പുതിയ കഥാസമാഹാരം “രയറൊം കഥകള്‍ " VPP ലഭിയ്ക്കാന്‍ sidrapubications@gmail

Wednesday 18 August 2010

ഓണപ്പൂക്കള്‍

 ഏതു ഉത്സവും നാം ഏറ്റവും ആസ്വദിച്ച് ആഘോഷിയ്ക്കുന്നതെപ്പോഴെന്നു ചോദിച്ചാല്‍ ഒറ്റവാക്കില്‍ ഉത്തരം പറയാം,  ബാല്യകാലത്ത് !  യാതൊരു വിധ കെട്ടുപാടുകളുമില്ലാതെ, ബുദ്ധിമുട്ടുകളറിയാതെ, കുശുമ്പും കുന്നായ്മയുമില്ലാതെ, തികഞ്ഞ സമത്വഭാവനയോടെ എല്ലാം ആസ്വദിയ്ക്കാന്‍ കഴിയുന്നത് ആ പ്രായത്തിലാണല്ലോ. സ്വാഭാവികമായും ഏതൊരാളുടെയും ഏറ്റവും നല്ല ഓണസ്മൃതികള്‍ ബാല്യത്തിലേതാണെന്നതില്‍ യാതൊരു തര്‍ക്കവുമില്ല.

എന്റെ ബാല്യകാലം, പത്തു വയസ്സു മുതല്‍ പതിനേഴാം വയസ്സു വരെ, കോട്ടയം ജില്ലയിലെ അയ്മനത്തായിരുന്നു. പ്രശസ്ത എഴുത്തുകാരി അരുന്ധതി റോയി വിശ്വപ്രസിദ്ധമാക്കിയ അതേ അയ്മനം തന്നെ. അയ്മനത്തിന്റെ പടിഞ്ഞാറന്‍ പ്രദേശമായ വല്യാട് മീനച്ചിലാറിന്റെ പല കൈവഴികളാല്‍ ചുറ്റപ്പെട്ട ഒരു ഗ്രാമമാണ്. അവിടെയാണ് എന്റെ അമ്മയുടെ വീട്. എന്റെ പത്താം വയസ്സില്‍ , അച്ഛന്റെ നാടായ പാലായില്‍ നിന്നും ഉള്ളതെല്ലാം വിറ്റു പെറുക്കി എന്റെ കുടുംബം കണ്ണൂരിലെ രയറോത്തേയ്ക്ക് കുടിയേറി.  പഠന സൌകര്യം നോക്കിയാണ് എന്നെ അമ്മവീട്ടിലാക്കിയത്.

അതൊരു വലിയ കുടുംബമായിരുന്നു. അമ്മയടക്കം മൊത്തം മക്കള്‍ പതിനൊന്ന്. (നിന്റെ വീട്ടില്‍ നെല്ലിയ്ക്കാ കൊട്ട മറിച്ചതു പോലാണ് മക്കളെന്നാണ്  എന്റെ അച്ഛന്‍ അമ്മയെ കളിയാക്കാറുള്ളത്! ). അതില്‍ രണ്ടു പേരൊഴിച്ച് എല്ലാവരും പെണ്ണുങ്ങള്‍ . ഏറ്റവും ഇളയ കുഞ്ഞമ്മയും ഞാനും തമ്മില്‍ പതിനൊന്നുമാസത്തിന്റെ പ്രായ വ്യത്യാസമേ ഉള്ളു. അതു കൊണ്ട് തന്നെ എനിയ്ക്ക് ഒരു കളിക്കൂട്ടുകാരിയുമായി. പക്ഷേ ആളു നീറാണ്. ഞങ്ങള്‍ ഒന്നിച്ച് എപ്പോള്‍ കളിയ്ക്കാനിറങ്ങിയാലും അടിയിലും ചീത്തയിലുമേ പിരിയുകയുള്ളു. എന്നാല്‍  അതിനു തൊട്ടു മുകളിലുള്ള കുഞ്ഞമ്മ നേരെ വിപരീതം. എന്നെ വലിയ സ്നേഹമാണ്. അതിനും മുകളിലുള്ളത് ഒരമ്മാവനാണ്. കുഞ്ഞമ്മാവന്‍ എന്നു ഞാന്‍ വിളിയ്ക്കുന്ന, വിക്രമന്‍ എന്നു പേരായ, നല്ല ഉയരവും സൌന്ദര്യവുമുള്ള, ആള്‍ . ഇതിനു മുകളിലുള്ളവര്‍ നമ്മളുമായി ജനറേഷന്‍ ഗ്യാപ്പുള്ളവരായതിനാല്‍ അടുപ്പം ഔപചാരികം മാത്രം.

വിരലിലെണ്ണാവുന്ന സമ്പന്നര്‍ ഒഴിച്ച് ബഹുഭൂരിപക്ഷവും കൃഷിക്കാരും കര്‍ഷകതൊഴിലാളികളുമാണ് വല്യാട്ടിലുള്ളത്. അവിടുന്നും പടിഞ്ഞാറേക്ക് പോയാല്‍ വിശാലമായ നെല്‍ വയലുകള്‍. നോക്കെത്താ ദൂരത്തോളം അതങ്ങനെ പരന്നു കിടപ്പാണ്, കടല്‍ പോലെ. കട്ടച്ചേറിന്റെ മണമുള്ള പടിഞ്ഞാറന്‍ കാറ്റ് എപ്പോഴും വീശിക്കൊണ്ടിരിയ്ക്കും അവിടെ. പച്ച കാര്‍പെറ്റു വിരിച്ച ഞാറുകള്‍ക്കിടയിലൂടെ അത് കടന്നു വരുമ്പോള്‍  കായലിലെ ഓളങ്ങള്‍ പോലൊരു ഇളക്കം . അകലെ, വിശാലമായ ആറ്റില്‍ കൂടി, പായ കെട്ടിയ കെട്ടു വള്ളങ്ങള്‍ മന്ദം മന്ദം ഒഴുകുന്നുണ്ടാവും അപ്പോള്‍.

അവിടെ തുണ്ടു തുണ്ടായ കൃഷിനിലങ്ങളുള്ളവരാണ് വല്യാടുകാര്‍ പലരും. ഈ കൃഷിക്കാരും തൊഴിലാളികളും ഇക്കണ്ട പാടശേഖരങ്ങളില്‍ പണിചെയ്താണ് നിത്യ ജീവിതം കഴിയ്ക്കുന്നത്. അത്യപൂര്‍വം പേര്‍ക്കേ മറ്റു ജോലികളുള്ളു. മീനച്ചിലാറും ഈ പാടശേഖരങ്ങളും അവരുടെ ജീവിതത്തിന്റെ ഭാഗമാണ്.

