പുതിയ കഥാസമാഹാരം “രയറൊം കഥകള്‍ " VPP ലഭിയ്ക്കാന്‍ sidrapubications@gmail

Saturday 28 August 2010

ആദ്യ പ്രണയം.

പ്രണയം ഏതു പ്രായത്തിലാണു മൊട്ടിടുക? പൊതുവിലുള്ള ധാരണയനുസരിച്ച് 12-13 വയസ്സിലാണ് ലൈംഗിക ഹോര്‍മോണുകള്‍ മനുഷ്യരില്‍ പ്രവര്‍ത്തനമാരംഭിയ്ക്കുന്നത്. ഈ പ്രായത്തില്‍ എതിര്‍ ലിംഗത്തോട് ആകര്‍ഷണം ആരംഭിയ്ക്കും. മനുഷ്യവര്‍ഗത്തിന്റെ നിലനില്‍പ്പിനായി പ്രകൃതി ഒരുക്കി വച്ച സുന്ദരമായ ഒരു സൂത്രപ്പണിയാണിത്. അതുവരെ കാണാതെ പോയ വര്‍ണങ്ങള്‍, ഗന്ധങ്ങള്‍, സൌന്ദര്യം ഒക്കെ അപ്പോള്‍ അനുഭവപ്പെടും. ഒരു നോട്ടം പോലും ഉള്ളില്‍ എവിടെയോ ഉടക്കി വലിയ്ക്കും. നമുക്കു മാത്രം ഹൃദ്യമായ ചില ഗന്ധങ്ങള്‍ മത്തു പിടിപ്പിയ്ക്കും. ചിലപ്പോള്‍ എന്തിനെന്നറിയാത്ത മധുരമായൊരു നോവ് ഉള്ളില്‍ പടരും.  പുതിയൊരു ലോകത്തേയ്ക്കു ചുവടു വയ്ക്കുന്നതിന്റെ അമ്പരപ്പും വിഹ്വലതയും നമ്മളെ വിജൃംഭിതരാക്കും.  എന്നാല്‍ ആ പ്രായത്തിനു മുന്‍പും ഇങ്ങനെ ആകര്‍ഷണവും വിഹ്വലതയും ഉണ്ടാകുമോ? എന്റെ അനുഭവം പഠിപ്പിയ്ക്കുന്നത് ഉണ്ടായേക്കാമെന്നാണ്.

നാലാം ക്ലാസു വരെയുള്ള എന്റെ കുട്ടിക്കാലം കോട്ടയം പാലായ്ക്കടുത്ത് തോടനാല്‍ എന്ന സ്ഥലത്തായിരുന്നു. അവിടെ അടുത്തുള്ള “കപ്പലുക്കുന്ന്“ എന്നറിയപ്പെടുന്ന ഭാഗത്ത്, ഏകദേശം ഒരേക്കര്‍ സ്ഥലത്ത് ചെറിയൊരു വീടും വച്ച് എന്റെ അപ്പനപ്പൂപ്പന്മാര്‍ ജീവിച്ചു വന്നു. ഞങ്ങളുടെ കുടുംബക്കാരായി കുറേ പ്പേര്‍ ഈ പ്രദേശത്തുണ്ട്. അവരെല്ലാം നല്ല  സമ്പന്നരും ഭൂസ്വത്തുള്ളവരും.  അയലത്ത് തന്നെ മൂന്നു കുടുംബക്കാരുണ്ട്. കൂടാതെ അതി സമ്പന്നരായ ഒരു ക്രൈസ്തവകുടുംബവും. ഈ കാശുകാരുടെയെല്ലാം ഇടയിലെ അശുവായിരുന്നു എന്റെ കുടുംബം.

വിസ്തൃതമായ പറമ്പുകള്‍ ആയതിനാല്‍ ഒരു വീടുകഴിഞ്ഞാല്‍  ഇരുനൂറും  മുന്നൂറും മീറ്റര്‍ അകലത്താണ് അടുത്തവീടുള്ളത്. ഈ ക്രൈസ്തവകുടുംബമാണ് എന്റെ വീടിന് ഏറെ അടുത്തുള്ളത്. ഒരു നൂറ്റമ്പതു മീറ്റര്‍ അകലം വരും അങ്ങോട്ടേയ്ക്ക്. അക്കാലത്തു തന്നെ വലിയ കോണ്‍ക്രീറ്റ് വീടുണ്ടവര്‍ക്ക്. കൂടാതെ ജീപ്പുമുണ്ട്. വീട്ടുപേര്‍ “പഴയിടം” എന്നു പറയാം. വലിയ പ്രമാണിമാരായിരുന്ന അവരുടെ ഏറ്റവും വലിയ ശത്രുക്കള്‍ “ചേനകല്ലുങ്കല്‍” എന്ന മറ്റൊരു ക്രൈസ്തവകുടുംബമാണ്. അവര്‍ നേരിട്ട് ഏറ്റുമുട്ടിയ കഥകള്‍ അനവധിയുണ്ട്. ഒരിയ്ക്കല്‍ പാലായില്‍ നിന്നും വാടക ഗുണ്ടകളെ കൊണ്ടു വന്ന് തോടിന് അക്കരെയും ഇക്കരെയും നിന്ന് കല്ലേറ് നടത്തിയത്  ഞാന്‍ നേരില്‍ കണ്ടിട്ടുണ്ട്. ഇവരുടെ കുടിപ്പകയില്‍ ഒരാള്‍ കൊല്ലപ്പെട്ടു, മറ്റൊരാള്‍ക്ക് കണ്ണു നഷ്ടപ്പെട്ടു, മറ്റൊരാളുടെ വീടിനു തീവച്ചു.

ഈ പഴയിടത്ത് വീട്ടില്‍ മൂന്നാണുങ്ങളും രണ്ട് പെണ്ണുങ്ങളുമാണ് മക്കള്‍. ഏറ്റവും ഇളയവള്‍ ജൂലി എന്റെ പ്രായം. ഇരുനിറമുള്ള നക്ഷത്രകണ്ണുകളുള്ള ഒരു കിലുക്കാം പെട്ടി. എന്നെ എന്തോ വലിയ ഇഷ്ടം. അവളുടെ വീട്ടില്‍ പലഹാരങ്ങള്‍ ഉണ്ടാക്കിയാല്‍ കുറച്ച് എനിയ്ക്കായി കരുതി വയ്ക്കും. ഞങ്ങള്‍ രണ്ടു പേരും കാഞ്ഞിരമറ്റം കോണ്‍‌വെന്റ് സ്കൂളിലാണ് പഠിയ്ക്കുന്നത്. ഏകദേശം മൂന്ന് കിലോമീറ്റര്‍ അകലെയുള്ള സ്കൂളിലേയ്ക്ക് എന്നും ഒന്നിച്ചു പോക്കും വരവും. അക്കാലത്ത് അവിടെ നിന്നും ആ സ്കൂളില്‍ ഞങ്ങള്‍ രണ്ടു പേര്‍ മാത്രമാണുള്ളത്.

