പുതിയ കഥാസമാഹാരം “രയറൊം കഥകള്‍ " VPP ലഭിയ്ക്കാന്‍ sidrapubications@gmail

Friday 24 May 2013

മൂകാംബിക - കുടജാദ്രി - മുരുഡേശ്വർ

യാത്രകള്‍ എന്നും എന്റെ ഹരമാണ്. വിദൂരയാത്രകളുടെ ത്രില്‍ അനുഭവിയ്ക്കണമെങ്കില്‍ ഒറ്റയ്ക്കു പോകണം. അല്ലെങ്കില്‍ ഒരാള്‍ കൂടിയാവാം, നല്ല മാനസിക പൊരുത്തമുള്ള ഒരാള്‍ . ഈ വെക്കേഷന്‍ കാലത്ത് ഞാന്‍ കുടുംബസമേതം കുറേ യാത്രകള്‍ നടത്തി. അക്കാര്യങ്ങളെ പറ്റി പിന്നീടെഴുതാം. മനസ്സിനെ ഒരു പാടു സ്പര്‍ശിച്ച ഒരു പാട്ടുണ്ട്, അന്തരിച്ച ഗായിക സ്വര്‍ണലത ആലപിച്ചത്.” “കുടജാദ്രിയില്‍ കുടികൊള്ളുമാ കൊടമഞ്ഞു പോലെയീ പ്രണയം തഴുകുന്നു എന്നെ പൊതിയുന്നു....” ഈ പാട്ടില്‍ പറയുന്ന കുടജാദ്രി ഏറെക്കാലമായി മനസ്സിനെ മോഹിപ്പിയ്ക്കുന്നൊരു കുളിര്‍ സ്വപ്നമാണു. എന്നെങ്കിലും ഒറ്റയ്ക്കവിടൊന്നു പോകണമെന്നുണ്ടായിരുന്നു. ഇത്തവണ അതു സാധ്യമല്ല എന്നു തന്നെ കരുതിയിരിയ്ക്കുമ്പൊഴാണു വകയില്‍ സഹോദരനായ (കസിന്‍ ബ്രദര്‍ )സാബിയോയുടെ ക്ഷണം. “ബിജുചേട്ടാ മൂകാംബികയ്ക്കു പോയാലോ?” പിന്നെന്തു നോക്കാന്‍..?

ഈ സംഭാഷണം നടന്നതിന്റെ രണ്ടാം ദിവസം രാത്രി ഒമ്പതേകാലിനു ഞാനും അവനും കൂടി പയ്യന്നൂര്‍ റെയില്‍‌വേ സ്റ്റേഷനില്‍ മംഗലാപുരത്തിനുള്ള നേത്രാവതി എക്സ്പ്രസ് കാത്തു നില്‍ക്കുകയാണ്, മൂകാംബിക ലക്ഷ്യമാക്കി. രാത്രി മംഗലാപുരത്തുനിന്നും ബസുകിട്ടും എന്ന സാബിയോയുടെ ജെനറല്‍ നോളജിനെ മാത്രം ആശ്രയിച്ചാണു ഈ രാത്രിയാത്ര. മംഗലാപുരം റെയില്‍‌വേ സ്റ്റേഷനിലെ മുട്ടാളന്മാരായ ഓട്ടോക്കാരോടു തര്‍ക്കിച്ച് തര്‍ക്കിച്ച് കെ.എസ്.ആര്‍.ടി.സി ബസ്റ്റേഷനില്‍ എത്തിയപ്പോള്‍ സമയം പതിനൊന്നര. ഇനി കൊല്ലൂര്‍ മൂകാംബികയ്ക്കു ബസ് രാവിലെ അഞ്ചരയ്ക്കേയുള്ളു എന്ന അറിവ് കിട്ടിയനിമിഷം സാബിയോയുടെ മുഖത്തൊരു സഹതാപാര്‍ഹമായ ചിരി വന്നു. ബസ് സ്റ്റാന്‍ഡില്‍ കിടന്നുറങ്ങിയേനേ, ചക്കക്കുരുപോലുള്ള ആ കൊതുകുകള്‍ ഇല്ലായിരുന്നെങ്കില്‍ . അവിടെ തന്നെ യാത്രിനിവാസുണ്ട്. 150 രൂപയ്ക്ക് കിടക്കാന്‍ ബെഡു കിട്ടും. നല്ല വൃത്തിയുള്ള ടോയിലറ്റും കുളിമുറികളും. യാത്രി നിവാസില്‍ സുഖമായി കിടന്നുറങ്ങി. രാവിലെ ആറരയോടെ കൊല്ലൂര്ക്കുള്ള ഒരു പ്രൈവറ്റ് എക്സ്പ്രസ് ബസില്‍ കയറിപറ്റി. എക്സ്പ്രസെന്ന പേരും ചാര്‍ജും ഒകെയുണ്ടെങ്കിലും ഓട്ടോയില്‍ മത്തിക്കച്ചവടം നടത്തുന്നമാതിരി വഴിനീളെ ആളെവിളിച്ചുകയറ്റി ഇഴഞിഴഞ്ഞാണു പോക്ക്. പതിനൊന്നരയോടെ മൂകാംബികയിലെത്തുമ്പോള്‍ ക്ഷീണിച്ചു വശം കെട്ടിരുന്നു. നല്ല ഉച്ചവെയില്‍. ബസ് സ്റ്റാന്‍ഡില്‍ നിന്നും അരകിലോമീറ്ററോളം പോകണം അമ്പലത്തിലേയ്ക്ക്. ഇനിയുള്ള കാഴ്ചകള്‍ ചിത്രങ്ങളിലൂടെ.

