്‍ എല്ലാം ഇവിടെ തന്നെ. പണ്ടൊക്കെ കുടിവെള്ളവും ഇവിടെ നിന്നു തന്നെയായിരുന്നു.

ഞങ്ങളുടെ പദയാത്രാസംഘം കൈത്തോടിന്റെ ഓരംപറ്റിയുള്ള  ചെറിയ പാതയിലൂടെ നടന്നു. കുടുംബഭാരമെന്ന പോലെ ട്രോളിഭാരവും എന്റെ തോളിലായാതിനാല്‍ ഞാന്‍ ഏന്തി ഏന്തിയാണ് നടക്കുന്നത്..

“അച്ചയ്ക്ക് ഗള്‍ഫിലും ചുമടാണോ പണി..?” നാലാം ക്ലാസുകാരി ശ്രീക്കുട്ടിയുടെ സംശയം. അല്ലെങ്കിലും ഇമ്മാതിരി കിലിപ്പിത്തിരി ചോദ്യങ്ങള്‍ക്ക് അവളെക്കഴിഞ്ഞെയുള്ളു.

“ഞാന്‍ എടുക്കണോ“യെന്ന മിനിയുടെ ചോദ്യം, “വേണ്ടാ”യെന്ന ഉത്തരമേയുണ്ടാകൂ എന്ന ഉറപ്പുകൊണ്ടായിരിയ്ക്കാം..     ഇതെടുത്ത് തലയില്‍ വച്ചുകൊടുത്താല്‍ വിവരമറിയും. “ഞാന്‍ ചെറുതായിട്ടാ അച്ഛാ” എന്ന അര്‍ത്ഥത്തില്‍ ഉണ്ണിക്കുട്ടന്‍ എന്നെ നിസഹായനായി നോക്കി. അങ്ങനെ ഒരു വിധത്തില്‍ ഉന്തിതള്ളി ഞങ്ങള്‍ നീങ്ങി. അതിനിടെ എതിരെ വന്ന ചില ചെങ്ങളംകാര്‍, സംശയം തീരാഞ്ഞിട്ട്, തിരിഞ്ഞു നിന്ന് ഞങ്ങളെ പിന്നെയും നോക്കി.

അപ്പോള്‍ തോടിനക്കരെയുള്ള വീട്ടുകടവുകളില്‍ പല്ലുതേപ്പും പാത്രം കഴുകലും കുളിയുമൊക്കെ തകൃതിയായി നടക്കുന്നുണ്ട്. തലേന്നു രാത്രി പെയ്ത മഴയില്‍ വഴിയാകെ ചെളിക്കുളമായിരിയ്ക്കുന്നു. ടാറിടാത്ത റോഡ് മൊത്തം പൊട്ടിപ്പൊളിഞ്ഞിട്ടുണ്ട്. ഓട്ടോക്കാരെ കുറ്റം പറഞ്ഞുകൂടാ. കുറേ നടന്നു മടുത്തപ്പോള്‍ ചുമടിറക്കി വച്ച് ഞങ്ങള്‍ അല്പനേരം കാഴ്ചകള്‍ കണ്ടു. അപ്പോള്‍ ഉണ്ണിയും ശ്രീക്കുട്ടിയും വേഗം തോട്ടിന്‍‌കരയില്‍ പോയി അതിശയിച്ച് എത്തിനോക്കി.

“അതാ ചേട്ടായി മൂര്‍ക്കന്‍..” ശ്രീക്കുട്ടി വിരല്‍ ചൂണ്ടി.

ഞാനും എത്തിനോക്കി.  ഒരു പാവം നീര്‍ക്കോലി. അത് പേടിച്ചു പാഞ്ഞുപോകുന്ന സീനാണ്. സൈഡുപിടിച്ചും ഒക്കിച്ചാടിയും ചെളിയില്‍ ചവിട്ടാതെ എങ്ങനെയൊക്കെയോ മുന്നോട്ട് പോയി. അപ്പോഴതാ ഒന്നാന്തരം കന്നി നെല്‍പ്പാടം. പാടത്താകെ  വിരിച്ചിട്ട ഹരിതഭംഗിയ്ക്കുമേല്‍ അവിടവിടെയായി തൂവിയ സ്വര്‍ണവര്‍ണം. കിഴക്ക് സൂര്യന്‍ ഉയര്‍ന്നിരിയ്ക്കുന്നു. അപ്പോള്‍ ഒരു കൂട്ടം വെള്ളക്കൊറ്റികള്‍ പാടത്ത് പറന്നിറങ്ങി. ചെറുകാറ്റില്‍ ഓളങ്ങള്‍ പോലെ പച്ചപ്പുതപ്പൊന്നുലഞ്ഞു. മനം മയക്കുന്ന കാഴ്ചകണ്ട്  അങ്ങനെ നിന്നു അല്പനേരം. പിന്നെയും ചുമടും നടപ്പും. ഒരുകിലോമീറ്റര്‍ എന്നാല്‍ ഇത്രയും ദൂരമുണ്ടോ ! ഒരുവിധത്തില്‍ വീടടുത്തു. അങ്ങോട്ടെയ്ക്കുള്ള  ചെറിയ നടപ്പാലം അതാ കാണാം.  മറുകരയെത്തി. നാലുവീടുകള്‍ക്കപ്പുറം കുഞ്ഞമ്മയുടെ വീടായി.

ഓമനക്കുഞ്ഞമ്മ ഞങ്ങളെ കാത്തിരിയ്ക്കുകയായിരുന്നു. ആ വീട്ടില്‍ അവര്‍ ഇപ്പോള്‍ തനിച്ചാണ്. ഭര്‍ത്താവ് മരിച്ചു. മകള്‍ വിവാഹിതയായി ഭര്‍തൃവീട്ടില്‍. തൊട്ടയലത്തു ബന്ധുക്കളുണ്ട്. ഒരു കൈത്തോടിന്റെ കരയിലാണ് ആ വീട്. വീടിന്റെ പിന്‍‌വശത്ത് വിശാലമായ നെല്‍പ്പാടം ആരംഭിയ്ക്കുന്നു. വീട്ടില്‍ മുറികളും സൌകര്യങ്ങളും ഇഷ്ടം പോലെ. അതുകൊണ്ട് ഞങ്ങള്‍ക്ക് സര്‍വസ്വാതന്ത്ര്യത്തോടെ  എത്ര ദിവസം വേണമെങ്കിലും താമസിയ്ക്കാം.

തോട്ടിലെ വെള്ളത്തിന് നിറം മാറ്റം. തലേ രാത്രിയിലെ മഴയുടെ ബാക്കിയാണ്. എന്തായാലും തോട്ടില്‍ തന്നെ കുളി നടത്തി, വെള്ളത്തിലേയ്ക്ക് ശ്രദ്ധിയ്ക്കാതിരിയ്ക്കാന്‍ ശ്രമിച്ചുകൊണ്ട്. അവിടെ വീടുകള്‍ വളരെ അടുത്തടുത്താണ്.  ഒക്കെ അഞ്ചു സെന്റും പത്തുസെന്റും സ്ഥലത്ത് നിര്‍മ്മിച്ചവ. സാധാരണ ഗ്രാമീണകര്‍ഷകരുടെ വീടുകളാണെല്ലാം‍.  ഒരു ചീളുപോലെയുള്ള കുറച്ചു പറമ്പു ഭാഗം കഴിഞ്ഞാല്‍  വിശാലമായ നെല്‍‌വയലുകളായി‍. അത് തോടിനിരുകരകളി ലുമായി അങ്ങനെ പരന്നു കിടക്കുന്നു.

തവിടുകളയാത്ത പച്ചനെല്ല് പൊടിച്ച് ഉണ്ടാക്കിയ ഒന്നാന്തരം ചുവന്ന പുട്ടും പഴവും കുഞ്ഞമ്മയുടെ കൈപ്പുണ്യവും ബ്രേക്ക്ഫാസ്റ്റിനെ അതിസമ്പന്നമാക്കി. ഇവിടെ വന്നാല്‍ ആദ്യം ചെയ്യണമെന്നാഗ്രഹിച്ച ഒരു കാര്യമാണ് ചൂണ്ടയിടല്‍. എന്റെ ചെറുപ്പത്തില്‍, വല്യാട്ടിലായിരുന്ന കാലത്ത് ആറ്റില്‍ ചൂണ്ടയിട്ട് ധാരാളം മീന്‍ പിടിച്ചിട്ടുണ്ട്. ആ കഥകള്‍ ഒക്കെ കേട്ടിട്ടുള്ളതിനാല്‍ മക്കള്‍ക്കും ചൂണ്ടയിടാന്‍ വലിയ മോഹമായിരുന്നു. ഞങ്ങളുടെ ഈ ആഗ്രഹം നേരത്തെ അറിയിച്ചിട്ടുള്ളതുകൊണ്ട്‍, കുഞ്ഞമ്മ ഒരു ചൂണ്ട നേരത്തെ തന്നെ സംഘടിപ്പിച്ചിരുന്നു. ഭക്ഷണശേഷം ഞങ്ങള്‍ ചൂണ്ടയും ഒരുപിടി ചോറുമായി മുന്‍‌വശത്തെ കടവിലേയ്ക്കു പോയി.

കടവില്‍ ധാരാളം മീനുകള്‍. പരലും പള്ളത്തിയും കോലാമീനും. ചോറ് കൊരുത്ത് ചൂണ്ട വെള്ളത്തിലിട്ടു. ആദ്യത്തെ രണ്ടെണ്ണം മിസ്സായെങ്കിലും മൂന്നാം തവണ ഒരു പരല്‍ കുടുങ്ങി. ചൂണ്ടയില്‍ പിടയ്ക്കുന്ന മീന്‍ കണ്ടപ്പോള്‍ മക്കള്‍ സന്തോഷം കൊണ്ട് തുള്ളിച്ചാടി. ഉണ്ണി വേഗം ഒരു കലം കൊണ്ടുവന്ന് വെള്ളം നിറച്ച് അതില്‍ മീനെയിട്ടു. പിന്നെയും രണ്ടുമൂന്നെണ്ണം കിട്ടിക്കഴിഞ്ഞപ്പോള്‍ ചൂണ്ട  മക്കള്‍ക്കു കൈമാറി. പരിചയമില്ലാത്തതു കൊണ്ട് അവര്‍ കുറേ ശ്രമിച്ചിട്ടും കിട്ടിയില്ല. എങ്കിലും അവസാനം ഉണ്ണി ഒരെണ്ണത്തിനെ പിടിയ്ക്കുക തന്നെ ചെയ്തു.

