കണ്ണൂര്‍ ജില്ലയില്‍ തളിപ്പറമ്പ് താലൂക്കിന്റെ വടക്കു കിഴക്കായി കിടക്കുന്ന ഒരു നാട്ടു രാജ്യമാകുന്നു ആലക്കോട്. സ്വന്തമായി ഒരു രാജാവും ഒരു കൊട്ടാരവുമുള്ള മലബാറിലെ ഏക നാട്ടുരാജ്യം. നാട്ടുരാജ്യസ്ഥാപകനായ രാജാവ് രാമവര്‍മ രാജാ തീപ്പെട്ടു പോയിട്ട് നാലഞ്ചു വര്‍ഷമായി. തുടര്‍ന്ന് രാജവംശം പൊതു രംഗത്തു നിന്നും പിന്‍വാങ്ങുകയും ഭരണം സ്വന്തം കുടുംബത്തില്‍ മാത്രമായി ഒതുക്കുകയും ചെയ്തു.
ആലക്കോട് ഇപ്പോള്‍ ചെറിയൊരു പട്ടണം. ഏകദേശം പതിമൂന്ന് വര്‍ഷം മുന്‍പ് ഈയുള്ളവന്‍ ആ പട്ടണത്തില്‍ ജീവസന്ധാരണത്തിനായി ഒരു “ഓഫീസ്” തുടങ്ങുകയുണ്ടായി.
മെയിന്‍ റോഡിലെ മൂന്നു നിലയുള്ള ഏക കോണ്‍ക്രീറ്റ് കെട്ടിടത്തിന്റെ പിന്നാമ്പുറത്ത് ചെറിയൊരു ഇടനാഴിയുണ്ട്. അതിന് ഇരു വശവും മുഖാമുഖം നില്‍ക്കുന്ന എട്ട് മുറികള്‍ . തളിപ്പറമ്പ് കാരനായ ഒരു ഇക്കാക്കയുടെ സ്വന്തമായ “ഫൈസല്‍ കോംപ്ലക്സ് “ എന്ന മഹാ വാണിജ്യ സമുച്ചയമത്രെ ഇത്! ഇതിനുള്ളില്‍ ഒരു റേഷന്‍ കട-(ഉടമ:- ജോയി), ഒരു എസ്.ടി.ഡി ബൂത്ത്-(ഉടമ:-സോജന്‍ ), ഒരു ചിക്കന്‍ സ്റ്റാള്‍ -(ഉടമ:- ജോര്‍ജ് ), ഒരു ബുക്ക് സ്റ്റാള്‍ -(ഉടമ:- സാബു) , ഒരു പലചരക്കു കട (രണ്ടു റൂം:-ഉടമ- മാത്തച്ചന്‍ ), ഒരു ഗ്യാസ് ഏജന്‍സി-(ഉടമസ്തര്‍ :-ഷാജി, ബിജു, ബിനോയി) , ഒരു ഇലക്ട്ര്രിക്കല്‍ റിപ്പയറിംഗ് കട :-(ഉടമസ്ഥര്‍ -സാജു, പാപ്പച്ചന്‍ ) , ഒടുവിലായി
ഈയുള്ളവന്റെ ഓഫീസും! ഓഫീസെന്നു പറഞ്ഞാല്‍ ഒരു അടിച്ചുകൂട്ടിയ മേശ. രണ്ട് പ്ലാസ്റ്റിക് ഫൈബര്‍ കസേര. ഒരു ഓഫീസ് ചെയര്‍ . ഇത്രയും ഫര്‍ണിച്ചര്‍ . റോട്രിങ്ങിന്റെ 0.50 മില്ലിമീറ്റര്‍ ഡ്രാഫ്റ്റിങ് പെന്‍ , രണ്ടുമൂന്ന് പെന്‍സില്‍ , എറേസര്‍ , സ്കെയില്‍ എന്നിവ പണിയായുധങ്ങള്‍ .
ഇടനാഴിയില്‍ നിന്നും വല്ല പട്ടിയൊ പൂച്ചയോ ചാടിക്കേറാതിരിക്കാന്‍ അരമതില്‍ പോലെ, ഇരുമ്പ് ഫ്രൈമില്‍ വലിച്ചുകെട്ടിയ ജനല്‍ കര്‍ട്ടന്‍ തുണി. തലയ്ക്കു മുകളില്‍ ഒരു കോയമ്പത്തൂര്‍ ഫാനും ഒരു മുപ്പതു വാട്ടിന്റെട്യൂബുലൈറ്റും ചേര്‍ന്നാല്‍ എന്റെ ഓഫീസായി. എന്താണു പണിയെന്നു പറഞ്ഞില്ല അല്ലേ. നാട്ടുകാര്‍ക്കു വല്ല വീടോ കുടിയോ വയ്ക്കാന്‍ പ്ലാനും എസ്റ്റിമേറ്റും എടുത്തുകൊടുക്കുക. വലിയ പ്രതീക്ഷയൊന്നുമില്ലാത്തതുകൊണ്ട് തുടക്കം ചെറുതായി മതിയെന്നു വച്ചു. പിന്നെ പോക്കറ്റിനും അതിനുള്ള പാങ്ങുണ്ടായിരുന്നില്ല.
