പുതിയ കഥാസമാഹാരം “രയറൊം കഥകള്‍ " VPP ലഭിയ്ക്കാന്‍ sidrapubications@gmail

Monday 26 December 2011

കണക്കനും സാമൂഹ്യവലകെട്ടലും.

“ഇന്ന് നമ്മുടെ ജീവിതത്തില്‍ ഏറ്റവും സ്വാധീനം ചെലുത്തുന്ന ഒരുപകരണമാണല്ലോ കണക്കന്‍. പലതരം കണക്കന്മാര്‍ ഇപ്പോള്‍ ചന്തയിലുണ്ട്. സാധാരണരീതിയിലുള്ള മേശപ്പുറം കണക്കന്‍, കൊണ്ടുനടക്കാവുന്ന മടിയടപ്പ് കണക്കന്‍, പുതുതായി ഇറങ്ങിയ ഗുളികക്കണക്കന്‍ എന്നിങ്ങനെ.

കണക്കന് രണ്ടു ഭാഗങ്ങള്‍ ഉണ്ട്. (ഒന്ന്) കട്ടിസാധനങ്ങള്‍, (രണ്ട്) മൃദുല സാധനങ്ങള്‍.

പ്രധാന കട്ടിസാധനങ്ങള്‍ ഇവയൊക്കെയാണ്:
(ക) താക്കോല്‍ പലക
(ഖ) മൂഷികന്‍,
(ഗ)നോട്ടക്കാരന്‍
(ഘ) കേന്ദ്ര ശരിപ്പെടുത്തല്‍ ഘടകം (കേ.ശ.ഘ).

കേ.ശ.ഘ.യിലെ പ്രധാന ഘടകങ്ങള്‍ ഇവയാണ്.
(ക) കൈക്കാരന്‍, (ഖ)  കട്ടിത്തകിട്, (ഗ) തോന്ന്യാസ ഓര്‍മ്മ, (ഘ) ഒതുങ്ങിയ തകിടെഴുത്തുകാരന്‍

കൂടാതെ കണക്കനു വിവരങ്ങള്‍ കൊടുക്കാനും മേടിയ്ക്കാനും (ക) പ്രപഞ്ച പരമ്പര വണ്ടിയും, (ഖ) മിന്നല്‍ ഓര്‍മ്മയും ഉപയോഗിയ്ക്കാം.  അധിക കണക്കന്മാരും ഉപയോഗിയ്ക്കുന്ന ശസ്ത്രക്രിയാരീതി “ജനാലകള്‍” എന്ന മൃദുലസാധനം ആണ്. മൃദുലസാധനങ്ങളെ വല്ല രോഗാണുക്കളും ബാധിച്ചാല്‍ കണക്കനെ കോലം കെട്ടിയ്ക്കേട്ടി വരും.

ഒരു സ്ഥലത്തുള്ള കണക്കന്മാരെ തമ്മില്‍ കൂട്ടിയോജിപ്പിയ്ക്കുന്നതിന് “പ്രാദേശിക വലകെട്ടല്‍“ എന്നു പറയും. ലോകത്തെങ്ങുമുള്ള കണക്കന്മാരെ ചേര്‍ക്കുന്നതിനെ “അന്താരാഷ്ട്ര വലകെട്ടല്‍“ എന്നാണു പറയുക. ഏതെങ്കിലും “മേച്ചില്‍പുറ മൃദുലസാധനം“ ഉപയോഗിച്ചാണ് “അന്താരാഷ്ട്ര വലസ്ഥലത്തേ“യ്ക്ക് നമ്മള്‍ പ്രവേശിയ്ക്കുന്നത്. നമ്മളെല്ലാം പരസ്പരം കണ്ടുമുട്ടാന്‍ സഹായിയ്ക്കുന്ന വലസ്ഥലങ്ങളെ “സാമൂഹ്യവലകെട്ടല്‍ സ്ഥലം“ എന്നാണു വിളിയ്ക്കുന്നത്. ലോകത്തെ ഏറ്റവും വലിയ സാമൂഹ്യവലകെട്ടല്‍ സ്ഥലം, “മുഖപുസ്തകം” ആണ്. ആര്‍ക്കുവേണമെങ്കിലും മുഖപുസ്തകത്തില്‍ കണക്കുകൂട്ടല്‍ തുടങ്ങാവുന്നതാണ്. കണക്കുകൂട്ടലുള്ള ആര്‍ക്കും മുഖപ്പുസ്തകത്തില്‍ ഇടയ്ക്കിടെ എന്തെങ്കിലും “കുറ്റിനാട്ടാം“. ഇതിനെ “നിലപുതുക്കല്‍“ എന്നു പറയും. കൂടാതെ ചിത്രങ്ങളും പാട്ടുകളും “ഭാരം കയറ്റാനും“ “ഭാരമിറക്കാനും“ സാധിയ്ക്കും. മുഖപുസ്തകത്തില്‍ ഏതെങ്കിലും സുഹൃത്തിനോട് ശത്രുത തോന്നിയാല്‍ “കട്ടകെട്ടാന്‍“ യാതൊരു വിഷമവുമില്ല. എന്തായാലും കണക്കനും വലകെട്ടലും മുഖപുസ്തകവുമില്ലാത്ത ഒരു ജീവിതം ആലോചിയ്ക്കാനേ വയ്യ.
---------------------------------------

വിവര സാങ്കേതിക വിദ്യയെ പറ്റി പച്ചമലയാളത്തിലെഴുതിയ ചെറിയൊരു വിവരണമാണ്. എന്തെങ്കിലും സംശയങ്ങള്‍ ഉള്ളവര്‍ക്ക് താഴെക്കൊടുത്തിരിയ്ക്കുന്ന സാങ്കേതികവിദ്യാ നിഘണ്ഡു ഉപയോഗിയ്ക്കാം.
(ഓ.. എന്റെ “നടപ്പന്‍“ കീശയില്‍ കിടന്നു തരിയ്ക്കുന്നു. പൊട്ടന്‍ മട്ടിലാക്കിയിട്ട കാര്യം മറന്നു പോയി..)

