പുതിയ കഥാസമാഹാരം “രയറൊം കഥകള്‍ " VPP ലഭിയ്ക്കാന്‍ sidrapubications@gmail

Monday, 10 May 2010

ഒരു മാതൃദിനക്കാഴ്ച!

ചിത്രവും വാര്‍ത്തയും “മാതൃഭൂമി”യില്‍ നിന്നും
മെയ് -9. മാതൃദിനം. പത്ത് ചന്ദ്രമാസങ്ങള്‍ ഉള്ളില്‍ പേറി കഠിന വേദന കടിച്ചമര്‍ത്തി സ്വന്തം രക്തത്തില്‍നിന്നൂറുന്ന അമൃതേകി നമ്മെ നാമാക്കിയ അമ്മയെ ഓര്‍ക്കാനൊരു ദിനം. ആ ദിനത്തിന്റെ തലേന്നാള്‍ നടന്ന ഒരു സംഭവത്തിന്റെ പത്രകട്ടിങ്ങാണ് ഇതോടൊപ്പമുള്ളത്. കഷ്ടം! നാമെവിടെ എത്തി നില്‍ക്കുന്നു?
ഭര്‍തൃമാതാവിനെ സ്വന്തം മാതാവിനെപ്പോലെ കരുതുന്നതാണ് നമ്മുടെ സംസ്കാരം. അവശയും വൃദ്ധയുമായ ആ മാതാവിനോട് ഇത്രയേറെ അവഗണന (അല്ല ക്രൂരത തന്നെ) കാട്ടാന്‍ ഒരു സ്ത്രീയ്ക്ക് എങ്ങെനെ കഴിഞ്ഞു. കാലം പോകെ താനും ഇത്തരമൊരു ഗതിയിലേയ്ക്കെത്തുമെന്ന് മറന്നിട്ടാണോ ഇങ്ങനെയൊക്കെ ചെയ്യുന്നത്? ഇല്ല. കാലം മാപ്പു തരാന്‍ പോകുന്നില്ല ഇതിനൊന്നും.
കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് വലിയൊരു മഴക്കാലത്ത്, കാസര്‍കോഡ് ചന്ദ്രഗിരി പുഴയില്‍ ഒഴുക്കില്‍ പെട്ടു മരണവെപ്രാളം കാട്ടുകയായിരുന്ന ഒരു വൃദ്ധയെ കുറേപ്പേര്‍ ചേര്‍ന്ന് രക്ഷപെടുത്തി. ആശുപത്രിയില്‍ വച്ച് ജീവന്‍ തിരികെ കിട്ടിയ ആ അമ്മയോട് നാട്ടുകാര്‍ വിവരങ്ങള്‍ അന്വേഷിച്ചു. അവര്‍ കരഞ്ഞുകൊണ്ട് മനസു തുറന്നു. സ്വത്ത് സംബന്ധമായ തര്‍ക്കം മൂത്ത് വഴക്കായപ്പോള്‍ മകന്‍ അവരെ പുഴയിലേയ്ക്കു തള്ളുകയായിരുന്നു! പിറ്റേ ദിവസത്തെ പത്രങ്ങളില്‍ ആ നിസ്സഹായ ആയ അമ്മയുടെ ചിത്രം നമ്മുടെ മൂല്യബോധത്തെ പൊള്ളിച്ചുകൊണ്ട് അച്ചടിച്ചു വന്നു. മകനെതിരെ കേസായി. കോടതിയില്‍ വിചാരണ നടന്നു. എല്ലാവരെയും വിസ്മയിപ്പിച്ചുകൊണ്ട് ആ അമ്മ താന്‍ കാല്‍ വഴുതി വീണതാണെന്ന് പറഞ്ഞ് മകനെ രക്ഷിച്ചു!
ഏതു വലിയ കുറ്റവും ക്ഷമിയ്ക്കുന്ന കോടതിയാണ് അമ്മ മനസ്സ്. ലോകം മുഴുവന്‍ വെറുത്താലും സ്വന്തം മകനെ വെറുക്കാന്‍ അമ്മയ്ക്കു കഴിയില്ല. കാശ്മീരില്‍ വെടിയേറ്റു മരിച്ച മലയാളി തീവ്രവാദികളിലൊരാളുടെ അമ്മ തന്റെ മകനെ പരസ്യമായി തള്ളിപ്പറയുകയുണ്ടായി. സാമൂഹ്യസമ്മര്‍ദം കൊണ്ടങ്ങനെ പറഞ്ഞെങ്കിലും മനസ്സില്‍ ആ അമ്മ കരയുകയായിരുന്നെന്ന് ആര്‍ക്കും മനസ്സിലാകും.
