പുതിയ നോവല്‍ “ഒരു സഖാവിന്റെ വിപ്ലവാന്വേഷണങ്ങള്‍" VPP ലഭിയ്ക്കാന്‍ താഴെ ഇമേജില്‍ ക്ലിക്കുക. കൂടാതെ പ്രമുഖ ബുക്ക്സ്റ്റാളുകളിലും ലഭ്യമാണ്.

Sunday, 30 December 2012

ഡിസംബര്‍ 30 - കാവുമ്പായി പോരാട്ട ദിനം

സമയം രാവിലെ. എള്ളെരിഞ്ഞിയിലെ കര്‍ഷകസംഘം സെക്രട്ടറിചേനന്‍ കുഞ്ഞപ്പയുടെ കടയോട് ചേര്‍ന്നാണ് പാര്‍ടി ഓഫീസ്. വിവിധപരിപാടികള്‍ക്കു ശേഷം രാത്രിയില്‍ എത്തിയ സഖാക്കളില്‍ ചിലര്‍ തറയിലും ബഞ്ചിലുമായി കിടന്നുറങ്ങുന്നു. മറ്റു ചിലര്‍ ബീഡിയും പുകച്ച് എന്തോ ചര്‍ച്ചയില്‍. ഇരിക്കൂര്‍ ഫര്‍ക്കയിലാകെ മുറ്റിനില്‍ക്കുന്ന സംഘര്‍ഷം സഖാക്കളുടെ മുഖത്തുമുണ്ട്. കുഞ്ഞപ്പ കട തുറക്കാനായിട്ടില്ല. അപ്പോഴാണ് പി.കോരന്‍ ഓഫീസിലേയ്ക്ക് ഓടിവന്നത്.
“എം.എസ്.പി. വരുന്നുണ്ട്. ഓടത്തുപാലം കടന്നു. വേഗം രക്ഷപ്പെടണം..”
ഉറങ്ങിക്കിടന്നവരെയെല്ലാം തട്ടിയെഴുനേല്‍പ്പിച്ചു. ഓഫീസു പൂട്ടിയ ശേഷം അവര്‍ അടുത്തുള്ള വയലുവഴി ഓടി. അല്പം അകലെയുള്ള കാടാണു ലക്ഷ്യം. കഷ്ടിച്ച് അവര്‍ മറഞ്ഞതേയുള്ളു എം.എസ്.പി.യുടെ വാന്‍ അവിടെ വന്നു നിന്നു.
ഇരുമ്പുതൊപ്പിയും തോക്കും ധരിച്ച പോലീസുകാര്‍ ചാടിയിറങ്ങി.
“ദാ ഇതാണ് അവന്മാരുടെ ഓഫീസ്..” അവരോടൊപ്പം ഉണ്ടായിരുന്ന ഒറ്റുകാരന്‍ ചൂണ്ടിക്കാണിച്ചു. ഓഫീസും കടയും പൂട്ടിക്കിടക്കുന്നതു കണ്ട അവര്‍ക്കു കലിമൂത്തു. ഓലമേഞ്ഞ ആ കെട്ടിടം തകര്‍ത്തു തരിപ്പണമാക്കി തീയിട്ടു. കടയുടെ തൊട്ടപ്പുറത്താണ് കുഞ്ഞപ്പയുടെ വീട്. ഒറ്റുകാരന്‍ അതും കാട്ടിക്കൊടുത്തു.
ചെന്നായ്ക്കളെപ്പോലെ പോലീസ് അങ്ങോട്ടു പാഞ്ഞു. വീട്ടിനകത്തു കയറി അവര്‍ സകലയിടവും പരതി. പാത്രങ്ങളും തുണികളും വലിച്ചറിഞ്ഞു. കുഞ്ഞപ്പയെ കാണാത്തതിനാല്‍ സഖാവിന്റെ ഭാര്യ മാധവിയുടെ മുടിയ്ക്കു കുത്തിപ്പിടിച്ച് ഹവില്‍ദാര്‍ അലറി :“എവിടെടീ നിന്റെ കെട്ട്യോന്‍..?”
ഒട്ടും ശൌര്യം ചോരാതെ മാധവി തിരികെ ചോദിച്ചു:“ നിങ്ങള്‍ വീട്ടിലെ പെണ്ണുങ്ങളോടു പറഞ്ഞിട്ടാണോ ഇങ്ങോട്ട് വന്നത്?”
ഇതു കേട്ട ഹവില്‍ദാര്‍ക്ക് സമനില തെറ്റി. ആ സ്ത്രീയെ അയാള്‍ നിഷ്കരുണം മര്‍ദ്ദിച്ചു. ചില പോലീസുകാര്‍ തന്നെ തടഞ്ഞതോടെയാണ് അയാള്‍ പിന്മാറിയത്. അവിടുത്തെ പരാക്രമം കഴിഞ്ഞതോടെ അവര്‍ തങ്ങള്‍ക്കായി ഒരുക്കിയ ക്യാമ്പുകളിലേയ്ക്കു നീങ്ങി. കാരക്കാട്ടിടം നായനാരുടെ എള്ളെരിഞ്ഞിയിലെ വീട്ടിലാണ് ക്യാമ്പ്. നായനാരും കുടുംബവും മറ്റൊരിടത്തേയ്ക്കു താമസം മാറിക്കൊടുത്തിരുന്നു. അങ്ങോട്ടേയ്ക്കുള്ള പോക്കിനിടയില്‍ വഴിയില്‍ കാണുന്നതോക്കെ തകര്‍ക്കാന്‍ പോലീസുകാര്‍ മറന്നില്ല.
ക്യാമ്പിലെത്തി ഭക്ഷണശേഷം അവര്‍ വേഷം മാറി മഫ്തിയില്‍ നാട്ടിലേയ്ക്കിറങ്ങി. പുതിയൊരു തന്ത്രമായിരുന്നു അത്. പോലീസു വേഷത്തിലല്ലാതെ വീടുകളില്‍ ചെന്ന് കമ്യൂണിസ്റ്റുകാരെ പറ്റി അന്വേഷിയ്ക്കുക. ചിലയിടത്തുനിന്നും അവരാഗ്രഹിച്ച വിവരങ്ങള്‍ കിട്ടി. മറ്റു ചിലയിടത്തു നിന്ന് ഒന്നും കിട്ടിയില്ല. അങ്ങനെയുള്ള വീടുകള്‍ അവര്‍ കരുതി വെച്ചു. രാത്രിയായപ്പോള്‍ ആയുധങ്ങള്‍ ധരിച്ച്, മുന്‍പേ കണ്ടുവെച്ച വീടുകളിലേയ്ക്കവര്‍ ചെന്നു. ഉറങ്ങിക്കിടക്കുന്നവരെ പൊതിരെ തല്ലി. സ്ത്രീകളെ അപമാനിയ്ക്കാനും കുട്ടികളെ വലിച്ചെറിയാനും അവര്‍ മറന്നില്ല. കാവുമ്പായിലെങ്ങും അട്ടഹാസവും കരച്ചിലും മുഴങ്ങി. പോലീസുകാരെ കൂടാതെ ജന്മിഗുണ്ടകളും രംഗത്തിറങ്ങി. ആണുങ്ങളില്ല്ലാത്ത വീടുകളില്‍ അവര്‍ വൈരാഗ്യം തീര്‍ത്തു. ദൂരെ കാടുകളിലും കല്ക്കൂട്ടങ്ങളിലും ഒളിഞ്ഞിരുന്ന സഖാക്കള്‍ ഇതു കേള്‍ക്കുന്നുണ്ടായിരുന്നു. പ്രതികാരത്തിനായി അവരുടെ മനസ്സു തുടിച്ചു.
ഈ പൊറുതിമുട്ടിയ ദിനങ്ങളിലൊന്നില്‍ സഖാവ് കൃഷ്ണപ്പിള്ള, കര്‍ഷകസംഘം നേതാക്കളുമായി രഹസ്യമായി സന്ധിച്ചു. ഈ അക്രമ തേര്‍വാഴ്ച അടക്കിയേ മതിയാകൂ, സഖാക്കള്‍ കൃഷ്ണപിള്ളയോടു പറഞ്ഞു. അല്പനേരം മൌനമായിരുന്നശേഷം സഖാവ് പറഞ്ഞു, “നല്ല തയ്യാറെടുപ്പോടെ ജന്മിത്വത്തെ ഞെട്ടിയ്ക്കുന്ന ഒരാക്ഷന്‍ പ്ലാന്‍ ചെയ്യണം, ഉടന്‍ തന്നെ..”
ചരിത്രപ്രസിദ്ധമായ കാവുമ്പായി കലാപത്തിന്റെ തീപ്പൊരിയായിരുന്നു ആ വാക്കുകള്‍.

ഇരിക്കൂര്‍ ഫര്‍ക്കയിലെ ഓരോ കര്‍ഷകസംഘം കമ്മിറ്റിയ്ക്കും നിര്‍ദേശമെത്തി, എള്ളെരിഞ്ഞിയിലെ പോലീസ് ക്യാമ്പ് തകര്‍ക്കണം. വളണ്ടിയര്‍ സഖാക്കള്‍ സര്‍വ സജ്ജരായി കാവുമ്പായിലെത്തുക. അതു കിട്ടാന്‍ കാത്തിരുന്ന പോലെ വളണ്ടിയര്‍ സേന ഞെട്ടിയുണര്‍ന്നു. വാരിക്കുന്തം, നാടന്‍ തോക്ക്, തെറ്റാലി, വെട്ടുകത്തി അങ്ങനെ കിട്ടാവുന്ന ആയുധങ്ങള്‍ അവര്‍ സംഭരിച്ചു.

