പുതിയ കഥാസമാഹാരം “രയറൊം കഥകള്‍ " VPP ലഭിയ്ക്കാന്‍ sidrapubications@gmail

Thursday, 13 October 2011

“പോസ്റ്റുമോര്‍ട്ടം ടേബിളില്‍ നിന്നും സൌമ്യ നിലവിളിയ്ക്കുന്നു...”


“ട്രെയിന്‍ കമ്പാര്‍ട്ട്മെന്റിനുള്ളില്‍ വെച്ച് സൌമ്യ ആക്രമിയ്ക്കപ്പെട്ടിരുന്നു. മുടി കുത്തിപ്പിടിച്ച് പലതവണ നെറ്റി തീവണ്ടിയുടെ കനം കൂടിയ ഭാഗത്ത് ഇടിച്ചതിന്റെ ലക്ഷണങ്ങള്‍ തലയിലുണ്ട്. നാലിലധികം തവണ തുടര്‍ച്ചയായി ഇടിച്ചിട്ടുണ്ട്. തലയില്‍ മുറിവു വന്നത് ഇത്തരത്തില്‍ അവസാനത്തിലേതാകാമെന്നതിനാലാണ് ട്രെയിനിനുള്ളില്‍ രക്തപ്പാടുകള്‍ കണ്ടെത്താനാകാത്തത്. പുറമേയ്ക്ക് അധികം രക്തമൊഴുകിയില്ലെങ്കിലും തലയ്ക്കുള്ളില്‍ ആഴത്തില്‍ പരിക്കേറ്റിരുന്നു. ഇടിയുടെ ആഘാതത്തില്‍ പിറ്റ്യൂട്ടറി ഗ്രന്ഥിയും തലച്ചോറും തമ്മിലുള്ള ബന്ധം വേര്‍പെട്ടതായും കണ്ടെത്തിയിരുന്നു. ഈ ആഘാതത്താല്‍ അവര്‍ക്ക് ശബ്ദം വയ്ക്കാനോ പ്രതികരിയ്ക്കാനോ ഉള്ള കഴിവ് നഷ്ടപ്പെട്ടു. റെയില്പാളത്തില്‍ മുഖമടിച്ച് പിന്നീട് വീണതിന്റെ ആഘാതത്തില്‍ പതിമൂന്ന് പല്ലുകള്‍ നഷ്ടപ്പെട്ടു. മുഖത്തിനടിയിലെ അസ്ഥികള്‍ പൊട്ടുകയും തലച്ചോറിന്റെ ആഘാതം വര്‍ദ്ധിയ്ക്കുകയും ചെയ്തു. വീഴ്ചയ്ക്കു ശേഷം ബോധശൂന്യയായ അവരെ എടുത്തുകൊണ്ടുപോയി മലര്‍ത്തിക്കിടത്തി മാനഭംഗം ചെയ്യുന്നതിനിടെ പല്ലടര്‍ന്നു പോയ ഭാഗത്തു നിന്നുള്ള രക്തവാര്‍ച്ച ശ്വാസകോശങ്ങളിലേയ്ക്കായത് അവരെ മൃതപ്രായയാക്കി.”

ജൂലൈ 12 മുതല്‍ 15 വരെ തൃശൂര്‍ ഒന്നാം നമ്പര്‍ ഫാസ്റ്റ്ട്രാക്ക് കോടതി മുന്‍പാകെ തൃശൂര്‍ ശവ: മെഡിക്കല്‍ കോളേജ് ഫോറെന്‍സിക് വിഭാഗം മേധാവി ഡോ: ഷെര്‍ലി വാസു നല്‍കിയ മൊഴി.

കഴിഞ്ഞ ദിവസങ്ങളിലെ രാഷ്ട്രീയ സംഘര്‍ഷ വിവാദങ്ങള്‍ക്കിടയില്‍ നാമാരും ശ്രദ്ധിയ്ക്കാത്ത വലിയൊരു സംഭവം തൃശൂര്‍ ഫാസ്റ്റ് ട്രാക് കോടതിയില്‍ നടന്നു. കേരള മനസ്സാക്ഷിയെ നടുക്കിയ സൌമ്യവധക്കേസിന്റെ വിചാരണ ആ കോടതിയില്‍ നടന്നു കൊണ്ടിരിയ്ക്കുകയാണ്. പ്രതിയായ ഗോവിന്ദച്ചാമിയ്ക്ക് കഠിന ശിക്ഷ കിട്ടുവാന്‍ ഓരോ മനുഷ്യസ്നേഹിയും ഉള്ളുരുകി പ്രാര്‍ത്ഥിയ്ക്കുന്നു. “യാചകനാ“യ ഗോവിന്ദച്ചാമി വലിയ ബുദ്ധിമുട്ടില്ലാതെ ശിക്ഷിയ്ക്കപ്പെടുമെന്ന് കരുതിയിരുന്നപ്പോഴാണ് കേരളീയരെ ആകെ അമ്പരപ്പിച്ചുകൊണ്ട്, അയാള്‍ക്കു വേണ്ടി വാദിയ്ക്കാന്‍ മുംബായില്‍ നിന്നും അഞ്ചംഗ വക്കീല്‍ കൂട്ടം പറന്നിറങ്ങിയത്..! ലക്ഷങ്ങള്‍ ഫീസു വാങ്ങുന്ന ഈ വക്കീല്‍ കൂട്ടത്തെ ഏര്‍പ്പാടാക്കുന്ന കാര്യം സാമാന്യം സാമ്പത്തികമുള്ളവര്‍ക്കു പോലുംആലോചിക്കാന്‍ കഴിയില്ല. അപ്പോഴാണ് നാമറിയുന്നത് ഈ ഗോവിന്ദചാമി യാചകനല്ലെന്നും, തീവണ്ടി കൊള്ളയടിയ്ക്കുന്ന വന്‍ മാഫിയയിലെ സംഘമാണെന്നും. ഈ മാഫിയ ആണ് അയാള്‍ക്കു വേണ്ടി ഇത്രവലിയ സന്നാഹം ഒരുക്കിയത്..! ഇപ്പോള്‍ തൃശൂരിലെ വന്‍ ഹോട്ടലില്‍ തമ്പടിച്ചാണ് വക്കീല്‍ സംഘം അയാള്‍ക്കായി വാദിയ്ക്കുന്നത്. മലയാളിയായ ബി.എം. ആളൂര്‍ നയിയ്ക്കുന്ന ഈ സംഘം വിചാരണ തടസ്സപ്പെടുത്താനും കേസ് അട്ടിമറിയ്ക്കാനും സകല തന്ത്രങ്ങളും പയറ്റുകയാണ്. അതിനെയെല്ലാം പ്രതിരോധിച്ച് ശാസ്ത്രീയ തെളിവുകളുടെ ബലത്തില്‍ പ്രോസിക്യൂഷന്‍  നല്ലനിലയില്‍ മുന്നോട്ട് പോകുമ്പോഴാണ് അപ്രതീക്ഷിതമായ ഒരു “ബോംബ്” പൊട്ടുന്നത്...!