ഇടവപ്പാതി മഴ ആരംഭിച്ചാല്‍ പിന്നെ കുറെ ദിവസത്തേയ്ക്ക് ഞങ്ങള്‍ക്ക് വലിയ ഉത്സാഹമാണ്.  വരണ്ടുണങ്ങിയ നിലത്തേയ്ക്ക് പുതുമഴ ചാറി ചാറി പെയ്യും.  ഉണങ്ങിയ വൈക്കോലിന്മേല്‍ വെള്ളത്തുള്ളികള്‍ പതിയ്ക്കുമ്പോള്‍ ഒരു സുഗന്ധം എങ്ങുമുയരും. പിന്നെയത്  കന്നിമണ്ണിന്റെ ഗന്ധവുമായിച്ചേര്‍ന്ന് മൂക്കിലേയ്ക്കടിച്ചു കയറും. ഹായ്...!

ഞങ്ങളുടെ ഉത്സാഹത്തിനു കാരണം, പുതുമഴയോടനുബന്ധിച്ച് ആറ്റില്‍ ധാരാളം മീനുകളുണ്ടാകും എന്നതാണ്. അതു വരെ കിട്ടാത്ത  ചെമ്പല്ലി, ത്ലാപ്പ, കാരി, കൂരി, കുറുവ എന്നിങ്ങനെ പലയിനം മീനുകള്‍. ഈ കാലത്ത് ഞങ്ങള്‍ രാവിലെ പറമ്പിലിറങ്ങി ചിതല്‍ പുറ്റുകള്‍ തപ്പി നടക്കും. ചാറ്റല്‍ മഴ പെയ്താല്‍ അതിനുള്ളില്‍ ധാരാളം ഈയലുകള്‍ (ഈയാമ്പാറ്റ) കാണും. പുറ്റ് മണ്‍‌വെട്ടിയ്ക്ക് മറിയ്ക്കുമ്പോള്‍ അടുക്കടുക്കായി ഈയലുകള്‍ ഇരിയ്ക്കുന്നതു കാണാം.  അവയെ മൊത്തം പ്ലാസ്റ്റിക് ഡപ്പിയിലാക്കി, റെഡിയാക്കി വച്ചിരിയ്ക്കുന്ന ചൂണ്ടകളുമായി ആറ്റിന്‍ കരയിലേയ്ക്കു പോകും.

അവിടെ തഴച്ചു നില്‍ക്കുന്ന പൊന്തകള്‍ക്കിടയിലും “വെളി”യെന്നു വിളിയ്ക്കുന്ന ചൊറിയന്‍ ചേമ്പുകള്‍ക്കിടയിലും  നിന്നാണ് ചൂണ്ടയിടല്‍ . “ത്ലാപ്പ” മീനെ പിടിയ്ക്കാന്‍ “ഈയലു വിറപ്പിയ്ക്കല്‍ “ എന്നൊരു പരിപാടിയുണ്ട്. ചൂണ്ടയില്‍ കോര്‍ത്ത ഈയലിനെ വെള്ളത്തിന്റെ ഉപരിതലത്തില്‍ മുട്ടിച്ച് അനക്കിക്കൊണ്ടിരിയ്ക്കുക. പാവം മീന്‍ അനക്കം കണ്ട് കൊത്തും. കൃത്യ സമയത്ത് ചൂണ്ട വലിച്ചാല്‍ മീന്‍ ഉറപ്പ്.

പിന്നെ കുറെ ദിവസങ്ങള്‍ക്കകം ഇടവപ്പാതി ശക്തിയാര്‍ജിക്കും. അതോടെ മലവെള്ളം വരവായി. കിഴക്കന്‍ മലകളില്‍ പൊയ്തൊഴിയുന്ന കടും മഴ മണ്ണിലും ചെളിയിലും കുളിച്ച് കുതിച്ചു വരും. ഇനിയുള്ള ദിവസങ്ങള്‍ വെള്ളപ്പൊക്കത്തിന്റേതാണ്. മഴയുടെ കരുത്തനുസരിച്ച് ഏതു ദിവസവും വെള്ളമുയരാം.  ചിലപ്പോള്‍ രാവിലെ എഴുനേല്‍ക്കുമ്പോള്‍ മുറ്റം മുഴുവനും കാലു മൂടാന്‍ പാകത്തില്‍ വെള്ളമായിരിയ്ക്കും!  ഒന്നുകില്‍ അവിടെ നിന്നും താഴും, അല്ലെങ്കില്‍ പിന്നെയുമുയരും. ഏതായാലും വര്‍ഷത്തില്‍ രണ്ടോ മൂന്നോ തവണ “പ്രളയം” ഉറപ്പാണ്.

ചെറുവെള്ളപ്പൊക്കത്തിന് ഞങ്ങള്‍ കുട്ടികള്‍ വാഴപ്പിണ്ടി അന്വേഷിച്ച് നടക്കും. കിട്ടിയാല്‍ അതു കൊണ്ട് “ബോട്ടുണ്ടാക്കും. പിന്നെ ചരടു കെട്ടി വലിച്ച് വെള്ളത്തില്‍ കൂടി സര്‍വീസ് നടത്തും. ബോട്ടൊക്കെ സമ്പന്നര്‍ക്കു മാത്രമേ ഉള്ളു. അക്കാലത്ത് വല്യാട്ടില്‍ , “തോട്ടുകണ്ടത്തില്‍ പാപ്പൂട്ടന്‍ “ എന്ന പ്രമാണിയ്ക്ക് ബോട്ടുണ്ടായിരുന്നു. അതില്‍ അദ്ദേഹം ഗാംഭീര്യത്തോടെ പോകുമ്പോള്‍ ഞങ്ങള്‍ കുട്ടികള്‍ ആരാധനയോടെ നോക്കി നില്‍ക്കും.

വലിയ വെള്ളപ്പൊക്കമായാല്‍ നല്ല രസമാണ്! മീനച്ചിലാറ് നമ്മുടെ വാതില്‍ പടിയില്‍ വന്ന് എത്തിനോക്കും, അകത്തേയ്ക്ക് വരട്ടേയെന്ന് ചോദിച്ചുകൊണ്ട് ! എവിടെ നോക്കിയാലും വെള്ളം! വലിയ കടല്‍ പരപ്പില്‍ ചെറുദ്വീപുകള്‍ പോലെ അവിടവിടെ വീടുകള്‍ ..ഇടയ്ക്കിടെ തലയുയര്‍ത്തി നില്‍ക്കുന്ന കൊന്നത്തെങ്ങുകള്‍ ..അന്നേരം ഒരു വീട്ടില്‍ കുശു കുശുത്താല്‍ പോലും അടുത്ത വീട്ടില്‍ കേള്‍ക്കാമത്രെ!