ഡിസംബര്‍ 29ന് ബ്ലാത്തൂര്‍, ഊരത്തൂര്‍, പടിയൂര്‍, കല്യാട്, കുയിലൂര്‍ പ്രദേശങ്ങളില്‍ നിന്ന് അറുപത് വളന്റിയര്‍മാര്‍ പി.കുമാരന്‍, കെ. നാരായണന്‍ നമ്പ്യാര്‍ എന്നിവരുടെ നേതൃത്വത്തില്‍ കാവുമ്പായിലേയ്ക്കു പുറപ്പെട്ടു. കെ. രാഘവന്‍ മാസ്റ്റര്‍, കണ്ണന്‍ നമ്പ്യാര്‍, ഗോവിന്ദന്‍ നമ്പ്യാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പയ്യാവൂരില്‍ നിന്നും എഴുപത്തിയഞ്ചു പേര്‍ പുറപ്പെട്ടു. എരുവേശിയില്‍ നിന്ന് മുപ്പതു പേരാണ് വന്നത്. കൂടാതെ, കാഞ്ഞിലേരി, എള്ളെരിഞ്ഞി, കാവുമ്പായി പ്രദേശങ്ങളില്‍ നിന്നു മുന്നൂറിലധികം പേരുമുണ്ടായിരുന്നു. എള്ളെരിഞ്ഞി പോലീസ് ക്യാമ്പില്‍ നിന്നും അല്പം അകലെ, കാവുമ്പായിക്കുന്നിലാണ് വളണ്ടിയര്‍മാര്‍ കൂടിച്ചേരുന്ന ക്യാമ്പ്. സന്ധ്യ ആയതോടെ ആകെ അഞ്ഞൂറോളം പോരാളികള്‍ കുന്നിന്മുകളില്‍ ഒത്തു ചേര്‍ന്നു. കുന്നിന്മുകളിലെ വിശാലമായ പരപ്പില്‍ അവര്‍ക്കു വിശ്രമിയ്ക്കാനും കിടക്കാനും സൌകര്യമൊരുക്കിയിട്ടുണ്ട്. ഏകദേശം അറുപതിലധികം നാടന്‍ തോക്കുകള്‍ അവരുടെ കൈവശമുണ്ട്.
വളണ്ടിയര്‍മാര്‍ക്ക്, കുന്നിനു സമീപത്തുള്ള തെക്കന്‍ നാരായണന്‍ നായരുടെ വീട്ടിലാണ് ഭക്ഷണമൊരുക്കിയിരുന്നത്. ഭക്ഷണശേഷം ക്യാമ്പിലെത്തിയ അവര്‍ക്ക് പോരാട്ടത്തിന്റെ തന്ത്രങ്ങള്‍ വിശദീകരിയ്ക്കാനായി “സഖാവ് തമ്പാന്‍“ എത്തി.
നിലമ്പൂര്‍ കോവിലകത്തെ ഒരംഗമായിരുന്ന ഇദ്ദേഹത്തിന്റെ അപരനാമമാണ് തമ്പാന്‍. ഇരിക്കൂര്‍ ഫര്‍ക്കയിലെ വളണ്ടിയര്‍ സേനയുടെ ഓരോ നീക്കങ്ങള്‍ക്കും ചുക്കാന്‍ പിടിച്ചത് സഖാവ് തമ്പാനായിരുന്നു.
രാത്രി നേരത്ത് തങ്ങളുടെ പതിവുപരിപാടിയ്ക്കായി പോലീസ് ക്യാമ്പ് വിട്ടു പലയിടത്തേയ്ക്കു പിരിയും. ആ സമയം പതിയിരുന്ന് ആക്രമിയ്ക്കുക. ആക്രമണശേഷം ക്യാമ്പും തകര്‍ക്കുക. അതാണ് യുദ്ധ തന്ത്രം.
കാവുമ്പായി കുന്നിനു മൂന്നുവശവും വിശാലമായ വയലുകളാണ്. ദൂരെ നിന്ന് ആരു വന്നാലും അറിയാനാവും എന്നതിനാലാണ് ഈ ചെറുകുന്നിന്‍ മുകളില്‍ അവര്‍ ക്യാമ്പടിച്ചത്. ക്യാമ്പിന്റെ സുരക്ഷയ്ക്കായി ചുറ്റും സെന്‍‌ട്രികളെ നിര്‍ത്തി. ഐച്ചേരിയില്‍ നിന്നു കാവുമ്പായിക്കുന്നിലേയ്ക്കുള്ള വഴിയില്‍ ഒരു ഗ്രൂപ്പ്. തെക്കുവശത്തെ കാര്‍ക്കാട്ടേരി ഭാഗത്ത് ഒരു ഗ്രൂപ്പ്. പടിഞ്ഞാറു വശത്തെ വയല്‍ക്കരയില്‍ ഒരു ഗ്രൂപ്പ്. ക്യാമ്പിനു നേതൃത്വം നല്‍കുന്നത് തളിയനും തെക്കന്‍ നാരായണന്‍ നായരും. ഇരുട്ടു വീണതോടെ ഡിസംബറിന്റെ തണുപ്പ് അരിച്ചരിച്ചു കയറി. കുന്നിന്‍ മുകളില്‍ ചൂളന്‍ കാറ്റ്.
ആ തണുപ്പിനെയും വെല്ലുന്നതായിരുന്നു അവരുടെ ഉള്ളിലെ ചൂട്.
“സഖാക്കളെ.. ജന്മിമാരുടെയും പോലീസിന്റെയും മുഷ്കിനു കനത്ത മറുപടി കൊടുക്കാന്‍ പോകുകയാണ് നമ്മള്‍. ഈ ശ്രമത്തില്‍ ചിലപ്പോള്‍ രക്തസാക്ഷികളായേക്കാം. എങ്കിലും ആരും പിന്നോട്ടു പോകരുത്. നാടിനും പ്രസ്ഥാനത്തിനും വേണ്ടിയുള്ള ഈ പോരാട്ടത്തില്‍ ജീവനര്‍പ്പിയ്ക്കുന്നത് അഭിമാനകരമെന്നു കരുതണം നമ്മള്‍.” തളിയന്‍ അവരെ അഭിസംബോധന ചെയ്തു.
സമയം മെല്ലെ ഇഴഞ്ഞു നീങ്ങി. നേര്‍ത്തമൂടല്‍ മഞ്ഞ് വലയം ചെയ്തു. ചെറിയ കമ്പുകളും കരിയിലയും കത്തിച്ച് ചിലര്‍ തണുപ്പാറ്റി. തോക്കു കൈവശമുള്ളവര്‍ അത് വെടിയുണ്ടയും മരുന്നും നിറച്ച് സജ്ജമാക്കി. തെറ്റാലിക്കാര്‍ അതിലെ വലിവ് പരിശോധിച്ചു, ഒപ്പം ആവശ്യത്തിന് ഉരുളന്‍ കല്ലുകളും സഞ്ചിയിലാക്കി കരുതിവെച്ചു. മറ്റുചില വാരിക്കുന്തത്തിന്റെയും വെട്ടുകത്തിയുടെയും മൂര്‍ച്ച ഉറപ്പു വരുത്തി. എല്ലാം കൊണ്ടും സജ്ജരായി അവര്‍ കാത്തിരുന്നു.
പത്തുമണിയായിട്ടും പോലീസ് പാര്‍ടി പുറത്തേയ്ക്കു പോകുന്നതിന്റെ യാതൊരു സൂചനയും കിട്ടില്ല.
“ഇന്നിനി ഒരു പക്ഷെ അവര്‍ പരിപാടി വേണ്ടെന്നു വെച്ചുകാണും. സെന്‍‌ട്രികളായ സഖാക്കള്‍ ജാഗ്രതയില്‍ നില്‍ക്കട്ടെ. ബാക്കിയുള്ളവര്‍ വേണമെങ്കില്‍ വിശ്രമിച്ചോളു..” സഖാവ് തമ്പാന്‍ ഓര്‍ഡര്‍ നല്‍കി.
കുറച്ചു പേര്‍ കുന്നിനു താഴ്വാരത്തെയ്ക്കും പരിസരത്തുമായി കിടക്കാനുള്ള സൌകര്യത്തിന് ഇറങ്ങി. സഖാവ് തമ്പാന്‍ കുന്നിന്റെ സമീപത്തു തന്നെയുള്ള തോട്ടം രാമന്റെ വീട്ടിലേയ്ക്കു പോയി. മുതിര്‍ന്നവരായ തളിയനും നാരായണന്‍ നായരും കാവുമ്പായിലെ വീട്ടിലേയ്ക്കും തിരിച്ചു. പുലര്‍ച്ചെ ക്യാമ്പിലെത്തുവാനുറപ്പിച്ചാണ് അവര്‍ പോയത്. നിമിഷങ്ങളുടെ കനം കുറഞ്ഞു. ഉത്കണ്ഠ മെല്ലെ വിട്ടകന്നു. വിറയ്ക്കുന്ന തണുപ്പില്‍ കിട്ടുന്നതെല്ലാം വാരിച്ചുറ്റി വാളണ്ടിയര്‍മാര്‍ അവിടവിടെ ചുരുണ്ടു കൂടി.
രാത്രി മെല്ലെമെല്ലെ കനക്കുകയും പിന്നെ പുലര്‍ച്ചയിലേയ്ക്കു പിച്ചവെക്കുകയും ചെയ്തു.

എള്ളെരിഞ്ഞിയിലെ എം.എസ്.പി.ക്യാമ്പില്‍ സന്ധ്യയ്ക്കു തന്നെ വിവരം എത്തിയിരുന്നു. സര്‍വസജ്ജരായി കമ്യൂണിസ്റ്റുകാര്‍ കാവുമ്പായിക്കുന്നില്‍ സംഘടിച്ചിട്ടുണ്ടെന്നും രാവിലെ തന്നെ പോലീസ് ക്യാമ്പ് ആക്രമിയ്ക്കുമെന്നുമാണ് വിവരം. അവരുടെ ആക്രമണം ഉണ്ടാകും മുന്‍പേ തിരിച്ചടി നല്‍കണമെന്ന് എം.എസ്.പി. മേധാവി തീരുമാനിച്ചു. കുട്ടോത്ത് രാമന്‍, കുറ്റ്യാട്ട് കണ്ണന്‍ എന്നീ ഒറ്റുകാരോടു ചോദിച്ച് കുന്നിന്റെ ഭൂമിശാസ്ത്രം വിശദമായി മനസ്സിലാക്കി.