 ഒഴിവു ദിവസങ്ങളില്‍ ഞാന്‍ അധികസമയവും അവിടെയായിരിയ്ക്കും. ആ വീടിന്റെ അകത്തളങ്ങളില്‍ എവിടെ കയറാനും എനിയ്ക്ക് സ്വാതന്ത്ര്യമുണ്ടായിരുന്നു. അവിടെയെത്തിയാല്‍ പ്രധാനമായ പരിപാടി പത്രവായന . “ദീപിക” പത്രമാണ് വരുത്തുന്നത്. ആ പ്രായത്തിലും ഞാന്‍ വായനക്കാരനായിരുന്നു എന്ന് നിങ്ങള്‍ വിശ്വസിയ്ക്കുമോ എന്നറിയില്ല. ദീപികയില്‍ അക്കാലത്ത് “ടാര്‍സന്‍” ചിത്രകഥ  സ്ട്രിപ്പായി  എന്നും വരുമായിരുന്നു.  ഞായറാഴ്ചകളില്‍ “ഫാന്റ”വും. എനിയ്ക്കിതു രണ്ടും വലിയ ഇഷ്ടമാണ്.
എന്റെ വീട്ടില്‍ കിണറില്ല. പഴയിടത്തു നിന്നാണ് വെള്ളം കോരുന്നത്. അതുപോലെ പല അത്യാവശ്യ കൊടുക്കല്‍ വാങ്ങലുകളും ഉണ്ട്. ഒരിയ്ക്കല്‍ ആ വീട്ടിലെ ചേട്ടന്‍ രാവിലെ എന്നെ അന്വേഷിച്ചു വന്നു; ഒരു സഹായം ചോദിച്ചു കൊണ്ട്. അവരുടെ ജീപ്പിന്റെ പെട്രോള്‍ ടാങ്കില്‍ ഒരു സ്ക്രൂ ഡ്രൈവര്‍ വീണു പോയത്രെ. അതെടുത്തു കൊടുക്കാമോ എന്നതാണ് അഭ്യര്‍ത്ഥന. പെന്‍സില്‍ പോലുള്ള എന്റെ കൈയിട്ട് ഈസിയായി ഞാനെടുത്തു കൊടുത്തു. പ്രതിഫലം ചായയും അപ്പവും. ഞാനാദ്യമായി സിനിമ കണ്ടത് അവരോടൊപ്പം പാലായില്‍ പോയാണ്. പൊതുവില്‍ അവരുമായി നല്ല അടുപ്പമായിരുന്നു എന്റെ വീട്ടുകാര്‍ക്ക്.

അക്കാലത്ത് റേഡിയോ പഴയിടത്തേ ഉള്ളൂ. നല്ല വലിപ്പമുള്ള വാല്‍‌വ് റേഡിയോ. അതില്‍ നിന്നും യേശുദാസിന്റെയും ജാനകിയുടെയുമൊക്കെ ശബ്ദം നല്ല ഉച്ചത്തില്‍ എന്റെ മുറ്റത്തു നിന്നാല്‍ കേള്‍ക്കാം. അതൊരല്‍ഭുതമായിരുന്നു എനിയ്ക്ക്.  ആരെങ്കിലും അതിനുള്ളില്‍ ഇരുപ്പുണ്ടോ എന്നു പോലും ഞാന്‍ സംശയിച്ചിട്ടുണ്ട്. ചിലപ്പോള്‍ ഞാന്‍ പഴയ നോട്ട്ബുക്കിന്റെ കാര്‍ഡ്ബോര്‍ഡ് വെട്ടി ഒട്ടിച്ച് “റേഡിയോ” ഉണ്ടാക്കും. എന്നിട്ട് അതിനടുത്ത് നിന്ന് ഉച്ചത്തില്‍ പാടും യേശുദാസിനെപോലെ ! (പിന്നീട് ട്രാന്‍സിസ്റ്റര്‍ റേഡിയോ ഇറങ്ങിയപ്പോള്‍ അച്ഛന്‍ ഒരെണ്ണം മേടിച്ചു)
ആ വീടിന്  ഉണക്കിയ റബറിന്റെ ഗന്ധമാണ്.  വിശാലമായ മുറ്റത്ത് അഴയില്‍ എപ്പോഴും പച്ച റബര്‍ ഷീറ്റുകള്‍ തൂങ്ങുന്നുണ്ടാവും. വലിയ ഒരു പട്ടിക്കൂടുണ്ട് അവിടെ. അതില്‍ രണ്ടുകള്ളികളിലായി “ബോബന്‍” എന്ന വലിയൊരു അത്സേഷ്യനും “പാല്‍കോ” എന്നു പേരായ നാടന്‍ പട്ടിയും കിടപ്പുണ്ട്. അതിശൂരനായ ബോബനെ അപൂര്‍വമായി മാത്രമെ അഴിച്ചു വിടുകയുള്ളു.

ഞാന്‍ ആ വീട്ടിലെത്തിയാല്‍ ജൂലിയോടൊപ്പം അവരുടെ പറമ്പുകളിലൊക്കെ നടക്കും. നല്ല രസമാണത്. വലിയ മാവുകളും മുളംകൂട്ടങ്ങളുമൊക്കെയുണ്ട് ആ പറമ്പില്‍. എനിയ്ക്കറിയില്ല അപ്പോള്‍ എന്തെങ്കിലും അനുഭൂതി ഉണ്ടായിരുന്നോ എന്ന്. എന്നാല്‍ ഒരിയ്ക്കല്‍ അവളോടു ചേര്‍ന്നിരുന്നപ്പോള്‍ പറഞ്ഞറിയിയ്ക്കാനാവാത്ത എന്തോ ഒന്നു തോന്നി. ആ പ്രായത്തില്‍ അതിനു കൂടുതല്‍ അര്‍ത്ഥങ്ങള്‍ കണ്ടെത്താനാവുമായിരുന്നില്ല.

ഒരിയ്ക്കല്‍ ഒരു വേനല്‍ക്കാലം. ഉച്ചകഴിഞ്ഞപ്പോള്‍ നല്ല മഴ. അതു മാമ്പഴക്കാലമാണല്ലോ! ജൂലിയുടെ വീടിനു പുറകില്‍ നില്‍ക്കുന്ന വലിയ നാട്ടുമാവ് നിറയെ മാമ്പഴമുണ്ട്. നാട്ടുമാമ്പഴത്തിന്റെ ഞെട്ടിന് നല്ല ബലമാണ്. അതു കൊണ്ട് പഴുത്തു വീഴും മുന്‍പേ മിക്കവാറും കിളി കൊത്തിയിട്ടുണ്ടാവും. അതിന്റെ ചുവട്ടിലാകെ ഇങ്ങനെ പകുതിയില്ലത്ത മാമ്പഴങ്ങള്‍ ഈച്ചയാര്‍ത്തു കിടപ്പുണ്ട്. എന്നാല്‍ വേനല്‍മഴയോടൊന്നിച്ചുള്ള കാറ്റില്‍ ധാരാളം  പൊഴിഞ്ഞു വീണിട്ടുണ്ടാവും.
ഞാന്‍ ഒരു സഞ്ചിയൊക്കെ എടുത്ത്, മഴയല്പം തോര്‍ന്ന നേരത്ത് പഴയിടം വീട്ടിലേയ്ക്ക് പോയി.

ഉണങ്ങിയ ഇലകളില്‍ മഴവീണ് നനഞ്ഞ് നല്ല മണമുണ്ട്. മരങ്ങളുടെ ഇലച്ചാര്‍ത്തില്‍ നിന്നും തുള്ളിതുള്ളിയായി  മഴ, അപ്പോഴും പോകാന്‍ മടിച്ചു നില്‍ക്കുന്നു. പഴയിടത്തെ മുറ്റത്തു നിന്ന് ഞാന്‍ നോക്കി. പുറത്തൊന്നും ആരുമില്ല. മഴ വന്നപ്പോള്‍ എല്ലാവരും അകത്തു ഇരിപ്പായിരിയ്ക്കും. ആ മുറ്റത്തിറങ്ങി ഒരു പത്തു ചുവടു നടന്നു കാണും...അതി ഭീകരമായ കുരയോടെ ബോബന്‍ പട്ടി എവിടെ നിന്നോ പാഞ്ഞു വന്നു. ഒപ്പം “പാല്‍കോ“യും. ഇന്നേ വരെ ആ പട്ടിയുടെ അടുത്തുപോലും പോയിട്ടില്ലാത്ത ഞാന്‍ പേടി കൊണ്ട് അലറിക്കരഞ്ഞു. എന്നേക്കാള്‍ വലുപ്പമുണ്ട് ആ ഭീകരന്. അവന്‍ വന്ന പാടെ, എന്റെ ശരീരത്തെ ഏക മാംസളഭാഗമായ പൃഷ്ഠത്തില്‍ ഒറ്റക്കടി ! എന്നിട്ട് നിലത്തുകൂടി വലിച്ചിഴച്ചു.  പത്തടിയോളം ദൂരേയ്ക്ക് അവന്‍ എന്നെ കൊണ്ടു പോയി.  നാടനായ പാല്‍കോ കുറച്ചു കൂടി മര്യാദയോടെ പെരുമാറി. അവന്‍ തോളിന് ചെറിയൊരു കടിമാത്രമേ തന്നുള്ളു.

