പുതിയ കഥാസമാഹാരം “രയറൊം കഥകള്‍ " VPP ലഭിയ്ക്കാന്‍ sidrapubications@gmail

Saturday, 1 May 2010

കേ.കോ.ലയനവും സഭയുടെ ലാക്കും

എന്റെ നാടായ രയറോം “ടൌണ്‍ ” എന്നു പറഞ്ഞാല്‍ ഏതാനും ചില കടകളും മൂന്ന് ചായക്കടകളും നാലഞ്ച് പഴയ കെട്ടിടങ്ങളുമാണ്. ഈ പഴയ കെട്ടിടങ്ങളുടെ ചുമരുകള്‍ പലതും “ചരിത്ര”പ്രധാന്യമുള്ളവയാണ്. അതായത് രയറൊത്തെ രാഷ്ട്രീയ ചരിത്രം ഈ ചുമരുകളില്‍ ഇന്നും മായാതെ നില്‍ക്കുന്നുണ്ട്! (സോറി, ചിലതൊക്കെ പൊളിച്ചുമാറ്റപ്പെട്ടു; ഈയടുത്ത കാലത്ത്.) ഒരു ചുമരില്‍ കാണാം “തിരഞ്ഞെടുപ്പ് ബഹിഷ്കരിയ്ക്കുക! അത് ജനങ്ങളെ കബളിപ്പിയ്ക്കാനുള്ള ഭരണ വര്‍ഗത്തിന്റെ തട്ടിപ്പാണ്!” പഴയ നക്സല്‍ രാഷ്ട്രീയത്തിന്റെ ബാക്കിപത്രം.(ഇതെഴുതിയ മഹാന്മാര്‍ പിന്നീട് തിരഞ്ഞെടുപ്പില്‍ മത്സരിച്ചു എന്നുള്ളത് വേറൊരു കഥ!) മറ്റൊരു ചുമരില്‍ ഇന്ദിരാജിയെ വിജയിപ്പിയ്ക്കാനുള്ള ആഹ്വാനം. പശുവിനെയും കിടാ‍വിനെയും വരച്ചുവച്ചിട്ടുണ്ട്. ഇനിയൊരിടത്ത് നല്ലൊരു കുതിരയെ വരച്ചിട്ട് “ശ്രീമാന്‍ ചാക്കോ പനവേലി“യെ ( ശരിയായ പേരല്ല) വിജയിപ്പിയ്ക്കാനുള്ള ആഹ്വാനം. ചുരുങ്ങിയത് മുപ്പത് കൊല്ലമെങ്കിലും പഴക്കമുണ്ടാകും അതിന്‍. ഇത് കേരളകോണ്‍ഗ്രസ് രാഷ്ട്രീയത്തിന്റേതാണ് .കൂടാതെ സി.പി.എം. മുസ്ലീം ലീഗ്, ബി.ജെ.പി. എന്നിവരുടെ ചുമരെഴുത്തുകളും ഉണ്ടെങ്കിലും അവയൊന്നും അത്ര പഴയവയല്ല.
മധ്യതിരുവിതാംകൂറില്‍ നിന്ന്‍ അറുപതുകളിലും എഴുപതുകളിലും ഉണ്ടായ കുടിയേറ്റത്തോടൊപ്പമാണ് ബഹുകക്ഷി രാഷ്ട്രീയം ഞങ്ങളുടെ കൊച്ചുനാട്ടില്‍ എത്തിയത്. തിരുവിതാംകൂര്‍ ക്രിസ്ത്യാനികള്‍ അഥവാ ചേട്ടന്മാരുടെ സ്വന്തം കക്ഷിയായ കേരളകോണ്‍ഗ്രസ് ആയിരുന്നു ഒരു ഘട്ടത്തില്‍ ഇവിടുത്തെ പ്രബലകക്ഷി. അതിന്റെ ഒരു പ്രധാന നേതാവാണ് ഇപ്പറഞ്ഞ ചാക്കോ പനവേലി. ഖദറില്‍ പൊതിഞ്ഞ വലിയൊരു വയറാണ് ആദ്യം കണ്ണില്‍‌പെടുക. പിന്നെ കക്ഷത്തിലെ കറുത്ത ബാഗ്.  കേരളകോണ്‍ഗ്രസുകളുടെ ഓരോ പിളര്‍പ്പിലും ലയനത്തിലും ഇദ്ദേഹവും തഥനുസൃതമായി മാറിക്കൊണ്ടിരിയ്ക്കും. ഇപ്പോള്‍ ഉണ്ടായ അവസാന പിളര്‍പ്പിലും ലയനത്തിലും അദ്ദേഹവും ഉള്‍പ്പെടാനാണു സാധ്യത.