മൊത്തം പോലീസിനെ മൂന്നു പ്ലാറ്റൂണ്‍ ആയി തിരിച്ചു. ജമേദാര്‍ രാമകൃഷ്ണന്‍, ജമേദാര്‍ ഉസ്സന്‍, സബ് ഇന്‍സ്പെക്ടര്‍ രാമന്‍ മേനോന്‍ എന്നിവര്‍ക്ക് ഓരോന്നിന്റെയും ചുമതല. പോലീസുകാര്‍ക്കെല്ലാം റൈഫിളിനു പുറമേ ഓരോ പ്ലറ്റൂണിനും രണ്ടു വീതം ഹെവി മെഷീന്‍ ഗണ്ണുകളും നല്‍കി.
ഏതൊരു കടന്നാക്രമണത്തിനും ഉചിതസമയം പുലര്‍ച്ചെയാണ്. ശത്രുപക്ഷം ഉറക്കത്തിന്റെ ആലസ്യത്തിലായിരിയ്ക്കുമല്ലോ.
1946 ഡിസംബര്‍ 30
പുലര്‍ച്ചെ മൂന്നുമണി.
വഴികാട്ടികളോടൊപ്പം എം.എസ്.പി. കാവുമ്പായിക്കുന്നിലേയ്ക്കു നീങ്ങി. മൂന്നുസംഘവും കുന്നിനെ വലയം ചെയ്യത്തക്കരീതിയിലാണ് വിന്യസിയ്ക്കപ്പെട്ടത്. കാവല്‍ നിന്ന സെന്‍‌ട്രി സഖാക്കള്‍ പുലര്‍ച്ചെയായപ്പോള്‍ മയക്കത്തിലായിരുന്നു. അവരുടെ കണ്ണുവെട്ടിച്ച് പോലീസ് സംഘം വയലിലേയ്ക്കു മെല്ലെ നീങ്ങി, യാതൊരു ശബ്ദവും കേള്‍പ്പിയ്ക്കാതെ.
പ്രകാശം എത്തിനോക്കിയിട്ടില്ല. കുളിരില്‍ മുങ്ങിയ പുലര്‍കാലത്തെ മഞ്ഞുതുള്ളികള്‍ നനയ്ക്കുന്നുണ്ടായിരുന്നു. വയലിനു അതിരിട്ടൊഴുകുന്ന കൊച്ചു തോട്ടിലെ വെള്ളത്തിന്റെ കളകളശബ്ദം മാത്രം. ദൂരെയെങ്ങോ പട്ടികള്‍ കുരച്ചു. കാവുമ്പായിക്കുന്നില്‍ നിശബ്ദത തളംകെട്ടിനിന്നു.
ജമേദാര്‍ രാമകൃഷ്ണന്റെ നേതൃത്വത്തിലുള്ള പ്ലാറ്റൂണ്‍ കുന്നിന്റെ ഏറ്റവും സമീപത്ത് വയലില്‍ എത്തി. അവിടെ മെഷീന്‍ ഗണ്ണുകള്‍ ഉറപ്പിച്ചു. അവയുടെ ബാരലുകള്‍ കുന്നിന്‍ മുകളിലേയ്ക്കു ചൂണ്ടി നിന്നു. പോലീസ് റൈഫിളുകളുമായി വയലില്‍ പതിഞ്ഞു കിടന്നു.
അപ്പോള്‍ മറ്റൊരു സംഘം വടക്കേക്കരയിലൂടെ നീങ്ങി വന്നു. അവിടെ ഒരു കടത്തിണ്ണയില്‍ കുറച്ചു പേര്‍ കിടന്നുറങ്ങുന്നുണ്ട്. അവരെ കണ്ടപാടെ ചാടിവീണു. തോക്കിന്റെ പാത്തിയ്ക്ക തലങ്ങും അടി. നിലവിളിച്ചുകൊണ്ട് ഞെട്ടിയെഴുനേറ്റ അവരുടെ കൈയും കാലും കെട്ടി. പിന്നെ അടുത്തുള്ള തെങ്ങിനോട് ചേര്‍ത്ത് വരിഞ്ഞു കെട്ടിയിട്ടു. കടയ്ക്കു സമീപമുള്ള വീടുകളിലേയ്ക്കും പോലീസ് പാഞ്ഞുകയറി. പുരുഷന്മാരെ പിടിച്ചുകൊണ്ടു വന്നു തെങ്ങില്‍ കെട്ടിയിട്ടു. വീണ്ടും ക്രൂരമര്‍ദ്ദനം തുടങ്ങി. അവര്‍ ഉച്ചത്തില്‍ നിലവിളിച്ചു...
കനത്ത നിശബ്ദതയെ കീറിത്തുളച്ച ആ നിലവിളികള്‍ കുന്നിന്‍ മുകളില്‍ എത്തി. ഉറക്കമില്ലാതെ കിടന്ന ചിലര്‍ അതു കേട്ടു. താഴെ നിന്നു കേട്ട നിലവിളികള്‍ എന്തിന്റെ സൂചനയാണെന്നവര്‍ക്കു മനസ്സിലായി. പോലീസ് എത്തിയിരിയ്ക്കുന്നു..
“ഇങ്ക്വിലാബ് സിന്ദാബാദ്. സാമ്രാജ്യത്തം തുലയട്ടെ..”
ഒരു സൈറണ്‍ പോലെ മുദ്രാവാക്യം വിളിയുയര്‍ന്നു. പെട്ടെന്ന് എല്ലാവരും ഞെട്ടിയെഴുനേറ്റു..
“സഖാക്കളെ, എം.എസ്.പി. എത്തിയിരിയ്ക്കുന്നു.. തയ്യാറെടുക്കൂ..”
ആ ആഹ്വാ‍നം കേട്ടതോടെ ഒരു യന്ത്രം പോലെ അവര്‍ ചലിച്ചു. തോക്കുകളും തെറ്റാലികളും വാരിക്കുന്തങ്ങളുമെടുത്ത് പോരാട്ടസജ്ജരായി.
കനത്ത നിശബ്ദത വ്യാപിച്ചു. ശ്വാസഗതി ഉയര്‍ന്നു. കൊടും തണുപ്പിലും നെറ്റിയില്‍ വിയര്‍പ്പു പൊന്തി. ഞരമ്പുകള്‍ വലിഞ്ഞുമുറുകി..
നേരിയ പ്രകാശത്തില്‍, വയലില്‍ പതുങ്ങിയിരിയ്ക്കുന്ന പോലീസിനെ നിഴല്‍ പോലെ കാണാം..

കുന്നിന്മുകളില്‍ നിന്നു മുദ്രാവാക്യവും അനക്കങ്ങളും കേട്ട ജമേദാര്‍ രാമകൃഷ്ണന്റെ പ്ലാറ്റൂണ്‍ ഉടന്‍ ആക്രമണസന്നദ്ധരായി. റൈഫിള്‍ നീട്ടി അവര്‍ ഓര്‍ഡറിനു കാതോര്‍ത്തു...
“മൂവ്...” ജമേദാര്‍ അലറി. ഉടന്‍ അവര്‍ കുന്നിന്‍ മുകള്‍ ലക്ഷ്യമാക്കി മുന്നോട്ടേയ്ക്ക് ഓടി.
“ഠേ......” കുന്നിന്മുകളില്‍ നിന്ന് ഒരു വെടി പൊട്ടി.
ഉന്നം തെറ്റിയില്ല, ജമേദാറിന്റെ വലതു ചുമലിനാണു വെടിയേറ്റത്. പോലീസ് തിരിഞ്ഞോടി. വയര്‍ലെസില്‍ നിന്നു മറ്റു പ്ലറ്റൂണുകള്‍ക്കു മെസേജെത്തി. “കൂടുതല്‍ ഫോഴ്സെത്തുക..”
മെസേജ് കിട്ടിയ ജമേദാര്‍ ഉസ്സന്‍, തെങ്ങില്‍ കെട്ടിയിട്ടവര്‍ക്കു കാവലേര്‍പ്പെടുത്തിയിട്ട് വയലിലേയ്ക്കു നീങ്ങി. രാമന്‍ മേനോന്റെ പ്ലറ്റൂണും വയലിലെത്തി. കൂടുതല്‍ പേരെത്തിയതോടെ അവര്‍ വീണ്ടും ആക്രമണത്തിനു തയ്യാറെടുത്തു. മെഷീന്‍ ഗണ്ണുകളെല്ലാം കുന്നിന്മുകളിലേയ്ക്ക് ലക്ഷ്യം വെച്ചു.
ആദ്യവെടിയ്ക്കു പ്രതികരണമുണ്ടാകാത്തതിനാല്‍ അടുത്ത നീക്കത്തിനു കാത്തിരിയ്ക്കുകയായിരുന്നു കുന്നിന്മുകളില്‍ സഖാക്കള്‍.
പെട്ടെന്ന് പടക്കം പൊട്ടുന്നതുപോലെ തുരുതുരെ മെഷീന്‍ ഗണ്ണുകള്‍ ശബ്ദിച്ചു. തേനീച്ചകളെ പോലെ ബുള്ളറ്റുകള്‍ മൂളിപ്പറന്നു. അടുത്തുള്ള മരക്കൊമ്പുകളെല്ലാം ചിന്നിച്ചിതറി. സഖാക്കള്‍ നിലം പതിഞ്ഞു കിടന്നു. നാടന്‍ തോക്കുകള്‍ ഇടവിട്ടു പൊട്ടിക്കൊണ്ടിരുന്നു, തെറ്റാലിയില്‍ നിന്നു കല്ലുകളും. എന്നാല്‍ അവയ്ക്കെത്താന്‍ പറ്റുന്ന പരിധിയ്ക്കപ്പുറമായിരുന്നു പോലീസിന്റെ പൊസിഷന്‍.
അല്പം കൂടി പ്രകാശമായിരിയ്ക്കുന്നു. താഴെ നില്‍ക്കുന്ന പോലീസിനെ കാണാനാവുന്നുണ്ട്. മെഷീന്‍ ഗണ്ണറെ ഉന്നം പിടിച്ച് തന്റെ നാടന്‍ തോക്കുമായി പുളുക്കൂല്‍ കുഞ്ഞിരാമന്‍ അല്പം മുന്നോട്ടു നീങ്ങി.
ഒരു മൂളല്‍. പാഞ്ഞുവന്ന ബുള്ളറ്റ് കുഞ്ഞിരാമന്റെ കഴുത്തിലൂടെ കടന്നുപോയി..
അതു കണ്ട പി. കുമാരന്‍ താഴേക്കു ചൂണ്ടി അലറി. “വെക്കെടാ വെടി അവനെ..”
നാടന്‍ തോക്കുകള്‍ ശബ്ദിച്ചെങ്കിലും കാര്യമൊന്നുമില്ലായിരുന്നു. മെഷീന്‍ ഗണ്ണില്‍ നിന്നു വന്ന അടുത്ത വെടി കുമാരന്റെ നെഞ്ചിലേയ്ക്ക്. ഒരു ഞരക്കത്തോടെ ആ സഖാവും വീണു.
അതോടെ കാര്യങ്ങള്‍ പിടിവിട്ടു. പല സഖാക്കളും ഭയചകിതരായി. യാതൊരു തയ്യാറെടുപ്പുമില്ലാതെ വെളുപ്പാന്‍ കാലത്ത് നേരിടേണ്ടി വന്ന ആക്രമണത്തില്‍ പലരും പതറിപ്പോയി. പിന്നില്‍ നിന്നവര്‍ ആയുധങ്ങളുപേക്ഷിച്ച് മറു വശത്തുകൂടെ ഓടാന്‍ തുടങ്ങി. സഖാക്കളുടെ പ്രതിരോധം ചിതറി. കുന്നിന്മുകളില്‍ നിന്നു വെടിശബ്ദം നിലച്ചതോടെ മെഷീന്‍ ഗണ്ണൂകളും തീതുപ്പല്‍ നിര്‍ത്തി.

“മൂവ്... ഒറ്റയൊരുത്തനേം വിടരുത്...” ജമേദാര്‍ ഉസ്സന്‍ വിളിച്ചു പറഞ്ഞു.
റൈഫിളുകളുമായി വേട്ടനായ്ക്കളെ പോലെ പോലീസ് കുതിച്ചു. മുകളിലേയ്ക്കു പാഞ്ഞുവരുന്ന പോലീസിനെ കണ്ടതോടെ അവശേഷിച്ച സഖാക്കള്‍ പ്രതിരോധിയ്ക്കാന്‍ ശ്രമിച്ചു. നാടന്‍ തോക്കുകളും തെറ്റാലികളും പ്രയോഗിച്ചു. റൈഫിളില്‍ നിന്നുള്ള വെടിയായിരുന്നു മറുപടി. രക്ഷയില്ലാതെ അവര്‍ പിന്തിരിയാന്‍ നിര്‍ബന്ധിതരായി. പിന്മാറുകയായിരുന്ന മഞ്ഞേരി ഗോവിന്ദന്റെ നടുവിനു വെടിയേറ്റു. നിലത്തുവീണ സഖാവിന്റെ തല തകര്‍ത്തു കൊണ്ട് അടുത്ത വെടി.

