പുതിയ കഥാസമാഹാരം “രയറൊം കഥകള്‍ " VPP ലഭിയ്ക്കാന്‍ sidrapubications@gmail

Monday, 1 March 2010

ഒരു പ്രവാസിയുടെ അന്ത്യം



15 വര്‍ഷത്തിനു ശേഷം നാട്ടിലെത്തിയ പ്രവാസി റെയില്‍‌വേ ട്രാക്കില്‍ വീണു മരിച്ചു.
ഇന്നത്തെ പത്രത്തിലെ ഈ വാര്‍ത്ത എത്രപേര്‍ ശ്രദ്ധിച്ചു എന്നറിയില്ല. പക്ഷെ ഒരു പ്രവാസി എന്ന നിലയില്‍ എന്റെ മനസ്സില്‍ വല്ലാതെ ഈ വാര്‍ത്ത തറച്ചു. കല്ലമ്പലം നാവായിക്കുളം നാസറുദ്ദീനാണ് നീണ്ട 15 വര്‍ഷത്തെ ദുരിതപൂര്‍ണമായ പ്രവാസ ജീവിതത്തിനൊടുവില്‍ വര്‍ക്കലയിലെ ഒരു റെയില്‍‌ട്രാക്കില്‍ കുഴഞ്ഞു വീണു മരിച്ചത്‌!
ഒരു സിനിമക്കഥ പോലെ തോന്നാം. വിദേശത്തെ നീണ്ടകാലത്തെ കഷ്ടതക്കൊടുവില്‍ സ്വന്തം മണ്ണില്‍ വീണു മരിയ്ക്കുക.
15 വര്‍ഷം സൌദി അറേബ്യയില്‍ നിര്‍മ്മാണ തൊഴിലാളിയായിരുന്നു അയാള്‍ . ഇത്ര കാലത്തിനു ശേഷവും രോഗങ്ങള്‍ മാത്രം സമ്പാദ്യം. അവസാനം ദാരുണമായ അന്ത്യവും.
ഗള്‍ഫിലെ പ്രവാസികളില്‍ ബഹുഭൂരിപക്ഷത്തിന്റെയും നേര്‍പ്രതിനിധിയാവുന്നു നസറുദ്ദീന്‍ . സ്വന്തം കുടുംബം പോറ്റാന്‍ അന്യ നാട്ടിലെത്തി, സകല ദുരിതങ്ങള്‍ക്കും അവസാനം സമ്പാദ്യം വട്ടപ്പൂജ്യം. പലര്‍ക്കും കുടുംബ ബന്ധങ്ങള്‍ പോലും നഷ്ടം. ഇത്തരം ധാരാളം പേരെ എനിയ്ക്കറിയാം.
സൌദിയില്‍ ഏഴു വര്‍ഷം ജീവിച്ച എനിയ്ക്കറിയാം അവിടുത്തെ അവസ്ഥ. മനുഷ്യത്തം പോലും കമ്മിയായ കാട്ടറബികളുടെ കീഴിലാണ് പണിയെങ്കില്‍ കൂടുതലൊന്നും പറയേണ്ട കാര്യമില്ല. ഇന്ന് നാട്ടില്‍ കിട്ടുന്ന കൂലി പോലും സാധാരണ തൊഴിലാളിയ്ക്ക് ലഭിയ്ക്കില്ല. നാട്ടിലാണെങ്കില്‍ പണിയെടുക്കാന്‍ ആളുമില്ല. എന്നിട്ടും ആളുകള്‍ അറിഞ്ഞുകൊണ്ട് ദുരിതക്കടലിലേയ്ക്ക് എടുത്തുചാടുകയാണ്, അറബിപ്പൊന്നിന്റെ മോഹിപ്പിയ്ക്കുന്ന വന്യസ്വപ്നങ്ങളുമായി. അവരുടെ ചോരയൂറ്റാന്‍ കാത്തിരിയ്ക്കുന്നു വിസക്കച്ചവടക്കാര്‍ . പലരും ഉള്ളതെല്ലാം വിറ്റു പെറുക്കി വിസ മേടിയ്ക്കുന്നതു കൊണ്ടാണ് തീരാക്കടത്തിന്റെ കുരുക്കില്‍ പെടുന്നത്. ഗള്‍ഫില്‍ ചില അറബികളും മലയാളികളും ചേര്‍ന്നുള്ള വിസ റാക്കറ്റ് സജീവമാണ്. ഇങ്ങനെയുള്ളവരുടെ വലയില്‍ പെട്ടുപോവുന്നവരാണ് നസറുദ്ദീനെപ്പോലുള്ള നിര്‍ഭാഗ്യവാന്മാര്‍ .
ഈ നെറികേടിനെതിരെ സര്‍ക്കാര്‍ കര്‍ശന നടപടി എടുത്തേ തീരൂ.
നിര്‍ഭാഗ്യവാനായ ആ സഹോദരന് എന്റെ ആദരാഞ്ജലികള്‍ .

No comments:

Post a Comment

കമന്റിലെ അക്ഷരങ്ങള്‍ക്ക് നിറം നല്‍കാന്‍ [co="red"]Type Text here[/co] . ഇവിടെ red എന്നതിനു പകരം മറ്റ് നിറങ്ങള്‍ നല്‍കിയാല്‍ മതിയാകും.