പുതിയ കഥാസമാഹാരം “രയറൊം കഥകള്‍ " VPP ലഭിയ്ക്കാന്‍ sidrapubications@gmail

Saturday 23 April 2011

കുമരകത്തൊരു ഒഴിവുകാലം.

കേരളത്തിന്റെ ടൂറിസം മാപ്പിലെ ഒരു പ്രധാന സ്പോട്ടാണ് കുമരകം. പുഴയും കായലും സംഗമിയ്ക്കുന്ന, പ്രകൃതിയുടെ ചേതോഹരകാഴ്ചകളുടെ അപൂര്‍വ ഇരിപ്പിടങ്ങളിലൊന്ന്. വെറുമൊരു ടൂറിസ്റ്റ് കേന്ദ്രമെന്നതിലുപരി, എന്റെ ബാല്യകാലസ്മരണകളില്‍ തിളങ്ങിനില്‍ക്കുന്ന ഇടങ്ങളിലൊന്ന് എന്ന പ്രത്യേകത കൂടി കുമരകത്തിനുണ്ട്. എന്റെ
രണ്ട് കുഞ്ഞമ്മമാര്‍ ഇവിടെയടുത്തു തന്നെ താമസം. കുമരകത്തെത്തിയാല്‍  താമസം ഒരു പ്രശ്നമേ അല്ല എന്നു സാരം. ദീര്‍ഘനാളായി ആഗ്രഹിയ്ക്കുന്നു, അവിടേയ്ക്കൊന്നു പോകണം എന്ന്. ഇത്തവണത്തെ അവധിക്കാല യാത്ര കുമരകത്തിനാകട്ടെ എന്ന് തീരുമാനിച്ചു.

നാട്ടിലെത്തിയതിന്റെ മൂന്നാം നാള്‍, അതായത് ഒക്ടോബര്‍ 15-ന്  കണ്ണൂരില്‍ നിന്നും കുടുംബസമേതം മലബാര്‍ എക്സ്പ്രസില്‍ കോട്ടയത്തെത്തി. നേരം വെളുത്തുവരുന്നതേയുള്ളു. കുമരകത്തേയ്ക്കുള്ള ബസ് നാഗമ്പടം സ്റ്റാന്‍ഡില്‍ പോകാന്‍ തയ്യാറായി കിടക്കുന്നു. കുമരകത്തിന് തൊട്ടടുത്തുള്ള “ചെങ്ങളം” എന്ന സ്ഥലത്താണ് ഓമനക്കുഞ്ഞമ്മ താമസിയ്ക്കുന്നത്. ചെങ്ങളത്ത് ബസിറങ്ങുമ്പോള്‍ രാവിലെ ആറര. ബസ്സ്റ്റോപ്പില്‍ നിന്നും  കുഞ്ഞമ്മയുടെ വീട്ടിലേയ്ക്ക് ഒരു കിലോമീറ്റര്‍ ദൂരം‍. ഞങ്ങളുടെ കൈയിലാണെങ്കില്‍ വലിയ ഒരു ട്രോളി ബാഗും സ്യൂട്ട്കേസും ഉണ്ട്. ഓട്ടോ വല്ലതും വരാന്‍ കാത്തു നിന്നു. ഏറെ നേരം കഴിഞ്ഞപ്പോള്‍ ഒരെണ്ണം മുക്കിയും മൂളിയും വന്നു. സാരഥിയോട് വളരെ ഭവ്യമായി പോകേണ്ട സ്ഥലം പറഞ്ഞു. ആശാന്‍ നിഷ്കരുണം മുഖം തിരിച്ചു കളഞ്ഞു. ഓട്ടോകള്‍ ഒന്നും ആ ഭാഗത്തേയ്ക്കു പോകില്ലത്രേ. റോഡെല്ലാം പൊട്ടിപ്പൊളിഞ്ഞിരിയ്ക്കുകയാണുപോലും. കൂടുതല്‍ കാശ് കൊടുക്കാമെന്നു പറഞ്ഞിട്ടും രക്ഷയില്ല. ഓട്ടോയല്ലാതെ മറ്റൊരു ടാക്സി വാഹനം  അവിടെങ്ങുമില്ലതാനും. ആകെ ഗതികേടായല്ലോ..  നല്ല വഴിയാണെങ്കില്‍ ട്രോളി ബാഗ് വലിയ്ക്കാമായിരുന്നു. ഓട്ടോ പോലും പോകില്ലെങ്കില്‍ പിന്നെ അക്കാര്യവും ചിന്തിയ്ക്കേണ്ടല്ലോ.. എന്തിനു പറയുന്നു, ട്രോളിബാഗ് ഞാന്‍ തോളില്‍ കയറ്റി, സ്യൂട്ട്കേസ് മിനിയെ ഏല്‍പ്പിച്ചു.  കണ്ണൂര്‍ നിന്നും മേടിച്ച ലൊട്ടുലൊടുക്ക് സാധനങ്ങള്‍ മക്കളും തൂക്കിപ്പിടിച്ചു. ഞങ്ങള്‍ കാല്‍നടയാത്ര ആരംഭിച്ചു.  അല്പം നടന്നതോടെ ചെറിയ കൈത്തോടുകള്‍ കാണാം. കുട്ടനാടിന്റെ ജീവനാഡികളാണ് അവ‍. മൂന്നു മുതല്‍ അഞ്ചുമീറ്റര്‍ വരെ വീതിയേ ഉള്ളു . കുട്ടനാട്ടുകാരുടെ ദൈനം ദിന ആവശ്യങ്ങള്‍ക്കെല്ലാം ഈ കൈത്തോടുകളെയാണ് ആശ്രയിയ്ക്കുക. രാവിലെ പല്ലുതേപ്പ്, കുളി, പാത്രം കഴുകല്‍, തുണിയലക്ക്, പശുവിനെ കുളിപ്പിയ്ക്കല്‍ എല്ലാം ഇവിടെ തന്നെ. പണ്ടൊക്കെ കുടിവെള്ളവും ഇവിടെ നിന്നു തന്നെയായിരുന്നു.