ഇങ്ങനെ വെള്ളം പൊങ്ങിയാല്‍ രണ്ടുകാര്യത്തിനാണ് ബുദ്ധിമുട്ട് .  ഒന്നു കുടി വെള്ളം. രണ്ട് ,പ്രകൃതിയുടെ രണ്ടാം വിളിയ്ക്ക് ചെവികൊടുക്കുന്ന പ്രക്രിയ. അന്നൊക്കെ കുടി വെള്ളം ആറ്റില്‍ നിന്നും നേരിട്ട് എടുക്കാവുന്നത്ര ശുദ്ധമായിരുന്നു മീനച്ചിലാറില്‍ . (ഇന്നതേ ക്കുറിച്ച് ഓര്‍ക്കാന്‍ കൂടി വയ്യ). വെള്ളപ്പൊക്കമായാല്‍ ആ സാധ്യത അടയും. പിന്നെ പ്രളയം കയറാത്ത ഉയര്‍ന്ന തട്ടിലുള്ള ചില വലിയോരുടെ കിണറുകളില്‍ പോയാണ് ശേഖരണം.

രണ്ടാമത്തെ കാര്യമാണ് രസകരം. സ്വന്തമായി ചെറുവള്ളങ്ങള്‍ ഉള്ള ഭാഗ്യവാന്‍‌മാര്‍ അതു തുഴഞ്ഞ് വല്ല പൊന്തക്കാടിന്റെയോ വാഴക്കൂട്ടത്തിന്റെയോ മറ തപ്പി പ്പോകും. എങ്കിലും “മറ“യ്ക്ക് പൂര്‍ണ ഗ്യാരണ്ടി ഇല്ല,  ആര്‍ക്കും എവിടുന്നും കാണാം ഇതൊക്കെ. പിന്നെ, എല്ലാവരും തുല്യ ദു:ഖിതരായതിനാല്‍ അത്ര ഗൌനിയ്ക്കില്ല. ഞങ്ങളെ പോലെ വള്ളമില്ലാത്തവരുടെ കാര്യമാണ് കഷ്ടം. അരയൊപ്പം വെള്ളത്തില്‍ നീന്തിത്തുടിച്ച് അകലെയെവിടെയെങ്കിലുമുള്ള, ചാഞ്ഞു നില്‍ക്കുന്ന കൊന്നത്തെങ്ങു തപ്പിപിടിയ്ക്കും!

ഇങ്ങനെയുള്ള വെള്ളപ്പൊക്കത്തില്‍, ചിലപ്പോള്‍ രാത്രി നേരങ്ങളില്‍ ചില അതിഥികള്‍ വീട്ടില്‍ സന്ദര്‍ശനം നടത്താറുണ്ട്. നീര്‍ക്കോലിപാമ്പുകള്‍ !  ഇതു പോലൊരു വെള്ളപ്പൊക്ക കാലത്ത്, ഞാന്‍ ഇരു കാല്‍മുട്ടുകള്‍ക്കും നീര്‍ ബാധിച്ച് കിടപ്പാണ്. എഴുന്നേറ്റു നില്‍ക്കാന്‍ വയ്യ. അന്ന് സന്ധ്യയ്ക്ക് കുഞ്ഞമ്മമാരെല്ലാം അകത്തെ ഹാളില്‍ നിരന്നിരുന്ന്  ഹരിനാമകീര്‍ത്തനം ഉച്ചത്തില്‍ ജപിയ്ക്കുന്നു. ഞാന്‍ തൊട്ടടുത്ത മുറിയില്‍ കട്ടിലില്‍ അതൊക്കെ കേട്ട് എഴുനേറ്റിരിയ്ക്കുകയാണ്. കുഞ്ഞമ്മമാര്‍ക്കിടയില്‍ “ആരോഗ്യകര“മായ ഒരു മത്സരം ഉണ്ട് ഈ ചൊല്ലല്‍ പരിപാടിയില്‍ .  ജപത്തിനിടയില്‍ ഇടയ്ക്കിടെ ഒളികണ്ണിട്ട് അടുത്തിരിയ്ക്കുന്ന ആളെ നോക്കും. തെറ്റുകളുണ്ടെങ്കില്‍ “നോട്ട്” ചെയ്തു വയ്ക്കും. എന്നിട്ട്  ചൊല്ലല്‍ കഴിയുമ്പോള്‍ അതും പറഞ്ഞ് തര്‍ക്കിക്കും.

ഇങ്ങനെ കോറസായി ഈ പരിപാടി നടന്നു കൊണ്ടിരിയ്ക്കുന്നതിനിടയില്‍ എല്ലാവരും കൂടി ഒരലറലും ചാടിയെഴുന്നേല്‍ക്കലും ! ഞെട്ടി ത്തെറിച്ച ഞാന്‍ ഒറ്റച്ചാട്ടത്തിന് എഴുനേറ്റു നിന്നു! മേലാകെ വിറച്ചുകൊണ്ടിരുന്നു. ഒരു മിനിട്ടിനകം കാര്യം ബോധ്യമായി, ഒരു നീര്‍ക്കോലി നാമജപം കേട്ട് ഉള്ളിലേയ്ക്ക് വന്നതായിരുന്നു!  അനങ്ങാന്‍ വയ്യാതിരുന്ന ഞാനെങ്ങനെ ചാടിയെഴുന്നേറ്റെന്ന് എനിയ്ക്കിപ്പോഴും പിടിയില്ല.

