പുതിയ കഥാസമാഹാരം “രയറൊം കഥകള്‍ " VPP ലഭിയ്ക്കാന്‍ sidrapubications@gmail

Saturday 15 May 2010

കാശുണ്ടോ? കലാപം റെഡി!

കാര്‍ട്ടൂണ്‍ മാതൃഭൂമി പത്രത്തില്‍ നിന്നും
വിലയ്ക്കു വാങ്ങാം കലാപം! റേറ്റിങ്ങ് കൂട്ടണോ? പ്രശസ്തി കൂട്ടണോ? കൈയില്‍ കാശുണ്ടെങ്കില്‍ സംഗതി സിമ്പിള്‍ .ശ്രീരാമ സേന (വാനരന്മാര്‍ ?) നേതാവിനെ കാണുക. ക്വൊട്ടേഷന്‍ കൊടുക്കുക. ബാക്കിയെല്ലാം അവരു നോക്കിക്കൊള്ളും!മേല്പറഞ്ഞ സേനാ നേതാവ് പ്രമോദ് മുത്തലിക്കിനെ കുടുക്കിയ ഒളികാമറ സംഭാഷണം “ഇന്‍ഡ്യാ ടുഡേ“ വെബ്സൈറ്റില്‍ നിന്നും വായിയ്ക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. മതത്തിന്റെ മറയിട്ട ഫാസിസം/തീവ്രവാദം ഏതറ്റം വരെ പോകാമെന്നതിന്റെ ഉത്തമോദാഹരണമാണീ വെളിപ്പെടുത്തല്‍ . സാധാരണ ഗുണ്ടകളുടെ ക്വൊട്ടേഷന്‍ പണി നിലവാരത്തിലേയ്ക്ക് തീവ്രവാദ സംഘടനകള്‍ മാറുന്നു എന്നത് സമൂഹം കണ്ണു തുറന്നു കാണേണ്ടുന്ന യാഥാര്‍ത്ഥ്യമാണ്. ഇത് ഒരു ശ്രീരാമ സേനയില്‍ മാത്രം ഒതുങ്ങുന്നതുമല്ല. വ്യത്യസ്ഥ മതങ്ങളുടെ ലേബലില്‍ നമ്മുടെ നാട്ടില്‍ കാണുന്ന സംഘടനകളെല്ലാം ഇത്തരം ചില നിക്ഷിപ്ത താല്പര്യങ്ങള്‍ക്ക് വേണ്ടി മാത്രമാണ് ഇവിടെ കലാപ(ശ്രമ)മുണ്ടാക്കുന്നത്. കുറച്ചുനാള്‍ മുന്‍പ് തൊടുപുഴ ന്യൂമാന്‍ കോളേജില്‍ നടന്ന ചോദ്യപ്പേപ്പര്‍ സംഭവം, ഇക്കഴിഞ്ഞ ദിവസങ്ങളില്‍ കൊഴിക്കോട് കിനാലൂരില്‍ ഉണ്ടായ സംഭവം , പിന്നെ തീവ്രസ്വഭാവമുള്ള പ്രാദേശികമായി നടക്കുന്ന അനേകം സംഭവങ്ങള്‍ ഇവയെല്ലാംഇവയൊക്കെ കൃത്യമായ ലക്ഷ്യത്തോടെ നടപ്പാക്കപ്പെടുന്നതാണ്‍. ഇത്രയും നൂറ്റാണ്ടുകള്‍ ഒരു പോറല്‍ പോലും ഏല്‍ക്കാതെ നിലനിന്ന മതസമൂഹങ്ങള്‍ക്ക് ഈ സാമൂഹ്യവിരുദ്ധരുടെ സഹായം വേണോ ഇനിയും നിലനില്‍ക്കാന്‍ ? ഇത് അവര്‍ നമ്മെ പറഞ്ഞ് വിശ്വസിപ്പിയ്ക്കാന്‍ ശ്രമിയ്ക്കുന്ന ഒന്നാന്തരം തട്ടിപ്പാണ്.
ന്യൂമാന്‍ കോളേജില്‍ ചോദ്യപ്പേപ്പര്‍ പടച്ചുണ്ടാക്കിയ അധ്യാപഹയന് താനെന്താണ് ചെയ്യുന്നതെന്ന് വ്യക്തമായ ബോധ്യമുണ്ടായിട്ടും അതിനു തയ്യാറായത് ഗൂഡോദ്ദേശത്തോടെ തന്നെയാണ്. പക്ഷേ അതിനു വിലകൊടുക്കേണ്ടി വന്നത് നിരപരാധികളും.ഇയ്യിടെ ഒരു സ്കൂളില്‍ തട്ടമിട്ടു വന്നു എന്നതിന്റെ പേരില്‍ ഒരു കുട്ടിയെ പുറത്താക്കുകയുണ്ടായി. എന്താണ് ആ സ്ക്കൂള്‍ മേധാവിയുടെ ബോധനിലവാരം? കാലത്തിന്റെ ചുവരെഴുത്തു വായിയ്ക്കാന്‍ കഴിവില്ലാത്ത ഇവരെങ്ങിനെ ഒരു സ്കൂള്‍ മേധാവിയായി?
കിനാലൂരില്‍ നടന്നത് ശരിയ്ക്കും ഒരു ടെസ്റ്റ് ഡോസാണ്. ഇതാ ഈ ലേഖനം ഒന്നു വായിച്ചു നോക്കൂ.
