പുതിയ കഥാസമാഹാരം “രയറൊം കഥകള്‍ " VPP ലഭിയ്ക്കാന്‍ sidrapubications@gmail

Saturday, 17 March 2012

“ദുഖാന്‍ വിനോദയാത്രാ“ - ഫോട്ടോ ഫീച്ചര്‍

സൈബര്‍ലോകത്തെ ഏറ്റവും വലിയ കൂട്ടായ്മ ആണല്ലോ ഫേസ്ബുക്ക്. മിക്കപ്പോഴും ഓണ്‍ലൈന്‍ ബന്ധങ്ങളില്‍ ഒതുങ്ങിപോകുന്ന ഈ കൂട്ടായ്മയ്ക്ക് നേര്‍ക്കുനേര്‍ സൌഹൃദത്തിന്റെ നറുമണം പകരാന്‍ സാധിയ്ക്കുന്നത് സുന്ദരമായ ഒരനുഭവമാണ്. ഫേസ്ബുക്കിലെ ഖത്തര്‍ മലയാളികളുടെ സജീവമായ ഒരു ഗ്രൂപ്പാണ് “ക്യൂ-മലയാളം“(Q-Malayalam).
ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ വിപുലമായ പങ്കാളിത്തത്തോടെ സംഘടിപ്പിച്ച ബ്ലോഗേര്‍സ് മീറ്റിനു ശേഷം അടുത്ത പരിപാടിയായി ഒരു ഏകദിന വിനോദയാത്രയാണ് തീരുമാനിയ്ക്കപ്പെട്ടത്. അതിന്‍പ്രകാരം 2012 മാര്‍ച്ച് -16 ന് ഖത്തറിലെ വടക്കു പടിഞ്ഞാറന്‍ പ്രവിശ്യയായ “ദുഖാനി”ലേയ്ക്ക് യാത്രയായ വിനോദസഞ്ചാരികള്‍ക്കൊപ്പം ഈയുള്ളവനും പുറപ്പെട്ടു. അറേബ്യന്‍ മരുഭൂമിയിലെ വിനോദയാത്ര, ഹരിതാഭമായ കേരളത്തിലെ യാത്രകളുമായി തുലനം ചെയ്യുമ്പോള്‍ തികച്ചും വ്യത്യസ്തവും വന്യവുമായ ഒരനുഭൂതിയാണ് നല്‍കുക. ഏതാനും ചിത്രങ്ങളുടെ സഹായത്താല്‍ ആ യാത്രയിലേയ്ക്ക് നിങ്ങളെയും കൂട്ടിക്കൊണ്ടുപോകാന്‍ ശ്രമിയ്ക്കട്ടെ.

മാര്‍ച്ച് -16, വെള്ളിയാഴ്ചയാണ്. പ്രവാസികള്‍ ഉറക്കത്തിന്റെ കുടിശ്ശിഖ തീര്‍ക്കാറുള്ള ദിവസം. ടൂറിനു പോകേണ്ടതിനാല്‍ രാവിലെ തന്നെ എഴുനേറ്റ് ഒരുക്കളെല്ലാം ചെയ്ത് ഞാന്‍ റെഡിയായിരുന്നു. ഒന്‍പതുമണിയായപ്പോള്‍ യാത്രയുടെ സംഘാടകരിലൊരാളായ രാമചന്ദ്രന്റെ ഫോണ്‍. വണ്ടി എത്തിയിരിയ്ക്കുന്നു. ക്യാമറയുള്‍പ്പെടെയുള്ള കടിപിടി സാധനങ്ങള്‍ തോള്‍സഞ്ചിയിലേയ്ക്ക് വാരിയിട്ട് ഞാന്‍ റോഡിലേയ്ക്കോടി. അപ്പുറത്തതാ രാമചന്ദ്രന്റെ “പജീറോ“. ട്രാഫിക്കിനിടയിലൂടെ മറുകണ്ടം ചാടി വണ്ടിയില്‍. വണ്ടിയില്‍ രാമചന്ദ്രനും ഭാര്യയും കുട്ടികളുമുണ്ട്. കുറച്ചപ്പുറത്തുള്ള “വജ്ബാ” പെട്രോള്‍ സ്റ്റേഷനിലാണ് എല്ലാവരും ഒത്തുചേരുക. അവിടെ നിന്ന് ദുഖാനിലേയ്ക്ക്. ഞങ്ങള്‍ വജ്ബയിലെത്തുമ്പോള്‍ ആള്‍ക്കാര്‍ എത്തിക്കൊണ്ടിരിയ്ക്കുന്നു.
അധികം താമസിയാതെ പന്ത്രണ്ട് വാഹനങ്ങളിലായി ആണും പെണ്ണും കുട്ടികളുമടക്കം അറുപതോളം പേര്‍ യാത്രയ്ക്കു തയ്യാറായി. എല്ലാ‍വരും നല്ല ഉത്സാഹത്തില്‍.
“വജ്ബ” പെട്രോള്‍ സ്റ്റേഷനില്‍

