പുതിയ കഥാസമാഹാരം “രയറൊം കഥകള്‍ " VPP ലഭിയ്ക്കാന്‍ sidrapubications@gmail

Sunday, 17 June 2012

അനന്തപുരി വിശേഷങ്ങള്‍ - യാത്രാവിവരണം. - 1

ജീവിതത്തിലെ മനോഹരവും അവിസ്മരണീയവുമായ ചില നിമിഷങ്ങള്‍ സമ്മാനിയ്ക്കുന്നതില്‍ യാത്രകള്‍ക്കുള്ള പങ്ക് അപാരമാണ്. പ്രവാസജീവിതത്തിന്റെ ഊഷരതയില്‍ നിന്നു താല്‍ക്കാലിക വിടുതല്‍ ലഭിയ്ക്കുന്ന അവധി ക്കാലത്ത് സകുടുംബം എങ്ങോട്ടെങ്കിലും പുറപ്പെട്ടു പോകുന്നത് എനിയ്ക്ക് വലിയ ഇഷ്ടം തരുന്നൊരു കാര്യമാണ്. ഇത്തവണ യാത്ര അനന്തപുരിയിലേയ്ക്കാകാം എന്നു തീരുമാനിച്ചുറപ്പിച്ചു. അതിനൊരു പ്രധാന കാരണം, ഫേസ്ബുക്ക് കൂട്ടായ്മയില്‍ നിന്നും എനിയ്ക്കു കിട്ടിയ സുന്ദരമായൊരു സൌഹൃദമാണ്. ഇത്തവണ നാട്ടിലെത്തുമ്പോള്‍ തിരുവന്തപുരം കാണാനെത്തണമെന്ന ആ സുഹൃത്തിന്റെ ക്ഷണം സസന്തോഷമാണു സ്വീകരിച്ചത്. യാത്രയെക്കുറിച്ചറിഞ്ഞപ്പോള്‍ മക്കള്‍ക്കും ഭാര്യയ്ക്കും വലിയ ആവേശം. മക്കള്‍ക്ക് സ്ഥലം കാണാനുള്ള ആവേശമെങ്കില്‍ ഭാര്യയ്ക്ക് അനന്തപത്മനാഭ സന്നിധിയിലൊന്നു തൊഴാന്‍ കിട്ടുന്ന അവസരമോര്‍ത്താണ് സന്തോഷം.

ട്രെയിന്‍ ടിക്കറ്റ് കിട്ടുക എന്ന കടമ്പകടക്കാന്‍ കുറച്ചു പണിപ്പെടേണ്ടി വന്നു. ഏതായാലും ഒരു സുഹൃത്ത് തത്കാല്‍ സ്കീം പ്രകാരം അഞ്ച് ടിക്കറ്റ് സംഘടിപ്പിച്ചു തന്നു. ഞങ്ങളോടൊപ്പം യാത്രയ്ക്കുള്ള എന്റെ അനന്തരവന്‍ കുട്ടിയ്ക്കാണ് അഞ്ചാമത്തെ ടിക്കറ്റ്. രാവിലെ ആറരയ്ക്ക് കണ്ണൂര്‍ നിന്നും പുറപ്പെടുന്ന നേത്രാവതി എക്സ്പ്രസിലാണു ടിക്കറ്റ് കിട്ടിയത്. റെയില്‍‌വേസ്റ്റേഷനില്‍ നിന്നും അറുപത് കിലോമീറ്റര്‍ അകലെ, ആലക്കോടെന്ന മലയോരമേഖലയില്‍ താമസിയ്ക്കുന്ന ഞങ്ങള്‍ക്ക് ആ നേരത്ത് കണ്ണൂരെത്തണമെങ്കില്‍ വെളുപ്പിനെ നാലരയ്ക്കെങ്കിലും പുറപ്പെടണം. അത്ര വെളുപ്പിനെ ബസുകള്‍ ലഭ്യമല്ലാത്തതിനാല്‍ ഒരു ജീപ്പ് പറഞ്ഞുവെച്ചു.