അപ്പോഴാണ് തോട്ടിലൂടെ വലിയൊരു കെട്ടുവള്ളം കടന്നു വന്നത്. ഏതാണ്ട് തോടിന്റെ വീതിയുടെ മുക്കാല്‍ വീതിയുണ്ട് വള്ളത്തിന്.  വെള്ളത്തിലെ ലോറികളാണ് കെട്ടുവള്ളങ്ങള്‍. മരത്തിന്റെ പലകകള്‍, ആണിയ്ക്കു പകരം ചൂടിക്കയര്‍ ചേര്‍ത്ത് വരിഞ്ഞു കെട്ടി നിര്‍മ്മിയ്ക്കുന്നവ ആയതിനാലാണ് ഇവയെ കെട്ടുവള്ളം എന്നു പറയുന്നത്. ഇവയുടെ ആധുനിക വകഭേദമാണ് കുമരകത്തെ “ഹൌസ് ബോട്ടു“കള്‍.


രണ്ടു ചേട്ടന്മാര്‍ വലിയ മുളങ്കഴുക്കോല്‍ കൊണ്ട് ഊന്നി ആ കെട്ടുവള്ളത്തെ മുന്‍പോട്ട് നീക്കിക്കൊണ്ടിരുന്നു.  എനിയ്ക്ക് കണ്ടു പരിചയമുണ്ടെങ്കിലും മക്കള്‍ക്ക് വലിയ അത്ഭുതമായിരുന്നു കെട്ടുവള്ളം. ഞങ്ങള്‍ ചൂണ്ടയിടല്‍ തല്‍ക്കാലം മാറ്റിവെച്ച് സകുടുംബം അതിന്റെ പുറകെ വിട്ടു. അല്പം ചെന്നപ്പോള്‍ ഒരു നെല്‍ക്കളം കണ്ടു. ഒരു ചെറിയ വാഴത്തോപ്പില്‍ വിരിച്ചിട്ട ടാര്‍പ്പായയ്ക്കുമേല്‍ കൂമ്പാരം കൂട്ടിയിരിയ്ക്കുന്ന നെല്ല്. കേരളീയരുടെ വിശപ്പടക്കാന്‍ കുട്ടനാടിന്റെ സംഭാവന. നെല്ലിനു ചുറ്റും കുറച്ചാള്‍ക്കാര്‍ കൂടിനില്‍പ്പുണ്ട്. ഞങ്ങള്‍ അല്പനേരം അവരുടെ അടുത്ത് പോയി നിന്നു.  അവിടെ നെല്ല് കച്ചവടം നടക്കുകയാണ്. കളത്തിന്റെ ഒരു മൂലയില്‍ ഒരു പ്ലാറ്റ്ഫോം ത്രാസുണ്ട്. ചിലര്‍ ചാക്കില്‍ നെല്ലു വാരി നിറയ്ക്കാന്‍ തുടങ്ങി. നിറച്ച് തുന്നിക്കെട്ടിയ ചാക്ക് ത്രാസില്‍ വച്ചു തൂക്കമെടുത്തു. പിന്നെ അതു ചുമന്ന് കെട്ടുവള്ളത്തില്‍ കയറ്റി.

അല്പനേരം അതു കണ്ടതിനു ശേഷം ഞങ്ങള്‍ വീണ്ടും മുന്നോട്ട് നടന്നു. അതാ വിശാലമായ നെല്‍പ്പാടം കണ്ണെത്താ ദൂരത്തോളം പരന്നു കിടക്കുന്നു. കുറെ ഭാഗം കൊയ്തു കഴിഞ്ഞതാണ്. കുറെ ഭാഗത്ത് വിളഞ്ഞു പാകമായ നെല്ല് കതിര്‍ മറിഞ്ഞു നില്‍ക്കുന്നു. അങ്ങു ദൂരെയെവിടെയോ ഒരു യന്ത്രത്തിന്റെ മുരള്‍ച്ച. കൊയ്ത്ത് യന്ത്രമാണതെന്ന് തോന്നുന്നു.
പാടത്ത് ഒന്നിറങ്ങണമെന്ന് മക്കള്‍ക്ക് ആശ. ഞങ്ങള്‍ എല്ലാവരും കൂടെ അങ്ങോട്ട് നടന്നു. കരയും വയലും തിരിയ്ക്കുന്ന ചെറിയൊരു ചാലുണ്ട്. അതിന്റെ മുകളിലെ തടിക്കഷണം ചവിട്ടി പാടത്തിറങ്ങി. കൊയ്ത്തു കഴിഞ്ഞിരിയ്ക്കുന്നു ഇവിടെ. മുറിഞ്ഞ വൈക്കോല്‍ അവിടവിടെ. പാടവരമ്പിലൂടെ അല്പദൂരം നടന്നു. അല്പമകലെ വൈദ്യുതിപോസ്റ്റ്. കമ്പിമേല്‍ ഒരു പൊന്മാന്‍ എന്തോ കാത്തിരിയ്ക്കുന്നു. ദൂരെ വെള്ളക്കൊറ്റികള്‍ പാറിവരുന്നുണ്ട്. ചെറിയ തവളകള്‍ ഇടയ്ക്കിടെ എന്തൊക്കെയോ ശബ്ദിയ്ക്കുന്നു. ചേറിന്റെ മണമാണ് വയലിന്. ഈ ചേറില്‍ പകല്‍മുഴുവന്‍ നിരനിരയായി കുനിഞ്ഞ് നിന്ന് ഞാറുനടുകയും കളപറിയ്ക്കുകയും ചെയ്തിരുന്ന പെണ്ണുങ്ങളെ ചെറുപ്പത്തില്‍ കണ്ടിട്ടുള്ളത് ഓര്‍മവന്നു. അന്നൊക്കെ പത്താം ക്ലാസില്‍ പഠനം നിറുത്തുന്ന പെണ്‍കുട്ടികള്‍ അടുത്ത ദിവസം പാടത്തു പണിയാനിറങ്ങുമായിരുന്നു. ചാലുകീറലും വരമ്പ് കൂട്ടലും മരുന്നടിയ്ക്കലുമൊക്കെ ആണുങ്ങളുടെ ജോലിയാണ്. ഇന്ന് പുതുതലമുറ ഈ രംഗത്തേയ്ക്ക് കടന്നുവരില്ല. തൊഴിലാളി ക്ഷാമമാണ് ഈ രംഗത്തെ പ്രതിസന്ധി. പുത്തന്‍ യന്ത്രങ്ങള്‍ കുറെയൊക്കെ അതു പരിഹരിയ്ക്കുന്നുണ്ട്.


വയലില്‍ നിന്നും കയറി ഞങ്ങള്‍ വീണ്ടും മുന്‍പോട്ട് പോയി. വഴിയില്‍ ഒരു ചെറിയ ഓലപ്പുര. അതു മോട്ടോര്‍ പുരയാണ്. വയലിലേയ്ക്കും പുറത്തെയ്ക്കും വെള്ളം അടിയ്ക്കാനുള്ള വലിയ “പറ” പമ്പ്സെറ്റാണ് അതിനകത്ത്. ഞങ്ങള്‍ ഉള്ളില്‍ കടന്ന് പമ്പ് സംവിധാനം ശരിയ്ക്കും നോക്കിക്കണ്ടു.




പിന്നെയും മുന്നോട്ട്. അതാ അവിടെയും നെല്ല് കൂമ്പാരം കൂട്ടിയിരിയ്ക്കുന്നു. മക്കള്‍ അതിന്റെ അടുത്തുപോയി നെല്ല് കൈകൊണ്ട് വാരിയെടുത്തു. എത്രയോ പേരുടെ അധ്വാനമാണ് ആ കൂട്ടിയിട്ടിരിയ്ക്കുന്നത്. എത്ര പേരുടെ വിശപ്പടക്കാനുള്ളതാണ് അത്..! ആരോ പറഞ്ഞിട്ടുള്ളതു പോലെ, ഓരോ നെന്മണിമേലും അതു കഴിയ്ക്കാനുള്ളവന്റെ പേര് എഴുതിയിട്ടുണ്ടാവും...!

(തുടരും)

Tuesday 19 April 2011

“ഈയെഴുത്ത്” സമ്പൂര്‍ണ ബ്ലോഗ് സ്മരണിക.

മലയാളം ബ്ലോഗിങ്ങ് ചരിത്രത്തിലെ നാഴികകല്ലുകളിലൊന്നായ “ബ്ലോഗ് സുവനീര്‍” പുറത്തിറങ്ങി. ഏപ്രില്‍- 17 ന്, തിരൂര്‍ തുഞ്ചന്‍ പറമ്പില്‍ നടന്ന ബ്ലോഗേഴ്സ് മീറ്റില്‍ പ്രശസ്ത എഴുത്തുകാരന്‍ ശ്രീ.കെ.പി.രാമനുണ്ണി സുവനീര്‍ പ്രകാശനം ചെയ്തു. ബ്ലോഗിലെ ഇച്ഛാശക്തിയുടെ പ്രതീകമായ ശ്രീ.സാദിഖ് കായംകുളമാണ് ആദ്യപ്രതി ഏറ്റുവാങ്ങിയത്. 

ശ്രീ. എന്‍.ബി. സുരേഷ് ചീഫ് എഡിറ്ററായി  25 ബ്ളോഗര്‍മാരുടെ  എഡിറ്റോറിയല്‍ ബോര്‍ഡും പത്ത് അംഗങ്ങളുടെ ഒരു ടെക്നിക്കല്‍ കമ്മറ്റിയും നൂറിനു മുകളില്‍ അംഗങ്ങളുള്ള ഓര്‍ഗനൈസിംഗ് കമ്മറ്റിയും ചേര്‍ന്നാണ്‌ ബ്ളോഗ് സുവനീര്‍ എന്ന സ്വപ്നം സാക്ഷാല്‍ക്കരിച്ചത്!

