നെയ്യാര്‍ ഡാമും ശംഖുമുഖം ബീച്ചും.
പതിനൊന്നു മണിയോടെ ഞങ്ങളുടെ ഇന്നോവ കാര്‍ നെയ്യാര്‍ ഡാം ലക്ഷ്യമാക്കി പ്രയാണം ആരംഭിച്ചു. തിരുവനന്തപുരം നഗരത്തില്‍ നിന്നും ഏകദേശം 35 കിലോമീറ്ററുണ്ട് അങ്ങോട്ട്. വീഥികളാകെ മഴനനഞ്ഞു കുതിര്‍ന്നിരിയ്ക്കുന്നു. കാലാവസ്ഥ കണ്ടിട്ട് വല്ലാത്ത നിരാശയായി. മഴയത്ത് എങ്ങനെ ഡാം കാണാനാണ്? അപ്പോള്‍ ഹേമ നെയ്യാര്‍ ഭാഗത്തുള്ള ഏതോ പരിചയക്കാരെ വിളിച്ചന്വേഷിച്ചു, അവിടെ മഴയുണ്ടോ എന്ന്. ഭാഗ്യം അവിടെ മഴ പെയ്തിട്ടില്ലത്രേ..! ഉത്സാഹത്തോടെ ഞങ്ങള്‍ യാത്ര തുടര്‍ന്നു. നഗരം വിട്ടതോടെ ഗ്രാമക്കാഴ്ചകളായി. കണ്ണൂരില്‍ ഞങ്ങള്‍ക്കു പരിചയമുള്ള അതേ മലയോരക്കാഴ്ചകള്‍. ഇടയ്ക്ക് കാട്ടാക്കടയില്‍ ഭക്ഷണം കഴിയ്ക്കാനിറങ്ങി. മുതിര്‍ന്നവര്‍ക്ക് ചോറാണ് ഇഷ്ടമെങ്കില്‍ മക്കള്‍ക്കെല്ലാം ചിക്കന്‍ ബിരിയാണി മതിയത്രെ. ഭക്ഷണം കഴിച്ചിറങ്ങുമ്പോള്‍ പുറത്ത് നല്ലൊരു മഴ പെയ്തു തോര്‍ന്നിരിയ്ക്കുന്നു.. റോഡിലാകെ വെള്ളം..
മനോഹരക്കാഴ്ചകള്‍ സമ്മാനിച്ച് യാത്ര നെയ്യാര്‍ ഡാം പരിസരത്തെത്തി. ചെല്ലുന്ന വഴിയില്‍ ആദ്യം കാണുന്ന ഗേറ്റ് കടന്നാല്‍ ഉദ്യാനത്തിലേയ്ക്കും ഗസ്റ്റ് ഹൌസിലേയ്ക്കുമാണെത്തുക. എന്നാല്‍ ഗേറ്റിനു വെളിയിലെ റോഡുവഴി കുറച്ചു കൂടി പോയാല്‍ ഡാമിന്റെ മുകള്‍ ഭാഗത്തെത്താം. ഞങ്ങള്‍ ആ വഴിയെ വിട്ടു. കുറെ വളവും തിരിവും കയറ്റവും കടന്നെത്തിയപ്പോള്‍ ചെറിയൊരു ടോള്‍ ബൂത്ത്, ഇവിടെ നിന്നു ടിക്കറ്റെടുത്ത് ഉള്ളിലേയ്ക്കു പോകാം. ഒരാള്‍ക്ക് വെറും അഞ്ചു രൂപമാത്രം.
