പുതിയ കഥാസമാഹാരം “രയറൊം കഥകള്‍ " VPP ലഭിയ്ക്കാന്‍ sidrapubications@gmail

Monday, 19 April 2010

ട്വിറ്റെറും ഐ.പി.എല്ലും പിന്നെ സുനന്ദയും!

അങ്ങനെ അവസാനം ശശി തരൂര്‍ ഔട്ടായി. ക്ലീന്‍ ബൌള്‍ഡ് !  കോണ്‍ഗ്രസ് രാഷ്ട്രീയത്തെ അല്പം പോലും ഇഷ്ടമില്ലാത്ത ഒരാളാണ് ഞാന്‍ . I.P.L എന്ന “ഗ്ലോറിഫൈഡ് ഗാംബ്ലിങ്ങി”നെ അതിലേറെ വെറുക്കുന്ന ഒരാള്‍ . കേരളത്തിലേയ്ക്ക് ഒരു ടീമിനെ സംഘടിപ്പിച്ചത് ഒരു നേട്ടമായി ഞാന്‍ കാണുന്നേയില്ല. കോടികളുടെ ഈ ചൂതാട്ടം നമ്മുടെ സാമൂഹ്യശരീരത്തെ നശിപ്പിയ്ക്കും എന്ന കാര്യത്തിലും എനിയ്ക്ക് സംശയമില്ല.
ഇതൊക്കെയാണെങ്കിലും ശശി തരൂരിനെ എനിക്കിഷ്ടമായിരുന്നു; ബഹുമാനമായിരുന്നു. ഒരു ആഗോളമലയാളി എന്ന നിലയില്‍ . വൈജ്ഞാനിക രംഗത്തെ ഉന്നതന്‍ എന്ന നിലയില്‍ , ഐക്യരാഷ്ട്രസഭയിലെ മലയാളി സാന്നിധ്യംഎന്ന നിലയില്‍ . അദ്ദേഹം സെക്രട്ടറി ജനറല്‍ സ്ഥാനത്തേയ്ക്ക് മത്സരിച്ചപ്പോള്‍ വിജയിക്കേണമേയെന്ന്  ഏതൊരു ഇന്ത്യാക്കാരനെയും പോലെ ഞാനും കൊതിച്ചിരുന്നു. തിരുവനന്തപുരത്ത് ലോകസഭയിലേയ്ക്ക് മത്സരിച്ചപ്പോള്‍ ഞാനൊരു കോണ്‍ഗ്രസ്‌കാരനല്ലാഞ്ഞിട്ടും, അദ്ദേഹം ജയിക്കണമെന്നായിരുന്നു ആഗ്രഹം, അദ്ദേഹത്തെ ക്യാബിനറ്റ് മന്ത്രിയാക്കുമെന്നായിരുന്നു എന്റെ വിചാരം.എന്നാലും സഹമന്ത്രിയായി.
അദ്ദേഹത്തിന്റെ കന്നുകാലിക്ലാസ് പ്രയോഗം അക്ഷരാര്‍ത്ഥത്തില്‍ ശരിയാണെന്ന്, ഇന്ത്യന്‍ വിമാനങ്ങളില്‍ ഗള്‍ഫില്‍ നിന്നും യാത്രചെയ്തിട്ടുള്ള ഏതൊരാളും സമ്മതിയ്ക്കും. (ഞാന്‍ നൂറുവട്ടം സമ്മതിയ്ക്കും.) ഗാന്ധിജയന്തി ദിനത്തില്‍ ജോലിചെയ്ത് ആദരം പ്രകടിപ്പിക്കണമെന്ന പരാമര്‍ശവും തെറ്റെന്ന് ഞാന്‍ പറയില്ല. ഇന്ത്യ-പാക് തര്‍ക്കം പരിഹരിയ്ക്കാന്‍ സൌദിയുടെ മധ്യസ്ഥത എന്ന നിര്‍ദേശം യാഥാര്‍ത്ഥ്യബോധമുള്ളതായിരുന്നു എന്നാണ് എന്റെ അഭിപ്രായം. പാകിസ്ഥാനിലെ തീവ്രവാദത്തിന് സാമ്പത്തികമായും ആശയപരമായും ഊര്‍ജം ലഭിയ്ക്കുന്നത് സൌദിയില്‍ നിന്നാണ് എന്നത് യാഥാര്‍ത്ഥ്യം മാത്രമാണ്. പക്ഷെ ഇതൊന്നും ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വിലപ്പോകില്ലെന്ന് അദ്ദേഹം മനസ്സിലാക്കേണ്ടതായിരുന്നു.