ദുര്‍ബലനായ എന്റെ അലറിക്കരച്ചില്‍ കേട്ടിട്ടോ പട്ടിയുടെ കുര കേട്ടിട്ടോ എന്തോ വീട്ടുകാര്‍ ഓടി വന്നു. അവരെ കണ്ടതോടെ ബോബന്‍ കടി വിട്ടു. പല്ലുകള്‍ ഒരിഞ്ചോളം ആഴത്തില്‍ പോയതിനാല്‍ കുടഞ്ഞെറിയുകയായിരുന്നു അവന്‍.
അവര്‍ എന്നെ വാരിയെടുത്ത് അടുക്കള വശത്തേയ്ക്കു കൊണ്ടു പോയി. അവിടെ എല്ലവരുമുണ്ടായിരുന്നു; ജൂലിയും അമ്മയും ചേട്ടന്മാരും എല്ലാം. കൊണ്ടു ചെന്നപാടെ, ഇട്ടിരുന്ന നിക്കര്‍ ഊരിക്കളഞ്ഞു. പുറകില്‍ നിന്നും ചോര ധാരയായി ഒഴുകിക്കൊണ്ടിരിയ്ക്കുന്നു.

ഉടനെ പ്രഥമ ശുശ്രൂഷയ്ക്കുള്ള ഏര്‍പ്പാടു തുടങ്ങി. നല്ല പച്ച കാന്താരി മുളക് ഉപ്പ് ചേര്‍ത്ത് അരച്ചെടുത്തു. എന്നിട്ട് കടിയേറ്റ ഭാഗത്ത് തേച്ച് പിടിപ്പിച്ചു ! വേദനമാറാനുള്ള ഒറ്റമൂലിയാണത്രേ ! സംഗതി സത്യമാണ്, കാന്താരിയുടെ നീറ്റല്‍ കാരണം പിന്നെ കടിയുടെ വേദന അറിഞ്ഞതേ ഇല്ല. എന്റെ ഉച്ചത്തിലുള്ള കരച്ചില്‍ കേട്ട് അമ്മ ഓടി വന്നു. കാന്താരിയൊക്കെ തുടച്ചു കളഞ്ഞിട്ട് ഒന്നും മിണ്ടാതെ എന്നെ എടുത്തു കൊണ്ടു പോന്നു. അന്ന് മഴയായതിനാല്‍ അവര്‍ പട്ടിയെ അഴിച്ചു വിട്ടിരിയ്ക്കുകയായിരുന്നു. ഞാന്‍ അപ്പോള്‍ അവിടെ മാമ്പഴം പെറുക്കാന്‍ ചെല്ലുമെന്ന് അവര്‍ക്ക് അറിയില്ലല്ലോ! കുറെ നാളത്തെ ചികിത്സക്കു  ശേഷമാണ് മുറിവുകള്‍ കരിഞ്ഞത്. അതിന്റെ ഓര്‍മ്മപ്പാടുകള്‍ ഇന്നും അവിടെ തന്നെയുണ്ട്.

ഞങ്ങളുടെ സ്കൂള്‍ യാത്രകളില്‍ ഞാനും ജൂലിയും ഒത്തിരി വര്‍ത്തമാനം പറയും. അന്ന് നടപ്പാതയിലെ വേലികളിലെല്ലാം ധാരാളം ചെമ്പരത്തികളുണ്ട്, വഴിയരുകില്‍ ധാരാളം പൂക്കളും. പിന്നെ മൈനകള്‍, കാവിപ്പക്ഷികള്‍, അരിപ്രാവുകള്‍, കുരുവികള്‍ അങ്ങനെ ധാരാളം പക്ഷികള്‍. തുമ്പിയും പൂമ്പാറ്റകളും അനവധി. വേലിപ്പടര്‍പ്പിലെ പച്ചപ്പിനിടയില്‍ ഓന്തുകളെ കാണാം. അപ്പോള്‍ അവള്‍ എന്നോടു പറയും:

“കുട്ടായി..അതിനെ നമുക്കു കൊല്ലാം”

“എന്തിനാ അതിനെ കൊല്ലുന്നത്?“

“ഈശോ ദാഹിച്ചപ്പം ഓന്തിനോട് വെള്ളം ചോദിച്ചു. എന്നാല്‍ അവന്‍  മുള്ളിക്കൊടുക്കുകയാ ചെയ്തെ..!.”

“ആഹാ..എന്നാ പിന്നെ അവനെ കൊന്നിട്ടു തന്നെ കാര്യം.”

പിന്നെ ഞങ്ങള്‍ അടിച്ചോ എറിഞ്ഞോ അതിനെ മൃതപ്രായമാക്കും. എന്നിട്ട് കൂനമ്പാലയുടെ ഇലപൊട്ടിച്ച് “പാലു “കുടിപ്പിയ്ക്കും.പാവം മരണാസന്നനായ ആ ജീവി പാലുപോലുള്ള ആ കറ കുടിയ്ക്കും. എത്ര ഓന്തുകളെയാണ് ഇങ്ങനെ ഞങ്ങള്‍ കൊന്നത് ! പാവം ഓന്തുകള്‍ !

അങ്ങനെ ഞങ്ങള്‍ സന്തോഷമായി ജീവിയ്ക്കുന്ന കാലത്താണ് എന്റെ വീട്ടുകാരും പഴയിടംകാരുമായി പിണങ്ങിയത്. എന്താണു കാരണമെന്ന് എനിയ്ക്കറിയില്ല. ഞങ്ങള്‍ അവിടെ നിന്നു വെള്ളമെടുക്കുന്നതു നിര്‍ത്തി. പിന്നെ അമ്മ ദൂരെയെവിടെ നിന്നോ ആണ് വെള്ളം കൊണ്ടു വന്നിരുന്നത്. ജൂലി അവരുടെ ജീപ്പിലാക്കി സ്കൂളില്‍ പോക്ക്. ഞാന്‍ അവരുടെ വീട്ടില്‍ പോക്കും നിര്‍ത്തി. അപ്പോള്‍ ഞാന്‍ നാലാം ക്ലാസിലാണ് പഠിയ്ക്കുന്നത്. ആ വര്‍ഷത്തെ മൂഴൂര്‍ ക്ഷേത്ര ഉത്സവത്തിന്റെ അന്നു രാത്രിയിലുണ്ടായ ഒരു ദുരന്തത്തില്‍ എന്റെ അനുജനും മുത്തച്ഛനും, എന്റെയും അമ്മയുടെയും കണ്മുന്നില്‍ വച്ച് മരിച്ചു.

പിന്നീട് അധിക നാള്‍ ഞങ്ങള്‍ കപ്പലുകുന്നില്‍ താമസിച്ചില്ല. ആ വര്‍ഷത്തെ വേനലവധിയ്ക്ക്, എല്ലാം വിറ്റു പെറുക്കി മലബാറിലെ രയറോത്തേയ്ക്ക് കുടിയേറി.

അന്ന്, വീടൊഴിഞ്ഞ് എല്ലാം പെറുക്കിക്കെട്ടി ഒരു ലോറിയില്‍ ഞങ്ങള്‍ മലബാറിലേയ്ക്കുള്ള യാത്ര പുറപ്പെട്ടു. ലോറിപ്പുറത്ത് ഞങ്ങളുടെ വീട്ടുപകരണങ്ങള്‍, കട്ടില്‍, അലമാര, മേശ ആദിയായവ ഒക്കെ. പിന്നെ അതിന്റെ മുകളില്‍ ഞാനും എന്റെ കുടുംബാംഗങ്ങളും. ഞങ്ങളുടെ ലോറി കപ്പലുകുന്ന് അങ്ങാടിയില്‍ എത്തി. അപ്പോള്‍ എതിരെ ഒരു ബസ് വന്നു. രണ്ടിനും കൂടി പോകാന്‍ അല്പം ഞെരുക്കമാണ്, അതു കൊണ്ട് സാവകാശം മാത്രമേ നീങ്ങാനാവൂ. ബസ് ഞാനിരിയ്ക്കുന്നതിന്  അരികിലായി നിര്‍ത്തി. ലോറിപ്പുറത്ത് കട്ടിലില്‍ ഞാനും അമ്മയും. ഞാന്‍ ബസിന്റെ ജാലകത്തിലേയ്ക്ക്  നോക്കി.