അവിടുന്നു ഞങ്ങളുടെ വാഹനം എത്തിയത് നെയ്യാര്‍ ഡാമിന്റെ മേല്‍ത്തട്ടില്‍. എന്നുവെച്ചാല്‍ ഡാമിനേക്കാള്‍ മുകളില്‍. വൌ..! എത്ര മനോഹരമായ കാഴ്ച..! വിശാലമായ തടാകം പോലെ റിസര്‍വോയര്‍. അകലെ പച്ചക്കുന്നുകള്‍. അതിലൊന്നു “ലയണ്‍ സഫാരി പാര്‍ക്കാ”ണ്. പേരിനെ അന്വര്‍ത്ഥമാക്കിക്കൊണ്ട് അവിടെ നിന്നും സിംഹത്തിന്റെ അലര്‍ച്ച..! ആളെ പറ്റിയ്ക്കാന്‍, വല്ല ലൌഡ് സ്പീക്കര്‍ വഴി കേള്‍പ്പിയ്ക്കുന്നതാണോ എന്നു ഞാന്‍ സംശയിച്ചു. “അല്ല, തിരുവനന്തപുരം മൃഗശാലയില്‍ നിന്നും രണ്ട് സിംഹങ്ങളെ ഇവിടെ തുറന്നു വിട്ടിട്ടുണ്ട്. സഫാരി നടത്താന്‍ താല്പര്യമുള്ളവര്‍ ടിക്കറ്റെടുത്ത് ബോട്ടില്‍ അക്കരെ എത്തിയാല്‍ വാഹനങ്ങളില്‍ അതിലെയെല്ലാം സഞ്ചരിയ്ക്കാം..” ഞങ്ങളുടെ ഡ്രൈവര്‍ ചേട്ടന്‍ വിവരിച്ചു തന്നു.
ഞങ്ങളെത്തുമ്പോള്‍ നൂല്‍ വണ്ണത്തില്‍ മഴ പൊഴിയുന്നുണ്ട്. ക്യാമറ വെളിയിലെടുക്കാന്‍ പറ്റില്ലല്ലോ എന്നായി എന്റെ സങ്കടം. വാഹനം നിര്‍ത്തിയതിനു സമീപം വലിയൊരു വാച്ച് ടവറുണ്ട്. അതിന്റെ മുകളില്‍ നിന്നാല്‍ കുറച്ചുകൂടി മനോഹരമായി കാഴ്ചകള്‍ ആസ്വദിയ്ക്കാം. ഞാനും ഉണ്ണിയും അതിന്റെ മുകളിലേയ്ക്ക് കയറി. മറ്റുള്ളവര്‍ താഴെ ഡാമിലേയ്ക്കും പോയി.
വാച്ച് ടവറിന്റെ മുകളില്‍ ചെല്ലുമ്പോള്‍ ചില ഇണക്കിളികള്‍ അതിനകത്തിരുന്നു കൊക്കുരുമ്മലും കിന്നാരവും. റിസര്‍വോയറിന്റെ ഒന്നു രണ്ടു സ്നാപ്പുകള്‍ എടുത്തിട്ട് ഞാന്‍ മോനെയും വിളിച്ചു താഴേയ്ക്കു പോന്നു.
