പുതിയ കഥാസമാഹാരം “രയറൊം കഥകള്‍ " VPP ലഭിയ്ക്കാന്‍ sidrapubications@gmail

Sunday 16 May 2010

ആലക്കോടന്‍ വിശേഷങ്ങള്‍ :- “ഒരു കു(ഫു)ള്ളന്‍ കഥ “

ഞങ്ങടെ ഫൈസല്‍ കോം‌പ്ലക്സിലെ തരികിടശിരോമണികളില്‍ എന്തുകൊണ്ടും അഗ്രഗണ്യന്‍ സോജനാണ്. കാഴ്ചയിലുമതേ. നല്ല വെളുത്ത മുഖശ്രീയുള്ള ഉയരമുള്ളവന്‍ പുമാന്‍ . ഞാനൊക്കെ വെറും ഇസ്പേഡാഴാംകൂലിയാണ് അവന്റെ മുന്നില്‍ . കോം‌പ്ലക്സിലെ എസ്.ടി.ഡി ബൂത്ത് ഉടമയാണ് കക്ഷിയെന്നറിയാമല്ലോ? അന്നൊക്കെ ഒരു ബൂത്തുടമയെന്ന് പറഞ്ഞാല്‍ നല്ല ഗമയാണ്.  അലുമിനിയം ഫാബ്രിക്കേഷനൊക്കെ അടിച്ച് ചില്ലിട്ട് ഉള്ളില്‍ നല്ല കാര്‍പെറ്റൊക്കെ വിരിച്ച് അടിപൊളിയായിട്ടാണ് അവന്റെ ഇരുപ്പ്. ഉള്ളതു പറയണമല്ലോ ഈയുള്ളവന്റെ ആപ്പീസുമുറിയേക്കാള്‍ എന്തുകൊണ്ടും ഗാംഭീര്യം ഇപ്പറഞ്ഞ ബൂത്തോപ്പീസിനു തന്നെയായിരുന്നു. ഞങ്ങള്‍ കമ്പനിക്കാര്‍ക്ക് ബൂത്താഫീസില്‍ ചില പ്രത്യേക അവകാശങ്ങളൊക്കെയുണ്ട്. അതായത് പാര്‍ട് ടൈം മേല്‍‌നോട്ടം , അത്യാവശ്യം കോളുകള്‍ അറ്റെന്‍ഡ് ചെയ്യുക, പിന്നെ വല്ലപ്പോഴും ഒരു ലോക്കല്‍ ഫ്രീയായിട്ടു ചെയ്യുക എന്നിങ്ങനെ.
ബൂത്തിനു മുന്നിലാണ് ജോയിയുടെ റേഷന്‍ കട. അവിടെ വരുന്ന ആലക്കോടന്‍ നാടന്‍ തരുണികളെ അത്യാവശ്യം ഷുഗര്‍ ബീറ്റടിച്ചും പിന്നെ എരിവുള്ള നാടന്‍ കഥകള്‍ പറഞ്ഞും ഞങ്ങളങ്ങനെ ഒഴിവു നേരം (ദിനം മുഴുവനും എന്നര്‍ത്ഥം) രസകരമാക്കി. പോരാത്തപ്പോള്‍ ഞങ്ങടെ തൊട്ടുമുകളിലത്തെ നിലയില്‍ ഒരു ഇലക്ട്രിക് ഷോപ്പ് നടത്തുന്ന ആലക്കോടിന്റെ സ്വന്തം ശാസ്ത്രജ്ഞന്‍ അനിലും എത്തും അല്പം വീര്യം കൂടിയ കഥകളുമായി. (അനിലിന്റെ പല കഥകളും ഇവിടെ രേഖപ്പെടുത്തുവാന്‍ ബുദ്ധിമുട്ടുള്ളതുകൊണ്ട് തല്‍ക്കാലം വിടുന്നു.)
ഞങ്ങടെ കോം‌പ്ലക്സിലെ മോട്ടോര്‍ വൈന്‍ഡിങ്ങ് കടയില്‍ രണ്ടുപേരാണ്. പ്രധാനിയായ പാപ്പച്ചനും സഹായി ആയ സാജുവും. പ്രധാനിയെക്കാള്‍ പണി അറിയുന്നത് സഹായിയ്ക്കാണ്. പ്രധാനിയുടെ പ്രധാന ജോലി കള്ള്, റം, നാടന്‍ ചാരായം ഇവയില്‍ ലഭ്യമായതേതാണോ അത് ആവോളം സേവിയ്ക്കുക, എന്നിട്ട് ചിരിയ്ക്കും കരച്ചിലുമിടയിലുള്ള ഏതോ ഭാവം മുഖത്തു വരുത്തി മണകൊണാന്നു വര്‍ത്തമാനം പറയുക എന്നതാണ്. ഞങ്ങളുടെ അടുത്തു തന്നെയുള്ള വിദേശമദ്യഷാപ്പ് കണ്ടിട്ടാണ്  ഈ കോം‌പ്ലക്സില്‍ റൂമെടുത്തതെന്ന്, നന്നായി വീശിയിട്ടിരിയ്ക്കുന്ന സന്തോഷമുഹൂര്‍ത്തങ്ങളില്‍  മേല്‍‌പ്പറഞ്ഞ  ഭാവം സമൃദ്ധമായി മുഖത്തു വരുത്തിക്കൊണ്ട്  ഇഷ്ടന്‍ പറയും.ചെയ്യുന്ന പണിയ്ക്ക് കൂലി കുപ്പിയായി കിട്ടിയാല്‍ അത്രയും സന്തോഷം പുള്ളിയ്ക്ക്.
