പുതിയ കഥാസമാഹാരം “രയറൊം കഥകള്‍ " VPP ലഭിയ്ക്കാന്‍ sidrapubications@gmail

Saturday, 9 April 2011

അണ്ണ ഹസാരെ: പുതുയുഗപുരുഷന്‍.

“യദാ യദാ ഹി ധര്‍മസ്യ ഗ്ലാനിര്‍ഭവതി ഭാരത
അഭ്യുത്ഥാനമധര്‍മസ്യ തദാത്മാനം സൃജാമ്യഹം.“
:ഭഗവത് ഗീത: ജ്ഞാന കര്‍മസംന്യാസയോഗ:
- ഏഴാം ശ്ലോകം.

അര്‍ത്ഥം : “ഹേ ഭാരത, എപ്പോഴെല്ലാം ധര്‍മത്തിനു തളര്‍ച്ചയും അധര്‍മ്മത്തിനു ഉയര്‍ച്ചയും സംഭവിയ്ക്കുന്നുവോ അപ്പോഴെല്ലാം ഞാന്‍ സ്വയം അവതരിയ്ക്കുന്നു.“

ലോകചരിത്രവും ഇന്ത്യന്‍ചരിത്രവും പഠിയ്ക്കുന്നവര്‍ക്കറിയാം, ചരിത്രം ഒരു തരംഗം പോലെയാണ് സഞ്ചരിയ്ക്കുന്നതെന്ന്.
നന്മയായാലും തിന്മയായാലും അതിന്റെ ഉച്ചസ്ഥായിയിലെത്തിയാല്‍ ഒരു കീഴോട്ടിറക്കമുണ്ട്. പതനത്തിന്റെ അടിത്തട്ട് സ്പര്‍ശിച്ചശേഷം അത് വീണ്ടും ഉയരാന്‍ തുടങ്ങും.  മനുഷ്യമനസ്സില്‍ അന്തര്‍‌ലീനമായിരിയ്ക്കുന്ന  നന്മയും തിന്മയും തന്നെയാണ് ഇതിനു കാരണം.

തിന്മയോട് ഒരു പരിധികഴിഞ്ഞാല്‍ സമൂഹത്തിന് പ്രതികരിയ്ക്കാതിരിയ്ക്കാനാവില്ല. അത്തരം ദശാസന്ധികളില്‍ ഏതെങ്കിലും ഒരു ചരിത്രപുരുഷന്‍ ഉദയം ചെയ്യുകയും സമൂഹം അദ്ദേഹത്തെ മാറ്റത്തിന്റെ തീപന്തം ഏല്‍പ്പിയ്ക്കുകയും ചെയ്യും. ഇത് എല്ലാ സമൂഹങ്ങളിലും കൃത്യമായ ഇടവേളകളില്‍ സംഭവിയ്ക്കാറുള്ളതാണ്. മഹാത്മജിയുടെ ജീവിത കാലത്ത് ഭാരതീയ സമൂഹത്തില്‍ ഉയര്‍ന്നുനിന്ന ആദര്‍ശപരമായ നന്മകള്‍, അദ്ദേഹത്തിനു  ശേഷം ക്രമാനുഗതമായി കുറഞ്ഞു വന്നു. ഒരു തീവണ്ടി പാളം തെറ്റിയതിന്റെ പേരില്‍ അക്കാലത്തെ റെയില്‍ മന്ത്രിയ്ക്ക് ഉത്തരവാദിത്വമേറ്റെടുത്ത് രാജിവയ്ക്കാന്‍ രണ്ടാമതൊന്നാലോചിയ്ക്കേണ്ടി വന്നില്ല. ആദര്‍ശത്തിന്റെ ഉത്തമ മാതൃകയെന്ന നിലയില്‍ സമൂഹം അതിനെ പ്രകീര്‍ത്തിച്ചു. ഇന്ന് ഒന്നല്ല ഒമ്പത് തീവണ്ടി ഒന്നാകെ പുഴയില്‍ വീണാലും ആരും രാജിവയ്ക്കില്ല. അതിന്റെ ആവശ്യമുണ്ടെന്ന് സമൂഹം കരുതുന്നുമില്ല.

