പുതിയ കഥാസമാഹാരം “രയറൊം കഥകള്‍ " VPP ലഭിയ്ക്കാന്‍ sidrapubications@gmail

Monday, 13 June 2011

കൂരാച്ചുണ്ട് കഥകള്‍ (7) : പല്ലെടുക്കല്‍.

“എന്താടാ കൊച്ചെ.. രാവിലെ കരണക്കുറ്റീം പൊത്തിപ്പിടിച്ചോണ്ട്..?“ രയറോത്തേയ്ക്കുള്ള വഴിയ്ക്കുവെച്ചു കണ്ടപ്പോള്‍ അച്ചായന്‍ ചോദിച്ചു.

“ഇന്നലെ ഒരുപോള കണ്ണടച്ചിട്ടില്ല അച്ചായാ.. അണപ്പല്ലിന് മുടിഞ്ഞ വേദന. ആലക്കോട്ടെ ദന്തനെ കാണിച്ച് പറിച്ചു കളയാന്‍ പോകുവാ...”

“ഒരു പല്ലുപറിയ്ക്കാനാണോ ദന്തനെ കാണുന്നത്..? ചുമ്മാ എന്തിനാടാ  കൊച്ചെ കാശുകളയുന്നത്? ഞങ്ങളു കൂരാച്ചുണ്ടിലായിരുന്നകാലം ഏലിയാമ്മയ്ക്കു പല്ലുവേദന വന്നപ്പോ ഞാനല്ലേ പറിച്ചത്. എനിയ്ക്ക് പല്ലുവേദന വന്നപ്പം അവളും പറിച്ചു തന്നു..”

“ഓ.. നിങ്ങള് അങ്ങോട്ടുമിങ്ങോട്ടും കരണക്കുറ്റിയ്ക്ക് അടിച്ച് പറിച്ചാ‍യിരിയ്ക്കും..”

“അതൊന്നുമല്ലെടാ.. ഇത് ശരീരത്ത് തൊടുകപോലും വേണ്ട..വേദനയറിയാതെ ഓട്ടോമാറ്റിക്കായി സംഗതി നടക്കും..”

“ഓഹോ..ആ ടെക്നിക്കൊന്നു പറഞ്ഞു താ അച്ചായാ..  ദന്തനു ചുമ്മാ കാശുകൊടുക്കണ്ടല്ലോ..”

“ഒരാളുടെ സഹായം ഉണ്ടങ്കിലേ ഓട്ടോമാറ്റിക്കായിട്ട് പരിപാടി നടക്കത്തൊള്ളു. ഞാന്‍ ഏലിയാമ്മേടെ പല്ലെടുത്ത വിധം പറഞ്ഞു തരാം. നല്ല നൈലോണ്‍ നൂല് ഒരു മൂന്നടി  നീളത്തില്‍ എടുത്തു. എന്നിട്ട് ഏലിയാമ്മോട് നിലത്ത് കുത്തിയിരിയ്ക്കാന്‍ പറഞ്ഞു.. വേദനയുള്ള പല്ലേല്‍ നൂലിന്റെ ഒരറ്റം നല്ല ബലത്തില്‍ കെട്ടി. മറ്റേ അറ്റം കാലിന്റെ പെരുവിരലിലും കെട്ടി. ഇത്രയും ചെയ്തിട്ട് ഒരു അഞ്ചടി ദൂരെയോട്ട് ഞാന്‍ മാറി നിന്നു. പിന്നെ  മുഖത്തു നോക്കി അവള്‍ടെ അപ്പനേം അമ്മയേം നല്ല പുളിച്ച തെറി ആത്മാര്‍ത്ഥമായിട്ടങ്ങോട്ട് പറഞ്ഞു.  കാണിച്ചു കൊടുത്തപ്പോഴാ പല്ലു പറിഞ്ഞകാര്യം അവളറിഞ്ഞത്.. പക്ഷെ അന്നെനിയ്ക്കൊരബദ്ധം പറ്റി. അവളുടെ കൈയകലത്തില്‍ ചെരവ ഇരുന്നതു ഞാന്‍ ശ്രദ്ധിച്ചില്ലായിരുന്നു..” നെറ്റിയിലെ പാട് തടവിയ്ക്കൊണ്ട് അച്ചായന്‍ പറഞ്ഞു.

“എട്ടരേടെ ബസ് പോയോ ആവോ..?” ഞാന്‍ വേഗം രയറോത്തേയ്ക്ക് നടന്നു.

4 comments:

  1. ടെക്നിക് കൊള്ളാം..ആദ്യം ചെരവ മാറ്റി വെക്കണം അല്ലെ?

    ReplyDelete
  2. പല്ലെടുക്കാൻ പലമാർഗ്ഗങ്ങൾ,,,

    ReplyDelete
  3. വിശ്വ പ്രസിദ്ധ സാഹിത്യകാരൻ മാർക് ട്വൈൻ തന്റെ “അഡ്വഞ്ചേഴ്സ് ഓഫ് ഹക്കൽബറി ഫിൻ” എന്ന കൃതിയിൽ ഇതേ കാര്യം അവതരിപ്പിച്ചിട്ടുണ്ട്. തെറിവിളിക്കു പകരം തീക്കൊള്ളി കൊണ്ട് മുഖത്തേക്ക് കുത്താൻ നോക്കുകയായിരുന്നു പല്ലുപറിക്കുന്ന ആൾ.പറിക്കേണ്ട ആൾ പേടിച്ചു പിന്നോട്ട് നീങ്ങുമ്പോൾ കെട്ടിയ നാരിൽ ഇരിക്കും പല്ല്.......!എപ്പടി.......?

    ReplyDelete

കമന്റിലെ അക്ഷരങ്ങള്‍ക്ക് നിറം നല്‍കാന്‍ [co="red"]Type Text here[/co] . ഇവിടെ red എന്നതിനു പകരം മറ്റ് നിറങ്ങള്‍ നല്‍കിയാല്‍ മതിയാകും.