അതാ സീറ്റില്‍ ജൂലിയും അവളുടെ അമ്മയും! എത്രയോ നാളുകള്‍ക്കു ശേഷമാണ് അവളെ കാണുന്നത് ! അവളുടെ അമ്മ വെറുപ്പോടെ മുഖം തിരിച്ചത് ഇപ്പോഴും എന്റെ മനസ്സിലുണ്ട്. എന്റെ അമ്മയും അത്ര ഗൌനിച്ചില്ല. പെട്ടെന്നാണ് ജൂലി എന്നെ കണ്ടത്. ആ മുഖം വിടര്‍ന്നു. അവള്‍ സീറ്റില്‍ നിന്നും എഴുനേറ്റു.

“കുട്ടായി..നീ പോകുവാണോടാ..?”

ഞാന്‍ ചിരിച്ചതേയുള്ളൂ. ആ മുഖത്തെ ഭാവം എന്താണെന്ന് എനിയ്ക്കറിയില്ല. അവള്‍ പെട്ടെന്ന് ഒരു കൈ നിറയെ മിഠായി വാരി എന്റെ നേര്‍ക്കെറിഞ്ഞു. അപ്പോഴേയ്ക്കും ബസ് മുന്നോട്ടെടുത്തു.
എന്റെ മുന്നില്‍ ചിതറി വീണ മിഠായി മുഴുവന്‍ ഞാന്‍ പെറുക്കിയെടുത്തു. യാത്രയ്ക്കിടയില്‍ എപ്പൊഴൊക്കെയോ തിന്നു. അതിന്റെ മധുരം ആസ്വദിച്ചു തന്നെ. എന്നാല്‍ അതിന്റെ ഉള്ളില്‍ ഒളിപ്പിച്ചിരുന്ന യഥാര്‍ത്ഥ മധുരമെന്തെന്ന് അന്നെനിയ്ക്കറിയില്ലായിരുന്നു.

വാല്‍ക്കഷണം:
അതിനു ശേഷം ഇന്നേ വരെ ഞാന്‍ ജൂലിയെ കണ്ടിട്ടില്ല. എന്റെ വീട്ടുകാരുമായുള്ള പിണക്കം പിന്നീട് ഇല്ലാതായി. എന്റെ അച്ഛന്‍ അവരുടെ വീട്ടിലും അവളുടെ സഹോദരര്‍ എന്റെ വീട്ടിലും വന്നിട്ടുണ്ട്. അവള്‍ ഇപ്പോള്‍ എവിടെയോ അധ്യാപികയാണെന്ന് അമ്മ പറഞ്ഞറിയാം. ഒരു പക്ഷെ ഇതു വായിയ്ക്കാനിടയായാല്‍ എനിയ്ക്കൊരു മെയില്‍ അയച്ചേക്കും. ഞാനതു കാത്തിരിയ്ക്കുന്നു.
ഇതിലെ  പേരുകള്‍ ഒഴിച്ച് ഈ സംഭവങ്ങള്‍ നൂറുശതമാനവും യഥാര്‍ത്ഥമാണ്.

61 comments:

  1. ഹൃദയഹാരിയായ ഒരു ഓർമ്മക്കുറിപ്പ്!

    വളരെ വളരെ ഇഷ്ടപ്പെട്ടു!

    ReplyDelete
  2. ബിജുചേട്ടാ,നന്നായിരിക്കുന്നു ...

    ReplyDelete
  3. മനസ്സിൽ കൊണ്ട ബാല്യസ്മരണകൾ...

    ReplyDelete
  4. ആദ്യ പ്രണയം നന്നായിരിക്കുന്നു

    എന്റെ ബ്ലോഗ് ഇവിടെ : http://tkjithinraj.blogspot.com/

    നോക്കണൂട്ടോ

    ReplyDelete
  5. ഇഷ്ട്ടമായി

    ReplyDelete
  6. പ്രണയം സുഖദമായ ഒരോര്‍മ്മയാണ്. ഒരു പാദസരത്തിന്റെ കിലുക്കമാണ് എന്നിലെ ആദ്യപ്രണയ ഓര്‍മ്മക്ക് ഉള്ളത് .. !! നന്നായി വരച്ച് കാട്ടി.

    ReplyDelete
  7. ബാല്യകാല സ്മരണകള്‍ വളരെ മധുരമായി തന്നെ അവതരിപ്പിച്ചു.
    എഴുത്തിന്റെ ലാളിത്യം ഓര്‍മ്മകള്‍ക്ക് കൂടുതല്‍ മിഴിവേകി.

    ReplyDelete
  8. @ ജയന്‍ ഡോക്ടര്‍, വന്നതിനും പറഞ്ഞതിനും നന്ദി. :-)
    @ ശുപ്പന്‍: നന്ദി.. കേട്ടോ
    @ അലി : നന്ദി. തിരിഞ്ഞു നോക്കുമ്പോള്‍ ബാല്യത്തിനെന്തു മധുരം..!
    @ ജിതിന്‍ രാജ് : നന്ദി. ബ്ലോഗ് കണ്ടൂ ട്ടോ..
    @ അലിഫ് : സന്തോഷം
    @ മനോരാജ്, ആ പാദസരത്തിന്റെ കിലുക്കം ആ തൂലികയില്‍ നിന്നും കാത്തിരിയ്ക്കുന്നു.

    ReplyDelete
  9. @ റാംജി ഭായി, വളരെ നന്ദി നല്ല വാക്കുകള്‍ക്ക്..

    ReplyDelete
  10. പ്രണയം പേരറിയാത്ത ഒരു നൊമ്പരമെന്നു കവി പാടിയത് ഓര്‍മ വന്നു....... ജൂലിയുടെ ഒരു കത്ത്,അല്ലെങ്കില്‍ മെയില്‍ ബിജുവിനെ തേടി എത്തട്ടെ എന്നും ആശംസിക്കുന്നു.

    ReplyDelete
  11. ഇഷ്ടപ്പെട്ടു ... ഒരു വല്ലാത്ത ഫീല്‍ ഉണ്ടാക്കിയ വായന. പിരിഞ്ഞുപോകലുകള്‍ എനിയ്ക്ക് ഒട്ടും ഇഷ്ടമുള്ള ഒന്നല്ല .നഗരജീവിതത്തിന്റെ തീപ്പകലുകളില്‍ എവിടെയൊക്കെയോ എന്റെ കണ്ണുകള്‍ ഉടക്കി വലിച്ചിരുന്നു .മഷിതണ്ടും സ്ലേറ്റും പെന്‍സിലുമൊക്കെ കഥാപാത്രങ്ങളായ ബാല്യത്തില്‍
    ഇപ്പറഞ്ഞ വേദന ഞാനും ഏതോ ഇടനാഴികളില്‍ അനുഭവിച്ചു മൂകനായി നിന്നിട്ടുണ്ട് .ഒറ്റയ്ക്ക് വളര്‍ന്ന ഒരാളാണ് ഞാന്‍ അതിനാല്‍ തന്നെ കൂട്ടുകാരന്മാരും കൂട്ടുകാരികളും ഇന്നും മനസ്സില്‍ ജീവിയ്ക്കുന്നു .എന്റെ ആദ്യ പ്രണയം ഏകദേശം പത്തുവയസ്സ് കാലത്തായിരുന്നു .എന്നെക്കാള്‍ നാലുവയസ്സു കൂടുതലുള്ള ഒരു കിളിയോട് .അത് ഒരു വെക്കേഷന് പൊട്ടിമുളച്ചു ആ വെക്കേഷന് തന്നെ അവസാനിപ്പിച്ചു .വീട്ടിലെ ശല്ല്യം കാരണം എന്നെ ഒരു ബന്ധുവീട്ടില്‍ കൊണ്ടാക്കി .അവിടത്തെ പെണ്ണിനോടായിരുന്നു ആദ്യ പ്രണയം . .അവിടെ പറമ്പിലും മറ്റുമൊക്കെ അതിന്റെ വേദിയായിരുന്നു .ഒടുവില്‍ പിരിഞ്ഞപ്പോള്‍ ഇതേ നൊമ്പരം ....അവളെയും പിന്നീട് കണ്ടിട്ടില്ല .പക്ഷെ കാണണം എങ്കില്‍ കാണാന്‍ കഴിയും അതാണ്‌ സത്യം...നല്ലൊരു പോസ്റ്റ്‌ ആശംസകള്‍...