യാത്രയ്ക്കുള്ള ത്രില്‍ നിമിത്തം മക്കളും ഞാനും രാത്രി ഒട്ടും തന്നെ ഉറങ്ങിയിട്ടില്ല. വെളുപ്പിനു മൂന്നുമണിയ്ക്കു തന്നെ തട്ടിക്കുടഞ്ഞെഴുനേറ്റ് കുളിയും ചായകുടിയും കഴിച്ചു. സാധനങ്ങള്‍ (തുണികളാണേ) നിറച്ച രണ്ടു ട്രോളിപ്പെട്ടികളുമായി ഞങ്ങള്‍ അടുത്തുതന്നെയുള്ള ജീപ്പുഡ്രൈവരുടെ വീട്ടിലെത്തി. ആശാന്‍ അപ്പോഴും ഉണര്‍ന്നിട്ടില്ല. അയാളെ വിളിച്ചെഴുനേല്‍പ്പിച്ച് റെഡിയാക്കി യാത്ര തുടങ്ങിയപ്പോള്‍ സമയം നാലേമുക്കാല്‍.
അഞ്ചരമണിയ്ക്ക് തളിപ്പറമ്പെത്തി. അവിടെ നിന്നു ഇഷ്ടം പോലെ ബസുണ്ടല്ലോ. ഒരു തട്ടുകടച്ചായയും കഴിച്ച് ഞങ്ങള്‍ കണ്ണൂരെത്തിയപ്പോള്‍ ആറുമണിയായതേയുള്ളു. അവിടെ വിസ്തരിച്ചൊരു പ്രാതല്‍. പിന്നെ ഓരോട്ടോറിക്ഷ പിടിച്ച് ആറരയ്ക്കു മുന്‍പു തന്നെ ഞങ്ങള്‍ കണ്ണൂര്‍ റെയില്‍‌വേ സ്റ്റേഷനിലെത്തി.

വണ്ടിയുടെ സമയവും കോച്ചിന്റെ പൊസിഷനുമൊക്കെ ഒന്നുകൂടെ ഉറപ്പിയ്ക്കാനായി ഡിസ്പ്‌‌ളേ ബോര്‍ഡില്‍ നോക്കിയ എന്റെ കണ്ണുതള്ളിച്ചുക്കൊണ്ട് ഒരു അറിയിപ്പ് സ്ക്രോള്‍ ചെയ്യുന്നു “നേത്രാവതി എക്സ്പ്രസ് എത്തുന്ന സമയം 8.45 AM "..! “അന്വേഷണം” എന്നെഴുതിയ കൌണ്ടറില്‍ അന്വേഷിച്ചപ്പോള്‍ കിട്ടിയ സമയം 9.00 AM. ഇനിയിപ്പോള്‍ എന്തുചെയ്യാനാണ്, പ്ലാറ്റ്ഫോറത്തില്‍ പോയിരുന്ന് നേരം കളയുക തന്നെ. ഞങ്ങള്‍ പെട്ടിയും തൂക്കി ബ്രിഡ്ജ് കയറി മൂന്നാം പ്ലാറ്റ്ഫോമില്‍ പോയി ആഘോഷമായി കുത്തിയിരുന്നു. മക്കളുടെ പിടിയും വലിയും തോണ്ടലുമൊക്കെ ശമിപ്പിച്ച വഴിയില്‍ ചിപ്സായും, ചോക്കലേറ്റായും, ഡ്രിംഗ്ഗ്സായും കാശു കുറെ പോയികിട്ടി. എന്തായാലും ഒന്‍പതുമണിയായപ്പോള്‍ പ്ലാറ്റ്ഫോം കുലുക്കി അലറിവിളിച്ച് നേത്രാവതിയെത്തി. പകല്‍ യാത്രയായതുകൊണ്ട്, ഉറക്കമൊന്നും ശരിയാവില്ല. എന്തായാലും ഉണ്ണിയും അനന്തരവന്‍ കുട്ടിയും കൂടി മുകളിലെ ബര്‍ത്തില്‍ കയറി കിടന്നു. ഞങ്ങള്‍ താഴെ ചാരിയിരുന്നു ഉറക്കം തൂങ്ങി.

