പുതിയ കഥാസമാഹാരം “രയറൊം കഥകള്‍ " VPP ലഭിയ്ക്കാന്‍ sidrapubications@gmail

Saturday, 1 October 2011

“കാവുമ്പായി സമരക്കുന്നില്‍.............”

ശ്രീകണ്ഠാപുരത്തുനിന്നും പയ്യാവൂരിലേയ്ക്കുള്ള പൊട്ടിപ്പൊളിഞ്ഞ പാതയിലൂടെ ബസ്, കൂട്ടുമുഖം  സ്റ്റോപ്പിലെത്തുമ്പോള്‍ സമയം കൃത്യം ഒന്നര. കത്തുന്ന വെയിലിലേയ്ക്ക് ബസിറങ്ങി. അടുത്തുള്ള കടയും അവിടെ നില്‍ക്കുന്ന മൂന്നുപേരുമൊഴിച്ചാല്‍  വിജനം. ആദ്യമായെത്തിയ സ്ഥലമായതിനാല്‍ ആരോടെങ്കിലു, ചോദിയ്ക്കണമല്ലോ ഉദ്ദിഷ്ടസ്ഥാനത്തെത്താന്‍. കടയ്ക്കലേയ്ക്ക് നടന്നു. മൂവരില്‍ രണ്ടുപേര്‍ ചൂടുപിടിച്ച ചര്‍ച്ചയില്‍. വിഷയം അന്നു നടന്ന കള്ളുഷാപ്പു ലേലം. തുക വല്ലാതെ കൂടുതലാണത്രേ. അല്പം മാറി ആരെയോ കാത്തുനില്‍ക്കുന്ന ഒരു സാദാഗ്രാമീണനാണ് മൂന്നാമന്‍ ‍. ഞാന്‍ അയാളുടെ അടുത്തേയ്ക്ക് ചെന്നു.

“ഇവിടുന്നു കാവുമ്പായിലേയ്ക്ക് എത്ര ദൂരം ഉണ്ടാകും?”

“ഈ റോഡേ രണ്ടു കിലോമീറ്ററേയുള്ളു. ബസൊന്നും ഇല്ല. വല്ല ഓട്ടോയ്ക്കും പോണം. ഞായറായോണ്ട് ഓട്ടോക്കാരും ലീവാണ്. ആരെ കാണാനാണ്?”

“ഹേയ് അങ്ങനെയൊന്നുമില്ല. വെറുതെ കാവുമ്പായി ഒന്നു കാണാന്‍. ഒത്തിരി കേട്ടിട്ടുണ്ട്. ഈ സമരോം വെടിവെപ്പുമൊക്കെ നടന്ന...... “ ഞാനല്‍പ്പം സങ്കോചത്തോടെ പറഞ്ഞു.

“ഓ.. സമരക്കുന്ന്. അത് ഈ റൂട്ടിലല്ല. ദാ ആ ഭാഗത്താണ്. ഏയ്.. സുരേന്ദ്രാ...” അപ്പോള്‍ അതിലെ പോയ ഒരു ഓട്ടോക്കാരനെ അയാള്‍ ഉച്ചത്തില്‍ വിളിച്ചു. ഭാഗ്യത്തിന് ആ ഓട്ടോക്കാരന്‍ നിര്‍ത്തി. ഞാന്‍ ഓടിപ്പോയി അതില്‍ കയറി. “സമരക്കുന്ന്..”

മെയിന്‍ റോഡ് വിട്ട്  ഒരു ചെറുപാതയിലൂടെ ഓട്ടോ ഓടിത്തുടങ്ങി. പാതയില്‍ വീണുകിടന്ന വലിയമരനിഴലുകള്‍ മണ്ണിലൊഴുകി കട്ടപിടിച്ചുകറുത്തുപോയ ചോരയെ ഓര്‍മ്മിപ്പിച്ചു. ചരിത്രം ചോര ചിന്തിയ പോരാട്ട വീഥികളാണല്ലോ ഇതൊക്കെ. ചെറിയൊരു കയറ്റമാണ് ആ പാത. ഇടയ്ക്കിടെ കുറച്ചു വീടുകള്‍. ഏറെക്കുറെ കുന്നിനുമുകളിലെത്തിയപ്പോള്‍ ഓട്ടോക്കാരന്‍ നിര്‍ത്തി.