കൊലപാതകക്കേസുകളിലെ ഏറ്റവും മുഖ്യതെളിവാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. ആ റിപ്പോര്‍ട്ടിന്റെ ആധികാരികതയാണ് കൊലയിലേയ്ക്കും കൊലപാതകിയിലേയ്ക്കും നിയമത്തെ എത്തിയ്ക്കുന്നത്. ഈ കേസില്‍ ഫോറെന്‍സിക് മേധാവി ഡോ:ഷേര്‍ലി വാസു നല്‍കിയ മൊഴിയാണ് മേല്‍ക്കൊടുത്തത്. എന്നാല്‍ കഴിഞ്ഞ ദിവസം ഫോറെന്‍സിക് വിഭാഗം അസ്സോസിയേറ്റ് പ്രൊഫസര്‍ ഡോ:എന്‍.കെ. ഉന്മേഷ് നല്‍കിയ മൊഴി പ്രോസിക്യൂഷനെയും ജനങ്ങളെയും ഒന്നാകെ ഞെട്ടിച്ചിരിയ്ക്കുകയാണ്.

ഡോ:ഷേര്‍ലി വാസു പോസ്റ്റ് മോര്‍ട്ടം നടത്തിയിട്ടില്ലെന്നും, താനും ജൂനിയറായ രാജേന്ദ്രപ്രസാദും ചേര്‍ന്നാണ് പോസ്റ്റുമോര്‍ട്ടം നടത്തിയതെന്നും പ്രതിഭാഗം വിചാരണവേളയില്‍ ഡോ:ഉന്മേഷ് മൊഴി നല്‍കി. എന്നാല്‍ ഡോ:ഷേര്‍ലി ഇതു നിഷേധിയ്ക്കുന്നു. താന്‍ തന്നെയാണ് പോസ്റ്റുമോര്‍ട്ടം നടത്തിയതെന്നാണ് അവര്‍ പറയുന്നത്.
ഉള്ളടക്കത്തില്‍ മാറ്റമില്ലെങ്കിലും ഈ വൈരുദ്ധ്യം കേസിനെ  ദുര്‍ബലമാക്കുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. കോടതി ഇന്ന് (13-10-2011) ഡോ:ഉന്മേഷിനെ വിളിച്ചു വരുത്തിചോദിച്ചപ്പോഴും അദ്ദേഹം തന്റെ മൊഴിയില്‍ ഉറച്ചു നിന്നു.  ഇതോടെ അദ്ദേഹത്തെ വീണ്ടും വിസ്തരിയ്ക്കാന്‍ കോടതി ഉത്തരവിട്ടിരിയ്ക്കുകയാണ്.

ഇനി ഡോ:ഉന്മേഷ് തന്നെയാണ് പോസ്റ്റുമോര്‍ട്ടം ചെയ്തതെങ്കില്‍ പോലും, ഉള്ളടക്കത്തില്‍ മാറ്റമില്ലാത്തതിനാല്‍ കോടതിയ്ക്കുള്ളില്‍ വിവാദമാക്കാതിരിയ്ക്കാമായിരുന്നു, കേസിന്റെ ഭാവിയെ കരുതിയെങ്കിലും. ആ ഒരു ബോധം ഇല്ലാത്തയാളാണ് ഈ ഡോക്ടര്‍ എന്നു കരുതാനാവില്ല. എന്താണ് ഇയാളെ ഇത്തരമൊരു സാഹചര്യം സൃഷ്ടിയ്ക്കാന്‍ പ്രേരിപ്പിച്ചത്? ഡോ:ഷേര്‍ലി ആരോപിച്ചതുപോലെ ബാഹ്യശക്തികള്‍ അദ്ദേഹത്തെ സ്വാധീനിച്ചിട്ടുണ്ടോ? മെഡിക്കല്‍ കോളേജിലെ ഫോറെന്‍സിക് വിഭാഗത്തിലെ തൊഴുത്തില്‍ കുത്താണ് കാരണമെന്ന് ചിലര്‍ പറയുന്നു. കുത്തഴിഞ്ഞു കിടന്ന ഈ വിഭാഗത്തില്‍, ഡോ:ഷേര്‍ലി വാസു ചാര്‍ജെടുത്തതോടെ താപ്പാനകളുടെ എതിര്‍പ്പുകള്‍ ഉണ്ടായി. ഷേര്‍ലി വാസുവിനെ കുടുക്കാന്‍ പലവട്ടം ശ്രമം ഉണ്ടായെന്നും  അതിന്റെ ഫലമാണ് ഈ വിവാദമെന്നും വ്യാഖ്യാനമുണ്ട്.

