പുതിയ കഥാസമാഹാരം “രയറൊം കഥകള്‍ " VPP ലഭിയ്ക്കാന്‍ sidrapubications@gmail

Saturday 28 July 2012

പേജറും ഞാനും..

ശ്വാസോച്ഛ്വാസം കഴിഞ്ഞാല്‍ മനുഷ്യര്‍ ഏറ്റവും അത്യാവശ്യമായിക്കാണുന്നത് സംസാരത്തെയാണ്. ഒരു നേരം ഭക്ഷണമോ വെള്ളമോ കിട്ടിയില്ലെങ്കിലും സഹിയ്ക്കാം, എന്നാല്‍ ആരോടെങ്കിലുമൊക്കെ മിണ്ടാതിരിയ്ക്കുന്ന കാര്യം ചിന്തിയ്ക്കാന്‍ പറ്റുമോ? ആരും അടുത്തില്ലെങ്കില്‍ അകലെയുള്ളവരോടു സംസാരിയ്ക്കണം. മനുഷ്യന്റെ സഹജമായ ഗുണവിശേഷമാണ്, സന്തോഷമുള്ളതോ സങ്കടമുള്ളതോ ആയ എന്തെങ്കിലുമൊക്കെ സംഭവിച്ചാല്‍ അടുപ്പമുള്ളവരോട് അതേ പറ്റി രണ്ടുവാക്കു പറയണമെന്ന്. ഈ സ്വഭാവമാണ് ടെണിഫോണിന്റെയും, മൊബൈലിന്റെയും, ചാറ്റിന്റെയും, ഫേസ്ബുക്കിന്റെയുമൊക്കെ വിജയരഹസ്യം.

പ്രായത്തിന്റെ കാര്യത്തില്‍ മുതുമുത്തച്ഛനാണു നമ്മുടെ സാദാ ലാന്‍ഡ് ഫോണ്‍. 1870 കളില്‍ അലക്സാണ്ടര്‍ ഗ്രഹാംബെല്‍ കണ്ടുപിടിച്ച ആ അപ്പൂപ്പന്‍ ഇപ്പോഴും ഇവിടെയൊക്കെ ജീവിച്ചിരിപ്പുണ്ട്. 1973 -ല്‍ മോട്ടോറോള കമ്പനിയിലെ മാര്‍ട്ടിന്‍ കൂപ്പര്‍ അവതരിപ്പിച്ച മൊബൈല്‍ ഫോണ്‍ പിന്നീട് ലോകം കീഴടക്കുന്ന കാഴ്ചയാണു കണ്ടത്. ഇപ്പോള്‍ കക്ഷിയാണ് സൂപ്പര്‍ ഡ്യൂപ്പര്‍ മെഗാസ്റ്റാര്‍..! സാദാ ലാന്‍ഡ് ഫോണില്‍ നിന്നും മൊബൈല്‍ ഫോണിലേയ്ക്കുള്ള നമ്മുടെ നാട്ടിലെ കുടിയേറ്റം നടക്കുന്നത് ഏതാണ്ട് 1990 കളുടെ മധ്യഭാഗത്തോടെയാണ്. അക്കാലത്തെ വിശേഷങ്ങള്‍ കേട്ടാല്‍ പലരും ഇന്നു അമ്പരന്നു പോകും.