“എവിടെയാണ് നിങ്ങള്‍ക്ക് ഇറങ്ങേണ്ടത് ?“

“സമരക്കുന്ന്. വെടിവെപ്പൊക്കെ നടന്ന സ്ഥലം...? “

“ഇതൊക്കെ തന്നെ സമരക്കുന്ന്..”

“ശരി. ഞാനിവിടെ ഇറങ്ങിക്കൊള്ളാം..”

ഓട്ടോക്കാരനെ പറഞ്ഞുവിട്ടശേഷം ഞാന്‍ ചുറ്റുമൊന്നു കണ്ണോടിച്ചു. റോഡിനു മുകള്‍ വശം വിശാലമായ റബര്‍ തോട്ടമാണ്. താഴെ ഭാഗത്ത് കുറച്ചു വീടുകളും. റബര്‍തോട്ടത്തില്‍ അല്പം മുകളിലായി  ഒരു ചെങ്കൊടിത്തുമ്പിന്റെ ഇളക്കം, ആരോ കൈയാട്ടി വിളിക്കും പോലെ. ഞാന്‍ അങ്ങോട്ടേയ്ക്ക് നടന്നു. അതാ, കുന്നിന്റെ ഉച്ചിയില്‍ ചെറിയൊരു സ്‌മൃതിമണ്ഡപം. മുന്‍പിലെ ചെറുകൊടിമരത്തില്‍, ചുടുനിണം വീണു നിറംവെച്ച ചെങ്കൊടി. കഴിഞ്ഞുപോയ ഏതോ അനുസ്മരണബാക്കിയായ കുറച്ച് ചുവപ്പുതോരണം അഴിഞ്ഞു നിലത്തുകിടക്കുന്നു. എങ്ങും ഉണക്ക റബറിലകള്‍ മൂടിയിരിയ്ക്കുന്നു. മണ്ഡപത്തിനു മുന്‍ഭാഗം ഇരുണ്ട ചെറിയൊരു കാടാണ്. കനത്ത നിശബ്ദതയ്ക്ക് പോറലേല്‍പ്പിയ്ക്കാന്‍ ചെങ്കൊടിയുടെ ഉലച്ചില്‍ ശബ്ദം മാത്രം. ഈ കുന്നിന്‍പുറത്തിന്റെ വിപ്ലവസ്മൃതികള്‍ക്കുമേല്‍ കൊഴുത്തു തടിച്ച റബര്‍മരങ്ങള്‍  വേരാഴ്‌ത്തിയോ..! ജന്മിത്വത്തിനും ചൂഷണത്തിനും അടിച്ചമര്‍ത്തലിനുമെതിരെ, വടക്കേ മലബാറിലെ ഏറ്റവും ഉജ്വലപോരാട്ടം നടന്നതിവിടെയാണ്. കയ്യൂരിനേക്കാള്‍, കരിവെള്ളൂരിനേക്കാള്‍ തീക്ഷ്ണമായ ചരിത്രമാണിതിന്റേത്.
കാവുമ്പായി രക്തസാക്ഷി മണ്ഡപം
1946 ഡിസംബര്‍ 29. രാത്രിനേരം.