എവിടെയും ഇടിച്ചുകയറാനുള്ള കഴിവ്, മുഖത്തുനോക്കി തെറി വിളിച്ചാലും ചിരിച്ചുകൊണ്ട് നില്‍ക്കാനുള്ള അപാരമായ കഴിവ്‌, അന്നന്നത്തെ സാഹചര്യമനുസരിച്ച് നിലപാട് മാറ്റാനും അതിനെ ന്യായീകരിയ്ക്കാനുമുള്ള കഴിവ് ഇവയൊക്കെയാണ് ഇദ്ദേഹത്തിന്റെ രാഷ്ട്രീയയോഗ്യതകള്‍ . സത്യത്തില്‍ ഇദ്ദേഹം ഇന്നത്തെ പ്രായോഗിക രാഷ്ട്രീയത്തിന്റെ ഉത്തമപ്രതിനിധിയാണ്.
ഇക്കഴിഞ്ഞ ദിവസം കേരളകോണ്‍ഗ്രസ് രാഷ്ടീയത്തിലുണ്ടായ മാറ്റം മറിച്ചിലുകള്‍ ഏതൊരു രാഷ്ട്രീയവിദ്യാര്‍ത്ഥിയുടെയും ശ്രദ്ധയെ ആകര്‍ഷിയ്ക്കേണ്ടതാണ്. പ്രത്യേകമായ ഒരു കാരണവും പറയാനില്ലാതെ ഭരണമുന്നണിയിലുണ്ടായിരുന്ന ഒരു കക്ഷി മുന്നണി ഉപേക്ഷിച്ച് മറ്റൊരു മുന്നണിയിലെ ഒരു കക്ഷിയില്‍ ലയിയ്ക്കുന്നതായി പ്രഖ്യാപിയ്ക്കുക! ഇതില്‍ തീര്‍ച്ചയായും പ്രായോഗിക രാഷ്ട്രീയ ലാഭത്തേക്കാള്‍ പ്രധാനമായ ചില അടിയൊഴുക്കുകള്‍ ഉണ്ട്.
കേരളത്തെ ഭൂമിശാസ്ത്രപരമായി മലനാട്, ഇടനാട്, തീരപ്രദേശം എന്നിങ്ങനെ തിരിയ്ക്കാം. വടക്കേമലബാര്‍ , തെക്കേമലബാര്‍ , മധ്യതിരുവിതാകൂര്‍ , തിരുവിതാംകൂര്‍ എന്നിങ്ങനെ രാഷ്ട്രീയപരമായും തിരിയ്ക്കാം. ജനങ്ങള്‍ സാമുദായികമായി ഹൈന്ദവര്‍ , ക്രൈസ്തവര്‍ , മുസ്ലീങ്ങള്‍ എന്നിങ്ങനെ ചെറിയ ഏറ്റക്കുറച്ചിലോടെ തുല്യമായി വിഭജിയ്ക്കപ്പെട്ടിരിയ്ക്കുന്നു. ക്രൈസ്തവര്‍ തിരുവിതാംകൂറിലും മുസ്ലീങ്ങള്‍ മലബാ‍റിലും ഭൂരിപക്ഷമാണ്. ഹൈന്ദവര്‍ ഏറെക്കുറെ എല്ലാമേഖലയിലും ഒരേപോലെ കാണപ്പെടുന്നു.