കൃത്യം പത്തുമണിയ്ക്കു തന്നെ യാത്രാസംഘം പുറപ്പെട്ടു. മനോഹരമായ എക്സ്പ്രസ് ഹൈവേ. പജീറോ പറപറന്നു. വേഗത അല്പം കൂടിയതിനാല്‍ ഇടയ്ക്കൊന്നു നിര്‍ത്തി എല്ലാവരും വരാന്‍ വേണ്ടി അല്പം കാത്തുനില്‍ക്കേണ്ടിവന്നു.
ഏകദേശം മുക്കാല്‍ മണിക്കൂര്‍ കൊണ്ട്, നൂറുകിലോമീറ്ററിനപ്പുറമുള്ള ദുഖാനിലെത്തി. അവിടെ ഞങ്ങളെ കാത്ത് സൈഫുദീന്‍ നില്‍പ്പുണ്ടായിരുന്നു. “ഖത്തര്‍ പെട്രോളിയ”ത്തിലെ ഉദ്യോഗസ്ഥനായ സൈഫുദീനാണ് ഞങ്ങളുടെ മാര്‍ഗദര്‍ശി. ആദ്യം അദ്ദേഹത്തിന്റെ താമസസ്ഥലത്തേയ്ക്കാണു പോയത്. “ഖത്തര്‍ പെട്രോളിയം” ജീവനക്കാരുടെ വിശാലമായ അക്കോമഡേഷന്‍ “സിറ്റി”യിലാണ് സൈഫുദീനും താമസം. വെള്ളിയാഴ്ച നിസ്കരിക്കേണ്ടവര്‍ അതിനായി പോയപ്പോള്‍ ഞങ്ങള്‍ കുറേപ്പേര്‍ ഫേസ്ബുക്കും രാഷ്ട്രീയവും കൊച്ചുവര്‍ത്തമാനവും പറഞ്ഞ് രസിച്ചു. പള്ളിയില്‍ പോയവര്‍ എത്തിയതോടെ ഭക്ഷണം. ഒന്നാന്തരം ചിക്കന്‍ ബിരിയാണി. അതിനു ശേഷം നാടന്‍ പാട്ടുകളും ഒപ്പനപ്പാട്ടുകളുമായി തകര്‍ത്തടിച്ച് അരമണിക്കൂര്‍. എല്ലാവര്‍ക്കും ഹരം പിടിച്ചു. രണ്ടുമണിയോടെ അടുത്ത സ്ഥലമായ “സക്രീത്തി”ലേയ്ക്കുള്ള യാത്രയ്ക്കു തയ്യാറായി. അതിനു മുന്‍പേ സൈഫുദീന്റെ വീടിനുമുന്‍പില്‍ ഒരു ഗ്രൂപ്പ് ഫോട്ടോ. ഇതിനിടയില്‍ അദ്ദേഹം പുറത്തു പോയി വൈകുന്നേരത്തേയ്ക്കുള്ള ചായയും വടയും ചട്ട്നിയുമൊക്കെ സംഘടിപ്പിച്ച് വണ്ടിയില്‍ നിറച്ചു. പിന്നെ ആവശ്യത്തിനു വെള്ളവും. എല്ലാം തയ്യാറായതോടെ വാഹനവ്യൂഹം സക്രീത്തിലേയ്ക്ക് .