കണക്കന്‍ = Computer
കട്ടിസാധനം = Hardware
മൃദുല സാധനം = Software
ശസ്ത്രക്രിയാ രീതി = Operating System
മേശപ്പുറം = Desktop
മടിയടപ്പ് = Laptop
ഗുളികക്കണക്കന്‍ = Tablet Computer
താക്കോല്‍ പലക = Keyboard
നോട്ടക്കാരന്‍ = Monitor
മൂഷികന്‍ = Mouse
കേന്ദ്ര ശരിപ്പെടുത്തല്‍ ഘടകം = CPU
കൈക്കാരന്‍ = Processor
കട്ടിത്തകിട് = Hard disc
മിന്നല്‍ ഓര്‍മ്മ = Flash Memory
തോന്ന്യാസ ഓര്‍മ്മ = RAM
ഒതുങ്ങിയ തകിടെഴുത്തുകാരന്‍ = CD Writer
പ്രപഞ്ച പരമ്പര വണ്ടി = Universal Serial Bus
കോലം = Format
പ്രാദേശിക വലകെട്ടല്‍ = LAN
അന്താരാഷ്ട്ര വലകെട്ടല്‍ = Internet
മേച്ചില്‍പുറം = Browser
വലസ്ഥലം = Website
സാമൂഹ്യ വലകെട്ടല്‍ സ്ഥലം = Social Network Site
മുഖപ്പുസ്തകം = Facebook
കണക്കുകൂട്ടല്‍ = Account
നിലപുതുക്കല്‍ = Status Update
കുറ്റിനാട്ടല്‍ = Post
ഭാരംകയറ്റുക = Upload
ഭാരമിറക്കുക = Download
കട്ടകെട്ടല്‍ = Block.
നടപ്പന്‍ = Mobile
പൊട്ടന്‍ മട്ട് = Silent mode
തരിപ്പ് = Vibration

ഭരണകാര്യങ്ങളില്‍ മുഖ്യവ്യവഹാര ഭാഷ മലയാളമാക്കണമെന്ന് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നെങ്കിലും എവിടെ വരെയെത്തി എന്നൊരു പിടിപാടുമില്ല. കുറെ പേരുകള്‍ എതാണ്ടു താഴെ പറയുന്ന പോലെയൊക്കെ മാറ്റാന്‍ ആലോചിച്ചിരുന്നതായാണ് അറിവ്. അതായത്:
ജില്ലാ കളക്ടര്‍ - ജില്ലാ ശേഖരന്‍.
സര്‍ക്കിള്‍ ഇന്‍സ്പെക്റ്റര്‍ - വൃത്ത പരിശോധകന്‍
സബ് ഇന്‍സ്പെക്ടര്‍ - ഉപ പരിശോധകന്‍
അഡീഷണല്‍ സബ് ഇന്‍സ്പെക്ടര്‍ - കൂട്ടിയ ഉപ പരിശോധകന്‍.......
എന്നിങ്ങനെ. സര്‍ക്കാര്‍ കാര്യമല്ലേ മുറ പോലെയേ നടക്കൂ. ഇനിയും ധാരാളം പദങ്ങള്‍ മലയാളീകരിയ്ക്കേണ്ടതുണ്ട്. അക്കാര്യത്തില്‍ ഏവരുടേയും സഹകരണം പ്രതീക്ഷിയ്ക്കുന്നു.

Tuesday 20 December 2011

കഷണ്ടിയും ബുദ്ധിയും.

ഏകദേശം പത്തുവര്‍ഷം മുന്‍പൊരു ദിവസമാണത് ശ്രദ്ധിച്ചത്. തലചീകിയ ചീര്‍പ്പിന്മേല്‍ നിറയെ മുടി..! ആ ഒരു നിമിഷത്തെ അമ്പരപ്പും വേവലാതിയും പറഞ്ഞറിയിയ്ക്കാന്‍ വയ്യ. മുടി കൊഴിയലിനെ പറ്റി ധാരാളം കേട്ടിരിയ്ക്കുന്നു.
കൊഴിഞ്ഞ് കൊഴിഞ്ഞ് അതു കഷണ്ടിയിലേയ്ക്കെത്തുമോ എന്ന പേടി ഉള്ളിലൂടെ പാഞ്ഞു പോയി. പരിചയത്തില്‍ ധാരാളം കഷണ്ടിത്തലയന്മാര്‍ ഉണ്ട്. മിക്കവര്‍ക്കും അതുകൊണ്ടുള്ള മനപ്രയാസം അടുത്തു സംസാരിച്ചാല്‍ മനസ്സിലാക്കാം . ചിലരെ കളിയാക്കാനൊക്കെ കൂടിയിട്ടുണ്ട്. മുറ്റുതലമുടിയുള്ള അക്കാലത്ത് ഞാനൊരു കഷണ്ടി ക്കാരനാകുമോ എന്ന വിദൂര സംശയം പോലും ഉണ്ടായിരുന്നില്ല. എന്നാല്‍ കാലം അതിന്റെ വിചിത്രവേലകള്‍ എന്റെ തലയിലും പ്രയോഗിയ്ക്കാന്‍ മറന്നില്ല. എന്റെ കുഞ്ഞമ്മമാരുടെ കരിനാക്ക് ഫലിച്ചതാണോയെന്നു സത്യമായും എനിയ്ക്ക് സംശയമുണ്ട്. 

ചെറുപ്പത്തില്‍  മിക്ക കുഞ്ഞമ്മമാരുടെയും നേരമ്പോക്ക് തലയില്‍ പേന്‍ നോക്കലാണ്. ടി.വിയോ സീരിയലോ ഒന്നുമില്ലാത്ത അക്കാലത്ത് അത്യാവശ്യം പരദൂഷണവും നാട്ടുവിശേഷവുമൊക്കെ കൈമാറുന്നത് ഈ സമയത്താണ്. അന്നൊക്കെ എന്റെ തലയില്‍ ജഡ കെട്ടിയപോലെ മുടിയാണ്. ശോഷിച്ച ശരീരവും, സാമാന്യം വലുപ്പമുള്ള തലയും ആയതിനാല്‍ സ്വതവേ തന്നെ, മച്ചിങ്ങയില്‍ ഈര്‍ക്കിലി കുത്തിയപോലാണ് എന്റെ സ്വരൂപം. അതിന്റെ കൂടെ കാടുപോലെ ജഡപിടിച്ച മുടികൂടി  ആയാലത്തെ കാര്യം പറയണ്ടല്ലോ. ആ കാട്ടില്‍ അനേകം പേനുകള്‍ കുഞ്ഞുകുട്ടി പരാധീനങ്ങളോടെ സകുടുംബം പാര്‍ത്തുവന്നു. അവര്‍ ഇരതേടുന്ന അവസരങ്ങളില്‍  ഞാന്‍ തല ചൊറിയും. എന്റെ ഈ തലചൊറിച്ചില്‍ കാണുന്നതിനാല്‍ സമയം കിട്ടുമ്പോഴൊക്കെ ഏതെങ്കിലും കുഞ്ഞമ്മ എന്നെ ബലമായി പിടികൂടും. എന്നിട്ട് എന്റെ തല മടിയിലേയ്ക്കു വയ്ക്കും. പിന്നെ അരിവാളിന്റെ ചുണ്ട് ഉപയോഗിച്ച് പേനുകളെ സെര്‍ച്ച് ചെയ്യലാണ്. ഇടയ്ക്കിടെ കിട്ടുന്ന പേനിനെ, അവരുടെ നഖവും അരിവാള്‍ ചുണ്ടും ചേര്‍ത്ത് ഒരു ഞെരിയ്ക്കല്‍. അപ്പോള്‍ “ക്ടിക്ക്” എന്നൊരു ഒച്ച കേള്‍ക്കാം. ഞാനപ്പോള്‍ വേദന കൊണ്ടു പുളഞ്ഞുപോകും. ബലത്തില്‍ പിടിച്ചിരിയ്ക്കുന്നതിനാല്‍ തലവലിച്ച് രക്ഷപെടാന്‍ ഒരു നിര്‍വാഹവുമില്ല. അരമണിക്കൂര്‍ നേരത്തെ ഈ പീഡനത്തിനു ശേഷം അവര്‍ ഒരു ഡയലോഗുണ്ട്..