കേരളത്തിലെ വിവിധ ദേശങ്ങളിലെ സവിശേഷകാഴ്ചകള്‍ ഞങ്ങളുടെ മുന്നില്‍ വന്നും പോയുമിരുന്നു. ഉച്ചയ്ക്കു റെയില്‍‌വേയുടെ ചോറുകിട്ടി. ഉള്ളകാര്യം പറഞ്ഞാല്‍ പുറത്തുകിട്ടുന്നതിനേക്കാള്‍ സ്വാദുള്ള ഭക്ഷണം. ഇടയ്ക്കിടെ റിസര്‍‌വേഷന്‍ കമ്പാര്‍ട്ടുമെന്റില്‍ തിരക്കു കൂടുന്നു. സര്‍ക്കാര്‍ ജോലിക്കാരും മറ്റുമാണ്. അതിനിടയില്‍ കൂടി യാചകന്മാരുടെ നുഴഞ്ഞുകയറ്റം. ഒന്നും കൊടുക്കാത്തവരെ രൂക്ഷമായി നോക്കാനും ചിലപ്പോള്‍ ആക്രോശിയ്ക്കാനും അവര്‍ മടിയ്ക്കുന്നില്ല. നോക്കണം, കാശുമുടക്കി യാത്രചെയ്യുന്നവരെയാണ് ഇക്കൂട്ടര്‍ അപമാനിയ്ക്കുന്നത്. ഇതൊന്നും നോക്കാനോ ചോദിയ്ക്കാനോ റെയില്‍‌വേയുടെ ഒരുദ്യോഗസ്ഥന്‍ പോലും ആ വഴി വന്നില്ല. ചുമ്മാതല്ല ഗോവിന്ദചാമിമാര്‍ വിഹരിയ്ക്കുന്നത്.