 അദ്ദേഹത്തിന്റെ പരിചയസമ്പന്നതയും കഴിവുകളും (അമേരിയ്ക്കയില്‍ നിന്നും ഇരട്ട പി.ജി., 22-ആം വയസ്സില്‍ ഡോക്ടറേറ്റ്) നമ്മുടെ രാജ്യത്തിന് ഒരു മുതല്‍കൂട്ടായിരിയ്ക്കും എന്നായിരുന്നു മറ്റു പലരെയുമെന്നപോലെ ഞാനും പ്രതീക്ഷിച്ചത്.എന്നാല്‍ അദ്ദേഹം 50,000 രൂപ ദിവസവാടകയുള്ള ഹോട്ടല്‍ മുറിയിലാണ് താമസമെന്ന വാര്‍ത്ത എന്നെ അമ്പരപ്പിയ്ക്കുന്നതായിരുന്നു. അദ്ദേഹത്തിനു ധാരാളം പണമുണ്ടായിരിയ്ക്കാം. എങ്കിലും ഈ ദരിദ്രരാ‍ജ്യത്തെ ഒരു മന്ത്രിയായിരിയ്ക്കുമ്പോള്‍ അതു ശരിയല്ല. തുടര്‍ന്നു വന്ന IPL വിവാദം അദ്ദേഹത്തിന്മേലുള്ള പ്രതീക്ഷയുടെ ശവമഞ്ചത്തിന്മെലുള്ള അവസാന ആണിയുമടിയ്ക്കുന്നതായിരുന്നു. ആ കാശ്മീരി “യുവതി(!!!)“ സുനന്ദയുമായുള്ള ബന്ധമൊക്കെ സ്വകാര്യമെന്നു വാദിയ്ക്കാമെങ്കിലും ഈ രാജ്യത്തെ ഒരു മന്ത്രിയ്ക്കു ചേരുന്ന പണിയായില്ല. അതും പോട്ടെ, കേരള ടീമിന്റെ പിന്നാമ്പുറത്ത് ഇവരുടെയൊക്കെ താല്പര്യസംരക്ഷണമാണ് നടന്നതെന്ന് മനസ്സിലാക്കുമ്പോള്‍ , ഇദ്ദേഹം ശരിയ്ക്കും കോണ്‍ഗ്രസുകാരനായോ എന്നോര്‍ത്ത് അമ്പരക്കുകയല്ലാതെ എന്തു ചെയ്യാന്‍‌‌‌ ? (ഇക്കാര്യത്തില്‍ ടി.വി.ആര്‍ .ഷേണായി മാതൃഭൂമിയിലെഴുതിയ ലേഖനം പ്രസക്തമാണ്. ഷേണായി ലളിത് മോഡിയെ വെള്ള പൂശാന്‍ ശ്രമിയ്ക്കുന്നുവെന്നത് വേറെ കാര്യം)
ഇദ്ദേഹം ഇപ്പോഴും അമേരിയ്ക്കന്‍ ഹാങ്ങോവറില്‍ നിന്നും മുക്തനായിട്ടില്ല. തരൂരദ്ദേഹത്തിന്റെ ഇത്രയും കാലത്തെ മന്ത്രിയുദ്യോഗം കൊണ്ട് ആകെ രക്ഷപെട്ടത് “ട്വിറ്റര്‍ “ മാത്രമാണ്. ഈയുള്ളവന്‍ ആദ്യമൊക്കെ ട്വിറ്ററിനെ തീരെ മൈന്‍‌ഡ്ചെയ്യുകയേയില്ലായിരുന്നു.(എന്നു പറഞ്ഞാന്‍ ഈ കുന്ത്രാണ്ടം കൊണ്ടുള്ള ഉപയോഗം അറിയില്ലായിരുന്നു എന്നു ചുരുക്കം). തരൂരദ്ദേഹം “ചിലയ്ക്കാന്‍‌ “ തുടങ്ങിയതോടെയാണ് ഇവിടെ ട്വിറ്റര്‍ രക്ഷപെട്ടത്.  ഇദ്ദേഹത്തിന്റെ ഇപ്പോഴത്തെ പതനത്തില്‍ ഏറ്റവും ദു:ഖിയ്ക്കുന്നതും ട്വിറ്റര്‍ തന്നെ ആയിരിയ്ക്കുമെന്നുള്ളതില്‍ ആര്‍ക്കാണു സംശയം?
വാല്‍ക്കഷണം: ശശിതരൂരിനെപ്പോലുള്ള ഒരു ജീനിയസ് ഇവിടെ "O" വട്ടത്തില്‍ കിടന്ന് തന്റെ പ്രതിഭ നഷ്ടപ്പെടുത്തരുത്. ജനത്തെ സേവിയ്ക്കാന്‍ ഇവിടെ പരമ്പരാഗത രാഷ്ട്രീയക്കാരുണ്ട്. അദ്ദേഹം തനിയ്ക്കു ചേരാത്ത ഈ വേഷം അഴിച്ച് വച്ച് തന്റെ സര്‍ഗവൈഭവം കൊണ്ട് മലയാളിയെ അഭിമാനിതരാക്കൂ, (അപമാനിതരല്ല).

No comments:

Post a Comment

കമന്റിലെ അക്ഷരങ്ങള്‍ക്ക് നിറം നല്‍കാന്‍ [co="red"]Type Text here[/co] . ഇവിടെ red എന്നതിനു പകരം മറ്റ് നിറങ്ങള്‍ നല്‍കിയാല്‍ മതിയാകും.