മൂകാംബിക ക്ഷേത്രത്തിന്റെ മുന്‍‌വശം മേല്‍ക്കൂര.
 
ക്ഷേത്രത്തിനുള്‍വശം. കേരളത്തിലെതുപോലെ ഇവിടെ ചിത്രങ്ങളെടുക്കുന്നതിനു വിലക്കൊന്നുമില്ല. (എന്നാല്‍ ശ്രീകോവില്‍ ഭാഗത്ത് പാടില്ല)
ദേവി ദര്‍ശനത്തിന്റെ തിരക്ക് കഴിഞ്ഞിട്ട് പുറത്തിറങ്ങി വിശ്രമിയ്ക്കുന്നവര്‍ .
 സത്യം പറയാമല്ലോ, പേരും പ്രശസ്തിയും വച്ചുനോക്കുമ്പോള്‍ വമ്പനൊരു അമ്പലമായിരുന്നു എന്റെ മനസ്സിലുണ്ടായിരുന്നത്. എന്നാല്‍ നേരില്‍ കണ്ടപ്പോള്‍ അത്ര വലുപ്പമൊന്നും തോന്നിയില്ല. 
അമ്പലമുറ്റത്ത് ഒരു പോസ്.
 
ക്ഷേത്രമുറ്റത്ത് കന്നഡ കല്യാണങ്ങള്‍ .
 സമയം ഉച്ചയായല്ലോ. അടുത്തുകണ്ട ഒരു കേരളഹോട്ടലില്‍ കയറി സമൃദ്ധമായ ഊണു കഴിച്ചു. അങ്ങകലെ നീലനിറത്തില്‍ കുടജാദ്രി മലനിരകള്‍ എന്നെ മോഹിപ്പിച്ചു കൊണ്ടിരുന്നു. അങ്ങോട്ടുള്ള യാത്രയെ പറ്റി ഹോട്ടല്‍കാരനോടു ചോദിച്ചപ്പോള്‍ അയാള്‍ ഒരു ജീപ്പുകാരനെ കാണിച്ചു തന്നു. അങ്ങോട്ടു ചെന്നു. അയാളുടെ പഴയ മഹീന്ദ്ര ജീപ്പിനു സമീപം ആറു പേരടങ്ങുന്ന ഒരു കുടുംബം നില്‍പ്പുണ്ട്. ഞങ്ങളെ കണ്ട് ജീപ്പുകാരന്‍ വിളിച്ചു ‘കുടജാദ്രി..കുടജാദി...” ഒരാള്‍ക്ക് നാനൂറു രൂപയാണു ചാര്‍ജ്. മൊത്തം എട്ടുപേരെങ്കിലും വേണം. ടാക്സിയായി വിളിച്ചു പോകണമെങ്കില്‍ 3200 രൂപ. മൂകാമ്പികയില്‍ നിന്നും കുടജാദ്രിയ്ക്ക് 40 കിലൊമീറ്ററില്‍ താഴെയേ ദൂരമുള്ളു. എന്നാല്‍ ആ വഴി പണി നടക്കുന്നതിനാല്‍ അടച്ചിരിയ്ക്കുകയാണു. വേറെ വഴിയില്‍ കൂടി പോകുമ്പോള്‍ 110 കിലോമീറ്റര്‍ ദൂരമുണ്ട്. ഉദ്ദേശം മൂന്നര മണിക്കൂര്‍ സമയമെടുക്കും കുടജാദ്രിയെത്താന്‍. എന്തായാലും ഞങ്ങള്‍ എട്ടുപേര്‍ യാത്ര ആരംഭിച്ചു. ഞങ്ങളുടെ കൂട്ടാളികളെ പരിചയപ്പെട്ടു. ആലപ്പുഴക്കാരാണ്. ബ്ലോക്കോഫീസര്‍ വിജയന്‍ ചേട്ടനും ഭാര്യയും രണ്ടുപേരുടെയും അമ്മമാരും പിന്നെ രണ്ടു മക്കളും. ഞങ്ങള്‍ പെട്ടെന്നു കമ്പനിയായി. ടാര്‍ റോഡു വഴിയുള്ള ദീര്‍ഘദൂര യാത്രയ്ക്കു ശേഷം ജീപ്പ് കുടജാദ്രി മലകയറ്റം ആരംഭിച്ചു. 
റോഡിനും തോടിനുമിടയ്ക്കുള്ള ഏതോ ഗണത്തില്‍ പെടുത്താവുന്ന ആ വനപാതയിലൂടെ കല്ലിലും കുഴിയിലും ചാടിത്തുള്ളിമറിഞ്ഞ് ഡെസെര്‍ട്ട് സഫാരിയെ അനുസ്മരിപ്പിയ്ക്കുന്ന ഈ യാത്ര അപാരം അവര്‍ണനീയം..!
 