ഞങ്ങള്‍ തിരുവനന്തപുരം സെന്‍‌ട്രല്‍ സ്റ്റേഷനിലെത്തുമ്പോള്‍ രാത്രി എട്ടുമണിയായി. തിരക്കിനിടയിലൂടെ നൂഴ്ന്നിറങ്ങി പുറത്തെത്തിയപ്പോള്‍ ഞങ്ങളുടെ ആതിഥേയ, ഹേമ കാറുമായി കാത്തു നില്‍ക്കുന്നു. നഗരത്തില്‍ തന്നെ, വെള്ളയമ്പലത്താണ് ഹേമയുടെ വീട്. വീട്ടിലെത്തി കുളിച്ച് ഭക്ഷണമൊക്കെ കഴിച്ച് സുഖമായി ഉറങ്ങി.
രാവിലെ ഉണരുമ്പോള്‍ നല്ല മഴക്കോളുണ്ട്. ഹേമയുടെ ഭര്‍ത്താവും കുട്ടിയും ഞങ്ങളെ പരിചയപ്പെടാന്‍ കാത്തിരിയ്ക്കുന്നു. കഴിഞ്ഞ രാത്രി ഞങ്ങളെത്തുമ്പോള്‍ അവര്‍ ഒരു ക്ഷേത്ര ഉത്സവത്തില്‍ സംബന്ധിയ്ക്കാന്‍ പോയിരിയ്ക്കുകയായിരുന്നു. കുളിയും ഭക്ഷണവുമെല്ലാം കഴിഞ്ഞ് ഞങ്ങള്‍ അന്നത്തെ യാത്രയെ പറ്റി പ്ലാന്‍ ചെയ്തു. ആദ്യ ലക്ഷ്യം ഏതെന്നതിനു സംശയമില്ലല്ലോ, ശ്രീ പത്മനാഭസ്വാമി ക്ഷേത്രം തന്നെ. തുടര്‍ന്ന് നെയ്യാര്‍ ഡാം, വൈകിട്ട് ശംഖുമുഖം ബീച്ച്. അങ്ങനെ ആദ്യത്തെ ഷെഡ്യൂള്‍ ആയി. യാത്രയില്‍ ഞങ്ങള്‍ക്കു വഴികാട്ടിയായി ഹേമയും കുട്ടിയും ഉണ്ടാകും. ഒരു പ്രമുഖ പത്രത്തിലെ റിപ്പോര്‍ട്ടറും മുന്‍ കോര്‍പറേഷന്‍ കൌണ്‍സിലറുമൊക്കെയായ പ്രേം കുമാറിന് (ഹേമയുടെ ഭര്‍ത്താവിനു) തിരക്കുകള്‍ കൊണ്ട് ഇന്ന് വരാനാവില്ല. പത്മനാഭസ്വാമി ക്ഷേത്രത്തില്‍ രാവിലെ നേരം കഴിഞ്ഞാല്‍ ഉള്ളില്‍ ദര്‍ശനം നടത്തുക ബുദ്ധിമുട്ടാണ്. അതുകൊണ്ട് പ്രേം കുമാര്‍ ക്ഷേത്രത്തിലെ പൂജാരിയെ വിളിച്ച് ഞങ്ങള്‍ക്ക് അതിനുള്ള സൌകര്യമൊരുക്കി. ക്ഷേത്രത്തിലെത്തി അഡ്മിനിസ്ട്രേറ്റീവ് ഓഫീസറോടു കാര്യം പറഞ്ഞാല്‍ മതിയെന്നും നിര്‍ദേശിച്ചു.  അദ്ദേഹം തന്നെ ഒരു വാഹനവും വിളിച്ച് ഏര്‍പ്പാടാക്കി തന്നു.

ഞങ്ങള്‍ ക്ഷേത്രാങ്കണത്തില്‍ എത്തുമ്പോള്‍ പത്തുമണി കഴിഞ്ഞു. അമ്പലത്തില്‍ കയറണമെങ്കില്‍ ചില ചിട്ടവട്ടങ്ങളുണ്ട്. പുരുഷന്മാര്‍ മുണ്ട് മാത്രമേ ഉടുക്കാവൂ. ഷര്‍ട്ട് പാടില്ല. അംഗവസ്ത്രമാവാം. സ്ത്രീകള്‍ക്ക് ചുരിദാര്‍ ധരിച്ച് കയറാനാവില്ല. എനിയ്ക്ക് ഒരു മുണ്ട് ഹേമയുടെ വീട്ടില്‍ നിന്നും കരുതിയിരുന്നു. അംഗവസ്ത്രമൊന്നുമില്ലാത്തതിനാല്‍ ഒരു വെള്ളതോര്‍ത്ത് സംഘടിപ്പിച്ചു. പെരുവഴിയില്‍ നിന്നു ജീന്‍സ് ഊരാന്‍ മടിയായതിനാല്‍ ചുരുട്ടികയറ്റി വെച്ചിട്ട് മുണ്ടുടുത്തു. സ്ത്രീകളും ചുരിദാറിനു പുറത്ത്  മുണ്ടുടുത്ത് പ്രശ്നം പരിഹരിച്ചു.