ഡോ:ഉന്മേഷിന്റെ മൊഴി തങ്ങളെ ഞെട്ടിച്ചു എന്നാണ് മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ:ബാലഗോപാല്‍ പറഞ്ഞത്. വകുപ്പുമേധാവിയെ കൂടാതെ പോസ്റ്റ്മോര്‍ട്ടം ചെയ്യാന്‍ പാടില്ല എന്നാണ് നിയമം. അതു മറികടന്നുവെങ്കില്‍ തെറ്റാണ് എന്നും അദ്ദേഹം പറഞ്ഞു. ഇവിടെയാണ് കേസ് അട്ടിമറിയ്ക്കപ്പെടാനുള്ള സാധ്യത കിടക്കുന്നത്. ഡോ:ഉന്മേഷ് പറഞ്ഞതാണ് ശരിയെന്നു തെളിഞ്ഞാല്‍ നിയമവിരുദ്ധമായ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് അപ്പാടെ തള്ളിപ്പോകാന്‍ സാധ്യതയുണ്ട്. ഫലം, ഗോവിന്ദചാമി ഈസിയായി ഊരിപ്പോകും. ഇതാണോ ഡോ:ഉന്മേഷിന്റെ ലക്ഷ്യം...? ഇതിനു പിന്നില്‍ സാമ്പത്തിക ഇടപാടുകള്‍ വല്ലതും ഉണ്ടായോ..?

സെപ്തംബര്‍ ലക്കം “പച്ചക്കുതിര”യില്‍ ഡോ:ഷേര്‍ലി വാസുവിന്റെ ഒരു ലേഖനമുണ്ട്. സൌമ്യയുടെ പോസ്റ്റുമോര്‍ട്ടം സംബന്ധിച്ചാണ് ആ ലേഖനം. അതില്‍ നിന്നും:

“വികാരങ്ങളും വിചാരങ്ങളും വിട്ടൊഴിഞ്ഞ, യാതൊന്നും അനുഭവവേദ്യമാകാത്ത മൃതദേഹം തന്റേതായൊരു ആവശ്യത്തിനുമല്ല ഇപ്രകാരം കിടക്കുന്നതെന്നോര്‍ക്കണം. അവര്‍ക്ക് നീതി ലഭിയ്ക്കണം എന്നു പറയുന്നവരുമോര്‍ക്കണം. നീതി ലഭ്യമാകുന്നതിനപ്പുറത്തേയ്ക്കുള്ള മറ്റൊരു ലോകത്തേയ്ക്കവര്‍ പോയിക്കഴിഞ്ഞിരിയ്ക്കുന്നു. ഇനി അവര്‍ക്കെന്ത് നീതി? നീതി ലഭിയ്ക്കേണ്ടത് സമൂഹത്തിനാണ്. ആ സമൂഹത്തിന് ചില ചോദ്യങ്ങളുണ്ട്. അവയുടെ ഉത്തരം തേടാനുള്ള ആദ്യ നടപടിയാണ് ഇ‌ന്‍‌ക്വസ്റ്റും അതിന്റെ തന്നെ ഭാഗമായ ജഡപരിശോധനയും..”(ജഡപരിശോധന സംബന്ധിച്ച് ഇന്ത്യന്‍ ഭാഷകളില്‍ എഴുതപ്പെട്ട ആദ്യഗ്രന്ഥമായ “പോസ്റ്റുമോര്‍ട്ടം ടേബിള്‍“ -ന്റെ രചയിതാവാണ് ഡോ: ഷേര്‍ലി വാസു.)

തൃശൂര്‍ മെഡിക്കല്‍ കോളേജിലെ പോസ്റ്റുമോര്‍ട്ടം ടേബിളില്‍ നിന്നും സൌമ്യയുടെ നീതിയ്ക്കു വേണ്ടിയുള്ള നിസ്സഹായ നിലവിളി നിങ്ങള്‍ കേള്‍ക്കുന്നില്ലേ..അതേ,  ഇനി നീതി വേണ്ടത് സൌമ്യയ്ക്കല്ല നമുക്കോരോരുത്തര്‍ക്കുമാണ്. അതു  അട്ടിമറിയ്ക്കാന്‍ ഒരാളെയും നാം അനുവദിച്ചു കൂടാ..

19 comments:

 1. ചെറ്റ എന്നവാക്കിനുള്ള പര്യായപദങ്ങൾ ദിനേന ഇരട്ടിക്കുന്നു;

  ഇന്നലത്തെ പര്യായം: ഉന്മേഷ്.

  ReplyDelete
 2. ഉന്മേഷിനെ അവന്മാര്‍ പര്‍ച്ചേസ്‌ ചെയ്തു. നോ ഡൌട്ട്.

