ചിത്രം മാതൃഭൂമിയില്‍ നിന്നും |
തൊഴിലാളിയുടെ നിര്‍വചനം വച്ചുനോക്കിയാല്‍ തീര്‍ച്ചയായും അവരും തൊഴിലാളികള്‍ തന്നെ!
എന്റെ നാടിന്റെ അടുത്ത് തന്നെയുള്ള ഒരു കോളനിയോട് ചേര്‍ന്നാണ് സരിത ചേച്ചിയുടെ(ശരിയായ പേരല്ല) താമസം. നല്ല വെളുത്ത, അല്പം തടിയുള്ള ഒരു സ്ത്രീ. അവര്‍ അണിഞ്ഞിരിയ്ക്കുന്ന മൂക്കുത്തിയ്ക്ക് ഒരു പ്രത്യെക അഴകാണ്. ഞാന്‍ കണ്ടിട്ടുള്ളതിലുമധികം അവരെക്കുറിച്ച് കേട്ടിട്ടാണുള്ളത്. ഭര്‍ത്താവ് എന്ന് പറയുന്ന ഒരാളുണ്ടെങ്കിലും അത് ഒരു താല്‍ക്കാലിക സംവിധാനം മാത്രമാണെന്നാണ് ജനസംസാരം. ആള്‍ക്കാര്‍ അവരെകാണുമ്പോള്‍ ഒഴിഞ്ഞുമാറുന്നതും ഒളികണ്ണിട്ടു നോക്കുന്നതും ഞാന്‍ കണ്ടിട്ടുണ്ട്. അവരാകട്ടെ യാതൊരു കൂസലും പ്രകടിപ്പിച്ചില്ല. തല ഉയര്‍ത്തി തന്നെയാണ് വരുന്നതും പോകുന്നതും. അതെ നിങ്ങളൂഹിച്ചതു തന്നെ, അവര്‍ ഒരു ലൈംഗീകതൊഴിലാളിയാണ്.
നാട്ടിലുള്ള ആരുമായും അവര്‍ക്കൊരു (അരുതാത്ത) ബന്ധവുമില്ല. അല്ലെങ്കില്‍ അവരതിനു താല്പര്യപെട്ടിട്ടില്ല. ആ സ്ത്രീയ്ക്കൊരു പെണ്‍കുഞ്ഞുണ്ട്. അവരേക്കാള്‍ സുന്ദരി. അവരൊരിയ്ക്കലും ആ കുട്ടിയോടോപ്പം നടന്നു ഞാന്‍ കണ്ടിട്ടില്ല. വീട്ടില്‍ നിന്നും അധികം പുറത്തിറക്കാതെയാണ് അവര്‍ ആ കുഞ്ഞിനെ വളര്‍ത്തിയത്. മോള്‍ തന്റെ വഴിയിലേയ്ക്ക് വരരുതെന്ന് അവര്‍ ആഗ്രഹിച്ചിട്ടുണ്ടാവാം.
ഇത്തരം പല സ്ത്രീകളെയും പലയിടത്തും ഞാന്‍ കണ്ടിട്ടുണ്ട്. സത്യത്തില്‍ ഇവര്‍ക്കെല്ലാം ഒരേ മുഖമാണ്, ഭാവമാണ്. മുഖത്ത് ഒരു ചിരി വരുത്തുമെങ്കിലും അതിനിടയില്‍ കൂടി ദൈന്യതയുടേയും നിസ്സഹായതയുടേയും ഒപ്പം വെറുപ്പിന്റെയും ഭാവങ്ങള്‍ കൂടി വായിച്ചെടുക്കാം കാമവെറിയോടെയല്ലാതെ നോക്കാമെങ്കില്‍ . ഏതെങ്കിലും കാരണത്താല്‍ കുടുംബം തകര്‍ന്നവരോ അത്തരം സാഹചര്യങ്ങളിലൂടെ വളര്‍ന്നുവന്നവരോ ആയിരിയ്ക്കും ഇവര്‍ . ചിലര്‍ വഞ്ചനയിലൂടെ ഈ കുഴിയിലേയ്ക്കെറിയപ്പെട്ടവരും. ഏതു സാഹചര്യത്തില്‍ പെട്ടവരായാലും സമൂഹത്തോടുള്ള കടുത്ത പക ഇവരില്‍ തളം കെട്ടിക്കിടക്കുന്നുണ്ടാവും. തങ്ങളെ വെറുക്കുന്ന, പുച്ഛിയ്ക്കുന്ന സമൂഹത്തോടുള്ള പക.ഇവരോടുള്ള പുരുഷന്മാരുടെ സമീപനം വളരെ രസകരമാണ്. നാലാള്‍ കാണ്‍കെ ഇവരെ തള്ളിപ്പറയുന്ന മാന്യന്മാരായ ചിലര്‍ സാഹചര്യം ഒത്തുവന്നാല്‍ പ്ലേറ്റ് മറിയ്ക്കും. പ്രായഭേദം പോലും ചിലര്‍ക്ക് പ്രശ്നമല്ല.