 “എന്തുമാത്രം മുടിയാ ഈ ചെറുക്കന്..! അതൊന്നു എണ്ണ തേച്ചു വൃത്തിയാക്കി നടക്കില്ല...”

ഞാനതൊന്നും ശ്രദ്ധിയ്ക്കാതെ എങ്ങനെയും തലയുമായി രക്ഷപെടും.  അവരുടെ അന്നത്തെ ആ ഡയലോഗിന്റെ പ്രത്യാഘാതം ഞാനിപ്പോഴാണ് അനുഭവിയ്ക്കുന്നത്.

മുടികൊഴിയുന്നു എന്ന നഗ്നസത്യം ബോധ്യമായതോടെ അടിയന്തിരമായി എന്തെങ്കിലും ചെയ്യണമെന്നുറച്ചു. ആയിടെ പത്രങ്ങളിലൊക്കെ വലിയ പരസ്യകോലാഹലത്തോടെ “ബദരീസ് കേശി” എന്നൊരു എണ്ണ മാര്‍ക്കറ്റിലുണ്ടായിരുന്നു. അതുപയോഗിച്ച് മുടിതഴച്ചു വളര്‍ന്നവരുടെ ഫോട്ടോ അടക്കമാണ് പരസ്യം. ഉടന്‍ തന്നെ, തളിപ്പറമ്പില്‍ അലഞ്ഞു തിരിഞ്ഞ് ആ എണ്ണ സംഘടിപ്പിച്ചു. മൂന്നുമാസം പുരട്ടി. എണ്ണ തീര്‍ന്നതിനേക്കാള്‍ വേഗത്തില്‍ മുടി കൊഴിഞ്ഞു.

അതോടെ മുടി ചീകുക എന്നതൊരു പേടി സ്വപ്നമായി. എന്റെ മനോഹരമായ മുടികള്‍ ചീര്‍പ്പിന്റെ പല്ലുകള്‍ക്കിടയില്‍ തിങ്ങിയിരുന്ന്  നിസഹായതയോടെ നോക്കി. ഞാന്‍ നീളന്‍ ചീര്‍പ്പ് മാറ്റി, വട്ടച്ചീര്‍പ്പ് മേടിച്ചു നോക്കി. നീളത്തില്‍ പൊഴിഞ്ഞിരുന്ന മുടികള്‍ വട്ടത്തിലായി എന്നുമാത്രം.

ഇനിയെന്തു വേണ്ടു എന്നാലോചിച്ചിരുന്നപ്പോഴാണ് ഒരു ഹോമിയോ മരുന്നിന്റെ പരസ്യം കണ്ടത്. അവര്‍ പറയുന്നത്, മുടികൊഴിച്ചിലിന്റെ കാരണം, തലയിലല്ല, ശരീരത്തിനുള്ളിലാണ് എന്നാണ്. അവരുടെ മരുന്ന് ഉള്ളില്‍ കഴിച്ചാല്‍ കൊഴിച്ചില്‍ മാറുമത്രെ. മുടിഞ്ഞ വിലയാണ് ആ മരുന്നിന്. എന്തുമാകട്ടെ, ഹോമിയോ ഉള്ളില്‍ ചെലുത്താമെന്നു കരുതി. മൂന്നുമാസം കൊണ്ട് പോക്കറ്റു കീറിയെങ്കിലും, മുടി പൂര്‍വാധികം ശക്തിയോടെ കൊഴിഞ്ഞുകൊണ്ടിരുന്നു.

ഇത്രയുമായപ്പോള്‍, എന്റെ ഉച്ചിയില്‍ കാറ്റു സ്പര്‍ശിയ്ക്കുന്നതു പോലെ തോന്നി. തൊട്ടുനോക്കി. ദൈവമേ..! തലയോട്ടി തെളിഞ്ഞിരിയ്ക്കുന്നു..! പത്തുപൈസാ വട്ടത്തിലേ ഉള്ളുവെങ്കിലും കഷണ്ടി മുഖം കാണിച്ചു..!!! അന്നെനിയ്ക്ക് കലശലായ നിരാശയായിരുന്നു. അതുവരെ കളിയാക്കിയ കഷണ്ടിക്കാരോട് ആദ്യമായി എനിയ്ക്ക് സഹതാപം തോന്നി. താമസിയാതെ ഞാനും ആ കൂട്ടത്തില്‍ പെട്ടേക്കും..

അതിനിടെ ഒരു അലോപ്പതി ഡോക്ടറുടെ ലേഖനം വായിയ്ക്കാനിടയായി. മുടികൊഴിച്ചില്‍ എന്നത് ചില വിറ്റാമിന്റെ കുറവുകള്‍ കൊണ്ടാണെന്നും, അതു പരിഹരിച്ചാല്‍ മാറുമെന്നുമൊക്കെയായിരുന്നു അതില്‍ പറഞ്ഞിരുന്നത്. അതിന്‍ പ്രകാരം ഒരു ത്വക്ക് രോഗവിദഗ്ധനെ പോയി കണ്ടു. എന്റെ വിഷമങ്ങള്‍ കേട്ടിട്ട് അയാള്‍ എന്നെ ഒന്നു തുറിച്ചു നോക്കി. പിന്നെ ഒരു കള്ളച്ചിരിയോടെ എന്തോ ഗുളികയും കുറിച്ചു, മൂന്നുമാസം കഴിച്ചു നോക്കാന്‍ പറഞ്ഞു.
അറ്റകൈയ്ക്ക് ആ പ്രയോഗവും ചെയ്തു. പിന്നെയും, കാശും പോയി മുടിയും പോയി. ഇപ്പോള്‍ കഷണ്ടി ഏതാണ്ട് ചെറിയ പപ്പട വട്ടത്തിലായിട്ടുണ്ട്.