ഞങ്ങളുടെ പദയാത്രാസംഘം കൈത്തോടിന്റെ ഓരംപറ്റിയുള്ള  ചെറിയ പാതയിലൂടെ നടന്നു. കുടുംബഭാരമെന്ന പോലെ ട്രോളിഭാരവും എന്റെ തോളിലായാതിനാല്‍ ഞാന്‍ ഏന്തി ഏന്തിയാണ് നടക്കുന്നത്..

“അച്ചയ്ക്ക് ഗള്‍ഫിലും ചുമടാണോ പണി..?” നാലാം ക്ലാസുകാരി ശ്രീക്കുട്ടിയുടെ സംശയം. അല്ലെങ്കിലും ഇമ്മാതിരി കിലിപ്പിത്തിരി ചോദ്യങ്ങള്‍ക്ക് അവളെക്കഴിഞ്ഞെയുള്ളു.

“ഞാന്‍ എടുക്കണോ“യെന്ന മിനിയുടെ ചോദ്യം, “വേണ്ടാ”യെന്ന ഉത്തരമേയുണ്ടാകൂ എന്ന ഉറപ്പുകൊണ്ടായിരിയ്ക്കാം..     ഇതെടുത്ത് തലയില്‍ വച്ചുകൊടുത്താല്‍ വിവരമറിയും. “ഞാന്‍ ചെറുതായിട്ടാ അച്ഛാ” എന്ന അര്‍ത്ഥത്തില്‍ ഉണ്ണിക്കുട്ടന്‍ എന്നെ നിസഹായനായി നോക്കി. അങ്ങനെ ഒരു വിധത്തില്‍ ഉന്തിതള്ളി ഞങ്ങള്‍ നീങ്ങി. അതിനിടെ എതിരെ വന്ന ചില ചെങ്ങളംകാര്‍, സംശയം തീരാഞ്ഞിട്ട്, തിരിഞ്ഞു നിന്ന് ഞങ്ങളെ പിന്നെയും നോക്കി.