നാം വല്ലാതെ മാറിയിരിയ്ക്കുന്നു. അതിന്റെ ലഘുവായ ഒരുദാഹരണം പറയാം. പണ്ട് നമ്മുടെ നാട്ടിലെ വിവാഹസദ്യകളില്‍, ക്ഷണിയ്ക്കപ്പെട്ടു വന്നവര്‍ പന്തലിനു വെളിയില്‍ ഇരിയ്ക്കും, ആതിഥേയര്‍ വന്ന് സദ്യയ്ക്ക്  ക്ഷണിയ്ക്കുന്നതു വരെ. ഇന്നോ..?ആതിഥേയര്‍ പറയുകയൊന്നും വേണ്ട, ആളെ ഉന്തിമറിച്ചിട്ടാണ് ഉള്ളില്‍ കയറുക. എന്നിട്ട്, ഭക്ഷണം കഴിയ്ക്കുന്നവരുടെ ചുറ്റും വന്ന് ഊഴം കാത്തു നില്‍ക്കും, തെരുവുനായ്ക്കളെ പോലെ. “മാന്യ“രായ ആള്‍ക്കാര്‍ പോലും ചെയ്യുന്നതാണിത്. ചോദിച്ചാല്‍ പറയും, സമയമില്ല, തിരക്കാണത്രേ..! ആത്മാഭിമാനവും അന്തസുമുള്ളവര്‍ ഇങ്ങനെ ചെയ്യുമോ..? എന്നാല്‍ എല്ലാവരും ചെയ്യുന്നതു കൊണ്ട് താനും ചെയ്യുന്നു എന്നായിരിയ്ക്കും ന്യായീകരണം. മറ്റുള്ളവര്‍ ചെയ്യുന്നു എന്നതിനാല്‍ എന്തു മോശവും പ്രവര്‍ത്തിയ്ക്കാന്‍ നാമും തയ്യാറെന്നര്‍ത്ഥം. ഇതു തന്നെ അഴിമതിയുടെ മൂലകാരണം.

പണ്ട് കേട്ടിരുന്ന ഏതാനും കോടികളുടെ അഴിമതിക്കഥകളൊക്കെ പഴങ്കഥയാക്കി ലക്ഷക്കണക്കിന് കോടികളുടെ അഴിമതികളാണ് പുറത്ത് വരുന്നത്. വിദേശബാങ്കുകളിലെ ലക്ഷംകോടികള്‍ തിരിച്ചു പിടിയ്ക്കാന്‍ എന്തുകൊണ്ട് സര്‍ക്കാരിന് താല്പര്യമില്ല എന്നു സുപ്രീം കോടതി ചോദിയ്ക്കുന്നു. ഒരൊറ്റ അഴിമതികേസു പോലും തെളിയിയ്ക്കപെടുന്നില്ല. ( തെളിയിച്ച കേസില്‍ കോടതിയെ കുറ്റം പറയാനും പ്രതിയെ മാലയിട്ട് സ്വീകരിയ്ക്കാനും രാഷ്ട്രീയക്കാര്‍ മടിയ്ക്കുന്നുമില്ല.)
പാര്‍ലമെന്റില്‍ പോലും നോട്ടുകെട്ടുകളെത്തി. എന്നാല്‍ ഓരോ ഘട്ടത്തിലും പുകമറകള്‍ ഉയര്‍ത്തി ഭരണകൂടം ജനശ്രദ്ധ തിരിച്ചു വിടാന്‍ ശ്രമിച്ചുകൊണ്ടിരുന്നു. പണം വാങ്ങി വാര്‍ത്ത ചമയ്ക്കുന്ന മാധ്യമങ്ങള്‍ ഇക്കാര്യത്തില്‍ സര്‍ക്കാരിനെ ആവും വിധം സഹായിച്ചു.  അരാഷ്ട്രീയതയും, അന്ധമായ കക്ഷിരാഷ്ട്രീയവും ചേര്‍ത്താണ് ഇപ്പണി അവര്‍ ചെയ്തു കൊടുക്കുന്നത്. ഏതാരോപണവും, രാഷ്ട്രീയവിരോധം കൊണ്ടാണെന്ന് പ്രചരിപ്പിച്ച് അതിന്റെ ഗൌരവം ചോര്‍ത്തിക്കളയുന്ന തന്ത്രം. ഒപ്പം, എല്ലാ രാഷ്ട്രീയക്കാരും ഒരേപോലാണെന്നും രാഷ്ട്രീയമേ മോശമാണെന്നുമുള്ള മറുതന്ത്രവും. എന്നാല്‍ സാമൂഹ്യപ്രതിബദ്ധതയുള്ള ചില മാധ്യമങ്ങള്‍ അവശേഷിച്ചിരുന്നതിനാല്‍ പ്രശ്നം മാഞ്ഞുപോയില്ല.

