പുതിയ കഥാസമാഹാരം “രയറൊം കഥകള്‍ " VPP ലഭിയ്ക്കാന്‍ sidrapubications@gmail

Sunday, 5 June 2011

കൂരാച്ചുണ്ട് കഥകള്‍ (1) - മീന്‍പിടുത്തം.

രയറോത്ത് എന്റെ വീടിനു സമീപത്തായി ഒരു അച്ചായന്‍ താമസമുണ്ട്. അദ്ദേഹത്തിന്റെ സ്വന്തം നാട്  കോഴിക്കോട്, കൂരാച്ചുണ്ട് ഡാമിനടുത്താണ്. ഇപ്പോള്‍ രയറോത്ത് സ്ഥലം മേടിച്ച് സകുടുംബം താമസം. മെലിഞ്ഞുണങ്ങിയ ശരീരം. മുടിയും മീശയും നരച്ചെങ്കിലും മുറ്റിത്തഴച്ചതാണ്. അച്ചായന്റെ അഭിപ്രായത്തില്‍ കൂരാച്ചുണ്ടുകാരോളം വരില്ല രയറോംകാര്‍. എന്റെ വലിയ സുഹൃത്തായതിനാല്‍ കൂരാച്ചുണ്ടിലെ വീരകഥകള്‍ അച്ചായന്‍ പറയാറുണ്ട്. ഇതാ ചിലതൊക്കെ :-

ഒരു ദിവസം ഞാനും അച്ചായനും രയറോത്ത് പച്ചമീന്‍ മേടിയ്ക്കാന്‍ പോയി. കഷ്ടകാലത്തിന് അന്ന് മീന്‍‌കാരന്‍ പരീതിക്കാ അവധിയിലായിരുന്നു. മീനില്ലാതെ ചോറുണ്ണന്ന കാര്യം ഓര്‍ത്തപ്പോഴേ എനിയ്ക്കും അച്ചായനും വിഷമമായി. ആ വിഷമത്തില്‍ ഞങ്ങള്‍ നടക്കുമ്പോഴാണ് അച്ചായന്‍ പറഞ്ഞത്:

“ഇവിടെ പൊഴേം വെള്ളോമൊക്കെ ഉണ്ടായിട്ടെന്താ കാര്യം.. മീനില്ലല്ലോ.. ഉണ്ടെങ്കില്‍ നല്ല ഫ്രെഷ് മീന്‍ പിടിയ്ക്കാമായിരുന്നു..”

“അതിനു ചൂണ്ടക്കോലും പിടിച്ച് ആരാ അച്ചായാ പുഴവക്കത്ത് മെനക്കെട്ടിരിയ്ക്കാന്‍ പോണത്..?”

“ഹ ഹ എന്തിനാടാ ചൂണ്ടേം കോലും...? ഞാന്‍ കൂരാച്ചുണ്ട് ഡാമില്‍ നിന്നു വെറുംകൈയ്ക്കാ മീന്‍ പിടിച്ചിരുന്നത്..!”

“വെറുംകൈയ്ക്കോ...?”

“അതേ വെറുംകൈക്ക്. വീട്ടില്‍ കറിയ്ക്ക് മീനില്ലാന്നു പറഞ്ഞാല്‍, ഞാന്‍ ഒരു പിടി ചോറും കൈയിലെടുത്ത് ഡാമിലോട്ടു പോകും. എന്നിട്ടാ കൈയങ്ങു  വെള്ളത്തില്‍ മുക്കിപിടിയ്ക്കും. മീന്‍ വന്ന് ചോറു കൊത്തും. അന്നേരം വിരലുകൊണ്ട് പതിയെ മീനിന്റെ വയറില്‍ ചൊറിഞ്ഞുകൊടുക്കണം. ഇക്കിളികൊണ്ട് സുഖം പിടിച്ച് മീന്‍ കൈയിലേയ്ക്ക് ചാഞ്ഞു കിടക്കും. അന്നേരം ഒറ്റപ്പിടുത്തം. ഒരു നേരത്തെ കറിയ്ക്കുള്ളത് ആയാല്‍ കേറിപ്പോരും..”

“ആഹാ ഇതുകൊള്ളാല്ലോ..