  ReplyDelete
 3. നിയമപ്രകാരം ഫോറെന്‍സിക് മേധാവിയുടെ നേതൃത്വത്തിലാണ് പോസ്റ്റുമോര്‍ട്ടം നടത്തേണ്ടതും റിപ്പോര്‍ട്ട് സമര്‍പ്പിയ്ക്കേണ്ടതും. അപ്പോള്‍ ഡോ:ഷേര്‍ലിയ്ക്കു മാത്രമേ റിപ്പോര്‍ട്ട് നല്‍കാനാവൂ, അപ്രകാരം അവര്‍ മൊഴി നല്‍കുകയും ചെയ്തു. ഡോ:ഉന്മേഷാണ് യഥാര്‍ത്ഥത്തില്‍ പോസ്റ്റുമോര്‍ട്ടം ചെയ്തതെങ്കില്‍ കൂടി, കേസിന്റെ മെറിറ്റിനെ ബാധിയ്ക്കാതിരിയ്ക്കാന്‍ അക്കാര്യം മിണ്ടാതിരുന്നാല്‍ മതി. കാരണം അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍ വഴി കേസ് ദുര്‍ബലമാകുമെന്നതില്‍ അപ്പുറം മറ്റൊന്നും നേടാനില്ല. ഇക്കാര്യം അറിയാവുന്ന അയാള്‍ - സര്‍ക്കാര്‍ ശമ്പളം മേടിയ്ക്കുന്ന ഡോക്ടര്‍ - പ്രതിഭാഗത്തിനനുകൂലമായി - സര്‍ക്കാരിനെതിരെ കോടതിയില്‍ മൊഴി നല്‍കിയെങ്കില്‍ അതില്‍ അവിഹിതമായ എന്തോ നടന്നിട്ടുണ്ട്. കേരള സമൂഹം ശക്തിയായി പ്രതികരിയ്ക്കണം.. ഇനി ഒരാള്‍ ഇങ്ങനെ ചെയ്യാന്‍ ധൈര്യപ്പെടരുത്...

  ReplyDelete
 4. താങ്കളുടെ അഭിപ്രായത്തോട് യോജിക്കുന്നില്ല.ഡ്യൂട്ടിയിലുള്ള ഫോറന്‍സിക് ഡോക്റ്റര്‍ക്ക് പോസ്റ്റ് മോര്‍ട്ടം ചെയ്യാനും റിപ്പോര്‍ട്ട് കോടുക്കാനുമുള്ള അധികാരം ഉണ്ട്.പോലീസ് കാണിച്ച മണ്ടത്തരമാണ് കുഴപ്പമുണ്ടാക്കിയത്.പോസ്റ്റ് മോര്‍ട്ടം നടത്തിയ ഡോക്റ്ററുടെ മൊഴിയെടുക്കുകയോ ഡോക്റ്ററെ വിസ്തരിക്കുകയോ ചെയ്തില്ല.
  മിടുക്കനായ പ്രതിഭാഗം വക്കീല്‍ ഡോക്റ്ററെ പ്രതിഭാഗം സാക്ഷിയാക്കി വിസ്തരിക്കുകയും ചെയ്തു.പ്രതിഭാഗം സാക്ഷിയായതു കൊണ്ട് പ്രതിഭാഗം ആണെന്ന് അര്‍ഥമില്ല.കാരണം ഡോക്റ്റര്‍ സാധാരണ വിറ്റ്നസ് അല്ല,എക്സ്പെര്‍ട്ട് വിറ്റ്നസ് ആണ്.ഇത് മനസ്സിലാക്കാത്തതു കൊണ്ടാണ് ജനങ്ങള്‍ തെറ്റിദ്ധരിക്കുന്നത്.
  ഇന്ന് ഒരു കേസില്‍ എനിക്ക് പ്രതിഭാഗം സാക്ഷിയായി വിസ്താരം നേരിടേണ്ടി വന്നിരുന്നു.
  സഹപ്രവര്‍ത്തകന്‍ ചെയ്ത കേസില്‍ ഒപ്പിട്ട് കോടതിയില്‍ സമര്‍പ്പിച്ച ഷേര്‍‌ളി വാസു അല്ലേ ഈ വിശേഷണങ്ങള്‍ക്ക് യോജിച്ചത്?

  ReplyDelete
 5. കോടതിയില്‍ കളവ് പറയാന്‍ പാടില്ല.രണ്ടിലൊരാള്‍ കോടതിയില്‍ കളവ് പറഞ്ഞിട്ടുണ്ട്.അത് ഡോക്റ്റര്‍ ഷേര്‍‌ളി വാസു ആകാനാണ് കൂടുതല്‍ സാധ്യത.
  മറ്റൊരു കാര്യം പുസ്തകമെഴുതിയതു കൊണ്ട് അവര്‍ മഹാത്മാവായി കൊള്ളണമെന്നില്ല.മഹത്തായ പുസ്തകമെഴുതിയ പലരും പീറകളാണ്.

  ReplyDelete
 6. ഒരു വക്കീല്‍ കേസ് അട്ടിമറിക്കുന്നെന്നൊന്നും പറയുന്നത് ശരിയല്ല.അയാള്‍ പ്രതിക്കു വേണ്ടിയാണ് വാദിക്കുന്നത്.പ്രതി കുറ്റക്കാരനാണെന്ന് തെളിയിക്കേണ്ടത് പ്രോസിക്യൂഷനാണ്.നമ്മുടെ വൈകാരികത ഒഴിച്ചു നിര്‍ത്തി ആലോചിക്കുക.ഇതില്‍ പ്രോസിക്യൂഷന് ധാരാളം പിഴവുകള്‍ വന്നിട്ടുണ്ടെന്നാണ് തോന്നുന്നത്.
  പത്രങ്ങളില്‍ വന്ന റിപ്പോര്‍ട്ടുകള്‍ അല്ലാതെ ഗോവിന്ദസാമി കുറ്റക്കാരനാണെന്ന് താങ്കള്‍ക്ക് എന്താണ് ഉറപ്പ്?

