പുതിയ കഥാസമാഹാരം “രയറൊം കഥകള്‍ " VPP ലഭിയ്ക്കാന്‍ sidrapubications@gmail

Thursday, 21 June 2012

അനന്തപുരി വിശേഷങ്ങള്‍ - യാത്രാവിവരണം - 3

കുളത്തൂപ്പുഴ, തെന്മല, അരുവിക്കര.

തിരുവനന്തപുരത്തെ രണ്ടാമത്തെ ദിവസം. ഇന്നു വളരെ വിപുലമായ ഒരു ട്രിപ്പാണ് ഉദ്ദേശിയ്ക്കുന്നത്. പ്രധാനലക്ഷ്യം തെന്മല ഇക്കോ ടൂറിസം. ഞങ്ങളോടൊപ്പം വരാനായി പ്രേംകുമാര്‍ ഇന്നത്തേയ്ക്ക് അവധിയെടുത്തിരിയ്ക്കുകയാണ്. നല്ല തെളിഞ്ഞ കാലാവസ്ഥ. രാവിലെ തന്നെ പുറപ്പെട്ടാലേ എല്ലായിടവും നന്നായി കാണാനൊക്കൂ. അടുക്കളയില്‍ ഹേമയോടൊപ്പം എന്റെ സഹധര്‍മ്മിണിയും കൂടി. ഏഴുമണിയായപ്പോള്‍ ചൂട് ഇഡലിയും സാമ്പാറും ചായയും റെഡി. വയറുനിറയെ തട്ടി. ഏഴരയ്ക്ക് എല്ലാവരും യാത്രയ്ക്ക് തയ്യാറായി. കുടിയ്ക്കാനുള്ള വെള്ളം, അത്യാവശ്യം ലഘുഭക്ഷണം എന്നിവയൊക്കെ ഹേമ ഒരു സഞ്ചിയിലാക്കി തൂക്കിയെടുത്തു.  ഇന്നോവ  റെഡിയായി റോഡില്‍ നില്‍ക്കുന്നു.

വണ്ടിയ്ക്കരുകിലേയ്ക്ക് നടക്കുമ്പോഴാണ് തൊട്ടടുത്ത ഫ്ലാറ്റിന്റെ മുന്‍പില്‍ നില്‍ക്കുന്ന ഒരു സുന്ദരി വൃക്ഷം ശ്രദ്ധയില്‍ പെട്ടത്. അക്ഷരാര്‍ത്ഥത്തില്‍ അടിമുടി പൂക്കള്‍ ചൂടിയ സുന്ദരി. “നാഗവൃക്ഷം” എന്നോ മറ്റോ ഒരു പേര് ഹേമ പറഞ്ഞു. ഈ മരത്തിനു പാമ്പുകളെ ആകര്‍ഷിയ്ക്കാന്‍ പ്രത്യേക കഴിവുണ്ടത്രേ. ആയതിനാല്‍ ഐശ്വര്യദായിനി. എന്തായാലും നമ്മുടെ കണ്ണുകള്‍ക്കൊരു വിരുന്നുതന്നെ ഈ വൃക്ഷം.
നാഗവൃക്ഷം
തെന്മല ലക്ഷ്യമാക്കി വാഹനം ഓടിത്തുടങ്ങി. നഗരം പിന്നിട്ടതോടെ നാട്ടിന്‍പുറ കാഴ്ചകള്‍. പാലോട് വഴി തിരുവനന്തപുരം - ചെങ്കോട്ട റോഡിലൂടെയാണു യാത്ര. കുറെയങ്ങെത്തിയതോടെ വനമേഖലയുടെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങി. ഉദ്ദേശം ഒരുമണിക്കൂര്‍ യാത്ര കഴിഞ്ഞപ്പോള്‍ ചെറിയൊരു പുഴകണ്ടു, സമീപത്തായി ഒരു ബോര്‍ഡും.
“കുളത്തൂപ്പുഴ ശ്രീധര്‍മ്മശാസ്താ ക്ഷേത്രം”. ശബരിമല തീര്‍ത്ഥാടനകാലത്ത് ഏറെ കേള്‍ക്കുന്ന ഒരു പേരാണല്ലോ കുളത്തൂപ്പുഴയിലെ ബാലശാസ്താവ്. ഇറങ്ങികാണുക തന്നെ.  തിരുവനന്തപുരത്തു നിന്നും 60 കിലോമീറ്റര്‍  അകലമുണ്ട് ഇങ്ങോട്ടേയ്ക്ക്. അമ്പലപരിസരത്ത് വാഹനം പാര്‍ക്കു ചെയ്തശേഷം ഞങ്ങളിറങ്ങി.  ഭക്തശിരോമണിയായ സഹധര്‍മ്മിണിയ്ക്കു വലിയ സന്തോഷം. നീണ്ടനേരത്തെ യാത്രയ്ക്കു ശേഷം കുറച്ചുനേരം മടുപ്പുമാറ്റാമല്ലോ എന്നോര്‍ത്തപ്പോള്‍ എനിയ്ക്കും സന്തോഷം. ഞങ്ങളെല്ലാവരും അമ്പലത്തിലേയ്ക്കു പോയി. അമ്പലപരിസരം ശൂന്യം. ഒന്നോ രണ്ടോ ജീവനക്കാര്‍ അതിലെ നടന്നു പോയി.

