പുതിയ കഥാസമാഹാരം “രയറൊം കഥകള്‍ " VPP ലഭിയ്ക്കാന്‍ sidrapubications@gmail

Thursday 23 February 2012

മത, രാഷ്ട്രീയ സംഘര്‍ഷങ്ങളിലെ മാധ്യമതന്ത്രം.

അസമത്വപൂര്‍ണമായ ഒരു സമൂഹത്തില്‍ നിരന്തരം സംഘര്‍ഷവും അശാന്തിയും അനുഭവപെടും. സാമ്പത്തികമായി മേല്‍ക്കോയ്മയുള്ള വിഭാഗം, അധികാരം വഹിയ്ക്കുകയും മറുവിഭാഗം അതിനെതിരായ പ്രത്യക്ഷമോ പരോക്ഷമോ ആയ എതിര്‍പ്പ് തുടരുകയും ചെയ്യും. ആ എതിര്‍പ്പിനെ മയപ്പെടുത്താനോ ഗുരുതരമാക്കാനോ തക്കവണ്ണം ശേഷിയുള്ള ദര്‍ശനങ്ങളോ സിദ്ധാന്തങ്ങളോ ഓരോ ദശാസന്ധികളീലും ഉയര്‍ന്നുവരുകയും, അതിന്റെ വ്യഖ്യേതാവിന്റെയോ സ്ഥാപകന്റെയോ പേരില്‍ വിവിധ സംഘടിതരൂപങ്ങള്‍ ഉരുത്തിരിയുകയും ചെയ്യും. സാമാന്യേന ഇവയെ മതമെന്നു വിളിയ്ക്കാം. ദര്‍ശനം ഈശ്വരനെയോ അമാനുഷശക്തികളെയോ കേന്ദ്രീകരിച്ചാവുമ്പോള്‍ അതു ആത്മീയമായും, ശാസ്ത്രീയ കാഴ്ചപ്പാടുകളെ കേന്ദ്രീകരിച്ചാവുമ്പോള്‍ ഭൌതികമെന്നും വിവക്ഷിയ്ക്കപ്പെടുന്നു. ഇന്നു ലോകത്തില്‍ കാണുന്ന വിവിധ സംഘടിതമതങ്ങളെ ആത്മീയസംഘടനകളെന്നും, രാഷ്ട്രീയപാര്‍ടികളെ  ഭൌതിക സംഘടനകളെന്നും വിവേചിയ്ക്കാവുന്നതാണ്. ഇവ രണ്ടും മനുഷ്യരുടെ ജീവിതവുമായി ബന്ധപ്പെട്ടിരിയ്ക്കുന്നു.

എല്ലാമനുഷ്യര്‍ക്കും ആത്മീയവും ഭൌതികവുമായ രണ്ടു തലങ്ങള്‍ ഉണ്ട്, അവയില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടായേക്കാമെന്നു മാത്രം. മനുഷ്യനില്‍ മേധാവിത്വം സ്ഥാപിയ്ക്കാന്‍ ഈ രണ്ടു തലങ്ങളും നിരന്തരം ശ്രമിയ്ക്കുന്നുണ്ട്. ആത്മീയത തികച്ചും ആത്മീയമായിരിയ്ക്കുകയും. ഭൌതികത തികച്ചും ഭൌതികമായിരിയ്ക്കുകയും ചെയ്യുമ്പോള്‍ സംഘര്‍ഷത്തിനു സാധ്യത കുറവാണ്. എന്നാല്‍ മതം ഭൌതിക ആസക്തികളില്‍ പ്രലോഭിതരായി ആത്മീയതയെ  സുഖസൌകര്യങ്ങള്‍ക്കായി, ഭൌതിക തലത്തിലേയ്ക്കു വ്യാപിപ്പിയ്ക്കുമ്പോഴാണ് ആരാധനാലയങ്ങള്‍ക്കും തിരുശേഷിപ്പുകള്‍ക്കും വിഗ്രഹങ്ങള്‍ക്കും പ്രാധാന്യം കൈവരുന്നത്. ഇത്തരം അവസ്ഥയില്‍ ആത്മീയത ചോര്‍ന്നുപോകുകയും അതു ഭൌതികതയുടെ മറ്റൊരു പതിപ്പായി മാറുകയും ചെയ്യും. ഈ ജീര്‍ണത തിരിച്ചും സംഭവിയ്ക്കുന്നുണ്ട്. രാഷ്ടീയം അതിന്റെ ദര്‍ശനങ്ങളെ കൈവിട്ട്, ലാഭത്തിനായി മതത്തെയും ഉപയോഗപ്പെടുത്താറുണ്ട്. ചുരുക്കത്തില്‍ ആത്മീയ, ഭൌതിക ദര്‍ശനങ്ങളുടെ സംഘടിത രൂപങ്ങള്‍ മനുഷ്യനില്‍ അവിഹിതസ്വാധീനം ചെലുത്താന്‍ ശ്രമിയ്ക്കുമ്പോഴാണ് അത് മത-രാഷ്ട്രീയ ഏറ്റുമുട്ടലായി മാറുന്നത്.

