പുതിയ കഥാസമാഹാരം “രയറൊം കഥകള്‍ " VPP ലഭിയ്ക്കാന്‍ sidrapubications@gmail

Saturday, 20 March 2010

മാതൃസ്നേഹത്തിന്റെ നോവ്

കണ്ണുനനയാതെ എനിക്കീ വാര്‍ത്ത വായിച്ചു തീര്‍ക്കാനായില്ല. ആ അമ്മയുടെ മുഖത്തേയ്ക്കൊന്നു സൂക്ഷിച്ചുനോക്കൂ. മാതൃസ്നേഹത്തിന്റെ നോവ് നമുക്കു വായിച്ചെടുക്കാനാവുന്നില്ലേ? ആ മോന്‍ ഇന്നു ജീവിച്ചിരുന്നെങ്കില്‍ ആ അമ്മയ്ക്കൊരു തുണയാവുമായിരുന്നു.
സുഖത്തിലും സൌകര്യങ്ങളിലും മതിമറക്കുന്ന ഇന്നത്തെ തലമുറ ഈ മാതൃ-പിതൃ സ്നേഹം കാണാതെ പോവുകയാണോ? വയസ്സാകുന്നവര്‍ നമുക്കൊരു ഭാരവും ബാധ്യതയുമാവുകയാണോ?
എനിയ്ക്കറിയാവുന്നൊരു കുടുംബം. അച്ഛന്‍ , അമ്മ, നാല് മക്കള്‍ . ആ മനുഷ്യന് മക്കളെന്നു വച്ചാല്‍ ജീവന്‍ . ഞാനൊക്കെ അവരെ അസൂയയോടെ നോക്കിയിട്ടുണ്ട്, ഇത്ര നല്ല ഒരു അച്ഛനെ കിട്ടിയതില്‍ .ഒന്നുമില്ലായ്മയില്‍ നിന്നും ആ അച്ഛന്റെ കഠിനപരിശ്രമത്തിലൂടെ കുറച്ച് ഭൂസ്വത്ത് ,വീട് എന്നിവ സമ്പാദിച്ച്. ഉണ്ടായിരുന്ന രണ്ട് പെണ്‍‌മക്കളെ കെട്ടിച്ചു വിട്ടു. ആണ്മക്കളില്‍ ഒരാള്‍ വേറെ താമസം, മറ്റെയാള്‍ കുടുംബത്തോടെ ഒപ്പം. അപ്പനുമമ്മയും രോഗികളായി. അച്ഛന്‍ പലപ്പോഴും ആശുപത്രിയില്‍ . പണം കുറെ ചിലവായി. ഒരു ദിവസം ആശുപത്രിയില്‍ രോഗം മൂര്‍ച്ഛിച്ച് കിടക്കുന്ന അച്ഛനോട് മറ്റു മക്കളെ സാക്ഷി നിര്‍ത്തി ഇളയമകന്‍ പറഞ്ഞു: “എന്നെക്കൊണ്ട് പറ്റില്ല ഇനിയുമിങ്ങനെ ചുമക്കാന്‍ . വേണമെങ്കില്‍ നിങ്ങളെല്ലാം കൂടി നോക്ക്...“
ഏതായാലും ആരെയും അധികം ബുദ്ധിമുട്ടിയ്ക്കാതെ ആ മനുഷ്യന്‍ പിറ്റേന്ന് മരിച്ചു.
ഇന്ന് ആ അമ്മയുടെ സ്ഥിതിയും വ്യത്യസ്തമല്ല. പണമോ സൌകര്യങ്ങളോ പോകട്ടെ, ഇങ്ങനെ കഠിനമായി
സംസാരിയ്ക്കാന്‍ എങ്ങനെ സാധിയ്ക്കുന്നു? നാളെ നമ്മെ കാത്തിരിയ്ക്കുന്നതും ഇതേ വിധിയല്ലേ?
നമുക്കൊരു കുഞ്ഞുണ്ടാവുമ്പോള്‍ എന്തൊരു സന്തോഷമാണ്! അതിനെ ലാളിയ്ക്കാന്‍ , കളിപ്പിയ്ക്കാന്‍ , അണിയിച്ചൊരുക്കാന്‍ എന്തൊരുത്സാഹമാണ്. മക്കളെ ഒന്നാമതാക്കാന്‍ , ഉന്നതനിലയിലെത്തിയ്ക്കാന്‍ എന്തെല്ലാം കഷ്ടതയാണ് ഇന്നോരോ മാതാപിതാക്കളും ചെയ്യുന്നത്! അതിന്റെ പത്തിലൊരു ശ്രദ്ധ പോലും , ഒരിക്കല്‍ ഇതേ സ്നേഹത്തോടെ തന്നെ ലാളിച്ച ആ പാവങ്ങള്‍ക്ക് നാം കൊടുക്കുന്നുണ്ടോ? (ചെയ്യുന്നവരുണ്ട്, ഇല്ലെന്ന് ഞാന്‍ പറയില്ല)
നമ്മെ മൃഗത്തില്‍ നിന്നും വ്യത്യസ്തമാക്കുന്ന ഏറ്റവും പ്രധാന കാര്യം , മുതിര്‍ന്ന ശേഷം മാതാപിതാക്കളോടുള്ള ഈ സ്നേഹമല്ലേ?
നിങ്ങള്‍ക്ക് ഓര്‍ക്കാന്‍ കഴിയുന്ന ഏറ്റവും പഴയ കാലത്തേയ്ക്കൊന്നു സഞ്ചരിക്കൂ. അവിടെ, നിങ്ങളൊന്നു വീണാല്‍ ഓടി വന്ന് ആശ്വസിപ്പിച്ച് നിങ്ങളുടെ കവിളില്‍ ഉമ്മ വയ്ക്കുന്ന ഒരു സ്നേഹവതിയുടെ മുഖം കാണുന്നില്ലേ.  നിങ്ങളെ തോളിലെടുത്ത് കല്ലും മുള്ളും മണ്ണുമൊന്നും കൊള്ളിയ്ക്കാതെ ഈ ലോകം കാട്ടിത്തന്ന ഒരാളെ കാണുന്നില്ലേ.. അവരെ മറക്കരുത്. അവരുടെ അവശതയില്‍ ശപിക്കരുത്. മറ്റൊന്നും കൊടുത്തില്ലെങ്കിലും ഒരിറ്റു സ്നേഹം കൊടുക്കാന്‍ മറക്കരുത്.
അടിക്കുറുപ്പ്:- “ബാലേട്ടന്‍ “ എന്ന സിനിമയിലെ “ഇന്നലെ എന്റെ നെഞ്ചിലെ കുഞ്ഞു മണ്‍‌വിളക്കൂതിയില്ലേ..” എന്ന ആ പാട്ട് ഒന്നു കേള്‍ക്കാനപേക്ഷ.