“വീട്ടില്‍ വല്ല വിരുന്നുകാരും വന്നാല്‍ വേറൊരു ടെക്നിയ്ക്കൊണ്ട്. ഒരു മുഴുത്ത വല്ലക്കൊട്ടയില്‍ രണ്ടു തവി ചോറെടുക്കും. വല്ലക്കൊട്ട അതേപടി തലയില്‍ വെച്ച് ഡാമിലെ വെള്ളത്തിലേയ്ക്ക് ഒറ്റമുങ്ങലാണ്. വല്ലത്തിലെ ചോറു തിന്നാന്‍ ഇഷ്ടം പോലെ മീന്‍ വരും. പത്തുപതിനഞ്ച് മിനിട്ടായാല്‍ പെട്ടെന്നൊരു പൊങ്ങല്‍. ഒറ്റ ട്രിപ്പിന് രണ്ടോ മൂന്നോ കിലോ മീന്‍ കിട്ടും...”

ഒന്നും മിണ്ടാതെ ഞാന്‍ സലാമുക്കായുടെ ഉണക്കമീന്‍ കടയിലേയ്ക്കു കയറി. പച്ചമീനില്ലെങ്കില്‍ ഉണക്കമീനെങ്കിലും മേടിയ്ക്കാം.

9 comments:

 1. കൂരാച്ചുണ്ട്,,, സ്ഥലപ്പേര് കേട്ടിട്ടുണ്ട്, എന്നാലും ഇത്രേം വലിയ സമർത്ഥന്മാരാണെന്ന് ഇപ്പോഴാണ് മനസ്സിലായത്,

  ReplyDelete
 2. വായിച്ചു രസമായി വന്നപ്പോള്‍ തീര്‍ന്നുപോയല്ലോ ബിജുചേട്ടാ.....
  അടുത്ത പോസ്റ്റ്‌ വേഗം വരുമെന്ന് പ്രതീക്ഷിക്കുന്നു
  വായിച്ചപ്പോള്‍ കുട്ടിക്കാലത്ത് കേട്ട നുണ പറച്ചില്‍ മത്സരങ്ങളിലെ ബഡായികള്‍ ഓര്‍ത്തുപോകുന്നു ...

  ReplyDelete
 3. അച്ചായൻ ഈ ട്രിക്ക് നമ്മുടെ ഫെവിക്കോൾ കമ്പനിക്കാർക്ക് ചോർത്തിക്കൊടുത്തെന്ന് തോന്നുന്നു അവരു ചോറിനു പകരം ഫെവിക്കോൾ വച്ച് അത് പരസ്യമാക്കി... ഹ ഹാ

  ReplyDelete
 4. വീരകഥകള്‍ക്ക് പച്ചമീനും ,കൂട്ടാന്‍ ഉണക്കമീനും...!
  ഇതുനല്ലകഥയാ‍യി..:)

  ReplyDelete
 5. അച്ചായന്‍ ഒരു സംഭവം തന്നെ!

  ReplyDelete
 6. kurachundil evideyanu dam..........ningal udheshichathu kakkayam dam ano.......?

  ReplyDelete
 7. അല്ല കൂരാച്ചുണ്ടില്‍ എവിടെയാ ഡാം ..പെരുവണ്ണാമുഴിയും .കക്കയം ഡാമും ക്കേട്ടിടുണ്ട് കണ്ടിടുമുണ്ട് .ആപോള്‍ ചെറ പത്തിലെ നുണകഥ പോലെ...എന്നാലും വായിക്കാന്‍ രസമുണ്ടായിരുന്നു ..

  ReplyDelete
 8. @ shahida കഥയില്‍ ചോദ്യമില്ല

  ReplyDelete
 9. അച്ചായനെ മണ്ടനാക്കി കാട്ടിയപ്പോള്‍ പെരുത്തു സന്തോഷം ആയി അല്ലെ,
  ഇനി ഞാന്‍ ഒരു ചേട്ടനെ തിരു മണ്ടനാക്കി ഒരു കഥ പറയട്ടെ ?
  ഇവിടെ ആര്‍ക്കും ഭാവന ഇല്ലഞ്ഞിട്ടല്ല അത്രയ്ക്ക് താഴുവാന്‍ കഴിയുന്നില്ല അത്ര മാത്രം, അത് മനസിലാക്കുകാ.

  ReplyDelete

കമന്റിലെ അക്ഷരങ്ങള്‍ക്ക് നിറം നല്‍കാന്‍ [co="red"]Type Text here[/co] . ഇവിടെ red എന്നതിനു പകരം മറ്റ് നിറങ്ങള്‍ നല്‍കിയാല്‍ മതിയാകും.