രണ്ടോ മൂന്നോ ദിവസം കൊണ്ട് വെള്ളം ഇറങ്ങാന്‍ തുടങ്ങും അല്പാല്പമായി. അങ്ങനെ മുട്ടിനു താഴെ ലെവലായാല്‍ , രാത്രിയ്ക്ക് ഞാനും രണ്ട് ആന്റിമാരും (ഇളയ കുഞ്ഞമ്മമാരെ ഞാനങ്ങനെയാണ് വിളിയ്ക്കുന്നത്) കൂടി ഒരു അരിവാളും വിളക്കുമായി ഇറങ്ങും. മീനെ “വെട്ടിപ്പിടിക്ക”ലാണ് ഉദ്ദേശം. എന്റെ ജോലി വിളക്ക് കാണിച്ചു കൊടുക്കലാണ്. ഏറ്റവും ഇളയ ആന്റി -ഷീബ -മീനെ കണ്ടെത്തി കാണിച്ചു കൊടുക്കും. തൊട്ടു മുകളിലുള്ള ജയമ്മ ആണ് വെട്ടുകാരി. മുറ്റത്തെ തെളിഞ്ഞ വെള്ളത്തില്‍ വിളക്കുംവെട്ടം കണ്ട് കണ്ണഞ്ചി, പരലുകളും പള്ളത്തികളും  നില്‍ക്കുന്നതു കാണാം. അപ്പോള്‍ ജയമ്മാന്റി ആഞ്ഞു വെട്ടും. യോഗമുണ്ടെങ്കില്‍ കിട്ടും അത്ര തന്നെ. ഈ പരിപാടിയില്‍ കാര്യമായ “കിട്ടലൊ”ന്നും കിട്ടിയിരുന്നില്ല, ഒരിയ്ക്കല്‍ ഒരു നീര്‍ക്കോലിയെ വെട്ടിയതൊഴിച്ചാല്‍.

പിന്നെ ഒന്നു രണ്ടു ദിവസം കൊണ്ട് വെള്ളം പൂര്‍ണമായും ഇറങ്ങും. ഈയൊരു സമയമാണ് അസഹ്യം. ദിവസങ്ങളോളം വെള്ളത്തിനടിയില്‍ കിടന്ന പുല്ലും  വെളിയും ആകെ ചീഞ്ഞ് വല്ലാത്ത നാറ്റമായിരിയ്ക്കും. സൂക്ഷിച്ചു നടന്നില്ലെങ്കില്‍ തെന്നി വീഴുകയും ചെയ്യും. ഒന്നു രണ്ടു ദിവസത്തെ വെയിലേറ്റാല്‍ എല്ലാം ഉണങ്ങി നാറ്റമെല്ലാം പോകും.  പൊതുവെ ഈ മഴക്കാലത്ത് ആരും പട്ടിണി കിടക്കാറില്ല. കാരണം എല്ലാവര്‍ക്കും നെല്ല് സൂക്ഷിപ്പുണ്ടാവും. എന്നാല്‍, മൂന്നു നേരവും കഞ്ഞിയും മുളകു ചമ്മന്തിയുമായിരിയ്ക്കും ഭക്ഷണം എന്നു മാത്രം.

ചിങ്ങമാസമാകുന്നതോടെ, മഴയെല്ലാം മാറി തെളിവാകും. പിന്നെ എല്ലാവര്‍ക്കും ഓണത്തിന്റെ ആഹ്ലാദമാണ്. ഞങ്ങളുടെ അവിടെ അടുത്തടുത്ത്  വീടുകളുണ്ട്. എല്ലാം പത്തു സെന്റും പതിനഞ്ചു സെന്റും ഉള്ളവര്‍ . അത്തമായാല്‍ പിന്നെ എല്ലായിടത്തും പൂക്കളം തീര്‍ക്കലായി. ഞങ്ങളുടെ വീട്ടില്‍ കുഞ്ഞമ്മാവന്‍ ആണ് അതിന്റെ സര്‍വാധികാരി. ഞാനും രണ്ട് ആന്റിമാരും ആജ്ഞാനുവര്‍ത്തികള്‍ മാത്രം. രാവിലെ മൂപ്പര്‍ പറയും ഇന്നയിന്ന സ്ഥലങ്ങളില്‍ ഇന്നയിന്ന പൂക്കളുണ്ട്. മറ്റുള്ളവര്‍ കൊണ്ടു പോകും മുന്‍പേ പറിച്ചു കൊണ്ടു വരാന്‍. ഞങ്ങള്‍ അതിന്‍ പ്രകാരം ഒരു സഞ്ചിയൊക്കെ സംഘടിപ്പിച്ച് പോകും. അവിടെത്തുമ്പോള്‍  മിടുക്കന്മാര്‍ വന്ന് കൊണ്ടുപോയിട്ടുണ്ടാവും ചിലപ്പോള്‍ . ഞങ്ങളെ പറഞ്ഞു വിട്ട ശേഷം, കുഞ്ഞമ്മാവന്‍, സ്പെഷ്യലായി നേരത്തെ കണ്ടു വച്ച ചില സ്ഥലങ്ങളിലേയ്ക്കു പോകും. അത് മിക്കവാറും വല്ലവരും വളര്‍ത്തുന്ന ചെടികളുടെ അടുത്തേയ്ക്കാവും. എങ്ങനെയും കണ്ണു വെട്ടിച്ച് അവിടെ നിന്ന് പൂക്കള്‍ കൈക്കലാക്കി കക്ഷി തിരിച്ചു വരും. ഞങ്ങളും എങ്ങനെയെങ്കിലുമൊക്കെ കുറെ സംഘടിപ്പിയ്ക്കും. അന്ന് വേലികളിലും പറമ്പുകളിലുമായി ധാരാളം പൂക്കള്‍ ഉണ്ട്. കോളാമ്പി പൂവും കാക്കപ്പൂവും ചെത്തിയും ചെമ്പരത്തിയും മുക്കുറ്റിയും തുമ്പയും ഗന്ധരാജനും കമ്മലു പൂവും എല്ലാം.

അത്തം നാള്‍ പൂക്കളത്തിന് ചെറു വൃത്തമായിരിയ്ക്കും. ഒരിനം പൂവേ കാണുകയുള്ളു. പിന്നെ ഓരോ ദിവസവും വൃത്തം വലുതായി വരും, ഒപ്പം പൂക്കളുടെ തരവും. അതോടെ ഞങ്ങളുടെ ജോലി ദുഷ്ക്കരമാവുന്നു. ഇത്ര കഷ്ടപ്പെട്ട് ഈ പൂക്കളം ഇടുന്നതിനു കാരണമുണ്ട്. അയല്‍ വീടുകളിലുമുണ്ടല്ലോ ഞങ്ങളെ പോലുള്ള “കുരിപ്പു“കള്‍ . ഞങ്ങളുടെ പൂക്കളം അവരുടേതിനേക്കാള്‍ ജോറായിരിയ്ക്കണമെന്ന വാശി ഞങ്ങള്‍ക്കുണ്ട്. ഞങ്ങളുടേതു ഇട്ട് കഴിഞ്ഞാല്‍ കുഞ്ഞമ്മാവന്‍ എല്ലാ വീട്ടിലും ഒരു സന്ദര്‍ശനം നടത്തും. പൂക്കളങ്ങള്‍ വിലയിരുത്തും. ഞങ്ങളുടേത് മോശമായാല്‍ ആന്റിമാര്‍ക്ക് കണക്കിനു കിട്ടും, പൂക്കളു കുറഞ്ഞൂന്നും പറഞ്ഞ്. തിരുവോണത്തിന്റന്നാണു ശരിയ്ക്കുള്ള വാശി. അന്നു ഞങ്ങളും കണ്ടമാനം അലയും. എന്തായാലും മിക്കവാറും ഞങ്ങളുടെ പൂക്കളം തന്നെയായിരുന്നു മെച്ചം.

