പുതിയ കഥാസമാഹാരം “രയറൊം കഥകള്‍ " VPP ലഭിയ്ക്കാന്‍ sidrapubications@gmail

Thursday, 8 March 2012

ചില വനിതാദിന ചിന്തകള്‍

ചില വനിതാദിന ചിന്തകള്‍

മാര്‍ച്ച് -8 അന്താരാഷ്ട്ര വനിതാ ദിനം. ഈ ദിനത്തിന്റെ വേരുകള്‍ തേടിപ്പോയാല്‍ അത് 1857 മാര്‍ച്ച് 8 നു ന്യൂയോര്‍ക്കിലെ ടെക്സ്റ്റൈല്‍ ഫാക്ടറിസമരം വരെ എത്തിനില്‍ക്കും. തുടര്‍ന്ന് പലപ്പോഴായി മാര്‍ച്ച് 8 പല വനിതാ മുന്നേറ്റങ്ങള്‍ക്കും പ്രഖ്യാപനങ്ങള്‍ക്കും സാക്ഷിയായിട്ടുണ്ട്. 1975- ലാണ് ഐക്യരാഷ്ട്രസഭ ഈ ദിനത്തെ അന്താരാഷ്ട വനിതാദിനമായി ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഈ വര്‍ഷത്തെ പ്രഖ്യാപിത മുദ്രാവാക്യം  ഗ്രാമീണ സ്ത്രീശാക്തീകരണം - ദാരിദ്ര്യത്തിന്റെയും വിശപ്പിന്റെയും അവസാനം എന്നാണ്.
മുന്‍‌വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലും വനിതകളുടെ സാമൂഹ്യ അവസ്ഥകളെ പറ്റി ഗൌരവമായ ചര്‍ച്ചകള്‍ നടക്കുന്നുണ്ട് എന്നത് ശുഭകരമാണ്.

നമ്മുടെ പശ്ചാത്തലത്തില്‍ ഈ വിഷയത്തെ സമീപിയ്ക്കുമ്പോള്‍ അഭിമുഖീകരിയ്ക്കേണ്ടി വരുന്ന ചോദ്യമിതാണ്, എന്താണ് നമ്മുടെ സ്ത്രീകളുടെ അവസ്ഥ? വ്യത്യസ്ഥ വീക്ഷണങ്ങളില്‍ നിന്നു ലഭിയ്ക്കുന്ന ഉത്തരങ്ങള്‍, സ്വാഭാവികമായും വ്യത്യസ്ഥമായിരിയ്ക്കുമെങ്കിലും ഒരു  കാര്യത്തില്‍ ഏറെക്കുറെ യോജിയ്ക്കും, അത്ര അസൂയാവഹമൊന്നുമല്ല. സത്യത്തില്‍ എന്താണ് നമ്മുടെ സ്ത്രീകള്‍ നേരിടുന്ന പ്രശ്നം? എന്റെ ഉത്തരം ഇതാണ്. “സ്വയം നിര്‍ണയാവകാശമില്ലായ്മ.“