സാമ്പത്തികമായി നോക്കിയാല്‍ സമ്പന്നര്‍ , ദരിദ്രര്‍ , ഇടത്തരക്കാര്‍ എന്നിങ്ങനെ മൂന്നായി തിരിയ്ക്കാം. മറ്റെങ്ങുമില്ലാത്തവിധം ഇടത്തരക്കാരാണ് കേരളത്തില്‍ കൂടുതല്‍ . സമ്പന്നരുടെ എണ്ണം നോക്കിയാല്‍ ക്രൈസ്തവര്‍ ആയിരിയ്ക്കും മുന്‍പില്‍ . തുടര്‍ന്ന്  ഹൈന്ദവരും മുസ്ലീങ്ങളും.  ഇടത്തരക്കാരുടെ കാര്യത്തിലും ഇതു ശരിയായിരിയ്ക്കും. ദരിദ്രരുടെ കാര്യത്തില്‍ ഹൈന്ദവര്‍ക്കും മുസ്ലീങ്ങള്‍ക്കും പിറകിലാണ് ക്രൈസ്തവര്‍ . ആധുനിക കാര്‍ഷികരീതികളിലൂടെയും റബര്‍ കൃഷിയിലൂടെയും ബിസിനസ്സിലൂടെയും ആണ് ക്രൈസ്തവര്‍ ഉന്നത നിലയിലെത്തിയത്. കൂടാതെ ആധുനിക വിദ്യാഭ്യാസം നേടി വിദേശത്തും മറ്റും നല്ല ജോലി സമ്പാദിയ്ക്കാനും ഉയര്‍ന്ന വരുമാനം ഉണ്ടാക്കാനും ക്രൈസ്തവര്‍ക്ക് സാധിച്ചു.
കാര്‍ഷികരംഗത്തെ മുന്‍‌കൈ പുതിയ കാര്‍ഷികമേഖലകള്‍ തേടാനും അങ്ങനെ മലയോരമേഖലകളിലേയ്ക്ക് കുടിയേറാനും അവരെ പ്രേരിപ്പിച്ചു.
ഇനി കക്ഷിരാഷ്ട്രീയാടിസ്ഥാനത്തില്‍ നോക്കിയാല്‍ ഏറ്റവും വലിയ കക്ഷിയായ മാര്‍ക്സിസ്റ്റ് പാര്‍ടിയ്ക്ക് 30%-35% വരെ ജനങ്ങളില്‍ സ്വാധീനമുണ്ട്.   കോണ്‍ഗ്രസിന് 25%-30% വരെയും. മുസ്ലീം ലീഗ്, ബി.ജെ.പി. കേരളാകോണ്‍ഗ്രസുകള്‍ ഇവയോരോന്നിലും 10%-ല്‍ താഴെ സ്വാധീനമുള്ളവയാണ്. ബി.ജെ.പി. ഒഴികെയുള്ളവര്‍ രണ്ടു മുന്നണിയിലായി വേര്‍തിരിഞ്ഞു നില്‍ക്കുന്നു. ഓരോ മുന്നണിയ്ക്കും 40%-45% വരെ സ്വാധീനമുണ്ടാകും. ഇവയില്‍ വരുന്ന നേരിയ വ്യത്യാസം ഓരോ തെരെഞ്ഞെടുപ്പിലും ജയപരാജയങ്ങള്‍ നിര്‍ണയിയ്ക്കുന്നു. സാമുദായിക-കക്ഷിരാഷ്ട്രീയ ബന്ധം പരിശോധിച്ചാല്‍ , ഹൈന്ദവരില്‍ ഭൂരിപക്ഷവും മാര്‍ക്സിസ്റ്റ് പാര്‍ട്ടി നയിയ്ക്കുന്ന ഇടതുമുന്നണിയോടൊപ്പമെന്നു കാണാം. ക്രൈസ്തവരില്‍ ബഹുഭൂരിപക്ഷവും കോണ്‍ഗ്രസ്, കേരളാകോണ്‍ഗ്രസ് എന്നീ പാര്‍ടികളിലായി അണിചേര്‍ന്നിരിയ്ക്കുന്നു. അതില്‍ തന്നെ മധ്യതിരുവിതാംകൂര്‍ കത്തോലിക്കര്‍ അധികവും കേരളകോണ്‍ഗ്രസിനോട് ആഭിമുഖ്യം പുലര്‍ത്തുന്നു.