അങ്ങനെയിരിയ്ക്കെയാണ് എന്റെയൊരു ബന്ധുവിനെ കണ്ടത്. അധ്യാപകനായ അങ്ങേര് ഒന്നാംതരം കഷണ്ടിയാണ്. എന്നാല്‍ ആ കഷണ്ടിക്കൊരു ഐശ്വര്യവും ഗാംഭീര്യവും ഉണ്ട്. വിശാലമായ നെറ്റി. ഉച്ചിയില്‍ ഏതാനും മുടികള്‍, അതു പുറകോട്ടു നീളത്തില്‍ ചീകി വെച്ചിരിയ്ക്കുന്നു. ഞാന്‍ അങ്ങേരോട് നിരാശയോടെ പറഞ്ഞു.

“മാഷേ.. എന്റെ മുടിയെല്ലാം കൊഴിയുന്നു. പലപരിപാടികളു നോക്കിയിട്ടും രക്ഷയില്ല....“

“ഹ ഹ എടാ മണ്ടാ, അസൂയയ്ക്കും കഷണ്ടിയ്ക്കും മരുന്നില്ലാ എന്നു കേട്ടിട്ടില്ലേ...?”

“എങ്കിലും മാഷേ.. ഇത്ര നേരത്തെ...........”

“നീ ലോകത്തെ വല്യവല്യ ആള്‍ക്കാരെ നോക്ക്.. ബഹുഭൂരിപക്ഷവും കഷണ്ടിക്കാരല്ലെ? നമ്മുടെ ഗാന്ധിജി, നെഹൃ മുതല്‍ എത്രയെത്ര പേര്‍.. എടാ നിനക്കൊരു കാര്യം അറിയാമോ, ബുദ്ധിയുള്ളവരുടെ മുടി മാത്രേ കൊഴിയൂ. കൂടുതല്‍ ചിന്തിയ്ക്കുന്നതു കാരണം, തലച്ചോറില്‍ നിന്നുള്ള ചൂടേറ്റാണ് മുടി കൊഴിയുന്നത്. നിന്റെ മുടി കൊഴിയുന്നുവെങ്കില്‍ നീയത്രയ്ക്കും ബുദ്ധിമാനാണെന്നര്‍ത്ഥം..”

ഞാനാലോചിച്ചു നോക്കി, സംഗതി ശരിയായിരിയ്ക്കാന്‍ വഴിയുണ്ട്. തലച്ചോറില്‍ ഇലക്ട്രിസിറ്റി പാസു ചെയ്യുമ്പോഴാണല്ലോ നമ്മള് ഓരോന്നു ചിന്തിയ്ക്കുന്നത്. സ്വാഭാവികമായും ബുദ്ധിമാന്മാരുടെ തലയില്‍ അതു കൂടുതലാവും. അങ്ങനെ മുടിവേരുകള്‍ ഇളകിപോകാനുള്ള സാധ്യതയുണ്ട്.  അതോടെ മുടികൊഴിച്ചിലിനെ പറ്റിയുള്ള ചിന്ത ഞാന്‍ ഉപേക്ഷിച്ചു.. ഹാ.. ഇപ്പോ എന്തൊരു മനോസുഖം..!

അടിക്കുറിപ്പ്: സ്ത്രീകള്‍ക്ക് ബുദ്ധിയില്ല എന്നൊന്നും ഞാന്‍ പറഞ്ഞിട്ടില്ല. ഫെമിനിസ്റ്റുകള്‍ വഴക്കിനു വരരുത്.

Wednesday 7 December 2011

ഉമ്മന്‍‌ചാണ്ടിയ്ക്കും എ.ജി.യ്ക്കും കീ ജയ്...

കഴിഞ്ഞകുറച്ചു ദിവസങ്ങളായി മുല്ലപ്പെരിയാര്‍ വിഷയത്തിന്റെ പേരില്‍ ഉമ്മന്‍ ചാണ്ടിയെയും അഡ്വക്കറ്റ് ജനറലിനെയും പുലഭ്യം പറയുന്നവരേ, ഈ വിഷയത്തില്‍ വളരെ തന്ത്രപരമായ നിലപാടാണ് നമ്മുടെ സര്‍ക്കാര്‍ എടുത്തിരിയ്ക്കുന്നതെന്ന് യുക്തിപൂര്‍വം ചിന്തിച്ചാല്‍ നിങ്ങള്‍ക്ക് മനസ്സിലാകും.

ഒരു വശത്ത് മന്ത്രിമാരടക്കം തെരുവില്‍ സമരം നടത്തി പുതിയ ഡാം വേണമെന്ന് പറഞ്ഞ് ജനങ്ങളെ ഇളക്കുന്നു, യുവജന സംഘടക്കാരെ വിട്ട് ഡാമില്‍ കൊടിയുയര്‍ത്തുന്നു, തമിഴരുടെ വാഹനം തകര്‍ക്കുന്നു. ഇതൊക്കെ കാണുമ്പോള്‍ തമിഴന്മാര്‍ വെറുതെയിരിയ്ക്കുമോ? ഒരു കാരണവശാലും പുതിയ ഡാം പാടില്ല എന്ന് അവരും പറയും.

ഇതു നമ്മുടെ ആസൂത്രിതമായ കളിയാണെന്ന് അവന്മാരറിയുന്നുണ്ടോ..! അഡ്വക്കറ്റ് ജനറലിന്റെയും വിദഗ്ധ സമിതിയുടെയും മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും വിശദീകരണങ്ങളോടെ ഒരു കാര്യം ഉറപ്പായി, മുല്ലപ്പെരിയാറില്‍ പുതിയൊരു ഡാമിന്റെ ആവശ്യമില്ല. കേവലം 450 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിയ്ക്കേണ്ട ആവശ്യമേ ഉള്ളു. പുതിയ ഡാമിനായി ചെലവാകുമെന്നു പറയുന്ന 650 കോടിയുടെ നാലിലൊന്നു പോലും വേണ്ട അവരെ ഇടുക്കി ഡാമിനു താഴെയെവിടെയെങ്കിലും സ്ഥലം മേടിച്ചുകൊടുത്ത് താമസിപ്പിയ്ക്കാന്‍. മുല്ലപ്പെരിയാര്‍ ഡാം പൊട്ടിയാല്‍ വടക്കുപടിഞ്ഞാറോട്ടും തെക്കുപടിഞ്ഞാറോട്ടുമായി രണ്ടായി പിരിഞ്ഞാകും വെള്ളമൊഴുകുക. ഒരുഭാഗത്തെ വെള്ളം ഇടുക്കി ഡാം താങ്ങിക്കൊള്ളും. മറുഭാഗത്തെ വെള്ളം മീനച്ചിലാറിലേയ്ക്കാണു പോകുക. അത് ഇടയ്ക്കിടെ ചെറിയ തടയണകള്‍ നിര്‍മ്മിച്ച് പിടിച്ചു നിര്‍ത്താവുന്നതേ ഉള്ളു.

