പുതിയ കഥാസമാഹാരം “രയറൊം കഥകള്‍ " VPP ലഭിയ്ക്കാന്‍ sidrapubications@gmail

Wednesday 7 December 2011

ഉമ്മന്‍‌ചാണ്ടിയ്ക്കും എ.ജി.യ്ക്കും കീ ജയ്...

കഴിഞ്ഞകുറച്ചു ദിവസങ്ങളായി മുല്ലപ്പെരിയാര്‍ വിഷയത്തിന്റെ പേരില്‍ ഉമ്മന്‍ ചാണ്ടിയെയും അഡ്വക്കറ്റ് ജനറലിനെയും പുലഭ്യം പറയുന്നവരേ, ഈ വിഷയത്തില്‍ വളരെ തന്ത്രപരമായ നിലപാടാണ് നമ്മുടെ സര്‍ക്കാര്‍ എടുത്തിരിയ്ക്കുന്നതെന്ന് യുക്തിപൂര്‍വം ചിന്തിച്ചാല്‍ നിങ്ങള്‍ക്ക് മനസ്സിലാകും.

ഒരു വശത്ത് മന്ത്രിമാരടക്കം തെരുവില്‍ സമരം നടത്തി പുതിയ ഡാം വേണമെന്ന് പറഞ്ഞ് ജനങ്ങളെ ഇളക്കുന്നു, യുവജന സംഘടക്കാരെ വിട്ട് ഡാമില്‍ കൊടിയുയര്‍ത്തുന്നു, തമിഴരുടെ വാഹനം തകര്‍ക്കുന്നു. ഇതൊക്കെ കാണുമ്പോള്‍ തമിഴന്മാര്‍ വെറുതെയിരിയ്ക്കുമോ? ഒരു കാരണവശാലും പുതിയ ഡാം പാടില്ല എന്ന് അവരും പറയും.

ഇതു നമ്മുടെ ആസൂത്രിതമായ കളിയാണെന്ന് അവന്മാരറിയുന്നുണ്ടോ..! അഡ്വക്കറ്റ് ജനറലിന്റെയും വിദഗ്ധ സമിതിയുടെയും മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും വിശദീകരണങ്ങളോടെ ഒരു കാര്യം ഉറപ്പായി, മുല്ലപ്പെരിയാറില്‍ പുതിയൊരു ഡാമിന്റെ ആവശ്യമില്ല. കേവലം 450 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിയ്ക്കേണ്ട ആവശ്യമേ ഉള്ളു. പുതിയ ഡാമിനായി ചെലവാകുമെന്നു പറയുന്ന 650 കോടിയുടെ നാലിലൊന്നു പോലും വേണ്ട അവരെ ഇടുക്കി ഡാമിനു താഴെയെവിടെയെങ്കിലും സ്ഥലം മേടിച്ചുകൊടുത്ത് താമസിപ്പിയ്ക്കാന്‍. മുല്ലപ്പെരിയാര്‍ ഡാം പൊട്ടിയാല്‍ വടക്കുപടിഞ്ഞാറോട്ടും തെക്കുപടിഞ്ഞാറോട്ടുമായി രണ്ടായി പിരിഞ്ഞാകും വെള്ളമൊഴുകുക. ഒരുഭാഗത്തെ വെള്ളം ഇടുക്കി ഡാം താങ്ങിക്കൊള്ളും. മറുഭാഗത്തെ വെള്ളം മീനച്ചിലാറിലേയ്ക്കാണു പോകുക. അത് ഇടയ്ക്കിടെ ചെറിയ തടയണകള്‍ നിര്‍മ്മിച്ച് പിടിച്ചു നിര്‍ത്താവുന്നതേ ഉള്ളു.

