കേരളത്തില്‍ ഈ അടുത്തയിടെ നടന്ന ചില സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ നമ്മുടെമാധ്യമപക്ഷപാതിത്വത്തെക്കുറിച്ച് ഒന്നന്വേഷിയ്ക്കുന്നത് നന്നായിരിയ്ക്കുമെന്ന് തോന്നുന്നു. കാരണം ഇന്ന് കേരളീയ സമൂഹത്തിന്റെ പൊതുബോധം സൃഷ്ടിയ്ക്കപ്പെടുന്നത് ഏതാനും ചില മാധ്യമങ്ങളിലൂടെ ആണ്. അത് തികച്ചും മുന്‍കൂട്ടി തീരുമാനിച്ച ശേഷം അതിനനുസൃതമായ വാര്‍ത്തകളുടെ വാര്‍ത്തെടുപ്പാണ് ഇവിടെ നടക്കുന്നത്. സത്യത്തില്‍ തങ്ങളുടെ വരിക്കാരനോട് പ്രേക്ഷകനോട് ചെയ്യുന്ന കൊടിയ വഞ്ചനയാണ് ഈ അധാര്‍മിക പ്രവര്‍ത്തി. ഇത്തരം പ്രവൃത്തി ചെയ്യുന്ന ഇവര്‍ തങ്ങള്‍ “നിഷ്പക്ഷ”മാധ്യമ പ്രവര്‍ത്തനമാണ് ചെയ്യുന്നത് എന്ന് വീമ്പടിയ്ക്കുന്നതാണ് ഏറ്റവും ആപല്‍ക്കരം. തങ്ങളുടെ പക്ഷപാതിത്വം സത്യസന്ധമായി പറഞ്ഞ് പ്രവര്‍ത്തിയ്ക്കുന്ന രാഷ്ട്രീയ-സംഘടനാ മാധ്യമങ്ങളെ കുറ്റപ്പെടുത്തേണ്ടതില്ല, അതവരുടെ ജന്മലക്ഷ്യമാണ്.
ഇക്കഴിഞ്ഞ ദിവസങ്ങളില്‍ മലയാളിയെ ആകര്‍ഷിച്ച(ആകര്‍ഷിയ്ക്കേണ്ടുന്ന) രണ്ട് സംഭവങ്ങള്‍ ഉണ്ടായി. (1) ശശി തരൂര്‍ വിവാദം. (2)ലാവ്‌ലിന്‍ കേസില്‍ സി.ബി.ഐ.യുടെ പുതിയ സത്യവാങ്മൂലം. ഇവയുടെ റിപ്പോര്‍ട്ടിങ്ങ് നമ്മുടെ മാധ്യമങ്ങള്‍ (ഞാനിവിടെ മാധ്യമങ്ങള്‍ എന്നുദ്ദേശിയ്ക്കുന്നത് നിഷ്പക്ഷ നാട്യമുള്ളവയെ മാത്രമാണ്) നടത്തിയ രീതിയും അവയുടെ താരതമ്യവും അവരുടെ പൊയ്മുഖം വലിച്ചു കീറുന്നതായിരുന്നു. തരൂര്‍ വിവാദത്തില്‍ അഴിമതി എന്ന പദപ്രയോഗം എങ്ങും കാണാനില്ല. എന്നു മാത്രമല്ല ഈ വിഷയം കൈകാര്യം ചെയ്തത് ഏറെക്കുറെ മാന്യവും കാര്യമാത്രപ്രസക്തവുമായ രീതിയിലാണെന്നതില്‍ തര്‍ക്കവുമില്ല. എന്നാല്‍ ലാവ്‌ലിന്‍ വിവാദത്തിന്റെ കാര്യത്തിലോ?(ഞാനിവിടെ പിണറായി വിജയന്റെ പക്ഷം പിടിയ്ക്കുകയല്ല. നിഷ്പക്ഷമായി നോക്കിക്കാണാന്‍ ശ്രമിയ്ക്കുക മാത്രമാണ്). കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഈ പ്രശ്നം മാധ്യമങ്ങളുടെ ഏറ്റവും പ്രധാനവാര്‍ത്തയാണ്. ഇദ്ദേഹം സാമ്പത്തികനേട്ടമുണ്ടാക്കി എന്നുതന്നെ സ്പഷ്ടമായി പ്രചരിപ്പിച്ചിരുന്നു ഈ മാധ്യമങ്ങള്‍ . അത് ആരോപണങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ട് എന്ന് നമുക്ക് വിചാരിയ്ക്കാം. എന്നാല്‍ അദ്ദേഹം സാമ്പത്തികനേട്ടം ഉണ്ടാക്കിയതിന് യാതൊരു തെളിവുമില്ല എന്ന് അന്വേഷണ ഏജന്‍സി കോടതിയില്‍ മൊഴി നല്‍കുമ്പോഴും അതേ പ്രാധാന്യത്തോടെ റിപ്പോര്‍ട്ട് ചെയ്യേണ്ടല്ലേ. ഇവിടുത്തെ മുഖ്യധാരാ മാധ്യമങ്ങള്‍ ആ വിവരം കഴിയുന്നതും പൂഴ്താനാണ് ശ്രമിച്ചത്. പലരും അപ്രധാന വാര്‍ത്തകളുടെ കൂട്ടത്തില്‍ അതു പെടുത്തി! ഇതെന്തു മര്യാദയാണ്?