അപ്പോള്‍ തോടിനക്കരെയുള്ള വീട്ടുകടവുകളില്‍ പല്ലുതേപ്പും പാത്രം കഴുകലും കുളിയുമൊക്കെ തകൃതിയായി നടക്കുന്നുണ്ട്. തലേന്നു രാത്രി പെയ്ത മഴയില്‍ വഴിയാകെ ചെളിക്കുളമായിരിയ്ക്കുന്നു. ടാറിടാത്ത റോഡ് മൊത്തം പൊട്ടിപ്പൊളിഞ്ഞിട്ടുണ്ട്. ഓട്ടോക്കാരെ കുറ്റം പറഞ്ഞുകൂടാ. കുറേ നടന്നു മടുത്തപ്പോള്‍ ചുമടിറക്കി വച്ച് ഞങ്ങള്‍ അല്പനേരം കാഴ്ചകള്‍ കണ്ടു. അപ്പോള്‍ ഉണ്ണിയും ശ്രീക്കുട്ടിയും വേഗം തോട്ടിന്‍‌കരയില്‍ പോയി അതിശയിച്ച് എത്തിനോക്കി.

“അതാ ചേട്ടായി മൂര്‍ക്കന്‍..” ശ്രീക്കുട്ടി വിരല്‍ ചൂണ്ടി.

ഞാനും എത്തിനോക്കി.  ഒരു പാവം നീര്‍ക്കോലി. അത് പേടിച്ചു പാഞ്ഞുപോകുന്ന സീനാണ്. സൈഡുപിടിച്ചും ഒക്കിച്ചാടിയും ചെളിയില്‍ ചവിട്ടാതെ എങ്ങനെയൊക്കെയോ മുന്നോട്ട് പോയി. അപ്പോഴതാ ഒന്നാന്തരം കന്നി നെല്‍പ്പാടം. പാടത്താകെ  വിരിച്ചിട്ട ഹരിതഭംഗിയ്ക്കുമേല്‍ അവിടവിടെയായി തൂവിയ സ്വര്‍ണവര്‍ണം. കിഴക്ക് സൂര്യന്‍ ഉയര്‍ന്നിരിയ്ക്കുന്നു. അപ്പോള്‍ ഒരു കൂട്ടം വെള്ളക്കൊറ്റികള്‍ പാടത്ത് പറന്നിറങ്ങി. ചെറുകാറ്റില്‍ ഓളങ്ങള്‍ പോലെ പച്ചപ്പുതപ്പൊന്നുലഞ്ഞു. മനം മയക്കുന്ന കാഴ്ചകണ്ട്  അങ്ങനെ നിന്നു അല്പനേരം. പിന്നെയും ചുമടും നടപ്പും. ഒരുകിലോമീറ്റര്‍ എന്നാല്‍ ഇത്രയും ദൂരമുണ്ടോ ! ഒരുവിധത്തില്‍ വീടടുത്തു. അങ്ങോട്ടെയ്ക്കുള്ള  ചെറിയ നടപ്പാലം അതാ കാണാം.  മറുകരയെത്തി. നാലുവീടുകള്‍ക്കപ്പുറം കുഞ്ഞമ്മയുടെ വീടായി.

ഓമനക്കുഞ്ഞമ്മ ഞങ്ങളെ കാത്തിരിയ്ക്കുകയായിരുന്നു. ആ വീട്ടില്‍ അവര്‍ ഇപ്പോള്‍ തനിച്ചാണ്. ഭര്‍ത്താവ് മരിച്ചു. മകള്‍ വിവാഹിതയായി ഭര്‍തൃവീട്ടില്‍. തൊട്ടയലത്തു ബന്ധുക്കളുണ്ട്. ഒരു കൈത്തോടിന്റെ കരയിലാണ് ആ വീട്. വീടിന്റെ പിന്‍‌വശത്ത് വിശാലമായ നെല്‍പ്പാടം ആരംഭിയ്ക്കുന്നു. വീട്ടില്‍ മുറികളും സൌകര്യങ്ങളും ഇഷ്ടം പോലെ. അതുകൊണ്ട് ഞങ്ങള്‍ക്ക് സര്‍വസ്വാതന്ത്ര്യത്തോടെ  എത്ര ദിവസം വേണമെങ്കിലും താമസിയ്ക്കാം.