  ReplyDelete
 7. @ vrajesh
  ആദ്യമേ പറയട്ടെ, ഞാന്‍ ഒരു നിയമ വിശാരദനല്ല. വിവിധ മാധ്യമങ്ങളില്‍കൂടി ലഭിച്ച വിവരങ്ങളാണ് ഈ ലേഖനത്തില്‍ ചേര്‍ത്തിരിയ്ക്കുന്നത്. ഇനി താങ്കളുടെ ചോദ്യങ്ങളിലേയ്ക്കു വരാം.
  >>ഡ്യൂട്ടിയിലുള്ള ഫോറന്‍സിക് ഡോക്റ്റര്‍ക്ക് പോസ്റ്റ് മോര്‍ട്ടം ചെയ്യാനും റിപ്പോര്‍ട്ട് കോടുക്കാനുമുള്ള അധികാരം ഉണ്ട്.<<
  ഇക്കാര്യത്തില്‍ തൃശൂര്‍ മെഡി.കോളേജ് സൂപ്രണ്ട് ബാലഗോപാല്‍ പറഞ്ഞത് : “വകുപ്പുമേധാവിയെ കൂടാതെ ഇത്തരമൊരു കേസില്‍ പോസ്റ്റുമോര്‍ട്ടം പാടില്ല എന്നാണ് നിയമം. അതു മറികടന്ന് ഉന്മേഷ് പോസ്റ്റുമോര്‍ട്ടം ചെയ്തെങ്കില്‍ അതു തെറ്റാണ്.” (കേരള കൌമുദി ഒക്ടോ: 12 )

  >>പോസ്റ്റ് മോര്‍ട്ടം നടത്തിയ ഡോക്റ്ററുടെ മൊഴിയെടുക്കുകയോ ഡോക്റ്ററെ വിസ്തരിക്കുകയോ ചെയ്തില്ല.<<
  ഫോറെന്‍സിക് മേധാവി ഡോ:ഷെര്‍ലി വാസു പറഞ്ഞത്: “സൌമ്യയെ പോസ്റ്റുമോര്‍ട്ടം ചെയ്ത ആറംഗ സംഘത്തിന്റെ ഒരാള്‍ മാത്രമാണ് ഉന്മേഷ്. അദ്ദേഹം എന്നെ സഹായിയ്ക്കുക മാത്രമാണുണ്ടായത്”.
  ഇതിന്‍ പ്രകാരം പോലീസ് ഷേര്‍ലി വാസുവിന്റെ മൊഴിയെടുക്കുകയും അവര്‍ കോടതിയില്‍ മൊഴി നല്‍കുകയും ചെയ്തിട്ടുണ്ട്.

  >>മിടുക്കനായ പ്രതിഭാഗം വക്കീല്‍ ഡോക്റ്ററെ പ്രതിഭാഗം സാക്ഷിയാക്കി വിസ്തരിക്കുകയും ചെയ്തു.പ്രതിഭാഗം സാക്ഷിയായതു കൊണ്ട് പ്രതിഭാഗം ആണെന്ന് അര്‍ഥമില്ല.കാരണം ഡോക്റ്റര്‍ സാധാരണ വിറ്റ്നസ് അല്ല,എക്സ്പെര്‍ട്ട് വിറ്റ്നസ് ആണ്.ഇത് മനസ്സിലാക്കാത്തതു കൊണ്ടാണ് ജനങ്ങള്‍ തെറ്റിദ്ധരിക്കുന്നത്.<<
  ഇപ്പറഞ്ഞതിന്റെ യുക്തി എനിയ്ക്കറിയില്ല. പ്രോസിക്യൂഷന്റെ 118-മത് സാക്ഷിയാണ് ഡോ: ഉന്മേഷ്. അയാള്‍ പ്രതിഭാഗം ഒന്നാം സാക്ഷിയായാണ് കോടതിയില്‍ മൊഴി നല്‍കിയത്. പ്രോസിക്യൂഷന്റെ എക്സ്പെര്‍ട്ട് സാക്ഷിയ്ക്കെതിരെ മൊഴികൊടുത്തയാള്‍ പ്രതിഭാഗമല്ലെന്ന് താങ്കള്‍ എന്തടിസ്ഥാനത്തിലാണ് വാദിയ്ക്കുന്നതെന്ന് എനിയ്ക്കറിയില്ല. നിയമം അറിയുന്നവര്‍ അക്കാര്യത്തില്‍ മറുപടി പറയട്ടെ.

  ReplyDelete
 8. >>കോടതിയില്‍ കളവ് പറയാന്‍ പാടില്ല.രണ്ടിലൊരാള്‍ കോടതിയില്‍ കളവ് പറഞ്ഞിട്ടുണ്ട്.അത് ഡോക്റ്റര്‍ ഷേര്‍‌ളി വാസു ആകാനാണ് കൂടുതല്‍ സാധ്യത.<<
  എന്തടിസ്ഥാനത്തില്‍ ആണ് താങ്കളുടെ ഈ ആരോപണം? ഇനി ഉന്മേഷ് ആണെന്നു തന്നെ വച്ചോളു. ഫോറെന്‍സിക് മേധാവിയാണ് റിപ്പോര്‍ട്ട് സമര്‍പ്പിയ്ക്കേണ്ടതെങ്കില്‍, അവരക്കാര്യം ചെയ്തു എന്നു കരുതിയാല്‍ പോരെ? പ്രധാന കാര്യം റിപ്പോര്‍ട്ടിന്റെ ഉള്ളടക്കത്തെ പറ്റി ഇരുവര്‍ക്കും തര്‍ക്കമില്ല. പിന്നെന്തിന് ഉന്മേഷ്, കേസട്ടിമറിയ്ക്കും വിധം ഈ വിവാദം ഉയര്‍ത്തി? അവിടെയാണ് സംശയങ്ങള്‍..