മലബാറിലെ ചുവപ്പുകോട്ടയായ ഇരിക്കൂര്‍ ഫര്‍ക്കയിലെ ഫ്യൂഡല്‍ ജന്മി “കരക്കാട്ടിടം നായനാരു“ടെ പത്തായപ്പുരയ്ക്ക് സമീപത്തുള്ള ഈ കുന്നില്‍ (കാവുമ്പായിക്കുന്ന്) ഇരുനൂറോളം കര്‍ഷക വളണ്ടിയര്‍മാര്‍ ഒത്തു ചേര്‍ന്നിരിയ്ക്കുന്നു. ഫര്‍ക്കയുടെ വിവിധ പ്രദേശങ്ങളില്‍ നിന്നും എത്തിച്ചേര്‍ന്നവരാണവര്‍. പതിമൂന്നോളം നാടന്‍ തോക്കുകകളും വാരിക്കുന്തം, കവണ, മടവാള്‍, കത്തി മുതലായ മറ്റു ആയുധങ്ങളും അവര്‍ കരുതിയിട്ടുണ്ട്.
കാവുമ്പായിക്കുന്ന്
അവര്‍ അവിടെ ഒത്തുചേരാനുള്ള സാഹചര്യം, ജന്മിയുടെയും പോലീസിന്റെയും ക്രൂരമര്‍ദ്ദനങ്ങളുമായി ചേര്‍ന്നു കിടക്കുന്നു. നേരിട്ടു ബ്രിട്ടീഷ് ഭരണത്തിന്‍ കീഴിലായിരുന്ന മലബാറില്‍ ജന്മിമാര്‍ക്ക് അതിരില്ലാത്ത അധികാരങ്ങളായിരുന്നു. കരക്കാട്ടിടം (കല്യാട്ട്) ജന്മിയ്ക്ക് ഏഴുപേരെ കൊല്ലാനുള്ള അധികാരമുണ്ട്. കൃഷിഭൂമിയില്‍ കുടിയാന് യാതൊരു അവകാശവുമില്ല. എപ്പോള്‍ വേണമെങ്കിലും ഇറക്കിവിടാം. വാശി, നുരി, വെച്ചുകാണല്‍, കള്ളപ്പറ, അന്യായപ്പാട്ടം അങ്ങനെ പലവിധ അക്രമപ്പിരിവുകള്‍. ഇതിനെല്ലാമുപരിയായി സ്ത്രീകളോടുള്ള ഉപദ്രവങ്ങള്‍. കുടിയാന്‍ വിവാഹം കഴിച്ചാല്‍ നവവധു ആദ്യരാത്രിയില്‍ അന്തിയുറങ്ങേണ്ടത് ജന്മിയ്ക്കൊപ്പമായിരുന്നു. കുടിയാന്റെ വീട് ഓടിട്ടുകൂടാ, ചെരുപ്പു ധരിയ്ക്കരുത്, മീശ വയ്ക്കരുത് അങ്ങനെ അനേകം കിരാത നിയമങ്ങള്‍. എതിര്‍ക്കുന്നവരെയൊക്കെ മുക്കാലിയില്‍ കെട്ടിയടിയ്ക്കുകയോ നിഷ്കരുണം കൊന്നുതള്ളുകയോ ചെയ്യും. കൊല്ലുന്നവരെ വലിച്ചെറിയാന്‍ “പയശ്ശായിക്കുണ്ഡം” എന്നൊരു കൊക്ക തന്നെയുണ്ടായിരുന്നു. പോലീസ് എപ്പോഴും ജന്മിയ്ക്ക് കൂട്ടായി നിന്നു. ഈ സാഹചര്യത്തിലാണ് കര്‍ഷകസംഘം രൂപീകൃതമാകുന്നതും, കമ്യൂണിസ്റ്റ്പാര്‍ടിയുടെ നേതൃത്വത്തില്‍ ജനങ്ങള്‍ ജന്മിയ്ക്കെതിരായി തിരിഞ്ഞതും.