ഒരു സന്ധ്യയില്‍ കണ്ണൂര്‍ നഗരത്തില്‍ നേരിട്ടുകണ്ട ഒരു കാഴ്ച എനിയ്ക്കൊരു ഷോക്കായിരുന്നു. കുറെ നാള്‍ മുന്‍പാണ്. ഞാനും ഒരു സുഹൃത്തും കൂടി സന്ധ്യയ്ക്ക് കണ്ണൂരില്‍ നിന്നും നാട്ടിലേയ്ക്കു പോകാനായി കാള്‍ടെക്സ് ജങ്ഷനില്‍ നിന്നും ബസ് സ്റ്റാന്‍ഡിലേയ്ക്കു നടക്കുകയാണ്. ഞങ്ങളുടെ മുന്‍പിലായി ഒരു പ്രൌഡയായ മധ്യവയസ്ക നടക്കുന്നു. കൈയിലും കഴുത്തിലുമൊക്കെ ആഭരണങ്ങള്‍ ധരിച്ച് ഒരു കുടയും ചൂടി നടക്കുന്ന അവരേതോ വലിയ വീട്ടിലെ “കൊച്ചമ്മ” ആവാം.(എന്നാണ് ഞാന്‍ വിചാരിച്ചത്). എകദേശം എന്റെ അമ്മയുടെ പ്രായം. എതിര്‍ദിശയില്‍ കൂടി പോയ ഒരു ഓട്ടോയുടെ നേരെ അവര്‍ കൈവീശി. ഓട്ടോ നിര്‍ത്തിയില്ല. അവര്‍ അവിടെ തന്നെ നിന്നതുകൊണ്ട് ഞങ്ങള്‍ക്ക് മുന്നോട്ട് പോകേണ്ടി വന്നു. ഒരു പത്തുമീറ്റര്‍ നടന്നു കാണും, അതാ ഒരു ബൈക്ക് അവരുടെ അടുത്തു വന്നു നിന്നു. ഇരുപതു വയസ്സു പ്രായമുള്ള ഒരു പയ്യന്‍ .അവരുടെ മകനെന്നാണ് ഞാന്‍ കരുതിയത്. അവര്‍ ബൈക്കില്‍ കയറി ആ ചെക്കന്റെ പിന്നില്‍ ഇരുന്നതും ആദ്യം പോയ ഓട്ടൊ അങ്ങോട്ടേയ്ക്കു വന്നു; അതില്‍ രണ്ടുപേര്‍ . അവരും ആ സ്ത്രീയും എന്തോ കൈകലാശങ്ങള്‍ കാണിച്ചെങ്കിലും പയ്യന്‍ അവരെയും കൊണ്ട് കടന്നു. പുറകെ മറ്റൊരു ബൈക്കിലായി രണ്ടു യുവാക്കളും. ഇതൊക്കെ ഏതാനും നിമിഷങ്ങള്‍ കൊണ്ട് കഴിഞ്ഞു. ഇതു കണ്ടുനിന്ന ചിലരുടെ ചിരിയിലും അര്‍ത്ഥം വച്ചുള്ള നോട്ടത്തിലും നിന്ന് അവിടെ നടന്നത് ഒരു വിലപേശലും കച്ചവടവുമാണെന്ന് അല്പസമയംകൊണ്ടെനിയ്ക്ക് മനസ്സിലായി. എന്നെ ഷോക്കേല്പിച്ചത് ആ ചെറുപ്പക്കാരുടേയും സ്ത്രീയുടെയും പ്രായവ്യത്യാസമായിരുന്നു. എന്തു ചെയ്യാന്‍ ? ഇതെല്ലാം നമ്മുടെ സമൂഹത്തിലെ യാഥാര്‍ത്ഥ്യങ്ങളാണ്. ആ സ്ത്രീയെ ഓര്‍ക്കുമ്പോഴെല്ലാം