“ശബരിമല കാലത്ത് ഇവിടെ കാലുകുത്താന്‍പറ്റാത്തത്ര തിരക്കായിരിയ്ക്കും..” പ്രേം കുമാര്‍ പറഞ്ഞു. മലകയറാന്‍ പോകുന്നവരെല്ലാം ഇവിടെയിറങ്ങി തൊഴുതിട്ടേ പോകുകയുള്ളു. അമ്പലത്തിനുള്ളില്‍ ഒന്നു വലം വെച്ചു. അപ്പോള്‍ ഇടതുവശത്ത് ഒരു കാവു കണ്ടു. ഞങ്ങള്‍ അങ്ങോട്ടു നടന്നു. വള്ളിപ്പടര്‍പ്പുകള്‍ മേലാപ്പിട്ട ഹരിതകൂടാരം. എന്തൊരു കുളിര്‍മ്മ..! പ്രകൃതിയുടെ എയര്‍കണ്ടീഷനിങ്..! അവിടെ നിന്നിറങ്ങിയപ്പോള്‍ ചെറിയ ഒരു ദേവതാക്ഷേത്രമുണ്ട് മുന്‍പില്‍. അതിന്റെ ചുറ്റുപാടും കൊച്ചു കൊച്ചു തൊട്ടിലുകള്‍..! അതേ, കുട്ടികളില്ലാത്തവരുടെ വഴിപാടാണ്. അനപത്യതാദു:ഖത്തിന്റെ കണ്ണീര്‍ ആ ഓരോ തൊട്ടിലിനെയും നനച്ചിരുന്നു.

അമ്പലമതിലിനു വെളിയില്‍ വന്നപ്പോഴാണ് മറ്റൊരു ബോര്‍ഡ് കണ്ടത് ,“തിരുമക്കള്‍ക്കുള്ള മീനൂട്ട് വഴിപാട്”. “ഇവിടെ പുഴയില്‍ വമ്പന്മാരു മീനുകളുണ്ട്. ദേവന്റെ മക്കളായതു കൊണ്ട് ആരും പിടിയ്ക്കില്ല. അവര്‍ക്കു തീറ്റ കൊടുക്കുന്നത് ഇവിടുത്തെ വഴിപാടാണ്..” പ്രേംകുമാര്‍ വിശദീകരിച്ചു തന്നു. അപ്പോള്‍ മക്കള്‍ക്കവയെ കാണണമെന്നു നിര്‍ബന്ധമായി. അവിടെ രണ്ടു മാടക്കടകളുണ്ട്. ദേവസ്വം വകയാണത്രെ. ഞങ്ങള്‍ അവിടെ പോയി പറഞ്ഞു “എല്ലാവര്‍ക്കും ഓരോ മീനൂട്ട് വഴിപാട്..” കടയിലിരുന്ന പെണ്‍കുട്ടി ഓരോ പായ്ക്കറ്റ് “വഴിപാട്” തന്നിട്ട് പത്തുരൂപ വീതം മേടിച്ചു. സംഗതി വേറെയൊന്നുമല്ല, പച്ച നിലക്കടല (കപ്പലണ്ടി). ഞങ്ങള്‍ അതുമായി പുഴക്കടവിലേയ്ക്കു പോയി.