ആര്‍ത്തലച്ചു വന്ന എം.എസ്.പി. കുറച്ചുപേരെ പിടികൂടി. ബാക്കിയുള്ളവര്‍ പലവഴിയ്ക്കായി ചിതറി. വടക്കു വശത്തെ തോട് ചാടിക്കടന്ന് കാട്ടിലേയ്ക്കോടിയാല്‍ രക്ഷപ്പെടാം. പലരും ആ വഴിയ്ക്ക് ഓടാന്‍ തുടങ്ങി. ഓട്ടത്തിനിടയില്‍ വള്ളിയില്‍ കാല്‍ കുരുങ്ങി ആലോറമ്പന്‍ കൃഷ്ണന്‍ വീണുപോയി. പുറകേ പാഞ്ഞുവന്ന പോലീസില്‍ നിന്നു രക്ഷപെടാനായില്ല. അവര്‍ കൃഷ്ണനെ തൂക്കിയെടുത്ത് അടുത്തു കണ്ട കവുങ്ങിലേയ്ക്ക് ചേര്‍ത്തു നിര്‍ത്തി. മൂന്നുവെടി.. നെഞ്ച് തകര്‍ന്ന് ആ സഖാവും രക്തസാക്ഷിയായി. ഇതേസമയം കുന്നിന്റെ മറ്റൊരു ഭാഗത്തു നിന്നു പിടിച്ച തെങ്ങില്‍ അപ്പയെ വലിച്ചിഴച്ച് അങ്ങോട്ടെയ്ക്കു കൊണ്ടു വന്നു. വെടിയേറ്റു കിടക്കുന്ന അലോറമ്പന്റെ നെഞ്ചില്‍ നിന്നും അപ്പോഴും ചോരയൊഴുകുന്നുണ്ടായിരുന്നു. ആ ചോരയില്‍ ചവിട്ടി അപ്പയെയും കമുകിനോടു ചേര്‍ത്തു നിര്‍ത്തി.
“കണ്ടോടാ.. നായിന്റെ മോനെ കിടക്കുന്നത്..? നിന്നെയും കാച്ചുമെടാ..” ജമേദാര്‍ ഉസ്സന്‍ വികൃതമായി ചിരിച്ചു.
“തോക്കുണ്ടേല്‍ എടുത്തു വെടിവെക്കെടാ..”
അപ്പ അതേ പോലെ തിരിച്ചു പറഞ്ഞു. ഉസ്സന്‍ അരയില്‍ നിന്നു പിസ്റ്റള്‍ വലിച്ചൂരി. അപ്പയുടെ നെറ്റിയ്ക്കു നേരെ പിടിച്ച് കാഞ്ചി വലിച്ചു. ആലോറമ്പന്റെ സമീപത്തു തന്നെ അപ്പയും മരിച്ചു വീണു.
അവിടെ നിന്നും ഉസ്സനും സംഘവും നേരത്തെ കടയില്‍ നിന്നു പിടിച്ചു തെങ്ങില്‍ കെട്ടിയിട്ടവരുടെ അടുത്തേയ്ക്കു ചെന്നു. മര്‍ദ്ദനമേറ്റ് അവരെല്ലാം ജീവച്ഛവമായിരുന്നു. കുന്നിന്‍ മുകളില്‍ വെച്ചു പിടിച്ച ചിലരെയും അങ്ങോട്ടു കൊണ്ടുവന്നു. മൊത്തം പത്തുപേര്‍. എല്ലാവരെയും കടയുടെ മുറ്റത്ത് നിരത്തി നിര്‍ത്തി. റൈഫിളുകള്‍ അവരുടെ നെഞ്ചിനു നേരെ ഉന്നം പിടിച്ചു.
മരണം ഉറപ്പായ സഖാക്കളാരും പതറിയില്ല. പോരാളികള്‍ക്കൊത്ത ധീരതയോടെ അവര്‍ നെഞ്ചു വിരിച്ചു നിന്നു. അപ്പോഴാണ്, ക്യാമ്പില്‍ നിന്നും എം.എസ്.പി. മേധാവി അവിടെയെത്തിയത്.
“നോ.. വെടിവെക്കരുത്..” അയാള്‍ വിളിച്ചു പറഞ്ഞു. ഉസ്സനും സംഘവും തോക്കു താഴ്ത്തി. പത്തുപേരെയും വിലങ്ങു വച്ച് അവിടെയിരുത്തി. അല്പം അടുത്തുള്ള ആദിവാസികളെ വരുത്തി, വെടിയേറ്റു മരിച്ച അഞ്ചുപേരുടെയും ശരീരം അങ്ങോട്ടേയ്ക്കെടുപ്പിച്ചു. അവര്‍ തന്നെ കമുകുകള്‍ മുറിച്ച് മഞ്ചം ഉണ്ടാക്കി.

സമയം പത്തുമണിയോളമായി. മഞ്ചത്തിന്മേല്‍ ജഡങ്ങള്‍ കയറ്റി ആദിവാസികളെക്കൊണ്ട് പോലീസ് ക്യാമ്പിലേയേക്ക് ചുമപ്പിച്ചു. ഒപ്പം വെടിയേറ്റ് അര്‍ധപ്രാണനായ കൊളക്കാടന്‍ കുഞ്ഞമ്പുവിനേയും വിലങ്ങു വെച്ച പത്തു പേരെയും അങ്ങോട്ടേയ്ക്ക് വലിച്ചിഴച്ചു. ഈ സങ്കടകരമായ കാഴ്ചകണ്ട് വഴിവക്കില്‍ ചിലര്‍ നില്‍പ്പുണ്ടായിരുന്നു. അവരെയെല്ലാം പോലീസ് അടിച്ചോടിച്ചു. ഓടാതെ നിന്ന കുഞ്ഞമ്പുവിനെ പിടികൂടി വിലങ്ങിട്ടു ക്യാമ്പിലേയ്ക്കു കൊണ്ടുപോയി.
നായനാരുടെ വീട്ടിലെ ഒരു മുറിയാണ് ലോക്കപ്പ്. പിടിയിലായ പതിനൊന്നുപേരെയും അതിലിട്ടു പൂട്ടി. എല്ലാവരും ദാഹിച്ചുപൊരിയുകയാണ്. നിലത്തുകൂടി വലിച്ചിഴച്ചതിനാല്‍ മേലാകെ ഉരഞ്ഞു രക്തം ചാടുന്നു. അല്പ സമയം കഴിഞ്ഞ് വാതില്‍ തുറന്ന് കുറച്ച് പോലീസുകാര്‍ അകത്തുകയറി. തളര്‍ന്നു കിടക്കുകയായിരുന്ന അവരെ ക്രൂരമായി തല്ലിച്ചതച്ചു. നിലവിളിയ്ക്കാന്‍ പോലും അശക്തരായി അവര്‍ അതേറ്റു വാങ്ങി.
ഉച്ചകഴിഞ്ഞതോടെ മരിച്ചവരുടെ ശരീരങ്ങള്‍ പായില്‍ പൊതിഞ്ഞ് വാനില്‍ കയറ്റി. പിടിയിലായവരെ മറ്റൊരു ജീപ്പില്‍ കുത്തിത്തിരുകിയിട്ടും പത്തുപേര്‍ക്കെ കയറാനായുള്ളു. ബാക്കി വന്ന സാദിരിക്കയെ വാനില്‍ ജഡങ്ങളോടൊപ്പം കയറ്റി. പച്ചച്ചോരയുടെ ഗന്ധമടിയ്ക്കുന്ന ആ വാനില്‍ വിങ്ങലോടെ അയാളിരുന്നു. തന്നോടൊപ്പം വന്ന രണ്ടുസഖാക്കള്‍ - പി.കുമാരനും ആലോറമ്പന്‍ കൃഷ്ണനുമാണ് പായില്‍ പൊതിഞ്ഞ് ഈ കിടക്കുന്നത്. എല്ലാ കാര്യങ്ങള്‍ക്കും തങ്ങള്‍ ഒന്നിച്ചായിരുന്നു. സംഘം പ്രവര്‍ത്തനങ്ങളും വാളണ്ടിയര്‍ പരിശീലനങ്ങളുമെല്ലാം ഒന്നിച്ച്. കുമാരന്റെ അമ്മയ്ക്ക്, സ്വന്തം മകനെ പോലെയായിരുന്നു താനും... ഇവരോടൊപ്പം മരിച്ചിരുന്നെങ്കില്‍‍..
സാദിരിക്ക പൊട്ടിക്കരഞ്ഞു.
ആ മരണ വണ്ടി ഇരിക്കൂര്‍ റവന്യൂ ഇന്‍സ്പെക്ടറുടെ ഓഫീസിലേയ്ക്കു പോയി...
(ഒരു സഖാവിന്റെ വിപ്ല്വാന്വേഷണങ്ങള്‍ - അധ്യായം 19)

Tuesday, 2 October 2012

“ഒരു സഖാവിന്റെ വിപ്ലവാന്വേഷണങ്ങള്‍”: രണ്ട് നിരീക്ഷണങ്ങള്‍.

2012 ഓഗസ്റ്റ് 18 -നു പ്രകാശനം ചെയ്തശേഷം “ഒരു സഖാവിന്റെ വിപ്ലവാന്വേഷണങ്ങള്‍” നോവലിനു വായനക്കാരില്‍ നിന്നും ലഭിച്ച രണ്ടു പ്രതികരണങ്ങള്‍ ഇവിടെ പോസ്റ്റു ചെയ്യുന്നു. 