  >>ഒരു വക്കീല്‍ കേസ് അട്ടിമറിക്കുന്നെന്നൊന്നും പറയുന്നത് ശരിയല്ല.അയാള്‍ പ്രതിക്കു വേണ്ടിയാണ് വാദിക്കുന്നത്<< >>പത്രങ്ങളില്‍ വന്ന റിപ്പോര്‍ട്ടുകള്‍ അല്ലാതെ ഗോവിന്ദസാമി കുറ്റക്കാരനാണെന്ന് താങ്കള്‍ക്ക് എന്താണ് ഉറപ്പ്? <<

  ഈ രണ്ടു കാര്യവും ഞാന്‍ പറഞ്ഞിട്ടില്ല. ശ്രദ്ധാപൂര്‍വം വായിയ്ക്കാത്തതിന്റെ കുഴപ്പമാണ്. സര്‍ക്കാര്‍ ശമ്പളം പറ്റുന്ന, പ്രോസിക്യൂഷന്‍ സാക്ഷി, പ്രതിഭാഗത്തിനനുകൂലമായി മൊഴി നല്‍കിയതിനെയാണ് കേസട്ടിമറിയ്ക്കാനുള്ള ശ്രമം എന്നു ഞാന്‍ പറഞ്ഞത്. പോലീസ് പ്രതിയായ ഗോവിന്ദചാമിയെ പ്രതിയെന്നു തന്നെയാണ് ഞാനും പറഞ്ഞത്.

  ReplyDelete
 9. താന്‍ ചെയ്യാത്ത കേസ് താന്‍ ചെയ്തെന്നു പറഞ്ഞ് റിപ്പോര്‍ട്ട് കൊടുത്തെങ്കില്‍ അത് തെറ്റാണ്.കോടതിയില്‍ കേസ് നടക്കുന്ന സമയത്ത് ആ കേസിലെ പോസ്റ്റ് മോര്‍ട്ടത്തെപ്പറ്റി മാസികയില്‍ എഴുതിയത് തോന്നിവാസമാണ്.കോടതിയില്‍ കളവ് പറയുന്നത് കേസിനെ ബാധിക്കും.സത്യം പറയും എന്ന് പ്രതിജ്ഞ ചെയ്താണ് കോടതിയില്‍ മൊഴി കൊടുക്കുന്നത്.
  മാധ്യമങ്ങളില്‍ വരുന്നതെല്ലാം ശരിയാണെന്ന് താങ്കള്‍ കരുതുന്നുണ്ടാകാന്‍ സാധ്യതയില്ല.വരികള്‍ക്കിടയില്‍ വായിക്കുന്നതാണ് വളരെ പ്രധാനം.
  പോസ്റ്റ് മോര്‍ട്ടം ചെയ്യാനുള്ള അപേക്ഷ പോലീസ് ആണ് സമര്‍പ്പിക്കുന്നത്.ആ അപേക്ഷ കാണാതെയല്ല ഡോക്റ്റര്‍ പോസ്റ്റ് മോര്‍ട്ടം ചെയ്യുന്നത്.

  ReplyDelete
 10. ഒരു എക്സ്പര്‍ട്ട് വിറ്റ്നസ് കോടതിയില്‍ സത്യം പറയുക എന്നതാണ് പ്രധാനം.സത്യം സര്‍ക്കാര്‍ നടപടികള്‍ക്കെതിരാണെങ്കില്‍ പോലും സര്‍ക്കാര്‍ ശമ്പളം വാങ്ങുന്ന ഉദ്യോഗസ്ഥന് അത് പറയാം.
  പ്രതിഭാഗം സാക്ഷിയായി എന്നെ വിസ്തരിച്ച ഒരു കൊലക്കേസില്‍ എന്റെ മൊഴി പ്രതിഭാഗത്തിന് അനുകൂലമായിരുന്നില്ല.അതു പോലെ ഒരു സ്ഥിതിയാണ് ഇതും.

  ReplyDelete
 11. @vrajesh രാഷ്ട്രീയ വിവാദങ്ങളില്‍ പത്രങ്ങള്‍ പക്ഷം ചേര്‍ന്നേക്കാമെങ്കിലും ഇത്തരം വിഷയങ്ങള്‍ അവ പക്ഷം പിടിച്ചുകണ്ടിട്ടില്ല. മിക്കവാറും എല്ലാ പത്രങ്ങളും ഒരേ പോലെയാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. അതു വിശ്വസിയ്ക്കുന്നതിന് എനിയ്ക്ക് ബുദ്ധിമുട്ടില്ല.:ഇന്നത്തെ മാതൃഭൂമി റിപ്പോര്‍ട്ട്:
  സൗമ്യയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്തത് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ഫോറന്‍സിക് മേധാവി ഡോ. ഷേര്‍ളി വാസുവല്ല, താനും ഡോ. രാജേന്ദ്രപ്രസാദും കൂടിയാണെന്നും ഡോ. ഉന്മേഷ് തിങ്കളാഴ്ച കോടതിയില്‍ മൊഴി നല്‍കിയതാണ് വിവാദമായത്. ഡോ. ഷേര്‍ളി വാസു നല്‍കിയ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ ഉള്ളടക്കത്തെക്കുറിച്ചോ മരണകാരണത്തെക്കുറിച്ചോ ഉന്മേഷ് തര്‍ക്കങ്ങള്‍ ഉന്നയിക്കുന്നില്ല.

  ഉന്മേഷ് അടങ്ങുന്ന അഞ്ചംഗ ഡോക്ടര്‍മാരുടെ സംഘമാണ് പോസ്റ്റ്‌മോര്‍ട്ടം ചെയ്തതെന്ന് കോടതിയില്‍ ഹാജരാക്കിയ രേഖകളിലുണ്ട്. കോടതിയില്‍ ഷേര്‍ളി വാസു സമര്‍പ്പിച്ച പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഉന്മേഷിന്റെയും രാജേന്ദ്രപ്രസാദിന്റെയും പേരുകളുണ്ട്. എന്നാല്‍, റിപ്പോര്‍ട്ട് നല്‍കാനുള്ള അവകാശം തനിക്കു മാത്രമാണെന്നും ഡിപ്പാര്‍ട്ട്‌മെന്റ് മേധാവി അതു തട്ടിയെടുക്കുകയായിരുന്നുവെന്നും ഉന്മേഷ് കോടതിയില്‍ പറഞ്ഞു.