മതം, മനുഷ്യന്റെ സഹജമായ “ഭയത്തെ” സമര്‍ത്ഥമായി ഉപയോഗിയ്ക്കുന്നതിനാല്‍ മിക്കപ്പോഴും രാഷ്ട്രീയത്തെക്കാള്‍ നന്നായി അവനെ കീഴ്പെടുത്താനാകും. ശുദ്ധഭൌതിക ദര്‍ശനത്തെ ഒരു സാധാരണ മനുഷ്യനില്‍ നിന്ന് ആട്ടിയോടിയ്ക്കാന്‍ മതത്തിന് വളരെ പെട്ടെന്നു കഴിയും. അതിനായി മതചിഹ്നങ്ങളെയും ആചാരങ്ങളെയും ഉപയോഗപ്പെടുത്തുന്നു.

സമൂഹത്തിന്റെ പുരോഗമനകാഴ്ചപ്പാടുകളോട് യാതൊരു ഉത്തരവാദിത്തവുമില്ലാത്ത മാധ്യമങ്ങളാല്‍ അഭിശപ്തമാണ് നമ്മുടെ നാട്. പ്രചാരം വര്‍ധിപ്പിച്ച് വരുമാനം കൂട്ടുക എന്ന ഒറ്റ ലക്ഷ്യം മാത്രം കൈമുതലായ അവ മതത്തെയും രാഷ്ട്രീയത്തെയും തമ്മിലടിപ്പിച്ച് സംഘര്‍ഷം സൃഷ്ടിച്ച്, അതില്‍ നിന്ന് വാര്‍ത്തകള്‍ സൃഷ്ടിച്ചെടുത്ത് നമ്മിലേയ്ക്ക് അടിച്ചുകയറ്റുന്നു. നമ്മില്‍ പ്രത്യേകമായ ഒരു ബോധമണ്ഡലം സൃഷ്ടിച്ചെടുക്കുന്നു. നല്ല വിവേചനശേഷിയുള്ളവര്‍ക്കല്ലാതെ മറ്റാര്‍ക്കും ഇതില്‍ നിന്നു കുതറിമാറാനാവില്ല. ചുരുക്കത്തില്‍ സംഘര്‍ഷം ഉള്ളിടത്തുമാത്രമേ വാര്‍ത്തയുള്ളു, മാധ്യമങ്ങളുള്ളു, അവയ്ക്കു വളര്‍ച്ചയുള്ളു.

ഈയടുത്ത കാലത്ത് കേരളത്തിലുണ്ടായ ചില “മത-രാഷ്ടീയ” ഏറ്റുമുട്ടലുകള്‍ പരിശോധിച്ചാല്‍ ഇവ വ്യക്തമായി മനസ്സിലാക്കാവുന്നതാണ്.

1) കേരളത്തിലെ മുഖ്യ രാഷ്ട്രീയപാര്‍ടിയായ സി.പി.എമ്മിന്റെ സമ്മേളനത്തോടനുബന്ധിച്ച് നടന്ന ചരിത്രപ്രദര്‍ശനത്തില്‍ അറിയപ്പെടുന്ന അനേകം ആരാധ്യപുരുഷരുടെ ചിത്രങ്ങള്‍ ഉണ്ടായിരുന്നു. സോക്രട്ടീസ്, മാര്‍ട്ടിന്‍ ലൂതര്‍ കിംഗ്, ഗാന്ധിജി, യേശു.... അങ്ങനെ. സാധാരണരീതിയില്‍ പുറമെ ആരും അത്ര അറിയാതെ പോകുമായിരുന്ന ഒരു പ്രദര്‍ശനം. അപ്പോഴാണ് മനോരമ പത്രം അതില്‍ ഒരു സംഘര്‍ഷ സാധ്യത കണ്ടെത്തിയത്. കേരളത്തിലെ കത്തോലിക്ക സഭയും സി.പി.എമ്മുമായുള്ള ഭിന്നതകളെ ആളികത്തിച്ച് അതില്‍ നിന്നു വാര്‍ത്തയുണ്ടാക്കുകയും, ഒപ്പം രാഷ്ട്രീയമായി സിപീമ്മിന് ഒരടി കൊടുക്കുകയും ചെയ്യുക. അങ്ങനെയാണ് “രക്തസാക്ഷി” വിവാദം ഉണ്ടാക്കപ്പെട്ടത്. അതിന് അല്പം കൂടി എരിവുകൂട്ടാന്‍ തിരുവത്താഴ വിവാദവും എടുത്തിട്ടു. ദിവസങ്ങള്‍ക്കു മുന്‍പേ ഇല്ലാതായ ഒരു പ്രശ്നത്തെ വീണ്ടും കുത്തിപ്പൊക്കി. അവരുടെ കണക്കുകൂട്ടലനുസരിച്ചു തന്നെ കത്തോലിക്ക സഭ വിഷയത്തിലിടപെടുകയും മതചിഹ്നങ്ങളെ സമര്‍ത്ഥമായി ഉപയോഗിച്ച് സംഘര്‍ഷം ഉണ്ടാക്കുകയും ചെയ്തു. മാധ്യമങ്ങള്‍ക്ക് ആവോളം വാര്‍ത്തകിട്ടി.