ക്ഷേത്രപരിസരത്തൊക്കെ വലിയ പോലീസ് കാവല്‍. ശ്രീ പത്മനാഭന്‍ പഴയ ആളല്ലല്ലോ, വിശ്വകോടീശ്വരരില്‍ ഒരാളല്ലേ. പടിഞ്ഞാറേ നടയിലുള്ള അഡ്മിനിസ്ട്രേറ്റീവ് ഓഫീസറുടെ മുറിയില്‍ ചെന്നു.
“തിരുമേനി പറഞ്ഞിട്ടു വന്നതാണ്. തൊഴാന്‍ സൌകര്യം ചെയ്തു തരാമെന്നു പറഞ്ഞിരുന്നു..”
പ്രേം കുമാര്‍ പഠിപ്പിച്ച ഡയലോഗ് ഞാന്‍ കാച്ചി. ഉടനെ എന്നോട് ഇരിയ്ക്കാന്‍ പറഞ്ഞു, വലിയ ബഹുമാനം. അയാള്‍ അപ്പോള്‍ തന്നെ ഫോണെടുത്ത് ക്ഷേത്രത്തിലേയ്ക്കു വിളിച്ച് തൊഴാനുള്ള സൌകര്യമുണ്ടോ എന്നന്വേഷിച്ചു. പിന്നെ അടുത്തു നിന്ന ആളോടു പറഞ്ഞു “ഇവരു തിരുമേനിയ്ക്ക് വേണ്ടപ്പെട്ട ആള്‍ക്കാരാണ്, വേണ്ടതു ചെയ്തു കൊടുക്കു..!” ഞാനങ്ങു കോരിത്തരിച്ചു. സ്വന്തം നാട്ടിലെ ചെറിയ അമ്പലത്തില്‍ പോലും നമ്മളെ ആരും മൈന്‍ഡാക്കില്ല, ഇവിടെ ഇത്രേം വലിയ ക്ഷേത്രത്തില്‍ വി ഐ പി പരിഗണന ! എല്ലാം അനന്തപത്മനാഭന്റെ തിരുകൃപ..! അല്ലാതെന്താ..
“തിരുമേനിയുടെ ആരായിട്ടു വരും ?”
ഓഫീസറുടെ ചോദ്യം കേട്ടില്ലെന്ന ഭാവത്തില്‍ ഞാന്‍ കൈയും തൊഴുത് വേഗം എഴുനേറ്റു. അതിനു മറുപടി കൊടുക്കാന്‍ പോയാല്‍ ചിലപ്പോള്‍ ഉള്ള കഞ്ഞിയില്‍ പാറ്റ വീണുകൂടായ്കയില്ലല്ലോ.

ക്ഷേത്രത്തിനുള്‍വശം മറ്റൊരു ലോകം തന്നെ..! ഫോട്ടോഗ്രാഫി നിഷിദ്ധമായതിനാല്‍ പറഞ്ഞുതരാന്‍ മാത്രമേ നിര്‍വാഹമുള്ളു.
ഏതാണ്ട് ആയിരം വര്‍ഷത്തെ പഴക്കമുണ്ട് ഈ ക്ഷേത്രത്തിന്. പാലാഴിയില്‍ അനന്തനെന്ന അഞ്ചുതലയുള്ള നാഗരാജാവിന്റെ മേല്‍ കിടക്കുന്ന വിഷ്ണുവാണ് ഇവിടുത്തെ ദേവന്‍. അദ്ദേഹത്തിന്റെ വലതു കൈ ഒരു ശിവലിംഗത്തിന്മേലാണ്. നാഭിയില്‍ നിന്നും ഉയര്‍ന്നു നില്‍ക്കുന്ന താമരയില്‍ ബ്രഹ്മാവും കുടികൊള്ളുന്നു. ചുരുക്കത്തില്‍ സൃഷ്ടി, സ്ഥിതി സംഹാരമൂര്‍ത്തികള്‍ മൂന്നും സമ്മേളിയ്ക്കുന്നു. 1750-ല്‍ മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവ്, താന്‍ വെട്ടിപ്പിടിച്ച തിരുവിതാംകൂര്‍ രാജ്യം ഒന്നാകെ ശ്രീപത്മനാഭനു അടിയറ വയ്ക്കുകയുണ്ടായി. പിന്നീടുള്ള രാജാക്കന്മാരെല്ലാം ശ്രീ പത്മനാഭദാസന്മാരായാണു രാജ്യം ഭരിച്ചത്. ഈയടുത്ത കാലത്ത് ക്ഷേത്രത്തിലെ നിധി നിലവറകള്‍ സുപ്രീംകോടതി വിധിപ്രകാരം തിട്ടപ്പെടുത്തിക്കഴിഞ്ഞപ്പോള്‍ വിസ്മയങ്ങളുടെ വേലിയേറ്റമാണുണ്ടായത്. ഇന്നു ലോകത്തെ ഏറ്റവും സമ്പന്ന ക്ഷേത്രമാണിത്. നിധിയുടെ മൂല്യം ഏകദേശം 50,000 കോടിയോളം വരുമത്രെ.! പൌരാണിക മൂല്യം കൂടി കണക്കിലെടുക്കുമ്പോള്‍ വില കണക്കുകൂട്ടാന്‍ കഴിയില്ല.