വിശാലമായ കാടുകള്‍ വെട്ടിത്തെളിച്ച് കൃഷിയിറക്കുന്നതിനെ “പുനം കൃഷി“യെന്നാണ് വിളിയ്ക്കുക. ഭൂമിയെല്ലാം ജന്മിയുടേതായതിനാല്‍ അയാളുടെ അനുമതിയുണ്ടെങ്കിലേ പുനം കൊത്താനാവൂ. കര്‍ഷകസംഘം രൂപീകൃതമായതോടെ ജന്മി, കര്‍ഷകര്‍ക്ക് പൂനം കൊത്താന്‍ അനുമതി നിഷേധിച്ചു. അപ്പോള്‍ കര്‍ഷകര്‍ കാടു കയ്യേറി പൂനം കൊത്തി. ഇതിനെ നേരിടാന്‍ ജന്മി പോലീസിന്റെ സഹാ‍യം തേടി. മലബാര്‍ സ്പെഷല്‍ പോലീസ് ഇരിക്കൂര്‍ ഫര്‍ക്കയിലാകെ വ്യാപകമായ അതിക്രമങ്ങളാണ് ചെയ്തത്. കൂടാതെ ജന്മിഗുണ്ടകളുടെ അഴിഞ്ഞാട്ടവും. പുരുഷന്മാര്‍ക്ക് വീടുകളില്‍ പാര്‍ക്കാന്‍ കഴിയാതായി. ഈ സാഹചര്യത്തിലാണ് കര്‍ഷകസംഘം വളണ്ടിയര്‍മാര്‍ കാവുമ്പായിക്കുന്നില്‍ ഒത്തുചേര്‍ന്നത്. കുന്നിന്റെ വടക്കു, പടിഞ്ഞാറ് ഭാഗങ്ങളില്‍ വയലാണ്. പോലീസിന്റെ ആക്രമണം ഭയന്ന് കുന്നിന്റെ മൂന്നു വശത്തും കാവലിന് ആളെ നിര്‍ത്തിയിട്ടുണ്ട്.
കുന്നിനു താഴെയുള്ള വയല്‍.
ഡിസംബറിന്റെ തണുപ്പ് അവിടെയെല്ലാം പരന്നിരിയ്ക്കുന്നു. അര്‍ദ്ധരാത്രിയായിട്ടും യാതൊന്നും സംഭവിയ്ക്കാത്തതിനാല്‍ സഖാക്കളുടെ ജാഗ്രത കുറഞ്ഞു. പലരും ഉറക്കമായി. ചിലരൊക്കെ സമീപത്തെ തങ്ങളുടെ വീടുകളിലേയ്ക്കും പോയി.
എന്നാല്‍ നേരം വെള്ളകീറും മുന്‍പ്, പോലീസ് വയലിലെത്തി. ഒറ്റുകാരാരോ, കുന്നിന്‍‌മുകളില്‍ സഖാക്കള്‍ തമ്പടിച്ച വിവരം അവരെ അറിയിച്ചിരുന്നു. വയലിലെത്തിയ പോലീസ് സമീപത്തെ വീടുകളില്‍ ഉറങ്ങിക്കിടന്ന ചിലരെ പിടികൂടി മര്‍ദ്ദിച്ചു. അവരുടെ നിലവിളി ശബ്ദം കുന്നിന്‍ മുകളിലിരുന്ന സഖാക്കളുടെ ചെവിയിലെത്തി. ഉടന്‍ മുദ്രാവാക്യം വിളികളുയര്‍ന്നു..

”ഇങ്ക്വിലാബ് സിന്ദാബാദ്.. ”.

അതോടെ സഖാക്കള്‍ ജാഗ്രതയിലായി. അനിവാര്യമായ ഏറ്റുമുട്ടലിന് ഏവരും തയ്യാറെടുത്തു. മരംകോച്ചുന്ന തണുപ്പിലും ആ ധീരരുടെ സിരകളിലൂടെ പോരാട്ടവീര്യം ഇരമ്പിയൊഴുകി. സംഘബോധത്തിന്റെ കരുത്തോടെ അവര്‍ നിലയുറപ്പിച്ചു.
താഴെ, മര്‍ദ്ദനമേറ്റവരുടെ നിലവിളി വീണ്ടും. പെട്ടെന്ന് മലമുകളില്‍ നിന്ന് വെടി പൊട്ടി. രണ്ടു തവണ. എം.എസ്.പി. ജമേദാര്‍ രാമകൃഷ്ണന്റെ ചുമലിനു വെടിയേറ്റു. പോലീസ് തിരിഞ്ഞോടി. എന്നാല്‍ ഉടന്‍ തന്നെ കൂടുതല്‍ പേരുമായി അവര്‍ തിരിച്ചെത്തി. പിന്നെ മുഴങ്ങിയത് മെഷീന്‍ ഗണ്ണിന്റെ ഗര്‍ജനമാണ്. വളണ്ടിയര്‍മാര്‍ ചിതറിപ്പോയി. വെളുപ്പാന്‍ കാലത്തുള്ള ആക്രമണത്തിനുമുന്നില്‍ അവര്‍ക്കു പിടിച്ചു നില്‍ക്കാനായില്ല. അഞ്ചുപേര്‍ വെടിയേറ്റു രക്തസാക്ഷികളായി.