“രാഷ്ട്രീയ വൈരാഗ്യം+നിക്ഷിപ്ത താല്പര്യക്കാരായ ചില മാധ്യമങ്ങള്‍ + അരാജകവാദികളായ, തീവ്ര ഇടതു മേലങ്കിയണിഞ്ഞ ചില “ബു.ജി“കള്‍ + മുഖം‌മൂടിയിട്ട മതതീവ്രവാദികള്‍ = കിനാലൂര്‍ സംഭവം“ എന്നതാണതിന്റെ സമവാക്യം. നാട്ടിലെ ഉത്തരവാദിത്തപ്പെട്ട രാഷ്ട്രീയപാര്‍ട്ടികളാണ് ഇത്തരം സമരം നടത്തുന്നത് എങ്കില്‍ നമുക്കതു മനസ്സിലാക്കാം. (ഇവിടെ അവരാരും രംഗത്തില്ല.) അല്ലെങ്കില്‍ ഒരു കുടിയൊഴിപ്പിക്കലാണെങ്കിലും മനസ്സിലാക്കാം. എന്നാല്‍ വെറും പ്രാഥമിക സര്‍വേയുടെ പേരില്‍ ഇവിടെ കൃത്യമായ ആസൂത്രണത്തോടെ പുറത്തുനിന്നും ഇറക്കുമതി ചെയ്ത, മതചിഹ്നങ്ങളണിഞ്ഞ സ്ത്രീകളടക്കമുള്ളവരെ മുന്നില്‍ നിര്‍ത്തി, പോലീസിനെ പ്രകോപിപ്പിച്ച് കലാപമുണ്ടാക്കുക. ഇത് ജനകീയ സമരമൊന്നുമല്ല.
ആയിരക്കണക്കിന് വര്‍ഷങ്ങളുടെ പാരമ്പര്യമുള്ള ഭാരതീയ സംസ്ക്കാരം രക്ഷിക്കാനെന്ന് പറഞ്ഞ് മുത്തലിക്കിനെ പോലുള്ള ഗുണ്ടകള്‍ കാണിയ്ക്കുന്ന പേക്കൂത്തുകള്‍ ഈ സംസ്കാരത്തെ തന്നെയാണ് നശിപ്പിയ്ക്കുന്നത്.  ഉത്തമ മതങ്ങളായ ക്രൈസ്തവതയേയും ഇസ്ലാമിനേയും രക്ഷിയ്ക്കാനെന്നു പറഞ്ഞ് രംഗത്തു വരുന്ന തീവ്രവാദികളും ഇതു തന്നെയാണ് ചെയ്യുന്നത്. ഇവരാരും ഇല്ലെങ്കില്‍ ഈ മതങ്ങള്‍ നശിയ്ക്കുമെന്നത്രേ ഇവര്‍ വിളിച്ചുകൂവുന്നത്. ശാന്തം! പാപം!
മുത്തലിക്കിന്റെ ശരീരഭാഷപോലും ഒന്നാന്തരമൊരു ഗുണ്ടയുടേതാണ്. പത്രപ്രവര്‍ത്തനത്തിനു പകരം ഇതൊരു ഒറിജിനല്‍ ഡീലായിരുന്നെങ്കിലോ? പാവപ്പെട്ട എത്രയോ മനുഷ്യരുടെ ജീവനും സ്വത്തുവകകളും നശിപ്പിയ്ക്കപ്പെടുമായിരുന്നു. ഹിന്ദു ഫാസിസ്റ്റുകള്‍ക്കും ഇസ്ലാമിക തീവ്രവാദികള്‍ക്കും ആളും പണവും കൂട്ടാന്‍ ഒന്നാന്തരമൊരു ചാന്‍സുമായേനെ!
“ഇന്‍ഡ്യാടുഡേ“യില്‍ കൊടുത്തിരിയ്ക്കുന്ന, മുത്തലിക്കിന്റെ സംഘടനാപാരമ്പര്യം ശ്രദ്ധിച്ചാല്‍ ഒരു കാര്യം വ്യക്തമാകും, ഇയാള്‍ ഒരിടത്തും ഉറച്ചു നില്‍ക്കാതെയാണ്  അവസാനം സ്വന്തം ഗുണ്ടാപ്പടയുമായി ഇറങ്ങിയിരിയ്ക്കുന്നത്. വെറും അന്‍പത് പേരെ വച്ച് ഒരു കലാപം സംഘടിപ്പിച്ചാല്‍ അറുപത് ലക്ഷം രൂപ കിട്ടുമെന്നൊക്കെ ആയാല്‍ , ഇനിയും ധാരാളം മതസംരക്ഷകരെ നാം പ്രതീക്ഷിയ്ക്കണം.