മുസ്ലീംങ്ങള്‍ സ്വഭാവികമായും ലീഗിലും മറ്റു ചില സാമുദായിക സംഘടനകളിലുമായി നിലകൊള്ളുന്നു. ഹിന്ദുക്കളില്‍ ഒരു ന്യൂനപക്ഷം ബി.ജെ.പി.യിലുമുണ്ട്. ബാക്കിയുള്ളവര്‍ പല പാര്‍ടികളിലായി ചിതറിക്കിടക്കുന്നു.
ഇതാണ് കേരളത്തിന്റെ ഒരു സാമാന്യ ചിത്രം.
ഇന്ത്യയില്‍ ക്രൈസ്തവസഭകള്‍ക്ക് എറ്റവും സ്വാധീനമുള്ളത് ഈ കേരളത്തിലാണ്. സാമൂഹ്യമായും സാമ്പത്തികമായും അതിശക്തരാണ് അവര്‍ . (ഒരു കാര്യം  വ്യക്തമാക്കേണ്ടതുണ്ട്. ക്രൈസ്തവരുടേയും ക്രൈസ്തവസഭകളുടേയും ഒരേ സ്വഭാവമല്ല.വ്യക്തികള്‍ എന്ന നിലയില്‍ നല്ല സാമൂഹ്യബോധമുള്ളവരും പുരോഗമന ചിന്തയുള്ളവരും സഹിഷ്ണുതയുള്ളവരുമാണ് കേരളത്തിലെ ക്രൈസ്തവര്‍ .എന്നാല്‍ സഭകള്‍ കോര്‍പറേറ്റ് സ്വഭാവമുള്ളവരും യാഥാസ്ഥിതിക സ്വഭാവമുള്ളവയുമാണ്‍. സഭ ഒരു ജനാധിപത്യ സ്ഥാപനമല്ല എന്നുള്ളതാണ് ഇതിനു കാരണം). 
  വിദ്യാഭ്യാസരംഗത്തെ പുതിയപ്രവണതയായ സ്വാശ്രയ കോഴ്സുകള്‍  നടത്തുന്ന ധാരാളം സ്ഥാപനങ്ങള്‍ സഭകള്‍ക്കുണ്ട്. ഇവയ്ക്കൊരു നിയന്ത്രണം കൊണ്ടുവരാനുള്ള വിഫലശ്രമം ഇടതുസര്‍ക്കാര്‍ നടത്തി.കോടതിയുടെ സഹായത്തോടെ സഭ തല്‍ക്കാലം വിജയിച്ചെങ്കിലും അവരുടെ സല്‍പ്പേരിന് വലിയ കളങ്കമേറ്റു. കൂടാതെ കോടതി ചിലവിനും മറ്റും വലിയൊരു ബാധ്യതയും നേരിടേണ്ടി വന്നു.
ഇനി പുതിയൊരു വലതുപക്ഷ സര്‍ക്കാര്‍ വന്നാല്‍ ആ സര്‍ക്കാരില്‍ നിര്‍ണായക സ്വാ‍ധീനം ഉണ്ടാകണമെന്ന താല്പര്യം സഭയ്ക്കുണ്ട്.ഇക്കാര്യത്തില്‍ കോണ്‍ഗ്രസിനേക്കാള്‍ സഭയ്ക്ക് നിയന്ത്രിയ്ക്കാനാവുക കേരളകോണ്‍ഗ്രസിനെയാണ്. അതുകൊണ്ട് തന്നെ കേരളകോണ്‍ഗ്രസുകള്‍ ഒന്നാവണമെന്ന താല്പര്യം സഭയ്ക്കുണ്ടായി. അതിനായി പലതട്ടിലുമുള്ള ചില പുരോഹിതരുടെ നിരന്തരപരിശ്രമത്തിന്റെ ശുഭപര്യവസാനമാണ് ഇക്കഴിഞ്ഞ ദിവസം നാം കണ്ടത്.