അന്ന് ഈയുള്ളവന്‍ സ്വന്തം നാട്ടില്‍ ചില തട്ടുമുട്ടു പരിപാടികളുമായി നടക്കുന്നു. ആദ്യമായി കണ്ട മൊബൈല്‍ ഫോണിനു ഏകദേശം അരക്കിലോ ഭാരമുണ്ടായിരുന്നു. എറിക്സന്‍ എന്നു പേര്. കലമാനിന്റേതു പോലുള്ള നീണ്ട കൊമ്പ്, ആവശ്യാനുസരണം നീട്ടാം. അന്നു മൊബൈല്‍ ടവര്‍ ഉള്ളത് കണ്ണൂര്. അവിടെ നിന്നും 20 കിലോമീറ്ററോളം ഇപ്പുറത്ത് തളിപ്പറമ്പില്‍ ഒരു റിപ്പീറ്ററുണ്ട്.
അവിടെ നിന്നും 23 കിലോമീറ്റര്‍ അകലെ ആലക്കോട് സിഗ്നല്‍ കിട്ടണമെങ്കില്‍ ഒന്നുകില്‍ മലമുകളില്‍ കയറണം, അല്ലെങ്കില്‍ മൂന്നുനിലകെട്ടിടത്തിന്റെ മുകളില്‍ കയറണം. ഈ സാധനവും താങ്ങിയെടുത്ത് കെട്ടിടത്തിനു മുകളില്‍ പോയി നിന്ന്, മിനുട്ടിനു 10 രൂപാ നിരക്കില്‍ അന്നു ഫോണ്‍ വിളിയ്ക്കുന്ന ചിലരുണ്ടായിരുന്നു. (അരിയ്ക്ക്  വില കിലോയ്ക്ക് 6 രൂപ).
പിന്നെ പിന്നെ മൊബൈലിന്റെ തൂക്കം കുറഞ്ഞു തുടങ്ങി. ആയിടെ ഒരു ഗല്‍ഫുകാരന്‍ കൊണ്ടുവന്ന മൊബൈലിനു കാല്‍ക്കിലോയില്‍ താഴെ മാത്രമേ ഭാരമുണ്ടായിരുന്നുള്ളു. 36,000 രൂപയ്ക്കു വേണമെങ്കില്‍ അതെനിയ്ക്കു തരാമെന്നയാള്‍ പറഞ്ഞു..! (അരയേക്കര്‍ സ്ഥലം കിട്ടാന്‍ ഈ കാശുമതി).

ഈയൊരു ഘട്ടത്തിലാണു പുതിയൊരു സാധനം അവതാരമെടുത്തത്. “പേജര്‍” (Pager) അഥവാ “ബീപ്പര്“‍. ഒരു മുഴുത്ത തീപ്പെട്ടിക്കൂടിന്റെ വലുപ്പം. വെയിറ്റ് കുറവ്. പണ്ടത്തെ മൊബലിന്റേതു പോലുള്ള സ്ക്രീന്‍. അക്കാലത്തെ ചിലപത്രാസുകാര്‍ പേജറിനെ അരയില്‍ കെട്ടിയിട്ടു കൊണ്ടു നടന്നു. ഇന്നത്തെ SMS ന്റെ പരിപാടിയാണ് പേജര്‍ നിര്‍വഹിയ്ക്കുന്നത്. ബീപ് ബീപ് എന്നു കേട്ടാല്‍ എടുത്തു ഞെക്കി നോക്കിയാല്‍ ഒരു വരി മെസേജ് കാണാം. ഇതില്‍ കൂടി ഒരു മെസേജ് അയയ്ക്കണമെങ്കില്‍ ചില്ലറ പങ്കപ്പാടൊന്നും പോരാ.  സര്‍വീസ് പ്രൊവൈഡറുടെ (BPL or Escotel) ഫോണിലെയ്ക്കു വിളിച്ച് അയയ്ക്കാനുള്ള മെസേജ് പറഞ്ഞുകൊടുക്കണം, ഒപ്പം കിട്ടേണ്ട പേജര്‍ നമ്പറും. അവരാണ് പേജറിലേയ്ക്ക് മെസേജയയ്ക്കുന്നത്. ചുരുക്കത്തില്‍ ലാന്‍ഡ്ഫോണും, ടെലഗ്രാമും SMSഉം എല്ലാം കൂടി ചേര്‍ന്ന ഒരു അവിയല്‍ സംവിധാനം.