ജീപ്പ് ഡ്രൈവര്‍ ചന്ദ്രശേഖര, സാബിയോ, ഞാന്‍. കുടജാദ്രി മലമുകളില്‍ .

കുടജാദ്രിയിലെത്തിയാല്‍ ആദ്യം കാണുന്ന ക്ഷേത്രം. വരുന്ന ഓരോ ആളെയും പൂജാരി അമ്പലത്തിലെയ്ക്കു ക്ഷണിയ്ക്കും. മധുരമായി സംസാരിയ്ക്കും. ഒടുക്കം പൂജകളുടെ നിരക്കും പറയും.

ഇതു തൊട്ടുമുകളിലുള്ള മറ്റൊരു ക്ഷേത്രം. ആ മുണ്ടുടുത്തു നില്‍ക്കുന്നത് മറ്റൊരു പൂജാരി. മൂകാമ്പികയുടെ മൂലസ്ഥാനം ഈ ക്ഷേത്രമാണെന്നാണു അദ്ദേഹം പറയുന്നത്.

അവിടെ തന്നെയുള്ള കുളം. ആ ഗേറ്റിനു പിന്നില്‍ കാണുന്ന ഗുഹയിലൂടെയാണു ജലം പ്രവഹിയ്ക്കുന്നത്.


തുടര്‍ന്ന് ഞങ്ങള്‍ മലമുകളിലെവിടെയോ ഉള്ള “ശ്രീ ശങ്കര സര്‍വജ്ഞപീഠം” കാണാന്‍ കയറ്റം തുടങ്ങി. അല്പം അങ്ങു കയറിയപ്പോള്‍ അവാച്യമായൊരു കാഴ്ചയാണു എതിരേറ്റത്. അങ്ങഗാധതയില്‍ നിന്നും പുകഞ്ഞുകയറിവരുന്ന കോടമഞ്ഞ്..! സൂര്യപ്രഭയില്‍ അതു വെട്ടിത്തിളങ്ങി....

മഞ്ഞിറങ്ങിയ മലഞ്ചെരുവിലൂടെ ഞങ്ങള്‍ സര്‍വജ്ഞപീഠത്തിലേയ്ക്ക്....

മഞ്ഞിറങ്ങിയ മലഞ്ചെരുവിലൂടെ ഞങ്ങള്‍ സര്‍വജ്ഞപീഠത്തിലേയ്ക്ക്....