അന്നും തുടര്‍ന്നുള്ള ദിവസങ്ങളിലും ഇരിക്കൂര്‍ ഫര്‍ക്കയിലാകെ പോലീസ് നരനായാട്ട് തുടര്‍ന്നു. കാവുമ്പായിയില്‍ പരാജയപ്പെട്ടെങ്കിലും സഖാക്കളുടെ ആത്മബലം ഒട്ടും ചോര്‍ന്നില്ല. പോലീസ് - ഗുണ്ടാവിളയാട്ടത്തെ ഒളിവിലിരുന്നുകൊണ്ടു തന്നെ അവര്‍ പ്രതിരോധിച്ചു.  അനേകം കര്‍ഷക സ്ത്രീകള്‍ ധീരോദാത്തമായി ഈ സമരത്തില്‍ അണിചേര്‍ന്നു. അതിലൊരാളായ “ചെറിയമ്മ”യുടെ കഥ ആരിലും ആവേശമുണര്‍ത്തുന്നതാണ്. കാവുമ്പായി പോരാട്ടത്തിനു ശേഷം രംഗത്തിറങ്ങിയ ജന്മിഗുണ്ടകള്‍ ആ ധീരവനിതയെ കഠിനമായി ഉപദ്രവിയ്ക്കുകയും ഗുഹ്യഭാഗത്ത് ലാത്തികൊണ്ടാ‍ക്രമിയ്ക്കുകയും ചെയ്തു. ഗുണ്ടാമര്‍ദ്ദനങ്ങളില്‍ പൊറുതിമുട്ടിയ സഖാക്കള്‍ ശക്തമായി തിരിച്ചടിച്ചു. ഒരു ഗുണ്ടാത്തലവന്‍ കൊല്ലപ്പെട്ടു. പല ഗുണ്ടകളെയും പിടിച്ചുകെട്ടി കൈകാര്യം ചെയ്തു. ജന്മിയുടെ പിണിയാളുകള്‍ പലരും ഒറ്റുകാരായി രംഗത്തു വന്നു. ക്രമേണ പല സഖാക്കളും പോലീസ് പിടിയിലായി.

കാവുമ്പായികേസില്‍ ആകെ 180 പ്രതികളാണുണ്ടായിരുന്നത്. അതില്‍ 105 പേര്‍ ശിക്ഷിയ്ക്കപ്പെട്ടു. 20 പേരെ പിടികിട്ടിയില്ല. 49 പേരെ വെറുതെ വിട്ടു. 4 പേര്‍ മാപ്പുസാക്ഷികളായി. 2 പേര്‍ കേസില്‍ നിന്നൊഴിവാക്കപ്പെട്ടു. കാവുമ്പായി പ്രക്ഷോഭവും വെടിവെപ്പും വ്യാപക ശ്രദ്ധയാകര്‍ഷിയ്ക്കുകയും ജന്മിത്വത്തിന്റെ അടിക്കല്ലിളക്കുകയും ചെയ്തു.

സ്മൃതിമണ്ഡപത്തെ തഴുകിവന്ന കാറ്റ് മുഖത്തുതട്ടിയപ്പോള്‍ ഞാന്‍ ചിന്തയില്‍ നിന്നുണര്‍ന്നു. ധീരരായ കാവുമ്പായി പോരാളികളുടെ ചുടുനിശ്വാസമാണോ ആ കാറ്റ് എന്ന് ഞാന്‍ സംശയിയ്ക്കാതിരുന്നില്ല.

സമരക്കുന്നിറങ്ങുമ്പോള്‍ മനസ്സ് പ്രക്ഷുബ്ധമായിരുന്നു. ഒരു കാലഘട്ടത്തിന്റെയാകെ പോരാട്ട ചരിത്രമാണ് ഇവിടെ ഉറങ്ങിക്കിടക്കുന്നത്. ആ പോരാട്ടത്തിന്  ഈ സ്മൃതിമണ്ഡപം മതിയായോ? കാവുമ്പായിയിലെ പുതുതലമുറ ഇക്കാര്യം ഉള്ളില്‍ തട്ടി ചിന്തിയ്ക്കുമെന്ന് ഞാന്‍ കരുതുന്നു.

9 comments:

 1. റബ്ബര്‍ തോട്ടത്തിലും ഒരു രക്തസാക്ഷി മണ്ഡപമോ?
  സ്നേഹപൂര്‍വ്വം
  പഞ്ചാരക്കുട്ടന്‍

  ReplyDelete
 2. പുതിയ അറിവുകൾ...നന്ദി ബിജു...അഭിനന്ദൻസ്...:)

  ReplyDelete
 3. ചരിത്രത്തിലെ ഈ ഏട് ഇപ്പോഴാണ് കാണുന്നത്.