ഈ അരയില്‍കെട്ടുന്ന പത്രാസു കണ്ട്, ഇതെക്കൂട്ടൊരെണ്ണം മേടിച്ചാലോ എന്നൊരു പൂതി എനിയ്ക്കും. അന്വേഷിച്ചപ്പോള്‍ ഏകദേശം 10,000 രൂപാ മുടക്കു വരും..! പേജര്‍ ഭ്രാന്ത് കയറിയ ഞാന്‍ കമ്പനിയില്‍ നിന്നു ക്വൊട്ടേഷന്‍ മേടിച്ച് അടുത്തുള്ള ബാങ്കില്‍ പോയി ലോണ്‍ ചോദിച്ചു.
അതു ഓടിച്ചു നോക്കിയിട്ട് നല്ലവനായ മാനേജര്‍ എന്നോടു ചോദിച്ചു: “ഇയാള്‍ക്കെന്താ ജോലി?”
“ഞാനിങ്ങനെ ചെറിയ പ്ലാനും എസ്റ്റിമേറ്റും ഒക്കെയായി..................” ഞാന്‍ സങ്കോചത്തോടെ പറഞ്ഞു.
“ഇയാള്‍ടെ ജോലിയ്ക്ക് ഇതുകൊണ്ടു വല്ല മെച്ചവും കിട്ടുമോ..?” മാനേജര്‍.
“അങ്ങനെയൊന്നുമില്ല...”
“പിന്നെന്തിനാണ് ഇത്രയും കാശു മുടക്കി ഇതു മേടിയ്ക്കുന്നത്? ഇതൊക്കെ വലിയ വലിയ എക്സിക്യൂട്ടീവുകള്‍ക്കു മാത്രമേ കാര്യമുള്ളു.. പിന്നെ നിര്‍ബന്ധമാണെങ്കില്‍ ഞാന്‍ ലോണ്‍ തരാം..”

ഞാനൊന്നാലോചിച്ചു. അയാള്‍ പറയുന്നതില്‍ കാര്യമില്ലേ..? ഒരു പവന്‍ സ്വര്‍ണം കിട്ടാന്‍ 6000 രൂപാ മതി. 10,000 യ്ക് പേജര്‍ അരയില്‍ കെട്ടുന്നതിലും നല്ലത് ഒന്നരപ്പവന്റെ അരഞ്ഞാണം അറയില്‍ കെട്ടുന്നതല്ലേ? അത്യാവശ്യം വന്നാല്‍ പണയം വെക്കാമല്ലോ..
എന്തായാലും തല്‍ക്കാലം പേജര്‍ പൂതി മാറ്റിവെച്ചു. ഒരു വര്‍ഷം പോലും കഴിഞ്ഞില്ല, പേജര്‍ എന്ന സാധനം അപ്രത്യക്ഷമായി. മൊബൈല്‍ ഇടിച്ചു കയറി. നാട്ടിലെല്ലാവരുടെയും കൈയിലും അരയിലും മൊബൈലുകള്‍  തൂങ്ങി. ഞാന്‍ ആ മാനേജര്‍ക്കു മനസ്സാ നൂറു നന്ദി പറഞ്ഞു. അന്ന് 10,000 രൂപ കടമെടുത്ത് പേജര്‍ മേടിച്ചിരുന്നെങ്കില്‍ വല്ല പട്ടിയെയും എറിയാനല്ലാതെ ആ കുന്ത്രാണ്ടം കൊണ്ടു ഞാന്‍ എന്തുചെയ്തെനേ?

Thursday 26 July 2012

“ആപേക്ഷികതാ സിദ്ധാന്ത“ത്തെ പറ്റി..

ഒരുമാതിരിപ്പെട്ട മനുഷ്യരുടെ തലച്ചോറിനു ഉള്‍ക്കൊള്ളാവുന്ന ഒന്നല്ല ഐന്‍സ്റ്റീന്റെ “ആപേക്ഷികതാ സിദ്ധാന്തം“ അഥവാ Theory of Relativity. എന്നെപ്പോലെ എട്ടാം ക്ലാസും ഗുസ്തിയും മാത്രം വിദ്യാഭ്യാസമുള്ളവരുടെ കാര്യം പറയുകയും വേണ്ട.
ഭൂമിയില്‍ ജനിച്ച് ജീവിച്ച് മരിയ്ക്കുന്ന നമ്മളെ സംബന്ധിച്ചിടത്തോളം ഇതൊന്നും അറിയേണ്ട കാര്യമേ ഇല്ല. കണ്ണൂരു നിന്നും ആലക്കോടിനു നേരെ പോയാല്‍ 50 കിലോമീറ്റര്‍ എന്നു പറഞ്ഞാല്‍ എങ്ങനെ അളന്നാലും അമ്പതു കിലോമീറ്റര്‍ തന്നെ. മണിക്കൂറില്‍ 60 കിലോമീറ്റര്‍ സ്പീഡില്‍ എങ്ങും നിര്‍ത്താതെ പോയാല്‍ 50 മിനുട്ട് യാത്ര.
അതായത് 50KM/ (60km/hr) = 50 മിനുട്ട്. സംഗതി സിമ്പിള്‍.