വര്‍ഷകാലമായാല്‍ ധാരാളം മോട്ടോറുകള്‍ വൈന്‍ഡിങ്ങിനു വരും. കത്തിയതും കത്താത്തതുമൊക്കെ. പാപ്പച്ചനാണ് ഡീലുചെയ്യുന്നതെങ്കില്‍ കത്താത്ത മോട്ടറും കത്തിയതാവും. കാരണം കത്തിയ മോട്ടോര്‍ റീവൈന്‍ഡു ചെയ്യാന്‍ രണ്ടായിരം മുതല്‍ മുകളിലേയ്ക്കാണ് ചാര്‍ജ്. പിന്നെ “കത്തിയ“ കോപ്പര്‍ വേറെ. തൂക്കി വിറ്റാല്‍ നല്ല കാശാണ്.
റീവൈന്‍ഡ് വളരെ ശ്രദ്ധിക്കേണ്ട കാര്യമാണ്. അതിലെ ചുരുളിന്റെ എണ്ണം കൃത്യമായിരിയ്ക്കണം. ചുറ്റ്  തിരിച്ചാകാനും പാടില്ല.ഒരിയ്ക്കല്‍ പാപ്പച്ചന്‍ ആര്‍ക്കോ ഒരു മോട്ടോര്‍ റീവൈന്‍ഡ് ചെയ്തുകൊടുത്തു. വലിയ മോട്ടറാണ്. മൂവായിരമോ നാലായിരമോ രൂപാ ചാര്‍ജ്. കൂടാതെ ധാരാളം കത്തിയ ചെമ്പുകമ്പിയും! പോരേ കുശാല്‍ !
കാശുകിട്ടിയ പാടെ കക്ഷി ഓള്‍ഡ് കാസ്കിന്റെ ഒരു ഫുള്‍ ബോട്ടില്‍ റം  മേടിച്ച്, കടയുടെ അകത്ത് വലിച്ച് കെട്ടിയകര്‍ട്ടന്റെ മറവിലിരുന്ന് പടുപടാ അടിച്ചു. “ശൂ”എന്നൊരു ഒച്ചയോടെ ചുണ്ടിന്റെ ഇടത്തെ അറ്റം മുതല്‍ വലത്തേ അറ്റം വരെ വലതു കൈകൊണ്ട് തുടച്ചിട്ട് ഞങ്ങളെ നോക്കി ഒരു പച്ച ചിരി ചിരിച്ചു. എന്നിട്ട് മുന്‍‌വശത്തിട്ടിരിയ്ക്കുന്ന ഇരുമ്പുകസേരയില്‍ വന്നൊരിപ്പിരുന്നു. ഇത്തരം അവസരങ്ങളിലൊന്നും ആര്‍ക്കും ഒരു തുള്ളി കിട്ടുമെന്ന് കരുതണ്ട. ഓരോരുത്തന്റെ യോഗമെന്നാലൊചിച്ചുകൊണ്ട് ഈച്ച പോലും തിരിഞ്ഞുനോക്കാത്ത എന്റെ ആപ്പീസിലേയ്ക്കു പാളിനോക്കി ഞാന്‍ നെടുവീര്‍പ്പിട്ടു.
ഉദ്ദേശം മൂന്നുമണിക്കൂര്‍ കഴിഞ്ഞിരിയ്ക്കും അതായത് വൈകുന്നേരം അഞ്ചുമണി. ശവം ചിതയിലേയ്ക്കെടുക്കുന്ന മാതിരി നാലുപേര്‍ താങ്ങിപ്പിടിച്ചു കൊണ്ട് എന്തോ സാധനം ഫൈസല്‍ കോം‌പ്ലക്സിലേയ്ക്ക് കൊണ്ടു വന്നു. സാമാന്യം നല്ല ഒച്ചയോടെ അത് പാപ്പച്ചന്റെ വൈന്‍ഡിങ്ങ് കടയുടെ മുന്‍‌വശത്തിട്ടിരിയ്ക്കുന്ന ബഞ്ചിലേയ്ക്ക് വച്ചു (അല്ല ഇട്ടു).
പുതിയൊരു കോളൊത്തു എന്ന സന്തോഷത്തോടെ, എണ്ണയിടാത്ത സ്റ്റീല്‍ ഷട്ടര്‍ വലിച്ചു പൊന്തിയ്ക്കുന്ന ലാഘവത്തോടെ കണ്ണുകള്‍ വലിച്ചുതുറന്നു  മുന്നിലേയ്ക്കു നോക്കിയ പാപ്പച്ചന്റെ ചങ്കില്‍ കൊള്ളിയാന്‍ പായിച്ചുകൊണ്ട് ആ സത്യം മലച്ചു കിടന്നു. താന്‍ നന്നാക്കി കൊടുത്ത മോട്ടര്‍ !