ഞങ്ങളോടൊപ്പം വന്ന ജീവനക്കാരന്‍ ഞങ്ങളെ ശ്രീകോവില്‍ ചുറ്റമ്പലത്തിലേയ്ക്കു കയറ്റിവിട്ടിട്ട് തിരികെ പോയി. വലിയ തിരക്കില്ല. ഭക്തിപാരവശ്യത്തില്‍ മുങ്ങിയ കുറേപേര്‍ ഉച്ചത്തില്‍ ശ്രീപത്മനാഭനെ വിളിയ്ക്കുന്നു. ചിലര്‍ നിലത്തു സാഷ്ടാംഗം നമസ്കരിയ്ക്കുന്നു. കവിത വഴിഞ്ഞൊഴുകുന്ന കല്‍ശില്പങ്ങളാണെങ്ങും. വ്യാളീമുഖങ്ങള്‍ കൊത്തിയ അനേകം സ്തൂഭങ്ങള്‍. എല്ലാം ഒരേ പോലുള്ളവ. തറയില്‍ നിന്നും രണ്ടര അടി ഉയരത്തിലാണ് അനന്തപത്മനാഭന്‍ ശയിയ്ക്കുന്ന മണ്ഡപം. ദര്‍ശന സൌകര്യാര്‍ത്ഥം ആ മണ്ഡപം മുന്നോട്ടു തള്ളി നില്‍ക്കുന്നുണ്ട്.ഇതിന്റെ പേരാണ് “ഒറ്റക്കല്‍ മണ്ഡപം“. തിരുമലയില്‍ നിന്നും കൊണ്ടുവന്ന ഒരൊറ്റ കല്ലില്‍ കൊത്തിയെടുത്തതാണ് ഇത്. 20 നീളവും 20 വീതിയും 2.5 അടി ഉയരവുമുണ്ട്. നല്ല തിരക്ക്. ക്യൂപാലിച്ചു വേണം കയറാന്‍. മനസ്സ് മറ്റൊരു ലോകത്തെത്തിയ്ക്കും ശ്രീകോവില്‍. വിവിധയിനം ക്ഷേത്ര വിളക്കുകള്‍ പ്രഭ തൂകി നില്‍ക്കുന്നു അവിടെയെമ്പാടും. ഏതൊരാളും അത്ഭുതം കൊണ്ടു കണ്ണുമിഴിച്ചു പോകും. ക്യൂനിന്ന് ഞങ്ങള്‍ ഒറ്റക്കല്‍ മണ്ഡപത്തിലെത്തി. കൂടിയാല്‍ രണ്ടോമൂന്നോ സെക്കന്‍ഡ്, അപ്പോഴേയ്ക്കും നമ്മളെ പുറത്തേയ്ക്ക് ഉന്തിവിടും. എന്തായാലും ഒരു നോക്കു കണ്ടു. കുട്ടികളെ പൊക്കിയെടുത്തു കാണിയ്ക്കുകയും ചെയ്തു. ഭാര്യ തിരക്കിനിടയില്‍ പിന്നെയും പിന്നെയും നൂഴ്ന്ന് കുറെ നേരം തൊഴുതു. തറയും തൂണുകളും മേല്‍ക്കൂരയുമെല്ലാം കരിങ്കല്ല്. എത്രയോ നൂറ്റാണ്ടുകള്‍ പഴക്കമുള്ള, രാജാക്കന്മാരുടെ പാദസ്പര്‍ശമേറ്റ തറയിലാണു ഞാന്‍ നില്‍ക്കുന്നതെന്നോര്‍ത്തപ്പോള്‍ രോമാഞ്ചമുണ്ടായി.