    ReplyDelete
  12. ശരിക്കും കണ്ണ് നിറഞ്ഞു... സത്യം... പഴയ ഓര്‍മ്മകള്‍ മനസ്സില്‍ നിറഞ്ഞു...
    ജൂലിയുടെ കത്ത് വന്നോ മാഷെ...

    ReplyDelete
  13. നല്ല കഥ.

    പല infatuations നും പിന്നീടാലോചിക്കുമ്പോള്‍ മനസ്സില്‍ വലിയ സ്ഥാനം ഉള്ള പോലെ തോന്നാറുണ്ട്.....

    ReplyDelete
  14. എഴുത് എഴുത് മച്ചൂ,
    ഇങ്ങിനെ കുറെ കേസ് എഴുതാന്‍ പറ്റാതെ ഇരിക്കുകയാ ഞാന്‍.
    ശ്രീമതി ബ്ലോഗ്‌ വായിച്ചു തുടങ്ങി. വക്കീലിന് കൊടുക്കാന്‍ കാശില്ല .
    നല്ല ഓര്‍മ്മകള്‍. ആശംസകള്‍.

    ReplyDelete
  15. ഓർമ്മകൾ മനസ്സിൽ നൊമ്പരം ഉയർത്തി. ബ്ലോഗ് വായിക്കുമ്പോഴും എഴുതുമ്പോഴും നെറ്റിൽ കയറി കളിക്കുമ്പോഴും പലപ്പോഴും ആഗ്രഹിക്കാറുണ്ട്, ‘എന്നെ മുൻപ് പരിചയമുള്ള, ഓർമ്മകളിൽ കഥാപാത്രമായ, കൂടെ പഠിച്ച ആരെങ്കിലും എപ്പൊഴെങ്കിലും ഇവിടെ കടന്നുവരും’ എന്ന്. എന്നാൽ ഇതുവരെ മുൻപരിചയക്കാർ ആരും വന്നിട്ടില്ല, എന്നത് വേദനിപ്പിക്കുന്ന ഒരു സത്യമാണ്.
    ഈ അനുഭവം വായിച്ചപ്പോൾ ഞാൻ മുൻപ് എഴുതിയത് ഒന്നുകൂടി തുറന്ന് വായിച്ചു.

    http://mini-minilokam.blogspot.com/2009/03/11.html
    മനസ്സിൽ ഒളിപ്പിക്കുന്ന സുന്ദരങ്ങളായ നിമിഷങ്ങൾ ബ്ലോഗിലൂടെ പങ്ക് വെക്കുന്നത് എന്തൊരു ആശ്വാസം.

    ReplyDelete
  16. i like to read the comments posted by ur fans than reading your blog...ha ha .

    ReplyDelete
  17. നല്ലൊരു നിരീക്ഷകനാണു ബിജു..മനസിൽ പതിപ്പിച്ച ചിത്രങ്ങൾ മങ്ങാതെ മായാതെ സൂക്ഷിക്കാനും കഴിയുന്നു.എനിക്കുമുണ്ടായിരുന്നു പൂമ്പാറ്റ അമർചിത്രകഥകൾ തന്നൊരു ലൈബ്രറി..അടുത്ത വീട്ടിലെ ഗോപിസാറിന്റെ ഒരു ഷെൽഫ്.. മാഷിന്റെ ഇരട്ടകളായ പെൺകുട്ടികൾ..
    ഇപ്പൊ അവർ തിരുവനന്തപുരത്തെവിടെയോ..എല്ലാരെയും ഓർത്തുപോയി ഈ വായനയിൽ..

    പിന്നെ.. ജൂലിയോട്, ഇപ്പൊഴും മുഖം ചുളിക്കുന്ന, രൂപം മാറിയ പരിജനങ്ങൾ കൂടെഉണ്ടാവാമെങ്കിലും ഒരു മൈൽ എങ്കിലും ബിജൂനു അയക്കൂ...........

    ReplyDelete
  18. ചേട്ടാ ..വളരെ നന്നായി ...ഇതു നടന്നത് കുറെ കാലം മുന്പ്പയത് നന്നായി ...ഇന്നു എങ്ങാനും ആയിരുന്നെങ്ങില്‍ എന്റെ അമ്മോ .എനിക്ക് ആലോചിക്കാന്‍ പറ്റുന്നില്ല ......ഇപ്പോഴത്തെ പിള്ളേര്‍ ..അറിയാമല്ലോ ചേട്ടന് ഞാന്‍ പറയാതെ ..............ഞാന്‍ പ്രാത്തിക്കുന്നു ചേട്ടന് ചേട്ടന്ടെ പഴയ കൂട്ടുകാരിയെ വീണ്ടും കാണാന്‍ വേണ്ടി ............

    ReplyDelete
  19. Really good writing, i like very much.

    ReplyDelete
  20. Really good writing, i like very much

    ReplyDelete
  21. ആര്‍ദ്രമായ ഒരു ഓര്‍മ്മക്കുറിപ്പ്.
    പിന്നെ, ഒരു നെടുവീര്‍പ്പ് എന്നിലും...!!

    ReplyDelete
  22. @ കുഞ്ഞൂസ്: വരുമായിരിയ്ക്കും അല്ലേ? ഞാന്‍ പതിനേഴ് വയസ് വരെ കോട്ടയത്തുണ്ടായിരുന്നു, അയ്മനത്ത്. അന്നൊന്നും അവിടെ പോകാന്‍ തോന്നിയിട്ടില്ല. പിന്നീട് ഒരിയ്ക്കല്‍ അവിടെ എന്റെ ബന്ധുക്കളുടെ അടുത്തുപോയി. അന്നും അവരുടെ വീട്ടില്‍ പോയില്ല. അപ്പോള്‍ അവള്‍ വിവാഹിതയായി പൊയ്ക്കഴിഞ്ഞിരുന്നു. പിന്നീടും ഇപ്പോഴും അന്വേഷിയ്ക്കാന്‍ ആഗ്രഹിച്ചിട്ടില്ല. ഒരു പക്ഷെ ഇന്ന് നേരില്‍ കണ്ടാല്‍ പഴയ ആ ജൂലിയായിരിയ്ക്കില്ല. കാണാന്‍ താല്പര്യവുമില്ല. എന്റെ മനസ്സില്‍ ഒരു പത്തു വയസുകാരിയുണ്ട്. അവളങ്ങനെ ജീവിയ്ക്കട്ടെ, ആ പൊട്ടിച്ചിരിയും നക്ഷത്രകണ്ണുകളുമായി..ഒരു മെയില്‍ കാത്തിരിയ്ക്കുന്നത്, “സുഖമായിരിയ്ക്കുന്നു“ എന്നറിയാന്‍ മാത്രം.

    @ രാജേഷ്: ഉം സീനിയറിനോടു പ്രണയം..കൊള്ളാം. എന്റെ കൌമാരത്തില്‍ ഇങ്ങനെ “ഒറ്റനോട്ട പ്രണയങ്ങള്‍” ധാരാളം ഉണ്ടായിട്ടുണ്ട്. ചിലത് ആഴ്ചകളുടെ ആയുസ്സുള്ളത്. ചിലത് ദിവസങ്ങള്‍, മറ്റു ചിലതോ മണിക്കൂറുകള്‍ മാത്രം. പക്ഷെ അതൊന്നും ഓര്‍ത്തു വയ്ക്കാന്‍ മാത്രമില്ല.

    @ മുള്ളൂക്കാരന്‍: അങ്ങ് ഒരു പ്രണയാതുര മനസ്കനാണെന്ന് ഞാന്‍ മനസ്സിലാക്കുന്നു. ജൂലി ഇതു വായിക്കട്ടെ, കത്തു വരും.

    @ മത്താപ്പ്: കഥയല്ലിത് ജീവിതം!