മലയാളം ബ്ളോഗുകളില്‍ സജീവമായ അഞ്ഞൂറോളം ബ്ളോഗര്‍മാരുടെ വ്യത്യസ്ഥമായ രചനകള്‍ 'മാഗസിന്‍ ആര്‍ട്ടിക്കിള്‍“ എന്ന ഗ്രൂപ് ബ്ളോഗില്‍ പോസ്റ്റുകയും, ചീഫ് എഡിറ്ററുടെ നേതൃത്വത്തില്‍ ഗ്രൂപ്പുകളായി തിരിഞ്ഞ് കഥ, കവിത, ലേഖനം, നര്‍മ്മം, അനുഭവം, യാത്ര തുടങ്ങി നിരവധി വിഭാഗങ്ങളായി തരം തിരിച്ച് അവസാനവട്ട തിരഞ്ഞെടുപ്പ് നടത്തുകയും ചെയ്യുകയായിരുന്നു.
പ്രകാശന ചടങ്ങ്.
"ഈയെഴുത്ത് “എന്ന  ഈ സുവനീറില്‍  200 ഓളം കവിതകള്‍,  50 ഓളം കഥകള്‍,  20-നു മേല്‍ ലേഖനങ്ങള്‍ + നര്‍മ്മം, 10 ഓളം യാത്രാവിവരണങ്ങള്‍ + മറ്റു വിഭവങ്ങള്‍, കൂടാതെ “ബ്ളോഗ് തുടങ്ങുന്നതെങ്ങനെ?“, “മലയാളം ബ്ളോഗിങ്ങിന്റെ നാള്‍വഴികളെ“ക്കുറിച്ചുള്ള ലേഖനം, നമ്മെ വിട്ടു പിരിഞ്ഞവരെക്കുറിച്ചുള്ള “അനുസമരണം“ തുടങ്ങി വ്യത്യസ്ഥങ്ങളായ ഒരു പാടു വിഭവങ്ങള്‍ സുവനീറില്‍  ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. 250-ഓളം  പേജുകളുള്ള സുവനീറില്‍ വെറും ഏഴോളം പേജ് മാത്രമേ പരസ്യങ്ങള്‍ക്ക് വേണ്ടി നീക്കി വച്ചിട്ടുള്ളൂ..

നാനൂറോളം എഴുത്തുകാരെ അണിനിരത്തിക്കൊണ്ട്, പ്രൂഫ്, ഡിസൈനിംഗ്, ലേ-ഔട്ട്, ചിത്രീകരണം തുടങ്ങി പ്രിന്റിംഗ് ഘട്ടം വരെയുള്ള എല്ലാ ജോലികളും ബ്ളോഗര്‍മാര്‍ തന്നെ ചെയ്തു എന്നുള്ളതാണ്‌ ഈ സുവനീറിന്റെ  പ്രത്യേകത! ഇത്രയും ബൃഹത്തായ ഒരു സംരംഭം ക്രമീകരിച്ചത്, ഇതിന്റെ പിന്നണി പ്രവര്‍ത്തകര്‍ പരസ്പരം കാണാതെയാണ്‌ എന്നതാണ്‌ രസകരം! പുതിയകാലത്തിന്റെ സാങ്കേതികത നല്‍കുന്ന സൗകര്യം മുതലെടുത്ത് ലോകത്തിന്റെ നാനാഭാഗങ്ങളിലിരുന്നുകൊണ്ട് ഗ്രൂപ് ബ്ളോഗുകളിലൂടെയും ഗൂഗിള്‍ ഗ്രൂപ്പിലൂടെയും നടത്തിയ ചര്‍ച്ചയും ഏകോപനവും മലയാളത്തിന്റെ പുസ്തക ചരിത്രത്തില്‍ത്തന്നെ  ആദ്യമായിട്ടായിരിക്കണം.

പുസ്തകം ആവശ്യമുള്ളവര്‍, link4magazine@gmail.com  എന്ന അഡ്രസ്സിലേയ്ക്ക് തങ്ങളുടെ പോസ്റ്റല്‍ വിലാസവും ഫോണ്‍ നമ്പരും അടക്കം മെയില്‍ ചെയ്താല്‍, വി.പി.പി ആയോ, കൊറിയര്‍ ആയോ, എത്തിയ്ക്കുന്നതാണ്.

Thursday 14 April 2011

മാഞ്ഞുപോകുന്നവര്‍...

കണ്ണൂരില്‍ നിന്നുള്ള “ഇമ്പീരിയല്‍” ബസ് രയറോത്തെത്തുമ്പോള്‍ രാത്രി ഏഴുമണിയാകും. ഞാന്‍ ക്ലാസു കഴിഞ്ഞ് പതിവായി ആ ബസിനാണ് എത്താറുള്ളത്. അക്കാലത്ത്  രയറോത്ത് നിന്നും എന്റെ വീട്ടിലേയ്ക്ക് ഒരു കിലോമീറ്റര്‍ മിച്ചം മലകയറണം .  ഇരുട്ടുവീണ ചെമ്മണ്‍പാതയിലൂടെ വര്‍ത്തമാനം പറഞ്ഞ് കയറിപ്പോകാന്‍ അക്കാലത്തെനിയ്ക്ക് ഒരു സുഹൃത്തുണ്ടായിരുന്നു, പ്രായത്തില്‍ മുതിര്‍ന്ന രാജേട്ടന്‍. പുള്ളിയുടെ കൈയില്‍ ചെറിയ ഒരു ടോര്‍ച്ചുണ്ട്. എന്റെ വീടിന്റെ മൂന്നു വീടുകള്‍പ്പുറമാണ് രാജേട്ടനും പ്രായമായ അമ്മയും താമസിച്ചിരുന്നത്. ചെത്തുകാരനാണ് രാജേട്ടന്‍, അവിവാഹിതനും. നടപ്പിനിടയില്‍ പലകാര്യങ്ങളും ഞങ്ങള്‍ സംസാരിയ്ക്കും. രാഷ്ട്രീയം, നാട്ടുകാര്യങ്ങള്‍, വ്യക്തിപരമായ കാര്യങ്ങള്‍, അങ്ങനെ പലതും. അന്നു ചാറ്റല്‍ മഴ തൂളുന്നുണ്ടായിരുന്നു.

ഞാന്‍ ചോദിച്ചു: “രാജേട്ടനെന്താ ഇതു വരെ വിവാഹം കഴിയ്ക്കാത്തത്?”

“ഹ ഹ ഹ.” പതിവിനു വിപരീതമായി പുള്ളി പൊട്ടിച്ചിരിച്ചു. “ഓരോന്നിന്നും അതിന്റേതായ സമയമുണ്ടെടാ.. ജനിയ്ക്കാന്‍, കല്യാണം കഴിയ്ക്കാന്‍, മരിയ്ക്കാന്‍..“ പിന്നെ കുറെ നേരം നിശബ്ദനായിരുന്നു. അതുകഴിഞ്ഞ് മറ്റെന്തോ വിഷയത്തിലേയ്ക്ക് ഞങ്ങള്‍ വഴിമാറുകയും ചെയ്തു.

പിറ്റേ ദിവസം അങ്ങേരെ കൂട്ടിനു കണ്ടില്ല. നേരത്തെ പോയതാവാം. അന്നു മെഴുകുതിരി വെട്ടത്തില്‍ ഞാന്‍ വീട്ടില്‍ പോയി. പിറ്റേന്നും കണ്ടില്ല. അന്നൊരു വെള്ളിയാഴ്ചയായിരുന്നു. ശനിയാഴ്ച എനിയ്ക്കവധിയാണല്ലോ. രയറോത്ത് പോയപ്പോള്‍ പതിവില്ലാതെ പോലീസു വണ്ടി. ചില അടക്കം പറച്ചിലുകള്‍.  ഒരാളില്‍ നിന്നും അതെന്റെ ചെവിയിലുമെത്തി. രണ്ടു ദിവസമായി രാജേട്ടനെ കാണുന്നില്ലത്രെ. അമ്മ പോലീസില്‍ പരാതി കൊടുത്തിരിയ്ക്കുന്നു..

അന്നു വൈകുന്നേരം വിവരമെത്തി. വീമ്പുംകാട് മലയുടെ മുകളില്‍ ഒരു കശുമാവിന്‍ കൊമ്പില്‍ രാജേട്ടന്‍ തൂങ്ങിക്കിടപ്പുണ്ട്..! വല്ലാത്തൊരു ഞെട്ടലായിരുന്നു എനിയ്ക്ക്. രയറോംകാരെല്ലാം വീമ്പുംകാട് മല കയറി, ഒപ്പം ഞാനും. കയറ്റത്തിനിടയില്‍, ഇറങ്ങിവന്ന ഒരാളോട് ഞാന്‍ ചോദിച്ചു സംഗതി സത്യമാണോന്ന്.

“സത്യമാണ്. തൂങ്ങീട്ട് രണ്ടുദിവസമായി കാണും. മേലാകെ ചീര്‍ത്ത് പുഴുക്കള്‍ നുരയ്ക്കുന്നുണ്ട്..” അയാള്‍ കാറിത്തുപ്പി.

ഇതു കേട്ടതോടെ ഞാന്‍ മലകയറ്റം അവസാനിപ്പിച്ചു തിരികെ പോന്നു. രാജേട്ടനെ ആ രൂപത്തില്‍ എനിയ്ക്കു കാണേണ്ട. എനിയ്ക്കിന്നും മനസ്സിലായിട്ടില്ല, എന്തിനാണ് രാജേട്ടന്‍ ആത്മഹത്യ ചെയ്തെന്ന്. അന്ന് രാത്രിയും  ഒന്നിച്ചാണല്ലോ ഞങ്ങള്‍ വീട്ടില്‍ പോയത്.