പിന്നെ ഞങ്ങള്‍ ശ്രീകോവിലിനു വെളിയിലെത്തി. പുറത്ത് തകര്‍പ്പന്‍ മഴ..! സമയം കളയാതെ ക്ഷേത്രമാകെ ചുറ്റി നടന്നു. നിധി നിലവറകള്‍ ഉള്ള ഭാഗത്തേയ്ക്ക് ഇപ്പോള്‍ പ്രവേശനമില്ല. ബാക്കിയെല്ലായിടവും കണ്ടു. 365 കരിങ്കല്‍ തൂണുകളിലാണ് ക്ഷേത്രം നില്‍ക്കുന്നത്. എല്ലാം ഒരേപോലുള്ളവ. കിഴക്കു വശത്തെ കരിങ്കല്‍ പാകിയ വിശാലമായ മണ്ഡപം നാടകശാല എന്നറിയപ്പെടുന്നു. അത്ഭുതജനകമായ ഒരു വാസ്തുശില്പം തന്നെ ഈ ക്ഷേത്രം. എത്ര കണ്ടാലും മതിവരില്ല. 

 വെളിയിലിറങ്ങി. കിഴക്കേ നട. അതിനു മുന്‍പിലായി അതി വിശാലമായ പത്മതീര്‍ത്ഥക്കുളം. മുന്‍പിലെ രാജവീഥിയില്‍ കൂടി നടന്നു. ഒരു വശത്ത് പാലസ് മ്യൂസിയം, കുതിരമാളിക, മേത്തന്‍ മണി അങ്ങനെ ചരിത്ര സ്മാരകങ്ങള്‍. മറു വശത്ത് പത്മതീര്‍ത്ഥം. അവിടെ നിന്ന് ക്ഷേത്ര ഗോപുരത്തിലേയ്ക്കു നോക്കി. ശില്പവിസ്മയവും പേറി അതങ്ങനെ തലയുയര്‍ത്തി നില്‍ക്കുന്നു. AD 1566 ലാണു ഇതിന്റെ ശിലാസ്ഥാപനം നടന്നത്. നൂറടി ഉയരമുണ്ട് ഇതിന്. ഒന്‍പതു മകുടങ്ങളാണുള്ളത്. മഴവീണു നനഞ്ഞ രാജവീഥിയിലൂടെ ആളുകള്‍ വരുകയും പോകുകയും ചെയ്യുന്നു. വിദേശികളുമുണ്ട് സകുടുംബം ക്ഷേത്ര ദര്‍ശനത്തിന്. വീണ്ടും ഞങ്ങള്‍ പടിഞ്ഞാറേ നടയിലൂടെ വെളിയിലിറങ്ങി.

ലക്ഷ്യത്തിലേയ്ക്ക്
 

പുറം കാഴ്ചകളിലൂടെ

പത്മതീര്‍ത്ഥം 


 
കുതിരമാളിക

മേത്തന്‍ മണി
കിഴക്കേ നട


ഇനി യാത്ര നെയ്യാര്‍ ഡാമിലേയ്ക്ക്.

(തുടരും)

12 comments:

 1. നല്ല വിവരണം....

  ReplyDelete
 2. നന്നായിരിക്കുന്നു..അടുത്ത ഭാഗങ്ങൾ പോരട്ടെ !