സൈഫുദീന്റെ വീട്ടിനു മുന്നില്‍

വീട്ടിനുള്ളില്‍ അല്പനേരം വിശ്രമം.
ഭക്ഷണനേരം
നാടന്‍പാട്ടുമായി എല്ലാവരും അടിച്ചുപൊളിയ്ക്കുന്നു

ഗ്രൂപ്പ് ഫോട്ടോ സെഷന്‍
അല്പനേരം ഓടിയശേഷം വിശാലമായ മരുഭൂമിയിലേയ്ക്ക് കയറി. വഴികാട്ടികൊണ്ട് സൈഫുദീന്റെ ലാന്‍ഡ് ക്രൂസര്‍ മുമ്പില്‍ പാഞ്ഞു. മറ്റു വാഹനങ്ങള്‍ കുലുങ്ങി കുലുങ്ങി പിന്നാലെയെത്താന്‍ കിതച്ചു. എങ്ങും വിജനമായ മരുഭൂമി. അകലെ പ്രകൃതി തീര്‍ത്ത മണ്‍ശില്പങ്ങള്‍ കാണാം. വിശാലമായ മുകള്‍പ്പരപ്പും ഉള്ളിലേയ്ക്ക് ദ്രവിച്ചിറങ്ങുന്ന താഴ്ഭാഗവും. മനോഹരമായ വിചിത്രരൂപങ്ങള്‍. നിരന്തരമായ ഉപ്പുകാറ്റില്‍ പൊടിയുന്നതാണിവ. ഒരു ഭാഗത്തെത്തിയൊപ്പോള്‍ ഇത്തരം “ശില്പ”ങ്ങളാല്‍ വലയം ചെയ്യപ്പെട്ട ഒരിടം. അതിമനോഹരം. അവിടെ വാഹനം നിര്‍ത്തി ഞങ്ങള്‍ അല്പനേരം ആസ്വദിച്ചു, ചിത്രങ്ങള്‍ എടുത്തു.

മരുഭൂമിയിലെയ്ക്ക് കയറിയിരിയ്ക്കുന്നു.
ഇടയ്ക്ക് പ്രകൃതി സൌന്ദര്യം ആസ്വദിയ്ക്കാന്‍ ആല്പനേരം
പ്രകൃതി ശില്പങ്ങള്‍
വീണ്ടും മരുഭൂ യാത്ര. ഏകദേശം അരമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ അതാ ഒരു പൌരാണിക അറേബ്യന്‍ കോട്ട..! . ഈ വിജനമായ മരുഭൂമിയ്ക്കു നടുവില്‍ ഒരു കോട്ടയോ..? കുറേ സഞ്ചാരികള്‍ അവിടെ എത്തിയിട്ടുണ്ട്. ഞങ്ങളും വാഹനങ്ങള്‍ നിര്‍ത്തി അവിടെയിറങ്ങി. മണ്ണില്‍ തീര്‍ത്ത നെടുങ്കനൊരു കോട്ട. അകത്തു കയറിയപ്പോള്‍ ഒരു അറേബ്യന്‍ ഗ്രാമത്തിന്റെ എല്ലാ സംവിധാനങ്ങളും അവിടെയുണ്ട്. കാവല്‍ക്കാരനായ സുഡാനി ഞങ്ങളെ പ്രതീക്ഷയോടെ നോക്കിയിട്ട് പിന്നെ  മുഖം തിരിച്ചു കളഞ്ഞു. ഞാന്‍ ആ കോട്ടയുടെ മട്ടുപ്പാവിലൊക്കെ കയറിയിറങ്ങി. ഇതേതു രാജാവിന്റേതാകുമോ ആവോ..?
“പൌരാണീക“ കോട്ടയില്‍