  പോസ്റ്റ്‌മോര്‍ട്ടത്തെക്കുറിച്ച് ഷേര്‍ളി വാസു കോടതിക്ക് നല്‍കിയ തെളിവുകള്‍ എന്താണെന്ന് തനിക്കറിയില്ലെന്നും അദ്ദേഹം പറഞ്ഞു. തന്റെ കക്ഷിയുടെ മൊഴിയെത്തുടര്‍ന്നുള്ള ഏത് അന്വേഷണവും നേരിടാന്‍ തയ്യാറാണെന്നും കേസിനെ ഭയപ്പെടുന്നില്ലെന്നും ഉന്മേഷിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.

  ആസ്​പത്രിയിലെ പോസ്റ്റ്‌മോര്‍ട്ടം ഡ്യൂട്ടി അസൈന്‍മെന്റ് രജിസ്റ്റര്‍ കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. സൗമ്യയുടെ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ദിവസത്തേതായി എഴുതിയിരിക്കുന്നത് ഡോ. ഷേര്‍ളി വാസുവിന്റെയും ഡോ. ഉന്മേഷിന്റെയും ഡോ. രാജേന്ദ്രപ്രസാദിന്റെയും പേരുകളാണ്. രജിസ്റ്ററില്‍ താന്‍ തന്നെയാണ് മൂന്ന് പേരുകളും എഴുതിയതെന്ന് ഉന്മേഷ് കോടതിയില്‍ സമ്മതിച്ചു. പോസ്റ്റ്‌മോര്‍ട്ടം നടത്തിയതിന്റെ രേഖകള്‍ തയ്യാറാക്കിയപ്പോള്‍ എന്തുകൊണ്ട് അവകാശവാദം ഉന്നയിച്ചില്ല എന്ന പ്രോസിക്യൂഷന്റെ ചോദ്യത്തിന് വ്യക്തമായ മറുപടി നല്‍കാന്‍ ഉന്മേഷിനു കഴിഞ്ഞില്ല. വകുപ്പുമേധാവി ഷേര്‍ളി വാസുവിന്റെ നേതൃത്വത്തില്‍ ഒരു സംഘം ഡോക്ടര്‍മാര്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയെന്നും റിപ്പോര്‍ട്ട് മേധാവി നല്‍കിയെന്നുമാണ് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചത്.

  ReplyDelete
 12. പേരുണ്ടാക്കാനും പുസ്തകമെഴുതാനും വേണ്ടി പോസ്റ്റ്മാർട്ടം റിപ്പോർട്ട് തിരുത്തി സ്വന്തം പേരു ചേർത്ത ഡോ.ഷേർളിയല്ലേ ഇവിടത്തെ വില്ലൻ.

  കോടതിയിൽ ചോദിക്കുന്ന ചോദ്യങ്ങൾക്ക് ഡോ. ഉന്മേഷ് നുണപറയണമായിരുന്നു എന്നാണോ മാധ്യമങ്ങൾ പറഞ്ഞു വരുന്നത്?

  ReplyDelete
 13. സൗമ്യയുടെ മൃതദേഹം മോര്‍ച്ചറിയില്‍ കൊണ്ടുവന്നപ്പോള്‍ നേരം വൈകിയെങ്കിലും പോസ്റ്റ്‌മോര്‍ട്ടം ചെയ്യാന്‍ ഡോ. ഉന്മേഷ് സന്നദ്ധത അറിയിച്ചുവെന്നതിനു തെളിവുകള്‍.

  മൃതദേഹം തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആസ്​പത്രിയിലെ മോര്‍ച്ചറിയില്‍ കൊണ്ടുവന്ന സമയത്ത് ഡോ. ഉന്മേഷ് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നില്ല. എങ്കിലും പോസ്റ്റ്‌മോര്‍ട്ടം ചെയ്യാനായി അദ്ദേഹം സ്ഥലത്തെത്തി. എന്നാല്‍, നേരം സന്ധ്യയായതുകൊണ്ട് അപ്പോള്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തുന്നതിനെ ഫോറന്‍സിക് വിഭാഗം മേധാവി ഡോ. ഷേര്‍ളി വാസു അനുകൂലിച്ചില്ല.

  പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ താന്‍ തയ്യാറാണെന്നും അതിന് അനുവദിക്കണമെന്നും ഉന്മേഷ് സ്വന്തം ഫോണില്‍നിന്ന് ഷേര്‍ളി വാസുവിനെ വിളിച്ചു പറഞ്ഞു. അനുമതി കിട്ടിയാല്‍ അപ്പോള്‍തന്നെ പോസ്റ്റ്‌മോര്‍ട്ടം ചെയ്യാമെന്ന് അദ്ദേഹം സ്ഥലത്തുണ്ടായിരുന്ന കളക്ടറെയും അന്നു മന്ത്രിയായിരുന്ന കെ.പി. രാജേന്ദ്രനെയും ധരിപ്പിക്കുകയും ചെയ്തു.

  അതിന് അനുമതി നല്‍കുമോ എന്നറിയാന്‍ മന്ത്രിയും കളക്ടറും ഉന്മേഷിന്റെ ഫോണില്‍നിന്ന് വിളിച്ചതായി ഷേര്‍ളി വാസു വെളിപ്പെടുത്തി. വളരെ ശ്രദ്ധേയമായ ഈ കേസില്‍ ആറുമണിക്കുശേഷം പോസ്റ്റ്‌മോര്‍ട്ടം അനുവദിക്കാനാവില്ലെന്ന നിലപാട് മന്ത്രിയെയും കളക്ടറെയും അറിയിച്ചതായും അവര്‍ പറഞ്ഞു.