തോട്ടിലെ വെള്ളത്തിന് നിറം മാറ്റം. തലേ രാത്രിയിലെ മഴയുടെ ബാക്കിയാണ്. എന്തായാലും തോട്ടില്‍ തന്നെ കുളി നടത്തി, വെള്ളത്തിലേയ്ക്ക് ശ്രദ്ധിയ്ക്കാതിരിയ്ക്കാന്‍ ശ്രമിച്ചുകൊണ്ട്. അവിടെ വീടുകള്‍ വളരെ അടുത്തടുത്താണ്.  ഒക്കെ അഞ്ചു സെന്റും പത്തുസെന്റും സ്ഥലത്ത് നിര്‍മ്മിച്ചവ. സാധാരണ ഗ്രാമീണകര്‍ഷകരുടെ വീടുകളാണെല്ലാം‍.  ഒരു ചീളുപോലെയുള്ള കുറച്ചു പറമ്പു ഭാഗം കഴിഞ്ഞാല്‍  വിശാലമായ നെല്‍‌വയലുകളായി‍. അത് തോടിനിരുകരകളി ലുമായി അങ്ങനെ പരന്നു കിടക്കുന്നു.

തവിടുകളയാത്ത പച്ചനെല്ല് പൊടിച്ച് ഉണ്ടാക്കിയ ഒന്നാന്തരം ചുവന്ന പുട്ടും പഴവും കുഞ്ഞമ്മയുടെ കൈപ്പുണ്യവും ബ്രേക്ക്ഫാസ്റ്റിനെ അതിസമ്പന്നമാക്കി. ഇവിടെ വന്നാല്‍ ആദ്യം ചെയ്യണമെന്നാഗ്രഹിച്ച ഒരു കാര്യമാണ് ചൂണ്ടയിടല്‍. എന്റെ ചെറുപ്പത്തില്‍, വല്യാട്ടിലായിരുന്ന കാലത്ത് ആറ്റില്‍ ചൂണ്ടയിട്ട് ധാരാളം മീന്‍ പിടിച്ചിട്ടുണ്ട്. ആ കഥകള്‍ ഒക്കെ കേട്ടിട്ടുള്ളതിനാല്‍ മക്കള്‍ക്കും ചൂണ്ടയിടാന്‍ വലിയ മോഹമായിരുന്നു. ഞങ്ങളുടെ ഈ ആഗ്രഹം നേരത്തെ അറിയിച്ചിട്ടുള്ളതുകൊണ്ട്‍, കുഞ്ഞമ്മ ഒരു ചൂണ്ട നേരത്തെ തന്നെ സംഘടിപ്പിച്ചിരുന്നു. ഭക്ഷണശേഷം ഞങ്ങള്‍ ചൂണ്ടയും ഒരുപിടി ചോറുമായി മുന്‍‌വശത്തെ കടവിലേയ്ക്കു പോയി.

കടവില്‍ ധാരാളം മീനുകള്‍. പരലും പള്ളത്തിയും കോലാമീനും. ചോറ് കൊരുത്ത് ചൂണ്ട വെള്ളത്തിലിട്ടു. ആദ്യത്തെ രണ്ടെണ്ണം മിസ്സായെങ്കിലും മൂന്നാം തവണ ഒരു പരല്‍ കുടുങ്ങി. ചൂണ്ടയില്‍ പിടയ്ക്കുന്ന മീന്‍ കണ്ടപ്പോള്‍ മക്കള്‍ സന്തോഷം കൊണ്ട് തുള്ളിച്ചാടി. ഉണ്ണി വേഗം ഒരു കലം കൊണ്ടുവന്ന് വെള്ളം നിറച്ച് അതില്‍ മീനെയിട്ടു. പിന്നെയും രണ്ടുമൂന്നെണ്ണം കിട്ടിക്കഴിഞ്ഞപ്പോള്‍ ചൂണ്ട  മക്കള്‍ക്കു കൈമാറി. പരിചയമില്ലാത്തതു കൊണ്ട് അവര്‍ കുറേ ശ്രമിച്ചിട്ടും കിട്ടിയില്ല. എങ്കിലും അവസാനം ഉണ്ണി ഒരെണ്ണത്തിനെ പിടിയ്ക്കുക തന്നെ ചെയ്തു.