“എന്തു പറ്റീ?
“ആര്‍ടെ --------ത്തു നോക്കിയാടാ പണിയെടുക്കുന്നേ? “ സ്ലോട്ടറിനു കൊടുക്കാനായ നാടന്‍ റബര്‍ മരത്തിന്റെ മാതിരിയുള്ള ഒരു ചേട്ടനാണ് അലറിയത്. ഓള്‍ഡ് കാസ്ക് ഒരു നിമിഷം കൊണ്ട് ആവിയായി.
“എന്താ..എന്താ ചേട്ടാ പ്രശ്നം?”
ചുറ്റും തലകള്‍ പൊന്തി. റമ്മിന്റെ ഒരു തുള്ളി പോലും കിട്ടാത്തതിന്റെ കലിപ്പുള്ളതുകൊണ്ട് ചെറിയൊരു സന്തോഷത്തോടെ ഞങ്ങളും അടുത്തു.
“പ്രശ്നമോ..മോട്ടറിപ്പം വെള്ളം താഴോട്ടാ അടിയ്ക്കുന്നേ..”
“ഗ്ലപ്പ്............”പാപ്പച്ചന്‍ വിഷമിച്ച് ഉമിനീരിറക്കുന്നു.
“വേഗം ശരിയാക്കി തന്നില്ലേ നീ വെവരമറിയും”
ഏതായാലും സാജു ഉണ്ടായിരുന്നതു കൊണ്ട് പ്രശ്നം കൈപ്രയോഗങ്ങളിലേക്ക് നീങ്ങിയില്ല.
 പാപ്പച്ചന്‍ ചുറ്റിയ ചുറ്റെല്ലാം തിരിച്ചായിരുന്നു! അതുകൊണ്ട് മോട്ടറും തിരിച്ചാണ് കറങ്ങിയതത്രേ!
നമ്മുടെ സാജു വെള്ളമടിയ്ക്കുകയൊന്നുമില്ല, കുശാഗ്ര ബുദ്ധിയുമാണ്. ആകെപ്പാടെയൊരു കുറവ് ഉയരത്തിന്റെ കാര്യത്തിലാണ്. കഷ്ടിച്ച് അഞ്ചടി മാത്രം ഉയരം. സാമാന്യം വണ്ണവുമുണ്ട്. മാന്യമായ സൌഹൃദം അളിഞ്ഞുകേറല്‍ എന്നു നാടന്‍ ഭാഷയില്‍ പറയുന്ന കൂട്ടുകെട്ടിലെത്തിയ ഏതോനേരത്ത് സോജന്‍ അവനൊരു പേര് കണ്ടുപിടിച്ചു. “കുള്ളന്‍ “. ഈ പേര് ഒരിക്കല്‍ നേരിട്ട് വിളിച്ച സോജന് സാമാന്യം തെറ്റില്ലാത്ത തെറി കേള്‍ക്കാന്‍ യോഗമുണ്ടായി എന്നതും പ്രസ്താവ്യം. സ്വന്തം അപ്പനു വിളിച്ചാലും ഒരു പക്ഷേ സഹിച്ചേക്കും, എന്നാല്‍ ഈ വിളി കേട്ടാല്‍ സാജു പരിസരം മറക്കും. വായില്‍ വരുന്നത് നേരെ പ്രയോഗിയ്ക്കും. അതു കൊണ്ട്  ഞങ്ങള്‍ രഹസ്യമായി മാത്രം ഈ പേരുപയോഗിച്ചു വന്നു. വെറുതെയെന്തിനാ തന്തയ്ക്കു വിളി കേള്‍ക്കുന്നത്!
ആയിടയ്കെങ്ങോ ആണ് അംബേദ്കര്‍ ജയന്തി കേന്ദ്രസര്‍ക്കാര്‍ പൊതു ഒഴിവാക്കിയത്. പൊതു ഒഴിവ് ദിവസങ്ങളില്‍ ബൂത്തുകളില്‍ പകുതി ചാര്‍ജേ ഉള്ളൂ. ബൂത്തൊക്കെ “കമ്പ്യൂട്ടറൈസ്ഡ്” ആയ കാലമാണത്.