നമ്മുടെ ആപ്പീസിന്റെ ഇടത്ത് റേഷന്‍ കട. വലത്ത് മാത്തച്ചന്റെ പലചരക്കു കടയുടെ ഗോഡൌണ്‍ . എതിരെ ഗ്യാസ് കട, റിപ്പയറിംഗ് കട. കൂടാതെ സോജന്റെ ബൂത്തും സാബുവിന്റെ ബുക്കുസ്റ്റാളും അതേ നിരയില്‍ തന്നെ.
ഇടക്കു കൂടെയുള്ള ഇടനാഴിയ്ക്ക് കഷ്ടിച്ച് മൂന്നു മീറ്റര്‍ വീതി. പല ചരക്കുകാരന്‍ മാത്തച്ചന്‍ ഒഴിച്ച് എല്ലാം ചെറുപ്പക്കാര്‍ .ദൈവം സഹായിച്ച് ആര്‍ക്കും വലിയ പണിത്തിരക്കൊന്നുമില്ലാത്തതിനാല്‍ തരികിടകള്‍ക്ക് യാതൊരു ക്ഷാമവുമില്ലായിരുന്നു.
മാത്തച്ചന്‍ വലിയ ജാഡക്കാരനാണ്. ഞങ്ങളെ ഒന്നും അത്ര ഗൌനിയ്ക്കുകയില്ല. സാമാന്യം മോശമല്ലാത്ത ഒരു കാര്‍വര്‍ണന്‍ . തലയില്‍ മുറ്റുമുടി, നെറുകയില്‍ ഒരു പപ്പടവട്ടം ഒഴിച്ച്! വലിയ ഒച്ചയില്‍ സംസാരം. നാടന്‍ ഭാഷയില്‍ പറഞ്ഞാല്‍ ഒരുമാതിരി പൂളച്ചേട്ടന്‍ .ഇങ്ങേരുടെ കടയിലൊരു ഫോണുണ്ട്. (അന്ന് ഫോണൊക്കെ തീരെ കുറവാണേ. അതു കൊണ്ടാണ് അവിടെ ഒരു ബൂത്ത് വന്നത്). ഞങ്ങളെ കേള്‍പ്പിക്കാന്‍ പുള്ളിക്കാരന്‍ ഫോണില്‍ കൂടി പലതും പറയുന്നതു കേള്‍ക്കാം. അങ്ങനെയാക്ക്.. ഇങ്ങനെയാക്ക്... എന്നമാതിരി.
ഞങ്ങളുടെ കൂട്ടത്തില്‍ തരികിടകള്‍ക്ക് മിടുക്കന്‍ സോജനാണ്. മാത്തച്ചനിട്ടൊരു പണികൊടുക്കാന്‍ അവസരം തേടി ഞങ്ങള്‍ കാത്തിരുന്നു.
അങ്ങനെയിരിയ്ക്കെ സോജന്റെ ബൂത്തില്‍ കോര്‍ഡ് ലെസ് ഫോണ്‍ കിട്ടി.
ഒരു ഉച്ചനേരം. മാത്തച്ചന് കടയില്‍ തിരക്കൊന്നുമില്ല. ഇത്തരം അവസരങ്ങളില്‍ കക്ഷി കടയില്‍ നിന്നും കഷ്ടിച്ച് പത്തു മീറ്റര്‍ അകലെയുള്ള റോഡരുകിലെ ഭിത്തിയില്‍ പോയി ചാരി നിന്ന് വഴിയെ പോകുന്ന ആള്‍ക്കാരെ (പെണ്ണുങ്ങളെ എന്നും പറയാം) നോക്കി നില്‍ക്കും. അന്നും അങ്ങനെ തന്നെ പരിപാടി. സോജന്‍ ഞങ്ങളോട് പറഞ്ഞു “ഇയാക്കിട്ടൊരു പണി കൊടുക്കാം”. അവന്‍ കോഡ്‌ലെസ് കൈയിലെടുത്ത് പുറത്ത് കാണാത്ത വിധം മറച്ചുകൊണ്ട് മാത്തച്ചന്റെ അടുത്ത് ചെന്നു. ഞങ്ങള്‍ ഒന്നുമറിയാത്തപോലെ എല്ലാം നോക്കിക്കൊണ്ട് കുറച്ചകലെ നിന്നു.