ആകെ കൂടി ചെളിക്കുണ്ടില്‍ നീന്തിത്തുടിയ്ക്കുന്ന ഈ നിര്‍ണായക സന്ധിയിലാണ് “അണ്ണ ഹസാരെ”യെന്ന  പേര് ഭാരതം കേള്‍ക്കുന്നത്. “കേരളശബ്ദം” വാരികയുടെ പഴയ ലക്കങ്ങള്‍ നോക്കിയാല്‍ ഇടമറുകിന്റെ ലേഖനങ്ങളില്‍ ഈ പേര് പലപ്പോഴും കാണാം. എന്നാല്‍ ഇന്ന് ആ പേര് ഒരു മന്ത്രം പോലെ ഭാരതം ഏറ്റെടുത്തിരിയ്ക്കുന്നു. എന്താണ് ഇതിന്റെ സാമൂഹികവും സമകാലികവുമായ പ്രാധാന്യം? സാമൂഹികപ്രാധാന്യം മുകളില്‍ പറഞ്ഞു കഴിഞ്ഞു. സമകാലിക പ്രാധാന്യം നോക്കാം.

ഇക്കഴിഞ്ഞ ഏതാനും ആഴ്ചകളായി അറബ് ലോകത്ത് വന്‍‌തോതിലുള്ള ജനമുന്നേറ്റമാണ് നടന്നുകൊണ്ടിരിയ്ക്കുന്നത്.  ഏകാധിപത്യത്തിന്റെയും മതരാഷ്ട്രീയത്തിന്റെയും തന്ത്രപരമായ സംയോജനമാണ് മിക്ക അറബ് രാജ്യങ്ങളുടെയും ഭരണവ്യവസ്ഥ. വര്‍ഷങ്ങളായി ഇതെല്ലാം സഹിച്ച ജനതയുടെ വികാരം പൊട്ടിത്തെറിച്ചത് ഒരു നിസാരസംഭവത്തില്‍ നിന്നത്രേ. ടുണീഷ്യയിലെ പഴവില്‍പ്പനക്കാരനായ ചെറുപ്പകാരന്റെ ആത്മഹത്യയാണ് രണ്ടു സര്‍ക്കാരുകളുടെ പതനത്തിലേയ്ക്കും മറ്റനവധി സര്‍ക്കാരുകളെ പതനത്തിന്റെ വക്കോളവും എത്തിച്ച കാട്ടുതീയായി ആളിപ്പടര്‍ന്നത്. ഇപ്പോഴും അതു പടര്‍ന്നുകൊണ്ടിരിയ്ക്കുന്നു. അല്പകാലം മുന്‍പുവരെ ഒരു നിരീക്ഷകനും ഊഹിയ്ക്കാന്‍ പോലുമാകുമായിരുന്നില്ല ഇത്തരമൊരു മുന്നേറ്റം. വീര്‍പ്പുമുട്ടുന്ന ഒരു സമൂഹത്തില്‍, നിര്‍ണായകസമയത്തെ ഒരു തീപ്പൊരി മതിയാകും പൊട്ടിത്തെറിയുണ്ടാക്കാന്‍.