 തങ്ങളുടെ ഇച്ഛയ്ക്കനുസരിച്ച് വിദ്യാഭ്യാസമേഖലയെ നിയന്ത്രിയ്ക്കുക എന്ന വിശാലമായ ലക്ഷ്യമാണ് ക്രൈസ്തവ സഭകളുടേത്. വരും കാലത്തെ എറ്റവും  ലാഭമുള്ള നിക്ഷേപമേഖല വിദ്യാഭ്യാസരംഗമായിരിയ്ക്കും. ഇതോടൊപ്പം  പുതുതലമുറയിലേയ്ക്കുള്ള സഭയുടെ ആശയപ്രചരണവും സാധിയ്ക്കും.
ഇതിനു സമാന്തരമായി ഇതര മതവിഭാഗങ്ങളിലും ധ്രുവീകരണമുണ്ടാകുന്നുണ്ട്. ജമാ അത്തെ ഇസ്ലാമി, എന്‍ .എസ്.എസ്, എസ്.എന്‍ .ഡി.പി എന്നിവയും ഇതേ ലക്ഷ്യത്തോടെ രംഗത്തുണ്ടെങ്കിലും ക്രൈസ്തവ സഭകളെ അപേക്ഷിച്ച് അവര്‍ തീരെ ദുര്‍ബലരാണ്. അതില്‍ തന്നെ എന്‍ .എസ്.എസ് പോലുള്ള സവര്‍ണസംഘടനകള്‍ പലപ്പോഴും സഭകള്‍ക്ക് അനുകൂലമായേ നില്‍ക്കൂ. കോണ്‍ഗ്രസിലും മറ്റും അവര്‍ക്കുള്ള സ്വാധീനവും കോണ്‍ഗ്രസിലും കേ.കോണ്‍ഗ്രസിലുമുള്ള സഭയുടെ സ്വാധീനവും അവയുടെ മുന്നണി ബന്ധവുമെല്ലാം ഇതോടു ചേര്‍ത്തു വായിയ്ക്കുക.
നമ്മുടെ മാധ്യമരംഗത്തെ വലതുപക്ഷവല്‍ക്കരണം ഏറെക്കുറെ പൂര്‍ത്തിയായിരിയ്ക്കുന്നു. (ഈ വിഷയം ഒരു പ്രത്യേക പോസ്റ്റായി ചര്‍ച്ച ചെയ്യുന്നതാണ് നല്ലതെന്നു തോന്നുന്നു.)
കേരളത്തിന്റെ പൊതുസ്വഭാവമനുസരിച്ച് ഇനി വരാന്‍ പോകുന്നത് വലതുമുന്നണി ഭരണമാണ്. കോണ്‍ഗ്രസിലും കേരളകോണ്‍ഗ്രസിലുമുള്ള നിര്‍ണായകസ്വാധീനത്തോടെ സഭ കേരളത്തിലെ വലിയൊരു അധീശ ശക്തിയാവാന്‍ പോകുകയാണ്. സവര്‍ണശക്തിയായ എന്‍ .എസ്.എസിനെ പ്രീണിപ്പിച്ച് ഒപ്പം നിര്‍ത്താന്‍ സഭയ്ക്കു കഴിയും. പിന്നോക്കവിഭാഗങ്ങളെ ഏകോപിപ്പിയ്ക്കേണ്ട എസ്.എന്‍ .ഡി.പി ഏതാനും സമ്പന്നന്മാരുടെ ചക്കളത്തിപ്പോരാട്ടത്തിനുള്ള വേദിയായി അധ:പതിച്ചു കഴിഞ്ഞു. മറ്റു പിന്നോക്കസംഘടനകളാകട്ടെ കാര്യമായ നേതൃത്വമോ പ്രവര്‍ത്തനങ്ങളോ ഇല്ലാതെ പ്രസ്താവനകളില്‍ മാത്രം ജീവിയ്ക്കുന്നവയും.
മുസ്ലീം സംഘടനകള്‍ക്ക് തങ്ങളുടെ തൊഴുത്തില്‍കുത്ത് കഴിഞ്ഞിട്ട് ഒന്നിനും നേരമില്ല. സമുദായത്തിലെ ആചാരങ്ങളിലെ വ്യത്യാസങ്ങളെക്കുറിച്ച് സംവാദം നടത്തി കാലം കഴിയ്ക്കുകയാണ് അവര്‍ . ഏതാനും ചിലരുടെ താല്പര്യ സംരക്ഷണത്തില്‍ കവിഞ്ഞ് മറ്റു ലക്ഷ്യങ്ങളൊന്നുമില്ലാത്ത ലീഗിനും കാലത്തിന്റെ ചുമരെഴുത്ത് വായിയ്ക്കാനാവുന്നില്ല.
