ടോമിനും ജെറിയ്ക്കും വയസ്സ് എഴുപത്! കുറേക്കാലമായി ഞാനിവരുടെ “ഫാനാ”ണെങ്കിലും ഈ അടുത്തിടെയാണ് ഇവര്‍ക്കിത്രയും പ്രായമുണ്ടെന്ന് അറിഞ്ഞത്. ഞാനടുത്തകാലം വരെ വിചാരിച്ചത് കമ്പ്യൂട്ടറിന്റെ സഹായത്തോടെ നിര്‍മിച്ചവയാണ് ഇവയെന്നായിരുന്നു. പിന്നെ ശ്രദ്ധിച്ചപ്പോള്‍ മനസ്സിലായി അവരുടെ ഫോണ്‍ വളരെ പഴയ “കറക്കു” ഫോണാണ്, പാട്ടു കേള്‍ക്കുന്നത് ഗ്രാമഫോണിലാണ് അങ്ങനെ പലതും പഴയ കാലത്തേതാണ് എന്ന്.
ഇത്രയും പഴക്കമുള്ള സ്ഥിതിയ്ക്ക് ഇവരുടെ സൃഷ്ടാക്കള്‍ അവരെ കൈകൊണ്ടോ മറ്റോ വരച്ചുണ്ടാക്കിയതാവാനാണ് സാധ്യത.
ഇന്നും എന്തൊരു തികവും ഭംഗിയുമാണ് ഓരോ ടോം - ജെറിക്കഥയ്ക്കും. ഞാനും എന്റെ മോനും മോളുമെല്ലാം ഒന്നിച്ചിരുന്ന് അവ ആസ്വദിയ്ക്കാറുണ്ട് നാട്ടിലുള്ളപ്പോള്‍ . ഇവിടെ പ്രവാസിയായിരിയ്ക്കുമ്പോഴും ഒരു ദിവസം പോലും മുടങ്ങാതെ രാത്രി 9.30 മുതല്‍ 10.00 മണി വരെ MBC 3 ചാനലിലുള്ള ടോം-ജെറി കാര്‍ട്ടൂണ്‍ ഞാന്‍ കാണുന്നുണ്ട്. കണ്ടവ തന്നെ വീണ്ടും വീണ്ടും കണ്ടിട്ടും എനിയ്ക്ക് യാതൊരു മടുപ്പുമില്ല-സുഹൃത്തുക്കള്‍ കളിയാക്കാറുണ്ടെങ്കിലും.
അല്പം മണ്ടനും കുസൃതിയുമാണെങ്കിലും എനിക്കിഷ്ടം ടോമിനെയാണ്. പക്ഷെ നല്ലവന്‍ ജെറിയാണെന്ന കാര്യത്തില്‍ തര്‍ക്കവുമില്ല. ചിലപ്പോഴൊക്കെ രണ്ടുപേരും നല്ലവരാകും. ഞാന്‍ കണ്ടിടത്തോളം മൂന്ന് രീതിയിലുള്ള ടോമും ജെറിയുമുണ്ട്.
കെന്നത്ത് മ്യൂസ്, റേ പാറ്റേഴ്സണ്‍ , ഇര്‍വിന്‍ സ്പെന്‍സ്, എഡ് ബാര്‍ജ് എന്നിവര്‍ ചേര്‍ന്ന് ആനിമേഷന്‍ തയ്യാറാക്കിയവ. മറ്റൊന്ന് ഡിക്ക് തോംപ്സണ്‍ , ബെന്‍ വാഷാം , കെന്‍ ഹാരിസ് , ഡോണ്‍ ടൊവ്‌സ്‌ലി തുടങ്ങിയവരുടെ വക.(ഇവരുടെയല്ലാം പേരുകള്‍ ചിലപ്പോള്‍ മാറി മാറി കാണാറുണ്ട്). ഇതു കൂടാതെ ജീന്‍ ഡെയ്‌ച് എന്നോരാളുടെ സംവിധാനത്തിലും ചുരുക്കം ചില കാര്‍ട്ടൂണുകള്‍ കണ്ടിട്ടുണ്ട്. ഇതിലേറ്റവും ആസ്വാദ്യവും തമാശ നിറഞ്ഞതും ഞാനേറ്റവും ഇഷ്ടപ്പെടുന്നതും ആദ്യം പറഞ്ഞ വിഭാഗത്തിലുള്ളതാണ്. അവസാനം പറഞ്ഞ കൂട്ടത്തിലുള്ളവ തീരെ ഭംഗിയില്ല എന്നു പറയാതെ വയ്യ.
സംഭാഷണം വളരെ അപൂര്‍വമാണ് എന്നതാണ് ഈ കാര്‍ട്ടൂണുകളെ വ്യത്യസ്തമാക്കുന്നത്. ഏതു ഭാഷക്കാരനും എന്തിന് ബധിരര്‍ക്കുപോലും അവ ആസ്വദിയ്ക്കാം. സിറ്റ്വേഷന്‍ കോമഡി ആയതിനാല്‍ എക്കാലവും അവയ്ക്ക് പ്രസക്തി ഉണ്ടാവുന്നു.
യൂട്യൂബില്‍ ധാരാളം ടോം&ജെറി കാര്‍ട്ടൂണുകള്‍ ലഭ്യമാണ്.
അവരെ കാണുമ്പോള്‍ നമ്മള്‍ കൂ ടുതല്‍ ചെറുപ്പമാകുയാം
ReplyDelete