ക്യാമറ ഒരു പ്ലാസ്റ്റിക് കൂടില്‍ പൊതിഞ്ഞു പിടിച്ച് ഞങ്ങള്‍ മഴയത്തേയ്ക്കിറങ്ങി. കുറച്ചു നടകളിറങ്ങിയാല്‍ ഡാമിന്റെ മുകള്‍ നിരപ്പാണ്. ഗേറ്റു കടന്നാല്‍ അതിലെ നടന്നു പോകാം. പത്തടിയോളമുണ്ട് വീതി. ഡാമിനെകുറിച്ചല്‍പ്പം വിശദമായി പറയാം. 184 അടി - (56 മീ.) ഉയരം, 965 അടി- (294 മീ.) നീളം. 91 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയില്‍ ഇതിന്റെ റിസര്‍വോയര്‍ പരന്നുകിടക്കുന്നു. പ്രധാനമായും ജലസേചനത്തിനായുള്ള ഈ ഡാമിന്റെ സ്പില്‍ വേയില്‍ കൂടി ഒരു സെക്കന്‍ഡില്‍ 28,570 ഘനയടി വെള്ളം തുറന്നുവിടാനാകും. നെയ്യാറ്റിന്‍കര താലൂക്കിലെ കള്ളിക്കാട് പഞ്ചായത്തിലാണ് ഡാം സ്ഥിതി ചെയ്യുന്നത്. അഗസ്ത്യകൂടപര്‍വതം ഈ ഡാമിനു സമീപമാണ്. തിരുവിതാംകൂര്‍ മഹാരാജാവ് മാര്‍ത്താണ്ഡവര്‍മ്മയുടെ ചരിത്രവുമായി വളരെ അടുപ്പമുണ്ട് കള്ളിക്കാട് പഞ്ചായത്തിന്. ഭരണം ലഭിയ്ക്കുന്നതിനു മുന്‍പ് എട്ടുവീട്ടില്‍ പിള്ളമാരുമായുള്ള ഏറ്റുമുട്ടല്‍ കാലത്ത് ഇവിടെയൊക്കെ അദ്ദേഹം വേഷപ്രച്ഛന്നനായി അലഞ്ഞിരുന്നു. അഗസ്ത്യകൂടമലയിലെ ആദിവാസികള്‍ അദ്ദേഹത്തെ സംരക്ഷിച്ചിരുന്നത്രേ. അതിനു പ്രതിഫലമായി, ഭരണമേറിയ ശേഷം അദ്ദേഹം അവര്‍ക്ക് 36,000 ഏക്കര്‍ ഭൂമി ദാനമായി നല്‍കി. പില്‍ക്കാലത്ത് അത് മറ്റുള്ളവരുടെ കൈവശമായി. അതിലൊരാളായ കരുവഞ്ചിയില്‍ കൃഷ്ണപ്പണിക്കര്‍ നല്‍കിയ ഭൂമിയിലാണ് ഈ ഡാം പണിതിരിയ്ക്കുന്നത്.
ഞാനും ഉണ്ണിയുംഡാമിന്റെ മറുകരയോളം നടന്നു. അവിടെ ഒരു ഗസ്റ്റ് ഹൌസുണ്ട്. അതിനോട് ചേര്‍ന്ന് മനോഹരമായ ഉദ്യാനം. നല്ല രീതിയില്‍ പരിപാലിയ്ക്കപ്പെടുന്നുണ്ട് അത്. നമ്മുടെ പല പൊതുസ്ഥലങ്ങളിലും കാണാത്ത കാഴ്ച. അവിടെ നിന്നു നോക്കിയാല്‍ ഡാമിന്റെ സുന്ദരമായ കാഴ്ചയാണു ലഭിയ്ക്കുന്നത്.
ഞങ്ങള്‍ പിന്നെ അക്കരയ്ക്കു കടന്നു. ഹേമയും മിനിയും മോളും അനന്തരവനും ഹേമയുടെ കുട്ടിയായ സൌരവും കൂടി എതിലെയോ അലഞ്ഞു തിരിയുന്നുണ്ടാവും. ഞങ്ങള്‍ അവരെ കണ്ടിട്ട് ഒരുമണിക്കൂറായല്ലോ. മഴ മാറി, വെയില്‍ മെല്ലെ തെളിഞ്ഞു. ഞങ്ങള്‍ വാഹനത്തിനടുത്തെത്തിയപ്പോള്‍ ഹേമയും മിനിയും കുട്ടികളും എത്തിയിരുന്നു.