എന്നാല്‍ ഭൂമിയില്‍ നിന്നു വെളിയില്‍ കടന്നു ശൂന്യാകാശത്തേയ്ക്കു പോയാല്‍ സംഗതിയെല്ലാം തെറ്റും. ഒരുദാഹരണം പറയാം. ഒരു റെയില്‍ പാളത്തിന്റെ സൈഡിലെ റോഡില്‍ നാലു കാറുകള്‍ ഓടുന്നു എന്നു കരുതുക. കാര്‍ (a)യുടെ വേഗത മിനുട്ടില്‍ 1 കിലോമീറ്റര്‍, (b) മിനുട്ടില്‍ 1.50 കിലോമീറ്റര്‍. (c)യുടെ വേഗത മിനുട്ടില്‍ 2 കിലോമീറ്റര്‍. (d)യുടെ വേഗത മിനുട്ടില്‍ 2.50 കിലോമീറ്റര്‍. അപ്പോള്‍ ഒരു ട്രെയിന്‍ കാറുകള്‍ ഓടൂന്ന ദിശയിലേയ്ക്കു തന്നെ കടന്നു വരുന്നു. അതിന്റെ വേഗത മിനുട്ടില്‍ 2 കിലോമീറ്റര്‍. ട്രെയിനിന്റെ നീളം 1 കിലോമീറ്റര്‍. ഓരോ കാറിനെയും കടന്നു പോകാന്‍ ട്രെയിന്‍ എത്ര സമയം എടുക്കും? ഈ നാലുപേരും തമ്മില്‍ തമ്മില്‍ ഇതിനെ പറ്റി സംസാരിച്ചാല്‍ വലിയ തര്‍ക്കമാകും.
(a)യെ സംബന്ധിച്ച് വെറും അരമിനിട്ടുകൊണ്ട് ട്രെയിന്‍ കടന്നു പോകും. (b)യ്ക്ക്  മുക്കാല്‍ മിനിട്ടു വേണ്ടിവരും. (c)യെ സംബന്ധിച്ച് ട്രെയിന്‍ കടന്നു പോകുകയേ ഇല്ല. (d)യാകട്ടെ ട്രെയിനിനെ കാണുകപോലും ഇല്ല.

ഇതാണു പ്രപഞ്ചത്തെ സംബന്ധിച്ച് നമ്മുടെയും അവസ്ഥ. നമ്മള്‍ ചുറ്റിലും ആകാശത്തുമൊക്കെ കാണുന്നതു നമ്മളെ സംബന്ധിച്ചു മാത്രമുള്ള കാഴ്ചകളാണ്. അതല്ല യാഥാര്‍ത്ഥ്യം. പ്രപഞ്ചത്തില്‍ എല്ലാ വസ്തുക്കളും ചലിച്ചുകൊണ്ടിരിയ്ക്കുന്നു. അവയ്ക്കോരോന്നിനും മറ്റുള്ളവയുമായി വ്യത്യസ്തമായ ആപേക്ഷിക ബന്ധമാണുള്ളത്. നമ്മളും സദാ ചലിയ്ക്കുകയാണ്. അനന്തമായ പ്രപഞ്ചത്തില്‍ സ്ഥിരവേഗമുള്ളത് എന്ന അര്‍ത്ഥത്തില്‍ പ്രകാശത്തെയാണ് ആശ്രയിയ്ക്കാവുന്നത്. ഒരു സെക്കന്‍ഡില്‍ ഏകദേശം 3,00,000 കിലോമീറ്റര്‍. സൂര്യനില്‍ നിന്നും പുറപ്പെടുന്ന പ്രകാശം ഭൂമിയിലെത്താന്‍ 8 മിനുട്ടെടുക്കും. അതായത് നമ്മള്‍ കാണുന്നത് 8 മിനുട്ട് പഴക്കമുള്ള പ്രകാശത്തെയാണ്. നക്ഷത്രങ്ങളെ സംബന്ധിച്ച് വര്‍ഷങ്ങള്‍ പഴക്കമുള്ളവയെ ആണു നാം കാണുന്നത്.  ആ പ്രകാശം നമ്മുടെ കണ്ണിലെത്തുമ്പോള്‍ നമ്മളുടെയും  സൂര്യന്റെയും (നക്ഷത്രത്തിന്റെയും)  സ്ഥാനം യഥാര്‍ത്ഥത്തില്‍ മറ്റൊരിടത്താണ്..!