എനിയ്ക്കെന്റെ അമ്മയെ ആണ് ഓര്‍മ്മ വരുന്നത്. ആ പയ്യന്മാര്‍ക്ക് എങ്ങനെയാണ് അവരെ പ്രാപിയ്ക്കാനാവുന്നത്? തീര്‍ച്ചയായും കാമഭ്രാന്തിളകിയവന് പ്രായഭേദം ഉണ്ടാവാനിടയില്ല. അതുപോലെ വില്പനയ്ക്കായി കട തുറന്നു വച്ചവര്‍ക്ക് കസ്റ്റമറുടെ പ്രായവും നോക്കേണ്ടതില്ല. എങ്കിലും.....
സ്വന്തം അഭിമാനം ഇങ്ങനെ പണയപ്പെടുത്തേണ്ടി വരുക എന്നത് എന്തൊരു ദുരിതമാണ്? വ്യഭിചാരത്തില്‍ ഏര്‍പ്പെടുന്ന പല പുരുഷന്മാരും മനോവൈകല്യമുള്ളവര്‍ ആണ്. അവരുടെ പല വൈകൃതങ്ങള്‍ക്കും ഇവര്‍ ഇരയാകേണ്ടി വരുന്നു. പഞ്ചനക്ഷത്ര വ്യഭിചാരം ചെയ്യുന്നവര്‍ ഫൈവ്സ്റ്റാര്‍ ഫുഡ് കഴിച്ച് എ.സി.റൂമില്‍ താമസിച്ച് ആയിരങ്ങള്‍ എണ്ണിവാങ്ങി സുഖിയ്ക്കുമ്പോള്‍ ഈ പാവങ്ങള്‍ക്ക് പലപ്പോഴും കടം പറയല്‍ കൂടി സഹിയ്ക്കേണ്ടി വരും!
ഒരിയ്ക്കല്‍ ഈ ചെളിക്കുഴിയില്‍ ഇറങ്ങിയവര്‍ പിന്നെ എത്ര കുളിച്ചാലും സമൂഹം അതംഗീകരിയ്ക്കില്ല. പൊതുവെ പുരുഷന്റെ തുണയില്ലാത്ത സ്ത്രീകള്‍ സമൂഹത്തിന്റെ “പൊതു സ്വത്താ”ണെന്ന് ധരിച്ചവരാണ് പലരും. ആ സ്ത്രീകളെ എങ്ങനെയും ഇതിലേയ്ക്ക് വീഴ്ത്തിയാലേ അവര്‍ക്ക് ആശ്വാസമാകൂ.
എനിയ്ക്ക് അറിയാവുന്ന രണ്ട് മൂന്ന് ചെറുപ്പക്കാരായ വിധവകളുണ്ട്. കുട്ടികളെ ഓര്‍ത്ത് പുനര്‍വിവാഹം ചെയ്യാത്ത അവരില്‍ ചില “സാധ്യത”കള്‍ കാണുന്ന പലരുടേയും സംസാരവും ഞാന്‍ കേട്ടിട്ടുണ്ട്. ഇതിലൊരു സ്ത്രീ ഒരിയ്ക്കല്‍ ബസില്‍ നിന്നും ഇറങ്ങി നടക്കുമ്പോള്‍ കിളിയും മറ്റു ചിലരും കൂടി അടക്കം പറഞ്ഞു ചിരിയ്ക്കുന്നതു ഞാന്‍ കണ്ടു. എന്തേ അവര്‍ക്ക് ഭര്‍ത്താവില്ലെന്നു വിചാരിച്ച് മാന്യമായി ജീവിച്ചുകൂടേ! നാളെ നാം (ചെറുപ്പക്കാരായ പുരുഷന്മാര്‍ ) മരിച്ചാല്‍ നമ്മുടെ ഭാര്യമാരെയും കാത്തിരിയ്ക്കുന്നത് ഇതേ അനുഭവമല്ലേ?