നമ്മുടെ നാട്ടില്‍ മതസംരക്ഷകരെന്നു പറഞ്ഞ് നടക്കുന്ന ഏതു ഫാസിസ്റ്റ്/തീവ്രവാദ സംഘടനയുടേയും പ്രവര്‍ത്തകരെ നിങ്ങള്‍ നിരീക്ഷിച്ചു നോക്കൂ. ഇവര്‍ക്കെല്ലാം ഒരേ മുഖമാണ്. പൊതുവില്‍ നാട്ടിലെ പൊതുരംഗത്തൊന്നും വരാത്തവരും മറ്റുപ്രത്യേക ജോലികളൊന്നും ഇല്ലാത്തവരും ആയിരിയ്ക്കും മിക്കവരും. എന്നാല്‍ പണത്തിന് യാതൊരു ക്ഷാമവുമില്ല. കൊച്ചിലെ തലതിരിഞ്ഞുപോയ യുവാക്കളെ കണ്ടുപിടിച്ച് പണവും പരിശീലനവും നല്‍കിയാണ് “മതസംരക്ഷണ“ത്തിനായി ഇറക്കിവിടുന്നത്. സെന്‍സിറ്റീവായ സ്ഥലങ്ങളില്‍ ഒരു തീപ്പൊരി മതിയാവും ആളിക്കത്താന്‍ . അതോടെ ഇവര്‍ വാഴവെട്ടല്‍ ആരംഭിയ്ക്കും. ഇന്നലെ വരെ പരസ്പരസ്നേഹത്തോടെ കഴിഞ്ഞ അയല്‍ക്കാര്‍ തങ്ങളുടെ മതം നേരിടുന്ന “ഭീഷണി”യെക്കുറിച്ച് ചിന്തിയ്ക്കാന്‍ തുടങ്ങും. പിന്നെ കാര്യങ്ങള്‍ എളുപ്പമായി.
എല്ലാ മത സംരക്ഷരും തങ്ങളുടെ മതം/വിശ്വാസം “ഇരകളാ”ണെന്ന ബോധനിര്‍മാണത്തിനാണ് എപ്പോഴും ശ്രമിയ്ക്കുന്നത്. ഇപ്പോഴിതാ പുതിയൊരിനം തീവ്രവാദികളും രംഗത്ത് വന്നിരിയ്ക്കുന്നു! ഇടതുപക്ഷ-മാവോയിസ്റ്റുകള്‍ .കാലാകാലങ്ങളായി ചൂഷണത്തിനിരയായ ആദിവാസികളെ സംഘടിപ്പിച്ചാണ് അവരുടെ പടപ്പുറപ്പാട്. എതിരഭിപ്രായം ഉള്ളവരെ നിഷ്കരുണം കൊന്നു തള്ളുക എന്നതാണ്  ലൈന്‍ . (ഭരണകൂടത്തിന്റെ കൊള്ളരുതായ്മയും ഇതിനു കാരണമാകുന്നുണ്ട്.)
ഇന്നോളം നടന്നിട്ടുള്ള വര്‍ഗീയ കലാപങ്ങളാവട്ടെ, രാഷ്ട്രീയ കൊലപാതകങ്ങളാകട്ടെ, ഭീകരാക്രമണങ്ങളാവട്ടെ; അവ നടപ്പാക്കിയവരാരും മതനിയമങ്ങളോ രാഷ്ട്രീയ ആദര്‍ശങ്ങളോ തങ്ങളുടെ വ്യക്തിജീവിതത്തില്‍ പാലിയ്ക്കുന്നവരല്ല. തികഞ്ഞ ക്രിമിനലുകള്‍ മാത്രമാണവര്‍ .ഇവ ആസൂത്രണം ചെയ്തവരൊ, പൊതുസമൂഹത്തോടും എതിരഭിപ്രായങ്ങളോടും തികഞ്ഞ അസഹിഷ്ണുതയുള്ളവരും. ഇവരൊന്നും ഏതെങ്കിലും മതത്തെയോ ആദര്‍ശത്തെയോ പ്രതിനിധീകരിയ്ക്കുന്നില്ല. തങ്ങളുടെ വരുതിയ്ക്കു നില്‍ക്കുന്ന, മസ്തിഷ്ക പ്രക്ഷാളനം ചെയ്യപ്പെട്ട ഒരു കൂട്ടം ആളുകളെ ഉപയോഗിച്ച്, സമൂഹത്തില്‍ അസഹിഷ്ണുതയും അരാജകത്വവും വിതക്കുക; എന്നിട്ട്  “അടിയന്‍ ലച്ചിപ്പോം “ എന്നാര്‍ത്തു ചാടിവീണ്, വിഹ്വലമായ സമുദായത്തിന്റെ/മതത്തിന്റെ/വര്‍ഗത്തിന്റെ സംരക്ഷകരായി വിലസുക.
നാട്ടില്‍ കുഴപ്പങ്ങളില്ലാത്ത പക്ഷം ഇത്തരം സംഘടനകള്‍ക്ക് നിലനില്‍പ്പില്ല. അതുകൊണ്ട് തന്നെ ഇവര്‍ എപ്പോഴും “സാധ്യത“കള്‍ തിരഞ്ഞുകൊണ്ടിരിയ്ക്കും. ഇത്തരം ഒരു സാധ്യതയ്ക്കൊപ്പം കാശുംകൂടെ കിട്ടുമെന്നു വന്നപ്പോള്‍ , ഇര കണ്ടപാടെ മുത്തലിക്ക് കേറിക്കൊത്തി. ഇപ്പോഴിതാ ചൂണ്ടക്കൊളുത്തില്‍ കിടന്ന് മരണപരാക്രമം കാണിയ്ക്കുന്നു.