ഒരു ബലൂണ്‍ വീര്‍ക്കുന്നതു സങ്കല്‍പ്പിയ്ക്കുക. അനുനിമിഷം അതു വലുതായി വരും. അതുപോലെയാണ് സ്പേസിലെ ഒരു ബിന്ദുവില്‍ നിന്നു പ്രകാശം പ്രസരിയ്ക്കുന്നത്. അനുനിമിഷം ആ പ്രസരണ “ഗോളം” വലുതാകും. ഒരു സെക്കന്‍ഡില്‍ മൂന്നുലക്ഷം കിലോമീറ്റര്‍ വച്ച് വ്യാസാര്‍ദ്ധം (Radius) കൂടി വരും. ആ ബിന്ദു പ്രപഞ്ചത്തില്‍ ചലിയ്ക്കുന്നതിനാല്‍ അതിന്റെ സ്ഥാനവും മുന്നോട്ടു നീങ്ങിക്കൊണ്ടേയിരിയ്ക്കും. ഇതിനെ ഒരു ഗ്രാഫ് രൂപത്തിലാക്കിയതു കാണുക.

അനുനിമിഷം വലുതായിവരുന്ന വൃത്തം സൂചിപ്പിയ്ക്കുന്നത് സ്പേസി(Space)ലുള്ള പ്രകാശത്തിന്റെ സഞ്ചാരമാണ്. ഇതു നീളം, വീതി, ഉയരം (3D) ഇവയിലെല്ലാം ഒരു പോലെയാണല്ലോ. സമയം കൂടും തോറും വലുതാകുന്ന വൃത്തങ്ങളെ അടുക്കിവെച്ചാല്‍ ഒരു സ്തൂപിക(Cone)യുടെ രൂപം കിട്ടും. ഈ സ്തൂപികയുടെ നീളം അഥവാ ഉയരമാണു സമയം (Time). അപ്പോള്‍ ഗ്രാഫ് 4D ആയി മാറി. അതായത് പ്രപഞ്ചത്തെ നിര്‍വചിയ്ക്കുന്നത് 3D യിലല്ല, 4Dയിലാണ്. ഇതാണു സ്ഥലകാലം (SpaceTime)

നമ്മളിപ്പോള്‍ കാണുന്ന കാഴ്ച ഒരു ഫോട്ടെയെടുത്താല്‍ കിട്ടുന്നൊരു ഫ്രെയിമാണ്. അതിന്റെ അളവുകളും ബന്ധങ്ങളും നമ്മളെവിടെ നില്‍ക്കുന്നോ ആ സ്ഥലകാലത്തേ ബാധകമാവൂ. മറ്റൊരിടത്ത് മറ്റൊരു ഫ്രെയിമില്‍ (സ്ഥലകാലത്ത്) മറ്റൊരു അളവായിരിയ്ക്കും. ഇങ്ങനെയുള്ള അനന്തമായ ഫ്രെയിമുകളാണ് പ്രപഞ്ചം. അവയിലോരോന്നിലെയും സ്ഥലകാലബന്ധങ്ങള്‍ ആപേക്ഷികമായിരിയ്ക്കും. (കാര്‍-ട്രെയിന്‍ ഓര്‍ക്കുക) ഇതാണു ആപേക്ഷികതയുടെ രത്നച്ചുരുക്കം. അതുകൊണ്ട് നിങ്ങള്‍ കാണുന്നതെല്ലാം നിത്യസത്യമാണെന്നൊന്നും വിചരിയ്ക്കരുത് കേട്ടോ. ഒന്നും സത്യമല്ല, കേവലം ആപേക്ഷികം മാത്രം. വല്ലതും മനസ്സിലായോ? ഇല്ലേ..? എനിയ്ക്കും ഒന്നും മനസ്സിലായിട്ടില്ല....