കുടജാദ്രിയുടെ വന്യസൌന്ദര്യം....
ആവൂ.. നടന്നു നടന്നു മടുത്തു. ഒരു മലയെ കീഴടക്കി കഴിഞ്ഞപ്പോള്‍ അതാ ഒന്നാംതരം സംഭാരവുമായി ഒരു യുവാവ്. മടിച്ചില്ല, ഞങ്ങളെല്ലാം സംഭാരവും മുളകുപൊടി തൂവിയ കക്കിരിയ്ക്കയും കഴിച്ചു.
കുറച്ചുകൂടി കയറിയപ്പോള്‍ മലഞ്ചെരുവില്‍ കാടിനോട് ചേര്‍ന്ന് ഒരു ഗുഹ.

വീണ്ടും സര്‍വജ്ഞപീഠം തേടി യാത്ര...

വിടാതെ പിന്തുടരുന്ന മഞ്ഞിന്റെ ഇളം കൈകള്‍ ...
കയറാന്‍ തുടങ്ങിയിട്ട് ഏറെ നേരമായി. അതാ മഞ്ഞിനിടയില്‍ അകലെ എന്തോ കാണുന്നു..
ഓ...കോടമഞ്ഞും സൂര്യപ്രഭയും കൈകോര്‍ത്തു പിടിച്ച സര്‍വജ്ഞപീഠം ഇതാ.....

കൃഷ്ണശിലയില്‍ തീര്‍ത്ത ചെറിയൊരു ക്ഷേത്രരൂപമാണ് സര്‍വജ്ഞപീഠം. ഭക്തനായ ഞങ്ങളുടെ ഡ്രൈവര്‍ ചന്ദ്രശേഖര അവിടെ നമസ്കരിയ്ക്കുന്നു.
കൃഷ്ണശിലയുടെ ഒരംശം പോലുമില്ലാത്ത ഇവിടെ ഈ മന്ദിരം എങ്ങനെ പണിതു എന്നു അത്ഭുതം തോന്നാതിരുന്നില്ല. 

മഞ്ഞില്‍ കുളിച്ച സര്‍വജ്ഞപീഠം. കുറേ നേരം അവിടെ ചിലവഴിച്ച ശേഷം ഞങ്ങള്‍ മലയിറക്കം തുടങ്ങി.

താഴെ കുടജാദ്രിയിലെത്തുമ്പോള്‍ അസ്തമയസൂര്യന്‍ അവിടെയാകെ ചെമ്പട്ടു പുതപ്പിച്ചിരുന്നു. കണ്ണിനെയും കരളിനെയും കുളിര്‍പ്പിയ്ക്കുന്ന അപൂര്‍വ കാഴ്ച.
 കണ്ണിനെയും കരളിനെയും കുളിര്‍പ്പിയ്ക്കുന്ന അപൂര്‍വ കാഴ്ച.
കുടജാദ്രിയോട് വിടപറയുന്ന തീര്‍ത്ഥാടകര്‍ .

വിടവാങ്ങും മുന്‍പ് ഒന്നുകൂടി തിരിഞ്ഞു നോക്കി. യോഗ നിദ്രയിലെന്നപോലെ ശാന്തതയില്‍ ലയിച്ച കുടജാദ്രി. ഇനിയും വരുമെന്ന വാഗ്ദാനത്തോടെ ഞങ്ങള്‍ മൂകാംബിക ലക്ഷ്യമാക്കി പ്രയാണമാരംഭിച്ചു.  

 അന്നു രാത്രി മൂകാമ്പികയിലെ വാടക തുച്ഛമായ ഒരു മുറിയില്‍ ഞാനും സാബിയോയും സുഖമായി ഉറങ്ങി. ഫാന്‍ ഇല്ലാതിരുന്നിട്ടും സമീപത്തെ കാടിന്റെ ശീതളിമ ഉഷ്ണം ശമിപ്പിച്ചു. ചില കൊതുകുകള്‍ രാത്രി സന്ദര്‍ശനം നടത്തിയ വിവരം ഞങ്ങള്‍ അറിഞ്ഞതേയില്ല. പിറ്റേന്നത്തെ യാത്ര മുരുഡേശ്വര്‍ എന്ന ക്ഷേത്ര വിസ്മയം കാണാനായിരുന്നു. മൂകാംബികയില്‍ നിന്നും “ബൈന്ദൂരു” എന്ന സ്ഥലത്തേയ്ക്ക് ബസ് കയറി. 26 കിലോമീറ്റര്‍. അവിടെ നിന്നും “ബട്കല്” എന്ന സ്ഥലത്തേയ്ക്ക് ടെമ്പോ യാത്ര. 15 രൂപ മാത്രം. ബട്കലില്‍ നിന്നും വീണ്ടും ടെമ്പോ യാത്ര, മുരുഡേശ്വര്‍ ക്ഷേത്രത്തിലെയ്ക്ക്.  20 കിലോമീറ്ററില്‍ താഴെ ദൂരം. ദൂരെ നിന്നേ കാണാമായിരുന്നു ക്ഷേത്ര ഗോപുരം.