ഞാനും ഉണ്ണിയും കൂടി ഡാമിന്റെ സ്പില്‍വേ ഭാഗത്തേയ്ക്കു പോയി. അവിടെ കൂറ്റന്‍ പൈപ്പിലൂടെ തൂവെള്ള നിറത്തില്‍ വെള്ളം കുതിച്ചു ചാടുന്നു. വെള്ളം ഒഴുകിപ്പോകുന്ന കനാലിന്റെ ചെറിയ കലുങ്കിന്മേല്‍ നിന്നു സ്പില്‍വേയിലേയ്ക്കു നോക്കി. വെള്ളത്തിന്റെ ശക്തിയില്‍ വായു തള്ളിവരുന്നു. നേരെ നില്‍ക്കാന്‍ ഞങ്ങള്‍ ബുദ്ധിമുട്ടി. അവിടെ നിന്നു നോക്കുമ്പോഴാണ് ഡാമിന്റെ ഭീമാകാരത ശരിയ്ക്കും ബോധ്യമാകുന്നത്.
ഇനി ഞങ്ങള്‍ക്കു കാണാനുള്ള നെയ്യാറിലെ മുതലവളര്‍ത്തു കേന്ദ്രമാണ്. ഇന്നോവ അങ്ങോട്ടേയ്ക്ക് തിരിച്ചു. ശരിയ്ക്കും ഞങ്ങള്‍ ആദ്യം കയറിവന്ന വഴിയ്ക്കു തന്നെയാണ് ഇതുള്ളത്. വനം വകുപ്പിന്റെ കൌണ്ടറില്‍ നിന്നു ടിക്കറ്റെടുത്തു വേണം കയറാന്‍. സംഗതി പേരുപോലെ അത്ര ഗംഭീരമൊന്നുമല്ല. മുതലകളെ അടുത്തു കാണാത്തവര്‍ക്ക് ഒരവസരം, അത്രയേ ഉള്ളു. ഉയര്‍ത്തിക്കെട്ടിയ കുറേ സിമന്റു ടാങ്കുകള്‍. അതിനുള്ളില്‍ ഒന്നും രണ്ടും വീതം മുതലകള്‍. ചിലത് വലുത്, മറ്റു ചിലത് ചെറുത്. അത്ര നന്നായി പരിപാലിയ്ക്കപ്പെടുന്ന ഒന്നാണ് ഈ സംഗതിയെന്നെനിയ്ക്കു തോന്നിയില്ല.
1977 ലാണ് ഇത് സ്ഥാപിച്ചത്.ആദ്യം ഇതിന്റെ പേര് The Crocodile Rehabilitation and Research Centre എന്നായിരുന്നുവത്രേ. ഇപ്പോള്‍ Steve Irwin National Park.
കുട്ടികള്‍ കൌതുകപൂര്‍വം എല്ലാം നടന്നു കണ്ടു. കാലാവസ്ഥ നന്നായി
തെളിഞ്ഞതിനാല്‍ ഉദ്യാനത്തില്‍ ഒന്നു കയറിയിട്ടു പോകാം എന്നു തീരുമാനിച്ചു.
ഞങ്ങള്‍ ആദ്യം കണ്ട താഴെയുള്ള ഗേറ്റിലൂടെ കടന്ന് ഉദ്യാനത്തിലെത്തി.
അതിമനോഹരം. ഭംഗിയായി വെട്ടി നിര്‍ത്തിയ ചെടികള്‍. പച്ച വിരിച്ച
പുല്‍ത്തകിടി. ഇടയ്ക്കിടെ വലിയ കൂണുകള്‍ പോലെ മേല്‍ക്കൂടിട്ട
ഇരിപ്പിടങ്ങള്‍. പൂച്ചെടികളും ശലഭങ്ങളും. പശ്ചാത്തലത്തില്‍ തംബുരുനാദം പോലെ
ഡാമില്‍ നിന്നൊഴുകുന്ന ജലപാതത്തിന്റെ ഹുങ്കാരം. എത്ര നേരം നിന്നാലും
മതിയാവില്ല. കുട്ടികള്‍ അതിലെയെല്ലാം ചാടിയും മറിഞ്ഞും കളിച്ചു. സമയം
ഏകദേശം നാലുമണിയായി. ഷെഡ്യൂളനുസരിച്ച് ഇനി പോകേണ്ടത് ശംഖുമുഖത്തേയ്ക്ക്.