ഒരു സഖാവിന്റെ കഥകള്‍ വായിച്ചപ്പോള്‍..
പേര് : എബിന്‍ ജോണ്‍ .
വയസ് : 22

ഞാന്‍ ഒരു പാര്ട്ടിക്കാരനല്ല , ഇത് വരെ വോട്ടു ചെയ്തിട്ടുമില്ല . വീട്ടുകാര്‍ കോണ്‍ഗ്രസ്സ്കാര്‍ ആയതു കൊണ്ട് ഒരു 2 കൊല്ലം മുന്‍പേ വോട്ടു ചെയ്തിരുന്നെങ്കില്‍ അവര്‍ക്ക് തന്നെ കുത്തിയേനെ പക്ഷെ ഇപ്പൊ ചെയ്യില്ല കാരണം നമ്മുടെ നാറിയ UPA തന്നെ , കമ്മ്യൂണിസ്റ്റ്‌കാര്‍ക്ക് വോട്ടു ചെയ്യുമോ ? ഇല്ല കാരണം തലപ്പത് ഇരിക്കുന്നവര്‍ വളരെ നല്ല ആള്‍ക്കാര്‍ ആണെന്ന് മനസിലായി അത്ര തന്നെ. പിന്നെ ആര്‍ക്കു ചെയ്യും എന്ന് ചോദിച്ചാല്‍ BJP എന്ന് പറയും, അവരും ഒന്ന് വരട്ടെ എന്താകുമാന്നു നോക്കാല്ലോ.
ബിജു കുമാര്‍ ആലക്കോട് എന്റെ അയല്‍ക്കാരനാണ് , ഞാന്‍ ഒരു പ്രാവശ്യം കണ്ടിട്ടും ഉണ്ട് , പക്ഷെ അഭിമാനിക്കാനുള്ള വക അതല്ല , അദ്ദേഹം 2 പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട് ഒട്ടകമായും അടായും മനുഷ്യനായും പിന്നെ ഒരു സഖാവിന്റെ വിപപ്ലവാന്വേഷണങ്ങള്‍ .
ഏതോ രണ്ടു കമ്മ്യൂണിസ്റ്റ്‌ മലയാളം പടം കണ്ടിട്ടുണ്ട് എന്നതല്ലാതെ എനിക്ക് കമ്മ്യൂണിസവും ആയി യാതൊരു ബന്ധവുമില്ല, അത് കൊണ്ട് തന്നെയാണ് ഈ പുസ്തകം വായിക്കണമെന്ന് തോന്നിയതും ഓര്‍ഡര്‍ ചെയ്തതും , ഞാന്‍ ഒരു നിരൂപകനോന്നും അല്ല , പക്ഷെ വായിച്ചു കഴിഞ്ഞപ്പോള്‍ അത് കൊണ്ട് എനിക്ക് എന്ത് മാറ്റം വന്നു എന്നുള്ളത് മറ്റുള്ളവരോട് പറയണം എന്ന് തോന്നി അങ്ങനെയാണ് ഈ എഴുത്തിന്റെ പിറവി.
ബുക്ക്‌ കയ്യില്‍ കിട്ടിയപ്പോള്‍ ഉച്ച കഴിഞ്ഞു ഓഫീസില്‍ നല്ല തിരക്ക് ഇടയ്ക്ക് ഒന്ന് തുറന്നു നോക്കി വല്ല്യ സാഹിത്യം ഒന്നും ഇല്ല എന്നുറപ്പ് വരുത്തി , സത്യം പറയണമല്ലോ ആലക്കോട് എന്ന് ബുക്കില്‍ കണ്ടപ്പോള്‍ ഒരു കുളിര്. എഴുത്തുകാര്‍ നമ്മുടെ നാട്ടിലും ഉള്ളതിന്റെ ഒരു അഭിമാനം .176 പേജുകള്‍ ഒരു 5 ദിവസത്തിനുള്ളില്‍ വായിച്ചു തീര്‍ക്കാം എന്നാ വിചാരത്തോടെ വായന തുടങ്ങി . ഞാന്‍ വായിക്കുന്ന കാണുന്ന എല്ലാര്ക്കും അത്ഭുതം , അതിലേറെ എല്ലാവരും ചോദിക്കുന്നു are you a കമ്മ്യൂണിസ്റ്റ്‌? അല്ല എന്ന് പറഞ്ഞു ബുക്ക്‌ മടക്കി വച്ച് പണിയിലേക്ക്‌ തിരിഞ്ഞു , പക്ഷെ ഒരു ഭയങ്കര മടി പയ്യെ വീണ്ടും വായന തുടങ്ങി. ഒരു വിപ്പ്ലവകാരനാണ് എന്ന ഉറച്ച വിശ്വാസത്തോടെ ഉള്ള വരികള്‍ ഒരു പഴയ കാലത്തിലേക്കുള്ള മടങ്ങി പോക്ക് പോലെ ആണ് തോന്നിയത്.
. ഒരു ചരിത്ര പുസ്തകം പ്രതീക്ഷിച്ചു നിന്ന ഞാന്‍ കണ്ടത് പച്ചയായ അനുഭവങ്ങള്‍ , അഭിപ്പ്രയങ്ങള്‍ , ഒരു യവ്വനതിന്റെ ചോരത്തിളപ്പ്. ഞാനിതു വരെയും കേട്ടിട്ടില്ലാത്ത കേള്‍ക്കാന്‍ ഒരു സാധ്യതയുമില്ലാത്ത പേരുകള്‍, സ്ഥലങ്ങള്‍ , കഥകള്‍ . ഒരു കമ്മ്യൂണിസ്റ്റ്‌ അനുഭാവി ആരാകണം ആരാകരുത് എന്ന് എനിക്ക് ആരോ പറഞ്ഞു തരുന്ന പോലെ തോന്നി. ഇതിനിടയില്‍ ഞാന്‍ വീട്ടിലെത്തിയിരുന്നു , ഭക്ഷണം കഴിച്ചു വീണ്ടും വായനയിലേക്ക് .

എന്നെപ്പോലെയുള്ള ഒരു പുതു തലമുറക്കാരനാണ് വിശ്വസിക്കാന്‍ ഏറെ പ്രയാസമുള്ള , ജന്മിതതിന്റെയും , കുടിയാന്മാരെയും കുറിച്ചുള്ള കഥകള്‍ . ഈ മൊത്തം പുസ്തകം വായിച്ചതില്‍ നിന്നും വിശ്വസിക്കാന്‍ പറ്റുന്ന ഒരേയൊരു കഥാപാത്രമേ ഉള്ളു അത് രമേശനാണ് , കാരണം ഇന്ന് ഞാന്‍ കാണുന്ന രാഷ്ട്രീയ പ്രവര്‍ത്തകരെല്ലാം പല തരത്തില്‍ രമേശന്മാരാണ്.
കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനം എങ്ങനെ വളര്‍ന്നു പന്തലിച്ചു എന്ന് അറിയില്ലാത്ത ഏതൊരാളും വായിക്കേണ്ട ഒരു പുസ്തകമായിട്ടാണ് എനിക്ക് "ഒരു സഖാവിന്റെ വിപ്പ്ലവാന്വേഷണങ്ങള്‍""` " തോന്നിയത് .
മൊറാഴ ദിനം എന്തിനാണ് എന്ന അറിയാത്ത എത്രയോ കമ്മ്യുണിസ്റ്കാരെ എനിക്കറിയാം, ഒരു കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി അനുഭാവി ആകണമെങ്കില്‍ കടക്കേണ്ട കടമ്പകള്‍ വായിച്ചു മനസിലാക്കിയപ്പോള്‍ , 2 രൂപയ്ക്ക് SFI കൂപ്പണ്‍ വില്‍ക്കാന്‍ സ്കൂളില്‍ വന്നിരുന്ന കുട്ടി സഖാക്കന്മാരെ ഞാനോര്‍ത്തു പോയി.

കമ്മ്യുണിസ്റ്കാരെ കളിയാക്കുമ്പോള്‍ എന്തിനു ബിജുവേട്ടന്‍ ഇങ്ങനെ സപ്പോര്‍ട്ട് ചെയ്യുന്നത് എന്ന് പലപ്പോഴും എനിക്ക് തോന്നിയിട്ടുണ്ട് , കുറെ മനുഷ്യത്തമില്ലാത്ത ആള്‍ക്കാര്‍ ഭരിക്കുന്ന ഒരു പാര്‍ടിക്ക് വേണ്ടി എന്തിനു ഇങ്ങനെ സംസാരിക്കുന്നത് എന്ന് തോന്നിയിട്ടുണ്ട് , പക്ഷെ അതിന്റെയെല്ലാം ഉത്തരം എനിക്ക് ഈ ഒരു പുസ്തകത്തിലൂടെ മനസിലായി. കമ്മ്യുണിസത്തെക്കുറിച്ചുള്ള എന്റെ ധാരണകള്‍ പലതും മാറ്റാന്‍ ഈ ഒരു വായനയെക്കൊണ്ട് സാധിച്ചു എന്നുള്ളത് മറ്റൊരു കാര്യം. ഇതില്‍ കുറച്ചു ഭാഗങ്ങള്‍ എനിക്ക് ദഹിക്കാതെ പോയിട്ടുണ്ട് പ്രത്യേകിച്ചും കഥയുടെ ഒരു മൂഡില്‍ നിന്ന് പെട്ടെന്ന് ഒരു സ്വപ്നത്തിലേക്ക് കൂട്ടിക്കൊണ്ടു പോകുമ്പോള്‍ എന്തോ വായിച്ചു തീര്‍ക്കാതെ പോയത് പോലെ പക്ഷെ അതൊന്നും എന്റെ വായനയ്ക്കൊരു തടസ്സമായില്ല. 4 ദിവസം കൊണ്ട് വായിച്ചു തീര്‍ക്കാമെന്ന് കരുതിയ ഞാന്‍ 4 മണിക്കൂര്‍ കൊണ്ട് വായിച്ചു തീര്‍ത്തു കിടന്നപ്പോള്‍ സമയം വെളുപ്പിനെ 2 : 30 .

എന്നെ മനസ്സിനെ ആഴത്തില്‍ താഴ്ത്തി എന്നൊന്നും ഞാന്‍ പറയുന്നില്ല പക്ഷെ interesting and unbelievable അതാണ് എനിക്ക് പറയാനുള്ളത്. ഒരു പക്ഷെ ഞാന്‍ ആയിരുന്നു എങ്കില്‍ ഞാനും ഇത് പോലെ തന്നെ ആയിപ്പോകുമായിരുന്നോ എന്നൊരു സംശയം. സഖാവ് എന്ന പദത്തിനു പുറകിലുള്ള ആദരവ് എന്താണെന്നു എനിക്ക് ഇപ്പോള്‍ വ്യക്തം.

ഈ പുസ്തകം വായിച്ചിട്ട് ഞാനൊരു കമ്മ്യുണിസ്റ്റ് അനുഭാവിയകുമോ ? ഒരിക്കലുമില്ല . ഞാന്‍ ഇപ്പോഴും ഇങ്ങനെ തന്നെയായിര്‍ക്കും , പിന്നെ എന്ത് മാറ്റമാണ് എനിക്കുണ്ടായതെന്നു ചോദിച്ചാല്‍ ബഹുമാനം , എല്ലാവരൂടുമില്ല പക്ഷെ ചില എനിക്കറിയാവുന്ന സഖാക്കളോട് അത്ര തന്നെ . ഞാന്‍ ഇത് വായിച്ചിട്ട് ഇടതു പക്ഷക്കാര്‍ക്ക് വോട്ടു ചെയ്യുമോ എന്ന് ചോദിച്ചാല്‍ ഉത്തരം ഇല്ല എന്ന് തന്നെ . കാരണം ഞാന്‍ ചെയ്യുന്ന വോട്ടിനു പ്രതീക്ഷിക്കുന്ന ഫലം ഒന്നും ഉണ്ടാവില്ല എന്ന് ഈ പുസ്തകം തന്നെ എന്നോട് പറയുന്നുണ്ട് , സഹകരണ ബാങ്കിലെ വോട്ടെടുപ്പ് തന്നെ വലിയ ഒരു ഉദാഹരണം.
ഞാന്‍ ജീവിക്കുന്നതിനു മുന്‍പും ഒരു ജീവിതം ഉണ്ടായിരുന്നുവെന്നും , അതിനു ചോരയുടെ ചുവപ്പും മണവും ഉണ്ടായിരുന്നു എന്ന് മനസിലാക്കി തന്നതിന് ബിജുവേട്ടാണ് നന്ദി.
ഒരു സംശയം ബാക്കി ,ചുവപ്പ് കൊടിയില്‍ അരിവാള്‍ ചുറ്റിക നക്ഷത്രം , അതില്‍ നക്ഷത്രത്തിന് എന്താണ് പ്രാധാന്യം ? ആര്‍ക്കെങ്കിലും അറിയാമെങ്കില്‍ ഒന്ന് പറഞ്ഞു തരണേ. :)
ഈ എഴുത്തിലൂടെ ഞാന്‍ ആരെയും വേദനിപ്പിക്കാന്‍ ശ്രമിച്ചിട്ടില്ല , അത് ചെയ്യുകയുമില്ല , അങ്ങനെ ആര്‍ക്കെങ്കിലും തോന്നിയാല്‍ മാപ്പ്.
പറയണം എന്ന് കരുതിയ എന്തൊക്കെയോ വിട്ടു പോയത് പോലെ തോന്നുന്നു , പറ്റിയെങ്കില്‍ , താത്പര്യമുണ്ടെങ്കില്‍ ഈ പുസ്തകം വാങ്ങണം , വായിക്കണം . എന്ത് കൊണ്ടാണ് കമ്മ്യുണിസ്റ്റ് പാര്‍ട്ടിയുടെ വേരുകള്‍ ഇത്ര ആഴത്തില്‍ കേരളത്തില്‍ പതിഞ്ഞു എന്ന് എനിക്ക് മനസിലാക്കി തന്നത് ഈ പുസ്തകമാണ് . അത് നിങ്ങള്‍ക്കും മനസിലാക്കി തരാന്‍ ഇതിനു കഴിയും എന്നെനിക്കു ഉറപ്പുണ്ട്.