സ്ത്രീയെന്നും പുരുഷനെന്നും കേവലാര്‍ത്ഥത്തില്‍ പറയാമെങ്കിലും, അടിസ്ഥാനപരമായി മറ്റു ഘടകങ്ങളുമായി കൂടിച്ചേര്‍ന്നാണ് അവരുടെ അസ്ഥിത്വം. കുടുംബം, ജാതി, മതം, സമൂഹം എന്നിവയാണ് ഈ ഘടകങ്ങള്‍. ഈ ഓരോ ഘടകത്തിനും പൊതു സ്വഭാവങ്ങളും, തനതായ സ്വഭാവങ്ങളുമുണ്ട്. അതിനനുസൃതമായ രീതിയില്‍ അവ ചില നിയമങ്ങളും സൃഷ്ടിച്ചിരിയ്ക്കുന്നു. ഇവയെല്ലാം ആത്യന്തികമായി പതിയ്ക്കപ്പെടുന്നത് സ്ത്രീയുടെയും പുരുഷന്റെയും മേലാണ്. എന്നാല്‍ അവയുടെ തോതിന് വലിയ വ്യത്യാസങ്ങളുണ്ടെന്നു മാത്രം. പുരുഷനെ സംബന്ധിച്ച് ചില നിയമങ്ങള്‍ അവഗണിയ്ക്കാവുന്നതോ അപ്രസക്തമോ ആണെങ്കില്‍  സ്ത്രീയെ സംബന്ധിച്ച് അവ കര്‍ക്കശവും ചിലപ്പോള്‍ അതിരുവിട്ടതുമാകുന്നു. മേല്‍നിയമങ്ങളില്‍ നിന്നുള്ള വിടുതിയുടെ തോതനുസരിച്ചാണ് ഓരോ ആളിന്റെയും സ്വയം നിര്‍ണയാവകാശം. അതുപ്രകാരം പുരുഷന്‍ സ്ത്രീയെ അപേക്ഷിച്ച് വളരെയധികം തോതില്‍ ഈ അവകാശം അനുഭവിയ്ക്കുന്നു. നമ്മുടെ സ്ത്രീകള്‍ ആ അവകാശത്തില്‍ നിന്നും കാതങ്ങളകലെയും.

നമ്മെ സംബന്ധിച്ച് “പൊതുസമൂഹം” എന്നത് വളരെ ചെറിയ ഒരിടമാണ്. വിശാലമായ സ്പേസിലെ സിംഹഭാഗവും അപഹരിയ്ക്കുന്നത് ജാതിയും മതവും ചേര്‍ന്നാണ്. അവയുടെ താല്പര്യങ്ങളോട്  സന്ധിചെയ്യുന്ന പൊതുസമൂഹമാണ് നമുക്കുള്ളത്. ഈ മൂന്നുഘടകങ്ങള്‍ക്കും കീഴ്പെട്ട് നിലനില്‍ക്കുന്നു കുടുംബം. കുടുംബത്തില്‍ പുരുഷനു ലഭിയ്ക്കുന്ന സ്വയം നിര്‍ണയാവകാശം സ്ത്രീയ്ക്കില്ല.

സ്ത്രീയുടെ സ്വയംനിര്‍ണയാവകാശം എന്നു പറയുമ്പോള്‍ അതു അരാജകത്വത്തിനുള്ള ലൈസന്‍സായി കാണേണ്ടതില്ല. എന്നാല്‍ ഇന്നു നിലനില്‍ക്കുന്ന പലസങ്കല്പങ്ങളും  പൊളിഞ്ഞുവീഴും എന്നതു സത്യവുമാണ്. തീര്‍ച്ചയായും ഇത് വലിയ സംഘര്‍ഷങ്ങള്‍ സൃഷ്ടിയ്ക്കും. ഇതിനോടു പൊരുത്തപ്പെടാനാവാത്തവര്‍, കുടുംബ, മത, ജാതി, സമൂഹ്യ വിലക്കുകള്‍ ഉന്നയിച്ച് എതിര്‍ക്കും. അതിനെ എങ്ങനെ നേരിടും എന്നതാണ് സ്ത്രീകളും പുരോഗമചിന്താഗതിയുള്ള പൊതുസമൂഹവും അഭിമുഖീകരിയ്ക്കാന്‍ പോകുന്ന വെല്ലുവിളി.
ഇപ്പോള്‍ പലയിടത്തു നിന്നും നാം കേള്‍ക്കുന്ന “സദാചാര പോലീസ് (ഗുണ്ടായിസം)“ മേല്‍പ്പറഞ്ഞ ഗണത്തില്‍ പെടും. വാസ്തവത്തില്‍ ഇതു പണ്ടും ഉണ്ടായിരുന്നുവെങ്കിലും ഇപ്പോഴാണ് വാര്‍ത്തകളില്‍ ഇടം പിടിച്ചതെന്നു മാത്രം. ഈയിനം ഗുണ്ടായിസവുമായി വരുന്നവരുടെ പശ്ചാത്തലം മനസ്സിലാക്കിയാല്‍ മാത്രം മതി ഇതിന്റെ അപഹാസ്യത മനസ്സിലാക്കാന്‍.