  ReplyDelete
 4. നല്ല വിവരണം, പുതിയ അറിവുകൾ..

  ReplyDelete
 5. പലവട്ടം പൊളിച്ചെഴുതപ്പെടുന്ന സമരഗാഥകള്‍ ! കാവുമ്പായിലെ പാവപ്പെട്ട ജനങ്ങളുടെ ഇല്ലയ്മകള്‍ ചൂഷണം ചെയ്തത് ജന്മികള്‍ മാത്രമായിരുന്നില്ല. ഇക്കാലഘട്ടത്തിന്റെ നേര്‍ചിത്രം തരാനാകുന്ന കാരണവന്മാര്‍ ഇന്നും അവിടെയുണ്ട്. ആ സമരക്കുന്ന് ഒരു ടൂറിസ്റ്റ് പ്ലേസ് അല്ല അവര്‍ക്ക്. അവരുടെ പൈതൃക ഭൂമിയാണ്. ഗേറ്റ് ഫീസ് കൊടുത്ത് ഉള്ളില്‍ കയറാവുന്ന ശീതീകരിച്ച സ്മൃതിമണ്ഡപങ്ങളില്‍ ഉറങ്ങാനാഗ്രഹിക്കുന്നവരല്ല അതിനുള്ളില്‍ ഉറങ്ങുന്നവര്‍.“ഈ കുന്നിന്‍പുറത്തിന്റെ വിപ്ലവസ്മൃതികള്‍ക്കുമേല്‍ കൊഴുത്തു തടിച്ച റബര്‍മരങ്ങള്‍ വേരാഴ്‌ത്തിയോ..!‘’ കടല്‍ കടന്നു കാശു വാരുന്ന സഖാക്കള്‍ക്ക് ഈ നാലു റബ്ബര്‍ കരന്ന് കഞ്ഞി കുടിക്കുന്നവര്‍ ബൂര്‍ഷ്വാസികളാണെന്നു വരുമോ?
  പലവട്ടം പൊളിച്ചെഴുതപ്പെടുന്ന സമരഗാഥകള്‍ ! കാവുമ്പായിലെ പാവപ്പെട്ട ജനങ്ങളുടെ ഇല്ലയ്മകള്‍ ചൂഷണം ചെയ്തത് ജന്മികള്‍ മാത്രമായിരുന്നില്ല. ഇക്കാലഘട്ടത്തിന്റെ നേര്‍ചിത്രം തരാനാകുന്ന കാരണവന്മാര്‍ ഇന്നും അവിടെയുണ്ട്. ആ സമരക്കുന്ന് ഒരു ടൂറിസ്റ്റ് പ്ലേസ് അല്ല അവര്‍ക്ക്. അവരുടെ പൈതൃക ഭൂമിയാണ്. എന്തു പ്രതീക്ഷിച്ചാണാവോ സഖാവ് അങ്ങോട്ട് പോയത്. ഗേറ്റ് ഫീസ് കൊടുത്ത് ഉള്ളില്‍ കയറാവുന്ന ശീതീകരിച്ച സ്മൃതിമണ്ഡപങ്ങളില്‍ ഉറങ്ങാനാഗ്രഹിക്കുന്നവരല്ല അതിനുള്ളില്‍ ഉറങ്ങുന്നവര്‍.“ഈ കുന്നിന്‍പുറത്തിന്റെ വിപ്ലവസ്മൃതികള്‍ക്കുമേല്‍ കൊഴുത്തു തടിച്ച റബര്‍മരങ്ങള്‍ വേരാഴ്‌ത്തിയോ..!‘’ കടല്‍ കടന്നു കാശു വാരുന്ന സഖാക്കള്‍ക്ക് ഈ നാലു റബ്ബര്‍ കരന്ന് കഞ്ഞി കുടിക്കുന്നവര്‍ ബൂര്‍ഷ്വാസികളാണെന്നു വരുമോ?

