പുതിയ കഥാസമാഹാരം “രയറൊം കഥകള്‍ " VPP ലഭിയ്ക്കാന്‍ sidrapubications@gmail

Wednesday 16 November 2011

“ട്രൌസര്‍ കീറിപ്പോയ ശുംഭന്മാര്‍‍..”

“ശുംഭന്‍“ പ്രയോഗത്തിന്റെ പേരില്‍ എം.വി.ജയരാജനെതിരെ ഹൈക്കോടതിയില്‍ വിചാരണ നടക്കുന്ന സമയത്ത് അതിന്റെ പരിഹാസ്യതയെ പറ്റി ഞാനൊരു പോസ്റ്റിട്ടിരുന്നു. രാഷ്ടീയ പ്രവര്‍ത്തകനായ ഒരു വ്യക്തിയുടെ സാന്ദര്‍ഭികമായ ഒരു വാക്കില്‍ തൂങ്ങി കുറ്റവിചാരണ നടത്തുന്നത് ഹൈക്കോടതിയുടെ അന്തസ്സിടിയ്ക്കുകയേ ഉള്ളുവെന്ന് ഞാനതില്‍ സൂചിപ്പിച്ചപ്പോള്‍ പലരും എന്നെ വിമര്‍ശിയ്ക്കുകയാണുണ്ടായത്.
ആഴ്ചകള്‍ നീണ്ട വിചാരണക്കൊടുവില്‍ സാമാന്യനീതിയ്ക്കു വിരുദ്ധമായി കോടതി ജയരാജനെ ജയിലിലയച്ചപ്പോഴും നീതിബോധമുള്ളവര്‍ അതിനെ വിമര്‍ശിച്ചു. എന്നാല്‍ അപ്പോഴും കോടതി ചെയ്തത് ശരിയെന്നു വാദിയ്ക്കാനും ചിലരുണ്ടായിരുന്നു. ഒടുക്കം സുപ്രീം കോടതിയിലെത്തിയപ്പോള്‍ എന്താണുണ്ടായത്?നാടന്‍ ഭാഷയില്‍ പറഞ്ഞാല്‍ ഹൈക്കോടതിയുടെ “ട്രൌസര്‍ കീറിപ്പോയി”. എത്ര നിശിതമായാണു പരമോന്നത കോടതി, ഹൈക്കോടതിയുടെ തൊലിയുരിച്ചത്..!

“നിങ്ങളെങ്ങനെയാണ് ജയരാജനെ ജയിലിലടയ്ക്കുക? ജുഡീഷ്യല്‍ പ്രക്രിയ എന്താണെന്ന് ഞങ്ങള്‍ പറഞ്ഞുതരണോ? അപ്പീലിനുള്ള നിയമപരമായ അവകാശം എടുത്തുകളയാന്‍ നിങ്ങള്‍ക്കവകാശമില്ല.  ജയരാജന്‍ പറഞ്ഞതിന് അതേ നാണയത്തില്‍ തിരിച്ചടിച്ചുവല്ലേ. വിധിന്യായത്തിലെ മോശം പരാമര്‍ശങ്ങള്‍ ഞങ്ങളെ ഞെട്ടിയ്ക്കുന്നു. കേസിന്റെ മെറിറ്റു നോക്കിയാകണം ഉത്തരവ് പുറപ്പെടുവിയ്ക്കേണ്ടത്, അല്ലാതെ വ്യക്തിപരമായ ഇഷ്ടാനിഷ്ടമനുസരിച്ചല്ല. ജയരാജനു ജയിലില്‍ പോകേണ്ടി വന്നതില്‍ ഞങ്ങള്‍ അസ്വസ്ഥരും ദു:ഖിതരുമാണ്...”

ഈ അഭിപ്രായത്തോടെ സുപ്രീം കോടതി ഉടനടി ജയരാജന് ജാമ്യം അനുവദിയ്ക്കുകയാണുണ്ടായത്.
ഒരു നീതിപീഠത്തിന് ഇതിനേക്കാള്‍ മോശമായി കീഴ്‌ക്കോടതിയെ വിമര്‍ശിയ്ക്കാനാവില്ല. സാധാരണ രീതിയിലാണെങ്കില്‍ അല്പമെങ്കിലും അഭിമാന ബോധമുള്ളവര്‍ക്ക് ഇനിയവിടെ ഇരിയ്ക്കാനാവുമോ?