ജനാധിപത്യമുള്ള ഇന്ത്യയില്‍, പക്ഷേ പണാധിപത്യവും അതിന്റെ സന്തതിയായ അഴിമതിയും എവറസ്റ്റിനോളമുയര്‍ന്നു കഴിഞ്ഞു. മൂക്കിനു കീഴില്‍ നടന്ന കൊടും അഴിമതികളെ പറ്റി അറിഞ്ഞില്ലെന്നു പറയുന്ന ഒരു ഭരണാധികാരിയെ ജനം ഒട്ടും മതിയ്ക്കില്ല. ദിനം‌പ്രതി പുറത്തു വരുന്ന പുതിയ അഴിമതികള്‍ ജനങ്ങളെ പ്രതിഷേധത്തിന്റെ മൂര്‍ധന്യാവസ്ഥയിലെത്തിച്ചു. ഈ ഘട്ടത്തിലാണ് അണ്ണ ഹസാരെ, “ജനലോക്പാല്‍” ബില്ല് പാസാക്കണമെന്ന ആവശ്യവുമായി ഉപവാസം ആരംഭിച്ചത്. അഴിമതിക്കാരെ പിടികൂടാനും നിശ്ചിതകാലയളവിനുള്ളില്‍ ശിക്ഷിയ്ക്കാനും വകുപ്പുകള്‍ ഉള്ളതാണ് ഈ ബില്‍. വയോധികനായ ഒരു സാധാരണഗ്രാമീണന്റെ പട്ടിണി സമരം, സാധാരണ ഗതിയില്‍ താപ്പാനകള്‍ക്ക് കൊതുകു കടിച്ച അനുഭവം പോലും ഉണ്ടാക്കേണ്ടതല്ല.  എന്നാല്‍ ആദ്യമെല്ലാം ഹസാരെയെ കണ്ടില്ലെന്നു നടിച്ച സര്‍ക്കാരിന് ഒടുവില്‍ കീഴടങ്ങേണ്ടി വന്നു. ഇതിലേയ്ക്കു നയിച്ച സാഹചര്യങ്ങള്‍, നമ്മുടെ നാടിനെപറ്റി ഉല്‍‌ക്കണ്ഠപ്പെടുന്നവര്‍ക്ക് ശുഭസൂചന നല്‍കുന്നതാണ്.

നോക്കൂ:

“വിദ്യാര്‍ത്ഥികളും വീട്ടമ്മമാരും യുവജനങ്ങളും മുതല്‍ വ്യവസായികളും ബോളിവുഡ് താരങ്ങളും വരെയുള്ളവര്‍ അഴിമതി വിരുദ്ധ സമരത്തിന് പിന്തുണയര്‍പ്പിച്ച് വെള്ളിയാഴ്ച രംഗത്തെത്തിയിരുന്നു. സി.പി.എം. സി.പി.ഐ, ഫോര്‍വേഡ് ബ്ലോക്ക് പാര്‍ടികള്‍ സമരത്തെ പിന്തുണച്ചു രംഗത്ത് വന്നു.”
 “അണ്ണ ഹസാരെയ്ക്ക് പിന്തുണയുമായി അമേരിയ്ക്കയിലും ഉപവാസം.” “അഴിമതിയ്ക്കെതിരായ പോര്‍ക്കളമായി ജന്തര്‍ മന്തിര്‍. കൊച്ചുകുട്ടികള്‍ മുതല്‍ വൃദ്ധന്മാര്‍ വരെയും വീട്ടമ്മമാര്‍ മുതല്‍ കൂലിപ്പണിക്കാര്‍ വരെയും സമരകാഹളം മുഴക്കിയപ്പോള്‍, ജന്തര്‍മന്ദറിന്റെ പോരാട്ടവീഥിയില്‍ പുതിയൊരു ചരിത്രം അതെഴുതിച്ചേര്‍ത്തു. ഇപ്പോഴില്ലെങ്കില്‍ ഒരിയ്ക്കലുമില്ലെന്നാണ് എല്ലാവരും മുഴക്കിയ മുദ്രാവാക്യം.