വീതികുറഞ്ഞ പുഴയിലെ വെള്ളം അല്പം കലങ്ങിയിട്ടുണ്ട്. ഇന്നലെയൊക്കെ നല്ല മഴയായിരുന്നല്ലോ.. “എവിടെ മീനുകള്‍..?” ഞാന്‍ ചോദിച്ചു.
“ഈ കടല ഒന്നിട്ടു നോക്കൂ..” പ്രേം കുമാര്‍ ചിരിച്ചു. ഞങ്ങള്‍ കടല വെള്ളത്തിലേയ്ക്കു വിതറി. പെട്ടെന്നതാ വെള്ളം ഇളക്കിമറിച്ച് കുറേ മീനുകള്‍. അവരുടെ മുതുകിലെ ചിറക് വെള്ളത്തിനു മേലെ കാണാം. നാലോ അഞ്ചോ കിലോയെങ്കിലും തൂക്കമുണ്ടാകുമെന്നു തോന്നുന്നു. “പണ്ടൊരിയ്ക്കല്‍ ഒരാള്‍ ഇവിടെ നിന്നും ഒരു മീനിനെ പിടിച്ചു കൊണ്ടുപോയി. വീട്ടിലെത്തിയിട്ട് അയാള്‍ക്ക് നില്‍ക്കാനും ഇരിയ്ക്കാനും പറ്റുന്നില്ല. ആകെ കുഴപ്പം. അപ്പോള്‍ ആരോ പറഞ്ഞു, ശാസ്താവിന്റെ തിരുമത്സ്യത്തെ പിടിച്ചതാണു കാരണമെന്ന്. അയാള്‍ ഓടി ക്ഷേത്രത്തില്‍ വന്നു മാപ്പിരന്നത്രേ. അന്നു മുതല്‍ ആരും ഈ പുഴയില്‍ നിന്നും മീനുകളെ പിടിയ്ക്കില്ല.“ പ്രേംകുമാര്‍ ആരാധനയുടെ ചരിത്രം പറഞ്ഞു.
തിരുമക്കളെ ആവോളം കണ്ടശേഷം ഞങ്ങള്‍ കടവ് കയറി.  അവിടെ ഒരു നാട്ടുമാവില്‍ നിന്നും മാങ്ങ പറിയ്ക്കുന്നുണ്ട്. നിലത്താകെ പച്ചമാങ്ങ. എല്ലാവര്‍ക്കും അതുകണ്ടപ്പോള്‍ നാവില്‍ വെള്ളമൂറി. മാങ്ങപെറുക്കിക്കൂട്ടുന്ന അമ്മച്ചിയോട് കുറച്ചു മാങ്ങാ തരാമോ എന്നു ചോദിച്ചു. ‘ആവശ്യം പോലെ എടുത്തുകൊള്ളു മക്കളെ..” അവര്‍ പറഞ്ഞു. എല്ലാവരും കൈയില്‍ കൊള്ളാവുന്നിടത്തോളം മാങ്ങയെടുത്തു. കടിച്ചും പൊട്ടിച്ചുമൊക്കെ പറ്റുന്നത്ര അകത്താക്കി.
കുളത്തൂപുഴ ക്ഷേത്രം


മീനൂട്ട്

ദൈവമക്കള്‍


ഇനി നേരെ തെന്മലയിലേയ്ക്കാണ് യാത്ര. പന്ത്രണ്ട് കിലോമീറ്റര്‍ കൂടി മതിയാകും അങ്ങോട്ട്. കുളത്തൂപുഴയും തെന്മലയും കൊല്ലം ജില്ലയുടെ തെക്കു കിഴക്കു ഭാഗമാണ്. തികഞ്ഞ വനപാതയിലൂടെയായിരുന്നു യാത്ര. വിസ്തൃതമായ തേക്കു തോട്ടം. നിറഞ്ഞ പ്രകൃതിഭംഗി. എല്ലാവര്‍ക്കും ഉത്സാഹം.