To the author : ഈ പുസ്തകം വായിച്ചതിനു ശേഷമാണ് എന്നോട് കാണാന്‍ പറഞ്ഞിരുന്നത് എങ്കില്‍ ഒരു പക്ഷെ ഞാന്‍ അത്ര നേരത്തെ നിങ്ങളെ വിട്ടയക്കില്ലയിരുന്നു. കാരണം എന്തൊക്കെയോ ഇനിയും പറയാന്‍ ബാക്കി ഉള്ള പോലെ ഒരു തോന്നല്‍ . ഈ പുസ്തകം മുഴുവനാക്കാന്‍ തിടുക്കപ്പെട്ടത്‌ പോലെയാണ് അവസാനം , പെട്ടെന്ന് എഴുത്ത് നിര്‍ത്തിയത് പോലെ , പറ്റുമെങ്കില്‍ ഒരു രണ്ടാം ഭാഗം എഴുതണം ഈ പുസ്തകത്തിന്റെ അവസാനം മുതല്‍ , ഈ പുസ്തകം എഴുതാന്‍ തിരുമാനം എടുത്ത നിമിഷം വരെയുള്ള ജീവിതം, അതും കൂടി അറിയണമെന്ന ആഗ്രഹം എനിക്കുണ്ട് , ചിലപ്പോള്‍ പലര്ക്കുമുണ്ടാകാം.
Posted by Ebin at 10:15 PM

ശ്രീ. അഭയ് ജയപാലന്‍ ഫേസ്ബുക്കില്‍ എഴുതിയ നോട്ട്.

ശ്രീ ബിജുകുമാര്‍ (Biju Kumar) ആലക്കോടിന്‍റെ "ഒരു സഖാവിന്‍റെ വിപ്ലവാന്വേഷണങ്ങള്‍" എന്ന പുസ്തകം വായിച്ചു. പുസ്തകത്തെ കുറിച്ച് എനിക്ക് തോന്നിയ ചില കാര്യങ്ങള്‍ (എന്‍റെ മാത്രം അഭിപ്രായങ്ങള്‍) പറയാം.

ഈ പുസ്തകരചനക്ക് പിന്നിലെ ഹോം വര്‍ക്ക്‌ അങ്ങേയറ്റം അഭിനന്ദനം അര്‍ഹിക്കുന്നു. പ്രത്യേകിച്ചും, ചരിത്രത്തെ അതര്‍ഹിക്കുന്ന ബഹുമാനത്തോടെ പക്വമായ രീതിയില്‍ കൈകാര്യം ചെയ്തിട്ടുണ്ട് എന്ന് തന്നെയാണ് എനിക്ക് അനുഭവപ്പെട്ടത്. എഴുത്തുകാരന് പാര്‍ട്ടിയോടും ചരിത്രം മറന്നുപോയ ധീരനായകന്മാരോടും ഉള്ള അനുഭാവത്തിന്‍റെ, ആരാധനയുടെ തീവ്രത കൊണ്ടാവും, ചിലപ്പോഴെല്ലാം കഥനം നോവലിന്‍റെ വഴിവിട്ടു, നോവല്‍ പറയുന്ന കാര്യങ്ങളില്‍ അങ്ങേയറ്റം അഭിമാനിക്കുന്ന ഒരാളുടെ ചരിത്ര വിവരണം എന്ന രീതിയിലേക്ക് വഴുതിപ്പോകാന്‍ ഉള്ള പ്രവണത കാണിച്ചെങ്കിലും, മുഷിപ്പിക്കാതെ ആ ഘട്ടങ്ങള്‍ മറികടക്കാന്‍ എഴുത്തുകാരന് കഴിഞ്ഞിട്ടുണ്ട്.

മനശാസ്ത്രപരമായ ഒരു കഥനശൈലി ഇത്തരം ഒരു വിഷയത്തില്‍ കൈയടക്കത്തോടെ പ്രയോഗിച്ചതിലും എഴുത്തുകാരന്‍ അഭിനന്ദനം അര്‍ഹിക്കുന്നു. എങ്കിലും ഇടയ്ക്കെവിടെയോ വര്‍ത്തമാനത്തില്‍ നിന്നും ഭൂതകാലത്തേക്ക് പോകുന്നതില്‍, ആ ഒരു ശൈലി കൊണ്ട് ഉദ്ദേശിക്കുന്ന സുഖം കിട്ടാതെ പോയി എന്ന് തോന്നി. രാഷ്ട്രീയം സ്ഥിരമായ നയങ്ങളുടെ പ്രയോഗം അല്ല എന്നിരിക്കെ, ചരിത്രത്തിനു സമാന്തരമായി നോവല്‍ കാണിച്ചു കൊണ്ട് വന്ന വര്‍ത്തമാന കാഴ്ചകള്‍, ഒരു സിനിമയുടെ ക്ലൈമാക്സ് പോലെ വികാരപ്രക്ഷുബ്ധമായ രീതിയില്‍ അവസാനിച്ചുവെങ്കിലും, അതുവരെ എഴുത്തുകാരന്‍ പരിചയപ്പെടുത്തിയ വസ്തുതകള്‍ മനസ്സിലുള്ള വായനക്കാരന് സന്തോഷിക്കാനാവില്ല. കാരണം സഖാവിന്റെ ധാര്‍മ്മിക രോഷം നിറഞ്ഞ പ്രസംഗം പ്രസ്ഥാനത്തെ ഏതെങ്കിലും രീതിയില്‍ സ്വാധീനിക്കും എന്ന് ഉറപ്പിക്കാനാവുകയില്ല. ഗോപിയേട്ടന്റെ (സഖാവ് ഗോപി എന്ന് പറയുന്നത് ഒരു അകല്‍ച്ച സൃഷ്ടിക്കുന്നു.) സാന്നിധ്യം നേരിട്ട് അനുഭവിച്ചു. അനുഭവങ്ങളില്‍ സമാനസ്വഭാവമുള്ള ആളുകള്‍ ഉള്ളത് കൊണ്ടാവും.

ശാസ്ത്രത്തിലും അതിന്റെ പ്രയോഗങ്ങളിലും ഉള്ള വൈരുദ്ധ്യങ്ങള്‍ ചൂണ്ടിക്കാണിച്ചതോടൊപ്പം, ഇടതുപക്ഷ പ്രസ്ഥാനങ്ങളോട് അനുഭാവം ഉള്ളവര്‍ക്ക് തോന്നാവുന്ന സാമാന്യ സംശയങ്ങളെ അവയുടെ പ്രായോഗികതയുടെ തലം ചൂണ്ടിക്കാട്ടി വിശദീകരിച്ചതും ഭംഗിയായി. മൊറാഴയും കാവുമ്പായിയും ഒക്കെ നേരിട്ട് കണ്ട പ്രതീതിയായിരുന്നു. സഖാവ് അറക്കല്‍, രൈരു നമ്പ്യാര്‍, തളിയന്‍, വിഷ്ണു ഭാരതീയന്‍ മുതല്‍ ഇങ്ങേയറ്റം ചടയന്‍ ഗോവിന്ദന്‍ വരെയുള്ളവരെ കുറഞ്ഞ സമയം കൊണ്ട് മറന്നു പോകാത്ത വിധം പരിചയപ്പെടുത്തുന്നതില്‍ എഴുത്തുകാരന്‍ വിജയിച്ചു. മാനുഷിക ബന്ധങ്ങളുടെ ആഴവും അര്‍ത്ഥവും വലിയ ചോദ്യങ്ങളായി മുന്നില്‍ നിരന്നു. ഭാര്യമാരുടെ കഥാപാത്രങ്ങള്‍ വേദനയുണ്ടാക്കി, പ്രത്യേകിച്ചും ജാനകി. പിന്നെ, പ്രസവത്തില്‍ മരിച്ചു പോയ ഇരട്ടക്കുട്ടികള്‍, അവിടെ വന്നു കയറിയ ഭര്‍ത്താവിനു നേരെ ഭാര്യ നോക്കിയ നോട്ടം അങ്ങനെ ഹൃദയത്തില്‍ തൊട്ട നിരവധി മുഹൂര്‍ത്തങ്ങള്‍.

തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിത്വം നിഷേധിക്കുമ്പോഴും, പാര്‍ട്ടിയുടെ നയത്തെ ബഹുമാനിക്കുന്ന ഗോപിയേട്ടനെ പോലെയുള്ളവരുടെ സാന്നിധ്യം ആണ് ഇന്നും പാര്‍ട്ടിയുടെ നന്മ എന്ന് ഏതു വായനക്കാരനും തോന്നും. പാര്‍ട്ടി എന്നാല്‍ ജനങ്ങള്‍ ആണ്. ജനങ്ങള്‍ പ്രകൃതിയുടെ ഭാഗമാണ്. മുത്തപ്പന്‍, പ്രകൃതിയുടെ നമുക്ക് തൊട്ടറിയാന്‍ ആവാത്ത നന്മകളുടെ പ്രതീകമാണ്. ഏതൊക്കെ പാതകളിലൂടെ പോയാലും എത്തിച്ചേരുന്ന നന്മ ഒന്ന് തന്നെയെന്നത് സത്യമായിരിക്കുമ്പോള്‍, മുത്തപ്പന്‍ എന്ന ബിംബത്തെ (കഥയില്‍) വസ്തുതകളില്‍ നിന്നും ഒഴിവാക്കാതിരുന്നതും ഭംഗിയായി.

എങ്കിലും, വെറും ക്ലീഷേ ആയിപ്പോയ ഒരു (വര്‍ത്തമാനകാല) പ്രണയം അവതരിപ്പിക്കാന്‍ നോവലിസ്റ്റ് നടത്തിയ ശ്രമങ്ങള്‍ ഒരല്‍പം അരോചകമായി അനുഭവപ്പെട്ടു. എന്റെ അഭിപ്രായത്തില്‍ നോവലിന്റെ ഗതിയില്‍ തീര്‍ത്തും അനാവശ്യമായ ഒരു ഘടകം ആയിപ്പോയെന്ന് തോന്നി. ആ പെണ്‍കുട്ടിയുടെ സാന്നിധ്യം പോലും അവതരിപ്പിക്കാതെ, ആ പ്രണയം പറയാമായിരുന്നു എന്ന് തോന്നി. ഇനി പറഞ്ഞില്ലെങ്കിലും, അത് നോവലിനെ ഒരു തരത്തിലും ബാധിക്കുന്നേയില്ല. പ്രത്യേകിച്ചും വര്‍ത്തമാനകാല ദൃശ്യങ്ങളുടെ നോവലിലെ പരിസമാപ്തി കൂടി കണക്കിലെടുക്കുമ്പോള്‍.