അന്ന് അംബേദ്കര്‍ ജയന്തി ആയിരുന്നു. ചാര്‍ജ് പകുതിയേ ഒള്ളുവെങ്കില്‍ അത് കമ്പ്യൂട്ടറില്‍ ഫീഡ് ചെയ്യണം, എങ്കിലേ പകുതിചാര്‍ജിന്റെ ബില്ലടിച്ചു വരുകയുള്ളൂ. എന്നാല്‍ അന്ന് പകുതിയാണോ ഫുള്‍ ചാര്‍ജാണോ എന്ന് സോജന് നിശ്ചയമില്ല. പുതിയ അവധിയാണല്ലോ. അവന്‍ പല ബൂത്തുകാരോടും വിളിച്ചു ചൊദിച്ചു. ആര്‍ക്കും പിടിയില്ല. അവസാനം എക്സ്ചേഞ്ചില്‍ വിളിച്ചു. ജീവനക്കാര്‍ പലരും അവധിയില്‍ . ഒരു എഞ്ചിനീയര്‍ മാത്രമേ ഒള്ളു. കക്ഷിയ്ക്കും ഉറപ്പില്ല. ഏതായാലും അന്വേഷിച്ചിട്ട് അല്പം കഴിഞ്ഞ് വിളിച്ചു പറയാമെന്ന് അങ്ങേര്‍ പറഞ്ഞു.
സോജനടക്കം ഞങ്ങളെല്ലാം-സാജുവൊഴികെ- റോഡ് സൈഡിലെ ഭിത്തിയില്‍ ചാരി വഴിയെ പോകുന്ന നാരിജനങ്ങളെ മാര്‍ക്കിട്ടു കൊണ്ടിരിയ്ക്കുകയാണ് (വേറെ പണിയൊന്നുമില്ലല്ലോ). അങ്ങനെ ഞങ്ങള്‍ സ്വര്‍ഗരാജ്യത്ത് വിഹരിക്കുമ്പോള്‍  ഇടനാഴിയുടെ അങ്ങേ അറ്റത്തുള്ള ബൂത്തില്‍ കട്ടുറുമ്പിന്റെ മണിയടി മുഴങ്ങി. ഞങ്ങളത്ര കാര്യമാക്കിയില്ല, അതാ ചെറിയൊരു കളര്‍ റോഡില്‍ .
മണിയടി വീണ്ടും മുഴങ്ങി. ഇപ്രാവശ്യം കടയിലിരുന്ന സാജു പോയി ഫോണെടുത്തു, ഒരുപകാരം ചെയ്തേക്കാം വല്ല അത്യാവശ്യക്കാരുമാണെങ്കിലോ..?
“ഹലോ”
 ....................
“നിന്റപ്പനെ പോയി വിളിക്കടാ @#$%.. .മോനേ..”
നല്ല ഉച്ചത്തിലുള്ള പ്രസ്തുത വചനം കേട്ട് ഞങ്ങള്‍ തിരിഞ്ഞു നോക്കുമ്പോള്‍ സാജു ചുവന്ന മുഖത്തോടെ ഫോണും വച്ചിട്ട് വരുന്നതാണ് കാണുന്നത്! ഇതെന്തു കഥ?
“എന്താടാ സാജു... .എന്തു പറ്റീ? “ സോജന്‍ ഉത്കണ്ഠയോടെ ചോദിച്ചു. എന്തോ പിറുപിറുത്തതല്ലാതെ സാജു മറുപടിയൊന്നും പറഞ്ഞില്ല. ഞങ്ങള്‍ക്കാര്‍ക്കും ഒന്നും മനസ്സിലായില്ല.
കൃത്യം അഞ്ചുമിനിറ്റു കഴിഞ്ഞു. വീണ്ടും ഫോണ്‍ . സോജന്‍ ഫോണെടുത്തു. എക്സ്ചേഞ്ചില്‍ നിന്നും എഞ്ചിനീയറാണ്.
“സോജനാണോ? ആരാടോ മുന്‍പേ ഫോണെടുത്തത്? ഒരുപകാരം ചെയ്യാമെന്നു വച്ചപ്പോള്‍ തെറി വിളിയ്ക്കുന്നോ? നിന്റെ ബൂത്ത് ഞാന്‍ പൂട്ടിയ്ക്കും!” സോജന്‍ വിറച്ചുപോയി.
“അയ്യോ സാറേ.. അതടുത്ത റൂമിലെ ഒരുത്തന്‍ അറിയാതെ പറഞ്ഞതാ..മാപ്പാക്കണം..ക്ഷമിക്കണം സാറേ”
ഒരു വിധത്തില്‍ കാലു പിടിച്ച് എഞ്ചിനീയറെ തണുപ്പിച്ചു.
“നീ മുന്‍പേ ചാര്‍ജു ഹാഫാണോന്നു ചോദിച്ചില്ലെ. ഞാനന്വേഷിച്ചിട്ട് നീന്നോട് വിവരം പറയാന്‍ വേണ്ടിയാ വിളിച്ചെ. പണിതിരക്കിലായതു കൊണ്ട്
വേഗം ഫോണെടുത്ത് “ഫുള്ളാ ഫുള്ളാ “ എന്നുമാത്രമേ ഞാന്‍ പറഞ്ഞുള്ളു. ചെവിയടച്ച് തെറിയല്ലാരുന്നൊ..!
പാവം സാജു. ഇഷ്ടന്‍ ഫോണെടുത്തപാടെ കേട്ടത് “കുള്ളാ  കുള്ളാ “ എന്നായിരുന്നു!
(തുടരും)