 ഞങ്ങള്‍ തെന്മല ഇക്കോ ടൂറിസം കവാടത്തിലെത്തി. എങ്ങും നിറഞ്ഞു നില്‍ക്കുന്ന വന്യഭംഗി. വാഹനം പാര്‍ക്ക് ചെയ്ത്  ടിക്കറ്റ് കൌണ്ടറില്‍ വന്നു. അവിടെ നിന്നും തെന്മല ഡാം കാണാനുള്ള ടിക്കറ്റ് കിട്ടും. ഇവിടെ ക്യാമറ നിരോധിച്ചിരിയ്ക്കുന്നതിനാല്‍ ഫോട്ടോയൊന്നുമില്ല. വിശാലമായ പാതയിലൂടെ ഞങ്ങള്‍ ഡാമിനടുത്തേയ്ക്കു നടന്നു. അല്പം അകലെ ഡാം തലയെടുപ്പോടെ നില്‍കുന്നതു കാണാം. വഴിയരുകിലെ മരങ്ങളില്‍ കുരങ്ങന്മാര്‍ ഞങ്ങളെ സാകൂതം വീക്ഷിയ്ക്കുന്നു. പെട്ടെന്നാണ് ഒരു ആണ്‍കുരങ്ങ് വഴിതടഞ്ഞ് പാതയ്ക്കു കുറുകെ നിന്നത്..! എല്ലാവരും അമ്പരന്നു പോയി. അവന്റെ നോട്ടം മോളുടെ കൈയിലിരുന്ന പൊതിയിലേയ്ക്കാണ്. അവള്‍ പേടിച്ച് എന്റെ പിന്നില്‍ മറഞ്ഞു നിന്നെങ്കിലും കുരങ്ങന്‍ അവളുടെ നേരെ തന്നെ ചെന്നു. അപ്പോള്‍ ഒരു ജീവനക്കാരന്‍ വന്ന് കുരങ്ങനെ ഓടിച്ചു വിട്ടു. “ഇവരുടെ മുന്‍പില്‍ കൂടി ഭക്ഷണസാധനങ്ങളുമായി നടക്കരുത്..” അയാള്‍ ഉപദേശിച്ചു.

ഞങ്ങള്‍ ഡാമിന്റെ മുകളിലേയ്ക്കുള്ള റോഡുവഴിയെ കയറി. കുറെ എത്തിയപ്പോള്‍ പിന്നെ പടികളാണ്. പത്തിരുനൂറു പടികള്‍ കയറേണ്ടി വന്നു മുകളിലെത്താന്‍. മടുത്തു പോയി. എങ്കിലും മുകളില്‍ നിന്നും ചുറ്റും നോക്കിയപ്പോള്‍ കണ്ട കാഴ്ചകള്‍ മടുപ്പിനെ വീശിയകറ്റിക്കളഞ്ഞു. കല്ലടയാറിനു കുറുകെ കെട്ടിയിരിയ്ക്കുന്ന ഈ ഡാമിന്റെയും ഉദ്ദേശം ജലസേചനമാണ്. വേനലായതുകൊണ്ടാവാം റിസര്‍വോയറില്‍ വെള്ളം വളരെ കുറവ്. ഡാമിനു മുകളില്‍ ഗാര്‍ഡുമാര്‍ കാവലുണ്ട്. അവിടെ നിന്നും ടിക്കറ്റ് പരിശോധിച്ചശേഷമേ കടത്തി വിടുകയുള്ളു. ഡാമിന്റെ സുരക്ഷയെ കരുതിയാവാം ഈ നിയന്ത്രണങ്ങള്‍. (എന്നാല്‍ നെയ്യാര്‍ ഡാമില്‍ ഇങ്ങനെ യാതൊരു നിയന്ത്രണവുമില്ലായിരുന്നു.)

ഞങ്ങള്‍ ഡാമിന്റെ അങ്ങേകരയിലെത്തി. അവിടെ നിബിഡവനമാണ്. വനത്തിലൂടെ താഴേയ്ക്ക് റോഡുണ്ട്. റോഡിന്റെ ആരംഭസ്ഥലത്ത് ചെറിയൊരു കട. അവിടെ ചില വിശിഷ്ട വിഭവങ്ങള്‍ വില്പനയ്ക്ക് വച്ചിരുന്നു. ഉപ്പിലിട്ട നെല്ലിക്കയും മാങ്ങാചീളുകളും..! ഞങ്ങള്‍ കുറേ മേടിച്ചു. അതും നുണഞ്ഞ് കാട്ടുവഴിയെ താഴേയ്ക്കു നടന്നു. വഴിയരുകില്‍ കുരങ്ങന്മാര്‍ ചാടിക്കളിയ്ക്കുന്നു. മുകള്‍ സൈഡില്‍ കറുത്തിരുണ്ട വനം. താഴെ കല്ലടയാറ് ഒഴുകുന്ന ശബ്ദം. എന്തൊരു കുളിര്‍മ്മയാണ് അവിടെയെല്ലാം...! ക്യാമറ എടുക്കാന്‍ പറ്റാത്തതിന്റെ വിഷമം.