ഇത്രയും കാലത്തിനിടയില്‍ പരിചയമുള്ള പലരുടെയും ആത്മഹത്യകള്‍ കണ്ടും കേട്ടും അറിഞ്ഞിട്ടുണ്ട്. ആലക്കോട്ട് പരിചയമുള്ള ഒരു യുവവ്യാപാരി ഉണ്ടായിരുന്നു. നല്ല കച്ചവടം, ആര്‍ഭാട ജീവിതം. ഒരു സുപ്രഭാതത്തില്‍ കേട്ടത് അയാളുടെ ആത്മഹത്യ ആയിരുന്നു. അതുപോലെ കുടുംബത്തെയാകെ കൊലചെയ്ത് ആത്മഹത്യ ചെയ്ത ഒരു വ്യാപാരിയെയും അറിയാം. മരണത്തിന്റെ വായിലേയ്ക്ക് എടുത്തുചാടുന്ന അന്നുവരെ സാധാരണപോലെ പെരുമാറിയിരുന്നു ഇവരൊക്കെ. സ്വന്തം ജീവിതം തകര്‍ത്തെറിയാന്‍ മാത്രം, ഇത്ര വലിയ പ്രകോപനം എന്തായിരുന്നു ഇവര്‍ക്കുണ്ടായത്?. ജീവിതത്തിന്റെ നല്ലവശങ്ങള്‍ കാണാന്‍ കഴിയാതെ പോയതാവുമോ കാരണം?

ഒരാള്‍ മരിയ്ക്കാന്‍ തീരുമാനമെടുക്കുന്ന നിമിഷങ്ങള്‍ എങ്ങനെ ആയിരിയ്ക്കുമെന്ന്  പലപ്പോഴും ആലോചിട്ടുണ്ട്.
മിക്കവാറും രണ്ടു സാധ്യത ആണുള്ളത്. ഒന്ന്, നിസഹായമായി പോകുന്ന അവസ്ഥ. എല്ലാവരാലും ഒറ്റപ്പെട്ട്, അപമാനിയ്ക്കപ്പെട്ട് ജീവിച്ചിരുന്നിട്ടു കാര്യമില്ല എന്നു ചിന്തിച്ചു പോകുന്ന അവസ്ഥ. മറ്റൊന്ന്, പ്രതികാര സംതൃപ്തി. തന്റെ ഇഷ്ടങ്ങള്‍ അംഗീകരിയ്ക്കാത്തവരെ സ്വന്തം മരണത്തിലൂടെ വേദനിപ്പിച്ച് പ്രതികാരം ചെയ്യുക.
ആര്‍ഭാടത്തില്‍ ജീവിച്ച പലരെയും സാമ്പത്തിക പ്രതിസന്ധിയാണ് ആത്മഹത്യയ്ക്ക് പ്രേരിപ്പിയ്ക്കുന്നത്. ഇന്നു വരെ ജീവിച്ച നിലയില്‍ നിന്നും അല്പമെങ്കിലും താഴുന്നതിനേക്കാള്‍ നല്ലത് മരണമാണെന്ന് അവര്‍ വിചാരിയ്ക്കുന്നു.

നമുക്ക് ജീവിതത്തില്‍ എന്തെല്ലാം പ്രതിസന്ധികള്‍ ഉണ്ടാകാറുണ്ട്.! ഇനി ജീവിയ്ക്കേണ്ട എന്നു തോന്നിയ  നിമിഷങ്ങള്‍ പോലും ഉണ്ടായിട്ടുണ്ടാവാം. എന്നാല്‍ അല്പം സമചിത്തതയോടെ ചിന്തിച്ചാല്‍ നമുക്കറിയാം, വഴികള്‍ വേറെയും ഉണ്ടായിരുന്നു എന്ന്. ഏതു പ്രശ്നത്തിനും മുന്‍‌ഗണനാ ക്രമത്തില്‍ പല പരിഹാര സാധ്യതകള്‍ ഉണ്ടാകും. എന്നാല്‍ ആദ്യത്തെ ഒരൊറ്റ സാധ്യതയ്ക്കപ്പുറം അധികമാരും  ശ്രദ്ധിയ്ക്കാറേ ഇല്ല. കച്ചവടം പൊളിഞ്ഞ്, മരിയ്ക്കാനായി കിണറ്റില്‍ ചാടിയിട്ട് അവസാനം ഒരു വള്ളിയില്‍ പിടിച്ചുകിടന്ന് രക്ഷപെടുകയും, പിന്നെ അതേ കച്ചവടത്തിലൂടെ ഉയരുകയും ചെയ്ത ഒരാള്‍ ഇന്നും എന്റെ നാട്ടിലുണ്ട്.

ജീവിതത്തിലെ സന്തോഷം, പുറമേ കാട്ടുന്ന ജാഡയിലോ നാട്യങ്ങളിലോ അല്ല എന്നു നാം തിരിച്ചറിയേണ്ടതുണ്ട്.  നമ്മുടെ മനസ്സിന്റെ സംതൃപ്തിയാണ് എറ്റവും വലിയ സന്തോഷം. ചെറിയ കാര്യങ്ങളുടെ സൌന്ദര്യം ആസ്വദിയ്ക്കാന്‍ കഴിഞ്ഞാല്‍ ദു:ഖത്തിനുള്ള കാരണങ്ങളും കുറയും. നമ്മള്‍ ജീവിയ്ക്കുന്നത് ആര്‍ക്കൊക്കെയോ വേണ്ടിയാണെന്ന്  സ്വയം ധരിച്ചു വച്ചിരിയ്ക്കുന്നു. ഒരു പരിധി വരെയേ അതില്‍ ശരിയുള്ളു. സ്വയം ജീവിയ്ക്കാന്‍ മറന്നുകൊണ്ട്, മറ്റുള്ളവര്‍ക്കായി “ജീവിയ്ക്കു“ന്നത് അബദ്ധമാണ്. കൈയിലുള്ള സമ്പാദ്യമെടുത്ത് മറ്റുള്ളവര്‍ക്ക് ദാനം ചെയ്യുന്ന പോലെയാണത്. സമ്പാദ്യം തീര്‍ന്നാല്‍ ദാനം മേടിച്ച ആരും പിന്നെ തിരിഞ്ഞു നോക്കില്ല. എന്നാല്‍ സമ്പാദ്യം സൂക്ഷിച്ചുകൊണ്ട്, അതില്‍ നിന്നുള്ള വരുമാനമെടുത്ത് ദാനം ചെയ്യാം. അപ്പോള്‍ സമ്പാദ്യം സുരക്ഷിതം. ദാനം നിലനില്‍ക്കുകയും ചെയ്യും. പലരും മറക്കുന്ന സത്യമാണിത്.

Saturday 9 April 2011

അണ്ണ ഹസാരെ: പുതുയുഗപുരുഷന്‍.

“യദാ യദാ ഹി ധര്‍മസ്യ ഗ്ലാനിര്‍ഭവതി ഭാരത
അഭ്യുത്ഥാനമധര്‍മസ്യ തദാത്മാനം സൃജാമ്യഹം.“
:ഭഗവത് ഗീത: ജ്ഞാന കര്‍മസംന്യാസയോഗ:
- ഏഴാം ശ്ലോകം.

അര്‍ത്ഥം : “ഹേ ഭാരത, എപ്പോഴെല്ലാം ധര്‍മത്തിനു തളര്‍ച്ചയും അധര്‍മ്മത്തിനു ഉയര്‍ച്ചയും സംഭവിയ്ക്കുന്നുവോ അപ്പോഴെല്ലാം ഞാന്‍ സ്വയം അവതരിയ്ക്കുന്നു.“

ലോകചരിത്രവും ഇന്ത്യന്‍ചരിത്രവും പഠിയ്ക്കുന്നവര്‍ക്കറിയാം, ചരിത്രം ഒരു തരംഗം പോലെയാണ് സഞ്ചരിയ്ക്കുന്നതെന്ന്.
നന്മയായാലും തിന്മയായാലും അതിന്റെ ഉച്ചസ്ഥായിയിലെത്തിയാല്‍ ഒരു കീഴോട്ടിറക്കമുണ്ട്. പതനത്തിന്റെ അടിത്തട്ട് സ്പര്‍ശിച്ചശേഷം അത് വീണ്ടും ഉയരാന്‍ തുടങ്ങും.  മനുഷ്യമനസ്സില്‍ അന്തര്‍‌ലീനമായിരിയ്ക്കുന്ന  നന്മയും തിന്മയും തന്നെയാണ് ഇതിനു കാരണം.

തിന്മയോട് ഒരു പരിധികഴിഞ്ഞാല്‍ സമൂഹത്തിന് പ്രതികരിയ്ക്കാതിരിയ്ക്കാനാവില്ല. അത്തരം ദശാസന്ധികളില്‍ ഏതെങ്കിലും ഒരു ചരിത്രപുരുഷന്‍ ഉദയം ചെയ്യുകയും സമൂഹം അദ്ദേഹത്തെ മാറ്റത്തിന്റെ തീപന്തം ഏല്‍പ്പിയ്ക്കുകയും ചെയ്യും. ഇത് എല്ലാ സമൂഹങ്ങളിലും കൃത്യമായ ഇടവേളകളില്‍ സംഭവിയ്ക്കാറുള്ളതാണ്. മഹാത്മജിയുടെ ജീവിത കാലത്ത് ഭാരതീയ സമൂഹത്തില്‍ ഉയര്‍ന്നുനിന്ന ആദര്‍ശപരമായ നന്മകള്‍, അദ്ദേഹത്തിനു  ശേഷം ക്രമാനുഗതമായി കുറഞ്ഞു വന്നു. ഒരു തീവണ്ടി പാളം തെറ്റിയതിന്റെ പേരില്‍ അക്കാലത്തെ റെയില്‍ മന്ത്രിയ്ക്ക് ഉത്തരവാദിത്വമേറ്റെടുത്ത് രാജിവയ്ക്കാന്‍ രണ്ടാമതൊന്നാലോചിയ്ക്കേണ്ടി വന്നില്ല. ആദര്‍ശത്തിന്റെ ഉത്തമ മാതൃകയെന്ന നിലയില്‍ സമൂഹം അതിനെ പ്രകീര്‍ത്തിച്ചു. ഇന്ന് ഒന്നല്ല ഒമ്പത് തീവണ്ടി ഒന്നാകെ പുഴയില്‍ വീണാലും ആരും രാജിവയ്ക്കില്ല. അതിന്റെ ആവശ്യമുണ്ടെന്ന് സമൂഹം കരുതുന്നുമില്ല.