ഓണക്കാലത്ത് ആണുങ്ങളുടെ പ്രധാന കളികള്‍ പകിട കളി, എട്ടുകളി എന്നതാണ്. പകിടകളി പൊതുവെ മുതിര്‍ന്നവരാണ് കളിയ്ക്കുക. പിച്ചളയില്‍ തീര്‍ത്ത, നീണ്ട നാലു മുഖമുള്ള, നാലിഞ്ച് നീളമുള്ള സാധനമാണ് പകിട. ഇതു രണ്ടെണ്ണം കാണും. ഇതില്‍ ഓരോ മുഖത്തും ഒന്നു മുതല്‍ ആറു വരെയുള്ള എണ്ണം കാണും. ഇതുരുട്ടി വിട്ടാണ് പകിട കളിയ്ക്കുന്നത്. ആകെ ആര്‍പ്പും വിളിയുമാണ് ആ കളിയ്ക്ക്.

അതിന്റെ ലഘൂകരിച്ച രൂപമാണ് എട്ടുകളി. ഓലമടലിന്റെ പുറം പാളി ഒന്നര ഇഞ്ച് വീതിയില്‍ പൊളിച്ചെടുത്ത്, എട്ടിഞ്ച് നീളത്തില്‍ മുറിച്ച നാലു കഷണങ്ങളാണ് എട്ടുകളിയുടെ “ആയുധം“. ഇത് ഒന്നിച്ച് പിടിച്ച് കറക്കി മുകളിലേയ്ക്കിടും. നിലത്തു വീഴുമ്പോള്‍ മലര്‍ന്നും കമഴ്ന്നും കിടക്കുന്ന ക്രമമനുസരിച്ച് പ്രത്യേക എണ്ണം നിശ്ചയിച്ചിട്ടുണ്ട്. ഒന്നു മുതല്‍ എട്ടു വരെ. നിലത്ത് കളം വരച്ച് അതില്‍ ഈ എണ്ണമനുസരിച്ച് “കായ്” നീക്കിയാണ് മത്സരം. നാലാള്‍ക്ക് വരെ ഒരേ സമയം മത്സരിയ്ക്കാം. ഇത് പലപ്പോഴും പണത്തിനാണ് കളിയ്ക്കുക. ഇതിനും പലപ്പോഴും ഒച്ചയും ബഹളവുമുണ്ടാകും. കുഞ്ഞമ്മാവന്‍ ഈ കളിയിലും വലിയ വിദഗ്ധനാണ്. ഓണക്കാലത്ത്, ഇന്നത്തെ ട്വന്റി ട്വന്റി പോലെ ഇതിന്റെ വേറൊരു വേര്‍ഷന്‍ ഉണ്ട്. അസല്‍ ചൂതാട്ടം. കളത്തില്‍ കാശു നിക്ഷേപിയ്ക്കുക. എട്ട് കറക്കിയെറിയുക. വലിയ എണ്ണം വീണയാള്‍ക്ക് മുഴുവന്‍ കാശും. ഇതിന് “കീച്ച്” എന്നാണ് പറയുന്ന പേര്.

എനിയ്ക്ക് കുഞ്ഞമ്മാവനോട് ഏറ്റവും ആരാധന തോന്നിയ ഒരു സംഭവം പറയാം.
പൊതുവെ ഞങ്ങളുടെ വീട്ടില്‍ കാശിന് വലിയ ദാരിദ്ര്യമാണ്. സ്വന്തമായി കുറച്ച് വയലുണ്ട്. പിന്നെ മുതിര്‍ന്ന കുഞ്ഞമ്മമാര്‍ വയലില്‍ ജോലിയ്ക്കു പോകും. അതു കൊണ്ട് അരിയ്ക്ക് ഒരിയ്ക്കലും മുട്ടില്ലാന്നു മാത്രം. ഓണക്കാലത്തും ഇങ്ങനെയൊക്കെ തന്നെ അവസ്ഥ. (മൂത്ത അമ്മാവന്‍ അക്കാലം നാടു വിട്ട് എവിടെയോ ആണ്). ഞാനും കുഞ്ഞമ്മാവനും ഷീബയാന്റിയും ജയമ്മയാന്റിയും പഠിയ്ക്കുന്നു.
ആ ഓണക്കാലത്ത്  വാശിയേറിയ ഒരു “കീച്ച്” നടന്നു. കളത്തില്‍ മൂന്നാലു പേരോടൊപ്പം കുഞ്ഞമ്മാവനും ഉണ്ട്. ചുറ്റും ഞാനുള്‍പ്പെടെ പത്തു പതിനഞ്ചു പേര്‍ . ഓരോ കീച്ചിനും കളത്തില്‍ കാശിടണമെന്നാണ് വ്യവസ്ഥ. അഞ്ചു രൂപാ വീതമാണ് കളത്തില്‍ . (അന്ന് അഞ്ചു രൂപാ സാമാന്യം വലിയ തുകയാണ്. ഒരു ചായയ്ക്ക് മുപ്പതു പൈസ വില.) എല്ലാവരും കാശിട്ടു. കുഞ്ഞമ്മാവന്‍ ഇട്ടില്ല. പകരം എളിയില്‍ തിരുകിയ ചുരുട്ടിയ നോട്ട്  തൊട്ടു കാണിച്ചു. നൂറിന്റെ നോട്ടാണ്. അതു കൊണ്ട് കളത്തിടുകയില്ല, ജയിയ്ക്കുന്നയാള്‍ക്ക് നേരിട്ട് കൊടുക്കും. ആര്‍ക്കും എതിര്‍പ്പുണ്ടായിരുന്നില്ല.

കളി തുടങ്ങി. ആദ്യമൊക്കെ കുഞ്ഞമ്മാവന്‍ പൊട്ടിപ്പാളീസായി. അപ്പോള്‍ ജയിച്ചവനോട് പറയും,

”ദാ..നിന്റെ അഞ്ച് എന്റടുത്തുണ്ട്. അടുത്തതിനിട്..”