കേരളത്തിലെയും തമിഴുനാട്ടിലെയും കോലാഹലം കാണുമ്പോള്‍ ചിലപ്പോള്‍ കേന്ദ്രം ഇടപെടാനുള്ള സാധ്യതയുണ്ട്. അതൊഴിവാക്കാന്‍ മുഖ്യമന്ത്രിയും മന്ത്രിമാരും പോയി ചര്‍ച്ചനടത്തുന്നുണ്ട്. പുറമേ നില്‍ക്കുന്നവര്‍ വിചാരിയ്ക്കും കേന്ദ്രത്തെ ഇടപെടുവിയ്ക്കാനാണ് ചര്‍ച്ചയെന്ന്. അങ്ങനെ തോന്നിപ്പിയ്ക്കാന്‍ ചില പ്രസ്താവനകളൊക്കെ ഇറക്കുന്നതും തന്ത്രത്തിന്റെ ഭാഗമാണ്.

കോടതിയിലാണ് നമ്മുടെ ശരിയായ കളി കളിയ്ക്കുക. മുല്ലപ്പെരിയാര്‍ തകര്‍ന്നാലും കാര്യമായ കുഴപ്പമൊന്നുമില്ലായെന്ന് അവിടെ ബോധിപ്പിയ്ക്കും. സ്വാഭാവികമായും തമിഴ്‌നാട് ഈ വാദമുയര്‍ത്തി സുപ്രീം കോടതിയില്‍ കേസു ജയിയ്ക്കും, ജലനിരപ്പ് ഉയര്‍ത്തും. അപ്പോള്‍ എന്തുണ്ടാകും? ഡാം പൊട്ടും. ഇനിയാണ് നമ്മുടെ സൂപ്പര്‍ തന്ത്രം പ്രവര്‍ത്തനമാരംഭിയ്ക്കുന്നത്.

ഡാം പൊട്ടുന്നതോടെ 999 വര്‍ഷത്തെ കരാര്‍ ആവിയായിപ്പോകും. പിന്നെ തമിഴന്മാര്‍ക്ക് വോയിസ് ഉണ്ടോ !  തമിഴ്‌നാട് വറ്റിവരളും. ആ അവസ്ഥയില്‍ അവര്‍ വെള്ളത്തിനു വേണ്ടി നമ്മളോട് യാചിയ്ക്കാന്‍ തുടങ്ങും. അപ്പോള്‍ നമ്മള്‍ പറയുന്ന തുകയ്ക്ക്, പറയുന്ന വ്യവസ്ഥയില്‍ അവര്‍ വെള്ളം മേടിയ്ക്കേണ്ടി വരും. അന്ന് നമുക്ക് വേണമെങ്കില്‍ മുല്ലപ്പെരിയാറില്‍ സ്വന്തം സൌകര്യമനുസരിച്ച് ഡാം കെട്ടാം, അല്ലെങ്കില്‍ ഇടുക്കിഡാമില്‍ കിടക്കുന്ന പെരിയാര്‍ വെള്ളം കൊടുക്കാം. ഏതുനിലയ്ക്കായാലും കാര്യങ്ങള്‍ നമ്മുടെ കൈയിലിരിയ്ക്കും. ഒരു ടി.എം.സി വെള്ളത്തിന് പത്തുകോടിയെങ്കിലും നമുക്ക് വിലയിടാം. വര്‍ഷത്തില്‍ നൂറു ടി.എം.സി വെള്ളം വിറ്റാല്‍ ആയിരംകോടി ആയിനത്തില്‍ മാത്രം വരുമാനം. ആ വെള്ളം ഉപയോഗിച്ച് തമിഴുനാട് വൈദ്യുതി ഉണ്ടാക്കിയാല്‍ അതിന്റെ വിഹിതം വേറെയും ആവശ്യപ്പെടാം. ഇപ്പോള്‍ ചര്‍ച്ചയിലൂടെ നമ്മുടെ കാശുമുടക്കി ഒരു ഡാം പണിതു എന്നു വെക്കുക. തീര്‍ച്ചയായും തമിഴ്നാടിന്റെ കൂടി താല്പര്യമനുസരിച്ചുള്ള കരാര്‍ ആദ്യമേ ഉണ്ടാക്കേണ്ടി വരും. നക്കാപ്പിച്ച കാശിനു വെള്ളം കൊടുക്കേണ്ടിയും വരും. തമിഴന്മാര്‍ പൊട്ടന്മാരാണെന്ന് പറയുന്നത് വെറുതെയല്ല. അവര്‍ക്ക് നമ്മുടെ  ഈ തന്ത്രം ഇതു വരെ അവര്‍ക്കു മനസ്സിലായിട്ടില്ല.

ഉമ്മന്‍‌ചാണ്ടിയും അഡ്വക്കേറ്റ് ജനറലും കൂടി സംസ്ഥാന താല്പര്യം അട്ടിമറിച്ചു എന്നും പറഞ്ഞ് ചന്ദ്രഹാസമിളക്കുന്നവര്‍ ശാന്തരായിരുന്നു ആലോചിച്ചേ, ആത്യന്തികമായി ഇതു നമുക്ക് നേട്ടമല്ലേന്ന്? നമ്മുടെ ഹൈക്കോടതിയ്ക്കു പോലും കാര്യം മനസ്സിലായിട്ടുണ്ട്. അതല്ലേ, ഇത്രമാത്രം പൊതുയോഗങ്ങളും രണ്ടു ഹര്‍ത്താലുകളും  ഉണ്ടായിട്ട്, പൊതുജനങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ടുകളെ പറ്റി ഒരക്ഷരം മിണ്ടാത്തത്..!

അടിക്കുറി: ഈ നോട്ട് ആരെങ്കിലും തമിഴന്മാര്‍ക്ക് തര്‍ജമ ചെയ്തുകൊടുത്ത്, നമ്മുടെ തന്ത്രം പൊളിയ്ക്കരുതെന്ന് വിനയപൂര്‍വം അപേക്ഷിയ്ക്കുന്നു.

Sunday 4 December 2011

മുല്ലപ്പെരിയാര്‍ ഡാം: അല്പം ചരിത്രവും വസ്തുതകളും.

തമിഴ്‌നാട്ടിലെ തേനിയിലും മറ്റും ഗ്രാമദേവതകളോടൊപ്പം ഗ്രാമീണര്‍ കോവില്‍ കെട്ടി ആരാധിയ്ക്കുന്ന ഒരു സായിപ്പു ദേവനുമുണ്ട്. ക്യാപ്റ്റന്‍ പെനി ക്വിക്ക് എന്നാണ് ആ ദേവന്റെ പേര്. ജനങ്ങള്‍ രണ്ടു നേരം വിളക്കുകൊളുത്തി അദ്ദേഹത്തിനു അര്‍ച്ചനയര്‍പ്പിയ്ക്കുന്നു. തങ്ങള്‍ക്കു ജീവിതം തിരിച്ചു തന്ന ഐശ്വര്യത്തിന്റെ ദേവാനാണ് ഗ്രാമീണര്‍ക്ക് പെനി ക്വിക്ക്. ആരാണീ ദേവന്‍?