നാം വല്ലാതെ മാറിയിരിയ്ക്കുന്നു. അതിന്റെ ലഘുവായ ഒരുദാഹരണം പറയാം. പണ്ട് നമ്മുടെ നാട്ടിലെ വിവാഹസദ്യകളില്‍, ക്ഷണിയ്ക്കപ്പെട്ടു വന്നവര്‍ പന്തലിനു വെളിയില്‍ ഇരിയ്ക്കും, ആതിഥേയര്‍ വന്ന് സദ്യയ്ക്ക്  ക്ഷണിയ്ക്കുന്നതു വരെ. ഇന്നോ..?ആതിഥേയര്‍ പറയുകയൊന്നും വേണ്ട, ആളെ ഉന്തിമറിച്ചിട്ടാണ് ഉള്ളില്‍ കയറുക. എന്നിട്ട്, ഭക്ഷണം കഴിയ്ക്കുന്നവരുടെ ചുറ്റും വന്ന് ഊഴം കാത്തു നില്‍ക്കും, തെരുവുനായ്ക്കളെ പോലെ. “മാന്യ“രായ ആള്‍ക്കാര്‍ പോലും ചെയ്യുന്നതാണിത്. ചോദിച്ചാല്‍ പറയും, സമയമില്ല, തിരക്കാണത്രേ..! ആത്മാഭിമാനവും അന്തസുമുള്ളവര്‍ ഇങ്ങനെ ചെയ്യുമോ..? എന്നാല്‍ എല്ലാവരും ചെയ്യുന്നതു കൊണ്ട് താനും ചെയ്യുന്നു എന്നായിരിയ്ക്കും ന്യായീകരണം. മറ്റുള്ളവര്‍ ചെയ്യുന്നു എന്നതിനാല്‍ എന്തു മോശവും പ്രവര്‍ത്തിയ്ക്കാന്‍ നാമും തയ്യാറെന്നര്‍ത്ഥം. ഇതു തന്നെ അഴിമതിയുടെ മൂലകാരണം.

പണ്ട് കേട്ടിരുന്ന ഏതാനും കോടികളുടെ അഴിമതിക്കഥകളൊക്കെ പഴങ്കഥയാക്കി ലക്ഷക്കണക്കിന് കോടികളുടെ അഴിമതികളാണ് പുറത്ത് വരുന്നത്. വിദേശബാങ്കുകളിലെ ലക്ഷംകോടികള്‍ തിരിച്ചു പിടിയ്ക്കാന്‍ എന്തുകൊണ്ട് സര്‍ക്കാരിന് താല്പര്യമില്ല എന്നു സുപ്രീം കോടതി ചോദിയ്ക്കുന്നു. ഒരൊറ്റ അഴിമതികേസു പോലും തെളിയിയ്ക്കപെടുന്നില്ല. ( തെളിയിച്ച കേസില്‍ കോടതിയെ കുറ്റം പറയാനും പ്രതിയെ മാലയിട്ട് സ്വീകരിയ്ക്കാനും രാഷ്ട്രീയക്കാര്‍ മടിയ്ക്കുന്നുമില്ല.)
പാര്‍ലമെന്റില്‍ പോലും നോട്ടുകെട്ടുകളെത്തി. എന്നാല്‍ ഓരോ ഘട്ടത്തിലും പുകമറകള്‍ ഉയര്‍ത്തി ഭരണകൂടം ജനശ്രദ്ധ തിരിച്ചു വിടാന്‍ ശ്രമിച്ചുകൊണ്ടിരുന്നു. പണം വാങ്ങി വാര്‍ത്ത ചമയ്ക്കുന്ന മാധ്യമങ്ങള്‍ ഇക്കാര്യത്തില്‍ സര്‍ക്കാരിനെ ആവും വിധം സഹായിച്ചു.  അരാഷ്ട്രീയതയും, അന്ധമായ കക്ഷിരാഷ്ട്രീയവും ചേര്‍ത്താണ് ഇപ്പണി അവര്‍ ചെയ്തു കൊടുക്കുന്നത്. ഏതാരോപണവും, രാഷ്ട്രീയവിരോധം കൊണ്ടാണെന്ന് പ്രചരിപ്പിച്ച് അതിന്റെ ഗൌരവം ചോര്‍ത്തിക്കളയുന്ന തന്ത്രം. ഒപ്പം, എല്ലാ രാഷ്ട്രീയക്കാരും ഒരേപോലാണെന്നും രാഷ്ട്രീയമേ മോശമാണെന്നുമുള്ള മറുതന്ത്രവും. എന്നാല്‍ സാമൂഹ്യപ്രതിബദ്ധതയുള്ള ചില മാധ്യമങ്ങള്‍ അവശേഷിച്ചിരുന്നതിനാല്‍ പ്രശ്നം മാഞ്ഞുപോയില്ല.

ആകെ കൂടി ചെളിക്കുണ്ടില്‍ നീന്തിത്തുടിയ്ക്കുന്ന ഈ നിര്‍ണായക സന്ധിയിലാണ് “അണ്ണ ഹസാരെ”യെന്ന  പേര് ഭാരതം കേള്‍ക്കുന്നത്. “കേരളശബ്ദം” വാരികയുടെ പഴയ ലക്കങ്ങള്‍ നോക്കിയാല്‍ ഇടമറുകിന്റെ ലേഖനങ്ങളില്‍ ഈ പേര് പലപ്പോഴും കാണാം. എന്നാല്‍ ഇന്ന് ആ പേര് ഒരു മന്ത്രം പോലെ ഭാരതം ഏറ്റെടുത്തിരിയ്ക്കുന്നു. എന്താണ് ഇതിന്റെ സാമൂഹികവും സമകാലികവുമായ പ്രാധാന്യം? സാമൂഹികപ്രാധാന്യം മുകളില്‍ പറഞ്ഞു കഴിഞ്ഞു. സമകാലിക പ്രാധാന്യം നോക്കാം.

ഇക്കഴിഞ്ഞ ഏതാനും ആഴ്ചകളായി അറബ് ലോകത്ത് വന്‍‌തോതിലുള്ള ജനമുന്നേറ്റമാണ് നടന്നുകൊണ്ടിരിയ്ക്കുന്നത്.  ഏകാധിപത്യത്തിന്റെയും മതരാഷ്ട്രീയത്തിന്റെയും തന്ത്രപരമായ സംയോജനമാണ് മിക്ക അറബ് രാജ്യങ്ങളുടെയും ഭരണവ്യവസ്ഥ. വര്‍ഷങ്ങളായി ഇതെല്ലാം സഹിച്ച ജനതയുടെ വികാരം പൊട്ടിത്തെറിച്ചത് ഒരു നിസാരസംഭവത്തില്‍ നിന്നത്രേ. ടുണീഷ്യയിലെ പഴവില്‍പ്പനക്കാരനായ ചെറുപ്പകാരന്റെ ആത്മഹത്യയാണ് രണ്ടു സര്‍ക്കാരുകളുടെ പതനത്തിലേയ്ക്കും മറ്റനവധി സര്‍ക്കാരുകളെ പതനത്തിന്റെ വക്കോളവും എത്തിച്ച കാട്ടുതീയായി ആളിപ്പടര്‍ന്നത്. ഇപ്പോഴും അതു പടര്‍ന്നുകൊണ്ടിരിയ്ക്കുന്നു. അല്പകാലം മുന്‍പുവരെ ഒരു നിരീക്ഷകനും ഊഹിയ്ക്കാന്‍ പോലുമാകുമായിരുന്നില്ല ഇത്തരമൊരു മുന്നേറ്റം. വീര്‍പ്പുമുട്ടുന്ന ഒരു സമൂഹത്തില്‍, നിര്‍ണായകസമയത്തെ ഒരു തീപ്പൊരി മതിയാകും പൊട്ടിത്തെറിയുണ്ടാക്കാന്‍.

ജനാധിപത്യമുള്ള ഇന്ത്യയില്‍, പക്ഷേ പണാധിപത്യവും അതിന്റെ സന്തതിയായ അഴിമതിയും എവറസ്റ്റിനോളമുയര്‍ന്നു കഴിഞ്ഞു. മൂക്കിനു കീഴില്‍ നടന്ന കൊടും അഴിമതികളെ പറ്റി അറിഞ്ഞില്ലെന്നു പറയുന്ന ഒരു ഭരണാധികാരിയെ ജനം ഒട്ടും മതിയ്ക്കില്ല. ദിനം‌പ്രതി പുറത്തു വരുന്ന പുതിയ അഴിമതികള്‍ ജനങ്ങളെ പ്രതിഷേധത്തിന്റെ മൂര്‍ധന്യാവസ്ഥയിലെത്തിച്ചു. ഈ ഘട്ടത്തിലാണ് അണ്ണ ഹസാരെ, “ജനലോക്പാല്‍” ബില്ല് പാസാക്കണമെന്ന ആവശ്യവുമായി ഉപവാസം ആരംഭിച്ചത്. അഴിമതിക്കാരെ പിടികൂടാനും നിശ്ചിതകാലയളവിനുള്ളില്‍ ശിക്ഷിയ്ക്കാനും വകുപ്പുകള്‍ ഉള്ളതാണ് ഈ ബില്‍. വയോധികനായ ഒരു സാധാരണഗ്രാമീണന്റെ പട്ടിണി സമരം, സാധാരണ ഗതിയില്‍ താപ്പാനകള്‍ക്ക് കൊതുകു കടിച്ച അനുഭവം പോലും ഉണ്ടാക്കേണ്ടതല്ല.  എന്നാല്‍ ആദ്യമെല്ലാം ഹസാരെയെ കണ്ടില്ലെന്നു നടിച്ച സര്‍ക്കാരിന് ഒടുവില്‍ കീഴടങ്ങേണ്ടി വന്നു. ഇതിലേയ്ക്കു നയിച്ച സാഹചര്യങ്ങള്‍, നമ്മുടെ നാടിനെപറ്റി ഉല്‍‌ക്കണ്ഠപ്പെടുന്നവര്‍ക്ക് ശുഭസൂചന നല്‍കുന്നതാണ്.