ബൂലോഗത്തിലും ഇത്തരം ആള്‍ക്കാരുടെ ശല്യം കൂടി വരുകയാണ്. ചില കൂട്ടര്‍ നിരന്തരം മതപരമായ/അന്യമത നിന്ദാപരമായ പോസ്റ്റുകള്‍ പടച്ചു വിടുന്നത് കൃത്യമായ ലക്ഷ്യത്തോടെയാണ്. അവയുടെ തലക്കെട്ടുകള്‍ തന്നെ അവരുടെ ഉദ്ദേശത്തെ വെളിവാക്കുന്നു. ആരെങ്കിലുമൊക്കെ അതില്‍ കേറി കൊത്തും; പിന്നെ ചീത്തവിളിയായി, പക്ഷം ചേരലായി, ആകെ രംഗം കൊഴുക്കും. ഇങ്ങനെ അടിപിടിയിലൂടെ ശ്രദ്ധാകേന്ദ്രമാകുകയും ധ്രുവീകരണമുണ്ടാക്കുകയുമാണ്   ഇവരുടേയും ലക്ഷ്യം.
തെഹല്‍ക്ക അവരുടെ ഉത്തമപാരമ്പര്യം ഉയര്‍ത്തിപിടിച്ചുകൊണ്ട്, ഒരു ഫാസിസ്റ്റ് ഗുണ്ടാതലവന്റെ പൊയ്‌മുഖം വെളിച്ചത്തു കൊണ്ടുവരാന്‍ നടത്തിയ ഉദ്യമം എല്ലാ അഭിനന്ദനങ്ങളും അര്‍ഹിയ്ക്കുന്നുണ്ട്.
 കഷ്ടപ്പാടില്‍ ഒന്നിച്ചു കഴിയുന്നവര്‍ ഒരിയ്ക്ക്ലലും അപരന്റെ ജാതിയോ മതമോ അന്വേഷിക്കാറില്ല. സൌദി മരുഭൂമിയില്‍ കൊടും കഷ്ടതയില്‍ ഒന്നിച്ചു ജീവിയ്ക്കുന്ന എത്രയോ ഹിന്ദുവും ക്രിസ്ത്യനും മുസല്‍മാനുമുണ്ട്. ഇന്ത്യക്കാരനും പാകിസ്ഥാനിയുമുണ്ട്! ഒരേ പാത്രത്തില്‍ നിന്നുണ്ട് ഒരേ പായയില്‍ കിടന്നുറങ്ങുന്നവര്‍ !
സൌദിയില്‍ എന്നോടൊപ്പം മുറിയില്‍ താമസിച്ചിരുന്നത് ഒരു മുസ്ലീം യുവാവായിരുന്നു. ഞങ്ങള്‍ മൂന്നു വര്‍ഷം ഒന്നിച്ച് ചോറ് വച്ച്, ഒന്നിച്ചു കഴിച്ചു. ഒന്നിച്ചുറങ്ങി, സ്വകാര്യ ദു:ഖങ്ങളും സന്തോഷങ്ങളും പങ്കുവച്ചു. ഒരു വിശ്വാസ വൈജാത്യവും ഞങ്ങള്‍ക്കിടയില്‍ കയറി വന്നില്ല. അവിടെ നിന്നു പിരിഞ്ഞിട്ടുമിന്നും ആ സ്നേഹബന്ധം നിലനില്‍ക്കുന്നു. മനുഷ്യന് മറ്റു വലിയ കഷ്ടപ്പാടുകള്‍ ഒന്നും ഇല്ലാതെ ബോറടിയ്ക്കുമ്പോഴാണ് തങ്ങളുടെ മത(വിശ്വാസ)ത്തിനെന്തോ ഭീഷണിയുണ്ടെന്നൊക്കെ തോന്നുന്നത്. വെറുതെയിരിയ്ക്കുന്ന മനസ്സിലാണ് ചെകുത്താന്‍ കൂടുകെട്ടുന്നത് എന്ന മഹത്‌വചനം ഓര്‍ക്കുക.
മതവിശ്വാസം നമ്മുടെ സ്വകാര്യവിഷയമാണ്. അതിന്റെ നല്ല വശങ്ങള്‍ നമ്മുടെ ജീവിതത്തില്‍ പകര്‍ത്താം; മറ്റുള്ളവര്‍ക്കു പകര്‍ന്നും നല്‍കാം. ഒപ്പം മറ്റുള്ളവരുടെ വിശ്വാസങ്ങളെ മാനിയ്ക്കുകയും അവയിലെ നല്ല വശങ്ങളെ സ്വീകരിയ്ക്കകയുമാകാം. ഒന്നോര്‍ക്കുക,
മതമില്ലെങ്കിലും മനുഷ്യന്‍ ജീവിയ്ക്കും. എന്നാല്‍ മനുഷ്യനുണ്ടെങ്കിലേ മതമുള്ളൂ.
“മനുഷ്യന്‍ മതങ്ങളെ സൃഷ്ടിച്ചു
മതങ്ങള്‍ ദൈവങ്ങളെ സൃഷ്ടിച്ചു
മനുഷ്യനും മതങ്ങളും ദൈവങ്ങളും ചേര്‍ന്ന്
മണ്ണു പങ്കു വച്ചു; മനസ്സു പങ്കു വച്ചു.
ഹിന്ദുവായി മുസല്‍‌മാനായി കൃസ്ത്യാനിയായി
തമ്മില്‍ കണ്ടാലറിയാതായി.
മനുഷ്യന്‍ തെരുവില്‍ മരിയ്ക്കുന്നു;
മതങ്ങള്‍ ചിരിയ്ക്കുന്നു.“
(വയലാര്‍ രാമവര്‍മ്മയെഴുതി യേശുദാസ് അനശ്വരമാക്കിയ ഒരു ഗാനത്തില്‍ നിന്നും ഓര്‍മ്മയിലെടുത്തെഴുതിയത്)