കേരളത്തിലെയും തമിഴുനാട്ടിലെയും കോലാഹലം കാണുമ്പോള്‍ ചിലപ്പോള്‍ കേന്ദ്രം ഇടപെടാനുള്ള സാധ്യതയുണ്ട്. അതൊഴിവാക്കാന്‍ മുഖ്യമന്ത്രിയും മന്ത്രിമാരും പോയി ചര്‍ച്ചനടത്തുന്നുണ്ട്. പുറമേ നില്‍ക്കുന്നവര്‍ വിചാരിയ്ക്കും കേന്ദ്രത്തെ ഇടപെടുവിയ്ക്കാനാണ് ചര്‍ച്ചയെന്ന്. അങ്ങനെ തോന്നിപ്പിയ്ക്കാന്‍ ചില പ്രസ്താവനകളൊക്കെ ഇറക്കുന്നതും തന്ത്രത്തിന്റെ ഭാഗമാണ്.

കോടതിയിലാണ് നമ്മുടെ ശരിയായ കളി കളിയ്ക്കുക. മുല്ലപ്പെരിയാര്‍ തകര്‍ന്നാലും കാര്യമായ കുഴപ്പമൊന്നുമില്ലായെന്ന് അവിടെ ബോധിപ്പിയ്ക്കും. സ്വാഭാവികമായും തമിഴ്‌നാട് ഈ വാദമുയര്‍ത്തി സുപ്രീം കോടതിയില്‍ കേസു ജയിയ്ക്കും, ജലനിരപ്പ് ഉയര്‍ത്തും. അപ്പോള്‍ എന്തുണ്ടാകും? ഡാം പൊട്ടും. ഇനിയാണ് നമ്മുടെ സൂപ്പര്‍ തന്ത്രം പ്രവര്‍ത്തനമാരംഭിയ്ക്കുന്നത്.

ഡാം പൊട്ടുന്നതോടെ 999 വര്‍ഷത്തെ കരാര്‍ ആവിയായിപ്പോകും. പിന്നെ തമിഴന്മാര്‍ക്ക് വോയിസ് ഉണ്ടോ !  തമിഴ്‌നാട് വറ്റിവരളും. ആ അവസ്ഥയില്‍ അവര്‍ വെള്ളത്തിനു വേണ്ടി നമ്മളോട് യാചിയ്ക്കാന്‍ തുടങ്ങും. അപ്പോള്‍ നമ്മള്‍ പറയുന്ന തുകയ്ക്ക്, പറയുന്ന വ്യവസ്ഥയില്‍ അവര്‍ വെള്ളം മേടിയ്ക്കേണ്ടി വരും. അന്ന് നമുക്ക് വേണമെങ്കില്‍ മുല്ലപ്പെരിയാറില്‍ സ്വന്തം സൌകര്യമനുസരിച്ച് ഡാം കെട്ടാം, അല്ലെങ്കില്‍ ഇടുക്കിഡാമില്‍ കിടക്കുന്ന പെരിയാര്‍ വെള്ളം കൊടുക്കാം. ഏതുനിലയ്ക്കായാലും കാര്യങ്ങള്‍ നമ്മുടെ കൈയിലിരിയ്ക്കും. ഒരു ടി.എം.സി വെള്ളത്തിന് പത്തുകോടിയെങ്കിലും നമുക്ക് വിലയിടാം. വര്‍ഷത്തില്‍ നൂറു ടി.എം.സി വെള്ളം വിറ്റാല്‍ ആയിരംകോടി ആയിനത്തില്‍ മാത്രം വരുമാനം. ആ വെള്ളം ഉപയോഗിച്ച് തമിഴുനാട് വൈദ്യുതി ഉണ്ടാക്കിയാല്‍ അതിന്റെ വിഹിതം വേറെയും ആവശ്യപ്പെടാം. ഇപ്പോള്‍ ചര്‍ച്ചയിലൂടെ നമ്മുടെ കാശുമുടക്കി ഒരു ഡാം പണിതു എന്നു വെക്കുക. തീര്‍ച്ചയായും തമിഴ്നാടിന്റെ കൂടി താല്പര്യമനുസരിച്ചുള്ള കരാര്‍ ആദ്യമേ ഉണ്ടാക്കേണ്ടി വരും. നക്കാപ്പിച്ച കാശിനു വെള്ളം കൊടുക്കേണ്ടിയും വരും. തമിഴന്മാര്‍ പൊട്ടന്മാരാണെന്ന് പറയുന്നത് വെറുതെയല്ല. അവര്‍ക്ക് നമ്മുടെ  ഈ തന്ത്രം ഇതു വരെ അവര്‍ക്കു മനസ്സിലായിട്ടില്ല.