 ഇത്തരം അപഹാസ്യമായ ഒരു അവസ്ഥ ഹൈക്കോടതി സ്വയം വരുത്തിവെച്ചതാണ്. എന്നാല്‍ ഇതിലും ഗൌരവമേരിയ ഒരു ചെയ്ത്തുകൂടി ഇന്നലെ ഹൈക്കോടതി, മേല്‍ക്കോടതിയില്‍ ചെയ്തു വെച്ചിട്ടുണ്ട്. തങ്ങളുടെ ഉത്തരവിനെ ന്യായീകരിയ്ക്കാനായി ഒരു വക്കീലിനെ ഏര്‍പ്പെടുത്തിക്കളഞ്ഞു.!,  സി.പി.എം, ഹൈക്കോടതിയ്ക്കുമുന്‍പില്‍ പ്രക്ഷോഭം നടത്തിയെന്നും ജഡ്ജിമാരെയും മറ്റും തടഞ്ഞുവെന്നും മുദ്രാവാക്യം വിളിച്ചെന്നുമൊക്കെയുള്ള പച്ചക്കള്ളമാണയാള്‍ കോടതിയില്‍ അവതരിപ്പിച്ചത്. അതു വിശ്വസിച്ച സുപ്രീം കോടതി സി.പി.എമ്മിനേയും വിമര്‍ശിച്ചു. ഹൈക്കോടതിയ്ക്കു മുന്‍പില്‍ നടന്നത് മാലോകരെല്ലാം നേരിട്ടുകണ്ടതാണ്. എവിടേയ്ക്കാണ് ഈ ഹൈക്കോടതി പോകുന്നത്? അവിടെയിരിയ്ക്കുന്നവര്‍ ജഡ്ജിമാരോ അതോ മാടമ്പിമാരോ? ജസ്റ്റീസ്. കെ.രാം കുമാര്‍ എന്ന ജഡ്ജിയാണ് ജയരാജനു ശിക്ഷ വിധിച്ചത്. ഇദ്ദേഹത്തിന്റെ പൂര്‍വകാല വിധികള്‍ ഒന്നറിഞ്ഞിരിയ്ക്കുന്നത് രസകരമാണ്.

1). 2008 മാര്‍ച്ച് 11- ഫസല്‍ വധക്കേസ് സി.ബി.ഐ.യ്ക്കു വിട്ട ഉത്തരവ്. സി.പി.എമ്മിന്റെ അണികള്‍ മാത്രമേ കൊല്ലപ്പെടുന്നുള്ളു. നേതാക്കളാരും കൊല്ലപ്പെടുന്നില്ല. കണ്ണൂരില്‍ കേന്ദ്രസേനയെ വിന്യസിയ്ക്കണം.  ഉടന്‍ ഗവര്‍ണര്‍ ഇതിനു നടപടിയെടുക്കണം. (കേസുമായി ഒരു ബന്ധവുമില്ലാത്ത പരാമര്‍ശങ്ങള്‍)

2). 2009 മാര്‍ച്ച് 24. കേരളത്തില്‍ ക്രമസമാധാനം ആകെ തകര്‍ന്നു. ആഭ്യന്തരമന്ത്രിയുടെ മണ്ഡലം ക്രിമിനലുകളെ സംഭാവന ചെയ്യുന്നു. പോലീസ് പൈശാചിക സേനയായി മാറി. (റഹീം പുക്കടശേരിയെ തീവ്രവാദികള്‍ കൊല്ലാന്‍ ശ്രമിച്ച കേസിലാണ് ഈ പരാമര്‍ശം.)

3). അഭയക്കേസ്, മുങ്ങിപ്പോകാന്‍ അനുവദിയ്ക്കാതെ 20 വര്‍ഷമായി അതിനു വേണ്ടി പോരാടുന്ന ജോമോന്‍ പുത്തന്‍ പുരയ്ക്കലിനെ പറ്റി 23 കാര്യങ്ങള്‍ അന്വേഷിയ്ക്കണമെന്നായിരുന്നു ഇത്തവണത്തെ ഉത്തരവ്.

ഒടുവിലത്തേതാണ് ജയരാജന്‍ കേസ്. ഇദ്ദേഹത്തിന്റെ മേല്‍പ്പരാമര്‍ശങ്ങള്‍ എല്ലാം സുപ്രീം കോടതി ഓരോ പ്രാവശ്യവും റദ്ദാക്കുകയാണുണ്ടായത്. എല്ലാം കൂട്ടി വായിച്ചാല്‍ ഒരു കാര്യം ബോധ്യമാകും, ഇദ്ദേഹത്തിന് നീതി താല്പര്യത്തേക്കാള്‍ മറ്റെന്തോ താല്പര്യമാണുള്ളതെന്ന്. അങ്ങനെയുള്ളവരെയും ശുംഭന്മാരെന്നു വിളിച്ചുകൂടെ?

വാല്‍ക്കഷണം: എം.വി.ജയരാജന്‍, ഹൈക്കോടതിയോടു നന്ദി ഉള്ളവനായിരിയ്ക്കണം. കേരളത്തിലെ ഒരു ചോട്ടാ നേതാവായിരുന്ന ജയരാജന്‍ ഇന്ത്യയാകെ അറിയപ്പെടുന്ന ആളായി. പോരാ ആഗോള പ്രശസ്തനായി എന്നു പറയണം. ഇന്നത്തെ “GULF TIMES” പത്രത്തില്‍ ജയരാജനെ പറ്റി വാര്‍ത്തയുണ്ട്.