  ReplyDelete
 3. വിവരണം നന്നായി
  എന്നാലും ഒന്ന് പ്രാര്‍ഥിക്കാനും 'സ്വാധീനം' വേണമേന്നാവുമ്പോള്‍ അതിന്റെ മാധുര്യം കുറയില്ലേ? എല്ലാ മതവിഭാഗങ്ങളിലും ഉണ്ട് ഈ രീതി.

  ReplyDelete
  Replies
  1. ദര്‍ശന സമയം കഴിഞ്ഞതിനാലാണ് “സ്വാധീനം” വേണ്ടിവന്നത്..അല്ലെങ്കില്‍ അന്നു കാണാതെ മടങ്ങേണ്ടി വന്നേനെ.അവിടെ രാജാവ് എത്തുന്ന ഒരു നേരമുണ്ട്. ആ സമയത്ത് മറ്റുള്ളവര്‍ക്ക് നിയന്ത്രണങ്ങളുണ്ട്.

   Delete
 4. നന്നായിരിക്കുന്നു ...ഒരു പാട്‌ തവണ കണ്ടതും പോയതും ആയ സ്ഥലം പക്ഷേ വായനയില്‍ വേറെ ഏതോ ഒരു ലോകം ഇതു വരെ അറിയാത്ത കുറേ കാര്യങ്ങളും ..തുടരട്ടെ ..!

  ReplyDelete
 5. ബിജു, സ്വാധീനം ഉണ്ടെങ്കില്‍ ദര്‍ശനവും തരാവും അല്ലേ? തിരുപ്പതീലൊക്കെ സ്പെഷല്‍ ദര്‍ശനക്കൂപ്പണ്‍ ഉണ്ടെന്ന് കേട്ടിട്ടുണ്ട്. വിലയല്പം കൂടും പക്ഷെ മുമ്പില്‍ നിന്ന് കാണാമത്രെ. പക്ഷെ നാം മുമ്പില്‍ നിന്നാലും ഭഗവാന്‍ നമ്മെ കാണുന്നുണ്ടോ എന്നതല്ലെ പ്രധാനചോദ്യം. അതൊക്കെപ്പോട്ടെ. രാജനഗരത്തിലെ കമനീയഫോട്ടോകളും വിവരണവുമായി തുടരുമല്ലോ അല്ലേ? 35 വര്‍ഷങ്ങള്‍ക്ക് മുമ്പ് പദ്മനാഭസ്വാമിക്ഷേത്രത്തില്‍ പോയ കാര്യങ്ങളൊക്കെ ഓര്‍ത്തു ഈ പോസ്റ്റ് വായിച്ചിട്ട്. ആശംസകള്‍. അടുത്ത പോസ്റ്റില്‍ കാണാം

  ReplyDelete
 6. ഫോട്ടോകൾ നന്നായി,, വിവരണവും

  ReplyDelete
 7. യാത്രയിൽ കൂടെയുണ്ട്... ഇനി നെയ്യാർ ഡാമിലേയ്ക്ക് പോകാം..

  ReplyDelete
 8. നമ്മൾ തിരുവനന്തപുരം കാർക്ക് ഇതിന്റെ വല ഒന്നും അറിയില്ല. എങ്കിലും നമ്മൾ വലിയ സംബവം എന്നാ വിചാരം... നമ്മിക്കണം നമ്മളെ.!

  ReplyDelete
 9. നമ്മൾ തിരുവനന്തപുരം കാർക്ക് ഇതിന്റെ വല ഒന്നും അറിയില്ല. എങ്കിലും നമ്മൾ വലിയ സംബവം എന്നാ വിചാരം... നമ്മിക്കണം നമ്മളെ.!

  ReplyDelete

കമന്റിലെ അക്ഷരങ്ങള്‍ക്ക് നിറം നല്‍കാന്‍ [co="red"]Type Text here[/co] . ഇവിടെ red എന്നതിനു പകരം മറ്റ് നിറങ്ങള്‍ നല്‍കിയാല്‍ മതിയാകും.