ഒരു സ്ത്രീ വിധവയായാല്‍ അവള്‍ എക്കാലവും മരിച്ച ഭര്‍ത്താവിനെ മാത്രം ഓര്‍ത്ത് ദുഖിച്ച് തന്റെ ജീവിതം പാഴാക്കണമെന്നാണ് നമ്മുടെ സദാചാര സിദ്ധാന്തം. അല്ലാത്തപക്ഷം അവള്‍ സതിയനുഷ്ഠിയ്ക്കട്ടെ! എന്നാല്‍ പുരുഷന്റെ കാര്യത്തില്‍ ഇതൊന്നും ബാധകമല്ല!
ഇത്തരം തീക്ഷ്ണമായ സാമൂഹ്യപരിസരത്തില്‍ ജീവിയ്ക്കേണ്ടി വരുന്ന ചില സ്ത്രീകള്‍ അപഥസഞ്ചാരത്തിലേയ്ക്കെറിയപ്പെടുന്നുണ്ട്. പലപ്പോഴും സമൂഹം അവളെ മറ്റൊരു മാര്‍ഗവുമില്ലാത്തവണ്ണം അവിടേയ്ക്കെത്തിയ്ക്കുകയാണ് ചെയ്യുന്നത്.
ഇന്നുതന്നെ രാവിലെ ജീവന്‍ ടി.വി.യില്‍ “ആഴ്ചവട്ടം” എന്ന പരിപാടിയില്‍ ഇത്തരമൊരു യുവതിയെ കണ്ടു. ഒരു പ്രദേശമൊന്നാകെ അവള്‍ക്കെതിരെ തിരിഞ്ഞിരിയ്ക്കുകയാണ്. അവള്‍ വ്യഭിചാരിണിയാണ്..അവളെ കല്ലെറിയുക! സ്ത്രീകള്‍ തന്നെയാണ് മുന്‍പന്തിയില്‍ . നാട്ടുകാരൊന്നാകെ ഊരുവിലക്കിയിരിയ്ക്കുന്നു! രണ്ട് കൊച്ചു പെണ്‍മക്കള്‍ . ഇന്നവള്‍ മര്‍ദ്ദനമേറ്റ് ആശുപത്രിക്കിടക്കയിലാണ്. മറ്റുള്ളവരുടെ കാരുണ്യം കൊണ്ട് കിട്ടുന്ന ഒരു പാത്രം കഞ്ഞി കണ്ണീരുപ്പു ചേര്‍ത്ത് അവള്‍ കുടിയ്ക്കുമ്പോള്‍ നിസ്സഹായരായ ആ കുട്ടികള്‍ തുണയിരിയ്ക്കുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ അവളെ സഹായിയ്ക്കാന്‍ മുന്നിട്ടിറങ്ങുന്ന പുരുഷന്‍ അവളുടെ “പതിവുകാരനായി” വ്യാഖ്യാനിയ്ക്കപെടാം! മനുഷ്യത്വമില്ലാത്ത സദാചാരം എന്തിനാണ്?
യൌവനം വറ്റിത്തുടങ്ങുമ്പോഴാണ് ഈ സ്ത്രീകള്‍ ഏറ്റവും പ്രതിസന്ധി നേരിടുക. എവിടെയും പരിഹാസവും തൊട്ടുകൂടായ്മയുമാകും ഇവരെ കാത്തിരിയ്ക്കുക. പലപ്പോഴും മക്കള്‍ ശത്രുക്കളായിട്ടുണ്ടാവും; തങ്ങളെ പോറ്റാന്‍ കൂടിയാണ് അമ്മ ഈ വേഷം കെട്ടിയത് എന്നോര്‍ക്കാതെ.