“ലവ് ജിഹാദ് ”വിവാദത്തിലും ഇതു തന്നെ കഥ. ലവ് ജിഹാദ് ഉണ്ട് എന്ന് പൊതു സമൂഹത്തോട് “തെളിവ്” നിരത്തി പ്രഖ്യാപിച്ചവര്‍ പോലീസും കോടതിയും അത് തെറ്റാണെന്ന് പറഞ്ഞപ്പോള്‍ അതേ പ്രധാന്യത്തോടെ പ്രഖ്യാപിയ്ക്കണമായിരുന്നു. കാരണം ആ വിവാദം സാമൂഹ്യ ശരീരത്തിനുണ്ടാക്കിയ മുറിവ് വലുതായിരുന്നു.
രാജ് മോഹന്‍ ഉണ്ണിത്താന്‍ എന്ന അസന്മാര്‍ഗിക “നേതാവിനെ” ജനങ്ങള്‍ പൊക്കിയപ്പോള്‍ ഈ മാധ്യമങ്ങള്‍ അതു മറച്ചുപിടിക്കാന്‍ വൃഥാ ശ്രമിച്ചു. ഏതായാലും അയാളെ കോണ്‍ഗ്രസ് താല്‍ക്കാലികമായി സസ്പെന്‍ഡ് ചെയ്തു. ഇപ്പോഴിതാ ഒരു അന്വേഷണ പ്രഹസനത്തിനൊടുവില്‍ അയാള്‍ വീണ്ടും കോണ്‍ഗ്രസില്‍ തിരിച്ചെത്തുകയും തന്റെ വൃത്തികെട്ട നാവുകൊണ്ട് നമ്മെ നോക്കി കൊഞ്ഞനം കുത്താന്‍ തുടങ്ങുകയും ചെയ്തിരിയ്ക്കുന്നു. വലിയ “നിഷ്പക്ഷ “നാട്യമുള്ള ഇന്‍ഡ്യവിഷന്‍ ചാനലില്‍ പത്തുമിനിട്ടോളം അയാളുടെ തെറിയഭിഷേകം പൊളിട്രിക്സ് എന്ന വിളിപ്പേരിട്ട് കാണിച്ചു. കാള്‍ മാര്‍ക്സ് തന്റെ വേലക്കാരിയെ വരെ വ്യഭിചാരം ചെയ്തെന്നും, ലെനിന്‍ വ്യഭിചാരത്തിനു പോയി സിഫിലിസ് പിടിച്ചാണ് മരിച്ചതെന്നും, മാവോയ്ക്ക് എത്ര ഭാര്യമാരുണ്ടെന്നോ മക്കളുണ്ടെന്നോ ചൈനക്കാര്‍ക്ക് എണ്ണിത്തീര്‍ക്കാന്‍ കഴിഞ്ഞില്ലെന്നുമുള്ള ഇയാളുടെ പ്രഭാഷണങ്ങളാണ് ആ പരിപാടിയിലൂടെ വിളമ്പിക്കാണിച്ചത്! (ഉണ്ണിത്താനതു പറയാം, കാരണം ഇവരൊക്കെ ചെയ്തതേ താനും ചെയ്തുള്ളൂ എന്നാണല്ലോ പുള്ളിയുടെ ന്യായം. എന്നാല്‍ ഒരു വാര്‍ത്താചാനലിന് ഇതുമുഴുവന്‍ നാട്ടുകാരെ കേള്‍പ്പിക്കാന്‍ എന്തു ബാധ്യതയാണുള്ളത്?)