അപ്പോഴാണ് തോട്ടിലൂടെ വലിയൊരു കെട്ടുവള്ളം കടന്നു വന്നത്. ഏതാണ്ട് തോടിന്റെ വീതിയുടെ മുക്കാല്‍ വീതിയുണ്ട് വള്ളത്തിന്.  വെള്ളത്തിലെ ലോറികളാണ് കെട്ടുവള്ളങ്ങള്‍. മരത്തിന്റെ പലകകള്‍, ആണിയ്ക്കു പകരം ചൂടിക്കയര്‍ ചേര്‍ത്ത് വരിഞ്ഞു കെട്ടി നിര്‍മ്മിയ്ക്കുന്നവ ആയതിനാലാണ് ഇവയെ കെട്ടുവള്ളം എന്നു പറയുന്നത്. ഇവയുടെ ആധുനിക വകഭേദമാണ് കുമരകത്തെ “ഹൌസ് ബോട്ടു“കള്‍.


രണ്ടു ചേട്ടന്മാര്‍ വലിയ മുളങ്കഴുക്കോല്‍ കൊണ്ട് ഊന്നി ആ കെട്ടുവള്ളത്തെ മുന്‍പോട്ട് നീക്കിക്കൊണ്ടിരുന്നു.  എനിയ്ക്ക് കണ്ടു പരിചയമുണ്ടെങ്കിലും മക്കള്‍ക്ക് വലിയ അത്ഭുതമായിരുന്നു കെട്ടുവള്ളം. ഞങ്ങള്‍ ചൂണ്ടയിടല്‍ തല്‍ക്കാലം മാറ്റിവെച്ച് സകുടുംബം അതിന്റെ പുറകെ വിട്ടു. അല്പം ചെന്നപ്പോള്‍ ഒരു നെല്‍ക്കളം കണ്ടു. ഒരു ചെറിയ വാഴത്തോപ്പില്‍ വിരിച്ചിട്ട ടാര്‍പ്പായയ്ക്കുമേല്‍ കൂമ്പാരം കൂട്ടിയിരിയ്ക്കുന്ന നെല്ല്. കേരളീയരുടെ വിശപ്പടക്കാന്‍ കുട്ടനാടിന്റെ സംഭാവന. നെല്ലിനു ചുറ്റും കുറച്ചാള്‍ക്കാര്‍ കൂടിനില്‍പ്പുണ്ട്. ഞങ്ങള്‍ അല്പനേരം അവരുടെ അടുത്ത് പോയി നിന്നു.  അവിടെ നെല്ല് കച്ചവടം നടക്കുകയാണ്. കളത്തിന്റെ ഒരു മൂലയില്‍ ഒരു പ്ലാറ്റ്ഫോം ത്രാസുണ്ട്. ചിലര്‍ ചാക്കില്‍ നെല്ലു വാരി നിറയ്ക്കാന്‍ തുടങ്ങി. നിറച്ച് തുന്നിക്കെട്ടിയ ചാക്ക് ത്രാസില്‍ വച്ചു തൂക്കമെടുത്തു. പിന്നെ അതു ചുമന്ന് കെട്ടുവള്ളത്തില്‍ കയറ്റി.