7 comments:

  1. പ്രിയ ബിജു,
    വളരെ നന്നായിട്ടുണ്ട് . നമുക്കിന്ന്‍ മതത്തിന്റെ ലേബല്‍ ഇല്ലാതെ ജീവിയ്ക്കാന്‍ പറ്റില്ല എന്ന അവസ്ഥയാണ്‌ .ഈ അവസ്ഥ മാറ്റാന്‍ നമ്മള്‍ തന്നെ മുന്നിട്ടിറങ്ങണം . ഞാന്‍ ഒരാള്‍ വിചാരിച്ചിട്ട് എന്ത് ചെയ്യാനാ , എന്ന മനോഭാവം മാറണം .ഓരോ വ്യക്തിയും തനിയ്ക്ക് കഴിയുന്നത്‌ ചെയ്താല്‍ കൊടിക്കനിക്കിനു വരുന്ന നമുക്ക് ഈ മത തീവ്രവാദ ന്യൂന പക്ഷത്തെ തീര്‍ച്ചയായും ഇല്ലാതാക്കാം. അതിനു ആയുധത്തിന്റെ ആവശ്യം ഇല്ല. സാമാന്യ ബുദ്ധി മാത്രം മതി .
    ധീരമായി എഴുതൂ . ആശംസകള്‍ .