നാട്ടില്‍ “പേരുദോഷ“മുള്ള ഒരു കുടുംബം. അവിടെ പെണ്മക്കള്‍ ആറാണ്! വയസ്സായ അപ്പനുമമ്മയും. ഇളയ മൂന്നു സ്ത്രീകള്‍ പണിയ്ക്കു പോകാറുണ്ട്. എന്തായാലും ആ കുടുംബത്തോട് ആരും സഹകരിയ്ക്കില്ല. ആ സ്ത്രീകള്‍ മൊത്തം “പെഴ”യാണെന്നാണ് നാട്ടുസംസാരം. ചെറുപ്പം മുതലേ ഞാന്‍ ഇവരെ പലരെയും കണ്ടിട്ടുണ്ടെങ്കിലും ഒന്നും സംസാരിച്ചിട്ടില്ല. എന്നു മാത്രമല്ല അവര്‍ ചിലപ്പോള്‍ എന്നെ നോക്കി ചിരിച്ചപ്പോള്‍ അലോസരത്തോടെ മുഖം ചുളിച്ചിട്ടുണ്ട് . അവരെ നോക്കി തിരിച്ച് ചിരിയ്ക്കുന്നതൊക്കെ വലിയ മോശമായിട്ടാണ് അന്നു തോന്നിയത്. ഇന്നവര്‍ വയസായി എല്ലും തോലുമായ പേക്കോലങ്ങളാണ്. അവരെ ആരു ശ്രദ്ധിക്കാന്‍ ? അതുകൊണ്ട് തന്നെ അപവാദവുമില്ല!
ഞാനാദ്യം പറഞ്ഞ സരിത ചേച്ചി ഇപ്പോള്‍ റോഡ് പണിയ്ക്കും തൊഴിലുറപ്പു പണിയ്ക്കും പോകുകയാണ്. ഈയടുത്തകാലത്ത് ഞാന്‍ കണ്ടു, ഇരുമ്പുചട്ടിയില്‍ മെറ്റല്‍ നിറച്ച് തലയിലേറ്റി വേഗം നടക്കുന്ന അവരെ. മുഖമാകെ വിയര്‍പ്പായിരുന്നെങ്കിലും ആ മുക്കുത്തി ഇപ്പോഴുമുണ്ട്. അതിന്റെ തിളക്കവും കുറഞ്ഞിട്ടില്ല. അവരുടെ മകള്‍ പ്ലസ് ടൂവിനു ശേഷം എവിടെയോ പഠിയ്ക്കുന്നു. ജീവിതവഴിയില്‍ അവരിന്നും ഒറ്റയ്ക്കാണ്.
സ്ത്രീകളോടുള്ള നമ്മുടെ മനോഭാവത്തില്‍ ഒട്ടേറെ മാറ്റങ്ങള്‍ വരുത്തേണ്ട കാലമായില്ലേ? ഞാനുദ്ദേശിയ്ക്കുന്നത് ജീവിതത്തില്‍ ഒറ്റപ്പെട്ടുപോയ, സാഹചര്യങ്ങള്‍ അപഥസഞ്ചാരത്തിലേയ്ക്കെത്തിച്ച നമ്മുടെ സഹോദരിമാരെക്കുറിച്ചാണ്. പലപ്പോഴും മറ്റൊരു വഴി തെളിഞ്ഞാല്‍ ഇത്തരം വഴികളില്‍ നിന്നും മാറിനടക്കുന്നവരാണ് അവര്‍ . വിധിയുടെ താഡനത്താല്‍ വിധവകളായ യുവതികളെ വെറുതെ വിട്ടുകൂടെ? എന്തിനാണ് അവരെ കാമക്കണ്ണുകൊണ്ട് മാത്രം നോക്കുന്നത്? തങ്ങള്‍ക്ക് വഴങ്ങാത്തവരെ അഭിസാരികകളായി ചിത്രീകരിയ്ക്കുന്നത് സ്ത്രീത്വത്തോടും മനുഷ്യത്വത്തോടുമുള്ള പൊറുക്കാനാവാത്ത തെറ്റല്ലേ?