യാത്ര അവസാനിച്ച തെരുവിനു സമീപം വലിയൊരു ക്ഷേത്രക്കുളം.

തെരുവിലെ മീന്‍ വില്പനക്കാരികള്‍.


അല്പം കൂടി നടന്നപ്പോള്‍ അതാ മുരുഡേശ്വര്‍ ക്ഷേത്ര ഗോപുരം.

അടുത്തെത്തുമ്പോഴാണ് ഗോപുരത്തിന്റെ വലുപ്പം അത്ഭുതപ്പെടുത്തുന്നത്.

ഗോപുരത്തിനുള്ളിലെ കവാടം വഴി അകത്തെയ്ക്കു ചെല്ലുമ്പോള്‍ പിന്‍ ഭാഗത്ത് കൂറ്റന്‍ ശിവ പ്രതിമ.

ക്ഷേത്രത്തിന്റെ ഉള്‍വശം.

ക്ഷേത്രത്തിനു സമീപമുള്ള കടലില്‍ റിസോര്‍ട്ടുകളും ഉല്ലാസത്തോണികളുമൊക്കെയുണ്ട്. ആകെയൊരു പിക്നിക് മൂഡാണു എല്ലാവര്‍ക്കും.

വിദേശികള്‍ പൊസു ചെയ്യുന്നു.

ഏഷ്യയിലെ ( അതോ ലോകത്തെയോ) എറ്റവും വലിയ ശിവപ്രതിമ.

ശിവപ്രതിമയുടെ അടിവശത്ത് വിശാലമായൊരു എക്സിബിഷന്‍ ഗുഹയുണ്ട്. മൊത്തം എയര്‍കണ്ടീഷന്‍ ചെയ്തിരിയ്ക്കുന്നു. 10 രൂപ ടിക്കറ്റെടുത്താല്‍ ഉള്ളില്‍ കയറാം.

“ ഗുഹ”യ്ക്കുള്ളില്‍ ..

പുറത്തെ ഭീമന്‍ ഗോപുരത്തിനുള്ളില്‍ ലിഫ്റ്റ് സംവിധാനം ഉണ്ട്. 10 രൂപ മുടക്കിയാല്‍ 18 ആം നിലയില്‍ നിന്നു കൊണ്ട് ശിവപ്രതിമയെ വീക്ഷിയ്ക്കാം.

തൊട്ടടുത്ത കടലില്‍ ഉല്ലാസനൌകകള്‍ പായുന്നു...