സുഡാനി

ഒരു ആകാശവീക്ഷണം
കോട്ടയ്ക്കു മുന്‍പില്‍ കാടുപിടിച്ചു കിടക്കുന്ന വലിയൊരു പ്രദേശമുണ്ട്. നല്ല കുളിര്‍മായാണവിടെ. എല്ലാവരും അതിലെ കറങ്ങി. ഫോട്ടോയെടുത്തു. നേരം പോയതറിഞ്ഞില്ല. അപ്പോഴാണ് മൈക്കുവഴി ഒരനൌണ്‍സ്മെന്റ്.
“ക്യു-മലയാളം” സഞ്ചാരികള്‍ വാഹനങ്ങളില്‍ കയറുക. അടുത്ത സ്ഥലത്തേയ്ക്ക് പോകേണ്ടതുണ്ട്.”
നോക്കുമ്പോള്‍ കൈയിലൊരു മെഗഫോണുമായി  തസ്നീം. തുടര്‍ന്ന് യാത്രാവസാനം വരെ, ഉത്സവസ്ഥലത്തെ മൈക്ക് അനൌണ്‍സറെ അനുസ്മരിപ്പിച്ച് തസ്നീം തകര്‍ത്തു വാരി.
“ബിജുവേട്ടാ ഈ കോട്ടയുടെ ചരിത്രം അറിയാമോ..?” സഹയാത്രികന്‍ സമീറിന്റേതാണ് ചോദ്യം.
“ഇല്ലല്ലോ.. ഇതേതു രാജാവിന്റേതാണ്..?”
“ഹ ഹ ഇതു രാജാവിന്റെയൊന്നുമല്ല. ഏതാനും വര്‍ഷങ്ങള്‍ മുന്‍പ് ഒരു സീരിയല്‍ ചിത്രീകരണത്തിനായി നിര്‍മിച്ചതാണ്. ഏതാണ്ട് ഒരു വര്‍ഷത്തെ ഷൂട്ടിങ്ങിനു ശേഷം കോട്ട അതേ പടി നിലനിര്‍ത്തി. കാവലിനായി ഒരു സുഡാനിയെയും ഏര്‍പ്പെടുത്തി. വരുന്നവരൊക്കെ സുഡാനിയ്ക്ക് എന്തെങ്കിലും ടിപ്പ് കൊടുക്കും. നമ്മള്‍ കൊടുക്കാത്തതിനാലാണ് സുഡാനി അത്ര ഗൌനിയ്ക്കാതിരിരുന്നത്..” കോട്ടയുടെ ചരിത്രം അറിഞ്ഞപ്പോള്‍ അമ്പരന്നുപോയി.
കോട്ടക്കാടിലൂടെ
 എല്ലാവരും വാഹനങ്ങളില്‍ കയറി അടുത്ത സ്ഥലത്തേയ്ക്ക് തിരിച്ചു. അല്പസമയത്തെ യാത്രയ്ക്കു ശേഷം വിശാലമായ ഒരു സ്ഥലത്തെത്തി. അതും ഒരതിശയ സ്ഥലം. മരുഭൂമിയുടെ വന്യമനോഹാരിത. കുടക്കല്ലുപ്പോലെ ഉയര്‍ന്നു നില്‍ക്കുന്ന പ്രകൃതി ശില്പങ്ങള്‍. അതിനുമുകളില്‍ കല്ലുപെറുക്കി കെട്ടിവെച്ച ഭിത്തികള്‍..!
“നമ്മുടെ തമിഴുസിനിമക്കാരൊന്നും ഇതറിഞ്ഞിട്ടില്ലെന്നു തോന്നുന്നു. അവര്‍ക്ക് ഡാന്‍സ് സീന്‍ ഷൂട്ട് ചെയ്യാന്‍ പറ്റിയ സ്ഥലം.” ഞാന്‍ സമീറിനോടു പറഞ്ഞു.
“തമിഴുസിനിമയോ.. ബിജുവേട്ടാ  ഇവിടെ ഒരു ഹോളിവുഡ് ഫിലിം ഷൂട്ടിങ്ങ് കഴിഞ്ഞതേയുള്ളു..! “ ബ്ലാക്ക് ഗോള്‍ഡ്”..”സമീര്‍ പിന്നെയും അതിശയിപ്പിച്ചു. “ ആ കാണുന്ന ഭിത്തിയൊക്കെ അവര്‍ കെട്ടിയതാണ്. ഒരു ഗ്രാമമായിരുന്നു ഇവിടെ സെറ്റിട്ടത്. അവസാനഭാഗത്ത് അതു മൊത്തം കത്തി നശിയ്ക്കുകയാണ്. ബാക്കി വന്ന ഭിത്തികളാണത്..” എന്തായാലും അതിമനോഹരം. കുട്ടികള്‍ ഉത്സാഹത്തോടെ അവിടെയൊക്കെ പിടിച്ചുകയറി.
എല്ലാവരും ആഹ്ലാദപൂര്‍വം ഓടിയും ചാടിയും ആഘോഷിച്ചു. ഇടയ്ക്ക് ചെറിയ കളികള്‍. പിന്നെ ചായയും വടയും കടികളും. ആകെ സന്തോഷപൂരം. എല്ലാത്തിനും കൊഴുപ്പുകൂട്ടി തസ്നീമിന്റെ അനൌണ്‍സ്‌മെന്റ്.
മരുഭൂമിയിലെ പച്ചപ്പുകള്‍
മനോഹരം
കുട്ടികളുടെ ആഹ്ലാദം