    ReplyDelete
  2. ഒരൊറ്റ ജനത എന്നത് എവിടെയോ പോയ് മറഞ്ഞു.... മതങ്ങളുടെ പേരില്‍ ചൂഷണം ചെയ്ത് ജീവിക്കുവാന്‍ കുറേ ആളുകള്‍... ചരിത്രം ആവര്‍ത്തിക്കുവാന്‍ നാം അനുവാദം നല്‍കുന്നു എന്നത് ദു:ഖകരം തന്നെ...

    ReplyDelete
  3. മുത്തലിക്കിന്റെ റേറ്റ് അല്പം കൂടുതലാ, അല്ലെങ്കില്‍ ഒരെണ്ണം ഓര്‍ഡര്‍ ചെയ്യാമായിരുന്നു.
    :)
    വിശദമായി എഴുതിയിരിക്കുന്നു.
    എന്നാലും ഒന്നൂടെ എഡിറ്റി മിനുക്കാം.

    ReplyDelete
  4. @മുഹമ്മദ് ഷാന്‍ : :) :) :)
    @ഡ്രീം ഗിയര്‍ : അഭിപ്രാത്തിനു നന്ദി. നമുക്കൊന്നിച്ച് മുന്നേറാം :)
    @മനോജ് : നന്ദി
    @അനില്‍ : നിര്‍ദേശം പരിഗണിക്കാം

    ReplyDelete
  5. തെമ്മാടികളുടെ അവസാന അഭയകേന്ദ്രമാണ് രാഷ്ട്രീയം എന്ന് കണ്ഫ്യുഷ്യസ് പറഞ്ഞത് ഇത്തരം ആളുകളെ ക്കുറിച്ചാണ്.
    ഇത് ഒരു ചലനവും ഇവിടെ ഉണ്ടാക്കാന്‍ പോകുന്നില്ല. മറവിയുടെ ഗര്‍ത്തത്തിലേക്ക് ഒന്ന് കൂടി.
    നിലവിലെ രാഷ്ട്രീയക്കാരെ ഉന്മൂലനം ചെയ്യാന്‍ ക്വേട്ടെഷന്‍ ഏറ്റെടുക്കാന്‍ ആരെങ്കിലും തയാറായെങ്കില്‍ നന്നായേനെ!

    ReplyDelete
  6. "മതമില്ലെങ്കിലും മനുഷ്യന്‍ ജീവിക്കും
    എന്നാല്‍ മനുഷ്യനുണ്ടെങ്കിലേ മതമുള്ളൂ."

    പക്ഷേ മുത്തലിക്കുമാര്‍ ജീവിക്കുന്നത് മതം കൊണ്ടാണ്.

    ആവശ്യമായ എഴുത്ത്.അഭിവാദ്യങ്ങള്‍.

    ReplyDelete

കമന്റിലെ അക്ഷരങ്ങള്‍ക്ക് നിറം നല്‍കാന്‍ [co="red"]Type Text here[/co] . ഇവിടെ red എന്നതിനു പകരം മറ്റ് നിറങ്ങള്‍ നല്‍കിയാല്‍ മതിയാകും.