നഗരത്തില്‍ തിരക്കേറിയിരുന്നു. തലസ്ഥാന നഗരിയുടെ ഭംഗി ഇപ്പൊഴാണു
ശരിയ്ക്കും കണ്ടത്. റോഡിനിരുവശവും ടൈത്സ് പാകി മനോഹരമാക്കിയിരിയ്ക്കുന്നു.
വന്‍വൃക്ഷങ്ങളുടെ സമൃദ്ധി കുളിര്‍മ്മയോടൊപ്പം ഗാംഭീര്യവും നല്‍കുന്നുണ്ട്.
നഗരം പിന്നിട്ട് ശംഖുമുഖത്തെത്തിയപ്പോള്‍ അഞ്ചുമണി കഴിഞ്ഞിട്ടുണ്ട്.
കടല്‍ തീരമാകെ പൂരത്തിനുള്ള ആള്‍ക്കൂട്ടം. അറബിക്കടല്‍ ആര്‍ത്തലച്ചു തീരം
തല്ലിതകര്‍ക്കുന്നു. എന്തൊരു വലുപ്പമാണ് തിരകള്‍ക്ക്.
വൈകുന്നേരമായതിനാലാവാം ഈ ക്ഷോഭം. അപ്പോള്‍ പടിഞ്ഞാറ് ചെന്തീനിറം ചാര്‍ത്തി
സൂര്യന്‍ കടലിനെ ചുംബിയ്ക്കാന്‍ തയ്യാറെടുക്കുകയാണ്. ഞങ്ങള്‍ തീരത്തേയ്ക്ക്
ചെന്നു. പ്രതീക്ഷിയ്ക്കാത്ത നേരത്തായിരിയ്ക്കും വമ്പന്‍ തിരകള്‍ കയറി
വരുന്നത്. മുട്ടോളം വെള്ളം.. എന്റെ ഷൂസ് നിറയെ വെള്ളവും മണലും. ഓരോ അടിയും
പറിച്ചുവെച്ചു നടക്കാന്‍ മാത്രം കനം..! ഞാന്‍ രണ്ടും ഊരി കൊണ്ടു പോയി
വണ്ടിയില്‍ വെച്ചു. നഗ്നപാദനായി തീരത്തുകൂടി നടന്നു. കുട്ടികളുടെ കാര്യം
ബഹുരസമാണ്. എവിടെ എത്തിയാലും പുതിയ എന്തെങ്കിലും കളികള്‍ അവര്‍ കണ്ടെത്തും.
ഇവിടെ തീരം കയറിവരുന്ന തിരയുടെ നുരപ്പതയില്‍ ചവിട്ടി എന്തോ കളിയാണവര്‍
കളിയ്ക്കുന്നത്. തീരത്ത് ഒട്ടകവും കുതിരയുമൊക്കെ കളര്‍ വസ്ത്രമണിഞ്ഞ്
നില്‍ക്കുന്നതു കണ്ടു. സവാരി ചെയ്യാന്‍ താല്പര്യമുള്ളവരെ കാത്തു
നില്‍ക്കുകയാണ്.
കടല്‍ തീരത്തു നിന്നുകൊണ്ട് പടിഞ്ഞാറേ അനന്തതയിലേയ്ക്ക് നോക്കുക ഒരു
അപൂര്‍വ അനുഭവമാണ്. തിരയുടെ ഇരമ്പവും അകലെ കൂടി നീങ്ങിപ്പോകുന്ന ബോട്ടുകളും
മുകളില്‍ പറക്കുന്ന കടല്‍പക്ഷികളും നമ്മെ ഏതോ ജന്മത്തിലെ
അവ്യക്തസ്മൃതികളിലേയ്ക്ക് തള്ളിയിടും. കടല്‍ കണ്ടാല്‍ എനിയ്ക്കോര്‍മ്മ
വരുന്ന പാട്ട് ഒന്നേയുള്ളു, അനശ്വരനായ ബാബുരാജിന്റെ, “അകലെ അകലെ
നീലാകാശം......”