കാഴ്ചകള്‍ എല്ലാം കണ്ടിറങ്ങുമ്പോള്‍ സമയം നട്ടുച്ച. ഭയങ്കരദാഹം. അതാ ഒന്നാംതരം കരിമ്പിന്‍ ജ്യൂസ്...!
ഒരു മണിയോടെ മുരുഡേശ്വറിനു വിട ചൊല്ലി....
 മുരുഡേശ്വറിനടുത്തു തന്നെ ഒരു കൊച്ചു റെയില്‍ വേ സ്റ്റേഷനുണ്ട്. ഓട്ടോ പിടിച്ച് അവിടെ ചെന്നു. വിജനമായ സ്റ്റേഷനില്‍ ഒരു യുവതിയായ ഉദ്യോഗസ്ഥ മാത്രം. ഇനി വൈകിട്ടു നാലരയ്ക്കേ മംഗലാപുരത്തിനു തീവണ്ടിയുള്ളു എന്നവര്‍ പറഞ്ഞു. ഞങ്ങള്‍ ഇറങ്ങി മംഗലാപുരം ഹൈവേയില്‍ വന്നു നിന്നു. ബസ് കിട്ടിയാല്‍ ഭാഗ്യം. നല്ല വെയില്‍, ചൂടുകാറ്റും. അവിടെ നില്‍ക്കുമ്പോഴാണ് രണ്ടു ചെറുപ്പക്കാരെ കണ്ടത്. ബസിവിടെ നിര്‍ത്തുമോ എന്ന് ഞാന്‍ മുറി ഹിന്ദിയില്‍ ചോദിച്ചു. അവര്‍ തലയാട്ടി. “നിര്‍ത്തുമായിരിയ്ക്കും അല്ലേടാ..” അവര്‍ പരസ്പരം പിറുപിറുത്തതു ഞാന്‍ കേട്ടു. പരിചയപെട്ടു സംസാരിച്ചപ്പോഴാണ് രണ്ടും കണ്ണൂരുകാര്‍. മൂകാംബിക, കുടജാദ്രി, മുരുഡേശ്വര്‍ റൂട്ടില്‍ തന്നെ എത്തിയവര്‍. പിന്നെ ഞങ്ങള്‍ നാലുപേരും കൂടെയായി ബസ് കാത്തു നില്പ്. അപ്പോഴാണ് ഒരു ബൊലോറോ ജീപ്പ് പാഞ്ഞുവന്ന് ചവിട്ടിയിട്ട് “മാംഗളൂര്‍.. മാംഗളൂര്‍” എന്നു പറഞ്ഞത്. ബസ് കൂലി കൊടുത്താല്‍ മതി എന്ന് ഡ്രൈവര്‍ പറഞ്ഞു. സന്തോഷത്തോടെ ഞങ്ങള്‍ ചാടിക്കയറി. മറാട്ടിയായ ഡ്രൈവറോട് സംസരിച്ചു വന്നപ്പോള്‍ മനസ്സിലായി വണ്ടി കേരളത്തിലേയ്ക്കാണ്. മഹീന്ദ്രാ ഫാക്ടറിയില്‍ നിന്നും കേരളാപോലീസിനു വേണ്ടി കൊണ്ടു പോകുന്ന വണ്ടിയാണ്. ഇതുപോലെ കുറേയെണ്ണം മുന്‍പിലും പുറകിലും ഉണ്ട്. എന്തായാലും യാത്ര നല്ലൊരുല്ലാസയാത്രയായി...
ഒരിയ്ക്കലും മറക്കാത്ത ഓര്‍മ്മകളോടെ ഞങ്ങള്‍ നാട്ടിലേയ്ക്ക്.........


8 comments:

  1. kudagathiryil nadananu pokendanu....... ente last vacation n njanum poyarunu eppo avide road repairing nadakuanu,....................

    ReplyDelete
  2. നല്ല യാത്ര
    നല്ല വിവരണം


    ഇമ്മിണി ബല്യ ശിവന്‍

    ReplyDelete
  3. നല്ല വിവരണം.

    ReplyDelete
  4. കിടിലന്‍ യാത്ര ആയിരുന്നെന്ന് തോന്നുന്നല്ലോ

    വിവരണം നന്നായി, ചിത്രങ്ങളും :)

    ReplyDelete
  5. കുടജാദ്രിയിലേക്കുള്ള ജീപ് യാത്ര രസകരം തന്നെയാണ്‌ . പക്ഷെ അതിലും രസകരമാണ്‌ നടന്നുള്ള മല കയറ്റം. സുഹൃത്തുക്കളുടെ കൂറ്റെ ഒരു തവന അങ്ങനെയും പോയിട്ടുണ്ട്. ഒരുപാട് വെള്ളച്ചാട്ടങ്ങളൊക്കെയുള്ള കാട്ടു വഴിയിലൂടെ.. ഏതാണ്ട് 14 കി.മി യേ നടക്കാനുണ്ടാകുള്ളൂ..

    ReplyDelete
  6. ശിവന്റെ അമ്പലത്തെ കുറിച്ച് ഇപ്പോള്‍ ഒരു പോസ്റ്റ്‌ വായിച്ചതേ ഉളൂ.
    കുടജാദ്രി പോണം എന്ന് മനസിലുണ്ട്. എന്ന് നടക്കുമോ എന്നറിയില്ല.

    ReplyDelete
  7. നല്ല വിവരണം

    ReplyDelete
  8. നല്ല വിവരണം

    ReplyDelete

കമന്റിലെ അക്ഷരങ്ങള്‍ക്ക് നിറം നല്‍കാന്‍ [co="red"]Type Text here[/co] . ഇവിടെ red എന്നതിനു പകരം മറ്റ് നിറങ്ങള്‍ നല്‍കിയാല്‍ മതിയാകും.