8 comments:

  1. പൊതുജനം എല്ലാം കാണുന്നുണ്ട്,കേൾക്കുന്നുണ്ട്,,,

    ReplyDelete
  2. അതെ ,പൊതു ജനം എല്ലാം കാണുന്നു ..കേള്‍ക്കുന്നു

    ReplyDelete
  3. പൂരം തീർന്നില്ലല്ലോമോനേ.ഇപ്പോഴേ അങ്ങ്‌ പറഞ്ഞു തീർത്താൽ അവസാനം പറയാൻ ഒന്നും കാണില്ല. ഏതായാലും സുപ്പ്രീം കോടതി വിധി കഴിഞ്ഞ്‌ ഒരു പോസ്റ്റ്‌ ഇടാൻ മറക്കരുത്‌.

    ReplyDelete
  4. അപ്പോൾ പറഞ്ഞു വരുന്നത്: ശുംഭൻ എന്നാൽ പ്രകാശിക്കുന്നവൻ എന്നു തന്നെയാണോ? ജയരാജന്റെ അത്തരം പ്രസംഗങ്ങൾ ഒക്കെ കേട്ട് കോൾമയിർ കൊണ്ട് ഇരുന്നോളണം ഇവിടുത്തെ കോടതികൾ എന്നാണോ പറഞ്ഞു വരുന്നത്? ശിക്ഷിക്കുന്നത് ആദ്യമല്ല ഇത്തരം പരാമർശങ്ങൾ നടത്തിയവരെ... അവരിൽ പലരും മാപ്പു പറയുകയും ഖേദിക്കുകയും ചെയ്തതായി ചരിത്രം പറയുന്നു...

    അതെ ജയരാജൻ അഖില ലോക പ്രശസ്തനായി... അങ്ങിനെ എങ്കിൽ കോടതി ആരായി??!!

    ReplyDelete
  5. എവിടെയും ചില താല്പര്യങ്ങള്‍ തന്നെയാണ് കാര്യങ്ങള്‍ തീരുമാനിക്കുന്നത് എന്നത് പല കോടതി വിധികളും കാണുമ്പോള്‍ മനസ്സിലാക്കാം.
    ഇതെക്കാള്‍ കൂടുതല്‍ ചീത്ത വിളിച്ചവരൊക്കെ ഒരു കുഴപ്പവും ഇല്ലാതെ നടക്കുന്നത് കാണുമ്പോള്‍....

    ReplyDelete
  6. ചേട്ടാ, Mr ശുംഭ ശ്രീക്ക് ഒരു പണി കൊടുക്കണം എന്നേ കോടതിക്ക് ഉണ്ടായിരുന്നുള്ളു ... അവര്വ് അത് അങ്ങോട്ട്‌ കൊടുത്തു. പിന്നെ ഈ ഒരു കാര്യത്തിന് വേണ്ടി വില ഇടിഞ്ഞാല്‍ കോടതിക്ക് പുല്ലാ.... കേരളത്തിലെ ഏത്ര ആളുകള്‍ ഈ വിദിയില്‍ മനസ്സില്‍ സന്തോഷിക്കുന്നുണ്ട്‌ എന്ന ഒരു പോള്‍ നടത്തിയാല്‍ അറിയാം അതിന്റെ ഉത്തരം.

    ReplyDelete
  7. ചിലര്‍ അധികാരം കിട്ടിയാല്‍ അഹങ്കാരികളാകും.അവരുടെ മനോജന്യ തീരുമാനമായിരിക്കും അവര്‍ നടപ്പിലാക്കാന്‍ ശ്രമിക്കുക.
    സര്‍ക്കാര്‍ ആഫീസുകളീല്‍ ഇത്തരം രോഗികള്‍ കസേരകള്‍ കയ്യടക്കി അരങ്ങു തകര്‍ക്കുകയാണ്.കൊച്ചികോടതിയിലും മാറാരോഗം എത്തിയിരിക്കുന്നു.

    ReplyDelete
  8. ജയജയ രാജാ ജയരാജാ.. പറയേണ്ടതു ചിലപ്പോള്‍ പറയേണ്ടിവരും. എന്നാലും അഹങ്കാരത്തിന്റെ ഭാഷ ആര്‍ക്കും നല്ലതല്ല. മാന്യമായ വിമര്‍ശനം അല്ലേ വേണ്ടത്. വാക്കുകള്‍ ഉപയോഗിക്കുമ്പോള്‍ സൂക്ഷിക്കുന്നത് ജയരാജനു മാത്രമല്ല, ജഡ്ജമാര്‍ക്കും നല്ലതാണെന്ന് സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ് ബോധ്യപ്പെടുത്തുന്നു.

    ReplyDelete

കമന്റിലെ അക്ഷരങ്ങള്‍ക്ക് നിറം നല്‍കാന്‍ [co="red"]Type Text here[/co] . ഇവിടെ red എന്നതിനു പകരം മറ്റ് നിറങ്ങള്‍ നല്‍കിയാല്‍ മതിയാകും.