“ആ മാത്തഞ്ചേട്ടാ എന്നാ ഒണ്ട്? “
“അങ്ങനെയങ്ങ് പോണെടാ സോജാ” അവന്റെയൊരു ക്ണാപ്പിലെ ലോഹ്യം എന്ന ഭാവത്തോടെ അലക്ഷ്യമായി പറഞ്ഞ് റോഡിലൂടെ പോകുന്ന ഒരു തരുണിയെ ആര്‍ത്തിയോടെ ഒന്നുകൂടി നോക്കി മാത്തച്ചന്‍ ചേട്ടന്‍ .
പെട്ടെന്നാണ് പുറകില്‍ കടയില്‍ ഫോണ്‍ ബെല്ലടിയ്ക്കാന്‍ തുടങ്ങിയത്. അതു കേട്ടപാടെ തരുണിയെ വഴിയ്ക്കു വിട്ട് കക്ഷി കടയിലേയ്ക്ക് വേഗം ചെന്നു. ഫോണെടുക്കാന്‍ കുനിഞ്ഞതും ബെല്ലടി നിലച്ചു. മാത്തച്ചന്‍ വീണ്ടും പഴയ സ്ഥാനത്തു വന്നു. ഒരു മിനുട്ടു കഴിഞ്ഞില്ല വീണ്ടും ബെല്ലടി. മാത്തച്ചന്‍ വീണ്ടും കടയിലേയ്ക്ക്. ഫോണെടുക്കും മുന്‍പേ കട്ടായി. ഫോണെടുത്ത് ഒന്നു രണ്ടു തവണ ഉറക്കെ ഹലോ ഹലോ പറഞ്ഞ ശേഷം “ച്ഛേ” എന്നൊരു ചീറ്റലോടെ വച്ചു. (പണ്ടിതുപോലെ ഒന്നു സോജന്‍ പറ്റിച്ചതാണ്. അതു കക്ഷിയ്ക്കന്നു മനസ്സിലാകുകയും ചെയ്തു. പക്ഷെ ഇപ്പോള്‍ അവന്‍ ഒപ്പം തന്നെയുണ്ടല്ലോ!)
വഴിയെ കളറുകള്‍ ഇടയ്ക്കിടയ്ക്കു പോകുന്നതിനാലും കടയില്‍ തല്‍ക്കാലം ഈച്ചകള്‍ മാത്രം ഉള്ളതിനാലും മാത്തച്ചന്‍ വീണ്ടും പ്രലോഭിതനായി പഴയ സ്ഥാനത്തു തന്നെ നില്പായി. വീണ്ടുമതാ ബെല്‍ !
ബെല്ലു കേട്ടാല്‍ പിന്നെ പുള്ളി നില്‍കില്ല. പക്ഷേ വീണ്ടും പഴയതു തന്നെ കഥ. കക്ഷി ഫോണില്‍ തൊട്ടതും കട്ട്!
“ ഏതോ കഴ്വേറ്ട മോന്‍ പറ്റിയ്ക്കുന്നതാ” മാത്തച്ചന്‍ പറഞ്ഞു.
“ അതു ലൈനിന്റെ എന്തോ കുഴപ്പമാ മാത്തഞ്ചേട്ടാ.. എന്റെ ഫോണിനും ഇതു തന്നെ പ്രശ്നം. എക്സ്ചേഞ്ചിലൊന്നു വിളിച്ചു പറ..” സോജന്‍ ചിരിയ്ക്കാതിരിയ്ക്കാന്‍ ഭഗീരഥപ്രയത്നം ചെയ്തുകൊണ്ട് പറഞ്ഞു.
പുറകില്‍ ഇതെല്ലാം കണ്ടുകൊണ്ടു നിന്ന ഞങ്ങള്‍ പുള്ളിക്കാരന്‍ കാണാതെ ചിരിച്ചു മറിഞ്ഞു.
“എടാ കൊച്ചനെ നീയൊന്നു വിളിച്ചു താ..അങ്ങോട്ട്”
“അതിനെന്താ..” എന്നും പറഞ്ഞിട്ട് അവന്‍ കറക്കി കൊടുത്തത് മാത്തച്ചന്റെ ബദ്ധശത്രുവായ മറ്റൊരു കടക്കാരന്‍ ബേബിച്ചന്റെ നമ്പര്‍ .
“ഹലോ.. എന്റെ ലൈനിനെന്തോ കൊഴപ്പം. ഒന്നു ശരിയാക്കണാരുന്നു.” മാത്തച്ചന്റെ കരകര ശബ്ദം നല്ല ബാസില്‍ .
.......................
എന്താണ് മറുപടിയെന്നറിയില്ല.
“അതെന്താ നിങ്ങളങ്ങനെ പറഞ്ഞേ.ഇതെക്സേഞ്ചല്ലേ..?” മാത്തഞ്ചേട്ടന്റെ ടോണിന് ചെരിയൊരു മാറ്റം.