എനിയ്ക്ക് ഇതൊക്കെ കണ്ടപ്പോള്‍ അങ്കലാപ്പായി. പുള്ളിയ്ക്കെവിടുന്നാണ് ഇത്രയും കാശെന്നു മനസ്സിലാകുന്നില്ല.
നേരത്തെ തന്നെ ഞങ്ങള്‍ക്കിടയില്‍ പുള്ളിയെ പറ്റി ഒരപഖ്യാതി ഉണ്ട്. എന്തോ ആവശ്യത്തിന് വീട്ടില്‍ നിന്നും ഒരിക്കല്‍ ഇരുപതു രൂപ അടിച്ചു മാറ്റിയത്രേ! പിന്നീട് ആന്റിമാരുമായി വഴക്ക് കൂടുമ്പോള്‍ ഷീബയാന്റി വിളിച്ചു കൂവും..

”എടാ..കള്ളാ..ഇരുപതേ..! ”

പിന്നെ  ഒരോട്ടമത്സരം നടക്കും. എത്ര കഷ്ടപെട്ടായാലും ഷീബയാന്റിയെ ഓടിച്ചു പിടിച്ചിരിയ്ക്കും. വലിയ തരക്കേടില്ലാത്ത മൂന്നാല് ഇടി കൊടുത്തിട്ടേ പുള്ളി പിന്മാറുകയുള്ളു.
ഇതെന്റെ മനസ്സിലുള്ളതു കൊണ്ട്, ഈ കാശ് എവിടുന്നോ അടിച്ചുമാറ്റിയതാണെന്ന് എനിയ്ക്കുറപ്പായി. പുള്ളിയിങ്ങനെ പൊട്ടുന്നതു കൂടി കണ്ടപ്പോള്‍ സംഗതി ഗുലുമാലാകുമെന്നെനിയ്ക്ക് തോന്നി. എന്നാല്‍ കുഞ്ഞമ്മാവന് ഒരു കൂസലുമുണ്ടായിരുന്നില്ല. ഏറെ നേരം നീണ്ട കീച്ചിനൊടുവില്‍ നാല്പതു രൂപയോളം നേടി കളിയവസാനിപ്പിച്ചു കക്ഷി.
മത്സരം കഴിഞ്ഞ് എന്നെ വിളിച്ചു, അഞ്ചു രൂപാ തന്നു. എന്നിട്ടും എന്റെ നോട്ടം ആ ചുരുട്ടി വച്ച നോട്ടിലായിരുന്നു.
ഒടുവില്‍ സഹിയ്ക്കാന്‍ വയ്യാതെ ഞാന്‍ ചോദിച്ചു.

“ഇതെവിടുന്നാ..?”

പുള്ളി പൊട്ടിച്ചിരിച്ചു കൊണ്ട് ആ നോട്ട് വലിച്ചെടുത്തു. എന്നിട്ട് നിവര്‍ത്തിക്കാണിച്ചു. പഴയ മുദ്രപത്രത്തില്‍ നിന്നും മുറിച്ചെടുത്ത, മുദ്രയുള്ള ഭാഗം! ഒറ്റ നോട്ടത്തില്‍ നൂറു രൂപയെന്നു തോന്നും. 
ഹോ..! ആ ബുദ്ധിയ്ക്കു മുന്‍പില്‍ ഞാന്‍ തല കുനിച്ചു.

ഇതു കൂടാതുള്ള ഓണക്കളികള്‍ തുമ്പി തുള്ളല്‍ , പച്ചകളി ഇതൊക്കെയാണ്. അതൊക്കെ പെണ്ണുങ്ങളാണ് കളിയ്ക്കുന്നത്. തിരുവോണദിവസം, ഉച്ചയൂണ്‍ കഴിഞ്ഞ് എല്ലാപെണ്ണുങ്ങളും ഒത്തുകൂടും. വല്യാട്ടിലെ ഒരു പൊതു ഇടം എസ്.എന്‍.ഡി.പി. ശാഖാമന്ദിരം ഗ്രൌണ്ടാണ്. അവിടെ ആണും പെണ്ണും എല്ലാമെത്തും. പിന്നെ കളികള്‍ . ചിലപ്പോള്‍ കിളിത്തട്ടു കളി , നാടന്‍ പന്തു കളി ഇവയൊക്കെ കാണും. ഒരിയ്ക്കല്‍ വല്യാട്ടിലെ യുവാക്കള്‍ ഒത്തു ചേര്‍ന്ന് ഒരു വള്ളം കളി തന്നെ നടത്തി മീനച്ചിലാറ്റില്‍. അതൊക്കെ വലിയ ആഘോഷമായിരുന്നു. ജാതി മത ഭേദമെന്യേ എല്ലാവരും ഇതിലൊക്കെ സഹകരിയ്ക്കും. കടുത്ത ജാതി ഭേദമോ രാഷ്ട്രീയ ഭേദമോ അന്നൊന്നും അവിടെ ഉണ്ടായിരുന്നില്ല.

ഇത്തരം എല്ലാ പരിപാടികളിലും കുഞ്ഞമ്മാവന്‍ സജീവ സാന്നിധ്യമായിരുന്നു. കൂടാതെ ഒന്നാന്തരം വോളിബോള്‍ കളികാരനും. ആറടിയോളം ഉയരം അന്നു തന്നെയുണ്ട്. ഇടയ്ക്ക് വഴക്കു കൂടുമെങ്കിലും എന്നോട് നല്ല വാത്സല്യമായിരുന്നു.
ഇരുപതാമത്തെ വയസ്സില്‍ രക്താര്‍ബുദം ബാധിച്ച് കുഞ്ഞമ്മാവന്‍ ഞങ്ങളെ വിട്ടു പോയി.

21 comments:

  1. നല്ല ഓണക്കാല ഓര്‍മ്മകള്‍.
    ഒപ്പം ഓണാശംസകളും നേരുന്നു

    ReplyDelete
  2. നല്ലൊരോണ ഓർമ്മക്കുറിപ്പ്
    കഥപോലെ അവസാനം ഇങ്ങനെ കൊണ്ടവസാനിപ്പിക്കണ്ടായിരുന്നു.

    ReplyDelete
  3. കഥ നന്നായി, ഓണാശംസകൾ

    ReplyDelete
  4. അനുഭവങ്ങളുടെ ഒരു കലവറ കയ്യിലുണ്ടല്ലോ. പോരട്ടെ , ഇനിയും പോരട്ടെ.