ഉമ്മന്‍‌ചാണ്ടിയും അഡ്വക്കേറ്റ് ജനറലും കൂടി സംസ്ഥാന താല്പര്യം അട്ടിമറിച്ചു എന്നും പറഞ്ഞ് ചന്ദ്രഹാസമിളക്കുന്നവര്‍ ശാന്തരായിരുന്നു ആലോചിച്ചേ, ആത്യന്തികമായി ഇതു നമുക്ക് നേട്ടമല്ലേന്ന്? നമ്മുടെ ഹൈക്കോടതിയ്ക്കു പോലും കാര്യം മനസ്സിലായിട്ടുണ്ട്. അതല്ലേ, ഇത്രമാത്രം പൊതുയോഗങ്ങളും രണ്ടു ഹര്‍ത്താലുകളും  ഉണ്ടായിട്ട്, പൊതുജനങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ടുകളെ പറ്റി ഒരക്ഷരം മിണ്ടാത്തത്..!

അടിക്കുറി: ഈ നോട്ട് ആരെങ്കിലും തമിഴന്മാര്‍ക്ക് തര്‍ജമ ചെയ്തുകൊടുത്ത്, നമ്മുടെ തന്ത്രം പൊളിയ്ക്കരുതെന്ന് വിനയപൂര്‍വം അപേക്ഷിയ്ക്കുന്നു.

3 comments:

  1. അറിയാതെ ബീമാപ്പള്ളി എന്ന ബ്ലോഗില്‍ ചെന്നു പെട്ടപ്പോള്‍ കണ്ട ഒരു പോസ്റ്റിന്റെ ഒരു ഭാഗം..... മുല്ലപ്പെരിയാറിലെ വെള്ളത്തുള്ളികളുടെ കണക്കെടുപ്പാണത്രെ ഇപ്പോള്‍ നമ്മളുടെ പണി.... ഇതൊക്കെ എഴുതുന്നതും മലയാളികളാണല്ലോ ദൈവമേ.......അവരവരുടെ ആശയങ്ങള്‍ പ്രചരിപ്പിക്കുംബോള്‍ മുല്ലപെരിയാറിനെ അവറ് എങ്ങനെ കാണുന്നു എന്നോറ്ക്കുംബൊള്‍ വിഷമമുണ്ട്. മനുഷ്യജീവനെക്കാള്‍ വില ഏതൊ ഒരാള്‍ക്കു മറുപടി കൊടുക്കലാണോ?

    ("സഫാ പാര്‍ക്കിലെ രസങ്ങള്‍ പറഞ്ഞു ചിരിക്കുന്നതിനിടയില്‍, മുല്ലപ്പെരിയാര്‍ഡാമിലെ, അടിയിലെ ഷട്ടറിലെ, അതിനിടയിലെ വാല്‍വിലെ ചെറിയ ദ്വാരത്തില്‍ കൂടി പുറത്തേക്ക് വരുന്ന ജലത്തുള്ളികളുടെ കണക്കെടുപ്പിനിടയില്‍ ഇതെല്ലം ശ്രദ്ധിക്കുവാന്‍ അവര്‍ക്കെവിടെ സമയം...സഹിക്കുകതന്നെ ബക്കറെ..! ")

    ReplyDelete
  2. Hello,
    eniku ningalude blog read cheyyan pattunnilla, ellam dot ayittanu kanunnathu, plz giv me a reply

    ReplyDelete

കമന്റിലെ അക്ഷരങ്ങള്‍ക്ക് നിറം നല്‍കാന്‍ [co="red"]Type Text here[/co] . ഇവിടെ red എന്നതിനു പകരം മറ്റ് നിറങ്ങള്‍ നല്‍കിയാല്‍ മതിയാകും.