അല്പനേരം അതു കണ്ടതിനു ശേഷം ഞങ്ങള്‍ വീണ്ടും മുന്നോട്ട് നടന്നു. അതാ വിശാലമായ നെല്‍പ്പാടം കണ്ണെത്താ ദൂരത്തോളം പരന്നു കിടക്കുന്നു. കുറെ ഭാഗം കൊയ്തു കഴിഞ്ഞതാണ്. കുറെ ഭാഗത്ത് വിളഞ്ഞു പാകമായ നെല്ല് കതിര്‍ മറിഞ്ഞു നില്‍ക്കുന്നു. അങ്ങു ദൂരെയെവിടെയോ ഒരു യന്ത്രത്തിന്റെ മുരള്‍ച്ച. കൊയ്ത്ത് യന്ത്രമാണതെന്ന് തോന്നുന്നു.
പാടത്ത് ഒന്നിറങ്ങണമെന്ന് മക്കള്‍ക്ക് ആശ. ഞങ്ങള്‍ എല്ലാവരും കൂടെ അങ്ങോട്ട് നടന്നു. കരയും വയലും തിരിയ്ക്കുന്ന ചെറിയൊരു ചാലുണ്ട്. അതിന്റെ മുകളിലെ തടിക്കഷണം ചവിട്ടി പാടത്തിറങ്ങി. കൊയ്ത്തു കഴിഞ്ഞിരിയ്ക്കുന്നു ഇവിടെ. മുറിഞ്ഞ വൈക്കോല്‍ അവിടവിടെ. പാടവരമ്പിലൂടെ അല്പദൂരം നടന്നു. അല്പമകലെ വൈദ്യുതിപോസ്റ്റ്. കമ്പിമേല്‍ ഒരു പൊന്മാന്‍ എന്തോ കാത്തിരിയ്ക്കുന്നു. ദൂരെ വെള്ളക്കൊറ്റികള്‍ പാറിവരുന്നുണ്ട്. ചെറിയ തവളകള്‍ ഇടയ്ക്കിടെ എന്തൊക്കെയോ ശബ്ദിയ്ക്കുന്നു. ചേറിന്റെ മണമാണ് വയലിന്. ഈ ചേറില്‍ പകല്‍മുഴുവന്‍ നിരനിരയായി കുനിഞ്ഞ് നിന്ന് ഞാറുനടുകയും കളപറിയ്ക്കുകയും ചെയ്തിരുന്ന പെണ്ണുങ്ങളെ ചെറുപ്പത്തില്‍ കണ്ടിട്ടുള്ളത് ഓര്‍മവന്നു. അന്നൊക്കെ പത്താം ക്ലാസില്‍ പഠനം നിറുത്തുന്ന പെണ്‍കുട്ടികള്‍ അടുത്ത ദിവസം പാടത്തു പണിയാനിറങ്ങുമായിരുന്നു. ചാലുകീറലും വരമ്പ് കൂട്ടലും മരുന്നടിയ്ക്കലുമൊക്കെ ആണുങ്ങളുടെ ജോലിയാണ്. ഇന്ന് പുതുതലമുറ ഈ രംഗത്തേയ്ക്ക് കടന്നുവരില്ല. തൊഴിലാളി ക്ഷാമമാണ് ഈ രംഗത്തെ പ്രതിസന്ധി. പുത്തന്‍ യന്ത്രങ്ങള്‍ കുറെയൊക്കെ അതു പരിഹരിയ്ക്കുന്നുണ്ട്.


വയലില്‍ നിന്നും കയറി ഞങ്ങള്‍ വീണ്ടും മുന്‍പോട്ട് പോയി. വഴിയില്‍ ഒരു ചെറിയ ഓലപ്പുര. അതു മോട്ടോര്‍ പുരയാണ്. വയലിലേയ്ക്കും പുറത്തെയ്ക്കും വെള്ളം അടിയ്ക്കാനുള്ള വലിയ “പറ” പമ്പ്സെറ്റാണ് അതിനകത്ത്. ഞങ്ങള്‍ ഉള്ളില്‍ കടന്ന് പമ്പ് സംവിധാനം ശരിയ്ക്കും നോക്കിക്കണ്ടു.




പിന്നെയും മുന്നോട്ട്. അതാ അവിടെയും നെല്ല് കൂമ്പാരം കൂട്ടിയിരിയ്ക്കുന്നു. മക്കള്‍ അതിന്റെ അടുത്തുപോയി നെല്ല് കൈകൊണ്ട് വാരിയെടുത്തു. എത്രയോ പേരുടെ അധ്വാനമാണ് ആ കൂട്ടിയിട്ടിരിയ്ക്കുന്നത്. എത്ര പേരുടെ വിശപ്പടക്കാനുള്ളതാണ് അത്..! ആരോ പറഞ്ഞിട്ടുള്ളതു പോലെ, ഓരോ നെന്മണിമേലും അതു കഴിയ്ക്കാനുള്ളവന്റെ പേര് എഴുതിയിട്ടുണ്ടാവും...!