ഒരു പെട്ടി- ഒരു ലക്ഷം., നൂറ് ലക്ഷം - ഒരു കോടി, നൂറ് കോടി- ഒരു മധു കോഡ,  നൂറ് കോഡ - ഒരു കല്‍മാഡി,  നൂറ് കല്‍മാഡി- ഒരു രാജ, നൂറ് രാജ -ഒരു റാണി” ദില്ലിയിലെ സമരപന്തലില്‍ ആരൊക്കെയോ എഴുതിയ മുദ്രാവാക്യമാണിത്.

 “രണ്ട് ദിവസമായി ഞങ്ങള്‍ ഇവിടെ വരുന്നു. നാളെ പ്രിന്‍സിപ്പാളിന്റെ സമ്മതത്തോടെ മുഴുവന്‍ കുട്ടികളെയും കൊണ്ടുവരാന്‍ ശ്രമിയ്ക്കും”-ദില്ലി, നേവി ചില്‍ഡ്രന്‍ സ്ക്കൂള്‍ പ്ലസ് ടൂ വിദ്യാര്‍ത്ഥിനി അവാധി പറയുന്നു.

സത്യാഗ്രഹപന്തലില്‍, ദില്ലി മെട്രോ കോര്‍പറേഷന്‍ എം.ഡി, ഇ.ശ്രീധരനെത്തി.”
അണ്ണാ ഹസാരെയ്ക്ക് പിന്തുണയുമായി ബാംഗ്ലൂരില്‍ ആയിരങ്ങള്‍ അണിനിരക്കുന്നു.”
അണ്ണാ ഹസാരെയ്ക്ക് പിന്തുണയുമായി ചെന്നൈ പൌരസമൂഹം.”
“പിന്തുണയുമായി മുംബൈ സമൂഹം”
( മാതൃഭൂമി. ഏപ്രില്‍-9 , 2011.)

“സമരപ്പന്തലിലേയ്ക്ക് ജനസഹസ്രങ്ങളുടെ ഒഴുക്ക്”
“കേരളത്തില്‍ നിന്ന് ഒറ്റദിവസം കൊണ്ട് 4 ലക്ഷം ഒപ്പുകള്‍” -
(മംഗളം- ഏപ്രില്‍ 9, 2011.)

ജനപിന്തുണയുടെ ചില പത്രവാര്‍ത്തകള്‍ മാത്രമാണിത്. അതുപോലെ, പ്രമുഖ സോഷ്യല്‍ നെറ്റ്വര്‍ക്കായ ഫേസ്‌ബുക്കി”ലെ “ജനപങ്കാളിത്തവും” എടുത്തു പറയേണ്ടതാണ്. അണ്ണ ഹസാരെയ്ക്ക് പിന്തുണയുമായി അനേകം ഗ്രൂപ്പുകളാണ് അതില്‍രൂപീകരിയ്ക്കപ്പെട്ടത്. അവയിലെല്ലാം അഴിമതിയ്ക്കെതിരെ ചൂടേറിയ ചര്‍ച്ചകളാണ്. രസകരമായ മറ്റൊരു കാര്യം അനേകം പേര്‍ തങ്ങളുടെ പ്രൊഫൈല്‍ ചിത്രം പോലും അണ്ണ ഹസാരെയുടേതാക്കി എന്നതാണ്. ഇതുവരെ കാണാത്ത തരത്തിലുള്ള പിന്തുണയും  തീക്ഷ്ണമായ ഉണര്‍വുമാണ് ഫേസ്ബുക്കില്‍ ഈ ധര്‍മ്മസമരം ഉയര്‍ത്തി വിട്ടത്.

ആരുടെയും പ്രേരണയില്ലാത്ത യുവജനപങ്കാളിത്തമാണ് അഴിമതിയ്ക്കെതിരായ ഈ സമരത്തെ വേറിട്ടു നിര്‍ത്തുന്നത്. പുതുതലമുറ മൊബൈലിലും, നെറ്റിലും, റീയാലിറ്റി ഷോയിലും മയങ്ങി,  യാതൊരു സാമൂഹ്യബോധവുമില്ലാതെ നടക്കുന്നവരാണെന്ന മിഥ്യാധാരണ പൊളിഞ്ഞതോടെ അധികാരികള്‍ അപകടം മണത്തു. ചര്‍ച്ചയായി ധാരണയായി.