പതിനെട്ടാം നൂറ്റാണ്ടിലെ കടുത്ത വരള്‍ച്ചയില്‍ മധുരയും സമീപ രാജ്യമായ രാമനാടും ഉണങ്ങിക്കരിഞ്ഞു. വെള്ളം കിട്ടാതെ മനുഷ്യരും ജന്തുക്കളും മരിച്ചുവീണു. അവശേഷിച്ചവരില്‍ ചിലര്‍ കൊടുവാളുമായി കൊള്ളയ്ക്കിറങ്ങി. അക്കാലത്ത് രാമനാട് രാജ്യത്തിലെ മുഖ്യ കാര്യസ്ഥന്റെ തലയിലുദിച്ച ആശയമാണ് പെരിയാറിലെ വെള്ളം മധുരയിലെ വൈഗ നദിയിലേയ്ക്ക് തിരിച്ചു വിടുക എന്നത്. 1789-ല്‍ ഇക്കാര്യം മധുരയുടെ ആധിപത്യമുണ്ടായിരുന്ന ബ്രിട്ടീഷുകാരുമായി പങ്കുവെച്ചെങ്കിലും നടന്നില്ല. പിന്നീട് 1808-ല്‍ ഈ സാധ്യത ബ്രിട്ടീഷുകാര്‍ പരിഗണിച്ചെങ്കിലും പ്രായോഗികമല്ലെന്നു കണ്ട് ഉപേക്ഷിച്ചു. 1850 ലും 1867 ലും വീണ്ടും ശ്രമങ്ങള്‍ ഉണ്ടായെങ്കിലും ഫലവത്തായില്ല.  പിന്നീട് 1882-ല്‍ ക്യാപ്ടന്‍ പെനിക്വിക്കും ആന്‍സ് സ്മിത്തും ചേര്‍ന്നാണ് ഇന്നത്തെ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ രൂപരേഖയുണ്ടാക്കിയത്. 1886 ഒക്ടോബര്‍ 29 ന് തിരുവിതാംകൂര്‍ രാജാവ് വിശാഖം തിരുനാള്‍ രാമവര്‍മ്മയ്ക്കു വേണ്ടി ദിവാന്‍, ബ്രിട്ടീഷുകാരുമായി 999 വര്‍ഷത്തെ പാട്ടക്കരാര്‍ ഒപ്പു വെച്ചു.
ക്യാപ്ടന്‍ പെനിക്വിക്ക്

1887-ല്‍ ഡാം നിര്‍മ്മാണം ആരംഭിച്ചു. ആദ്യവര്‍ഷങ്ങളിലെ ശ്രമങ്ങളെല്ലാം പാഴായിപ്പോയി.ശര്‍ക്കരയും ചുണ്ണാമ്പും കരിമ്പിന്‍ നീരും മുട്ടവെള്ളയും ചേര്‍ത്തുണ്ടാക്കുന്ന സുര്‍ക്കി ചാന്തുകൊണ്ട് കരിങ്കല്ല് കെട്ടിയാണ് അടിത്തറ പണിതത്. ഓരോ കാലവര്‍ഷത്തിലും കെട്ടിയതെല്ലാം പെരിയാര്‍ കൊണ്ടു പോയി. ഒടുക്കം  പദ്ധതി ഉപേക്ഷിച്ചു പോരാന്‍ ബ്രിട്ടനില്‍ നിന്ന് പെനിക്വിക്കിന് നിര്‍ദേശം കിട്ടി. എന്നാല്‍  ബ്രിട്ടനിലെത്തിയ അദ്ദേഹം തന്റെ കുടുംബസ്വത്ത് വിറ്റു കിട്ടിയ കാശുമായെത്തി ഡാം പണി തുടര്‍ന്നു. രാമനാമപുരത്തെയും കമ്പത്തെയും തിരുച്ചിയിലെയും തൊഴിലാളികളും കൊച്ചിയിലെ പോര്‍ത്തുഗീസ് ആശാരിമാരും ഗുജറാത്തിലെ കുമ്മായം തേപ്പുകാരുമെല്ലം പണിയില്‍ പങ്കാളികളായി. അനേകം പേര്‍ മലേറിയ ബാധിച്ചു മരിച്ചു വീണു. ഒടുക്കം 1895-ല്‍ ഡാം പൂര്‍ത്തിയായി.  തേനി, മധുര, ദിണ്ഡുക്കല്‍, രാമനാട്, ശിവഗംഗ ജില്ലകളില്‍ കൃഷിയ്ക്കും കുടിവെള്ളത്തിനും അന്നുമുതല്‍ ഈ ജലം ഉപയോഗിയ്ക്കുന്നു. സ്വന്തം സ്വത്ത് തങ്ങള്‍ക്കു ജീവജലം എത്തിയ്ക്കാനായി ചിലവഴിച്ച പെനിക്വിക്കിനെ തമിഴര്‍ ദേവനായി ആരാധിയ്ക്കുന്നതില്‍ തെറ്റില്ലല്ലോ. ഒരര്‍ത്ഥത്തില്‍ ഭഗീരഥന്‍ തന്നെയാണല്ലോ അദ്ദേഹം.

1940-ല്‍ മുല്ലപ്പെരിയാറിലെ വെള്ളമുപയോഗിച്ച് വൈദ്യതി ഉല്പാദിപ്പിയ്ക്കാന്‍ മദ്രാസ് സര്‍ക്കാര്‍ നീക്കമാരാംഭിച്ചു. ഇതിനെതിരെ അന്നത്തെ തിരുവിതാംകൂര്‍ ദിവാന്‍ സര്‍.സി.പി. രാമസ്വാമി അയ്യര്‍ കേസ് നല്‍കി. കല്‍ക്കത്താ ഹൈക്കോടതി ജഡ്ജി മുമ്പാകെ മദ്രാസിനു വേണ്ടി അല്ലാടി കൃഷ്ണസ്വാമി അയ്യരും തിരുവിതാംകൂറിനു വേണ്ടി സര്‍ സി.പിയും വാദിച്ചു. 1941 മെയ് 12 നു തിരുവിതാംകൂറിന് അനുകൂലമായി  വിധിയുണ്ടായി. എന്നാല്‍ ബ്രിട്ടീഷുകാരെ ഭയന്ന് ആ വിധി നടപ്പായില്ല. 1947 ജൂലൈ 21 ന്, സര്‍ സി.പി, വീണ്ടും മൌണ്ട് ബാറ്റന് നിവേദനം നല്‍കി. എന്നാല്‍ അധികം വൈകാതെ സര്‍ സി.പി.യ്ക്ക് ഇവിടെ നിന്ന് പലായനം ചെയ്യേണ്ടി വന്നു. തുടര്‍ന്ന് നടപടികള്‍ ഒന്നും ഉണ്ടായില്ല.