നോക്കൂ:

“വിദ്യാര്‍ത്ഥികളും വീട്ടമ്മമാരും യുവജനങ്ങളും മുതല്‍ വ്യവസായികളും ബോളിവുഡ് താരങ്ങളും വരെയുള്ളവര്‍ അഴിമതി വിരുദ്ധ സമരത്തിന് പിന്തുണയര്‍പ്പിച്ച് വെള്ളിയാഴ്ച രംഗത്തെത്തിയിരുന്നു. സി.പി.എം. സി.പി.ഐ, ഫോര്‍വേഡ് ബ്ലോക്ക് പാര്‍ടികള്‍ സമരത്തെ പിന്തുണച്ചു രംഗത്ത് വന്നു.”
 “അണ്ണ ഹസാരെയ്ക്ക് പിന്തുണയുമായി അമേരിയ്ക്കയിലും ഉപവാസം.” “അഴിമതിയ്ക്കെതിരായ പോര്‍ക്കളമായി ജന്തര്‍ മന്തിര്‍. കൊച്ചുകുട്ടികള്‍ മുതല്‍ വൃദ്ധന്മാര്‍ വരെയും വീട്ടമ്മമാര്‍ മുതല്‍ കൂലിപ്പണിക്കാര്‍ വരെയും സമരകാഹളം മുഴക്കിയപ്പോള്‍, ജന്തര്‍മന്ദറിന്റെ പോരാട്ടവീഥിയില്‍ പുതിയൊരു ചരിത്രം അതെഴുതിച്ചേര്‍ത്തു. ഇപ്പോഴില്ലെങ്കില്‍ ഒരിയ്ക്കലുമില്ലെന്നാണ് എല്ലാവരും മുഴക്കിയ മുദ്രാവാക്യം.

ഒരു പെട്ടി- ഒരു ലക്ഷം., നൂറ് ലക്ഷം - ഒരു കോടി, നൂറ് കോടി- ഒരു മധു കോഡ,  നൂറ് കോഡ - ഒരു കല്‍മാഡി,  നൂറ് കല്‍മാഡി- ഒരു രാജ, നൂറ് രാജ -ഒരു റാണി” ദില്ലിയിലെ സമരപന്തലില്‍ ആരൊക്കെയോ എഴുതിയ മുദ്രാവാക്യമാണിത്.

 “രണ്ട് ദിവസമായി ഞങ്ങള്‍ ഇവിടെ വരുന്നു. നാളെ പ്രിന്‍സിപ്പാളിന്റെ സമ്മതത്തോടെ മുഴുവന്‍ കുട്ടികളെയും കൊണ്ടുവരാന്‍ ശ്രമിയ്ക്കും”-ദില്ലി, നേവി ചില്‍ഡ്രന്‍ സ്ക്കൂള്‍ പ്ലസ് ടൂ വിദ്യാര്‍ത്ഥിനി അവാധി പറയുന്നു.

സത്യാഗ്രഹപന്തലില്‍, ദില്ലി മെട്രോ കോര്‍പറേഷന്‍ എം.ഡി, ഇ.ശ്രീധരനെത്തി.”
അണ്ണാ ഹസാരെയ്ക്ക് പിന്തുണയുമായി ബാംഗ്ലൂരില്‍ ആയിരങ്ങള്‍ അണിനിരക്കുന്നു.”
അണ്ണാ ഹസാരെയ്ക്ക് പിന്തുണയുമായി ചെന്നൈ പൌരസമൂഹം.”
“പിന്തുണയുമായി മുംബൈ സമൂഹം”
( മാതൃഭൂമി. ഏപ്രില്‍-9 , 2011.)

“സമരപ്പന്തലിലേയ്ക്ക് ജനസഹസ്രങ്ങളുടെ ഒഴുക്ക്”
“കേരളത്തില്‍ നിന്ന് ഒറ്റദിവസം കൊണ്ട് 4 ലക്ഷം ഒപ്പുകള്‍” -
(മംഗളം- ഏപ്രില്‍ 9, 2011.)

ജനപിന്തുണയുടെ ചില പത്രവാര്‍ത്തകള്‍ മാത്രമാണിത്. അതുപോലെ, പ്രമുഖ സോഷ്യല്‍ നെറ്റ്വര്‍ക്കായ ഫേസ്‌ബുക്കി”ലെ “ജനപങ്കാളിത്തവും” എടുത്തു പറയേണ്ടതാണ്. അണ്ണ ഹസാരെയ്ക്ക് പിന്തുണയുമായി അനേകം ഗ്രൂപ്പുകളാണ് അതില്‍രൂപീകരിയ്ക്കപ്പെട്ടത്. അവയിലെല്ലാം അഴിമതിയ്ക്കെതിരെ ചൂടേറിയ ചര്‍ച്ചകളാണ്. രസകരമായ മറ്റൊരു കാര്യം അനേകം പേര്‍ തങ്ങളുടെ പ്രൊഫൈല്‍ ചിത്രം പോലും അണ്ണ ഹസാരെയുടേതാക്കി എന്നതാണ്. ഇതുവരെ കാണാത്ത തരത്തിലുള്ള പിന്തുണയും  തീക്ഷ്ണമായ ഉണര്‍വുമാണ് ഫേസ്ബുക്കില്‍ ഈ ധര്‍മ്മസമരം ഉയര്‍ത്തി വിട്ടത്.

ആരുടെയും പ്രേരണയില്ലാത്ത യുവജനപങ്കാളിത്തമാണ് അഴിമതിയ്ക്കെതിരായ ഈ സമരത്തെ വേറിട്ടു നിര്‍ത്തുന്നത്. പുതുതലമുറ മൊബൈലിലും, നെറ്റിലും, റീയാലിറ്റി ഷോയിലും മയങ്ങി,  യാതൊരു സാമൂഹ്യബോധവുമില്ലാതെ നടക്കുന്നവരാണെന്ന മിഥ്യാധാരണ പൊളിഞ്ഞതോടെ അധികാരികള്‍ അപകടം മണത്തു. ചര്‍ച്ചയായി ധാരണയായി.

മാധ്യമങ്ങളുടെ പിന്തുണയും സോഷ്യല്‍ നെറ്റുവര്‍ക്കുകളുടെ സ്വാധീനവുമാണ് ഈ സമരത്തെ ആളിക്കത്തിയ്ക്കുന്നതില്‍ സഹായിച്ചത്. വിദ്യാഭ്യാസമുള്ള യുവതലമുറ തങ്ങളുടെ സമൂഹത്തെ പറ്റി ഉല്‍ക്കണ്ഠപ്പെടുന്നവരാണെന്നും, അരാഷ്ട്രീയ ചിന്താഗതിക്കാരല്ലെന്നും ഈ സമരം കാണിച്ചു തന്നു. കക്ഷിരാഷ്ട്രീയത്തിനപ്പുറം സാമൂഹ്യരാഷ്ട്രീയം മുഖ്യ അജണ്ടയായി മുന്നോട്ട് വരുന്നു. അഴിമതിയ്ക്കെതിരായ പൊതുവികാരം സൃഷ്ടിയ്ക്കാനുള്ള തുടക്കമായി കഴിഞ്ഞു. ഇനി അതൊരു ദേശീയ പ്രസ്ഥാനമായി മാറേണ്ടതുണ്ട്, ഒരു രണ്ടാം സ്വാതന്ത്ര്യ സമരമായിട്ട്. അതിന്റെ തീക്കാറ്റില്‍ അഴിമതിക്കോമരങ്ങളും ജാതിമത വര്‍ഗീയ രാഷ്ട്രീയക്കാരും വെന്തെരിയും. ഗീതാകാരന്‍ പറഞ്ഞപോലെ, ധര്‍മ്മ സംസ്ഥാപനാര്‍ത്ഥം അവതരിച്ച പുതിയ യുഗപുരുഷനാകട്ടെ അണ്ണാ ഹസാരെ.

Thursday 7 April 2011

വൈകിപ്പോയ വണ്ടി.

മേലേപ്പറമ്പിലെ ‌തോട്ടത്തില്‍ കശുവണ്ടി പെറുക്കുകയായിരുന്നു ഞാനും അമ്മയും. മധ്യവേനലവധിയ്ക്ക് കോട്ടയത്തു നിന്ന് വന്നിട്ട് ഒന്നര മാസമാകുന്നു. പത്തിലേയ്ക്കാണ് ജയിച്ചിരിയ്ക്കുന്നത്. അവധിക്കാലത്ത് രയറോത്ത് വരുന്നത് രസകരമാണ്. കശുവണ്ടിയുടെയും മാമ്പഴത്തിന്റെയും ചക്കപ്പഴത്തിന്റെയും സീസണാണല്ലോ.. രയറോത്തെ വീട്ടിലാണെങ്കില്‍ ഈ വക ധാരാളം ഉണ്ടു താനും. അപ്പോള്‍ പറമ്പാകെ പൊഴിഞ്ഞു വീണ കശുമാങ്ങയുടെയും ചക്കപ്പഴത്തിന്റെയും മാമ്പഴത്തിന്റെയും സമ്മിശ്ര ഗന്ധമായിരിയ്ക്കും. അവയില്‍ ആര്‍ക്കുന്ന മണിയനീച്ചകളുടെ മൂളല്‍ എമ്പാടും കേള്‍ക്കാം. പിന്നെ, കശുവണ്ടി തുരക്കാന്‍ വരുന്ന അണ്ണാന്റെ ചില്‍ ചില്‍ ശബ്ദവും, കൂഴച്ചക്ക തിന്നാന്‍ വരുന്ന ചാവാലിപ്പട്ടികളുടെ മുറുമുറുപ്പും,  മാമ്പഴം കൊത്താന്‍ വരുന്ന പച്ചക്കിളികളുടെ ചിലയ്ക്കലും, വൈകുന്നേരങ്ങളില്‍ അങ്ങെവിടെയോ മറഞ്ഞിരുന്ന് “ചക്കയ്ക്കുപ്പുണ്ടോ” എന്നു ചോദിയ്ക്കുന്ന വിഷുപ്പക്ഷിയുടെ ചക്രവാകപ്പാട്ടും. ആകെപ്പാടെ അതൊരു തിമിര്‍പ്പുകാലം.