    ReplyDelete
  5. ഓണത്തിന് നാട്ടിലേയ്ക്കുണ്ടോ ? ഉണ്ടെങ്കില്‍ 28 nu തളിപ്പറമ്പില്‍ വരണം പ്രത്യേകം ക്ഷണിക്കുന്നു.

    സ്വാഗതം
    സുഹൃത്തേ ,
    തളിപ്പറമ്പ് സീയെല്ലെസ്സ് ബുക്സ് പ്രസിദ്ധീകരിക്കുന്ന
    രണ്ട് പുസ്തകങ്ങള്‍(ദലമര്‍മ്മരങ്ങള്‍ -കവിതാ സമാഹാരം,സാക്ഷ്യ പത്രങ്ങള്‍ -കഥാ സമാഹാരം )
    2010 ആഗസ്റ്റ് 28 നു തളിപ്പറമ്പ് മൂത്തേടത്ത് ഹൈസ്കൂളില്‍ വെച്ചു രാവിലെ കൃത്യം 10 .30 .നു
    പ്രകാശനം ചെയ്യപ്പെടുകയാണ് .
    അതോടൊപ്പം ഒരു ഇന്റര്‍നെറ്റ് കൂട്ടായ്മ കൂടി അവിടെ സംഘടിപ്പിക്കുന്നു.
    ഇന്റര്‍നെറ്റ് മീറ്റ് എന്ന് പറയുമ്പോള്‍ അതില്‍
    ബ്ലോഗേര്‍സ്, ബ്ലോഗ് റീഡേഴ്സ്, ഓര്‍ക്കുട്ടേര്‍സ്, മറ്റ് സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളില്‍ ഇടപെടുന്നവര്‍,
    കൂട്ടം എന്ന മലയാളം കമ്മ്യൂണിറ്റിയിലെ അംഗങ്ങള്‍,
    ഇന്റര്‍നെറ്റ് എന്ന അത്ഭുതലോകത്തെ കുറിച്ച് അറിയാന്‍ താല്പര്യമുള്ളവര്‍
    അങ്ങനെ എല്ലാവര്‍ക്കും പങ്കെടുക്കാം.
    അതിരുകളില്ലാ ത്ത വിവരവിനിമയവും സൌഹൃദവുമാണ് ഈ ഇന്റര്‍നെറ്റ് കൂട്ടായ്മ ഉന്നം വെക്കുന്നത്.
    കഥ- കവിത സമാഹാരങ്ങളെ പ്പ റ്റി യുള്ള ചര്‍ച്ചക ളും
    ബ്ലോഗിനെക്കുറിച്ചും, അതിന്റെ വിവിധ സാധ്യതകള്‍
    എങ്ങനെ സ്വയം ഫല പ്രദമാക്കാന്‍ കഴിയും എന്നതിനെക്കുറിച്ചും ഉള്ള
    ബോധവല്‍ക്കരണ ക്ലാസ്സുകളും ഉണ്ടാകും.
    പരസ്പരം അറിയാനും അറിവ് നേടാനും ഉള്ള ഈ അവസരം,
    സാന്നിധ്യം കൊണ്ട് ധന്യമാക്കുവാന്‍ ,
    പ്രായഭേദമെന്യേ
    താല്പര്യമുള്ള ,ഏവരേയും
    സ്വാഗതം ചെയ്യുന്നു.

    സ്നേഹപൂര്‍വ്വം,
    പ്രസാധകര്‍,സീയെല്ലെസ് ബുക്സ് ,തളിപ്പറമ്പ്

    ReplyDelete
  6. അനുഭവങ്ങളിലൂടെ ഓണക്കാലം...
    നന്നായി
    ഓണാശംസകള്‍..

    ReplyDelete
  7. സമ്പന്നമായ ഒരു ബാല്യത്തിന്റെ ഓർമ്മ...

    മനോഹരമായ അവതരണം...

    സ്നേഹമുള്ള ബന്ധുക്കളും കൂട്ടുകാരും....ഈ ഓർമ്മകളല്ലേ നമ്മുടെയെല്ലാം സ്വകാര്യമായ അഹങ്കാരം.

    ReplyDelete
  8. ഓണസ്മരണകള്‍ നന്നായിരിക്കുന്നു,ബിജു.ആ കീച്ച് കളി കലക്കി....

    ReplyDelete
  9. വല്ലാതെ ഗൃഹാതുരത ഉണര്‍ത്തുന്ന എഴുത്ത്.
    പഴയ കുടുംബവീട്ടിലെ ബാല്യം ഇതോര്‍മ്മിപ്പിച്ചു, പുരക്കുള്ളില്‍ വെള്ളം കയറുന്നതും, നീര്‍ക്കോലിയും, വാഴപ്പിണ്ടി ചെങ്ങാടവും, ചൂണ്ടയും...അങ്ങനെ, അങ്ങനെ ...

    ReplyDelete
  10. വളരെ നന്നായിട്ടുണ്ട് ഈ ഒർമ്മകുറിപ്പുകൾ,
    എന്നാലും ഈ ഓർമ്മ കുറിപ്പ് എന്നിൽ ചെറിയോരു നഷ്ട്ബോധമുണ്ടാക്കി, കാരണം എനിക്കു ഇതേപോലെയുള്ള അനുഭവങ്ങൾ കുറവാണു

    ReplyDelete
  11. എന്റെ ബാല്യ സ്മൃതികള്‍ വായിയ്ക്കുകയും അഭിപ്രായം പറയുകയും ചെയ്ത പ്രിയ സുഹൃത്തുക്കള്‍ക്കെല്ലാം നന്ദി.
    @ ചെറുവാടി: ഓണാശംസകള്‍ !
    @ കലാവല്ലഭന്‍: കഥയല്ലിത് ജീവിതം!
    @ മിനി: ഓണാശംസകള്‍!
    @ എബിന്‍: അനുഭവങ്ങള്‍ എല്ലാവര്‍ക്കുമുണ്ട്. ആരും അതിന്റെ വില മനസ്സിലാക്കുന്നില്ല എന്നുമാത്രം.
    @:ലീല.എം.ചന്ദ്രന്‍: ഓണം ഇവിടെ തന്നെ. ഈ പോസ്റ്റ് വായിച്ചില്ലാന്നു തൊന്നുന്നു.
    @ റാംജി: ഓണാശംസകള്‍!
    @ സുഗന്ധി: ആണോ? ആ അഹങ്കാരം ഉണ്ടെങ്കില്‍ ഞങ്ങള്‍ക്കും പകര്‍ന്നു തരൂ..
    @ കൃഷ്ണകുമാര്‍: പണ്ട് “കീച്ചാ”നായി ഞാനും ചില്ലറ മോഷണമൊക്കെ നടത്തിയിട്ടുണ്ട്!
    @ അനില്‍കുമാര്‍: താങ്കളില്‍ നിന്നും ഒരോര്‍മ്മകുറിപ്പ് പ്രതീക്ഷിയ്ക്കുന്നു.
    @ശ്യാം: അനുഭവങ്ങള്‍ ഉണ്ടാകും. ഓരോന്നും ഓരോ കാലത്തിനനുസരിച്ച്. താങ്കളുടെതിനും അതിന്റെതായ മാധുര്യം ഉണ്ടാവും. എഴുതൂ...