ഇന്നത്തെ (08-03-12) മംഗളം ദിനപ്പത്രത്തില്‍ സദാചാരപോലീസിനെ ന്യായീകരിച്ച് പോപ്പുലര്‍ ഫ്രണ്ട് നേതാവ് നാസറുദ്ദീന്‍ എളമരം എഴുതിയ “സദാചാരചൊറിച്ചില്‍” എന്നൊരു ലേഖനമുണ്ട്. അതില്‍ പറയുന്നു:
“ജനപങ്കാളിത്തത്തോടെ ക്രമസമാധാനം ഉറപ്പാക്കാന്‍ ജനകീയപോലീസ് സംവിധാനം തുടങ്ങിയ സംസ്ഥാനമാണു നമ്മുടേത്. ഇതിനു പുറമെയാണ് സ്കൂള്‍തലം വരെ കുട്ടിപ്പോലീസിനെ വിന്യസിച്ചതും. ജനപങ്കാളിത്തം നിയമവാഴ്ച ഉറപ്പാക്കാന്‍ സര്‍ക്കാര്‍ സംവിധാനം ഏര്‍പ്പെടുത്തിയ നാട്ടില്‍, അതിരു വിടാത്ത ജനകീയ ഇടപെടലുകളെ നിരുത്സാഹപ്പെടുത്തുന്നത് കുറ്റകൃത്യങ്ങള്‍ വര്‍ധിയ്കാനെ ഇടയാക്കൂ. കള്ളവാറ്റ് പിടിയ്ക്കാനും കള്ളനെ പിടിയ്ക്കാനും പലസ്ഥലങ്ങളിലും നാട്ടുകാര്‍ തന്നെ മുന്നിട്ടിറങ്ങാറുണ്ട്. പാതിവ്രത്യം നഷ്ടപെട്ട ഭാര്യയുമായി മാന്യതയുള്ള ഒരു ഭര്‍ത്താവും ബന്ധം നിലനിര്‍ത്തിക്കൊള്ളണമെന്നില്ല. ഇത്തരം ഘട്ടങ്ങളില്‍ താന്തോന്നികളായ സ്ത്രീകള്‍ക്കു വേണ്ടി സമരം നയിയ്ക്കാന്‍ രംഗത്തു വന്ന യുവജനസംഘടന എന്താണ് സമൂഹത്തോട് വിളിച്ചു പറയുന്നത്? ”
പോപ്പുലര്‍ ഫ്രണ്ട് നേതാവ് വ്യത്യസ്ത ജാതി-മത സംഘടനകളുടെ ഒരു പ്രതിനിധിമാത്രം. ഇക്കാര്യത്തില്‍ മറ്റുള്ളവര്‍ക്കും ഇതേ അഭിപ്രായമായിരിയ്ക്കും. സ്ത്രീയുടെ വ്യക്തിസ്വാതന്ത്ര്യത്തെ എത്ര സമര്‍ത്ഥവും വികലവുമായാണ് ക്രമസമാധാനവിഷയത്തോട് ചേര്‍ത്തു കെട്ടിയിരിയ്ക്കുന്നതെന്നു നോക്കു. “ഭാര്യാവ്രത്യം” നഷ്ടപ്പെട്ട പുരുഷനെപറ്റി ഇദ്ദേഹം ഉല്‍കണ്ഠാകുലനല്ലെന്നും ശ്രദ്ധിയ്ക്കണം.
ഇത്തരം എതിര്‍പ്പുകളെ നേരിട്ട് സ്വയം നിര്‍ണയാവകാശം നേടാനുള്ള പോരാട്ടമാവട്ടെ ഈ വനിതാദിനത്തിന്റെ പ്രചോദനം.

1 comment:

കമന്റിലെ അക്ഷരങ്ങള്‍ക്ക് നിറം നല്‍കാന്‍ [co="red"]Type Text here[/co] . ഇവിടെ red എന്നതിനു പകരം മറ്റ് നിറങ്ങള്‍ നല്‍കിയാല്‍ മതിയാകും.