(തുടരും)

10 comments:

  1. കുടുംബഭാരമെന്ന പോലെ ട്രോളിഭാരവും എന്റെ തോളിലായാതിനാല്‍ ഞാന്‍ ഏന്തി ഏന്തിയാണ് നടക്കുന്നത്..ഹ ഹ...വിവരണവും നന്നായിട്ടുണ്ട്.ഞാന്‍ ഇതുവരെ കുട്ടനാട്ടില്‍ പോയിട്ടില്ല.ഇനി എന്തായാലും ഒന്നു പോയിട്ടേ ബാക്കി കാര്യമുള്ളൂ..

    ReplyDelete
  2. അതെ. അങ്ങനെ പറയാറുണ്ട്. ഓരോ മണിയിലും അതു കഴിക്കേണ്ടവന്റെ പേരെഴുതിയിരിക്കും എന്ന്.. കുമരകത്തു പോയിട്ടുണ്ട്. റിസോർട്ടു വാസമായിരുന്നു. ഈ സുഖം കിട്ടില്ല. തുടരൂ.

    ReplyDelete
  3. നല്ല കാഴ്ചകൾ

    ReplyDelete
  4. നല്ല യാത്രാവിവരണം
    മടുപ്പ് കൂടാതെ വായിച്ചു
    യാത്രയില്‍ കണ്ട കുട്ടനാട്ടിന്റെ ഭംഗി വിവരിച്ചിരിക്കുന്നത് നന്നായി

    ബാക്കി ഭാഗത്തിനായി കാത്തിരിക്കുന്നു

    www.chemmaran.blogspot.com

    ReplyDelete
  5. ബിജു ചേട്ടാ അസ്സലായി. ഞാന്‍ മുമ്പൊരിക്കല്‍ പോയിട്ടുണ്ട്. ഇത് വായിച്ചപ്പോ അന്ന് കണ്ടു മറന്ന കാഴ്ചകള്‍ പലതും കണ്‍ മുന്നില്‍ തെളിയുന്നു. കുടുംബ സമേതം അടുത്ത അവധിക്കാലത്ത് ഒരു കുമരകം യാത്ര അങ്ങ് തീരുമാനിച്ചു. നെല്ലും നെല്‍പ്പാടവും ....പച്ചപ്പും , കെട്ടുവള്ളവും ......... എല്ലാം വളരെ ഏറെ ഇഷ്ടപ്പെട്ടു..

    ReplyDelete
  6. oru kumarakam yathrakku e vivaranam dharalam

    ReplyDelete
  7. കുറച്ചുകൂടി കൈയടക്കം പാലിച്ച്‌ തുടരുക. വാരി വലിച്ചെഴുതാതെ നന്ന്.സ്മോൾ ഈസ് ബ്യൂട്ടിഫുൾ. ഗുഡ്ഡ് വർക്ക്.

    ReplyDelete
  8. ശരിക്കും അനുഭവിപ്പിച്ച അവതരണം..ബാക്കി കൂടി പോരട്ടേ..
    ആശംസകൾ

    ReplyDelete
  9. kollam . manoharamayirikkunnu.. nalla vivaranam. adutha bhaagathinaayi kaathirikkunnu ...

    ReplyDelete
  10. നല്ല വിവരണവും ചിത്രങ്ങളും... കഴിഞ്ഞ മാസം നടത്തിയ ആലപ്പുഴ യാത്രയില്‍ കണ്ട കാഴ്ചകള്‍ വീണ്ടും കണ്മുന്നില്‍ തെളിയുന്നതുപോലെ..

    ReplyDelete

കമന്റിലെ അക്ഷരങ്ങള്‍ക്ക് നിറം നല്‍കാന്‍ [co="red"]Type Text here[/co] . ഇവിടെ red എന്നതിനു പകരം മറ്റ് നിറങ്ങള്‍ നല്‍കിയാല്‍ മതിയാകും.