2). ഈയടുത്തുണ്ടായ പ്രവാചകന്റെ “മുടി”വിവാദവും ഇത്തരത്തിലൊരു മാധ്യമസൃഷ്ടിയാണ്. വാഗ്ഭടാനന്ദനെപോലൊരു സാമൂഹ്യപരിഷ്കര്‍ത്താവിനെ അനുസ്മരിച്ചു നടന്ന സെമിനാറില്‍ സി.പി.എമ്മിന്റെ സംസ്ഥാന സെക്രട്ടറി നടത്തിയ സമഗ്രമായ പ്രസംഗത്തില്‍ പറഞ്ഞകാര്യങ്ങളെല്ലാം തമസ്കരിച്ചുകൊണ്ട്, ഒരു ചോദ്യത്തിനുത്തരമായി പറഞ്ഞ വാചകത്തെ മാത്രം ഉരിഞ്ഞെടുത്ത് വിവാദമാക്കി. സാമൂഹ്യപുരോഗതിയ്ക്കായി പ്രവര്‍ത്തിയ്ക്കുന്ന ഒരു പ്രസ്ഥാനത്തിനും മുഖംതിരിയ്ക്കാവുന്ന ചോദ്യമായിരുന്നില്ല അത്.

ഇത്തരം വിവാദങ്ങള്‍ തെറ്റൊന്നുമല്ല, അതിന്റെ സമഗ്രതയില്‍ ചര്‍ച്ചചെയ്യപ്പെട്ടാല്‍. എന്നാലിവിടെ സംഭവിയ്ക്കുന്നത് അങ്ങനെയല്ല. രാഷ്ട്രീയം മതത്തെ ആക്രമിയ്ക്കുന്നു എന്ന അര്‍ത്ഥത്തിലാണ് ചര്‍ച്ചകളുണ്ടാവുന്നത്. അതിനെ ശരിയായ രീതിയിലേയ്ക്കു തിരിച്ചു വിടണമെങ്കില്‍ ജനങ്ങള്‍ക്ക് മത, രാഷ്ട്രീയ തലങ്ങളില്‍ സംതുലിതവും ശരിയായതുമായ കാഴ്ചപ്പാടുണ്ടായേ പറ്റൂ. വ്രണപ്പെടേണ്ടത് മതവികാരമല്ല, മാനവിക വികാരമാണ്. അതുണ്ടാവണമെങ്കില്‍ ആത്മീയതയും ഭൌതികതയും ശരിയായി സമ്മേളിയ്ക്കുന്നതാണ് മാനവികത എന്നു മനസ്സിലാക്കണം.
 

3 comments:

  1. തുമ്മിയാല്‍ തെറിക്കുന്ന വികാരനഗല്‍ അന്ഗൂട്ടു വ്രണപ്പെടട്ടെ എന്ന് പറയാന്‍ ധൈര്യം ഉണ്ടായ നേതാവിന് അഭിവാദ്യങ്ങള്‍ ,,,ലാല്‍ സലാം സഖാവേ ...

    ReplyDelete
  2. Avatharippichu thudangiyathu pettennu avasanippicha pole thonni. Enkilum nannayittundu.

    ReplyDelete
  3. അഭിവാദ്യങ്ങള്‍

    ReplyDelete

കമന്റിലെ അക്ഷരങ്ങള്‍ക്ക് നിറം നല്‍കാന്‍ [co="red"]Type Text here[/co] . ഇവിടെ red എന്നതിനു പകരം മറ്റ് നിറങ്ങള്‍ നല്‍കിയാല്‍ മതിയാകും.