അകാലത്തില്‍ മരിച്ച തന്റെ മകന്റെ ജന്മദിനത്തില്‍ വര്‍ഷങ്ങള്‍ക്കു ശേഷം ഇന്നും മുടങ്ങാതെ പത്രത്തില്‍ ഫോട്ടോ കൊടുക്കുന്ന ഒരമ്മയുടെ കഥ ഈ ബ്ലോഗില്‍ ഞാനെഴുതിയിരുന്നു (ഇവിടെ വായിയ്ക്കാം). വൈലോപ്പിള്ളിയുടെ “മാമ്പഴം” വായിച്ചു കരയാത്ത ഏതമ്മയുണ്ട്. ഇടശേരിയുടെ പൂതപ്പാട്ടിലെ അമ്മമാരെ ഇന്നും നമുക്കു ചുറ്റും കാണാം. ഇടശ്ശേരിയുടെ അമ്മ സ്വന്തം കണ്ണുകള്‍ ദാനം ചെയ്തെങ്കില്‍ ഇന്ന് എത്രയൊ അമ്മമാര്‍ സന്തോഷപൂര്‍വം തന്റെ അവയവങ്ങള്‍ രോഗികളായ മക്കള്‍ക്കായി ദാനം ചെയ്യുന്നു!
നമ്മുടെ പുരാണങ്ങളിലെ കുന്തിയും ഗാന്ധാരിയും യേശുവിന്റെ അമ്മ മറിയവും എല്ലാം ഉത്തമ മാതൃസ്നേഹത്തിന്റെ ഉദാഹരണങ്ങള്‍ തന്നെ. മാതാവിന്റെ കാലടിപാടിനടിയില്‍ ആണ് സ്വര്‍ഗമെന്ന് പ്രവാചകന്‍ മുഹമ്മദും ഉണര്‍ത്തി. നൂറ്റാണ്ടുകള്‍ എത്രയോ കഴിഞ്ഞിട്ടും മാതൃസ്നേഹത്തിന്റെ മാറ്റ് ഇന്നും അല്പം പോലും കുറഞ്ഞിട്ടില്ല.
ഇന്ന് എല്ലാവരും വലിയ തിരക്കുകാരാണ്! (എന്തു തിരക്ക്, വെറും അഭിനയം മാത്രം) എന്തൊക്കെയോ വെട്ടിപ്പിടിയ്ക്കാനുള്ള പാച്ചില്‍ ! സ്നേഹവും ബന്ധങ്ങളും കടപ്പാടുകളും മറന്നു കൊണ്ടുള്ള ഈ ഓട്ടത്തിനിടയില്‍ എന്താണു നഷ്ടമാവുന്നതെന്ന് നിങ്ങളോര്‍ക്കുന്നുണ്ടോ? കഴിയുമെങ്കില്‍ നിങ്ങള്‍ അടുത്തുള്ള ഒരു വൃദ്ധമന്ദിരം/അഗതിമന്ദിരം സന്ദര്‍ശിയ്ക്കുക. നമ്മെ ഒരോരുത്തരെയും കാത്തിരിയ്ക്കുന്ന വിധി നമ്മുക്കവിടെ നേരില്‍ കാണാം.  ശരീരം വയസായതുകൊണ്ടു മാത്രം മനസ്സിനു വയസാവില്ല. മനസ് ചുറ്റുപാടും നിന്ന് ലഭിയ്ക്കുന്ന പ്രതികരണങ്ങളില്‍ കൂടി മാത്രമാണ് വയസ്സനാകുന്നത്. നമ്മുടെ മാതാപിതാക്കളുടെ മനസ്സ് എന്നും തമ്മെ താലോലിച്ച അതേ പ്രായത്തിലും കാലഘട്ടത്തിലുമായിരിയ്ക്കും. അവരോട് നിങ്ങള്‍ വയസ്സായിരിയ്ക്കുന്നു എന്നു നമ്മുടെ പ്രവര്‍ത്തികളിലൂടെ നാം പറയരുത്.ഓര്‍ക്കുക ലോകത്തെ ഏറ്റവും വലിയ പീഡനം അവഗണനയാണ്. പ്രത്യേകിച്ച് സ്നേഹത്തോടു കാട്ടുന്ന അവഗണന.