  ReplyDelete
 6. @ കുമാരന്‍ | kumaran
  / / പലവട്ടം പൊളിച്ചെഴുതപ്പെടുന്ന സമരഗാഥകള്‍ ! / /
  ആരു പൊളിച്ചെഴുതി? എന്തു പൊളിച്ചെഴുതി ? ഇതില്‍ വിവരിച്ചതൊക്കെ ഞാന്‍ ചുമ്മായിരുന്നു പൊളിച്ചെഴുതിയതല്ല സുഹൃത്തേ. കാവുമ്പായില്‍ ജനിച്ചു വളര്‍ന്നവര്‍ ആധികാരികമായി രേഖപ്പെടുത്തിയ കാര്യങ്ങളാണ്. കാവുമ്പായി സമരചരിത്രം ആര്‍ക്കാണ് പൊളിച്ചെഴുതാനാവുക?
  / /കാവുമ്പായിലെ പാവപ്പെട്ട ജനങ്ങളുടെ ഇല്ലയ്മകള്‍ ചൂഷണം ചെയ്തത് ജന്മികള്‍ മാത്രമായിരുന്നില്ല. ഇക്കാലഘട്ടത്തിന്റെ നേര്‍ചിത്രം തരാനാകുന്ന കാരണവന്മാര്‍ ഇന്നും അവിടെയുണ്ട്. / /
  കാവുമ്പായിയിലെ കര്‍ഷകരെ ചൂഷണം ചെയ്തത് ജന്മികള്‍ മാത്രമല്ലെങ്കില്‍ പിന്നാരൊക്കെയായിരുന്നു? ദയവായി പറഞ്ഞുതരുക. പുതിയ കാര്യങ്ങള്‍ പഠിയ്ക്കാനുള്ള താല്പര്യമുണ്ട്.
  / /ആ സമരക്കുന്ന് ഒരു ടൂറിസ്റ്റ് പ്ലേസ് അല്ല അവര്‍ക്ക്. അവരുടെ പൈതൃക ഭൂമിയാണ്. ഗേറ്റ് ഫീസ് കൊടുത്ത് ഉള്ളില്‍ കയറാവുന്ന ശീതീകരിച്ച സ്മൃതിമണ്ഡപങ്ങളില്‍ ഉറങ്ങാനാഗ്രഹിക്കുന്നവരല്ല അതിനുള്ളില്‍ ഉറങ്ങുന്നവര്‍./ /
  ഈ ലേഖനം വായിച്ചിട്ട് ഇതാണ് മനസ്സിലായതെങ്കില്‍ കൂടുതല്‍ ചര്‍ച്ചിയ്ക്കുന്നില്ല.
  / /കടല്‍ കടന്നു കാശു വാരുന്ന സഖാക്കള്‍ക്ക് ഈ നാലു റബ്ബര്‍ കരന്ന് കഞ്ഞി കുടിക്കുന്നവര്‍ ബൂര്‍ഷ്വാസികളാണെന്നു വരുമോ?/ /
  ചില വിവരക്കേടുകള്‍ ചിരിച്ചുതള്ളുകയല്ലാതെ എന്തു ചെയ്യാന്‍..?

  ReplyDelete
 7. ഈ പുതിയ അറിവുകള്‍ പകര്‍ന്നു നല്‍കിയതിനു എന്‍റെ അഭിനന്ദനങ്ങള്‍.

  ReplyDelete
 8. ചരിത്രമറിഞ്നിരിക്കേണ്ടുന്നതു അവ്ശ്യം തന്നെ..അതും സ്വന്തം നാടിന്റെ..എത്രയെത്ര സമരം കൊണ്ടും രക്തസാക്ഷിത്വം കൊണ്ടും നേടിയെടുക്കപെട്ടതാണു നാമിന്നു അനുഭവിക്കുന്ന സൌകര്യങ്ങൾ...അന്നു നെഞ്ചുകാണിച്ചും,ചോരചീന്തിയും പിടഞ്ഞുവീണു പൊലിഞ്ഞുപോയ ധീര രക്തസാക്ഷികൾക്ക് നല്ല വക്കുകൾ കൊണ്ടെൻകിലും പ്രാണാമമർപ്പിക്കുന്നു...

  ReplyDelete
 9. BIJUTTAAA.....NANNAAYI AVATHARANAM....MANASSU KONDU NJAANUM SANDHARSHICHU AVIDE

  ReplyDelete

കമന്റിലെ അക്ഷരങ്ങള്‍ക്ക് നിറം നല്‍കാന്‍ [co="red"]Type Text here[/co] . ഇവിടെ red എന്നതിനു പകരം മറ്റ് നിറങ്ങള്‍ നല്‍കിയാല്‍ മതിയാകും.