അപ്പോഴാണ് താഴെനിന്ന് പ്രായമായ ഒരാള്‍ വിയര്‍ത്ത് തളര്‍ന്ന് കയറിവരുന്നത് കണ്ടത്. ഒറ്റനോട്ടത്തില്‍ അമ്മയ്ക്കാളെ മനസ്സിലായി. രയറോത്തെ കുഞ്ഞപ്പേട്ടനാണ്. തപാല്‍ ശിപായി. കുഞ്ഞപ്പേട്ടനെ കണ്ടതോടെ അമ്മയുടെ മുഖം വിളറുകയും എന്തോ അത്യാപത്ത് അടുത്തു വന്നാലെന്ന പോലെ ആശങ്കപ്പെടുകയും ചെയ്തു.

“ഒരു കമ്പി ഉണ്ട്..”

കുഞ്ഞപ്പേട്ടന്‍ തളര്‍ന്ന സ്വരത്തില്‍ വിളിച്ചു പറഞ്ഞു. അതു തന്നെയാണ് അമ്മയുടെ ആശങ്കയുടെ കാരണം. കുഞ്ഞപ്പേട്ടനാണല്ലോ സാധാരണ “കമ്പി“ അഥവാ “ടെലഗ്രാം“ വിതരണം ചെയ്യാറ്. ടെലഗ്രാം എന്നു പറഞ്ഞാല്‍ മരണദൂതാണ്.

“വിക്രമന്‍ സീരിയസ്. കം സൂണ്‍..” കുഞ്ഞപ്പേട്ടന്‍ ടെലഗ്രാം വായിച്ചു കേള്‍പ്പിച്ചു. “വിക്രമന് കൂടുതലാണ്. ഉടന്‍ ചെല്ലണംന്ന്. ആരാ വിക്രമന്‍?” അയാള്‍ അമ്മയോട് ചോദിച്ചു.

“ന്റെ എളേ ആങ്ങള..” അമ്മ പകുതി കരച്ചിലോടെ പറഞ്ഞു.

എന്നാല്‍ എനിയ്ക്കാണ് അത് വലിയ ഷോക്കായത്. ഈ വിക്രമന്‍  എന്റെ കുഞ്ഞമ്മാവനാണ്‍. എന്നെക്കാള്‍ നാലഞ്ച് വയസ്സ് മൂപ്പേയുള്ളു. ഞങ്ങള്‍ അടികൂടിയും ചിരിച്ചും കളിച്ചുമാണ് കോട്ടയത്ത് അമ്മവീട്ടില്‍ താ‍മസിച്ചു പോരുന്നത്. ഇത്തവണ അവധിയ്ക്കു പോരുമ്പോഴും കുഞ്ഞാമ്മാവനോട് യാത്ര പറഞ്ഞാണല്ലോ പോന്നത്. ഇത്ര സീരിയസായിട്ട് എന്തു പറ്റി ആവോ..?

അന്ന് വൈകുന്നേരം, കോട്ടയത്ത് പോകാനുള്ള കാര്യങ്ങള്‍ക്ക് തീരുമാനമായി. അതിരാവിലെ ആലക്കോട് നിന്നും പാലായ്ക്ക് സര്‍ക്കാര്‍ ബസുണ്ട്. അതില്‍ ഞാനും അമ്മയും നാളെ കോട്ടയത്തിനു പോകുന്നു. വീട്ടിലെ  കാര്യങ്ങള്‍ ഒതുക്കിയ ശേഷം നാളെ വൈകിട്ട് കണ്ണൂരു നിന്നും ട്രെയിനില്‍ അച്ഛനും അനിയത്തിയും പോകും. ഞങ്ങള്‍ നാളെ വൈകിട്ട് കോട്ടയത്തെത്തും, അവര്‍ നാളെ കഴിഞ്ഞ് രാവിലെയുമെത്തും.

അങ്ങനെ വെളുപ്പിനെ അഞ്ചുമണിയ്ക്ക് ചൂട്ടുകറ്റ വെളിച്ചത്തില്‍ ഞാനും അമ്മയും അച്ഛനും രയറോത്തു നിന്നും ആലക്കോട് വരെ നടന്നു. ഭാഗ്യം സമയത്തിനു ബസ് കിട്ടി. തിരക്കൊന്നുമില്ല. ഇടയ്ക്കിടെ സ്റ്റോപ്പൊന്നുമില്ലാത്ത ഫാസ്റ്റ് പാസഞ്ചറാണ്. തളിപ്പറമ്പ്, കണ്ണൂര്‍,  തലശ്ശേരി എല്ലാം പിന്നിട്ട് ബസ് കോഴിക്കോടെത്തി.  സമയം രാവിലെ ഒന്‍പതു മണി. നിറയെ യാത്രക്കാരുണ്ട്. പെട്ടെന്നാണ് പിന്നിലെ ഒരു ടയര്‍ പൊട്ടിയത്. വണ്ടി അവിടെ കിടന്നു. സ്വയം ശപിച്ച് ഞങ്ങളെല്ലാം മൂന്നുമണിക്കൂര്‍ ഒപ്പം കിടന്നു. ഗ്യാരേജില്‍ വിവരമറിയിച്ച് അവിടെ നിന്നും ടയര്‍ കൊണ്ടു വരണമത്രേ..! (സ്വകാര്യ ബസിലാണെങ്കില്‍ ക്ലീനറും കണ്ടക്ടറും കൂടി സ്റ്റെപ്പിനി ടയര്‍ മാറ്റാന്‍ പരമാവധി പത്തു മിനിട്ടെടുക്കും.)

ഉച്ചയോടെ ടയര്‍ മാറ്റി ബസ് കോഴിക്കോട് വിട്ടു. തൃശൂര്‍ ജില്ലയിലെത്തിയപ്പോള്‍ തന്നെ നേരം മയങ്ങിത്തുടങ്ങി. ഒല്ലൂരിനടുത്ത് ഒരു വയല്പ്രദേശമായപ്പോള്‍ മാറ്റിയിട്ട ടയര്‍ വീണ്ടും പൊട്ടി... !
ബസ് ഉടനെയെങ്ങും പോകില്ലായെന്ന് കണ്ടക്ടര്‍ പ്രഖ്യാപിച്ചു. ടിക്കറ്റ് കാശ് ചോദിച്ചവരോട് ഇനി വരുന്ന സര്‍ക്കാര്‍ വണ്ടിയില്‍ എല്ലാവരെയും കയറ്റി വിടാമെന്ന് പറഞ്ഞു. റീഫണ്ടിനു വകുപ്പില്ലത്രേ.

ഞങ്ങളെല്ലാം വെളിയിലിറങ്ങി നിന്നു. വിജനമായ പ്രദേശം. വയലില്‍ ദൂരെ കുറെ കരിമ്പനകള്‍ കണ്ടു. ചുറ്റുപാടും ഇരുട്ടു മെല്ലെ വന്നുകൊണ്ടിരിയ്ക്കുന്നു. ചെറിയ കാറ്റും. കുറേയേറെ നേരം കാത്തു നിന്നപ്പോള്‍ പാലായ്ക്കുള്ള ഒരു സര്‍ക്കാര്‍ വണ്ടി വന്നു. അപ്പോള്‍ നല്ല ഇരുട്ടായി. ഞാനും അമ്മയും ആകെ പേടിച്ചു. പാലായിലെത്തിയാലും അവിടെനിന്നു കോട്ടയത്തിനും പിന്നെ വല്യാട്ടിലേയ്ക്കും ബസു കിട്ടുമോ എന്ന് സംശയമാണ്..

ഞങ്ങള്‍ കയറിയ ബസ് ഓര്‍ഡിനറിയാണ്. വഴിമുഴുവന്‍ നിര്‍ത്തി ആളെപ്പെറുക്കി അത് പാലായിലെത്തി യപ്പോള്‍ രാത്രി ഒന്‍പത്... ബസ്റ്റാന്‍ഡില്‍ എന്തു ചെയ്യണമെന്നറിയാതെ കുഴങ്ങി നിന്ന ഞങ്ങളെ, ഒപ്പം സഞ്ചരിച്ചിരുന്ന ഒരു ചേച്ചി ശ്രദ്ധിച്ചു. അവര്‍ ഞങ്ങളുടെ അടുത്തു വന്നു.

“നിങ്ങളെങ്ങോട്ടാണ്..?”

അമ്മ കാര്യങ്ങള്‍ മുഴുവന്‍ പറഞ്ഞു.

“പേടിയ്ക്കണ്ട. എന്റെ കൂടെ പോന്നു കൊള്ളു. വീട് അതിരമ്പുഴയാണ്. വീട്ടില്‍ നിന്നും കാര്‍ വന്നിട്ടുണ്ട്. രാവിലെ പോകാം..” അവര്‍ ഞങ്ങളെ വിളിച്ചു.

ആ സാഹചര്യത്തില്‍ വേറൊന്നും ആലോചിയ്ക്കാനില്ല. ഞങ്ങള്‍ അവരോടൊപ്പം പോയി. അവരുടെ വീട്ടിലെത്തിയപ്പോള്‍ പത്തുമണി ആയി. പിന്നെ കുളിച്ച് ഭക്ഷണം കഴിച്ച് കിടന്നു. പിറ്റേന്ന് അവരോട് യാത്ര പറഞ്ഞിറങ്ങുമ്പോള്‍ മണി എട്ട്.  പിന്നെയും ബസുകള്‍ കയറി വല്യാട്ടിലെത്തുമ്പോള്‍ സമയം പത്തര ആയി.

രാവിലത്തെ ട്രെയിനില്‍ വന്ന അച്ഛനും അനിയത്തിയും വീട്ടിലെത്തിയപ്പോഴാണ് അറിയുന്നത് ഞങ്ങള്‍ എത്തിയിട്ടില്ല എന്ന്. എന്തു പറ്റിയെന്നറിയാതെ  എല്ലാവരും ആകെ പരിഭ്രമിച്ചിരിയ്ക്കുകയാണ്. ഞങ്ങളെ കണ്ട് വിവരങ്ങള്‍ അറിഞ്ഞപ്പോഴാണ് ആശ്വാസമായത്.