ഏതാണ്ട് ഒരു കിലോമീറ്റര്‍ നടന്നപ്പോള്‍ താഴെ മെയിന്‍ റോഡിലെത്തി. ഇരുന്നൂറ് മീറ്ററോളം നടന്നാല്‍ ഞങ്ങള്‍ വാഹനം പാര്‍ക്കു ചെയ്ത സ്ഥലത്തെത്താം. അപ്പോഴാണ്, ഇരുസൈഡിലും തൂക്കിയിട്ട കരിമ്പനക്കുലകളും പുറകില്‍ പ്ലാസ്റ്റിക്ക് കുടവും പിന്നെ തൊങ്ങല്‍ പോലെ നിറയെ പ്ലാസ്റ്റിക്കു കുപ്പികള്‍ വെച്ചുകെട്ടിയതുമായ M80 മോപഡുമായി ഒരു തമിഴന്‍ ഞങ്ങളുടെ അടുത്തെത്തിയത്..
”നൊങ്ക് വേണമാ സാര്‍..നൊങ്ക്..”
ഞാനിതേവരെ ഈ സാധനം തിന്നിട്ടില്ല, ആയതിനാല്‍ ഒന്നു ട്രൈ ചെയ്യാമെന്നു വെച്ചു. അയാള്‍ ഉത്സാഹത്തോടെ വണ്ടി നിര്‍ത്തി. “നല്ല കരിമ്പനക്കള്ളുണ്ട് സാര്‍..തേങ്ങവെള്ളവുമുണ്ട് സാര്‍...”
എല്ലാം എടുക്കാന്‍ പറഞ്ഞു. പനയോല വളച്ചുകൂട്ടി അയാള്‍ കരിമ്പനത്തേങ്ങാവെള്ളവും കള്ളും ഒഴിച്ചു തന്നു. രണ്ടും തമ്മില്‍ വലിയ വ്യത്യാസമൊന്നുമില്ല, നല്ല മധുരം. കുടിയ്ക്കാന്‍ നല്ല സുഖം. എല്ലാവരും ആവശ്യം പോലെ കുടിച്ചു. പിന്നെ നൊങ്ക് പൊട്ടിച്ച് അകത്തേ കാമ്പും എടുത്തു തന്നു. അത്ര രുചിയൊന്നുമില്ലെങ്കിലും തിന്നാം. “എത്ര കാശായി?“ ഞാന്‍ ചോദിച്ചു.
 “അഞ്ഞൂറ്റിമുപ്പതു രൂപ സാര്‍..!”
എന്തു പറയാനാണ്, കള്ളിന്റെ മധുരത്തിനു വല്ലാത്ത കയ്പ് തോന്നി. ഞങ്ങള്‍ പാര്‍കിംഗ് ഏരിയയിലേയ്ക്കു നടന്നു.

ഇനി തെന്മല ഇക്കോ ടൂറിസത്തിലെ കാഴ്ചകളിലേയ്ക്കാണ് പോകുന്നത്. ഇന്ത്യയിലെ ആദ്യത്തെ ആസൂത്രിത പരിസ്ഥിതിവിനോദസഞ്ചാര മേഖലയാണിത്. അഡ്വഞ്ചര്‍ സോണ്‍, ലെഷര്‍ സോണ്‍, കള്‍ച്ചര്‍ സോണ്‍, മാന്‍ സംരക്ഷണ കേന്ദ്രം, സഫാരി ട്രെക്കിംഗ്, ബോട്ടിംഗ്, അക്വേറിയം അങ്ങനെ കാണാന്‍ അനവധി. എല്ലായിടവും കാണണമെങ്കില്‍ ദിവസങ്ങള്‍ വേണ്ടി വരും. ഞങ്ങളുടെ പരിമിതമായ സമയത്തിനുള്ളില്‍ അക്വേറിയവും അഡ്വഞ്ചര്‍ സോണും മാത്രം കാണാം എന്നു വിചാരിച്ചു. പാര്‍ക്കിംഗ് ഏരിയയില്‍ നിന്നും മുന്നൂറ് മീറ്ററോളം അകലത്ത്, ഉയര്‍ന്ന പ്രദേശത്താണ് ഇതു രണ്ടും. അങ്ങോട്ട് പോകും മുന്‍പ് ഒരു ചായകുടിയാവാം. (കരിമ്പനക്കള്ളും നൊങ്കുമൊക്കെ എങ്ങോട്ടു പോയെന്നറിയില്ല). അവിടെ കുറെ അമ്മച്ചിമാര്‍ തട്ടുകട നടത്തുന്നുണ്ട്. സമോവറില്‍ ചായയും അടുപ്പത്ത് എണ്ണയില്‍ പൊരിയുന്ന ഉള്ളിവടയും. എന്തൊരു നല്ല ചായ..! ചൂടു ഉള്ളിവടയും കൂടെ ആയപ്പോള്‍ അപാര സുഖം. ഇത്രയും നല്ല ചായയും കടിയും കഴിച്ചിട്ട് എത്രയോ കാലമായി. കുറച്ച് ഉള്ളിവട പൊതിഞ്ഞു മേടിച്ച് ഞങ്ങള്‍ അഡ്വഞ്ചര്‍ സോണിലേയ്ക്കു നടന്നു.