Tuesday 24 July 2012

ഒരു സഖാവിന്റെ വിപ്ലവാന്വേഷണങ്ങള്‍ (നോവല്‍)

സ്വന്തം ജീവിതത്തെ ധീരതയുടെയും ത്യാഗത്തിന്റെയും ഇതിഹാസമാക്കി മാറ്റിയ ഒരു കൂട്ടം പൂര്‍വപിതാക്കള്‍. ഇന്നിന്റെ പ്രായോഗിക രാഷ്ട്രീയത്തോടു സന്ധിചെയ്യാന്‍ വിസമ്മതിയ്ക്കുന്ന ഒരു സഖാവ് അവരുടെ ജീവിതത്തിലൂടെ നടത്തുന്ന മായാസഞ്ചാരമാണീ നോവല്‍. കണ്ണൂരിന്റെ മണ്ണില്‍ 1940-50 കാലഘട്ടത്തില്‍ നടന്ന പോരാട്ടങ്ങളുടെ ചോരപൊടിയുന്ന ആവിഷ്കാരം. സ്വന്തം രക്തം ഒരു ജനതയുടെ മോചനത്തിനായി സമര്‍പ്പിച്ച അനേകം ധീര രക്തസാക്ഷികള്‍ക്കായി ഈ പുസ്തകം സമര്‍പ്പിച്ചു കൊള്ളുന്നു..
കേരളത്തിലെ ചുവന്ന മണ്ണാണു കണ്ണൂര്‍. കാലമേറെ കഴിഞ്ഞിട്ടും, സംസ്കാരവും മൂല്യങ്ങളും ഏറെ മാറിയിട്ടും, കണ്ണൂരിന്റെ ചുവപ്പിനു നരപറ്റാത്തതിനു കാരണം ഈ മണ്ണിലൊഴുകിപ്പരന്ന,അനേകം ധീരരുടെ ചോരച്ചാലുകളാണ്. 1935 ജൂലൈ 13 നു കണ്ണൂരിലെ കൊളച്ചേരി എന്ന സ്ഥലത്ത് മുപ്പതോളം പേര്‍ ചേര്‍ന്നു കൊളുത്തിയ ദീപശിഖയാണ് പിന്നീട് “കര്‍ഷകസംഘം“ എന്ന പേരില്‍ മലബാറിനെയാകെ പിടിച്ചു കുലുക്കിയ കാട്ടുതീയായി പടര്‍ന്നത്. 1939 ല്‍ കണ്ണൂരിലെ പിണറായി പാറപ്രത്ത് കമ്യൂണിസ്റ്റു പാര്‍ടിയുടെ കേരള ഘടകം രൂപീകൃതമായി.  എന്നിട്ടും കോണ്‍ഗ്രസിന്റെയും കര്‍ഷകസംഘത്തിന്റെയും ലേബലിലാണ് അന്ന് പാര്‍ടി പ്രവര്‍ത്തിച്ചത്. കര്‍ഷക സംഘത്തിന്റെ നേതൃത്വത്തില്‍ 1940 സെപ്തംബര്‍-15 നു മൊറാഴയില്‍ ചേര്‍ന്ന മര്‍ദ്ദനപ്രതിഷേധ യോഗത്തോടെയാണ് കമ്യൂണിസ്റ്റുപാര്‍ടി പരസ്യമായി രംഗത്തു വന്നത്. അന്നു നടന്ന ഏറ്റുമുട്ടലില്‍ വളപട്ടണം പോലീസ് ഇന്‍സ്പെക്ടര്‍ കുട്ടികൃഷ്ണമേനോനും ഒരു പോലീസുകാരനും കൊല്ലപ്പെട്ടു. പിന്നീട് നരനായാട്ടിന്റെയും മര്‍ദ്ദനങ്ങളുടെയും നാളുകള്‍. എന്നിട്ടും വിപ്ലവവീര്യം ചോരാതെ സഖാക്കള്‍ പിടിച്ചു നിന്നു. സഖാവ് കൃഷ്ണപിള്ളയും, കെ.പി.ആറും, നായനാരും നേതൃത്വം നല്‍കി. 
കാവുമ്പായി രക്തസാക്ഷി മണ്ഡപം.