8 comments:

  1. നല്ല വരികള്‍...തുടരുക...

    ReplyDelete
  2. നന്ദി മുഹമ്മദ് ഷാന്‍ , നല്ല വാക്കുകള്‍ക്ക്

    ReplyDelete
  3. ശ്രദ്ധയാണ് ഏറ്റവും നല്ല വളം, അവഗണനയാണ് ഏറ്റവും വലിയ ശിക്ഷയും. ..മാതാപിതാക്കളോട് 'ഛെ'എന്ന് പോലും പറയരുതെന്നും മാതാവിന്റെ കാലടിപ്പാടിനടിയില്‍ ആണ് സ്വര്‍ഗമെന്നും പ്രവാചകന്‍!
    പത്തുമാസം ചുമന്നു, നൊന്തു പ്രസവിച്ച്, വെന്തു നീറി വളര്‍ത്തിയ അമ്മക്ക് എത്ര വിലയിടും? എത്ര ജന്മം വീട്ടിയാലാണ് ആ കടം വീടുക? അതിനു പകരം നാം .......

    നല്ല ലേഖനം! ഇനിയും തുടരുക.
    ഖത്തറില്‍ ഇങ്ങനെ ഒരു പുലി ഒളിച്ചു കഴിയുന്നത് ആരും അറിഞ്ഞില്ല.ഞാനും ഖത്തറില്‍ തന്നെ (പട്ടിണി കിടക്കാതിരിക്കാനല്ല. മറ്റു പല കാരണങ്ങള്‍ കൊണ്ടാണ് കേട്ടോ) .
    പരിചയപ്പെടാന്‍ ആഗ്രഹിക്കുന്നു.

    ReplyDelete
  4. ഹായ് ഇസ്മായില്‍ വളരെ നന്ദി. ഈയുള്ളവന്‍ വെറുമൊരു എലി മാത്രമാണേ.
    പരിചയപെടാന്‍ സന്തോഷം മാത്രം. ഒരു ഇമെയില്‍ അയച്ചാല്‍ മതി..

    ReplyDelete
  5. നാട്ടില്‍ ചെന്നാല്‍ കാണാം, വൃദ്ധസദനങ്ങളായി മാറുന്ന തറവാടുകള്‍‍.
    മക്കള്‍ ഒന്നുകില്‍ പിരിഞ്ഞു പോയി പുതിയ കൂടുണ്ടാക്കി, അല്ലെങ്കില്‍ വിദേശത്ത്. കൂട്ടുകുടുംബങ്ങള്‍ താങ്ങി നിര്‍ത്തിയത് ഇന്ന് അണുകുടുംബങ്ങള്‍ അനാഥമാക്കുന്നു.
    ഞാനും എഴുതി.



    ഖത്തര്‍കാരനെ കണ്ടതില്‍ സന്തോഷം.

    ReplyDelete
  6. 'ഓര്‍ക്കുക ലോകത്തെ ഏറ്റവും വലിയ പീഢനം അവഗണനയാണ്.സ്നേഹത്തോട് കാട്ടുന്ന അവഗണന'.ക്വോട്ട് ചെയ്യാന്‍ ഇതിലും നല്ല വാക്കില്ല ബിജുവേട്ടാ.നൂറ് ശതമാനം യോജിക്കുന്നു പോസ്റ്റില്‍ പറഞ്ഞ കാര്യങ്ങളോട്.

    അമ്മമനസ്സെന്ന ആ കോടതിയുണ്ടല്ലോ...ഹോ!!
    സത്യായിട്ടും ഞാന്‍ ആദ്യായിട്ടാ ആ സംഭവം കേള്‍ക്കുന്നേ.ആ കഴുവേറി മോനും മനുഷ്യജന്മം തന്നെയാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.അമ്മ മനസ്സിനെ അവഗണിക്കുന്ന നെറികെട്ടവരുടെ കണ്ണ് തുറക്കാന്‍ ഈ സംഭവമെങ്കിലും പ്രചോദനമായെങ്കില്‍ എന്നാശംസിച്ച് പോവുന്നു.

    ReplyDelete
  7. ഇസ്മായില്‍ ,രഘുനാഥന്‍ ,കലാം, ജിപ്പൂസ് നന്ദി :))
    കലാമിന്റെ കവിത വായിച്ചു. വളരെ നന്നായിരിയ്ക്കുന്നു.
    എന്റെ പോസ്റ്റ് വായിച്ചിട്ട് ആര്‍ക്കെങ്കിലും തങ്ങളുടെ മാതാവിന്റെ ഓര്‍മ്മയില്‍ ഒരു തുള്ളി കണ്ണീര്‍ വന്നെങ്കില്‍ ഞാന്‍ കൃതാര്‍ത്ഥനായി.

    ReplyDelete

കമന്റിലെ അക്ഷരങ്ങള്‍ക്ക് നിറം നല്‍കാന്‍ [co="red"]Type Text here[/co] . ഇവിടെ red എന്നതിനു പകരം മറ്റ് നിറങ്ങള്‍ നല്‍കിയാല്‍ മതിയാകും.