കുടക്കല്ല്

ഒരു മനോഹരദൃശ്യം


നജീം, തസ്നീം, നവാസ്, രാമചന്ദ്രന്‍ എന്നിവരോടൊപ്പം.

സിദ്ധീക്ക്, സിറാജ്, നാമൂസ്

അനൌണ്‍സര്‍

മത്സരം
എന്തോ ഒരു കളിയെ പറ്റിയാണ് ഇദ്ദേഹം പറയുന്നത്. ആര്‍ക്കും ഒന്നും മനസ്സിലായില്ല. കളി നടന്നുമില്ല.

ചായനേരം


 അവിടെ നിന്നാല്‍ ദൂരെ കടല്‍ തീരം കാണാം. ഞങ്ങള്‍ അങ്ങോട്ടേയ്ക്ക് തിരിച്ചു. സൂര്യന്‍ അസ്തമിയ്ക്കുകയാണ്. നേരിയ തണുപ്പും കാറ്റും. എങ്കിലും ആ മനോഹരതീരത്തിന്റെ സൌന്ദര്യം അവര്‍ണനീയം. തിരയില്ലാത്ത, അടിത്തട്ട് കാണാവുന്ന കണ്ണീര്‍ജലം. ചിലര്‍ ആവേശം മൂത്ത് കടലിലിറങ്ങി കുളിച്ചു. കുട്ടികള്‍ അതിലെയെല്ലാം വെള്ളം തെറിപ്പിച്ച് കളിച്ചു.

കടല്‍ തീരത്ത്
തണുപ്പായി..

നേരം ഇരുട്ടിയതോടെ മടങ്ങാനുള്ള സിഗ്നല്‍ കിട്ടി. മതിവരാത്ത മനസ്സോടെ എല്ലാവരും തിരികെ വാഹനങ്ങളിലെത്തി.

തിരിച്ചുവിളി..