    @ ചെറുവാടി: ഹും..ഭാര്യ അറിഞ്ഞാല്‍ കുഴപ്പമുള്ള കേസുകളാവും. അല്ലെങ്കില്‍ പിന്നെന്തിനു പേടിയ്ക്കണം? ഇത്തരം ബാല്യ പ്രണയങ്ങള്‍ അവര്‍ക്കുമുണ്ടാവും. അറിയുമ്പോള്‍ പ്രഷര്‍ കേറാതിരുന്നാ മതി. ധൈര്യമായി എഴുത്..

    @ മിനി : ടീച്ചറിന്റെ അനുഭവവും വായിച്ചു. ഇതൊക്കെ എല്ലാ മനുഷ്യര്‍ക്കുമുണ്ടാവും. ചിലര്‍ മറന്നിരിയ്ക്കും. ചിലര്‍ ഉള്ളിലെവിടെയോ ഒളിപ്പിച്ചിരിയ്ക്കും. നമ്മളെ പോലുള്ളവര്‍ ഇതൊക്കെ പങ്കു വയ്ക്കും. ഇതു വായിച്ച ചിലര്‍ക്കെങ്കിലും ഉള്ളില്‍ ആ “നോവ്” ഫീല്‍ ചെയ്തില്ലെ..? അതാണ് പ്രണയത്തിന്റെ മാധുര്യം...!

    ReplyDelete
  23. റബ്ബര്‍ പാലിന്റെ മണം എനിക്കിഷ്ടമാണ്..എന്റെ പഴയ നാട്ടിലേക്കു ഞാന്‍ പോയി..അല്ല കൊണ്ടോയി..
    നന്നായി ചേട്ടായി..പിന്നെ എവിടെയൊക്കെയോ മുറിഞ്ഞു..മുറിക്കാതെ എഴുതു...

    ReplyDelete
  24. വളരെ ഹൃദ്യമായ ഒരോര്‍മ്മയെഴുത്ത്.....! അതേ തീവ്രതയോടെ വായിക്കാനും കഴിഞ്ഞു.

    ReplyDelete
  25. @ Flying Roofs :നന്നായി, പ്രിയ കമന്റെഴുത്തുകാരെ നിങ്ങള്‍ക്കും അഭിമാനിയ്ക്കാം.
    @ സുഗന്ധി: ജൂലിയെവിടെയെന്നാര്‍ക്കറിയാം? ഓര്‍മ്മകള്‍ മരിയ്ക്കാതിരിയ്ക്കട്ടെ..അല്ലെ.
    @ സുനില്‍ :ഇന്നത്തെ കുട്ടികള്‍ ആരെങ്കിലും നടക്കുന്നുണ്ടോ? അവര്‍ പ്രകൃതിയെ അറിയുന്നുണ്ടോ? പിന്നെ അവര്‍ ഞങ്ങളുടെ തലമുറയെക്കാള്‍ വളരെ ഇന്റെലിജന്റ് ആണ്...എല്ലാകാര്യത്തിലും
    @ അരുണ്‍: നന്ദി
    ‌@ അനോണി& നജീര്‍ : നന്ദി.
    @ അനില്‍ കുമാര്‍: ആ നെടുവീര്‍പ്പ് ഒരു രചനയായി വരട്ടെ...!
    @ ഹേമാംബിക : ചില മുറിവുകള്‍ക്കൊരു സുഖമില്ലേ..നനുത്ത ഒരു വേദനയുടെ സുഖം. അതിങ്ങനെ നീറിപ്പിടിയ്ക്കുമ്പോള്‍ ഒരു ശോകഗാനം കേട്ടു നോക്കൂ..വേദനയുടെ ലഹരി ആസ്വദിയ്ക്കാം..!
    @ ആളവന്താന്‍ : ഉള്ളിലെവിടെയോ ഒരു പ്രണയമുണ്ടന്നര്‍ത്ഥം...:-)

    ReplyDelete
  26. ഇത് വായിക്കാന്‍ ഞാന്‍ ഇത്തിരെ താമസിച്ചു.ഇത് വായിക്കതിരുന്നെങ്കില്‍ നഷ്ടവുമായേനെ. സത്ത്യം പറയാല്ലോ ബിജുവേട്ടാ ,എനിക്ക് ഏറ്റവും ഇഷ്ടപെട്ട തങ്ങളുടെ പോസ്റ്റ്‌ ഇത് ആണെന്ന് തോന്നുന്നു. ഇനി വേറെ പുതിയത് വരുവാണെങ്കില്‍ ചിലപ്പം ഞാന്‍ മാറ്റിയേക്കും , എന്നാലും i like this post so much.

    and missing my ......... some days..

    ReplyDelete
  27. ethra manoharamayi orthu eshuthi.. ithra cherupathilum pranayam undavumo? ariyilla.. enikundayitilla. oru 20 nu sheshamanu undayathu.. athu iposhum koode undu.

    seena

    ReplyDelete
  28. nice. juli mail ayacho mashe?

    ReplyDelete
  29. പൂത്തു നില്‍ക്കുന്ന ഒരു മരം, പ്രഭാതത്തിലെ മൂടല്‍ മഞ്ഞിനിടയിലൂടെ കാണുന്നത് പോലെയുണ്ട്..!
    നല്ല ഓര്‍മ്മകള്‍ ഇപ്പോഴും അങ്ങനെയാണ്...!!
    അഭിനന്ദനങ്ങള്‍..!

    ReplyDelete
  30. എന്നെങ്കിലും അവള്‍ വരും. വന്നാലൊരു പോസ്റ്റ് ഇട്ട് അറിയിക്കുമല്ലോ.

    ReplyDelete
  31. കണ്ണ് നിറയുന്നു ബിജുവേട്ടാ , ഒന്നും പറയാനില്ല ...... മനോഹരം .... കാത്തിരിക്കുന്നു , ബിജുവേട്ടന്റെ പുതിയ പോസ്റ്റിനായി .....

    ReplyDelete
  32. എഴുത്തിൽ അസാദ്ധ്യ ലാളിത്യവും ഒഴുക്കും....വായിച്ചു തീർന്നതറിഞ്ഞില്ല.

    ReplyDelete
  33. @ എബിന്‍: സന്തോഷം ഈ അഭിപ്രായം കേട്ടതില്‍. ആ മിസ്സിങ്ങിലുണ്ടല്ലോ ഒരു പ്രണയ നോവ്...!
    ‌@ അമ്മു: ആ പ്രായത്തിലെ പ്രണയം നാമുദ്ദേശിയ്ക്കുന്ന അര്‍ത്ഥത്തിലാണോ എന്നു സംശയമുണ്ട്. ഏതായാലും അമ്മുവിന്റെ പ്രാണേശ്വരന്‍ കൂടെയുണ്ടന്നറിഞ്ഞതില്‍ സന്തോഷം.
    @ ബിജു : ഇതു വരെയില്ല. വരുമായിരിയ്ക്കും...!
    @ ഷൈനാ: ഒറ്റവാചകത്തിലുള്ള കവിത! അതിസുന്ദരമായ കാല്പനികത. ഷൈനായുടെ കമന്റിന് നൂറു മാര്‍ക്ക്.
    @ കുമാരന്‍ : അവളെ ഇനി കാണാന്‍ താല്പര്യമില്ല. എനിയ്ക്കെന്റെ മനസ്സിലെ പത്തുവയസ്സുകാരി മതി. സുഖമെന്നറിയാന്‍ മാത്രമൊരു മെയില്‍ പ്രതീക്ഷിയ്ക്കുന്നു.
    @ ത.അ.ചീ : സന്തോഷം. അടുത്ത പൊസ്റ്റുടനെ ഉണ്ടാവും.
    @ ചിത്രഭാനു: വളരെ നന്ദി ഈ നല്ല വാക്കുകള്‍ക്ക്, ഒപ്പം സന്തോഷവും.

    ReplyDelete
  34. nice to read ..

    ഇമെയില്‍ വന്നോ ?
    വരും ... വരാതിരിക്കില്ല ...;)

    ReplyDelete
  35. അവള്‍ പെട്ടെന്ന് ഒരു കൈ നിറയെ മിഠായി വാരി എന്റെ നേര്‍ക്കെറിഞ്ഞു. ... നിഷകളങ്ക സ്നേഹത്തിന്റെ മധുരങ്ങള്‍ എനിക്കെറിഞിട്ടു അല്ലേ... നന്നായി എഴുതിയിരുക്കുന്നു ബിജൂ.... സ്ക്കൂള്‍ ടീച്ചറായതു കൊണ്ട് മറുപടി കിട്ടാന്‍ വഴിയില്ലാ...