ആദ്യം കണ്ടത് അക്വേറിയമാണ്. പത്തുരൂപ ടിക്കറ്റിന്. അത്ര വലുതൊന്നുമല്ലങ്കിലും ഉള്ളവ കാണാന്‍ നല്ല ഭംഗിയുണ്ട്. അതു കണ്ടു നടക്കുന്ന നേരത്തു തന്നെ കറന്റു പോയി, ഉള്ളിലാകെ ഇരുട്ട്. അഞ്ചുമിനിട്ടു അതില്‍ തപ്പിതടഞ്ഞു. അപ്പോഴേയ്ക്കും കറന്റെത്തി. അതു കണ്ടിറങ്ങി.
തെന്മലയിലെ ഉള്ളിവടയുടെ രുചിയില്‍

അക്വേറിയം


ഇനി അഡ്വഞ്ചര്‍ സോണാണ്. അങ്ങോട്ട് കയറാന്‍ പ്രത്യേക ടിക്കറ്റെടുക്കണം. പിന്നെ ഓരോ ഐറ്റത്തിനും വെവ്വേറെ ടിക്കറ്റ്.  വലിച്ചുകെട്ടിയ ഇരുമ്പുവടത്തില്‍ തൂങ്ങിക്കിടന്ന് താഴെയുള്ള തടാകക്കരയില്‍ പോയിറങ്ങുന്ന ഒരു സൂത്രം കണ്ടു. നല്ല തിരക്കാണവിടെ. ഒരാള്‍ക്ക് 75 രൂപ. എന്തായാലും കയറാമെന്നു കരുതി ഞങ്ങള്‍ ക്യൂ നിന്നു. ദൈവസഹായം കൊണ്ട് ഞങ്ങളുടെ ഊഴമെത്തിയപ്പോള്‍ വടം ബ്ലോക്കായി. അതിന്റെ മോട്ടോര്‍ സംവിധാനം കേടായത്രെ..! ക്യൂ നിന്നതു മിച്ചം.

കൌണ്ടറിനടുത്തുള്ള ഡെക്ക് പ്ലാസായില്‍ നിന്നും മുകളില്‍ ഡാം നിരപ്പിലേയ്ക്ക് വനത്തിനുമുകളിലൂടെ നടന്നു പോകാവുന്ന ഇരുമ്പുപാതയുണ്ട്. “കൊണോപ്പി വാക് വേ” (Canopy Walk Way)  എന്നാണിതിന്റെ പേര്. 120 മീറ്റര്‍ നീളം. 11 കൊണോപ്പികളിലായി 109 സ്റ്റെപ്പുകളുണ്ട്. അതിന്റെ മുകളില്‍ കൂടി നടക്കുക വല്ലാതൊരനുഭൂതിയാണ്. നമ്മുടെ കാലടിയ്ക്കു താഴെ വന്‍ വൃക്ഷങ്ങള്‍. ചുറ്റും പ്രകൃതിയുടെ ഹരിതാഭ. ചീവീടുകളുടെ മര്‍മ്മരഗീതം. കുളിര്‍മ്മയുള്ള കാറ്റ്. തെന്മലയിലെ എനിയ്ക്കേറ്റവും ഇഷ്ടപെട്ടത് ഈ കൊണോപ്പി സഞ്ചാരമാണ്. 
കൊണോപ്പി വാക്ക് വേ


 തെന്മല ഇക്കോ ടൂറിസത്തെ പറ്റി അറിയാന്‍ ഈ വീഡിയോയുംസൈറ്റും സന്ദര്‍ശിയ്ക്കു
 തെന്മലയിലെ വിശേഷങ്ങള്‍ അവസാനിച്ചിട്ടില്ല.