മതിവരാതെ..പിന്നെ മടക്കയാത്ര. ഇരുട്ടിലൂടെ വാഹനങ്ങളുടെ തീക്കണ്ണുകള്‍ മാത്രം വഴികാട്ടി. ഏറെ നേരത്തിനു ശേഷം ഞങ്ങള്‍ വേര്‍പിരിയേണ്ട പോയിന്റിലെത്തി. ഹെഡ്‌ലൈറ്റുകളുടെ വെളിച്ചത്തില്‍ പരസ്പരം യാത്രപറഞ്ഞ് ഞങ്ങള്‍ ദോഹയിലെയ്ക്കു തിരിച്ചു, ഉടനെ അടുത്ത പരിപാടിയില്‍ കണ്ടുമുട്ടാമെന്ന വാഗ്ദാനത്തോടെ..യാത്രാമൊഴി

27 comments:

 1. ബിജ്വേട്ടന്റെ കുറിപ്പിലൂടെ ഒരു പ്രാശ്യം കൂടി പോയി വന്നു! നല്ല വിവരണം!!

  ReplyDelete
 2. bijuvetta ..........onnu chirichu photok ninnalentha

  ReplyDelete
 3. ആവേശകരമായ ഈ യാത്രയും മാതൃകാപരമായ കൂട്ടായ്മയും,
  ഈ വശ്യമായ അവതരണവും കണ്കുളിര്‍പ്പിക്കുന്ന ചിത്രങ്ങളും കൊണ്ട് അവിസ്മരണീയമാക്കിയതിനു ബിജുവേട്ടന് നന്ദി.

  ReplyDelete
 4. ബിജുവേട്ട നന്നായിരിക്കുന്നു
  ചിത്രങ്ങളും വിവരണവും ..
  കളി നടക്കാഞ്ഞത് എന്റെ കുഴപ്പമായിരുന്നില്ലല്ലോ ബിജുവേട്ട നമുക്ക് സമയമില്ലാഞ്ഞിട്ടല്ലേ......?

  ReplyDelete
 5. ചിത്രങ്ങളിലൂടെ ഞങ്ങളെ കൊണ്ട് പോയല്ലോ ,,,ആശംസകള്‍

  ReplyDelete
 6. ബിജുവേട്ടന്റെ ചിത്രങ്ങളും വിവരണവും വളരെ നന്നായിരിക്കുന്നു മനോഹരം... ഞാന്‍ ഒരു വട്ടം പോയ അനുഭവം ഇത്ര മധുര മായിരുന്നില്ല... അടുത്ത യാത്ര നമുക്ക് മറ്റൊരു സ്ഥലം കണ്ടെത്താം...

  ReplyDelete
 7. ന്നും ഒരു യാത്ര കഴിഞ്ഞ സുഖം ,ഓര്‍മ്മയുടെ തിരശീലയില്‍ വീണ്ടും , സന്തോഷം ബിജു ഭായ്

  ReplyDelete
 8. നല്ല വിവരണം...നല്ല ചിത്രങ്ങള്‍.....

  ReplyDelete
 9. മരുഭൂമിയിൽ ഇടയ്ക്ക് ഇതുപോലുള്ള സംഘയാത്രകൾ ഒരു രസം തന്നെ... വിവരണവും ചിത്രങ്ങളും മനോഹരം...

  ReplyDelete
 10. യാത്ര വിവരണം നന്നായീ ഒരികല്‍ കൂടി അവിടം മനസ്സിനെ എത്തിച്ചു ...

  ReplyDelete
 11. നല്ല യാത്രാവിവരണവും മനോഹരമായ ചിത്രങ്ങളും... മനസ്സില്‍ നഷ്ടബോധം തോന്നിക്കുന്നു....

  ReplyDelete
 12. നല്ലൊരു വിവരണം..പോയി വന്ന പൊലെ...മിനിയെയും മക്കെളെയും ഒരിക്കെ കൊണ്ട് വന്ന് ഇതൊക്കെ കാണിച്ചു കൂടെ ബിജു....?