    ReplyDelete
  36. 'ബാല്യകാല സ്മരണകള്‍ ' നന്നായിരുന്നു . യാതൊരു വളച്ചുകെട്ടും കൂടാതെ നന്നായി തന്നെ താങ്കള്‍ അവതരിപ്പിച്ചു .
    പതിവുപോലെ തന്നെ നല്ലൊരു വായനാസുഖം തന്നു . ഇന്ന് പിന്തിരിഞ്ഞു നോക്കുമ്പോള്‍ നമുക്കൊക്കെ എന്തെല്ലാം ഓര്‍മ്മകളാണ് ഉള്ളത് അല്ലെ . കണ്ണീരും മധുരവും എല്ലാം ചേര്‍ന്ന എത്രയോ അനുഭവങ്ങള്‍ . ഇതില്‍
    താങ്കളുടെ മുത്തശ്ശനും അനിയനും മരിച്ച വാര്‍ത്ത,അതും നിങ്ങളുടെ കണ്മുന്‍പില്‍ വച്ച് എന്നത് മനസ്സിലെ വല്ലാതെ വേദനിപ്പിച്ചു .

    ഇനിയും ഓര്‍മ്മകള്‍ ഞങ്ങളുമായി പങ്കു വയ്ക്കുമെന്നു കരുതട്ടെ . അഭിനന്ദനങ്ങള്‍ .

    ReplyDelete
  37. ഉണങ്ങിയ ഇലകളില്‍ മഴ വീണു നനഞ്ഞ മണവും പകുതി കിളി തിന്ന ഈച്ച ആര്‍ത്തു കിടക്കുന്ന മാമ്പഴവും ... 'കൊണ്ടുപോയി ഞങ്ങളെ ആ മാഞ്ചുവട്ടില്‍'

    ReplyDelete
  38. valare nannayittundu...kurachu nerathekku aa pazaya oormagal manassil vannu nombarappeduthi...sathyam, pranayathinu prayam illa...thanks my friend...by maheen, riyadh

    ReplyDelete
  39. നന്നായിരിക്കുന്നു ഈ ബാല്യകാല സ്മരണകള്‍!രാത്രി കാറ്റില്‍ ഉതിര്‍ന്ന മാമ്പഴങള്‍,തന്‍റെ ബാല്യകാലസഖി ഉണര്‍ന്ന്,അവളുടേതാക്കും മുന്‍പേ പെറുക്കിയെടുക്കുന്നതിനായി,നേരത്തേ ഉണര്‍ന്ന് മാവിന്‍ ചുവട്ടില്‍ പോയിരുന്നത് ഇന്നലെയെന്ന പോലെ ഓര്‍മ്മയില്‍ നിറയുന്നു...എന്‍റെ ഭാഗ്യമാകാം,അവിടെ എന്നെ കടിക്കാനായി ഒരു പട്ടിയെ വളര്‍ത്താതിരുന്നത്.അതേസമയം,നാലു മതിലുകള്‍ക്കുള്ളിലായി,ബാല്യത്തിന്‍റെ നന്മകളും,രസവും നഷ്ടപ്പെടുന്ന എന്‍റെ മക്കളേയും ഓര്‍ത്തുപോകുന്നു!!

    ReplyDelete
  40. നന്നായി ഓര്‍മ്മച്ചിത്രങ്ങള്‍, പഴയകാലത്തെ നമ്മള്‍ ഓര്‍ക്കുന്നത് അതേപടിയല്ല, ഇപ്പോഴത്തെ മനസ്സിന്റെ കാഴ്ച്ചപ്പാടനുസരിച്ചു തയാറാക്കപ്പെടുന്ന ഒരു തിരക്കഥയായിട്ടാണെന്നു എവിടെയോ വായിച്ചിരുന്നു.
    നല്ല എഴുത്ത്, തുടരൂ..

    ReplyDelete
  41. ഇപ്പോഴാണിതു കണ്ടത് ആളവന്‍താന്‍റ ബ്ലോഗുവഴി. ശരിക്കും ടച്ചിംഗ് നന്നായി അവതരിപ്പിച്ചിരിക്കുന്നു. പഴയ കൂട്ടുകാരിയെ ഒന്നു പോയി കാണാമായിരുന്നില്ലേ. പട്ടിയുടെ കടി കണ്‍മുന്നില്‍കണ്ടു.

    ReplyDelete
  42. oru 'nostalgia break' sammanichu...
    nannayirikkunnu ...

    ReplyDelete
  43. nannayi. nalloru madhura smarana. rasamulloru blayakala orma.eniyum thangalude ormakal vakkukalavatte..

    ReplyDelete
  44. nalla ezhuthu....manassil thottu ....
    regards...

    ReplyDelete
  45. അങ്ങയുടെ പല ബ്ലോഗുകളും ഞാന്‍ വായിക്കാറുണ്ടായിരുന്നു , പലതിനും കമന്റും പോസ്റ്റ്‌
    ചെയ്യുന്നുണ്ടായിരുന്നു , അങ്ങു അതൊക്കെ വായിച്ചിരുന്നോ എന്ന് അറിയില്ല .
    എന്നാലും ഈ പോസ്റ്റ്‌ കണ്ടപ്പോള്‍ കമന്റ്‌ ഇടാതെ പോകാന്‍ തോന്നുന്നില്ല . കാരണം
    ബിജുവേട്ടന്റെ ആദ്യ പ്രണയം എന്തെന്നറിയാന്‍ ഉള്ള ഉത്കണ്ട കൂടി ഉണ്ടായിരുന്നു.
    കഥയിലെ നായികയെ കുറിച്ച് അറിഞ്ഞപ്പോള്‍ എന്തിനാണ് ഇങ്ങനെ ഒരു കഥ
    എഴുതിയത് എന്ന് തോന്നി പോയി . ആദ്യ പ്രണയം പൂവനിഞ്ഞവരും , അനിയാതവരും ,
    അതിനായി കാത്തിരിക്കുന്നവരും ഒക്കെയായി ഒരുപാടു കാമെന്റ്റ് , പിന്നെ ബാല്യ കാല സഖി
    ജീവിത സഖി ആകുന്ന സംഭവ ബഹുലമായ ഒരുപാടു സിനിമ കഥകള്‍ നമ്മള്‍ കണ്ടിരിക്കുന്നു
    താനും . പിന്നെ താങ്കളുടെ കഥയില്‍ കളിക്കൂട്ടുകരിയോടു അന്ന് തോന്നിയ സ്നേഹം ഒരു
    മനോഹര പ്രണയ കഥ ആക്കി മാറ്റാനുള്ള ശ്രമം ഉണ്ട് , അതില്‍ ജീവിതത്തിന്റെ നോവും,
    വേര്‍പാടിന്റെ വേദനയും , കഷ്ട്ടപ്പടുകളും ഒക്കെ ചാലിച്ച് ചേര്‍ക്കാനും കഴിഞ്ഞു.
    ഇത്തരം ഒരു ബ്ലോഗ്‌ എഴുതുവാന്‍ കാണിച്ച തന്റേടവും പ്രശംസനീയം തന്നെ. ചിലപ്പോള്‍
    താങ്കള്‍ക്ക് തോന്നിയ വികാരങ്ങള്‍ ഒന്നും ബാല്യ കാല സഖിക്ക് തോന്നിയിട്ട് ഉണ്ടാവണം
    എന്നും ഇല്ല . ചിലപ്പോള്‍ ബ്ലോഗുകളും ഇ-മെയിലും ഒക്കെ അന്ന്യം ആയ ഒരു ലോകത്ത് ആയിരിക്കാം.
    പിന്നെ എത്ര ഓന്തുകളെയാണ് ഇങ്ങനെ ഞങ്ങള്‍ കൊന്നത് ! പാവം ഓന്തുകള്‍ ! എന്നത്
    പ്രണയ കഥയില്‍ നിന്ന് ഒഴിവാക്കാമായിരുന്നു എന്ന് തോന്നി , മഴയത്ത് മാങ്ങാ
    മോഷ്ട്ടിക്കാന്‍ പതുങ്ങിവരുന്ന കള്ളനെ പിടിക്കാന്‍ ബോബന്‍ പട്ടിയെ ഒരുക്കി നിര്‍ത്തിയ
    ജൂലിയുടെ ചേട്ടന്‍ മാരുടെ വിരുതും , പിന്നെ മുളകിന്റെ പ്രയോഗവും ഒക്കെ കൊള്ളാം .
    പിന്നെ ചെറുപ്പത്തിലെ ദീപിക വായിക്കുന്ന നായകന്‍ വഴക്കിന്റെ കാരണം കഥയില്‍
    നിന്ന് ഒഴിവാക്കിയതും കൊള്ളാം. കഥയില്‍ ചോദ്യം ഇല്ല എന്നാണല്ലോ എങ്കിലും