വീട്ടില്‍ ആകെ നിശബ്ദത. അകത്തു നിന്നും നേരിയ തേങ്ങല്‍ മാത്രം.. എന്നെ കണ്ടതും ആന്റിമാര്‍ അലറിക്കരഞ്ഞു. എനിയ്ക്കൊന്നും മനസ്സിലായില്ല. എവിടെ കുഞ്ഞമ്മാവന്‍..? അപ്പോള്‍ പിന്നില്‍ നിന്നും അമ്മയുടെ കരച്ചിലും കേട്ടു..

ഇളയ ആന്റി എന്റെ കൈപിടിച്ച് തെക്കു വശത്തേയ്ക്ക് കൊണ്ടു പോയി. അവിടെ ചെറിയൊരു കുഴിമാടം. അതില്‍ കുറേ ചാരം കിടപ്പുണ്ട്. പിന്നെ പുകയുന്ന ചില അസ്ഥിക്കഷണങ്ങളും.  ഞാനതിലേയ്ക്കു തുറിച്ചു നോക്കി. അവധിയ്ക്കു പോയപ്പോള്‍ എന്നെ യാത്രയാക്കിയ ആള്‍. ഇന്നലെ വൈകിട്ട് എത്തിയിരുന്നെങ്കില്‍ ആ ശരീരമെങ്കിലും കാണാമായിരുന്നു. ഞാന്‍ കരഞ്ഞെന്നു തോന്നുന്നു, എങ്കിലും കണ്ണീര്‍ വന്നില്ല.

Tuesday 5 April 2011

പ്രണയത്തിന്റെ ഭ്രാന്ത്.

മനുഷ്യന്റെ ഏറ്റവും സുന്ദരഭാവം ഏതാണ് ? എന്റെ ഉത്തരം പ്രണയമെന്ന്.  പനിനീര്‍പൂവില്‍ നിറവും ഗന്ധവും ഒത്തു ചേര്‍ന്ന പോലെ, സ്നേഹവും ഇഷ്ടവും താല്പര്യവും ആസക്തിയുമെല്ലാം ഉള്‍ച്ചേര്‍ന്ന ഉദാത്ത വികാരമത്രേ പ്രണയം. പനിനീരിതളില്‍ പറ്റിയിരിയ്ക്കുന്ന തുഷാരബിന്ദുവില്‍ പ്രകൃതി ഒരു സുന്ദര കവിതയായി പ്രതിഫലിയ്ക്കും‌പോലെ, പ്രണയം ദംശിച്ച മനസില്‍ ചുറ്റും കാണുന്നതെല്ലാം ഹൃദ്യമായി പ്രതിഫലിയ്ക്കും. അപ്പോള്‍ ആരോടും വെറുപ്പു തോന്നില്ല, വഴക്കിടാന്‍ തോന്നില്ല, വെറുതെ ചിരിയ്ക്കും, തമാശ പറയും. ലോകത്തിന് ഇത്ര സൌന്ദര്യമുണ്ടോ എന്നു നാം അതിശയിച്ചു പോകും. പനിനീര്‍പുഷ്പം സ്പര്‍ശിക്കാന്‍  ശ്രമിച്ചാല്‍ മുള്ളുകള്‍ ഉരഞ്ഞ് കൈകളില്‍ ചോരപൊടിയും, അപ്പോള്‍ മൃദുവായ ഒരു നീറ്റല്‍ . ആ നീറ്റലാണ്  പ്രണയത്തിന്റെ സുഖമാര്‍ന്ന നൊമ്പരം.

ശാന്തമായ ജലപ്പരപ്പില്‍ ഒരു മണിക്കല്ലു വീണാലെന്നപോലെ മനസില്‍ തരംഗമാലകള്‍ ഇളക്കും പ്രണയം. അതിലെ പ്രതിബിംബങ്ങളില്‍ ഏഴുവര്‍ണങ്ങളും മയൂരനൃത്തമാടും.
ആകാശത്തു നിന്നും മെല്ലെ ഒഴുകിയിറങ്ങുന്ന നനുത്ത കോടമഞ്ഞ് ഹൃദയത്തെ തൊടും.
ഒരായിരം വര്‍ണപൂമ്പാറ്റകള്‍ നമ്മെ ചുറ്റി പറക്കും. പിന്നെ അവ കൈകളിലും മുഖത്തും കവിളിലും ചുണ്ടിലും മെല്ലെ സ്പര്‍ശിയ്ക്കും..
എവിടെയോ കുയില്‍നാദം കേള്‍ക്കും...
അപ്പോള്‍ മെല്ലെ കണ്ണു തുറന്നൊന്നു നോക്കൂ, മഞ്ഞിന്റെ നേര്‍ത്ത അവ്യക്തതയില്‍ അവള്‍ നില്‍ക്കുന്നതു കാണാം, സ്നേഹബിന്ദുക്കള്‍ പ്രസരിപ്പിച്ചുകൊണ്ട്.
അതേ നിങ്ങള്‍ പ്രണയത്തിലാണ്....

പ്രണയം ഒരിയ്ക്കലെങ്കിലും അനുഭവിയ്ക്കാത്ത, അതിന്റെ സുഖവും നൊമ്പരവും അറിയാത്ത ജീവിതം വ്യര്‍ത്ഥമാണ്,
ശലഭങ്ങള്‍ വഴിമാറിയ കടലാസു പൂക്കള്‍ പോലെ.
എന്തിനാണ് പ്രകൃതി പരാഗ രേണുക്കളെ ചെപ്പിലൊളിപ്പിച്ച് വച്ചത്..? 
മധുകണം അതിനോട് ചേര്‍ത്തു വച്ചത്..?
പ്രണയാതുരനായി എത്തുന്ന മധുപനെ കാത്തല്ലെ..? പ്രകൃതിയുടെ ഏറ്റവും സുന്ദരഭാവമാണ് പ്രണയം. അതു വസന്തകാലമാണ്.

നിങ്ങള്‍ക്കു വേണമെങ്കില്‍ പറയാം, പ്രണയം ഒരു വിഡിത്തമാണെന്ന്. കാരണം എത്ര തീവ്രമായി പ്രണയിയ്ക്കുന്നോ അതോ തീക്ഷ്ണതയോടെ നിങ്ങള്‍ നൊമ്പരപ്പെടേണ്ടിയും വരും. നിങ്ങള്‍ കരയും, ശപിയ്ക്കും.
തുലാമഴ പോലെ ആര്‍ത്തലച്ചുവന്ന്, കൊടുംശക്തിയോടെ ഇരമ്പിപെയ്ത്, ഇലകളെയും മണ്ണിനെയും നനച്ച്, പിന്നെ എല്ലാമൊടുങ്ങി ചെളിവെള്ളമായി ഒഴുകിയിറങ്ങിപ്പോകും.
അതാണ് പ്രണയം.
അത് ആസ്വദിയ്ക്കണമെങ്കില്‍ നഷ്ടപെടാനുള്ള, നൊമ്പരപ്പെടാനുള്ള മുന്‍‌കരുതല്‍ എടുത്തിരിയ്ക്കണം. അല്ലെങ്കില്‍ ഒരു പക്ഷെ നിങ്ങള്‍ തകര്‍ന്നു പോയെന്നും വരാം.

എങ്ങനെയാണ് പ്രണയിയ്ക്കേണ്ടത്..?

ചിലര്‍ പറയും, ആളും തരവും നോക്കി, വരുംവരായ്കകള്‍ ചിന്തിച്ചു വേണം  കാലെടുത്തു വയ്ക്കാന്‍ എന്ന്.
അതും ശരിയാണ്. ജീവിതത്തെ പറ്റി കരുതലുകള്‍ ഉണ്ടെങ്കില്‍ അങ്ങനെയേ ചെയ്യാവൂ. എങ്കിലും അതു ശുദ്ധപ്രണയമെന്നു പറയാനാവില്ല.  ആശങ്കകള്‍ ഒരു കറുത്ത നൂലുപോലെ ഉടനീളം അതില്‍ ഒളിഞ്ഞു കിടപ്പുണ്ടാകും.

ബന്ധങ്ങളുടെ ബന്ധനങ്ങളില്‍ നിന്നു വിടുതല്‍ നേടി, വെറും മനുഷ്യരായി വേണം പ്രണയിയ്ക്കാന്‍. ദേശം, ഭാഷ, ജാതി, മത, പ്രായ വ്യത്യാസങ്ങള്‍ക്കൊന്നും അവിടെ പ്രസക്തിയില്ല.
 ഒന്നും ചിന്തിയ്ക്കാതെ, ആഴമേറിയ ഒരു കയത്തിലേയ്ക്കെടുത്തു ചാടുന്നതു പോലെയാണത്.  നീന്തിത്തുടിയ്ക്കാം.  കൈകാലുകള്‍ ഇട്ടടിയ്ക്കാം..ആവോളം കുളിര്‍മ്മ  നുകരാം. കൈകാല്‍ കുഴയും മുന്‍പേ കരയ്ക്കണയുന്നില്ലെങ്കില്‍ ചുഴിയില്‍ കുരുങ്ങി മെല്ലെ മെല്ലെ താഴ്ന്നു പോകും. ശ്വാസം മുട്ടിപ്പിടഞ്ഞ്, കണ്ണുകള്‍ തുറിച്ച്, ചെവിയില്‍ നിശബ്ദത ബാക്കിവെച്ച് മരണത്തിന്റെ ഇടനാഴിയിലൂടെ കടന്നു പോകും.

സത്യമായും ഇതു ഭ്രാന്തല്ലേ.. അതേ, ഭ്രാന്ത് തന്നെയാണ്. സുഖമുള്ള  ഭ്രാന്ത്. മനുഷ്യര്‍ക്കല്ലാതെ, മറ്റൊരു ജീവജാലത്തിനും വിധിച്ചിട്ടില്ലാത്ത ഭ്രാന്ത്. എനിയ്ക്കിഷ്ടമായ ഭ്രാന്ത്.

അടിക്കുറിപ്പ്: ഇതൊരു പുരുഷകാഴ്ചപ്പാട്. സ്ത്രീയാണെങ്കില്‍ “അവള്‍” എന്നുള്ളിടത്ത് “അവന്‍” എന്നു തിരുത്തുക.ഇതു വായിച്ച് ആരും കണ്ടമാനം പ്രണയിയ്ക്കാനൊന്നും പോയേക്കല്ലെ. എനിയ്ക്കൊരു ഉത്തരവാദിത്വവുമില്ല.