നമ്മുടെ വിദ്യാഭ്യാസമേഖലയിലുണ്ടാവുന്ന അരാഷ്ട്രീയവല്‍ക്കരണം ഭാവിയില്‍ വലിയ ദോഷമായിരിയ്ക്കും ചെയ്യുക. ചെറുപ്രായത്തിലെ ജാതി,മത ചിന്തകളുടേയും അരാജകത്വത്തിന്റെയും പിടിയിലാവും നമ്മുടെ വരും തലമുറ.(ഇപ്പോള്‍ തന്നെ കുറെയൊക്കെ അങ്ങനെയായിക്കഴിഞ്ഞു.) യാതൊരു സാമൂഹ്യബോധവുമില്ലാത്ത ഈ തലമുറയായിരിയ്ക്കും ഭാവിയിലെ ഡോക്ടര്‍മാരും വക്കീല്‍ മാരും എഞ്ചിനീയര്‍മാരും ഭരണകര്‍ത്താക്കളും. ആ  കാലത്ത് മനുഷ്യന്‍ മനുഷ്യനെ “കൊന്നു“ തിന്നും. മറ്റുള്ളവരുടെ രക്തം കുടിച്ച് അവന്‍ ചീര്‍ക്കും. ആര്‍ക്കും ആരോടും ബാധ്യതയില്ലാത്ത  സ്വാര്‍ത്ഥതയുടെ ആ വിളയാട്ടു കാലത്തിന്റെ സൃഷ്ടിയ്ക്കായുള്ള ഉഴുതുമറിയ്ക്കലാണ് ഇപ്പോള്‍ നടക്കുന്നത്.
കണ്ണുള്ളവര്‍ കാണട്ടെ, ചെവിയുള്ളവര്‍ കേള്‍ക്കട്ടെ.

2 comments:

  1. അക്ഷര തെറ്റുകള്‍ സംഭവിച്ചു പോയതാണ്.ഇനിയും എഴുതിയെങ്കില്‍ ശരിയാക്കാം എന്നെ ഉള്ളൂ.എന്‍റെ നാട്ടില്‍ നിന്നും ഒരു എഴുത്തുകാരന്‍ വന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു.പിന്നെ ഫോട്ടോ ബ്ലോഗില്‍ ഇടാന്‍ തീരെ താല്പര്യമില്ല്ല ,ചില പേര്‍സണല്‍ കാരണങ്ങള്‍.എന്‍റെ പേര് ebin john എന്നാണ് orkut ഇല്‍ ഒരു ഫ്രണ്ട് request പ്രതീക്ഷിക്കുന്നു,എന്‍റെ ഫോട്ടോ അവിടെയുണ്ട് കേട്ടോ.പിന്നെ ഞാനും basically ഒരു പാലക്കാരനാണ് കേട്ടോ.

    ReplyDelete
  2. എബിന്‍, ഓര്‍ക്കൂട്ടില്‍ റിക്വസ്റ്റ് ഇട്ടിട്ടുണ്ട് കേട്ടോ. പക്ഷെ ഇയാളുടെ ഫോട്ടോയൊന്നും കണ്ടില്ല. ഇയാള്‍ക്ക് നല്ല ടാലന്റ് ഒക്കെ ഉണ്ട്. എഴുതുമ്പോള്‍ ശ്രദ്ധിച്ചാല്‍ മതി. ആശംസകള്‍!

    ReplyDelete

കമന്റിലെ അക്ഷരങ്ങള്‍ക്ക് നിറം നല്‍കാന്‍ [co="red"]Type Text here[/co] . ഇവിടെ red എന്നതിനു പകരം മറ്റ് നിറങ്ങള്‍ നല്‍കിയാല്‍ മതിയാകും.