ബൃഹത്തായ ചരിത്രത്തെ, ഒരു ജനതയുടെ പോരാട്ടങ്ങളെ, ഒരു നോവലിന്റെ വിഷയമാക്കാന്‍ തോന്നിപ്പിച്ച പ്രേരണയ്ക്ക് നന്ദി. തുടര്‍ന്നും നല്ല രചനകള്‍ നടത്താന്‍ ഉള്ള സൌകര്യവും സാഹചര്യവും നന്മയും ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു.

Saturday, 25 August 2012

"ഒരു സഖാവിന്റെ വിപ്ലവാന്വേഷണങ്ങള്‍”. പ്രകാശനം.

"ഒരു സഖാവിന്റെ വിപ്ലവാന്വേഷണങ്ങള്‍”  നോവല്‍ പ്രകാശനം, 18-08-2012 നു കണ്ണൂരില്‍ വെച്ചു നടന്നു. പാടിക്കുന്നിലെ പഴയകാല വിപ്ലവകാരി സ: പോതോടി രാഘവന്‍ മാസ്റ്റര്‍ക്ക് ഒരു കോപ്പി നല്‍കി  സി.പി.ഐ.(എം) സംസ്ഥാന സെക്രട്ടറിയറ്റ് അംഗം സ: എം.വി.ഗോവിന്ദനാണ് പ്രകാശനം  ചെയ്തത്. ആ നിമിഷങ്ങളിലേയ്ക്ക്.
 
 
എം.വി.ഗോവിന്ദന്‍ മാസ്റ്ററും കെ.പി. കുഞ്ഞികൃഷ്ണനും
ജയറാം അറാക്കല്‍
ഡോ.കെ.മോഹന്‍ ദാസ്
കെ.പി.കുഞ്ഞികൃഷ്ണന്‍
ശാന്താ കാവുമ്പായി
ശാന്ത കാവുമ്പായി
വേദി
എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ സംസാരിയ്ക്കുന്നു

എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ സംസാരിയ്ക്കുന്നു

പ്രകാശനം

നന്ദി പ്രകാശനം: മിനി ബിജുകുമാര്‍

Saturday, 28 July 2012

പേജറും ഞാനും..

ശ്വാസോച്ഛ്വാസം കഴിഞ്ഞാല്‍ മനുഷ്യര്‍ ഏറ്റവും അത്യാവശ്യമായിക്കാണുന്നത് സംസാരത്തെയാണ്. ഒരു നേരം ഭക്ഷണമോ വെള്ളമോ കിട്ടിയില്ലെങ്കിലും സഹിയ്ക്കാം, എന്നാല്‍ ആരോടെങ്കിലുമൊക്കെ മിണ്ടാതിരിയ്ക്കുന്ന കാര്യം ചിന്തിയ്ക്കാന്‍ പറ്റുമോ? ആരും അടുത്തില്ലെങ്കില്‍ അകലെയുള്ളവരോടു സംസാരിയ്ക്കണം. മനുഷ്യന്റെ സഹജമായ ഗുണവിശേഷമാണ്, സന്തോഷമുള്ളതോ സങ്കടമുള്ളതോ ആയ എന്തെങ്കിലുമൊക്കെ സംഭവിച്ചാല്‍ അടുപ്പമുള്ളവരോട് അതേ പറ്റി രണ്ടുവാക്കു പറയണമെന്ന്. ഈ സ്വഭാവമാണ് ടെണിഫോണിന്റെയും, മൊബൈലിന്റെയും, ചാറ്റിന്റെയും, ഫേസ്ബുക്കിന്റെയുമൊക്കെ വിജയരഹസ്യം.

പ്രായത്തിന്റെ കാര്യത്തില്‍ മുതുമുത്തച്ഛനാണു നമ്മുടെ സാദാ ലാന്‍ഡ് ഫോണ്‍. 1870 കളില്‍ അലക്സാണ്ടര്‍ ഗ്രഹാംബെല്‍ കണ്ടുപിടിച്ച ആ അപ്പൂപ്പന്‍ ഇപ്പോഴും ഇവിടെയൊക്കെ ജീവിച്ചിരിപ്പുണ്ട്. 1973 -ല്‍ മോട്ടോറോള കമ്പനിയിലെ മാര്‍ട്ടിന്‍ കൂപ്പര്‍ അവതരിപ്പിച്ച മൊബൈല്‍ ഫോണ്‍ പിന്നീട് ലോകം കീഴടക്കുന്ന കാഴ്ചയാണു കണ്ടത്. ഇപ്പോള്‍ കക്ഷിയാണ് സൂപ്പര്‍ ഡ്യൂപ്പര്‍ മെഗാസ്റ്റാര്‍..! സാദാ ലാന്‍ഡ് ഫോണില്‍ നിന്നും മൊബൈല്‍ ഫോണിലേയ്ക്കുള്ള നമ്മുടെ നാട്ടിലെ കുടിയേറ്റം നടക്കുന്നത് ഏതാണ്ട് 1990 കളുടെ മധ്യഭാഗത്തോടെയാണ്. അക്കാലത്തെ വിശേഷങ്ങള്‍ കേട്ടാല്‍ പലരും ഇന്നു അമ്പരന്നു പോകും.

അന്ന് ഈയുള്ളവന്‍ സ്വന്തം നാട്ടില്‍ ചില തട്ടുമുട്ടു പരിപാടികളുമായി നടക്കുന്നു. ആദ്യമായി കണ്ട മൊബൈല്‍ ഫോണിനു ഏകദേശം അരക്കിലോ ഭാരമുണ്ടായിരുന്നു. എറിക്സന്‍ എന്നു പേര്. കലമാനിന്റേതു പോലുള്ള നീണ്ട കൊമ്പ്, ആവശ്യാനുസരണം നീട്ടാം. അന്നു മൊബൈല്‍ ടവര്‍ ഉള്ളത് കണ്ണൂര്. അവിടെ നിന്നും 20 കിലോമീറ്ററോളം ഇപ്പുറത്ത് തളിപ്പറമ്പില്‍ ഒരു റിപ്പീറ്ററുണ്ട്.
അവിടെ നിന്നും 23 കിലോമീറ്റര്‍ അകലെ ആലക്കോട് സിഗ്നല്‍ കിട്ടണമെങ്കില്‍ ഒന്നുകില്‍ മലമുകളില്‍ കയറണം, അല്ലെങ്കില്‍ മൂന്നുനിലകെട്ടിടത്തിന്റെ മുകളില്‍ കയറണം. ഈ സാധനവും താങ്ങിയെടുത്ത് കെട്ടിടത്തിനു മുകളില്‍ പോയി നിന്ന്, മിനുട്ടിനു 10 രൂപാ നിരക്കില്‍ അന്നു ഫോണ്‍ വിളിയ്ക്കുന്ന ചിലരുണ്ടായിരുന്നു. (അരിയ്ക്ക്  വില കിലോയ്ക്ക് 6 രൂപ).
പിന്നെ പിന്നെ മൊബൈലിന്റെ തൂക്കം കുറഞ്ഞു തുടങ്ങി. ആയിടെ ഒരു ഗല്‍ഫുകാരന്‍ കൊണ്ടുവന്ന മൊബൈലിനു കാല്‍ക്കിലോയില്‍ താഴെ മാത്രമേ ഭാരമുണ്ടായിരുന്നുള്ളു. 36,000 രൂപയ്ക്കു വേണമെങ്കില്‍ അതെനിയ്ക്കു തരാമെന്നയാള്‍ പറഞ്ഞു..! (അരയേക്കര്‍ സ്ഥലം കിട്ടാന്‍ ഈ കാശുമതി).

ഈയൊരു ഘട്ടത്തിലാണു പുതിയൊരു സാധനം അവതാരമെടുത്തത്. “പേജര്‍” (Pager) അഥവാ “ബീപ്പര്“‍. ഒരു മുഴുത്ത തീപ്പെട്ടിക്കൂടിന്റെ വലുപ്പം. വെയിറ്റ് കുറവ്. പണ്ടത്തെ മൊബലിന്റേതു പോലുള്ള സ്ക്രീന്‍. അക്കാലത്തെ ചിലപത്രാസുകാര്‍ പേജറിനെ അരയില്‍ കെട്ടിയിട്ടു കൊണ്ടു നടന്നു. ഇന്നത്തെ SMS ന്റെ പരിപാടിയാണ് പേജര്‍ നിര്‍വഹിയ്ക്കുന്നത്. ബീപ് ബീപ് എന്നു കേട്ടാല്‍ എടുത്തു ഞെക്കി നോക്കിയാല്‍ ഒരു വരി മെസേജ് കാണാം. ഇതില്‍ കൂടി ഒരു മെസേജ് അയയ്ക്കണമെങ്കില്‍ ചില്ലറ പങ്കപ്പാടൊന്നും പോരാ.  സര്‍വീസ് പ്രൊവൈഡറുടെ (BPL or Escotel) ഫോണിലെയ്ക്കു വിളിച്ച് അയയ്ക്കാനുള്ള മെസേജ് പറഞ്ഞുകൊടുക്കണം, ഒപ്പം കിട്ടേണ്ട പേജര്‍ നമ്പറും. അവരാണ് പേജറിലേയ്ക്ക് മെസേജയയ്ക്കുന്നത്. ചുരുക്കത്തില്‍ ലാന്‍ഡ്ഫോണും, ടെലഗ്രാമും SMSഉം എല്ലാം കൂടി ചേര്‍ന്ന ഒരു അവിയല്‍ സംവിധാനം.

ഈ അരയില്‍കെട്ടുന്ന പത്രാസു കണ്ട്, ഇതെക്കൂട്ടൊരെണ്ണം മേടിച്ചാലോ എന്നൊരു പൂതി എനിയ്ക്കും. അന്വേഷിച്ചപ്പോള്‍ ഏകദേശം 10,000 രൂപാ മുടക്കു വരും..! പേജര്‍ ഭ്രാന്ത് കയറിയ ഞാന്‍ കമ്പനിയില്‍ നിന്നു ക്വൊട്ടേഷന്‍ മേടിച്ച് അടുത്തുള്ള ബാങ്കില്‍ പോയി ലോണ്‍ ചോദിച്ചു.
അതു ഓടിച്ചു നോക്കിയിട്ട് നല്ലവനായ മാനേജര്‍ എന്നോടു ചോദിച്ചു: “ഇയാള്‍ക്കെന്താ ജോലി?”
“ഞാനിങ്ങനെ ചെറിയ പ്ലാനും എസ്റ്റിമേറ്റും ഒക്കെയായി..................” ഞാന്‍ സങ്കോചത്തോടെ പറഞ്ഞു.
“ഇയാള്‍ടെ ജോലിയ്ക്ക് ഇതുകൊണ്ടു വല്ല മെച്ചവും കിട്ടുമോ..?” മാനേജര്‍.
“അങ്ങനെയൊന്നുമില്ല...”
“പിന്നെന്തിനാണ് ഇത്രയും കാശു മുടക്കി ഇതു മേടിയ്ക്കുന്നത്? ഇതൊക്കെ വലിയ വലിയ എക്സിക്യൂട്ടീവുകള്‍ക്കു മാത്രമേ കാര്യമുള്ളു.. പിന്നെ നിര്‍ബന്ധമാണെങ്കില്‍ ഞാന്‍ ലോണ്‍ തരാം..”