ശംഖുമുഖത്തിന്റെ പ്രാധാന്യം ശ്രീ പത്മനാഭസ്വാമി ക്ഷേത്രവുമായി
ബന്ധപ്പെട്ടിരിയ്ക്കുന്നു. ദേവന്റെ “ആറാട്ടുകടവാ“ണ് ഇവിടം. ആറാട്ടിന്‍
നാള്‍ തിരുവിതാംകൂര്‍ മഹാരാജാവും കുടുംബാംഗങ്ങളും പരിവാരവും ഉടവാളുമേന്തി
ഇവിടെ ദേവനെ ആറാടിയ്ക്കാന്‍ എത്തും. ആണ്ടുബലിതര്‍പ്പണത്തിനായി
പതിനായിരക്കണക്കിനാള്‍ക്കാര്‍ ഇവിടെ എത്തിച്ചേരുന്നുണ്ട്. കൂടാതെ
രാഷ്ട്രീയപാര്‍ടികളുടെ സമ്മേളനങ്ങളും നടത്താറുണ്ട്.
ഒന്നുപറയാതിരിയ്ക്കാന്‍ വയ്യ, മലയാളിയുടെ പരിസ്ഥിതി ബോധം..! ഇത്രമനോഹരമായ ഈ
തീരം നിറയെ ചപ്പും ചവറും പ്ലാസ്റ്റിയ്ക്കും വാരി വിതറി എങ്ങനെയൊക്കെ
വൃത്തികേടാക്കാനാവും എന്ന പരീക്ഷണത്തിലാണ് ഇവിടെയെത്തുന്നവര്‍. ഇതു നന്നായി
പരിപാലിയ്ക്കണമെന്ന് അധികാരികള്‍ക്കും താല്പര്യമില്ല.
പിന്നെ ഞങ്ങള്‍ ബീച്ചിനോടു ചേര്‍ന്നു തന്നെയുള്ള കുട്ടികളുടെ
പാര്‍ക്കിലേയ്ക്ക് പോയി. കുട്ടികള്‍ നാലും മുന്‍പേ പാഞ്ഞുപോയി.
ഞാനെത്തുമ്പോള്‍ അവര്‍, അവിടെയുള്ള പിരമിഡ് രൂപത്തിലുള്ള വലിയൊരു
മേല്‍ക്കൂരയുടെ ഉച്ചിയില്‍ ഇരിയ്ക്കുകയാണ്. എങ്ങനെ വലിഞ്ഞുകയറിയോ ആവോ !
പാര്‍ക്കില്‍ കുട്ടികള്‍ക്കുല്ലസിയ്ക്കാന്‍ ഇഷ്ടം പോലെ സംഗതികള്‍ ഉണ്ട്.
എല്ലാത്തിനും പ്രത്യേകം കാശുകൊടുക്കണമെന്നു മാത്രം. ഒന്നുരണ്ടെണ്ണത്തില്‍
അവര്‍ കയറി.