    ReplyDelete
  46. പ്രിയ ഫൈസല്‍, മുക്കുവന്‍, മിനി നമ്പൂതിരി, അനോണി, ജീവന്‍, mhn, milton, സ്മിത, കുസുമം, അരുണ്‍, ഹിലൂസ്, റെയിന്‍ ബോ, അനോണി: പ്രതികരണങ്ങള്‍ക്ക് നന്ദി.
    ഇതുവരെ അവളുടെ മെയിലോ വിവരങ്ങളോ കിട്ടിയിട്ടില്ല. കാത്തിരിയ്ക്കുന്നു.

    അവസാന അനോണിയ്ക്ക്: വിശദമായ ഈ കമന്റിന് നന്ദി. അനോണിയായതിനാല്‍ ആരാണെന്നറിയില്ലല്ലോ.! പേര് വച്ചിരുന്നെങ്കില്‍ പരിചയമായേനെ. ഞാന്‍ ഉദ്ദേശിച്ച വികാരമാണോ താങ്കള്‍ മനസ്സിലാക്കിയത് എന്നറിയില്ല. ഈ പ്രണയം ശാരീരിക ആകര്‍ഷണമല്ല. മറിച്ച് അതിനുമുന്‍പേ പ്രകൃതി തോന്നിച്ച ഏതോ ഒരു വികാരം. അതിനു പറ്റിയ വേറൊരു വാക്കു കിട്ടാത്തതിനാല്‍ പ്രണയമെന്നു വിളിയ്ക്കുന്നു. ഇതു കഥയല്ല, നൂറൂശതമാനം സത്യം മാത്രമെന്നു പലതവണ സൂചിപ്പിച്ചിട്ടുണ്ട്. അവസാന വാചകങ്ങളില്‍ താങ്കള്‍ സൂചിപ്പിയ്ക്കുന്ന പോലെയൊന്നുമല്ല കാര്യങ്ങള്‍. മാമ്പഴം മോഷ്ടിയ്ക്കാന്‍ പോയതുമല്ല ആരും പട്ടിയെ ഒരുക്കി നിര്‍ത്തിയതുമല്ല, അവിടെ പൂര്‍ണ സ്വാതന്ത്ര്യമുണ്ടായിരുന്നു എനിയ്ക്ക്.
    പിണക്കം എന്തിനെന്ന് അറിയാത്തതു കൊണ്ടാണ് ഒഴിവാക്കിയത്.
    ഇതു കഥയല്ലാത്തതിനാല്‍ ചോദ്യം ചോദിയ്ക്കാം . :-)

    ReplyDelete
  47. യാത്രയ്ക്കിടയില്‍ എപ്പൊഴൊക്കെയോ തിന്നു. അതിന്റെ മധുരം ആസ്വദിച്ചു തന്നെ. എന്നാല്‍ അതിന്റെ ഉള്ളില്‍ ഒളിപ്പിച്ചിരുന്ന യഥാര്‍ത്ഥ മധുരമെന്തെന്ന് അന്നെനിയ്ക്കറിയില്ലായിരുന്നു.

    ReplyDelete
  48. വൈകിവന്നു.
    പ്രണയിച്ചുപോയി, വരികള്

    ReplyDelete
  49. hrudayathilevideyo oru nombaram bakkiyavunnu...

    ReplyDelete
  50. " ആ വര്‍ഷത്തെ മൂഴൂര്‍ ക്ഷേത്ര ഉത്സവത്തിന്റെ അന്നു രാത്രിയിലുണ്ടായ ഒരു ദുരന്തത്തില്‍ എന്റെ അനുജനും മുത്തച്ഛനും, എന്റെയും അമ്മയുടെയും കണ്മുന്നില്‍ വച്ച് മരിച്ചു."
    ഈ വരികള്‍ വല്ലാതെ നൊമ്പരപ്പെടുത്തുന്നു ...ആരുടെയും മരണം അതും കണ്മുന്‍പില്‍ സഹിക്കാന്‍ പറ്റില്ല....

    ReplyDelete
  51. ആഹാ... എവിടെയൊക്കെയോ .. ഓര്‍മ്മകള്‍ കൊണ്ടു ചെന്നെത്തിക്കുന്നു ഇത് വായിച്ചപ്പോള്‍ ..

    ReplyDelete
  52. ബിജു കുമാർ നന്നായി എഴുതുമെന്ന് കേട്ടിരുന്നു. ഇന്നാൺ വായിക്കാൻ കഴിഞ്ഞത്. ഈ പ്രണയ സ്മരണ ഹൃദയത്തെ സ്പർശിച്ചു. ഇന്നെനിക്കും ഇത്പോലൊന്ന് എഴുതണം എന്ന് തോന്നുന്നു.ഓരോർമ്മ പുതുക്കൽ. അങ്ങിനെ തോന്നിച്ചതിനു നന്ദി.

    ReplyDelete
  53. നന്നായി എഴുതി, ബിജൂ... ഇത്തരം ബാല്യകാല അനുഭവങ്ങള്‍ എല്ലാവര്‍ക്കും കാണും. എന്നാല്‍ അത് പകര്‍ത്താന്‍ കഴിയുന്നവര്‍ താങ്കളെപ്പോലെ വളരേ ചുരുക്കം. അതിനാല്‍ തന്നെ താങ്കളുടെ ഈ അനുഭവങ്ങള്‍ എല്ലാവരുടെതുമാണ്... അഭിനന്ദനങ്ങള്‍ !

    ReplyDelete
  54. ഞാന്‍ താമസിച്ചുവ ന്നു താങ്കളുടെ മുത്തശ്ശനും അനിയനും മരിച്ച വാര്‍ത്ത,അതും നിങ്ങളുടെ കണ്മുന്‍പില്‍ വച്ച് എന്നത് മനസ്സിലെ വല്ലാതെ വേദനിപ്പിച്ചു . യാത്രയ്ക്കിടയില്‍ എപ്പൊഴൊക്കെയോ തിന്നു. അതിന്റെ മധുരം ആസ്വദിച്ചു തന്നെ. എന്നാല്‍ അതിന്റെ ഉള്ളില്‍ ഒളിപ്പിച്ചിരുന്ന യഥാര്‍ത്ഥ മധുരമെന്തെന്ന് അന്നെനിയ്ക്കറിയില്ലായിരുന്നു
    അഭിനന്ദനങ്ങള്‍ !

    ReplyDelete
  55. ഈ ഓര്‍മ്മക്കുറിപ്പുകള്‍‍ പഴയ ആ കുട്ടിക്കാലത്തിലേക്ക് കൊണ്ടുപോയി .എന്തൊക്കെയോ സുഖമുള്ള നൊമ്പരങ്ങളും തന്ന്...

    ReplyDelete
  56. ഒരു ദിവസം അത്ഭുതപ്പെടുത്തി ആ കാതിരിപ്പ് മെയില്‍ എതുകതന്നെ ചെയ്യും
    ഓരോ പേരുകളില്‍ അവള്‍ ഓരോരുത്തരിലും ഉറങ്ങികിടപ്പുണ്ട്...

    ReplyDelete

കമന്റിലെ അക്ഷരങ്ങള്‍ക്ക് നിറം നല്‍കാന്‍ [co="red"]Type Text here[/co] . ഇവിടെ red എന്നതിനു പകരം മറ്റ് നിറങ്ങള്‍ നല്‍കിയാല്‍ മതിയാകും.