ഇന്ത്യയ്ക്ക് സ്വാതന്ത്യം ലഭിച്ചതോടെ ബ്രിട്ടീഷുകാരും നാട്ടുരാജ്യങ്ങളും തമ്മിലുള്ള കരാറുകളെല്ലാം അസാധുവായി.
കേരള രൂപീകരണത്തെ തുടര്‍ന്ന് 1958-‘60-‘69 വര്‍ഷങ്ങളില്‍ തമിഴ്‌നാടുമായി ചര്‍ച്ച നടന്നെങ്കിലും പ്രയോജനമൊന്നുമുണ്ടായില്ല. വീണ്ടും ചര്‍ച്ചകളെ തുടര്‍ന്ന് 1976-ല്‍ (അടിയന്തിരാവസ്ഥക്കാലം, 1975-1977) അച്യുതമേനോന്റെ  കാലത്ത് അനുബന്ധകരാര്‍ ഒപ്പുവച്ചു. പഴയ കരാരില്‍ കാര്യമായ മാറ്റമില്ലാതെ, 30 വര്‍ഷത്തെ മുന്‍‌കാല പ്രാബല്യത്തോടെ ആയിരുന്നു അത്. അങ്ങനെയാണ് തമിഴുനാട് മുല്ലപ്പെരിയാറിലെ വെള്ളമുപയോഗിച്ച് വൈദ്യുതി ഉല്പാദനം തുടര്‍ന്നത്.

ഡാമില്‍ ചോര്‍ച്ച കൂടിയതിനെ തുടര്‍ന്ന് 1979-ല്‍ കേന്ദ്ര ജലക്കമ്മീഷന്‍,  ജലനിരപ്പ് 136 അടിയാക്കി കുറയ്ക്കണമെന്നും പുതിയ ഡാം പണിയണമെന്നും നിര്‍ദേശിച്ചു. തുടര്‍ന്ന് കേരള-തമിഴുനാട് എഞ്ചിനീയര്‍മാര്‍ ഒരുമിച്ച് സര്‍വേ നടത്തി സ്ഥലം കണ്ടെത്തി. എന്നാല്‍ കേരളത്തിന്റെ അലംഭാവം മൂലം പിന്നീടൊന്നും സംഭവിച്ചില്ല. തമിഴുനാട് പുതിയ ഡാം ആശയത്തില്‍ നിന്നു പിന്മാറുകയും ചെയ്തു.  അഴിമതിക്കാരായ കേരള ഉദ്യോഗസ്ഥര്‍ക്കും വക്കീലന്മാര്‍ക്കും രാഷ്ട്രീയക്കാര്‍ക്കും വേണ്ടത് കൊടുത്ത് തമിഴ്‌നാട് കോടതികളില്‍ കേസുകള്‍ ജയിച്ചുകൊണ്ടിരുന്നു. മുല്ലപ്പെരിയാര്‍ വെള്ളത്തില്‍ നിന്നും കോടികള്‍ ഉണ്ടാക്കുന്നവര്‍ക്ക് ഏതാനും കോടി അതിനായി ചിലവഴിയ്ക്കുന്നതില്‍  വിഷമിയ്ക്കേണ്ടതില്ലല്ലോ. കഴിഞ്ഞ LDF സര്‍ക്കാരിലെ ജലവിഭവ വകുപ്പുമന്ത്രി പ്രേമചന്ദ്രനാണ് ഈ അവസ്ഥയ്ക്ക് ഒരു മാറ്റം വരുത്തിയത്. അദ്ദേഹത്തിന്റെയും അര്‍പ്പണമനസ്സുള്ള ഏതാനും ഉദ്യോഗസ്ഥരുടെയും അശ്രാന്ത പരിശ്രമ ഫലമായി സുപ്രീം കോടതിയില്‍ കേരളത്തിന് അല്പം മേല്‍ക്കൈ ലഭിയ്ക്കുകയുണ്ടായി.

ഏതാനും ആഴ്ചകള്‍ മുന്‍പുണ്ടായ ചില ഭൂചലനങ്ങളോടെയാണ് മുല്ലപ്പെരിയാര്‍ ജീവന്മരണ പ്രശ്നമായി കേരളീയരുടെ മേല്‍ പതിച്ചത്. വിഷയം ചാനലുകളും രാഷ്ട്രീയക്കാരും ഏറ്റെടുത്തു. മുല്ലപ്പെരിയാറിലേയ്ക്ക് ജനപ്രവാഹം, നിരാഹാരം, കോലം കത്തിയ്ക്കല്‍, നേതാക്കളുടെ തീര്‍ത്ഥാടനം, ലൈവ് സം‌പ്രേക്ഷണം.. അങ്ങനെ ആകെ പൊടിപൂരം. കറക്ട് ടൈമില്‍ “ഡാം 999” ഉം എത്തി. ദിവസവും ചാനലുകളില്‍ ചര്‍ച്ച പൊടിപൊടിയ്ക്കുന്നു. എല്ലാവരും ഒരേ സ്വരത്തില്‍ പറയുന്നു, “ഡാം ഏതു നേരവും പൊട്ടാം..”. പാവം ജനം ജീവഭയത്താല്‍ ഉറക്കം നഷ്ടപ്പെട്ടു കഴിയുന്നു. അതിനിടയില്‍ ചില ചാനല്‍ വിദഗ്ദ്ധരുടെ പ്രവചനം കണ്ടു, ഇടുക്കിയില്‍ റിച്ചര്‍ സ്കെയില്‍ 7.5 തീവ്രതയുള്ള ഭൂകമ്പം ഉണ്ടാകുമത്രേ..! അതായത് ചൈനയിലും ഗുജറാത്തിലുമൊക്കെ ഉണ്ടായത്ര തീവ്രതയുള്ളത്. അങ്ങനെയൊന്നുണ്ടായാല്‍ ഇടുക്കി ജില്ലയില്‍ എന്തെങ്കിലും ബാക്കിയുണ്ടാകുമോ?