മാധ്യമങ്ങളുടെ പിന്തുണയും സോഷ്യല്‍ നെറ്റുവര്‍ക്കുകളുടെ സ്വാധീനവുമാണ് ഈ സമരത്തെ ആളിക്കത്തിയ്ക്കുന്നതില്‍ സഹായിച്ചത്. വിദ്യാഭ്യാസമുള്ള യുവതലമുറ തങ്ങളുടെ സമൂഹത്തെ പറ്റി ഉല്‍ക്കണ്ഠപ്പെടുന്നവരാണെന്നും, അരാഷ്ട്രീയ ചിന്താഗതിക്കാരല്ലെന്നും ഈ സമരം കാണിച്ചു തന്നു. കക്ഷിരാഷ്ട്രീയത്തിനപ്പുറം സാമൂഹ്യരാഷ്ട്രീയം മുഖ്യ അജണ്ടയായി മുന്നോട്ട് വരുന്നു. അഴിമതിയ്ക്കെതിരായ പൊതുവികാരം സൃഷ്ടിയ്ക്കാനുള്ള തുടക്കമായി കഴിഞ്ഞു. ഇനി അതൊരു ദേശീയ പ്രസ്ഥാനമായി മാറേണ്ടതുണ്ട്, ഒരു രണ്ടാം സ്വാതന്ത്ര്യ സമരമായിട്ട്. അതിന്റെ തീക്കാറ്റില്‍ അഴിമതിക്കോമരങ്ങളും ജാതിമത വര്‍ഗീയ രാഷ്ട്രീയക്കാരും വെന്തെരിയും. ഗീതാകാരന്‍ പറഞ്ഞപോലെ, ധര്‍മ്മ സംസ്ഥാപനാര്‍ത്ഥം അവതരിച്ച പുതിയ യുഗപുരുഷനാകട്ടെ അണ്ണാ ഹസാരെ.

6 comments:

  1. സി. കെ. ചന്ദ്രപ്പൻ പറഞ്ഞതാണ്‌ ശരി.... സ്വന്തം കണ്ണിലെ തടി കാണാതെ അന്യന്റെ കണ്ണിലെ കരടാണ്‌ ഡൽഹിയിലെ കേന്ദ്രന്മാർ കാണുന്നത്.... അതുകൊണ്ടല്ലേ, ഡൽഹിയിലെ അഴിമതിയുടെ കൂത്തരങ്ങിൽ നിന്നും കേരളത്തിൽ വന്ന് കേരളത്തിലെ അഴിമതിയെക്കുറിച്ച് അവർ വാ തോരാതെ പ്രസംഗിയ്ക്കുന്നത്?

    ഏതായാലും അണ്ണാ ഹസാരെയ്ക്ക് ഹസാരോം ജനങ്ങൾ നൽകിയ പിന്തുണ കേന്ദ്രന്മാരെ നേർവഴിയ്ക്ക് നയിയ്ക്കാൻ ഒരു നിമിത്തമായി.... അണ്ണന്‌ അഭിനന്ദനങ്ങൾ!!!