ഞാനൊന്നാലോചിച്ചു. അയാള്‍ പറയുന്നതില്‍ കാര്യമില്ലേ..? ഒരു പവന്‍ സ്വര്‍ണം കിട്ടാന്‍ 6000 രൂപാ മതി. 10,000 യ്ക് പേജര്‍ അരയില്‍ കെട്ടുന്നതിലും നല്ലത് ഒന്നരപ്പവന്റെ അരഞ്ഞാണം അറയില്‍ കെട്ടുന്നതല്ലേ? അത്യാവശ്യം വന്നാല്‍ പണയം വെക്കാമല്ലോ..
എന്തായാലും തല്‍ക്കാലം പേജര്‍ പൂതി മാറ്റിവെച്ചു. ഒരു വര്‍ഷം പോലും കഴിഞ്ഞില്ല, പേജര്‍ എന്ന സാധനം അപ്രത്യക്ഷമായി. മൊബൈല്‍ ഇടിച്ചു കയറി. നാട്ടിലെല്ലാവരുടെയും കൈയിലും അരയിലും മൊബൈലുകള്‍  തൂങ്ങി. ഞാന്‍ ആ മാനേജര്‍ക്കു മനസ്സാ നൂറു നന്ദി പറഞ്ഞു. അന്ന് 10,000 രൂപ കടമെടുത്ത് പേജര്‍ മേടിച്ചിരുന്നെങ്കില്‍ വല്ല പട്ടിയെയും എറിയാനല്ലാതെ ആ കുന്ത്രാണ്ടം കൊണ്ടു ഞാന്‍ എന്തുചെയ്തെനേ?

Thursday, 26 July 2012

“ആപേക്ഷികതാ സിദ്ധാന്ത“ത്തെ പറ്റി..

ഒരുമാതിരിപ്പെട്ട മനുഷ്യരുടെ തലച്ചോറിനു ഉള്‍ക്കൊള്ളാവുന്ന ഒന്നല്ല ഐന്‍സ്റ്റീന്റെ “ആപേക്ഷികതാ സിദ്ധാന്തം“ അഥവാ Theory of Relativity. എന്നെപ്പോലെ എട്ടാം ക്ലാസും ഗുസ്തിയും മാത്രം വിദ്യാഭ്യാസമുള്ളവരുടെ കാര്യം പറയുകയും വേണ്ട.
ഭൂമിയില്‍ ജനിച്ച് ജീവിച്ച് മരിയ്ക്കുന്ന നമ്മളെ സംബന്ധിച്ചിടത്തോളം ഇതൊന്നും അറിയേണ്ട കാര്യമേ ഇല്ല. കണ്ണൂരു നിന്നും ആലക്കോടിനു നേരെ പോയാല്‍ 50 കിലോമീറ്റര്‍ എന്നു പറഞ്ഞാല്‍ എങ്ങനെ അളന്നാലും അമ്പതു കിലോമീറ്റര്‍ തന്നെ. മണിക്കൂറില്‍ 60 കിലോമീറ്റര്‍ സ്പീഡില്‍ എങ്ങും നിര്‍ത്താതെ പോയാല്‍ 50 മിനുട്ട് യാത്ര.
അതായത് 50KM/ (60km/hr) = 50 മിനുട്ട്. സംഗതി സിമ്പിള്‍.

എന്നാല്‍ ഭൂമിയില്‍ നിന്നു വെളിയില്‍ കടന്നു ശൂന്യാകാശത്തേയ്ക്കു പോയാല്‍ സംഗതിയെല്ലാം തെറ്റും. ഒരുദാഹരണം പറയാം. ഒരു റെയില്‍ പാളത്തിന്റെ സൈഡിലെ റോഡില്‍ നാലു കാറുകള്‍ ഓടുന്നു എന്നു കരുതുക. കാര്‍ (a)യുടെ വേഗത മിനുട്ടില്‍ 1 കിലോമീറ്റര്‍, (b) മിനുട്ടില്‍ 1.50 കിലോമീറ്റര്‍. (c)യുടെ വേഗത മിനുട്ടില്‍ 2 കിലോമീറ്റര്‍. (d)യുടെ വേഗത മിനുട്ടില്‍ 2.50 കിലോമീറ്റര്‍. അപ്പോള്‍ ഒരു ട്രെയിന്‍ കാറുകള്‍ ഓടൂന്ന ദിശയിലേയ്ക്കു തന്നെ കടന്നു വരുന്നു. അതിന്റെ വേഗത മിനുട്ടില്‍ 2 കിലോമീറ്റര്‍. ട്രെയിനിന്റെ നീളം 1 കിലോമീറ്റര്‍. ഓരോ കാറിനെയും കടന്നു പോകാന്‍ ട്രെയിന്‍ എത്ര സമയം എടുക്കും? ഈ നാലുപേരും തമ്മില്‍ തമ്മില്‍ ഇതിനെ പറ്റി സംസാരിച്ചാല്‍ വലിയ തര്‍ക്കമാകും.
(a)യെ സംബന്ധിച്ച് വെറും അരമിനിട്ടുകൊണ്ട് ട്രെയിന്‍ കടന്നു പോകും. (b)യ്ക്ക്  മുക്കാല്‍ മിനിട്ടു വേണ്ടിവരും. (c)യെ സംബന്ധിച്ച് ട്രെയിന്‍ കടന്നു പോകുകയേ ഇല്ല. (d)യാകട്ടെ ട്രെയിനിനെ കാണുകപോലും ഇല്ല.

ഇതാണു പ്രപഞ്ചത്തെ സംബന്ധിച്ച് നമ്മുടെയും അവസ്ഥ. നമ്മള്‍ ചുറ്റിലും ആകാശത്തുമൊക്കെ കാണുന്നതു നമ്മളെ സംബന്ധിച്ചു മാത്രമുള്ള കാഴ്ചകളാണ്. അതല്ല യാഥാര്‍ത്ഥ്യം. പ്രപഞ്ചത്തില്‍ എല്ലാ വസ്തുക്കളും ചലിച്ചുകൊണ്ടിരിയ്ക്കുന്നു. അവയ്ക്കോരോന്നിനും മറ്റുള്ളവയുമായി വ്യത്യസ്തമായ ആപേക്ഷിക ബന്ധമാണുള്ളത്. നമ്മളും സദാ ചലിയ്ക്കുകയാണ്. അനന്തമായ പ്രപഞ്ചത്തില്‍ സ്ഥിരവേഗമുള്ളത് എന്ന അര്‍ത്ഥത്തില്‍ പ്രകാശത്തെയാണ് ആശ്രയിയ്ക്കാവുന്നത്. ഒരു സെക്കന്‍ഡില്‍ ഏകദേശം 3,00,000 കിലോമീറ്റര്‍. സൂര്യനില്‍ നിന്നും പുറപ്പെടുന്ന പ്രകാശം ഭൂമിയിലെത്താന്‍ 8 മിനുട്ടെടുക്കും. അതായത് നമ്മള്‍ കാണുന്നത് 8 മിനുട്ട് പഴക്കമുള്ള പ്രകാശത്തെയാണ്. നക്ഷത്രങ്ങളെ സംബന്ധിച്ച് വര്‍ഷങ്ങള്‍ പഴക്കമുള്ളവയെ ആണു നാം കാണുന്നത്.  ആ പ്രകാശം നമ്മുടെ കണ്ണിലെത്തുമ്പോള്‍ നമ്മളുടെയും  സൂര്യന്റെയും (നക്ഷത്രത്തിന്റെയും)  സ്ഥാനം യഥാര്‍ത്ഥത്തില്‍ മറ്റൊരിടത്താണ്..!

ഒരു ബലൂണ്‍ വീര്‍ക്കുന്നതു സങ്കല്‍പ്പിയ്ക്കുക. അനുനിമിഷം അതു വലുതായി വരും. അതുപോലെയാണ് സ്പേസിലെ ഒരു ബിന്ദുവില്‍ നിന്നു പ്രകാശം പ്രസരിയ്ക്കുന്നത്. അനുനിമിഷം ആ പ്രസരണ “ഗോളം” വലുതാകും. ഒരു സെക്കന്‍ഡില്‍ മൂന്നുലക്ഷം കിലോമീറ്റര്‍ വച്ച് വ്യാസാര്‍ദ്ധം (Radius) കൂടി വരും. ആ ബിന്ദു പ്രപഞ്ചത്തില്‍ ചലിയ്ക്കുന്നതിനാല്‍ അതിന്റെ സ്ഥാനവും മുന്നോട്ടു നീങ്ങിക്കൊണ്ടേയിരിയ്ക്കും. ഇതിനെ ഒരു ഗ്രാഫ് രൂപത്തിലാക്കിയതു കാണുക.

അനുനിമിഷം വലുതായിവരുന്ന വൃത്തം സൂചിപ്പിയ്ക്കുന്നത് സ്പേസി(Space)ലുള്ള പ്രകാശത്തിന്റെ സഞ്ചാരമാണ്. ഇതു നീളം, വീതി, ഉയരം (3D) ഇവയിലെല്ലാം ഒരു പോലെയാണല്ലോ. സമയം കൂടും തോറും വലുതാകുന്ന വൃത്തങ്ങളെ അടുക്കിവെച്ചാല്‍ ഒരു സ്തൂപിക(Cone)യുടെ രൂപം കിട്ടും. ഈ സ്തൂപികയുടെ നീളം അഥവാ ഉയരമാണു സമയം (Time). അപ്പോള്‍ ഗ്രാഫ് 4D ആയി മാറി. അതായത് പ്രപഞ്ചത്തെ നിര്‍വചിയ്ക്കുന്നത് 3D യിലല്ല, 4Dയിലാണ്. ഇതാണു സ്ഥലകാലം (SpaceTime)

നമ്മളിപ്പോള്‍ കാണുന്ന കാഴ്ച ഒരു ഫോട്ടെയെടുത്താല്‍ കിട്ടുന്നൊരു ഫ്രെയിമാണ്. അതിന്റെ അളവുകളും ബന്ധങ്ങളും നമ്മളെവിടെ നില്‍ക്കുന്നോ ആ സ്ഥലകാലത്തേ ബാധകമാവൂ. മറ്റൊരിടത്ത് മറ്റൊരു ഫ്രെയിമില്‍ (സ്ഥലകാലത്ത്) മറ്റൊരു അളവായിരിയ്ക്കും. ഇങ്ങനെയുള്ള അനന്തമായ ഫ്രെയിമുകളാണ് പ്രപഞ്ചം. അവയിലോരോന്നിലെയും സ്ഥലകാലബന്ധങ്ങള്‍ ആപേക്ഷികമായിരിയ്ക്കും. (കാര്‍-ട്രെയിന്‍ ഓര്‍ക്കുക) ഇതാണു ആപേക്ഷികതയുടെ രത്നച്ചുരുക്കം. അതുകൊണ്ട് നിങ്ങള്‍ കാണുന്നതെല്ലാം നിത്യസത്യമാണെന്നൊന്നും വിചരിയ്ക്കരുത് കേട്ടോ. ഒന്നും സത്യമല്ല, കേവലം ആപേക്ഷികം മാത്രം. വല്ലതും മനസ്സിലായോ? ഇല്ലേ..? എനിയ്ക്കും ഒന്നും മനസ്സിലായിട്ടില്ല....