    ReplyDelete
  12. നന്നായിട്ടുണ്ട്..പലതും മനസ്സിൽ കണ്ടു നോക്കി..നേരിട്ട് പരിചയമില്ലാത്തതുകോണ്ട് ഒരല്പം സമയമെടുത്തു കാഴ്ചകൾ തെളിയാൻ..
    നന്ദി..ഒപ്പം ഹൃദയം നിറഞ്ഞ ഓണാശംസകളും
    "ആ ബുദ്ധിയ്ക്കു മുന്‍പില്‍ ഞാന്‍ തല കുനിച്ചു."
    മുറ്റത്തെ തെളിഞ്ഞ വെള്ളത്തില്‍ വിളക്കുംവെട്ടം കണ്ട് കണ്ണഞ്ചി, പരലുകളും പള്ളത്തികളും നില്‍ക്കുന്നതു കാണാം..
    ഇത്തിരി അനസൂയ തോന്നിയോന്നും സംശയം

    ReplyDelete
  13. എന്റമ്മേ ഇതാണല്ലേ ഒരു കീച്ച് കീച്ചിയെന്ന് പറഞ്ഞത്. ഹും..... കൊള്ളാം ഒരുപാട് കാര്യങ്ങള്‍ ആലോചിച്ചു. പഴയവ, ഇന്നില്ലാത്തവ, ഇനിയൊരിക്കലും തിരിച്ചു വരാത്തവ അങ്ങനെ ഒരുപാട്......

    ReplyDelete
  14. ഓര്‍മ്മകള്‍ നന്നായി. ഓരോ വിവരണവും കാഴ്ചകളായി മനസ്സില്‍ നിറഞ്ഞു.

    ഓണാശംസകള്‍.

    ReplyDelete
  15. @ ലിഡിയ: കുറച്ചുകഴിഞ്ഞാലും തെളിഞ്ഞല്ലോ! അതു മതി. അ”ന”സൂയ എന്നു തന്നാണോ എഴുതിയത്? അതോ അച്ചരപെശകോ? അസൂയ എന്നാണെങ്കില്‍ എനിയ്ക്കൊത്തിരി സന്തോഷമായി.
    @ ആളവന്താന്‍: ശരിയാണ് പഴമയുടെ മാധുര്യം ഇന്നുണ്ടോ ആവോ? അതോ നമ്മളൊക്കെ എക്സ്പൈറി ഡേറ്റ് കഴിഞ്ഞതു കൊണ്ടുള്ള തോന്നലാണൊ. നന്ദി വായനയ്ക്ക്.
    @ രാമചന്ദ്രന്‍ : വളരെ സന്തോഷം മാഷെ.

    ReplyDelete
  16. Congrats dear Biju......... A nice presentation.
    WISH YOU A VERY HAPPY ONAM..........

    ReplyDelete
  17. നമുക്കെല്ലാം എന്നും ഗൃഹാതുരതയോടെ ഓര്‍ത്തു വെക്കാന്‍ ഇതൊക്കെ തന്നെയല്ലേ ഉള്ളത്.... ഓര്‍മക്കുറിപ്പിന്റെ അവസാനം വേദനാജനകമായി!

    ReplyDelete
  18. അഭിനന്ദനങ്ങള്‍ ....
    വളരെ നന്നായിട്ടുണ്ട്
    മനസ്സില്‍ ഒരു പിടി മഞ്ചാടി മണികള്‍ വാരി വിതറും പോലെ
    നിഷ്കളങ്കമായ ബാല്യതിന്ടെ ഒരുപാട് നല്ല ഓര്‍മ്മകളിലേക്ക് ഇത് എന്നെ കൊണ്ടെത്തിച്ചു.നാട്ടിലെ ഇടവഴികളും,മഴ നനഞു പൂക്കളിരുത്തതും,അങ്ങനെ കൊറേ ഓര്‍മ്മകള്‍......
    എല്ലാം കഴിഞ്ഞുപോയി എന്നോര്‍ക്കുമ്പോള്‍ വല്ലാത്ത ഒരു നഷ്ട്ട ബോധം.എന്തായാലും തിരിച്ചെത്തിയത് വീണ്ടുമൊരു ഓണനാളില്‍.

    ഹൃദയം നിന്റഞ്ഞ ഓണാശംസകള്‍

    ReplyDelete
  19. ബാല്യകാലത്തെ ഓണം.ആര്‍ക്കായാലും, എന്തെങ്കിലുമൊക്കെ സ്മരണകള്‍ ജീവിതകാലം മുഴുവനും കൊണ്ടുനടക്കാനുണ്ടാകും.ഈ ഓണക്കാല സ്മരണകള്‍ ഏറെ ഗൃഹാതുരത്വമുണര്‍ത്തുന്നു !!

    ReplyDelete
  20. ഓണം വീണ്ടും കടന്നു വരികയായി
    ഓർമ്മകളും....

    ReplyDelete
  21. ഇതൊരു ഓണസ്മരണകള്‍ മാത്രം അല്ല , ഒരു ഗ്രാമം , അതിന്റെ പച്ച യായ സൌന്ദര്യം .ആവിഷ്കാരം ...പിന്നെ പലതും . ഈ വര്‍ഷത്തെ എന്‍റെ ആദ്യത്തെ ഓണം വായന ഇതായിരിന്നു . സന്തോഷം .

    ReplyDelete

കമന്റിലെ അക്ഷരങ്ങള്‍ക്ക് നിറം നല്‍കാന്‍ [co="red"]Type Text here[/co] . ഇവിടെ red എന്നതിനു പകരം മറ്റ് നിറങ്ങള്‍ നല്‍കിയാല്‍ മതിയാകും.