കോണ്‍ഗ്രസില്‍ എത്രയോ നല്ലവരായ നേതാക്കള്‍ ഇനിയുമവശേഷിയ്ക്കുന്നുണ്ട്. ആന്റണിയും സുധീരനും വയലാര്‍ രവിയും എന്തിനു ഉമ്മന്‍ ചാണ്ടി പോലും കോണ്‍ഗ്രസ് രാഷ്ട്രീയത്തിന്റെ നല്ല മുഖങ്ങളാണ്. അവരുടെ വിമര്‍ശനങ്ങള്‍ക്ക് ഇടം കൊടുക്കുന്നത് നമുക്ക് അംഗീകരിയ്ക്കാം, എന്നാല്‍ ഇത്തരം പുഴുത്തുനാറിയ ശവങ്ങളെ എഴുന്നെള്ളിയ്ക്കുന്ന മാധ്യമങ്ങളുടെ യഥാര്‍ത്ഥ ലക്ഷ്യമെന്താണ്?
കേരളത്തിന്റെ, ചോദ്യം ചെയ്യാനുള്ള മനസ്സിനെ പ്രതിരോധ ശേഷിയെ പതുക്കെ പതുക്കെ നശിപ്പിയ്ക്കുക. ആശയങ്ങളുടെയും ആദര്‍ശങ്ങളുടേയും സംഘടിത പ്രസ്ഥാനങ്ങളെ തകര്‍ക്കുക. എല്ലാവരും കണക്കെന്ന അവസ്ഥയിലേയ്ക്ക് പൊതുജന മനസ്സിനെ എത്തിയ്ക്കുക. ഇത്തരം അവസ്ഥയില്‍ മാധ്യമങ്ങള്‍ സൃഷ്ടിയ്ക്കുന്ന കൃത്രിമ അവബോധം ജനങ്ങളില്‍ അടിച്ചേല്‍പ്പിയ്ക്കാനാവും.
ഇപ്പോള്‍ നമ്മുടെ ടെലിവിഷനുകളില്‍ പ്രക്ഷേപണ, ചെയ്യുന്ന ചില (പരസ്യ)പരിപാടികളുണ്ട്. ചില ഏലസ്സുകളും യന്ത്രങ്ങളും ധരിച്ചാല്‍ നമ്മുടെ എല്ലാ പ്രശ്നങ്ങളും അതോടെ തീരുമത്രെ! കഴിഞ്ഞ ദിവസം ഏഷ്യാനറ്റിലെ ഒരു പരിപാടി കണ്ടു. ഒരു യുവതി (ഏതോ വിദഗ്ധയാണത്രേ!) നമ്മുടെ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടാന്‍ ഒരു മാര്‍ഗം നിര്‍ദ്ദേശിയ്ക്കുന്നു. നമ്മുടെ ആഗ്രഹം എന്താണെന്നു വച്ചാല്‍ അത് ഒരു വെള്ളകടലാസില്‍ എഴുതുക. കൂടെ എന്തെങ്കിലും മതചിഹ്നങ്ങള്‍ കൂടി രേഖപ്പെടുത്തുക. എന്നിട്ട് വെറുതെ മടക്കി വച്ചാല്‍ മതി. ആ കാര്യം നടന്നിരിയ്ക്കും!!! (ഉദാ: കുട്ടിയുണ്ടാവുക, ജോലി ലഭിയ്ക്കുക..). അവര്‍ അനുഭവസ്ഥ കൂടിയാണത്രേ. പിന്നെ ഒരു “വാസ്തു വിദഗ്ധ”ന്റെ പരിപാടി കണ്ടു. കത്തുകള്‍ക്ക് മറുപടി. ഒരാള്‍ക്ക് വലിയ സാമ്പത്തിക പ്രശ്നങ്ങള്‍ . പ്രിഹാരം വേണം. വിദഗ്ധന്റെ ഉപദേശം ഇതാണ്. വടക്കുവശത്തെ വാട്ടര്‍ ടാങ്ക് കിഴക്കു വശത്താക്കുക. അതോടെ എല്ലാം പരിഹരിയ്ക്കപ്പെടും! ജാതിവെറിയും മതവെറിയും കൂടുതല്‍ ശക്തമായി തിരിച്ചു വരുകയാണ്. ഗൌരവമായ വായന, കലാപ്രവര്‍ത്തനങ്ങള്‍ എല്ലാം മരിക്കുന്നു. റിയാലിറ്റി ഷോയിലെ ആട്ടവും പാട്ടുമാണിന്ന് കലാപ്രവര്‍ത്തനം. സീരിയല്‍ കണ്ണീര്‍ കണ്ടു മടുത്തവര്‍ ഇപ്പോള്‍ എലിമിനേഷന്‍ കണ്ണീര്‍ കണ്ടാണ് ദാഹമടക്കുന്നത്. (ആദ്യത്തേത് ഗ്ലിസറിനെങ്കില്‍ രണ്ടാമത്തേത് റിയാലിറ്റി ആണ്). ഗതികിട്ടാപ്രേതങ്ങളായി നടന്നവനൊക്കെ ജഡ്ജെസെന്ന പേരില്‍ , ടി.വി.യില്‍ വന്ന് നമ്മളോട് “സംഗതി” പോരെന്നു പറയുന്നു. ഇതെവിടെ ചെന്നവസാനിയ്ക്കും?