ശംഖുമുഖത്തു വന്നാല്‍ ജലകന്യകയെ കാണാതെ പോകുകയോ..? ഞങ്ങള്‍ അവളുടെ അടുത്തേയ്ക്കു നടന്നു. പാര്‍ക്കില്‍ നിന്നും പുറത്തിറങ്ങി നടക്കണം അവളെ കാണാന്‍. ചെറിയൊരു തിട്ട കടന്നു ചെന്നപ്പോള്‍ കണ്ടു, ആകാശം നോക്കി കിടക്കുന്ന ജലകന്യകയെ. എന്തൊരു സൌന്ദര്യം..! പ്രശസ്ത ശില്പി കാനായികുഞ്ഞിരാമന്റെ സൃഷ്ടിയാണ് ഇവള്‍. തൂവെള്ള നിറത്തില്‍ നഗ്നയായി ഏതാണ്ട് 35 മീറ്റര്‍ നീളത്തില്‍ അവള്‍ ശയിയ്ക്കുന്നു. അതിന്റെ പരിസരമാകെ കുണ്ടും കുഴിയുമായി കിടക്കുന്നു. കരിഞ്ഞ പുല്ലുകളും. ഇതൊന്നു ഭംഗിയാക്കിയിടണമെന്ന് എന്തേ അധികാരികള്‍ക്ക് തോന്നുന്നില്ല? ചെറിയൊരു ഫീസ് മേടിച്ചിട്ടായാലും മനോഹരമാക്കിയിട്ടു കൂടെ? ഇക്കാര്യത്തില്‍ കണ്ണൂര്‍ പയ്യാമ്പലം ബീച്ചിനെ കണ്ടു പഠിയ്ക്കണം. തുച്ഛമായ രണ്ടു രൂപ ടിക്കറ്റെടുത്താല്‍ അതിമനോഹരമായ ഉദ്യാനത്തിലിരുന്ന് കടല്‍കാഴ്ചകള്‍ ആസ്വദിയ്ക്കാം. കുട്ടികള്‍ക്കു കളിയ്ക്കാനും മുതിര്‍ന്നവര്‍ക്ക് വൃക്ഷഛായയില്‍ കടല്‍ കാറ്റേറ്റ് സൊറപറഞ്ഞിരിയ്ക്കാനും എല്ലാ സൌകര്യങ്ങളുമുണ്ട്. സര്‍വോപരി ചപ്പും ചവറും ഇല്ല.
ശംഖുമുഖത്ത് നേരം ഇരുണ്ടു തുടങ്ങി. സൂര്യന്‍ കടലില്‍ താണിരിയ്ക്കുന്നു. തിരമാലകള്‍ക്ക് വീര്യം കൂടി. കടല്‍കാറ്റില്‍ തണുപ്പ് അരിച്ചുകയറാന്‍ തുടങ്ങിയപ്പോള്‍ ഞങ്ങള്‍ വീട്ടിലേയ്ക്ക് തിരിച്ചു. ഇന്നത്തെ യാത്ര കഴിഞ്ഞിരിയ്ക്കുന്നു. നാളെ ഞങ്ങള്‍ പോകുന്നത് തെന്മലയിലേയ്ക്ക്.
(തുടരും)
ബിജുവേട്ടാ ഒന്നാം ഭാഗം ഉണ്ടെന്നു രണ്ടാം ഭാഗം ഇപ്പോള്‍ കണ്ടപ്പോഴാണ് അരിഞ്ഞത്. ലവിടെയും പോയിരുന്നു.അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു. നന്നായിട്ടുണ്ട് കേട്ടോ.
ReplyDeleteതുടരൂ തുടരൂ, വായിയ്ക്കാന്‍ ഞാന്‍ മുന്‍പന്തിയില്‍ തന്നെയുണ്ട്. ഫോട്ടോകളെല്ലാം നാട്ടിലേയ്ക്ക് കൂട്ടിക്കൊണ്ടുപോകുന്നു
ReplyDeleteനന്നായിരിക്കുന്നു മാഷേ ..തുടരുമെല്ലോ !
ReplyDeleteസഫാരി പാര്‍ക്കില്‍ പോകാത്തത് കഷ്ടമായി
ReplyDeleteഒരുപാടു സിംഹങ്ങള്‍ ഉണ്ട് .
നെയ്യാറും ശംഖ്മുഖവും കണ്ടു... ചിത്രങ്ങളൊക്കെ മനോഹരം.. ചെങ്കൊടികളുടെ പശ്ചാത്തലത്തിലുള്ള കടലിന്റെ ഫോട്ടോകൾ സുപ്പർ.. ഇനി തെന്മലയിലേയ്ക്ക് പോയി നോക്കട്ടെ..
ReplyDelete