9 comments:

  1. കൊള്ളാം ബിജു, നല്ല ശൈലി. തുടര്‍ന്നെഴുതൂ...

    ReplyDelete
  2. ഗൊള്ളാം.....
    അവതരണ ശൈലി ഇഷ്ട്ടായി...

    ReplyDelete
  3. കൃഷ്ണകുമാര്‍ ,നൌഷു , ഉപാസന നന്ദി. നമസ്കാരം

    ReplyDelete
  4. വായിക്കാൻ നല്ല രസം. പിന്നെ സെയ്‌വ് ചെയ്ത് വായിക്കാനുള്ള പണി പറ്റിയില്ല.

    ReplyDelete
  5. ഹായ് ചിത്രഭാനു, ചിരിമാത്രമെ ഒള്ളോ? അഭിപ്രായങ്ങളും പോരട്ടെ.
    ഹായ് മിനി, സേവ് ചെയ്യാന്‍ സാധിയ്ക്കുന്നുണ്ടല്ലോ!
    വായനയ്ക്കും അഭിപ്രായത്തിനും നന്ദി

    ReplyDelete
  6. മനൊജേ, നന്ദി വായനയ്ക്ക്. പുള്ളി ഇതെങ്ങാനും വായിയ്ക്കുമോ ആവോ?

    ReplyDelete

കമന്റിലെ അക്ഷരങ്ങള്‍ക്ക് നിറം നല്‍കാന്‍ [co="red"]Type Text here[/co] . ഇവിടെ red എന്നതിനു പകരം മറ്റ് നിറങ്ങള്‍ നല്‍കിയാല്‍ മതിയാകും.