  ReplyDelete
 13. യാത്രയുടെ അനുഭൂതി ഒട്ടും ചോരാതെയുള്ള വിവരണം....ഫോട്ടോകള്‍ മനോഹരം...

  ReplyDelete
 14. നല്ല വിവരണം...മുന്നില്‍ വന്നു നിന്നു പറഞ്ഞപോലെ ഫീലൈതു..ഒപ്പം ചിത്രങ്ങള്‍..മനോഹരമായ ചിത്രങ്ങള്‍ കണ്ടു മതിവരുന്നില്ല..:)

  ReplyDelete
 15. feels me too joined with you....

  ReplyDelete
 16. ദുഖാനിലും സക്രീത്തിലും മനസിനെ കൊണ്ടെത്തിക്കാന്‍ സാധിച്ചു. യാത്രാവിവരണം മനോഹരം, സ്നാപ്സ് അതിമനോഹരം. ഇനിയുമിനിയും ഇത്തരം യാത്രകള്‍ സംഘടിപ്പിക്കാന്‍ സാധിക്കട്ടെ, സൌഹൃദത്തിനു മങ്ങലേല്‍ക്കാതിരിക്കട്ടെ.....!!

  ReplyDelete
 17. അതെ ബിജു , ഇതെല്ലാം ഇങ്ങനെ പോസ്റ്റി അടുത്ത പരിപാടിക്ക് ആളെ കൂട്ടല്ലേ ,
  അടുത്ത യാത്ര രാത്രി സര്കീറ്റ്
  ഏലിയാസ് അച്ചായന്‍ സ്പോണ്‍സര്‍

  ReplyDelete
 18. കൊള്ളാട്ടോ......

  ReplyDelete
 19. ചിത്രങ്ങളും വിവരണവും ഒക്കെ നന്നായിട്ടുണ്ട് ..എന്നാലും എനിക്ക് ഏറ്റവും ഇഷ്ടായത് 22 മത്തെ ആ "ഒരു മനോഹരദൃശ്യം" ആണ് ... അതൊരു മനോഹരം തന്നെ ട്ടോ ..:)

  ReplyDelete
 20. ബിജു, വളരെ മനോഹരമായ ചിത്രങ്ങളും, വിവരണവും. സോഷ്യൽ മീഡിയകളും, ബ്ലോഗെഴുത്തുകളും കേവലം നേരംപോക്ക് എന്നതിലുപരി, ബന്ധങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുവാനുള്ള മാദ്ധ്യമാക്കി മാറ്റുന്ന എല്ലാ ക്യൂ-മലയാളം അംഗങ്ങൾക്കും അഭിനന്ദനങ്ങളും നേർന്നുകൊള്ളുന്നു. ഇനിയും ഇത്തരം യാത്രകൾ സംഘടിപ്പിയ്ക്കുവാൻ സാധിയ്ക്കട്ടെ എന്ന് ആശംസിയ്ക്കുന്നു.

  ReplyDelete
 21. ഈ ഖത്തർ ബൂലോഗരുടെ
  കൂട്ടായ്മ കണ്ട് അസൂയ വരുന്നൂ..

  വിനോദയാത്രയെന്നാൽ ഇതുപോലെ വിനോദത്തോട് ഒത്തുകൂടി നടത്തേണം

  സൂപ്പർ ഫോട്ടൊകളും വിവരണങ്ങളുമടക്കം നല്ല പരിചയപ്പെടുത്തലുകൾ കേട്ടൊ ഭായ്

  ReplyDelete

കമന്റിലെ അക്ഷരങ്ങള്‍ക്ക് നിറം നല്‍കാന്‍ [co="red"]Type Text here[/co] . ഇവിടെ red എന്നതിനു പകരം മറ്റ് നിറങ്ങള്‍ നല്‍കിയാല്‍ മതിയാകും.