4 comments:

  1. വളരെ ശരിയാണ് മാഷേ... ഇത് ഒര്‍ക്കാന്‍ എല്ലാവര്‍ക്കും കഴിഞ്ഞെങ്കില്‍...

    മക്കളും കൊച്ചുമക്കളുമൊക്കെ ഉണ്ടായിട്ടുമാരൊരുമില്ലാത്തവരെപ്പോലെ വൃദ്ധമന്ദിരത്തില്‍ കഴിയുന്നവരെ ഞാനും കണ്ടിട്ടുണ്ട്.

    ReplyDelete
  2. പത്രവാര്‍ത്ത വായിച്ചപ്പോ സങ്കടായി

    ReplyDelete
  3. ശ്രീ, ഹാഷിം അഭിപ്രായങ്ങള്‍ക്ക് നന്ദി.

    ReplyDelete
  4. പലര്‍ക്കും മാതാപിതാക്കളെ ഓര്‍ക്കാന്‍ മാതൃ ദിനവും പിതൃ ദിനവും ഒക്കെ വരണമെന്നായിരിക്കുന്നു...........
    :(

    ReplyDelete

കമന്റിലെ അക്ഷരങ്ങള്‍ക്ക് നിറം നല്‍കാന്‍ [co="red"]Type Text here[/co] . ഇവിടെ red എന്നതിനു പകരം മറ്റ് നിറങ്ങള്‍ നല്‍കിയാല്‍ മതിയാകും.