    ReplyDelete
  2. തീര്‍ച്ചയായും ഒരു മാറ്റത്തിനു സമയമായിരിക്കുന്നു

    ReplyDelete
  3. പ്രിയമുള്ളവരേ. അന്നാ ഹസാരെ നടത്തുന്ന കുരിശു യുദ്ധത്തില്‍ പങ്കു ചേരൂ.. നാടിനെ അഴിമതിയുടെ കരാള ഹസ്തങ്ങളില്‍ നിന്ന് മോചിപ്പിക്കൂ.. പാവപ്പെട്ടവന് കഞ്ഞി വെക്കാന്‍ അരിയും വിതക്കാന്‍ വിത്തും വളവും വാങ്ങാനുള്ള പണം കട്ട് മുടിക്കുന്ന തുരപ്പന്മാരെ തുറന്കില്‍ അടക്കാനുള്ള നിയമം വരട്ടെ. ചുരുങ്ങിയ പക്ഷം ഇവനൊക്കെ ഒരു പേടി എങ്കിലും കാണുമല്ലോ??? പ്ലീസ് അന്നയെ പിന്‍തുണക്കൂ…ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്‍റെ മനം കാക്കൂ .. കട്ട് മുടിക്കുന്ന ഡി എം കെ , തുടങ്ങിയ കക്ഷികളെ നിരോധിക്കുക തന്നെ വേണം .. ചത്തു പോവുമ്പോള്‍ വിറകിനും ചിരട്ടകും പകരം നോട്ടു കെട്ട് ഇട്ടു കത്തിച്ചാലും തീരാത്തത്ര പണം ഇവന്മാരൊക്കെ കട്ട് മുടിച്ചു ഒളിപ്പിച്ചു വെച്ചിരിക്കുക ആണ്. അത് ഈ നാടിലെ പാവപ്പെട്ടവന്റെ പണം ആണ് പ്രിയമുള്ളവരേ… നാടുകാരെ ..പ്രതികരിക്കൂ.. ഇതിനിയും ത്ടരണം നാട്ടുകാരെ.. പവപെട്ടവന്റെ ജീവിത സാഹചര്യങ്ങള്‍ മെച്ചപെടുത്താനുള്ള നികുതി പണം കയ്യിട്ടു വാരിയാല്‍ ‘അകത്താവും ‘ എന്ന്ന പേടി എല്ലാ നാറികള്‍ക്കും വരണം. അതുപോലെ വലിയ വലിയ തുകകള്‍ ശമ്പളം വാങ്ങിയിട് ഒന്നും ചെയ്യ്ത സര്‍കാര്‍ ഉദ്യോഗസ്ഥര്കും പേടി വേണം.. പണി എടുത്തില്ലെങ്കില്‍ ജോലി പോവും കുടുംബം പട്ടിണിയാവും എന്ന പേടി. ഇന്നലെ ഈ നാട് നന്നാവൂ…ഈ നാട് നമുക്കൊന്ന് നന്നക്കെണ്ടേ? നല്ല സന്തോഷ വന്മാരായ പട്ടിണിക്കാര്‍ ഇല്ലാത്ത നല്ല റോഡ്‌ കല്‍ ഉള്ള എല്ലാവകും ജോലി ഉള്ള ആരെയും പേടിക്കാതെ പുറത്തിറങ്ങി നടക്കാവുന്ന ഒരു നാട് ” സമത്വ സുന്ദര ഭാരതം …” നമുക്ക് വേണ്ടേ? അതിന്റെ ആദ്യ പടിയാണ് “കട്ട് മുടിക്കുന്ന എല്ലാ നായകളെയും അകത്താക്കുക..” എന്നത്…

    ReplyDelete
  4. അണ്ണാ ഹസാരെക്ക് പിന്തുണപ്രഖ്യാപിക്കാം...ജനാധിപത്യം വളരട്ടെ, പണാധിപത്യം പോയി തുലയട്ടെ..
    ആശംസകൾ

    ReplyDelete
  5. അഴിമതി എല്ലാ പരിധിയും ലംഘിച്ചു കഴിയുമ്പോൾ അതിനെതിരെ മുന്നേറ്റം ഉണ്ടാ‍കാതിരിക്കില്ല..അപ്പോഴൊരു ഗാന്ധിയോ അണ്ണാ ഹസാരെയോ ആരെങ്കിലും അതിനു നേതൃത്വം കൊടുക്കാനുമുണ്ടാകും..

    ReplyDelete
  6. Here in our India, comes a man Annaa Hasare.

    ReplyDelete

കമന്റിലെ അക്ഷരങ്ങള്‍ക്ക് നിറം നല്‍കാന്‍ [co="red"]Type Text here[/co] . ഇവിടെ red എന്നതിനു പകരം മറ്റ് നിറങ്ങള്‍ നല്‍കിയാല്‍ മതിയാകും.