(തുടരും)
8 comments:

 1. ഇതൊക്കെ കാണുമ്പോഴാ എല്ലാടത്തും പോകണമെന്ന് മോഹം വരുന്നത്.

  ReplyDelete
 2. കേരളത്തില്‍ തന്നെ ഇതേ പോലെ സുന്തരമായ എത്രയോ സ്ഥലം കാണാന്‍ കിടക്കുന്നു ..

  ReplyDelete
 3. ചിത്രങ്ങള്‍ പോലെ അവതരണവും ഇഷ്ടപ്പെട്ടു ..

  ReplyDelete
 4. അപ്പോ ആ തെണ്ടി പാണ്ടി നിങ്ങളേയും പറ്റിച്ചല്ലെ :-) ഞാനും ഭാര്യയും കൂടി കഴിഞ്ഞ വര്‍ഷം തെന്മല ചെന്നപ്പോ ലവന്‍ വന്നു പന നൊങ്കും നീരും വേണോന്നു ചോദിച്ചു.. കുടിച്ചതിനു ശേഷം എത്രയായി എന്നു ചോദിച്ചപ്പോ.. 120 രൂപ. ഇരുപതൊ ഇരുപത്തഞ്ചൊ മേടിക്കേണ്ട സാധനത്തിനാ..
  പിന്നെ അക്വാറിയത്തില്‍ നില്‍ക്കുമ്പോള്‍ കരണ്ടും പോയി :-)

  ReplyDelete
  Replies
  1. അപ്പോ ഇതൊരു സ്ഥിരം പരിപാടിയാ അല്ലേ?

   Delete
 5. ഹൃദ്യമായ വിവരണവും ചിത്രങ്ങളും... പണ്ടെന്നോ പോയതിന്റെ ഓര്‍മ പുതുക്കലിനും അവസരമുണ്ടാക്കി....

  ReplyDelete
 6. യാത്രയില്‍ പങ്കെടുത്ത അനുഭൂതി

  ReplyDelete
 7. തെന്മല ഒരു സംഭവം തന്നെയാണല്ലോ.. ആ വഴി ഒരു യാത്ര പോകണമെന്ന് കുറെയായി ആഗ്രഹിക്കുന്നു.. ഇതുംകൂടെ ആയപ്പോൾ ആ ആഗ്രഹത്തിന്റെ അളവ് കൂടി..

  ഇതുപോലെ മീനൂട്ടുന്ന ഒരു അമ്പലക്കടവ് നമ്മുടെ കണ്ണൂരിലുമുണ്ട്.. ഇരിക്കൂറിനടുത്ത്, പെരുമൺ എന്ന സ്ഥലത്ത്.. (കുറച്ച് വർഷങ്ങൾക്കു മുൻ‌പ്, ഒരു വാഹനാപകടത്തിൽ 12 പിഞ്ചുകുട്ടികൾ മരണമടഞ്ഞ അതേ സ്ഥലം) വഴിവക്കിലെ മാടക്കടയിൽ നിന്നും 10 രൂപയ്ക്ക് കിട്ടുന്ന അവൽ ആണ് അവിടെ മീനുകൾക്ക് കൊടുക്കുന്നത്. ആയിരക്കണക്കിന് മീനുകൾ.. കാണേണ്ട കാഴ്ച തന്നെ..!

  കൂടുതൽ തെന്മല വിശേഷങ്ങൾക്കായി കാത്തിരിക്കുന്നു..

  ReplyDelete

കമന്റിലെ അക്ഷരങ്ങള്‍ക്ക് നിറം നല്‍കാന്‍ [co="red"]Type Text here[/co] . ഇവിടെ red എന്നതിനു പകരം മറ്റ് നിറങ്ങള്‍ നല്‍കിയാല്‍ മതിയാകും.