മലബാറിലെ ജന്മിമാരില്‍ ക്രൂരത കൊണ്ടും പ്രതാപം കൊണ്ടും കുപ്രസിദ്ധരായിരുന്നു ഇരിക്കൂര്‍ ഫര്‍ക്കയിലെ കരക്കാട്ടിടം നായനാരും കല്യാട്ട് യെശമാനനും. ഇവരുടെ കൊടുംക്രൂരതകള്‍ക്കെതിരെ കര്‍ഷകസംഘവും കമ്യൂണിസ്റ്റു പാര്‍ടിയും ഐതിഹാസികമായ പോരാട്ടമാണു നടത്തിയത്. അതായിരുന്നു കാവുമ്പായി കലാപം. പോലീസും പാര്‍ടിയും നേര്‍ക്കുനേര്‍ ആയുധമേന്തി നടത്തിയ ഏറ്റുമുട്ടല്‍. എന്നാല്‍ മെഷീന്‍ ഗണ്ണുകള്‍ക്കു മുന്‍പില്‍ നാടന്‍ തോക്കും വാരിക്കുന്തവും പരാജയപ്പെട്ടു. അഞ്ചു രക്തസാക്ഷികള്‍. പിന്നെയും നരനായാട്ടും ഗുണ്ടാവിളയാട്ടവും അടിച്ചമര്‍ത്തലും. കമ്യൂണിസ്റ്റുകാരനെന്നു പറഞ്ഞാല്‍ അടിയും തലയില്‍ മോസ്കോ റോഡും. എന്നാല്‍ സഖാക്കള്‍ പിന്തിരിഞ്ഞില്ല. ഒളിവിലിരുന്ന് ശക്തമായി പ്രതിരോധിച്ചു. പോലീസിന്റെ സകല പിന്തുണയുണ്ടായിട്ടും ജന്മിയുടെ ഗുണ്ടാത്തലവന്‍ കൊല്ലപ്പെട്ടു.
അടിച്ചമര്‍ത്തലുകള്‍ക്ക് തിരിച്ചടി കിട്ടിയപ്പോള്‍ പോലീസും കോണ്‍ഗ്രസ് ഭരണാധികാരികളും ചേര്‍ന്ന് നേതാക്കളെ ഉന്മൂലനം ചെയ്യാന്‍ പരിപാടിയിട്ടു. അങ്ങനെയാണ് മൂന്നു കമ്യൂണിസ്റ്റുകാരെ പിടികൂടി പാടിക്കുന്നില്‍ വെടിവെച്ചു കൊന്നത്. അതിനുമെത്രയോ കാലങ്ങള്‍ക്കു ശേഷമാണു വയനാട്ടില്‍ സഖാവ് വര്‍ഗീസ് അതേ രീതിയില്‍ കൊല്ലപ്പെട്ടത്.
പാടിക്കുന്ന് രക്തസാക്ഷി മണ്ഡപം.
ഈ കാലഘട്ടത്തിലെ പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കിയ കരുത്തനായ ഒരു സഖാവുണ്ട്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ കാലം ജയില്‍ വാസമനുഷ്ടിച്ച കമ്യൂണിസ്റ്റ്. പാടിപ്പതിഞ്ഞ കഥകളിലൊന്നും അദ്ദേഹത്തെ കാണാനില്ല. മൊറാഴയില്‍ ഇന്‍സ്പെക്ടറെ ആദ്യം നേരിട്ടത് കേവലം 22 വയസ്സുണ്ടായിരുന്ന അദ്ദേഹമാണ്. സഖാവ് കെ.പി.ആറിന്റെ വലംകൈ, വളണ്ടിയര്‍ ക്യാപ്റ്റന്‍. സഖാവ് അറാക്കല്‍ കുഞ്ഞിരാമന്‍. ചിറയ്ക്കല്‍ താലൂക്കില്‍ വളണ്ടിയര്‍ സൈന്യത്തെ വളര്‍ത്താന്‍ അദ്ദേഹം ഓടി നടന്നു. കാവുമ്പായി കലാപകാലത്തും പിന്നണിയില്‍ അദ്ദേഹമുണ്ടായിരുന്നു. അടിഅയ്ക്ക് തിരിച്ചടി. പോലീസും ഗുണ്ടകളും ഒരേ പോലെ ആ പേരിനെ ഭയപ്പെട്ടു. അറാക്കലിനെ കൊന്നുകളയാനാണു പാടിക്കുന്ന് വെടിവെപ്പ്  ആസൂത്രണം ചെയ്തതെങ്കിലും  പിടികിട്ടാത്തതിനാല്‍ രക്ഷപെട്ടു. ഈ ഉജ്വല പോരാട്ടങ്ങള്‍ക്കിടയില്‍ ജീവിതത്തില്‍ ഒട്ടേറെ തിരിച്ചടികള്‍ നേരിടേണ്ടി വന്നു അദ്ദേഹത്തിന്.