  താന്‍തന്നെ പോസ്റ്റ്‌മോര്‍ട്ടം ചെയ്യാമെന്നു പറഞ്ഞ് ഉന്മേഷ് പിറ്റേന്ന് രാവിലെയും മുന്നോട്ടുവരികയായിരുന്നു.

  28 പേജുള്ള സൗമ്യയുടെ പോസ്റ്റ്‌മോര്‍ട്ടം പരിശോധനാക്കുറിപ്പിന്റെ ഒന്നാം പേജില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയത് ഡോക്ടര്‍മാരായ ഷേര്‍ളി വാസു, രാജേന്ദ്രപ്രസാദ്, എ.കെ. ഉന്മേഷ്, പി. സഞ്ജയ് എന്നിവരാണെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ഷേര്‍ളി വാസു ഒപ്പുവെച്ചിട്ടുമുണ്ട്. എട്ടാം പേജില്‍ മരണകാരണം എഴുതിയ കുറിപ്പിനു താഴെ ഷേര്‍ളി വാസുവിന്റെ ഒപ്പും മുദ്രയും ഇല്ലെന്നും അവിടെ താനും രാജേന്ദ്രപ്രസാദും മാത്രമാണ് ഒപ്പുവെച്ചിട്ടുള്ളതെന്നും അതിനാല്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്തത് താനും രാജേന്ദ്രപ്രസാദും ആണെന്നുമാണ് ഉന്മേഷിന്റെ വാദം.

  കോടതി നിര്‍ദ്ദേശമനുസരിച്ച് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് മെഡിക്കല്‍ കോളേജ് സൂപ്രണ്ട് വെള്ളിയാഴ്ച കോടതിയില്‍ ഹാജരാക്കി.

  പോലീസില്‍നിന്ന് മൃതദേഹം ഏറ്റുവാങ്ങിയ കടലാസുകളിലെല്ലാം ഷേര്‍ളി വാസുവിന്റെ ഒപ്പുകള്‍ പതിഞ്ഞിട്ടുണ്ട്. പോസ്റ്റ്‌മോര്‍ട്ടത്തിന് മൃതദേഹത്തിനൊപ്പമയച്ച കടലാസില്‍ ഉന്മേഷിനോടും രാജേന്ദ്രപ്രസാദിനോടും പോസ്റ്റ്‌മോര്‍ട്ടത്തിന്റെ കരട് തയ്യാറാക്കി അതിവേഗം തിരിച്ചുനല്‍കാന്‍ സ്വന്തം കൈപ്പടയില്‍ ഷേര്‍ളി വാസു എഴുതിയ കുറിപ്പുണ്ട്.

  പ്രോസിക്യൂഷന്‍ സാക്ഷിയായിട്ടാണ് ഉന്മേഷ് ആദ്യം കോടതിയില്‍ എത്തിയതെങ്കിലും ആ നിലയില്‍ ഡോക്ടറെ വിസ്തരിച്ചിരുന്നില്ല. പിന്നീട് പ്രതിഭാഗം നോട്ടീസ് അയച്ചതിനെത്തുടര്‍ന്ന് ഹാജരായപ്പോഴാണ് ഉന്മേഷ് വിവാദമൊഴി നല്‍കുന്നത്.

  ReplyDelete
 14. മേല്‍ വാര്‍ത്ത 15-10-11 -ലെ മാതൃഭൂമിയില്‍ നിന്നും

  ReplyDelete
 15. പോസ്റ്റ്മാർട്ടം ടേബിളിലും സൌമ്യക്ക് രക്ഷയില്ലാതായോ..:-(

  ReplyDelete
 16. വയ്യ..
  സൗമ്യയെപ്പറ്റി എനിക്കിനിയോന്നും കേള്‍ക്കണ്ട..

  ReplyDelete
 17. ഷെര്‍‌ളി വാസു എത്തുന്നതിനു മുമ്പ് പോസ്റ്റ് മോര്‍ട്ടം തുടങ്ങിയെങ്കില്‍ മൃതദേഹം സ്വീകരിച്ച് അവര്‍ ഒപ്പിട്ടതെങ്ങിനെ?
  താന്‍ ചെയ്യാത്ത പോസ്റ്റ് മോര്‍ട്ടം താന്‍ ചെയ്തെന്ന് അവകാശപ്പെട്ടത് എന്തിന്?
  വ്യാജരേഖ ഉണ്ടാക്കല്‍ വലിയ കുറ്റമല്ലേ?

  ReplyDelete
 18. പോസ്റ്റ് മോര്‍ട്ടം ശാസ്ത്രീയ പരിശോധനയാണ്.അത് നോക്കി നിന്ന ആള്‍ താനാണ് അത് ചെയ്തതെന്ന് അവകാശപ്പെടുന്നത് അസംബന്ധമാണ്.
  ഡോ.ഉന്‍‌മേഷിനെ എന്തു കൊണ്ട് പ്രോസിക്യൂഷന്‍ വിസ്തരിച്ചില്ലെന്ന് മനസ്സിലാകുന്നില്ല.വിസ്തരിച്ചെങ്കിലും ഇതെ കാര്യം തന്നെയല്ലേ അദ്ദേഹം പറയുക.

  ReplyDelete
 19. പേരുണ്ടാക്കാനും പുസ്തകമെഴുതാനും വേണ്ടി പോസ്റ്റ്മാർട്ടം റിപ്പോർട്ട് തിരുത്തി സ്വന്തം പേരു ചേർത്ത ഡോ.ഷേർളിയല്ലേ ഇവിടത്തെ വില്ലൻ?

  ReplyDelete

കമന്റിലെ അക്ഷരങ്ങള്‍ക്ക് നിറം നല്‍കാന്‍ [co="red"]Type Text here[/co] . ഇവിടെ red എന്നതിനു പകരം മറ്റ് നിറങ്ങള്‍ നല്‍കിയാല്‍ മതിയാകും.