ഞാന്‍ പണ്ട് “ഫാന്റ”ത്തിന്റെ ഒരു ചിത്രകഥ വായിച്ചിട്ടുണ്ട്. “ടിംപനിയിലെ ചെണ്ടകള്‍ “. ഒരു ഗോത്രവര്‍ഗക്കാരന്‍ തന്റെ അത്ഭുതചെണ്ടകൊണ്ട് ഒരു സമൂഹത്തെ ആകര്‍ഷിച്ച് മയക്കി തമ്മിലടിപ്പിച്ച് മേധാവിത്വം പിടിച്ചെടുക്കുന്നതാണ് അതിലെ കഥ.അവസാനം ഫാന്റം അയാളുടെ കഥ കഴിച്ചാണ് ജനങ്ങളെ രക്ഷിയ്ക്കുന്നത്. ഇത്തരം “ടിംപനി ചെണ്ട“കളായിരിയ്ക്കുന്നു കേരളത്തിലെ മാധ്യമങ്ങള്‍ . നാമിനി ഒരു ഫാന്റത്തെ കാത്തിരിയ്ക്കണോ ഇവറ്റകളില്‍ നിന്നു രക്ഷ നേടാന്‍ ?
വാല്‍ക്കഷണം: റിമോട്ടെന്ന ആയുധം ബുദ്ധിപൂര്‍വം ഉപയോഗിയ്ക്കാന്‍ നാം പഠിക്കേണ്ടിയിരിയ്ക്കുന്നു; കുറഞ്ഞപക്ഷം ഒരു ഫാന്റം എത്തും വരെയെങ്കിലും.
വിഷയം എല്ലാവരും ഇന്നത്തെ കാലത്തു കാണുകയും കേൾക്കുകയും അനുഭവിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നതിനാൽ സാധാരണ വായന പോലെ ഉദ്വേഗ രഹിതമായി വായിച്ചു തീർത്തു. കാരണം മനസ്സ് ഇതിനോടെല്ലാം പാകപ്പെട്ടു കഴിഞ്ഞിരിക്കുന്നു.ഏതെങ്കിലും ഫാന്റമോ മാൻഡ്രേക്കോ ഫ്ലാഷ് ഗോർഡനോ വരുമ്പോൽ വരട്ടെ. അതുവരെ സഹിക്കുക തന്നെ. പക്ഷേ എന്നെപോലെ പഴയ കാല സ്മരണകളിൽ കഴിയുന്നവർക്കു ടിംബനിയിലെ ചെണ്ടക്കാരന്റെ കഥ വീണ്ടും ഓർമയിലേക്കു കൊണ്ടുവരാനും ഖണ്ഡശ്ശ:ആയി പ്രസിദ്ധീകരിച്ച ആ ഫാന്റം കഥ ഉദ്വേഗത്തോടെ കാത്തിരുന്ന ഞായറാഴ്ചകളെ പറ്റി ഓർക്കാനും പോസ്റ്റ് കാരണമാക്കി. നന്ദി.
ReplyDelete"ടിംപനിയിലെ ചെണ്ടകള്‍" - കറക്റ്റ് !!
ReplyDeleteഷെരീഫ് കൊട്ടാരക്കര്‍, ക്യാപ്ടന്‍ പ്രതികരണത്തിനു നന്ദി
ReplyDelete