കാവുമ്പായി കലാപത്തിന്റെ നേതാക്കളില്‍ ഒരാള്‍ സഖാവ് തളിയന്‍ രാമന്‍ നമ്പ്യാരായിരുന്നു.
കാവുമ്പായിക്കുന്നില്‍ പോലീസുമായി ഏറ്റുമുട്ടിയ പാര്‍ടി വളണ്ടിയര്‍മാരെ നയിച്ചത് അദ്ദേഹം.
പിടിയിലായ ആ സഖാവ് പിന്നീട് സേലം ജയിലില്‍ വെടിയേറ്റു മരിച്ചു. പാടിക്കുന്നില്‍ വെടിയേറ്റുമരിച്ച മൂന്നുപേരിലൊരാള്‍, സഖാവ് രൈരു നമ്പ്യാര്‍ അറാക്കലിന്റെ ബന്ധുവായിരുന്നു. പാര്‍ടിയെ അടിച്ചമര്‍ത്തിയ അക്കാലത്ത് പോലീസിനെ വെല്ലുവിളിച്ച് പാര്‍ടിപ്രകടനം നടത്തി ഞെട്ടിച്ച ധീരന്‍.
പറഞ്ഞാലും പറഞ്ഞാലും തീരില്ല കണ്ണൂരിന്റെ വിപ്ലവ കഥകള്‍.

ജീവിതം ആഘോഷമായ ഈ ഡിജിറ്റല്‍ കാലത്തെ ഒരു സഖാവ്, ആ പഴയകാലത്തിലേയ്ക്കു നടത്തുന്ന യാത്രയില്‍ കാണുന്ന ചോരയിറ്റുന്ന പോരാട്ടങ്ങളാണ്, “ഒരു സഖാവിന്റെ വിപ്ലവാന്വേഷണങ്ങള്‍” എന്ന നോവലില്‍ വരച്ചു ചേര്‍ത്തിരിയ്ക്കുന്നത്. മുകളില്‍ സൂചിപ്പിച്ച മൂന്നു സഖാക്കളെയും ഈ യാത്രയില്‍ നിങ്ങള്‍ കണ്ടുമുട്ടും. വായനയ്ക്കൊടുവില്‍ നിങ്ങളുടെ മനസ്സില്‍ “ഇങ്ക്വിലാബ് സിന്ദാബാദ്” എന്നൊരു മുദ്രാവാക്യം തിക്കിതള്ളി വരുന്നുവെങ്കില്‍ എഴുത്തുകാരന്‍ കൃതാര്‍ത്ഥനായി.
സൈകതം ബുക്സ് പ്രസിദ്ധീകരിയ്ക്കുന്ന ഈ നോവല്‍ ഓഗസ്റ്റ് ആദ്യം ബുക്ക് സ്റ്റാളുകളില്‍ ലഭ്യമാകും.