.........................
വീണ്ടും കടുപ്പത്തിലെന്തോ മറുപടി കിട്ടിയിട്ടാവണം കുത്തിപ്പിഴിഞ്ഞ നാരങ്ങാതൊണ്ട് മാതിരി മുഖഭാവത്തോടെ അയാള്‍ ഫോണ്‍ വച്ചു.
“എന്താ ചേട്ടാ.. ലൈന്‍ ഫോള്‍ട്ട് കൊണ്ട് വേറെ സ്ഥലത്താണോ കിട്ടിയേ..?” ഇതും പറഞ്ഞ് സോജന്‍ മുന്നോട്ട് ആഞ്ഞതും കൈയില്‍ നിന്നെങ്ങിനെയോ കോര്‍ഡ് ലെസ് ഫോണ്‍ താഴെ വീണതും ഒന്നിച്ച്. ഞങ്ങള്‍ അന്തം വിട്ട് നില്‍ക്കേ മാത്തഞ്ചേട്ടന്‍ അത് കുനിഞ്ഞെടുക്കുകയും തിരിച്ചും മറിച്ചും നോക്കുകയും ചെയ്തു. സോജന്റെ മുഖം കവുങ്ങില്‍ പാളയുടെ ഉള്ള് പോലെ.
ഒരു സെക്കന്‍ഡിന്റെ നാലിലൊന്നു ഭാഗം കൊണ്ട് മാത്തഞ്ചേട്ടന് കാര്യങ്ങള്‍ മനസ്സിലായി. ഫോണ്‍ തിരികെ സോജന്റെ കൈയിലേയ്ക്കെറിഞ്ഞ പോലെ ഇട്ടു കൊടുത്തു. തുടര്‍ന്ന് ഞങ്ങളുടെ നാട്ടില്‍ നടപ്പുള്ള ഏറെക്കുറെ എല്ലാവിധ തെറികള്‍ , മനുഷ്യരുടെ ചില ശരീരഭാഗങ്ങളുടെ അസംസ്കൃത നാമപദങ്ങള്‍ എന്നിവ സാമാന്യം നല്ല ഒച്ചയിലും ഈണത്തിലും ഉദ്ദേശം പത്തുമിനിട്ടോളം അവിടമാകെ മുഴങ്ങികേട്ടു. ഞങ്ങള്‍ ഓരോരുത്തരും സ്വന്തം മാളത്തിലൊളിച്ചു. സോജന്‍ ചെവിയും പൊത്തിയാണ് അകത്തിരുന്നതെന്നാണ് കേട്ടത്.
കുറെ ദിവസത്തേയ്ക്ക് ഏതു ഫോണ്‍ വന്നാലും പരമാവധി ബെല്ലടിച്ച ശേഷമേ മാത്തഞ്ചേട്ടന്‍ എടുക്കുമായിരുന്നുള്ളൂ.
(തുടരും)
Kollaam...
ReplyDeleteലളിതമായ ശൈലി.കൊള്ളാം,നന്നായിട്ടുണ്ട്..
ReplyDeleteമനോരാജിന്റെ പോസ്റ്റിലെ കമന്റ് കണ്ടാ ഇവിടെ എത്തീത്...
ReplyDeleteഖത്തര്‍ ലും ഉണ്ടായിരുന്നു ഒരു മീറ്റ്... അതിനെപ്പറ്റിയുള്ള എന്റെ ബ്ലോഗ് താങ്കള്‍ക്കിവിടെ വായിക്കാം...
http://sijoyraphael.blogspot.com/2010/02/blog-post.html
പിന്നെ ഖത്തര്‍ ബ്ലോഗ്ഗേഴ്സിന്റെ ഒഫീഷ്യല്‍ വെബ്സൈറ്റ് ഇതാ...
http://qatar-bloggers.blogspot.com/
ഏറ്റവും രസകരം ഖത്തര്‍ ഇല്‍ നിന്ന് തന്നെയുള്ള മൂന്നാമത്തെ "നേര്‍ക്കാഴ്ച്ചകള്‍" ആണ് താങ്കളുടേത്...
എന്റെ നമ്പര്‍ 5600829 ...
ചാണ്ടിക്കുഞ്ഞേ കണ്ടത്തില്‍ സന്തോഷം. ഞാനൊരു തുടക്കക്കാരനായതിനാല്‍ ഖത്തറിലെ മീറ്റിനെക്കുറിച്ചൊന്നും അറിഞ്ഞില്ല. നേര്‍ക്കാഴ്ചകള് വേറെയും ഉണ്ടെന്നോ? പടച്ചോനെ ആരെങ്കിലും പരാതിയുമായി വരുമോ?
ReplyDelete