ജനങ്ങളെ ഇങ്ങനെ ഭീതിയിലാഴ്ത്തുന്ന മാധ്യമങ്ങളോടും രാഷ്ട്രീയക്കാരോടും ഒന്നു ചോദിയ്ക്കട്ടെ? മുല്ലപ്പെരിയാര്‍ ഡാം ദുര്‍ബലമാണെന്നും പുതിയ ഡാം വേണമെന്നുമുള്ള കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമില്ല. എന്നാല്‍ പുതിയ ഡാം ഒരു ദിവസം കൊണ്ടോ മാസം കൊണ്ടോ വര്‍ഷം കൊണ്ടോ സാധ്യമാണോ? ഇപ്പോള്‍ പൊട്ടും എന്ന അവസ്ഥയിലാണ് ഡാമെങ്കില്‍ പുതിയ ഡാമിനുള്ള സാവകാശം ലഭിയ്ക്കുമോ? ഇങ്ങനെ ജനങ്ങളെ ഭീതിപ്പെടുത്തി ഭ്രാന്താവസ്ഥയിലെത്തിച്ചാലുള്ള ഭവിഷ്യത്തുകളെ പറ്റി നിങ്ങള്‍ക്കു വല്ല ധാരണയുമുണ്ടോ? വ്യാജബോംബു ഭീഷണി പോലെ ആരെങ്കിലും “ഡാം പൊട്ടി” എന്നൊരു കിംവദന്തി പരത്തിയാല്‍ സാധാരണ മനുഷ്യരുടെ അവസ്ഥയെന്തായിരിയ്ക്കും? (പത്രമോഫീസുകളില്‍ ഇത്തരം പരിഭ്രാന്തമായാ അന്വേഷണങ്ങള്‍ വരാന്‍ തുടങ്ങിയിട്ടുണ്ട്).

ബാംഗ്ലൂര്‍ ഇന്ത്യന്‍ ഇന്‍സ്റ്റിട്യൂട്ട് ഒഫ് സയന്‍സിലെ ഭൂകമ്പ ശാസ്ത്രഞ്ജന്‍ ഡോ:സി.പി.രാജേന്ദ്രന്റെ അഭിപ്രായത്തില്‍, ഇപ്പോഴുണ്ടായ ഭൂകമ്പങ്ങള്‍ അണക്കെട്ടിന് കേടുപാടുണ്ടാക്കാന്‍ പോന്നവയല്ല. മാത്രമല്ല ഇതിലും വലിയ ഭൂകമ്പങ്ങള്‍ അവിടെ നേരത്തെ ഉണ്ടായിട്ടുമുണ്ട്. അണക്കെട്ടിന്റെ ചോര്‍ച്ച, ഭൂകമ്പം കൊണ്ടല്ല, മറിച്ച് സുര്‍ക്കി മിശ്രിതം ഒലിച്ചു പോകുന്നതു മൂലമാണ്. ഇടുക്കി അണക്കെട്ടിന്റെ പ്രേരിത ചലനങ്ങളാണ് ഇപ്പോഴുണ്ടായത്. ഇതു സാധാരണവും അപകട സാധ്യതയില്ലാത്തതുമാണ്. കേരളം വലിയ ഭൂകമ്പങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ള മേഖലയിലല്ല. എന്നാല്‍ മുല്ലപ്പെരിയാര്‍ ഡാം അപകടാവസ്ഥയിലാണെന്നതിനും, പുതിയ ഡാം പണിയണമെന്നതിലും യാതൊരു സംശയവുമില്ല. പക്ഷേ, ഇപ്പോഴത്തെ ഭീതിയ്ക്ക് യാതൊരു അടിസ്ഥാനവുമില്ല.

തമിഴുനാടിനെതിരെ കേരളീയരെ ഇളക്കിയാല്‍ മുല്ലപ്പെരിയാര്‍ പ്രശ്നത്തിനു പരിഹാരമാകുമോ? ഇവിടെയുള്ളതു പോലുള്ള സമ്മര്‍ദ്ദം അവിടെയുമുണ്ട്. ഒരു പാര്‍ടിയ്ക്കും അതില്‍ നിന്നു മാറി നില്‍ക്കാനാകില്ല. പരസ്പരം വൈരം ഉണ്ടാക്കാമെന്നല്ലാതെ എന്തു പ്രയോജനം? ഇവിടെ എന്തെങ്കിലും ചെയ്യേണ്ടത് കേന്ദ്ര സര്‍ക്കാരാണ്. അവരുടെ മുന്നില്‍ പല വഴികളുമുണ്ട്. അത് സ്വീകരിയ്ക്കാന്‍ സമ്മര്‍ദ്ദം അവര്‍ക്കു നേരെയാണുണ്ടാകേണ്ടത്.
ഇതിനിടെ ചില വിദ്വാന്മാര്‍ ദേശീയപാര്‍ടികളുടെ മുതുകത്താണു കയറുന്നത്. ഒരു ദേശീയപാര്‍ടിയ്ക്കും ഏതെങ്കിലുമൊരു പക്ഷം ചേരാനാവില്ല. നമുക്കുള്ളതുപോലുള്ള ന്യായങ്ങള്‍ മറു പക്ഷത്തും ഉണ്ടാകും. ആയതിനാല്‍ രണ്ടു പക്ഷവും കേള്‍ക്കാന്‍ അവര്‍ ബാധ്യസ്ഥരാണ്. തീരുമാനമെടുക്കാനുള്ള ചുമതല സര്‍ക്കാരിന്റേതാണ്. ഇരു സംസ്ഥാനങ്ങളെയും ഒന്നിച്ചിരുത്തി ചര്‍ച്ചയിലൂടെ പരിഹാരം കണ്ടെത്തുന്നതിനു പകരം, വഷളായി കലാപമാകുന്നതു വരെ കാത്തിരിയ്ക്കുന്ന കേന്ദ്രത്തിനെതിരെയാണ് ഓരോ കേരളീയനും ശബ്ദിയ്ക്കേണ്ടത്. അല്ലാതെ, ജയലളിതയുടെ കോലം കത്തിയ്ക്കുന്നതും, തമിഴരെ തെറി പറയുന്നതും ജനങ്ങളെ ഭീതിയിലാഴ്ത്തുന്നതും യാതൊരു പ്രയോജനവും ചെയ്യില്ല.
(ഇതിലെ ചില വിവരങ്ങള്‍ക്ക് “ദേശാഭിമാനി”യില്‍ ശ്രീ.കെ.ജെ. മാത്യു എഴുതിയ ലേഖനത്തോട് കടപ്പാട്)

അടിക്കുറിപ്പ്: എനിയ്ക്ക് തമിഴ്‌നാടിനോട് യാതൊരു പക്ഷഭേദവുമില്ല. അവരുടെ കടും പിടുത്തത്തോട് അല്പം പോലും യോജിപ്പുമില്ല. വേണ്ടി വന്നാല്‍ അവരുടെ ഉല്പന്നങ്ങള്‍ ബഹിഷ്കരിച്ച് പ്രതിഷേധിയ്ക്കണം എന്ന പക്ഷക്കാരനാണ് ഞാന്‍. എന്നാല്‍ ഇപ്പോള്‍ നമ്മുടെ പ്രചാരണങ്ങള്‍ വഴിവിട്ടുപോയില്ലേ എന്നു സംശയിയ്ക്കുന്നു.