മെയ്ദിനം തങ്ങള്‍ക്ക് കൂടി അവകാശപ്പെട്ടതാണെന്ന് തെരുവിലിറങ്ങി ലോകത്തോട് വിളിച്ചു പറയേണ്ടിവരുന്ന ആ സഹോദരിമാരുടെ ദൈന്യത നമ്മുടെ മനസ്സില്‍ നിന്ന് മായാതിരിയ്ക്കട്ടെ. തങ്ങളെയും മനുഷ്യരെന്നംഗീകരിയ്ക്കണേ എന്ന അപേക്ഷയാണ് ആ ദൈന്യതയുടെ പിന്നില്‍ . അവര്‍ക്ക് വേണ്ടി ഒരു തുള്ളി കണ്ണീര്‍ ഞാനെന്റെ കണ്ണുകളില്‍ സൂക്ഷിച്ചിട്ടുണ്ട്!
ബിജു ഉന്നയിച്ച പ്രശ്നത്തില്‍ സമൂഹത്തിന്റെ നിലപാട്തന്നെയാണ് വ്യഭിചാരിണി, വേശ്യ എന്നൊക്കെ മുദ്രകുത്തപ്പെടുന്നത്. പക്ഷെ അത് സതാചാരത്തിന്റെ ബൈപ്രൊഡക്റ്റ്സ് ആണെന്ന സത്യം വിസ്മരിക്കാന്‍ കഴിയില്ല.
ReplyDeleteവളരെ നല്ല പോസ്റ്റ്,ബിജു..സമൂഹം സ്ത്രീയെ എന്നും ഇങ്ങനെയൊക്കെത്തന്നെയാണ് കാണുന്നത്.കല്ല്യാണം എന്ന ഒരേയൊരു മഹാകാര്യം ചെയ്ത് കുടുംബിനിയായി കഴിയുക എന്ന ഒരേയൊരു ലക്ഷ്യം മാത്രമേ ഒരു സ്ത്രീക്കുണ്ടാകാവൂ എന്ന് സമൂഹത്തിന് വലിയ പിടിവാശിയാണ്.കല്ല്യാണം നടക്കാൻ അല്പം വൈകിപ്പോയാൽത്തന്നെ അവൾക്ക് ഒരുപാടനാവശ്യങ്ങൾ സഹിക്കേണ്ടീവരുന്നു.അവൾക്ക് ശരീരം എന്ന മാംസനിർമിതമായ ഒരു അസ്ഥിത്വം മാത്രമേ ഉള്ളൂ ഏന്ന് വിധിനിർണ്ണയിച്ച് ,വീട്ടിൽനിന്നവൾ പുറത്തിറങ്ങുന്നതെല്ലാം പുരുഷന്മാരെ കാണാനും വേട്ടയാടാനുമൊക്കെയാണെന്ന് അപവാദങ്ങൾ പരത്തുകയും പരമാവധി ദ്രോഹിക്കുകയും ചെയ്യുന്നു.അവൾക്ക് പുരുഷനെ ചുറ്റിപ്പറ്റിയല്ലാതെയും ചിന്തകളും സങ്കൽപ്പങ്ങളും ഒക്കെയുണ്ടെന്ന് എന്നാണീ വിഡ്ഡിസമൂഹം മനസ്സിലാക്കുക...ഇതു മനസ്സിലാക്കണമെങ്കിൽ പ്രകൃതിയുടെ ലാളിത്യത്തിലേക്കു മടങ്ങണം.ഉപഭോക്തൃപരതയിൽനിന്നും സ്നേഹത്തിന്റെ പാതയിലേക്ക്, എല്ലാം എടുക്കുന്ന നീതി വിട്ട് കൊടൂക്കുന്നതിന്റെ വഴിയിലേക്ക് മാറിനടക്കുന്നവർക്കെ സ്ത്രീയെ ബഹുമാനിക്കാന്മാത്രം മനസ്സു വികസിക്കുകയുള്ളൂ...
ReplyDeleteHi Biju... Tht was a wonderful blog.. I am not a rite person to comment on it since I used to be the same crowd to tease these people.. but later on the point of relization hold me and i revoked passing these comments myself...
ReplyDeletetrue lots of people, i am not saying all of them but stll u can find lot many who sells something to feed a family... we shud consider the reality..
Arun..